'പക്ഷി' എന്നെഴുതപ്പെട്ട ധാന്യം

ശ്രീകൃഷ്ണ ദാസ്  മാത്തൂർ

'പക്ഷി' എന്ന് 
തലവിധി എഴുതപ്പെട്ട 
അരിമണിയേ.
കടലോളം പാടത്തില്‍ 
നെല്ലോളമിടം
പതിച്ചു കിട്ടിയ 
ഉതിര്‍മണിയേ.

ആ പക്ഷി 

വിത്തു മുങ്ങി, ഞാറായ് നീ പൊങ്ങേണ്ടിടത്ത് 
എത്രനാള്‍ ബദ്ധശ്രദ്ധ കൊളുത്തി വച്ചിട്ടുണ്ട്.
പക്ഷിനോട്ടം വിലക്കുമിപ്പാടമെത്തുവാന്‍
മറ്റു വെട്ടുവഴികള്‍ വാനില്‍ പറന്നു വച്ചിട്ടുണ്ട്.
തുറു കണക്കെ കുമിഞ്ഞ നോക്കുകുത്തിമേല്‍ 
പടയൊരുക്കത്തിനു  മരങ്ങളില്‍ കുടിയിരിന്നിട്ടുണ്ട്.
തന്റെ പങ്കു മുളയ്ക്കേണ്ടിടത്തുതന്നെ, പകല്‍ 
ഫ്ലാഷടിച്ചു പലവട്ടം പടമെടുത്തിട്ടുണ്ട്.
ചാര മടകളില്‍ ചീവീടിനെ തിന്ന്
ആയിടത്തുതന്നെയത് വളം തൂറ്റിയിട്ടുണ്ട്.
നിന്നിലേയ്ക്കുള്ള ഒറ്റവരമ്പത്തെത്ര നാളുകള്‍ 
ഇടംവലം നോക്കാതെ കുന്തളിച്ചിട്ടുണ്ട്.
മൂരി തുള്ളിക്കലിപ്പിച്ചുഴുത ചേറ്റകത്തില്‍ 
ജ്വാല നട്ടു പെണ്ണുങ്ങള്‍ പിന്മടങ്ങവേ 
ചിറകെറിച്ചിലിന്‍ ചെറുകാറ്റിനെ പറഞ്ഞു വിട്ട്
ഊതിയൂതി പെരുപ്പിച്ച് പച്ചനെല്‍ -
തീപ്പിടിത്തമായ് വളര്‍ത്തിയിട്ടുണ്ട്.
പാല്‍പ്രായത്തിലേ കൊത്തി വിഴുങ്ങാതെ 
മൂപ്പോളം താണുപൊങ്ങി കാത്തിരിന്നിട്ടുണ്ട്.
പാളിപ്പോയ മഴയെ തിരിച്ചു പായിച്ച് 
വേരോളം ചെന്ന് പെയ്തിരുന്നിട്ടുണ്ട്.
മണ്‍വയറ്റില്‍ കൈകാലടിക്കും വേരുകളില്‍ 
'എന്റെ ഞാറേ' എന്നെത്ര പാടി നടന്നിട്ടുണ്ട്.
തന്റെ പേരു കൊത്തിയ നെന്മണിക്കായ്   
ബാക്കി വന്ന വിശപ്പുകള്‍ കൂട്ടി വച്ചിട്ടുണ്ട്. 
ഒക്കെയാകിലുമതിന്‍ കൊതിക്കണ്ണു വെട്ടിച്ച് 
കൊയ്തെഴുന്നേറ്റ കറ്റയില്‍ കയറി 
ഞാറ്റുപാടം പോയ പോക്കു നോക്കി
ചിറകടിച്ചു ചെളി നിലത്തില്‍ തൂവല്‍ പാകിയിട്ടുണ്ട്.

എന്റെ ഉള്ളിലെ 
ഏമ്പൊക്കമായ് മാറി 
വെന്തൊതുങ്ങിയ
അരിമണിയേ,
 ആ പക്ഷി ഇന്നെന്റെ നെഞ്ചിലെ
ഉമ്മറത്തിണര്‍പ്പില്‍
തലയടിച്ചു മരിച്ചിട്ടുണ്ട്.

അതിന്റെ മരണമൊഴി 
ഏറ്റെടുത്തവള്‍ ഭൂമി 
ഞാനെന്ന ധാന്യത്തില്‍ 
'പക്ഷി' എന്നെഴുതിയിട്ടുണ്ട്.
********

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?