22 Apr 2015

പുഴകൾ മലകൾ പൂവനങ്ങൾ


സിപ്പി പള്ളിപ്പുറം 
നമ്മുടെ ഈ പരിസ്ഥിതി എത്ര മനോഹരമാണ്‌! ചേലേറുന്ന നീലാകാശം..!പാട്ടുപാടിപ്പറന്നകലുന്ന വർണ്ണപ്പറവകൾ!
ഇളം കാറ്റിൽ തലയാട്ടി രസിക്കുന്ന പച്ചത്തെങ്ങോലകൾ! ഇളനീർക്കുടങ്ങളും പേറി നിൽക്കുന്ന കേരനിരകൾ! പുത്തൻ കതിർക്കുലകളുമായി നൃത്തമാടുന്ന കാഞ്ചനവയലുകൾ! പതഞ്ഞൊഴുകുന്ന കാട്ടാറുകൾ! മലകൾ, പുഴകൾ...പൂവനങ്ങൾ! ഏലസുഗന്ധം അലിഞ്ഞു ചേർന്ന മലേയസമീരൻ...ഇങ്ങനെ, പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്രയെത്ര അനുഭവങ്ങൾ! വെറുതെയല്ല നാം നമ്മുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്നു വിശേഷിപ്പിക്കുന്നത്‌! എന്താ ശരിയല്ലേ? 
പക്ഷേ ഈ കാഴ്ചകളിൽ നിന്ന്‌ കണ്ണെടുത്ത്‌ ഇടത്തോട്ടും വലത്തോട്ടും നോക്കുമ്പോഴാണ്‌ നാം പെട്ടെന്ന്‌ മൂക്കുപൊത്തിപ്പോവുന്നത്‌! അതെന്താണെന്നല്ലേ? പറയാം. 
ഡെങ്കിപ്പനിയും, ചിക്കൻഗുനിയയും പരത്തുന്ന കാലൻ കൊതുകുകൾ പെറ്റുപെരുകുന്ന അഴുക്കുചാലുകൾ! സദാസമയവും ദുർഗന്ധം വമിക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഓടകൾ! മാലിന്യങ്ങൾ നിറഞ്ഞ പ്ലാസ്റ്റിക്‌ കിറ്റുകൾ കുന്നുകൂടിക്കിടക്കുന്ന തെരുവോരങ്ങൾ! കരചരണങ്ങൾ അരിയപ്പെട്ട സുന്ദരാംഗിയെപ്പോലെ തളർന്നു നിൽക്കുന്ന തണൽ മരങ്ങൾ! ഒഴുകാൻ വഴിമറന്നുപോയ നാടൻ കൈത്തോടുകൾ...മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന പുഴകൾ! ഇങ്ങനെ മനംപുരട്ടുന്ന എത്രയെത്ര ദുരനുഭവങ്ങൾ! ഇതൊക്കെ കാണുമ്പോൾ നാം അറിയാതെ പാഞ്ഞുപോകും: ഇത്‌ ദൈവത്തിന്റെ സ്വന്തം നാടല്ല; ചെകുത്താന്റെ സ്വന്തം നാട്‌!
പ്രകൃതിയുടെ നൈർമ്മല്യം കാത്തുസൂക്ഷിക്കുന്നതിലല്ല ഇന്ന്‌ നമുക്ക്‌ താൽപ്പര്യം. പരിസ്ഥിതിയുടെ പരിശുദ്ധി നിലനിർത്തുന്നതിലും നമുക്ക്‌ വലിയ ശ്രദ്ധയില്ല. 
വീടിനുചുറ്റും കൊതുകിനെ നന്നായ്‌
പോറ്റിവരുന്നവർ നമ്മൾ,
കൊതുകുകൃഷിക്കായ്‌ പരിസരമെല്ലാം
സംരക്ഷിപ്പൂ നമ്മൾ!
ചോരകൊടുത്തും നീരുകൊടുത്തും
രോഗം വാങ്ങും നമ്മൾ!
മന്തും പനിയും സമ്പാദിക്കാൻ
കെങ്കേമന്മാർ നമ്മൾ!
വീണ്ടും വീണ്ടും കൊതുകു വളർത്തുക 
നാടുമുടിക്കുക നമ്മൾ
കൊതുകുകൾ നീണാൾ വാഴാനായി 
പ്രാർത്ഥിച്ചീടുക നമ്മൾ 
ഇത്തരം ഒരു രീതിയിലേക്കാണ്‌ നമ്മൾ ഇന്ന്‌ മാറിക്കൊണ്ടിരിക്കുന്നത്‌. എല്ലാവരും സ്വാർത്ഥതയിലേക്കുള്ള പ്രയാണത്തിലാണ്‌. മാലിന്യങ്ങൾ കുഴിച്ചുമൂടി നശിപ്പിക്കുന്നതിലല്ല; അതൊക്കെ തൊട്ടടുത്തുള്ള തോട്ടിലേക്കോ പുഴയിലേക്കോ വലിച്ചെറിയുന്നതിലാണ്‌ നമുക്ക്‌ താൽപ്പര്യം. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പ്ലാസ്റ്റിക്‌ കിറ്റിൽ കെട്ടിയെടുത്ത്‌ ആളില്ലാത്ത തക്കം നോക്കി അയൽക്കാരന്റെ വളപ്പിലേക്ക്‌ നീട്ടിയെറിയുന്ന വിരുതന്മാരും ഇന്ന്‌ നമ്മുടെ ഇടയിൽ കുറവല്ല.
ഫലഭൂയിഷ്ടമായ നമ്മുടെ മണ്ണിൽ ഒരു ചെടിനടാൻ പോലും പറ്റാത്ത അവസ്ഥയാണിന്ന്‌. മൺവെട്ടികൊണ്ടോ തൂമ്പകൊണ്ടോ വെട്ടിയാൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ അടുക്കുകളാണ്‌ മണ്ണിനടിയിൽ കാണുന്നത്‌. അത്തരം മണ്ണിൽ നമുക്കെങ്ങനെ ചെടികൾ നട്ടുവളർത്താൻ കഴിയും?
ഒരൊറ്റ മഴകൊണ്ടുതന്നെ നാട്ടിൽ പ്രളയത്തിന്റെ പ്രതീതിയാണ്‌. എന്താണിതിനുകാരണം? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പെയ്ത്തുവെള്ളത്തിന്‌ ഭൂമിയ്ക്കടിയിലേക്ക്‌ ആഴ്‌ന്നിറങ്ങാനോ, നീർച്ചാലുകളിലൂടെ ഒഴുകിപ്പോകാനോ യാതൊരു സാധ്യതയുമില്ല. എല്ലായിടത്തും പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്‌. 
വനനശീകരണവും, പാടങ്ങൾ നികത്തിയുള്ള ഫ്ലാറ്റുനിർമ്മാണവും മണൽമാഫിയകളുടെ അഴിഞ്ഞാട്ടവുമെല്ലാം നമ്മുടെ പരിസ്ഥിതിക്ക്‌ വലിയ കോട്ടം വരുത്തിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പ്രശസ്ത കവി അയ്യപ്പപ്പണിക്കർ ഇങ്ങനെ ചോദിച്ചു പോയത്‌. 
മരവും മനുഷ്യനും കിളിയും മൃഗങ്ങളും 
ചൊടിയും ചൊടിക്കാത്ത നാടെവിടെ മക്കളേ? 
വിഷവാതമൂതാത്ത,വിഷവാണി കേൾക്കാത്ത
വിഷനീർ കുടിക്കാത്ത നാടെവിടെ മക്കളേ? 
ഈ ചോദ്യം നമ്മുടെ മുന്നിലും ഉത്തരം കിട്ടാതെ അലയുകയാണ്‌! ഇത്‌ ദൈവത്തിന്റെ സ്വന്തം നാടോ? ചെകുത്താന്റെ സ്വന്തം നാടോ? ഇത്‌ ആരുടെ സ്വന്തം നാട്‌? 
കുടിനീരിനു വേണ്ടിയുള്ള നമ്മുടെ നിലവിളിയ്ക്കും സങ്കടത്തിനും കാരണം പരിസ്ഥിതി സംരക്ഷണത്തിൽ നാം കാണിക്കുന്ന ഉദാസീനതയാണ്‌. കുളങ്ങളും കിണറുകളും തോടുകളും മറ്റു ജലാശയങ്ങളുമെല്ലാം കാത്തുപാലിക്കേണ്ടത്‌ നമ്മുടെ ചുമതലയാണ്‌. ഇത്തരം ജലസ്രോതസ്സുകൾ ഇന്ന്‌ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്‌. ഇവയുടെ വില തിരിച്ചറിഞ്ഞാൽ നമുക്ക്‌ ഒരു കാലത്തും ദുഃഖിക്കേണ്ടതായി വരുകയില്ല.
സിന്ധു നദീതടത്തിൽ പണ്ട്‌ സൈകതം എന്നൊരു നാടുണ്ടായിരുന്നു. സുബാലി എന്നൊരു നാടുവാഴിയാണ്‌ സൈകതം ഭരിച്ചിരുന്നത്‌. ധാരാളം മലകളും തടാകങ്ങളും കൈത്തോടുകളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു അത്‌. പൂച്ചെടികളും ഫലവൃക്ഷങ്ങളും ആ നാടിനെ കൂടുതൽ മനോഹരമാക്കി.
സൈകതത്തിലേക്കു വരാൻ രാജക്കന്മാർക്കും വിനോദസഞ്ചാരികൾക്കുമൊക്കെ വലിയ ഇഷ്ടമായിരുന്നു. കാരണമെന്തെന്നോ? ധാരാളം ഫലവൃക്ഷങ്ങളുണ്ടെങ്കിലും ഒരിലപോലും വഴിയിൽ കാണില്ല. ചെടികൾ തോറും തൂങ്ങിയാടുന്ന പക്ഷിക്കൂടുകൾ! എപ്പോഴും സുഗന്ധം പരത്തി നിൽക്കുന്ന പൂച്ചെടികൾ! ഒട്ടും കളങ്കമില്ലാതെ കുതിച്ചു പായുന്ന കുളിരരുവികൾ!
ഇത്രയും ഭംഗിയായി ഈ നാടിനെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രദ്ധിച്ചിരുന്ന ഒരാൾ അവിടെയുണ്ടായിരുന്നു. അതാരെന്നോ? സുബാലിയുടെ വിശ്വസ്തനായ തൂപ്പുകാരൻ നിർമ്മലാനന്ദൻ! ശുചീകരണത്തിന്റെ കാര്യത്തിൽ അയാൾ വളരെ ജാഗരൂകനായിരുന്നു.
വഴികളിലും പരിസരത്തുമൊക്കെ വീണുകിടക്കുന്ന ഇലകളും കായ്കളുമെല്ലാം അടിച്ചു കൂട്ടി നിർമ്മലാനന്ദൻ പാടത്തും പറമ്പിലുമൊക്കെ വളമായി ഉപയോഗിച്ചു. ഫലവൃക്ഷങ്ങളും വയലേലകളും പൂച്ചെടികളുമെല്ലാം അവിടെ തഴച്ചു വളർന്നു. 
ചപ്പുചവറുകൾ വീണ്‌ തോടുകളും തടാകങ്ങളും വൃത്തിഹീനമാകാതിരിക്കാൻ നിർമ്മലാനന്ദൻ പ്രത്യേകം ശ്രദ്ധവച്ചു. എലികളുടെ ശല്യമോ കൊതുകുശല്യമോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ അന്നാട്ടുകാർക്ക്‌ പകർച്ച വ്യാധികളെയോ മറ്റുരോഗങ്ങളെയോ ഭയപ്പെടേണ്ടതായും വന്നില്ല.
ഇക്കാരണങ്ങളാൽ സുബാലി തന്റെ തൂപ്പുകാരന്‌ മാസന്തോറും ണല്ലോരുതുക ശമ്പളമായി നൽകി വന്നിരുന്നു. ഉത്സവദിവസങ്ങളും മറ്റു വിശേഷ ദിനങ്ങളും വരുമ്പോൾ നിർമ്മലാനന്ദനെ വിളിച്ച്‌ പ്രത്യേകം അഭിനന്ദിക്കാനും, അയാൾക്ക്‌ വിലയേറിയ പാരിതോഷികം നൽകാനും സുബാലി മടി കാണിച്ചിരുന്നില്ല.
വർഷങ്ങൾ കടന്നുപോയി. സൈകതരാജ്യത്തിന്റെ പേരും പെരുമയും ലോകമെമ്പാടും പരന്നു. ഇതിനിടയിൽ ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നിരവധി പുരസ്കാരങ്ങൾ നാടുവാഴിയായ സുബാലിക്ക്‌ ലഭിക്കുകയും ചെയ്തു. അതിനെല്ലാം അദ്ദേഹം നിർമ്മലാനന്ദനോട്‌ നന്ദിപറയുകയും ചെയ്തു. 
ഒട്ടും വൈകാതെ സുബാലി മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഏകപുത്രനായ ശക്തിഭദ്രൻ നാടിന്റെ അധികാരിയായി സ്ഥാനാരോഹണം ചെയ്തു. അപ്പോഴേയ്ക്കും നിർമ്മലാനന്ദൻ തീരെ വൃദ്ധനായിക്കഴിഞ്ഞിരുന്നു. എങ്കിലും അയാൾ തന്റെ ജോലികൾ പഴയതുപോലെ തന്നെ കൃത്യമായും ഭംഗിയായും വിശ്വസ്തമായും നിർവ്വഹിച്ചു വന്നു. 
പതിവുപോലെ അയാൾ ശമ്പളം വാങ്ങാനായി പുതിയ നാടുവാഴിയുടെ മുന്നിലെത്തി. ശക്തിഭദ്രൻ ഗൗരവത്തോടെ പറഞ്ഞു: 'ഹേയ്‌ കിഴവാ, പ്രതിമാസം ഇത്രവലിയ തുകയൊന്നും ശമ്പളം തരാൻ എനിക്കു പറ്റില്ല. വെറുതെ ചവറുപെറുക്കുകയും തോടുവൃത്തിയാക്കുകയും മാത്രമല്ലേ നിങ്ങളുടെ ജോലി? ഇനിമേൽ ചവറൊക്കെ നാട്ടുകാർ പെറുക്കിക്കൊള്ളും. തോടുകൾ വേണ്ടവർ നന്നാക്കിക്കൊള്ളും. അവസാനത്തെ ശമ്പളവും വാങ്ങി പൊയ്ക്കൊള്ളൂ. ഇനിമേൽ ജോലക്കായി ഇങ്ങോട്ടു വരേണ്ടതില്ല!' ശക്തിഭദ്രൻ അപ്പോൾത്തന്നെ നിർമ്മലാനന്ദനെ ജോലിയിൽ നിന്ന്‌ പിരിച്ചയച്ചു. അയാൾ കണ്ണീരോടെ ആ കൊട്ടാരത്തോട്‌ യാത്ര പറഞ്ഞു.
നാളുകൾ കുറെ കഴിഞ്ഞു. ഇലകളും ചുള്ളിക്കമ്പുകളും തുരുതുരാ വീണ്‌ വഴികൾ വൃത്തിഹീനമായി. ചപ്പു ചവറുകൾ കുമിഞ്ഞു കൂടി തോടുകളും തടാകങ്ങളും നികന്നു. പൂത്തുലഞ്ഞു നിന്നിരുന്ന പൂച്ചെടികൾ കരിഞ്ഞുണങ്ങി. നിറയെ കാഴ്ച്ചു നിന്നിരുന്ന ഫലവൃക്ഷങ്ങൾ കായ്ക്കാതായി. വയലേലകളിൽ പൊൻകതിരുകൾ വിളയാതായി. ഓടകൾ ചീഞ്ഞുനാറി. 
നാട്ടിൽ എലികളും പെരിച്ചാഴികളും കൊതുകുകളും പെരുകി. എവിടെയും പലവിധ രോഗങ്ങൾ പടർന്നു പിടിക്കാൻ തുടങ്ങി. ദുർഗന്ധം സഹിക്കാനാവാതെ ആളുകൾ നെട്ടോട്ടമോടി! പഴയതുപോലെ വിനോദസഞ്ചാരികളും രാജാക്കന്മാരുമൊന്നും അവിടേയ്ക്ക്‌ വരാതെയായി. എന്തിനുപറയുന്നു; നാടാകെ മുടിഞ്ഞു! ഐശ്വര്യദേവത അവിടെ നിന്നും എന്നന്നേക്കുമായി വിടപറഞ്ഞു.
'ഈ നാട്ടിൽ ഇനി സൈർവ്വമായി കഴിയുക വയ്യ. ഇവിടെ ഒട്ടും വൃത്തിയും വെടിപ്പുമില്ല. നമുക്ക്‌ നാടുവിടാം.' ആളുകൾ ഓരോരുത്തരായി സൈകതരാജ്യത്തോട്‌ വിടപറയാൻ തുടങ്ങി. അപ്പോഴാണ്‌ ശുചിത്വത്തെക്കുറിച്ചും പരിസരമലിനീകരണത്തെക്കുറിച്ചും ശക്തിഭദ്രന്‌ ബോധം വന്നത്‌. പക്ഷേ എന്തു ചെയ്യാം ഇതിനകം തന്നെ അവിടെ ജീവിച്ചിരുന്ന കൂടുതൽ കുടുംബങ്ങളും നാടുവിട്ട്‌ പൊയ്ക്കഴിഞ്ഞിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...