സാജിത അബ്ദുൾ റഹ്‌മാൻ
ആളികത്തുന്ന തീനാളങ്ങളില്‍ എരിയുന്ന ശരീരം .ആളാന്‍ വെമ്പുന്ന
ഉമിത്തീയില്‍ അമര്‍ന്ന ആത്മാവ്..നശ്വരതയ്ക്കും അനശ്വരതയ്ക്കുമിടയിലെ
വിടവില്‍ എത്ര കാതത്തിന്റെ ദൂരം ..അതോ കാലത്തിന്റേയോ..വിഷ്ണു അവന്റെ
കയ്യിലെ അവനേക്കാളും നീളമുള്ള കാര വടി കൊണ്ട് ആളുന്ന ചിതയെ ഇളക്കി
മറിക്കുകയാണു.നെയ്യിന്റെ ഗന്ധം പരന്ന കാറ്റ് ഗംഗയിലെ ഓളങ്ങള്‍ക്കൊപ്പം
വിതുമ്പുന്നു.വിഷ്ണുവിന്റെ കുഴിഞ്ഞ കണ്ണുകള്‍ ആളുന്ന ചുവപ്പു നാളങ്ങളില്‍
തിളങ്ങുന്നുണ്ടായിരുന്നു.ഹരിശ്ചന്ദ്ര ഘാട്ടില്‍ സൂര്യന്‍ പൂര്‍ണമായും
ഉദിച്ചുയര്‍ന്നിരിക്കുന്നു.പ്രപഞ്ച ഊര്‍ജ സ്രോതസ്സായ ഭഗവാന്‍
സര്‍വൈശ്വൈര്യങ്ങളും നേര്‍ന്ന് തന്റെ തേരോട്ടം
തുടങ്ങിയിരിക്കുന്നു.ദിനരാത്രങ്ങളുടെ വേര്‍ തിരിവില്ലാത്ത ആ പുണ്യ
തീരത്ത് കത്തിയമരുന്ന ചിതകള്‍ക്കൊപ്പം വിഷ്ണുവും .എട്ട് വയസ്സിനിടെ
ഒരുക്കേണ്ടി വന്ന ചിതകളുടെ എണ്ണം എത്രയെന്നവനറിയില്ല. നീലയും പച്ചയും
മഞ്ഞയും ചുവപ്പുമൊക്കെയായ് അളുന്ന തീനാളങ്ങള്‍ അവനിപ്പോഴും
കൌതുകമുണര്‍ത്തുന്ന ഒരതിശയക്കാഴ്ച്ച...കത്തിയമരാന്‍ മടിക്കുന്ന ദേഹത്തെ
ഉരുട്ടി ഗംഗയുടെ മാറിടത്തിലേക്കൊഴുക്കുമ്പോഴും അവന്റെ കണ്ണില്‍
പ്രത്യാശയുടെ തിളക്കം മാത്രം .പുണ്യമാതാവായ ഗംഗയുടെ സാന്ത്വനങ്ങളില്‍
നിര്‍വൃതിയടയാനായ് അവന്‍ ആ തീരത്ത് ഇളം കാറ്റേറ്റിരുന്നു.വിഷ്ണു അവന്റെ
ജോലിയില്‍ തൃപ്തനാണ്.പിതാവ് ഗ്യാന്‍ ചൌധരിയില്‍ നിന്നണവന്‍ ഈ പണി
പഠിച്ചത്.നാലര വയസ്സും മുതല്‍ പിതാവിനെ സഹായിക്കാനെത്തിയ വിഷ്ണു ആറര
വയസ്സില്‍ ചിതയിലെ തീനാളങ്ങളോടൊപ്പം അവന്റെ സ്വകാര്യ സുഖ ദുഃഖങ്ങള്‍
പങ്കു വെക്കാന്‍ തുടങ്ങി.
ഈ കാലത്തിനിടെ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമൊക്കെയായി ഒരു പാട്
മൃതശരീരങ്ങള്‍ ."റാം നാം സത്യഹേ "എന്ന ഉച്ചത്തിലുള്ള മന്ത്രണത്തില്‍
കയ്യില്‍ തന്റെ കാര വടിയുമായ് നദിതീരത്ത് കമഴ്ത്തിയിട്ട ഓടത്തിനു
മുകളില്‍ കാത്തിരിക്കുന്ന വിഷ്ണു ഉന്‍മത്തനാകുന്നു.അവനെ തേടി
സംഘത്തിലൊരാള്‍ എത്തുന്നതോടെ വിഷ്ണു കര്‍മനിരതനാകും.ഗംഗയുടെ മാറില്‍
മോക്ഷം നേടുന്ന ആത്മാക്കളവനെ അനുഗ്രഹിച്ചെങ്ങോ മറയുന്നു.
.
വിഷ്ണുവിനു അവന്റെ വീട്ടില്‍ അഛനുമമ്മയും കൂടാതെ അഞ്ച് സഹോദരങ്ങള്‍
കൂടിയുണ്ട്.അവരുടെ കുലത്തൊഴിലായ ചിതയൊരുക്കലും ചാരമായാലത് നിമജ്ജനം
ചെയ്യലും അഛനോടൊപ്പം വിഷ്ണുവും സന്തോഷത്തോടെ ചെയ്തു പോരുന്നു.നാലാം
ക്ലാസ്സ് വരെ മാത്രമാണു വിഷ്ണുവിന്റെ വിദ്യഭ്യാസം .ഭായിയും
ബഹന്‍ജിയുമൊക്കെ പുസ്തക സഞ്ചികളുമായി സ്കൂളില്‍ പോകുമ്പോള്‍ വിഷ്ണു
അവന്റെ കാര വടിയുമായ് മണികര്‍ണികയുടെ പുകപടലങ്ങളെ ലക്ഷ്യമാക്കി നീങ്ങും
.അവനു കൂട്ടിനായ് ദയാലാല്‍ എന്നവന്‍ പേരിട്ട നായയുമുണ്ടാകും .
കൂരച്ച എല്ലുപൊന്തിയ നെഞ്ചിന്‍ കൂടില്‍ വിങ്ങുന്നത് വിഷ്ണുവിന്റെ കുഞ്ഞു
കുഞ്ഞു മോഹങ്ങളാണ്.കുടുംബത്തെ പരിചരിക്കാനായ് പിതാവിന്റെ ഒപ്പം ആ
കുടുംബത്തില്‍ നിന്നവന്‍ മാത്രം .പേടിപ്പെടുത്തുന്ന ആ ചുടലക്കളത്തിന്റെ
അന്തരീക്ഷത്തില്‍ വരാന്‍ പോലും മടിക്കുന്ന സ്വന്തം സഹോദരങ്ങള്‍ അവനില്‍
നിന്നും ഒരു നിശ്ചിത അകലം പാലിച്ച് കഴിയുന്നു എന്നത് വിഷ്ണു തന്റെ
സങ്കടങ്ങള്‍ ചിതയുമായ് പങ്കു വെക്കുമ്പോള്‍ ആരും കേള്‍ക്കാതെ
പറഞ്ഞത്.വിദ്യഭ്യാസത്തില്‍ വലിയ കഴമ്പില്ലെന്നും എല്ലവരും പഠിച്ച്
ഉദ്യോഗങ്ങള്‍ നേടിയാല്‍ ചിതയൊരുക്കാന്‍ ആരുണ്ടാകും എന്നുമുള്ള പിതാമഹന്റെ
വേവലാതിയെ അഛനോടുള്ള ഒരു കടമയായ് ആ ഉപദേശം ഒരു തപം പോലെ മനസ്സിലേക്കേറ്റ്
വാങ്ങി വിഷ്ണു.തന്റെ പിഞ്ചു മനസ്സിലെ ആഗ്രഹങ്ങള്‍ അവന്റെ കടമകള്‍ക്കൊരു
വിലങ്ങു തടിയാവാതിരിക്കാന്‍ ദിനരാത്രങ്ങളെ ഹരിശ്ചന്ദ്ര ഘാട്ടിലെ ചവിട്ടു
പടികളില്‍ പുതിയ ചിതയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനായ് നീക്കി
വെച്ചു.യാമങ്ങള്‍ക്കൊപ്പം നീളുന്ന തീനാളങ്ങളില്‍ അവന്‍ ചിലപ്പോഴൊക്കെ
പിടയുന്ന അഥവാ എന്തോ പറയാന്‍ വെമ്പുന്ന ആത്മാക്കളുടെ മുഖം നടുക്കത്തോടെ
ദര്‍ശിച്ചു.എരിഞ്ഞടങ്ങിയ ചാമ്പലില്‍ നിന്നും തലയോട്ടിയും
ചാരമാവാനാഗ്രഹിക്കാത്ത അസ്ഥികളും പെറുക്കി കൊച്ചു വള്ളങ്ങളില്‍ ഗംഗയുടെ
മാറിടത്തിലേക്ക് ചുരന്നു വീഴുന്ന മുലപ്പാലിനെ നുണയാന്‍ കൊതിക്കുന്ന
പൈതലിന്റെ ആവേശത്തോടെ ഓളങ്ങളിലുലഞ്ഞ് തുഴഞ്ഞ് നീങ്ങുന്നു..
കൂട്ടു കൂടാന്‍ മടിക്കുന്ന അയല്‍ പക്കത്തെ കുട്ടികള്‍ കളിക്കുന്നത്
നോക്കി വിഷ്ണു നെടു വീര്‍പ്പിടാറുണ്ട്.അപ്പോഴൊക്കെ അവാനാശ്വാസം കാണുന്നത്
അവര്‍ക്കാര്‍ക്കും ഓര്‍ക്കാന്‍ പോലുമാകാത്തവരുമായല്ലെ തന്റെ ചങ്ങാത്തം
എന്ന നിഷ്കളങ്ക ചിന്തയിലാണ്.എങ്കിലും ക്രിക്കറ്റ് കളിയെ അവനേറെ
ആരാധിക്കുന്നു.ഒരു പ്രേതാത്മാവിനെ ഭയക്കുന്ന പോലെ ഏവരും അവനുമായുള്ള
ചങ്ങാത്തത്തെ സങ്കോചത്തോടെ കണ്ടു. എല്ലാവരിലും ഭീതിയുണര്‍ത്തുന്ന ഒരാളായി
മാറിയ അവന്റെ പ്രിയപെട്ട നായകളൂം മൃതദേഹങ്ങളും ചിതയും തീനാളങ്ങളുമല്ലാതെ
വേറൊന്നും അവനുമായി കൂട്ടു കൂടാറില്ല.
ഓട്ട് ഡബ്ബയില്‍ കൊണ്ട് വന്ന ചോളത്തിന്റെ റൊട്ടിയും ചനക്കറിയും ഉച്ച
ഭക്ഷണമായി കഴിച്ചതിനു ശേഷം നായകളുമായ് കളിക്കുകയാണ് വിഷ്ണു
.മുളന്തണ്ടില്‍ വെച്ചു കെട്ടിയ ജഡങ്ങളേന്തിയെത്തിയവര്‍ ഹരിശ്ചന്ദ്ര
ഘട്ടത്തില്‍ വിഷ്ണുവിനെ തിരയുന്നു..ബാല്യം വിടാത്ത അവന്‍ ജഡമെത്തിയതോടെ
മുഖത്ത് പൌരോഹിത്യ പരിവേഷവുമായ് തന്റെ കര്‍മങ്ങള്‍ തുടങ്ങി
.വേണ്ടപെട്ടവര്‍ മൃതദേഹത്തെ ഗംഗയിലൊന്നു മുക്കി തടിക്കഷ്ണങ്ങള്‍ക്ക്
മീതെ വെച്ചു .വിഷ്ണു അതിനു മീതെ ചന്ദന മുട്ടികള്‍ നിരത്തി നെയ്യൊഴിച്ചു
.ചുവന്ന പട്ടിനു മീതെ ഒഴിച്ച നെയ്യിലേക്ക് ഹരിശ്ചന്ദ്ര ഘട്ടത്തില്‍
എപ്പോഴും എരിഞ്ഞു കൊണ്ടിരിക്കുന്ന കനല്‍ കട്ടകളില്‍ നിന്നും തീപകര്‍ന്ന്
കര്‍പ്പൂരം കത്തിച്ചിട്ട് ആ ആത്മാവിനെ വിഷ്ണുവിനെയേല്‍പ്പിച്ച് വന്നവര്‍
യാത്രയായി.അവന്‍ വര്‍ണങ്ങള്‍ വിടര്‍ന്ന നാളങ്ങള്‍ പരസ്പരം കൈകോര്‍ത്ത്
നൃത്തം വെക്കുന്നത് നോക്കി നിര്‍ന്നിമേഷനായ് നിന്നു.
ഗംഗയുടെ നേര്‍ത്ത അലകളിലൂടെ ഒഴുകി വരുന്ന ആരതികളുടെ ചിരാതുകള്‍ ..
ഓളപരപ്പിനെ തഴുകുന്ന മാരുതന്റെ ചുവടുകള്‍ക്കൊപ്പമിളകിയാടുന്ന ദീപങ്ങള്‍
.കണ്ണിനു ആനന്ദം നല്‍കുന്ന ഒരു കാഴ്ച്ച.ഒരു പാട് സഞ്ചാരികള്‍ ഗംഗയുടെ
സ്പന്ദനമറിയാനായ് കൊച്ചു കൊച്ചു നൌകകളില്‍ നീങ്ങുന്നുണ്ട്
.മഹാശ്മശാനത്തിലപ്പോഴും എരിയുന്ന ചിതകളില്‍ നിന്നുയരുന്ന കറുത്ത
പുകപടലങ്ങള്‍ മണികര്‍ണ്ണികയുടെ അംബരത്തെ മറയ്ക്കുന്നു.
കൊച്ചു കുഞ്ഞുങ്ങളും മുതിര്‍ന്നവരുമായ കുറച്ച് കുടുംബങ്ങള്‍ ഘട്ടത്തിന്റെ
തീരത്ത് നിന്നും പുറപ്പെടാറായി നില്‍ക്കുന്ന തോണികളില്‍
കയറുന്നുണ്ടായിരുന്നു .ഉല്ലാസയാത്രക്കൊപ്പം തീര്‍ത്ഥാടനവുമാവാം എന്നു
കരുതിയിട്ടുണ്ടാകും.അത്രയകലെയല്ലാതെ മണല്‍ തിട്ടകളില്‍
കൌമാരപ്രായത്തിലുള്ള ആണ്‍കുട്ടികള്‍ പട്ടം
പറത്തിക്കളിക്കുന്നുണ്ട്.മേഘങ്ങള്‍ക്കൊപ്പം വാനില്‍ ഒഴുകി കളിക്കുന്ന
വിവിധ വര്‍ണങ്ങളിലുള്ള പട്ടങ്ങള്‍ ..വിഷ്ണുവിന്റെ കുരുന്നു മനസ്സും ആ
പട്ടങ്ങള്‍ക്കൊപ്പം ഒഴുകിയാടാന്‍ തുടങ്ങി.ഒരു നിമിഷം ആ പട്ടത്തെ തന്റെ
കുഞ്ഞു കരങ്ങളാല്‍ കാറ്റിന്റെ ഗതിക്കൊപ്പം തലങ്ങും വിലങ്ങും പറത്താന്‍
അവന്‍ അദമ്യമായാഗ്രഹിച്ചു കൊണ്ട് ഓടിച്ചെന്ന് അവരോട് പട്ടം കുറച്ച് നേരം
അവനും പറത്തട്ടെ എന്നു കെഞ്ചി. പക്ഷെ ആ കുട്ടികളവന്റെ അഭ്യര്‍ത്ഥനക്ക്
ചെവി കൊടുക്കാതെ അവരുടെ കളിയില്‍ വ്യാപ്രുതരായിരുന്നു..ചെറിയൊരു
പ്രതീക്ഷയോടെ അവരെ നോക്കി കുറച്ച് നേരം കൂടി നിന്നതിനു ശേഷം
നിരാശമുറ്റുന്ന മുഖവുമായ് വിഷ്ണു തിരിച്ചവന്റെ ഇരിപ്പിടത്തിലെത്തി.
അവനുമിടയ്ക്ക് ചിന്തിക്കാറുണ്ട്..വിദ്യാലയത്തില്‍ പോയി വിദ്യ അഭ്യസിക്കണം
അവന്റെ സമപ്രായക്കാരുമായ് ഇഷ്ടം പോലെ കളിക്കണമെന്നും .ബാറ്റു വീശി
ഗംഗയുടെ കാണാനാവത്ത മറുകരയിലേക്ക് ചൌക്കയും ഛക്കയുമൊക്കെ
പായിക്കണമെന്നു.അടുത്ത നിമിഷം അവന്റെയുള്ളില്‍ ഉണരുന്ന
ഉത്തരവാദിത്വത്തില്‍ ജാഗരൂകനാകും ..തന്റെ പ്രിയപെട്ട കുലത്തൊഴില്‍ ;അഛനു
കൊടുത്തിട്ടുള്ള വാഗ്ദാനം ..ദിനരാത്രങ്ങളോളം ഇടതടവില്ലാതെ പരഗതി
തേടിയെത്തുന്ന ദേഹങ്ങള്‍ ..അവയ്ക്ക് മുക്തി നല്‍കണമെങ്കില്‍ തന്റെ സഹായം
കിട്ടിയാലല്ലെ പറ്റൂ.അല്ലെങ്കില്‍ ആ ദേഹികള്‍ ദേഹങ്ങളെ വിട്ടു പോകാനാവാതെ
വിഷമിക്കില്ലെ.വിഷ്ണു തന്റെ കൊച്ചു വലിയ ചിന്തകളില്‍ മുഴുകി ദശാശ്വമേധ
ഘട്ടത്തിലെ പൂജാരികള്‍ ഉദകക്രിയകള്‍ക്ക് നേതൃത്വം കൊടുക്കുന്നതും
നോക്കിയിരുന്നു.
അശ്വിനി മാസത്തില്‍ പിതൃ പൂജക്കായ് ദൂര ദേശങ്ങളില്‍ നിന്നും
ആളുകളെത്തുന്നു.കാശിയിലെ ഗംഗയുടെ പ്രവാഹം പോലെ തന്നെ ഭക്തരുടെ പ്രവാഹവവും
ഇടതടവില്ലാതെ..ഭൂമിയിലെ തന്നെ ഏതോ മാസ്മരിക ലോകം ..എത്രയൊ പൂജാവിധികള്‍
,ഉദകക്രിയകള്‍ ,ചുടലനാളങ്ങള്‍ ,അസ്ഥികള്‍ ,മനുഷ്യ ഭസ്മങ്ങള്‍ എല്ലാം
ആത്മാവിലേറ്റി ആ പുണ്യ മാതാവ് യുഗയുഗാന്തരങ്ങളായ് നിര്‍വിഘ്നം
ഒഴുകികൊണ്ടേയിരിക്കുന്നു. .പരശ്ശതം ചേതനയറ്റ ശരീരങ്ങള്‍ പരപദം
നേടിയകലുമ്പോഴും ഒന്നും സംഭവിക്കാത്ത മട്ടില്‍ ആ പുണ്യ നദിയും തീരവും
..കാലങ്ങളെത്ര കോടി യുഗങ്ങളായവതരിച്ചിട്ടും നിര്‍വാണങ്ങളില്‍ ശാശ്വത
സമാധനം കിട്ടുമെന്ന വിശ്വാസത്തില്‍ വരാണസി.
ഗംഗയുടെ ഓളങ്ങള്‍ക്ക് മീതെ ഒഴുകി നടക്കുന്ന ജഡങ്ങള്‍ ഏതോ ഒരു
തീരത്തടിഞ്ഞിരിക്കുന്നു.നായകളും പക്ഷികളുമൊക്കെ മൃഷ്ടാന്നമാക്കുന്നതോടെ
പാപരഹിതമായൊരു ലോകത്തേക്ക് പുനര്‍ജന്മമില്ലാത്ത നിര്‍വാണവുമായ്
ആത്മാക്കള്‍ ഘോഷയാത്ര നടത്തുന്നു.ദിഗന്തരാളത്തില്‍ സന്ധ്യയുടെ ചുവപ്പു
രാശി മാഞ്ഞിരിക്കുന്നു.ചുടലക്കളത്തിലെ അഗ്നിക്ക് ചുറ്റും ഒറ്റക്കാലില്‍
നിന്നു തപം ചെയ്യുന്ന അഘോരന്‍മാര്‍ .പകല്‍ വെളിച്ചത്തില്‍ മാളങ്ങളില്‍
കഴിയുന്നവര്‍ ഇരുള്‍ പരക്കുമ്പോള്‍ ചിതകളെ
തേടിയെത്തുന്നു.മന്ത്രോച്ചാരണങ്ങള്‍ക്കിടയിലൂടെ അമ്പലമണികള്‍ കൂട്ടത്തോടെ
മുഴങ്ങുന്നുണ്ടായിരുന്നു.വിഷ്ണു ചിതയിലെ അസ്ഥികള്‍ തന്റെ വടി കൊണ്ട്
നീക്കി കൂട്ടിയിടാന്‍ തുടങ്ങി.അപ്പുറത്ത് എരിഞ്ഞടങ്ങിയ ചാമ്പലില്‍
നിന്നും വെന്ത മാംസവുമെടുത്ത് കയ്യില്‍ തലയോട്ടി കമണ്ഡലുവുമായ് ശരീരം
മുഴുവന്‍ ചുടലഭസ്മവും പൂശി ഇരുളിന്റെ മറവിലേക്ക് നീങ്ങുന്ന അഘോരന്‍
.ഇപ്പോള്‍ ആ കാഴ്ച്ചയെ വിഷ്ണുവിനു നിര്‍വികാരതയോടെ നോക്കിക്കാണാനാകും ..
ദൂരെ ഒരു തോണിയിലേക്ക് കയറ്റി വെക്കുന്ന ജഡം
.ചാരമാക്കാനിഷ്ടമില്ലാത്തവര്‍ നിത്യമോക്ഷം തേടി അമ്മയുടെ മാറില്‍ വിലയം
കൊള്ളാനാഗ്രഹിക്കുന്നവര്‍ ഓളങ്ങളുടെ അഗാധതയിലേക്ക്. നീങ്ങുന്ന തോണിയെ
നോക്കി വിഷ്ണു നെടു വീര്‍പ്പിട്ടു.ഇനിയൊരു ചിതയൊരുങ്ങുന്നതിനിടയിലെ
ഇടവേളയില്‍ ഒന്നു കറങ്ങി വരാമെന്ന് വെച്ചു അവന്‍ ചവിട്ടു പടികള്‍ കയറി
മേലെയെത്തി.
തെരുവിലെ കടകമ്പോളങ്ങളില്‍ സഞ്ചാരികളുടെ അത്യഭൂത തിരക്ക്.എന്നും ഇവിടെ
ഇങ്ങനെ തന്നെ.ഭക്തര്‍ ,യോഗികള്‍ ,വിനോദ സഞ്ചാരികള്‍ ,ഗവേഷണ
വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ നിരവധി വ്യക്തിത്വങ്ങള്‍ ..ചിലരൊക്കെ
വിഷ്ണുവുമായ് സൌഹൃദം കാണിക്കാറുണ്ട്.അവനത് വലിയ ഇഷ്ടവുമാണ്.വരണ്ട അവന്റെ
ജീവിതത്തില്‍ സ്നേഹാന്വേഷണങ്ങള്‍ നടത്തുന്നവര്‍ .അവനിഷ്ടപെട്ട ഭക്ഷണം
വാങ്ങി കൊടുക്കുന്നവര്‍ .സ്ഥല പരിചയമില്ലാത്ത സഞ്ചാരികള്‍ക്ക് അവന്‍
നല്ലൊരു വഴി കാട്ടിയും ചരിത്രഭാഷകനുമാണു.ചിലരൊക്കെ സഹതാപത്തോടെ അവനെ
തങ്ങളുടേ കൂടെ പട്ടണത്തിലേക്ക് കൂട്ടാമെന്ന്
പ്രലോഭിപ്പിച്ചിട്ടുണ്ട്.വിഷ്ണുവിനതൊന്നും ആഗ്രഹമില്ലാഞ്ഞിട്ടല്ല.പക്ഷെ
അവനതിനു കഴിയുന്നില്ല.അത്രയ്ക്കും അഭേദ്യമായൊരു ബന്ധമാണ്
ഹരിശ്ചന്ദ്രഘട്ടവുമായവനുള്ളത്.
ക്ഷേത്രകവാടത്തില്‍ ധ്യാനിരതനായ് ഒരു സന്യാസി വര്യനിരിക്കുന്നു. .തേജസ്സ്
വഴിയുന്ന ആ മുഖത്തിനു കൂടുതല്‍ ശോഭ നല്‍കുന്നു പഞ്ഞി പോലുള്ള
താടി.കണ്ണുമടച്ച് വജ്രാസനത്തിലിരിക്കുന്ന
ആ യോഗി പുറം ലോകത്തു നടക്കുന്ന ഒരു കാര്യവും അറിയുന്നില്ലായിരുന്നു.
വിഷ്ണു ഇടുങ്ങിയ ഇടവഴിയുടെ നടന്നു തുടങ്ങി.അവിടെ കണ്ട കാലഭൈരവന്റെ
വാഹനമായ നായയുടെ വിഗ്രഹത്തില്‍ കുറച്ച് നേരം തലോടി നിന്നു..ചുവപ്പും
മഞ്ഞയും ചെണ്ടു മല്ലികള്‍ കോര്‍ത്ത ഹാരമണിഞ്ഞ കാലഭൈരവന്റെ തീക്ഷ്ണ
ദൃഷ്ടിയില്‍ ഭക്തിയോടെ വിഷ്ണു തന്റെ ശിരസ്സ് നമിച്ചു.കൊമ്പന്‍
മീശക്കിടയിലൂടെ കണ്ട പുഞ്ചിരി അവനെ ആശ്വസിപ്പിക്കുന്നതായ്
തോന്നി.ചുറ്റമ്പലത്തിനുള്ളിലെ പ്രതിഷ്ടകളെ വണങ്ങി നീങ്ങുമ്പോള്‍
ദേവനാഗരിയില്‍ എഴുതപെട്ട ഭൈരവനാഥ കഥകള്‍ അവനോട് കാലത്തിനതീതമായ
ഇതിഹാസങ്ങള്‍ പറയുന്നുണ്ടായിരുന്നു.ക്ഷേത്രത്തിലെ പൂജാരി ഭക്തരുടെ
തലയില്‍ പീലികെട്ടുകള്‍ കൊണ്ട് തട്ടി അനുഗ്രഹിക്കുന്നു.ഭൈരോനാഥന്റെ ഒരു
ദര്‍ശനം മതി അതുവരെയുള്ള പാപങ്ങളില്‍ നിന്നും മോചനം കിട്ടാന്‍ .എന്നും
കാണുന്ന ഈ കാഴ്ച്ചകളില്‍ വിഷ്ണു അവന്റെ കുഞ്ഞു വിഷമങ്ങളില്‍ നിന്നും
മോചിതനാകുന്നുണ്ടോയെന്നു അവനു പോലും നിശ്ചയമില്ല.
ജീവിതത്തിലെ പ്രാരാബ്ദങ്ങളും കര്‍ത്തവ്യങ്ങളും നിറവേറ്റിയവരുടേയും,
.ജീവിത പീഠകളില്‍ നിന്നു ഒളിച്ചോടുന്നവരുടേയുമൊക്കെ ആഗ്രഹം കാശിയില്‍
അവസാന കാലം കഴിച്ച് വീണ്ടുമൊരു ജന്മത്തിനവസരം നല്‍കാതെ നിത്യ ശാന്തിയും
മോക്ഷവും നേടി സ്വര്‍ഗവാസം തുടങ്ങാനാണു.ഇവിടെ വിഷ്ണു അവന്റെ
ജീവിതത്തിനൊരു മുക്തി തേടി ചുടലക്കനലും പകര്‍ന്ന്.ചിതകളും ഘട്ടങ്ങളും
തീരങ്ങളും തോറുമലയുന്നു.ചുറ്റിലും ഉയരുന്ന മന്ത്രോച്ചരണങ്ങളിലും
ചുടലനാളങ്ങളിലും ലയിച്ചവനിരുന്നു.ഗംഗയിലെ മറ്റൊരു ദിനത്തിന്റെ തെളിഞ്ഞ
ഉദയത്തിനായ് .അവനെ തേടി വരുന്ന "റാം നാം സത്യഹേ "എന്ന മന്ത്രണത്തിനായ്...