25 Mar 2018

പൈൻ വനങ്ങൾ /ഷെല്ലി


വിവ: മർത്ത്യൻ 



—————————————
ഇൻവിറ്റേഷൻ
എത്രയും പ്രിയപ്പെട്ടവളെ, ഗുണനിധേ, പ്രസന്നെ, ,
എല്ലാം വിട്ട്.
ഈ കാടുകളിലേക്കും വയലുകളിലേക്കും വരൂ!
കുറ്റിക്കാടുകളിൽ കെട്ടിയ തൊട്ടിലിൽ ഉണരുന്ന കഠിനമായൊരു വർഷത്തിന്,
മധുരിതമായൊരു പ്രഭാതവന്ദനം നൽകാനായി എത്തുന്ന
പ്രസന്നമായ പകലിനേക്കാൾ അമൂല്യതയോടെ ദുഃഖിതർക്ക് മുന്നിലേക്ക് വരുക.

ഷെല്ലി

വസന്തത്തിന്റെ കടിഞ്ഞൂൽ നിമിഷങ്ങൾ അലഞ്ഞു നടക്കുന്ന ഹേമന്തത്തിലേക്ക്,
ഇലകൊഴിഞ്ഞ വൃക്ഷങ്ങളെ നോക്കി, നഗ്നവും തീക്ഷ്‌ണവുമായ തീരങ്ങളിലേക്ക്;
കണ്ടെത്താം നമുക്കെന്ന് തോന്നുന്നു,
എല്ലാ സമൃദ്ധിയും നിറഞ്ഞ ഒരു പകൽ,
ഫെബ്രുവരിയുടെ വിരിഞ്ഞ മാറിടത്തിൽ,
സ്വർഗ്ഗത്തിൽ നിന്നും കുനിഞ്ഞു നിന്ന്, ആകാശവര്‍ണ്ണമായ ആഹ്ലാദത്തിൽ
ഭൂമിയുടെ തണുത്ത നെറുകയിൽ ചുന്പിക്കുന്നത്.
ശാന്തമായ കടലിന്റെ മുകളിൽ ചിരി തൂകുന്നത്.
തണുത്തുറഞ്ഞ അരുവികളെ സ്വതന്ത്രമാക്കാൻ അപേക്ഷിക്കുന്നത്.
ജലധാരകളുടെ സംഗീതത്തിലേക്കുണർന്ന്,
വഴങ്ങാത്ത പര്‍വ്വതങ്ങളിൽ ഇളംകാറ്റിന്റെ ഉച്ഛ്വാസമായി,
ഈ മഞ്ഞു നിറഞ്ഞ ലോകത്തിനെ നിന്റെ പുഞ്ചിരി സ്പർശിക്കട്ടെ,
പ്രിയപ്പെട്ടവളെ,
ദൂരെ, മനുഷ്യരിൽ നിന്നും പട്ടണങ്ങളിൽ നിന്നും ദൂരെ,
ആ വന്യമായ കാടുകളിലേക്ക്…
ആത്മാവ് കീഴ്പ്പെട്ടിട്ടില്ലാത്ത ആ നിശബ്ദമായ വന്യതയിലേക്ക്..
അതിന്റെ സംഗീതമില്ലെങ്കിൽ മറ്റൊരാളുടെ മനസ്സിലും ഒരു മാറ്റൊലി കേൾക്കില്ല.
പ്രകൃതിയുടെ കലാവിരുതിന്റെ സ്പര്ശനം ഹൃദത്തിനെ ഹൃദയവുമായി ചേർക്കുന്നിടത്തേക്ക്.
ഞാനെന്റെ വാതിൽക്കൽ ഒരു പതിവ് വിരുന്നുകാരിക്കായി ഈ പരസ്യം തൂക്കുന്നു:-
“ഞാൻ വിളവിന്റെ മനോഹാരിത നുകരാൻ പാടശേഖരങ്ങളിലേക്ക് പോകുന്നു:-
നാളെ നീ വരുമെന്ന് കരുതുന്നു,
ദുഖത്തോടെ ‘തീ’ കായുന്നിടത്ത് നീ വന്നിരിക്കുമെന്ന്,
വീട്ടാത്ത കടവുമായി വിഷാദത്തോടെ.- നീ,
കവിത ചൊല്ലി ക്ഷീണിച്ച്, ശ്രദ്ധയോടെ,-
പ്രതിഫലം ഞാൻ എന്റെ കുഴിമാടത്തിൽ വച്ച് തരാം,-
മരണം നിന്റെ വരികൾ കേൾക്കും.
പ്രതീക്ഷകളെല്ലാം ദൂരെ മാറിപ്പോകട്ടെ!
ഇന്നിന് ഇനി ഇന്ന് തന്നെ ധാരാളം;
പ്രത്യാശകൾ വീണ്ടും,
ചിരിച്ചുകൊണ്ട്, അനുകന്പയോടെ ക്ലേശങ്ങളെ പരിഹസിക്കരുത്,
ഞാൻ പോകുന്നിടത്ത് പിന്തുടർന്നു വരുകയുമരുത്;
നിന്റെ മനോഹരമായ സാനിധ്യത്തിൽ ഞാൻ വളരെ നാൾ ജീവിച്ചു
ഒരു നിമിഷത്തിന്റെ നീണ്ട നന്മ മുഴുവനും കണ്ടെത്തി.
വളരെ കഴിഞ്ഞിട്ടും നിന്റെ പ്രണയത്തിൽ വേദനിക്കുന്ന എന്നോട് നീയിതുമാത്രം പറഞ്ഞില്ല”
പകലിന്റെ തേജസ്സുള്ള സഹോദരി,
ഉണരൂ, ഉയരൂ, എല്ലാം വിട്ട് വരൂ!
ഈ വന്യമായ കാടുകളിലേക്ക്, ഈ സമതലങ്ങളിലേക്ക്,
ശൈത്യകാലം മഴപെയ്യുന്ന ജലാശയങ്ങളിലേക്ക്,
ഇലകളുടെ മേല്‍ക്കൂരകളെ കുറിച്ചോർക്കു,
കാറ്റാടിമരം മാല കോർക്കുന്ന വരണ്ട നരച്ച ഇളം നിറമാർന്ന വൃക്ഷലതകളും,
ഒരിക്കലും സുര്യനെ ചുന്പിക്കാത്ത വട്ടത്തിലുള്ള തണ്ടുകളെ കുറിച്ച്,
കടലിന്റെ മൺകൂനകളിലേക്ക്,
വയലറ്റുകൾ പൂക്കുന്നിടത്തേക്ക്.
ഒരിക്കലും അസ്തമിക്കാത്ത, ജമന്തിപ്പൂ നക്ഷത്രത്തിനെ നനക്കുന്ന പൊടിമഞ്ഞുരുകുന്നിടത്ത്,
നക്ഷത്രാകൃതിയിലുള്ള പൂക്കളും വയലറ്റുകളും ഉള്ളിടത്ത്,
പരിമളം വർണ്ണത്തിലേക്ക് ചേരുന്നിടം,
അവസാനിക്കുന്നൊരു വർഷത്തെ തളർച്ചയും നവീനതയും കൊണ്ട് മൂടുന്ന,
ഇരുണ്ട്, അന്ധതയിൽ രാത്രി ദൂരെ കിഴക്കോട്ട് പിന്തള്ളപ്പെടുന്പോൾ,
ആ നീല ചന്ദ്രൻ നമ്മുടെ മുകളിൽ വന്ന് നിൽക്കുന്പോൾ,
അസംഖ്യം തിരമാലകൾ നമ്മുടെ കാൽകീഴിൽ കളകളാരവം മുഴക്കുന്പോൾ,
ഭൂമിയും സമുദ്രവും കണ്ടു മുട്ടുന്നിടത്ത്,
വിശ്വവിശാലമായ സൂര്യന്റെ കീഴെ, എല്ലാം ഒന്നായി തോന്നുന്നിടത്ത്.
റിക്കളക്ഷൻ
———
പിന്നിട്ട പല നാളുകളുടെ കൂട്ടത്തിലുള്ള, ഈ അവസാന നാളിലേക്ക്,
നിന്നെക്കാൾ സുന്ദരവും ശോഭനവുമായതെല്ലാം.. അവസാനത്തേതും,
ഏറ്റവും അഴകേറിയതുമായ എല്ലാം, മരിച്ചിരിക്കുന്നു,
ഉയരൂ, ഓർമ്മകൾ,
അതിന്റെ സ്‌തുതി എഴുതു!
നീ നിന്റെ പതിവ്‌ ജോലിയായ, ആ ഒളിച്ചോടുന്ന പ്രതാപത്തിന്റെ സ്‌മരണക്കുറിപ്പെഴുതുന്നു;
ഇപ്പോഴത്തേക്ക് ഭൂമി അതിന്റെ രൂപം മാറ്റിയിരിക്കുന്നു,
സ്വർഗ്ഗത്തിന്റെ നെറ്റി ചുളിഞ്ഞിരിക്കുന്നു.
നുരയും പതയും പൊന്തുന്ന സമുദ്രത്തിന്റെ,
അതിരുവഴി പോകുന്ന കാറ്റാടികൾ നിറഞ്ഞ കാടുകളിലേക്ക്, നമ്മൾ വഴി തെറ്റി ചെല്ലുന്നു.
അതിന്റെ കൂട്ടിൽ ഭാരം കുറഞ്ഞ കാറ്റുണ്ട്; അതിന്റെ വീട്ടിൽ കൊടുങ്കാറ്റുണ്ട്.
സ്വകാര്യം പറയുന്ന തിരമാലകളൊക്കെ പകുതി ഉറക്കത്തിലാണ്.
മേഘങ്ങളെല്ലാം കളിക്കാൻ പോയിരിക്കുന്നു.
കാടുകളിലും, ആഴങ്ങളിലും സ്വർഗ്ഗത്തിന്റെ പുഞ്ചിരി വിരിഞ്ഞിരുന്നു.
പകൽ, ആകാശത്തിന്റെ അപ്പുറത്ത് നിന്നും അയച്ച എന്തോ ഒന്ന് പോലെ തോന്നുന്നു.
അത് സൂര്യന്റെ മുകളിൽ നിന്നും ഭൂമിയിലേക്ക് പറുദീസയുടെ വെളിച്ചം വീശുന്നു.
നമ്മൾ കാറ്റാടികൾക്ക് മധ്യേ അല്പം മടിച്ചു നിന്നു.
പ്രയോജനമില്ലാത്ത വസ്തുക്കളിലെ അതികായകർ,
കൊടുങ്കാറ്റുകൾ പീഢിപ്പിച്ച്‌ അവയുടെ രൂപം മാറിയിരിക്കുന്നു.
കോർത്തിണക്കിയ സർപ്പങ്ങളെ പോലുള്ള, പ്രാകൃതമായ തണ്ടുകളുടെ രൂപം.
അവിടെ ചങ്ങലക്കിട്ടിരുന്ന നിശ്ശബ്‌ദത–അതെത്ര ശാന്തമായിരുന്നു.
ഒരു തിരക്കുള്ള മരംകൊത്തി പോലും അതിന്റെ ശബ്ദം കൊണ്ട്,
കൂടുതൽ നിശ്ചലമാകുന്നു.
അലംഘനീയമായ സ്വസ്ഥത;
നമ്മൾ വലിച്ച സമാധാനത്തിന്റെ ശ്വാസം അതിന്റെ മൃദുവായ ചലനം കൊണ്ട്,
നമ്മുടെ ചുറ്റും വളരുന്ന ശാന്തതയെ ഒട്ടും കുറച്ചില്ല.
വെള്ളി മലകളുടെ എത്തിപ്പെടാത്ത ദൂരങ്ങളിൽ നിന്നും
നമ്മുടെ കാൽ ചുവടിലുള്ള ശോഭമയമായ പൂവിലേക്ക്
ഒരു മാസ്‌മരിക വലയം വരക്കപ്പെടുന്നു;
ഒരാത്മാവ് നമുക്ക് ചുറ്റും തമ്മിൽ ചേർന്നു കിടക്കുന്നു,
ഒരു ചിന്ത, ഒരു നിശബ്ദമായ ജീവിതം,
ഒരു ക്ഷണികമായ ശാന്തതയുമായത് ബന്ധിക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ നശ്വരമായ സ്വഭാവങ്ങളുടെ പോരാട്ടങ്ങൾ;
എന്നിട്ടും തോന്നുന്നു,
ആ മാസ്‌മരിക വലയത്തിന്റെ ഭ്രമണബിന്ദു സ്നേഹത്താൽ നിറഞ്ഞിരിക്കുകയാണെന്ന്.
ആ ശ്വാസം മുട്ടുന്ന അന്തരീക്ഷം.
വര്‍ണ്ണത്തിലും പരിമളത്തിലും മനോഹരമായ അയൽക്സ് മരത്തിന്റെ താഴെ,
പൂക്കുന്ന മഞ്ഞ പുഷ്പങ്ങളുടെ ചെടി.
അവ എപ്പോഴെങ്കിലും തേനീച്ചകൾക്ക് വിരുന്നൊരുക്കിയിരുന്നോ?
കാടിന്റെ ശിഖരങ്ങളുടെ അടിയിൽ കിടന്നിരുന്ന തടാകങ്ങളുടെ അടുത്ത് നമ്മൾ നിന്നപ്പോൾ;
താഴെയുള്ളൊരു ലോകം പിളർന്ന് അതിലേക്ക് ആകാശം പോയത് പോലെ തോന്നി;
ഇരുണ്ട ഭൂമിയിൽ വെളിച്ചം തീർത്ത മാന്തളിര്‍നിറം തൂകുന്നൊരു അന്തരീക്ഷം,
പകലിന്റെ ശുഭ്രതക്കും രാത്രിയുടെ ആഴത്തിനുമപ്പുറമാണത്.
മുകളിലുള്ള അന്തരീക്ഷത്തിലേക്ക് തിങ്ങി വളരുന്ന കാടുകൾ,
രൂപത്തിലും വർണ്ണത്തിലും അനങ്ങുന്ന എന്തിനേക്കാളും പൂർണ്ണമാണ്.
പ്രിയമുള്ള ഒരാളെപ്പോലെ ഈ കാഴ്ച്ചകൾ,
ഈ ഇരുണ്ട വെള്ളത്തിന്റെ മാറിടത്തിലേക്ക് വ്യക്തമായ സത്യങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് –
അതിന്റെ എല്ലാ ഇലകളും മുഖഛായയും കടം നൽകുന്നു.
അവിടെ വിദൂരതയിലേക്ക് നീളുന്ന കാട്ടുവഴികളും അയല്‍പക്കത്തുളള പച്ചപ്പുല്‍ത്തകിടും കിടന്നിരുന്നു,
പുള്ളിക്കുത്തുള്ള മേഘങ്ങളുടെ കീഴിൽ ഉദയമെന്ന പോലെ,
ആ ഇരുണ്ട പച്ച ജനക്കൂട്ടത്തിനുള്ളിൽ കൂടി വെള്ള സൂര്യന്റെ മിന്നിത്തിളക്കം കടന്നു പോയി.
മുകളിലുള്ള നമ്മുടെ ലോകത്തിൽ നിന്നും ഒരിക്കലും കാണാൻ കഴിയാത്ത ഈ മനോഹരമായ കാഴ്ചകൾ,
അഴകുള്ള വനഭൂമിയുടെ പച്ചപ്പിനോട് വെള്ളത്തിനുള്ള സ്നേഹത്തിന്റെ രൂപ കല്പനയാണ്.
എല്ലാം താഴെ ഒരു സ്വർഗ്ഗീയമായ അന്തരീക്ഷവുമായി തമ്മിൽ ചേർന്നിരിക്കുന്നു,
ഒരു ശാസം പോലുമില്ലാത്തോരു അന്തരീക്ഷം, അവിടെ ഒരു നിശബ്ദത ഉറങ്ങുന്നു.
ചുറ്റിത്തിരിയുന്നൊരു കാറ്റ് ഒരശുഭകരമായ ചിന്തയെന്ന വണ്ണം അവിടെ ഇഴഞ്ഞു വരുന്നു,
എന്നിട്ടെന്റെ മനസ്സിന്റെ ഏറെ വിശ്വസ്‌തയായ, കണ്ണിൽ നിന്നും നിന്റെ പ്രസന്നമായ രൂപം മായ്‌ച്ചുകളയുന്നു.
നീ നല്ലവളും, പ്രിയമുള്ളവളും ദയാലുവുമാണ്.
കാടുകൾ നിത്യ ഹരിതമാണ്.
പക്ഷെ ഈ ഷെല്ലിയുടെ മനസ്സിൽ,
ശാന്തമായ വെള്ളത്തിൽ കാണുന്നതിനേക്കാൾ
സമാധാനം അല്പം കുറവാണ്.


ഷെല്ലി
*
ഷെല്ലിയുടെ ‘റിക്കളക്ഷൻ’ എന്ന കവിത ജേയ്ൻ വില്ലിയംസിന് അഭിസംബോധന ചെയ്യുന്നതും, ‘ഇൻവിറ്റേഷൻ’ എന്ന കവിതയുടെ അനുബന്ധവുമാണ്. എന്നിരിക്കിലും ഇൻവിറ്റേഷനും റിക്കളക്ഷനും ആദ്യമായി ഒരു രചനയായി “ദി പൈൻ ഫോറസ്റ്റ് ഓഫ് ദി കാസീൻ നിയർ പിസ” എന്ന ശീര്‍ഷകത്തിലാണ് വന്നത്. ആ രചന പിന്നീട് രണ്ടു പേരിൽ രണ്ടു രചനകളായി മാറുകയായിരുന്നു. ഇവിടെ പരിഭാഷപ്പെടുത്താൻ ശ്രമിക്കുന്നത് അതിന്റെ ആദ്യത്തെ പൂർണ്ണ രൂപത്തിലുള്ള രചനയാണ്. ഇൻവിറ്റേഷനും റിക്കളക്ഷനും അടങ്ങിയ “ദി പൈൻ ഫോറസ്റ്റ് ഓഫ് ദി കാസീൻ നിയർ പിസ”
ഇൻവിറ്റേഷനിൽ ഷെല്ലി, ജേയ്ൻ വില്ലിയംസിനെ തന്റെ കൂടെ വന്യതകളിലേക്ക് ക്ഷണിക്കുന്നു, അവർ ആ ക്ഷണം സ്വീകരിക്കുന്നു. റിക്കളക്ഷനിൽ രചനയുടെ ശീര്‍ഷകം പോലെ കവി പൈൻ ഫോറസ്റ്റിൽ ജേയ്ൻ വില്ലിയംസുമായി പങ്കിട്ട മനോഹരമായ അനുഭവം ഓർത്തെടുക്കുന്നു. ​
ദി പൈൻ ഫോറസ്റ്റ് ഓഫ് ദി കാസീൻ നിയർ പിസ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...