22 Apr 2015

നമുക്കു വളരാം, നാളികേര ടെക്നോളജി മിഷനിലൂടെ



ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്


പരമ്പരാഗത നാളികേര ഉത്പ്പന്നങ്ങളായ വെളിച്ചെണ്ണയ്ക്കും, കൊപ്രയ്ക്കും പുറമേ വൈവിധ്യമാർന്ന നിരവധി മൂല്യ വർദ്ധിത ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കേണ്ടത്‌ നാളികേര മേഖലയുടെ മെച്ചപ്പെട്ട ഭാവിയ്ക്ക്‌  ആവശ്യമാണ്‌ എന്ന തിരിച്ചറിവിൽ നിന്നാണ്‌ 2002 ൽ  നാളികേര വികസന ബോർഡ്‌ നാളികേര ടെക്നോളജി മിഷൻ (ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌- ടി.എം.ഒ.സി) വിഭാവനം ചെയ്തത്‌. 2003 -04 സാമ്പത്തിക വർഷത്തിൽ തന്നെ ഈ പദ്ധതി ആരംഭിക്കുകയും ചെയ്തു. അന്നു വരെ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ കഴിയാതിരുന്ന നാളികേരോൽപന്നങ്ങൾക്ക്‌ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനും, പെയിലറ്റ്‌ ടെസ്റ്റിംഗ്‌ നടത്തി വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി ഈ സാങ്കേതിക വിദ്യകൾ സംരംഭകർക്ക്‌ കൈമാറുന്നതിനും ടി.എം.ഒ.സി വഴി സാധിച്ചു. ഇതുവരെ  13  ഇനങ്ങളിലായി 306 യൂണിറ്റുകൾ നാളികേരോൽപന്നങ്ങൾ നിർമ്മിച്ച്‌ വിപണിയിലെത്തിക്കുന്നു. ഇവയെല്ലാം ചേർന്ന്‌ പ്രതിദിനം  68 ലക്ഷം നാളികേരത്തിന്റെ സംസ്ക്കരണ ശേഷിയാണു വികസിപ്പിച്ച്‌ എടുത്തിരിക്കുന്നത്‌. ഇപ്പോൾ പ്രതിവർഷം  203.9 കോടി  നാളികേരത്തിന്റെ സംസ്ക്കരണശേഷി നമുക്കുണ്ട്‌. അതായത്‌, ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 8.4 % ആണ്‌ ഈ വ്യവസായങ്ങളിലൂടെ മൂല്യവർദ്ധിത ഉൽപന്നങ്ങളായി മാറുന്നത്‌. അടുത്ത അഞ്ചു  വർഷം കൊണ്ട്‌ ഇത്‌ ഇരട്ടിയായിയെങ്കിലും വർദ്ധിപ്പിക്കേണ്ടത്‌ നാളികേരത്തിന്‌ ആദായകരമായ വിലസ്ഥിരത ഉറപ്പു വരുത്തുന്നതിനാവശ്യമാണ്‌. ഇതാണ്‌ നാളികേര ടെക്നോളജി മിഷന്റെ അടുത്ത അഞ്ചുവർഷത്തെ ലക്ഷ്യമായി നാം എടുക്കേണ്ടത്‌. 
?മേയ്ക്ക്‌ ഇൻ ഇന്ത്യ? പ്രചാരണ പരിപാടിയുടെ ഭാഗമായി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിന്‌ കേന്ദ്ര ഗവണ്‍മന്റ്‌ ലക്ഷ്യമിടുമ്പോൾ  ആ  മോഹപദ്ധതിയുടെ ഭാഗമാവാൻ നാളികേരത്തിനും കഴിയേണ്ടേ?  നന്നായി ഗൃഹപാഠം ചെയ്ത്‌ വ്യക്തമായ ലക്ഷ്യങ്ങളോടെ പരിശ്രമിച്ചാൽ നാളികേര മേഖലയ്ക്കും ഇക്കാര്യത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാവുമെന്നതിൽ സംശയമില്ല. ലോകത്ത്‌ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്‌. നാളികേര ഉത്പാദന ക്ഷമതയിലും ഇന്ത്യ ഒന്നാമതാണ്‌. അതുകൊണ്ടുതന്നെ ഉൽപന്ന സംസ്ക്കരണത്തിലും വിപണനത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനത്താവാൻ വേണ്ട വിഭവങ്ങൾ നമുക്കുണ്ട്‌. സൗദി അറേബ്യ എങ്ങനെ ക്രൂഡ്‌ ഓയിൽ തങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കുപയോഗിച്ചുവോ, അതേ രീതിയിൽ നാളികേരമെന്ന കാർഷികോൽപന്നത്തെ നമുക്ക്‌ ഉപയോഗിക്കാനാവണം. അതിനുള്ള ദീർഘ വീക്ഷണത്തോടുകൂടി ആശയങ്ങളും പദ്ധതികളും തയ്യാറാക്കുന്നതിലായായിരിക്കണം നാളികേര ടെക്നോളജി മിഷനിൽ ഇനി ശ്രദ്ധ ചെലുത്തേണ്ടത്‌. 
കൃഷിയും, കൃഷി രീതിയും മെച്ചപ്പെടുത്തുന്നതിനും, രോഗ - കീട നിയന്ത്രണ ഗവേഷണത്തിനും നാളികേര ടെക്നോളജി മിഷനിൽ അവസരമുണ്ട്‌. മുൻകാലങ്ങളിൽ ഇതു മുഖ്യമായും സർക്കാർ സ്ഥാപനങ്ങൾ വഴി മാത്രമായിരുന്നു നടപ്പാക്കിയിരുന്നത്‌. എന്നാൽ,  ഇന്ന്‌ കഴിവും കാര്യപ്രാപ്തിയും താൽപര്യമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും അക്കാദമിക്‌ പരിശീലന കേന്ദ്രങ്ങൾക്കും നാളികേര ടെക്നോളജി മിഷനിലൂടെ ഗവേഷണ പദ്ധതികൾക്ക്‌ സഹായം ലഭിക്കുന്നുണ്ട്‌. അടിസ്ഥാന സൗകര്യങ്ങളും ഗവേഷണപരിചയവും ഉള്ള വിദഗ്ധരായ അദ്ധ്യാപകരും ഗവേഷകരുമുള്ള സ്ഥാപനങ്ങൾക്ക്‌ നാളികേര വികസന ബോർഡുമായി ചേർന്ന്‌ നാളികേര ടെക്നോളജി മിഷനിൽ പദ്ധതികൾ സമർപ്പിക്കുന്നതിനും തുടർഗവേഷണം നടത്തുന്നതിനും അവസരമുണ്ട്‌. നാളികേര മേഖലയുടെ സുരക്ഷിതമായ ഭാവിക്ക്‌ മൂല്യവർദ്ധിത ഉൽപന്നങ്ങളാണ്‌ നാം ശ്രദ്ധ വയ്ക്കേണ്ടത്‌ എന്ന്‌ സൂചിപ്പിച്ചുവല്ലോ. നാളികേരത്തിന്റെ മൂല്യവർദ്ധിത  ഉൽപന്നങ്ങൾ നമുക്ക്‌ അപരിചിതമല്ല.  പക്ഷെ, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട്‌, ഓരോ പ്രദേശത്തേയും ആളുകൾക്ക്‌ നാളികേരത്തിന്റെ ഏത്‌ ഉൽപന്നങ്ങളാണോ താത്പര്യമുള്ളത്‌ അവ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രോഡക്ട്സ്‌ ബാസ്ക്കറ്റ്‌, അതാണ്‌ നാം മുമ്പോട്ടു വയ്ക്കേണ്ടത്‌. ലോകമെമ്പാടും വെളിച്ചെണ്ണ ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യയിൽ  കേരളം വിട്ടാൽ, തമിഴ്‌നാട്ടിലേയും കർണ്ണാടകത്തിലേയും, ചില ജില്ലകളിൽ മാത്രമാണ്‌ വെളിച്ചെണ്ണ പാചക എണ്ണയായി ഉപയോഗിക്കുന്നത്‌. പക്ഷേ ഇന്ത്യയിലെ മറ്റ്‌ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പട്ടണങ്ങളിലും തേങ്ങാപ്പാൽ ഭക്ഷണത്തിനും പാചകത്തിനും  ഉപയോഗിക്കുന്നുണ്ട്‌. നാം ഇത്രയും കാലം തേങ്ങ, കൊപ്ര, വെളിച്ചെണ്ണ എന്ന പഴകിയ പല്ലവിയുമായി ഇരുന്നപ്പോൾ തായ്‌ലന്റിന്റേയും ഫിലിപ്പീൻസിന്റേയും, ഇന്തോനേഷ്യയുടേയും, ശ്രീലങ്കയുടേയും എന്തിനധികം വിയറ്റ്നാമിന്റെ പോലും തേങ്ങാപ്പാൽ ഇന്ത്യയുടെ പട്ടണങ്ങളിൽ അവർ സുലഭമായി എത്തിച്ചു. ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, തേങ്ങാപ്പാൽ, പാൽപ്പൊടി, ക്രീം വെർജിൻ കോക്കനട്ട്‌ ഓയിൽ, നീര, നീരയിൽ നിന്നുണ്ടാക്കാവുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം, ഉത്തേജിത കാർബൺ തുടങ്ങി പത്തുപന്ത്രണ്ടോളം പാരമ്പര്യേതരവും, മുമ്പ്‌ ഇന്ത്യയിൽ വ്യാപകമായി ഉത്പാദിപ്പിച്ചിട്ടില്ലാത്തതുമായ  ഉൽപ്പന്നങ്ങൾ ?ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌?വഴി ഇന്ന്‌ ഇന്ത്യയിൽ ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇവയെല്ലാം സർക്കാരിനോ  സഹകരണ സ്ഥാപനങ്ങൾക്കോ മാത്രമല്ല സ്വകാര്യ മേഖലയിലുള്ള വ്യക്തിഗത സംരംഭകർക്കും, കമ്പനികൾക്കും പോലും കടന്നു വരാവുന്ന മേഖലകളാണ്‌. പക്ഷേ, നിർഭാഗ്യവശാൽ ഈ മേഖലകളിലേക്ക്‌  ഇന്ത്യയിലെ ഭക്ഷ്യസംസ്ക്കരണ രംഗത്ത്‌ പ്രവർത്തിക്കുന്ന  വലിയ കമ്പനികൾ കാര്യമായി ശ്രദ്ധിച്ചിട്ടേയില്ല. തമിഴ്‌നാട്ടിലും, കർണ്ണാടകത്തിലും, ചുരുങ്ങിയ തോതിൽ കേരളത്തിലും സ്വകാര്യ സംരംഭകർ മുമ്പോട്ടു വന്നിട്ടുണ്ട്‌ എന്ന വസ്തുത നിലനിൽക്കുന്നു.  എന്നാൽ കൂടുതൽ വൈവിധ്യമാർന്നതും  നൂതനവുമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മേഖലയിലേക്ക്‌ കടക്കേണ്ടത്‌ നാളികേര കർഷകരുടെ കൂട്ടായ്മകളായ നാളികേര ഉൽപാദക ഫെഡറേഷനുകളുടേയും കമ്പനികളുടേയും ഉത്തരവാദിത്തമായി നാം കാണേണ്ടതുണ്ട്‌. വാണിജ്യാടിസ്ഥാനത്തിൽ ഇത്തരം ഉൽപന്നങ്ങളുടെ ഉത്പാദനം വളരെ കുറഞ്ഞ  ചെലവിലും കാര്യക്ഷമമായും  നടത്തേണ്ടതുണ്ട്‌. ഇതിനാവശ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ കണ്ടെത്തുക, അതുപോലെ ഏറ്റവും മികച്ചതും ചെലവു കുറഞ്ഞതുമായ  യന്ത്രസാമഗ്രികൾ കണ്ടെത്തുക, ഇതിനുവേണ്ട ആധുനിക സംസ്ക്കരണ പ്ലാന്റുകൾ സ്ഥാപിക്കുക. മനുഷ്യ വിഭവശേഷി പരിശീലനം നൽകി വിദഗ്ധരെ സംഘടിപ്പിക്കുക, സാങ്കേതിക വിദ്യയിലും മാനേജ്‌മന്റ്‌ രംഗത്തുമുള്ള പ്രോഫഷണലുകളെ കൂട്ടത്തിൽ ചേർക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ നമ്മുടെ ഉത്പാദക കമ്പനികൾ പുതിയ നാളികേര ഉൽപ്പന്നങ്ങളുടെ  വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിലേയ്ക്ക്‌ കടക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌. 
അടുത്ത തലം പ്രധാനമായും വിപണനമാണ്‌. എല്ലാ സംരംഭകരും എപ്പോഴും സംശയം പ്രകടിപ്പിക്കുന്നതു നാളികേര ഉൽപന്നങ്ങളുടെ വിൽപനയെക്കുറിച്ചാണ്‌. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ കണക്കെടുക്കുമ്പോൾ ചൈന, ഇന്ത്യ, യു.എസ്‌.എ എന്നീ ക്രമത്തിലാണ്‌ ജനസംഖ്യയുളള രാജ്യങ്ങളുടെ പട്ടിക. എന്നാൽ ഇന്ത്യയ്ക്കു പുറകിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന യു.എസ്‌.എ.യിൽ  31.5 കോടി ജനങ്ങളുള്ളപ്പോൾ 2014 ലെ കണക്കു പ്രകാരം നഗര ഇന്ത്യ (അർബൻ ഇന്ത്യ) യിൽ 36 കോടി ജനങ്ങളുണ്ട്‌.  ഇത്‌ സൂചിപ്പിക്കുന്നത്‌, യു.എസ്‌.എയിലെ ജനസംഖ്യയുടെ മധ്യവർഗ്ഗത്തിന്റെ ഒപ്പമോ അതിൽ കൂടുതലോ ക്രയശേഷിയുള്ള ഇന്ത്യൻ നഗരവാസികളുടെ എണ്ണം യു.എസ്‌.എ.യുടെ ആകെ ജനസംഖ്യയ്ക്കു തുല്യമാണ്‌ എന്നത്രെ. ഇതിൽ 75% ആളുകളെങ്കിലും മെച്ചപ്പെട്ട ക്രയശേഷിയുള്ളവരാണ്‌. അവർ ഇന്ന്‌ ഉപയോഗിക്കുന്ന നാളികേര ഉൽപന്നങ്ങൾ ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലന്റ്‌, ഫിലിപ്പീൻസ്‌, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്‌  ഇറക്കുമതി ചെയ്യുന്നവയാണ്‌. ഇന്ത്യയിലെ കൂടുതൽ മെച്ചപ്പെട്ട ഉൽപന്നങ്ങൾ ഈ ഉപഭോക്താക്കളുടെ പക്കലേക്ക്‌ എത്തിക്കുക എന്നുള്ളത്‌ തന്നെ വലിയ വെല്ലുവിളിയാണ്‌. ഇന്ത്യയിലെ നഗര ജനസംഖ്യയുടെ 78 ശതമാനവും 63 പ്രധാന പട്ടണങ്ങളിലാണ്‌ താമസിക്കുന്നത്‌. ആ പട്ടണങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു  വിപണന സംവിധാനത്തിനു വേണ്ട പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്‌ നാളികേര വികസനബോർഡ്‌ കേരകർഷക കൂട്ടായ്മകളോടൊപ്പം തീർച്ചയായും ഉണ്ട്‌. ഈ 63 വൻ നഗരങ്ങളിലും തങ്ങളുടെ ഉൽപന്നങ്ങളുമായി നാളികേര ഉത്പാദക കമ്പനികളെ എത്തിക്കുന്നതിന്‌ ഈ കമ്പനികളുടെ കൺസോർഷ്യം രൂപീകരിച്ചു കഴിഞ്ഞു. ഇനി ചെയ്യേണ്ടത്‌ വൻ തോതിൽ ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്നുള്ളതാണ്‌. ഇന്ത്യൻ വിപണി കീഴടക്കിയതു ജോലി കൊണ്ട്‌ മുഴുവനായി എന്നർത്ഥമില്ല. ഇന്ത്യൻ വിപണിയിൽ നാളികേരത്തിന്റെ നിരവധി ഉൽപന്നങ്ങൾ നിർമ്മിച്ച്‌ എത്തിക്കുന്നതോടൊപ്പം തന്നെ അന്താരാഷ്ട്ര വിപണിയിലേയ്ക്കും  നാം എത്തേണ്ടതുണ്ട്‌. അന്താരാഷ്ട്ര വിപണിയിലേക്കു പോകുമ്പോൾ ഓരോ രാജ്യത്തെയും  ഭക്ഷ്യ സംസ്ക്കരണ  നിയമങ്ങൾ മുഴുവൻ പാലിച്ചുകൊണ്ട്‌,  ഉയർന്ന ഗുണമേന്മ ഉറപ്പുവരുത്തിക്കൊണ്ട്‌ നാം  ഉൽപന്നങ്ങൾ നിർമ്മിക്കണം. ആ രംഗത്തേക്ക്‌ കടക്കുമ്പോഴാണ്‌ ഇന്ത്യയിലുള്ള കമ്പനികളുടെ യഥാർത്ഥ കഴിവും കാര്യ പ്രാപ്തിയും തെളിയിക്കാൻ കഴിയുക. നമ്മുടെ ഉത്പാദക കമ്പനികളെയും ഇന്ത്യൻ നാളികേര വ്യവസായ സംരംഭകരെയും ലോകത്തിലെ പ്രധാനപ്പെട്ട വികസിത രാജ്യങ്ങളിലെ വിപണി കൂടി കൈയ്യടക്കാൻ  പ്രാപ്തരാക്കേണ്ടിയിരിക്കുന്നു.
ഈ കാര്യങ്ങളെല്ലാം വിജയിക്കുന്നതിന്‌  വിജ്ഞാന വ്യാപനം അഥവാ എക്സ്റ്റൻഷൻ ആവശ്യമുണ്ട്‌. വലിയ പണച്ചിലവില്ലാതെ നമ്മുടെ കാർഷിക കൂട്ടായ്മകൾ വഴിയും, ആകാശവാണി വഴിയും, കേരളത്തിലെ കാർഷിക പ്രസിദ്ധീകരണങ്ങൾ വഴിയും ഇത്തരത്തിലുള്ള വിജ്ഞാനവ്യാപന ശൃംഖല നമുക്കും രൂപപ്പെടുത്തേണ്ടേ? വേണം.  നാളികേര വികസന ബോർഡിന്റെ സഹായത്തോടു കൂടി നാളികേര ഉത്പാദക കമ്പനികളുടെ കൂട്ടായ്മകൾ ശക്തമായ വിജ്ഞാന വ്യാപന വിഭാഗം കൂടി രൂപപ്പെടുത്തിയെടുക്കണം.  നീരയെക്കുറിച്ച്‌ നിരവധി വാദപ്രതിവാദങ്ങൾ പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത്‌ നീരയുടെ ഉത്പാദനം ഉയർത്താനുള്ള വിജ്ഞാന വ്യാപനത്തിനാണ്‌ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 173 ഫെഡറേഷനുകളും 19 ഉത്പാദക കമ്പനികളും ശ്രമിക്കേണ്ടത്‌. 173 -ൽ നിന്ന്‌ 345 ആയി നിലവിലുള്ള ഉത്പാദക ഫെഡറേഷനുകളുടെ എണ്ണം ഉയർന്നിട്ടുണ്ട്‌. ബാക്കിയുള്ള 172 ഉത്പാദക ഫെഡറേഷനുകൾക്കും നീര ഉത്പാദനത്തിനുള്ള ലൈസൻസ്‌ ലഭ്യമാക്കുന്നതിന്‌ എക്സൈസ്‌ വകുപ്പിനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌.
സംസ്ഥാന ഗവണ്‍മന്റിന്റെ 2015-16 വർഷത്തെ ബഡ്ജറ്റിൽ നീരയ്ക്കായി  മൂന്നു മേഖലകളിൽ  പദ്ധതി വിഹിതം വകയിരുത്തിയിരിക്കുന്നു. നാളികേര വികസന ബോർഡ്‌ ആവശ്യപ്പെട്ട ഈ മൂന്നു കാര്യങ്ങൾ നീര ടെക്നീഷ്യന്മാരുടെ പരിശീലനം, നാളികേര ഉത്പാദക കമ്പനികൾക്ക്‌ കർഷകർ സമാഹരിക്കുന്ന ഓഹരിമൂലധനത്തിന്റെ നാലിലൊന്ന്‌ (പരമാവധി ഒരു കോടി രൂപ വരെ) മൂലധന സഹായം,  നീരയും മറ്റ്‌ നാളികേര ഉൽപന്നങ്ങളും നിർമ്മിക്കുന്ന ഉത്പാദക കമ്പനികൾക്ക്‌  മൂലധന ചെലവിന്റെ 25% (പരമാവധി 50 ലക്ഷം രൂപ വരെ) സബ്സിഡി എന്നിവയാണ്‌. ഈ മൂന്ന്‌ ഇനങ്ങളിലായി 30 കോടി ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നു. ആകെ ഏകദേശം 75 കോടി രൂപയ്ക്കുള്ള വിഹിതം നാളികേര മേഖലയ്ക്കായി വകയിരുത്തിയതായി ബഡ്ജറ്റിൽ അറിയിച്ചിട്ടുണ്ട്‌. നമ്മുടെ കർഷക കൂട്ടായ്മകൾക്ക്‌ ഈ അവസരങ്ങൾ എത്ര വേഗത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും എന്ന്‌ ഗൗരവമായി ചിന്തിക്കണം. നീരയ്ക്ക്‌ ലൈസൻസും ലഭിച്ച്‌, പ്രോസസ്സിംഗ്‌ പ്ലാന്റുകളും ആരംഭിച്ചു വരുമ്പോൾ നാം നേരിടുന്ന പ്രധാനപ്പെട്ട  പ്രശ്നം നീര ടെക്നീഷ്യന്മാരുടെ എണ്ണത്തിലുള്ള പരിമിതിയാണ്‌. അടിയന്തിരമായി 50000 നീര ടെക്നീഷ്യന്മാരെ കണ്ടെത്തി പരിശീലിപ്പിച്ച്‌ നാളികേര ഉത്പാദക ഫെഡറേഷനുകളിലും കമ്പനികളിലും അവരെ നിയമിക്കാൻ കഴിയുമോ എന്നാണ്‌ ചിന്തിക്കേണ്ടത്‌. ഉദാഹരണമായി തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച്‌  ഇതു നടപ്പാക്കാൻ കഴിയുമോ? ഒരു പക്ഷേ  നിശ്ചിത പ്രായവും ശാരീരിക യോഗ്യതയും  ഉള്ള കുടുംബശ്രീ അംഗങ്ങളെ നീര ടാപ്പിംങ്ങ്‌  പരിശീലിപ്പിച്ചാൽ,  തൊഴിലുറപ്പു പദ്ധതി വഴി ഒരു വർഷം കൊണ്ട്‌ അവർക്കു ലഭിക്കുന്ന വരുമാനം ഒരു മാസം കൊണ്ട്‌ തന്നെ ലഭ്യമാക്കാൻ കഴിയും. 
ഇതോടൊപ്പം തന്നെ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യമാണ്‌ ഉയരം കുറഞ്ഞ തെങ്ങിനങ്ങൾ വ്യാപകമായി കൃഷി ചെയ്യുക എന്നത്‌. അപ്പോൾ ഭാവിയിൽ, കർഷകർക്കും,വീട്ടമ്മമാർക്കും നീരയുത്പാദനം സാധ്യമാവും. നമ്മുടെ നാട്ടിലെവിദ്യാർത്ഥികൾക്ക്‌ പഠനത്തോടൊപ്പം പാർട്ട്‌ ടൈമായി  നീര ടെക്നീഷ്യന്മാരുടെ ജോലി  ചെയ്യാൻ കഴിയുന്ന സാഹചര്യം ചിന്തിച്ചു നോക്കുക. ഇത്തരം കാര്യങ്ങൾക്ക്‌  തൃത്താല പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും ഫണ്ട്‌ ഉപയോഗിക്കുന്നതിനു വേണ്ട അനുമതി സമ്പാദിക്കുക. കൂടാതെ എം.പി. മാരുടെയും എം.എൽ.എ മാരുടേയും പ്രാദേശിക വികസന ഫണ്ടുകൾ നാളികേര  ഉത്പാദക കമ്പനികളുടെയും ഫെഡറേഷനുകളുടേയും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഗൗരവമായി പരിശോധിക്കണം
ഇതോടൊപ്പം  മാർക്കറ്റിംഗ്‌ വിഭാഗത്തിന്റെ പ്രവർത്തനവും  ശക്തിപ്പെടുത്തണം. എവിടെയെല്ലാം എന്തെല്ലാം നാളികേര ഉൽപന്നങ്ങൾ എത്രമാത്രം ആവശ്യമുണ്ട്‌ എന്ന്‌ മാർക്കറ്റ്‌ സർവ്വേകൾ നടത്തി പഠിക്കണം.  മാധ്യമ വിഭാഗം ഉൽപന്നങ്ങളെ കുറിച്ച്‌ ഉപഭോക്താക്കളിൽ ബോധവത്ക്കരണം നടത്തണം. അതിനുവേണ്ടി എക്സ്ബിഷനുകളിൽ പങ്കെടുക്കുകയും  മാസികകളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതുകയും, ആ പ്രദേശങ്ങളിലുള്ള മാനേജ്‌മന്റ്‌ പരിശീലന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ മാർക്കറ്റ്‌ സർവ്വെകളും മാർക്കറ്റ്‌ റിസർച്ചും നടത്തുകയും വേണം.  അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ തെങ്ങുകൃഷിയിലെ രോഗപ്രതിരോധം, ചികിത്സ, തെങ്ങിന്റെ ആരോഗ്യപരിപാലനം എന്നിവയ്ക്ക്‌ ആയുർവേദത്തിന്റെ സാധ്യതകൾ നമുക്ക്‌ എത്രമാത്രം പ്രയോജനപ്പെടുത്താം എന്ന അന്വേഷണം. ആയുർവേദത്തിൽ മനുഷ്യർക്കു വേണ്ടിയുള്ള ആയുർവേദം, ജന്തുക്കൾക്ക്‌ വേണ്ടിയുള്ള ആയുർവേദം, വൃക്ഷ ആയുർവേദം എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങൾ ഉണ്ട്‌.  ഇതിൽ വൃക്ഷായുർവേദം കാര്യമായി ആരും ഇനിയും പരീക്ഷിച്ചിട്ടില്ല. നാളികേര വികസന ബോർഡിൽ നിലവിൽ വരുന്ന  ?ഫീൽഡ്‌ റിസർച്ച്‌ പ്രോഗ്രാമിൽ?  കാറ്റുവീഴ്ച ഉൾപ്പെടെയുള്ള രോഗങ്ങൾക്ക്‌ പ്രതിവിധി കണ്ടെത്തുന്നതിന്‌ വൃക്ഷായുർവേദം പ്രയോജനപ്പെടുത്താൻ കഴിയുമോ എന്നുകൂടി ടെക്നോളജി മിഷന്റെ കീഴിൽ പരിശോധിക്കേണ്ടതുണ്ട്‌. 
നാളികേര ഉത്പാദന കമ്പനികൾ എങ്ങനെ ഭംഗിയായി, ഫലപ്രദമായി, പ്രവർത്തിപ്പിക്കാൻ  കഴിയും എന്നതിനെ കുറിച്ചും ഗൗരവമായ  ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു.  കർഷക കൂട്ടായ്മകളുടെ തൃത്താല സംവിധാനം ഫലപ്രദവും കാര്യക്ഷമവുമായി പ്രവർത്തിക്കുമ്പോഴാണ്‌ ഭാവിയിൽ  നാളികേരത്തിനും കേരകർഷകർക്കും വിലത്തകർച്ച  ഉണ്ടാകാതെ  മുമ്പോട്ടു പോകാൻ കഴിയുക. ഇതിന്‌ ഏറ്റവും ആവശ്യമുള്ളത്‌ ശക്തമായ നേതൃത്വമാണ്‌. ഇതോടൊപ്പം സാങ്കേതിക വിദഗ്ധരും മാനേജ്‌മന്റ്‌ വിദഗ്ധരും ചേർന്നുള്ള ശക്തമായ ടീംവർക്കു കൂടി രൂപപ്പെടുത്താൻ നമുക്കു കഴിയണം. ഈ  ടീം വർക്ക്‌ വികസിപ്പിച്ചെടുക്കുന്നതിനാണ്‌ അടുത്ത  സാമ്പത്തിക വർഷത്തിൽ നാളികേര ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും ശ്രദ്ധിക്കേണ്ടത്​‍.  അതിനുള്ള നടപടികൾ വേഗം തന്നെ ആരംഭിക്കുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...