21 Aug 2015

അനിരുദ്ധൻ ചേട്ടൻ


സുനിൽ എം എസ്

അനിരുദ്ധൻ ചേട്ടൻ മരിച്ചു.

ബസ്റ്റോപ്പിൽ പഞ്ചായത്തു സ്ഥാപിച്ചിരിയ്ക്കുന്ന നോട്ടീസ് ബോർഡിൽ ചോക്കു കൊണ്ടെഴുതി വച്ചിരിയ്ക്കുന്നു. ഇന്നലെ രാത്രി മരണം നടന്നിരിയ്ക്കുന്നു. ഇന്നു കാലത്തെട്ടുമണിയ്ക്കു ശവസംസ്കാരം.

കുളക്കടവു ജങ്ഷനിൽ മിൽമപ്പാലു വാങ്ങാൻ രാവിലെ വന്നതായിരുന്നു ഞാൻ.

ബോർഡിൽ, വാർത്തയുടെ ചുവട്ടിൽ വളരെച്ചെറിയൊരു ഫോട്ടോയും പതിച്ചിട്ടുണ്ട്. ഫോട്ടോ അടുത്തു നിന്നു കാണാൻ വേണ്ടി ഞാൻ റോഡു ക്രോസ്സു ചെയ്ത് ബോർഡിനടുത്തേയ്ക്കു ചെന്നു.

ഫോട്ടോ അനിരുദ്ധൻ ചേട്ടന്റേതു തന്നെ. സംശയമില്ല. പക്ഷേ, പത്തുപന്ത്രണ്ടു കൊല്ലം മുമ്പെടുത്തതായിരിയ്ക്കണം. തിരിച്ചറിയൽക്കാർഡിൽ നിന്നുള്ളതാകാനാണു വഴി.

അനിരുദ്ധൻ ചേട്ടന്റെ ഇന്നുള്ള, അല്ലെങ്കിൽ ഇന്നലെവരെയുണ്ടായിരുന്ന രൂപത്തിന് ഈ ഫോട്ടോയുമായി യാതൊരു സാമ്യവുമില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ആളത്രത്തോളം മാറിപ്പോയിട്ടുണ്ട്.

എന്റെ ബാല്യം മുതൽ ഞാൻ കാണുന്നതാണ് അനിരുദ്ധൻ ചേട്ടനെ. നടുവിൽ വകഞ്ഞ്, ഇരുവശത്തേയ്ക്കും ചീകിവച്ച ചുരുണ്ട മുടി. പഴയ ഏതോ സിനിമയിൽ പ്രേംനസീർ അത്തരത്തിൽ മുടി ചീകിവച്ചിരുന്നതു ഞാനോർക്കുന്നു. ഒരു പക്ഷേ, പ്രേംനസീറിനെക്കണ്ടാവാം, അനിരുദ്ധൻ ചേട്ടൻ അങ്ങനെ ചീകിയിരുന്നത്.

ആ മുടി മുഴുവനും പോയിട്ടുണ്ടാകണം. അവസാനമായി കണ്ടപ്പോൾ, ഒരു തോർത്തുകൊണ്ടു തല മൂടിക്കെട്ടിയിരുന്നു. കഴുത്തിലും ഒരു തോർത്തു ചുറ്റിക്കെട്ടിയിരുന്നു. തൊണ്ടയിലായിരുന്നല്ലോ ക്യാൻസർ.

ഞങ്ങളുടെ നാട്ടിൽ മതിലുകളില്ലാതിരുന്നൊരു കാലമുണ്ടായിരുന്നു. അക്കാലത്ത്, ഞങ്ങളുടേതുൾപ്പെടെയുള്ള ചില പുരയിടങ്ങളിലൂടെ കയറിനടന്നാൽ, പടിഞ്ഞാറു ഭാഗത്തെ പല നിവാസികൾക്കും കുളക്കടവു ബസ്റ്റോപ്പിലേയ്ക്ക് എളുപ്പമെത്താമായിരുന്നു. അനിരുദ്ധൻ ചേട്ടനങ്ങനെ ഞങ്ങളുടെ മുറ്റത്തുകൂടി നടന്നുപോകാറുണ്ടായിരുന്നു.

വരാന്തയിൽ അമ്മയിരുന്നു വായിയ്ക്കാറുണ്ടായിരുന്ന കാലത്ത്, കണ്ടയുടനെ അമ്മ ചോദിയ്ക്കുമായിരുന്നു, “ങാ, എന്താ അനിരുദ്ധാ?”

ദവിടിത്തിരി പണീണ്ട് ചേച്ച്യേ. അതൊന്നു ചെയ്തുകൊടുത്തേയ്ക്കാന്നു കരുതി” എന്നു വിനയത്തോടെ പറഞ്ഞുകൊണ്ട് അനിരുദ്ധൻ ചേട്ടൻ നടന്നു പോകും. അമ്മയ്ക്ക് തൃപ്തിയുള്ള ചുരുക്കം ചിലരിലൊരാളായിരുന്നു, അനിരുദ്ധൻ ചേട്ടൻ. “ഉത്തരവാദിത്വമുള്ളോനാ, അനിരുദ്ധൻ,” അമ്മ പറയാറുണ്ടായിരുന്നു.

ഒരിയ്ക്കൽ അനിരുദ്ധൻ ചേട്ടൻ യുവാവായിരിയ്ക്കെ, വള്ളമൂന്നിക്കൊണ്ടിരുന്ന അച്ഛൻ കാൽ വഴുതി വള്ളത്തിന്റെ വക്കിൽ തലയടിച്ചു വീണു. അങ്ങേത്തലയ്ക്കൽ അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നതുകൊണ്ടു രക്ഷപ്പെട്ടു. വള്ളം ഉടനൊരു കടവിലടുപ്പിച്ച്, ചോരയൊലിപ്പിച്ചു കിടന്നിരുന്ന അച്ഛനെ മകൻ കൈകളിലെടുത്ത്, അടുത്തുണ്ടായിരുന്നൊരു വൈദ്യരുടെ അടുത്തു കൊണ്ടുപോയി മരുന്നു വയ്പിച്ചു. അവിടുന്നൊരു ഉന്തുവണ്ടിയിൽ പായ് വിരിച്ചു കിടത്തി, അല്പമകലെയുള്ള ആശുപത്രിയിലെത്തിച്ചു. അച്ഛനെ കൈകളിലെടുത്ത് അനിരുദ്ധൻ ചേട്ടൻ നടന്നുപോയതിനു സാക്ഷ്യം വഹിച്ചവർ പലരുമുണ്ട്.

പണ്ട് അനിരുദ്ധൻ ചേട്ടന് നല്ല ആരോഗ്യമുണ്ടായിരുന്നെന്നു വിശ്വസിയ്ക്കാനിന്നു ബുദ്ധിമുട്ടുണ്ട്. അത്രയ്ക്കധികം ക്ഷീണിച്ചുപോയിട്ടുണ്ടിപ്പോൾ. പണിക്കുറവും സാമ്പത്തികഞെരുക്കവും മൂലം ക്ഷീണിച്ചുപോയതായിരിയ്ക്കണം. അച്ഛനമ്മമാർ രണ്ടു പേരും രോഗഗ്രസ്തരായതായിരിയ്ക്കാം സാമ്പത്തികഞെരുക്കത്തിനിടയാക്കിയത്.

മുറ്റത്തുകൂടി നടന്നു പോകുമ്പോൾ ആരേയും ഉമ്മറത്തു കണ്ടില്ലെങ്കിൽ അനിരുദ്ധൻ ചേട്ടൻ വിളിയ്ക്കും, “മോനേ, എടാ...

എന്നെയുദ്ദേശിച്ചുള്ളതാണാ വിളി. ഞാൻ പിൻ‌വശത്തുണ്ടെങ്കിൽ ചേട്ടാ, എവിടേയ്ക്കാഎന്നു ചോദിച്ചുകൊണ്ടു മുൻ‌വശത്തേയ്ക്കു ചെല്ലും.

ഒന്നവ് ടം വരെപ്പോണം. മോനേ, നീ നല്ലോണം പടിയ്ക്കണില്ലേടാ?” അതു ഞാൻ കോളേജിൽ പഠിയ്ക്കുമ്പോളുള്ള ചോദ്യമായിരുന്നു. എനിയ്ക്കു ജോലി കിട്ടിയതിൽപ്പിന്നെ, “മോനേ, എടാ, നീ ആപ്പീസിലൊക്കെപ്പോണില്ലേ?” എന്നായി ചോദ്യം.

എന്റെ ജോലിയെപ്പറ്റി എനിയ്ക്കുള്ളതിനേക്കാളേറെ വേവലാതി അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നു. അനിരുദ്ധൻ ചേട്ടന്റെ മകൻ അനിൽ വയനാട്ടിലുണ്ടായിരുന്ന ജോലി കളഞ്ഞു മടങ്ങിവന്നതു മുതലാണ് ആ വേവലാതി തുടങ്ങിയത്. എന്നോടു മാത്രമല്ല, ജോലിയുള്ളവരോടൊക്കെ അനിരുദ്ധൻ ചേട്ടൻ പറയുമായിരുന്നു, “ജോലി കളയല്ലേട്ടാ...

ജോലി കളഞ്ഞതിന് അനിലിനെ ഞാൻ കുറ്റം പറയില്ല. അനിലിന്റെ വയനാട്ടിലെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ശമ്പളം കിട്ടിയിരുന്നെങ്കിലും, രോഗമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. വയനാട്ടിൽ നിന്നുള്ള വരവും പോക്കും ദുർഘടം പിടിച്ചതുമായിരുന്നു. രണ്ടു കൊല്ലത്തിനിടയിൽ അര ഡസനിലേറെത്തവണ സുഖക്കേടുകളുമായി വരേണ്ടി വന്നു. പനിയൊരിയ്ക്കൽ ഗുരുതരമായി. സർക്കാരാശുപത്രിയിൽ രണ്ടാഴ്ചയോളം കിടക്കേണ്ടതായി വന്നു. രോഗം മാറിയ ശേഷവും ക്ഷീണമുണ്ടായി. അതോടെ വയനാട്ടിലേയ്ക്കിനി പോകേണ്ടെന്നു വച്ചു.

അനിരുദ്ധൻ ചേട്ടന്റെ വേവലാതി അന്നു തുടങ്ങി.

പക്ഷേ, അനിൽ മടി പിടിച്ചിരുന്നൊന്നുമില്ല. അച്ഛനെപ്പോലെ തന്നെ, നാട്ടിൽ കിട്ടിയ പണികളെല്ലാം ചെയ്തു. ഇപ്പോഴും ചെയ്യുന്നു. മേയ്ക്കാട്ടു പണിയാണു കൂടുതലും. അനിലിന് ഇടയ്ക്കു പണിയില്ലാതെ വരുമ്പോൾ അനിരുദ്ധൻ ചേട്ടൻ പറയും: ഹൊ! അവനാ ജോലി കളയാതിരുന്നെങ്കിൽ!

കാലം ചെന്നപ്പോൾ, നാട്ടിൽ മതിലുകളുയർന്നു. പുരയിടങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധം ഏതാണ്ടില്ലാതായി. ഇടവഴികൾ റോഡുകളായി. അവയിൽക്കൂടിയായി മിക്കവരുടേയും വരവും പോക്കും. എന്റെ മുറ്റത്തുകൂടിയുണ്ടായിരുന്ന അനിരുദ്ധൻ ചേട്ടന്റെ നടപ്പു നിന്നു. കുളക്കടവു കവലയിൽ വച്ചു വല്ലപ്പോഴും കണ്ടെങ്കിലായി. കാണുമ്പോഴെല്ലാം അനിരുദ്ധൻ ചേട്ടൻ സ്നേഹത്തോടെ എന്തെങ്കിലുമൊക്കെ ചോദിയ്ക്കും.

ചിലരെ കാണുന്നതും അവരോടു സംസാരിക്കുന്നതും അനിർവ്വചനീയമായ സുഖം തരുന്നു. ചുരുക്കം ചിലരേയുള്ളു, അത്തരക്കാരായി. അനിരുദ്ധൻ ചേട്ടൻ അക്കൂട്ടത്തിലൊരാളായിരുന്നു. അതെന്തുകൊണ്ടെന്നു ചോദിച്ചാൽ കൃത്യമായൊരുത്തരം തരാനില്ല. എനിയ്ക്ക് അനിരുദ്ധൻ ചേട്ടന്റെ സഹായം ഒരിയ്ക്കലും തേടേണ്ടി വന്നിട്ടില്ല. എന്റെ സഹായം അനിരുദ്ധൻ ചേട്ടനൊട്ടാവശ്യപ്പെട്ടിട്ടുമില്ല. പരസ്പരം സഹായിയ്ക്കേണ്ടി വന്നിട്ടില്ലെങ്കിലും, ഇരുവരും അതിനു തയ്യാറായിരുന്നെന്ന കാര്യത്തിൽ എനിയ്ക്കു യാതൊരു സംശയവുമില്ല.

ഒരു ദിവസം കിഴക്കേലെ ശിവൻ സംഭാഷണമദ്ധ്യേ പറഞ്ഞു, “ചേട്ടൻ അനിരുദ്ധൻ ചേട്ടനെ അറിയോ? മേയ്ക്കാട്ടു പണി അനിലിന്റെ അച്ഛൻ? കല്പണിക്കാരൻ തങ്കച്ചന്റെ വീടിന്റെ അപ്രത്തെ?”

പിന്നേ! അനിരുദ്ധൻ ചേട്ടനെ പണ്ടേ മുതലറിയാം. ഇടയ്ക്കിടെ മുറ്റത്തൂടെ പോകാറുണ്ടായിരുന്നു. ഇപ്പൊ കൊറച്ചുകാലായി കണ്ടിട്ട്. എന്തേ, ചോദിയ്ക്കാൻ?”

മൂപ്പര്ക്ക് ക്യാൻസറാ.

ചിലരുടെ രോഗവിവരങ്ങൾ കേട്ട്, “അയ്യോ, കഷ്ടമായിപ്പോയിഎന്നു നാം പറഞ്ഞാലും, വലുതായ വിഷാദം മനസ്സിലുണ്ടാകാറില്ല. എന്നാൽ, ശിവൻ അനിരുദ്ധൻ ചേട്ടന്റെ കാര്യം പറഞ്ഞതു കേട്ട് എനിയ്ക്കു വിഷമമുണ്ടായി.

അന്നു വൈകീട്ട്, ഓഫീസിൽ നിന്നു വന്നയുടനെ ഞാൻ അനിരുദ്ധൻ ചേട്ടന്റെ വീട്ടിലേയ്ക്കു ചെന്നു. ഓടിട്ട, ചെറിയൊരു വീട്. അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നില്ല. അച്ചനേം കൊണ്ട് ചേട്ടൻ പോയിരിയ്ക്ക്യേണ്”: അനിലിന്റെ ഭാര്യ ജാനകി പറഞ്ഞു. നാലഞ്ചീസം കഴിയേരിക്കും വരാ‍ൻ.

ചികിത്സയ്ക്കായി അച്ഛനെ അനിൽ എവിടേയ്ക്കോ കൊണ്ടുപോയതായിരുന്നു. അനിലും അനിരുദ്ധൻ ചേട്ടനും മടങ്ങിവരുന്നതിനു മുമ്പ് എനിയ്ക്കു കോഴിക്കോട്ടേയ്ക്കു പോകേണ്ടി വന്നു. തുടർന്നുള്ള കുറേനാൾ ഞാൻ പ്രായേണ കോഴിക്കോട്ടു തന്നെയായിരുന്നു.

ഇടയിലൊരിയ്ക്കൽ രണ്ടു ദിവസത്തെ ലീവിനു വന്നിരിയ്ക്കെ, കുളക്കടവു ജങ്ഷനിൽ വച്ചു ഞാൻ യാദൃച്ഛികമായി അനിരുദ്ധൻ ചേട്ടനെക്കണ്ടു. തലയിലും കഴുത്തിലും കെട്ട്. കെട്ടുകൾക്കിടയിലൂടെ കാണുന്ന മുഖഭാഗത്തിനു പഴയ ഛായ തീരെയില്ല. കവിളെല്ലുകളുന്തി, കണ്ണുകൾ കുഴിഞ്ഞ്...ആൾ പകുതിയായിപ്പോയിരിയ്ക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരം. മെലിഞ്ഞുണങ്ങിയ കൈകാലുകൾ. കണ്ണിൽ പീള.

ആദ്യം ഞാനാളെ തിരിച്ചറിഞ്ഞില്ല. ഏതാനും മിനിറ്റു കഴിഞ്ഞപ്പോൾ, ഒരു മിന്നലു പോലെ, ഒരു നടുക്കത്തോടെ, എന്റെ ഉള്ളിലൊരു ചോദ്യമുയർന്നു: അനിരുദ്ധൻ ചേട്ടനല്ലേയിത്!

ഞാനടുത്തേയ്ക്കു ചെന്നു. അനിരുദ്ധൻ ചേട്ടനല്ലേ?” ശങ്കയോടെ ചോദിച്ചു.

എന്നെ തിരിച്ചറിയാൻ അനിരുദ്ധൻ ചേട്ടന് ഒരു പ്രയാസവുമുണ്ടായില്ല. കോഴിക്കോട്ട് ന്ന് പോന്നാ, മോനേ?” ഇടറിയ, തളർന്ന സ്വരം. രോഗം മൂലമായിരിയ്ക്കണം. എങ്കിലും ചുണ്ടുകളകന്നു. ചിരിയ്ക്കാനുള്ള ശ്രമം. മുൻ നിരയിലെ പല്ലുകൾ മിക്കതും പോയിരിയ്ക്കുന്നു. നോക്കാനാകാത്ത വിധം വിരൂപമായിരിയ്ക്കുന്ന മുഖം.

എന്തൊരു മാറ്റം!

ഞാൻ തിരിഞ്ഞു നിന്ന്, പോക്കറ്റിലുണ്ടായിരുന്ന വലിയ നോട്ടുകളെല്ലാമെടുത്തു മടക്കിപ്പിടിച്ച്, ആരും കാണാതെ, അനിരുദ്ധൻ ചേട്ടന്റെ ഷർട്ടിന്റെ പോക്കറ്റിൽത്തിരുകി. തോളത്തു മൃദുവായി തടവി. പഴകിദ്രവിച്ച ഷർട്ടിനടിയിൽ ഉന്തിനിന്നിരുന്ന തോളെല്ലു വിരലിൽത്തടഞ്ഞു.

മോനേ, എടാ, നീ കാശൊന്നും കളയല്ലേഅനിരുദ്ധൻ ചേട്ടൻ കിതച്ചുകൊണ്ട്, മെല്ലെ പറഞ്ഞു. അനിരുദ്ധൻ ചേട്ടൻ നോട്ടുകളെടുത്തു തിരികെത്തന്നുകളയുമോ എന്നു ഞാൻ ഭയപ്പെട്ടു. അനിരുദ്ധൻ ചേട്ടന്റെ പോക്കറ്റു ഞാൻ പതുക്കെ അമർത്തിപ്പിടിച്ചു. നോട്ടുകൾ അതിൽത്തന്നെ ഭദ്രമായിരിയ്ക്കട്ടെ.

അധികം സംസാരിയ്ക്കാവുന്ന സ്ഥിതിയിലായിരുന്നില്ല അനിരുദ്ധൻ ചേട്ടൻ. കാര്യമായെന്തെങ്കിലുമൊക്കെ സംസാരിയ്ക്കാൻ എനിയ്ക്കുമായില്ല. ഞങ്ങൾ പരസ്പരം നോക്കി നിന്നു.

പഴയ കാലങ്ങളെപ്പറ്റി ഞാനോർത്തുകൊണ്ടിരിയ്ക്കെ ഒരോട്ടോ മുന്നിൽ വന്നു നിന്നു. അതിൽ നിന്ന് അനിലിന്റെ ഭാര്യ, ജാനകി, ഇറങ്ങിവന്നു. അനിരുദ്ധൻ ചേട്ടനെ മെല്ലെ ഓട്ടോയിൽ കയറ്റുന്നതിനിടയിൽ ജാനകി തിരിഞ്ഞെന്നോടു പറഞ്ഞു, “കവല വരെ നടന്ന് നാട്ടിലെ കാറ്റിത്തിരി കൊള്ളട്ടേന്നും പറഞ്ഞ് പോന്നതാ, അച്ചൻ. പതുക്കെപ്പൊക്കോ, ഇത്തിരി കഴിഞ്ഞ് ഓട്ടോനു വന്ന് കൊണ്ടന്നോളാന്നു ഞാൻ പറഞ്ഞിരുന്നു. ചേട്ടൻ പണിക്ക് പോയിട്ട് വന്നട്ടില്ല.

മോനേ, പോട്ടേടാ?” ഓട്ടോയിലിരുന്ന ശേഷം അനിരുദ്ധൻ ചേട്ടൻ എന്നോടു ചോദിച്ചു. ബീഭത്സമായ ആ രൂപത്തെ ഞാൻ നോക്കി നിന്നു.

പാവങ്ങളെ ദൈവം തമ്പുരാൻ എന്തിനിങ്ങനെ കഷ്ടപ്പെടുത്തുന്നു!

പരിതാപകരമായ അവസ്ഥയിലായിരുന്നിട്ടും അനിരുദ്ധൻ ചേട്ടന് ആവലാതികളും പരിഭവങ്ങളുമൊന്നുമുണ്ടായിരുന്നില്ല. രോഗജന്യമായ വൈരൂപ്യത്തിനിടയിലും നൈമിഷികമായെങ്കിലും പ്രസന്നഭാവമുണ്ടായിരുന്നു താനും. അതിൽ ‘ഇതൊന്നും സാരമില്ല മോനേ’ എന്ന പരോക്ഷമായ ഒരാശ്വസിപ്പിയ്ക്കൽ അടങ്ങിയിരുന്നു.

ഓർത്തപ്പോളെന്റെ കണ്ണു നനഞ്ഞു.

ഞങ്ങളുടെ നാട്ടിലൊരു പരസ്പരസഹായസംഘമുണ്ട്. കുറേപ്പേർ ചെറിയ തുകവീതമെടുത്തു തുടങ്ങിയ ഒരു സഹകരണപ്രസ്ഥാനം. കടം കൊടുക്കലാണ് അവരുടെ മുഖ്യ തൊഴിൽ. ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെയുള്ള ലോണുകളാണ് അവർ കൊടുക്കാറ്. ബാങ്കുകൾ ഇത്ര ചെറിയ ലോണുകൾ കൊടുക്കുകയില്ലല്ലോ. സംഘം ചെറു കടങ്ങൾ കൊടുക്കുക മാത്രമല്ല, കൊടുത്ത കടങ്ങളെല്ലാം ആളെവിട്ട് ദിവസേന ചെറിയ തുക വീതം പിരിച്ചെടുക്കുകയും ചെയ്യും. കമ്മീഷനടിസ്ഥാനത്തിൽ പിരിവു നടത്താനായി അവിടെ ഏതാനും വനിതകളുമുണ്ട്.

ചെറുലോണുകളെടുക്കാൻ ആളുകൾ ധാരാളമുണ്ടായി. സകലരും പരസ്പരം അറിയുന്നവരായതുകൊണ്ട് സംഘത്തിൽ നിന്നു ലോൺ കിട്ടുന്നത് എളുപ്പമായിരുന്നു. ബാങ്കുകളിലേതിനേക്കാൾ ഉയർന്ന നിരക്കിലുള്ളതായിരുന്നു, പലിശ. എന്നിരുന്നാലും നിരവധിപ്പേർ കടമെടുത്തു. ദിവസേന സ്ഥലത്തു വന്നു പിരിവു നടത്തിയിരുന്നതുകൊണ്ടു തിരിച്ചടവ് അനായാസമായിരുന്നു. മിക്കവരും തങ്ങളുടെ കടങ്ങൾ മടി കൂടാതെ തിരിച്ചടച്ചു. പതിറ്റാണ്ടുകൾകൊണ്ടു സംഘം സമ്പന്നമായി. ‘റോം വാസ് നോട്ട് ബിൽറ്റ് ഇൻ എ ഡെ’ എന്നനുസ്മരിപ്പിയ്ക്കുമാറ്, ഒരു മൂന്നു നിലക്കെട്ടിടം നിർമ്മിച്ചു. കെട്ടിടത്തിലുള്ള കടകൾ വാടകയ്ക്കു കൊടുത്തു. വരുമാനം വീണ്ടും വർദ്ധിച്ചു.

ചുറ്റുവട്ടത്തുള്ള ക്യാൻസർ രോഗികൾക്കു ധനസഹായം നൽകണമെന്നൊരു നിർദ്ദേശം ഭരണസമിതിയുടെ ഒരു യോഗത്തിൽ വന്നു. ക്യാൻസർ രോഗത്തിനുള്ള ചികിത്സ ചെലവേറിയതാണ്. സാധാരണക്കാർക്കതു താങ്ങാനാവില്ല. അതുകൊണ്ടവരെ കഴിയുന്നത്ര സഹായിയ്ക്കുക തന്നെ.

സംഘം ആ നിർദ്ദേശം ഉടൻ സ്വീകരിച്ചു.

ക്യാൻസർ ബാധിച്ചിട്ടും, അതിനു മുമ്പു തന്നെ അനാരോഗ്യമുണ്ടായിരുന്നിട്ടും താരതമ്യേന നീണ്ട കാലം ജീവിച്ചിരുന്നത് അത്ഭുതകരമായിരുന്നെങ്കിലും, അവശനായിത്തീർന്നിരുന്നു, അനിരുദ്ധൻ ചേട്ടൻ. ഏതു നിമിഷം വേണമെങ്കിലും അന്ത്യം കടന്നു വരാവുന്ന സ്ഥിതി. സമീപത്തുള്ള ക്യാൻസർരോഗികളുടെ ലിസ്റ്റു തയ്യാറായപ്പോൾ, അതിലൊന്നാമത്തെപ്പേര് സ്വാഭാവികമായും അനിരുദ്ധൻ ചേട്ടന്റേതായിരുന്നു.

ഒരു സായാഹ്നത്തിൽ അയ്യായിരം രൂപയടങ്ങുന്നൊരു കവറുമായി സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും ഖജാൻ‌ജിയും കൂടി അനിരുദ്ധൻ ചേട്ടന്റെ വീട്ടിലെത്തി. അനിരുദ്ധൻ ചേട്ടൻ മയക്കത്തിലായിരുന്നു. അനിൽ പണിയ്ക്കു പോയിരുന്നു. ജാനകിയുണ്ടായിരുന്നു, വീട്ടിൽ. സംഘം ഭാരവാഹികൾ അനിരുദ്ധൻ ചേട്ടനുണരുന്നതും കാത്തിരുന്നു. കാത്തു നിന്നു എന്നു വേണം പറയാൻ; ഇരിയ്ക്കാനുള്ള സൌകര്യങ്ങൾ പരിമിതമായിരുന്നു.

അല്പം കഴിഞ്ഞ് അനിരുദ്ധൻ ചേട്ടൻ കണ്ണു തുറന്നപ്പോൾ, കാര്യം വിശദീകരിച്ചുകൊണ്ട്, പ്രസിഡന്റ് കവറെടുത്തു നീട്ടി.

ദൈവാനുഗ്രഹം കൊണ്ടു ചെലവൊക്കെ മുട്ടുകൂടാതെ നടന്നു പോകുന്നുണ്ടെന്നു പറഞ്ഞ് അനിരുദ്ധൻ ചേട്ടൻ പണം വാങ്ങിയില്ല. സംഘത്തിന്റെ ഭാരവാഹികളിലോരോരുത്തരും സ്നേഹപൂർവ്വം നിർബ്ബന്ധിച്ചിട്ടും, അനിരുദ്ധൻ ചേട്ടൻ പണം വാങ്ങിയില്ല.

അനിൽ പണികഴിഞ്ഞു വരുമ്പോൾ സംഘത്തിന്റെ ഓഫീസിലേയ്ക്കൊന്നു വരാൻ പറയണം എന്നു ജാനകിയെ പറഞ്ഞേല്പിച്ചുകൊണ്ട് സംഘം ഭാരവാഹികളിറങ്ങി.

പിറ്റേന്നു വൈകീട്ടാണ് അനിലിന് സംഘത്തിന്റെ ഓഫീസിലെത്താൻ കഴിഞ്ഞത്. സെക്രട്ടറി മാത്രമേ അപ്പോളുണ്ടായിരുന്നുള്ളൂ.

കാര്യമറിഞ്ഞപ്പോൾ അനിൽ പറഞ്ഞു, “ചേട്ടാ, അച്ഛന്റെ ചികിത്സാച്ചെലവു മുഴോൻ എറണാകുളത്തെ ഒരു സംഘടന വഹിയ്ക്കണ് ണ്ട്. അതിപ്പക്കൊറേ നാളായി. എനിയ്ക്കാണെങ്കിൽ ദെവസോം പണീ‌മ് ണ്ട്. അതോണ്ട് കാശിന് അങ്ങനെ വല്യേ ആവിശ്യോന്നൂല്ല...

പണം വാങ്ങാൻ സംഘം ഭാരവാഹികൾ നിർബന്ധിച്ചപ്പോൾ അനിൽ ആദരവോടെ തല ചൊറിഞ്ഞുകൊണ്ട് ഇതുകൂടിപ്പറഞ്ഞു, “സംഭാവന വാങ്ങണത് അച്ചനിഷ്ടോല്ല.

പണം കൊടുക്കാൻ ഭാരവാഹികൾ തുടർന്നും ശ്രമം നടത്തിയെങ്കിലും, അതെല്ലാം വിഫലമായതേയുള്ളു.

ഞാൻ കോഴിക്കോട്ടു നിന്നു വന്നിരിയ്ക്കുമ്പോൾ, ഒരു ദിവസം സംഘത്തിന്റെ സെക്രട്ടറിയുമായി കണ്ടുമുട്ടി. ക്യാൻസർരോഗികൾക്കു ധനസഹായമെത്തിയ്ക്കുന്ന വിഷയത്തെപ്പറ്റി ഞാനറിഞ്ഞിരുന്നു. അതിലെന്തു പുരോഗതിയുണ്ടെന്നു ഞാനാരാഞ്ഞു.

ആകെ നാലു പേരാണുള്ളതെന്നും, അനിരുദ്ധൻ ചേട്ടനൊഴികെ മറ്റെല്ലാവരും സഹായം സ്വീകരിച്ചെന്നും സെക്രട്ടറി അറിയിച്ചപ്പോൾ ഞാനത്ഭുതപ്പെട്ടുപോയി! സത്യം പറയട്ടേ, അനിരുദ്ധൻ ചേട്ടന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ധനസഹായം രണ്ടു കൈയ്യും നീട്ടി വാങ്ങുമായിരുന്നു. ‘ഇതൊന്നും പോരാ, ഇനിയും കൊണ്ടുവാ, രോഗം ക്യാൻസറാണെന്നറിയില്ലേഎന്നെല്ലാം ഏതാണ്ടൊരധികാരത്തോടെ തന്നെ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.

ഏതു വിധേനയും പണമുണ്ടാക്കാൻ ജനം പരക്കം പായുന്നൊരു ലോകത്തു വെറുതേ കിട്ടുന്ന പണം വേണ്ടെന്നു വയ്ക്കുന്നവരുമുണ്ടാകാമെന്നു ഞാനാദ്യമായി മനസ്സിലാക്കിയത് ഈ സംഭവത്തിൽ നിന്നാണ്. അതും, അക്ഷരാഭ്യാസമില്ലാത്ത അനിരുദ്ധൻ ചേട്ടനിൽ നിന്ന്.

അനിലിന് മേയ്ക്കാട്ടുപണിയാണു തൊഴിൽ. ഇടയ്ക്ക് അതുണ്ടാകുകയുമില്ല. ജാനകി അടുത്തുള്ള ഒന്നു രണ്ടു വീടുകളിൽ ചില്ലറ ജോലികൾ ചെയ്തുകൊടുക്കാറുണ്ട്. ബീപ്പീഎല്ലിൽപ്പെടുന്ന കുടുംബത്തിന്റെ വരുമാനം തുച്ഛം തന്നെ. എന്നിട്ടും അച്ഛനും മകനും ധനസഹായം വാങ്ങിയില്ല. തിരിച്ചടയ്ക്കേണ്ടാത്ത, യാതൊരു ബാദ്ധ്യതയുമുണ്ടാക്കാത്ത സഹായമായിട്ടുപോലും!

എന്റെ ബാല്യം മുതൽക്കേ അനിരുദ്ധൻ ചേട്ടനെ പരിചയമുണ്ട്. ഞാൻ വളർന്നു വലുതായി ഉദ്യോഗസ്ഥനായതിന് അനിരുദ്ധൻ ചേട്ടൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. നാട്ടിലെ സ്ഥിതി പരിഗണിയ്ക്കുമ്പോൾ, തരക്കേടില്ലാത്ത ശമ്പളം പറ്റുന്ന ഉദ്യോഗമാണെന്റേത്. അതു മനസ്സിലാക്കി, നാട്ടിലെപ്പലരും എന്നോടു പണമാവശ്യപ്പെട്ടിട്ടുണ്ട്. പലർക്കും കൊടുത്തിട്ടുണ്ട്. അവരിൽച്ചിലരെങ്കിലും തിരിച്ചുതരാതിരുന്നിട്ടുമുണ്ട്. എന്നാൽ ഞങ്ങളുമായി നെടുനാളത്തെ പരിചയമുള്ള അനിരുദ്ധൻ ചേട്ടൻ ഇത്രയും കാലത്തിനിടയിൽ ഒരു രൂപ പോലും എന്നോടു വാങ്ങിയിട്ടില്ല. ഇത്രത്തോളം അവശതയിലായിരുന്നിട്ടും.

പട്ടിണി കിടക്കേണ്ടി വന്നാൽപ്പോലും, സ്വപ്രയത്നം കൊണ്ടു മാത്രമേ അന്നത്തിനുള്ള വക നേടുകയുള്ളെന്നുറച്ചവർ ബീപ്പീഎല്ലിലും ഉണ്ടാകുമെന്നതിനു മറ്റു തെളിവുകൾ വേണ്ട. പണമില്ലാതെ മരിയ്ക്കേണ്ടി വന്നാലും പണത്തിനു വേണ്ടി മരിയ്ക്കാൻ തയ്യാറല്ലാത്തവർ.

നല്ലൊരു മനുഷ്യനായിരുന്നു.” ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. മാത്യൂസ്. എന്റെ അയൽക്കാരിലൊരാൾ.

ശരിയാണ്. ആരോടും യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ, യാതൊരതൃപ്തിയും പ്രകടിപ്പിയ്ക്കാതെ, നിശ്ശബ്ദമായി പിൻ‌വാങ്ങിയിരിയ്ക്കുന്നു, അനിരുദ്ധൻ ചേട്ടൻ.

“എട്ടു മണിയ്ക്കാണു ശവസംസ്കാരം,” മാത്യൂസ് പഞ്ചായത്തിന്റെ ബോർഡു വായിച്ചു. “സമയമാവാറായി. ചേട്ടാ, നമുക്കങ്ങോട്ടു പോയാലോ?”

ബോർഡിനോടു ചേർന്ന്, പഞ്ചായത്തു തന്നെ സ്ഥാപിച്ചിരിയ്ക്കുന്ന ക്ലോക്കിൽ നോക്കി. ഏഴേമുക്കാലാകുന്നു. ധൃതിയിൽ നടന്നാൽ എട്ടിനു മുമ്പ് അനിരുദ്ധൻ ചേട്ടന്റെ വീട്ടിലെത്താം.

മിൽമപ്പാലു പിന്നീടു വാങ്ങാം. ഇപ്പോളാ ശരീരമൊന്നു സ്പർശിയ്ക്കണം. അത് അഗ്നിയിലുരുകാൻ തുടങ്ങുന്നതിനു മുമ്പ്...

കനം തൂങ്ങുന്ന ഹൃദയത്തോടെ ഞാൻ മാത്യൂസിന്റെ കൂടെ അനിരുദ്ധൻ ചേട്ടന്റെ വീട്ടിലേയ്ക്കു നടന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...