ആർ ജയനാഥ് (ഹൈദരാബാദ്), സിമി തോമസ് (ബാംഗളൂർ),
ടി.എൻ സുബ്രഹ്മണ്യൻ (ചെന്നൈ), ഡോ.രജത് പാൽ (ഗുവാഹട്ടി), ഡോ.ശ്യാം ലാൽ (പാറ്റ്ന),
ഡോ.ജി.ആർ സിങ് ( ഡൽഹി), ഇ.അരവഴി (ഭുവനേശ്വർ), രാജീവ് ഭൂഷൺ പ്രസാദ് (താനെ)
ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉത്പാദക രാജ്യം എന്ന് പേരുകൊണ്ട് അഹങ്കരിക്കുമ്പോഴും ഇന്ത്യൻ വിപണികളിൽ ഇന്നും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് കൂടുതലും പരമ്പരാഗത നാളികേര ഉത്പന്നങ്ങളാണ് എന്നത് സത്യം മാത്രം. അതിൽ പ്രധാനമായും നാളികേരം വെളിച്ചെണ്ണ, പിന്നെ വെളിച്ചെണ്ണയിൽ നിന്നു നിർമ്മിക്കുന്ന ഏതാനും ബ്രാൻഡ് ഹെയർ ഓയിൽ, സോപ്പ് എന്നിവയും. കോക്കനട് മിൽക്ക്, ഡസിക്കേറ്റഡ് കോക്കനട്, കോക്കനട് മിൽക്ക് പൗഡർ, വെർജിൻ ഓയിൽ പോലെ മൂല്യവർധിത ഉത്പന്നങ്ങൾ കൂടി വിപണികളിൽ എത്തി തുടങ്ങിയിട്ടുണ്ട്.
സ്വദേശി നാളികേര ഉത്പന്നങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും, വിദേശ നിർമ്മിത ഉത്പന്നങ്ങൾ ഇന്ത്യൻ നഗരവിപണികളിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ വിറ്റു പോകുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ലുലു, നീൽഗിരീസ്, റിലയൻസ് ഫ്രഷ്, ഡി മാർട്ട്, ക്യൂ മാർട്ട്, വാൾ മാർട്ട്, മോർ, രത്നദീപ്, ഇനോർബിറ്റ് മാൾ, നീഡ്സ് സൂപ്പർ മാർക്കറ്റ്, സൗത്ത് ഇന്ത്യൻ സ്റ്റോർ, ബിഗ് ബസാർ, ഫോറം മാൾ, മഞ്ജീര മാൾ, മാക്സ് ഹൈപ്പർ, സ്പെൻസേഴ്സ്, ഹെറിറ്റേജ് ഫ്രഷ് തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 15 സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നാളികേര വികന ബോർഡിന്റെ മേഖലാ ഓഫീസുകൾ നടത്തിയ അന്വേഷണം ഈ വസ്തുതയെ സ്ഥിരീകരിക്കുന്നതായിരുന്നു. ഈ മാർക്കറ്റുകളിലെല്ലാം നാളികേരത്തിൽ നിന്നുള്ള നിരവധി ഭക്ഷ്യ - ഭക്ഷ്യേതര മൂല്യ വർധിത ഉത്പന്നങ്ങളുടെ വിവിധ വിദേശ ബ്രാൻഡുകൾ ഉണ്ടായിരുന്നു. അതിനിടയിൽ ഇന്ത്യൻ ഉത്പന്നങ്ങളും.
എല്ലാ മാളുകളിലും സാധാരണ ചില്ലറ വിൽപന ശാലകളിലും നാളികേരാധിഷ്ഠിത ഭക്ഷ്യ വസ്തുക്കളായ കൊപ്ര, വെളിച്ചെണ്ണ, നാളികേര പാൽ, പാൽ പൊടി, ഇളനീർ, തൂൾ തേങ്ങ, തേങ്ങ ഉപയോഗിച്ചുള്ള മിഠായികൾ, ബിസ്ക്കറ്റുകൾ, മധുര പലഹാരങ്ങൾ എന്നിവ കണ്ടു. എന്നാൽ ഇവയിൽ ഏറ്റവും ഡിമാന്റ് നാളികേര പാലിനു തന്നെ. പല സൂപ്പർ മാർക്കറ്റുകളിലും നാളികേര പാലിനും ബിസ്ക്കറ്റിനും മധുര പലഹാരങ്ങൾക്കും പ്രത്യേക ഷെൽഫു തന്നെ ഉണ്ടായിരുന്നു.
ഹൈദരാബാദിൽ മിക്ക സൂപ്പർ മാർക്കറ്റുകളിലും വിവിധ ഇന്ത്യൻ ബ്രാൻഡ് വെളിച്ചെണ്ണ, കൊപ്ര, ചട്നി പൊടി, തേങ്ങാപ്പാൽ, തേങ്ങാ പാൽപൊടി, തൂൾ തേങ്ങ, തോങ്ങാപാൽ സ്ക്വാഷ്, ബിസ്ക്കറ്റുകൾ എന്നിവ ലഭ്യമാണ്. സൗന്ദര്യ വർധക വസ്തുക്കളിൽ മുഖ്യമായും വെളിച്ചെണ്ണ അടിസ്ഥാനമാക്കി വിവിധ ബ്രാൻഡ് ഹെയർ ഓയിലുകൾ, സോപ്പുകൾ, ഹാൻഡ് വാഷ് തുടങ്ങിയ സ്വദേശി ഉത്പ്പന്നങ്ങളുമുണ്ട്. പായ്ക്ക് ചെയ്ത ഇളനീർ( 290 മില്ലിക്ക് 90 രൂപ) കാമ്പോടു കൂടിയ ഇളനീർ, പഴച്ചാർ ചേർത്ത നാറ്റി ഡി കൊക്കോ (300 മില്ലിക്ക് 50-55 രൂപ), തേങ്ങാ പാൽ (200 മില്ലി ഗ്രാം 42 രൂപ), തേങ്ങാ പാൽ പൊടി (25 മില്ലി ഗ്രാം 23 രൂപ), ബൊണ്ടി ചോക്കലേറ്റ്(150 മില്ലി ഗ്രാം 149 രൂപ) , കോക്കനട് സിറപ്പ് (500 മില്ലി 286 രൂപ) തുടങ്ങിയവയുടെ വിദേശ ബ്രാൻഡുകളും കണ്ടു. മിക്ക ഉത്പന്നങ്ങളും തായ്‌ലന്റ് നിർമ്മിതമാണ്. നെതർലണ്ട്, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും ലഭ്യമാണ്.
ബാംഗളൂർ നഗരത്തിലിറങ്ങിയാൽ ആദ്യം കാണുന്ന കാഴ്ച്ച തെരുവുകളിലെ കരിക്ക് വിൽപന തന്നെ. എല്ലാ മുക്കിലും മൂലയിലും കരിക്കു വിൽപന പൊടി പൊടിക്കുന്നു. സൂപ്പർ മാർക്കറ്റുകളിൽ പായ്ക്ക് ചെയ്ത കരിക്കിൻ വെള്ളവും, മിനിമൽ പ്രോസസിങ് നടത്തിയ കരിക്കും ലഭ്യമാണ്. ഫാം ഫ്രഷ് ഇന്ത്യ അഗ്രോ ടെക്കിന്റേതാണ് ഈ ഉത്പന്നം. പൊതിച്ച നാളികേരവും സൂപ്പർ മാർക്കറ്റുകളിൽ 25 രൂപ നിരക്കിൽ ലഭ്യമാണ്. പായ്ക്കറ്റിലാക്കിയ ചകിരി വരെ ലഭിക്കും, ഓർക്കിഡ് ആന്തൂറിയം ചെടികൾ നടുന്നതിനു ചട്ടികളിൽ മണ്ണിനു പകരം നിറയ്ക്കാൻ പാകത്തിൽ. തുംങ്കൂറിൽ നിന്നുള്ള ഉണ്ട കൊപ്ര പല മാർക്കറ്റുകളിലും കണ്ടു, പക്ഷെ തിപ്തൂരിൽ നിന്നുള്ള തൂൾ തേങ്ങ അപൂർവം കടകളിൽ മാത്രമെ കണ്ടുള്ളു.
മിക്കവാറും സൂപ്പർ മാർക്കറ്റുകളിൽ ഏറ്റവും ഡിമാന്റ് ഉള്ള ഭക്ഷ്യവസ്തുക്കൾ നാളികേര പൊടിയും(മാഗി) ടെട്രാപായ്ക്കറ്റിലുള്ള നാളികേര പാലും (ഡാബർ) ആയിരുന്നു. തായ്‌ലന്റിന്റെയും (റിയൽ തായ് - 500 മില്ലി, 139 രൂപ) ഇന്തോനേഷ്യയുടെയും(കാര - 425 മില്ലി, 139 രൂപ) ഇതേ ഉത്പന്നങ്ങളും ഈ വിപണികളിൽ യഥേഷ്ടം ലഭ്യമാണ്. റിയൽ തായ് ഉത്പന്നമായ കോക്കനട് ക്രീം 400 മില്ലിക്ക് 195 രൂപയാണ് വില. വിവിധ ഇന്ത്യൻ കമ്പനികളുടെ വെളിച്ചെണ്ണ, വെർജിൻ കോക്കനട് ഓയിൽ, സോപ്പുകൾ, കോക്കനട് മിൽക്ക് ലോഷൻ തുടങ്ങിയവയും ഈ സൂപ്പർമാർക്കറ്റുകളിലുണ്ട്.
ഭക്ഷ്യഉത്പ്പന്ന ശ്രേണിയിൽ പ്രധാനമായും നാച്ചുറലിന്റെ ടെണ്ടർ കോക്കനട് ഐസ്ക്രീമാണ് ഒരു താരം. എല്ലായിടത്തും തന്നെ ലഭ്യമാണ്. ചില പാർലറുകളിൽ ഇളനീർ മൗസിയും കിട്ടും. രാജാജി നഗറിലെ തെങ്ങുമന നാളികേര ഉത്പ്പന്നങ്ങളുടെ കലവറയാണ്. തണുപ്പിച്ച ഇളനീർ, നാളികേര ലസി, സ്യൂഫ്ലെ, ജല്ലി, ബർഫി, ഐസ്ക്രീമുകൾ തുടങ്ങിയവ വിവിധ രുചികളിൽ ഇവിടെ ലഭിക്കുന്നു. ബാംഗളൂരില എല്ലാ ബേക്കറികളിലും നാളികേര ലഡൂ, ഹോളിജ്, ബർഫി എന്നിവ ലഭ്യമാണ്.
ചെന്നൈ നഗരത്തിലും ഏറ്റവും സുലഭമായ നാളികേര ഉത്പന്നം കരിക്കു തന്നെ. നഗരത്തിലും പരിസരങ്ങളിലുമായി ദിവസം രണ്ടു ലക്ഷം കരിക്ക് വിൽക്കപ്പെടുന്നു എന്നാണ് കണക്ക്. വില ഒന്നിന് 25- 45 വരെ. പൊള്ളാച്ചിയിൽ നിന്നുള്ള പൊട്ടുവച്ച(ലേബൽ പതിച്ച) കരിക്കുകൾക്കാണ് കൂടുതൽ ഡിമാൻഡ്. സൂപ്പർമാർക്കറ്റുകളിൽ നാളികേര മൂല്യവർധിത ഉത്പന്ന ശ്രേണിയിൽ സൗന്ദര്യ സംവർധക വസ്തുക്കളായ ഹെയർ ഓയിൽ, ഫേസ് ക്രീം തുടങ്ങിയവയ്ക്കാണ് മുൻ തൂക്കം. ഭക്ഷ്യ വസ്തുക്കളിൽ തമിഴ്‌നാട്ടിലെ പൊതുമേഖലാ സ്ഥാപനമായ പാം കോയുടെ തേങ്ങാ പാൽ പൊടി, തൂൾ തേങ്ങ, മാഗിയുടെ തേങ്ങാ പാൽ പൊടി, ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്ത നെസ്ലെയുടെ തേങ്ങാ പാൽ പൊടി, റിയൽ തായ് കോക്കനട് മിൽക്ക്, പാംഡ്യുവിന്റെ ഇളനീർ കേൺസൺട്രേറ്റ്(പൗഡർ-120 ഗ്രാമിന് 150 രൂപ വില) ഇന്തോനേഷ്യൻ കമ്പനിയായ കാരയുടെ നാളികേര പാൽ, പൊള്ളാച്ചിയിൽ നിന്നുള്ള തൂൾ തേങ്ങ, ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹോംമെയ്ഡ് കോക്കനട് മിൽക്ക്, പായ്ക്ക് ചെയ്ത ഇളനീർ, തായ്‌ലന്റിൽ നിന്ന് ഇറക്കുമതി ചെയ്ത ഇളനീർ (300 മില്ലി പ്ലാസ്റ്റിക് ബോട്ടിലിനു വില 49 രൂപ). ടെണ്ടർ കൊക്കോയുടെ ഇളനീർ (250 മില്ലി പ്ലാസ്റ്റിക് ബോട്ടിലിനു വില 35 രൂപ).
ഡൽഹിയിലെ സൂപ്പർ മാർക്കറ്റുകളിൽ ഹെയർ ഓയിൽ, പായ്ക്ക് ചെയ്ത കരിക്കിൻ വെള്ളം എന്നിവയാണ് കൂടുതലായും വിൽക്കപ്പെടുന്ന കേര ഉത്പന്നങ്ങൾ. ദക്ഷിണേന്ത്യൻ ഉത്പന്നങ്ങൾ ലഭിക്കുന്ന മാർക്കറ്റുകളിൽ വെളിച്ചെണ്ണയും ചെലവാകുന്നുണ്ട്. പാചകത്തിന് ഉത്തരേന്ത്യക്കാർ വെളിച്ചെണ്ണ ഉപയോഗിക്കാറില്ല എങ്കിലും കേശ ലേപനമായി അവർക്ക് പഥ്യം വെളിച്ചെണ്ണ തന്നെ. പക്ഷെ കരിക്കിൻ വെള്ളം എല്ലാവരും ഒരു പോലെ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ച് വേനലിൽ.
വിദേശ ഉത്പന്നങ്ങളിൽ തായ്‌ലന്റിൽ നിന്നുള്ള സാധനങ്ങളാണ് മുന്നിൽ. നാറ്റാഡി കൊക്കോയുള്ള ഇളനീരിന് വലിയ ഡിമാന്റാണ് ഡൽഹിയിൽ. തായ്‌ലന്റിൽ നിന്നുള്ള നെസ്ലെയുടെ നാളികേര പാൽ, നാളികേരം നിറച്ച മാർസിന്റെ ബോണ്ടി ചോക്ക്ലേറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പ്രധാനമായും തായ്കമ്പനികളായ റോയൽ പ്ലസ്, ആംപോൾ, പന്റൈനോറ, നെതർലന്റ് കമ്പനിയായ മാർസ് തുടങ്ങിയവയുടെ ഉത്പന്നങ്ങളാണ് ഡൽഹിയിലെ സൂപ്പർ മാർക്കററുകളിൽ ലഭിക്കുന്നത്. ഇതെല്ലാം തന്നെ ഭക്ഷ്യഉത്പന്നങ്ങളുമാണ്. ഇന്ത്യൻ കമ്പനികളുടെ പായ്ക്ക് ചെയ്ത കരിക്കിൻ വെള്ളം, കുക്കീസ്, ബിസ്ക്കറ്റ്, തേങ്ങാപ്പാൽ, തേങ്ങാപാൽ പൊടി, വെളിച്ചെണ്ണ, ഹെയർ ഓയിൽ തുടങ്ങിയവയാണ് പ്രധാനമായി ഡൽഹിയിലെ സൂപ്പർമാർക്കറ്റുകളിലുള്ള നാളികേര ഉത്പന്നങ്ങൾ.
ആസാം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ ഏഴു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വടക്കു കിഴക്കൻ ഇന്ത്യയിൽ നാളികേര ഉത്പന്നങ്ങൾക്ക് വലിയ വിപണിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാളികേരത്തിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളായ ബിസ്ക്കററ്, കുക്കീസ്, പായ്ക്ക് ചെയ്ത ഇളനീർ, നാളികേര ക്രീം, പാൽ പൊടി, വെളിച്ചെണ്ണ എന്നിവ ഈ ഏഴു സംസ്ഥാനങ്ങളിൽ എല്ലാ കടകളിലും സുലഭമാണ്. ആസാമിലെ പ്രധാന ഉത്സവങ്ങളായ ബിഹു, ദുർഗാപൂജ എന്നിവയോടനുബന്ധിച്ച് വീടുകളിൽ നാളികേര വിഭവങ്ങളായ പിത്തയും ലാരുവും ധാരാളമായി നിർമ്മിക്കുന്നു. ആ സമയത്ത് വിപണികളിലും ഇവ യഥേഷ്ഠം ലഭ്യമാണ്. ഭക്ഷ്യേതര നാളികേതര ഉത്പന്നങ്ങളിൽ ഏറ്റവും ഡിമാന്റ് ഹെയർ ഓയിലിനാണ്. കൂടാതെ സോപ്പ് ഷാമ്പൂ എന്നിവയും വിപണി കീഴടക്കി വരുന്നു. നിലവിൽ മലേഷ്യ, ശ്രീലങ്ക, തായ്‌ലന്റ് എന്നിവയുടെ ഏതാനും ഉത്പ്പന്നങ്ങൾ ഒഴിച്ചാൽ വടക്കു കിഴക്കൻ മേഖലയിൽ വിപണി കൈയടക്കിയിരിക്കുന്നതു മുഴുവൻ ഉത്തരേന്ത്യൻ നാളികേര ഉത്പന്നങ്ങളാണ്. റിയൽ തായ് (ബാങ്കോക്ക്) ഉത്പന്നമായ നാളികേര ക്രീം, ശ്രീലങ്കയിൽ നിന്നുള്ള നാളികേര പാൽ പൊടി, ബിസ്ക്ഫാം (മലേഷ്യ) ഉത്പന്നമായ നാളികേര ചോക്കലേറ്റ്, തായ്‌ലന്റിലെ (പന്റൈനോറയുടെ) നാളികേര പാൽ എന്നിവയാണ് ഇപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിൽക്കപ്പെടുന്ന വിദേശ നാളികേര ബ്രാൻഡുകൾ.
ബിഹാറിൽ നാളികേരം ഇനിയും വ്യാവസായിക അടിസ്ഥാനത്തിലുള്ള തോട്ടവിളയായി മാറിയിട്ടില്ല. വീടിനോട് ചേർന്നും കൃഷിയിടങ്ങളുടെ അതിരുകളിലും നട്ടു പിടിപ്പിക്കുന്ന ഒരു വൃക്ഷവിള മാത്രമാണ് സംസ്ഥാനത്ത് ഇന്നും തെങ്ങ്. മതപരമായ ചടങ്ങുകൾക്കാണ് പ്രധാനമായും നാളികേരം ഉപയോഗിക്കുക. വെളിച്ചെണ്ണ കേശ സംരക്ഷണത്തിനും ഉപയോഗിക്കും.
തായ്‌ലന്റിലെ മാപ്പിൾ കമ്പനിയുടെ നാളികേര ജൂസ് (300 മില്ലി 75 രൂപ), നാളികേര പാൽ (400 മില്ലി 130 രൂപ) നാളികേര ക്രീം(400 മില്ലി 175 രൂപ) എന്നിവയാണ് പ്രധാനമായും പാറ്റ്നയിൽ ലഭിക്കുന്ന വിദേശ നിർമ്മിത നാളികേര ഉത്പന്നങ്ങൾ. മിക്ക കടകളിലും നിഹാർ, പാരച്യൂട്ട്, ഡാബർ, വാഡിക തുടങ്ങിയ ബ്രാൻഡുകളിൽ കോക്കനട് ഹെയർ ഓയിൽ, പാർലെ, ബ്രിട്ടാനിയ, ടൈഗർ, ഗോൾഡൻ ഹാർവെസ്റ്റ് തുടങ്ങിയ ബിസ്ക്കറ്റുകളും എല്ലാ ബേക്കറികളിലും ലഭ്യമാണ്.
പാറ്റ്ന നഗരത്തിൽ വളരെ ചെറിയ ഒരു വിഭാഗം ആളുകൾക്കു മാത്രമെ നാളികേരത്തെയും അതിന്റെ അതി സമ്പന്നമായ ഗുണങ്ങളെയും കുറിച്ച് അറിവുള്ളു. അതിനാൽ തന്നെ നാളികേര ഉത്പന്നങ്ങൾ വൻതോതിൽ ഇവിടെ വിപണിയിൽ ലഭ്യവുമല്ല. എന്നാൽ നല്ല പ്രചാരണം നടത്തിയാൽ വലിയ സാധ്യതയുള്ള നാളികേര വിപണി ബിഹാറിൽ ഉണ്ട് എന്ന കാര്യത്തിൽ സംശയവുമില്ല.
ഒഡീഷയിൽ നാളികേര ഉത്പന്നങ്ങളിൽ വെളിച്ചെണ്ണയ്ക്ക് കേശ ലേപനം എന്ന നിലയിൽ നല്ല വിപണിയാണ്. ചെറിയ ശതമാനം ആളുകൾ മാത്രമെ സംസ്ഥാനത്ത് പാചക ആവശ്യത്തിനായി വെളിച്ചെണ്ണ ഉപയോഗിക്കുന്നുള്ളു. പ്രധാന നഗരങ്ങളിലെ വിവിധ സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ നിർമ്മാതാക്കളുടെ പായ്ക്കു ചെയ്ത ഇളനീർ, ബിസ്ക്കറ്റ്, വെളിച്ചെണ്ണ തുടങ്ങിയവയാണ് മുഖ്യമായി വിൽക്കപ്പെടുന്നത്. ഒരു കടയിൽ കൽക്കട്ടയിൽ നിന്നുള്ള ഉണ്ട കൊപ്രയും കണ്ടു. വിദേശ കമ്പനികളുടെ ഉത്പന്ന നിരയിൽ നാളികേര പാൽപൊടി (ശ്രീലങ്ക -നെസ്ലെ), മിഠായി (നെതർലന്റ്- സിൽവ) തേങ്ങാപ്പാൽ (തായ്‌ലന്റ് - മാപ്പിൾ) എന്നിവയും വിവിധ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്.
മഹാരാഷ്ട്രയിൽ ഏറ്റവും വിൽക്കപ്പെടുന്ന നാളികേര ഉത്പന്നം തൂൾ തേങ്ങയും തേങ്ങാപ്പാൽ പൊടിയുമാണ്. ഇന്ത്യൻ, വിദേശ, കമ്പനികളുടെ നാളികേര ഉത്പന്നങ്ങളും സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്. തേങ്ങാപാൽ പൊടി മുഴുവൻ ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതിയാണ്. കിലോഗ്രാമിന് 1000 രൂപയാണ് വില. ഇന്ത്യൻ നിർമ്മിത വെളിച്ചെണ്ണയ്ക്ക് വില കിലോഗ്രാമിന് 292 രൂപ. ബിസ്ക്കറ്റ് 25 -35 റേഞ്ചിലാണ് വില നിലവാരം. പായ്ക്ക് ചെയ്ത കരിക്കിൻ വെള്ളം 39 രൂപ. തൂൾ തേങ്ങ 160 മുതൽ 250 വരെ വിലയിൽ ലഭ്യമാണ്. ഉണ്ടക്കൊപ്ര കിലോഗ്രാമിന് 120 മുതൽ 135 വരെ വിലയ്ക്ക് ലഭിക്കും.
കേരളത്തിലെ നാളികേര കമ്പനികളെ സംബന്ധിച്ചിടത്തോളം ഇതൊരു സുവർണാവസരമാണ്. മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലിറക്കിയാൽ വിദേശികൾ കൈയടക്കിയിരിക്കുന്ന വിപണി നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കാൻ നമ്മുടെ കർഷകരുടെ കൂട്ടായ്മകൾക്ക് സാധിക്കും. കാരണം വിപണന മേഖലയിൽ ഓൺലൈൻ പോലെ നൂതനമായ പല സംവിധാനങ്ങളും ഇന്ന് ഉണ്ട്. ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കാൻ ഈ സംവിധാനങ്ങൾ ധാരാളം മതി. പഴങ്ങളും പച്ചക്കറികളും ഇത്തരത്തിൽ വിപണനം ചെയ്യപ്പെടുന്ന കാലമാണിത്. ആമസോൺ, ഫ്ലിപ് കാർട്ട്, ബിഗ് ബാസ്ക്കറ്റ്, ഷോപ്പ്ക്ലൂ തുടങ്ങിയ കമ്പനികൾ ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ തന്നെ നാളികേര ചകിരി, ചിരട്ടക്കരി തുടങ്ങി ചില ഉത്പന്നങ്ങൾ ഓൺലൈനായി വിപണനം ചെയ്യപ്പെടുന്നുമുണ്ട്. അതുകൊണ്ട് മികച്ച നിലവാരമുള്ള നാളികേര ഉത്പന്നങ്ങൾ നിർമ്മിക്കുക എന്നതാണ് കർഷകരുടെ കമ്പനികൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം. അത്തരത്തിലൊരു മുന്നേറ്റമാണ് ഇന്ത്യൻ നാളികേര വിപണിയിൽ കേരളത്തിലെ നാളികേര ഉത്പാദക കമ്പനികൾക്ക് ഭാവിയിൽ നിർവഹിക്കാനുള്ളത്.
