കൃഷ്ണ ദീപക്
ചാറ്റ്‌ബോക്സിലെ പച്ച വെളിച്ചങ്ങളെ കണ്ടില്ലെന്ന് നടിച്ച്നമ്മളിപ്പോള് കണ്ണുകള്‍ ഇറുകെ പൂട്ടി
വിദൂരതയിലെ ഇരുട്ടിന്റെ താഴ്വാരത്തിലേക്ക്
യാത്ര പോകാന്‍ തയ്യാറെടുക്കുകയാണ്.
പശ്ചാത്തലത്തില്‍ ബീഥോവന്റെ ഒമ്പതാമത്തെ സിംഫണി.
നമ്മളിപ്പോള്‍
കൈ കോര്‍ത്തുപിടിച്ച്
പ്രണയത്തിന്റെ അത്യഗാധതയിലേക്ക്
'പൊത്തോന്നു' വീഴുകയാണ്
'ധപ് ധപ് ' 'ധപ് ധപ് ' ചിതറിവീഴുന്നു
കാഴ്ചകള്‍ മറിഞ്ഞുമറഞ്ഞു പോകുന്നു.
തണുത്ത് കുളിര്‍ത്ത് പതിയെ പതിയെ
കുന്നുകളുടെ ഇരുമൂലകള്‍
എല്ലാം ചുഴിഞ്ഞു കറങ്ങി, നീറിപ്പുകഞ്ഞ്
പതിഞ്ഞ നിലവിളിയോടെ അകംകടലിലേക്ക്.
വിയര്‍ത്ത് വിയര്‍ത്ത്...
നമ്മളിപ്പോള്‍ കനല്‍പ്പാടങ്ങളില്‍ നിന്ന്
തിളച്ച് തിളച്ച് തെറിക്കുന്ന ലാവ പോലെ
പടര്‍ന്നൊഴുകുകയാണ്.
നീയപ്പുറവും ഞാനിപ്പുറവുമായിരുന്നില്ലേ
എന്നിട്ടും എങ്ങനെയാണ്
ഇത്രമേല്‍ ആഴത്തില്‍... ?
പശ്ചാത്തലത്തില്‍ ഇപ്പോള്‍ നിശ്വാസങ്ങളുടെ നിശ്ശബ്ദസംഗീതം.