സലോമി ജോണ്‍ വൽസൻ
‘’ജീവിതത്തിൽ ഇടയ്ക്കെല്ലാം നമ്മുടെ കണ്ണുകളെ കണ്ണീരിനാൽ
കഴുകേണ്ടതുണ്ട്.ജീവിതത്തെ കൂടുതൽ വ്യക്തമായി കാണാൻ അത് നമ്മെ
സഹായിക്കും.’’ അലെക്സ് സ്റ്റാൻ.
'എല്ലാ രാത്രിയിലും നാം കണക്കെടുക്കണം. ഏതു ദൌർബല്യത്തെയാണ് ഞാനിന്നു
കീഴടക്കിയത്? ഏതെല്ലാം വികാര വിക്ഷോഭങ്ങളെയാണ് എതിർത്തത്? ഏതു
പ്രലോഭനത്തെയാണ് ചെറുത്തത്? ഏതു സദ്ഗു ണമാണ് നേടിയത്?’’
റോമൻ ദാർശനികൻ സെനേക്ക ഇതു പറയുന്നത് പുതിയ മാനവികതയോടല്ല എന്ന്
നമുക്കറിയാം. ഒരു ദൌർബല്യവും നാം ഒരു കുറവായി കാണേണ്ടതില്ല എന്ന്
പ്രഖ്യാപിക്കുന്ന ആധുനികന് പറയാൻ മറുവാക്കുണ്ട്. '' ജീവിതം അടിച്ചു
പൊളിക്കു മച്ചാനെ.....മരുന്നടിച്ചും, രണ്ടെണ്ണം വിട്ടും. ..പിന്നെ
....അങ്ങനെ പലതും..ഉണ്ട്....''ബ്രോ'' .......''
പ്രപഞ്ചത്തിന്റെ പ്രായം കൂടി . 1382 കോടി. മഹാവിസ്പോടനത്തിന്റെ അവശിഷ്ട
വികിരണങ്ങളെക്കുറിച്ചുള്ള പുതിയ പഠനങ്ങളനുസരിച്ച് പ്രായം
പുനർനിർണയിച്ചിരിക്കുന്നു. . ഇത്രയും കാലം 1370 കോടി വർഷമെന്നാണ്
കണക്കാക്കിയിരുന്നത്. അതെ....മാനവ ചരിത്രത്തെക്കുറിച്ച് ഒരുപാട് നാം
കേട്ടറിഞ്ഞു. നമുക്ക് ഇനി അറിയേണ്ടത് ഒന്ന് മാത്രം. ഇനിയും ചരിത്രത്തിൽ
ഇടം പിടിക്കാൻ ഈ പ്രപഞ്ചം എത്ര കാലം നില നിൽക്കും? ആനന്ദത്തിനു വേണ്ടി
മാത്രം നാം നിരന്തരം പ്രയത്നിച്ചിട്ടും എന്ത് കൊണ്ട് നാം രോഗികളും
നന്നായി വസ്ത്രം ധരിച്ച ഭ്രാന്തരുമാകുന്നു? എന്തെ നമ്മുടെ മുഖങ്ങളിൽ
മടുപ്പിന്റെ നിഴൽ ഇഴയുന്നു?
ആനന്ദത്തിനു വേണ്ടിയുള്ള അദമ്യമായ ആഗ്രഹമാണ് മനുഷ്യനെക്കൊണ്ട്
മാനുഷികമല്ലാത്ത എല്ലാ പ്രവർത്തിയും ചെയ്യിക്കുന്നത്. പണ്ടൊക്കെ
മനുഷ്യരുടെ അതിരു വിട്ടുള്ള ചെയ്തികളെ ''മൃഗീയം'' എന്ന്
വിശേഷിപ്പിച്ചിരുന്നു. വർത്തമാന പത്രങ്ങളിലൂടെ നാം അതിരാവിലെ
അനുഭവിക്കുന്നത് എങ്ങനെയാണ് ഇനി മൃഗീയാനുഭവം എന്ന് വിശേഷിപ്പിക്കുക ?
നമുക്കവയെ വിലയിരുത്താം. ...''മാനുഷീകം'' ...
മൃഗങ്ങളെ നമുക്ക് വെറുതെ വിടാം. പ്രതികരണശേഷിയും ഭാഷാ വരവും ഇല്ലാത്ത
അവയെ അപമാനിക്കാതിരിക്കാം.
ഇരുണ്ട കൊടുംകാറ്റു കെടുത്തിക്കളയുന്ന വിളക്കുകൾ പോലെ ഈ പ്രപഞ്ചത്തിൽ
ജീവിച്ചു മരണപ്പെടുന്ന പുഴുക്കളെപ്പോലെ പെരുകിപ്പെരുത്ത കുറെ ജീവിതങ്ങൾ.
ഏതു തത്വ ശാസ്ത്രത്തിൽ ആധുനിക ജീവിതങ്ങളെ എഴുതിച്ചേർക്കണം?. ത്രികാല
ജ്ഞാനികൾ കാണാതെ പോയ കാലമാവുമോ ഇത് ?
''പല അനുഭവവും നമുക്കുണ്ടാകാറുണ്ട് . എന്നാൽ ഒരിക്കലും നമുക്ക്
ലഭിക്കാത്ത ഒരനുഭവമുണ്ട്. നാം മരിച്ചിരിക്കുന്നു എന്ന അനുഭവം.'' എച്ച്
.ജീ .വെൽസിന്റെ വാക്കുകൾ...ഈ ലോകത്തിലെ അശരണരായ
ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ അനുഭവം ഈ വാക്കുകൾക്കതീതമല്ലേ?
''മനസ്സ് തരിശായി കിടക്കുന്ന മണ്ണാണ് . പെട്ടെന്ന് ഊഷരമായിപ്പോകുന്ന
ക്രമേണ ഒന്നും വിളയാതായിപ്പോകുന്ന അല്ലെങ്കിൽ ഒരേ വിള മാത്രം നൽകുന്ന
മണ്ണ്. അങ്ങനെയാവാതിരിക്കണമെങ്കിൽ
ഈ മണ്ണിൽ തുടർച്ചയായി വളമിട്ടു പുഷ്ടിപ്പെടുത്തിയേ മതിയാകൂ.'' പതിനെട്ടാം
നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിത്രകാരൻ JOSHUA REYNOLD .
. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചു ഉഴറുന്ന നിസ്സഹായരുടെ മനസ്സിൽ
ഇടാൻ എന്ത് വളം?
ജീവിതം കാലങ്ങളിലൂടെ ഇഴഞ്ഞു വളർന്നു , അതിവിശാലമായി....! നമ്മുടെ
ആകാശങ്ങൾ അനന്തമായി...!ചിറകില്ലാത്തവരായി
കൊണ്ടേയിരിക്കുന്നു. പക്ഷെ ,എന്നിട്ടും ഭൂമിയിൽ പാർക്കാൻ
ഒരുക്കപ്പെട്ട അതിഥി മന്ദിരങ്ങളിൽ പുലരന്തിയോളം നാം ഏതോ വിഹ്വലതകളിൽ
മുഴുകി ആരെയോ കാത്തിരിക്കുന്നു. ജീവിതം തികഞ്ഞ പരാജയമാണെന്ന്
അവനവനിലേക്ക് പാളി നോക്കി പതുക്കെ വേദനയോടെ മൊഴിയുന്നു. ഉറക്കറയിൽ
പെയ്തൊഴിയാത്ത കണ്ണീർ ഘനീഭവിച്ചു ഇരുട്ടിനെ അലിയിക്കുന്ന നിശ്വാസങ്ങളായ്
നിറയ്ക്കുന്നു. നമ്മൾ എന്നും ഇന്നും നിസ്സഹായതയുടെ പുതപ്പിനുള്ളിൽ നമ്മെ
പുതച്ചു മൂടുന്നു.
പരക്കം പായുന്ന ഓരോ നിമിഷവും നമ്മൾ നമ്മെത്തന്നെ നോക്കി
സഹതപിക്കുന്നു....നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൌലികത
ഇനിയൊരിക്കലും മടങ്ങിവരില്ല. അത്രത്തോളം ഈ ലോകം നമ്മെ
വിഴുങ്ങിയിരിക്കുന്നു.
‘’Man is a noble animal
Splendid in ashes,
And pompous in the grave
Solemnizing nativities and
Death with equal luster,
Not omitting ceremonies of bravery……..’’
Sir Thomas Browne.
നമുക്ക് മൌലികത നഷ്ടമായിക്കൊണ്ടെയിരിക്കുന്നു. സത്യത്തോട്
പ്രതിബധ്ധതയില്ലാതെ മനുഷ്യൻ ജീവിതം ആഘോഷമാക്കുന്നു. സ്വാതന്ത്ര്യം
അനുഭവിക്കുവാൻ നാം ഓരോ ദർശനങ്ങൾക്ക് ജീവൻ കൊടുക്കുന്നു. ധാർമികതയും
അധാർമികതയും ഒരു പോലെ ചോദ്യ ചിഹ്നം ഉയർത്തുന്നു. മനുഷ്യ മഹത്വം ഏതു
ദാർശനികതയിലാണ് അളക്കപ്പെടുക? .
വീക്ഷണ പരമായ പൊരുത്തക്കേടുകൾ കൊണ്ടാണോ ജീവിതം മടുപ്പിൻറെ കൂത്തരങ്ങായി
മാറുന്നത്...?
മുഖങ്ങളിൽ പുരട്ടിയിരിക്കുന്ന പുഞ്ചിരികളിൽ മടുപ്പിൻറെ കറ ഏറെ
അവ്യക്തമല്ലാതെ തെളിയുന്നു. എല്ലാവരും വലിയ കാര്യങ്ങൾ പറയുന്നു......
മൾട്ടിപ്ലെക്സുകളും, മാളുകളും വിനോദം വിളമ്പുന്നു. പക്ഷേ മനുഷ്യർ
ചിരിക്കാൻ മറന്നു മൌനത്തിന്റെ ചലിക്കുന്ന കല്ലറകൾ പോലെ നഗര പാതകളിലൂടെ
നീങ്ങുന്നു. പ്രഹസനം പോലെ വന്നു വീണ ജീവിതം വലിച്ചു നീട്ടുവാൻ വ്യത്യസ്ത
മാർഗങ്ങളിലൂടെ ഓരോരുത്തരും വെപ്രാളപ്പെട്ട് ഓടിക്കൊണ്ടെയിരിക്കുന്നു.
അനുഭവത്തിനുമപ്പുറം കാത്തു വെച്ചിരിക്കുന്ന പ്രതീക്ഷകളിൽ വിശ്വാസമൂന്നി
ആയുസ്സിന്റെ തീർപ്പ് വരെ അവസാന ഊർജം കാത്തു വെച്ച് എവിടേക്കാണ് നമ്മുടെ
യാത്ര? കാത്തു വെച്ചതും വെക്കാത്തതും നമുക്ക് സ്വന്തമല്ലെന്ന് മുന്നേ
പോയവരുടെ കാൽപ്പാടുകൾ നോക്കി നിന്നിട്ടും നാം മറക്കുന്നു.
ശുഭാപ്തി വിശ്വാസം ഏറ്റവും കൂടുതൽ അലയടിക്കുന്ന ഇടമാണ് ഭ്രാന്താ ലയം
എന്ന് പറഞ്ഞു Havelock Ellis. വൻ മോഹങ്ങൾ ജനിപ്പിച്ചു നമ്മെ
വലയിലാക്കുന്ന
ഇടമേതാണെന്ന് നമുക്കിന്നു ചൂണ്ടി കാട്ടാൻ എത്രയോ പരതണം?
ഭൌതികമായ യാതൊരു അവലംബവുമില്ലാതെ അവനവനിൽ അന്തർലീന മായിരിക്കുന്ന
മന:ശക്തിയിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരാൻ മനുഷ്യന് കഴിയുമെന്നു
Levitation ലൂടെ സന്യാസിമാർ കാണിക്കുന്നു………..
മനുഷ്യൻറെ അപാരമായ സിദ്ധികൾ അവനെ എന്ത് കൊണ്ട് സന്തുഷ്ടനാക്കുന്നില്ല?
പുതിയ കാല കാര്യകാരണങ്ങളെ ഉൾക്കൊള്ളാൻ ത്രാണിയില്ലാത്ത വർത്തമാനകാലത്തിൽ
നിന്ന് കൊണ്ട് ഭാവിയിലേക്ക് പരതുമ്പോൾ പ്രതീക്ഷയുടെ കണ്ണികൾ തേയുന്നു.
മനുഷ്യൻ നിരവധി തലങ്ങളാൽ നിർമിക്കപ്പെട്ട ഒരു ജീവിയാണ്. ശാരീരികം,
ആത്മീയം, വൈകാരികം . ഇവ യുടെ ഏകതാനതയിലാണ്[harmony ] മനുഷ്യ ജന്മത്തിനു
സ്വസ്ഥത കിട്ടുന്നത്. ബുദ്ധികൂടിയവർ പലരും, ലോകത്തിൽ ആത്മ ഹത്യ ചെയ്തു.
ഭൂമി ജീവിക്കാൻ കൊള്ളാത്ത ഇടമായി അവർക്ക് മനസ്സിലായിരുന്നുവോ ....!
മനുഷ്യൻറെ അപാരമായ സിദ്ധികൾ അവനെ എന്ത് കൊണ്ട് സന്തുഷ്ടനാക്കുന്നില്ല ?
‘’There is but one truly serious philosophical problem and that is
suicide. Judging whether life is or is not worth living amounts to
answering the fundamental question of philosophy. All the rest --
whether or not the world has three dimensions, whether the mind has
nine or twelve categories -- comes afterwards. These are games; one
must first answer.’’ ALBERT CAMUS.
‘’കേവലം ഘനീഭൂതമാകിന കണ്ണീരാണീ
ഭൂതലം, നെടുവീർപ്പാണീയന്തരീക്ഷം പോലും
ചോര തൻ തണുത്തുറച്ചോരു കട്ടകളാണീ-
പ്പാരിലെ പല കരിംപാറക്കെട്ടുകൾ പോലും .
ദാരിദ്ര്യം ,രോഗം,യുദ്ധം - മർത്ത്യ ജീവിതത്തിൻറെ
വേരിലും തടിയിലും പൂവിലും കൈപ്പിൻ ഗന്ധം.
പാരിനെപ്പുതുക്കുന്ന കയ്യുകൾ ജീർണിക്കുന്നു.
പരിന്മേൽ പൂശും സ്വപ്നം മായുന്നു വിക്രുതമായ്
പിന്നെയും കുരുക്കുന്നു പിന്നെയും വിളറുവാൻ
പിന്നെയും ജീർണിക്കുവാൻ, ശാശ്വതമൊന്നേ ദുഃഖം. ''
''അന്തർദാഹം.'' ജീ . ശങ്കരകുറുപ്പ്.
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും
ആഗമിക്കും മുൻപ് യൗവന കാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക. (സഭാ പ്രസംഗകൻ.
12;1 )
പഞ്ചഭൂതനിർമ്മിതമായ ഭൂമിയും ഇതേ നിർമ്മിതിയായ ശരീരവും ഏതൊക്കെയോ
കോണിലിരുന്നു ആരൊക്കെയോ സംഘടിതമായി വെട്ടിയൊതുക്കുകയാണ്. അതിനു പിന്നിലെ
താല്പര്യങ്ങൾ നമുക്കറിയാം . യാഥാർത്ധ്യങ്ങളുടെ കറുപ്പും. പക്ഷെ
അറിയില്ലെന്ന് നടിച്ചു മുന്നോട്ടു പോകാനാണ് നമ്മിലെ സ്വാർത്ഥനു
താൽപര്യം.
പൊതു രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റുന്നതാണ് ജീവിതമെന്ഗിൽ ആ ജീവിതം
കൊതിക്കാത്തവർ എന്ത് ചെയ്യണം എന്ന ആശങ്കയിൽ മനസ്സ് അസ്വസ്ഥമാവുന്നു!
‘’The prevalence of suicide, without doubt, is a test of height in
civilization; it means that the population is winding up its nervous
and intellectual system to the utmost point of tension and that
sometimes it snaps.’’ Havelock Ellis
ജീവിത ഗുണത എന്താണ്? ഭൌതികതയിൽ നിക്ഷിപ്തമായ ലഹരിയോ ? അവനവനിൽ
അടങ്ങിയിരിക്കുന്ന ആത്മീയാനന്ദം ഒന്നുമല്ലെന്ന് വരുമോ ? വികാര പ്രകടനം
മനുഷ്യന് സാധ്യമാക്കാൻ മാനദൻടങ്ങൾ ആവശ്യമായത് എങ്ങനെയാണ്?
മത ദർശനങ്ങൾ വേണ്ടുവോളം ഉണ്ടായിട്ടും നമുക്ക് എന്തുകൊണ്ട് മനശാന്തി
ഉണ്ടാകുന്നില്ല.? ഭൂമിയിലെ സർവ ചരാചരത്തിനും അധിപനെന്നു
വിശേഷിപ്പിക്കപ്പെട്ട മനുഷ്യന് എന്ത് കൊണ്ട് പ്രകൃതിയെ
പരിപാലിക്കുവാനുള്ള മനസ്സ് അന്യമായി.?
പഞ്ച നക്ഷത്ര ചികിത്സാലയങ്ങൾ ആരാധാലയങ്ങൾ പോലെ പെരുകിയതെന്തു കൊണ്ട് ? ,
, ശരണാലയങ്ങൾ, പൊലിസ് കേന്ദ്രങ്ങൾ, തടവറകൾ ,കോടതികൾ എല്ലാം ഉണ്ടായത്
നമ്മിൽ ചിലർക്ക് മാത്രമായതു എങ്ങനെ ?
അക്ഷരങ്ങള അറിഞ്ഞു. നമ്മൾ സാക്ഷരരായി. രോഗം വന്നു. പക്ഷെ ആയുസ്സ് കൂടി.
മരണം പലപ്പോഴും വഴി മാറി നീങ്ങുന്നു. എന്തിനു ? വൈദ്യം അനന്തമായി
വളർന്നു. ജീവനെ പിടിച്ചു നിർത്താൻ യന്ത്രങ്ങൾ ഉണ്ടായി.
യാന്ത്രികമായി ജീവൻ നിലനിർത്തിയത് പ്രകൃതി വിരുധ്ധമാണെന്ന് ഏറെ ആരും
പറഞ്ഞില്ല. അവയവങ്ങൾ പദാർഥങ്ങൾ പോലെ വിൽക്കുന്നു.... ജീവരക്തം
ഊറ്റിക്കളഞ്ഞു അപരന്റെ പുതു രക്തം ഏറ്റു വാങ്ങുന്നു.....ജീവിതം എന്താണ്?
വെറും ഒരു കോക്ക്റ്റൈൽ വിരുന്നോ?
''പ്രകൃതിയിൽ നിന്നും അനന്തതയിലേക്കുള്ള പ്രയാണത്തിൽ എല്ലാവരും മരിക്കും
. മരുന്ന് കൊണ്ട് ജീവിതം ദീര്ഘിപ്പിക്കാം. പക്ഷെ മരണം ഡോക്ടറേയും
കീഴ്പ്പെടുത്തും ''. ഷേക്ക്സ്പിയർ