ടി. ആർ. രാജൻ
കാഷ്വാലിറ്റിയിൽ കിടക്കുന്ന ആദ്യ കാഴ്ചയിൽത്തന്നെ എനിക്ക് നല്ല മുഖപരിചയം തോന്നി. പക്ഷെ എവിടെയാണ് കണ്ടിട്ടുള്ളതെന്നോ ആരാണെന്നോ ഒരു ഊഹവും ഇല്ല. ഞാൻ മെഡിക്കൽ ഓഫീസറുടെ ടേബിളിൽ നിന്നും ചാർട്ട് എടുത്ത് പേരും അഡ്രസ്സും നോക്കി. ഇല്ല ഒരു പരിചയവും തോന്നിയില്ല.
11 വയസ്സ് മാത്രം പ്രായമുള്ള അവനെ റോഡപകടത്തെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതു. ഞാൻ രണ്ട് ദിവസം ലീവ് ആയിരുന്നതിനാൽ ഇന്നാണ് അവനെ കാണുന്നത്. ഞാൻ കാഷ്വാലിറ്റിയിലെ സ്ക്രീൻ മാറ്റി അവന്റെയടുത്തേക്ക് ചെല്ലുമ്പോൾ അവന്റെ ഹൃദയത്തുടിപ്പുകൾ പരിശോധിക്കുന്ന ഇ.സി.ജി ടെസ്റ്റ് നടത്തുകയായിരുന്നു. ഞാൻ ഡോക്ടറുടെ സമീപത്തിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് നോക്കി നിന്നു. ഇല്ല എനിക്ക് ആകെ ഒരസ്വസ്ഥത.
ഞാൻ കാഷ്വാലിറ്റിയുടെ പുറത്തേക്കിറങ്ങി. ഈ പരിചിതമായ മുഖം എനിക്ക് ഓർമ്മ വന്നില്ല. വാതിക്കൽ മറ്റൊരു മുഖം. കരഞ്ഞു വീർത്ത കണ്ണുകളോടെ ഒരു സ്ത്രീ. അവന്റെ അമ്മയാണെന്ന് എനിക്ക് വേഗം തിരിച്ചറിവായി.
അവന്റെ ജീവൻ ഡോക്ടർമാരെ ഏൽപിച്ച് പ്രതീക്ഷയും നിരാശയും ചേർന്ന മുഖഭാവത്തോടെ ഒരു കൂട്ടം ബന്ധുക്കളും അവരോടൊപ്പം ഉണ്ടായിരുന്നു. പൊടുന്നനെ എന്റെ മനസ്സിനുള്ളിൽ ആരോ ഒരു പിടി തീക്കനൽ വാരി വിതറി. ഞാനാ കുട്ടി കിടക്കുന്ന ബെഡിലേക്ക് ഒന്നു കൂടി ചെന്ന് നോക്കി. സർജന്മാരുടെ ശസ്ത്രക്രിയ പ്രഖ്യാപനം കാത്ത് വേദന കൊണ്ട് കിടക്കുന്ന കുട്ടിയെ കണ്ടപ്പോൾ ഒരു പറ്റം മാലാഖമാരെയാണ് എനിക്ക് ഓർമ്മ വന്നത്.
ജോലിയുടെ ഭാഗമായി ഏറ്റവും ധർമ്മ സങ്കടത്തിലാക്കുന്ന സാഹചര്യവും ഇതുതന്നെ. ഇത്തരം സാഹചര്യങ്ങളിൽ പതറരുതെന്ന് പലവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും ചിലപ്പോഴെങ്കിലും പതറിപ്പോകാമുണ്ടെന്നതാണ് സത്യം.