19 Jul 2015

വിപണി സാദ്ധ്യതകൾ അറിഞ്ഞ്‌ ഉത്പാദനം- പുതിയ വിപണന തന്ത്രം



ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

ഏതൊരു വിളയുടേയും വിപണന പ്രക്രിയ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്‌ ഉത്പന്നം അഥവാ പ്രോഡക്ട്‌. കർഷകർ  കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിള ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിച്ചു കൊടുക്കുന്ന പ്രക്രിയയാണല്ലോ വിപണനം. ഇന്നത്തെ മാറിയ ചുറ്റുപാടിൽ ഉൽപന്നങ്ങൾ എത്രത്തോളം ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച്‌ ഉത്പാദിപ്പിക്കുന്നുവോ അതനുസരിച്ചിരിക്കും വിപണന വിജയം. വിപണിയുടെ സാധ്യതകൾ മനസ്സിലാക്കി ഉത്പാദനം ക്രമീകരിക്കുക എന്ന ദൗത്യം ഉത്പാദകർ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്‌ എന്ന്‌ അർത്ഥം. നാളികേര വിപണിയിലും ഇത്‌ ഒട്ടും വ്യത്യസ്തമല്ല. വരും കാലങ്ങളിൽ നാളികേരത്തിന്‌ മികച്ച വില ലഭിക്കുന്നതിന്‌ വിപണിയിൽ ഉപഭോക്താക്കൾക്ക്‌ ആവശ്യമായ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന്‌ കൂടുതൽ യോജിച്ച അസംസ്കൃത വസ്തുവായിരിക്കണം ഉത്പന്നം. ഉദാഹരണമായി തമിഴ്‌നാട്ടിലെ കർഷകർ ദീർഘ വീഷണത്തോടെ പൊള്ളാച്ചി, ഉടുമൽപേട്ട്‌ തുടങ്ങിയ സ്ഥലങ്ങളിൽ  നട്ടു വളർത്തിയ  കുറിയ ഇനം തെങ്ങിൻതോട്ടങ്ങളിലെ തേങ്ങാ, വിത്തു തേങ്ങയായി ചൂടപ്പം പോലെ വിറ്റഴിക്കുന്നത്‌ വഴി കൂടുതൽ വരുമാനം ലഭിക്കുന്നു. 30-40 രൂപ വരെയാണ്‌  ഒരു വിത്തു തേങ്ങയ്ക്ക്‌ വില.
 കേര കൃഷി മേഖലയിൽ ഭാവിയിൽ വരാവുന്ന മാറ്റം മുന്നിൽ കണ്ട്‌ വിപണിയിലെ സാദ്ധ്യകൾ മനസ്സിലാക്കി ഉത്പാദനം ക്രമീകരിച്ചതു കൊണ്ടാണ്‌ അവർക്ക്‌ ഇത്‌ സാധ്യമായത്‌. നേരെ മറിച്ചു ഈ കർഷകർ കുറിയ ഇനത്തിനു പകരം നെടിയ ഇനം തെങ്ങുകൾ നട്ടു പിടിപ്പിച്ചിരുന്നെങ്കിൽ വിത്തു തേങ്ങ വിപണിയിൽ മത്സരിച്ച്‌ ലാഭം നേടാൻ അവർക്ക്‌ കഴിയുമായിരുന്നില്ല. കുറിയ ഇനം വിത്തു തേങ്ങ ഉത്പാദന സെന്ററായി ഇന്ന്‌ ഈ പ്രദേശങ്ങൾ മാറുകയില്ലായിരുന്നു.
സമൂഹത്തിൽ എല്ലാ മേഖലകളിലും മാറ്റങ്ങളാണ്‌. മാറ്റങ്ങളുമായി മത്സരിച്ച്‌ അതുമായി പൊരുത്തപ്പെട്ടുപോകാൻ നാം ഓരോരുത്തരും തത്രപ്പെടുകയാണല്ലേ? നാളികേര വ്യവസായ വിപണന മേഖലയിൽ വന്ന മാറ്റം നമുക്ക്‌ കണ്ടില്ലെന്നു നടിക്കാനാവില്ല. പഴയ കാലത്തെപ്പോലെ കൊപ്രാ, വെളിച്ചെണ്ണ, പിണ്ണാക്ക്‌ തുടങ്ങിയ ഉൽപ്പന്നങ്ങളെ ആശ്രയിച്ചുള്ള വിപണി അപ്രത്യക്ഷമായി. അതിനാൽ പുതിയ പുതിയ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ അടിസ്ഥാനമാക്കി, അവയുടെ വ്യവസായവുമായി ബന്ധപ്പെടുത്തി നമ്മുടെ കേര കൃഷിയിലും, ഉത്പാദനത്തിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ നാളത്തെ വിപണിയിൽ നാളികേരത്തിന്‌ മുന്തിയ വില ലഭിക്കുകയുള്ളൂ. കൃഷി ലാഭകരമാവുകയുള്ളൂ.
കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പകരം ഇന്ന്‌ ഇന്ത്യയിലും വിദേശത്തും വിപണി കീഴടക്കിവരുന്ന പ്രധാന ഉത്പന്നങ്ങളാണ്‌ തേങ്ങാപ്പാൽപൊടിയും, തേങ്ങാപ്പാലും, തൂൾ തേങ്ങയും, വെർജിൻ വെളിച്ചെണ്ണയും മറ്റും. ഇവയെല്ലാം തേങ്ങയുടെ കാമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ്‌. ഇവ ഇന്ന്‌ മിക്കവാറും ഹോട്ടലുകളിലും, ഫാസ്റ്റ്‌ ഫുഡ്‌ കടകളിലും, വീടുകളിലുമെല്ലാം വളരെയേറെ പ്രിയപ്പെട്ട ഉത്പന്നമായി മാറിയിരിക്കുകയാണ്‌. കാമ്പിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന തേങ്ങാപ്പാൽ പൊടി നമുക്ക്‌ പ്രിയപ്പെട്ട ഇറച്ചിക്കറികളും, വെജിറ്റബിൾ കുറുമയും, മുട്ടക്കറിയും പായസവുമെല്ലാം തയാറാക്കാൻ ഏറെ പ്രയോജനകരമായ ഉത്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച്‌ പട്ടണങ്ങളിലെ ഇന്നത്തെ തിരക്കിട്ട ജീവിതശൈലിയിൽ തേങ്ങാ പിഴിഞ്ഞ്‌ പാൽ എടുക്കുവാനൊന്നും ആർക്കും സമയമില്ല. അതുകൊണ്ട്‌ പ്രകൃതി ദത്തമായ ഈ ഉത്പന്നത്തിന്‌ ഇനിയും വിപണി വർദ്ധിക്കാനാണ്‌ സാധ്യത. അതുപോലെ തന്നെ നമുക്ക്‌ വിദേശനാണ്യം നേടി തരുന്ന മറ്റൊരു പ്രധാന ഉത്പന്നമായ വെർജിൻ വെളിച്ചെണ്ണ ഉണ്ടാക്കുന്നതും നാളികേരപാലിൽ നിന്നാണ്‌. വരും കാലങ്ങളിൽ നാളികേര വിപണിയിൽ ഏറ്റവും പ്രിയമേറുന്നത്‌ കാമ്പിന്‌ കൂടുതൽ കട്ടിയുള്ള അല്ലെങ്കിൽ കാമ്പിന്‌ തൂക്കം കൂടുതലുള്ള നാളികേരത്തിനായിരിക്കും. ഇത്‌ മുന്നിൽ കണ്ട്‌ കാമ്പിന്‌ കൂടുതൽ തൂക്കം ലഭിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യാൻ ശ്രദ്ധിക്കണം. കാമ്പിന്‌ കൂടുതൽ കട്ടിയുള്ള ഇനങ്ങളാണ്‌ ഉ ഃ ഠ സങ്കര ഇനവും അതുപോലെ തന്നെ തേങ്ങാ വളരെ ചെറുതാണെങ്കിൽ കൂടി കാമ്പിന്റെ അളവ്‌ കൂടുതലുള്ള ലക്ഷദ്വീപ്‌, മൈക്രോ മലയൻ കുറിയ ഇനം, തുടങ്ങിയവ കൂടി നടാൻ ശ്രദ്ധിക്കണം. മറ്റു നാളികേര ഉൽപാദക രാജ്യങ്ങളെ അപേക്ഷിച്ച്‌ നാം ഉൽപാദന ക്ഷമതയിൽ മുൻപന്തിയിലാണെങ്കിലും നമ്മുടെ നാളികേര കാമ്പിന്റെ തൂക്കം മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണ്‌. ഫിലിപ്പൈൻസിലും, ഇന്തോനേഷ്യയിലും ഒരു തേങ്ങയിൽ 400 -450 ഗ്രാം കാമ്പ്‌ ലഭിക്കുമ്പോൾ ഇന്ത്യയിൽ ലഭിക്കുന്നത്‌ 250 -300 ഗ്രാം ആണ്‌. 
സാധാരണ നെടിയ തെങ്ങിന്റെ ഒരു നാളികേരത്തിൽ നിന്നു ശരാശരി 32 ശതമാനം കാമ്പ്‌ ലഭിക്കും, അതിന്റെ പുറംതൊലി (ടെസ്റ്റ) നീക്കം ചെയ്താൽ 29.2 ശതമാനം വെളുത്ത കാമ്പ്‌ ലഭിക്കും. അതായത്‌ ഒരു വലിയ തേങ്ങായിൽ നിന്നും ലഭിക്കുന്ന കാമ്പിന്റെ തൂക്കം 318 ഗ്രാം വരും. എന്നാൽ തെങ്ങ്‌ കൃഷി ചെയ്യുന്ന മറ്റു പ്രധാന രാജ്യങ്ങളിൽ കാമ്പിന്റെ തൂക്കം വളരെ കൂടുതലാണ്‌. കാമ്പിന്‌ കട്ടി കൂടുവാൻ തെങ്ങുകൃഷിയിൽ ഏറ്റവും ആവശ്യമായ പോഷക മൂലകമാണ്‌ പൊട്ടാഷ്‌, പൊട്ടാഷിന്റെ അളവ്‌ ഇന്ന്‌ നമ്മുടെ നാട്ടിലെ മിക്കവാറും തെങ്ങിൻ തോട്ടങ്ങളിലും കുറവാണ്‌. അതുകൊണ്ട്‌ ശരിയായ പരിചരണമുറകളിൽ പൊട്ടാഷിന്റെ ഉപയോഗം ഏറെ പ്രാധാന്യമർഹിക്കുന്നു. എങ്കിൽ മാത്രമേ കാമ്പിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഉത്പന്നങ്ങളുടെ വിപണിയ്ക്കനുസരണമായി, കാമ്പിന്‌ കട്ടിയുള്ള നാളികേരം ലഭ്യമാക്കുവാനും പ്രസ്തുത സംരംഭങ്ങൾക്ക്‌ വിജയകരമായി പ്രവർത്തിക്കുവാനും കഴിയൂ.
വിപണിയിലെ ആവശ്യകത അനുസരിച്ച്‌ ലഭ്യത കുറവ്‌ അനുഭവപ്പെടുന്ന മറ്റൊരു മേഖലയാണ്‌ ഇളനീർ.  കരിക്കിൻ വെള്ളം വളരെ രുചികരവും, പോഷക സമൃദ്ധവുമായ പ്രകൃതിദത്ത പാനീയം എന്നതിനുപരി, കരിക്കിൽ നിന്നു നിരവധി മൂല്യ വർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയും ഇന്ന്‌ ലഭ്യമാണ്‌. കരിക്കിൻ കാമ്പിൽ നിന്ന്‌ ഐസ്ക്രീം, പേട, കാൻഡി, ടൂട്ടി - ഫ്രൂട്ടി തുടങ്ങിയ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇത്‌ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയാൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിപണന മേഖലയിൽ നിർണ്ണായക സ്വാധീനം ചെലുത്താനും കഴിയും. ഈ സാധ്യതകൾ മനസ്സിലാക്കിയാണ്‌ നാച്ചുറൽ എന്ന കമ്പനി കരിക്കിന്‌ അടിസ്ഥാനമാക്കിയുള്ള ഐസ്ക്രീം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച്‌ വിപണിയിലിറക്കാൻ മുന്നോട്ടു വന്നിരിക്കുന്നത്‌. അതായത്‌, കരിക്ക്‌ കരിക്കധിഷ്ടിത മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ വിപണി നിലനിൽക്കണമെങ്കിൽ കരിക്കിന്റെ ലഭ്യത ഉറപ്പു വരുത്തണം. വലിയ തെങ്ങിൽ നിന്ന്‌ കരിക്ക്‌ ഇടുന്നതാണ്‌ വിപണി നേരിടുന്ന പ്രധാന പ്രശ്നം. ഇതിന്‌ ഒരു പോംവഴി തെങ്ങു നടുമ്പോൾ കരിക്കിനു യോജിച്ച്‌ കുറിയ ഇനം തെങ്ങു തൈകൾ നടുക എന്നതാണ്‌.  കരിക്കിനനുയോജ്യമായ ചാവക്കാട്‌ കുറിയ പച്ച, ചാവക്കാട്‌ കുറിയ മഞ്ഞ, മലയൻ കുറിയ മഞ്ഞ, തുടങ്ങിയ ഇനങ്ങൾ ലഭ്യമാണ്‌. ഈ ഇനങ്ങളുടെ തൈകൾ നമ്മുടെ തെങ്ങിൻ തോട്ടങ്ങളിൽ സ്ഥാനം പിടിക്കണം. എങ്കിൽ മാത്രമേ വരും കാലങ്ങളിലെ കരിക്ക്‌ വിപണിക്കനുസരണമായി ചരക്കു ലഭ്യത ഉറപ്പു വരുത്തുവാനും, തേങ്ങയുടെ ഉയർന്ന വില സുസ്ഥിരമായി നിലനിർത്താനും സാധിക്കുകയുള്ളൂ.
തെങ്ങു കൃഷി ലാഭകരമാക്കാൻ നാംഇപ്പോൾ കണ്ടെത്തിയ, തെങ്ങിൽ നിന്നുള്ള ഏറ്റവും പുതിയ ഉത്പന്നമാണ്‌ നീര. നീരയുടെ പോഷക  ഔഷധ ഗുണങ്ങൾ കണക്കിലെടുക്കുമ്പോൾ  വരും കാലങ്ങളിൽ വളരെ വിപണന സാദ്ധ്യതയുള്ള ഉത്പന്നമാണിത്‌. കർഷകർക്ക്‌ ഒരു തെങ്ങിൽ നിന്ന്‌ ഒരു മാസം 3000 രൂപ വരെ ഉയർന്ന വരുമാനം ലഭ്യമാകുന്ന ഉൽപന്നം.  നീര ടാപ്പു ചെയ്യുന്നതിന്‌ അധികം ഉയരം വയ്ക്കാത്തതും കൂടുതൽ നീര ഉൽപാദിപ്പിക്കുന്നതുമായ ഇനമാണ്‌ യോജിച്ചതു. നീര വിപണി ഇന്നു നേരിടുന്ന ഒരു പ്രശ്നമാണ്‌ ആവശ്യത്തിനനുസരിച്ച്‌ നീര ലഭിക്കുന്നില്ല എന്നത്‌. തെങ്ങിൽ കയറി പൂങ്കുലയിൽ നിന്ന്‌ നീര ചെത്തി എടുക്കുന്നതിനുവേണ്ട ടെക്നീഷ്യന്മാരുടെ കുറവും, നീര ചെത്താൻ തെങ്ങുകളുടെ അഭാവവുമാണ്‌ ഇപ്പോഴത്തെ പ്രശ്നം. വരുംകാലങ്ങളിൽ തെങ്ങിൽ നിന്നും ഏറ്റവും ലാഭകരമായി ഒരു ഉത്പന്നമായിരിക്കും നീര. അതിനാൽ നമ്മുടെ തോട്ടങ്ങളിൽ തെങ്ങിൻ തൈ നടുമ്പോൾ നീര ചെത്താൻ യോജിച്ച്‌ ഉ ഃ ഠ സങ്കര ഇനങ്ങൾ, വച്ചു പിടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ ഉപഭോക്താവിന്‌ ആവശ്യമായ ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിനുള്ള സംരംഭങ്ങൾ വിജയകരമായി നടത്തിക്കൊണ്ടു പോകാൻ കഴിയൂ.
അതായത്‌ നാളികേരത്തിന്റെ സംസ്ക്കരണവും മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ വിപണിയും, ഉപഭോക്താവിന്റെ ആവശ്യവുമെല്ലാം കണക്കിലെടുത്തു വേണം നാളേയ്ക്കുവേണ്ടി തെങ്ങിൻ തോട്ടത്തിൽ പുനർ നടീലും, ഉത്പാദന വർദ്ധനവിനുള്ള പരിപാലന മുറകളും അവലംബിക്കാൻ. ചുരുക്കത്തിൽ വിപണിയെക്കുറിച്ച്‌ പഠനം നടത്തി ഉപഭോക്താവിന്‌ എന്തുവേണം മനസ്സിലാക്കി അതനുസരിച്ചുള്ള ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുക എന്നതായിരിക്കണം പുതിയ വിപണന തന്ത്രം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...