19 Jul 2015

വിപണന വിജയം യാദൃശ്ചികമല്ല



കെ. എസ്‌. സെബാസ്റ്റ്യൻ
അസിസ്റ്റന്റ്‌ ഡയറക്ടർ (മാർക്കറ്റിംഗ്‌) നാളികേര വികസന ബോർഡ്‌, കൊച്ചി -11

വിപണനത്തിന്റെ ഏറ്റവും അടിസ്ഥാന കർത്തവ്യം പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതോടൊപ്പം നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തുക എന്നതാണ്‌ പലേ ഉത്പന്നങ്ങളുടേയും വിപണിയിലെ പരാജയത്തിന്റെ മുഖ്യ കാരണം ഉപഭോക്താവിന്റെ യഥാർത്ഥ ആവശ്യത്തെക്കുറിച്ചുള്ള ധാരണ ഉത്പാദകനില്ലാത്തത്താണ്‌. ഒരു ഉത്പന്നത്തിന്‌ പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ചിലവ്‌, പ്രസ്തുത ഉത്പന്നത്തിന്റെ നിലവിലുള്ള ഉപഭോക്താക്കളെ നില നിർത്തുന്നതിനുള്ള ചിലവിന്റെ ഏകദേശം 6 മടങ്ങ്‌ വേണ്ടിവരുമെന്ന്‌ കണക്കാക്കുന്നു.  വിപണന രംഗത്ത്‌ വിജയം വരിച്ച എല്ലാ കമ്പനികളും നിലവിലുള്ള ഉപഭോക്താക്കളുമായി സ്ഥായിയായ ബന്ധം സ്ഥാപിക്കുവാനും, ഉത്പന്നങ്ങൾക്ക്‌ കൂടുതൽ മൂല്യവും ആകർഷണീയതയും വരുത്തി പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ശ്രമിക്കുന്നു.
ഉപഭോക്താക്കൾക്ക്‌ പരമാവധി മൂല്യം നൽകി ലാഭകരമായി പ്രവർത്തിക്കുന്നതാണ്‌ വിപണനത്തിന്റെ ഏറ്റവും പരമപ്രധാനമായ ദൗത്യം. വിപണികളും ഉത്പന്നങ്ങളും സ്ഥിരമായ മാറ്റങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്നതിനാ
ൽ  വിപണിക്ക്‌ അനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ തയ്യാറാകാത്തവർ പിൻതള്ളപ്പെട്ടുപോകും. വിപണനശ്രമങ്ങൾ വിജയത്തിലെത്തണമെങ്കിൽ വ്യക്തമായ ആസൂത്രണം കൂടിയേ തീരൂ. പലേ സ്ഥാപനങ്ങളും വിപണന ശ്രമങ്ങൾ വ്യക്തമായ തയ്യാറെടുപ്പുകളോടെയല്ല നടത്തുന്നത്‌. താത്ക്കാലിക അവസരങ്ങൾ കണ്ടിട്ടോ, ആകസ്മികമായുണ്ടാകുന്ന പ്രതിസന്ധികളെ മറികടക്കുവാനുള്ള കുറുക്കുവഴി എന്ന രീതിയിലോ വിപണന ശ്രമങ്ങളെ കണക്കിലെടുത്ത്‌ പ്രവർത്തിക്കുമ്പോൾ വിജയസാദ്ധ്യതകൾ കുറവായിരിക്കും.
ഉപഭോക്താവിന്റെ ഉൽപ്പന്ന സങ്കൽപ്പത്തെക്കുറിച്ച്‌ ആഴത്തിലുള്ള അറിവ്‌ വിപണന വിജയത്തിന്‌ ഏറ്റവും അനുപേക്ഷണീയമായ ഘടകമാണ്‌. ഉപഭോക്താവിന്റെ താത്പര്യങ്ങളെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കുന്നതിന്‌, ഉൽപ്പന്നം വാങ്ങുന്നതിനള്ള തീരുമാനം എടുക്കുന്നതിൽ ആരാണ്‌ പ്രധാന സ്ഥാനം വഹിച്ചിരിക്കുന്നത്‌, വാങ്ങൽ പ്രക്രിയ എങ്ങിനെയാണ്‌, വാങ്ങുവാനുള്ള സാധനങ്ങൾ തിരഞ്ഞെടുക്കുവാനുള്ള മാനദണ്ഡം, എവിടെ നിന്നുമാണ്‌ വാങ്ങുന്നത്‌, എപ്പോഴാണ്‌ വാങ്ങുന്നത്‌ എന്നീ കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
വിപണി വർഗ്ഗീകരണം
(മാർക്കറ്റ്‌ സേഗ്​‍മെന്റേഷൻ)
ഉപഭോക്താവിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തങ്ങളായതിനാൽ ഉൽപ്പന്നങ്ങൾ എത്ര ഗുണനിലവാരം പുലർത്തുന്നതായാലും, ഉപഭോക്താവിന്റെ ദൃഷ്ടിയിലെ മൂല്യം വ്യത്യസ്തമായതിനാലാണ്‌ സമാന രീതിയിലുള്ള ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ള ഉപഭോക്താക്കളെ ഒരേ ഗണത്തിൽപെടുത്തി, ആ ഗണത്തിന്റെ താത്പര്യങ്ങൾക്കനുസൃതമായ ഉത്പന്നങ്ങൾ നിർമ്മിച്ച്‌ വിപണനം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്നത്‌. അതുകൊണ്ടാണ്‌ മൊത്തം വിപണിയെ സമാന സ്വഭാവമുള്ള ഉപഭോക്താക്കളുടെ ഗണങ്ങളായി വിഭജിച്ച്‌ ഒരോ ഗണത്തിനും അനുയോജ്യമെന്ന്‌ കരുതുന്ന ഉത്പന്നങ്ങൾ നിർമ്മിച്ച്‌ വിപണനം ചെയ്യുവാനാണ്‌ വിപണനോത്സുകരായ സ്ഥാപനങ്ങൾ ശ്രമിക്കുന്നത്‌.
ഉപഭോക്താക്കളെ വിവിധങ്ങളായ ഗണങ്ങളിലാക്കി, ഓരോ ഗണത്തിനു അനുയോജ്യമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമ്പോൾ തീർച്ചയായും ഉൽപ്പന്നത്തിന്റെ ലാഭ ക്ഷമത വർദ്ധിക്കുമെന്നുള്ളത്‌ സുനിശ്ചിതമാണ്‌. അനുയോജ്യമായ ഉൽപ്പന്നങ്ങൾക്ക്‌ അധിക വില നൽകുവാൻ ഉപഭോക്താക്കൾക്ക്‌ സ്വാഭാവികമായി വിസമ്മതം ഉണ്ടാകാത്തതിനാൽ ഇത്തരം ഉൽപ്പന്നങ്ങൾ കൂടുതൽ ലാഭകരമായി വിപണനം ചെയ്യുവാൻ കഴിയുന്നു. ഇങ്ങനെ വിപണിയെ ഏക സ്വഭാവമുള്ളവരുടെ വിവിധ ഗണങ്ങളിലാക്കുന്നതിലൂടെ ഓരോ ഗണത്തെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കുന്നതിനും, വിപണി വികസനത്തിനുള്ള സാദ്ധ്യതകൾ വ്യക്തമായി അറിയുവാനും
കഴിയുന്നു. കൂടാതെ അതീവ മാത്സര്യമുള്ള വിപണിയിൽ എല്ലാത്തരം ഉപഭോക്താക്കൾക്കും അനുയോജ്യമായ ഉത്പന്നങ്ങൾ അതരിപ്പിക്കുന്നവാനുള്ള ശ്രമങ്ങൾ ഒരു സംരംഭത്തെ കൊണ്ട്‌ മാത്രം സാധിക്കുമെന്ന്‌ പ്രതീക്ഷിക്കാവുന്നതല്ല. ഏറ്റവും ഫലപ്രദമായി തങ്ങളുടെ ഉത്പന്നങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുവാൻ കഴിയുന്ന ഗണത്തിൽ മാത്രം ശ്രദ്ധയൂന്നിയുള്ള വിപണന ശ്രമങ്ങൾക്ക്‌ വിജയ സാദ്ധ്യത കൂടുതലായിരിക്കും. നാല്‌ വിധത്തിലുള്ള വിപണന തന്ത്രങ്ങൾ സാധാരണയായി അവലംബിക്കുന്നതായാണ്‌ കാണുന്നത്‌.
ഉപഭോക്താക്കളെ മൊത്തമായി ഒരേ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന രീതി.
 ഓരോ ഗണത്തിനും അനുയോജ്യമായ/ സ്വീകാര്യമായ ഉത്പന്നങ്ങൾ അവതരിപ്പിച്ചുള്ള വിപണന രീതി.
വിവിധങ്ങളായ ഗണങ്ങളിൽ ഏറ്റവും ആകർഷണീയമെന്ന്‌ തോന്നുന്ന ഗണങ്ങളിൽ മാത്രം ശ്രദ്ധിച്ചുള്ള വിപണന രീതി.
ഓരോ ഉപഭോക്താവിനേയും വ്യത്യസ്തമായി കണ്ട്‌, ഓരോരുത്തർക്കും വ്യത്യസ്തമായ ഉത്പന്നങ്ങൾ അവതരിപ്പിച്ചുള്ള വിപണന രീതി (ഡിസൈനർ വസ്ത്രങ്ങൾ തയ്യാറാക്കുന്നതു പോലെ).
ഉദാഹരണമായി നീരയെന്ന പാനീയത്തെ വിപണിയിൽ അവതരിപ്പിക്കുമ്പോൾ എല്ലാത്തരം ഉപഭോക്താക്കൾക്കും ഒരേതരത്തിലുള്ള ഉൽപന്നം എന്നതിനു പകരം ചെറുപ്പക്കാർക്ക്‌ കാർബണേറ്റഡ്‌ നീരയായും കുട്ടികൾക്ക്‌ ഫ്ലേവേഡ്‌ നീരയായും അവതരിപ്പിക്കാവുന്നതാണ്‌. നാളികേര മേഖലയിലെ പ്രമുഖ കമ്പനികളായ മാരിക്കോ, മോസൺസ്‌ എക്സ്ട്രാക്ഷൻസ്‌ പോലെയുള്ള കമ്പനികൾ വിവിധ പ്രായത്തിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുവാൻ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങൾ വിപണയിൽ ഇറക്കിയിരിക്കുന്നത്‌ ശ്രദ്ധിച്ചുണ്ടാവുമല്ലോ.
പ്രോഡക്ട്‌ പോസിഷനിംഗ്‌ : പ്രോഡക്ട്‌
പോസിഷനിംഗിന്‌ തികച്ചും അനുയോജ്യമായ മലയാള പദം കണ്ടെത്തുക വിഷമകരമാണെന്നു തോന്നുന്നു. ഏങ്കിലും ഉത്പന്ന പ്രതിഷ്ഠ എന്നു വിളിച്ചാൽ തെറ്റില്ലായിരിക്കുമെന്ന്‌ കരുതുന്നു. വിപണനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഈ ഉത്പന്ന പ്രതിഷ്ഠ. ലക്ഷ്യമിടുന്ന ഉപഭോക്താക്കളുടെ മനസ്സിൽ വ്യത്യസ്തത്തയോടെ സ്ഥാനം പിടിക്കാനായി ഉത്പന്നങ്ങൾ നിർ​‍്മ്മിക്കുന്ന ഏറ്റവും ശ്രമകരമായ പ്രവൃത്തിയെ ഒറ്റവാക്കിൽ ഉത്പന്ന പ്രതിഷ്ഠയെന്ന്‌ വിളിക്കാം. ഉപഭോക്താവ്‌ തന്റെ ആവശ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ തന്നെ തങ്ങളുടെ ഉത്പന്നം അവന്റെ മനസ്സിലേക്ക്‌ കടന്നു വന്നാൽ ഉൽപ്പന്ന പ്രതിഷ്ഠ വിജയിച്ചുവേന്ന്‌ പറയാം. മീഡിയകളുടെ അതിപ്രസരം, മൂലം  പ്രതിദിനമെന്നോളം നൂറുകണക്കിന്‌ വിപണന സന്ദേശങ്ങൾക്ക്‌ വിനീതവിധേയനാകേണ്ടിവരുന്ന ശരാശരി ഉപഭോക്താവിന്റെ ഹൃദയത്തിൽ ഒരു ഉത്പന്നത്തെ പ്രതിഷ്ഠിക്കുകയെന്നത്‌ ഭഗീരഥ പ്രയത്നം തന്നെയായിരിക്കും.
ആരോഗ്യദായകമായ പാനീയത്തേക്കുറിച്ച്‌ ചിന്തിക്കുമ്പോൾ തന്നെ ഉപഭോക്താവിന്റെ മനോമുകരത്തിലേക്ക്‌ നീരയ്ക്കു കടന്നുവരുവാൻ കഴിഞ്ഞാൽ ആ ഉൽപന്നം പ്രോഡക്ട്‌ പോസിഷനിംഗിൽ വിജയിച്ചു എന്നു കരുതാം.
ബ്രാൻഡ്‌ : ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്നതോ, അവന്‌ മൂല്യം തോന്നുന്നതോ ആയ വസ്തുവിനെ ഉത്പന്നമെന്ന്‌ വിളിക്കുമ്പോൾ, വ്യത്യസ്തങ്ങളായ സംരംഭങ്ങളുടെ ഉത്പന്നങ്ങളെ വിവേചിച്ചറിയുവാൻ സഹായകരമായ ധർമ്മം നിർവ്വഹിക്കുന്നതാണ്‌ ബ്രാൻഡുകൾ. വിവിധങ്ങളായ സംരംഭങ്ങളുടെ ഉത്പന്നങ്ങളുടെ സാങ്കേതികതയിലെ വ്യതിരിക്തത്ത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ബ്രാൻഡിങ്‌ ശ്രമങ്ങളുടെ പ്രാധാന്യം അധികരിക്കുമെന്നത്‌ സ്വാഭാവികമാണ്‌. ഉത്പന്നത്തിന്റെ പേര്‌ പോലും മറന്ന്‌ ബ്രാൻഡുകളുടെ പേരിൽ ഉൽപ്പന്നം അറിയപ്പെടുന്ന അവസരങ്ങൾ നമ്മുടെ മുമ്പിലുണ്ടല്ലോ. ടെട്രാപാക്കിലുള്ള പഴച്ചാറുകൾ നമുക്ക്‌ ഫ്രൂട്ടിയും, തുള്ളി നീലം നമുക്ക്‌ ഉജാലയുമാണ്‌.
ബ്രാൻഡ്‌ വികസിപ്പിക്കുകയെന്നത്‌ അത്യന്തം ശ്രമകരവും, ചിലവേറിയതും, ധാരളം സമയം ആവശ്യമുള്ള പ്രക്രിയയാണ്‌. വിജയകരമായ ബ്രാൻഡുകൾ കമ്പനികളുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക്‌ കമ്പനിയോടുള്ള പ്രതിപത്തിയും പരിഗണനയും ഉയർത്തുകയും ചെയ്യുന്നു. ശക്തമായ ബ്രാൻഡ്‌ സാന്നിദ്ധ്യമുള്ള മേഖലയിൽ പുതിയ ബ്രാൻഡുകൾ രംഗപ്രവേശം ചെയ്യുവാൻ പൊതുവെ മടിയുമെന്നുറപ്പാണ്‌. കമ്പോളത്തിലെ മുൻ നിരക്കാരും, ശക്തവുമായ ബ്രാൻഡുകൾക്ക്‌ സ്വാഭാവികമായി ഉയർന്ന വില ലഭിക്കുന്നതിനാൽ ഇത്തരം ബ്രാൻഡുകളുടെ ഉടമകൾക്ക്‌ സ്ഥിരവും ഉയർന്നതുമായ ലാഭം തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കും. അമേരിക്കയിൽ ഈ അടുത്ത കാലത്ത്‌ നടത്തിയ ഒരു പഠനത്തിൽ കമ്പോളത്തിൽ ഒന്നാമതായി നിൽക്കുന്ന ബ്രാൻഡിൽ നിന്നും കമ്പനിക്ക്‌ ലഭിക്കുന്ന ലാഭം ഉത്പന്ന നിർമ്മിതിക്കായി മുടക്കിയ തുകയുടെ 18 ശതമാനം ആണെന്നു കണ്ടു. എന്നാൽ രണ്ടാം സ്ഥാലനത്തുള്ള ബ്രാൻഡിന്റെ വരുമാനം വെറും 6 ശതമാനം മാത്രമായും കണപ്പെട്ടു.
ഉത്പാദകനെന്നതുപോലെ ഉപഭോക്താവിനും ബ്രാൻഡുകൾ പ്രാധാന്യമേറിയതാണ്‌. ഉത്പന്നത്തിന്റെ മേന്മകൾ മനസ്സിലാക്കുവാനുള്ള ഉപഭോക്താവിന്റെ ഏറ്റവും പ്രധാന ഉറവിടം ബ്രാൻഡ്‌ തന്നെയാണ്‌. ബ്രാൻഡുകൾ ഉപഭോക്താവിന്റെ ഉൽപ്പന്ന തിരഞ്ഞെടുപ്പ്‌ പ്രക്രിയയെ ലഘൂകരിക്കുകയും ഈ പ്രക്രിയയിലെ അപകട സാദ്ധ്യതയെ (റിസ്ക്‌) തുലോം കുറയ്ക്കുകയും ചെയ്യും. കൂടാതെ ബ്രാൻഡുകൾ ഉപഭോക്താവിന്റെ സ്വത്വാവിഷ്ക്കാരിത്തിനുള്ള വലിയ അവസരം കൂടി ഒരുക്കുന്നുണ്ട്‌.
പാക്കേജിംഗ്‌ : ഉത്പന്നങ്ങൾ വിപണനത്തിനായി പൊതിഞ്ഞു സൂക്ഷിക്കാനുള്ള എല്ലാ വസ്തുക്കളേയും അവയിൽ പതിപ്പിക്കേണ്ടതായ എല്ലാ വിവരങ്ങളേയുമാണ്‌ ഈ പദം കൊണ്ടു വിവക്ഷിക്കുക. ഉൽപ്പന്നത്തെ സംരക്ഷിക്കുവാനുള്ള പ്രാഥമിക ധർമ്മമാണ്‌ പാക്കേജിംഗ്‌ അനുഷ്ടിക്കുന്നതെങ്കിലും, ആധുനിക വിപണന ശ്രമങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാനും, ഉത്പന്നത്തെക്കുറിച്ചു സംക്ഷിപ്ത പരിജ്ഞാനം നൽകുവാനും,
ഉത്പന്നത്തെ സമാന ഉത്പന്നങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന സവിശേഷതകൾ ഉപഭോക്താവിൽ എത്തിക്കാനുമൊക്കെ പാക്കേജിംഗ്‌ ഉപകരിക്കുന്നു. പാക്കേജിംഗുകളുടെ ആകർഷണീയത വിപണനത്തെ തീർച്ചയായും സഹായിക്കും. എങ്കിലും പാക്കേജിംഗിന്റെ ആകർഷണീയത വർധിപ്പിക്കാനാണെങ്കിൽ കൂടി അടിക്കടി പാക്കേജിംഗിൽ മാറ്റം വരുത്തിയാൽ നിലവിലുള്ള ഉപഭോക്താവിനു പോലും ഉത്പന്നം തിരിച്ചറിയുവാൻ പറ്റാത്ത സാഹചര്യം സംജാതമാകുകയും അതു വിപണനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം
ഫെയർ ട്രേഡ്‌ ഉത്പന്നങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ മുതലായവയുടെ പാക്കേജിംഗിൽ തന്നെ ഈ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന കർഷകരെ സംബന്ധിച്ചും അസംസ്കൃത വസ്തു ശേഖരണത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തേയുമൊക്കെയുള്ള ലഘു വിവരണങ്ങൾ രേഖപ്പെടുത്തി  വരുന്നു. ഉപഭോക്താക്കളിൽ ഇത്തരം ഉത്പന്നങ്ങളോടുള്ള പ്രതിപത്തി ഉയർത്താൻ ഈ ശ്രമങ്ങൾ സഹായിക്കുന്നു. തങ്ങളുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുമ്പോൾ കർഷക കൂട്ടായ്മകൾ ഇത്തരം പാക്കേജിംഗ്‌ രീതികൾ അനുകരിക്കുമെന്ന്‌ തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം.
ഉത്പന്ന ജീവിത ചക്രം : ഒരു ഉത്പന്നത്തിന്റെയും ജീവിത ചക്രം അനന്തമല്ല. പരിമിതമായ ഒരു കാലത്തിനു ശേഷം കാലയവനികയിലേക്ക്‌ മാറുകയെന്നത്‌ എല്ലാ ഉത്പന്നങ്ങളുടെയും അനിവാര്യതയാണ്‌.


ഒരു ഉത്പന്നത്തിന്റെ ജീവിത ചക്രത്തെ നാലു തലങ്ങളായി വിഭജിക്കുവാൻ കഴിയും.
 ഉത്പന്നത്തിന്റെ വിപണി പ്രവേശം തുടങ്ങുമ്പോഴുള്ള അവസ്ഥ
ഉത്പന്നത്തിന്റെ വിപണി വളർച്ച തുടരുന്ന അവസ്ഥ
പൂർണ്ണ വളർച്ചയെത്തിയ അവസ്ഥ
ഉത്പന്നത്തിന്റെ വിപണിയിലെ തളർച്ച
ഉത്പന്ന ജീവിത ചക്രത്തിന്റെ ഓരോ അവസ്ഥയിലും വ്യത്യസ്തങ്ങളായ വിപണന ലക്ഷ്യങ്ങളും തന്ത്രങ്ങളും മെനഞ്ഞെടുക്കുവാൻ കഴിയണം. ഉത്പന്ന വികസനത്തിന്റെ ഭാരിച്ച ചിലവുമായി തട്ടിച്ചു നോക്കുമ്പോൾ ഉത്പന്നം വിപണിയിൽ അവതരിപ്പിക്കുമ്പോൾ തന്നെ ലാഭം പ്രതീക്ഷിക്കുന്നത്‌ മൗഢ്യമാണ്‌.  ആണ്‌. ഈ അവസരത്തിൽ വിൽപ്പന വർദ്ധിപ്പിക്കാനും വിപണി വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളിലാണ്‌ ശ്രദ്ധിക്കേണ്ടത്‌. ഉത്പന്നത്തെ വിപണിക്ക്‌ പരിചയപ്പെടുത്തുവാനും ഉത്പന്നത്തിന്റെ ഉപയോഗത്താൽ കൈവരിക്കാവുന്ന പ്രയോജനങ്ങൾ അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളും ഇതോടൊപ്പം ഉണ്ടാകണം. പരസ്യങ്ങളുടെ പൈന്തുണ ഏറ്റവും ആവശ്യമായി വരേണ്ടത്‌ ഈ ഘട്ടത്തിലാണ്‌.
നീരയുൽപാദനത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന കർഷക കൂട്ടായ്മകൾ ലാഭനഷ്ടങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടേണ്ട സമയം ആയിട്ടില്ല. ഉൽപാദനം വർദ്ധിപ്പിച്ച്‌ വിപണി വികസിപ്പിക്കുവാനും ഉപഭോക്താക്കളെ വീണ്ടും വാങ്ങലിന്‌ പ്രേരിപ്പിക്കത്തക്കവണ്ണം ഉത്പന്നത്തിന്റെ സ്വീകാര്യത ഉയർത്തുകയും ചെയ്യുവാനുള്ള കർമ്മ പദ്ധതികളിലാണ്‌ ഈ അവസരത്തിൽ ശ്രദ്ധ ചെലുത്തേണ്ടത്‌.
ഉത്പന്ന ജീവിത ചക്രത്തിലെ വളർച്ചയുടെ ഘട്ടത്തിൽ വിപണി വിഹിതം വർദ്ധിപ്പിക്കുവാനും ലാഭം ഉയർത്തുവാനുമുള്ള ശ്രമങ്ങളിലാണ്‌ ശ്രദ്ധിക്കേണ്ടത്‌.  ഈ അവസരത്തിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക്‌ സമാന രീതിയിലുള്ള ഉത്പന്നങ്ങളിൽ നിന്നും വ്യക്തമായ വ്യതിരിക്തത്ത ഉണ്ടാക്കുവാൻ ശ്രമിക്കേണ്ടതാണ്‌. ഈ ഘട്ടത്തിന്റെ അവസാനഭാഗമെത്തുമ്പോൾ സ്വാഭാവികമായും പുതിയ എതിരാളികൾ വിപണിയിൽ എത്തുമെന്ന്‌ തന്നെ പ്രതീക്ഷിക്കണം. ഈ അവസരത്തിൽ ഉൽപ്പന്ന വികസനത്തിനായി കൂടുതൽ പണച്ചിലവ്‌ ആവശ്യമില്ലാത്തതിനാൽ ഉൽപ്പന്നത്തിന്റെ വില കുറച്ചും കൂടുതൽ വിപണി വിഹിതം നേടുവാനുള്ള ശ്രമങ്ങൾ നടത്താവുന്നതാണ്‌.
ഉത്പന്നം വിപണിയിൽ പൂർണ്ണ വളർച്ചയെത്തുന്ന ഘട്ടത്തിൽ സ്വാഭാവികമായും എതിർ ഉത്പന്നങ്ങളുമായുള്ള മത്സരം മുറുകും.  ഈ അവസരത്തിൽ ഉത്പന്നം കൂടുതൽ മെച്ചപ്പെടുത്തിയും, പരസ്യങ്ങൾ ഉപയോഗപ്പെടുത്തിയും, വിൽപ്പന പ്രോത്സാഹന പദ്ധതികൾ വഴിയും വിപണനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭാഗവാഹിത്വം വഹിക്കുന്നവരുടെ കമ്മീഷൻ ഉയർത്തിയും ഉത്പന്നത്തിന്റെ വിലതാഴ്ത്തിയുമൊക്കെയുള്ള വിപണി വികസന തന്ത്രങ്ങൾ പ്രയോഗിക്കേണ്ടി വരും. പുതിയ സാങ്കേതിക വിദ്യയുടെ ആവിർഭാവത്താലോ, ഉപഭോക്താക്കളുടെ ഉത്പന്നത്തോടുള്ള താൽപര്യത്തിലുണ്ടായ വ്യതിയാനം മൂലമോ ഉൽപ്പന്നം വിപണിയിൽ തളരുമ്പോൾ ഉത്പാദനം കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ആണ്‌ അഭികാമ്യം.
പുതിയ ഉൽപ്പന്ന വികസനം
വ്യവസായകരെ സംബന്ധിച്ചിടത്തോളം പുതിയ ഉത്പന്നങ്ങളുടെ വികസനമെന്നത്‌ ജീവ രക്തമാണ്‌. ഉപഭോക്താവിന്റെ താത്പര്യങ്ങളിൽ കാലാനുസൃതമായി  മാറ്റവും, സാങ്കേതിക വിദ്യയിൽ പുരോഗതിയും പ്രതീക്ഷിക്കാവുന്നതിനാൽ നിലവിലുള്ള ഉത്പന്നങ്ങളെ മാത്രം ആശ്രയിച്ച്‌ മുമ്പോട്ട്‌ പോകുവാൻ ഒരു സംരംഭകനും കഴിയുകയില്ല. എന്നാൽ പുതിയ ഉത്പന്നങ്ങളുടെ വികസനമെന്നത്‌ നഷ്ട സാധ്യതയില്ലാത്ത പ്രക്രിയയെന്ന്‌ ധരിക്കേണ്ടതുമില്ല.
പുതിയ ഉൽപ്പന്നമെന്ന രീതിയിൽ വിപണിയിലിറങ്ങുന്നവയിൽ 45% വരെ കമ്പോളത്തിൽ നിലവിലുള്ള ഉൽപ്പന്നങ്ങളുടെ പകരക്കാരാണ്‌. നിലവിലുള്ള ഉത്പന്നങ്ങളിൽ കാലികമായ പരിഷ്ക്കാരങ്ങൾ വരുത്തി പുനരവതരിപ്പിക്കുന്നവ തന്നെ.
 വിപണിക്ക്‌ തികച്ചും അപരിചിതങ്ങളായ ഉത്പന്നങ്ങളോട്‌, ഉപഭോക്താക്കൾ എങ്ങിനെ പ്രതികരിക്കുമെന്നത്‌ പ്രവചനാതീതമായതിനാൽ ഇത്തരം ഉത്പന്നങ്ങളെ വിപണിയിലെത്തിക്കുന്നത്‌  അപകട സാദ്ധ്യതയുള്ള നീക്കമായി തന്നെയാണ്‌ പരിഗണിക്കപ്പെടുന്നത്‌. മിക്കവാറും ഇത്തരം ഉദ്യമങ്ങളിൽ പലപ്പോഴും വിപണി ഗവേഷണങ്ങളെ വിശ്വസിക്കാനാവില്ല. ഈ ഉത്പന്നങ്ങൾ ജീവിതത്തിലൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതിനാൽ, ഉപഭോക്താവിന്റെ പ്രതികരണം കൃത്യമായി മനസ്സിലാക്കുവാൻ നിർവ്വാഹമില്ല.
ഒരു ഉത്പന്നത്തിന്റെ വികസനം ഏഴു ഘട്ടങ്ങളായാണ്‌ സാധാരണ പൂർത്തിയാവുക.
ആശയ രൂപീകരണം
ആശയങ്ങൾ വിശലകലനത്തിനു വിധേയമാക്കൽ
ആശയങ്ങളുടെ ഫലപ്രാപ്തി സാധ്യതാ പരിശോധനകൾ
ആശയ പൂർത്തീകരണം നടക്കുമ്പോഴുള്ള വിപണന സാധ്യതകൾ
ആശയത്തെ ഉത്പന്നമായി വികസിപ്പിച്ചെടുക്കുന്ന പ്രക്രിയ
ഉത്പന്നത്തെ വിപണി പരീക്ഷണത്തന്‌ വിധേയമാക്കൽ
ഉത്പന്നത്തെ വിപണിയിലെത്തിക്കൽ
പുതിയ ഉത്പന്നങ്ങളേക്കുറിച്ചുള്ള ആശയങ്ങൾ സ്ഥാപനത്തിനുള്ളിൽ നിന്നോ ശാസ്ത്ര സമൂഹത്തിൽ നിന്നോ, വിപണിയിൽ നിന്നോ, ഉപഭോക്താവിൽ നിന്നോ, പൊതു സമൂഹത്തിൽ നിന്നോ ഒക്കെ ലഭിക്കാവുന്നതാണ്‌.
പുതിയ ഉത്പന്ന സംബന്ധമായ ആശയങ്ങൾ രൂപപ്പെടുമ്പോൾ അവയുടെ വാണിജ്യ സാദ്ധ്യതകൾ നിഷ്പക്ഷമായി വിലയിരുത്തപ്പെടണം. ആശയങ്ങൾ പരിഗണനാർഹമെന്നു കണ്ടാൽ സാഹചര്യങ്ങൾ ഉണ്ടാക്കി ആശയങ്ങൾ പരീക്ഷണത്തിന്‌ വിധേയമാക്കണം. ഇത്തരം പരീക്ഷണങ്ങൾ പുതിയ ഉത്പന്ന വികസനത്തോട്‌ വിപണിയെങ്ങനെ പ്രതികരിക്കുമെന്ന്‌ വിലയിരുത്തുവാൻ കൂടി ഉപകരിക്കും.
വിപണന സാദ്ധ്യതകൾ, അവലോകനം ചെയ്യുന്ന പ്രക്രിയയിൽ, പ്രതീക്ഷിക്കാവുന്ന വിൽപന, ഇതിലേക്കായി വരുന്ന ചിലവുകൾ, പ്രതീക്ഷിക്കാവുന്ന ലാഭം, എന്നിവ നിർണ്ണയിക്കുവാനുള്ള ശ്രമങ്ങൾ വേണം. ബ്രേക്‌ ഇവൻ അനാലിസിസ്‌, സേൻസിറ്റിവിറ്റി അനാലിസിസ്‌ എന്നിങ്ങനെയുള്ള പഠനങ്ങൾ ഈ ഘട്ടത്തിൽ നടത്തുന്നത്‌ അഭികാമ്യമായിരിക്കും.
അടുത്ത ഘട്ടം, ഉത്പന്ന വികസനമാണ്‌. ഏറ്റവും വേഗത്തിൽ ഏറ്റവും ഉൽപാദനച്ചിലവ്‌ കുറച്ച്‌ ഉൽപാദിപ്പിക്കുകയെന്നതാണ്‌ ഈ ഘട്ടത്തിലെ വെല്ലുവിളി. ഉത്പന്നത്തിന്റെ പ്രവർത്തന ക്ഷമതയും, ഉപഭോക്തൃ സ്വീകാര്യതയും ഈ ഘട്ടത്തൽ ഉറപ്പാക്കേണ്ടതാണ്‌.
ഉപഭോക്തൃ സ്വീകാര്യതയും വിപണി സ്വീകാര്യതയും ഒന്നു തന്നെയെന്നുള്ള തെറ്റിദ്ധാരണ ചുരുക്കം ചിലരിലുണ്ട്‌. ഉപഭോക്തൃ സ്വീകാര്യതയിൽ ഉത്പന്നതാൽപ്പര്യം വിലയിരുത്തപ്പെടുമ്പോൾ വിപണി സ്വീകാര്യതയിൽ ഈ ഉത്പന്നം ഏത്‌ അളവിലും വിലയിലും വിപണിക്ക്‌ സ്വീകാര്യമായിരിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഏത്‌ പുതിയ ഉത്പന്നത്തേയും വിപണിയിലേക്ക്‌ പുതിയതായി അവതരിപ്പിക്കുമ്പോഴും ഉത്പ്പന്ന സ്വീകാര്യതയും വിപണി സ്വീകാര്യതയും ഉറപ്പാക്കേണ്ടതുണ്ട്‌. ഉത്പന്ന വികസനമെന്ന ശ്രമകരമായ പ്രക്രിയ മേൽ വിവരിച്ച ആറു ഘട്ടങ്ങൾ വിജയകരമായി പിന്നിടുമ്പോൾ മാത്രമേ അതു പൂർത്തിയായതായി പരിഗണിക്കുകയുള്ളൂ. 


നാളികേര വികസന ബോർഡ്‌ ബി ടു ബി മീറ്റുകൾ സംഘടിപ്പിക്കുന്നു
നാളികേര ഉൽപ്പന്നങ്ങളുടെ വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നാളികേര വികസനബോർഡ്‌ രാജ്യത്തെ പ്രധാന പട്ടണങ്ങളിൽ ബി ടു ബി മീറ്റ്‌ നടത്തുന്നു. ഈ സാമ്പത്തിക വർഷം (2015 - 16) 10 ബി ടു ബി മീറ്റ്‌ നടത്തുവാനാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌. നാളികേരാധിഷ്ഠിത ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമ്മാതാക്കളേയും അവയുടെ നിലവിലുള്ള വിതരണക്കാരേയും വിതരണക്കാരാവാൻ താത്പര്യമുള്ളവരേയും ഇടനിലക്കാരില്ലാതെ നേരിട്ട്‌ ബന്ധപ്പെടുത്തുകയും തദ്വാര ഏറ്റവും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ആവശ്യാനുസരണം ഉപഭോക്താക്കളിൽ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ മീറ്റുകൾ നടത്തുന്നത്‌. വെളിച്ചെണ്ണ, വെർജിൻ കോക്കനട്ട്‌ ഓയിൽ, ഉണ്ട കൊപ്ര, ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ പൗഡർ, പായ്ക്കറ്റിലാക്കിയ കരിക്കിൻവെള്ളം, നാളികേര ചിപ്സ്‌ മുതലായ ഉൽപ്പന്നങ്ങളാണ്‌ ഈ രീതിയിലുള്ള വിപണന പ്രോത്സാഹനത്തിനായി ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്‌. ഈ ഉൽപ്പന്നങ്ങളെല്ലാം നിലവിൽ ധാരാളം ആവശ്യക്കാരുണ്ടെങ്കിലും, സ്ഥിരമായും, മിതമായ തിരക്കിലും, ഗുണനിലവാരത്തിലും ലഭ്യമാകുവാനുള്ള സാഹചര്യം സംജാതമാകാത്തത്താണ്‌ വിപണനത്തിന്‌ തടസ്സമായിരിക്കുന്നത്‌. ഇതിന്‌ പരിഹാരം കണ്ടെത്തുമ്പോൾ തന്നെ വിപണി സ്വാഭാവികമായി വികസിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. നാളികേര മേഖലയിലെ ഉൽപ്പന്ന നിർമ്മാതാക്കൾ ഭൂരിപക്ഷവും ചെറുകിടക്കാരും ഇടത്തരക്കാരും ആയതിനാൽ സ്വന്ത നിലയിൽ രാജ്യ വ്യാപകമായി വിപണി വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടത്തുവാൻ കഴിയുന്നില്ല. ഇത്തരം ഉൽപാദകരുടെ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളെ രാജ്യ വ്യാപകമായുള്ള വിപണിക്ക്‌ പരിചയപ്പെടുത്തുവാൻ ഈ മീറ്റുകളിലൂടെ കഴിയുമെന്ന്‌ കരുതുന്നു. ഈ മീറ്റിനോടനുബന്ധമായി നാളികേര ഉൽപ്പന്നങ്ങളെ ഭാവി ഉപഭോക്താക്കൾക്ക്‌ പരിചയപ്പെടുത്തുവാനുള്ള പരസ്യ പരിപാടുകളും പ്രാദേശികമായി ഏറ്റെടുത്തു നടത്തുവാനും ബോർഡ്‌ ഉദ്ദേശിക്കുന്നു.

കർഷക കൂട്ടായ്മകളിലൂടെ സംസ്ഥാന വ്യാപകമായി വിപണന ശാല
വിവിധങ്ങളായ നാളികേര ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കർഷക കൂട്ടായ്മകളുടെ സംസ്ഥാന വ്യാപകമായി 1000 വിപണന തലങ്ങൾ ഈ സാമ്പത്തിക വർഷം ആരംഭിക്കുവാൻ ബോർഡ്‌ ഉദ്ദേശിക്കുവ്നു. എല്ലാവിധ നാളികേര ഉൽപ്പന്നങ്ങളും ഗുണമേന്മ ഉറപ്പാക്കി മിതമായ നിരക്കിൽ ഇത്തരം വിപണന ശാലകളിലൂടെ ലഭ്യമായിരിക്കും. ചുരുങ്ങിയത്‌ 100 അടിയെങ്കിലും തറ വിസ്തീർണ്ണമുള്ളതും, പട്ടണങ്ങളിലോ, പട്ടണങ്ങളുടെ പരിസര പ്രദേശത്തോ, പ്രധാനപ്പെട്ട പാതയോരങ്ങളിലോ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ, തീർത്ഥാടക കേന്ദ്രങ്ങളേടനുബന്ധിച്ചോ ഇത്തരം വിപണന ശാലകൾ കർഷക കൂട്ടായ്മകൾക്ക്‌ വാടകയ്ക്ക്‌ ലഭ്യമായ സ്ഥല സൗകര്യങ്ങളുപയോഗിച്ച്‌ ഇത്തരം വിപണന ശാലകൾ ആരംഭിക്കാവുന്നതാണ്‌. ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്ന കർഷക കൂട്ടായ്മകൾക്ക്‌ ഇതിനായി വരുന്ന ചിലവിന്റെ 50 ശതമാനമോ പരമാവധി 1.50 ലക്ഷം രൂപയോ സഹായ ധനമായി നാളികേര വികസന ബോർഡ്‌ നൽകുന്നു.
സംസ്ഥാനത്ത്‌ വിവിധ ജില്ലകളിലായി രൂപീകൃതമായിരിക്കുന്ന നാളികേര ഉൽപാദക കമ്പനികളുടെ ഉൽപ്പന്നങ്ങൾ സംസ്ഥാന വ്യാപകമായി ഉപഭോക്താക്കളിലെത്തിക്കുവാൻ ഈ വലിയ വിപണന ശൃംഖല ഉപകരിക്കും. പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ ഗുണ നിലവാരം ഉറപ്പാക്കിയ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുവാൻ ഈ സംവിധാനത്തിനു കഴിയും.
ഇതോടൊപ്പം നാളികേരോൽപാദക കമ്പനികളുടെ സംസ്ഥാനതല കൺസോർഷ്യം മുൻകൈ എടുത്ത്‌ രാജ്യത്തെ വിവിധ നഗരങ്ങളിൽ നിലവിലുള്ള പ്രശസ്തമായ വിപണന ശൃംഖലകളിലൂടെ തങ്ങളുടെ അംഗ കമ്പനികളുടെ ഉൽപ്പന്നങ്ങൾ കമ്പനി ബ്രാൻഡിലോ, പൊതു ബ്രാൻഡിലോ വിപണനം നടത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാജ്യ വ്യാപകമായി വിപണന ശൃംഖലയുള്ള മദർ ഡയറി, നാഫെഡ്‌, വിവിധ സംസ്ഥാനങ്ങളിലെ പ്രശസ്തമായ അപ്പെക്സ്‌ മാർക്കറ്റിങ്ങ്‌ സോസൈറ്റികൾ എന്നിവ ഈ സംവിധാനത്തോട്‌ സഹകരിക്കുവാൻ മുമ്പോട്ട്‌ വന്നിരിക്കുകയാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...