Skip to main content

ഒഴുക്ക് നിലച്ച ഗാനവാഹിനി


ടി.പി.ശാസ്തമംഗലം
    കവിയായ ഗാനരചയിതാവും ഗാനരചയിതാവായ കവിയുമായിരുന്നു ഈയിടെ അന്തരിച്ച്‌ യൂസഫലി കേച്ചേരി. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക്‌ കാവ്യപരിവേഷം വന്നുചേർന്നത്‌. കവി രണ്ടു വാക്കുകൾ കൂട്ടിച്ചേർക്കുമ്പോൾ മൂന്നാമതുണ്ടാവുന്നത്‌ മറ്റൊരു വാക്കല്ല നക്ഷത്രമാണ്‌ എന്ന ആംഗലേയ മൊഴി അദ്ദേഹത്തിന്റെ കാര്യത്തിൽ സാർത്ഥകമാവുന്നു. കേച്ചേരിപ്പാട്ടുകൾ പരിശോധിച്ചു നോക്കൂ. ഇപ്പറഞ്ഞ നക്ഷത്രങ്ങളാൽ ഉജ്ജ്വലമാർന്നതാണ്‌ അദ്ദേഹത്തിന്റെ ഏതൊരു ഗാനവും എന്നു കാണാം.
    ചലച്ചിത്രഗാനമായാലും ചലിച്ചിത്രേതര ഗാനങ്ങമായാലും ലളിതഗാനമെന്ന ശാഖയിൽ ഉൾപ്പെടുന്നതുകൊണ്ടാവണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഗീതികള സുതാര്യമായിരിക്കണമെന്ന്‌ നിർബന്ധമുണ്ടായിരുന്നു. എന്നാൽ ഈരടികളിൽ ആശയത്തിന്റെ ആഴം കാത്തുസൂക്ഷിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവസരങ്ങൾക്കുവേണ്ടി കൈനീട്ടാതെ വന്നുചേർന്ന ഗാനസന്ദർഭങ്ങൾ ഉചിതമായി ഉപയോഗപ്പെടുത്തിയ കവിയാണ്‌ അദ്ദേഹം.
    യൂസഫലിയുടെ ചലച്ചിത്ര പ്രവേശം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അദ്ദേഹം വക്കീലായി കോടതിയിൽ കയറിയിറങ്ങുന്ന കാലം. ഒരു ദിവസം തൃശ്ശൂർ രാമനിലയത്തിലേക്ക്‌ അദ്ദേഹത്തെ പ്രശസ്തസംവിധായകൻ രാമുകാര്യാട്ടിന്റെ സഹസംവിധായകനും കഥാകൃത്തുമായ എ.സി.സാബു വന്ന്‌ കൂട്ടിക്കൊണ്ടുപോയി. ചെന്നപാടെ കാര്യാട്ട്‌ യൂസഫലിയോട്‌ തുറന്നടിച്ചു. 'എടോ കവിതകൾ മാത്രം എഴുതിയാൽ പോരാ, താൻ ഒരു ചലച്ചിത്രഗാനം കൂടി എഴുതണം. തന്റെ കവിതകളിൽ പോലും മാപ്പിളപ്പാട്ടിന്റെ മൊഞ്ചും കമ്പിയും കഴുത്തും കാണാറുണ്ട്‌. തുടക്കമായിട്ട്‌ ഒരു മാപ്പിളപ്പാട്ടെഴുതിത്തരൂ. ബാലകൃഷ്ണമേനോൻ ഒരു മാപ്പിളവേഷത്തിൽ വഞ്ചിതുഴയുമ്പോൾ പാടാനുള്ളതാണ്‌ ആ ഗാനം.' അവിടെ വച്ചുതന്നെ അദ്ദേഹം കുത്തിക്കുറിച്ചു.
'മെയിലാഞ്ചിത്തോപ്പിൽ മയങ്ങിനിൽക്കുന്ന മോഞ്ചത്തി
മൈക്കണ്ണാൽ ഖൽബിൽ അമിട്ട്‌ കത്തിച്ച വമ്പത്തി
കമ്പില്ലാതുള്ളകരിമ്പുപോലുള്ള നിൻമേനി
കണ്ടമുതൽക്കാരോ ഖൽബിൽമേടുന്ന്‌ മുള്ളാണി'
    ഗാനം പൂർത്തിയാക്കി രാമു കാര്യാട്ടിനെ ഏൽപ്പിച്ചു. അദ്ദേഹം ഒന്നല്ല പലവട്ടം അതുവായിച്ചു നോക്കി. എന്നിട്ട്‌ സംതൃപ്തി കളിയാടുന്ന മുഖഭാവത്തോടെ പാട്ട്‌ സംഗീതസംവിധായകനായ എം.എസ്‌.ബാബുരാജിനെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ വിരലുകൾ മിന്നൽവേഗത്തിൽ ഹാർമ്മോണിയത്തിന്റെ കട്ടകളിൽ ഉയർന്നുതാഴ്‌ന്നപ്പോൾ ആ ഗാനത്തിന്‌ സംഗീതത്തിന്റെ ചിറകുകൾ കിട്ടി.

യൂസഫലി കേച്ചേരി

    മാപ്പിളപ്പാട്ട്‌ എഴുതിക്കൊണ്ടാണ്‌ തുടക്കമെങ്കിലും പിന്നീടങ്ങോട്ട്‌ ആ വിഭാഗത്തിൽപെടുന്ന അധികം സൃഷ്ടികൾക്കൊന്നും യൂസഫലികേച്ചേരി തൂലിക ചലിപ്പിച്ചില്ല. ചിലതു മാത്രമേ ചൂണ്ടിക്കാണിക്കാനുള്ളൂ.
'കണ്മുന നീട്ടി മൊഞ്ചുകാട്ടി
കാത്തിരിക്കണ മണവാട്ടി' എന്ന്‌ 'ഖദീജ' എന്ന ചിത്രത്തിനുവേണ്ടി ഒപ്പനയായും,
'നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു
നാലുമുഴം വീരാളിപ്പട്ടുവേണം
തുളുനാടൻ തളവേണം തുളിശ്ശേരി വള വേണം
മാലവേണം മക്കന വേണം
മെയിലാഞ്ചി വേണം -കൈയില്‌
മെയിലാഞ്ചിവേണം.' എന്ന്‌ 'തച്ചോളി അമ്പു' എന്ന ചിത്രത്തിനുവേണ്ടി സംഘനൃത്തഗാനമായും,
'തരിവളകൈയാലെന്നെ
വിളിച്ചതെന്തിനു നീ ജമീലാ
താമരക്കിളി വാങ്ങുമോ നീ
നൽകാമെൻമോഹമാല ജമീലാ...'
എന്ന്‌ സദാനന്ദന്റെ സമയം എന്ന ചിത്രത്തിനുവേണ്ടി ഖവാലിയായും അദ്ദേഹം എഴുതി. മുസ്ലീം കഥാന്തരീക്ഷമുള്ള 'ഗസൽ' എന്ന ചിത്രത്തിലെ ഗാനങ്ങളിൽ അറബി വാക്കുകൾക്കും ഇസ്ലാം സംസ്കാരത്തിനും അദ്ദേഹം പ്രാധാന്യം നൽകി. കാണുക.
1. 'ഈശൽത്തേൻകണം കൊണ്ടുവാ തെന്നലേ നീ
ഗസൽപ്പൂക്കളാലെ ചിരിച്ചുവസന്തം'
2. 'കരയും തിരയും മലരും വണ്ടും
മുകരുന്നതേനാണ്‌ മുഹബ്ബത്ത്‌
ജീവജാലങ്ങളെ ഇണകളായ്‌ സൃഷ്ടിച്ച
ജലജലാളിന്റെ ഹിക്മത്ത്‌'
3.'നിൻ ചൊടിയിൽ പിറന്നത്‌ ശവ്വാൽമാസം
നിൻമുടിയിൽ അസർമുല്ലപ്പൂവിൻവാസം'
4. 'ഏഴാംബഹറിന്റെ അക്കരെ നിന്നൊരു
കസ്തൂരിമണമുള്ള കാറ്റ്‌
തങ്ങളുപ്പാപ്പന്റെ വിരലില്‌ മിന്നണ
മോതിരക്കല്ലിന്റെ റങ്ക്‌
പത്തിരിവട്ടത്തിൽ മാനത്തുലങ്ക്ണ
പതിന്നാലാം രാവിന്റെ മൊഞ്ച്‌'
5. 'ജഹന്നത്തിനകത്തെന്നെ തള്ളാനോ നീയൊരു
ജന്നത്തിൽ പൂവായ്‌ വിടർന്നു'
'സഞ്ചാരി'യിലെ
'റസൂല റസൂലേ റസൂലേ നിൻവരവാലേ
പാരാകെ പാടുകയായി
വന്നല്ലോ റബ്ബിൻദൂതൻ
റസൂലേ നിൻകനിവാലേ
റസൂലേ നിൻകനിവാലേ...' എന്ന മുസ്ലീംഭക്തിഗാനം യൂസഫലിയിൽ നിന്നു പിറന്ന
അത്തരത്തിലുള്ള ഏറ്റവും മികച്ച സൃഷ്ടിയാണെന്ന്‌ പലരും വിലയിരുത്തിയിട്ടുണ്ട്‌.
    മുസ്ലീം കഥാപാത്രങ്ങളുള്ള ചിത്രങ്ങളിൽ സന്ദർഭത്തിനനുസൃതമായി ചില പ്രയോഗങ്ങൾ അദ്ദേഹം ഗാനങ്ങളിൽ കൊണ്ടുവന്നിട്ടുണ്ട്‌. 'സുറുമയെഴുതിയ മിഴികളേ' (ഖദീജ), 'പതിന്നാലാം രാവുദിച്ചതു മാനത്തോ' (മരം), 'ഉമ്മാന്റെ ഉയിരിൻ ചിപ്പിയിൽ വിളഞ്ഞമുത്തല്ലേ' (ദാദാസാഹിബ്‌) എന്നിവ ഉദാഹരണം.
    ചലച്ചിത്ര ഗാനരചനയ്ക്കു വേണ്ടി തൂലികയേന്തുന്ന കവി ഒരിക്കലും സ്വതന്ത്രനല്ല. കവിയല്ല കഥാപാത്രമാണ്‌ വെള്ളിത്തിരയിൽ പാടുന്നത്‌, പാടേണ്ടത്‌. ഇക്കാര്യം മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു. യൂസഫലിക്ക്‌. അതുകൊണ്ട്‌ ഹൈന്ദവ ഭക്തിഗാനങ്ങളുടെ രചനയിൽ അദ്ദേഹം മറ്റു പലരേയും അതിശയിച്ചു എന്നു പറയുന്നതാവും ശരി.'മായക്കാരാ മണിവർണ്ണാ നന്ദകുമാര എൻകണ്ണാ' എന്ന്‌ 'അമ്മു' എന്ന ചിത്രത്തിലാണ്‌ അദ്ദേഹം അതിനു തുടക്കം കുറിച്ചതു.
    'കണ്ണിനുകണ്ണായ കണ്ണാ- എന്നും
ഗുരുവായൂർ വാഴും താമരക്കണ്ണാ' (ചിത്രം-പ്രിയ) എന്ന്‌ അദ്ദേഹം എഴുതിയത്‌ ഉള്ളിൽ തട്ടിയാണ്‌. കേച്ചേരിക്കു തൊട്ടടുത്തുള്ള ഗുരുവായൂരിൽ വാഴുന്ന കണ്ണനെ അദ്ദേഹം മനസ്സാൽ പൂജിച്ചു. അവിടേക്ക്‌ കടന്നുചെല്ലാനാവാത്തതിൽ എന്നും പരിതപിക്കുകയും ചെയ്തു.
'അഞ്ജനക്കണ്ണാ വാവാ
അമ്പാടിക്കണ്ണാ വാവാ' (ചിത്രം-ശ്രീദേവി) എന്ന്‌ പാടിയതും അതേ ഉണ്ണിക്കണ്ണനെ ഉദ്ദേശിച്ചാവണം. 'സർഗ'ത്തിലെത്തിയപ്പോൾ,
'കൃഷ്ണകൃപാസാഗരം
ഗുരുവായൂപുരം ജനിമോക്ഷകരം' എന്ന്‌ മറയില്ലാതെ സാക്ഷാൽ ഗുരുവായൂരപ്പനെക്കുറിച്ച്‌ ദേവഭാഷയിൽ തന്നെ പാടാൻ ആ ഗുരുവായൂരപ്പഭക്തന്‌ അവസരം കിട്ടി.
'ആലിലക്കണ്ണാ നിന്റെ
മുരളിക കേൾക്കുമ്പോൾ
എൻമനസ്സിൽ പാട്ടുണരും
ആയിരം കനവുണരും
ഉയിരിൻ വേദിയിൽ
സ്വരകന്യകമാർ നടമാടും' (ചിത്രം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും) എന്ന പാട്ടുകൂടി വന്നതോടെ യൂസഫലി കേച്ചേരിയിലെ കൃഷ്ണഭക്തിയെക്കുറിച്ച്‌ പലർക്കും മതിപ്പുതോന്നി. അതേസമയം, സന്ദർഭമനുവദിച്ചാൽ കൃഷ്ണനെക്കുറിച്ചു മാത്രമല്ല ദേവിയെക്കുറിച്ചും പാടാൻ തനിക്കാവുമെന്ന്‌ അദ്ദേഹം ഈ പാട്ടിലൂടെ തെളിയിച്ചു.
'സൗപർണ്ണികാ തീരവാസിനി
സൗഭാഗ്യസന്ദായിനി
അമ്മേ ജഗജ്ജനനീ
അനുഗ്രഹമരുളൂ മൂകാംബികേ
അമ്മേ...അമ്മേ...അമ്മേ...' (ചിത്രം സദാനന്ദന്റെ സമയം) ശ്രുതിയും ലയവും വാക്കിന്റെ പൊരുളും എല്ലാമായ സാക്ഷാൽ മൂകാംബികദേവിയുടെ അനുഗ്രഹം തനിക്കുണ്ടെന്ന്‌ വിശ്വസിച്ച ആളാണ്‌ അദ്ദേഹം. അതുകൊണ്ടാണല്ലോ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. ഞാനെന്റെ ഗാനസരസ്വതിയെ ഭിക്ഷാടനത്തിന്‌ വിട്ടിട്ടില്ല, വിടുകയുമില്ല. എനിക്ക്‌ സരസ്വതി അനുഗ്രഹിച്ച്‌ കവിത കിട്ടിയിട്ടുണ്ട്‌. അതുകണ്ടറിഞ്ഞ്‌ ഇങ്ങോട്ടുവരുന്നവർക്ക്‌ ഞാൻ നൽകും.'
    ക്രൈസ്തവ ഭക്തിഗാനങ്ങൾ എഴുതുന്നതിലും ഈകവി ഒരുപോലെ പ്രാവീണ്യം കാട്ടിയിട്ടുണ്ട്‌.
'കാലിത്തൊഴുത്തിൽ പിറന്നവനേ
കരുണ നിറഞ്ഞവനേ
കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ
കഴുകിത്തളന്നവനേ
അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ...ഹല്ലേലൂയ്യാ...' (ചിത്രം സായൂജ്യം)
ചുരുങ്ങിയ വരികളിലൂടെ യേശുദേവനെ വാഴ്ത്തുകയാണ്‌ അദ്ദേഹം. പക്ഷേ ഗാനത്തിൽ പ്രതിഫലിക്കുന്ന ഭക്തി കറകളഞ്ഞതാണെന്ന്‌ മാത്രമല്ല അദ്വിതീയവുമാണ്‌.
'വാതിൽതുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹസ്വരൂപനെ
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്‌
പ്രാർത്ഥിച്ച യേശുമഹേശനേ' (ചിത്രം - ഫൈവ്‌ സ്റ്റാർ ഹോസ്പിറ്റൽ) എന്ന ഗാനത്തിൽ അകമഴിഞ്ഞ ഭക്തിയുടെ പ്രാർത്ഥനാ നിർഭരമായ മനസ്സ്‌ നമുക്ക്‌ കാണാം.
ഏതൊരു ഗാനരചയിതാവിനുമെന്ന പോലെ യൂസഫലികേച്ചേരിക്കും കൂടുതലായി എഴുതേണ്ടി വന്നത്‌ പ്രണയഗാനങ്ങളാണ്‌.
1. പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ-ഒരു താമരമൊട്ടായിരുന്നു നീ (ചിത്രം-കാർത്തിക)
2. 'കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി
ഗായകാ നിൻസ്വരമെൻ ചേതനയും സ്വന്തമാക്കി' (ചിത്രം-സർഗ്ഗം)
3. 'കളവാണി നീയാദ്യം കൺമുന്നിൽ വന്നപ്പോൾ
പലജന്മം മുമ്പേ നമ്മൾ പരിചിതരാണെന്നു തോന്നി-
ഒരു പ്രേമത്തിൻ കനലെന്റെ നെഞ്ചിൽ നീറി' (ചിത്രം-ദീപസ്തംഭം മഹാശ്ചര്യം)
ഇത്തരത്തിൽ നായികയോട്‌ അഥവാ നായകനോട്‌ നേരിട്ട്‌ സംവദിക്കുന്ന രീതിയിലല്ലാതെ,
1. 'ഓമലാളെ കണ്ടുഞ്ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ' (ചിത്രം-സിന്ദൂരച്ചെപ്പ്‌)
2. 'രണ്ടുചന്ദ്രനുദിച്ച രാത്രി രമ്യരാത്രി
ഒന്നുമേലെ വിണ്ണിലും
മറ്റൊന്നു താഴെ മണ്ണിലും' (ചിത്രം-ആന്ദോളനം) എന്നിങ്ങനെ പരോക്ഷ സൊ‍ാചനകളിലൂടെയും അദ്ദേഹം പ്രണയഗാനങ്ങൾ മെനഞ്ഞെടുത്തിട്ടുണ്ട്‌.
പ്രണയത്തെ ഇത്ര നന്നായി വ്യാഖ്യാനിച്ച മറ്റൊരു കവി ഇല്ലെന്നു തന്നെ പറയാം. എത്രയോ ഗാനങ്ങൾ അദ്ദേഹം അതിനുവേണ്ടി ഉപയോഗിച്ചു.
1. പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു' (ചിത്രം-സ്നേഹം)
2. 'പ്രേമമെന്നാൽ കരളും കരളും
കൈമാറുന്ന കരാറ്‌' (ചിത്രം-മിണ്ടാപ്പെണ്ണ്‌)
3. 'വിടരുംമുമ്പേ വീണടിയുന്നൊരു
വനമലരാണീയനുരാഗം' (ചിത്രം-വനദേവത)
ഇവിടെ ഉദ്ധരിച്ചവ അക്കൂട്ടത്തിൽ ചിലതുമാത്രമാണ്‌. (ചലച്ചിത്രത്തിലല്ലാതെ പിറന്ന ഗാനങ്ങൾ കൂടി പരിഗണിച്ചാൽ അവയുടെ എണ്ണം കൂടും.)
ചലച്ചിത്ര ഗാനങ്ങളിലൂടെ തത്ത്വചിന്ത അവതരിപ്പിക്കാൻ മിക്കകവികളും ശ്രമിക്കാറുണ്ട്‌. യൂസഫലി അത്തരം പാട്ടുകളുടെ രചനയിലും മുന്നിട്ടു നിൽക്കുന്നു.
'ഇതാണ്‌ ജീവിതവിദ്യാലയം
ഇവിടെ അനുഭവമധ്യാപകൻ
വേദനയറിഞ്ഞാൽ വേദാന്തമറിഞ്ഞു
സ്നേഹത്തെയറിഞ്ഞാൽ ദൈവത്തെയറിഞ്ഞു'
(ചിത്രം-രജനീഗന്ധി)
ഈ വരികൾ അത്യന്തം ലളിതമാണെങ്കിലും ഇവിടെ കവി കൊണ്ടുവന്ന ദർശനം ശരിക്കും മാനവരാശിക്കുള്ള സന്ദേശമാണ്‌. എന്നാൽ മറ്റൊരുഗാനത്തിൽ,
'ദൈവം മനുഷ്യനായ്‌ പിറന്നാൽ
ജീവിതമനുഭവിച്ചറിഞ്ഞാൽ
തിരിച്ചുപോകുംമുമ്പേ ദൈവം പറയും
മനുഷ്യാനീയെണെന്റെ ദൈവം! (ചിത്രം-നീതിപീഠം) എന്നാണ്‌ അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചതു.
    ഇങ്ങനെ പറഞ്ഞുപോയാൽ കേച്ചേരിയുടെ ഗാനവാഹിനിയിൽ നിന്ന്‌ കുളിച്ചുകയറാൻ എനിക്കെന്നല്ല ആർക്കും തോന്നുകയില്ല. അത്രയ്ക്കു നിർമ്മലമാണ്‌ അതിലെ ജലം. നന്നേ കുളിർമ്മയും പ്രദാനം ചെയ്യുന്നു. ഇനിയും ആ സ്വരരാഗഗംഗാപ്രവാഹം ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു. അദ്ദേഹത്തിന്റെ ഓരോ പാട്ട്‌ കേൾക്കുമ്പോഴും വിഷാദം ഇരട്ടിക്കുകയാണ്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…