സന്ധ്യ.ഇ
നമ്മുടെ വിയർപ്പുകൾ കൂടിക്കലർന്ന്
ഒരു വലിയ പ്രണയനദിയാവുകയും
നാമതിൽ തുഴഞ്ഞു തുഴഞ്ഞ്
നിലാവിന്റെ കടൽ കടന്നുപോവുകയും ചെയ്ത
ഒരു രാത്രിയിൽ
തീരാതിരിക്കണേ ഈ രാവ്
എന്നു നിന്റെ ചുണ്ടുകൾ
എന്റെ ചുണ്ടുകളിൽ പ്രാർത്ഥനയുരുവിട്ടുകൊണ്ടിരുന്
പകൽ വന്നു കതകിൽ മുട്ടി.
ഉണ്ടായതും ഉണ്ടാവാനുള്ളതുമായ
എല്ലാ പാപങ്ങളും ചുമലിലേന്തി
അവൻ നടന്നുകയറിയ
കല്ലും മുള്ളും പാമ്പും പാറയും നിറഞ്ഞ
തണലില്ലാത്ത
വഴിത്താരയിലൂടെ
നിന്റെ കൈ പിടിച്ച്
ആയാസത്തോടെ നടന്നുകയറുമ്പോഴും
നമ്മുടെ വിയർപ്പുകൾ ഒന്നായി.
നിന്റെ തൂവാല എന്റെ കണ്ണീരു തുടച്ച് മുഖച്ഛായ പതിപ്പിച്ചു.
യാത്രയുടെ ഒടുവിൽ
അവൻ കുരിശിൽ തറയ്ക്കപ്പെട്ടിടത്തെത്തി
അരുമയോടെ
നിന്റെ ചുണ്ടുകൾ
എന്റെ നെറ്റിയിലെ വിയർപ്പൊപ്പുമ്പോൾ
ഇരുട്ടുവന്നു പതിയെ കതകടച്ചു.
വാതിൽപ്പാളിയിലൂടെ മന്ത്രിച്ചു
ഈ തീരാത്ത രാവ്
നിങ്ങളുടേതാണ്.