22 Apr 2015

​‍നിശ്ശബ്ദം: കാവ്യാത്മകതയുടെ ആണെഴുത്ത്‌


ചെമ്പഴന്തി ഡി.ദേവരാജൻ 

ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം എന്ന കൃതിയിലെ 97-​‍ാം ശ്ലോകത്തിൽ അനുഭവിയാതറിവീല എന്ന വചനം അക്ഷരംപ്രതി ശരിയാണെന്ന്‌ എസ്‌.ഭാസുരചന്ദ്രന്റെ നിശ്ശബ്ദം എന്ന പുതിയ നോവൽ വായിച്ചപ്പോൾ അനുഭവിച്ചു. ചില രചനകൾ വായിച്ചതും, ചുരുക്കം ചില പ്രസംഗങ്ങൾ കേട്ടതും, ഒന്നു രണ്ടാവൃത്തി നേരിൽ കണ്ടതുമൊഴിച്ചാൽ എനിക്ക്‌ നോവലിസ്റ്റുമായി അമിതപരിചയമോ, അടുപ്പമോ അവകാശപ്പെടാനില്ല. എങ്കിലും അന്തർമുഖനും ഒതുങ്ങിയ പ്രകൃതത്തിന്റെ ഉടമയുമായ ഭാസുരചന്ദ്രന്റെ ഒരു എതിർവ്യക്തിത്വം നോവലിൽ ഉടനീളം കാണാം. വിശദാംശങ്ങളുടെ നിശ്ശബ്ദത അനുഭവിക്കുന്ന നോവലാണ്‌ നിശ്ശബ്ദം. 
ഒരു പുസ്തകം കിട്ടിയാൽ ഒറ്റയിരിപ്പിന്‌ വായിച്ച്‌ തീർക്കുന്ന എന്റെ ശീലത്തെ മാറ്റിയ കൃതിയാണ്‌ നിശ്ശബ്ദം. ഈ നോവലിൽ വായന പ്രശ്നമാകുന്നു എന്നല്ല അതിനർത്ഥം. നിശ്ശബ്ദം നിങ്ങളിൽ നിന്ന്‌ വായനയുടെ ഒരു താളം ആവശ്യപ്പെടുന്നു. ശബ്ദത്തിന്‌ പിന്നാലെ ഔദ്യോഗികമായി അലയുന്ന നായകൻ. അയാൾ ആകാശവാണി ശബ്ദലേഖകനാണ്‌. തന്റെയീ പര്യടനത്തിനിടയിൽ വായനക്കാരനെ സത്യത്തിന്റെയും മിഥ്യയുടെയും ലോകത്തേക്ക്‌ നിമിഷനേരംകൊണ്ട്‌ എത്തിക്കുകയും പിൻവാങ്ങുകയും ചെയ്യുന്നത്‌ കാണാം. രണ്ട്‌ പേജിൽ പറയാവുന്ന സംഭവങ്ങൾ രണ്ട്‌ വാചകങ്ങളിൽ ഒതുക്കുന്നത്‌ കാണുമ്പോൾ മഞ്ഞുതുള്ളിയിൽ വർണരാജി വിരിയുന്നതുപോലെ തോന്നും. ഓരോ അധ്യായവും വായിച്ചു കഴിയുമ്പോൾ, അന്തർസംഘർഷങ്ങളിലൂടെ മനസ്സ്‌ മദിക്കുമ്പോൾ, അപ്രതീക്ഷിതങ്ങളായ ട്വിസ്റ്റുകൾ സംഭവിക്കുന്നു. കലയുടെ ധർമ്മം എന്ന പാഠത്തിൽ പത്താംതരത്തിലെ മലയാളപുസ്തകത്തിൽ അസ്വാഭാവികതയിൽ സംഭാവികത തീർക്കുകയാണ്‌ കലയുടെ ധർമ്മം എന്ന്‌ പഠിച്ചതു ഓർമ്മ വരുന്നു. ഇവിടെ അസ്വാഭാവികതമായ പല സംഭവങ്ങളും ആവിഷ്കരണത്തിന്റെ പുതുമകൊണ്ട്‌ സ്വാഭാവികമായി ഭവിക്കുന്നു. ഒരു റിയലിസ്റ്റിക്‌ നോവലല്ല നിശ്ശബ്ദം. അതു മനുഷ്യമനസ്സിന്റെ ഗഹനതീരമാണ്‌. നിശ്ശബ്ദം മനഃശാസ്ത്രവിദ്യാർത്ഥികളും അധ്യാപകരും പല പ്രാവശ്യം വായിക്കേണ്ടതും പഠിക്കേണ്ടതും ചർച്ചയ്ക്ക്‌ വിധേയമാക്കേണ്ടതുമാണ്‌. മനസ്സിൽ ആഗ്രഹിക്കുന്നത്‌ കാണുകയും യാഥാർത്ഥ്യം മറ്റൊന്നായി അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥ. അതിനിടയിലൂടെ കഥയിലെ ആകാംക്ഷ നിലനിറുത്തുന്ന ആഖ്യാനചാതുരി. 
ആകാശവാണി നിലയവും നാടകസംപ്രേക്ഷണവും കലാകാരന്മാരുടെ വ്യക്തിജീവിതവുമൊക്കെ ആവിഷ്കരിക്കുമ്പോൾ മലയാളി ശ്രവ്യമാധ്യമത്തെ ആശ്രയിച്ചിരുന്ന ഒരു കാലഘട്ടം നോവലിൽ തെളിയുന്നു. പലരും പുഴയെത്തേടി അലയുമ്പോൾ ഇവിടെ കുഗ്രാമങ്ങളെ കുളിരണിയിച്ചിരുന്ന തോട്‌ ഒരു കഥാപാത്രമാകുന്നു. തോടിന്റെ സാന്നിദ്ധ്യം കൃതിയിലുടനീളം നാട്ടുമ്പുറത്തുകാരന്റെ ഉച്ഛ്വാസവായുപോലെയാകുന്നു. ചരിത്രത്തിനേക്കാൾ ഒഴുക്ക്‌ ജലത്തിനുണ്ടായിരുന്നു. ആഴവും എന്ന ഒറ്റ വാചകം മതി തോട്‌ നോവലിസ്റ്റിൻ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്നറിയാൻ. ഐതിഹാസിക കലാകാരന്മാരുടെ നാടായ ചിറയിൻകീഴിലെ ഒരു തോടിന്റെ കരയിൽ ജനിച്ചുവളർന്നയാളാണ്‌ ഭാസുരചന്ദ്രൻ എന്ന്‌ ഞാൻ പിന്നീട്‌ മനസ്സിലാക്കി. അതൊരു പാവം തോടായിരുന്നിരിക്കും. ഇത്‌ അങ്ങനെയല്ല. സ്കൂൾവാൻ മറിഞ്ഞുണ്ടായ ഒന്നിലേറെ കുട്ടികളുടെ മരണഓർമകളുമായി ഒഴുകുന്ന തിരുവന്തപുരം നഗരപ്രാന്തത്തിലെ പാർവതിപുത്തനാറാണ്‌ നിശ്ശബ്ദത്തിലെ നായിക. ആ തോടിന്റെ കരയിൽ ശബ്ദലേഖകൻ വാടകയ്ക്ക്‌ താമസിക്കാനെത്തുന്നു. ആദ്യമൊക്കെ കഥയുടെ സാക്ഷിയും ശബ്ദലേഖകനും ആവുന്നു. പിന്നെപ്പിന്നെ കഥയിലെ ഒരു കഥാപാത്രമാവുന്നു. ഒടുവിൽ കേന്ദ്രകഥാപാത്രം തന്നെയാവുന്നു. ആ വളർച്ചയാണ്‌ നിശ്ശബ്ദത്തിന്റെ ആന്തരികശിൽപം. നിങ്ങളെന്നെ മനുഷ്യനാക്കിയില്ല എന്ന നാടകത്തിന്റെ പേരിൽ തന്നെ ചില ഒളിയമ്പുകളുണ്ട്‌. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന്‌ പാടി വളർന്ന പ്രസ്ഥാനത്തിന്‌ വയലിനെയും പൈങ്കിളിയെയും പോലും സംരക്ഷിക്കുവാൻ കഴിഞ്ഞില്ല എന്ന യാഥാർത്ഥ്യമല്ലേ നാടകത്തിന്റെ പേര്‌ എന്ന സംശയം സ്വാഭാവികം. നാടകത്തിനായി ജീവിതം സമർപ്പിച്ച ചില ശുദ്ധകലാകാരന്മാരുടെ ജീവിതം നോവലിൽ ജീവിക്കുന്ന യാഥാർത്ഥ്യങ്ങളാകുന്നു. ഈ നാടകത്തിന്റെ റിഹേഴ്സലിനിടയിലാണ്‌ കഥയെ മാറ്റി മറിക്കുംവിധം ചോരചൊരിച്ചിലുണ്ടാകുന്നത്‌ അവിടം മുതൽ സെയിലൻസ്‌ വയലൻസാകുന്നു.
ഇന്ന്‌ ചാനലുകളിലെ സിനിമാതാരങ്ങളുടെ സാന്നിദ്ധ്യം പോലെയായിരുന്നു. അന്നൊക്കെ ആകാശവാണിയിലൂടെ ശബ്ദം കൊണ്ട്‌ താരങ്ങൾ ജനങ്ങളുമായി സംവദിച്ചിരുന്നത്‌. നടൻ സത്യന്റെ വരവ്‌ കൃതി ആ കാലവുമായി ചേർന്നു നടക്കുന്ന പ്രതീതി സൃഷ്ടിച്ചു. ആകാശവാണിയിൽ റേഡിയോ നാടകത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനെത്തുന്ന സത്യൻ പിന്നീട്‌, ഈ നോവലിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ്‌ നാം കാണുന്നത്‌. അതും മരിച്ചതിനു ശേഷം. ഒരേ സമയം നടനും കഥാപാത്രവും ഗോസ്റ്റും ആയി പ്രത്യക്ഷപ്പെടുകയാണ്‌ സത്യൻ. ആ ക്രാഫ്റ്റ്‌ അചുംബിതമാണ്‌. 
യക്ഷിയുടെ സാന്നിദ്ധ്യമോ സാമീപ്യമോ നമ്മുടെ ധാരാളം നോവലുകളിലും സിനിമകളിലും ഉണ്ട്‌. പാല പൂക്കുന്ന പൗർണമിരാവുകളിൽ വെള്ള വസ്ത്രം ധരിച്ച്‌ നിഴലായ്‌ ഒഴുകി ഒഴുകി വരുന്ന യക്ഷി വായനക്കാർക്ക്‌ ചിരപരിചിതം. എന്നാൽ നിശ്ശബ്ദത്തിലെ യക്ഷി അംഗപ്രത്യംഗ വർണനകളിലൂടെയോ ആകാരസൗന്ദര്യത്തിലൂടെയോ ആവിഷ്കരിക്കപ്പെടുന്നില്ല. ശബ്ദം കൊണ്ടും ഗന്ധംകൊണ്ടും പാചകം കൊണ്ടും നിറസാന്നിദ്ധ്യമാകുന്നു. രാത്രിയല്ല, പകൽ നേരത്തു വരുന്ന യക്ഷി. ഒന്നാന്തരം പാചകക്കാരിയായ യക്ഷി. തീർന്നില്ല, തെരുവിൽ പ്രസവിക്കുന്ന യക്ഷി. നോക്കുക, നോവലിസ്റ്റ്‌ പന്തും കൊണ്ട്‌ ഗോൾ പോസ്റ്റിലേക്ക്‌ പായുന്നത്‌. പലപ്പോഴും കഥാപാത്രങ്ങൾക്ക്‌ എന്തു സംഭവിക്കുമെന്ന വായനക്കാരന്റെ മുൻവിധിയെ എല്ലാ അർത്ഥത്തിലും എഴുത്തുകാരൻ തകിടം മറിച്ചുകളയുന്നു. ഇവിടെ നോവൽ ആശ്ചര്യവും അത്ഭുതവുമാകുന്നു. മലയാള നോവലിൽ ആദ്യമായാണ്‌ ഇങ്ങനെ ഒരനുഭവം. 
അഞ്ചാം അധ്യായമായ നിശ്ചലം ആരംഭിക്കുന്നതിങ്ങനെ:
ഞാനിവിടെ ഈ കഥ എഴുത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം പറയുകയാണ്‌. എന്റെ പരിമിതിയാവാം. സാഹിത്യ ബാധ്യതകളൊന്നുമില്ലാതെ കഥയെഴുതാൻ വേണ്ടിയല്ലാതെ, കുറിച്ചു പോവുകയാണല്ലോ,ഞാനീ വാക്കുകൾ. മനസ്സിന്റെ ഒഴുക്കിനെ കഴിയുന്നത്ര അതേപടി പിന്തുടരാനാണ് ശ്രമം. ഞാൻ വരച്ചിടുന്നവരിൽ ഒരാൾപോലും വെറും കഥാപാത്രങ്ങളല്ല, ജീവിച്ചിരിക്കുന്നവരാണ്‌. ശരിയായ പേരുകൾ പോലുമാണ്‌ ഡ്രാഫ്റ്റിൽ കുറിച്ചിരുന്നത്‌. പിന്നീടതു മാറ്റുകയായിരുന്നു. ഞാനല്ല വേറൊരാൾ. അതിനെപ്പറ്റി പിന്നീട്‌ പറയാം. 
നിശ്ശബ്ദത്തിലെ കഥാപാത്രങ്ങൾ സംഭവങ്ങളിലൂടെ മത്സരിച്ച്‌ ഓടുമ്പോൾ എഴുത്തുകാരൻ ഒരു നിമിഷം മാറി നിന്ന്‌ ഒരൽപം ആത്മഗതം നടത്തുന്നു. അതിലുമുണ്ട്‌ ഒരു ആകാംഷ. ഇവിടെയാണ്‌ നിശ്ശബ്ദം ശബ്ദമയമാകുന്നത്‌. 
മഴയുടെ നോവലാണ്‌ നിശ്ശബ്ദം. ചിലപ്പോൾ കനത്തും ചിലപ്പോൾ നേർത്തും മഴ പെയ്തുകൊണ്ടേയിരിക്കുന്നു. കഥാപാത്രങ്ങളുടെ ആന്തരികസംഘർഷത്തിന്‌ അനുസരിച്ച്‌ മഴയ്ക്ക്‌ ഭേദഭാവങ്ങൾ സംഭവിക്കുന്നു. എന്നാൽ സ്വപ്നാടനമഴ എന്ന അധ്യായത്തിലേക്ക്‌ വരുമ്പോൾ സത്യവും മിഥ്യയും മഴയിൽ കുതിർന്ന്‌ സംഭ്രമജനകമായ അന്തരീക്ഷമാണ്‌ തീർക്കുന്നത്‌. മരണത്തിന്റെ വേലിക്കകത്ത്‌ രോഗത്തിന്റെ വസന്തം സംഭവിച്ചു എന്ന വരികൾ എഴുതാൻ കാമ്പുള്ള നോവലിസ്റ്റ്‌ മലയാളത്തിൽ എസ്‌.ഭാസുരചന്ദ്രൻ മാത്രമാണെന്ന്‌ നോവൽ മൂന്നാം തവണ വായിച്ചപ്പോൾ ഞാനുറപ്പിച്ചു. കഥാസന്ദർഭങ്ങൾ വലിയ ഭാഷാമുഹൂർത്തങ്ങൾ കൂടിയാകുന്നു. 
മുഹൂർത്തങ്ങൾ എന്ന പേരിൽ ഒരദ്ധ്യായം തന്നെയുണ്ട്‌. അതിൽ പറയുന്നു: ജീവനുള്ള മനുഷ്യർ കടന്നുപോകുന്നു. ജീവനില്ലാത്ത വസ്തുക്കൾ തടരുന്നു. വേറൊരിടത്ത്‌  ജന്മാന്തരമാതാവാണ്‌ ഞാൻ. യുഗാതീത പുത്രനാണ്‌ നീ. ഈ വാചകങ്ങൾ മാത്രം മതി നിശ്ശബ്ദത്തിലെ ഭാഷാസ്വരൂപം വ്യക്തമാക്കാൻ. 
നോവലിസ്റ്റിന്റെ രാത്രിയാത്രിയല്ല എന്ന കഥാസമാഹാരത്തിന്റെ പേര്‌ തിരുത്തി രാത്രിയാത്രയുണ്ട്‌ എന്ന ശീർഷകമിട്ട അധ്യായം ആരംഭിക്കുന്നത്‌ കഥ പറഞ്ഞുകൊണ്ടാണ്‌ അവസാനിക്കുന്നത്‌. കട്ട്‌ ഇറ്റ്‌ എന്ന ചലച്ചിത്രസംവിധായകന്റെ ആജ്ഞയിലും. സംഭവങ്ങൾ അവതരിപ്പിക്കുന്നതിന്റെ ക്രാഫ്റ്റ്‌ വലിയ ആശ്ചര്യമുണർത്തും. ഒരുഘട്ടം കഴിഞ്ഞ്‌ നോവലിന്റെ കഥ വികസിക്കുന്നത്‌ അത്‌ ഒരു സിനിമയായി ഷൂട്ട്‌ ചെയ്യുന്ന രൂപത്തിലാണ്‌. ആ സിനിമയാകട്ടെ മുടങ്ങിപ്പോവുകയും ചെയ്യുന്നു.
നോവൽ പുതിയ ഭാഷാരൂപങ്ങളുടെ രാസശാലയാകുന്ന ഒരനുഭവം ഈ നോവൽ നമുക്ക്‌ നൽകുന്നു. പകൽപ്പാതിര അധ്യായശീർഷകം കാണുക. ഭാർഗവീനിലയം എന്ന ശീർഷകത്തിൽ വരുന്ന അധ്യായത്തിൽ ചിന്തയുടെ ഒരു വിസ്ഫോടനമുണ്ട്‌. ഭാർഗവിയേക്കാൾ വലിയ ഗോസ്റ്റ്‌ ആ കഥയിലെ എഴുത്തുകാരനാണ്‌ എന്നതാണ്‌ അത്‌. അയാൾ എവിടെ നിന്നു വരുന്നു? പേരെന്ത്‌? ഒന്നും ബഷീർ പറയുന്നില്ല. രണ്ടു ഗോസ്റ്റുകൾ തമ്മിലുള്ള കമ്മ്യൂണിക്കേഷനാണ്‌ വിശ്വവിഖ്യാതമായ ഭാർഗവീനിലയത്തിന്റെ കാതൽ എന്നു വായിക്കുമ്പോൾ ആ വ്യഖ്യാനത്തിൽ അതു വീണ്ടും സിനിമയായി കാണാനാണ്‌ വായനക്കാർ തീവ്രമായി ആഗ്രഹിക്കുക. 
160 പേജുള്ള നോവൽ വായിച്ചു തീരുമ്പോൾ 1600 പേജുകൾ വായിച്ചുതീർത്ത പ്രതീതി. കഥാപാത്രങ്ങളുടെ പൂർണത, ഓരോരുത്തരുടെയും വ്യത്യസ്തമായ ജീവിതം, കാലികവിഷയങ്ങളുടെ ഉന്മീലനം തുടങ്ങിയവയാൽ സമ്പുഷ്ടമാണ്‌ ഓരോ അധ്യായവും. നിശ്ശബ്ദം വായിച്ചുതീർത്തുകഴിഞ്ഞ്‌ ഏകദേശം പത്ത്‌ മിനിറ്റ്‌ ഞാൻ നിശ്ശബ്ദനായി നിശ്ചലനായി ഇരുന്നുപോയി. ആത്മസംഘർഷം അനുഭവിക്കാതെ ഈ നോവലിന്റെ വായന പൂർണമാകുന്നില്ല. ഇത്രയും ട്രാജഡി അനുഭവിപ്പിക്കുന്ന വേറൊരു നോവൽ മലയാളത്തിൽ ഉണ്ടെന്ന്‌ തോന്നുന്നില്ല. പുരുഷകുലത്തിൽപ്പെട്ട ആ കാവ്യാത്മകതയും അപൂർവാനുഭവമാണ്‌. സാധാരണ ഗദ്യത്തിലെ കാവ്യാത്മകത എന്നുപറയുന്നത്‌ ഗദ്യം പെൺവേഷം കെട്ടുന്നതിനെയാണല്ലോ. ഇവിടെ മറിച്ചാണ്‌. ഒരു തരം മാസ്ക്കുലൈൻ ലിറിസിസം  എന്ന്‌ പറയാം. ഒരുദാഹരണം: അഗ്നിസാക്ഷിയായി ഒന്നാകാത്തവർ അഗ്നിയാൽ ചുഴപ്പെട്ടു ഒന്നായി. ഒരൊറ്റ ദേഹമായി. 
ബർട്രാൻഡ്‌ റസ്സലാണെന്ന്‌ തോന്നുന്നു. ഒരിക്കൽ പറഞ്ഞു: വായിക്കാൻ കൊള്ളാമെങ്കിൽ വില കൊടുത്തു വാങ്ങാനും കൊള്ളാം എന്ന്‌ എസ്‌.ഭാസുരചന്ദ്രന്റെ നിശബ്ദം എന്ന നോവൽ ധൈര്യമായി വിലകൊടുത്തു വാങ്ങി വായിക്കാം. നിങ്ങൾക്ക്‌ വിലമതിക്കാനാവാത്ത അനുഭവം ലഭിക്കും എന്ന്‌ തീർച്ച. 
നിശ്ശബ്ദം (നോവൽ)
എസ്‌.ഭാസുരചന്ദ്രൻ
എൻ.ബി.എസ്‌. കോട്ടയം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...