മുതയിൽ അബ്ദുള്ള
കൽപിത കൂടാരത്തിൽ വിഹരിക്കുന്ന അയാൾ ഈയിടെയായി പതിവ് രീതി തെറ്റിച്ചാണ് ഓഫീസിലെത്താറ്. അന്നും അയാൾ നേരത്തെ എത്തിയതിൽ സഹപ്രവർത്തകർക്ക് അരിശവും അതിശയവും കൂടി. അവർ അത് പ്രകടിപ്പിച്ചു.
"നീ എന്താ സർക്കാരിനെ സേവിച്ച് നല്ല ജീവനക്കാരനാകുകയാണോ?"
"നമ്മളെയൊക്കെ വെറുപ്പിച്ച് എത്രനാൾ തുടരാനാകുമെന്ന് നോക്കാമല്ലോ...!"
നിരീക്ഷണബുദ്ധിയിൽ സമർത്ഥനായ സഹപ്രവർത്തകൻ കളിയാക്കി.
"ഏയ്...ഏതെങ്കിലും പെണ്ണിന്റെ കാന്തിക വലയത്തിൽ കുടുങ്ങിക്കാണും...!"
"ഒന്ന് പോടാ...!"
ഫയലിൽ പൂഴ്ത്തിയ മുഖത്ത് ചുവന്നവാകപ്പൂക്കൾ വിരിഞ്ഞു. കണ്ണുകളിൽ മോഹം കത്തി. നനവാർന്ന ചുണ്ട് വിറകൊണ്ടു.
വർണ്ണച്ചിറകുള്ള ശലഭമായി പറന്നെത്തി അയാളൊടൊട്ടി അവളും ഫയലിൽ ഇഴഞ്ഞു. സഹപ്രവർത്തകന്റെ നിരീക്ഷണം തെറ്റിയില്ലെങ്കിലും അവളെകാത്ത് നിന്ന അയാളെ എതിരേറ്റത് വിചിത്രസംഭവമാണ്.
ബസ്സ് സ്റ്റോപ്പ് ശൂന്യമായതിൽ നിരാശനായ അയാൾ ചുറ്റും പരതി. അകലെ ആൾക്കൂട്ടം. ബൈക്കിൽ നിന്നിറങ്ങി ആൾക്കൂട്ടത്തെ തുരന്ന് അകത്തുകടന്നു.
വായിൽ നിന്ന് രക്തം ഇറ്റുന്ന അവൾ കവിളിൽ കൈപ്പത്തിയമർത്തി വിലപിക്കുന്നു.
"മറ്റു പെണ്ണുങ്ങളോടൊപ്പം ചുറ്റിത്തിരിയുന്നത് ഇങ്ങേര്...കുറ്റവും ശിക്ഷയും എനിക്ക്...എത്ര നാളിത് സഹിക്കും...!"
അയാൾക്കായി ദൈവം അയാളുടെ വാരിയെല്ലൂരി അവളെ സൃഷ്ടിച്ചതാണെന്ന അവകാശത്തിൽ അക്രമിക്ക് നേരെ പാഞ്ഞു. അടുത്ത് നിന്നയാൾ തടഞ്ഞു.
"വേണ്ട...അതവരുടെ കുടുംബപ്രശ്നമാണ്. ഇടപെട്ടാൽ നാറും. വെറുതെ കുഴപ്പത്തിന് നിൽക്കണ്ട. പോലീസിനെ അറിയിച്ചിട്ടുണ്ട്. അവരെത്തി തീരുമാനമുണ്ടാക്കും...!"
അയാൾ ക്ഷമ തിന്ന്. പിറകെ പോലീസെത്തി ഇരുവരേയും ജീപ്പ്പിൽ കയറ്റിപോയി.
ദൃഷ്ടി ശൂന്യമാകുംവരെ നിന്ന് വിറകൊണ്ടു. ഫയലിലും, ഊണിലും ഉറക്കത്തിലും, വായിൽ നിന്ന് രക്തമിറ്റി വിലപിക്കുന്ന അവളുടെ ചിത്രമായി.
അവളെ മോചിപ്പിച്ച് തന്റേതാക്കണമെന്ന മോഹത്തിൽ പലവട്ടം സ്റ്റേഷനിൽ തേടിയെത്തി. കണ്ടെത്താനാകാതെ വീട് തേടി ഇറങ്ങുമ്പോഴാണ് സ്റ്റോപ്പിലേക്കവൾ നടന്നടുക്കുന്നത് കണ്ടത്.
അടുത്തെത്തി ബൈക്ക് നിർത്തി പറഞ്ഞു.
"ഈ വഴിക്ക് ഇപ്പോൾ ബസ്സില്ല. റോഡ് പണി നടക്കുന്നതിനാൽ വേറെ വഴിക്കാ പോകുന്നത്.
......കയറിക്കോ...!
മടിച്ച് നിന്ന അവളെ ബോധ്യപ്പെടുത്തി.
"എന്റെ അവകാശമാണെന്ന് കൂട്ടിക്കോളൂ. നിന്റേയും...കയറിക്കോളൂ...മടിക്
അവൾ ബൈക്കിൽ കയറി. കുതിക്കുമ്പോൾ പറഞ്ഞു.
"പിടിച്ചിരുന്നോളൂ...!"
അവൾ മൗനിയായപ്പോൾ അയാൾ വാചാലനായി. അയാളുടെ അഭിലാഷങ്ങൾക്കും പ്രതീക്ഷകൾക്കുമെല്ലാം മൂളലിലൂടെയും പൊട്ടിച്ചിരിയിലൂടെയും അവൾ മറുപടി നൽകി. ബൈക്ക് വളവ് തിരിയുമ്പോൾ അവൾ പറഞ്ഞു. "ജീവിതത്തെ വിശ്വസിക്കാൻ കൊള്ളില്ല... എപ്പോഴാണ് നമ്മളെ ഉപേക്ഷിച്ച് മരണത്തിന്റെ കിടക്കപങ്കിടുന്നതെന്നാർക്കറിയാ
ജീവിച്ച് കൊതി തീർന്നില്ല. ആവോളം ഇനിയും ആസ്വദിക്കണം.... ഈ നഗരം മുഴവനും ചുറ്റിക്കറങ്ങിയാലോ...!"
"ആകാമല്ലോ...!"
അയാൾക്ക് സന്തോഷമായി.
റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കെ വിലാപയാത്രയുടെ വരവായി. വിലാപയാത്ര അവസാനിക്കാൻ അയാൾ കാത്തുനിന്നു.
"നീ എന്നെ കിടക്കറയിലേക്ക് വലിച്ചിടുമ്പോൾ എത്രാമത്തെവാരിയെല്ലാകും ഞാൻ !"
അപ്രതീക്ഷിത ചോദ്യം അയാളുടെ ഉള്ളിൽ മിന്നലുണ്ടാക്കി.
"ഏയ്...."
പെട്ടെന്ന് നിഷേധിച്ച അയാൾ, അവളുടെ വാക്കുകളോടൊപ്പം നൊമ്പരവും അകമ്പടിയുണ്ടെന്നറിഞ്ഞ് തിരിഞ്ഞ് നോക്കി.
ബൈക്കിന്റെ പിൻസീറ്റ് ശൂന്യമായത് കണ്ട് ഞെട്ടി.
ബൈബിൾ വചനങ്ങളും, ഒപ്പീസും ഉരുവിട്ട് വിലാപയാത്ര അന്നേരമടുത്തെത്തി. ശവവണ്ടിയിൽ ശുഭ്രവസ്ത്രമണിഞ്ഞ് മലർക്കിരീടം ചൂടി അവൾ. മുഖപ്പോറലുള്ള അവൾ അയാളെ നോക്കി ചുണ്ടുകൾ ചലിപ്പിക്കുന്നു.
സ്വപ്നവും യാഥാർത്ഥ്യവും അരിച്ചെടുക്കാനാകാതെ തരിച്ച് നിന്നു.