Skip to main content

തനതുനാടകവേദി : പരമ്പരാഗതദൃശ്യകലകളും നാടകവും


മഹേഷ് മംഗലാട്ട്
മലയാളനാടകത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെടുകയും അതിലേറെ അവമതിക്കപ്പെടുകയും ചെയ്ത നാടകപ്രസ്ഥാനമാണ് തനതുനാടകവേദി. 1968ല്‍ കൂത്താട്ടുകുളത്ത് വെച്ച് നടന്ന നാടകക്കളരിയിലാണ് തനതുനാടകവേദി എന്ന ആശയം ആദ്യമായി ചര്‍ച്ചചെയ്യപ്പെടുന്നത്. സി. എന്‍. ശ്രീകണ്ഠന്‍നായര്‍ അവതരിപ്പിച്ച ചര്‍ച്ചാപ്രബന്ധം, കേരളീയനാടകവേദിയുടെ പ്രശ്‌നങ്ങള്‍ പര്യാലോചനാവിധേയമാക്കു കയും പാശ്ചാത്യാശ്രിതമായ നാടകസമ്പ്രദായത്തില്‍ നിന്ന് മാറി, നമ്മുടെ പാരമ്പര്യ ത്തില്‍ അധിഷ്ഠിതമായ രംഗവേദി രൂപം കൊള്ളേണ്ടത് ആവശ്യമാണെന്ന് വാദിക്കുകയും ചെയ്യുന്നു. ഈ ദിശയിലെ ആദ്യത്തെ പരിശ്രമം എന്ന നിലയില്‍ ശ്രീകണ്ഠന്‍നായരുടെ കലി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. ശ്രീകണ്ഠന്‍നായര്‍ അവതരിപ്പിച്ച ആശയങ്ങള്‍ക്ക് അനുരൂപമായ രചനയല്ല കലി എന്നു പറയാമെങ്കിലും, തനതുനാടകവേദി എന്ന ആശയം തന്നെ ആപല്ക്കരമായ ഒന്നാണ് എന്ന നിലയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. അതിനാല്‍ ശ്രീകണ്ഠന്‍നായരുടെ പ്രബന്ധം വെളിവാക്കുന്ന പ്രശ്‌നഭൂമികയെന്തെന്ന് പരിശോധിക്കേണ്ടതുണ്ട്.

കേരളീയമായ ദൃശ്യകലാപാരമ്പര്യത്തിന്റെ ഒരു തുടര്‍ച്ചയല്ല, മറിച്ച് ഒരു വിച്ഛേദമാണ് ആധുനികനാടകവേദിയുടെ ആവിര്‍ഭാവത്തില്‍ കാണുന്നത് എന്ന പൂര്‍വ്വാനുമാന ത്തില്‍ നിന്നുമാണ് പ്രബന്ധം തുടങ്ങുന്നത്. പാശ്ചാത്യാശ്രിതമായ വളര്‍ച്ചയാണ് കേരളീയ നാടകവേദിയുടേത് എന്നു തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നു. അന്ത:സത്തയിലും രൂപഘടന യിലും ഭാരതീയവും പാശ്ചാത്യവുമായ നാടകസമ്പ്രദായങ്ങള്‍ പരസ്പരം എതിരിട്ടുനില്ക്കുന്നതാണെന്നും അതിനാലാണ് പാശ്ചാത്യനാടകവേദിയെ പിന്തുടരുന്ന നമ്മുടെ രംഗകലാപ്രവര്‍ത്തനങ്ങള്‍ നമ്മുടെ ആത്മഭാവമായിത്തീരാത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാല്‍ കേരളത്തിലെ ക്ലാസ്സിക്കലും പരമ്പരാഗതവുമായ കലാപൈതൃകത്തില്‍ വേരൂന്നിയുള്ള ഒരു നാടകസമ്പ്രദായം രൂപംകൊള്ളേണ്ടതുണ്ടെന്നും പ്രബന്ധം നിര്‍ദ്ദേശിക്കുന്നു.

ശ്രീകണ്ഠന്‍നായരുടെ പ്രബന്ധത്തില്‍ ഉന്നയിച്ചിട്ടുള്ള ആശയങ്ങള്‍ കേരളത്തിലെ നാടകപ്രവര്‍ത്തനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഏതൊരു പഠിതാവിനും സ്വീകാര്യമാകുന്നവയാണ്. തനതുനാടകവേദിയുടെ പ്രയോഗരീതിയോടാണ് വിയോജിപ്പ് ഉണ്ടാകുന്നത് എന്ന് അതിനാല്‍ കരുതാവുന്നതാണ്. പരമ്പരാഗതമായ കലാരൂപങ്ങളിലെ വേഷം, താളം, അവതരണസമ്പ്രദായം എന്നിവ നാടകവേദിക്കു ചേരാത്തതാണെന്നും അതിനാലാണ് ജനസാമാന്യം ഇത്തരം നാടകങ്ങളെ തള്ളിക്കളഞ്ഞതെന്നുമുള്ള വിശദീകരണം ഇന്നും വ്യാപകമായി പ്രചാരത്തിലുണ്ട്. ജീവിതയാഥാര്‍ത്ഥ്യങ്ങളോട് സത്യസന്ധത പുലര്‍ത്താത്ത ധൈഷണികനാട്യം എന്ന നിലയില്‍ അവമതിക്കപ്പെടുകയും ചെയ്യുന്നു. സത്യാത്മകങ്ങളായ നാടകങ്ങളായി ജനപ്രീതിനേടിയ കമ്പനി നാടകങ്ങളെ മറുവശത്തു പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഒരു സംവാദതലമാണ് ഇതെന്നു കാണാം.

ആധുനികമലയാളനാടകവേദിയുടെ ചരിത്രത്തില്‍ രണ്ടു സവിശേഷഘട്ടങ്ങളില്‍ നമ്മുടെ നാടകവേദിയുടെ പ്രശ്‌നങ്ങള്‍ പര്യാലോചനാവിധേയമാകുന്നുണ്ട്. സ്വാതന്ത്ര്യപ്രാപ്തിയെത്തുടര്‍ന്ന് ഉണ്ടായ രാഷ്ട്രീയവും സാംസ്കാരികവുമായ സന്ദേഹങ്ങളുടെ ഘട്ടമാണ് ആദ്യത്തേത്. വി.ടി.ഭട്ടതിരിപ്പാട്, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, പി.സി.കുട്ടിക്കൃഷ്ണന്‍ എന്നിവര്‍ പങ്കാളികളായിരുന്ന ഈ ഘട്ടത്തിലെ അന്വേഷണത്തിന്റെ താത്വികമായ അടിത്തറ എം.ഗോവിന്ദനും എന്‍.ദാമോദരനും രൂപപ്പെടുത്തിയതായിരുന്നു. മനുഷ്യന്റെ ആത്മീയമായ ആവിഷ്കാരങ്ങള്‍ സാധ്യമാകുന്ന അവസ്ഥയാണ് സ്വാതന്ത്ര്യം എന്നും അതു സാധ്യമാവുക, മനുഷ്യര്‍ക്കിടയിലെ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ സമരങ്ങളിലൂടെയാണെന്നുമുള്ള വിശ്വാസമാണ് കലാസമിതിപ്രസ്ഥാനത്തിനു പിറകില്‍ ഉണ്ടായിരുന്നത് .നിശ്ചിതമായ ഒരു കര്‍മ്മപദ്ധതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാടകപ്രവര്‍ത്തനം വ്യാപകമായി സംഘടിപ്പിക്കുകയും ഏകോപി പ്പിക്കുകയും ചെയ്യുന്ന ആദ്യത്തെ സന്ദര്‍ഭമായി ഇതിനെ തിരിച്ചറിയേണ്ടതുണ്ട്. കമ്പനിനാടകങ്ങളുടെ രീതിയില്‍നിന്നു മാറി പ്രാദേശികമായി നാടകരചനയും അവതരണവും സാധ്യമാകുന്ന ഒരവസ്ഥ ഇതിന്റെ ഫലമായി രൂപപ്പെട്ടു. നിരവധി പുതിയ നാടകകൃത്തുക്കള്‍ തങ്ങളുടെ ചുറ്റുപാടുമുള്ള ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അരങ്ങിലെത്തിച്ചു. സാംസ്കാരികമായ നവോത്ഥാനത്തിന് അരങ്ങൊരുക്കാന്‍ കാലാസമിതിപ്രസ്ഥാനത്തിനു സാധിച്ചു. ഇക്കാലത്തെ നാടകങ്ങള്‍ ആത്മാര്‍ത്ഥതയുടേയും സത്യസന്ധതയുടേയും ആവിഷ്കാരങ്ങളായിരുന്നുവെന്ന് അതിശയോക്തിയില്ലാതെ പറയാം.

ഉത്തരകേരളത്തിലെ രംഗവേദിയിലെ പ്രബുദ്ധത തിരുവിതാംകൂറിലെ നാടകവേദിയിലേതില്‍ നിന്നും വ്യത്യസ്ഥമായിരുന്നു. എന്‍.കൃഷ്ണപിള്ളയെപ്പോലുള്ള നാടകകൃത്തുക്കളുടെ രചനകളെക്കാള്‍ ഭാവചപലമായ നാടകങ്ങള്‍ക്കായിരുന്നു അവിടെ പ്രമുഖ്യം. സംഗീതനാടകകാലത്തിന്റെ തുടര്‍ച്ചയായ കമ്പനിനാടകങ്ങളാണ് അവിടെ അരങ്ങ് കയ്യടക്കിയിരുന്നത്. അതിനാല്‍ അമേച്വര്‍ നാടകരംഗം ദുര്‍ബ്ബലമായിരുന്നു. സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ സാമൂഹിക- സാംസ്കാരികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അപര്യാപ്തമായ രംഗമാതൃകകളാണ് നിലനിന്നിരുന്നത്. അതിനാല്‍ അമ്പതുകളിലെ കേരളീയനാടകവേദി ഉത്തരകേരളത്തിലേതും ദക്ഷിണകേരള ത്തിലേതുമായ രംഗമാതൃകകളുടെ സംഘര്‍ഷവേദിയായിരുന്നുവെന്നു നിരീക്ഷിക്കാവുന്നതാണ്. മലബാര്‍ കേന്ദ്രകലാസമിതിയുടെ വാര്‍ഷികനാടകോത്സവത്തില്‍ തിരുവിതാംകൂര്‍, കൊച്ചി പ്രദേശത്തുള്ള നാടകപ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന വസ്തുത ഇവിടെ രേഖപ്പെടുത്തട്ടെ. കലാസമിതി പ്രസ്ഥാനത്തിന്റെ അപചയത്തോടെ ഈ സംവാദമാണ് അവസാനിച്ചത്. ഇത്തരം ഒരു സാഹര്യത്തിലാണ് കൂത്താട്ടുകുളത്തെ ഒത്തുചേരലും പുതിയ ദിശയിലുള്ള അന്വേഷണവും നടക്കുന്നത്.

തനതുനാടകവേദി ദ്വിമുഖമായ അന്വേഷണമാണ്. ദേശത്തിന്റെ തനിമയും നാടകത്തിന്റെ തനിമയും അരങ്ങില്‍ സാക്ഷാത്കരിക്കാനാണ് തനതുനാടകവേദി ശ്രമിക്കുന്നത്. ഒരു ദേശത്തിന്റെ സാംസ്കാരികമുദ്രകള്‍ തലമുറകളിലൂടെ പകര്‍ന്ന് രൂപപ്പെട്ട പുരാവൃത്തങ്ങളുടെ ഘടന അക്കാരണത്താല്‍ തനതുനാടകവേദിയുടെ അടിത്തറയായിത്തീരുന്നു. അരങ്ങിന്റെ പരമ്പര്യം ശൈലീകരണത്തിന്റേതാണ്. പരമ്പരാഗതകലാരൂപങ്ങളും ക്ലാസ്സിക്കല്‍ രംഗകലകളും ശൈലീകരണത്തിന്റെ പാരമ്പര്യമാണ് പിന്തുടരുന്നത്. അനുഷ്ഠാനപരമായ അംശങ്ങള്‍ ഉള്‍ച്ചേര്‍ത്ത പുരാവൃത്തച്ഛായയുള്ള പ്രമേയങ്ങള്‍ ശൈലീകൃതമായ രംഗശില്പങ്ങളായി അവതരിപ്പിക്കുകയാണ് തനതുസങ്കല്പത്തില്‍ അധിഷ്ഠിതമായ നാടകങ്ങളില്‍ ചെയ്യുന്നത്.

ഇന്ത്യയിലെ ഇതരപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ നാടോടിസംസ്കാരം ദുര്‍ബ്ബലമാണ്. പരമ്പരാഗതജീവിതരീതി ജാതിവ്യവസ്ഥയിലും ഫ്യൂഡല്‍ ഉല്പാദനബന്ധത്തിലും അധിഷ്ഠിതമായിരുന്നു. മനുഷ്യസമത്വത്തെ സംബന്ധിച്ച സങ്കല്പങ്ങള്‍ക്ക് ഇടം നല്‍കാത്ത ഒരു അധികാരവ്യവസ്ഥയാണ് അതിനെ നിലനിറുത്തുന്നത്. കേരളത്തില്‍ പത്തൊമ്പതാം ശതകത്തിന്റെ അവസാനത്തില്‍ തുടക്കം കുറിച്ച നവോത്ഥാനപരിശ്രമങ്ങള്‍ ഈ അധികാരവ്യവസ്ഥയെ തകര്‍ക്കുകയും മനുഷ്യര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന ആശയസംഹിതകള്‍ക്കെതിരെ പോരാടുകയും ചെയ്തു. ഇതിന്റെ ഭാഗമായി പഴയ ആചാരാനുഷ്ഠാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും വികലീകരിക്കപ്പെടുകയും ചെയ്തു. ജനാധിപത്യബോധത്തില്‍ വേരൂന്നിയുള്ള പുതിയ ജീവിതരീതി രൂപം കൊള്ളുന്നത് ഇപ്രകാരമാണ്. അതിനാല്‍ നാടോടികലാരൂപങ്ങള്‍ അവയുടെ സ്വാഭാവികപരിസരത്തില്‍ നിന്ന് മാറ്റി പ്രയോഗിക്കുക ഈ കാലഘട്ടത്തില്‍ വ്യാപകമായി നടന്ന പ്രവര്‍ത്തനമാണ്. അക്കാരണത്താല്‍ അവയുടെ പവിത്രത നഷ്ടമാവുകയും ലഘൂകരിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ സ്ഥാനഭ്രംശം സംഭവിച്ച കലകള്‍ക്ക് ഒരു ജനസമൂഹത്തിന്റെ ആത്മവത്തയെ പ്രതിനിധാനം ചെയ്യുവാല്‍ സാധിക്കുകയില്ല.

തനതുനാടകവേദി അഭിമുഖീകരിച്ച താത്വികപ്രശ്നം സ്ഥാനഭ്രംശം സംഭവിച്ച പരമ്പരാഗത-ക്ലാസ്സിക്കല്‍കലകളുമായി ബന്ധപ്പെട്ടതാണ്. ആധുനികീകരണത്തിനുള്ള അതിതീവ്രത്വര പ്രകടിപ്പിച്ച സമൂഹത്തെ പ്രതിനിധാനം ചെയ്യാന്‍ തനതുനാടകവേദിക്കു സാധിക്കാതിരിക്കാന്‍ കാരണമതാണ്. എങ്കിലും തനതുനാടകവേദി,കേരളത്തിലെ നാടകവേദിയുടെ ചരിത്രത്തിലെ മറ്റൊരു വിച്ഛേദത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്നു കാണാവുന്നതാണ്. പ്രൊസീനിയം അരങ്ങിന്റെ പവിത്രതയെ സംബന്ധിച്ച ധാരണകള്‍ തകര്‍ത്ത് തുറസ്സായ കളിസ്ഥലങ്ങള്‍ കണ്ടെത്തുന്നുവെന്നത് തനതുനാടകവേദിയുമായി ബന്ധപ്പെട്ട് സംഭവിച്ച പരിണാമമാണ്. അവതരണസാഹചര്യം(Performing Circumstamce) നാടകത്തെ നിര്‍ണ്ണയിക്കുന്ന ഘടകമായി തിരിച്ചറിയപ്പെടുന്നത് ഈ സന്ദര്‍ഭത്തിലാണ്.

തനതുനാടകവേദിക്കു ശേഷമുള്ള കാലഘട്ടത്തിലെ നാടകപ്രവര്‍ത്തനം അവതരണസാഹചര്യത്തെക്കുറിച്ചുള്ള ബോധത്തെ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുന്ന കലാകാരന്മാരുടേതാണ്. കെ.ജെ.ബേബിയുടെ നാടുഗദ്ദിക മുതല്‍ നിരവധിയായ തെരുവുമൂലനാടകങ്ങളെല്ലാം പങ്കിടുന്നത് ഈ ബോധമാണ്.

രാമചന്ദ്രന്‍ മൊകേരി

സമകാലികനാടകാവതരണത്തിന്റെ ഒരു മാതൃക ഉദാഹരിച്ച് നാഗരികഫോക്കിന്റെ ആവിഷ്കാരമായി നാടകം മാറുന്നതെങ്ങനെയെന്ന് വിശദീകരിക്കാം.
ഈയിടെ വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും രാഷ്ട്രീയമായ പ്രതികരണങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത പെണ്‍വാണിഭത്തെ പ്രശ്‌നവല്കരിക്കുന്ന രാമചന്ദ്രന്‍ മൊകേരിയുടെ നാടകങ്ങള്‍ പരിശോധിക്കാം. കോഴിക്കോട് നഗരത്തിലെ കിഡ്‌സണ്‍ കോര്‍ണറില്‍ എസ്.കെ.പൊറ്റെക്കാടിന്റെ പ്രതിമയ്ക്കു മുമ്പില്‍ വൈകുന്നേരം ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ച് മൊകേരിയുടെ നാടകാവതരണം പുരോഗമിക്കുകയാണ്. കാഴ്ചക്കാരുമായുള്ള നിരന്തരസംവാദങ്ങളിലൂടെ പങ്കാളിത്തത്തോടെയുള്ള അവതരണം നടക്കുന്നതിനിടയില്‍ നാടകാവതരണം തടയാന്‍ പോലീസ് കടന്നു വരുന്നു. "നോക്കൂ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കടന്നുവരികയാണ്. അയാള്‍ക്ക് നമ്മളോട് ചിലത് പറയാനുണ്ട്. എന്താണ് അയാള്‍ക്കു പറയാനുള്ളതെന്ന് നമ്മുക്ക് കേള്‍ക്കാം".മൊകേരിയുടെ ഈ സംഭാഷണം അവതരണസ്ഥലത്തിന്റെ പരിധിക്കുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്നും പോലീസുകാരന്‍ സ്വയം പിന്‍വാങ്ങാന്‍ കാരണമാകുന്നു. ഒരു തെരുവുമൂല രംഗവേദിയാവുകയും അവിയെയുള്ള മുഴുവന്‍ മനുഷ്യരും നാടകത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. ചര്‍ച്ച ചെയ്യപ്പെടുന്ന പ്രശ്നത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ വെളിപ്പെടുത്തുന്ന രംഗപ്രവേശമാണ് പോലീസുകാരന്റേത്.

ജീവിതഭിന്നമായ നാടകത്തെക്കുറിച്ചുള്ള കാല്പനികധാരണകള്‍ക്കപ്പുറം കടന്നു ചെല്ലുവാനും നമ്മുടെയൊക്കെ ജീവിതത്തിലെ നാടകത്തെ അനാവരണം ചെയ്യാനും പലപ്പോഴും നാം കോമാളികളോ ട്രാജിനായകന്മാരോ ആയിത്തീരുന്ന ദുരന്തസന്ധിയിലാണെന്നുമുള്ള ബോധമാണ് പുതിയ രെഗാവതരണത്തിലുള്ളത്. അരങ്ങിലെ നാടോടിസ്വാധീനത്തെക്കുറിച്ചുള്ള ധാരണകള്‍ ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ പുന:പരിശോധക്കേണ്ടതാണ്;വിശദീകരിക്കപ്പെടേണ്ടതുമാണ്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…