22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 നവഭാവുകത്വം നിറയുന്ന  ശ്രീനാരായണായ 

 ബിനു വിശ്വനാഥൻ


ആരാണ് നാം എന്നു ചിന്തിച്ചു തുടങ്ങുന്നിടത്തുനിന്നാണ് നമ്മുടെ യഥാർത്ഥയാത്ര ആരംഭിക്കുന്നത്. അവിടെ നിന്നാണ് നമ്മുടെ സ്വത്വത്തെക്കുറിച്ചുള്ള അന്വേഷണമാരംഭിക്കുന്നതെന്നർത്ഥം. അല്ലാത്തിടത്തോളം കാലം അതിഭൗതികതയുടെ ഊരാക്കുടുക്കിൽക്കിടന്ന്, ആദ്ധ്യാത്മിക ഭാഷയിൽ, മായാപ്രപഞ്ചത്തിൽ രമിച്ചുവസിക്കുകയേ തരമുള്ളു.

മഹാത്മാക്കൾക്കു തലം രണ്ടുണ്ട്; ആദ്ധ്യാത്മികവും ഭൗതികവും.സാധാരണക്കാരാകട്ടെ ഭൗതികതയിൽ മാത്രം വിരാജിക്കുന്നു.   അറിവിൻ്റെയും  ഭൗതികതയുടെയും വാപീപരിധിയിൽ നിന്ന് മുക്തരാകാൻ അവർക്കു കഴിയുന്നില്ല. ഭക്തിപോലും സമകാലികാവസ്ഥയിൽ പ്രഹസനവും ഭൗതികവുമായി മാറുന്നു .അതിനു കാരണം അജ്ഞതയാണ്.
     ആത്മീയത തന്നെയാണ് നിത്യജീവിതത്തിനാധാരം .ആത്മാവു
തന്നെയാണ് ഉല്പന്നത്തിനാധാരവും.
ആ ആത്മീയതയ്ക്ക് അന്യമായ ഊഷരഭൂമിയിലാണ് അന്ധവിശ്വാസവും അനാചാരവും  അയിത്തങ്ങളും ജഡിലമായ വിശ്വാസപ്രമാണങ്ങളും ചൂഷണങ്ങളും അരങ്ങേറുന്നത്. അതിനെ ഉൻമൂലനം ചെയ്യാൻ കാലാകാലങ്ങളായി ദാർശനികരും ആചാര്യൻമാരും അവതാരo ചെയ്യും. അത് പ്രകൃതിനിയമമാണ്.

അഭേദ സങ്കല്പം

     എല്ലാ നിത്യജീവനും പിറവി കൊള്ളുന്നത് ഭൗതികതയിലേയ്ക്കാണ്. അവ ദിനരാത്രങ്ങൾ പോലെയാണ്. അവിടെ പകലും രാത്രിയുമുണ്ട്. ബ്രഹ്മമാകുന്ന പ്രകാശം വേണോ ഗോപ്യമായ ഇരുൾ വേണോ ? നാം തന്നെ തിരെഞ്ഞെടുക്കണം.എന്നാൽ ഭൗതികകതയുടെ തട്ടകത്തിൽ നിന്നു കൊണ്ട് ആത്മീയതയിൽ മാത്രം രമിച്ചു ജീവിക്കുവാൻ ആത്മീയവാദികൾക്കു കഴിയില്ല. കാരണം ഭേദം രണ്ടിലുമുണ്ടെങ്കിലും അഭേദമായൊരു സങ്കല്പം എല്ലായിടത്തുമുണ്ട്. ഭേദങ്ങളെന്നു തോന്നുന്നിടങ്ങളിലെ അഭേദ സങ്കല്പങ്ങളെ അതിശ്രേഷ്ഠമായി അവതരിപ്പിക്കുന്നു 'ശ്രീനാരായണായ 'യിലൂടെ  എം.കെ.ഹരികുമാർ .

      നോവലിലെ ഒരു ഭാഗത്ത് ,കഥാപാത്രമായ വെള്ളം പറയുന്നത് ഇങ്ങനെ:

''ഒഴുകുന്നത് മുൻപോട്ടു തന്നെ.എന്നാൽ ഒഴുകുവാതിരിക്കുവാനാകില്ല." ഒഴുകിയാലും കുറച്ചു നഷ്ടമാകും. അപ്പോഴും ഒഴുക്കു തുടരണം. എന്തെന്നാൽ ഒരിക്കൽ നാം അവിടെ എത്തിച്ചേരും.ജീവാത്മ പരമാത്മബന്ധവും തൽസാരൂപ്യവുമാണ് വെള്ളവും മത്സ്യവും തമ്മിലുള്ള ബന്ധം.വെളളം അകത്തും പുറത്തുമുണ്ട്. മത്സ്യത്തിന് വഴി വിഷയമേ അല്ല. കാരണം വെള്ളം ഉള്ളിടത്തോളം കാലം മത്സ്യത്തിന് വഴിയുണ്ട്. അവിടെ കാലപരിമാണസങ്കല്പം പോലും അസ്ഥാനത്താണ്. എവിടെ വെള്ളമുണ്ടോ ആ വെള്ളമാണ് മത്സ്യത്തിന് വഴി.ആ വെളളത്തിൻ്റെ സാന്നിദ്ധ്യം അകത്തും പുറത്തും എല്ലായിടത്തുമുണ്ട്. മത്സ്യം വെള്ളത്തിൽ തന്നെയുള്ളപ്പോൾ അവിടെ ഭേദകല്പനയ്ക്ക് എന്തു പ്രസക്തി? എന്നിരിക്കിലും ,മൂഢത്വം പേറുന്ന മത്സ്യങ്ങൾ ഇങ്ങനെയും വിചാരിക്കും ,താൻ വേറെന്നും വെള്ളം വേറെന്നും. ഇതാണ് ഭേദകല്പന .ഇത് അജ്ഞാന തിമിരത്താൽ ആവിർഭവിക്കുന്നതാണ്.ഇതിനെ ഭേദം ചെയ്യാനാണ് അറിവിനെ നാം ആശ്രയിക്കുന്നത് .ആ ആത്മീയജ്ഞാനം നേടിയാൽ ഭേദകല്പനയ്ക്ക് പ്രസക്തി തന്നെയില്ല.
  എടുത്തു വളർത്തുന്ന ഒരു കുട്ടിയുടേയും, സ്വന്തം കുട്ടിയുടേയും കഥ 'ശ്രീനാരായണായ 'യിൽ പറഞ്ഞു വരുന്നുണ്ട്. സ്വന്തം കുട്ടിക്ക് എടുത്തു ഭക്ഷിക്കാൻ സ്വാതന്ത്ര്യം കിട്ടുമ്പോൾ ദത്തുപുത്രന് വിളമ്പി കൊടുക്കുന്നതിലെ ദർശനരഹിത്യം, ഭേദകല്പനയ്ക്ക് ഉദാഹരണമാണ്. സമകാലിക ജീവിതവ്യവസ്ഥയിലെ മകളെന്നും മരുമകളെന്നുമുള്ള ദ്വന്ദ്വബിംബങ്ങളും ഇതേ ഉദാഹരണത്തെ വഹിക്കുന്നു. എന്താണിതിന് കാരണം , അജ്ഞാനം. എൻ്റേത് അവൻ്റേത് എന്നുള്ള അല്പജ്ഞാനം .ഈ രോഗത്തിന് സിദ്ധൗഷധം ഒന്നു മാത്രമേ ഉള്ളു .അതാണ് ആത്മജ്ഞാനം .ഞാൻ ആരാണന്നുള്ള അറിവ് വരുന്നിടത്ത് സർവ്വവും ഒന്നായിത്തീരുന്നു. അവിടെ ഭേദകല്പന ലോപിക്കുന്നു. "തമസോമാ ജ്യോതിർഗമയ'' എന്നു പറയും പോലെ ജ്ഞാനദീപം ആഗതമാകുമ്പോൾ അജ്ഞാനത്തിൻ്റെ ഇരുട്ട് അലിഞ്ഞില്ലാതെയാകുന്നു. ഈ തത്വസംഹിതയെ അതിസമർത്ഥമായി അവതരിപ്പിക്കുന്നു മത്സ്യവും ജലവും തമ്മിലുള്ള ബന്ധത്തിലൂടെ .അവിടെ ഭേദമില്ല അഭേദം മാത്രം. മത്സ്യത്തിൻ്റെ അകവും പുറവും വെള്ളമുണ്ട്. വെള്ളം മത്സ്യത്തെ വഹിക്കുന്നുമുണ്ട്. പാരസ്പര്യപൂർണ്ണമായ മഹത്തായ സ്വത്വഭാവം ഇരുവരും കൈവരിക്കുന്നിടത്ത് നവാദ്വൈതം ദർശിതമാകുന്നു.

ആകാശത്തു നിഴലിക്കുന്നതും മയൂഖങ്ങളുടെ അസ്തിത്വമാകുന്നതും ജലത്തിൻ്റെ രൂപഭേദങ്ങൾ തന്നെ. ഭേദം ഭൗതികകല്പനയിൽ മാത്രം . ആകൃതിയിലും രൂപത്തിലും വലിപ്പത്തിലും ഭേദങ്ങൾ ഉണ്ടെങ്കിലും ആധാരം ജലം തന്നെ. സനാതന ബ്രഹ്മപ്രപഞ്ചപൊരുളിൻ്റെ യഥാർത്ഥ സ്വത്വത്തെ ഇത്രമേൽ സ്പഷ്ടമായി, സ്ഫുടമായി, സമർത്ഥമായി വിവരിക്കുവാൻ കഴിയുന്ന മറ്റൊരു ഉദാഹരണം കാണാൻ കഴിയില്ല.

ജന്തുക്കൾ മരിച്ചാലും വിഘടിത ധാതുക്കൾ രൂപാന്തരം പ്രാപിച്ച് ഈ മണ്ണിൽ തന്നെയുണ്ടാകും. ഇന്നലെകളിൽ അവയുണ്ടായിരുന്നു. ഇന്നുമുണ്ട്. ഭാവിയിൽ അവ ഇവിടെത്തന്നെ കാണും. ഒന്നിനെ പലതായി  കാണുന്നത് അവിദ്യയും പലത് ഒന്നായി കാണുന്നത് വിദ്യയും.  നവാദ്വൈതമെന്ന ആത്മീയഭാഷ്യത്തിലൂടെ അനുവാചകനും ആത്മീയ വാദികൾക്കും ഒരു ചിന്താധാരയും നവഭാവുകത്വവും പ്രദാനം ചെയ്യാൻ എഴുത്തുകാരന് കഴിഞ്ഞു.

ഭൗതികതയിൽ മാത്രം വ്യാപരിക്കുന്നവന് ആത്മീയതയുടെ തീർത്ഥം നുകരുക  അസാദ്ധ്യമാണന്നത് സത്യമാണ്. അതൊന്നും പറഞ്ഞു ബോധ്യപ്പെടുത്താൻ ആവതല്ലല്ലോ.കല്ക്കണ്ടത്തിൻ്റെ മധുരവും, മാഹാത്മ്യവുമറിയണമെങ്കിൽ രുചിച്ചു തന്നെയറിയണം. രണ്ടും ഇവിടെത്തന്നെയുണ്ട് .രണ്ടിൽ നിന്നും യഥാതഥമായത് നാം തന്നെ അറിഞ്ഞെടുക്കണം, അനുഭവിക്കണം. അതുപോലെയാണ്. 'ശ്രീനാരായണായ ' യുടെ മഹത്വമറിയാൻ നാം അത് വായിച്ച് ഉൾക്കൊള്ളണം.



മനക്കണ്ണുകൊണ്ട് വായിക്കണം

ശ്രീനാരായണഗുരുവിനെ  സംബന്ധിച്ച് ആ ജീവിതം തന്നെ ദർശനകാവ്യമാണ്. അങ്ങനെ അല്ലാത്തവർക്കാണ് ആത്മകഥ എഴുതേണ്ട ആവിശ്യം കൂടുതലായി വരിക. അത് അപരനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്.സ്വയം ബോധ്യമായവന് അപരനെ ബോധ്യപ്പെടുത്തേണ്ടതായി വരുന്നില്ല.

ഒന്നിൽ നിന്നും വേറിട്ട് മറ്റൊന്നില്ല. ഒന്നും മറ്റൊന്നിൽ നിന്നും ഭേദവുമല്ല. ഈശാവാസ്യത്തിൽ പറയും പോലെ എവിടെയും ഒന്നു തന്നെ .എന്നാൽ അതൊരു പ്രഘോഷവിഷയമല്ല. അറിഞ്ഞറിഞ്ഞ് അനുഭവികേണ്ടതാണ്.
ശ്രീനാരായണഗുരു കണ്ണാടിയിലൂടെ കാണിക്കാൻ ശ്രമിച്ചത്  അവനവിലേയ്ക്കുള്ള യാത്രയാണ് തിരിച്ചറിവാണ് ,തത്വദർശമാണ്. ആ തത്വത്തെ ഈ ഗ്രന്ഥം ഉയർത്തിക്കാട്ടുന്നു, .

          'ശ്രീനാരായണായ ' എന്ന നോവൽ  ആദ്യം ദർശിക്കുന്ന അനുവാചകൻ ഒരു പക്ഷേ 'ശ്രീനാരായണ ' എന്നു വായിക്കുവാനേ സാദ്ധ്യതയുള്ളൂ. പിന്നെയും സൂക്ഷ്മമായി നോക്കുമ്പോഴേ അത്  'ശ്രീനാരായണായ ' എന്നു തിരിയൂ. അതായത് അകക്കണ്ണു കൂടി നാം ഉപയോഗിക്കണമെന്നർത്ഥം.. നാം ഒരു സൂക്ഷ്മദർശിയാകണമെന്നർത്ഥം. ഈ ഗ്രന്ഥത്തിൻ്റെ ഓരോ വരിയും സൂക്ഷ്മമായി മനക്കണ്ണുകൊണ്ട് വായിക്കേണ്ടതാണ്. സൂക്ഷ്മത്തിലാണല്ലോ ശ്രദ്ധയും ഭക്തിയും നിരീക്ഷണവും കുടിയിരിക്കുന്നത്.

ശ്രീനാരായണായ മന്ത്രമെന്നും ദേവനാമമെന്നും പരമാത്മാവെന്നും രൂഢമൂലമായ സനാതനശക്തിയെന്നും തിരിച്ചറിയണമെങ്കിൽ സൂക്ഷ്മമായി നോക്കുകയും ,ധ്യാനപരതയോടെ അന്വേഷിക്കുകയും പേർത്തും പേർത്തും ചിന്തിക്കുകയും ആത്മാവിനെ ബോദ്ധ്യപ്പെടുത്തുകയും സാക്ഷ്യപ്പെടുത്തുകയും വേണം. അതിനെയാണ് നാം ആത്മസാക്ഷാത്ക്കാരമെന്നു പറയുന്നത്.
ഈ ഗ്രന്ഥം നവാദ്വൈത ആത്മീയ ദർശനത്തിലേയ്ക്കുള്ള കിളിവാതിൽ കൂടിയാകുന്നു.
  
ഭൗതികതയെ ,സൗന്ദര്യസങ്കല്പങ്ങളെ എഴുത്തുകാരൻ ഇതിൽ അവഗണിക്കുന്നില്ല എന്നത് സവിശേഷതയായി കാണുന്നു.കാലങ്ങളായി ആത്മീയപുരുഷൻമാർ പറഞ്ഞു പോകുന്ന ഭൗതിക നിരാസം ,നിസ്കാസനം എഴുത്തുകാരൻ ഇവിടെ പിന്തുടരുന്നില്ല. മറിച്ച് ഭൗതികവാദ സങ്കല്പങ്ങളെ കൂട്ടുചേർത്ത് ആത്മീയതയിലേക്കുള്ള കവാടമാക്കി ,പാശമാക്കി അദ്ദേഹം രൂപകല്പന ചെയ്യുന്നു. അത് പ്രാപഞ്ചിക യാഥാർത്ഥ്യമാണ്. ആ  ദർശനത്തിന് എഴുത്തുകാരനോട് അനുവാചകൻ കൂടുതൽ കടപ്പാട് കാണിക്കേണ്ടതാണ്.കാരണം അത് യാഥാസ്ഥിതിക മൂർത്തസങ്കല്പങ്ങളുടെ പൊളിച്ചെഴുത്താണ്.

ഒഴുകുക തന്നെ വേണം
  
   "നാരായണൻ ' എന്നുള്ളത് ജലാധിവാസിയായ സൂക്ഷ്മസങ്കല്പമാണ്.   വെള്ളം മഹാസാഗരത്തിലേയ്ക്ക് ചെന്നു ചേരും .എന്നു ചേരും ,എപ്പോൾ ചേരും ,എങ്ങനെ ചേരും എന്ന ചോദ്യത്തിനു പ്രസക്തിയില്ല. അത് നമ്മുടെ വിഷയമേ അല്ല. പോകും വഴി അസത്ത് നഷ്ടപ്പെടുമ്പോഴും സത്തായിട്ടുള്ളത് അവിടെ ചെന്നുചേരും.
പക്ഷേ നാം  ഒഴുകാതിരുന്നാൽ , അഹംബോധം ബാധിച്ച് യാഥാസ്ഥിതികനായി നിന്നാൽ ആ ആനന്ദത്തെ അറിയുവാനാകുകയില്ല . ഒഴുകുക തന്നെ വേണം.
'അങ്ങനെ പോയാലേ അറിയുവാൻ കഴിയൂ' എന്ന് 'ശ്രീനാരായണായ ' സാക്ഷ്യപ്പെടുത്തുന്നു

മണ്ണിലും വിണ്ണിലും പൂവിലും പുല്ലിലും ക്ഷേത്രമായ നമ്മുടെ ശരീരത്തിലുo നാരായണ സങ്കല്പമുണ്ട്.  . കാഥികനും കാഥികൻ്റെ നായക കഥാപാത്രസങ്കല്പവും പരമാത്മാവും ഒരേ ദിവ്യപ്രകാശമാകുന്ന 'നാരായണ 'നാകുന്ന സവിശേഷതയും ഈ കൃതിക്കുണ്ട്. എല്ലായിടത്തും ഒരേ ചൈതന്യം തന്നെ.

എത്ര തവണ വായിച്ചാലും അർത്ഥ തലങ്ങൾക്ക് ഗരിമയും മഹിമയും വ്യാപിക്കുന്ന അഭൗമ ദർശനചാരുത 'ശ്രീനാരായാണായ 'യ്ക്കുണ്ട്.
  ദ്വൈതവും അദ്വൈതവും വിശിഷ്ടവും സാംഖ്യവുമെല്ലാം ശ്രേഷ്ഠം തന്നെ. അന്നന്നു കാണ്മതിനെ വാഴ്ത്തുന്നു മാമുനികൾ എന്നു സങ്കല്പിക്കും പോലെ
നവാദ്വൈതദർശനവുമായി നമ്മുടെ എഴുത്തുകാരനും പ്രത്യക്ഷപ്പെടുന്നു.

   ഭൗതികതയെല്ലാം ആത്മീയതയുടെ  പടികളാണ്.ഒരു തുളസി പ്രപഞ്ചോല്പന്നമാണ്. അത് നശ്വരമാണ്.എന്നാൽ അനശ്വരമായ ഒരു സങ്കല്പശക്തിയിലെ കണ്ണിയാണത്. അത് ശ്രീനാരായണായ  ഓർമ്മിക്കുന്നു. അത് പരമാത്മാവിൻ്റെ ബിoബമാണ്. ഭൗതികതയിൽ സൃഷ്ടിക്കപ്പെട്ടതിനെല്ലാം അതിൻ്റേതായ നിയോഗമുണ്ട്. നിയോഗമുള്ളതേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ.
ഭൗതികബിംബങ്ങളെ കൂടി ഉൾക്കൊണ്ടു വേണം ആത്മാവിന് യാത്ര തുടരാനെന്ന് ആന്തരികമായി ശ്രീനാരായണായ ബോദ്ധ്യപ്പെടുത്തുന്നു.

ഉർവ്വരതയിലേയ്ക്ക് നിക്ഷേപിക്കപ്പെടുന്ന വിത്തുകളെല്ലാം ഒരു പോലെ കിളിർക്കണമെന്നില്ല. വളരണമെന്നില്ല. ഫലം നൽകണമെന്നില്ല. നെൽച്ചെടിയുടേയും മഹാശ്വത്ഥത്തിൻ്റേയും കാലപ്രമാണം രണ്ടാണ്. അതുപോലെ തന്നെയാണ് 'ശ്രീനാരായണായ ' എന്ന കൃതിയും .ഭാവിയിൽ നവംനവംങ്ങളായ വീക്ഷണങ്ങൾ, വിലയിരുത്തലുകൾ ഈ സാഹിത്യ സൃഷ്ടിയുമായി ബന്ധപ്പെട്ടുണ്ടാകും.

കാലാന്തര ,ദേശാന്തര ബിംബസങ്കല്പങ്ങളുടെ പരിധികൾക്കപ്പുറത്തുകൂടി വളർച്ചയും വികാസവും പ്രാപിക്കേണ്ട കൃതിയാണ് 'ശ്രീനാരായണായ ' . ലോകം ദർശിച്ച ഒരു മഹാചാര്യൻ്റെ ആത്മീയ സൗന്ദര്യസങ്കല്പത്തെ ഇതുവരെക്കാണാത്ത വ്യത്യസ്ത ദർശനതലത്തിൽ അനുവാചകൻ കാണുന്നു ;ഗ്രന്ഥകർത്താവ് ആ വിത്തുകൾ അനുവാചക ഹൃത്തടങ്ങളിലേയ്ക്ക് വിതറുന്നു. വരും നാളുകളിൽ കാലം ആരാധനയോടെ അനുധാവനം ചെയ്യുന്ന കൃതിയാകും
'ശ്രീനാരായണായ .

--BACK TO HOME
--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...