14 Mar 2017

ഗൂഗിളൈസേഷനും ഗിന്നസ്ബുക്കും


എം.കെ.ഹരികുമാർ

ഗൂഗിളൈസേഷനും അതിന്റെ  നിലവാരപ്പെടുത്തലും മനുഷ്യന്റെ സാംസ്കാരിക ജീവിതത്തിൽ വലിയൊരു വ്യവഹാരരൂപാന്തരം (Paradigm shift) ഉണ്ടാക്കിയിരിക്കുന്നു.അതായത് യുക്തിയുടെയും ബോധത്തിന്റെയും സമീപനങ്ങളുടെയും സമൂലമായ പരിവർത്തനമാണിവിടെ സംഭവിച്ചിരിക്കുന്നത്.കാൽ നൂറ്റാണ്ടിനുമുൻപ് നാം എങ്ങനെ ലോകത്തെ കണ്ടു , എങ്ങനെ നമ്മുടെ ആശയപരവും മൂല്യപരവുമായ മുൻ ഗണനാക്രമങ്ങൾ നിശ്ചയിച്ചു , സത്യത്തെപ്പറ്റിയുള്ള വീക്ഷണങ്ങൾ പരിപാലിച്ചു ,തുടങ്ങിയ കാര്യങ്ങളിലെല്ലാം വലിയൊരു മാറ്റം വന്നിട്ടുണ്ട്.കണ്ണുകളുടെ കാഴ്ചയ്ക്ക് മാറ്റമൊന്നുമില്ല.എന്നാൽ കാണുന്നതിന്റെ അർത്ഥവും എന്ത് കാണണമെന്നതും മാറി.

ഗൂഗിൾ , ഇന്റർനെറ്റിലെ ഒരു സെർച്ച് എഞ്ചിൻ മാത്രമല്ല; അതിൽ അനേകം യന്ത്രങ്ങൾ സംഗമിക്കുന്നു.ദൃശ്യങ്ങളുടെ പങ്കുവയ്ക്കൽ,  കത്തയയ്ക്കൽ, ഫോൺ വിളി, ഫോട്ടോ കൈമാറൽ, വിജ്ഞാന വിതരണം, ലൈബ്രറിയുടെയും ഡിക്ഷ്ണറിയുടെയും ഉപയോഗം, ലോക പത്രമാധ്യമങ്ങളുടെ പ്രദർശനം, മാധ്യമ വിഭവസമാഹരണം, ടി വി, സിനിമ, തുടങ്ങി ഒരു ശരാശരി മനുഷ്യന്റെ എല്ലാ മാനസിക തൃഷ്ണകളും അത് ശമിപ്പിക്കുന്നു.എന്നാൽ വർഷങ്ങൾക്ക് മുൻപ് ,ഏതാണ്  ശരി , തെറ്റ്, ആരാണ് വലിയവൻ,ചെറിയവൻ, ഏതാണ് സംസ്കാരം, സംസ്കാരം അല്ലാത്തത് തുടങ്ങിയ വിഭജനങ്ങൾ ഉണ്ടായിരുന്നു.അതായത്, വിജ്ഞാനത്തിന്റെ ഉടമസ്ഥന്മാരായി ചിലർ ചമഞ്ഞിരുന്നു.സംസ്കാരത്തിന്റെ മേഖലയിൽ ആരു  വരണമെന്ന് നിശ്ചയിച്ചിരുന്ന ചില വിദ്വാന്മാരുണ്ടായിരുന്നു. കലയിലും സാഹിത്യത്തിലും ആവിഷ്കാരം നടത്തണമെങ്കിൽ ഒരു  വരേണ്യവർഗ്ഗത്തിന്റെ പിന്തുണ വേണമായിരുന്നു.ഏതാണ് ശരിയായ വിജ്ഞാനം  എന്ന് നിശ്ചയിക്കുന്ന 'സേവകന്മാർ' പലയിടത്തും നിലയുറപ്പിച്ചിരുന്നു.  ഗൂഗിൾ അതെല്ലാം നശിപ്പിച്ചു.ലോകത്തിന്റെ പുനുരുത്ഥാനത്തിനും ഏകീകരണത്തിനും ഇതാവശ്യമാണ്.ലോകത്തിലെ  ഏതൊരു കണത്തിനും അതിന്റേതായ ജ്ഞാനാംശമുണ്ട്.അതിനു ഒരു ശ്രേണിയിൽ വന്ന് മുഖം കാട്ടേണ്ടതില്ല.എപ്പോഴും ഏത് നിമിഷവും അതിലേക്ക് ചെല്ലാൻ കഴിയണം.ഗൂഗിൾ  അതാണ് വിളംബരം ചെയ്യുന്നത്. ഏതെങ്കിലും ഓഫീസിന്റെ , സ്ഥാനപതിയുടെ സഹായമില്ലാതെ വിജ്ഞാനത്തിനും വിനോദത്തിനും അവസരമൊരുങ്ങുകയാണ്.
ലോകത്തിലെ ഏത് കലയും സംസ്കാരവും ഒരുപോലെയാണ്. എല്ലാം ആർക്കും എപ്പോഴും പരിശോധിക്കാനാകണം. ആഫ്രിക്കൻ ഭക്ഷണവിഭവമായ കല്ലാലൂ(Callalloo)വിനെപ്പറ്റി അറിയണമെന്നുണ്ടെങ്കിൽ നെറ്റിൽ പരതിയാൽ മതി.ആരുടെയും അനുവാദം വേണ്ട.ലൈബ്രറിയിലാണെങ്കിൽ ആർക്കും കയറി പുസ്തകമെടുക്കാൻ കഴിയില്ലല്ലൊ.
ഇന്റർനെറ്റിൽ ആരും തന്നെ അധികാരിയായി വരുന്നില്ല.നമ്മുടെ തൃഷ്ണയും സജീവതയുമാണ് നമുക്കു വേണ്ടി ഒരു തിരക്കഥ രചിക്കുന്നത്.ഇന്റർനെറ്റിനു തുടക്കമില്ല.സെർച്ച് എഞ്ചിനുകൾ ഉപയോഗിക്കുന്നവർക്കും നിശ്ചിതമായ ഒരു ആരംഭമോ അവസാനമോ ഇല്ല. നാം വിചാരിക്കുന്നതുപോലെ ജ്ഞാനത്തിലേക്കുള്ള പാതയിലൂടെ നടക്കാം.
ഗൂഗിളൈസേഷനിൽ ഒരാൾ ബുദ്ധിമാനോ , പഴഞ്ചനോ ആയി പ്രത്യക്ഷപ്പെടുന്നില്ല.എല്ലാവരും തുല്യരാവുകയാണ്.വിവരങ്ങൾക്ക് മരണമല്ല ഉള്ളത്;ഗൂഗിൾ  എന്ന വിധിയാണ് ബാക്കിയാവുന്നത്. വ്യക്തികൾ പോലും അറിവുകളാണ്.അറിവുകളുടെ അന്തിമ വിധിയാണ് ഗൂഗിൾ  .മൈക്കിൾ ജാക്സൺ ഒരു ഗായകൻ ആണെങ്കിലും, ഗൂഗിളൈസേഷനിൽ അദ്ദേഹം ഒരു ഇൻഫർമേഷനാണ്.ആ ഇൻഫർമേഷനു അതിന്റെ വിലയാണുള്ളത്.അതേസമയം, പരമ്പരാഗത സംഗീത ധാരകൾക്കും അറിവിന്റെ വിലയുണ്ട്. എല്ലാത്തിനെയും നിരത്തിവയ്ക്കുകയാണ് ഗൂഗിളൈസേഷനിലൂടെ സംഭവിക്കുന്നത്. ആർക്കും യഥേഷ്ടം  തിരെഞ്ഞെടുക്കാം.


മൂല്യസമാനത എന്ന വിധി
സംസ്കാരത്തിനു ഒരു കേന്ദ്രമുണ്ടെന്നും ഓരോരുത്തരും ഒരു സംസ്കാരത്തിന്റെ വക്താവാണെന്നുമുള്ള ധാരണയൊക്കെ പൊളിയാൻ  ഇതിടയാക്കി. ക്ലാാസിസത്തിന്റെ മരണമാണ് ഗൂഗിൾ സാങ്കേതികവിദ്യയിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.ക്ലാസിസം എപ്പോഴും അഖണ്ഡമായ ഒന്നിനെയാണ് ഉദാഹരിക്കുന്നത്.അവിടെ സമസ്യയൊന്നുമില്ല. പരമ്പരാഗതവും ധാർമ്മികവുമായ മൂല്യങ്ങൾ സ്ഥാപിക്കുക മാത്രമാണ് അതിന്റെ ലക്ഷ്യം. വ്യക്തികൾ മൂല്യങ്ങളുടെ പ്രതിനിധാനമാണിവിടെ. ആ വ്യക്തികൾക്ക് സ്വന്തമായ ഭ്രമമോ , ചിന്തയോ ഉണ്ടാകാൻ പാടില്ല. അവർ ഒരു പൊതു മൂല്യബോധത്തിന്റെ പ്രയോക്താക്കൾ മാത്രമാണ്. ഈ രീതിയിലുള്ള ചിന്തയിൽ നിന്ന് ആധുനികതയിലെത്തിയപ്പോൾ  ലോകം കണ്ടത് സകലതിനെയും നിഷേധിച്ച് അരാജകത്വത്തിലേക്ക് കലാകാരന്മാർ വീഴുന്നതാണ്.ഒന്നിനും അവിടെ വാഴ് വ് ലഭിച്ചില്ല. ഉത്തരാധുനികതയാകട്ടെ,സ്വത്വങ്ങളെ ഉണർത്തി പ്രത്യയശാസ്ത്രവൽക്കരിച്ചു.സമൂഹത്തിലെ ഓരോ ആശയത്തെയും പ്രതിനിധാനം ചെയ്യുന്ന ചെറുവിഭാഗങ്ങളുണ്ടെന്നും അവരുടെ രാഷ്ട്രീയമാണ് പ്രധാനമെന്നും , അതിനായി ചരിത്രത്തെ പുനർവായിക്കണമെന്നും ഉത്തരാധുനികത വായിച്ചു.അതെല്ലാം ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.ഈ നവകാലത്തിന്റെ ആശയസന്തുലിതാവസ്ഥയിൽ , മൂല്യസമാനതയിൽ ഒന്നും തന്നെ അതിന്റെ അറിവിനപ്പുറം പ്രാധാന്യം നേടുന്നില്ല.ഒരു ചെടിയുടെ മൂല്യം അതിന്റെ ഉപയുക്തത എന്ന അറിവാണ്.തേനിനും ഗഞ്ചാവിനും തുല്യ പ്രാധാന്യം.
മൂല്യസമാനതയാകട്ടെ , ആശയസന്തുലിതാവസ്ഥയാകട്ടെ പുതിയ സംഘർഷങ്ങൾ വിളിച്ചുവരുത്തിയെന്നതും കാണാതിരുന്നുകൂടാ.എല്ലാത്തിനും തുല്യമായി വേദി പങ്കിടുന്നതിനോട് , സ്വപ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് യോജിക്കാനാവില്ല.അവർ വേറിടലിനെയാണ് ആഘോഷിക്കുന്നത്.പൊതുവിൽ നിന്ന് വ്യത്യാസപ്പെടുന്നത് എന്താണോ , അത് അടയാളമായിത്തിരുന്നു.ഏറ്റവും ചെറിയ മനുഷ്യൻ , എറ്റവും പൊക്കം കുറഞ്ഞ പശു, തല കീഴോട്ടാക്കി തെങ്ങു കയറുന്നവൻ, നാക്കുകൊണ്ട് പുസ്തകമെഴുതുന്നവൻ, എന്നിങ്ങനെ അറിവുകൾ വ്യത്യാസപ്പെടാൻ വെമ്പുന്നു. ആ നിലയിൽ റെക്കാർഡുകൾ ഉരുത്തിരിയുന്നു.അതിന്റെയർത്ഥം സാമാന്യവത്കരണത്തിനു ബദലായി അസാധാരണത്വം സൃഷ്ടിക്കുന്നു എന്നാണ്.ഏറ്റവും അപൂർവ്വമായതിനു വേണ്ടിയുള്ള ഓട്ടമാണ് ഇന്ന് സാർവത്രികമായിട്ടുള്ളത്.സുഖം തേടുന്നതിലും സാഹസികതയിലും സമാനതകളില്ലാത്ത തലം അന്വേഷിക്കുന്നവർ ഇന്ന് എല്ലായിടത്തുമുണ്ട്.എല്ലാവർക്കും ഉള്ള അവയവങ്ങൾ കൊണ്ട് തൃപ്തിപ്പെടാനാവില്ല.പുതിയ അവയവങ്ങളും സിദ്ധികളും വേണം.വെറും മനുഷ്യരായതുകൊണ്ട് അനുഭൂതി കിട്ടുന്നില്ല.ദൈവികതയിലോ , ദൈവത്തിന്റെ അവതാരത്തിലോ എത്തണം.സ്വന്തം പ്രതിഛാായപോലും അപര്യാപ്തമാണ്. തന്നേക്കാൾ വലിയ പ്രതിഛായ  വേണം.ശരാശരി മനുഷ്യനു വാർത്താപ്രാധാന്യമില്ല. സാധാരണപ്രേമത്തിനു പ്രശംസ കിട്ടുകയില്ല.അതിനപ്പുറം എന്തെങ്കിലും ചെയ്യണം.ശരീരത്തിൽ തന്നെ ശസ്ത്രക്രിയകളിലൂടെ മാറ്റങ്ങൾ വരുത്തുന്നത് ഇതിന്റെ തെളിവാണ്.പാശ്ചാത്യനാടുകളിൽ തുടക്കമിട്ട ടാറ്റൂ , ഇപ്പോൾ ബോഡി പെയിന്റിംഗിലേക്കും വഴിമാറിയിരിക്കുന്നു.ശരീരത്തിൽ വായും കണ്ണുകളും മറ്റും ഫാന്റസി ജനിപ്പിക്കാനായി വരച്ചു ചേർത്ത്, അതിഭൗതികമായ പ്രതീതി സൃഷ്ടിക്കുകയാണ്. ശരീരത്തെ അതിന്റെ ഉപയുക്തതയിൽ നിന്നും കാഴ്ചയിൽ നിന്നും വ്യതിചലിപ്പിച്ച് മറ്റൊരു അനുഭൂതിയിലേക്ക് നയിക്കുകയാണ് ലക്ഷ്യം.
ശരീരത്തിനപ്പുറത്ത് ജീവിതം
വെറുതെയൊരു ജീവിതം ആർക്കും വേണ്ടാതായിരിക്കുന്നു.പരിമിതമായ ജീവിതത്തിനുള്ളിൽ സാഹസികമായ ആലോചനകളാണ് സാധ്യമാവുന്നത്.ജീവിതത്തേക്കാൾ വലിയതെന്തും ജീവിതമായി വ്യാഖ്യാനിക്കപ്പെടുന്നു.അല്ലെങ്കിൽ ജീവിതത്തേക്കാൾ വലിയ പ്രതിബിംബങ്ങളാണ് എല്ലാ ബന്ധങ്ങളിലും മനുഷ്യർ തേടുന്നത്. ജീവിതവും അതിന്റെ തത്തുല്യമായ പ്രതിഛായകളും ജീവികളിൽ മാത്രമേ ഇന്നു കാണാനൊക്കു.ഒരു പൂച്ച സിംഹത്തെപ്പോലെ അലറാൻ ശ്രമിക്കുന്നില്ല.ഒരു മാൻ വെള്ളത്തിലിറങ്ങി മീനിനെ  അനുകരിച്ച് നീന്തി അടിത്തട്ടിലേക്ക് ഊളിയിടുന്നില്ല.ഒരു കോഴി പൂച്ചയെപ്പോലെ ബാലൻസ് സൂക്ഷിച്ചുകൊണ്ട് ഞാണിന്മേൽ നടക്കുന്നില്ല.ഒരു പട്ടി, ഒരു കാലിൽ നടക്കുന്നില്ല.മനുഷ്യനാകട്ടെ , സ്വന്തം ശരീരത്തെ , മനസ്സിനെ പരിമിതിയുടെ പ്രതിനിധാനമായാണ് കാണുന്നത്.ശരീരത്തിനപ്പുറത്താണ് അവൻ ജീവിക്കാനാഗ്രഹിക്കുന്നത്.അവൻ വെറുതെ ഇണയെ കിട്ടിയാൽപ്പോരാ.അവളെ പരാജയപ്പെടുത്തിവേണം ആസ്വദിക്കാൻ.പ്രണയം തോൽക്കുകയാണെങ്കിൽ , അതിലൂടെ ജീവിതത്തെതന്നെ തോൽപ്പിക്കാനാണ് ചിലപ്പോഴെങ്കിലും അവൻ നോക്കുന്നത്.പ്രണയം വിജയിച്ചാലും, ജീവിതം വേണ്ടെന്നു വയ്ക്കുന്നവരുണ്ട്.കമിതാക്കൾ കൈകൾ കോർത്തുപിടിച്ചുകൊണ്ട് റെയിൽപ്പാളത്തിലൂടെ നീങ്ങുന്നത് അതിനാണ്.അവർ പ്രണയത്തിലൂടെ രണ്ടു കാര്യങ്ങൾ കണ്ടെത്തുന്നു:ഒന്ന്, പ്രണയിച്ച ഇടങ്ങളിലോ, പ്രണയിച്ച ശരീരങ്ങളിലോ തങ്ങൾ തേടിയ ജീവിതം ഇല്ല.രണ്ട്,ഈ പ്രണയം അവസാനിപ്പിക്കുമ്പോൾ തങ്ങൾക്ക് പരസ്പരം നഷ്ടപ്പെടാനൊന്നുമില്ലെന്നും, ജീവിതത്തേക്കാൾ വലിയ പ്രണയത്തെയാണ് തങ്ങൾ തേടിയതെന്നും.
ഗിന്നസ് ബുക്ക് , ജീവിതത്തിനു വേണ്ടി ഭാവനചെയ്തവരുടെ കൂടാരമല്ല;ജീവിതത്തേക്കാൾ അപരിചിതവും  അപാരവുമായ ശാരീരികാനുഭവങ്ങൾ തേടിയവരുടെ ഭാവനായാണ്. ഗിന്നസ് ബുക്ക് അപകടകരമായ ഭാവനയാണ്. അതിൽ പ്രകൃതിയുടെപോലും സ്വാഭാവികതയെ മറികടക്കുന്ന ജീവിതങ്ങളാണുള്ളത്. ഗിന്നസ് ബുക്കും ഗൂഗിളും പരസ്പര വിരുദ്ധമായ തത്വശാസ്ത്രങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്.ഗിന്നസ് ബുക്ക് നിറയെ അത്ഭുതങ്ങളാണ്. സാധാരണമെന്ന മട്ടിൽ ജീവിക്കുന്നവരുടെ അനുഭവങ്ങൾക്ക് അവിടെ പ്രസക്തിയോ  പകിട്ടോ ഇല്ല.ഗൂഗിളാകട്ടെ എല്ലാറ്റിനെയും  അറിവായും പേജായും രൂപാന്തരപ്പെടുത്തുന്നു. ഓസ്കാർ വൈൽഡ് ഒരു പേജായിരിക്കുമ്പോൾ തന്നെ  ഓസ്കാർ അവാർഡ് മറ്റൊരു പേജാണ്. ഓസ്കാർ വൈൽഡിന്റെ പേജിൽ തന്നെ അനേകം പേജുകളിലെക്കുള്ള അനന്തമായ യാത്രയാണ് അരുക്കിയിട്ടുള്ളത്. ഓസ്കാർ വൈൽഡ്  ഒരു പേജല്ല;പല പേജുകളാണ്.ആ എഴുത്തുകാരനെക്കുറിച്ച് ആരെല്ലാം എഴുതിയത് ലഭ്യമാണോ അതെല്ലാം തിരയാൻ സൗകര്യമുണ്ട്. വിക്കിപ്പീഡിയയുടെ പേജിലാണെങ്കിൽ , വൈൽഡിന്റെ ജന്മദേശത്തിനും അദ്ദേഹത്തിന്റെ കൃതികൾക്കും പ്രത്യേകം  ലിങ്ക് നൽകിയിരിക്കുകയാണ്. The Picture of Dorian Gray എന്ന് എഴുതിയിരിക്കുന്നിടത്ത് ഒരു ലിങ്കുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ആ നോവലിന്റെ പേജ് വരുകയായി. അവിടെ തിരഞ്ഞാൽ വേറെയും ലിങ്കുകളുണ്ട്: ഗോഥിക് ഫിക്ഷൻ, ഫൗസ്റ്റ്, എന്നിങ്ങനെ . ഗോഥിക് ഫിക്ഷനിൽ ക്ലിക്ക് ചെയ്താൽ വേറൊരു പേജ്  വരും. അവിടെയും മറ്റനേകം പേജുകളിലേക്കുള്ള  ലിങ്കുകളാണ്. ചുരുക്കത്തിൽ ,ഓരോ പേജും അവസാനമില്ലാത്ത  അറിവുകൾക്കായുള്ള തിരച്ചിൽ മാത്രമാണ് ബാക്കിവയ്ക്കുന്നത്. ഇവിടെ ഒന്നിനും ബ്രാഹ്മണ്യമോ ചണ്ഡാലികത്വമോ അവകാശപ്പെടാനൊക്കില്ല. എല്ലാം നമ്മുടെ വാതിൽക്കൽ അറിവാരായുന്ന സമയം നോക്കി കാത്തുകിടക്കുകയാണ്.
സ്വയം നശിക്കുന്നതും വ്യത്യസ്ഥത
ഗിന്നസ് അപരസൗന്ദര്യമാണെങ്കിൽ , ഗൂഗിൾ പ്രാതിനിധ്യത്തിന്റെ , അറിവിന്റെ സൗന്ദര്യമാണ്. ഗിന്നസിൽ വെറും അറിവിനോ വസ്തുവിനോ സ്ഥാനമില്ല; അസ്തിത്വത്തെ തന്നെ അതിശയിപ്പിച്ചാലേ സ്ഥാനമുള്ളു. ഗൂഗിളിൽ അറിവാകുകയാണ് പ്രധാനം. അറിവാകാൻ  ആർക്കുമവസരമുണ്ട്.എന്നാൽ അറിവാകാനുള്ള മൽസരവും ആരംഭിച്ചിരിക്കുന്നു. വ്യത്യസ്തമായ രീതിയിൽ കൊല്ലുന്നതും തിന്നുന്നതും അപരസൗന്ദര്യമായി ചിലർ കാണുന്നുണ്ട്.വെറും ശരീരമോ ഐഡന്റിറ്റിയോ കൊണ്ട് ആരും ശ്രദ്ധിക്കുകയോ ഇല്ലെന്ന് മാത്രമല്ല, സുഖവും കിട്ടുന്നില്ല. അതുകൊണ്ട് കാമുകിയെയോ സഹപ്രവർത്തകനെയോ കൊന്ന് ആഹ്ലാദിച്ചശേഷം ശിക്ഷ ഏറ്റുവാങ്ങുന്നു;അല്ലെങ്കിൽ മരിക്കുന്നു.ആർക്കും കൊല്ലാൻ കഴിയാത്ത വിധം കൊല്ലുന്നതിലാണ് ചിലരുടെ വാസന അടങ്ങിയിട്ടുള്ളത്.കൊലപോലെ  മോഷണവും ആസൂത്രണം ചെയ്യപ്പെടുന്നു.ചിലർക്ക് കൊലപാതകം ചെയ്തശേഷം പിടികൊടുക്കുന്നതിലാണ് ത്രില്ലുള്ളത്.നിലവാരപ്പെടാൻ വയ്യാത്തവൻ വ്യത്യസ്ഥതയ്ക്കായി എന്തിനെയും ബലികൊടുക്കുന്നു.
ബദലുകളുടെ പ്രത്യയശാസ്ത്ര, തത്ത്വശാസ്ത്ര പ്രതിസന്ധിയാണിത്.നമുക്ക് അറിവിന്റെ പിന്നാലെ പോയി വസ്തുക്കളുടെ പ്രാതിനിധ്യം അറിയണോ, വേറിടലിനുവേണ്ടി ശരീരത്തെതന്നെ മറികടക്കാൻ തെറ്റുകൾ ചെയ്യണോ? ഈ പ്രത്യശാസ്ത്ര കുരുക്കിൽ മാധ്യമങ്ങളും വീണുപോയിരിക്കുന്നു.അവർക്ക് വലുതായി ചിത്രീകരിക്കാൻ കുറ്റകൃത്യങ്ങളും അധമവാഗ്വാദങ്ങളുമാണ് അഭിലഷ്ണീയമായിട്ടുള്ളത്.അതിനിടയിൽ , ജ്ഞാനവും സർഗാത്മകതയും അവർക്ക് ഒറ്റുകൊടുക്കെണ്ടിവരുകയാണ്. ഭംഗമില്ലാത്തവിധം കുറ്റകൃത്യങ്ങളും ചീത്ത വികാരങ്ങളുമാണ് ഒരു ജനതയ്ക്ക് മുൻപിൽ സ്ഥിരമായി വയ്ക്കുന്നതെങ്കിൽ ,ആ ജനത ക്രമേണ എല്ലാ സർഗശേഷിയും നശിച്ച്, എല്ല സൗന്ദര്യാസ്വാദനങ്ങളിൽ നിന്നും വേർപെട്ട് നശിക്കും..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...