ദിപു ശശി തത്തപ്പിള്ളി
നിലാവിന്റെ സംഗീതം,
ചീവീടുകളുടെ മുരൾച്ചയായിരുന്നു
ജാലകങ്ങൾക്കക്കരെ ചാഞ്ഞുവീഴുന്ന
മഴനാരുകൾ;
പറയാതടക്കിപ്പിടിച്ച സ്വപ്നങ്ങളുടെ
വിങ്ങലുകളും..............
പകുത്തു നൽകിയ ഹൃദയം,
വലിച്ചെറിയപ്പെടുമ്പോൾ
ഞാൻ മാത്രം എന്തിനു ചിരിക്കാതിരിക്കണം?
പറയാൻ കാത്തു വെച്ചതും,
എഴുതാൻ മറന്നു പോയതും,
ഊഴം തേടിയലയുമ്പോൾ;
പങ്കുവെയ്ക്കപ്പെടാതെ പോയ സ്നേഹം
ചിതലരിച്ച പാതിഹൃദയത്തിൽ,
നഖമുനകളാഴ്ത്തി പിടയുന്നിപ്പോഴും.......
ഉണങ്ങി വരണ്ട സൗഹൃദങ്ങൾക്കും,
ക്ളാവു പിടിച്ച ബന്ധക്കണ്ണികൾക്കും,
തിരിച്ചറിവുകളിൽ സ്ഥാന ഭ്രംശം
പെയ്തൊഴിഞ്ഞ സായന്തനങ്ങൾക്കും,
സ്വപ്നങ്ങൾ ചിറകു വിടർത്തിയ നിശായാമങ്ങൾക്കും
അറിഞ്ഞു, മറിയാതെയും നെയ്ത പ്രണയ കാവ്യങ്ങൾക്കും
തിരിച്ചറിവുകൾക്കപ്പുറമൊരു യാത്രയുണ്ടാവുമോ?!