22 Apr 2015

ചന്തയും മനുഷ്യനും


 എം.തോമസ്മാത്യു

    ലോകത്തിന്റെ ചരിത്രം പുതിയ ഒരദ്ധ്യായമെഴുതി മനുഷ്യജീവിതത്തിന്റെ താളം ഒറ്റയടിക്ക്‌ മാറിയ പശ്ചാത്തലത്തിൽ, ആ മാറ്റങ്ങൾക്കടിയിൽ തെളിഞ്ഞും തെളിയാതെയും കണ്ട ചില അപകടസാധ്യതകളെ പ്രതിരോധിക്കാൻ വേണ്ടിയാണ്‌ ജോർജ്ജ്‌ വില്യംസ്‌ വൈ.എം.സി.എ പ്രസ്ഥാനത്തിനു തുടക്കമിട്ടത്‌. മനുഷ്യബന്ധങ്ങൾ മുഴുവൻ മാറുകയായിരുന്നു; ജീവിതശൈലി അപ്പാടെ മാറി. അതോടെ നൈതിക ക്രമവും വ്യത്യസ്തമായി. ഇതിൽ വലിയൊരു ആപത്തിന്റെ സാധ്യത കണ്ടിട്ടാണ്‌, ഇതിനെതിരെ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിർബന്ധം കൊണ്ടാണ്‌ ഈ പ്രസ്ഥാനം രൂപം കൊണ്ടത്‌. അന്ന്‌ ഭയപ്പാടോടെ സങ്കൽപിച്ചവയെല്ലാം ഇതാ യാഥാർത്ഥ്യമായിരിക്കുന്നു എന്ന നടുക്കത്തിന്റെ നടുവിലേക്ക്‌ മനുഷ്യൻ എറിയപ്പെട്ടിരിക്കുന്നു.
    ഒഴിഞ്ഞു മാറേണ്ടവയെല്ലാം കാമ്യവും രുചികരവുമായി പ്രത്യക്ഷപ്പെടുക എന്നതാണല്ലോ മനുഷ്യന്റെ മുമ്പിൽ വന്നുപെടുന്ന എല്ലാം ചതികളുടെയും  സവിശേഷത. കയ്യൊഴിക്കാൻ കഴിയാത്ത സൗകര്യങ്ങളും വാഗ്ദാനങ്ങളുമായി അവ വന്നു നിരക്കുന്നു. എങ്ങനെ വേണ്ടെന്നുവയ്ക്കും? വേണ്ടെന്നു വച്ചാൽ ജീവിതം തന്നെ സാധ്യമാണോ? അതിലേറെ വിചിത്രമല്ലേ ഒരു കാലത്ത്‌ ആവേശത്തോടെ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ യാഥാർത്ഥ്യമായപ്പോൾ വിപരീതഫലം ഉണ്ടാക്കി എന്നത്‌! ഒരു ഉദാഹരണം നോക്കാം. ഏക ലോകം എന്നത്‌ ഒരു കാലത്തെ വിമോഹനമായ ഒരു സ്വപ്നമായിരുന്നു. അനേകം രാഷ്ട്രങ്ങളായി, സംസ്കാരങ്ങളായി ചിതറിക്കിടന്നപ്പോൾ എന്തെല്ലാം തരം പകകളും പടകളുമാണ്‌ സ്വസ്ഥജീവിതത്തിനു ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്‌. യുദ്ധമൊഴിഞ്ഞൊരു കാലം ഉണ്ടായിരുന്നോ? സമാധാനമെന്നത്‌ കൊതിയോടെ സ്വപ്നം കാണേണ്ട ഒന്നായിരുന്നില്ലേ? അക്കാലത്താണ്‌ ലോകസമാധാനത്തെക്കുറിച്ചും ഏകലോകത്തെക്കുറിച്ചുമുള്ള കിനാവുകൾ വിരിഞ്ഞത്‌. അന്നൊന്നും അത്‌ യാഥാർത്ഥ്യമായില്ല. എന്നാൽ, പുതിയ വടിവിൽ ഏകലോകം പിറന്നിരിക്കുന്നു. ഭൂഗോളം ഒരൊറ്റ ഗ്രാമമായിത്തീർന്നിരിക്കുന്നു എന്നല്ലേ ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്‌! പക്ഷേ, ഭൂഗോളത്തെ ഒരൊറ്റ ചന്ത (ഏഹീയലഹ ങമൃസല​‍ി) ആക്കിക്കൊണ്ടാണ്‌ ഈ സ്വപ്നം ഫലിച്ചതു. ആഗ്രഹം നടന്നു, വിപരീതഫലം എന്നുമാത്രം!
    ചന്തയുടെ പ്രത്യേകത അവിടെ മനുഷ്യർ ഇല്ലാതാകുന്നു എന്നതാണ്‌. ചന്തയിൽ വരുന്നത്‌ ഇടപാടുകാരാണ്‌-വാങ്ങാനും വിൽക്കാനും വരുന്ന ഇടപാടുകാർ. എന്റെ കൈവശമുള്ള ചരക്കുകൾ മുന്തിയ വിലയ്ക്കു വിൽക്കണം, എനിക്കു വാങ്ങേണ്ട ചരക്കുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കണം എന്നുമാത്രമേ എനിക്കു നോക്കേണ്ടതുള്ളു. ചന്തയിൽ ഞാൻ സന്ധിക്കുന്ന മനുഷ്യരെല്ലാം എന്റെ ലാഭചിന്തക്ക്‌ ഇരയാകേണ്ടവർ മാത്രം. അവരുടെ കണ്ണിൽ ഞാനും ഒരു ഇരമാത്രമാണെന്ന കാര്യം ഈ തിരക്കിൽ ഞാൻ മറക്കുന്നു. അഥവാ, അസുഖകരമായ കാര്യങ്ങൾ ഓർക്കാതിരിക്കാൻ വേണ്ട ലഹരികൾ സംഭാവന ചെയ്യാൻ ഈ ചന്തയുടെ സംസ്കാരം വിസ്മരിക്കുന്നില്ലല്ലോ.
    ഈ സംസ്കാരം എല്ലാ ആത്മബന്ധങ്ങളെയും ഇല്ലായ്മ ചെയ്യുന്നു. അപരിചിതരുടെ ആൾക്കൂട്ടമായി മനുഷ്യലോകത്തെ മാറ്റിത്തീർക്കുന്ന ഒരു പുതുവ്യവസ്ഥയാണ്‌ ഉണ്ടായിരിക്കുന്നത്‌. ഈ വ്യവസ്ഥയിൽ ആർക്കും ആരെക്കുറിച്ചും വേവലാതിപ്പെടേണ്ടതില്ല; ആകെയുള്ള വേവലാതി അവനവനെക്കുറിച്ചു മാത്രം. യഥാർത്ഥത്തിൽ ഈ തിരക്കിനിടയിൽ അവനവൻ ഇല്ലാതാവുകയും പകരം എന്തൊക്കെയോ അദൃശ്യ ശക്തികൾക്ക്‌ അടിമപ്പണി ചെയ്യുന്ന ഒരു ജീവിയായി രൂപാന്തരപ്പെടുകയും ചെയ്ത വിവരം അറിയുന്നു തന്നെയില്ല. അർത്ഥരഹിതമായ വ്യഗ്രതകളുടെയും ഉത്കണ്ഠകളുടെയും സമ്മർദ്ദത്തിൽപ്പെട്ട്‌ ഞെരിഞ്ഞമർന്ന ഈ ജീവി മനുഷ്യൻ എന്ന പദവി സ്വയം നശിപ്പിച്ചിരിക്കുന്നു.
    വ്യഗ്രതപൂണ്ട ഈ നിരർത്ഥക ജീവിതത്തിന്റെ സ്വഭാവം വെളിവാക്കുന്ന എന്തെല്ലാം ആവിഷ്കരണങ്ങളാണ്‌ പ്രവാചക തുല്യമായ ഉൾക്കാഴ്ചയോടെ കഴിഞ്ഞ നൂറ്റാണ്ടിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നതെ
ന്ന്‌ ഓർത്താൽ അത്ഭുതം തോന്നും. അവയിൽ ഒന്നിലെ ഒരു സന്ദർഭം മാത്രം ചൂണ്ടിക്കാണിക്കട്ടെ. ചെക്കോസ്ലാവോക്യക്കാരായ രണ്ടു സഹോദരന്മാർ-ജോസഫ്‌ ചാ പെക്കും, കാറൽ ചാ പെക്കും -ചേർന്ന്‌ എഴുതിയ ഒരു നാടകമാണ്‌ കീടജന്മം(ഘശളല ​‍ീള കിലെര​‍േ​‍െ)ഈ നാടകത്തിലെ കീടങ്ങളെല്ലാം മനുഷ്യർ തന്നെ. എന്നുവച്ചാൽ കീടങ്ങളുടെ വാസനകൾ തന്നെയാണ്‌, മാനുഷികമായ സദ്ഭാവങ്ങളെല്ലാം നഷ്ടപ്പെട്ട വാസനകൾ തന്നെയാണ്‌, മനുഷ്യനെ ഭരിക്കുന്നത്‌ എന്നർത്ഥം. അതിലെ കഥാപാത്രങ്ങളിലൊന്ന്‌ ചാണക ഉരുള ഉരുട്ടിക്കൊണ്ടിരിക്കുന്ന വണ്ടുകളാണ്‌. നമ്മുടെ പഴയ കാർഷിക കാലത്തെ ഓർമ്മകളിൽ ആ ജീവി ഉണ്ട്‌. ഈ നാടകത്തിൽ ഭാര്യയും ഭർത്താവും കൂടി ഈ ഉണ്ട ഉരുട്ടിക്കൊണ്ടിരിക്കുന്നു. "ഒരു ചാണക ഉണ്ട സ്വന്തമായി ഉള്ളത്‌ എത്ര ആനന്ദകരമാണ്‌! ഇനി നമുക്ക്‌ ഒരെണ്ണം കൂടി ഉണ്ടാക്കണം." ഈ കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ ആരാണ്‌? എന്തു ചെയ്യാനാണ്‌ ഈ ഉണ്ട എന്ന്‌ അവർക്ക്‌ അറിഞ്ഞുകൂടാ; അറിയേണ്ട ആവശ്യവും അവർക്കില്ല. അങ്ങനെയൊന്ന്‌ സ്വന്തമായി ഉണ്ട്‌ എന്ന പൊള്ളയായ അഭിമാനമേ വേണ്ടൂ. മനുഷ്യൻ എന്ന്‌ അഹങ്കരിക്കുന്ന, സൃഷ്ടിയുടെ മകുടം എന്ന വിധം സൃഷ്ടിച്ച്‌ ഈ ലോകത്തിന്റെ പരിപാലനകർമ്മം സൃഷ്ടാവ്‌ ഏൽപ്പിച്ചു കൊടുത്ത മനുഷ്യൻ, എത്തിയിരിക്കുന്നത്‌ ഈ ചാണകവണ്ടിന്റെ പദവിയല്ലേ? സ്വന്തമായി ഉണ്ട്‌ എന്ന ദുരഭിമാനം മാത്രം പകരം തരുന്ന നിരുപയോഗ വസ്തുക്കൾ വാരിക്കൂട്ടി നിരർത്ഥകമായ പൊങ്ങച്ചങ്ങളുടെ പാഴ്ജന്മമായിക്കൊണ്ടിരിക്കുന്ന മനുഷ്യൻ എന്നതല്ലേ സത്യം?
    നാം സ്വന്തമാക്കുന്നത്‌ നമ്മെ സ്വന്തമാക്കും എന്ന്‌ ചിന്തകൻ പറഞ്ഞിട്ടുണ്ട്‌. ഏറെ പണിപ്പെട്ട്‌ സ്വരുക്കൂട്ടിയ സമ്പത്തിന്റെ അടിമയായി അതിനെ സംരക്ഷിക്കാനും പൊലിപ്പിക്കാനും വേണ്ടി സ്വാസ്ഥ്യം നഷ്ടപ്പെടുത്തി ഉഴറിജീവിക്കുന്ന മനുഷ്യൻ എത്ര സഹതാപാർഹനാണ്‌! പക്ഷേ, ഈ അവസ്ഥയിലാണ്‌ എത്തിയിരിക്കുന്നതെന്ന്‌ അറിയുന്നില്ലെന്നു മാത്രം!
    ഈ സാഹചര്യത്തിലാണ്‌, ഈ ലോകവ്യവസ്ഥ അസംബന്ധ നാടകത്തിലെ കഥാപാത്രങ്ങളായി മനുഷ്യനെ പരിവർത്തിപ്പിച്ച ദുർദ്ദശയിലാണ്‌ വൈ.എം.സി.എ പ്രവർത്തിക്കുന്നത്‌. ഈ പതനത്തിലേക്കുള്ള കുതിപ്പിനെയാണ്‌ പുരോഗതി, വികാസം എന്നൊക്കെ പറയുന്നതെന്ന കാര്യം ആരും അറിയുന്നില്ലെന്നു മാത്രം. ഇവിടെ പ്രസ്ഥാനത്തിന്റെ കർത്തവ്യം ഭാരിച്ചതായി മാറുന്നു. എന്താണ്‌ സത്യം, എന്താണ്‌ ജീവിതത്തിന്റെ പൊരുൾ, എന്ന്‌ ലോകത്തോടു പറയാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന്‌ ഒഴിയാൻ വയ്യ. ആത്മാവു നഷ്ടപ്പെട്ട മനുഷ്യനെ വീണ്ടെടുത്ത്‌ ആത്മബോധത്തിന്റെ വെളിച്ചത്തിലേക്ക്‌ ആനയിക്കാനുള്ള കനത്ത ഉത്തരവാദിത്വമാണ്‌ പ്രസ്ഥാനം വഹിക്കുന്നത്‌. ചിറ്റു വിനോദങ്ങൾ ഒരുക്കുന്ന ഒരു ക്ലബ്ബല്ല വൈ.എം.സി.എ, പണിപ്പെട്ടു സമ്പാദിക്കുന്ന ഇടവേളകളിൽ സൊറപറഞ്ഞിരിക്കാനുള്ള ഇടവുമല്ല ഇത്‌. 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്നാണ്‌ ദൈവത്തിന്റെ വചനം. സത്യത്തിലേക്ക്‌ മനുഷ്യനെ ഉണർത്താൻ കഴിയുക എന്നത്‌ വൈ.എം.സി.എയുടെ കനത്ത ഉത്തരവാദിത്വമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...