ജീവിതം സന്തുഷ്ടമാക്കാൻ 'ഹോബി'


ജോൺ മുഴുത്തേറ്റ്‌


രാജ്മോഹൻ ഒരു പൊതുമേഖലാ ബാങ്കിന്റെ സിറ്റി ബ്രാഞ്ച്‌ മാനേജരാണ്‌. വളരെ തിരക്കുള്ള ഒരു ബ്രാഞ്ചാണത്‌. ജീവനക്കാർ കുറവുമാണ്‌. അതുകൊണ്ട്‌ ജോലിഭാരം വളരെകൂടുതലാണ്‌. പലപ്പോഴും വളരെ വൈകിയാണ്‌ വീട്ടിലെത്താറ്‌. ഒന്നിനും സമയം തികയുന്നില്ല. സംഘർഷ ജന്യമായ സാഹചര്യങ്ങൾ. പക്ഷെ രാജ്മോഹനെ അതു ബാധിക്കാറില്ല. മനസിനെ തളർത്താറില്ല. തികഞ്ഞ ഊർജ്ജസ്വലതയോടും ഉത്സാഹത്തോടും കൂടി ജോലി ചെയ്യുന്നു. സന്തുഷ്ടമായ ജീവിതം നയിക്കുന്നു. വലിയ പ്രശ്നങ്ങൾക്ക്‌ നടുവിലും സന്തുഷ്ടനായി കാണപ്പെടുന്ന അയാളോട്‌ : "താങ്കൾക്കിതെങ്ങനെ കഴിയുന്നു?", എന്ന്‌ പലരും അത്ഭുതത്തോടെ ചോദിക്കാറുണ്ട്‌. അയാളുടെ മറുപടി വളരെ ലളിതമാണ്‌.
"എന്റെ ഹോബികൾ ആണ്‌ എന്റെ സംരക്ഷകർ".
അയാൾക്ക്‌ പ്രധാനമായി രണ്ടു ഹോബികളാണുള്ളത്‌. ഒന്ന്‌ ഗാർഡനിംഗ്‌ രണ്ട്‌, വായന.  'ഇതിനോക്കെ എങ്ങനെയാണ്‌ ഈ തിരക്കിനിടയിലും സമയം കണ്ടെത്തുന്നത്‌?', എന്ന്‌ ചിലർ ചോദിക്കും , അപ്പോൾ അയാൾ അഭിമാനത്തോടെ തിരിച്ചു ചോദിക്കും, "അദ്ധ്വാനിക്കാൻ വേണ്ടി മാത്രം ജീവിച്ചാൽ മതിയോ? ഉല്ലാസത്തിനും സമയം കണ്ടെത്തേണ്ടേ? ഇപ്പോഴതിന്‌ കഴിഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ്‌ സാധിക്കുക?".
ശരിയാണ്‌ സമയമില്ല എന്ന്‌ പറഞ്ഞു ജീവിതത്തിൽ അനിവാര്യമായ ഉല്ലാസം ഉപേക്ഷിക്കുവാൻ പറ്റുമോ? സമയമില്ല എന്നു പറഞ്ഞു ഭക്ഷണം കഴിക്കാതിരിക്കുന്നതിന്‌ തുല്യമാണത്‌" എന്നാണ്‌ രാജ്മോഹൻ പറയുന്നത്‌.
എന്നും അതിരാവിലെ ഉണർന്നതിനുശേഷം തന്റെ തോട്ടത്തിൽ ഒരു മണിക്കൂർ അയാൾ ചെലവഴിക്കുന്നു. ശരിയായി അദ്ധ്വാനിക്കുന്നു. ചെടികൾ നടുന്നതും, തടമെടുക്കുന്നതും വളമിടുന്നതും നനയ്ക്കുന്നതും എല്ലാം തനിയെ. റോസും മുല്ലയും ചെത്തിയും അശോകവും ചെമ്പരത്തിയും എല്ലാം തോട്ടത്തിലുണ്ട്‌. കൂടാതെ ധാരാളം ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടിട്ടുണ്ട്‌. വിവിധ തരത്തിലും നിറത്തിലുമുള്ള പൂക്കളും, ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും എല്ലാം തോട്ടത്തിന്‌ അസാമാന്യമായ മനോഹാരിത നൽകുന്നു. വീടിന്‌ ഐശ്വര്യവും.
തോട്ടത്തിലെ പണികൾ ശാരീരിക വ്യായാമത്തിനു പുറമെ ഒരു ആത്മീയാ നുഭവം കൂടിയാണ്‌ എന്നാണ്‌ അയാൾ പറയുന്നത്‌. അവധി ദിവസങ്ങളിൽ അയാളുടെ കുട്ടികളും ഇതിൽ പങ്കുചേരുന്നു.
തോട്ടത്തിലെ ചെടികളെ തന്റെ മക്കളെയെന്നപോലെയാണ്‌ അയാൾ ശുശ്രൂഷിക്കുന്നത്‌. ഓരോ ചെടിയ്ക്കും  പ്രത്യേക പരിലാളനകൾ നൽകുന്നു. അവയെ തലോടുകയും അവയോട്‌ സംവദിക്കുകയും ചെയ്യുന്നു. കാറ്റത്തോ മഴയത്തോ ഒരു ചെടി ചെരിഞ്ഞു പോയാൽ അതിന്‌ താങ്ങുകൊടുക്കുകയും പ്രത്യേക ശുശ്രൂഷ നൽകുകയും ചെയ്യുന്നു. ചെടികളുമായുള്ള ചങ്ങാത്തം അഗാധമായ ഒരു ആനന്ദാനുഭവമാണ്‌ എന്നാണ്‌ രാജ്മോഹൻ പറയുന്നത്‌.
വൈകുന്നേരം ബാങ്കിൽ നിന്നും നേരം വൈകിയാവും പലപ്പോഴും രാജ്മോഹൻ വീട്ടിലെത്തുക. പിന്നെ തോട്ടത്തിലെ പണികൾക്ക്‌ സമയം ലഭിക്കാറില്ല. പക്ഷെ രാത്രിയിൽ ഒരു മണിക്കൂറെങ്കിലും അയാൾ വായനയ്ക്കു വേണ്ടി നീക്കിവയ്ക്കുന്നു. വിജ്ഞാനത്തിന്റെ വിശാലലോകങ്ങളിലേക്കുള്ള ഈ യാത്ര അതീവ ഹൃദ്യമായ അനുഭവമാണ്‌. വായിക്കുമ്പോൾ ലഭിക്കുന്ന പുതിയ പുതിയ അറിവുകൾ പ്രത്യേക ഡയറിയിൽ രേഖപ്പെടുത്തുന്നു. പിന്നീട്‌ സമയം ലഭിക്കുമ്പോൾ ഈ ഡയറി എടുത്തു വായിക്കുക രസകരമായ ഒരനുഭവമാണ്‌. തന്റെ അറിവുകൾ ഒന്നുകൂടി മനസിലുറപ്പിക്കുവാൻ അതുപകരിക്കുന്നു.
തന്റെ അറിവിന്റെയും ആരോഗ്യത്തിന്റെയും ആനന്ദത്തിന്റെയും ശരിയായ ഉറവിടം തന്റെ പ്രിയപ്പെട്ട ഹോബികളാണ്‌ എന്ന്‌ രാജ്മോഹൻ വെളിപ്പെടുത്തുന്നു. ഹോബിയിലൂടെ ഊർജ്ജസ്വലതയും മനഃശാന്തിയും നേടിയെടുക്കാൻ അയാൾ തന്റെ സ്നേഹിതരെ ഉപദേശിക്കാറുണ്ട്‌.
സംഘർഷങ്ങളകറ്റി മനസിനും ശരീരത്തിനും ശാന്തിയും വിശ്രമവും നൽകുവാൻ ഹോബി ഏറെ സഹായിക്കുന്നു. ഗാർഡനിംഗ്‌, നീന്തൽ, സൈക്കിളിംഗ്‌ തുടങ്ങിയ ഹോബികൾ മാനസികോല്ലാസത്തോടൊപ്പം ശാരീരിക വ്യായാമവും നൽകുന്നു. ചില ഹോബികൾ സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുന്നു.
ഹോബി ഹോഴ്സ്‌ (ഒ​‍ീയയ്യ ഒ​‍ീ​‍ൃലെ) എന്ന പദത്തിൽ നിന്നാണ്‌ 'ഹോബി' എന്ന വാക്കുണ്ടാവുന്നത്‌. മരംകൊണ്ടുള്ള ഒരു കുതിരയായിരുന്നു 'ഹോബി ഹോഴ്സ്‌'. കുതിരപ്പുറത്തുപോകുന്നതുപോലെ അതിന്റെ പുറത്തുകയറി ഇരുന്ന്‌ ആടുക കുട്ടികളുടെ പ്രധാന ഉല്ലാസമായിരുന്നു. പിന്നീട്‌ ഏതു തരത്തിലുള്ള ഉല്ലാസ മാർഗ്ഗങ്ങളും ഹോബി ഹോഴ്സ്‌ എന്ന പേരിൽ പൊതുവെ അറിയപ്പെടാൻ തുടങ്ങി. ശരിയായ കുതിര സവാരി പണ്ടുമുതലേ അറിയപ്പെടുന്ന ഒരു പ്രധാന ഹോബിയായിരുന്നു.
പതിവായി ചെയ്യുന്ന ഹോബിയ്ക്ക്‌ ഒരാളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ കഴിയുമെന്ന്‌ വ്യക്തമായിട്ടുണ്ട്‌. സ്വീഡനിൽ നടത്തിയ ഒരു പഠനത്തിൽ തയ്യലും ഗാർഡനിംഗും പോലുള്ള ഹോബികൾ മാനസികശേഷിയുടെ അപചയത്തെ പ്രതിരോധിക്കുന്നു എന്നു കാണുകയുണ്ടായി.
മസ്തിഷ്കത്തെ വെല്ലുവിളിക്കുന്ന ഹോബികൾക്ക്‌ 'മറവി' പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുവാൻ കഴിയുമെന്ന്‌ പ്രശസ്ത ന്യൂറോളജിസ്റ്റായ ജോ വർഗീസ്‌ വ്യക്തമാക്കുന്നു. അനുയോജ്യമായ ഒരു ഹോബിയിൽ പതിവായി മുഴുകുന്നത്‌ വാർദ്ധക്യത്തെ പ്രതിരോധിക്കുന്നതിന്‌ സഹായകരമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഏകാന്തത്തയിലെ വിരസതയകറ്റുന്നതിനും വാർദ്ധക്യസഹജമായ രോഗങ്ങളെ തടയുന്നതിനും ഹോബി സഹായകരമാണ്‌ എന്ന്‌ കണ്ടിട്ടുണ്ട്‌. നമ്മുടെ മനസ്സിലും, ശരീരത്തിലും, ആത്മാവിലും അത്ഭുതങ്ങൾ സൃഷ്ടിക്കുവാനുള്ള അസാധാരണ ശേഷി ഹോബിക്കുണ്ടത്രെ.
നിങ്ങൾ ഇഷ്ടപ്പെട്ട ഹോബിയിൽ പരിപൂർണ്ണമായി മുഴുകുമ്പോൾ ശരീരവും മനസും ആത്മാവും ഒരേനിമിഷം ഒരേബിന്ദുവിൽ സമ്മേളിക്കുന്നു. ആത്മശരീരമനസുകളുടെ ഈ അസുലഭ സമ്മേളനം  നിങ്ങളെ ധ്യാനാവസ്ഥയിലേയ്ക്ക്‌ ഉയർത്തുന്നു. ഇത്‌ അസാധാരണമായ ഒരാനന്ദാനുഭവം പ്രദാനം ചെയ്യുന്നു. ഈ അവസ്ഥയിൽ നിങ്ങളുടെ ഉപബോധ മനസ്സ്‌ കൂടുതൽ കൂടുതൽ സജീവമാകുന്നു. നൂതനമായ പ്രശ്നപരിഹാരങ്ങളും നവീനാശയങ്ങളും നിങ്ങളുടെ മനസിൽ മിന്നിമറയുന്നു. നിങ്ങളുടെ ക്രിയേറ്റിവിറ്റി ഉത്തേജിപ്പിക്കപ്പെടുകയും ഉണർത്തപ്പെടുകയും ചെയ്യുന്നു. ഇത്‌ സജീവമായ ഒരു സർഗ്ഗ പ്രക്രിയയ്ക്ക്‌ വഴിയൊരുക്കുന്നു.
ഹോബിയിൽ പൂർണ്ണമായി മുഴുകുമ്പോൾ നിങ്ങൾക്ക്‌ ലഭിക്കുന്ന അഗാധമായ വിശ്രാന്തിയും ആനന്ദവും, അതിൽ കൂടുതൽ കൂടുതൽ മുഴുകാനുള്ള ആസക്തിയും അഭിനിവേശവും ജനിപ്പിക്കുന്നു. അങ്ങനെ 'ഹോബി' യോട്‌ നിങ്ങൾക്ക്‌ ഒരുതരം അഡിക്ഷൻ (അററശരശ്​‍ി) തോന്നുന്നു. അതുകൊണ്ട്‌ ഉത്തമമായ ഹോബികൾ വേണം ശീലിക്കുവാൻ. അവ അന്തിമമായി നിങ്ങളെ ഉദാത്ത വ്യക്തിത്വത്തിലേയ്ക്ക്‌ നയിക്കുന്നു.
അമേരിക്കയുടെ പ്രഥമ പ്രസിഡണ്ടായിരുന്ന ജോർജ്ജ്‌ വാഷിംഗ്ടന്റെ പ്രധാന ഹോബികൾ മീൻപിടിത്തവും, കുതിര സവാരിയുമായിരുന്നു. പ്രകൃതി ഭംഗി നുകരുക അദ്ദേഹത്തിന്റ ഒരു പ്രധാന വിനോദവും ഊർജ്ജമാർജ്ജിക്കാനുള്ള മാർഗ്ഗവുമായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ  ഏറ്റവും ഇഷ്ടപ്പെട്ട ഹോബി എഴുത്തായിരുന്നു. അദ്ദേഹം ജയിൽവാസം അനുഭവിച്ച നാളുകളിൽ എഴുതിയതാണ്‌ 'ഗ്ലിംസസ്‌ ഓഫ്‌ വേൾഡ്‌ ഹിസ്റ്ററിയും' 'നെഹ്‌റുവിന്റെ ഓട്ടോ ബയോഗ്രാഫിയും.' അമേരിക്കൻ രാജ്യതന്ത്രജ്ഞനായിരുന്ന ബെഞ്ചമിൻ ഡിസ്രേലി അദ്ദേഹത്തെ അക്ഷരങ്ങളുടെ മനുഷ്യൻ (ങമി ​‍ീള ഹല​‍േൽ​‍െ) എന്നാണ്‌ വിളിച്ചതു. വായനയും എഴുത്തും തന്റെ വ്യക്തിത്വവികാസത്തിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌ എന്ന്‌ നെഹ്‌റു വ്യക്തമാക്കിയിട്ടുണ്ട്‌.
എബ്രഹാം ലിങ്കൺ ബേസ്ബോൾ കളിക്കുന്നതിലും അതുകണ്ടാസ്വദിക്കുന്നതിലും ആനന്ദം കണ്ടെത്തി. മാനസിക സംഘർഷങ്ങളകറ്റാനും ശരീരത്തിനും മനസിനും ഊർജ്ജം പകരുവാനും ഈ ഹോബികൾ അദ്ദേഹത്തെ സഹായിച്ചു.
ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയും ലോക പ്രശസ്ത നേതാവുമായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ പ്രധാന ഹോബി ഗാർഡനിംഗ്‌ ആയിരുന്നു. രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം പൂർണ്ണമായി അതിൽ മുഴുകുകയും, അതിൽ സായൂജ്യം കണ്ടെത്തുകയും ചെയ്തു.
'പ്രകൃതിയുടെ പ്രവാചകൻ' എന്നറിയപ്പെട്ട ഹെന്റി ഡേവിഡ്‌ തോറോയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബി പ്രകൃതി നീരീക്ഷണമായിരുന്നു. അത്‌ അദ്ദേഹത്തിന്‌ ഒരു ലഹരിയായിരുന്നു. വാൾഡൻ തടാകത്തോട്‌ ചേർന്നുള്ള കാട്ടിൽ സ്വന്തമായി കുടിൽ നിർമ്മിച്ച്‌ അതിൽ ഏകനായി അദ്ദേഹം രണ്ടു വർഷവും രണ്ടു മാസവും രണ്ടു ദിവസവും താമസിക്കുകയുണ്ടായി. പ്രകൃതിയെ കൂടുതൽ അറിയുന്നതിനും പ്രകൃതിയുമായി അഗാധമായ ബന്ധം ഉറപ്പിക്കുന്നതിനും വേണ്ടിയാണ്‌ പരിസ്ഥിതിപ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം അപ്രകാരം ചെയ്തത്‌. അദ്ദേഹത്തിന്‌ ഇത്‌ അസാധാരണമായ ഒരു ആത്മീയാനുഭവമായിരുന്നു.  തോറോയുടെ 'വാൾഡൻ' എന്ന പ്രശസ്ത ഗ്രന്ഥം ഈ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ്‌.
അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോൺ ആഡംസ്‌ (ഖീവി അറമാ​‍െ) എന്നും രാവിലെ നദിയിൽ പൂർണ്ണ നഗ്നനായി നീന്തുന്നത്‌ പതിവാക്കി. ഒരു ദിവസത്തെ മികച്ച പ്രവർത്തനത്തിനുള്ള ശാരീരികവും, മാനസികവുമായ ഊർജ്ജം നേടുവാൻ ഈ ഹോബി അനിവാര്യമാണ്‌ എന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു.
നമ്മുടെ വ്യക്തിത്വത്തെയും പ്രവർത്തനങ്ങളെയും ഏറെ സ്വാധീനിക്കുന്നതാണ്‌ ഹോബി. അതു തെരഞ്ഞെടുക്കുമ്പോൾ നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യവും  ഉന്മേഷവും കൈവരിക്കുവാൻ സഹായിക്കുന്ന ഹോബികൾ നാം സ്വീകരിക്കണം. വായന, എഴുത്ത്‌, ഗാർഡനിംഗ്‌, കുക്കിംഗ്‌, നീന്തൽ, ഫോട്ടോഗ്രാഫി, ചിത്രരചന, തയ്യൽ, മീൻവളർത്തൽ, സംഗീതം, ഡാൻസ്‌, തുടങ്ങിയ ഹോബികൾ അത്തരത്തിൽ പെടുന്നവയാണ്‌. അവ നമ്മിലെ സർഗ്ഗാത്മകതയെ വളർത്തുകയും ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യും. എന്നാൽ ചാറ്റിംഗും, ബ്രൗസിംഗും, ടിവി കാണലും, പുകവലിയും പോലുള്ള  ഹോബികൾ നമ്മുടെ സമയത്തിന്റെ സിംഹഭാഗവും അപഹരിക്കുമ്പോൾ, നാം അറിയാതെ പരാജയത്തിന്റെ പാത തിരഞ്ഞെടുക്കുകയാണ്‌ എന്ന്‌ ഓർക്കുക.
"നിങ്ങളുടെ ഹോബി എന്തെന്നു പറയൂ, എന്നാൽ നിങ്ങളുടെ ഭാവി എന്തെന്നു ഞാൻ പറയാം" എന്ന്‌ പറഞ്ഞ ആ ക്രാന്തദർശിയുടെ  വാക്കുകൾ നമുക്ക്‌ വിസ്മരിക്കാതിരിക്കാം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ