ബീന ഫൈസല്‍
ഇറാഖില്‍ പോയി ഒരു ചുവന്നുതുടുത്ത പെണ്കിടാവിനെ തന്റെ ആണ്കോയ്മ മുഴുവനും പ്രയോഗിച്ച് കീഴ്പ്പെടുത്താനും കരഞ്ഞുകൊണ്ടെതിര്‍ക്കുന്ന അവളെ ചുണ്ടും കവിളും മാറുമെല്ലാം കടിച്ചുകീറി ചോരയൊഴുക്കാനും വേണ്ടി മാത്രം യു.എസ് മിലിട്ടറിയില്‍ ചേര്‍ന്ന സേവ്യര്‍ ഇട്ടിക്കോര ആണത്തത്തിന്റെ ഭീകരതകൊണ്ട് അവളില്‍ വെറുപ്പുളവാക്കി. തന്റെ മുന്നില്‍ പിടഞ്ഞ ആപെണ്കുട്ടിയുടെ മരണത്താല്‍ അയാള്‍ക്കു വന്ന ഷണ്ഡത്വത്തില്‍ അപര്‍ണ ആഹ്ലാദിക്കുകയും ആശ്വസിക്കുകയും ചെയ്തതാണ്. എന്നാല്‍ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടും മനക്കരുത്തോടും കൂടി തന്റെ വിധിയെ നേരിട്ട സദ്ദാം എന്ന വണ്ടര്‍ഫുള്‍ ഓള്‍ഡ് ലയണിനെ കണ്ടതുമാത്രമാണ് തനിക്ക് ഇറാഖില്‍ ഉണ്ടായ ഒരേയൊരു നല്ല അനുഭവം എന്ന് സേവ്യര്‍ ഇട്ടിക്കോര പറഞ്ഞപ്പോള്‍, അത് ഏതു വികാരത്തിന്റെ പുറത്തായാലും, അപര്‍ണക്ക് അയാളോട് ഒരലിവ് തോന്നിപ്പോയി. അമേരിക്കന്‍ സാമ്രാജ്യത്വതന്ത്രങ്ങളേക്കാള്‍ എത്രയോ ഭേദമാണ് സദ്ദാമിന്റെ ഏകാധിപത്യമനോഭാവം എന്നവള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ അവള്‍ സദ്ദാമിനെ ആദാരിച്ചിരുന്നു. എന്നാല്‍ ആദ്യം സദ്ദാമിന്റെ ചെലവില്‍ അനുകമ്പ പിടിച്ചുപറ്റിയ സേവ്യര്‍ ഇട്ടിക്കോര പിന്നീട് തന്റെ നരഭോജനശീലം കൊണ്ട് വെറുപ്പിന്റെ കാളകൂടവിഷം അവളില്‍ പടര്‍ത്തി അവളെ ഭീതിയുടെ വിഭ്രാന്തിയിലേക്ക് എടുത്തെറിയുകയാണ് ഉണ്ടായത്.
സത്യത്തില്‍ തന്റെ സ്ത്രീത്വം, തൊഴില്‍മേഖല, അവിവാഹിത എന്ന നിലക്കുള്ള ജീവിതം എന്നിവ അപര്‍ണയില്‍ ഉണ്ടാക്കേണ്ടിയിരുന്ന വായനാനുഭവം എന്തെന്നുവച്ചാല്‍ രേഖാതോമസുമായുള്ള താദാത്മ്യം പ്രാപിക്കലാണ്. എന്നാല്‍ ബോഡിലാബിലും ലിബറേഷന്‍ സെന്ററിലും ഡിസ്കോഴ്സ് സെന്ററിലും ബിന്ദുവില്‍ നിന്ന് രശ്മിയിലൂടെ രേഖയിലേക്ക് നയിക്കുന്ന ഒരു ദേഹഗണിതസിദ്ധാന്തത്തിലും അവളുടെ മനസ് അഭിരമിച്ചതേയില്ല. അവള്‍ക്ക് അതിലൊന്നും ഒരു ത്രില്ലും തോന്നിയില്ല. അവള്‍ക്ക് എന്നും സ്നേഹിക്കാനും മനസ്സില്‍ താലോലിക്കാനും ഒരു പുരുഷനുണ്ടായിരുന്നു. ഒരു പുരുഷന്‍ എന്നത് അടിവരയിടേണ്ട സംഗതിയാണ്. ചില സാഹചര്യങ്ങളാല്‍ അയാള്‍ അകന്നുപോയപ്പോഴും ആ പ്രണയത്തി മാത്രം മനസ്സര്‍പ്പിച്ച ഒരു കന്യകയാണവള്‍.
അപര്‍ണയ്ക്ക് നല്ല വിശപ്പുണ്ടായിരുന്നു. അവള്‍ ഒന്നും കഴിച്ചിരുന്നില്ല. ഒഴിവുദിവസമായിരുന്നിട്ടും, പാചകം അവള്‍ക്കേറെ ഇഷ്ടമുള്ളതായിരുന്നിട്ടും അവളതിനു മുതിര്‍ന്നില്ല. പച്ചക്കറികളും മീനും ഇറച്ചിയും ഫ്രിഡ്ജിലുണ്ടായിരുന്നു. ഫ്രിഡ്ജു തുറക്കാനുള്ള ഒരു ഉള്‍ക്കരുത്ത് അവള്‍ക്കുണ്ടായിരുന്നില്ല. കാനിബള്‍സ് ക്ലബിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മനുഷ്യമാംസം സ്വന്തം ഫ്രിഡ്ജിലെ ഫ്രീസറിലേക്ക് കുടിയിരുത്തപ്പെട്ടതായി അവള്‍ ഭയന്നു. ഇറച്ചി എന്നും അവള്‍ക്ക് ഇഷ്ടവിഭവമായിരുന്നു. പലതരം ഇറച്ചികള്‍ പലതരം രുചികളില്‍ പാകം ചെയ്തിട്ടുള്ളത് കാലങ്ങളായി അവള്‍ കഴിച്ചുകൊണ്ടിരുന്നു. എന്നാലിപ്പോള്‍ ഇറച്ചിയെ കുറിച്ച് ചിന്തിക്കുന്നതുപോലും അവളില്‍ മനം പിരട്ടലും അതോടൊപ്പം പേടിയും ഉളവാക്കി. അരുതാത്തത് എന്തൊക്കെയോ കഴിച്ചുപോയ പോലെ അവള്‍ അസ്വസ്ഥയായി. അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്ന ഒരു കാട്ടുവള്ളി സ്വന്തം ശരീരത്തില്‍ പടര്‍ന്നുകയറിയ പോലെ അവള്‍ക്ക് തോന്നി. യുദ്ധത്തിലോ അപകടത്തിലോ മരിച്ചുപോയ ഹതഭാഗ്യരുടെയോ ചതിയിലൂടെ ഇറച്ചിവല്‍ക്കരിക്കപ്പെട്ട നിഷ്കളങ്കരുടെയോ തുടയിലെയോ മറ്റേതെങ്കിലും മാസളഭാഗത്തിന്റെയോ കഷ്ണം തന്റെ പല്ലുകള്‍ക്കിടയില്‍ അരഞ്ഞരഞ്ഞ് വയറ്റിലേക്ക് ഇറങ്ങിപ്പോകുന്നതായി അവള്‍ ഭയന്നു. ഭീകരരൂപിയായ ഒരു നരഭോജിയായി താന്‍ രൂപാന്തരപ്പെടുന്നത് അവള്‍ ഭാവനയില്‍ കണ്ടു. മുഖമൊഴികെ മറ്റു ഭാഗങ്ങള്‍ ഗബ്രിയേല സബാറ്റീനിയോട് സാമ്യമുള്ള, എവിടെയോ ഒരു ലാറ്റിനമേരിക്കന്‍ കട്ടുള്ള ഹഷിമോട്ടൊ മൊറിഗാമി എന്ന ലിമാ കാത്തലികാ യുണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രഗവേഷകക്ക് പകരം തന്നെയാണ് ഇട്ടിക്കോര കാനിബള്‍സ് ഡോട്ട് കോമിലേക്ക് കൊണ്ടുപോയതെന്ന് അവള്‍ക്ക് തോന്നി. പസഫിക് സമുദ്രത്തിലേക്ക് തള്ളിനില്ക്കുന്ന ക്ലിഫിലെ പ്രണയികളുടെ പാര്‍ക്കിലേക്ക് ഇട്ടിക്കോരയെ നയിക്കാനോ എല്ബെസോയിലൂടെ അയാളെ ഉണര്‍ത്താന്‍ ഒരു വൃഥാശ്രമം നടത്താനോ മനസുകൊണ്ടുപോലും മെനക്കെടാത്ത താനെങ്ങനെ അയാള്‍ക്കൊപ്പം കാനിബള്‍ ഫീസ്റ്റിനു പോയെന്ന് അയാള്‍ അമ്പരന്നു.
കാടന്‍ചിന്തകളെ ഒരു നിമിഷത്തേക്ക് ആട്ടിയകറ്റി അപര്‍ണ പ്രവീണയെ ഫോണില്‍ വിളിച്ചു. ഒരു ചെയിഞ്ചിനു വേണ്ടി പുറത്തുപോയി ലഞ്ചുകഴിക്കാം എന്ന അപര്‍ണയുടെ ക്ഷണം സ്വീകരിച്ച് പ്രവീണ വൈകാതെ എത്തി. വിവാഹനിശ്ചയം കഴിഞ്ഞ് വുഡ്ബിയെ കുറിച്ച് വാചാലയാകുന്ന പ്രവീണ അപര്‍ണയുടെ സഹപ്രവര്‍ത്തകയാണ്. ടൗണിലെ മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലായ ദ്വാരകയുടെ മുന്നില്‍ ടാക്സി നിറുത്താനാവശ്യപ്പെട്ടപ്പോള്‍ തന്നെ പ്രവീണ അപര്‍ണയെ നോക്കി നെറ്റിചുളിച്ചു. അപര്‍ണയുടെ ഇറച്ചിക്കമ്പം അറിയുന്നതുകൊണ്ടുതന്നെയാണത്. ഊണിന് ഓര്‍ഡര്‍ കൊടുത്ത ശേഷം കൂട്ടുകരിയുടെ നെറ്റി ചുളിക്കലിനുത്തരം എന്നോണം അപര്‍ണ തന്റെ നവീനമായ ആശങ്കകളും സങ്കടങ്ങളും പതിവില്ലാത്ത പതറലോടെ പറഞ്ഞുതുടങ്ങി. ആദ്യമായാണ് പ്രവീണ അപര്‍ണയെ ഇത്രയും വേവലാതികളോടെ കാണുന്നത്. ഗൗരവത്തോടെ കോരാനുഭവങ്ങള്‍ കേട്ടിരുന്ന പ്രവീണ പക്ഷേ പ്രതികരിച്ചതിങ്ങനെയായിരുന്നു.
ടീച്ചര്‍ക്കിതെന്തു പറ്റി? ഇക്കണക്കിനു നളിനി ജെമീലേടെ ആത്മകഥ വായിച്ചാ.....
പന്തികേട് തോന്നിയിട്ടോ എന്തോ പ്രവീണ വാചകം മുഴുവനാക്കിയില്ല.
എന്തായാലും ഫ്രാന്‍സിസ് ഇട്ടിക്കോര ഞാനും കൂടി വായിക്കട്ടെ. അപ്പോ ടീച്ചര്‍ക്ക് ഫീസ്റ്റിനു പോകാനൊരു കൂട്ടാവും.
കാര്യം നിസ്സാരമാക്കിയെങ്കിലും അപര്‍ണയെ ആശ്വസിപ്പിക്കാമെന്ന സദുദ്ദേശത്തോടെയാണ് പ്രവീണ അങ്ങനെ പറഞ്ഞത്. ഈ കൂടിക്കാഴ്ചകൊണ്ട് അപര്‍ണയുടെ ആധികള്‍ക്ക് ശമനമൊന്നും ഉണ്ടായില്ല. വുഡ്ബിയെ കുറിച്ച് വാചാലയാവാന്‍ അവസരമുണ്ടായില്ല എന്നതിനാല്‍ പ്രവീണക്കും പ്രയോജനമുണ്ടായില്ല.
ഇതിനിടയില്‍ മേശമേല്‍ ഊണെത്തിക്കഴിഞ്ഞിരുന്നു. നാടന്‍കറികളായിരുന്നു ഊണിന്. വിശപ്പറിഞ്ഞോ രുചിയറിഞ്ഞോ കഴിക്കാന്‍ അപര്‍ണക്കായില്ല. സാമ്പാറിലെ മുരിങ്ങയ്ക്ക കഷ്ണങ്ങള്‍ കാനിബാള്‍ ഫീസ്റ്റില്‍ മൊറിഗാമിയുടെ വായില്‍ രുചിയേറ്റിയ, ചതിക്കപ്പെട്ട പാട്ടുകാരിയുടെ മുറിച്ചെടുത്ത വിരലുകളാണെന്ന് ഒരു യുക്തിയുമില്ലാതെ അവള്‍ തീര്‍ച്ചപ്പെടുത്തി. തുടര്‍ന്ന് എല്ലാ കറിക്കഷ്ണങ്ങളും മനുഷ്യശരീരത്തിന്റെ പല പല മാംസളഭാഗങ്ങളാണെന്ന് അവള്‍ക്ക് തോന്നി. ചുറ്റുമുള്ള സഹഭോജികളെ ശ്രദ്ധിക്കവെ പുതിയൊരു സംശയം അവളില്‍ മുളപൊട്ടി. തന്നിലൂടെ കാനിബാള്‍ ക്ലബിലെ രഹസ്യങ്ങള്‍ പുറത്തായാല്‍ അടുത്ത ഇര താനാവുമല്ലോ എന്ന കടുത്ത നിയമം അപ്പോള്‍ അവള്‍ക്ക് ഓര്‍മവന്നു. ക്ലബിന്റെ നടത്തിപ്പുകാരോ ഏജന്റുമാരോ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ശൃംഖലയിലെ കണ്ണികളാവുമെന്നും പ്രവീണയുമായുള്ള തന്റെ സംസാരം ശ്രദ്ധിച്ച ഇവരില്‍ ആരോ തന്നെ നോട്ടമിട്ടതായും തന്റെ മാംസളമായ ശരീരഭാഗങ്ങള്‍ മനസ്സില്‍ മാര്‍ക്കു ചെയ്തതായും അവള്‍ ഭയന്നു. തന്നെ പിന്തുടര്‍ന്ന് വകവരുത്തി അവരുടെ ഏറ്റവും അടുത്ത അതീവരഹസ്യമായ ഫീസ്റ്റിന് തന്റെ മാംസം രുചിയില്‍ മുക്കിയേക്കാമെന്നും അനിയന്ത്രിതമാംവിധം അവളുടെ ഭാവന കാടുകയറി. ഉണ്ണപ്പെടാത്ത ഊണ് അപര്‍ണയെ തുറിച്ചു നോക്കി. പ്രവീണയെ പറഞ്ഞയച്ച ശേഷം അപര്‍ണ ഒരു ലൈന്‍ബസില്‍ കയറി. തിരികെ കവലയില്‍ ഇറങ്ങി. ഉച്ചവെയില്‍ തൂളിയ നാട്ടിടവഴിയിലൂടെ സാവധാനം നടക്കുമ്പോള്‍ അവള്‍ മുന്നില്‍ പിന്നില്‍ ഇടംവലങ്ങളില്‍ ദത്തശ്രദ്ധയായി, അതീവ ജാഗ്രതയോടെ ആരോ തന്നെ പിന്തുടരുന്നു എന്ന വേവലാതിയോടെ.
ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്
ക്ഷമിക്കണം. അപര്‍ണയുടെ ആവലാതികള്‍ക്കൊരു ശമനമാകട്ടെ എന്നു കരുതി ഞാനൊരു ശ്രമം നടത്തിനോക്കിയതായിരുന്നു. മേല്‍പ്പറഞ്ഞ സിപ്പുകളുടെ കാര്യം എന്റെ ഒരു ഭാവന അല്ലെങ്കില്‍ വിക്രിയ എന്നു തന്നെ പറയാം. അവിവാഹിതയായ ഒരു കോളേജധ്യാപികയാണെന്നതൊഴിച്ചാല്‍ വലയിട്ട് ഇരപിടിച്ച് ആര്‍ട്ട് ഓഫ് ലിവിംഗ് പഠിപ്പിക്കുന്ന രേഖാതോമസുമായി അവള്‍ക്ക് യാതൊരു സാമ്യവും ഉണ്ടായിരുന്നില്ല. അത്യാധുനികരായ ഹൊറിബിള്‍ ഫെമിനിസ്റ്റുകളുടെ ഒരു പ്രതിനിധിയായിരുന്നില്ല അപര്‍ണ. ആര്‍ത്തിപൂണ്ട അത്തരം ശരീരദാഹങ്ങളോടെ സിഗററ്റിലേക്കോ മദ്യത്തിലേക്കോ ഇന്റര്‍നെറ്റില്‍ വേണ്ടാ സാദ്ധ്യതകളില്‍ ഗവേഷണം ചെയ്യുന്നതിലേക്കോ അവളൊരിക്കലും വഴിതിരിഞ്ഞില്ല. അതുകൊണ്ടുതന്നെ കോരപ്പൂട്ടിലകപ്പെട്ടതുപോലെ മുറുകിപ്പിടഞ്ഞിട്ടും അത്തരമൊരു ആശ്വാസം തേടലിനും അപര്‍ണയുടെ തലച്ചോര്‍ അവളുടെ ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നില്ല.
പുറത്ത് നിലാവ് വീണ് രാത്രി കുതിര്‍ന്നുകൊണ്ടിരുന്നു. വെറുതെ കുറെ നേരം കട്ടിലില്‍ ഇരുന്ന ശേഷം അവള്‍ ലൈറ്റണച്ചു ഉറങ്ങാനൊരു ശ്രമം നടത്തിനോക്കി. കുത്തുന്ന വെളിച്ചത്തില്‍ ഉറക്കം വരില്ല എന്നതുകൊണ്ടാണ് ഇരുട്ടിനെ ഭയന്നിട്ടും അപര്‍ണ ലൈറ്റണച്ചത്. ജനല്പാളികള്‍ തുറക്കാത്തതുകൊണ്ട് പിശുക്കില്ലാതെ നിലാവു പൊഴിച്ച ആകാശത്തിന് അവളുടെ കിടക്കയില്‍ ചിത്രപ്പണികള്‍ നെയ്യാനായില്ല. പിന്നെയും പിന്നെയും അവള്‍ വേണ്ടാവിചാരങ്ങളുടെ കുത്തൊഴുക്കിലേക്ക് തെറിച്ചുവീണുകൊണ്ടിരുന്നു. കാലങ്ങളായി കഴിച്ചുകൊണ്ടിരുന്ന ബഹുവിധ ഇറച്ചികളില്‍ എപ്പോഴൊക്കെയോ മനുഷ്യമാംസം കലര്‍ന്നിരിക്കാം എന്ന ഭ്രാന്തന്‍ചിന്തയായി അപ്പോള്‍ അവള്‍ക്ക്. ഏറെ പഴകിയ, മസാലകള്‍ ചോര്‍ന്നുപോയ കുറേ ഇറച്ചിക്കഷ്ണങ്ങളുടെ അവസാദങ്ങള്‍ അടിഞ്ഞുകൂടി ഒരു ശിലാരൂപമായി തന്റെ ആമാശയത്തില്‍ കിടന്നിരുന്നതായും തന്റെ ഉള്ളുരുക്കത്തിന്റെ തിളച്ചൂടില്‍ പൊട്ടിയൊലിച്ച ഒരു ആഗ്നേയശിലാദ്രാവകം പോലെ അതു തന്റെ അന്നനാളത്തെ ചുട്ടുപൊള്ളിച്ചുകൊണ്ട് മുകളിലോട്ട് തെറിച്ചൊഴുകുകയും ഛര്‍ദ്ദിയുടെ ഒരഗ്നിപര്‍വതവിസ്ഫോടനമായി അതിനെ പുറത്തേക്കൊഴുക്കാതെ മൃതാവസ്ഥയില്‍ നിലകൊണ്ട് തന്റെ തൊണ്ടയെ തന്നെ വീര്‍പ്പുമുട്ടിക്കുന്നതായും അവളറിഞ്ഞു. തൊണ്ടയില്‍ കുരുങ്ങിയ പഴകിദ്രവിച്ച ഇറച്ചികളുടെ അവശിഷ്ടങ്ങളില്‍ നിന്ന് നരമാംസത്തിന്റെ അഴുകിയ രുചി ഇടക്കിടെ വന്ന നേരിയ തികട്ടലുകളിലൂടെ അവള്‍ വേറിട്ടറിഞ്ഞു. ഇതിനിടയില്‍ എപ്പോഴോ ഭൂമിക്കുള്ള നിലാവുദാനം നിറുത്തി ആകാശം കണ്ണടച്ചതും ചുറ്റും ഇരുട്ടു കനത്തതും അപര്‍ണ അറിഞ്ഞതേയില്ല. രാവിരുട്ടിനെ പൊലിപ്പിക്കാന്‍ കനത്ത ഇലക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് നത്തുകള്‍ മൂളുകയോ തൂങ്ങിയാടുന്ന വവ്വാലുകള്‍ ചിറകിട്ടടിച്ച് പറക്കുകയോ ചെയ്തില്ല. അപര്‍ണ ജീവിക്കുന്നത് പട്ടണത്തിലാണെങ്കിലും ഗ്രാമത്തിലും അതൊക്കെ എന്നേ കാലഹരണപ്പെട്ട ബിംബങ്ങളായിക്കഴിഞ്ഞിരുന്നുവല്ലോ! എന്നാല്‍ അവളുടെ ഏകാന്തതയുടെ കനത്ത ഇരുട്ടില്‍ ഒരായിരം നത്തുകള്‍ മൂളുകയും വവ്വാലുകള്‍ ചിറകിട്ടടിക്കുകയും ചെയ്തിരുന്നു. അതവളുടെ തലയോടിന്റെ പ്രതലത്തില്‍ തട്ടി പ്രകമ്പനം കൊള്ളിച്ചിരുന്നു.
ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുണ്ട് എപ്പോഴോ അപര്‍ണ ഒന്നു മയങ്ങിയപ്പോയിരുന്നു. കോളേജില്‍ പോകേണ്ട കാര്യം തന്നെ മറന്ന് അവള്‍ അലാറം വെച്ചിരുന്നില്ല. പത്രക്കാരന്റെ ബെല്ലടി കേട്ടാണ് അപര്‍ണ ഉണര്‍ന്നത്. യാന്ത്രികമായി എണീറ്റ് വാതില്‍ തുറന്ന് അവള്‍ പത്രത്താളുകള്‍ വെറുതെ മറിച്ചുനോക്കി. പെട്ടെന്ന് എന്തോ തീരുമാനിച്ചുറച്ച പോലെ കടലാസും പേനയുമെടുത്ത് അപര്‍ണ ഇങ്ങനെ എഴുതി:
കോളേജ് അധ്യാപിക. 30 വയസ്. അഞ്ചടി മൂന്നിഞ്ച് ഉയരം. വെളുത്ത നിറം. ആരോഗ്യമുള്ള ശരീരം. അനുയോജ്യനായ വരനെ ആവശ്യമുണ്ട്. ജാതി, മതം എന്നിവ പ്രശ്നമല്ല.
അവളത് പത്രത്തിന്റെ മാട്രിമോണിയല്‍ കോളത്തിലേക്കയക്കാന്‍ വേണ്ടി വിലാസമെഴുതി കവറിലിട്ടു. ഈ അവസ്ഥയില്‍ തനിക്കൊരു ആണ്കൂട്ട് അത്യാവശ്യമാണെന്ന് അവള്‍ക്ക് തോന്നി. തന്റെ ഇറച്ചി സംരക്ഷിക്കാന്‍ വേണ്ടിയെങ്കിലും ഒരു ആണ്ബലം.
ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം പ്രഭാതവാര്‍ത്തകള്‍ കാണാനായി അപര്‍ണ ടി.വി. തുറന്ന് സോഫയിലിരുന്നു. സ്ഫുടത കുറഞ്ഞ മലയാളത്തില്‍ വായനക്കാരി വാര്‍ത്ത വായിക്കുന്നത് അപര്‍ണ അലസമായി കേട്ടുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു വാര്‍ത്താശകലം അവളുടെ കഴ്ചയിലും കേള്‍വിയിലും ഉടക്കി.
ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്ക് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോവല്‍ പുരസ്കാരം.
ഭ്രാന്തമായ ദിനരാത്രങ്ങളുടെ വേദപുസ്തകത്തില്‍ മുദ്രവീണതായി അപര്‍ണ തന്റെ ഡയറിയില്‍ കുറിച്ചിട്ടു. മനസ്സിനു നല്ല ശാന്തത കൈവരുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു.
ലാപ്ടോപ്പില്‍ തുറന്നുവെച്ച ഫേസ്ബുക്കിലെ ഫ്രന്‍ഡ് റിക്വസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നു. തീവണ്ടിയാപ്പീസിലെ പ്രവൃത്തിസമയം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അപര്‍ണയുമായി ചാറ്റ് ചെയ്യാന്‍ തുടങ്ങി:
ടി.ഡി.: പലരും പറയുന്നു, ഇട്ടിക്കോര ഒരു സ്ത്രീവിരുദ്ധനോവലാണെന്ന്. അപര്‍ണക്ക് അങ്ങനെ തോന്നിയോ?
അപര്‍ണ: ഇല്ല.