ഡോ.അമ്പലപ്പുഴ ഗോപകുമാർ
നന്ദനന്ദനാനിൻതിരുകാരുണ്യ-
സിന്ധുവിൻ നീന്തിനീന്തിനടക്കുമ്പോൾ,
അന്തരംഗത്തിൽ നിൻ മധുരാകാര-
ഭംഗികൾ മിന്നിമിന്നിത്തിളങ്ങുമ്പോൾ,
കണ്ണുരണ്ടും നിറഞ്ഞുതുളിമ്പിയെൻ
കാഴ്ചമങ്ങി പരുങ്ങിനിന്നീടുമ്പോൾ,
നിന്നെ വാഴ്ത്തുവാൻ- അല്ല-വിളിക്കുവാൻ
പോലുമാവാതെ കണ്ഠമിടറുമ്പോൾ,
കൈത്തലം ചേർത്തുകൂപ്പുവാൻ വയ്യാതെ
അത്തൽപൂണ്ടുതളർന്നുപോയീടുമ്പോൾ,
പ്രാണനാളമെടുത്തോരുവേണുവായ്
ചേണെഴുംസ്വരവീചിയുണർത്തി നീ
ഞാനറിയാതെയോടി വന്നെൻ ജീവ-
ഗാനമായ് പെയ്തുപെയ്തുനിൽക്കുന്നുവോ?
നോവുകളേറ്റുവാങ്ങി നീയെൻമനോ-
വേദനകളും പങ്കുവയ്ക്കുന്നുവോ?
എങ്ങോളിഞ്ഞുമറഞ്ഞനുമാത്രയും
എന്റെ കണ്ണിന്റെ കണ്ണായിരിപ്പൂ നീ...
ആപ്തബന്ധുവായ്, സ്വന്തമായ്, ഞാനെന്നൊ-
രാത്മബോധത്തിൽ ഞാൻ തന്നെയായി നീ
എന്റെ ജാഗരസ്വപ്നസുഷുപ്തിയിൽ
എന്റെ ജീവന്റെ ശ്വാസവേഗങ്ങളിൽ
നിർന്നിമേഷമലിഞ്ഞൊഴുകീടുന്ന
നിന്നെയെങ്ങനെവേറിട്ടുകാണുവാൻ
എന്തൊരത്ഭുതം, നിൻമഹസ്സെത്രയോ
മുമ്പറിഞ്ഞതാമദ്വൈതദർശനം
ചിന്തയിൽ, വാക്കിൽ, കർമ്മകാണ്ഡങ്ങളിൽ
പൊൻതിരികൾ കൊളുത്തുന്നുവേങ്കിലും,
നീയറിയാതൊരു തളിർത്തൊത്തിലും
ഈരിലകൾ വിരിയുവതില്ലെന്നും,
നീയറിയാതൊരു പാഴ്ക്കരിയില
പോലുമിങ്ങിളകീടുകയില്ലെന്നും,
സത്യമായഖിലാധാരഭൂതമാം
ശക്തിയായിങ്ങുനീമാത്രമാണെന്നും,
എത്രയോ ഗുരുകാരുണ്യഭാഷിതം
ചിത്പ്രകാശം പകർന്നുതന്നെങ്കിലും,
എന്മനോമണിവർണ്ണനെയോർക്കുമ്പോൾ
കണ്ണനെന്ന ഒരു നാമം ശ്രവിക്കുമ്പോൾ
എന്മനസറുപൊന്നരയാൽമര-
ക്കൊമ്പുപോലെവളർന്നുപടർന്നതിൽ
നീലനീരദപാളിയടർന്നപോൽ
പീലിചൂടിയ വാർമുടിക്കെട്ടുമായ്,
പട്ടുടയാടചുറ്റിയും കസ്തൂരി-
പ്പൊട്ടുചാർത്തിയും കോലക്കുഴലുമായ്
എത്തിടുന്നു നീയെന്നുള്ളിലേപ്പോഴും
നിത്യതയുടെ സർഗ്ഗസൗന്ദര്യമായ്.
സപ്തസാഗരവീണകൾ മീട്ടുന്ന
നിസ്തുല പ്രേമസാന്ദ്രസംഗീതമായ്.
മാനകൽപ്പനാതീതകാലത്തിന്റെ
ഞാണൊലിയാകുമോംകാരനാദമായ്.
ഈയപാരതയെപ്പൂൽകിനിൽക്കുന്ന
പാരമാർഥികപ്രജ്ജാസ്വരൂപമായ്...
എന്നെ ഞാനാക്കിമാറ്റുന്ന നീയൊഴി-
ഞ്ഞന്യമായൊന്നുമില്ലെന്ന ബോധത്തിൽ
എങ്ങുനിന്നീക്കുഴൽവിളികേൾക്കുന്
അന്തരംഗം സചേതനമാക്കുന്നു.
നന്ദനന്ദനായ് വൃന്ദാവനത്തിലോ
എന്റെയുള്ളീലോ നീ കുടിപാർക്കുന്നു?
നിന്റെ കാരുണ്യസിന്ധുവിൽ നീന്തുമെൻ
ചിന്തയിൽപ്പൂനിലാവലച്ചാർത്തിന്
ഭംഗിയോ, ജഗന്മംഗളവാചിയായ്
എങ്ങുമെങ്ങുംനിറഞ്ഞൊഴുകീടുന്നു!
എന്തുമോഹനം പാവനം ജീവനം!!