സലോമി ജോണ്‍ വത്സൻ
കാലത്തിൻറെ കൽക്കോട്ടയിൽ
കാതോർത്തിരിക്കുന്ന സ്വപ്നങ്ങൾ..
കടൽക്കിഴവന്റെ
കാൽക്കീഴിൽ
കരഞ്ഞുറങ്ങുന്ന ഈറൻ തീരം.
കാറ്റും കടലും
കലിതുള്ളിയിരമ്പി
കൽപാന്തകാലമായ് കേഴുന്നു...
പകലിന്റെ നെഞ്ചിൽ
കാലത്തിന്റെ ആരക്കാൽ
ആഴ്ന്നിറങ്ങുന്നു.
കോടാനുകോടി യുഗങ്ങളുടെ
കണക്കു തീർക്കുവാൻ
കടലിടുക്കുകളിൽ
കുഴഞ്ഞു വീഴുന്ന തിരകൾ....
പ്രാകൃതമായ ഇരുട്ടിന്റെ
ഈറ്റില്ലത്തിൽ
ഇറുന്നു വീണ ചിറകിൽ
പ്രത്യാശയുടെ
അഴുകിയ തൂവൽ
കൊത്തി മിനുക്കി
കടൽക്കിളി
യുഗാന്ത്യങ്ങളുടെ
കഥ പറയാൻ
ആരെയോ കാത്തിരിക്കുന്നു ...
പിന്നെയൊരു
പകലറുതിയിൽ,
ചേക്കേറാൻ
എവിടെയ്ക്കോ
ചിറകടിച്ചുയർന്ന
കിളിയുടെ കിളുന്നു നെഞ്ചിൽ
പുളഞ്ഞിറങ്ങിയ
കൂരമ്പിലൂടിറ്റുവീണ
നിണമേറ്റ് നനഞ്ഞുലഞ്ഞ
ഭൂമി.......
ചുഴിപ്പാതകളിൽ
ദുഃഖച്ചുമടുകൾ ഇറക്കി
തലമുറകളിൽ
തീപ്പന്തമായ് പുളയുന്നു..