23 May 2015

ചുമര്‍



 ഉമ രാജീവ്

നിന്റെ വീട്ടുചുമരാണ് ഞാന്‍...
പലകയ്യുകള്‍ പതിഞ്ഞവള്‍
നിന്റെ സ്വകാര്യതകളെ
വേര്‍തിരിച്ചു, നിനക്ക് മിഴിവേകുന്നവള്‍

നിന്റെ പുഞ്ചിരി പൂമുഖത്തും
നിന്റെ ചിന്തകള്‍ വായനാമുറിയിലും
സ്വാര്‍ത്ഥമോഹങ്ങള്‍ നാമമുറിയിലും
കൊച്ചുകൊതികള്‍ അടുക്കളയിലും
മാറാപ്പുകള്‍ ചായിപ്പുകളിലും
ആസക്തികള്‍ കിടക്കറയിലുമായി
വേര്‍തിരിക്കുന്നവള്‍.

നിന്റെ അഴുക്ക് തെറിച്ചു
പായല്‍ പിടിച്ചു ഇടയ്ക്ക് വഴുക്കുന്നവള്‍.
നിനക്ക് പുറത്തിറങ്ങാന്‍ വാതിലുകളും
വലിച്ചടക്കാന്‍ വാതായനങ്ങളും ഉള്ളവള്‍.

മഴയേറ്റു കുതിര്‍ന്നും
വെയിലേറ്റ് വിണ്ടും
മഞ്ഞേറ്റ് കുളിര്‍ന്നും നില്പവള്‍.

പഴയതൊന്നും ഇളക്കാതെ
പലതരം ചായം പൂശുന്നു
നീ എന്നില്‍, ഞാന്‍ മുഷിയുമ്പോള്‍
(ശരി ഞാന്‍ ചിരി തുടരാം)

ഉറക്കെ പറഞ്ഞോളു ഞാന്‍
ഒന്നും പുറത്തു വിടില്ല

നീ എന്നോട് ചേര്‍ന്ന് പിറുപിറുക്കൂ
നിന്റെ മനസിന്റെ വൈകൃതങ്ങള്‍

നീ തലയിട്ടടിക്കൂ,
നിന്റെ വേദന ഞാന്‍ ഏറ്റു വാങ്ങാം

ആഘോഷങ്ങള്‍ക്കായി
നീ മറ്റുചുവരുകള്‍ തേടിയേക്കാം
എങ്കിലും നീ തിരിച്ചു വരും

എന്ത് ചെയ്യാം, ഒരിക്കല്‍ പടുത്താല്‍
നിന്റെ അവജ്ഞ കൊണ്ടോ അവഗണന കൊണ്ടോ
അല്ലാതെ എനിക്ക് സ്വയം തകരാനാവുന്നില്ല ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...