19 Jul 2015

സൗഹൃദത്തിന്റെ ശക്തി


ജോൺ മുഴുത്തേറ്റ്‌


സുഹൃത്ബന്ധങ്ങൾ മനുഷ്യന്റെ മനഃശാസ്ത്രപരവും, സാമൂഹികവും ജനിതകപരവുമായ ആവശ്യമാണ്‌ എന്നത്‌ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടു
ണ്ട്‌. സൗഹൃദങ്ങൾ വളർത്തിയെടുക്കുവാനുള്ള ആന്തരിക പ്രവണത ഓരോ വ്യക്തിയിലും കുടികൊള്ളുന്നു. എങ്കിലും പലരും അതിൽ വിജയം വരിക്കുന്നില്ല. അതിവേഗ ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്‌ അതിനുവേണ്ടി സമയം ചെലവഴിക്കുവാൻ കഴിയാതെ പോവുന്നു. സുഹൃത്ബന്ധങ്ങളുടെ യഥാർത്ഥ അർത്ഥവും പ്രാധാന്യവും ശരിയായി ഉൾക്കൊള്ളുവാൻ കഴിയാതെ പോയതാവാം ഇതിനുള്ള പ്രധാന ഹേതു.
പ്രശസ്ത അമേരിക്കൻ ചിന്തകനായിരുന്ന എമേഴ്സൺ ഒരിക്കൽ പറഞ്ഞു; 'ഒരു സുഹൃത്തിനെ ലഭിക്കുവാനുള്ള ഏറ്റവും നല്ലമാർഗ്ഗം, ഒരു സുഹൃത്താവുക എന്നതാണ്‌.' അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്‌. നിങ്ങൾ ഒരാളുടെ സുഹൃത്തായിത്തീരുമ്പോൾ, അയാൾ സ്വാഭാവികമായിത്തന്നെ നിങ്ങളുടെ സുഹൃത്തായിത്തീർന്നുകൊള്ളും.
നല്ല ഒരു സൗഹൃദത്തിന്‌ ഉണ്ടായിരിക്കേണ്ട പ്രത്യേക ഗുണങ്ങൾ എന്തൊക്കെയാണ്‌? അല്ലെങ്കിൽ ഉത്തമസൗഹൃദത്തിന്റെ പ്രധാനഘടകങ്ങൾ ഏതൊക്കെയാണ്‌ എന്നറിഞ്ഞെങ്കിൽ മാത്രമേ നല്ല സുഹൃത്തുക്കളെ തിരിച്ചറിയുവാനും അവരുമായി സൗഹൃദം ശക്തിപ്പെടുത്തുവാനും കഴിയുകയുള്ളു.
ഉത്തമ സൗഹൃദത്തിൽ അനേകം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. എങ്കിലും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ താഴെപ്പറയുന്നവയാണ്‌.
1. സത്യസന്ധത
രണ്ടു സുഹൃത്തുക്കൾ തമ്മിൽ അനിവാര്യമായി പാലിക്കേണ്ട ഒന്നാണ്‌ സത്യസന്ധത. നിങ്ങളുടെ സുഹൃത്ത്‌ നിങ്ങളോട്‌ കള്ളം പറയുകയും നിങ്ങളിൽ നിന്ന്‌ സത്യം മറച്ചുവയ്ക്കുകയും ചെയ്യുമ്പോൾ അയാൾ നിങ്ങളോടു സത്യസന്ധത പുലർത്താത്ത വ്യക്തിയായിത്തീരുകയും നിങ്ങളുടെ നല്ല സുഹൃത്ത്‌ അല്ലാതായിത്തീരുകയും ചെയ്യുന്നു.
2. വിശ്വസ്തത്ത
വിശ്വസ്തനായ ഒരു സുഹൃത്ത്‌ നിങ്ങളുടെ വിജയങ്ങളിലും പരാജയങ്ങളിലും, ദുരന്തങ്ങളിലും ദുഃഖങ്ങളിലും എല്ലാം നിങ്ങളോടൊപ്പം നിൽക്കും. ഏതു പ്രതിസന്ധിയിലും പ്രതികൂല സാഹചര്യങ്ങളിലും അയാൾ നിങ്ങളെ വിട്ടൊഴിഞ്ഞു പോവുകയില്ല. നിങ്ങളെ തള്ളിപ്പറയുകയുമില്ല. അതുകൊണ്ടാണ്‌ അരിസ്റ്റോട്ടിൽ ഇങ്ങനെ പറഞ്ഞത്‌, 'ആരെല്ലാം യഥാർത്ഥ സുഹൃത്തുക്കൾ അല്ലാ എന്ന്‌ ദൗർഭാഗ്യം നിങ്ങൾക്കു കാണിച്ചുതരും.'
വാട്ടർ വിനിഗൽ അഭിപ്രായപ്പെട്ടതുപോലെ, 'ലോകം മുഴുവൻ പുറത്തേയ്ക്കു നടക്കുമ്പോൾ, ഉള്ളിലേയ്ക്ക്‌ കടന്നുവരുന്നവനാണ്‌ യഥാർത്ഥ സുഹൃത്ത്‌'
3. വിശ്വാസം
നല്ല സുഹൃത്‌ ബന്ധത്തിൽ അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഒരു ഘടകമാണ്‌ പരസ്പര വിശ്വാസം. നിങ്ങളെ വിശ്വസിക്കാത്ത കൂട്ടുകാരൻ ഒരിക്കലും നല്ല ചങ്ങാതിയായിരിക്കില്ല. അയാളുടെ വിശ്വാസരാഹിത്യം പെരുമാറ്റത്തിൽ പ്രതിഫലിക്കുകയോ പ്രതിഫലിക്കാതിരിക്കുകയോ ചെയ്യാം.
4. തന്മയീഭാവം (Empathy)
കൂട്ടുകാരന്റെ സാഹചര്യങ്ങൾ മനസിലാക്കി അയാളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ശരിയായി ഉൾക്കൊള്ളുവാനുള്ള ശേഷിയാണിത്‌. താൻ അതേ സാഹചര്യത്തിലാണെങ്കിൽ തനിക്കെങ്ങനെ അനുഭവപ്പെടും എന്നറിയാവുന്ന വ്യക്തിയാണ്‌ യഥാർത്ഥ സ്നേഹിതൻ.
5. നിസ്വാർത്ഥത
യാതൊരു സ്വാർത്ഥമോഹവും ഇല്ലാതെയുള്ള സ്നേഹബന്ധമാണ്‌ ഉത്തമമായ സുഹൃത്ബന്ധം. ഗോ‍ൂഢമായ സ്വാർത്ഥ താൽപര്യങ്ങളോടും ലക്ഷ്യങ്ങളോടും കൂടി വലിയ ചങ്ങാത്തം കാണിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ഒക്കെ ചെയ്യുന്ന വ്യക്തി നിങ്ങളുടെ യഥാർത്ഥ സ്നേഹിതനായിരിക്കുകയില്ല. ലക്ഷ്യം നേടാൻ സാധിക്കുകയില്ല എന്ന്‌ മനസ്സിലാക്കിയാൽ അയാൾ നിങ്ങളെ വിട്ടകന്നുപൊയ്ക്കളയും.
6. നിരുപാധിക സ്നേഹം (Unconditional Love)
നല്ല സൗഹൃദത്തിന്റെ ഉത്തമലക്ഷണമാണ്‌ ഉപാധികളില്ലാത്ത സ്നേഹം. നിങ്ങളുടെ കഴിവുകളോ, കഴിവുകേടുകളോ നേട്ടങ്ങളോ പരാജയങ്ങളോ, പദവിയോ പ്രശസ്തിയോ ഒന്നും നോക്കാതെ നിങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ്‌ യഥാർത്ഥ സുഹൃത്ത്‌ എന്ന്‌ ഓർത്തിരിക്കുക. നിങ്ങളും അതുപോലെ സ്നേഹിക്കുമ്പോഴാണ്‌ ഒരു നല്ല സുഹൃത്തായി മാറുന്നത്‌. അതുകൊണ്ടാണ്‌ എൽബർട്ട്‌ ഹ്യൂബ്ബാർഡ്‌ (Elbert Hubbard) ഇങ്ങനെ പറഞ്ഞത,​‍്‌ 'നിങ്ങളെപ്പറ്റി എല്ലാം അറിയുന്നവനായിട്ടും, നിങ്ങളെ ഇഷ്ടപ്പെടുന്നവനാണ്‌ നിങ്ങളുടെ സുഹൃത്ത്‌.'
7. സഹായിക്കുവാനുള്ള സന്മനസ്സ്‌
അവശ്യഘട്ടങ്ങളിൽ സഹായിക്കുവാൻ സന്മനസ്സ്‌ കാണിക്കാത്ത ചങ്ങാതി ഒരിക്കലും ആത്മാർത്ഥതയുള്ള ഒരു സുഹൃത്തായിരിക്കില്ല.  അയാളിൽ നിന്നും നിങ്ങൾക്ക്‌ യാതൊരു പ്രയോജനവും ലഭിക്കുകയില്ല. ആ ബന്ധം നിലനിൽക്കുകയുമില്ല. ആപത്ഘട്ടങ്ങളിൽ സുഹൃത്തിനെ സഹായിക്കേണ്ടത്‌ നിങ്ങളുടെ കടമയാണ്‌.
8. അംഗീകരിക്കാനുള്ള മനസ്സ്‌
നിങ്ങളെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും വൈമനസ്യം കാണിക്കുന്ന കൂട്ടുകാർ യഥാർത്ഥത്തിൽ നല്ല കൂട്ടുകാരാവാനിടയില്ല. അവർ നിങ്ങളോട്‌ അസൂയ പുലർത്തുന്നവരാവാനേ തരമുള്ളു. നിങ്ങളുടെ വളർച്ചയിലും ഉയർച്ചയിലും സന്തോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അവർക്കാവില്ല.
9. തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടാനുള്ള ധീരത
'ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട', എന്നാണല്ലോ ചൊല്ല്‌. നിങ്ങളുടെ യഥാർത്ഥ സ്നേഹിതൻ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഗുണദോഷങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു ദർപ്പണമാണ്‌. നിങ്ങളെ എപ്പോഴും പുകഴ്ത്തുകയും പ്രീതിപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തി ഒരിക്കലും നല്ല സുഹൃത്താവാനിടയില്ല. നിങ്ങളുടെ തെറ്റുകളും മഠയത്തരങ്ങളും പോരായ്മകളും, ദുശ്ശീലങ്ങളും ഒക്കെ വേണ്ട സമയത്ത്‌ ക്രിയാത്മകമായി ചൂണ്ടിക്കാട്ടുകയും വിമർശിക്കുകയും അവയിൽ നിന്ന്‌ മോചനം നേടുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവനാണ്‌ യഥാർത്ഥ ചങ്ങാതി. നിങ്ങളുടെ പ്രീതിയല്ല, നന്മയായിരിക്കണം സുഹൃത്തിന്റെ ലക്ഷ്യം.
10. ക്ഷമിക്കാനുള്ള മനസ്സ്‌
നിങ്ങളുടെ ഭാഗത്തുനിന്ന്‌ എന്തെങ്കിലും തെറ്റുകളും വീഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിൽ, അവയൊക്കെ യഥാസമയം ക്ഷമിക്കാനും മറക്കാനുമുള്ള ശേഷിയുള്ളവനാണ്‌. യഥാർത്ഥ സുഹൃത്ത്‌. അതിനുകഴിയാത്ത സാഹചര്യത്തിൽ ആ സൗഹൃദം നിലനിൽക്കുകയില്ല എന്ന്‌ അനുഭവങ്ങൾ വ്യക്തമാക്കുന്നു.
11. ശ്രദ്ധാപൂർവ്വം കേൾക്കുവാനുള്ള ശേഷി
ഏതു സൗഹൃദബന്ധത്തിന്റെയും അനിവാര്യമായ ഒരു ഘടകമാണ്‌ ശ്രദ്ധാപൂർവ്വം കേൾക്കുവാനുള്ള ശേഷി. നിങ്ങൾ പറയുന്നത്‌ കേൾക്കുവാൻ തയ്യാറാവാത്ത വ്യക്തികളെ നിങ്ങൾക്കിഷ്ടപ്പെടുവാൻ കഴിയുകയില്ല എന്നതാണു പരമാർത്ഥം. ണല്ലോരു സുഹൃത്താകുവാൻ ണല്ലോരു കേൾവിക്കാരനാവുകയാണ്‌ ആദ്യം വേണ്ടത്‌.
12. നർമ്മബോധം
അരസികനായ ഒരു ചങ്ങാതിയെ ഏറെ നാൾ ഇഷ്ടപ്പെടുവാൻ ആർക്കും തന്നെ കഴിയുകയില്ല. എപ്പോഴും തമാശകൾ പറയുകയും ചിരിക്കുകയും ചിരിപ്പിക്കുകയും ഒക്കെ ചെയ്യുന്ന കൂട്ടുകാരെയാണ്‌ ഏവർക്കും ഇഷ്ടം. സുഹൃത്തുമൊത്തുള്ള നിമിഷങ്ങൾ നർമ്മ മധുരവും ആഹ്ലാദകരവുമായിത്തീരുമ്പോൾ ആബന്ധം ഏറെ ദൃഢതയുള്ളതായി പരിണമിക്കുന്നു.
മുകളിൽ വിവരിച്ച ഈ ഘടകങ്ങളെല്ലാം നിങ്ങളുടെ സുഹൃത്‌ ബന്ധങ്ങളിൽ അടങ്ങിയിട്ടുണ്ടോ എന്ന്‌ പരിശോധിക്കുക. ഇല്ലായെങ്കിൽ അവയെല്ലാം ഉൾക്കൊള്ളുവാൻ ബോധപൂർവ്വം പരിശ്രമിക്കുക. അതനുസരിച്ചു പെരുമാറുക. അപ്പോൾ തീർച്ചയായും നിങ്ങൾക്കൊരുത്തമസുഹൃത്തായിത്തീരുവാൻ കഴിയും.
സുഹൃത്ബന്ധങ്ങൾ സുദൃഢമാക്കാൻ
സുഹൃത്ബന്ധങ്ങൾ ക്ലാവ്‌ പിടിച്ച ഒരു ഓട്ടു പാത്രംപോലെയാണ്‌. അവ ഇടയ്ക്കിടയ്ക്ക്‌ പോളീഷ്‌ ചെയ്തുകൊണ്ടിരുന്നെങ്കിൽ മാത്രമേ തിളക്കമാർജ്ജിക്കുകയുള്ളു. അതുകൊണ്ട്‌ പഴയ ബന്ധങ്ങൾ നിങ്ങൾതന്നെ മുൻകൈയെടുത്ത്‌ പുതുക്കേണ്ടിയിരിക്കുന്നു. ഇടയ്ക്കൊക്കെ പഴയകൂട്ടുകാരുമായി ടെലഫോണിലോ, കത്തുകളിലൂടെയോ ഈമെയിലിലൂടെയോ, ബന്ധപ്പെടുക. അത്യാവശ്യ സമയങ്ങളിൽ സ്നേഹിതന്റെ സമീപമെത്തുക, കത്തുകൾക്കും സന്ദേശങ്ങൾക്കും കൃത്യമായ സമയത്തുതന്നെ മറുപടി നൽകുക, സ്നേഹിതന്റെ വിജയത്തിൽ ആത്മാർത്ഥമായി ആഹ്ലാദിക്കുകയും യഥാ സമയം അനുമോദിക്കുകയും ചെയ്യുക, ഇടയ്ക്കിടയ്ക്ക്‌ കൂടിക്കാണുക, ജന്മദിനങ്ങൾ ഓർത്തിരിക്കുകയും, ആശംസകൾ അയക്കുകയും ചെയ്യുക, ക്രിസ്തുമസ്‌, ഫെസ്റ്റിവെൽ കാർഡുകൾ അയക്കുക, മൊബെയിൽ സന്ദേശങ്ങൾ അയക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി ശീലിച്ചാൽ നിങ്ങൾക്ക്‌ സുദൃഢമായ സൗഹൃദബന്ധങ്ങൾ നിലനിർത്തുവാൻ കഴിയും. അതു നിങ്ങളുടെ  ജീവിതത്തെ സന്തുഷ്ടവും സമ്പുഷ്ടവുമാക്കിത്തീർക്കുകയും ചെയ്യും.
ലോകപ്രശസ്ത മാനേജ്‌മന്റ്‌ ഗുരു ആയിരുന്ന ലീ ഇയാക്കോക്ക (Lee Iacocca) ഒരിക്കൽ പറഞ്ഞു;'എന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു, നിങ്ങൾ മരിക്കുമ്പോൾ നിങ്ങൾക്ക്‌ അഞ്ച്‌ യഥാർത്ഥ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നിങ്ങൾക്കൊരു മഹത്തായ ജീവിതം ഉണ്ടായിരുന്നു എന്ന്‌.'
ആധുനിക ജീവിതത്തിന്റെ തിരക്കിനിടയിൽ സുഹൃത്‌ ബന്ധങ്ങളുടെ മഹത്വം നാം മറന്നു പോകാതിരിക്കണം. 'ഒരു യഥാർത്ഥ സുഹൃത്തിനെ രണ്ടു കയ്യും ചേർത്തുപിടിക്കുക' എന്ന നൈജീരിയൻ പഴമൊഴി നമുക്ക്‌ ഓർക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...