24 Nov 2013

MALAYALASAMEEKSHA NOV 15/DEC 15 /2013

READING PROBLEM?
DOWNLOAD THE THREE FONTS: CLICK HERE

ഉള്ളടക്കം

കവിത
പകര്‍ച്ച
സന്തോഷ് പാലാ

മണ്ണട്ടി 
 ജയചന്ദ്രന്‍ പൂക്കരത്തറ
വിജാഗിരിക്രിസ്തു
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

 രണ്ടു കവിതകൾ
വനിതാ വിനോദ്

 കിടങ്ങുകള്‍
സി.എൻ.കുമാർ

 പ്രണയം
പ്രിയാ സയൂജ്

 വികാരം - പ്രേമം
ടി.കെ.ഉണ്ണി

 സൂര്യൻ
ഡോ കെ ജി ബാലകൃഷ്ണൻ

 ലക്ഷ്മണ രേഖ
രാജു കഞ്ഞിരങ്ങാട് 

ഇന്നിന്റെ ദൈവച്ചിരി
ഗീത മുന്നൂർക്കോട്

 Happy  I am!
Dr K G Balakrishnan
Three Poems
 Chandramohan S
Reds and Blues
Aleena Aliina
I Wish
Geetha Munnurcode

മിനിക്കഥ
കുണ്ടൻ


 കൃഷി 

നാളികേരവും ആരോഗ്യരംഗവും
ടി. കെ. ജോസ്‌  ഐ എ എസ്

 തിരിച്ചറിയാം വെളിച്ചെണ്ണയെ
ഡോ. ഡി.എം വാസുദേവൻ

 നാളികേരവും ആധുനിക ചികിത്സയും
സിന്ധു. എസ്‌.

 നാളികേരവും നാട്ടുവൈദ്യവും
ബിന്ദു ശിവ

ഇളനീർ - ആരോഗ്യമേഖലയുടെ പ്രതീക്ഷ
വൈദ്യകലാനിധി  ​‍പ്രൊഫ.സി.കെ രാമചന്ദ്രൻ
നാളികേരവും പ്രകൃതി ജീവനവും
ഡോ.ജേക്കബ്‌ വടക്കൻചേരി

തേങ്ങാ വെളളത്തിന്റെ ന്യൂട്രസ്യൂട്ടിക്കൽ മൂല്യം
സബിത. എം, വിദ്യ വിശ്വനാഥ്‌,
അനിൽകുമാർ ബി, അനൂപ്‌ ടി. പി.

നാളികേരം - ആയുർവേദചികിത്സയിൽ
ഡോ. വി. സുനിത


പംക്തികൾ
നിലാവിന്റെ വഴി
മരണദേവനെ പ്രണയിച്ചവള്‍
ശ്രീപാർവ്വതി

മഷിനോട്ടം
കൊച്ചുബാവയുടെ കഥകൾ
ഫൈസൽബാവ

അഞ്ചാംഭാവം
ഒരു നാടകാനുഭവം (തൊഴിൽകേന്ദ്രത്തിലേയ്ക്ക്)
ജ്യോതിർമയി ശങ്കരൻ

എഴുത്തുകാരന്റെ ഡയറി
കൊടും പാപികളായവര്‍ കല്ലെറിഞ്ഞുകൊണ്ടിരിക്കുകയാണ്
സി.പി.രാജശേഖരൻ


ലേഖനം
ചൊവ്വയുടെ അർത്ഥം
സുനിൽ എം.എസ്
"ബലീപ്പാ, ഹ്ക്കൂള്‍, നാള പോകാ.."
വി.പി.അഹമ്മദ്

കഥ
ഊർജതന്ത്രത്തിന്‌ ഒരുതുണ്ട്‌ ഭൂമി
 സണ്ണി തായങ്കരി 
(ഇനിയും) ശവപ്പെട്ടികൾ വിൽക്കപ്പെടും
ഗ്രീഷ്മാ മാത്യുസ്

ലുനാറ്റിക്‌ അസെയിലം
ശിവപ്രസാദ്‌  താനൂർ 

GREESHMA 

നോവൽ
കുലപതികൾ
സണ്ണി തായങ്കരി  


എഡിറ്ററുടെ കോളം/നവാദ്വൈതം
പക്ഷികളുടെ ഇഷ്ടം
എം.കെ.ഹരികുമാർ

എഴുത്തുകാരന്റെ ഡയറി

 സി.പി.രാജശേഖരൻ

കൊടും പാപികളായവര്‍

കല്ലെറിഞ്ഞുകൊണ്ടിരിക്കുകയാണ്

ജീവിത സാഹചര്യം കൊണ്ടു തെറ്റുകാരിയായിപ്പോയ മഗ്ദലന മറിയത്തെ കല്ലെറിഞ്ഞു കൊല്ലണമെന്ന വാദവുമായി അന്നത്തെ സമൂഹത്തിലെ ചിലര്‍ മുന്നോട്ടു വന്നപ്പോള്‍ അവരെ നോക്കി , യേശുദേവന്‍ പുഞ്ചിരിച്ചു. ‘ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇവളെ കല്ലെറിയുക’ എന്നു്‌ യേശു ദേവന്‍ പറഞ്ഞതുകേട്ടു്‌ എല്ലാവരും കല്ലുകള്‍ താഴെയിട്ടു. ആര്‍ക്കും അവളെ  എറിയാനുള്ള ധൈര്യം ഉണ്ടായില്ല. കാരണം, ധര്‍മ്മ ബോധം നശിച്ചിട്ടില്ലാത്ത ഒരു കാലഘട്ടമായിരുന്നു അതു്‌. ഓരോരുത്തരും അവരവരുടെ തെറ്റുകുറ്റങ്ങളും ഏറ്റുപറഞ്ഞിരുന്ന കാലം. മറ്റുള്ളവരെ ശിക്ഷിയ്ക്കാനും കുറ്റം പറയാനും ഒരുങ്ങും മുമ്പു്‌ അവനവന്റെ തെറ്റുകുറ്റങ്ങളെക്കുറിച്ചും ജനം ചിന്തിയ്ക്കുമായിരുന്നു. യേശുദേവന്റെ ഈ വാക്യം കേട്ടയുടനെ എല്ലാവരുടെ കൈകളില്‍ നിന്നും കല്ലുകള്‍ താഴേ വീണുപോയി.
                    ഇന്നു കാലം മാറി. കൊടും കുറ്റവാളികളും അതിഭയംകര കള്ളന്‍മാരും മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ തേടിപ്പിടിച്ചു്‌ അതു പൊതുജനസമക്ഷം അവതരിപ്പിച്ചു്‌ അതില്‍ രസം കണ്ടെത്തുന്നു. അവര്‍ ആരുതന്നെ പറഞ്ഞാലും കല്ലുകള്‍ താഴേയിടില്ല. അതെടുത്തെറിയുക തന്നെ ചെയ്യും. അപ്പോള്‍ അവിടെ ദൈവത്തിനു കരണീയമായിട്ടു്‌ ഒന്നേ ചെയ്യാനാകൂ. പ്റക്റ്തിനിയമങ്ങളുടെ സ്വാഭാവിക പരിണതിയ്ക്കായി കാത്തുനില്‍ക്കുക. പ്രകൃതി  പ്റതികരിയ്ക്കും എന്നു തീര്‍ച്ച. ഏല്ലാ പ്റവര്‍ത്തനങ്ങള്‍ക്കും അതിനു തുല്ല്യവും വിപരീതവുമായ പ്രതിപ്രവർത്തനവും  ഉണ്ടാകും എന്നു്‌ തന്റെ മൂന്നാം ചലനനിയമത്തിലൂടെ ഐസക്‌ന്യൂട്ടണ്‍ തെളിയിയ്ക്കുന്നതിനു്‌ എത്രയോ  മുമ്പുതന്നെ, കര്‍ത്താവു നമ്മളോടു പറഞ്ഞു, ‘ആസ് യു സൊ, സോ ഷാല്‍ യു റീപ്’ (എന്തു വിതയ്ക്കുന്നുവോ, അതു തന്നെ കൊയ്യും) എന്നും’ വാളെടുത്തവന്‍ വാളാല്‍’ എന്നും.ഇതൊന്നും പക്ഷേ കേള്‍ക്കാന്‍ കാതുകൊടുക്കാതെ അന്യരുടെ നേരെ വാളോങ്ങി നില്ക്കുകയല്ലേ നമ്മുടെ ജനസേവകര്‍.
                    ‘തെഹല്‍ക്ക’ എന്ന ഒരു ചെറുകിട പത്റം ഇന്ഡ്യ മുഴുവനും വാര്‍ത്ത സൃഷ്ടിച്ചത്   ഒളിക്യാമറയിലൂടെ ചില ദ്റ്ശ്യങ്ങള്‍ പകര്‍ത്തി ചില നേതാക്കളെ അപമാനിച്ചുകൊണ്ടായിരുന്നല്ലൊ. ആ നേതാക്കള്‍ ചെയ്തതു്‌ നീതീകരിയ്ക്കാന്‍ പറ്റാത്ത തെറ്റു തന്നെയാണു്‌. അതു പുറത്തുകൊണ്ടുവരുന്നതും നല്ല കാര്യമാണു്‌. പക്ഷേ അതിനും സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും നേര്‍ വഴികളനവധി ഉണ്ടായിരുന്നു എന്നതും അന്നു്‌ പലരും പറഞ്ഞതാണു്‌. പക്ഷേ ഒളിക്യാമറ പ്റശസ്തനായി, മറ്റു പലെ കേയ്സുകളിലും അവന്‍ വില്ലനാവുകയും ചെയ്തിരിയ്ക്കയാണു്‌ നമ്മുടെ നാട്ടിലിപ്പോള്‍. ആതി നിഗൂഡ്ട് അമായ, മാര്‍ക്സിസ്റ്റു പാര്‍ട്ടി  ഓഫീസിനകത്തു പോലും വിരാജിച്ച അവനെ നാം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന അന്വേഷണത്തിലുമാണിപ്പോള്‍.

                  തെഹല്‍ക്ക എന്ന ആ ചെറുകിടപ്പത്റം വന്‍കിട പത്റമായൊ ഇല്ലയോ എന്നതു്‌ അവരുടെ മാത്റം കാര്യം. പക്ഷേ അതിന്റെ കെങ്കേമനായ  പത്റാധിപര്‍ ശ്റീമാന്‍ തരുണ്‍ തേജ്‌പാല്‍ അതേ ഒളി ക്യാമറയ്ക്കകത്തുതന്നെ കിടന്നു വട്ടം കറങ്ങുകയാണു്‌. തന്റെ സ്വന്തം ഓഫീസിലെ  പത്റപ്റവര്‍ത്തകയാണു്‌ ഇപ്പോള്‍ താരം. ലിഫ്റ്റില്‍ വച്ചു രണ്ടുതവണ പീഡിപ്പിച്ചുവെന്നും വഴങ്ങിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും പറഞ്ഞതായാണു്‌ പരാതി. അതും സഹിയ്ക്കാം ഈ പരാതി അദ്ദേഹത്തിന്റെ മകളോടും പരാതിക്കാരി നേരിട്ടു പറഞ്ഞുവത്റെ. ലോകം മുഴുവന്‍ അറിഞ്ഞതും സ്വന്തം മകളുടെ കാതില്‍ തന്നെ ഇത്തരം ഒരു പരാതി എത്തുകയും ചെയ്ത ഒരു അഛന്റെ പരിതാപാര്‍ദ്രമായ മുഖം ഞാന്‍ കാണുന്നു.
                              
             തേജ്പാല്‍ജീ, ദൈവം നീതിമാനാണു്‌. ഞങ്ങളുടെ നാട്ടിലും, ചില രാഷ്ട്റീയക്കാരും പത്റ-ചെക്കന്‍മാരും സ്വന്തം തെറ്റുകള്‍ മൂടിവച്ചു അന്യന്റെ തെറ്റന്വേഷിച്ചു നടക്കുകയാണു്‌.തേജ്പാല്‍ജി കാത്തിരുന്നതുപോലെ അവരും ഒരു പത്തോ പതിനഞ്ചോ കൊല്ലം കാത്തിരിയ്ക്കട്ടെ. ‘ഇന്നു ഞാന്‍ നാളെ നീ' എന്നതും ബൈബിള്‍ പ്റമാണം തന്നെയായതിനാല്‍ തെറ്റാന്‍ സാധ്യതയില്ല. തോക്കെടുത്തു കളിച്ചു്‌ നാടുനന്നാക്കാന്‍ തുടങ്ങിയ ഒരു ഫൂലന്‍ ദേവിയെ നാം മറന്നോ?  എമ്. പ്പി  വരെയാക്കിയില്ലെ, നമ്മുടെ രാഷ്ട്റീയം, അവരെ; എന്നിട്ടെന്തായി, വേറൊരു തോക്കിനിരയായി. ‘പനപോലെ വളര്‍ത്തി താഴേ വീഴ്‌ത്തുന്നതിങ്ങനേയാണു്‌’ എന്നതും ബൈബിളില്‍ തന്നെയുള്ള വാക്യമാണേയ്‌...
                              
                    ഇവിടെ, ഈ നമ്മുടെ കൊച്ചു കേരളത്തിലും മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും നന്‍മ ചെയ്യുന്നതിനു നേരമില്ലാത്ത ചിലര്‍ അന്യന്റെ തെറ്റു കുറ്റങ്ങള്‍ക്കു പുറകേ ഒളിക്യാമറയുമായീ ഓടി നടക്കുകയാണു. എവിടെയിരുന്നാലും എല്ലാം കാണനാകുന്ന ഒരു ചെറിയ ക്യാമറ മുകളിലുണ്ടല്ലൊ. അതെറ്ഞ്ഞുടയ്ക്കാന്‍ ഇവിടുത്തെ പാര്‍ട്ടിയോ പത്റങ്ങളൊ വിചാരിച്ചാല്‍ സാധിയ്ക്കുമെന്നു്‌ തോന്നുന്നില്ല. ‘കൊടുത്താല്‍ കിട്ടും, പൊറുത്താല്‍ പൊറുക്കപ്പെടും’ സഹോദരന്റെ രക്തം പുരണ്ട ഭൂമിയില്‍ കൊടുംകാറ്റു വീശും പ്റളയവുമുണ്ടാകും’ എല്ലാം കണ്‍മുമ്പില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലൊ. എറിഞ്ഞ കല്ലു്‌തിരിച്ചുവന്നു്‌  സ്വന്തംമൂക്കിലടിയ്ക്കുന്ന കാലമെണ്ണി നമുക്കു്‌ കഴിയാം....

"ബലീപ്പാ, ഹ്ക്കൂള്‍, നാള പോകാ.."

വി.പി.അഹമ്മദ്


"ബലീപ്പാ, ഹ്ക്കൂള്‍,  നാള  പോകാ.." 

ഇതാണ് ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ മൂന്നര വയസ്സുകാരന്‍  അസിം ഖയാല്‍ എന്നോട്  വന്നു പറയുന്നതു . കളിക്കാനുള്ള  സൌകര്യങ്ങളും സാമഗ്രികളും കൂടുതലില്ലാത്ത പ്ലേ സ്കൂള്‍ ആയതു കൊണ്ടായിരിക്കാം ഒരു പക്ഷെ സ്കൂളില്‍ പോകുന്നതിന്നു പ്രത്യക്ഷത്തിലുള്ള അവന്റെ മടിയും അടുത്ത ദിവസത്തേക്കുള്ള നീട്ടിവെപ്പും അല്ലെങ്കില്‍ വീട്ടിലെ കളികളായിരിക്കും അവന്ന്‍ കൂടുതലിഷ്ടം ആര്‍ഭാടങ്ങള്‍ കുറവാണെങ്കിലും വീട്ടിനടുത്ത് തന്നെയായത് കാരണമാണ് ആ സ്കൂള്‍ തന്നെ മതിയെന്ന് ഞങ്ങള്‍ കരുതിയത്. 

ഞാന്‍ സമ്മതം മൂളിയാലോ മറ്റു വിധത്തില്‍ താല്‍കാലികമായി സമ്മതിച്ചാലോ തുടര്‍ന്ന് കൊണ്ടേയുള്ള അവന്റെ നീട്ടിവെപ്പ് പ്രഖ്യാപനം അവന്‍ നിര്‍ത്തില്ല, അന്തിമമായി ഞാന്‍ അതേറ്റു പറയുന്നത് വരെ. 

"ങാ.  സ്കൂളില്‍ നാളെ പോകാം". 

തിരിച്ചു വരുമ്പോള്‍ ചോക്കി (ചോക്ലറ്റ്) വാങ്ങി തരാമെന്നോ ളുളു (ലു ലു) വില്‍ പോകാമെന്നോ അല്ലെങ്കില്‍ അവനിഷ്ടമുള്ള  മറ്റു വല്ലതും നല്‍കാം എന്നോ പറഞ്ഞു ഫലിപ്പിച്ച് പത്ത് മണിയാവുമ്പോള്‍ മിക്ക ദിവസവും അവനെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി ഒരു വിധത്തില്‍  പുറത്തിറക്കാന്‍ കഴിയുന്നുണ്ട്.  ഇതിനിടെ അവന്‍ എത്രയോ തവണ നീട്ടിവെപ്പ് പ്രഖ്യാപന പരമ്പര ആവര്‍ത്തിച്ചു കാണും. എന്റെ  ഏറ്റുപറച്ചിലും. 

"ബലീപ്പാ, ഹ്ക്കൂള്‍, നാള  പോകാ.." 
" ങാ. സ്കൂളില്‍ നാളെ പോകാം". 


ഒന്നാലോചിക്കുമ്പോള്‍ അവന്റെ നീട്ടിവെപ്പ്  സാരമാക്കാനില്ല. എങ്കിലും ഈ ചെറുപ്രായത്തില്‍ തന്നെ മനസ്സില്‍ നീട്ടിവെപ്പിന്റെ വിത്ത്  മുളച്ചതായി അറിയുമ്പോള്‍ അത്ഭുതത്തിന്  വകയുണ്ട്.

        *             *             *             *             *           * 

നമ്മളില്‍ ഭൂരിപക്ഷവും പൊതുവില്‍ സമാന സ്വഭാവങ്ങളുടെ തീക്ഷണ ദശയില്‍ ഉള്ളവരാണ്. ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ സ്വയം പല കാരണങ്ങള്‍ ഉന്നയിച്ചു അടുത്ത ദിവസങ്ങളിലേക്ക് മാറ്റി വെക്കുകയും അടുത്ത ദിവസങ്ങളില്‍ വീണ്ടും വീണ്ടും മാറ്റിവെക്കുകയും ചെയ്യുന്ന നമ്മുടെ മാനസിക അവസ്ഥയാണ്‌ സൂചിപ്പിക്കുന്നത്. അവസാനം ജോലികള്‍ ചെയ്തു തീര്‍ക്കേണ്ട അന്തിമ സമയം ആവുമ്പോള്‍ ധൃതി കൂട്ടി എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുകയാണ്  നമ്മുടെ പതിവ്.  

ഉത്തരവാദപ്പെട്ട സാധാരണ ജോലികള്‍ മാറ്റിവെച്ചു ആനന്ദകരവും എളുപ്പവുമായ കാര്യങ്ങള്‍ ചെയ്യുന്നതും, ഒരു ജോലി ചെയ്യാന്‍ നിശ്ചയിച്ച സമയവും അത്  പ്രായോഗികമായി ചെയ്യുന്ന സമയവും തമ്മില്‍ പറയത്തക്ക വലിയ കാലാന്തരം ഉണ്ടാവുന്നതും നീട്ടിവെപ്പിന്റെ ലക്ഷണങ്ങള്‍ ആണ്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഈ സ്വഭാവം ഒരു അസുഖമായി മാനസിക ശാസ്ത്ര ഗവേഷകര്‍ കണക്കാക്കുന്നു. സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിയുടെയും  ഉത്‌പാദന ശേഷിയുടെയും തളര്‍ച്ചയുടെ ഒരു പ്രധാന കാരണം ഈ അസുഖമാണ്. പ്രത്യക്ഷത്തില്‍ ഇത് പലര്‍ക്കും അംഗീകരിക്കാന്‍ പ്രയാസമാണെങ്കിലും എതു ജോലിയും കൃത്യ സമയത്ത് തുടങ്ങുകയും ശരിയായ പദ്ധതി അനുസരിച്ച് ചെയ്ത് തീര്‍ക്കുകയും ചെയ്യുമ്പോള്‍ ഉത്പാദന ശേഷി വളരെയധികം മെച്ചപ്പെടുമെന്നു എല്ലാവരും സമ്മതിക്കുന്നു.

പലര്‍ക്കും ജോലികള്‍ മാറ്റി വെക്കുകയെന്നത് അവരുടെ ഇംഗിതങ്ങള്‍ ആണെങ്കിലും  ഉപരി ഒരു സ്വഭാവ വിശേഷമാണ്. ജോലികള്‍ ക്ലിപ്ത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുന്നതിന്നു പ്രാധാന്യവും മുന്‍ ഗണനയും നല്‍കുകയെന്നത് വളരെയധികം പ്രയാസമുള്ള കാര്യമാണവര്‍ക്ക്.  എന്ത് ജോലിക്കും നല്ല മൂഡും (mood) മുഹൂര്‍ത്തവും വന്നു ചേരാന്‍ കാത്തിരിക്കുകയാണ് എപ്പോഴും. 

ചെയ്യാനുള്ള ജോലി എന്തോ വലിയ നിലയില്‍ ചെയ്യേണ്ടതാണെന്നും തങ്ങള്‍ക്കു അപ്രകാരം ചെയ്യാനുള്ള ശാരീരികവും സാങ്കേതികവുമായ  കഴിവ് ഉണ്ടോയെന്നും വേണ്ടത്ര സമയം ലഭിക്കുമോയെന്നും അവര്‍ ഭയക്കുകയും സംശയിക്കുകയും ചെയ്യുന്നു. അസൌകര്യവും ആകുലതയും ഉളവാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ മടിക്കുന്നു. പക്ഷെ ചെയ്യാതിരുന്നാല്‍ ജോലി തനിയെ ഇല്ലാതാവുന്നില്ല, മറ്റൊരാള്‍ അത് ചെയ്യുന്നുമില്ല  എന്നതിനാല്‍ അവര്‍ക്ക് സംഘര്‍ഷം കൂടുന്നു. ജോലിയില്‍ വന്ന അനാസ്ഥയില്‍ കുറ്റബോധം തോന്നുകയും അതു പരിഹരിക്കുന്നതിന് ശ്രമിക്കാതെ കുറ്റബോധത്തില്‍ നിന്ന്  സ്വയം അകന്നു നീട്ടിവെപ്പ്  തുടരുകയും ചെയ്യുന്നു. നീട്ടിവെപ്പ് പതിവാക്കിയവര്‍ അവരെന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നുവെന്നു ചിന്തിക്കുന്നില്ല. ഇങ്ങനെ ഒക്കെ മതി എന്നൊരു ധാരണ മാത്രമാണവര്‍ക്ക്. ചിലപ്പോള്‍  ജോലി നിസ്സാരവല്‍ക്കരിച്ചാണ്  നീട്ടിവെക്കുന്നത്.

ദിനേന വ്യത്യസ്തങ്ങളായ ധാരാളം ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ളവര്‍ക്ക് ഈ നീട്ടിവെപ്പ് സ്വഭാവം ദൂരീകരിച്ച്‌ കൂടുതല്‍ വിശ്വാസ്യതയും ഉത്പാദന ക്ഷമതയുമുള്ള വ്യക്തികളാകാന്‍ തോന്നുന്നുവെങ്കില്‍ ഇനി പറയുന്ന ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.  

ചെയ്യാനുള്ള ജോലികളുടെ മുന്‍ഗണന അടിസ്ഥാനമാക്കി  ഒരു ദൈനംദിന സമയക്രമ പട്ടിക  ഉണ്ടാക്കുകയാണ് ഏറ്റവും പ്രധാനമായത്. കൂടുതല്‍ കാലയളവ് വേണ്ടുന്ന ജോലികള്‍ പറ്റുമെങ്കില്‍  സൌകര്യപ്രദമായി വിഭജിച്ച്  ചേര്ക്കാവുന്നതാണ്‌. ജോലികള്‍ക്ക് വേണ്ട സമയം ക്ലിപ്തപ്പെടുത്താന്‍ ഇത് സഹായമാവും. മൊബൈലില്‍ ഇപ്പോള്‍ ലഭ്യമായ ധാരാളം വിവരണങ്ങളും പദ്ധതികളും അടങ്ങിയ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ കലണ്ടര്‍ ആവശ്യകത അനുസരിച്ച് തെരഞ്ഞെടുത്ത്  ഉപയോഗിക്കാനും  പറ്റും.

ഓരോ ദിവസവും അതാതുദിവസത്തെ പട്ടിക പരിശോധിച്ചു ജോലികള്‍ ചെയ്തു തുടങ്ങാം. സമയോചിതമായി പട്ടികയിലെ ഏറ്റവും വലിയ കാര്യം ആദ്യം ചെയ്തു തീര്‍ക്കുകയാണെങ്കില്‍ കൂടുതല്‍  ഉത്പാദന ക്ഷമതയും ബാക്കി കാര്യങ്ങള്‍  ചെയ്യാനുള്ള മാനസികമായ തിടുക്കവും കൂടും എല്ലാം ചെയ്തു തീര്‍ക്കണമല്ലോ എന്ന ഭീതി കലര്‍ന്ന  ചിന്ത ഒഴിവാക്കി ഒരേ സമയം ഒന്ന്  മാത്രമായി ജോലി ചെയ്യുക. 

വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും മറ്റു വിശ്രമങ്ങളില്‍ മുഴുകുന്നതും ജോലിക്ക് ശേഷമായിരിക്കുക സമയം ആവശ്യത്തില്‍ കൂടുതല്‍ ലഭ്യമാണെങ്കിലും ഈ രീതി തന്നെ പാലിക്കുക. അങ്ങനെയാവുമ്പോള്‍ ജോലി ചെയ്തു കഴിഞ്ഞ മാനസികമായ ആശ്വാസവും സംതൃപ്തിയും കാരണം  വിനോദവും വിശ്രമവും കൂടുതല്‍  ആസ്വാദ്യകരമാവും.

ചെയ്യുന്ന ജോലികളെ ഒരിക്കലും തരം താഴ്ത്തി കാണാതിരിക്കുക. ഓരോ ജോലിക്കും  ആവശ്യമായ തയാറെടുപ്പും ബുദ്ധിമുട്ടും കാലയളവും വേണ്ട വിധത്തില്‍  തിട്ടപ്പെടുത്തുകയും അതിനനുസരിച്ച് സമയവും സൌകര്യവും കണ്ടെത്തുകയും ചെയ്യുക. ചെയ്യുന്ന എല്ലാ ജോലിയിലും അതീവ വൈദഗ്ധ്യം അനിവാര്യമാണെന്ന ചിന്ത ഉപേക്ഷിക്കുകയും സ്വന്തം കഴിവ് മനസ്സിലാക്കുകയും ചെയ്യുക.

ഒന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുവാന്‍ സ്വയം അനുവദിക്കാതിരിക്കുക.  മനസ്സില്‍  ഇങ്ങനെ ഒരു മുന്‍ കരുതല്‍ ഉണ്ടായിരുന്നാല്‍ , വെറുതെയിരിക്കുമ്പോള്‍ ഉപബോധ മനസ്സില്‍ ഒരു അലാറം ഓര്‍മ്മപ്പെടുത്താന്‍ ഉണ്ടാകും. (ഇതെന്റെ അനുഭവത്തില്‍ നിന്ന് തന്നെയാണ്). എങ്കിലും അനിവാര്യമായ വിശ്രമത്തിന് പ്രത്യേകം സമയം കണക്കിലെടുക്കണം. വിശ്രമവും വെറുതെ ഇരിക്കലും  ഒരു പോലെയല്ല. 

ജോലിയില്‍ ഏകാഗ്രത നഷ്ടപ്പെടുകയും താല്പര്യമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ സൌകര്യപൂര്‍വ്വം  ചെറിയ ഇടവേള ആകാം ഒന്ന്‍ മയങ്ങാനോ അഭിരുചിയുള്ള എന്തെങ്കിലും വായിക്കാനോ കൂട്ടുകാരുമായി സല്ലപിക്കാനോ ഇഷ്ടമുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാനോ ഈ സമയം ഉപയോഗപ്പെടുത്താം. തിരിച്ചു വീണ്ടും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇത് മൂലം കൂടുതല്‍ ഉന്മേഷം അനുഭവപ്പെടുകയും കൂടുതല്‍ ജോലി ചെയ്തു തീര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു.

സ്വന്തം ഉത്തരവാദിത്വങ്ങളെ പറ്റി ബോധവാന്മാരായിരിക്കുക. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മാത്രം ജോലി ചെയ്യുന്ന രീതി ഒഴിവാക്കുക. കാലപരിധിയില്ലാത്ത ജോലികള്‍ക്ക് സ്വയം പരിധി നിശ്ചയിക്കുക. ജോലി ചെയ്ത് തീര്‍ക്കുന്നതിനു സമ്മാനവും അലസതക്ക് ശിക്ഷയും സ്വയം ഏര്‍പ്പെടുത്തുന്നത് തമാശയായി തോന്നുമെങ്കിലും കാര്യമായി എടുക്കാം. നീട്ടിവെപ്പ് കാരണമായുണ്ടാകുന്ന പ്രയാസങ്ങളും നഷ്ടങ്ങളും മനസ്സില്‍ കാണുക. ജോലി യഥാസമയം  ചെയ്തു തീര്‍ത്താല്‍ ലഭ്യമാവുന്ന ഒഴിവു സമയം, മാനസിക സ്വസ്ഥത, പണം, മറ്റു നേട്ടങ്ങള്‍ എന്നിവ മനസ്സില്‍ കണ്ടുകൊണ്ട് ജോലി തുടരുകയാണെങ്കില്‍ ലക്ഷ്യപ്രാപ്തി എളുപ്പമായിരിക്കും. 

ജോലികള്‍ സ്വയം ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ പ്രാപ്തരായ കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ സഹായം തേടാം. അവരെ മേല്‍നോട്ടത്തിനായി ഏര്‍പ്പാട് ചെയ്യാം. എങ്കിലും അവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് നീട്ടിവെപ്പ് തന്നെ.  

നീട്ടിവെപ്പ് സ്വഭാവം തനിക്കുണ്ടെന്ന് സ്വയം തിരിച്ചറിയുന്നതും അതിന്നുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതും ഒരു പരിഹാര മാര്‍ഗമാണ്. കാര്യങ്ങളില്‍ എളുപ്പവും വേഗത്തിലും തീരുമാനങ്ങള്‍ എടുക്കുന്ന ശീലം ആര്‍ജ്ജിക്കുകയാണ് മറ്റൊന്ന്.

     *             *             *             *             *            *             *             *

അനുബന്ധം (അഥവാ ഒരു കുറ്റസമ്മതം) : ഈ പോസ്റ്റ്‌ എഴുതാന്‍ തീരുമാനിച്ചിട്ട് ദിവസങ്ങള്‍ കുറെയായി. പക്ഷെ പട്ടികയില്‍ നിന്ന് പട്ടികയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

നിലാവിന്റെ വഴി ശ്രീപാർവ്വതി


ശ്രീപാർവ്വതി
മരണദേവനെ പ്രണയിച്ചവള്‍

"ഞാന്‍ പുനര്‍ജ്ജനിക്കുന്നു, ഈവയായി.

വംശീയഹത്യാധിപനായ ഹിറ്റ്ലറുടെ ഹൃദയമണിഞ്ഞ ഈവ ബ്രൌണ്‍ ആയി. ഒരു നഗരത്തിനെ ചുട്ടെരിക്കാനുള്ള അഗ്നി എന്നിലില്ല, പക്ഷേ അതേ ചൂട് ഉള്ളില്‍ വഹിക്കുന്ന ഒരുവനെ അകമേ പേറുന്ന ഒരുവളുടെ നിസ്സഹയാവസ്ഥയിലല്ല ഞാന്‍ .കാരണം ഞാനൊരു പ്രണയിനിയാണ്. പ്രണയത്തിന്‍റെ അഹങ്കാരത്തില്‍ അഭിരമിക്കുന്നവള്‍ .ലോകം വിറപ്പിക്കുന്ന ഒരുവന്‍റെ ദുര്‍ബലത എന്നില്‍ അവസാനിക്കുമ്പോള്‍ എനിക്ക് അഹങ്കരിക്കാം.


നിനക്കെന്നെ ഇഷ്ടമല്ലെന്നു പറയാം. ശ്രദ്ധിച്ചില്ലെന്നു പറയാം, എന്നിരുന്നാലും പ്രിയനേ നീ എന്നെ നോക്കുന്ന ഒരു കാഴ്ച്ചയ്ക്കു വേണ്ടിയാണ്, ഒരു അഗ്നിഗോളം ഞാന്‍ സ്വയമുതിര്‍ത്തത്. ഒരേ നഗരത്തിലെ രണ്ട് വ്യത്യസ്ത വ്യക്തികള്‍ . സാമൂഹിക വ്യതിയാനങ്ങളില്‍ വേറിട്ടു ജീവിക്കുന്നവര്‍. നിന്‍റെ രാഷ്ട്രീയത്തിന്, ഞാനൊരിക്കലും എതിരു നിന്നിട്ടുമില്ലല്ലോ.
എങ്കിലും നീയുമെന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഞാനറിഞ്ഞിരുന്നു.
നിന്‍റെ നഗരം നിന്നെ ശപിക്കുന്നത് കാണുവാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടു മാത്രമല്ല, ഞാനൊരിക്കലും അവിടേയ്ക്ക് നിന്നോടൊപ്പം വരാഞ്ഞത്, പ്രിയനേ നിന്‍റെ അഹങ്കാരങ്ങളില്‍ എനിക്ക് അഭിമാനമുണ്ട്, അത് ഒരിക്കലും തകര്‍ന്നു പോകരുതെന്നുള്ള മോഹം. ആ അഭിമാനം നമ്മുടെ മരണം കൊണ്ട് നീ സംരക്ഷിച്ചു നിര്‍ത്തി. മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം നീയെനിക്കു നല്‍കിയ അധികാരപ്പട്ടത്തിന്‍റെ നീര്‍ക്കുമിള പോലെയുള്ള ആയുസ്സ് നിന്നില്‍ തന്നെ പിടഞ്ഞു തീരുന്നത് ഉള്ളില്‍ സങ്കടത്തോടെയെങ്കിലും ആനന്ദത്തോടെ ഞാന്‍ അനുഭവിച്ചു...
 പ്രിയ ഹിറ്റ്ലര്‍ ഞാനിവിടെ പുനര്‍ജ്ജനിച്ചിരിക്കുന്നു. "

പ്രണയത്തിന്‍റെ അന്ധത ബാധിക്കപ്പെട്ട ചില ആത്മാവുകളുണ്ട്. അതിങ്ങനെ അലഞ്ഞു തിരിഞ്ഞുകൊണ്ടേയിരിക്കും, തന്‍റെ മറുപാതിയെ കിട്ടുന്നിടത്തു വച്ച് അവരുടെ സഞ്ചാരം ഒടുങ്ങും. ഈവ ബ്രൌണ്‍ എന്നാ സ്ത്രീ അതിഭ്രാന്തമായി അലഞ്ഞു നടന്നവളായിരുന്നു. ഹിറ്റ്ലര്‍ എന്ന നാസിസ്റ്റ് പ്രഭു സൈനിക സേവനം മതിയാക്കി മ്യൂണിച്ചില്‍ വന്ന താമസമുറപ്പിച്ചത് എന്തിനായിരുന്നുവെന്ന് ഈവയ്ക്കറിയം, അതുകൊണ്ടാണല്ലോ ഹിറ്റ്ലറുടെ പ്രണയത്തെ തന്നിലേയ്ക്കാകര്‍ഷിക്കാന്‍ വേണ്ടി അവള്‍ സ്വയം വെടിയുതിര്‍ത്ത് ഹത്യയ്ക്ക് ശ്രമിച്ചത്.  അതൊരു വൈകരിക അവസ്ഥയാണ്. പ്രണയിക്കുന്നവനു വേണ്ടി ജീവനെ പോലും കളയാന്‍ മടിയില്ല എന്ന ഉന്‍മാദ ചിന്ത അതേ അവസ്ഥയിലുള്ള ഒരുവള്‍ക്ക് ഉണ്ടാകാന്‍ എളുപ്പമാണ്. അതുകൊണ്ടു തന്നെ മാര്‍ക്സിസ്റ്റുകള്‍ പറയുന്നതു പോലെ ഹിറ്റ്ലര്‍ എന്ന താരത്തിനോടുള്ള ഭയവും ആരാധനയും കലര്‍ന്ന ഒരിഷ്ടം മത്രമയിരുന്നില്ല അത്. 

ആരാലും ആരാധിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ഒരു തുരുത്തില്‍ ഏകാകിനിയായി കഴിഞ്ഞ ഈവ എന്ന സ്വര്‍ണ മത്സ്യം ആനന്ദിക്കുന്നത് പ്രിയപ്പെട്ടവനായ ഹിറ്റ്ലര്‍ അരികിലുള്ളപ്പോള്‍ മാത്രമായിരുന്നു. ബീഥോവന്‍റെ പിയാനോ സൊണാറ്റകളില്‍ അവള്‍ തന്‍റെ ഹൃദയത്തെ കോര്‍ത്തിട്ടു, അതിലൂടെ ഒഴുകിയെത്തുന്ന താളത്തില്‍ അവള്‍ പലപ്പോഴും പ്രിയനുമായി സംവദിച്ചു. ഉന്‍മത്തതയുടെ അനാദൃശമായ ഒരു ലോകം. അവളുടെ മുന്നില്‍ മാത്രം ഹിറ്റ്ലര്‍ ഒരു പുരുഷനായി. അല്ലാത്തപ്പോള്‍ അയാള്‍ അണിഞ്ഞിരുന്ന അഹങ്കാരത്തിന്‍റെ കാക്കി നിറം ഉടലില്‍ നിന്ന് വേര്‍പെടുന്നതു വരെ ഈവ അയാളില്‍ നിന്ന് അധികാരത്തിന്‍റെ ഗന്ധം മണത്തു കൊണ്ടിരുന്നു. 

ഒരിക്കല്‍ പോലും അവള്‍ എന്തുകൊണ്ട് പ്രിയപ്പെട്ടവനോട് "നീയെന്തിന്, ഇത്തരത്തില്‍ സാധാരണക്കാരനോട് പെരുമാറുന്നു" ചോദിച്ചില്ല. അവനിലെ ദേശ്ശീയതയുടെ ഉറച്ച ചുവടിനെ അവള്‍ വിശ്വസിച്ചിരുന്നു. അവന്‍, ശരിയാണെന്നും അവന്‍ മാത്രമാണ്, ശരിയെന്നും അവള്‍ ധരിച്ചു. പ്രണയിനികള്‍ അങ്ങനെയാണല്ലോ ആത്മാവിലും ശരീരത്തിലും ആധിപത്യം നേടുന്നവനെ അവനിലെ എല്ലാ ഗുണങ്ങളോടും ദോഷങ്ങളോടും എടുത്തണിയും. പിന്നെ ഒരു വേര്‍പെടുത്തലില്ല. ഉണ്ടെങ്കിലോ അത് മരണത്തിലൂടെ


ഈവയിലും അങ്ങനെ തന്നെ കാലം സംഭവിപ്പിച്ചു. പ്രണയത്തിന്‍റെ അവസാന നിമിഷങ്ങളില്‍ അധികാരത്തിനു വേണ്ടിയല്ലെങ്കിലും പ്രിയപ്പെട്ടവന്‍റെ പേരിനെ സ്വന്തമാക്കാനുള്ള അടങ്ങാത്ത ഉള്‍മോഹം കൊണ്ട് അവള്‍ ഹിറ്റ്ലറോട് തന്‍റെ മോഹം പറഞ്ഞു, " അങ്ങ് എന്നെ ഭാര്യയാക്കണം"

മരണത്തിന്‍റെ കാലൊച്ച അടുത്ത് വരുന്നത് അറിഞ്ഞിട്ടും റഷ്യന്‍ സൈന്യത്തിന്‍റെ കാലൊച്ചകളുടെ ഭീകരത തിരിച്ചറിഞ്ഞിട്ടും ഈവയുടെ ആ മോഹത്തെ പത്തു മിനിറ്റിന്‍റെ ദൈര്‍ഘ്യത്തില്‍ ഹിറ്റ്ലര്‍ സാധിച്ചു കൊടുത്തു. പിന്നെ പതിയെ പതിയെ അടുത്തു വന്ന മരണത്തിലേയ്ക്ക് ഇരുവരും ഒന്നിച്ച് നടന്നു കയറുമ്പോള്‍ ഈവ ആഗ്രഹിച്ചിട്ടുണ്ടാവുക ഇനിയുള്ള ജന്‍മത്തിലും തന്‍റെ പ്രണയം ഇവനായിരിക്കണേ എന്നു തന്നെയല്ലേ? അധികാരത്തിന്‍റെ ഭ്രം കയറിയ ഹിറ്റ്ലര്‍ അല്ല, പക്ഷേ ദേശ്ശീയതയെ കവിഞ്ഞ് മറ്റൊന്നും ഉയിരില്‍ കൊണ്ടു നടക്കാത്ത ആ പഴയ ഹിറ്റലര്‍ തന്നെ. അവന്‍റെ ഒറ്റപ്പെടല്‍ തനിക്കേ കാണാനായുള്ളൂ എന്ന് മരണ സമയത്തും അവള്‍ ഉറക്കെ പറഞ്ഞ് അവനോട് വിലപിച്ചിട്ടുണ്ടാകാം. ആ ഒറ്റപ്പെടലില്‍ ഔഷധമാകാനാണ്, തനിക്കിഷ്ടം എന്നും അവള്‍ മനസ്സിലോര്‍ത്തിരിക്കാം. 


അതുകൊണ്ടു തന്നെ പ്രണയങ്ങളുടെ പുനര്‍ജ്ജന്‍മമുണ്ടായാലും മൃത്യുദേവതയുടെ പുനരവതാരം ഉണ്ടാകില്ല. അവന്‍ പലരിലൂടെ മരിച്ചു ജീവിക്കും. അവളോ അവനെ അന്വേഷിച്ച് കാടായ കാറ്റും മലയായ മലയും തിരയും. ഒരിക്കല്‍ അവള്‍ അവനെ കണ്ട് തിരിച്ചറിയുമ്പോള്‍ ആ പുനരവതാരം കാശ്ച്ചയില്ലാതെ മലയുടെ തണുപ്പില്‍ ഏകാന്ത വാസത്തിലായിരിക്കും, പണ്ട് അവള്‍ കഴിഞ്ഞതു പോലെ. പിന്നീട് അവളും അവനോടൊപ്പം ചേര്‍ന്ന് ഒരു പുതിയ പിറവിയുണ്ടാക്കും. സമാധാനത്തിന്‍റെ ശാന്തിയുടേയും മതങ്ങള്‍ പറഞ്ഞ് ആ കുഞ്ഞുങ്ങള്‍ നഗരങ്ങളില്‍ പാടി നടക്കും. പക്ഷേ ഹിറ്റ്ലര്‍ ജനിച്ചു മരിച്ച തെരുവുകളില്‍ അവന്‍റെ ഇരകള്‍ കലാപ നൃത്തത്തിലായിരിക്കും. അവിടെ പ്രണയമില്ലാതെയാവുമെന്ന് ചരിത്രം കുറിക്കപ്പെടട്ടെ

നാളികേരം - ആയുർവേദചികിത്സയിൽ


ഡോ. വി. സുനിത
അസിസ്റ്റന്റ്‌ ഫിസിഷ്യൻ, ആര്യവൈദ്യശാല,കോട്ടയ്ക്കൽ

ദൈവത്തിന്റെ സ്വന്തം നാടിന്‌ ഹരിതാഭ ചാർത്തുന്ന കേരവൃക്ഷം മലയാളിയുടെ കൽപതരുതന്നെ. കേരളീയന്റെ സുഖദു:ഖാങ്ങളിൽ നിത്യപങ്കാളിയായും താങ്ങും തണലുമായും കേരവൃക്ഷം നിലനിൽക്കുന്നു.  നാളികേരത്തിന്റെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണുണ്ടെന്നു പറയുമ്പോൾ, പി. ഭാസ്കരൻ മാഷ്‌ ഗൃഹാതുരത്വം കലർന്ന ഓർമ്മകളോടൊപ്പം ആഢ്യമായ അഭിമാനബോധവും പ്രകടിപ്പിയ്ക്കുകയാണ്‌.  ആഹാരമായും ഔഷധമായും വിവിധ രൂപങ്ങളിൽ നമ്മുടെ മുന്നിലെത്തുന്ന നാളികേരം ആയുർവേദ ചികിത്സയിൽ പലതരത്തിലും ഉപയോഗിക്കുന്നു.
നാളികേരം അരച്ചുളള കറികൾ മുതൽ നാളികേരപ്പാൽ ചേർത്ത 'ഇടിച്ചു പിഴിഞ്ഞ' പായസംവരെ മലയാളിയ്ക്ക്‌ ഏക്കാളവും പ്രിയപ്പെട്ടതും ഹൃദ്യവുമായ വിഭവങ്ങളാണ്‌. എന്തിനും ഏതിനും മേമ്പൊടിയായി അൽപം നാളികേരം എന്നത്‌ നമ്മുടെ ഭക്ഷ്യ സംസ്ക്കാരത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്‌. മലയാളിയുടെ പാചകത്തിൽ വെളിച്ചെണ്ണയും ഒരവശ്യ ഘടകമായി മാറിയിട്ടുണ്ട്‌.
നാളികേരത്തിന്റേയും വെളിച്ചെണ്ണയുടേയും ഉപയോഗം ദുർമേദസ്സും കൊളസ്ട്രോളും വർദ്ധിപ്പിക്കുമെന്ന ധാരണ കടന്നു കൂടിയത്‌ അതിന്റെ 'ആസ്വാദ്യത'യ്ക്ക്‌ അൽപ്പം മങ്ങലേൽപ്പിച്ചിട്ടുണ്ടെന്നുള്
ളത്‌ വസ്തുതയാണ്‌. എന്നിരുന്നാലും, അത്തരം രോഗാവസ്ഥകൾ ജീവിതശൈലിയോടും ജനിതക പ്രത്യേകതകളോടും മറ്റും കൂടി ബന്ധപ്പെട്ടവയായതിനാൽ നാളികേരത്തെക്കുറിച്ചുള്ള ആപത്ശങ്കകൾ അസ്ഥാനത്താണെന്ന്‌ പറയേണ്ടിയിരിക്കുന്നു. ഇതിനൊരു മറുവശമുണ്ട്‌ താനും.
ചില ഗവേഷണ പഠനങ്ങൾ വെളിച്ചെണ്ണയിൽ മുലപ്പാലിന്‌ തുല്യമായ ഔഷധ ഗുണങ്ങൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ, പോഷകസമൃദ്ധവും, രോഗപ്രതിരോധശേഷി വർദ്ധിതവുമായ തൈലമായി വെളിച്ചെണ്ണയെ അംഗീകരിച്ചേ മതിയാവൂ. മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനത്തിൽ അനുകൂലവും ഗുണകരവുമായ മാറ്റങ്ങളുണ്ടാക്കാൻ വെളിച്ചെണ്ണയ്ക്കുളള കഴിവും സ്ഥാപിതമാകുന്നു.
ആയുർവ്വേദത്തിൽ വെളിച്ചെണ്ണയ്ക്കുളള സ്ഥാനം അദ്വിതീയമാണ്‌. തട്ടലും മുട്ടലും വീഴ്ചയും പറ്റിയാൽ വെളിച്ചെണ്ണ കൂട്ടി മൃദുവായി തടവുന്ന മുത്തശ്ശിവൈദ്യം നമുക്കറിവുളളതുന്നേ.  ഇതോടൊപ്പം ശരീരഭാഗങ്ങളിലെ പൂപ്പൽ ബാധ തടയാൻ പച്ചവെളിച്ചെണ്ണ  പുരട്ടുന്നതും പതിവാണ്‌.
പിഞ്ചുകുഞ്ഞുങ്ങളെ തേച്ചുകുളിപ്പിക്കാൻ തേങ്ങാപ്പാൽ വെന്ത ഉരുക്കു വെളിച്ചെണ്ണയോളം അനുയോജ്യമായ മറ്റൊന്നില്ല.  ത്വക്സംരക്ഷണത്തിനും ശരീരകാന്തിക്കും അത്യുത്തമമായ വെന്തവെളിച്ചെണ്ണയുടെ ഔഷധമൂല്യവും പ്രയോജനവും അതുല്യമത്രെ.
ചികിത്സാർത്ഥവും നിത്യോപയോഗത്തിനും വേണ്ടിയുളള എണ്ണകളിൽ വലിയ ശതമാനവും തയ്യാറാക്കപ്പെടുന്നത്‌ വെളിച്ചെണ്ണയിലാണ്‌. തൊലിപ്പുറമെയുളള ചൊറിച്ചിലിനും നിറംമാറ്റത്തിനും മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ഏലാദികേരം, നാൽപാമരാദി കേരം, തലയിലെ താരൺ നിവാരണത്തിനുളള ധുർധൂരപത്രാദി കേരം, അയ്യപ്പാല കേരം, ദുർവാദി കേരം മുതലായവ ചില ഉദാഹരണങ്ങൾ മാത്രം. മുടികൊഴിച്ചിൽ, അകാലനര തുടങ്ങിയവ തടയാൻ നീലിഭൃംഗാദി കേരതൈലം പ്രശസ്തമാണ്‌.
കുട്ടികളുടെ ശാരീരിക ബലവർദ്ധനവിനും തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങളിലുംവരെ ശീലിയ്ക്കുവാൻ വിധിക്കുന്ന ഒന്നാണ്‌ ലാക്ഷാദി കേരം.
അമൃതാദി തൈലം, ആരണ്യതുളസ്യാദിതൈലം, നിംബാദിതൈലം, പരിണിതകേരീക്ഷീരാദിതൈലം എന്നിവയിലും വെളിച്ചെണ്ണ അടങ്ങിയിരിക്കുന്നു. പഴയതും കാറാത്തതുമായ വെളിച്ചെണ്ണയ്ക്ക്‌ മുറിവുണക്കാനുളള ശേഷി അധികമത്രെ! ഇതിനാൽ തന്നെ വ്രണരോപണതൈലം, നീലിദളാളി തൈലം, അഗ്നിവ്രണതൈലം തുടങ്ങിയവയിൽ പഴയ വെളിച്ചെണ്ണ ഉപയോഗിക്കാനാണു വിധി. ഔഷധമെന്ന നിലയ്ക്കുളള വെളിച്ചെണ്ണയുടെ പ്രാധാന്യത്തെക്കുറിച്ചുളള വിവരണം ഇത്തരത്തിൽ വളരെ നീണ്ടുപോകുന്നു.
നാളികേരത്തിന്റെ മറ്റു ചില ഉപയോഗങ്ങളെക്കുറിച്ചുകൂടി സൂചിപ്പിക്കാം. മധുരരസമുളള ചിരകിയ നാളികേരം ബലവർദ്ധകവും, പുഷ്ടിദായകവും, ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതുമായി ആയുർവ്വേദം വിലയിരുത്തുന്നു. 'മാംസപ്രദം' എന്നൊരു ഗുണമുണ്ട്‌ നാളികേരത്തിന്‌. ഇതിനർത്ഥം ശരീരപേശികളുടെ വികാസത്തിനും, ശക്തിയ്ക്കും അനുയോജ്യമാണെന്നാകുന്നു. ചുട്ടുപുകച്ചിൽ, വെളളംദാഹം, ക്ഷീണം തുടങ്ങിയ പ്രയാസങ്ങൾക്ക്‌ കുറവുവരുത്തുവാൻ നാളികേരത്തിന്‌ കഴിവുണ്ട്‌. ഉണങ്ങിയ നാളികേരമാവട്ടെ, സ്നിഗ്ദ്ധവും മലത്തെ സ്തംഭിപ്പിയ്ക്കുന്നതുമാണ്‌.
നാളികേരവെളളത്തിന്റെ ഔഷധപ്രാധാന്യവും ചെറുതല്ല. ശീതവും ശുക്ലവർദ്ധകവുംകൂടിയായ ഈ പാനീയം എളുപ്പത്തിൽ ദഹിക്കുകകൊണ്ടും ധാതുലവണസമൃദ്ധമായതിനാലും ശാരീരികോർജ്ജവും ശരീരത്തിലെ നഷ്ട ജലാംശം വീണ്ടെടുക്കുന്നതിലും സഹായകമാണ്‌. ലൈംഗികബന്ധാനന്തരമുളള അമിതമായ ക്ഷീണത്തിന്‌ ഇളനീർ തേൻ ചേർത്ത്‌ കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്‌.
ഇളനീർകുഴമ്പ്‌ കണ്ണിൽ എഴുതുമ്പോൾ ഉണ്ടാകാവന്ന നീറലും പുകച്ചിലും മലയാളിക്ക്‌ അപരിചിതമല്ല. പിത്തപ്രധാനമായ (പുകച്ചിൽ, ചുവപ്പുനിറം തുടങ്ങിയവ കൂടുതലുളള) നേത്രരോഗങ്ങളിൽ അവസ്ഥാനുസരണം ഉപയോഗിക്കുന്ന ഔഷധമാണിത്‌. ഇളനീർവെളളം ചേർത്ത്‌ പാകപ്പെടുത്തുന്ന തുംഗദ്രുമാദിതൈലം ശിരസ്സിനും വിശേഷിച്ച്‌ കണ്ണുകൾക്കും ഉത്തമമത്രെ. ഉറക്കക്കുറവിനും അതോടനുബന്ധിച്ചുളള ക്ഷീണത്തിനും ഈ തൈലം തലയിൽ തേയ്ക്കുന്നത്‌ ഫലപ്രദമാണ്‌.
നാളികേരം ചേർത്തുണ്ടാക്കുന്ന നാളികേര ഖണ്ഡം, നാളികേര ലവണം മുതലായ ഔഷധയോഗങ്ങൾ അമ്ലപിത്തത്തിലും (hyper acidity) ഉദരസംബന്ധമായ മറ്റു ബുദ്ധിമുട്ടുകൾക്കും പ്രയോഗിച്ചു വരുന്നു. നാളികേരാസവമാകട്ടെ, പരിണാമശൂല (peptic ulcer) യ്ക്ക്‌ ശുപാർശ ചെയ്യപ്പെടുന്ന ഔഷധമാണ്‌.

തേങ്ങാ വെളളത്തിന്റെ ന്യൂട്രസ്യൂട്ടിക്കൽ മൂല്യം


സബിത. എം, വിദ്യ വിശ്വനാഥ്‌, 
അനിൽകുമാർ ബി, അനൂപ്‌ ടി. പി.
അമൃത സ്കൂൾ ഓഫ്‌ ഫാർമസി, അമൃത വിശ്വവിദ്യാ പീഠം യൂണിവേഴ്സിറ്റി, കൊച്ചി


ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌ എന്ന കുറിയ ഇനം തെങ്ങിൽ നിന്നുളള  ഇളനീരും മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയ പഴങ്ങളുടെ സത്തും ചേർത്ത്‌ കൊച്ചിയിലെ  അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസിൽ പോഷകസമൃദ്ധമായ ന്യൂട്രസ്യൂട്ടിക്കൽ വികസിപ്പിച്ചെടുത്ത ഗവേഷണത്തിന്റെ വിശദാംശങ്ങൾ.

ന്യൂട്രീഷ്യൻ, ഫാർമസ്യൂട്ടിക്കൽ എന്നീ രണ്ടു വാക്കുകൾ ചേർന്നുണ്ടായ സാങ്കേതിക പദമാണ്‌ ന്യൂട്രസൂട്ടിക്കൽ.  1989 ൽ സ്റ്റീഫൻ ഡി ഫെലിക്സ്‌ എന്ന ശാസ്ത്രജ്ഞനാണ്‌ ഈ പദം നിർദ്ധാരണം ചെയ്തത്‌. രോഗ പ്രതിരോധവും ചികിത്സയും ഉൾപ്പെടെ, മനുഷ്യ ശരീരത്തിന്‌ ആരോഗ്യപരമായി പ്രയോജനം ചെയ്യുന്ന ഭക്ഷണം എന്നാണ്‌ ന്യൂട്രസ്യൂട്ടിക്കലിന്‌ അദ്ദേഹം നൽകിയ നിർവചനം.  ന്യൂട്രാസൂട്ടിക്കൽസിനെ ചിലപ്പോൾ ആസൂത്രിത ഭക്ഷണം എന്നും പരമാർശിക്കാറുണ്ട്‌.  മനുഷ്യ ശരീരത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന്‌ ആവശ്യമായ വൈറ്റമിനുകൾ, കൊഴുപ്പ്‌, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്‌ എന്നിവ നിശ്ചിത അളവിൽ അടങ്ങിയിരിക്കുന്ന ആഹാരത്തെയാണ്‌ ആസൂത്രിത ഭക്ഷണം എന്നതുകൊണ്ട്‌ നാം വിവക്ഷിക്കുക.  വിളർച്ചയും പോഷകാഹാരക്കുറവുകളും ഒഴികെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ആസൂത്രിത ഭക്ഷണം ഉപയോഗിക്കുമ്പോൾ നാം അതിനെ ന്യൂട്രസ്യൂട്ടിക്കൽ എന്നു വിളിക്കുന്നു.
അങ്ങനെ നോക്കുമ്പോൾ ഒരു വ്യക്തിയുടെ ആസൂത്രിത ഭക്ഷണം മറ്റൊരു വ്യക്തിക്ക്‌ ന്യൂട്രസ്യൂട്ടിക്കൽ ആയി മാറാം.  വിപണനവുമായി ബന്ധപ്പെട്ടും ഈ വാക്ക്‌ പ്രയോഗിക്കാറുണ്ട്‌ പക്ഷെ, അതിന്‌ കൃത്യമായ നിർവചനം ഇല്ല. അതിനാൽ ന്യൂട്രസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ എന്നു പൊതുവെ പറയുന്നവ പോഷകാഹാരങ്ങളാകാം, പോഷകാഹാര സഹായകങ്ങളാകാം, സമ്പുഷ്ടാഹാരങ്ങളാകാം, ജനിതകമായി വികസിപ്പിച്ചെടുത്ത ഡിസൈനർ ഭക്ഷണമാകാം, ഔഷധികളാകാം, ധാന്യങ്ങൾ, സൂപ്പ്‌, പാനീയങ്ങൾ തുടങ്ങിയവയുമാകാം.  ഇവയെല്ലാം തീർച്ചയായും ശരീരത്തിന്റെ ആരോഗ്യത്തിനും ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതവുമാണ്‌.

തേങ്ങാവെളളത്തിന്‌ ചില ആന്റി ഓക്സിഡന്റ്‌ ഗുണങ്ങൾ ഉണ്ട്‌ എന്നു നേരത്തെ കണ്ടെത്തിയിട്ടുളളതാണ്‌. ദീർഘനേരം വ്യായാമം ചെയ്യുന്നത്‌ കൊണ്ട്‌ ശരീരത്തിൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഓക്സിജൻ പ്രതിപ്രവർത്തന കണികകളെ നിർവീര്യമാക്കുന്നതിന്‌ തേങ്ങാവെളളത്തിലെ ചില ഘടകങ്ങൾ സഹായിക്കുന്നു. അതിനാൽ തേങ്ങാവെളളവുമായി ചില പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളെ സംയോജിപ്പിച്ചാൽ ന്യൂട്രസ്യൂട്ടിക്കൽ വികസിപ്പിക്കാൻ സാധിക്കും.  തേങ്ങാവെളളത്തിനൊപ്പം കശുമാങ്ങാ നീര്‌ അല്ലെങ്കിൽ തേങ്ങാവെളളത്തിനൊപ്പം അസര്റോള (ഒരു തരം ചെറി) പഴച്ചാർ, ഇവ രണ്ടിനുമൊപ്പം ഉത്തേജക ത്വരകമായി കഫീൻ കൂടി ചേർത്ത്‌ തയ്യാറാക്കുന്ന പാനീയങ്ങൾ ആറുമാസം വരെ കേടാകാതെയിരിക്കും.  വിവിധ ശ്രേണിയിൽ ആന്റി ഓക്സിഡന്റുകൾ ഉണ്ട്‌.  പല രാസവസ്തുക്കൾക്കും പ്രത്യക്ഷമായും പരോക്ഷമായും ആന്റി ഓക്സിഡന്റ്‌ ശേഷി ഉണ്ട്‌.  എന്നാൽ ആന്റി ഓക്സിഡന്റുകളുടെ ഔദ്യോഗിക നിർവചനം പോഷകാഹാരവുമായി ബന്ധപ്പെട്ടതാണ്‌.  മനുഷ്യ ശരീരത്തിന്റ സാധാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഓക്സിജൻ പ്രതിപ്രവർത്തന കണികകൾ, നൈട്രജൻ പ്രതിപ്രവർത്തന കണികകൾ എന്നിവയുടെ പ്രതികൂല പ്രവർത്തനത്തെ കുറയ്ക്കുന്നതിന്‌ ശേഷിയുളള ഭക്ഷണഘടകമാണ്‌ പോഷകാഹാര ആന്റി ഓക്സിഡന്റ്‌ എന്നാണ്‌ ഫുഡ്‌ ആന്റ്‌ ന്യൂട്രീഷൻ ബോർഡ്‌ നൽകുന്ന നിർവചനം.

മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക, എന്നിവയുടെ സത്തിനൊപ്പം തേങ്ങാവെളളം പ്രധാന ചേരുവയായി ന്യൂട്രസ്യൂട്ടിക്കൽ ഭക്ഷണം തയാറാക്കാം എന്ന്‌ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്താനായി. മാതളനാരങ്ങ അതി വിശിട്ഷമായ പോഷകാഹാരമാണ്‌. മനുഷ്യ ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങളെ അത്‌ സഹായിക്കുന്നു. കാൻസർ, ബാക്ടീരിയ, ഡയറിയ, ഫംഗസ്‌, അൾസർ, തുടങ്ങിയവയ്ക്കെതിരെ അവ ശരീരത്തെ ബലപ്പെടുത്തുന്നു.  പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഹൃദയം കരൾ തുടങ്ങിയവയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. ജീവകം സിയുടെ പ്രകൃതിയിലുളള ഏറ്റവും വലിയ കലവറയാണ്‌ നെല്ലിക്ക. മാത്രവുമല്ല ഇതും ശക്തമായ ആന്റി ഓക്സിഡന്റാണ്‌, മനുഷ്യന്റെ ആരോഗ്യത്തിനാവശ്യമായ എംബ്ലിക്കാനിൻ - എ, എംബ്ലിക്കാനിൻ - ബി, പ്യൂണിഗ്ലൂക്കോണിൻ, പെഡൺകുലാജിൻ തുടങ്ങിയ വിവിധ  ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
പേരയ്ക്കയും  ഇതുപോലെ വൻതോതിൽ ആന്റി ഓക്സിഡന്റ്‌ ഘടകങ്ങൾ  അടങ്ങിയിട്ടുളള ഒരു പഴവർഗ്ഗമാണ്‌.  ജീവകം സി, കരോറ്റിനോയിഡ്‌, കരോട്ടിൻ, ലൈക്കോപിൻ, എലാജിക്‌ ആസിഡ്‌, അന്തോസിയാനിൻ തുടങ്ങിയ ഫിനോലിക്‌ ഘടകങ്ങളും ഇതിലുണ്ട്‌.
ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌ ഇനം തേങ്ങയുടെ വെളളത്തിൽ വിവിധ ഇനം പ്രകൃതിദത്ത ചേരുവകൾ ചേർത്ത്‌ ഏഴുമാസം കൊണ്ട്‌ പോഷകഗുണം വർധിപ്പിക്കുക.  ഇപ്രകാരം പോഷകഗുണം വർധിപ്പിച്ച തേങ്ങാവെളളത്തിന്റെ കാര്യക്ഷമതാ പഠനം നടത്തുക എന്നിവയായിരുന്നു ഗവേഷണ ലക്ഷ്യങ്ങൾ.  ഗുണമേന്മയുളള മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക എന്നിവയുടെ ശുദ്ധമായ സത്ത്‌, നാളികേര വികസന ബോർഡിന്റെ നേര്യമംഗലം ഫാമിൽ നിന്ന്‌ ശേഖരിച്ച ചാവക്കാടൻ ഓറഞ്ച്‌ കുറിയ ഇനത്തിന്റെ ഏഴു മാസം പ്രായമുളള കരിക്കിൻ വെളളം എന്നിവയാണ്‌ ഇതിനായി ഉപയോഗിച്ചതു.  തേങ്ങാവെളളം നന്നായി അരിച്ച്‌ ഒരു ബീക്കറിൽ സംഭരിച്ചു.
ബീക്കറിലെ തേങ്ങ വെളളത്തിൽ അഞ്ചു ശതമാനം ഫ്രക്ടോസും നിസിനും ചേർത്ത്‌ 90 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ്‌ ചൂടാക്കി. തുടർന്ന്‌ പഴങ്ങളുടെ സത്തും മറ്റും ചേർത്ത്‌ രണ്ടു മിനിറ്റു കൂടി ചൂടാക്കി.  തണുക്കാനായി റഫ്രിജറേറ്ററിലേയ്ക്ക്‌ മാറ്റി. മൂന്നു പഴച്ചാറുകളുടെയും മൂന്നു തരം വീര്യമുളള ലായനികളാണ്‌ എടുത്തത്‌.  മാതള നാരങ്ങ - 5%, 10%, 15%, പേരയ്ക്ക - 1%, 3%, 5%. നെല്ലിയ്ക്ക - 2.5%, 5%, 7.5%. ഇങ്ങനെ മൊത്തം ഒൻപതു മിശ്രിതങ്ങളാണ്‌ തയ്യാറാക്കിയത്‌.

രണ്ടും നാലും മാസങ്ങൾ സൂക്ഷിച്ച്‌ വെയ്ക്കുമ്പോൾ ഇവയുടെ ഭൗതിക രാസ ഗുണങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്‌ പഠനങ്ങൾ നടത്തി. ഭൗതികഗുണങ്ങൾ അപഗ്രഥിച്ചപ്പോൾ നിറം, മണം, വാതക രൂപീകരണം എന്നിവയും ജൈവരാശയനിക പരിശോധനയിൽ പിഎച്ച്‌, അസ്കോർബിക്‌ ആസിഡ്‌, അമ്ലത്വം, ഫിനോൾ അളവ്‌ തുടങ്ങിയവയും സ്വാദ്‌ പരിശോധനയിൽ മണം, രുചി എന്നിവയുമാണ്‌ പഠനവിധേയമാക്കിയത്‌.
പത്തു ശതമാനം മാതളനാരങ്ങ ചേർത്ത്‌ പോഷകഗുണം മെച്ചപ്പെടുത്തിയ തേങ്ങവെളളത്തിൽ 31.52 ശതമാനം വൈറ്റമിൻ സിയും 13.5 ശതമാനം പോളിഫിനോളുകളും കണ്ടെത്തി.
ഒരു ശതമാനം പേരയ്ക്ക ചേർത്ത തേങ്ങവെളളം രുചിയിൽ രണ്ടാം സ്ഥാനത്ത്‌ എത്തി. ഇതിൽ 19.7 ശതമാനം അസ്കോർബിക്‌ ആസിഡും 10.22 ശതമാനം പോളിഫിനോളുകളും ഉണ്ടായിരുന്നു.
2.5 ശതമാനം നെല്ലിക്ക ചേർത്ത തേങ്ങ വെളളത്തിൽ അസ്കോർബിക്‌ ആസിഡിന്റെ അളവ്‌ 77.5 ശതമാനമായിരുന്നു; പോളിഫിനോൾ 10.22 ശതമാനവും.
10 ശതമാനം മാതളനാരങ്ങനീര്‌ ചേർത്ത കരിക്കിൻ വെളളത്തിന്‌ ഉയർന്ന പോഷകമൂല്യവും നാലുമാസത്തോളം ഗുണത്തിലും രുചിയിലും മാറ്റമില്ലാതെ ഇരിക്കുന്നതായും ഈ ഗവേഷണത്തിൽ കണ്ടെത്താൻ സാധിച്ചു.

നാളികേരവും പ്രകൃതി ജീവനവും


ഡോ.ജേക്കബ്‌ വടക്കൻചേരി

പ്രകൃതി ജീവനാലയം, ചമ്പക്കര കൊച്ചി

പ്രകൃതി ജീവനത്തിന്റെ കേരളീയ ശൈലിയിൽ നാളികേരത്തിനും കരിക്കിനും ദിവ്യമായ സ്ഥാനമാണുള്ളത്‌. പൊട്ടാസ്യം കൂടിയ നിലയിലുള്ള ചില കിഡ്നി രോഗികൾക്കൊഴിച്ചാൽ തേങ്ങയും കരിക്കും ഔഷധമായി നൽകാത്ത പ്രകൃതി ജീവനാലയങ്ങളില്ല.
കരുത്തും കർമ്മ ശേഷിയും നൽകുന്ന നൂറു ട്രില്യൺ കോശങ്ങളാൽ നിർമ്മിതമായ മനുഷ്യന്റെ ശരീരത്തിന്റെ സകല  പ്രയാസങ്ങൾക്കുമുള്ള തിരുത്തൽ പദാർത്ഥമായി തേങ്ങയെ ഉപയോഗിക്കാം.
തേങ്ങയും കരിക്കും വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും വിവേകപൂർവം ഉപയോഗിക്കുകയും നന്നായി വെയിൽ (സൂര്യസ്നാനം)കൊള്ളുകയും നല്ല വെള്ളം കുടിക്കുകയും ചെയ്താൽ മാറാത്ത രോഗങ്ങൾ ഇല്ല എന്ന്‌ ഉറപ്പിച്ചു പറയട്ടെ. പ്രകൃതി ജീവനാലയങ്ങളിൽ നിന്ന്‌ എല്ലാ രോഗങ്ങളും മാറി, സന്തോഷത്തോടെ മടങ്ങുന്ന നൂറു  കണക്കിനു രോഗികളുടെ ജീവിത സാക്ഷ്യങ്ങൾ  ഈ പ്രസ്താവനയ്ക്ക്‌ അടിവരയിടുന്നു.
അഞ്ചും പത്തും അതിലധികവും മീറ്റർ ഉയരത്തിൽ വളരുന്ന തെങ്ങ്‌ അതികാഠിന്യമേറിയ തടിക്കുള്ളിലൂടെ വേര്‌ വലിച്ചെടുക്കുന്ന വെള്ളവും ഭൂമിയും കൂമ്പിലേയ്ക്ക്‌ എത്തിക്കുന്ന, ഇളനീരിനോളം ഇത്രയേറെ അരിച്ചു മാറ്റി മാലിന്യ മുക്തമാക്കപ്പെട്ട മറ്റൊരു പ്രകൃതി വിഭവം ഇല്ലെന്നു തന്നെ പറയാം. പനയും മാവും പ്ലാവുമൊക്കെ പിന്നീടാണ്‌ വരുന്നത്‌.
മറ്റേതു മരത്തെക്കാളും ഉയരത്തിൽ നിന്ന്‌ പഞ്ചഭൂതങ്ങളിലെ അടുത്ത ഭാവങ്ങളായ വായുവിനെയും വെയിലിനെയും (അഗ്നി) പ്രപഞ്ചത്തിന്റെ പ്രാണ ശക്തിയെയും സ്വാംശീകരിച്ചാണ്‌ പഞ്ചഭൂത തികവു വരുന്ന തേങ്ങയെ തെങ്ങു പാകപ്പെടുത്തി എടുക്കുന്നത്‌. കുഞ്ഞു മച്ചിങ്ങയെ എത്ര മാസങ്ങൾ വെയിലത്ത്‌ വേവിച്ച്‌ വേവിച്ചാണ്‌ പ്രകൃതി തേങ്ങയെ ഉണ്ടാക്കിയെടുക്കുന്നത്‌ എന്നു ചിന്തിച്ചതിനു ശേഷമാകണം തേങ്ങയുടെ മൂല്യത്തെ  നാം വിലയിരുത്തേണ്ടത്‌.
 പൂങ്കുല വിരിയാൻ ഒരു മാസം, മച്ചിങ്ങയാകാൻ മറ്റൊരു മാസം, കരിക്കാകാൻ നാലു മുതൽ ഏഴു വരെ മാസങ്ങൾ, തേങ്ങയാകാൻ പതിനൊന്നു മുതൽ 12 വരെ മാസങ്ങൾ. ഓർത്തു നോക്കിയാൽ മറ്റേതു ഫലത്തെയാണ്‌ പ്രകൃതി ഇത്രമേൽ കരുതലോടെ പരിപാലിക്കുന്നതും കരുത്തുള്ളതാക്കുന്നതും.
വൈറ്റമിനുകൾ, മിനറലുകൾ, ഫൈറ്റോന്യൂട്രിയന്റ്സ്‌, അമിനോ ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ, എൻസൈമുകൾ, ഗ്രോത്ത്‌ ഹോർമോണുകൾ, ഇൽക്ട്രോലൈറ്റുകൾ എന്നിങ്ങനെ മനുഷ്യ കോശങ്ങൾക്ക്‌ ആവശ്യമുള്ള അപൂർവ പോഷകങ്ങൾ ഉള്ളിൽ നിറച്ചിരിക്കുന്ന അത്ഭുത ഫലമായി തേങ്ങ മാറുന്നത്‌ ഒരു വർഷത്തോളം നീളുന്ന പ്രകൃതിയുടെ അതിസൂക്ഷ്മ പരിപാലനത്തിലൂടെയാണ്‌.
രോഗമുക്തിയും നാളികേരവും
രോഗം ഉണ്ടാക്കുന്നതും രോഗം മാറ്റുന്നതും എല്ലാം ശരീരം തന്നെയാണ്‌. അതിനാൽ മരുന്നുകൾ ചെന്ന്‌ രോഗം മാറ്റുന്നു എന്ന ചിന്തയും മരുന്നുകളുടെ പ്രയോഗവും പ്രകൃതി ജീവനത്തിന്റെ കാഴ്ച്ചപ്പാടിൽ അശാസ്ത്രീയമാണ്‌.
കണ്ണിനു കാണാനാവാത്ത ഒരു സൂക്ഷ്മബീജത്തിൽ സ്ഥിതി ചെയ്തിരുന്ന ജീവൻ എന്ന പ്രതിഭാസമാണ്‌ അണ്ഡവുമായി ചേർന്ന്‌ കോശ വർധനവിലൂടെ ശിശുവായി മാറാനും പിന്നെയും വളർന്ന്‌ പൂർണ മനുഷ്യനാവാനും ഇടയാകുന്നത്‌. ബാഹ്യ അവയവങ്ങൾ പൂർണ വിശ്രമത്തിലാകുന്ന നിദ്രകളിലും  മനുഷ്യ ശരീരത്തിലെ ആന്തരികാവയവങ്ങൾ ഉണർന്നിരുന്ന്‌ പ്രവർത്തിക്കുന്നു. പുതിയ കോശങ്ങളെ നിർമ്മിക്കുകയും പഴയത്തിനെ മാറ്റുകയും ചെയ്യുന്നു. നൂറു ട്രില്യൺ കോശങ്ങൾ ഉള്ള മനുഷ്യ ശരീരത്തിൽ അൻപതു മുതൽ എഴുപതുവരെ  ബില്യൺ കോശങ്ങളാണ്‌ ദിവസവും  മരിക്കുന്നതും പുതുതായി ജനിക്കുന്നതും.
മരിച്ചുപോകുന്ന  കോശങ്ങൾക്കു പകരം വരുന്ന കോശങ്ങൾ ഗുണം കുറഞ്ഞവയാണെങ്കിൽ അവകൊണ്ട്‌ പരിപാലിക്കപ്പെടുന്ന അവയവങ്ങൾ  ദുർബലങ്ങളാകുകയും ക്രമേണ ശരീരത്തിന്റെ ആരോഗ്യം നശിക്കുകയും ചെയ്യും. ഈ ദുരവസ്ഥയെയാണ്‌ പല പല രോഗങ്ങളായി വ്യഖ്യാനിക്കുന്നത്‌.  പുതുതായി ജനിക്കുന്ന കോശങ്ങൾ ആരോഗ്യമുള്ളവയാണെങ്കിൽ ശരീരം ആരോഗ്യപൂർവം നിലനിൽക്കുകയും ഉന്മേഷത്തോടെ പ്രവർത്തിക്കുകയും ചെയ്യും.
പുതിയ കോശങ്ങൾ നിർമ്മിക്കാൻ ജീവനു കിട്ടുന്ന അസംസ്കൃത പദാർത്ഥങ്ങൾ ഏത്‌, അവയുടെ ഗുണനിലവാരം എന്ത്‌ എന്നീ ചോദ്യങ്ങളാണ്‌ ഇവിടെ ഉയരുന്നത്‌.  നല്ല ഭക്ഷണം കഴിച്ചാൽ നല്ല രക്ത -മജ്ജ - മാംസാദികൾ ഉണ്ടാകുന്നു. തത്ഫലമായി നല്ല ആരോഗ്യവും എന്ന ലളിതമായ സത്യമാണ്‌ തേങ്ങ നമുക്ക്‌ വ്യക്തമാക്കിത്തരുന്നത്‌.
കഴിക്കാൻ വളരെ എളുപ്പം, ഒരു വർഷത്തോളം സൂര്യതാപത്താൽ പ്രകൃതി തന്നെ വേവിച്ചെടുത്തത്താണ്‌. നേരെ കഴിക്കാം. നല്ല രുചി. കഴിച്ചാൽ ദഹിക്കാനും എളുപ്പം. വിയറ്റ്നാം യുദ്ധകാലത്ത്‌ പരുക്കേറ്റ്‌ സൈനിക ആശുപത്രികളിലെത്തുന്ന ഭടന്മാർക്ക്‌ കരിക്കിൻ വെള്ളം നേരിട്ട്‌ ഞരമ്പുകളിലൂടെ കയറ്റുകയായിരുന്നു. ദോഷഫലങ്ങൾ യാതൊന്നും ഇല്ലാത്തതും മനുഷ്യ ശരീരവുമായി പെട്ടെന്നു യോജിക്കുന്നതുമായ സാമ്യപദാർത്ഥങ്ങളാണ്‌ കരിക്കിലും തേങ്ങയിലും ഉള്ളത്‌. ഇതു ദഹിക്കാൻ വളരെ ചെറിയ സമയം മതി. ദഹനത്തിനു ശേഷമുള്ള ആഗീരണവും അവശിഷ്ടങ്ങളുടെ വിസർജ്ജനവും ശരീരത്തിനു ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നതല്ല. അതിലുപരി പരമാവധി സുഖം നൽകുകയും ചെയ്യുന്നു.മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങൾ വൻകുടലിൽ വിഷവാതകങ്ങളുടെ അസ്വസ്ഥത ഉണ്ടാക്കുമ്പോൾ തേങ്ങയിലെ ഫൈബർ അംശങ്ങൾ വിസർജ്ജനവും വൻകുടലിന്റെ വൃത്തിയും പരമാവധി ഉറപ്പു വരുത്തുന്നു.
രോഗം മാറ്റാനും ആരോഗ്യപൂർവം ജീവിക്കാനും പ്രാണനെ സഹായിക്കുന്നു, പ്രാണൻ നിറഞ്ഞു തുളുമ്പുന്ന ഭക്ഷണമായി മാറുന്നു കരിക്കും തേങ്ങയും. തേങ്ങയുടെ ചില ഔഷധ വിധികൾ ഇതാ:
മലബന്ധത്തിന്‌ - അരഗ്ലാസ്‌ തേങ്ങപ്പാലിൽ ഒരു പൂവൻ പഴവും അൽപം ഉണക്കമുന്തിരിയും മിക്സിയിൽ അരച്ച്‌ അരഗ്ലാസ്‌ പച്ചവെള്ളവും ചേർത്ത്‌ രാത്രി കഴിക്കുക.
ജലദോഷത്തിനും അലർജിക്കും - മൂന്നു ദിവസം കരിക്കിൻവെള്ളം മൂന്ന്‌ എണ്ണം വീതം കുടിച്ച്‌ മറ്റൊന്നും കഴിക്കാതെ വിശ്രമിക്കുക. ജലദോഷം മാറും. കരിക്കിൻവെള്ളം, തേങ്ങ,  പഴങ്ങൾ എന്നിവ മാത്രം കഴിച്ച്‌ ഒരാഴ്ച്ച ആയാസമുള്ള ജോലികൾ ഒന്നും ചെയ്യാതെ ഇരുന്നാൽ അലർജി മാറും.
പ്രഷറിന്‌ - രണ്ടു നേരം പഴങ്ങളും തേങ്ങയും ചേർത്ത്‌ കഴിക്കുകയും ഒരു നേരം മാത്രം വേവിച്ചതു കഴിക്കുകയും ചെയ്യുക. രണ്ട്‌ കരിക്കു വീതം കുടിക്കുകയും ചെയ്യാം. രണ്ട്‌ ആഴ്ച്ചയ്ക്കുള്ളിൽ പ്രഷറിനുള്ള മരുന്നുകൾ കുറച്ചു നിർത്താനും ക്രമേണ പ്രഷർ നോർമലാക്കാനും സാധിക്കും.
ഹൃദ്‌രോഗം വാരാതിരിക്കാൻ - ദിവസവും ഒരു തേങ്ങ വീതം അകത്തു ചെല്ലത്തക്ക വിധം എല്ലാ ഭക്ഷണത്തിലും തേങ്ങ ഉൾപ്പെടുത്തുക. പാകം ചെയ്താൽ രണ്ടു മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുക. ഉച്ചകഴിഞ്ഞാൽ വേവിച്ചതു കഴിക്കരുത്‌. തേങ്ങയും പഴങ്ങളും കരിക്കും മാത്രം കഴിക്കുക.
കൊളസ്ട്രോൾ കുറയ്ക്കാൻ - പത്തു ദിവസം തേങ്ങയും പഴങ്ങളും ധാരാളം കഴിക്കുക. കരിക്കും പച്ചവെള്ളവും കുടിക്കുക. തേങ്ങയെ കുറിച്ച്‌ മരുന്നു കമ്പനികൾ പരത്തിയ ദുരാരോപണങ്ങൾ കള്ളമാണ്‌ എന്ന്‌ അപ്പോൾ വ്യക്തമാകും. കൊളസ്ട്രോൾ നോർമലാകും.
പ്രമേഹത്തിനു പോലും തേങ്ങ വേവിക്കാതെ ധാരാളം കഴിച്ചാലുണ്ടാകുന്ന മാറ്റം ഒന്നു പരീക്ഷിച്ചു നോക്കുക. മരുന്നുകൾ ധാരാളം കഴിക്കുന്ന പഴകിയ രോഗം ഉള്ളവർ മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ ഇടംവലം നോക്കാതെ തുടങ്ങരുത്‌. പ്രകൃതി ജീവനാലയത്തിന്റെ അല്ലെങ്കിൽ ഒരു പ്രകൃതി ചികിത്സകന്റെ മേൽ നോട്ടത്തിൽ മാത്രമെ ഇത്‌ ചെയ്യാവൂ.
മനുഷ്യന്റെ ശാരീരീക പ്രവർത്തനങ്ങൾ, ആരോഗ്യം, ചിന്തകൾ എന്നിവയെല്ലാം ആരോഗ്യത്തോടെ പ്രവർത്തിക്കുന്ന കോശങ്ങളുടെ ആകത്തുകയാണ്‌ എന്ന കാര്യം ഒരിക്കൽ കൂടി ഓർമ്മിച്ചുകൊണ്ട്‌ നാം തിരിച്ചറിയേണ്ടത്‌ തേങ്ങയും കരിക്കും ഒക്കെ പ്രതിനിധീകരിക്കുന്ന വിശുദ്ധവും കലർപ്പില്ലാത്തതുമായ  ഭക്ഷണസാധനങ്ങൾ വിശുദ്ധ കോശങ്ങളെ നിർമ്മിക്കുകയും വിശുദ്ധ ശരീരത്തെ പരിപാലിക്കുകയും ചെയ്യുന്നു എന്നുള്ള സത്യമാണ്‌.

ഇളനീർ - ആരോഗ്യമേഖലയുടെ പ്രതീക്ഷ





വൈദ്യകലാനിധി  ​‍പ്രൊഫ.സി.കെ രാമചന്ദ്രൻ

പണ്ട്‌, കൊച്ചിയിൽ കോളറ പടർന്നു പിടിച്ച കാലം. ആയിരക്കണക്കിനാളുകളാണ്‌ ആ മാരകരോഗത്തിന്റെ പിടിയിൽപെട്ടത്‌. ഇന്നത്തെ പോലെ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒന്നും ഇല്ല. കോളറ ബാധിതരായി നൂറുകണക്കിനാളുകൾ ദിവസവും ചികിത്സ കിട്ടാതെ മരിക്കുകയാണ്‌. ആരോഗ്യ വകുപ്പ്‌ അന്തം വിട്ടുനിന്നു. അതിസാരവും ഛർദ്ദിയും മൂലം  ശരീരത്തിലെ  ജലാംശം പൂർണമായും നഷ്ടപ്പെട്ടാണ്‌ മിക്ക രോഗികളുടെയും മരണം സംഭവിക്കുന്നത്‌. ഇത്തരം സന്ദർഭങ്ങളിൽ ഞരമ്പുകളിലേയ്ക്ക്‌ നേരിട്ട്‌ (ഇൻട്രാവീനൽ) നോർമൽ സലൈൻ, ഗ്ലൂക്കോസലൈൻ എന്നിവയാണ്‌ ഫ്ലൂയിഡായി  നൽകുക. ഇത്‌ കൃത്യ സമയത്ത്‌ വേണ്ട അളവിൽ നൽകിയാൽ കോളറ ബാധിച്ച രോഗിയെ രക്ഷപ്പെടുത്താൻ സാധിക്കും.
പക്ഷെ ആയിരക്കണക്കിനാളുകൾ രോഗബാധിതരായിരിക്കെ ഇവർക്കെല്ലാം  ആവശ്യമുള്ളത്ര ഐവി ഫ്ലൂയിഡ്‌ ഇത്രപെട്ടെന്ന്‌  എവിടെനിന്ന്‌ സംഘടിപ്പിക്കാൻ  സാധിക്കും? എന്താണ്‌ ബദൽ സംവിധാനമെന്ന്‌  ഡോക്ടർമാർ കൂട്ടമായി ആലോചിച്ചു.  ഈ സമയത്ത്‌ അവരുടെ ബുദ്ധിയിൽ തെളിഞ്ഞ പരിഹാരമാർഗ്ഗമാണ്‌ കേരളത്തിൽ എവിടെയും സുലഭമായ ഇളനീർ എന്ന പ്രകൃതിദത്ത ഐവി ഫ്ലൂയിഡ്‌. അതൊരു പരീക്ഷണമായിരുന്നു. പക്ഷെ, വിജയിച്ചു. നൂറുശതമാനവും വൻ വിജയം.  അങ്ങനെയാണ്‌ ഇളനീർ ആരോഗ്യവകുപ്പിന്റെ രക്ഷയ്ക്ക്‌ എത്തിയതും ആയിരക്കണക്കിന്‌ ആളുകളെ അന്ന്‌ കോളറയുടെ മരണവക്ത്രത്തിൽ നിന്നു രക്ഷപ്പെടുത്തിയതും. ഇതിന്‌ രേഖകളുണ്ട്‌.
ഇതുപോലെ സാംക്രമിക രോഗങ്ങൾ നാടിനെ ഗ്രസിച്ച പല സന്ദർഭങ്ങളിലും കരിക്കിൻ വെള്ളത്തിന്റെ ശക്തിയും ഔഷധമൂല്യവും കേരളം എത്രയോ പ്രാവശ്യം  അനുഭവിച്ചറിഞ്ഞിരിക്കുന്നു.
ഇന്ന്‌ കോളറ ബാധിച്ചാൽ അതിനു കാരണമായിട്ടുള്ള വിബ്രിയോ എന്ന ബാക്ടീരിയയെ നശിപ്പിക്കാൻ ആന്റിബയോട്ടിക്കുകളാണ്‌  ഡോക്ടർമാർ നൽകുക. പക്ഷെ, പണ്ട്‌ ആന്റിബയോട്ടിക്കുകൾക്ക്‌ ഇത്ര വലിയ സ്ഥാനം ചികിത്സയിൽ ഉണ്ടായിരുന്നില്ല.  ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടാൽ അത്രത്തോളം അളവ്‌ വെള്ളം ശരീരത്തിലേയ്ക്ക്‌ തിരിച്ച്‌ കയറ്റുക എന്നതായിരുന്നു പ്രഥമ ശുശ്രൂഷാ രീതി. അതിന്‌ ഉപയോഗിച്ചിരുന്നത്‌ സലൈനും ഗ്ലൂക്കോസലൈനും ആയിരുന്നു താനും.
എന്നാൽ ഒരു പ്രദേശം മുഴുവൻ കോളറ ബാധിച്ചപ്പോൾ തക്ക സമയത്ത്‌ സലൈനും ഗ്ലൂക്കോസലൈനും വേണ്ടത്ര വലിയ അളവ്‌ കിട്ടിയില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ്‌ ഇളനീര്‌ നേരിട്ട്‌ ഐവി ഫ്ലൂയിഡായി നൽകിയത്‌.
ഇതൊരു ചെറിയ കാര്യമല്ല. കരിക്കിൻ വെള്ളം ​‍്യുഎന്ന അത്ഭുത പാനീയത്തിന്റെ വലിയ ഔഷധ ശക്തിയാണ്‌ അന്ന്‌ പ്രായോഗികമായി തെളിയിക്കപ്പെട്ടത്‌. അതായത്‌ മനുഷ്യ ശരീരത്തിനുള്ളിലുള്ള ജലവുമായി താദാത്മ്യം പ്രാപിക്കാൻ ശേഷിയുള്ളതാണ്‌ പ്രകൃതിദത്തമായ കരിക്കിൻ വെള്ളം എന്ന സത്യമാണ്‌ അന്നു തിരിച്ചറിഞ്ഞത്‌. പ്രകൃതിയിൽ നിന്നുള്ള മറ്റൊരു ദ്രാവകത്തിനും ഈ ശേഷി ഇല്ല. ഇന്നും ഡീഹൈഡ്രേഷൻ സംഭവിച്ച്‌ എത്തുന്ന രോഗികൾക്ക്‌ ഡോക്ടർമാർ ആത്മവിശ്വാസത്തോടെ ശിപാർശ ചെയ്യുന്നത്‌ കരിക്കിൻ വെള്ളമാണ്‌. (ഇത്‌ നിർബന്ധമാക്കാവുന്നതാണ്‌.) കാരണം കരിക്കിൻ വെള്ളത്തിൽ നല്ല അളവിൽ ഗ്ലൂക്കോസും മനുഷ്യശരീരത്തിന്‌ ആവശ്യമായ വിവിധ ലവണാംശങ്ങളും ഉണ്ട്‌.
മുൻകാലങ്ങളിൽ കേരളത്തിലെ കുട്ടികളുടെ വൈദ്യന്മാർക്ക്‌ അവരുടെ തനതായ ഒരു സിദ്ധൗഷധമുണ്ടായിരുന്നു-കരിക്ക്
‌ പുഴുങ്ങിയത്‌. കൊച്ചുകുഞ്ഞുങ്ങൾക്ക്‌ ഡയറിയ വന്ന്‌ ശരീരത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെട്ടാൽ ചെയ്തിരുന്ന ആദ്യ ചികിത്സ  കരിക്ക്‌ പുഴുങ്ങി കൊടുക്കലായിരുന്നു. കരിക്കിന്റെ പുറംതോട്‌ ചെത്തി, അതിന്റെ മുകൾ ഭാഗം വെട്ടി ആ ഇളനീരിലേയ്ക്ക്‌ അരച്ചെടുത്ത മൂന്നു നാലു തരം ആയുർവേദ മരുന്നുകൾ ചെറിയ അളവിൽ കലക്കി ചേർക്കും. പിന്നീട്‌ വെള്ളത്തിൽ കുതിർത്ത വൈക്കോൽ ഒരു  പാത്രത്തിൽ നിറച്ച്‌ അതിനുള്ളിൽ മരുന്ന്‌ ചേർത്ത കരിക്ക്‌ (പൊട്ടിച്ച ഭാഗം മുകളിലേയ്ക്കായി വച്ച്‌) ആവിയിൽ പാകപ്പെടുത്തിയെടുക്കും. നിശ്ചിത സമയത്തിനുള്ളിൽ പുറത്തെടുത്ത്‌ ഈ കരിക്കിലെ വെള്ളം കുട്ടികൾക്ക്‌ മരുന്നായി നൽകും. പറഞ്ഞ മാത്രയിൽ കുട്ടികളുടെ രോഗം ഭേദമാകും.
കരിക്കിൻവെള്ളം നൽകുക വഴി കുട്ടികളുടെ ഡീഹൈഡ്രേഷൻ മാറുകയും, അതിൽ ചേർത്തിരിക്കുന്ന മരുന്നുകളുടെ ശക്തി കൊണ്ട്‌ ഛർദ്ദിയും വയറിളക്കവും ഭേദമാവുകയും ചെയ്യും എന്നതാണ്‌ ഇതിന്റെ ശാസ്ത്രീയമായ വശം. ഛർദ്യതിസാരവുമായി വരുന്ന രോഗികൾക്ക്‌ ഇളനീർ നൽകുക എന്നത്‌ അന്നത്തെ ഒരു രീതിയായിരുന്നു.
കരിക്കിനുള്ളിലെ മൃദുവായ കാമ്പ്‌ ഒരു പോഷകവസ്തുവാണ്‌. കാർബോഹൈഡ്രേറ്റ്സ്‌, വൈറ്റമിനുകൾ, മിനറലുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നതു കൊണ്ട്‌, ഇത്‌ പോഷകാഹാരമായി രോഗികൾക്കു നൽകുകയും ചെയ്യാം. കാരണം അതിൽ കൊഴുപ്പിന്റെ അംശം തീരെ കുറവുമാണ്‌.
വിളഞ്ഞു പാകമായ സാധാരണ നാളികേരവും പോഷകസമൃദ്ധമാണ്‌. നാളികേരം ചിരകിയതും, അതു പിഴിഞ്ഞെടുക്കുന്ന പാലും കേരളീയർ പല തരത്തിൽ ഭക്ഷണസാധനങ്ങളുടെ മുഖ്യ ചേരുവയായി ഉപയോഗിക്കുന്നു. ഇതിൽ എണ്ണയുടെ അംശം ഉണ്ട്‌. പഴയ തലമുറയിൽ പെട്ടവർ കഞ്ഞിയിൽ തേങ്ങ ചിരകിയതോ, തേങ്ങപ്പാലോ ചേർത്ത്‌ കഴിക്കാറുണ്ടായിരുന്നു. അതും പോഷക സമൃദ്ധമാണ്‌. തേങ്ങ ചിരകിയതു ചേർത്തു തയാറാക്കുന്ന ചോറും പോഷകാംശം നിറഞ്ഞ ഭക്ഷണമാണ്‌. അരി,ശർക്കര, തേങ്ങചിരകിയത്‌ എന്നിവ ചേർത്തു തയാറാക്കുന്ന ശർക്കരചോറും കേരളീയരുടെ വിശേഷ ആഹാരമാണ്‌. ശർക്കര ചേരുമ്പോൾ ഇരുമ്പിന്റെയുംമറ്റും ലവണാംശം  കൂടി അതിൽ ചേരുന്നു എന്നതാണ്‌ പ്രത്യേകത.
നാട്ടിൻപുറങ്ങളിൽ നാളികേരം ഉണങ്ങി കൊപ്രയാക്കി സൂക്ഷിക്കുകയും ആവശ്യാനുസരണം അത്‌ ആട്ടി എണ്ണയെടുത്ത്‌ ഭക്ഷ്യാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുകയും പതിവാണ്‌. എന്നാൽ ഏതാനും വർഷം മുമ്പ്‌ ചില തൽപരകക്ഷികൾ, വെളിച്ചെണ്ണയുടെ ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ പ്രചാരണം നടത്തിയതു മൂലം സാധാരണക്കാർ ഒന്നു ഭയന്നു. 
വെളിച്ചെണ്ണയിൽ മുഴുവൻ ചീത്ത കൊളസ്ട്രോൾ( ലോംങ്ങ്‌ ചെയിൻ) ആണെന്നും അതിന്റെ ഉപയോഗം പ്രഷർ, ഹൃദയസ്തംഭനം മുതലായവയ്ക്കു കാരണമാകുമെന്നും പറഞ്ഞാണ്‌ അവർ ആളുകളെ ഭയപ്പെടുത്തിയത്‌. എന്നാൽ ഈ പേടി മാറി. കാരണം വൈകാതെ നടന്ന പരീക്ഷണങ്ങളിൽ, വെളിച്ചെണ്ണയിൽ 20 ശതമാനം ട്രൈഗ്ലിസറൈഡും മീഡിയം ചെയിൻ ഫാറ്റി ആസിഡുമാണ്‌ ഉള്ളതെന്നു കണ്ടുപിടിച്ചു. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡ്‌ കൂടുതലാണെന്ന നിഗമനം ശരിയല്ല എന്നും വെളിച്ചെണ്ണയിലുള്ള 20 ശതമാനം ട്രൈഗ്ലിസറൈഡ്‌ ശരീരത്തിന്‌ ഊർജ്ജം നൽകുന്നതാണെന്നും ഈ പഠനം വ്യക്തമാക്കി. അങ്ങനെ വെളിച്ചെണ്ണയുടെ ഉപയോഗം അതിനാൽ തന്നെ ഹൃദ്‌രോഗമോ, കൊളസ്ട്രോളോ, രക്ത സമ്മർദ്ദമോ ഉണ്ടാക്കുന്നില്ല എന്നും തെളിഞ്ഞു.
ലക്ഷദ്വീപിലുള്ളവർ അവരുടെ ഭക്ഷണം പാകം ചെയ്യുന്നതിന്‌  ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്‌ നാളികേരവും വെളിച്ചെണ്ണയുമാണ്‌. അവർക്കിടയിൽ നടത്തിയ പഠനത്തിൽ അവർക്കാർക്കും അധികമായി ഹൃദ്രോഗമോ കൊളസ്ട്രോളോ കണ്ടെത്തിയിട്ടുമില്ല. അതിനാൽ ഇപ്പോൾ വെളിച്ചെണ്ണയ്ക്ക്‌ എതിരായ പ്രചാരണങ്ങൾ ഏതാണ്ട്‌ അവസാനിച്ചിട്ടുണ്ട്‌.
ആയുർവേദത്തിൽ നാളികേരത്തെ കുറിച്ച്‌ (നാരികേലം എന്നും പരാമർശമുണ്ട്‌) പറയുന്നത്‌ പോഷകസമൃദ്ധം, ശരീര ധാതുക്കൾക്ക്‌ കൂടുതൽ ഗുണകരം എന്നൊക്കെയാണ്‌.

കേരളീയർ സർവസാധാരയായി ഉപയോഗിക്കുന്ന ഭക്ഷ്യഎണ്ണ നാളികേരത്തിൽ നിന്ന്‌ ലഭിക്കുന്ന വെളിച്ചെണ്ണ തന്നെ. കൊച്ചുകുട്ടികളെ കുളിപ്പിക്കുന്നതിനു മുമ്പ്‌ മൃദുമേനിയിൽ  തടവിക്കൊടുക്കുന്നത്‌ ഇന്നും വെളിച്ചെണ്ണയാണ്‌. ഇപ്പോൾ ചിലർ ഒലിവെണ്ണ ഉപയോഗിക്കാറുണ്ട്‌. വലിയ വില കൊടുത്ത്‌ അത്‌ വാങ്ങേണ്ടതില്ല, കാരണം അത്രതന്നെയോ അതിലധികമോ ഗുണകരമാണ്‌ വെളിച്ചെണ്ണയും എന്ന്‌ അറിയുക.
തേങ്ങപ്പാലിൽ നിന്ന്‌ വേർതിരിച്ച്‌ എടുക്കുന്നതാണ്‌ വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ. തേങ്ങപ്പാൽ കാച്ചി, എണ്ണ തെളിഞ്ഞ്‌ അതിന്റെ കീടൻ ഏതാണ്ട്‌ മണൽ പാകത്തിലെത്തുമ്പോൾ വേർതിരിച്ചെടുക്കുന്നതാണ്‌ വെന്തവെളിച്ചെണ്ണ. ഇത്‌ ഏതു രീതിയിലും ഉപയോഗിക്കാം. ഉള്ളിൽ കഴിക്കാം, തലയിലും ദേഹത്തും പുരട്ടാം, കറികൾ തയാറാക്കാം. ചില അമ്മമാർ  തേങ്ങപ്പാലിൽ കുറച്ച്‌ ചെത്തിപ്പൂവും മഞ്ഞളും തുളസി ഇലയും അരച്ച്‌ ചേർത്ത്‌ വെന്തവെളിച്ചെണ്ണ കാച്ചി എടുക്കാറുണ്ട്‌. ഒരു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ തേച്ച്‌ കുളിപ്പിക്കുന്നതിന്‌ ഉത്തമമത്രെ ഇത്‌.
ചെമ്പരത്യാദി തൈലം, അഷ്ടപത്രാദി തൈലം തുടങ്ങി പല ആയുർവേദ ഔഷധങ്ങളുടെയും മുഖ്യ ചേരുവയാണ്‌ വെളിച്ചെണ്ണ. 
തേങ്ങയുടെ ചിരട്ടയിൽനിന്ന്‌ ലഭിക്കുന്ന എണ്ണയെകുറിച്ച്‌ ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട്‌. വളരെ ഔഷധ പ്രധാനമായ ഒരു ഉത്പ്പന്നമാണ്‌ അതും. ഇങ്ങനെ ഏതു നിലയിൽ നോക്കിയാലും നാളികേരവും അതിന്റെ വൈവിധ്യമാർന്ന ഉത്പ്പന്നങ്ങളും ആരോഗ്യമേഖലയിൽ ഒന്നാം നിരയിൽ തന്നെയാണ്‌.
ഏറ്റവും പരിശുദ്ധമായ പാനീയം ഏത്‌ എന്നു ചോദിച്ചാൽ ഇന്നും ഒറ്റ ഉത്തരമേയുള്ളു - ഇളനീർ. അതെ ഇന്നു ലഭ്യമായിട്ടുള്ള പ്രകൃതിദത്തമായ ഏക ശുദ്ധ ജലവും അതു തന്നെ. ബാക്കിയുള്ള എല്ലാ പാനീയങ്ങളും ഒന്നുകിൽ കൃത്രിമമാണ്‌, അല്ലെങ്കിൽ കലർപ്പുള്ളതാണ്‌.  മുമ്പൊക്കെ പറയുമായിരുന്നു അമ്മയുടെ മുലപ്പാലാണ്‌ ഏറ്റവും പരിശുദ്ധമെന്ന്‌. ഇളനീരിനു മുന്നിൽ ഇന്ന്‌ ആ പഴഞ്ചൊല്ലും പാഴ്‌വാക്കായി മാറിയിരിക്കുന്നു.

ലണ്ടൻ, ഗ്ലാസ്കോ,എഡിൻബർഗ്‌ സർവകലാശാലകളിൽ ഉപരിപഠനം നടത്തിയിട്ടുള്ള ലേഖകൻ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ മെഡിസിൻ വിഭാഗത്തിലെ റിട്ടയേഡ്‌ പ്രോഫസറാണ്‌. ഇപ്പോൾ കൊച്ചി സെറാഫ്‌ ഹോസ്പിറ്റലിൽ ഫിസിഷ്യൻ.

തിരിച്ചറിയാം വെളിച്ചെണ്ണയെ


ഡോ. ഡി.എം വാസുദേവൻ, എംഡി,എഫ്‌.ആർ.സി.പി(പാതോളജി)
മുൻ പ്രിൻസിപ്പൽ, അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ഓഫ്‌
മെഡിക്കൽ ശയൻസസ്‌, കൊച്ചി

വെളിച്ചെണ്ണയുടെ ആരോഗ്യ - പോഷക ഗുണങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പേ മനുഷ്യരാശി തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. ഇന്ത്യയിൽ അനാദികാലം മുതൽ തെങ്ങ്‌ കൽപവൃക്ഷം എന്ന പേരിലാണ്‌ അറിയപ്പെട്ടു പോരുന്നത്‌. കൽപവൃക്ഷം എന്നാൽ എല്ലാ വരങ്ങളും നൽകുന്ന മരം. എന്നിരിക്കിലും കുറെ വർഷങ്ങൾക്കു മുമ്പ്‌ വെളിച്ചെണ്ണയിൽ പൂരിതകൊഴുപ്പിന്റെ  അംശം കൂടുതലായി കാണുന്നു എന്നു ചൂണ്ടിക്കാട്ടി യുഎസ്‌ ഡിപ്പാർട്ട്‌മന്റ്‌ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ ഹ്യൂമൺ സർവീസസ്‌, ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ കോളജ്‌ ഓഫ്‌ ന്യൂട്രീഷൻ, അമേരിക്കൻ ഹാർട്ട്‌ അസോസിയേഷൻ  തുടങ്ങിയ സംഘടനകൾ അതിന്റെ ഉപയോഗം നിയന്ത്രിക്കണം എന്ന്‌ മൂന്നാര്റിയിപ്പു നൽകുകയുണ്ടായി. പക്ഷെ, 1980 -കളിൽ വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്‌രോഗം ക്ഷണിച്ചു വരുത്തും എന്ന്‌ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബോധപൂർവം ചില ഗോ‍ൂഢാലോചനകൾ നടന്നു. ഒടുവിൽ ഇതാ, അടുത്ത കാലത്തായി വെളിച്ചെണ്ണ ആരോഗ്യത്തിന്‌ ഉത്തമം തന്നെ എന്നു പ്രഖ്യാപിച്ചുകൊണ്ട്‌ നിരവധിയായ ഗവേഷണ പ്രബന്ധങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു.
വെളിച്ചെണ്ണയിലെ മധ്യശൃംഖല കൊഴുപ്പ്‌ അമ്ലങ്ങൾ
അഥെറോസ്ക്ലീറോസിസിനു കാരണമായി പറയപ്പെടുന്ന ഘടകങ്ങൾ ഹൈപ്പർ കൊളസ്ട്രോളെമിയ, ഹൈപ്പർ ലിപ്പിഡെമിയ, ഹൈപ്പർ ടെൻഷൻ, പുകവലി, പ്രമേഹം തുടങ്ങിയവയാണ്‌. ഹൃദയസ്തംഭനത്തിനു കാരണമായി പറയുന്നത്‌ ഉയർന്ന തോതിലുള്ള കൊളസ്ട്രോളും.  ഇത്‌  സംഭവിക്കുന്നത്‌ വർദ്ധിച്ച തോതിൽ പൂരിത കൊഴുപ്പ്‌ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനാലാണ്‌. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പ്‌ അമ്ലം ഉണ്ട്‌ എന്ന്‌ 60 വർഷങ്ങൾക്കുമുമ്പ്‌ തന്നെ കണ്ടുപിടിച്ച കാര്യമാണ്‌. പൂരിത കൊഴുപ്പമ്ലം അഥെറോസ്ക്ലീറോസിസിനു നിമിത്തമാകും എന്ന്‌ പരീക്ഷണങ്ങളിലൂടെ ഇന്ന്‌ തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്‌ ജനങ്ങൾ വെളിച്ചെണ്ണയെ ഹൃദ്‌രോഗങ്ങളുമായി ബന്ധപ്പെടുത്തി. വെളിച്ചെണ്ണയിലുള്ളത്‌ പൂരിത കൊഴുപ്പ്‌ അമ്ലങ്ങളാണെങ്കിലും അവ ഹ്രസ്വ, മധ്യശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങളെന്ന പ്രത്യേക ഇനത്തിൽ പെട്ടവയാണെന്നും, ഹൃദ്‌രോഗങ്ങൾക്കു കാരണമാകുന്ന പൂരിത കൊഴുപ്പമ്ലം, ദീർഘ ശൃംഖലാ കൊഴുപ്പമ്ലങ്ങളാണ്‌ എന്നും മറ്റും ഏകദേശം 20 വർഷം മുമ്പ്‌ തെളിയിക്കപ്പെട്ടതാണ്‌. വെളിച്ചെണ്ണയിലുള്ള 50 ശതമാനത്തോളം കൊഴുപ്പും, മധ്യശൃംഖലാ കൊഴുപ്പമ്ലമായ ലോറിക്‌ ആസിഡാണ്‌.
വെളിച്ചെണ്ണ കഴിച്ചാൽ ഉടൻ അതിലെ മധ്യശൃംഖല കൊഴുപ്പമ്ലം നേരിട്ട്‌ രക്തത്തിലേയക്ക്‌ കലർന്ന്‌ ഉപാപചയം ചെയ്യപ്പെടുന്നു.എന്നാൽ ദീർഘ ശൃംഖല കൊഴുപ്പമ്ലങ്ങൾക്ക്‌ (ഇതര എണ്ണകളിലെ) ആകട്ടെ, ഈ പ്രക്രിയക്ക്‌ ലിപ്രോ പ്രോട്ടീനുകളുടെ സഹായം വേണം.  അത്‌  സാവകാശം ഹൃദയധമനികൾ ഉൾപ്പെടെ ശരീരത്തിലെ വിവിധ ആന്തരീകാവയവങ്ങളിൽ അടിയുന്നു. മധ്യശൃംഖല കൊഴുപ്പമ്ലങ്ങൾ ശരീരത്തിന്റെ ഊർജ്ജ ആവശ്യങ്ങൾക്കനുസരിച്ച്‌ വളരെ വേഗം ഉപാപചയം ചെയ്യപ്പെടും.  മധ്യശൃംഖല കൊഴുപ്പമ്ലങ്ങൾ വേഗത്തിൽ ഓക്സീകരിക്കപ്പെട്ട്‌  ഊർജ്ജ സ്രോതസായി വർത്തിക്കുന്നതിനാൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നില്ല.
കൊളസ്ട്രോൾ വർധിപ്പിക്കുന്നില്ല
വെളിച്ചെണ്ണയുടെ ഉപയോഗം മൊത്തത്തിലുള്ള  കൊളസ്ട്രോളിന്റെയോ നല്ല കൊളസ്ട്രോളിന്റെയോ, ചീത്ത കൊളസ്ട്രോളിന്റെയോ അളവുകളിൽ  അടിസ്ഥാനമൂല്യങ്ങളിൽ നിന്ന്‌ വലിയ അന്തരമൊന്നും വരുത്തുന്നതായി ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാളികേരം ഭക്ഷണസാധനങ്ങളിൽ ഉൾപ്പെടുത്തുന്നതുകൊണ്ട്‌ ചില ഗുണങ്ങൾ ഉണ്ടെന്നും അവർ കണ്ടെത്തി. വെളിച്ചെണ്ണ ഉള്ളിൽ നൽകിയ ശേഷം ചില നവജാതമൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ അവയുടെ രക്തത്തിലെ ലിപിഡ്‌  ഘടനയിൽ ഒരു വ്യത്യാസവും ശാസ്ത്രജ്ഞർക്ക്‌ കണ്ടെത്താനായില്ല. പതിവായി നാളികേരവും വെളിച്ചെണ്ണയും നിത്യ ഭക്ഷണത്തിൽ  ശീലമാക്കിയ ചില സമൂഹങ്ങളിൽ നടത്തിയ പഠനങ്ങളിലും അവരിലൊന്നും വെളിച്ചെണ്ണ ഹൃദയസംബന്ധിയായ രോഗനിരക്ക്‌ വർദ്ധിപ്പിച്ചതായി തെളിയിക്കപ്പെട്ടിട്ടുമില്ല.
കേരളത്തിൽ നടന്ന പഠനങ്ങൾ
നാളികേരത്തെയും വെളിച്ചെണ്ണയെയും കുറിച്ച്‌ കൊച്ചി അമൃത ഇൻസ്റ്റിറ്റിയൂട്ടിൽ വിപുലമായ പഠനങ്ങളാണ്‌ നടന്നിട്ടുള്ളത്‌. ശരാശരി ആരോഗ്യമുള്ള 302 പേരുടെ രക്ത സിറത്തിന്റെ സാമ്പിളുകൾ പഠനവിധേയമാക്കി. ഇവരിൽ 152 പേർ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി  വെളിച്ചെണ്ണ ഉപയോഗിക്കുന്നവരായിരുന്നു; ബാക്കി 150 പേർ സൂര്യകാന്തി എണ്ണയും. നല്ല കൊളസ്ട്രോളിന്റെയോ ചീത്ത കൊളസ്ട്രോളിന്റെയോ അളവിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും തമ്മിൽ ഒരു വ്യത്യാസവും കണ്ടെത്താനായില്ല. 76 ഹൃദ്‌രോഗികളുടെ രക്തസിറത്തിലെ ലിപ്പിഡ്‌ പ്രോഫൈൽ അപഗ്രഥിച്ചു പഠിച്ചു. ഇവരിൽ 46 പേർ ചുരുങ്ങിയത്‌ രണ്ടുവർഷമായി വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും 35 പേർ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരുമായിരുന്നു. രണ്ടു കൂട്ടരിലേയും കൊളസ്ട്രോളിന്റെ  അളവിൽ ഒരു വ്യത്യാസവും ഇല്ലായിരുന്നു.
മറ്റൊരു പഠനത്തിൽ പരീക്ഷണവിധേയമാക്കിയത്‌ 130 പ്രമേഹ രോഗികളെയാണ്‌. ഇവരിൽ 69 പേർ ചുരുങ്ങിയത്‌ രണ്ടുവർഷമായി വെളിച്ചെണ്ണ ശീലമാക്കിയവരും 61 പേർ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും ആയിരുന്നു. ഇവരിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും  തമ്മിലും കൊളസ്ട്രോളിന്റെ കാര്യത്തിൽ  ഒരു വ്യത്യാസവും കണ്ടെത്താനായില്ല.
കൊച്ചിയിൽ മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിലും വെളിച്ചെണ്ണയുടെ ഉപയോഗം ഹൈപ്പർകോളസ്ട്രോളെമിയക്ക്‌ കാരണമാകുന്നില്ല എന്നു തെളിഞ്ഞു. വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഹൃദ്‌രോഗ സാധ്യത കൂടുതലാണ്‌ എന്ന ആരോപണം തെറ്റാണ്‌ എന്ന്‌ ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ നിരവധി പരീക്ഷണങ്ങൾ അടിവരയിടുന്നു. അതേസമയം ഈ ആരോപണത്തെ സാധൂകരിക്കുന്ന ഒരു ഗവേഷണ പ്രബന്ധം പോലും ഇന്നോളം പ്രസിദ്ധപ്പെടുത്തിയിട്ടുമില്ല.
കൊളസ്ട്രോൾ നിലയിൽ മാറ്റമുണ്ടാക്കുന്നില്ല
എൽഡിഎൽ(ചീത്ത) കൊളസ്ട്രോളിന്റെ പ്രധാന ഘടകമാണ്‌ അപ്പോ-ബി എന്ന കൊഴുപ്പ്‌. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസിൽ  വെളിച്ചെണ്ണയോ സൂര്യകാന്തി എണ്ണയോ ശീലമാക്കിയ സാധാരണ ആളുകളിലെ അപ്പോ-ബി യുടെ അളവ്‌ പഠനവിധേയമാക്കുകയുണ്ടായി. വെളിച്ചെണ്ണയോ സൂര്യകാന്തി എണ്ണയോ ശീലമാക്കിയ 31 പേർ വീതമുള്ള രണ്ടു സംഘങ്ങളെയാണ്‌ പഠിച്ചതു. ഓരോരുത്തരും ശരാശരി 24 ഗ്രാം വീതം എണ്ണയാണ്‌ കഴിച്ചിരുന്നത്‌. സൂര്യകാന്തി എണ്ണ ഉപയോഗിച്ചവരിലെ അപ്പോ-ബിയുടെ തോതിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച്‌ കുറവൊന്നും കണ്ടില്ല.
ഹൃദയധമനികളിൽ വെളിച്ചെണ്ണ അടിയുന്നില്ല
രക്തധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ (plaque) രാസ വിശ്ലേഷണം നടത്തുകയുണ്ടായി. ചില സാമ്പിളുകൾ പഠിച്ച ഫെൽട്ടണും സംഘവും പൂരിത കൊഴുപ്പ്‌ അമ്ലങ്ങൾ  ഒന്നും തന്നെ വെളിച്ചെണ്ണയിലുള്ള ലോറിക്‌ അമ്ലം അല്ല എന്ന്‌ കണ്ടെത്തി. രോഗം ബാധിച്ച ധമനികളിൽ നിന്നു ശേഖരിച്ച പ്ലേക്കിലെ കൊഴുപ്പ്‌അമ്ലങ്ങളുടെ ഘടന അമൃത ഇൻസ്റ്റിറ്റിയൂട്ടിൽ പഠനവിധേയമാക്കി. മൊത്തം 71 സാമ്പിളുകൾ പരിശോധിച്ചു. ഇവരിൽ 48 പേർ പതിവായി വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും 23 പേർ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും ആയിരുന്നു. (പട്ടിക കാണുക)
വെളിച്ചെണ്ണയിൽ കാണുന്ന ലോറിക്‌ ആസിഡോ, മിറിസ്റ്റിക്‌ ആസിഡോ പ്രസ്താവയോഗ്യമായ അളവിൽ പ്ലേക്കിൽ ഇല്ല. പകരം, പാമിറ്റിക്‌ ആസിഡ്‌, സ്റ്റിയറിക്‌ ആസിഡ്‌ തുടങ്ങിയവ (മറ്റ്‌ എണ്ണകളിൽ കാണുന്ന ദീർഘശൃംഖലാ പൂരിത കൊഴുപ്പ്‌ അമ്ലങ്ങൾ) ആയിരുന്നു ഈ പ്ലേക്കിലെ പ്രധാന ഘടകങ്ങൾ. വെളിച്ചെണ്ണ ഉപയോഗിക്കുന്നവരിലും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരിലും കൊഴുപ്പ്‌ അമ്ല അളവ്‌ തുല്യമായിരുന്നു. അതായത്‌ കൊറോണറി ധമനിയിലെ പ്ലേക്കിൽ വെളിച്ചെണ്ണയിൽ നിന്നുള്ള കൊഴുപ്പ്‌അമ്ല സാന്നിധ്യമേ ഇല്ലായിരുന്നു. വെളിച്ചെണ്ണ ഉപയോഗിച്ചതുകൊണ്ട്‌ ഹൃദ്‌രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌ എന്ന വാദത്തിൽ കഴമ്പില്ല എന്ന്‌ ഇതിൽ നിന്നു വ്യക്തമാണല്ലോ.
ആന്റി ഓക്സിഡന്റ്‌ നിലവാരം
അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസിൽ നടന്ന മറ്റൊരു സമാന്തര പഠനത്തിൽ വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും  ഉപയോഗിക്കുന്ന സാധാരണക്കാരിലേയും പ്രമേഹരോഗികളിലേയും ലിപ്പിഡ്‌ പ്രോഫൈൽ, ആന്റി ഓക്സിഡന്റ്‌ എൻസൈം എന്നിവയും പഠന വിധേയമാക്കുകയുണ്ടായി. ഇവരിൽ 70 പേർ ആരോഗ്യവാന്മാരും 70 പേർ രോഗികളും ആയിരുന്നു. രണ്ടു കൂട്ടരെയും ഭക്ഷണത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ എന്നും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവർ എന്നും വീണ്ടും 35 വീതം വിഭജിച്ചാണ്‌ പഠനം നടത്തിയത്‌.  കാതലായ ഒരു വ്യത്യാസവും ഇരു കൂട്ടരുടെയും ലിപ്പിഡ്‌ പ്രോഫൈലിൽ കണ്ടെത്താനായില്ല എന്നതാണ്‌ പ്രധാനം. ഇത്തരത്തിൽ ഒരു പഠനം കേരളീയർക്കിടയിൽ കുറെ നാളുകൾക്കു മുമ്പ്‌ നടത്തിയിരുന്നു. അന്നും ഫലം ഇതുതന്നെയായിരുന്നു. അതായത്‌ നാളികേരവും വെളിച്ചെണ്ണയും പതിവായി ഉപയോഗിക്കുന്ന ശീലത്തിന്‌ കേരളത്തിലെ ജനങ്ങളുടെ ഹൃദയരക്തധമനി രോഗനിരക്കുമായി ഒരു ബന്ധവും ഇല്ല എന്നാണ്‌ ഈ പഠനങ്ങളെല്ലാം തെളിയിക്കുന്നത്‌.
ക്ലിനിക്കൽ പരിശോധനകൾ
ഹൃദ്‌രോഗത്തിന്‌ കാരണമാകുന്ന ഘടകങ്ങളിലും വെളിച്ചെണ്ണയുടെയും സൂര്യകാന്തി എണ്ണയുടെയും ഉപയോഗത്തിന്റെ സ്വാധീനത്തെക്കുറിച്ചും അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസിൽ ഇടയ്ക്കിടെ പഠനങ്ങൾ നടത്തിവരുന്നു. ഇവിടെ എത്തിയ 200 രോഗികളിൽ രണ്ടു വർഷത്തേക്ക്‌ ഒരു പരീക്ഷണം നടത്തുകയുണ്ടായി. ഇവരിൽ 100 പേർ പാചകത്തിന്‌ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും, 100 പേർ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും ആയിരുന്നു. എല്ലാവരും പതിവായി മരുന്നു കഴിച്ചിരുന്നു. അവസാനം പരിശോധിച്ചപ്പോൾ എല്ലാ രോഗികളിളേയും മൊത്തം കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്‌, ആന്റി ഓക്സിഡന്റ്‌ മാർക്കേഴ്സ്‌, ഹൈസേൻസിറ്റിവിറ്റി സിആർപി (hs CRP)തുടങ്ങിയവയുടെയെല്ലാം അളവ്‌ ഒരുപോലെയായിരുന്നു.
ബഹു അപൂരിത ഫാറ്റി അമ്ലങ്ങൾ (PUFA) അപകടകാരി
സൂര്യകാന്തി എണ്ണപോലുളള സസ്യഎണ്ണകളിൽ ധാരാളമായി കാണുന്ന പോളി അൺസാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡിന്‌ തീർച്ചയായും കൊളസ്ട്രോൾ അളവ്‌ കുറയ്ക്കാനുള്ള ശേഷിയുണ്ട്‌. ഇതാണ്‌ പല ഡോക്ടർമാരും രോഗികളോട്‌ വെളിച്ചെണ്ണയ്ക്കു പകരം സസ്യ എണ്ണകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യാൻ കാരണം.  അതോടെ വെളിച്ചെണ്ണ അപകടകാരിയും സൂര്യകാന്തി പോലുള്ള സസ്യ എണ്ണകൾ നിരുപദ്രവകാരിയും ആണ്‌ എന്നു പൊതുജനം ധരിച്ചു വശായി. ഈ രണ്ടു നിഗമനങ്ങളും തെറ്റാണ്‌. ഏറ്റവും അധികം ലിപ്പിഡ്‌ പെറോക്സിഡേഷൻ (ലിപ്പിഡുകളുടെ ഓക്സീകരണം) ഉണ്ടാക്കുന്ന ഘടകമാണ്‌   പിയുഎഫ്‌എ. ഹൃദ്‌രോഗത്തിന്റെ തുടക്കം രക്തധമനകളിൽ ഓക്സീകരിക്കപ്പെട്ട ചീത്ത കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നതിലൂടെയാണ്‌. അളവിലധികം സസ്യഎണ്ണകൾ അകത്തു ചെന്നാൽ എച്ച്‌ ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ കുറയുകയും പ്ലാസ്മയിലെ ട്രൈഗ്ലിസറൈഡ്‌ ഉയരുകയും പ്ലേറ്റ്ലെറ്റുകൾ ഒരുമിച്ചു കൂടുകയും അത്‌ ഹൃദയാഘാതത്തിന്‌ കാരണമാകുകയും ചെയ്യും.
വെളിച്ചെണ്ണയും ശരീരഭാരവും
വികസിത രാജ്യങ്ങളിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ്‌ അമിത ശരീരഭാരം. അടുത്ത കാലത്തായി ഇത്‌ ഇന്ത്യയിലും കണ്ടുതുടങ്ങിയിട്ടുണ്ട്‌. പൊണ്ണത്തടി മൂലം പലവിധ രോഗങ്ങൾ ഉണ്ടാകാം. ഇത്‌ ഓസ്റ്റിയോആർത്രെറ്റിസ്‌, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളെ ക്ഷണിച്ചു വരുത്തി മരണം നേരത്തെയാക്കുന്നു. സാധാരണ പൊണ്ണത്തടിയന്മാർക്കു ഡോക്ടർ നൽകുന്ന നിർദ്ദേശം ഭക്ഷണത്തിന്റെ,  പ്രത്യേകിച്ച്‌ കൊഴുപ്പുള്ള ഭക്ഷണത്തിന്റെ അളവ്‌ കുറയ്ക്കുക എന്നതാണ്‌. ഇതോടെ രോഗി വിശപ്പുകൊണ്ടു പൊറുതിമുട്ടും. നിരാശനുമാകും. ഫലമോ അവർ ഡോക്ടറുടെ നിർദ്ദേശം അവഗണിച്ച്‌ മുമ്പത്തെക്കാൾ കൂടുതൽ  ആർത്തിയോടെ ഭക്ഷണം കഴിച്ചുതുടങ്ങുകയും പൊണ്ണത്തടി വീണ്ടു കൂടുകയും ചെയ്യും. ഇവിടെ വെളിച്ചെണ്ണയ്ക്ക്‌ ചിലത്‌ ചെയ്യാൻ സാധിക്കും. ഇക്കൂട്ടർക്ക്‌ മധ്യശൃംഖല കൊഴുപ്പമ്ലങ്ങൾ അടങ്ങിയ വെളിച്ചെണ്ണയിൽ പാകം ചെയ്ത ഭക്ഷണം നൽകിയാൽ ഒരു ക്ലേശവും കൂടാതെ മാസങ്ങൾക്കുളളിൽ അവരുടെ ശരീരഭാരം കുറയും.അതിനു കാരണം ദീർഘശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങൾക്കു പകരം വെളിച്ചെണ്ണയിലെ മധ്യശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങൾ പ്രവർത്തനം തുടങ്ങുന്നതോടെ ശരീരത്തിന്റെ കൊഴുപ്പു ശേഖരം കുറയുകയും ശരീര ഭാരം ലഘൂകരിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്.
വെളിച്ചെണ്ണ ഉപയോഗിച്ചാൽ ശരീരഭാരം കുറയും എന്ന വസ്തുത ഒരുപക്ഷെ ഒരു കടംകഥ പോലെ തോന്നിയേക്കാം. പക്ഷെ സത്യമാണ്‌. കാരണം ദീർഘശൃംഖലാ കൊഴുപ്പ്‌ അമ്ലം ശരീരത്തിലെ കൊഴുപ്പ്‌ ശേഖരത്തിലേയ്ക്കു സംഭരിക്കപ്പെടുകയും ഇത്‌ കാലക്രമേണ ശരീരത്തിന്റെ ഭാരം വർധിപ്പിക്കുകയും ചെയ്യുമ്പോൾ നേരത്തെ വിശദീകരിച്ചതുപോലെ മധ്യശൃംഖല കൊഴുപ്പ്‌ അമ്ലം ഉർജ്ജ ആവശ്യത്തിനായി വളരെ ഉപയോഗിക്കപ്പെടുന്നു, അതിനാൽ ശരീര ഭാരം ലഘൂകരിക്കപ്പെടുന്നു.
വെളിച്ചെണ്ണയുടെ ഗുണങ്ങൾ
ശരീരത്തെ ബാധിക്കുന്ന ബാക്ടീരിയ, യീസ്റ്റ്‌, പൂപ്പൽ, വൈറസുകൾ  തുടങ്ങിയ  വിവിധ സൂക്ഷ്മാണുക്കളെ വെളിച്ചെണ്ണ പ്രതിരോധിക്കുന്നു. അതുകൊണ്ടാണ്‌ പണ്ടൊക്കെ മുറിവ്‌ ഉണ്ടായാൽ അപ്പോൾ തന്നെ അവിടെ വെളിച്ചെണ്ണ പുരട്ടിയിരുന്നത്‌. വെളിച്ചെണ്ണ പുരട്ടുമ്പോൾ മുറിവുകൾ വേഗം ഭേദമാകുന്നതിനു കാരണം ബാഹ്യചർമ്മം വെളിച്ചെണ്ണയുടെ പ്രവർത്തനഫലമായി വളരെ കുറഞ്ഞ സമയത്തിനുളളിൽ രൂപപ്പെടുന്നതു കൊണ്ടാണ്‌. മാംസ്യത്തിന്റെ കുറവു മൂലം മുടികൾ കൊഴിയുന്നതു തടയാനും വെളിച്ചെണ്ണയുടെ സ്ഥിരമായ ഉപയോഗം ഉത്തമമാണ്‌.

നാളികേരവും ആരോഗ്യരംഗവും


ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്


'നാസിക്കിൽ എവിടെയെങ്കിലും പായ്ക്ക്‌ ചെയ്ത കരിക്കിൻവെള്ളം ലഭ്യമാണോ?' ഡൽഹിയിൽ നിന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ടെലിഫോണിലുള്ള അന്വേഷണം. മഹാരാഷ്ട്രയിലെ പ്രധാനപട്ടണങ്ങളായ മുംബൈയിലും പൂനെയിലും അതുപോലെ തന്നെ അഹമ്മദാബാദിലും ഡൽഹിയിലും കൊൽക്കത്തയിലും കരിക്ക്‌ യഥേഷ്ടം ലഭ്യമാണെങ്കിലും നാസിക്കിൽ കരിക്ക്‌ ലഭ്യമല്ല. കഴിഞ്ഞ എട്ട്‌ മാസത്തോളം ഡോക്ടറുടെ ഉപദേശപ്രകാരം ദിവസവും രണ്ട്‌ നേരം കരിക്കിൻവെള്ളം കഴിച്ചുകൊണ്ടിരുന്ന തന്റെ ഭാര്യ പ്രസവത്തിനായി നാസിക്കിലേക്ക്‌ പോയപ്പോൾ തുടർന്നു വന്നിരുന്ന ഇളനീർ ഉപയോഗം മുടങ്ങിപ്പോയി. കരിക്ക്‌ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അടുത്ത സാധ്യത പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം തേടുകയെന്നതാണ്‌. നിർഭാഗ്യവശാൽ നാസിക്കിൽ മാത്രമല്ല മഹാരാഷ്ട്രയിലെ ഒരു പട്ടണത്തിലും പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം ലഭ്യമല്ല. ലോകത്തിൽ ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ ഒരു ഇടത്തരം മികച്ച പട്ടണത്തിലെ സ്ഥിതിയാണിത്‌. ഗർഭകാലത്തെ അസ്വസ്ഥതകൾക്ക്‌ പരിഹാരമായി ഡൽഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ ഏറ്റവും വിദഗ്ദ്ധനായ ഒരു ഡോക്ടർ നിർദ്ദേശിച്ചതു അലോപ്പതി മരുന്നുകളേക്കാൾ ഉപരിയായി രാവിലേയും വൈകുന്നേരവും ഓരോ ഇളനീർ ഉപയോഗിക്കുക എന്നുള്ളതാണ്‌.

 ഈ അന്വേഷണത്തിന്‌ പരിഹാരം കാണുന്നതിന്‌ നിലവിലുള്ള കരിക്കിൻവെള്ളം പായ്ക്ക്‌ ചെയ്യുന്ന കമ്പനികളുടെ മാനേജ്‌മന്റുമായി ബന്ധപ്പെട്ടു. അവർ പോലും നാസിക്കിൽ ഉടനടി വിപണന കേന്ദ്രം തുടങ്ങുന്നതിനുള്ള നിസ്സഹായാവസ്ഥ വിവരിച്ചു. കാരണം അവരുടെ ഉത്പാദനം നിലവിലുള്ള വിപണിയുടെ ആവശ്യത്തിന്റെ പത്തിലൊന്നുപോലും തികയുന്നില്ല.  ആരോഗ്യ രംഗത്തെ നാളികേരത്തിന്റെ പ്രസക്തിയെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ വന്ന ഈ അന്വേഷണവും ഇതേപോലെ നാളികേരത്തിന്റെ ആരോഗ്യ മേഖലയിലെ വൈവിദ്ധ്യമാർന്ന ഉപഭോഗവും നമ്മുടെ പൊതുജന ശ്രദ്ധയിൽപ്പെടുത്തേണ്ടത്‌ പ്രധാനപ്പെട്ട കാര്യമായി കരുതുകയാണ്‌.
നാളികേരത്തേയും നാളികേരത്തിന്റെ പല ഉൽപന്നങ്ങളേയും ഔഷധ രംഗത്തും ആരോഗ്യപരിപാലന രംഗത്തും നൂറ്റാണ്ടുകളായി കേരള സമൂഹവും ഇന്ത്യയിലെ മറ്റ്‌ ജനപഥങ്ങളും പ്രയോജനപ്പെടുത്തിയിട്ടുള്ളതാണ്
‌. ദീർഘകാലമായി നിരവധി ആയുർവ്വേദൗഷധങ്ങൾ നിർമ്മിക്കുന്നതിനും ചികിത്സാ രീതികൾക്കും നാളികേരം ഉപയോഗിക്കുന്നുണ്ട്‌. ആയുർവ്വേദ രംഗത്ത്‌ ആതുരവൃത്തം, സ്വസ്ഥവൃത്തം എന്നീ രണ്ട്‌ പ്രധാന മേഖലകളിലും നാളികേരത്തിൽ നിന്നുള്ള ഉൽപന്നങ്ങൾ പ്രയോജനപ്പെടുത്തുന്നുമുണ്ട്‌.  ഹെൽത്ത്‌ ടൂറിസവും ആരോഗ്യബോധവും വളർന്നുവരുന്ന ഈ കാലഘട്ടത്തിലും പ്രകൃതിയിലേക്ക്‌ മടങ്ങിക്കൊണ്ട്‌ നാളികേരവും നാളികേരത്തിന്റെ ഉൽപന്നങ്ങളും കൂടുതലായി ഉപയോഗിക്കുന്നതിന്‌ പൊതുസമൂഹത്തിൽ അറിവും അവബോധവും സൃഷ്ടിക്കേണ്ടത്‌ ആവശ്യമാണ്‌.  ഏകദേശം അരനൂറ്റാണ്ട്‌ കാലത്തോളം നീണ്ടുനിന്ന വെളിച്ചെണ്ണയെക്കുറിച്ചുള്ള അബദ്ധപ്രചരണങ്ങൾ സാധാരണ മനുഷ്യരെ, പ്രത്യേകിച്ച്‌ വിദ്യാഭ്യാസവും വാങ്ങൽശേഷിയുമുള്ള ആളുകളെ വെളിച്ചെണ്ണയിൽ നിന്നും അകറ്റി നിർത്തുന്നതിന്‌ ഒരുപരിധി വരെ കാരണമായി. എന്നാലിന്ന്‌ സ്ഥിതി തികച്ചും വ്യത്യസ്തമാണ്‌.   
നാളികേരത്തിനോടും നാളികേരോൽപന്നങ്ങളോടുമുള്ള താൽപര്യം ആളുകളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. നാളികേര കർഷകർക്കും  ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും  ഉത്പാദക കമ്പനികൾക്കും പൊതുസമൂഹത്തിനും മുമ്പാകെ ഈ രംഗത്തെക്കുറിച്ച്‌ ഒരു പ്രത്യേക ലക്കം നാളികേര ജേണൽ പ്രസിദ്ധപ്പെടുത്തുകയാണ്‌.
നാളികേരത്തിന്റെ വിവിധ ഉൽപന്നങ്ങളുടേയും വിവിധ ഭാഗങ്ങളുടേയും ഔഷധമൂല്യത്തെക്കുറിച്ച്‌ ആയുർവേദത്തിൽ ധാരാളം പ്രതിപാദിക്കുന്നുണ്ട്‌.  തെങ്ങിൻ പൂക്കുല ലേഹ്യവും അതുപോലെത്തന്നെ 'ഹസ്റ്റോറിയം' അഥവാ പൊങ്ങ്‌ ഗർഭകാലത്ത്‌ സ്ത്രീകളുടെ ശുശ്രൂഷയ്ക്ക്‌ വേണ്ടി ഉപയോഗിക്കുന്നതും നീരയിൽ നിന്നും ഉത്പാദിപ്പിക്കുന്ന തെങ്ങിൻ ശർക്കര ആരോഗ്യപരിപാലനത്തിന്‌ ഉപയോഗിക്കുന്നതുമെല്ലാം നമുക്ക്‌ പരിചിതമാണ്‌. നിരവധി ലേപനങ്ങളിലും തൈലങ്ങളിലും വെളിച്ചെണ്ണ അടിസ്ഥാനമായി ഉപയോഗിക്കുന്നുണ്ട്‌. എന്തിനധികം വൻകിട കുത്തക കമ്പനികൾ ദന്തശുചിത്വ മേഖലയിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌, മലയാളികൾ ദന്തശുദ്ധി വരുത്തിയിരുന്നതും അക്ഷരസ്ഫുടതയുടേയും അക്ഷരശുദ്ധിയുടേയും   അടിത്തറയും ഉമിക്കരി കൊണ്ട്‌ പല്ലുതേക്കുകയും പച്ച ഈർക്കിലി കൊണ്ട്‌ നാക്കുവൃത്തിയാക്കുകയും ചെയ്യുന്നതായിരുന്നു. ഇങ്ങനെ നിത്യജീവിതത്തിൽ നാളികേരത്തിന്‌ വലിയൊരു പ്രാമുഖ്യമുണ്ട്‌.
ഇന്ന്‌ ശാസ്ത്രലോകവും ചികിത്സാരംഗവും വളരെ വ്യക്തമായി നാളികേരത്തിൽ നിന്ന്‌ നിർമ്മിക്കാൻ കഴിയുന്ന ഔഷധങ്ങളുടേയും ഔഷധഗുണമുള്ള ഉൽപന്നങ്ങളുടേയും പുറകേ പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി  മുമ്പോട്ടുപോവുന്നു. കരിക്കിൽ നിന്നും കരിക്കിൻവെള്ളത്തിൽ നിന്നും കോശനിർമ്മിതിക്കാവശ്യമായ  ഘടകങ്ങൾ പ്രത്യേകം വേർതിരിച്ചെടുക്കുന്നു. നിരവധി മാറാരോഗങ്ങളെന്ന്‌ സാധാരണഗതിയിൽ അലോപ്പതിയിൽ പറയുന്ന രോഗങ്ങൾക്ക്‌ നാളികേരത്തിൽ നിന്നുള്ള ഔഷധങ്ങൾ ഗവേഷണത്തിലൂടെ ഉരുത്തിരിച്ചെടുത്തുവേന്ന്‌ മാത്രമല്ല, അതിന്‌ അമേരിക്കൻ പേറ്റന്റ്‌ വരെ നേടിയ സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്‌. നാളികേരത്തിന്റെ ഗുണങ്ങളിലേക്കും ഔഷധമൂല്യങ്ങളിലേക്കും ഒരു പുനരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്‌. അത്‌ വേഗത്തിലാക്കണ്ടത്‌ നാളികേര കൃഷിയുടേയും വ്യവസായത്തിന്റേയും വളർച്ചയ്ക്ക്‌ ആവശ്യമാണ്‌. എന്തുകൊണ്ടാണ്‌ ഊർജ്ജിതമായ ഗവേഷണങ്ങൾ നാളികേര മേഖലയിൽ മുൻകാലങ്ങളിൽ നടക്കാതെപോയത്‌?  നിലവിലുള്ള മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും അതുപോലെത്തന്നെ വൻകിട കുത്തക ഔഷധനിർമ്മാണ ശാലകൾക്കും  നാളികേരം 'വിദേശ' ഉൽപന്നമാണ്‌. ഇന്ത്യയിലെ കമ്പനികൾപോലും  രാസവസ്തുക്കളിൽ നിന്നും മറ്റ്‌ കൃത്രിമമാർഗ്ഗങ്ങളിലൂടെയുമുള്ള ഔഷധനിർമ്മാണം സംബന്ധിച്ച ഗവേഷണങ്ങൾ മുന്നോട്ട്‌ കൊണ്ടുപോയപ്പോഴും നമ്മുടെ നാട്ടിലെ പരമ്പരാഗതമായ കാർഷിക വിഭവങ്ങളും വിളകളും മറന്നുപോയതിൽ അത്ഭുതപ്പെടാനില്ല.
ജീവിതശൈലിരോഗങ്ങളിലേക്ക്‌ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ജനതയായി കേരള സമൂഹം മാറിയിട്ടുണ്ട്‌. 65 വയസ്സ്‌ കഴിഞ്ഞവരുടെ എണ്ണം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 18 ശതമാനം കടന്നിരിക്കുന്നു. ആരോഗ്യ സംരക്ഷണ രംഗത്ത്‌  ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വാർദ്ധക്യത്തിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമെല്ലാം നാളികേരത്തിന്റെ ഔഷധമൂല്യം പ്രയോജനപ്പെടുത്തുന്നതിനെക്കുറി
ച്ച്‌ പഠനങ്ങളും ഗവേഷണങ്ങളും ഊർജ്ജിതമാക്കേണ്ടതുണ്ട്‌. നിരവധി ജീവിതശൈലി രോഗങ്ങൾക്ക്‌ പ്രതിവിധി തേടി അമേരിക്കയിലെ ഡോക്ടർമാർ തേങ്ങയിലേക്കും വെളിച്ചണ്ണയിലേക്കുമാണ്‌ നോക്കുന്നത്‌. അൽഷിമേഴ്സ്‌, പ്രമേഹം, തൈറോയിഡ്‌,  ഓട്ടിസം തുടങ്ങിയ രോഗങ്ങൾക്ക്‌ അവിടെ അലോപ്പതി ഡോക്ടർമാർ വെർജിൻ വെളിച്ചെണ്ണ പ്രതിവിധിയായി നിർദ്ദേശിക്കുന്നു.  ഫിലിപ്പീൻസിൽ കോഡ്‌ ലിവർ ഓയിലിന്‌ പകരമായി വെർജിൻ വെളിച്ചെണ്ണയുടെ 'സോഫ്ട്‌ ജെൽ ക്യാപ്സൂളു'കൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്‌. തടി കുറയ്ക്കുന്നതിന്റേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റേയും ഭാഗമായി യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കൊട്ടിഘോഷിക്കുന്ന ഓട്സിനെ ഫിലിപ്പീൻസിലെ നാളികേര കർഷകരും ഉപഭോക്താക്കളും തിരിച്ചറിഞ്ഞ്‌ പകരമായി 'കോക്കനട്ട്‌ ഫ്ലേക്സ്‌' ഉപയോഗിക്കുന്നു. ഓട്സിലുള്ളതിനേക്കാൾ പോഷകമൂല്യവും നാരുകൾ അടങ്ങിയതുമാണ്‌ ഇതെന്ന്‌ അവർ സമർത്ഥിക്കുന്നു. ഉദര സംബന്ധമായ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രോഗങ്ങൾക്ക്‌ മാത്രമല്ല കോളൻ ക്യാൻസറിനുപോലും കോക്കനട്ട്‌ ഫ്ലേക്സ്‌ ദിവസവും പ്രാതലിൽ ഉൾപ്പെടുത്തുന്നത്‌ ഉപയോഗപ്രദമാണെന്ന്‌ ഫിലിപ്പീൻസിലെ കർഷകരുടെ ഉത്പാദക കമ്പനികൾ സമർത്ഥിക്കുന്നു.
നമ്മുടെ നാട്ടിലെ ആർക്കും വേണ്ടാതെ കിടന്നിരുന്ന ഒരു വിളയിൽ നിന്ന്‌  ആരോഗ്യസംരക്ഷണത്തിനും ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുന്നതിനും വേണ്ട ഭക്ഷണവും ഔഷധവും ഒക്കെ കണ്ടെത്തുവാൻ കഴിയുമെന്നുള്ള അറിവ്‌ തെങ്ങുകൃഷിയുടെ പുനരുജ്ജീവനത്തിന്‌ പ്രയോജനപ്പെടുത്താൻ തീർച്ചയായും കഴിയില്ലേ? ഈ രംഗത്തും വൻകിട കമ്പനികളോ ഔഷധനിർമ്മാണശാലകളോ മുന്നോട്ടുവരുമെന്ന്‌ പ്രതീക്ഷിക്കരുത്‌. ഇവിടെയാണ്‌ കർഷക കൂട്ടായ്മകൾക്ക്‌  പരമാവധി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത്‌.  ആദ്യമായി ഈ രംഗത്തെക്കുറിച്ച്‌ വ്യക്തമായ അറിവ്‌ സമ്പാദിക്കുക, ഈ അറിവുകളെ എങ്ങനെ പ്രായോഗികമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന്‌ ചർച്ച ചെയ്യുകയും അതിനെക്കുറിച്ച്‌ അന്വേഷണം നടത്തുകയും ചെയ്യുക. ഉത്പാദക കമ്പനികളും നാളികേര വികസന ബോർഡും ചേർന്ന്‌ ഈ രംഗത്ത്‌ കൂടുതൽ ഗവേഷണങ്ങൾ സമാന്തരമായി ചെയ്യുക. ഉരുത്തിരിച്ചെടുക്കാവുന്ന പുതിയ ഉൽപന്നങ്ങളുടെ ഒരു ശ്രേണി  കണ്ടെത്തുക, നമുക്ക്‌ ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഒത്തൊരുമിച്ച്‌ ചെയ്യുന്നതിന്‌ ശ്രമിക്കുക. കൂട്ടായ വിപണനവും പ്രചാരണ പ്രവർത്തനങ്ങളും നാം ഏറ്റെടുക്കേണ്ടതുണ്ട,​‍്‌ ഇന്ത്യയ്ക്കുള്ളിലെങ്കിലും.  നാളികേര രംഗത്ത്‌ പരമ്പരാഗതമായ തേങ്ങ, വെളിച്ചെണ്ണ, കൊപ്ര എന്നിവയ്ക്കപ്പുറത്തേക്ക്‌  ഇതൊരു ദിവ്യമായ വിളയാണെന്നും യഥാർത്ഥ കൽപ്പവൃക്ഷമാണെന്നും ഇതിൽ നിന്നും ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ഉൽപന്നങ്ങൾക്ക്‌ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രയോജനമുണ്ടെന്നും പൊതുസമൂഹവും കാർഷിക വ്യവസായ ലോകവും വിപണിയും മനസ്സിലാക്കുന്നതുവരെ നമുക്ക്‌  അത്യദ്ധ്വാനം ചെയ്തേപറ്റൂ. 

അതുകൊണ്ട്‌ കേരകർഷകർ തന്നെ തങ്ങളുടെ കൂട്ടായ്മകൾ വഴി  തെങ്ങുകൃഷിയുടേയും നാളികേരത്തിന്റേയും ഉൽപന്നങ്ങളുടെ മഹത്വം പൊതുസമൂഹത്തിലേക്ക്‌ കൊണ്ടുവരേണ്ടതുണ്ട്​‍്‌. ആവശ്യമെങ്കിൽ ഏഷ്യൻ പസഫിക്ക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റി (എപിസിസി)യുടെ സഹായവും നമുക്ക്‌ തേടേണ്ടതുണ്ട്‌.
ഇതിനെല്ലാം പുറമെയാണ്‌ നീര. ആരോഗ്യദായക പോഷകപാനീയമെന്ന നിലയിൽ അതിലടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങൾകൊണ്ട്‌ തന്നെ നീര പ്രത്യേകം പരിഗണന അർഹിക്കുന്നുണ്ട്‌. അതിലടങ്ങിയിരിക്കുന്ന ഗ്ലൈസിമിക്‌ ഇൻഡക്സ്‌ വളരെക്കുറഞ്ഞ പഞ്ചസാര, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം,  മാംഗനീസ്‌ തുടങ്ങിയ ധാതുലവണങ്ങൾ, വൈറ്റമിൻ ബി കോംപ്ലക്സ്‌, വൈറ്റമിൻ സി, കോശനിർമ്മിതിക്ക്‌ ആവശ്യമായ ഗ്ലൂട്ടാമിക്‌ ആസിഡ്‌    തുടങ്ങിയവ വേർതിരിച്ചെടുത്ത്‌ മൂല്യവർദ്ധിതയുൽപന്നങ്ങൾ നിർമ്മിക്കുന്നത്‌ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ജനങ്ങൾക്ക്‌ മെച്ചപ്പെട്ട  ആരോഗ്യമുണ്ടാകുന്നതിനും കാരണമായിത്തീരും. പരമ്പരാഗത ഉൽപന്നങ്ങൾക്ക്‌ പോലും  പരമ്പരാഗതമല്ലാത്ത ഉപയോഗങ്ങൾ കണ്ടെത്തുകയെന്നതാണ്‌ നമുക്കിന്നാവശ്യം. നിരവധി ശാസ്ത്രജ്ഞന്മാരും ഗവേഷകരും ആയുർവ്വേദ രംഗത്തെ വിദഗ്ദ്ധരുമൊക്കെ ഈ ലക്കത്തിൽ ഇത്തരം കാര്യങ്ങൾ നിങ്ങളോട്‌ പറയുന്നുണ്ട്‌.
തദ്ദേശിയമായ ഉൽപന്നങ്ങൾ ഭക്ഷണത്തിലും ജീവിതചര്യയിലും ഉൾപ്പെടുത്തുന്നതാണ്‌ ആരോഗ്യപരിപാലനത്തിന്‌ ഏറ്റവും അനുയോജ്യമെന്ന്‌ ശാസ്ത്രലോകം ഇന്ന്‌ സമർത്ഥിക്കുന്നു. നമ്മുടെ നാട്ടിലെ കിഴങ്ങുവിളകളും ചക്കയും ചേനയും ചേമ്പും കാച്ചിലുമൊക്കെ നാളികേരം ധാരാളം ചേർത്തുള്ള പഴയ പാചകരീതി നമ്മുടെ ആരോഗ്യത്തിനും രോഗങ്ങൾ അകറ്റുന്നതിനും ശരീരത്തിന്‌ സമീകൃതമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതിനും ഉപയുക്തമായിരുന്നു. ഫാസ്റ്റ്‌ ഫുഡ്‌ സംസ്ക്കാരത്തിന്റേയും ജങ്ക്‌ ഫുഡ്‌ രീതിയുടേയും കടന്നുകയറ്റത്തിൽ നാം മറന്നുപോയ ഇത്തരം ചര്യകൾ തുടരുന്നതിനുകൂടിയുള്ള പരിശ്രമം നാളികേര കർഷകരുടെ ഇടയിൽ നിന്നു തുടങ്ങേണ്ടതുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നു.
നമ്മുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട മറ്റൊരുരംഗം നാളികേര വിപണന രംഗമാണ്‌. ഇന്നൊരുപക്ഷേ കഴിഞ്ഞ രണ്ടുവർഷക്കാലം ഇടിഞ്ഞിരുന്ന നാളികേരവില അൽപ്പം ഉയർന്ന്‌ കർഷകർക്ക്‌ ആശ്വാസമേകുന്ന ഒരു സ്ഥിതിയുണ്ട്‌. എന്നാൽ ഈ ആശ്വാസം തകർക്കുന്നതിനുവേണ്ടി നിരവധി ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ടെന്നുള്ള കാര്യം വിസ്മരിച്ചുകൂടാ. വെളിച്ചെണ്ണയുടേയും നാളികേരത്തിന്റേയും പേര്‌ പറഞ്ഞ്‌ തങ്ങളുടെ ഉൽപന്നങ്ങൾ പ്രചരിപ്പിക്കുകയും വിപണിമൂല്യം നേടുകയും ചെയ്യുന്നതോടൊപ്പം തന്നെ ഗൂഢമായി  അതിൽ വെളിച്ചെണ്ണയ്ക്ക്‌ പകരം പാം ഓയിലും പാംകെർണൽ ഓയിലും ചേർക്കുന്ന വ്യവസായരംഗം ഇന്ന്‌ നിലവിലുണ്ട്‌. വെളിച്ചെണ്ണ ഉപയോഗിക്കാത്ത  ഉൽപന്നങ്ങളിൽപോലും രണ്ട്‌ തേങ്ങാമുറി പരസ്യത്തിൽ ചേർക്കാതെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ പ്രയാസമാണെന്ന്‌ മാർക്കറ്റിംഗ്‌ വിദഗ്ദ്ധർ മനസ്സിലാക്കുന്നുണ്ട്‌. എന്തിനേറെ 'കരിക്കിൻ വെളിച്ചെണ്ണ' മുഖകാന്തി വർദ്ധിപ്പിക്കുന്നതിന്‌ അത്യുത്തമമാണെന്ന്‌ പ്രചരിപ്പിക്കുന്ന ഘട്ടം വരെ എത്തിയിട്ടുണ്ട്‌. കരിക്കിൽ നിന്ന്‌ എങ്ങനെയാണ്‌ എണ്ണ ഉത്പാദിപ്പിക്കുകയെന്ന ചോദ്യം കർഷകരും ഉപഭോക്താക്കളും ചോദിക്കുന്നുണ്ട്‌. ഇത്തരത്തിൽ വെളിച്ചെണ്ണയുടെ വിലയിടിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾ നാളികേരവിലയിടിവിനെ നേരിട്ട്‌ സഹായിക്കുകയാണ്‌. 

വെളിച്ചെണ്ണയുടെ വിലയിടിച്ച്‌ കുറഞ്ഞവിലയ്ക്ക്‌ ഉൽപന്നം കൈക്കലാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്‌ വർദ്ധിച്ച ഇറക്കുമതി നടത്തുന്നത്‌. ഇറക്കുമതിയുടെ ഓലപ്പാമ്പ്‌ കാണിച്ച്‌ വിപണിയിലെ വിലയിടിച്ച്‌ കുറഞ്ഞവിലയ്ക്ക്‌ ഇന്നാട്ടിലെ ഉൽപന്നങ്ങൾ സംഭരിച്ച്‌ സമാഹരിച്ച്‌ വയ്ക്കുന്ന തന്ത്രം  വെളിച്ചെണ്ണ മേഖലയിലും വ്യവസായലോകം പരീക്ഷിക്കുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പരമ്പരാഗതമല്ലാത്ത ഉപയോഗങ്ങളിലേക്കും വെളിച്ചെണ്ണയേയും നാളികേരത്തേയും കൈപിടിച്ചുനടത്തേണ്ടത്‌. ഈ അടുത്തകാലത്ത്‌ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേയും വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലേയും പച്ചതേങ്ങയുടെ വില അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയി. ആസ്സാമിലെ ഗോഹട്ടിയിൽ സാമാന്യ വലിപ്പമുള്ള ഒരു നാളികേരത്തിന്റെ വില അറുപത്‌ രൂപയാണ്‌. പാട്നയിൽ 80 ഉം ഡൽഹിയിലും സിംലയിലുമൊക്കെ 60 രൂപയും വില ലഭിക്കുന്നുണ്ട്‌. വളരെ കഷ്ടപ്പെട്ടിട്ടാണ്‌ ദക്ഷിണേന്ത്യയിലെ കർഷകർക്ക്‌ തേങ്ങയൊന്നിന്‌ 10 രൂപ ലഭിക്കുന്നത്‌. മാർക്കറ്റിംഗിലേക്ക്‌ നമ്മുടെ നാളികേരോത്പാദക കമ്പനികൾ കടന്നുകയറാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എന്തുകൊണ്ടാണ്‌ നമ്മുടെ കർഷകകൂട്ടായ്മകൾ ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലേക്കും അവരുടെ ആവശ്യമറിഞ്ഞ്‌, കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യാവുന്ന ഒരു 'വിൻ-വിൻ' സാഹചര്യത്തിലുള്ള വിപണന തന്ത്രം ആവിഷ്ക്കരിക്കാൻ ശ്രമിക്കാത്തത്‌.
വളരെക്കാലം നാം കാത്തുകാത്തിരുന്ന തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്‌. ഏതാനും നാളുകൾക്കകം പ്രവർത്തനം ആരംഭിക്കുമ്പോൾ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ ഒഴികെയുള്ള മുഴുവൻ ജില്ലകളിലും കർഷക കൂട്ടായ്മകളായ നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും മുൻനിരയിൽ ഉണ്ടാവണം എന്ന്‌ അഭ്യർത്ഥിക്കുന്നു. അംഗങ്ങളായ കർഷകരുടെ,  രോഗം മൂർച്ഛിച്ചതും പ്രായാധിക്യവും മറ്റ്‌ കാരണങ്ങൾ കൊണ്ടും ഉത്പാദനക്ഷമത തീർത്തുമില്ലാത്തതുമായ മുഴുവൻ തെങ്ങുകളും വെട്ടിമാറ്റുന്നതിനും പുതുതായി ഉത്പാദനശേഷി കൂടിയ ഉയരം കുറഞ്ഞയിനം തെങ്ങുകൾ വെച്ചുപിടിപ്പിക്കുന്നതിനും ബാക്കിയുള്ള തെങ്ങുകൾക്ക്‌ രണ്ട്‌ വർഷക്കാലം  ശാസ്ത്രീയവും സമീകൃതവുമായ വളപ്രയോഗം നടത്തുന്നതിനുമുള്ള അവസരം കർഷകർക്ക്‌ കൈവരുകയാണ്‌. പദ്ധതിയ്ക്കുള്ള അപേക്ഷഫോറങ്ങൾ തയ്യാറായിക്കഴിഞ്ഞു. നമ്മുടെ ഉത്പാദകസംഘങ്ങൾ ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തണ മെന്ന്‌ ഓർമ്മപ്പെടുത്തുന്നു.
  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...