22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020



ശ്രീനാരായണായ :സാഹിത്യത്തിൻ്റെ ലോകനിലവാരം

തുളസീധരൻ ഭോപ്പാൽ

അപൂർവ്വം  വ്യക്തികൾക്ക് ജീവിതത്തേയും അതിനാധാരമായിരിക്കുന്ന സത്യത്തേയും സംബന്ധിച്ചു ചില ഉൾവെളിവുകൾ ഉണ്ടാകാറുണ്ട്. ആ ഉൾവെളിവിനെ ദർശനം എന്നു പറയാം. ഭാരതത്തിലെ മഹാഋഷിമാർ ദർശിച്ച ഇത്തരം സത്യത്തിന്റെ പൊരുളാണ് ഭാരതീയദർശനം . ഇത് അദ്വൈത ദർശനമാണ്. ഭാരതീയ ദർശനങ്ങളിൽ സമഗ്രതയുടെ കാര്യത്തിലും സ്വച്ഛതയുടെ കാര്യത്തിലും ഏറ്റവും തിളങ്ങി നിൽക്കുന്നതാണ് ശ്രീനാരായണഗുരു അവതരിപ്പിച്ച അദ്വൈതവേദാന്തം.
ഇത്തരം വേദാന്തശാസ്ത്രചിന്തകൾ  മഹാകാവ്യങ്ങൾക്കു മാത്രമല്ല നോവൽ രചനയ്ക്കുള്ള വിഷയവുമാകാം എന്നു മലയാള ഭാഷാസാഹിത്യചരിത്രത്തിൽ 'ശ്രീനാരായണായ ' എന്ന ദാർശനിക നോവൽ അവതരിപ്പിച്ച് തെളിയിച്ച  ക്രാന്തദർശിയായ സാഹിത്യകാരനാണ് എം കെ ഹരികുമാർ.

അവധൂതനായി, ഏകാകിയായി യാത്ര ആരംഭിച്ച ശ്രീനാരായണഗുരു മരുത്വാമലയിൽ എത്തി അവിടെ തപസ്സ് ആരംഭിച്ചതു മുതൽ ആരംഭിക്കുകയാണ് ഈ ദാർശനിക കൃതി.
മരുത്വാമലയിലെത്തിയ ഗുരു എന്ന യുവയോഗി അവിടെ കണ്ടത് ദൈവത്തിന്റെ അതിവിശിഷ്ടവും വൈരുധ്യാത്മകവുമായ സൃഷ്ടികളായിരുന്നു ദൈവകണങ്ങളായിരുന്നു.
കൃഷ്ണശിലകൾ നീരുറവയോടു സല്ലപിക്കുന്നു. ഔഷധ സസ്യങ്ങൾ ആ യുവയോഗിയെ തേടിയെത്തുന്നു. വന്യജീവികൾ സ്നേഹത്തിന്റെ ഭാഷയിൽ പരസ്പരം സ്നേഹിക്കുന്നു.
ആ യുവയോഗി മരുന്നു മലയിൽ നിന്നിറങ്ങി യാത്ര തുടർന്നു.

ഇവിടെ നോവൽ എന്ന ശില്പകലയിൽ പുതിയ  സങ്കേതങ്ങൾ കണ്ടെത്തുകയാണ്.
ഗുരുചരിതത്തിലൂടെ ഭാരതീയ ദർശനം അവതരിപ്പിക്കാൻ കണ്ടെത്തിയ നൂതന മാർഗ്ഗമാണ് സ്മരണികാസങ്കൽപ്പവും അതിന്റെ നിർമ്മിതിയും.

ഗുരുവിന്റെ യാത്രയിൽ,

ഇടത്താവളങ്ങളിൽ, ധ്യാനാശ്രമമായി തിരഞ്ഞെടുത്ത മരുത്വാമലയും അവിടുത്തെ അത്ഭുതക്കാഴ്ചകളും ഈ സ്മരണികയിലെ , കഥാസാഗരത്തിലെ സ്പന്ദിക്കുന്ന കഥാപാത്രങ്ങളാണ്‌. പ്രഗത്ഭരായ പതിനഞ്ചു സാങ്കല്പിക എഴുത്തുകാരും അവരവരുടെ മേധയിലൂടെ ഗുരുവിന്റെ ചരിത്രത്തിന്‌ പുതിയ അർത്ഥതലങ്ങൾ നൽകാൻ  ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്‌.
മഴയും മഴത്തുള്ളികളും മഴമേഘങ്ങളും ഇടിമിന്നലും ചെടികളും കുറ്റിച്ചെടികളും വൻമരങ്ങളും മരച്ചോലയിൽ വിശ്രമിക്കുന്ന കാട്ടുമൃഗങ്ങളും വലിയ ഗുഹകളിൽ താമസിക്കുന്ന ഹിംസ്രജന്തുക്കളും കാട്ടരുവികളും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും ഭീമാകാരമായ ഉരുളൻപാറക്കൂട്ടങ്ങളും എല്ലാം കഥാപാത്രങ്ങളായി ഗുരുവിനെ കെട്ടിപ്പുണരുന്നത്‌ ഈ മരുത്വാമലയിൽ നമുക്കു കാണാം. അങ്ങനെ ഗുരുവുമായി ആത്മബന്ധം സ്ഥാപിക്കുന്ന ഈ പ്രകൃതിയാണ്‌ ഗുരുവിന്റെ അദ്വൈതദർശനം എന്ന്‌ വെളിപ്പെടുത്തുന്നു.

ഗുരു ജീവിച്ചതു ശാസ്ത്രയുഗത്തിലാണ്‌. അതുകൊണ്ട്‌ ഗുരുവിന്റെ ചിന്തകൾ ശാസ്ത്രലോകവുമായി പിണഞ്ഞുകിടക്കുകയാണ്‌. ശാസ്ത്രത്തിന്റെ പ്രത്യേകത സകലതിനെയും വിശ്ലേഷണം ചെയ്ത്‌ പരിശോധിക്കുക എന്നതാണ്‌. അതുകൊണ്ട്‌ തന്നെയായിരിക്കാം ഗുരുവിന്റെ അവധൂതജീവിതത്തെ ശാസ്ത്രത്തിന്റെ പരിശോധനാരീതിക്കനുസരിച്ച്‌ അനുസന്ധാനം ചെയ്ത്‌ ഓരോ സാഹിത്യകാരനും ഗുരുചരിതം വിരചിച്ചിരിക്കുന്നത്‌.
ആദിമഗുരുവായ ശിവഗുരുവിനെ അവതരിപ്പിക്കുന്നു. സാക്ഷാൽ ദക്ഷിണാമൂർത്തിയായ കൈലാസനാഥനെ അരുവിപ്പുറത്ത്‌ പ്രതിഷ്ഠിച്ചിരുന്നല്ലോ.തുടർന്നു സമൂഹത്തിലേക്ക്‌ ഇറങ്ങിവന്ന്‌ ആകുലതകളും വിഹ്വലതകളും കണ്ട് പരിഹാരം കാണുന്ന ഗുരുവിന്റെ പ്രവൃത്തികൾ അചഞ്ചലമായ, ധീരമായ തീരുമാനങ്ങളെ കാണിക്കുന്നു. ഓരോ അദ്ധ്യായത്തിലും ഗുരുവിനെ ത്രിമാനതലത്തിൽ അവതരിപ്പിക്കുന്നത്‌ അസാധാരണ രചനാവൈഭവത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്‌. മൗനിയായി യാത്ര ചെയ്യുന്ന ഗുരു, അപരനൊപ്പം നിഴലിന്റെ നിഴലായി നീങ്ങുന്ന ഗുരു, ഗൗതമ ബുദ്ധനോടൊപ്പം നീങ്ങി  ശരണത്രയങ്ങളെ, വേദാന്തചിന്തകളിൽ നിന്ന്‌ അടർത്തിമാറ്റി നിർത്താതെ രണ്ടു ധാരകളെയും സമന്വയിപ്പിച്ച ഗുരു, ദയാസിന്ധുവായ ഗുരു, കാരുണ്യക്കടലായി മാറിയ  ഗുരു, അനുകമ്പയുടെ തീരങ്ങൾ സൃഷ്ടിച്ച്‌ തീരങ്ങൾക്കൊപ്പം നടന്ന ഗുരു, മായയും മായാവിയും മായാവിനോദനുമായി അത്ഭുതങ്ങൾ കാട്ടിയ ഗുരു, അങ്ങനെ ഗുരു ഇവിടെ സഹസ്രപത്മദള സൗരഭ്യത്തിടമ്പായി പ്രശോഭിക്കുന്നു.
മരുത്വാമലയിലേക്ക്‌ സതീർത്ഥ്യന്റെ കൈയും പിടിച്ചു കയറിയ ഗുരുവിന്‌, അകലെ ആഴി കാണാം. തിരയും, കാറ്റും ആഴവും ആ തീരങ്ങളും കാണാം. ഇരുൾ മെല്ലെ വെളിച്ചമായി മാറിക്കഴിഞ്ഞു. ഗുരുവിനൊപ്പം മൗനവും ആത്മബോധത്തിനായി ദാഹിക്കുന്ന ഹൃദയവുമാണുള്ളത്‌. കണ്ണുകളഞ്ചുമുള്ളടക്കിയുള്ള ധ്യാനവും, പിന്നെ കാറ്റുമാണ്‌ ഗുരുവിന്‌ കൂട്ടായിരുന്നത്‌.



എഡിറ്റർ മോഹനാംഗൻ പാഠശാല പറയുന്നു: ഗുരുവും കുമാരനാശാനും, വീണപൂവും ഒരു പുതിയ ദർശന സൗഭാഗ്യത്തോടൊപ്പം ,തെളിമ നിറഞ്ഞ ജീവിതരഹസ്യവും ഇവിടെ അനാവരണം ചെയ്യുന്നു .
ജനനം മുതൽ മരണം വരെയുള്ള മനുഷ്യജീവിതത്തിന്റെ അന്യാപദേശമായ കാവ്യാവിഷ്കാരമെന്ന നിലയിൽ നിന്ന്‌ വിട്ടിറങ്ങിവന്ന്‌ മനുഷ്യന്റെ നിസ്സഹായാവസ്ഥയിലേക്ക്‌ ചുരുങ്ങുന്ന ഒരനുഭവം ഇവിടെ കാണാം. ഓരോ അദ്ധ്യായത്തിലും ഗുരുവിന്റെ ജനനം മുതൽ മഹാനിർവാണം വരെയുള്ള സചേതനാവസ്ഥയിൽ സംവദിക്കാൻ ഭാഗ്യം കിട്ടിയ അനേകം മഹാത്മാക്കളുടെ രേഖാചിത്രത്തിലൂടെ അമരത്വത്തെ ആവിഷ്കരിക്കാനും എം.കെ. ഹരികുമാറിനു കഴിഞ്ഞിട്ടുണ്ട്‌.
കവിതയായി, സ്തോത്രകൃതികളായി, വേദാന്തശാസ്ത്രഗ്രന്ഥങ്ങളായി, അറിവായി, അറിവിലുമേറിയ അറിവായ്‌, ഷഡ്ദർശനങ്ങളുടെ സാരാംശമായ ദർശനമാലയായി, സർവ്വോപരി ഈ പ്രപഞ്ചസൃഷ്ടിയെ ദൈവമേ എന്നു തുടങ്ങുന്ന ദൈവദശകമായി ഈ ലോകജനതയ്ക്കു മുമ്പിൽവച്ച ആ പരമഗുരുവിന്റെ ജീവിതം ഇവിടെ അനാവരണം ചെയ്യുന്നു. ശ്രീനാരായണായ എന്ന വേദാന്തശാസ്ത്ര നോവൽ ഏതൊരു ജ്ഞാന ജിജ്ഞാസുവിനും അത്യപൂർവ്വമായ അനുഭവമായിരിക്കും, ചിന്താസൗരഭമായിരിക്കും.

കഴിഞ്ഞ രണ്ടുമാസമായി മുടങ്ങാതെ നടത്തുന്ന വായനായജ്ഞത്തിന്റെ എൺപതാം  ദിവസമാണ് ഇന്ന്.ഈ പുസ്തകം വായിക്കാൻ തുടങ്ങിയിട്ട് ഇതുവടെ അടച്ചു വച്ചിട്ടില്ല . എന്റെ വായന തുടരുന്നു.

ലോകസാഹിത്യത്തിലെ എക്കാലത്തേയും മികച്ച കൃതികളായ , മാക്സിം ഗോർക്കിയുടെ അമ്മ, വിക്ടർ  യൂഗോയുടെ പാവങ്ങൾ, നിയോവിച്ചിന്റെ കാട്ടുകടന്നൽ , ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, തകഴിയുടെ ചെമ്മീൻ , നിക്കോസ് കസാന്ത്സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, വിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ പഥേർ പാഞ്ചാലി , തിച്ച് നാത്ഹാന്റെ പഴയ പാതകളും വെളുത്ത മേഘങ്ങളും തുടങ്ങിയ  കൃതികളോടൊപ്പമാണ് എം കെ ഹരികുമാറിന്റെ  ശ്രീനാരായണായ എന്ന ദാർശനിക കൃതിയെ ഞാൻ പ്രതിഷ്ഠിക്കുന്നത്.


BACK TO HOME



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...