സുനിൽ എം എസ്, മൂത്തകുന്നം
കേരളത്തിൽ 2005നും 2012നുമിടയിൽ ആകെ 363 ഹർത്താലുകൾ ആചരിയ്ക്കപ്പെട്ടെന്നും, 2006ൽ മാത്രം 223 ഹർത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ
‘പൊളിറ്റിക്കൽ ആക്റ്റിവിസം ഇൻ കേരള’ എന്ന താളിൽ കാണുന്നു. 2012നു ശേഷവും കേരളത്തിൽ ഹർത്താലുകൾ
നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹർത്താലുകൾ. ഒക്റ്റോബർ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബർ 26നു തൃശൂർ ജില്ലയിൽ കോൺഗ്രസ്സും, നവംബർ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും
ഹർത്താലുകൾ നടത്തിയിരുന്നു. ഗൂഗിൾ സെർച്ചിൽ പൊന്തിവന്നൊരു പേജിന്റെ സ്ക്രീൻഷോട്ട്
താഴെ കൊടുക്കുന്നു:
ഹർത്താലുകളോടുള്ള ഇവിടത്തെ രാഷ്ട്രീയപ്പാർട്ടികളുടെ സമീപനം
വൈരുദ്ധ്യാത്മകമാണ്. ഒരു പാർട്ടി നടത്തുന്ന ഹർത്താലിനെ എതിർപാർട്ടികൾ നിശിതമായി
വിമർശിയ്ക്കുന്നു: ഹർത്താൽ ജനജീവിതം ദുസ്സഹമാക്കും എന്നായിരിയ്ക്കും വിമർശനം. ആ
വാദത്തിൽ തീർച്ചയായും കഴമ്പുണ്ട്. എന്നാൽ, അധികം താമസിയാതെ, എതിർപാർട്ടികൾ സ്വന്തം
വാദത്തെത്തന്നെ വിസ്മരിച്ച്, സ്വന്തം ഹർത്താലുമായി വരുന്നു. ഹർത്താലാചരിച്ചതിനു
മുമ്പു വിമർശിയ്ക്കപ്പെട്ടവരായിരിയ്ക്കും ഇത്തവണ ഹർത്താലിനെ വിമർശിയ്ക്കുന്നത്. ഈ
റോൾമാറ്റം തുടരുന്നു.
സർക്കാർ ഏതു മുന്നണിയുടേതായാലും, ഹർത്താൽ ഏതു മുന്നണി നടത്തുന്നതായാലും,
ഹർത്താൽ ദിനങ്ങളിൽ സർക്കാർ പൊതുവിൽ നിഷ്‌ക്രിയമാകുന്നെന്നു മാത്രമല്ല, ഹർത്താലുകളോടു പരോക്ഷമായി സഹകരിയ്ക്കുക കൂടി
ചെയ്യുന്നു എന്നതാണു വാസ്തവം. അതുമൂലം ഹർത്താൽദിനത്തിൽ ഭരണരഥത്തിന്റെ കടിഞ്ഞാൺ
അനൗപചാരികമായി ഹർത്താൽ നടത്തുന്നവരിലേയ്ക്കെത്തുന്നു. ഹർത്താൽദിനത്തിൽ സംസ്ഥാനത്തെന്തു
നടക്കണം, എന്തു നടക്കരുത് എന്നു തീരുമാനിയ്ക്കാനുള്ള അധികാരം ഹർത്താൽ
നടത്തുന്നവർക്കു കിട്ടുന്നു. പരോക്ഷമായ ഈ അധികാരക്കൈമാറ്റം മൂലമാണു ഹർത്താലുകൾ
ജനജീവിതത്തെ ദുസ്സഹമാക്കുന്നവയായിത്തീരുന്നത്.
ജനാധിപത്യഭരണവ്യവസ്ഥ നിലവിലിരിയ്ക്കുന്നൊരു രാജ്യത്തു പണിമുടക്കാനും
പ്രതിഷേധിയ്ക്കാനുമുള്ള സ്വാതന്ത്ര്യം ജനതയ്ക്കുണ്ടാകണം. എന്നാൽ, ആ
സ്വാതന്ത്ര്യമുപയോഗിച്ചു പണിമുടക്കുകയും പ്രതിഷേധിയ്ക്കുകയും ചെയ്യുന്നതിനിടയിൽ,
പണിമുടക്കാത്തവരുടേയും പ്രതിഷേധിയ്ക്കാത്തവരുടേയും മൗലികാവകാശങ്ങളെ നിഷേധിയ്ക്കുക
കൂടി ചെയ്യുമ്പോൾ ജനാധിപത്യം ഓക്‌ളോക്രസി അഥവാ മോബോക്രസി ആയി പരിണമിയ്ക്കുന്നു. ഈ
വഴിമാറിപ്പോക്കു തടയേണ്ടതു ജനതയുടെ സ്വാതന്ത്ര്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ഇതിലേയ്ക്കായി
ഒരഭ്യർത്ഥന ഈ ലേഖകൻ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയ്ക്കു സമർപ്പിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബർ പതിനെട്ടിന് ഈമെയിലായി അയച്ച അഭ്യർത്ഥന താഴെ ഉദ്ധരിയ്ക്കുന്നു:
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കയച്ച അഭ്യർത്ഥന
കേരളത്തിൽ പതിവായിത്തീർന്നിരിയ്ക്കുന്ന ഹർത്താലുകൾ ഭരണഘടനയിൽ ആലേഖനം
ചെയ്യപ്പെട്ടിരിയ്ക്കുന്ന മൗലികാവകാശങ്ങളിൽ രണ്ടെണ്ണത്തെ ലംഘിയ്ക്കുന്നു
എന്നതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു, ഒക്ടോബർ 13, വ്യാഴാഴ്‌ച, സംസ്ഥാനവ്യാപകമായി നടന്ന ഹർത്താൽ.
താഴെപ്പറയുന്നവയാണു ഹർത്താൽ ദിനങ്ങളിൽ ലംഘിയ്ക്കപ്പെടാറുള്ള മൗലികാവകാശങ്ങൾ:
19 (1) (d) All citizens shall have the right to move
freely throughout the territory of India. (സഞ്ചാരസ്വാതന്ത്ര്യം)
19 (1) (g) All citizens shall have the right to practise
any profession, or to carry on any occupation, trade or business
(ഉപജീവനസ്വാതന്ത്ര്യം)
ഹർത്താൽ ദിനങ്ങളിൽ നടക്കുന്ന ഈ മൗലികാവകാശലംഘനങ്ങളെപ്പറ്റി വിശദമായി താഴെ
വിവരിയ്ക്കുന്നു.
സഞ്ചാരസ്വാതന്ത്ര്യലംഘനം
പത്രത്തിൽ വരാറുള്ള ഹർത്താൽ പ്രഖ്യാപനത്തെപ്പറ്റിയുള്ള വാർത്ത വായിച്ചാൽ
ഇക്കാര്യം വ്യക്തമാകും. ഇക്കഴിഞ്ഞ ഹർത്താൽ പ്രഖ്യാപനത്തെപ്പറ്റി പത്രത്തിൽ വന്ന
വാർത്തയിൽ നിന്നുള്ള ഭാഗം താഴെ ഉദ്ധരിയ്ക്കുന്നു:
“ആസ്പത്രി,
മെഡിക്കൽ സ്റ്റോർ, പാൽ, പത്രം എന്നിവയെ ഒഴിവാക്കി. ശവസംസ്കാരത്തിനു പോകുന്നവർ,
വിമാനത്താവളത്തിലേക്കു പോകുന്നവർ, വിവാഹം, ഹജ്ജ്, ശബരിമല തീർത്ഥാടകർ എന്നിവരേയും
ഒഴിവാക്കിയിട്ടുണ്ട്.”
ഹർത്താൽദിനത്തിലെ സംസ്ഥാനഭരണാധികാരം മുഴുവൻ ഹർത്താൽ അനുകൂലികൾ
പിടിച്ചെടുത്തെന്ന മട്ടിലുള്ള പ്രഖ്യാപനമാണിത്. പ്രഖ്യാപിക്കുക മാത്രമല്ല,
ഹർത്താലനുകൂലികൾ പ്രഖ്യാപനം കർക്കശമായി നടപ്പിൽ വരുത്തുകയും ചെയ്യുന്നു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഹർത്താൽദിനത്തിൽ ഫലവത്തായ നടപടികളെടുക്കാതിരിയ്ക്കുമ്പോൾ
അതു സൂചിപ്പിയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഭരണാധികാരം സർക്കാർ ഹർത്താലനുകൂലികൾക്കു
കൈമാറിയിരിയ്ക്കുന്നെന്നാണ്. ജനതയാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനേക്കാൾ
കൂടുതലധികാരം ഹർത്താലനുകൂലികൾക്കു കൈവരുന്ന പതിവിനു മാറ്റം വരണം.
ഹർത്താലിൽ നിന്ന് ഒഴിവാക്കിയവയൊഴികെയുള്ള വാഹനങ്ങളെ ഹർത്താൽ അനുകൂലികൾ ഹർത്താൽ
ദിവസം തടയുന്നു. ചിലയിടങ്ങളിൽ ഒഴിവാക്കിയവയെപ്പോലും തടയുന്നു. ഹർത്താൽ ദിവസം
സർക്കാരുടമസ്ഥതയിലുള്ള കെ എസ് ആർ ടി സി ബസ്സുകളും സ്വകാര്യവാഹനങ്ങളും തങ്ങളുടെ ഭൂരിഭാഗം
ട്രിപ്പുകളും മുടക്കുന്നു. ജനതയുടെ സഞ്ചാരം അതോടെ അസാദ്ധ്യമാകുന്നു. ഹർത്താൽ
ദിനത്തിൽ സർവീസ് നടത്തുന്ന ബസ്സുകളെ ഹർത്താൽ അനുകൂലികൾ തടയുക മാത്രമല്ല,
കല്ലെറിഞ്ഞും ടയറുകളുടെ കാറ്റഴിച്ചു വിട്ടും അവയ്ക്കു നാശനഷ്ടങ്ങൾ വരുത്തുകയും
ചെയ്യാറുണ്ട്. കല്ലേറിലും മറ്റും ബസ്സ് ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കു
പറ്റുന്നതും പതിവാണ്. തുടർന്ന്, ബസ്സുകളും അവയിലെ സ്ത്രീകളും
കുഞ്ഞുങ്ങളുമുൾപ്പെടെയുള്ള യാത്രക്കാരും നടുറോഡിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.
കെ എസ് ആർ ടി സി ബസ്സുകൾ പോലും റോഡിലിറങ്ങാത്ത സ്ഥിതിയിൽ ടാക്സികളും
ഓട്ടോറിക്ഷകളും ഓടുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇരുചക്രവാഹനങ്ങളല്ലാത്ത സ്വകാര്യവാഹനങ്ങൾ റോഡിലിറക്കാൻ മിക്കവരും
ധൈര്യപ്പെടാറില്ല. ചിലയിടങ്ങളിൽ ഹർത്താലനുകൂലികൾ ഇരുചക്രവാഹനങ്ങളെപ്പോലും
തടയാറുണ്ട്. ആസ്പത്രിസംബന്ധമായോടുന്ന വാഹനങ്ങളെ ഹർത്താലിൽ നിന്ന്
ഒഴിവാക്കിയിരിയ്ക്കുന്നെന്നായിരിയ്ക്കും പ്രഖ്യാപനമെങ്കിലും, പലപ്പോഴും
ആംബുലൻസുകളേയും ഹർത്താലനുകൂലികൾ വെറുതേ വിടാറില്ല. ഇക്കഴിഞ്ഞ ഹർത്താൽ ദിനം കല്ലേറു
കൊണ്ട ഒരാംബുലൻസിന്റെ ചിത്രം ദേശാഭിമാനിയിൽ വന്നിരുന്നതു താഴെ കൊടുക്കുന്നു:
ബസ്സുകളും മറ്റു വാഹനങ്ങളും തടഞ്ഞതിന്റെ ചില വാർത്തകൾ താഴെ കൊടുക്കുന്നു .ചുരുക്കിപ്പറഞ്ഞാൽ, ഹർത്താൽ ദിനത്തിൽ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന
മൗലികാവകാശം പാടേ നിഷേധിയ്ക്കപ്പെടുന്നു.
ഉപജീവനസ്വാതന്ത്ര്യലംഘനം
വ്യാപാര-വാണിജ്യ-വ്യവസായസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിയ്ക്കാൻ ഹർത്താലനുകൂലികൾ
അനുവദിയ്ക്കാറില്ല. ഏതെങ്കിലും കടകൾ തുറന്നിരിയ്ക്കുന്നതു കണ്ടാൽ അവരവ ഉടൻ
അടപ്പിയ്ക്കുന്നു. ഫാക്ടറികൾ, ധനകാര്യസ്ഥാപനങ്ങൾ, മറ്റു വ്യവസായസ്ഥാപനങ്ങൾ -
അവയൊക്കെ ഹർത്താലനുകൂലികൾ അടപ്പിയ്ക്കുന്നു. അടയ്ക്കാൻ വിസമ്മതിയ്ക്കുന്നവ
ഹർത്താലനുകൂലികൾ തല്ലിപ്പൊളിച്ചതു തന്നെ. ഇക്കഴിഞ്ഞ ബന്ദിനെപ്പറ്റി വന്ന ചില
വാർത്തകൾ താഴെ കൊടുക്കുന്നു:
അന്നന്നു ജോലി ചെയ്തു വേതനം പറ്റുന്നവരിൽ ഭൂരിഭാഗം പേർക്കും ഹർത്താൽ ദിനം
ജോലിനഷ്ടവും വേതനനഷ്ടവുമുണ്ടാക്കുന്നു. ചെറുതും വലുതുമായ വ്യവസായസംരംഭകർക്കും
കച്ചവടക്കാർക്കുമെല്ലാം നഷ്ടമുണ്ടാകുന്നു.
സർക്കാർസേവനത്തിനുള്ള പൊതുജനാവകാശം
പ്രവൃത്തിദിനങ്ങളിലുള്ള സർക്കാരാപ്പീസുകളുടെ സേവനം പൊതുജനത്തിന്റെ അവകാശമാണ്.
ഹർത്താൽ ദിനങ്ങളിൽ കേരളത്തിലെ ഭൂരിഭാഗം സർക്കാരാപ്പീസുകളും സാമാന്യസേവനം
നൽകുന്നുണ്ടാവില്ല. ഇക്കഴിഞ്ഞ ഹർത്താലിനെപ്പറ്റി മുകളിൽ കൊടുത്തിരിയ്ക്കുന്ന
വാർത്താശകലങ്ങളിലൊന്ന് കാക്കനാട് സിവിൽ സ്റ്റേഷനെപ്പറ്റിയുള്ളതാണ്. അവിടത്തെ
സർക്കാരാപ്പീസുകളിൽ പകുതിയിൽ താഴെ മാത്രമായിരുന്നു ഹാജർനിലയെന്നു വാർത്തയിൽ
കാണുന്നു. ആപ്പീസിൽ ഹാജരുള്ള ജീവനക്കാരുടെ എണ്ണം പകുതിയിൽ താഴെ മാത്രമാകുമ്പോൾ,
അവിടങ്ങളിൽ അന്നേദിവസം പൊതുജനസേവനം നടന്നുകാണാനിടയില്ല. മുപ്പതു ശതമാനത്തോളം
ആപ്പീസുകൾ തുറക്കുക പോലും ചെയ്തില്ലെന്നും വാർത്തയിൽ കാണുന്നു. ഹർത്താൽ ദിനത്തിൽ
പൊതുജനത്തിന്റെ സർക്കാർ സേവനത്തിനുള്ള അവകാശവും ലംഘിയ്ക്കപ്പെടുന്നു എന്നു
ചുരുക്കം.
സാമ്പത്തികനഷ്ടം
ഹർത്താൽ മൂലം മിക്ക പ്രദേശങ്ങളിലും വലുതായ വരുമാനനഷ്ടമുണ്ടാകുന്നു. ഓരോ ഹർത്താൽ
ദിനവും സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാകുന്നെന്ന് ഒരു വർഷം മുമ്പു
പത്രത്തിൽ കണ്ടിരുന്നു. ഈ നഷ്ടത്തിന്റെ വലിയൊരു ഭാഗം സഹിയ്ക്കേണ്ടി വരുന്നതു
പൊതുജനമാണ്.
ഇക്കഴിഞ്ഞ ഹർത്താൽ ബീജേപ്പിയാണു നടത്തിയത്. യൂഡിഎഫും എൽഡിഎഫും ഇവിടെ ധാരാളം
ഹർത്താലുകൾ നടത്തിയിട്ടുണ്ട്. യൂഡിഎഫിന്റേയും എൽഡിഎഫിന്റേയും ഹർത്താൽ ദിനങ്ങളിലും
മുകളിൽ വിവരിച്ച പൊതുജനാവകാശലംഘനങ്ങളും സാമ്പത്തികനഷ്ടവും ഉണ്ടായിട്ടുണ്ട്.
യൂഡിഎഫിന്റേയും എൽഡിഎഫിന്റേയും ബീജേപ്പിയുടേയും മാത്രമല്ല, പ്രാദേശികസംഘടനകളുടെ
ഹർത്താലുകളും ഇവിടെ ഇടയ്ക്കിടെ നടന്നിട്ടുണ്ട്.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഹർത്താലുകൾ ആചരിച്ചിരുന്ന നിലയ്ക്ക്
ഹർത്താലുകൾ നിരോധിയ്ക്കുന്നതു ശരിയായ സമീപനമാവുകയില്ലെന്നാണ് ഒരു വാദം.
അക്കാലത്തിവിടെ വിദേശികളാണു ഭരണം നടത്തിയിരുന്നത്. ഇന്നിപ്പോൾ ജനങ്ങൾ തന്നെ
ഭരിയ്ക്കുന്നു. അന്നത്തെ ഹർത്താലുകൾ വിദേശസർക്കാരിനെതിരെയുള്ളതായിരുന്നെങ്കിൽ,
ഇന്നിവിടെ നടക്കുന്ന ഹർത്താലുകളെല്ലാം ഇവിടത്തെ ജനതയ്ക്കെതിരായുള്ളവയാണ്.
കേരളത്തിൽ സമീപകാലങ്ങളിൽ നടന്നുകണ്ടിട്ടുള്ള ഹർത്താലുകളൊന്നടങ്കം
ജനതയ്ക്കെതിരായിരുന്നു താനും. ഹർത്താലുകളുടെ ദൂഷ്യഫലങ്ങൾ ഏറ്റവുമധികം
സഹിയ്ക്കേണ്ടി വന്നതു ജനതയ്ക്കായിരുന്നു. ഹർത്താൽ ദിനങ്ങളിൽ മുകളിൽ സൂചിപ്പിച്ച
മൗലികാവകാശലംഘനങ്ങളുണ്ടാകുന്നത് അനുവദിയ്ക്കാൻ പാടില്ലെന്നാണ് എന്റെ വിനീതമായ
അഭിപ്രായം. ഇതിലേയ്ക്കുള്ള ഏതാനും നിർദ്ദേശങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ
മുമ്പാകെ സമർപ്പിയ്ക്കുന്നു:
നിർദ്ദേശം (1)
സർക്കാർ പരിപാടികൾ മാറ്റിവയ്ക്കരുത്
ഒരു ദിവസം ഹർത്താലായി ആചരിയ്ക്കുമെന്ന് ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയോ
മുന്നണിയോ മറ്റേതെങ്കിലും സംഘടനകളോ പ്രഖ്യാപിച്ചാലുടൻ ആ ദിവസം നടത്താൻ മുൻകൂട്ടി
നിശ്ചയിച്ചിരുന്ന സർക്കാർ പരിപാടികളെല്ലാം മാറ്റിവയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ
ആണ് എൽഡിഎഫ് സർക്കാരുകളും യുഡിഎഫ് സർക്കാരുകളും ചെയ്തു പോന്നിരിയ്ക്കുന്നത്.
നിലവിലിരിയ്ക്കുന്ന എൽഡിഎഫ് സർക്കാരും ഇക്കഴിഞ്ഞ ഹർത്താൽ പ്രഖ്യാപനത്തെ ‘ആദരിച്ച്’
മുൻ പതിവു തന്നെ തുടർന്നു. ഹർത്താൽ മൂലം സർക്കാർ മാറ്റിവച്ച പരിപാടികളെപ്പറ്റി
പത്രത്തിൽ വന്ന ചില വാർത്തകൾ താഴെ കൊടുക്കുന്നു:
ഹർത്താലിനോടു സർക്കാർ സഹകരിയ്ക്കുന്നതായും, ഹർത്താലിനെ സർക്കാർ
അംഗീകരിയ്ക്കുന്നതായുമൊക്കെയാണ് ഇത്തരം മാറ്റിവെപ്പുകൾ പരോക്ഷമായെങ്കിലും
സൂചിപ്പിയ്ക്കുന്നത്. ഹർത്താൽ ദിനത്തിൽ ഹർത്താലനുകൂലികൾ സർക്കാരിനേക്കാൾ വലിയ
അധികാരികളായിത്തീരുന്നതിന് ഇതിടയാക്കുന്നു. സർക്കാർപരിപാടികൾ യഥാസമയം നടത്താനുള്ള
ദൃഢനിശ്ചയവും സ്ഥൈര്യവും കഴിവും സർക്കാരിനുണ്ടാകണം. സംസ്ഥാനത്തെ ജനതയുടെ അവകാശങ്ങൾ
സംരക്ഷിയ്ക്കാൻ സർക്കാർ മടിഞ്ഞാൽ, ജനതയുടെ കാര്യം കഷ്ടത്തിലാകും; തങ്ങളുടെ
നിയമപരമായ അവകാശസംരക്ഷണത്തിന്നായി ജനതയ്ക്കു സമീപിയ്ക്കാൻ അധികാരികളില്ലാതാകും.
ഈ വിഷയത്തിൽ ഞാൻ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങളിലൊന്ന് ഇതാണ്: സർക്കാർ
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിപാടികളിലൊരെണ്ണം പോലും ഹർത്താൽ മൂലം
മാറ്റിവയ്ക്കരുത്. സർക്കാർ നിശ്ചയിച്ച പരീക്ഷകളായാലും ഇന്റർവ്യൂകളായാലും
യോഗങ്ങളായാലും, അവയെല്ലാം ഹർത്താൽ ദിവസം നടത്തുക തന്നെ വേണം. അവയൊന്നും
മാറ്റിവയ്ക്കരുതെന്നു മാത്രമല്ല, അവ രണ്ടാമതൊരു തവണ കൂടി നടത്തുകയുമരുത്.
ചുരുക്കിപ്പറഞ്ഞാൽ, ഹർത്താൽ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർക്കാർ
പരിപാടികളും അതേ ദിവസം തന്നെ നടത്തണം.
ഹർത്താൽ ദിനങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മാറ്റിവയ്ക്കുകയെന്ന, മുൻ
പതിവിൽ നിന്നു വ്യത്യസ്തമായി,
ഭാവിയിലുണ്ടായേയ്ക്കാവുന്ന ഹർത്താൽ ദിനങ്ങളിൽ സർക്കാർ പരിപാടികൾ മാറ്റി
വയ്ക്കുകയില്ലെന്നും, അവ മുൻകൂട്ടി നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും
ഇപ്പോൾത്തന്നെ സർക്കാർ പ്രഖ്യാപിയ്ക്കണമെന്നും ഞാനഭ്യർത്ഥിയ്ക്കുന്നു.
ഇതുവരെയുള്ളതിൽ നിന്നു വ്യത്യസ്തമായ ഈ സമീപനത്തെപ്പറ്റി ജനതയെ മുൻകൂറായി
തെര്യപ്പെടുത്താൻ അടുത്ത ഹർത്താൽ വരെ കാത്തിരിയ്ക്കരുതെന്നും അഭ്യർത്ഥിയ്ക്കുന്നു.
നിർദ്ദേശം (2)
ട്രിപ്പു മുടക്കുന്ന ബസ്സുകളിൽ നിന്നു പിഴ ഈടാക്കണം
ജീവികൾക്കു രക്തചംക്രമണമെന്ന പോലെ അനുപേക്ഷണീയമാണ് ഒരു രാജ്യത്തിനു ഗതാഗതം.
ഗതാഗതം ഒരിയ്ക്കലും നിലയ്ക്കാൻ പാടില്ല. പൊതുജനത്തിന്റെ സഞ്ചാരത്തിന് യാതൊരു
പ്രതിബന്ധവുമുണ്ടാകാൻ പാടില്ല. ബസ്സുകൾ അവശ്യസേവനമാണ്. സ്വകാര്യബസ് സർവീസുകളായാലും
കെ എസ് ആർ ടി സി യുടെ സർവീസുകളായാലും അവ മുടങ്ങാൻ പാടില്ല. ഹർത്താൽ ദിവസം ഭൂരിഭാഗം
സ്വകാര്യബസ്സുകളും റോഡിലിറങ്ങുന്നില്ല. കെ എസ് ആർ ടീ സി ബസ്സുകൾ നാമമാത്രമായി
സർവീസുകൾ നടത്തുന്നു. അവരും തങ്ങളുടെ ഭൂരിഭാഗം ബസ്സുകളും ഡിപ്പോകളിൽ നിന്നു
പുറത്തിറക്കാറില്ല.
ഇക്കാര്യത്തിലും എനിയ്ക്കൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കാനുണ്ട്. ട്രിപ്പുകൾ
മുടക്കിയ ബസ്സുകളിൽ നിന്ന് അവ മുടക്കിയ ഓരോ ട്രിപ്പിനും പിഴ ഈടാക്കണം. ഒരു
ബസ്സിന്റെ ഒരു ദിവസത്തെ ശരാശരി വരുമാനത്തെ ഒരു ദിവസത്തെ ആകെ ട്രിപ്പുകളുടെ എണ്ണം
കൊണ്ടു ഭാഗിച്ചു കിട്ടുന്ന തുക ഹർത്താൽ ദിനത്തിൽ മുടക്കിയ ഓരോ ട്രിപ്പിനുമുള്ള
പിഴയായി ഈടാക്കണം. ഒരു ബസ്സ് ഹർത്താൽ ദിനത്തിൽ എല്ലാ ട്രിപ്പുകളും
മുടക്കുന്നെങ്കിൽ, ആ ബസ്സിന്റെ ശരാശരി പ്രതിദിനവരുമാനം പിഴയായി ഈടാക്കണം. ഈ പിഴ
സ്വകാര്യബസ് സർവീസുകൾക്കു മാത്രമല്ല, ട്രിപ്പു മുടക്കുന്ന കെ എസ് ആർ ടി സി ബസ്സുകൾക്കും ഒരേ പോലെ ബാധകമാക്കണം.
ട്രിപ്പു മുടക്കിയാൽ കനത്ത പിഴയെന്ന ഈ വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്നാണ് എന്റെ
വിനീതമായ അപേക്ഷ.
നിർദ്ദേശം (3)
എഴുപത്തഞ്ചു ശതമാനത്തിൽ കുറഞ്ഞ ഹാജർനില
പൊതുജനത്തെയാണു സർക്കാർ ആപ്പീസുകൾ സേവിയ്ക്കുന്നത്. സർക്കാർ ആപ്പീസു
പ്രവർത്തിയ്ക്കുന്നില്ലെങ്കിൽ കഷ്ടപ്പെടുന്നതു പൊതുജനമാണ്. ഒരു ദിവസം ഒരു സർക്കാർ
ആപ്പീസിലെ ഹാജർ നില എഴുപത്തഞ്ചു ശതമാനത്തിൽ കുറവാണെങ്കിൽ ആ ദിവസം ആ ആപ്പീസിൽ
നിന്നു പൊതുജനത്തിനു കിട്ടേണ്ടതായ സേവനം വേണ്ടുംവണ്ണം കിട്ടിയിട്ടുണ്ടാവില്ല.
പൊതുജനസേവനം മുടങ്ങാൻ പാടില്ല. ഹർത്താൽ ദിവസം ഒരാപ്പീസിൽ ഇരുപത്തഞ്ചു ശതമാനത്തിലേറെപ്പേർ
ജോലിയ്ക്കു ഹാജരാകാതിരുന്നാൽ, അന്നു ഹാജരാകാതിരുന്ന ജീവനക്കാർക്ക് ആ
ദിവസത്തേയ്ക്കുള്ള വേതനം നൽകരുതെന്നാണ് എന്റെ മറ്റൊരു നിർദ്ദേശം. ഹർത്താൽ ദിവസം പൊതുജനത്തിനു
ലഭിയ്ക്കേണ്ട സേവനം നിർബാധം ലഭിയ്ക്കുന്നതിനു തടസ്സമുണ്ടാകാതിരിയ്ക്കാൻ ഈ നടപടി
ആവശ്യമാണ്. ചികിത്സയ്ക്കായി ഹർത്താൽ ദിവസത്തിനു മുമ്പു തന്നെ ആശുപത്രിയിൽ
പ്രവേശിപ്പിയ്ക്കപ്പെട്ടിരുന്നതു മൂലം (അഡ്‌മിറ്റു ചെയ്യപ്പെട്ടിരുന്നതിനാൽ)
ഹർത്താൽ ദിവസം ജോലിയ്ക്കു ഹാജരാകാൻ കഴിയാതെ പോയവർക്കു വേതനം നിഷേധിയ്ക്കുകയില്ല
എന്നൊരിളവ് ഇവിടെ അനുവദിയ്ക്കണം.
നിർദ്ദേശം (4)
സെക്ഷൻ 144 പ്രഖ്യാപിയ്ക്കണം
ഒരു ഹർത്താൽ ദിവസം ഏറെ സമയം കാത്തുനിന്നിട്ടും കെ എസ് ആർ ടി സി ബസ്സുകൾ
കാണാതിരുന്നപ്പോൾ ബന്ധപ്പെട്ട ഡിപ്പോയിൽ വിളിച്ചു ചോദിച്ചു. ബസ്സുകളോടിയ്ക്കാനുള്ള
ക്ലിയറൻസ് പോലീസ് അധികാരികൾ നൽകിയിട്ടില്ല എന്ന ഉത്തരമാണു കിട്ടിയത്. പോലീസിൽ
വിളിച്ചു ചോദിച്ചപ്പോൾ, ബസ്സുകൾ ഓടിയ്ക്കേണ്ട എന്ന നിർദ്ദേശം കൊടുത്തിട്ടില്ല
എന്നും അറിഞ്ഞു. തിരികെ കെ എസ് ആർ ടി സി ഡിപ്പോയിൽ വിളിച്ചപ്പോൾ, ‘ഡ്രൈവർമാരും
കണ്ടക്ടർമാരുമൊക്കെ മനുഷ്യരല്ലേ, അവർക്കും ജീവനിൽ കൊതിയുണ്ടാകും, കല്ലേറും തല്ലും
ഇടിയും കൊള്ളാനുമൊക്കെ ആരാണു തയ്യാറാകുക” എന്ന മറുചോദ്യമായിരുന്നു മറുപടി.
ബസ്സുകളോടിയ്ക്കാൻ ജീവനക്കാർ ഭയക്കുന്ന വിധം ആപത്കരമാണ് ഒരു പ്രദേശമെങ്കിൽ, ആ
പ്രദേശത്താകെ സെക്ഷൻ 144 പ്രഖ്യാപിയ്ക്കണം എന്നാണു ഞാൻ മുന്നോട്ടു വയ്ക്കുന്ന
നിർദ്ദേശം. അത്തരം പ്രദേശങ്ങളിൽ ഹർത്താൽ ദിവസം നാലിലേറെപ്പേർ ഒരുമിച്ചു
നടക്കുന്നതു നിരോധിയ്ക്കണം. ഹർത്താൽ ദിവസം ഹർത്താലനുകൂലികൾ കൂട്ടം കൂട്ടമായാണു വഴി
തടയാനും വാഹനങ്ങൾക്കു കല്ലെറിയാനും മറ്റക്രമങ്ങൾക്കുമൊക്കെയായി
തെരുവിലിറങ്ങുന്നത്. നാലിലേറെപ്പേർ ഒരുമിച്ചു നടക്കുന്നതു നിരോധിച്ചാൽ, ഹർത്താൽ
ദിനത്തിലെ അക്രമപ്രവർത്തനങ്ങൾ ഇല്ലാതാകും.
ഹർത്താലിനു തൊട്ടു മുൻപത്തെ ദിവസം, ഹർത്താൽ ദിനം, ഹർത്താലിന്റെ അടുത്ത ദിനം
എന്നിങ്ങനെ മൂന്നു ദിവസത്തേയ്ക്കായിരിയ്ക്കണം സെക്ഷൻ 144 പ്രഖ്യാപിയ്ക്കുന്നത്.
സെക്ഷൻ 144 അനുസരിച്ചുള്ള പ്രഖ്യാപനം ലംഘിച്ചുകൊണ്ടു ഹർത്താലനുകൂലികൾ
തെരുവിലിറങ്ങിയാൽ അവരെ നിയമമനുസരിച്ചു തന്നെ കൈകാര്യം ചെയ്യണം: ചൂരൽപ്രയോഗം,
ലാത്തിച്ചാർജ്, കണ്ണീർവാതകപ്രയോഗം, ജലപീരങ്കി – ഇവയുപയോഗിച്ച് നിയമലംഘനം
ഏതുവിധേനയും തടയുകയും സുഗമമായ വാഹനഗതാഗതം സാദ്ധ്യമാക്കുകയും വേണം. സർക്കാരിനോട്
എതിർപ്പുണ്ടെങ്കിൽ അതു പ്രകടിപ്പിയ്ക്കാൻ ഇവിടെ നിയമം അനുവദിയ്ക്കുന്ന മാർഗങ്ങൾ
പലതുമുണ്ട്; അവ സ്വീകരിയ്ക്കുന്നതിനു പകരം തെരുവിലിറങ്ങി പൊതുജനത്തെ
ദ്രോഹിയ്ക്കുന്ന പതിവിന് ഒരവസാനമുണ്ടാകണം.
ഹർത്താൽ ദിനത്തിൽ മുടക്കം കൂടാതെ എല്ലാ ട്രിപ്പുകളും ഓടിയ്ക്കാൻ തയ്യാറാണോ
അല്ലയോ എന്നു കെ എസ് ആർ ടി സിയോടും സ്വകാര്യബസ്സുകാരോടും ഹർത്താൽ ദിനത്തിന് ഏതാനും
ദിവസം മുമ്പു തന്നെ ആരായണം. ആപൽശങ്കയുണ്ട്, ബസ്സോടിയ്ക്കില്ല എന്നാണ് ഒരു
പ്രദേശത്തു നിന്നുള്ള ഉത്തരമെങ്കിൽ ആ പ്രദേശത്തു നിശ്ചയമായും സെക്ഷൻ 144
പ്രഖ്യാപിയ്ക്കണം. ഒരു ജില്ലയൊന്നാകെ ഭീതിയിലാണെങ്കിൽ ജില്ലയൊന്നാകെ സെക്ഷൻ 144
പ്രഖ്യാപിയ്ക്കണം. ട്രിപ്പുകൾ മുടക്കരുതെന്ന കർശനനിർദ്ദേശം സ്വകാര്യബസ്സുകൾക്കും
കെ എസ് ആർ ടി സിയ്ക്കും നൽകണം.
അക്രമം നടത്തുന്നവർ
ഹർത്താൽ ദിനത്തിൽ സാമൂഹ്യവിരുദ്ധരാണു ഹർത്താലനുകൂലികളെന്ന വ്യാജേന അക്രമം
നടത്തുന്നത്. ബസ്സുകളും ആപ്പീസുകളും മറ്റും തല്ലിത്തകർക്കുന്നവർ സാമൂഹ്യവിരുദ്ധർ
തന്നെ, യാതൊരു സംശയവുമില്ല. രാഷ്ട്രീയപ്പാർട്ടിയിൽ പെട്ടവരാണ് അക്രമം
നടത്തുന്നതെങ്കിൽ അവർ സാമൂഹ്യവിരുദ്ധരാണ്. ജനാധിപത്യവ്യവസ്ഥിതിയിൽ
സാമൂഹ്യവിരുദ്ധതയെന്നാൽ ജനശത്രുത. അത്തരം ജനശത്രുക്കളെ തിരിച്ചറിഞ്ഞ്, അവരെ
രാഷ്ട്രീയപ്പാർട്ടികൾ പുറത്താക്കണം. ഹർത്താൽ ദിനത്തിൽ ജനതയുടെ
മൗലികാവകാശസംരക്ഷണത്തിന്നായി കർക്കശനടപടികളെടുക്കാതെ സർക്കാർ പിന്തിരിയുമ്പോൾ
സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണു നടക്കുക. സാമൂഹ്യവിരുദ്ധർക്കെതിരേ സർക്കാർ
കർക്കശനടപടികളെടുക്കാതിരിയ്ക്കുമ്പോൾ നിസ്സഹായരായ ജനത സാമൂഹ്യവിരുദ്ധർക്കു കീഴ്‌പ്പെടേണ്ടി
വരുന്നു. അതുകൊണ്ട്, ഹർത്താലുകളെ നേരിടാൻ മുകളിൽ സമർപ്പിച്ചിരിയ്ക്കുന്ന
നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ വിനയപുരസ്സരം അഭ്യർത്ഥിയ്ക്കുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കയച്ച അഭ്യർത്ഥന ഇവിടെ അവസാനിയ്ക്കുന്നു.
മുകളിൽ കൊടുത്തിരിയ്ക്കുന്ന നിർദ്ദേശങ്ങളെ പല വിഭാഗങ്ങളും എതിർക്കാനിടയുണ്ട്.
ഹർത്താൽ ദിനത്തിൽ ട്രിപ്പു മുടക്കിയാൽ പിഴയൊടുക്കേണ്ടി വരുന്ന കെ എസ് ആർ ടി സി
ഉൾപ്പെടെയുള്ള ബസ്സുടമകളും, ഹർത്താൽ ദിനങ്ങൾ ശമ്പളസഹിത അവധിദിനങ്ങളല്ലാതായിത്തീരുന്നതു
കൊണ്ടു സർക്കാർ ജീവനക്കാരും എതിർക്കാതിരിയ്ക്കില്ല. ഹർത്താൽ ദിനത്തിൽ
നൂറ്റിനാല്പത്തിനാലാം വകുപ്പു പ്രഖ്യാപിച്ചാൽ, കൂട്ടത്തോടെ തെരുവിലിറങ്ങി
വാഹനങ്ങളെ കല്ലെറിയാനും, ആപ്പീസുകളും വ്യാപാര-വാണിജ്യ-വ്യവസായസ്ഥാപനങ്ങളും ബലം
പ്രയോഗിച്ച് അടപ്പിയ്ക്കാനും സാധിയ്ക്കാതെ വരുന്നതു കൊണ്ടു ഹർത്താലനുകൂലികളും
നിർദ്ദേശങ്ങളെ എതിർക്കും; നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനെ ഇക്കൂട്ടർ എതിർക്കുക
മാത്രമല്ല, അതിനോടു പ്രതിഷേധിയ്ക്കാൻ ഹർത്താൽ നടത്തുകയും ചെയ്യും, തീർച്ച.
കഴിഞ്ഞ ഒക്ടോബർ പതിനെട്ടിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ chiefminister@kerala.gov.in എന്ന ഐഡിയിലേയ്ക്ക് ഈമെയിലായി അയച്ച
അഭ്യർത്ഥനയിന്മേൽ നടപടികളെന്തെങ്കിലും സർക്കാർ സ്വീകരിച്ചതായി അറിയിപ്പു
കിട്ടിയിട്ടില്ല. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള ഹർത്താലുകളെ
അനുകൂലിയ്ക്കാത്തവർ വായനക്കാരുടെ ഇടയിലുണ്ടെങ്കിൽ അവരോടൊരു അഭ്യർത്ഥനയുള്ളത്,
അവരും മുകളിൽ ഉദ്ധരിച്ചിരിയ്ക്കുന്നതു പോലുള്ള അഭ്യർത്ഥനകൾ ബഹുമാനപ്പെട്ട
കേരളമുഖ്യമന്ത്രിയ്ക്ക് അയയ്ക്കണം എന്നതാണ്. അഞ്ചോ പത്തോ അഭ്യർത്ഥനകൾ അനുകൂലനിലപാടെടുക്കാൻ
സർക്കാരിനെ പ്രേരിപ്പിച്ചെന്നു വരില്ല. എന്നാൽ, അഭ്യർത്ഥനകൾ ആയിരമോ പതിനായിരമോ
ആയാൽ, അനുകൂലഫലമുണ്ടാകാം.
ഹർത്താലുകളുടെ നിരോധനമല്ല നമ്മുടെ ആവശ്യം. ഹർത്താലുകൾ നടത്താൻ ജനതയ്ക്കുള്ള സ്വാതന്ത്ര്യം
പരിരക്ഷിയ്ക്കപ്പെടുന്നതോടൊപ്പം, ഹർത്താലുകളിൽ പങ്കെടുക്കാതിരിയ്ക്കാനുള്ള
സ്വാതന്ത്ര്യവും ജനതയ്ക്കുണ്ടാവണം, ഹർത്താലുകളിൽ പങ്കു ചേരാത്തവരുടെ മൗലികാവകാശങ്ങൾ
പൂർണമായും സംരക്ഷിയ്ക്കപ്പെടുകയും വേണം: അതാണു നമ്മുടെ ആവശ്യം.