Louis MacNeice |
പരിഭാഷ : സലോമി ജോണ്‍ വത്സൻ
ഞാൻ ഇനിയും ജനിച്ചിട്ടില്ല
ഞാൻ പറയുന്നതൊന്നു കേൾക്കൂ……
ചോരയൂറ്റിക്കുടിക്കുന്ന വവ്വാലും,
മൂഷികനും, നീർനായും
വികൃതപാദനായ വേതാളവും
എൻറ്റെ പക്കൽ വരാതിരിക്കട്ടെ.
ഞാൻ ഇനിയും ജനിച്ചിട്ടില്ല.
എന്നെയൊന്നു ആശ്വസിപ്പിക്കൂ …..
മാനവരാശി ഉത്തുംഗമായ
അതിൻറെ മതിലുകൾ കൊണ്ട്
എനിക്ക് ചുറ്റും കോട്ടകൾ തീർക്കുമെന്ന്
ഞാൻ ഭയപ്പെടുന്നു.
പിന്നെയോ
ബൌദ്ധികമായ വൻ നുണകൾ കൊണ്ട്
എന്നെ വശീകരിക്കുകയും
അതിമാരക മരുന്നുകളാൽ
മയക്കത്തിലാഴ്ത്തി
കറുത്ത കഴുമരത്തിൽ
തൂക്കിലേറ്റി ,ഒടുവിൽ
എന്നെ അവർ
ചോരപ്പുഴയിൽ ഒഴുക്കുമെന്ന
ഓർമ്മയിൽ ഞാൻ നടുങ്ങുന്നു.
ഞാൻ ഇനിയും ജനിച്ചിട്ടില്ല
എനിക്കായ് ഒരു താവളം
നിങ്ങൾ ഒരുക്കുമോ ....
നീന്തിത്തുടിക്കാൻ ഒരു
ജലാശയവും
എനിക്കായ് വളരുവാൻ പുൽചെടികളും
എന്നോട് സംവദിക്കാൻ മരക്കൂട്ടങ്ങളും
എനിക്കായ് പാടുവാൻ ആകാശവും
വഴികാട്ടുവാൻ എന്റെ ഹൃദയത്തിന്റെ
നിലവറയിൽ പറവകളും
അവയെ പൊതിയുന്ന
തൂ വെളിച്ചവും
കരുതി വെക്കൂ..
ഞാൻ ഇനിയും ജനിച്ചിട്ടില്ല.
എന്നോട് പൊറുക്കൂ..
എന്നിലെ പാപങ്ങൾക്ക്,
പിഴക്കാനിരിക്കുന്ന
ലോക പാപങ്ങൾക്ക് .
എന്റെ വാക്കുകൾ
അവർ ഉരുവിടുമ്പോൾ
എന്റെ ചിന്തകൾ
അവർ ചിന്തിക്കുമ്പോൾ
എന്റെ വിശ്വാസ ഘാതകത്വം
ഏതോ രാജ്യദ്രോഹികളിലേക്ക്
കൈ മാറപ്പെടുമ്പോൾ
എന്റെ കൈകളാൽ അവർ
എന്നെ കൊലപ്പെടുത്തുമ്പോൾ
എന്റെ മരണം എനിക്കായ്
അവർ ജീവിക്കുമ്പോൾ….
ഞാൻ ഇനിയും ജനിച്ചിട്ടില്ല.
എനിക്കായ് പരിശീലന കളരിയൊരുക്കൂ….
വൃദ്ധർ എനിക്കായ്
പ്രഭാഷിക്കുമ്പോൾ
കിരാത ഭരണക്കാർ
ഭീഷണി മുഴക്കുമ്പോൾ
പർവതങ്ങൾ മുരളുമ്പോൾ
കമിതാക്കൾ
പരിഹാസം ചൊരിയുമ്പോൾ
വെളുത്ത തിരനുരകൾ
എന്നെ വിഡ്ഢി എന്ന് വിളിക്കുമ്പോൾ
മരുഭൂമി
അന്ത്യദിനമൊരുക്കുമ്പോൾ
യാചകൻ എന്റെ ദാനം
നിരസിക്കുമ്പോൾ
എന്റെ സന്തതികൾ
എന്നെ ശപിക്കുമ്പോൾ,
ഞാൻ ഇനിയും ജനിച്ചിട്ടില്ല.
എന്നെയൊന്നു കേൾക്കൂ……….
പിശാചല്ലാത്തവൻ
ദൈവമെന്നു നിനക്കുന്നവൻ
എന്റെ പക്കലേക്ക് വരൂ .
ഞാൻ ഇനിയും ജനിച്ചിട്ടില്ല.
.എന്നെയൊന്നൊരുക്കൂ …..
എന്റെ മനുഷ്യത്വം
മരവിപ്പിക്കുന്നവർക്കെതിരെ
എന്നെ സജ്ജമാക്കൂ
വെറുമൊരു ജഡമായി
എന്നെ വലിച്ചിഴക്കാതിരിക്കാൻ
ഒരു
യന്ത്രപ്പൽച്ചക്രമായി
എന്നെ മാറ്റാതിരിക്കാൻ
ഏക മുഖമുള്ളൊരു
ജന്തുവാകാതിരിക്കാൻ
വെറുമൊരു
പദാർത്ഥമാകാതിരിക്കാൻ,
എന്റെ ജന്മത്തെ ചിതറിക്കുവാൻ
വരുന്നവർക്കെതിരെ
അങ്ങുമിങ്ങും പാറിപ്പറക്കുന്ന
അപ്പൂപ്പൻതാടിയായി
എന്നെ
ഊതിയുലയ്ക്കുന്നവർക്കെതിരെ ,
കൈക്കുമ്പിളിൽ നിന്ന്
ചോർന്നൊലിക്കുന്ന
ജലകണം പോലെ ...
എന്നെയവർ
ശിലയായ്
മാറ്റാതിരിക്കട്ടെ
എന്നെയവർ
ചിതറിക്കാതിരിക്കട്ടെ..
പകരം
എന്നെ കൊന്നൊടുക്കൂ…
കൊന്നൊടുക്കൂ…