രാധാമണി പരമേശ്വരൻ
ത്രേതായുഗത്തിന്‍ അവതാര ദേവന്‍റെ
ശ്രീപാദസ്പർശമേറ്റുണരാൻ കൊതിപ്പോൾ
.
വിധിതൻ കേളിയിൽ ഹോമിതയായൊരു
പൂജാമലരാമാഹല്യ തേജോമയി
.
ഉള്ളിൽ തുളസീവിശുദ്ധിയോലുന്നവൾ
വെണ്ണിലാച്ചന്തം തിളങ്ങും പ്രഭാമയി
.
സൌന്ദര്യമൊക്കെ പിഴിഞ്ഞെടുത്തീശ്വരൻ
സംമ്പൂർണമാക്കിയ സർഗ്ഗക്രിയാഫലം
.
നാന്മുഖൻ ഓമൽകിടാവായ് പിറന്നവൾ
നീലോല്പലത്തിൻറെ നീള്‍മിഴിയുള്ളവള്‍
.
ചാരിത്രശുദ്ധിതന്‍ പര്യായമായവൾ
മാമുനി ഗൌതമ പത്നിപ്രാണേശ്വരി
.
ശിലയായ് കിടക്കവേ ശ്രീരാമനാമങ്ങള്‍
ധ്യാനിക്കുന്നാശ്രമവാടതപസ്വിനി
.
ദാശരഥിതന്‍ പദനിസ്വനം കേള്‍ക്കാന്‍
കാതോര്‍ത്തിരിക്കയാണോരോ നിമിഷവും
രാമരാമേതി ജപം മു ഴങ്ങീടുന്നു
ഘോരവനാന്തര ശ്യാമളഛ യയില്‍
വൃക്ഷലതാദികള്‍ പക്ഷി മൃഗാദികള്‍
നമജപത്തിലൂടോതുന്നു സാത്വികo
.
ആരിവള്‍, എന്‍ നാമം ചൊല്ലുന്നതാരിവള്‍
ഗദ്ഗദംപേറി വിതുമ്പുന്നതാരിവള്‍!
.
പൂഴിയിലാണ്ടു കിടക്കുമീ കല്ലിലും
കണ്ണുനീര്‍ തോരാത്ത വേദനയുള്ളിലോ
.
കാന്തന്‍ ശപിച്ചീ കൊടുംകാട്ടില്‍ നിശ്ചലം
കാലങ്ങളായി തപിച്ചു ധര്‍മ്മിഷ്ഠയായ്
.
ആനയിച്ചാലും ഭവാനെന്നെഗൗതമ-
മാമുനിത്തന്നുടെ ആശ്രമവാടിയില്‍
.
രാജീവലോചനന്‍ രാഘവേന്ദ്രസ്വാമി
കാനനമാര്‍ഗ്ഗേ വരും ദു:ഖമാറ്റിടും
.
ഋതുസാoഗമങ്ങള്‍ മറന്നുഗ്രശാപേ
ശ്രീപാദപൂജക്കൊരുങ്ങി ഞാന്‍ നില്പൂ
.
കെട്ടിപ്പുണര്‍ന്നും തത്തിക്കളിച്ചും
കേദാരഗൌളമുതിര്‍ക്കുന്നു വല്ലികള്‍
കോരിനിറയ്ക്കുന്നു കോള്‍മയിര്‍ക്കൊള്ളുന്നു
ഓരോ ഞരമ്പിലും മാദക സൌന്ദര്യം
തങ്കനിലാവിലും താരാഗണത്തിലും
മങ്കമാര്‍ക്കുള്ളിലും വൈകാരികോത്സവം
ഓമല്‍ക്കിടാങ്ങളെ പുല്‍കിയുറങ്ങുന്നു
താമര പൂത്ത തടാകഹൃദന്തങ്ങള്‍
ഏകാന്തമാമീ നിശ്ശബ്ദനിശീഥത്തില്‍
പൂങ്കോഴി കൂകുന്ന കേള്‍ക്കവേ ഗൌതമന്‍
മാറോടടങ്ങിക്കിടക്കുമഹല്യതന്‍
താരിളം പൂങ്കരം താഴെവച്ചീടിനാന്‍
ചാടിയെണീറ്റു പതിവുപോലുള്ളൊരു
നീരാട്ടിനായി നദിക്കരയെത്തുവാന്‍
ചാരത്തുറങ്ങുന്ന പത്നിതന്‍ നിദ്രയ്ക്കു
പോറലേശീടാത്ത ശബ്ദനിയന്ത്രണo
പര്‍ണ്ണാശ്രമത്തിന്‍ കവാടം പതുക്കനെ
ഒച്ചയുണ്ടാക്കാതവധാനപൂതനായ്
എല്ലാം മറന്നുപൊടുന്നനെ വാതിലും
ഭദ്രമായ് ചാരി പുറത്തിറങ്ങി സ്വയം
പര്‍ണ്ണാശ്രമം വിട്ടു ഗൗതമമാമുനി
കണ്ണെത്തിടാത്ത ദൂരത്തിലെത്തവേ
പൂങ്കോഴി വേഷമഴിച്ചുവച്ചിട്ടുടന്‍
പൂര്‍വ്വാകൃതിയിലേക്കെത്തി സുരപതി
മെല്ലേ നടന്നു ചെന്നാശ്രമവാതലിന്‍
മുന്നിലേക്കെത്തി നിശാചരന്‍ മാതിരി
നുള്ളി നോവിക്കാത്ത പൂവിനെയെന്നപോല്‍
കൈവെച്ചു പയ്യനാവാതലിന്‍ പാളിയില്‍
ചുറ്റും തിരിഞ്ഞോന്നു നോക്കി മറ്റാരുമേ
കൃത്യദൃക്‌സാക്ഷികള്‍ ഇല്ലന്നുറപ്പിക്കേ
ഉള്ളില്‍ കടന്നുടന്‍ പുല്പ്പായമേല്‍ നിദ്ര-
കൊള്ളുമഹല്യയെ നോക്കിക്കൊതിച്ചുപോയ്
ഗാഡമുറങ്ങുന്ന മല്ലികപ്പൂവുപോല്‍
ചാരുകളേബര വിസ്മയം കാണ്‍കവേ
ആസക്തിയുള്ളില്‍ പെരുത്തു മെയ്യാകയും
കാമോക്തികോന്മാദമാളിപ്പടര്ന്നു പോയ്
കാമോത്സകത്മാര്‍ക്ക് മാത്രമല്ലൂഴിയില്‍
ആണായി വന്നുപിറന്നവര്‍ക്കൊക്കെയും
ആശ തീരുംവെരെ കോരിക്കുടിക്കുവാന്‍
ആര്‍ത്തിയുണര്‍ത്തുമീ വശ്യമാം യൌവനം
ഇന്നിനി വൈകാതനുഭവിച്ചീടിലും
ഇന്നോരുവട്ടമീ സ്വര്‍ഗ്ഗീയസൌഭഗം
എന്തും വരട്ടെ ഞാനെന്‍ അമരാവതി
എല്ലാമിവള്‍ക്കായ് ത്യജിക്കാനൊരുക്കമാo
പൊട്ടിയൊഴുകുവാന്‍ നില്‍ക്കയാണിന്ദ്രന്‍റെ
മുറ്റിയകാമവായ്പ്പിന്‍ അണക്കെട്ടുകള്‍
ആപാദചൂഡമായൌവനാംഗങ്ങളില്‍
ആസ്വാദ്യമുത്തങ്ങളര്‍പ്പിച്ചു പിന്നെയാള്‍
ആവേശപൂര്‍വ്വമൊരാലിoഗനത്തിനാല്‍
ആകര്‍ഷമാകും ഭ്രമത്തിലേക്കെത്തിനാള്‍
അസ്ഥികള്‍ പൂക്കുന്ന മാരമഹോത്സവ-
മത്സരത്തില്‍ തോറ്റടിമയായ്പോയവള്‍
കാമന്‍റെ സ്വര്‍ഗ്ഗത്തു നിന്നു പൊടുന്നനെ
ഭൂമിയിലേക്കു പതിച്ചുപോം വേളയില്‍
ഇന്നോളമില്ലാത്തോരാസക്തി കാന്തനു
വന്നതെന്നിങ്ങനെയെന്നവള്‍ ചിന്തിച്ചു
ഞെട്ടിപ്പിടഞ്ഞു പരിചയമില്ലാത്ത
മറ്റൊരാള്‍ മേനിയില്‍ കൈവെച്ചതാകുമോ!
വഞ്ചിതയായ് ധര്‍മ്മരോഷം പെരുത്തവള്‍
വെന്തെരിഞ്ഞാമനം കുറ്റബോധത്തിനാല്‍
ദു:ഖഭാരത്തിനാല്‍ താനേയുരുകീടും
കർപ്പൂരഗന്ധിയായ് മാറിയാ ചേതന
നീരാട്ടിനായിട്ടിറങ്ങിയ ഗൌതമന്‍
നീരിലെ ചൂടിനാല്‍ സംശയചിത്തനായ്
നേരറിയാതെ താന്‍ നീരാട്ടിനായിത്ര
നേരത്തെയെത്തിയതോര്‍ത്തിട്ടു ഖിന്നനായ്
ആരോ നടത്തിയ വഞ്ചനക്കുള്ളിലെ
നേരറിഞ്ഞപ്പോളപാര കോപിഷ്ടനായ്
ആളിപ്പടരുന്ന രോഷാഗ്നിയോടവന്‍
ആശ്രമം നോക്കിപ്പുറപ്പെട്ടു മിന്നലായ്
ഇന്ദ്രജാലങ്ങളില്‍ ബോധം മറഞ്ഞപോയ്
പിന്നെയമാന്തിച്ചു നിന്നില്ല ഗൌതമന്‍
വഞ്ചനയെന്തെന്നറിഞ്ഞുടന്‍ കോപാഗ്നി
ആപാദചൂഡo പടര്‍ന്നെരിഞ്ഞങ്ങനെ
.
കാന്താരമദ്ധ്യത്തില്‍ കല്ലായ് തീരട്ടെന്നാ-
ക്രോശിച്ചു മുനി തല്‍ക്ഷണം പത്നിയെ
.
ശാപച്ചൂടിലെരിഞ്ഞവല്‍ കനലുപോല്‍
വഞ്ചിച്ചതല്ലെന്നു വിസ്തരിച്ചൂ ചതി
.
സത്യമറിയാന്‍ തുനിയാതെ പോയതില്‍
സങ്കടമേറി വിഷാദവിവശനായ്
.
മോക്ഷത്തിനായവള്‍ കേണുമൊഴിഞ്ഞേലും
മാര്‍ഗ്ഗമറിയാതവശനായ് മാമുനി
.
രാമസ്പര്‍ശത്താല്‍ ശാപമുക്തി ഭവിക്കു-
മെന്നോതിയനുഗ്രഹം ചാര്‍ത്തി പ്രിയനവന്‍
.
ത്രേതായുഗത്തില്‍ പിറക്കുന്ന രാമന്‍റെ
പാദം പതിയവേ മോക്ഷം ലഭിച്ചീടും
.
ദേവസ്പര്‍ശത്താല്‍ ശാപമുക്തി ഭവിക്കു-
മെന്നോതിയനുഗ്രഹം ചാര്‍ത്തി പ്രിയനവന്‍
.
ഇത്രയുമോതി മറയുന്നു ഗൌതമന്‍
ഭര്‍ത്തൃശാപത്തിനാല്‍ കല്ലായ് അഹല്യയും
.
സ്വപതിയാലുഗ്രശാപമേറ്റാ രത്നം
ചേതനയറ്റവള്‍ കാലാന്തരങ്ങളായ്
.
ഭര്‍ത്തൃസാന്നിദ്ധ്യo മനസ്സാവരിച്ചവള്‍
ശാപമോക്ഷം ഭജിച്ചെത്രയുഗാന്തരം
.
''പകലിന്‍റെ മറുകര തേടിയെത്തും
ഇരുളിന്‍റെ ഹൃദയമലിക്കും വിലാപം
.
വിധിയുടെ ക്രൂരവിനോദമേറ്റവള്‍
വിളറിയുരുകി തപിച്ചെത്ര വത്സരം''