26 Oct 2015

പൊട്ടി പുറത്തോ അകത്തോ?


 ദേശമംഗലം രാമകൃഷ്ണൻ

മണലെഴുത്തും അരിയെഴുത്തും - ഹരിശ്രീ കാലങ്ങളോർക്കുന്നു.
സ്ലേറ്റും പെൻസിലും പോയ്മറഞ്ഞുവോ.
കടലാസും പെൻസിലും പേനയും ബുക്കും വഴുതിപ്പോകുന്നുവോ.
കുടിച്ച മണ്ണെണ്ണപ്പുകയുടെ കാലങ്ങൾ ഓർക്കുന്നു.
ചുട്ടുമിന്നിച്ചുനിന്ന രാത്രികാലങ്ങളും
എന്നിട്ടും എനിക്കു ബോധം വന്നുവോ
ഇടശ്ശേരി പറഞ്ഞപോലെ, അന്നത്തെ മൃഗം കുറച്ചുകൂടി തടിച്ചു എന്നല്ലാതെ എന്തുമാറ്റം?
    എഴുത്തു മായില്ല എന്നാണ്‌ താളിയോലക്കാർ വിചാരിച്ചതു. "എഴുത്തു മായുകില്ലെന്ന മിഥ്യാബോധോപജീവിതൻ" എന്ന്‌ ഇടശ്ശേരി പറഞ്ഞിരുന്നു. കയ്യെഴുത്തു മാഞ്ഞുപോകുമെന്ന്‌ ഇടശ്ശേരി ദീർഘദർശനം ചെയ്തിരുന്നുവോ?
    എന്തായാലും, എഴുതിയെഴുതി ഉരുവിട്ടുരുവിട്ടു പഠിക്കുകയും പിന്നെ പഠിപ്പിക്കുകയും ചെയ്തൊരു കാലം ഗൃഹാതുരമായി. പഴയ എഴുത്തുകൾ മാഞ്ഞു. പുതിയ എഴുത്തുകൾ വിരൽത്തുമ്പുകൾ കണ്ടെടുത്തു. മമതയായ എഴുത്തിന്റെ ആവശ്യം പോയി.
    ഹൃദിസ്ഥമാക്കി ഉപസ്ഥിതി നേടിയ കാലങ്ങൾ ഓർക്കുന്നു. വെറുതേ, ഈ ഗൃഹാതുരത്വം. ഇന്ന്‌ വേണ്ടതെല്ലാം മൊബെയിൽ-ഇന്റർനെറ്റ്‌ തരുന്നില്ലേ? പക്ഷേ സ്വഹൃദയജ്ഞാനം ആവശ്യമില്ലാതായില്ലേ? സാങ്കേതികമായി എത്ര വളർന്നാലും സ്വഹൃദയജ്ഞാനവും സഹൃദയജ്ഞാനവും മേളിക്കുമ്പോഴേ അറിവിന്റെ പൊരുൾ അഭിവ്യക്തമാവൂ. അതല്ലേ ശ്രീനാരായണഗുരുവിന്റെ അറിവ്‌ എന്ന കവിത പറയുന്നത്‌?-അയ്യപ്പപ്പണിക്കർ അത്‌ വിടർത്തിക്കാട്ടിയിട്ടുണ്ട്‌.
    എന്തായാലും, ചരിത്രപരിവർത്തനത്തിന്റെ ചാലകശക്തികളായ നമ്മൾ, അധ്യാപകർ, ഓർക്കാനുണ്ട്‌: പുലിക്ക്‌ പുലിത്വം ഉണ്ട്‌. അതു പോയാൽ പുലിയാവില്ല. അധ്യാപകന്‌ അധ്യാപകത്വം ഉണ്ട്‌. അതുപോയാൽ എത്ര ഗ്രേഡുമേടിച്ചിട്ടും കാര്യമില്ല.
    അധ്യാപകദിനം എന്ന വാർഷികാനുഷ്ഠാനത്തിൽ നാം നമ്മെ പുതുക്കിയെടുക്കുന്നുവോ, പുനഃസൃഷ്ടിക്കുന്നുവോ?-പൊതുവിഭവങ്ങളും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കുന്നതിനെ വികസനമായും അതിന്റെ കമ്മീഷൻ വാങ്ങുന്നതിനെ അംഗീകൃത അഴിമതിയായും കാണുന്ന കേരളസമൂഹത്തെ ഇനിയെന്താണ്‌ പഠിപ്പിക്കാനാവുക? സിലബസ്സും കരിക്കുലവും പഠനസമയവും പരീക്ഷാരീതികളും മാറിയതുകൊണ്ട്‌ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമോ?- എന്ന്‌ ഒരു ജ്ഞാനി ചോദിച്ചിട്ട്‌ നാക്കെടുത്തില്ല. അപ്പോഴേക്കുമിതാ വന്നെത്തി അധ്യാപകദിനാഘോഷം.
പോയാണ്ടിലുമിതേ മട്ടിൽ
വരിച്ചേൻ ഞാനൊരാശയം
അത്‌ ഇരുണ്ട്‌ അഴൽ ചാറുമ്പോൾ
പൊട്ടിയാട്ടുക താൻ വരം.
    പൊട്ടി പുറത്ത്‌ ശീവോതി അകത്ത്‌ എന്നാണ്‌ വിദ്യാർത്ഥി അറിയേണ്ടത്‌; അധ്യാപകൻ ഗുരുവായി നിന്ന്‌ അറിയിക്കേണ്ടത്‌- എന്നല്ലേ ഇടശ്ശേരി ഉദ്ദേശിച്ചതു.
    വ്യവസ്ഥാപിത ജ്ഞാനമണ്ഡലത്തിൽ ഗുരുവുണ്ടായിരുന്നു. ഇന്നു ഗുരുവുണ്ടോ, ഗുരുത്വാകർഷണമുണ്ടോ?- അതുകൊണ്ടാണ്‌ അധ്യാപകൻ ഗുരുവാകണമെന്നു പറഞ്ഞത്‌.
    പൊയ്പ്പോയ ഗുരുത്വകാലങ്ങളിലെ ആചാരങ്ങൾ നമുക്കുവേണ്ട. പക്ഷേ ആ ഗുരുത്വനിഷ്ഠയ്ക്ക്‌ സ്ഥാനം കൊടുക്കണം. അത്‌ ആവാഹിക്കാൻ കഴിഞ്ഞെങ്കിൽ എത്ര നന്ന്‌!
    മാതൃകകളെ പിളർന്ന്‌ അവരിലെ മൂല്യവത്തായ മൂലകങ്ങൾ കൈക്കൊണ്ട്‌ പുതിയൊരു സ്രഷ്ടാവാകാൻ ഇന്നത്തെ അധ്യാപകനു കഴിയുമോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...