19 Jul 2012

malayalasameeksha july 15- august 15/2012


ആഗസ്റ്റ് 15-സെപ്റ്റംബർ 15 ലക്കം  ഓണപ്പതിപ്പ് ഈ മാസം 22 നു പ്രസിദ്ധീകരിക്കും



മലയാളസമീക്ഷ ജൂലായ് 15- ആഗസ്റ്റ് 15/2012
reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


ഉള്ളടക്കം
ലേഖനം
 വാരിക്കെട്ടിയ ഭാരങ്ങൾ ഇറക്കുകയുമാവാം
സി.രാധാകൃഷ്ണൻ
കൃഷ്ണ നീ ബേഗനേ ബാരോ
പി.രവികുമാർ
മനുഷ്യൻ ഭാഷയിലാണ് ജീവിക്കുന്നത് 
മീരാകൃഷ്ണ
മലയാളം മരിച്ചാൽ ആർക്കാണ് ചേതം?
പി.സുരേഷ്
അഭിമുഖം
ചുവക്കുന്ന  ആകാശത്തിന്റെ ചുവട്ടിലൂടെ
എസ്. ഭാസുരചന്ദ്രൻ+ ഇരവി
കൃഷി
സി.പി.എസ്സുകൾ വളരുന്നു, ഫെഡരേഷനുകളിലേക്കും ഉൽപ്പാദക കമ്പനികളിലേക്കും
ടി.കെ.ജോസ് ഐ.എ.എസ്.
നാളികേരത്തിന്റെ നാടോടിപ്പഴമ
പായിപ്ര രാധാകൃഷ്ണൻ
സി.പി.എസ്സുകളിലൂടെ പുൽകൃഷിയും കാലിവളർത്തലും
മാത്യു സെബാസ്റ്റ്യൻ
വിപണിയും കേരകർഷകരും
പി.അനിതകുമാരി
സി.പി.എസ്സുകളേ സജ്ജരാകൂ...
കെ.എസ്.സെബാസ്റ്റ്യൻ
തെങ്ങ് എന്ന കല്പവൃക്ഷം
ശ്രീപ്രിയ ടി.ആർ
 വേറിട്ട വീക്ഷണം, വേറിട്ട ലക്ഷ്യം
ദീപ്തി നായർ എസ്
ഇത് അതിജീവനത്തിന്റെ രക്ഷാമന്ത്രം
മുരളീധരൻ തഴക്കര
 പംക്തികൾ
എഴുത്തുകാരന്റെ ഡയറി
സി.പി.രാജശേഖരൻ
നന്ദി, ഈ കാഴ്ചകൾക്ക്
മലയാളസമീക്ഷ കഴിഞ്ഞ ലക്കം
എഴുത്തിന്റെ വിവിധ വഴികൾ
എ.എസ്.ഹരിദാസ്
പ്രണയം
പ്രണയം,രതി,സർഗ്ഗാത്മകത
സുധാകരൻ ചന്തവിള
അഞ്ചാംഭാവം
സ്ത്രീധനകുരുക്കുകൾ മുറുകുമ്പോൾ
ജ്യോതിർമയി ശങ്കരൻ
കണ്ണകി
സുൽത്താൻ ഖുബൂസ്
സപ്ന അനു ബി ജോർജ്
മഷിനോട്ടം
വാടിക്കരിഞ്ഞ മുല്ലപ്പൂ
ഫൈസൽബാവ
അക്ഷരരേഖ
മാതൃഭാഷയെ രക്ഷിക്കണം
ആർ.ശ്രീലതാവർമ്മ
സമസ്യ
മധ്യവേനലവധിക്ക്: ഒരു സ്ത്രീപക്ഷരചന
വെള്ളിയോടൻ
നിലാവിന്റെ വഴി
പുഴ കടന്ന് മരങ്ങളുടെ അരികു ചേർന്ന്
ശ്രീപാർവ്വതി
മനസ്സ്
ത്രിഗുണങ്ങളും അഞ്ചുനിയമങ്ങളും
എസ്. സുജാതൻ
ചിത്രകലകടന്നാക്രമണങ്ങൾക്കെതിരെ
എരൂർ ബിജു
പുസ്തകാനുഭവം
ഉത്തര-ഉത്തരാധുനികത: സാഹിത്യത്തിലെ പുതിയ ഭൂതം
അരുൺകുമാർ
 കഥ
പിൻപുറക്കാഴ്ചകൾ
തോമസ് പി.കൊടിയൻ
ഗൗളിപുരാണം
സണ്ണി തായങ്കരി
അപ്രിയങ്ങളിൽ മഞ്ഞുറയുമ്പോൾ
ശ്രീജിത്ത് മൂത്തേടത്ത്
ഹൃദയത്തിന്റെ കയ്യൊപ്പ്
അനിമേഷ് സേവ്യർ
കാറ്റേ നീ...
റോസിലി
മൂന്നാമത്തെ നദി
അനിൽകുമാർ സി.പി
ഉരുമ്പിൻ തെരുവിലെ നക്ഷത്രങ്ങൾ
സലിം അയ്യനത്ത്
പത്രാധിപർ ചിന്തിക്കുക
കെ.എം.രാധ

ഓർമ്മയിലെ ഒരു തീവണ്ടിയാത്ര
അഭി
മഴ
രമ്യ എം.കെ
കുടിയിറക്കപ്പെടുന്ന യക്ഷികൾ
ഷാഫി
സ്വാതന്ത്ര്യം
ഷാജഹാൻ നന്മണ്ട
ആകാശസഞ്ചാരിണി അഥവാ എന്താണീ പാതിരാത്രിയിൽ
പി.വി.ഏരിയൽ
സഹയാത്രി
ഡിൽന ബാബു
സ്നേഹിച്ചു കൊല്ലരുത്
കെ.ജയശങ്കർ
ബ്ലോഗർ സുമംഗള അവധിയിലാണ്
കൊല്ലേരി തറവാടി
അവസാനത്തെ മെഴുകുതിരി
ജോഷി കുര്യൻ
അലാറം
അഭയൻ പയ്യന്നൂർ
പഹാഡ്ഗാഞ്ചിലെ ശവക്കുഴി
വിജേഷ് കോട്ടേപ്പുറത്ത്
പാട്ടജന്മങ്ങൾ
ഗഫൂർ ക ദോസ്ത്
ആനയുടെ മണമുള്ള അത്തർ
കുഞ്ഞിക്കണ്ണൻ
ചേര
വിനോദ്
മൂർത്തിയുടെ വിലാപങ്ങൾ
അജീഷ്മാത്യു കറുകയിൽ
ഒരു ബൾബിന്റെ ആത്മകഥ
വിഷ്ണുലോകം
പരിണാമം
അൻവർ സാദിഖ്
ഗാനം
പാട്ടെഴുത്തിന്റെ ശനിദശ
രാജനന്ദിനി
അനുഭവം
വിശ്വസിച്ചാലും ഇല്ലെങ്കിലും
രഞ്ജിത്ത് പായിത്തറ
ഏകം
എം.കെ.ഖരീം
കവിത
എന്റെ പേരക്കുട്ടിയുടെ മോഹം
പദ്മാവതി വത്സല
അമാവാസിയിലെ വായന
പി.കെ.ഗോപി
കല്ലുരുൾ
എൽ.തോമസ്കുട്ടി
തോണി
ഡോ.കെ.ജി.ബാലകൃഷ്ണൻ
 കാവാലത്തിനു പ്രണാമം
കാവാലം ശശികുമാർ
 ഏകാന്തമിഴി തുറക്കവെ
ശരത്
ഫ്ലാസ്ക്
പി.എ.അനീഷ്
ഒരുങ്ങിയിരിക്കുക
സലില മുല്ലൻ
മഴക്കാലം
ടി.കെ.ഉണ്ണി
തലാക്ക്
രശ്മി കെ.എം
ഈയ്യാമ്പാറ്റ
ശ്രീകൃഷ്ണദാസ് മാത്തൂർ
ക്വാണ്ടം
സത്താർ ആദൂർ
വനാന്തം
എൻ.ബി.സുരേഷ്
ദൈവകണവുമായി
രാജേഷ് പാലവിള
അത്താണി
ഇന്ദിരാബാലൻ
ഒരു വട്ടം കൂടിയെൻ
കയ്യുമ്മു
കാലമേ നീ
രാജിവ് ടി
ലിമിറ്റഡ് സ്റ്റോപ്പ്
സ്മിത പി.കുമാർ
ഖാദി
കാവിൽരാജ്
ഉന്മത്തതകളുടെ ക്രാഷ് ലാൻഡിംഗുകൾ
രാജേഷ് ചിത്തിര
വസുദൈവ കുടുംബകം
എസ്സാർ ശ്രീകുമാർ
കേരളം മദ്യലഹരിയിൽ
ഇ.ജെ.ജോസഫ് കങ്ങഴ
സാമൂഹ്യപാഠം
സമൂസ്
അവൾ
ഗീത മുന്നൂർക്കോട്
ദിനങ്ങളിങ്ങനെ
ജയചന്ദ്രൻ പൂക്കരത്തറ
കൃഷിയെ കടത്തിക്കൊണ്ടു പോയവർ
രാജു കാഞ്ഞിരങ്ങാട്
അകലം
ബി.ഷിഹാബ്
കലഹങ്ങൾ
സന്തോഷ് പാലാ
ചൊറുതനം
മഹർഷി
മഴരാമായണം
രമേശ് കുടമാളൂർ
വർഷകാല നിനവുകൾ
പീതൻ കെ.വയനാട്
മണ്ണ്
എം.എൻ.പ്രസന്നകുമാർ
നൊമ്പരം
ശിവൻ സുധാലയം
മഴയിലും മൗനം
റെജി ഗ്രീൻലാൻഡ്
വിതുമ്പുന്ന ഹൃദയം
റഷീദ് തൊഴിയൂർ
മരുപ്പച്ചകൾക്ക് ചിറകു മുളയ്ക്കുമ്പോൾ
സ്റ്റാലിന
ബലി
ഷൈൻ ടി.തങ്കൻ
അറിഞ്ഞുകൂടാത്തത്
സതീശൻ പയ്യന്നൂർ
യാത്ര
ജോബിൻ ജോസ്
വ്യാമോഹംഅജയ്മേനോൻ
അകലേക്ക്
അനീഷ് പുതുവലിൽ
എവിടെ രക്ഷകൻ?
മണികണ്ഠൻ തവനൂർ
ബാക്കിയാവുന്നത്
സതീശൻ ഒ.പി
ഗുണഭോക്താവ്
ഇഖ്ബാൽ വി.സി
അവയവദാനം  മഹാദാനം
ലികേഷ്കുമാർ അപ്പത്താം മാവുള്ളതിൽ
ഏതോ സുഗന്ധം
എം.കെ.ഹരികുമാർ
നോവൽ
ആഭിജാത്യം
ശ്രീദേവിനായർ
 പരിഭാഷ
അരാഷ്ട്രീയ ബുദ്ധിജീവികൾ
ഓട്ടോ റെനെ കാസ്റ്റില്ലൊ
ഗീത ശ്രീജിത്ത്
യാത്ര
എന്റെ ഹിമാലയയാത്രാനുഭവം
പ്രഫുല്ലൻ തൃപ്പൂണിത്തുറ
ആരോഗ്യം
ഗ്യാസ്ട്രബൾ
ബോബൻ ജോസഫ്
സിനിമ
ഉസ്താദ് ഹോട്ടൽ
ബിജോയ് കൈലാസ്
സമൂഹം
സദാചാരവും സദാചാരപോലീസും
പ്രവീൺ  ശേഖർ
വാഹനം
വിലയുടെ വില
വി.പി.അഹമ്മദ്
ഇംഗ്ലീഷ് വിഭാഗം
the perfect murder
dr.nalini janardanan
a hundred judases
nisha g
my clock ticks away
geetha munnurcode
വാർത്ത
സമകാലികകേരളം അവാർഡ്
മലയാളസമീക്ഷയെപ്പറ്റി ഡെക്കാൻ ക്രോണിക്കിൾ
എഡിറ്ററുടെ കോളം
നവാദ്വൈതം

ഏകം



എം.കെ.ഖരീം

എന്തിനെന്നറിയാതെ, എങ്ങനെയെന്നറിയാതെ തുടക്കം. എത്രമേല്‍ ആലോചിച്ചിട്ടും ഒടുക്കത്തെ കുറിച്ച് ധാരണയില്ല...
ഗ്രന്ഥങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പാലത്തിലേക്ക്..
അത് അങ്ങനെ തന്നെയോ, ഇങ്ങനെയോ, അതുമല്ലെങ്കില്‍ അതിനപ്പുറം ...
എന്റെ ചിന്തകള്‍ക്ക് അപ്രാപ്യമായ ഒരവസ്ഥ.
ചിന്തയുടെ പാതയില്‍ തടസ്സങ്ങളുണ്ടാവുന്നുണ്ട്.
എന്താണ് എന്നെ വിലക്കുന്നത്?
ഞാനോ നീയോ?
അല്ലെങ്കില്‍ എന്റെ അപ്രരന്‍ ?!
ഒഴുകുമ്പോള്‍ കരയിലെ ഇല്ലി മരങ്ങളോടൊരു ചോദ്യം; എന്തിന്?
ആവോ...
ഇല്ലിക്കാടിന് അതിന്റെ നിലനില്‍പ്പിനെ കുറിച്ച് ബോധമില്ലാത്തിടത്ത് എങ്ങനെ എന്നെ കുറിച്ച് ചൊല്ലാന്‍ ..
എങ്കിലും ഞാന്‍ ഒഴുകുന്നു...
എന്റെ ചോദ്യങ്ങളാണ് എന്റെ അശാന്തി. ഉത്തരമില്ലായ്മയിലൂടെ ഞാന്‍ തുടരുകയും...
എങ്ങോ ഇരിക്കുന്ന ആളോട് എനിക്കെന്തോ പറയാനുണ്ടാവുക. എങ്ങോ അങ്ങനെ ഒരാള്‍ ഉണ്ടെന്ന ധാരണയോടെ... എന്നില്‍ നിറയുന്ന അനുഭൂതിയും. ആ അനുഭൂതി ആ ആളില്‍ നിന്നും എന്നിലേക്ക്‌ ഒഴുകിയെത്തുന്ന പ്രണയമല്ലേ...
നദി വന്നു നദിയില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ചലനം... അങ്ങനെ നിത്യവും ചലനത്തിലാണ് ഞാന്‍ .
ചലനം പല തരത്തിലും... എന്നാല്‍ പ്രണയത്തിന്റെത് മറ്റൊന്ന്...
പ്രണയം സ്വാതന്ത്ര്യമാണ്.
എന്നില്‍ വന്നു ചേരുന്ന ആ ഒഴുക്കിന് എന്നോട് ചേര്‍ന്ന് ഒഴുകാനുള്ള സ്വാതന്ത്ര്യം. ഒരുമിച്ചു ഒഴുകി പോകുമ്പോഴും കൈവഴി തിരിയാനുള്ള സ്വാതന്ത്ര്യം. നദിയില്‍ നിന്നും നദികള്‍ ഉണ്ടാവുന്നു. ഒടുക്കം നദികള്‍ സമുദ്രത്തില്‍ ചെന്ന് ചേരുകയും.
നദി നദിയെ വിരോധിക്കുന്നില്ല.
അതുപോലെ പ്രണയവും..
എന്നിലെ അപൂര്‍ണതയാണ് എന്നെ അന്വേഷിയാക്കുന്നത്. യാതൊന്നിന്റെ കുറവാണോ എന്നില്‍ ആ ഒന്നിന് വേണ്ടിയുള്ള അടക്കാനാവാത്ത ദാഹം.
അവിടെ സഞ്ചാരം തുടങ്ങുന്നു. ആ ഒന്നിനെ പ്രാപിക്കാന്‍ , അതിലാവാന്‍ , അതാവാന്‍ ...
പിന്നെ ഞാനോ നീയോ ഇല്ല.
ഏകം.
പരമാനന്ദം!

നൊമ്പരം

 ശിവൻ സുധാലയം

വെയിലുറങ്ങും നേരത്തൊരാധിയാണെന്നുള്ളില്‍ 
ഈ നിഴലൊരുകാര്‍മേഘപുതപ്പിലായുമിനി
യും 
പൊഴിയും പൊതിയും മാരിത്തലപ്പുകളാലങ്ങനെ
അറിയുമൊരുള്‍വിളിപോല്‍ അകത്താളുമൊരു നൊമ്പരം.
ഈ സുകൃതശീതത്തിനപ്പുറത്തുണ്ടൊരു വല്ലായ്മ
ഒരു കുളിരായ്  നീറിപ്പിടിക്കും പി,ന്നുലച്ചിടും
ഏറെ കശക്കിടുമൊരു വഴിക്കൊരു ദൂതുമായ്‌
താപമാപിനിയിലെരിക്കുമൊരു ജീവനെ.

അരുളിടാം ഞാന്‍ '' മാരിയൊരു നീറലായകം
പിടക്കുംപോലാണീ  ദിശതെറ്റും വഴി ''
അതെത്തിലും എത്താതിരിക്കിലും.
പ്രാര്‍ഥിപ്പുഞാന്‍ , തിരിയിട്ടൊരു പെരുമഴയ്ക്കാവാതിനി..!

"ഒരുങ്ങിയിരിക്കുക...."


സലില മുല്ലൻ

ഭൂമി കറങ്ങുന്നുണ്ട്,
ഋതുക്കള്‍ വന്നു മടങ്ങുകയും...
കിഴക്കുദിച്ചു പടിഞ്ഞാറ്
എരിഞ്ഞമരുമ്പോള്‍
സൂര്യനൊരു പദം
ചൊല്ലുന്നുണ്ട്‌ ;
"ഒരുങ്ങിയിരിക്കുക..."
ജീവനെ ഇരുട്ടിലേക്കെറിഞ്ഞു
കാലമുഖത്തൊരു ചിരിയും...
ഓരോ ഒരുക്കവും മരണത്തിനായി,
അല്ലെങ്കില്‍ വറുതിയുടെ നാളുകളെ
എതിരിടാന്‍ ...
പുക പടലങ്ങള്‍ ,
ഓസോണ്‍ പാളികളെ
ഞെരിക്കുന്നുണ്ട് .
എന്റെ ആവലാതികളില്‍
വഴിമാറി പോയേക്കാവുന്ന
കാലവര്‍ഷത്തെയോര്‍ത്തൊരു നെടുവീര്‍പ്പും,
കാര്‍മേഘമില്ലാത്ത ആകാശവും
തോരാതെ പെയ്യാത്ത മഴയും...
പച്ചകളെ തകിടം മറിച്ചു
തലങ്ങും വിലങ്ങും വീശുന്ന തീക്കാറ്റ് ...
എന്റെയും നിന്റെയും
മജ്ജയുരുക്കുന്ന രാപ്പകലുകള്‍ ...
ഇന്നും,

പടിഞ്ഞാറന്‍ കോണില്‍
കത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."

അറിഞ്ഞുകൂടാത്തത്:-



 സതീശൻ പയ്യന്നൂർ

അന്നു തൊട്ടിന്നേവരെ,
പെണ്ണു തൊട്ട് കൂട്ടിയെഴുതിയിട്ടില്ല;
പ്രേമമെന്ന മണ്ണാം കട്ട!


അന്നാരോ പറഞ്ഞു
പ്രേമം അനശ്വരമാണെന്ന്,
കുഴിഞ്ഞ ഉദരം വിയർപ്പൊഴുക്കാൻ
ആവശ്യപ്പെട്ടപ്പോൾ,
അനശ്വരമായതെന്റെ
നെട്ടോട്ടമായിരുന്നു.
ഒടുവിലിട വഴിയിലെവിടെയോ
പ്രേമം മൊട്ടിട്ടപ്പോൾ,
ഞാൻ കരുതി പൂത്തുലയുമെന്ന്,
പൂവാകും മുന്നെ പറിച്ചെടുത്ത്,
കാലിനു വ്യായാമം നടത്തുമ്പോൾ
അവരൊരു ചിരി ചിരിച്ചു പറഞ്ഞു
ചെടിയാകുമ്പോൾ പൂക്കണമെന്ന് തോന്നും
എന്നു വെച്ച് നീയെന്തിനു
വാ പൊളിക്കണം?

തിരിഞ്ഞു നടക്കുമ്പോൾ
ഇറ്റുവീണ കണ്ണീർ
ചെടിയൊട്ട് അറിഞ്ഞുമില്ല,
ഞാനൊട്ട് പറഞ്ഞുമില്ല!

ചെടി ശപിച്ചിരിക്കുമോ?

അതോ അജ്ഞയായി…?
അല്ലേങ്കിലും..
പറയാതെ, അറിയാതെ എന്തു പ്രേമം?
എല്ലാ പുഞ്ചിരികളും,സ്നേഹങ്ങളും പ്രേമമല്ലല്ലോ?
എല്ലാ ചെടികളും മൊട്ടിടുന്നത്,
എന്നെ ആകർഷിക്കാനുല്ലല്ലോ?
പിന്നെയൊരു ചെടിയെ
സ്വന്തമാക്കി വളർത്തിയപ്പോൾ
പ്രേമം പൂക്കുകയോ
കായ്ക്കുകയോ  ചെയ്തില്ല
പകരം ജീവിതം കായ്ച്ചു.!
അപ്പോഴുമവരുടെ ചിരിയിൽ
എന്തോ ഒരു പന്തികേട്!
പുച്ഛമോ?,
അതോ ചവിട്ടി തേച്ച ആഹ്ലാദമോ?
--------------

തോണി


ഡോ. കെ. ജി. ബാലകൃഷ്ണന്‍ 


ഇരുള്‍ പ്രളയത്തില്‍ തോണി - 

തുഴക്കാരന്‍ തുഴ എറിയുമ്പോള്‍

കാലത്തിന്റെ പരിഹാസം :

നിന്റെ വഴികാട്ടി ആര്‍ ?

ഓളം മുറിക്കുവാനാതെ,

ദിശ അറിയാ പരിഭ്രാന്തിയില്‍ 

അനക്കമറ്റ്‌,

തുഴ താളത്തിനു കാതോര്‍ക്കാതെ 

തോണി.

ദിശ അറിയാ കണ്ണില്‍ 

തമോഗര്‍ത്തത്തിന്റെ ക്രൌര്യം;

വിശപ്പടങ്ങാതെ 

ഖാണ്ഡവദഹനം.


തോണി,

തന്റേതു മാത്രമെന്ന് 

അമരക്കാരന്റെ വീമ്പ്.

നിമിഷം,

ഊര്‍ജമായി ചമഞ്ഞു 

തുഴയുന്തുന്നത്, 

സ്വയം അലിഞ്ഞലിഞ്ഞു 

ആനന്ദ തേന്‍ നുകരുന്നത്, 

നേരത്തോണിയുടെ കുതിപ്പ്.


തോണി,

മറുകരെ എത്തിയാല്‍ ,

മരക്കുറ്റിയില്‍ കെട്ടി,

കടവിലെ ചായക്കടയിലേക്ക്   

വേഷപ്പകര്‍ച്ച.. 

അവിടെ ഒരു പഴയ റാന്തല്‍ 

കെടാവിളക്കായുണ്ട്.

സ്നേഹിച്ചു കൊല്ലരുത് ....

 
 
കെ . ജയശങ്കര്‍
സാര്‍ ........

സാര്‍ ...ദീര്‍ഘാകാരം മനപ്പൂര്‍വം ഇട്ടതാണ് ...അങ്ങനെയാണ് നിങ്ങളെയെല്ലാം വിളിക്കാന്‍ ആഗ്രഹിക്കുന്നത് ...വിളിച്ചുപോന്നതും , തുടര്‍ന്ന് വിളിക്കാന്‍ ഉദ്ദേശിക്കുന്നതും..ഇതൊരു ചെറുകഥയല്ല ,ചെറുകവിതയല്ല , ചെറുജീവിതമാണ് ...ഒരു പക്ഷെ ഈ കഥയോടെ നിങ്ങളെന്റെ കഥ കഴിക്കും , അഥവാ എന്റെ കഥാരചന നിരോധിക്കും ...നിങ്ങള്‍ സന്മാര്‍ഗ്ഗ വാദികല്‍ ആണല്ലോ ..വിശുദ്ധരും .....ഞങ്ങള്‍ പാപികളും ..

സാര്‍...ഞങ്ങള്‍ എന്ന പദപ്രയോഗം പോലും തെറ്റാണ്. .ബഹുഭൂരിപക്ഷമായ എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം ഉണ്ടാവണമെന്നില്ല ...മുഖം മറച്ചു നില്‍ക്കാനാവും അവര്‍ക്കും താല്പര്യം ..തെളിച്ചു പറയാം ...ഞാന്‍ എഴുതുന്നത്‌ മദ്യപിക്കുന്ന , ചിന്തിക്കുന്ന , ആരെയും ഉപദ്രവിക്കാത്ത ഒരു കൂട്ടരുടെ ജീവിതമാണ് ..നിങ്ങള്‍ കുടിയന്മാര്‍ എന്നു പറഞ്ഞു ആക്ഷേപിക്കുന്ന ഒരു വലിയ ജനസമൂഹത്തിന്റെ കഥ ...അവനേല്‍ക്കേണ്ടിവരുന്ന പീഡനത്തിന്റെ കഥ ...

സാര്‍.. ഞാന്‍ ഒരു ശരാശരി കേരളിയനാണ് .....കുട്ടിക്കാലത്ത് എനിക്കിഷ്ട്ടം മിഠായികളും മറ്റു മധുര പാനിയങ്ങളും ആയിരുന്നു ...പല്ലുകേടാവും, മറ്റു രോഗങ്ങള്‍ ഉണ്ടാവും എന്നിങ്ങനെ നിങ്ങളെന്നെ ഭയപ്പെടുത്തി ....നിങ്ങള്‍ കാണാതെ അവ ഒളിച്ചു കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി...നിങ്ങള്‍ അന്നെന്നെ കള്ളന്‍ എന്നും പുഴുപല്ലന്‍ എന്നും വിളിച്ചു ..

സാര്‍ ...പിന്നീടു എന്റെ പഠനകാലം ...അന്നെനിക്ക് പെണ്‍കുട്ടികളോട് അല്പം താല്പര്യം തോന്നിത്തുടങ്ങി ...നിങ്ങള്‍ എന്നെ ഭയപ്പെടുത്തി ..വീട്ടില്‍ അറിയിക്കും എന്നായിരുന്നു ഭൂരിപക്ഷം ഭയപ്പെടുതല്‍.... നിങ്ങള്‍ കാണാതെ അവരോടൊപ്പം ഒളിച്ചു നടക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി ... നിങ്ങള്‍ എന്നെ പൂവാലന്‍ എന്നും പെണ്‍കോന്തന്‍ എന്നും വിളിച്ചു ആക്ഷേപിച്ചു ....

സാര്‍.. നിങ്ങളുടെ ആക്ഷേപങ്ങളുടെ മുനയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഞാന്‍ ബീഡിയും സിഗരെട്ടും ഉപയോഗം തുടങ്ങി ...നിങ്ങള്‍ എന്നെ വലിക്കാരന്‍ എന്നും കഞ്ചാവെന്നും സാമിഎന്നും മാറി മാറി വിളിച്ചു അധിക്ഷേപിച്ചു ......

സാര്‍ ..പ്രായത്തിന്റെ തിളപ്പില്‍ ലൈംഗിക താല്പര്യം ഏറിയപ്പോള്‍ അക്കാലത്തെ ആകെ ആശ്രയമായിരുന്ന , നിങ്ങള്‍ വേശ്യയെന്നു അടച്ചാക്ഷേപിക്കുന്ന ദൈന്യതയുടെ ആള്‍രൂപത്തെ പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ നിങ്ങള്‍ സിഫിലിസിന്റെയും ഗുണേറിയയുടെയും പേര് പറഞ്ഞെന്നെ ഭയപ്പെടുത്തി ...നിങ്ങള്‍ എന്നെ വ്യഭിചാരിയെന്നും ചെറ്റപൊക്കിയെന്നും ഉത്സാഹത്തോടെ ആര്‍ത്തുവിളിച്ചു .....

സാര്‍ ....ജീവിത പ്രാരാബ്ധങ്ങള്‍ ഏറിയപ്പോള്‍ , മറ്റൊരു മാനസിക ഉല്ലാസത്തിനും വേദികണ്ടെത്താനാവാതെ ഞാന്‍ അല്പം മദ്യപിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ കുടിയനായി .....വൃക്കരോഗം പറഞ്ഞെന്നെ ഭയപ്പെടുത്തി .... നിങ്ങള്‍ എന്നെ പാമ്പെന്നും താമരയെന്നും വിളിച്ചു നിര്‍വിതിപൂണ്ടു ...........

സാര്‍ ....നിങ്ങള്‍ ഭൂമി കയ്യേറിയപ്പോള്‍ , മരം വെട്ടി നശിപ്പിച്ചപ്പോള്‍ ,ഭൂമിയുടെ ഉള്ളറ തുരന്നപ്പോള്‍,വിഷവും മാലിന്യവും വലിച്ചെറിഞ്ഞപ്പോള്‍ , അബലകളെ ബലാല്‍കാരം ചെയ്തപ്പോള്‍ , അന്യന്റെ ഭാര്യയെ പ്രാപിച്ചപ്പോള്‍ , ബാലബാലിക പീഡനം നടത്തിയപ്പോള്‍ , കൊലചെയ്തു വകവരുത്തിയപ്പോള്‍,കൊള്ളപലിശ വാരികൂട്ടിയപ്പോള്‍ , ഞാന്‍ ഒരു കാഴ്ചക്കാരനും കേള്‍വിക്കാരനും മാത്രമായിരുന്നു....

ബഹുമാനപ്പെട്ട സാറുമ്മാരെ.......നിങ്ങള്‍ എല്ലാം സാറുമ്മാര്‍ ,ശേഷ്ട്ഠന്മാര്‍.........വിശുദ്ധരും .....

ദയവായി എന്നെ എന്റെ പാടിന് ജീവിക്കാന്‍ അനുവദിക്കുക ....നിങ്ങള്‍ എന്നെ അങ്ങ് സ്നേഹിച്ചു കൊല്ലരുത് ....

വഴിയിലുനില്‍ക്കും മാളോരെ (സാറുമ്മാരെ )
അല്പം മാറി മാറി നില്‍ക്കണേ
അടിയന്‍ ഇത്തിരി മുന്നോട്ടു പോട്ടെ .............

ലിമിറ്റഡ് സ്റ്റോപ്പ്


സ്മിത പി.കുമാർ

ചില കണ്ണുകളില്‍ നോക്കിയാലറിയാം
 തടവറയുടെ ഉള്ളളവുകള്‍,അവയ്ക്കുള്ളിലെ ഉരുകുന്ന  ചൂട്‌ .
അല്ലെങ്കില്‍, ഒരു കല്ലറയിലെ മരവിച്ച ആറടി തണുപ്പിനെ .
ആര്‍ദ്രമായൊന്നു  നോക്കി മന്ദഹസിച്ചാല്‍,കാണാം
മണ്ണിനടിയില്‍ നിന്ന്  പച്ചക്ക്  കത്തുന്ന  വേരുകള്‍
 ആ കണ്ണുകളിലേക്കു പടര്‍ന്നു കയറുന്നത് .
ഒരു ഞൊടിയിട മാത്രം ....!
തിരിച്ചെടുത്ത നോട്ടം ,വേരോടെ പിഴുതെറിയുന്നൊരു
കള പോലെ ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞിരിക്കും.

ചിലരുടെ അടുത്തിരിക്കുമ്പോള്‍
ഓര്‍ത്തു പോവാതിരിക്കില്ല  ഒരു പ്രെഷര്‍ കുക്കറിനെ.
നിറഞ്ഞു കുമിയുന്ന ആവി കലമ്പി ചിതറികൊണ്ടിരിക്കും 
ഉള്ളിലുള്ളതിന്റെ  വേവല്‍  അറിയാം ,അങ്ങിനെ ഉള്ളിന്‍റെ  പാകവും.
ഇടക്ക് സൂചിമുനത്തുമ്പിലെന്ന പോല്‍
കോര്‍ത്തെടുത്തു നീളുന്ന ചില ചുഴലി കൊടുംങ്കാറ്റുകള്‍.
അതും ഒരു ഞൊടിയിട മാത്രം ...
തിരിച്ചെടുക്കാത്തൊരു   നോട്ടം നമ്മുടെ  കണ്ണിനു  മുന്‍പില്‍
ഘനീഭവിച്ചു നില്‍ക്കും ഏറെ നേരം ,പിന്നെയതു
താഴേക്ക്‌ അടര്‍ന്നു വീഴും അത്രമേല്‍ നിരാശയോടെ .

പുറത്തെ കാഴ്ച കണ്ടിരിക്കുന്നവരുടെ ഉള്ളില്‍ എന്തായിരിക്കും ?
അടുത്തിരിക്കുന്നവന്റെ തോളില്‍ തലവെച്ചുറങ്ങുന്നവന്റെ
ശാന്തമായ അടഞ്ഞ  കണ്‍പോളകള്‍ക്കുള്ളില്‍ ?
നിര്‍ത്താതെ ഫോണിലൂടെ   കുറുകുന്ന ആ സുന്ദരിയുടെ
ചുണ്ടിലെ മായാത്ത ചിരിയില്‍  ?
ഇടക്കിടെ സമയം നോക്കി അസ്വസ്തമാവുന്നവരുടെ
മുഖത്തെ വലിഞ്ഞു മുറികിയ ഞരമ്പുകളില്‍ ?
ലക്ഷ്യമെത്തുന്നത് വരെ ഒരു ഇരിപ്പിടം പരതുന്ന
മിഴികളോടെ നില്‍ക്കുന്നവരുടെയുള്ളില്‍ ?
  
ഇറങ്ങേണ്ട സ്റ്റോപ്പ്‌ അടുത്ത് കൊണ്ടിരിക്കുന്നു .
അല്ല ... ,
ഇനി എനിക്ക് നേരെ നീളുന്ന ഏതെങ്കിലും
ഒരു കണ്മുന വായിച്ചെടുക്കുന്നുണ്ടാവുമോ എന്നെ ?
ഇനിയുള്ള  നേരം കണ്ണടച്ചിരിക്കാം .


ചക്രങ്ങളില്‍ നിന്ന്   അക്ഷമയുടെ  മുരള്‍ച്ചകള്‍ കേള്‍ക്കുന്നു  .
 ഒരു തെറി നീട്ടി വിളിക്കുന്ന ഹോണ്‍.
ബസ്സ്‌  ഇപ്പോള്‍ ഗ്രീന്‍ സിഗ്നല്‍ കാത്ത് കിടക്കുകയാവും . 
 ജീവിതങ്ങളും   !

നിലാവിന്റെ വഴി

  ശ്രീപാർവ്വതി
പുഴ കടന്ന് മരങ്ങളുടെ അരികു ചേര്‍ന്ന് 
 വളരെ യാദൃശ്ചികമായാണ്, തലേന്ന് അവിടെ വച്ച് ഒരു മൈസൂര്‍ ട്രിപ്പ് വയനാട് യാത്രയുടെ കൂടെ ചേര്‍ക്കപ്പെട്ടത്. അതിനു കാരണമുണ്ട്. യാത്രയിലെവിടെയോ വച്ച് കണ്ണിലുടക്കിയ ഒരു പ്ലെയ്സ്ബോര്‍ഡ്. മൈസൂര്‍ ഒരു ദിവസം കൊണ്ട് പോയി വരാവുന്ന അകലത്തിലെന്ന് തോല്‍പ്പെട്ടിയിലേയില്‍ കാട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേ ജീപ്പിന്‍റെ ഡ്രൈവര്‍ പറഞ്ഞതോര്‍ത്തു. എന്നാല്‍ പിന്നെ ഒരു അവിചാരിതയാത്ര കൂടി പോയാലോ...
അല്ലെങ്കിലും ചില തീരുമാനങ്ങള്‍ അങ്ങനെയാണ്, വളരെ പെട്ടെന്ന് എടുക്കേണ്ടി വരിക, ശരിയോ തെറ്റോ എന്ന് ആലോചിക്കാന്‍ പോലും ഇട നല്‍കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ പ്രവൃത്തിയുടെ അവസാനം പൂര്‍ണത കൊണ്ടു വരിക..... അതായിരുന്നു ആ യാത്ര.
പിറ്റേന്ന് അതിരാവിലെ തൃശ്ശിലേരി ശിവക്ഷേത്രത്തിലും തൊഴുത്( തിരുനെല്ലിയില്‍ ചിതാഭസ്മം സമര്‍പ്പിക്കാന്‍ വരുന്നവര്‍ ആദ്യം തൃശ്ശിലേരിയില്‍ കുളിച്ചു  തൊഴുതതിനു ശേഷമേ തിരുനെല്ലിയില്‍ ഭസ്മം സമര്‍പ്പികകവൂ എന്നാണ്, വിശ്വാസം, ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നായിരുന്നതു കൊണ്ട് യാത്രയ്ക്കിടയില്‍ അതിനും ഭാഗ്യമുണ്ടായി എന്നു മാത്രം.) കാട്ടിക്കുളം വഴി നേരെ മൈസൂരിലേയ്ക്ക്. ഇരു വശവും കാടുകള്‍ വീണ്ടും മോഹിപ്പിക്കുന്നു. ഇടയ്ക്ക് മനോഹമായ വയലുകളും ചെറിയ ചെറിയ വീടുകളും.
ആ കാട്ടുവഴികളില്‍ മുഴുവന്‍ ഞങ്ങള്‍ തിരഞ്ഞ ഒന്നുണ്ടായിരുന്നു, ഏതൊരു വനയാത്രികന്‍റേയും മനസ്സിലെ സ്വപ്നമായ ആനദര്‍ശനം. കാട്ടാനയെ ദൂരെ നിന്നെങ്കിലും കാണുക ഒരു സാഹസികതയെ കുറിച്ച് പറയുമ്പോലെയാണ്. എന്നാല്‍ ആ മൂന്നു ദിവസവും ഞങ്ങള്‍ക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല, പക്ഷേ ആ കാടു കടന്ന് മൈസൂരിലേയ്ക്ക് തിരികുമ്പോള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല , ഞങ്ങളെ കാത്ത് വലിയൊരു നിധി തിരികെ വഴിയില്‍ കാത്തു നില്‍ക്കുമെന്ന്.
മൈസൂരിലെ തിരക്കുള്ള വീഥിയിലേയ്ക്ക് കടന്നപ്പോള്‍ തന്നെ അതുവരെ ഉണ്ടായിരുന്ന ഉടലിനേയും ആത്മാവിനെ തന്നെയും ഗ്രസിച്ചിരുന്ന ആ തണുപ്പ് നഷ്ടപ്പെട്ട പോലെ...
ആദ്യം കണ്ണില്‍ പെട്ടത് പാലസ് തന്നെയെങ്കിലും. വന്ന വഴി റോഡു പണി കാരണം മാറിപ്പോയതിനാലും എത്തിയപ്പോള്‍ ഉച്ചയായതിനാലും ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ ആണ്, ആദ്യം തേടിയത്. ഭാഷയറിയാത്ത നാട്ടിലാണെങ്കിലും അവശ്യകാര്യങ്ങള്‍ നടക്കുമെന്ന് ആംഗ്യഭാഷയും മുറി ഇംഗ്ലീഷും മനസ്സിലാക്കിത്തന്നു. (വഴി ചോദിച്ച ഒരു വഴിവാണിഭക്കാരനും മുറിയിംഗ്ലീഷ് കാച്ചി). ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷ്ണം തിന്നണം എന്നു പറയുമ്പോലെ, അവിടുത്തെ സ്പെഷ്യല്‍ ഊണു തന്നെ കഴിക്കാന്‍ തീരുമാനിച്ചു. രീതികള്‍ നമ്മുടെ സ്റ്റാര്‍ ഹേട്ടലിലെ പോലെ തന്നെ, ഇവിടെ ചപ്പാത്തിയ്ക്കു പകരം ആദ്യം രണ്ടു പൂരി മസാല, പിന്നീട് നാടന്‍ പൊന്നിയരിച്ചോറ്. പറയാനറിയാത്ത ഒരു കൂട്ടം കറികളും മധുരമായി പായസത്തിനു പകരം കേസരിയും.
ഭക്ഷണത്തിനു ശേഷം നേരെ മൈസൂര്‍ പാലസിലേയ്ക്ക്. വഴിയില്‍ നിന്നു തന്നെ കാണാം പഴയകാലത്തിന്‍റെ പ്രൌഡി വിളിച്ചോതുന്ന ശില്‍പ്പചാരുത.

ഉയര്‍ന്നു നില്‍ക്കുന്ന അകത്തളങ്ങള്‍ വലിയൊരു ഗുഹാമുഖത്തെ ഓര്‍മ്മിപ്പിച്ചു. ഭിത്തിയില്‍ സ്പര്‍ശിച്ചപ്പോള്‍ ഒരു കാലഘട്ടം ഉള്ളില്‍ ഉണര്‍ന്നെണീറ്റ പോലെ, പരസ്പരം പോരടിക്കുന്ന യോദ്ധാക്കളുടെ ഒച്ച, ചോരയൊലിച്ച വാള്‍ത്തലപ്പുകള്‍..... നിറയെ കാഴ്ച്ചക്കാരുണ്ടായിരുന്നെങ്കിലും അതിനുള്ളിലെങ്ങും അകാരണമായി ഒരു മൌനത്തിന്‍റെ ഗന്ധം . പുറത്തിറങ്ങിയിട്ടും, അതെന്നെ കൊതിപ്പിച്ചു കൊണ്ടെയിരുന്നു.
അടുത്ത യാത്ര ശ്രീരംഗപട്ടണത്തിലേയ്ക്ക്. ഒരുകാലത്ത് മൈസൂര്‍ കൊട്ടാരം അടക്കി വാണ ടിപ്പുവിന്‍റെ സ്വന്തം സാമ്രാജ്യം. ഇടിഞ്ഞു പൊളിഞ്ഞ പഴയ കോട്ടകള്‍ വല്ലാതെ കൌതുകമുണര്‍ത്തി. വളരെ ഭംഗിയുള്ള വിഗ്രഹങ്ങളുള്ള രംഗനാഥക്ഷേത്രം, അനന്തശായിയാണ്, ഭഗവാന്‍ അവിടെ നല്ല വലിപ്പമുള്ള വിഗ്രഹം. ഫോട്ടോ എടുക്കാനുള്ള ആവേശത്തോടെയാണ്, ശില്‍പ്പഭംഗിയുള്ല ആ അമ്പലത്തില്‍ കയറിയതെങ്കിലും മുറിയാതെ കേട്ട മന്ത്രജപം എന്തോ ഉള്ളില്‍ തട്ടിയ പോലെ. റ്റിപ്പുവിന്‍റെ ഖബറിലെയ്ക്ക് അവിടുന്ന് വലിയ ദൂരമില്ല. ഭൂമിയ്ക്കടിയിലെ ജെയില്‍, ടിപ്പുവിന്‍റെ വേനല്‍ക്കാല വസതി എല്ലാം അടുത്തടുത്താണ്. ഒരുകാലത്ത് നാടിനെ വിറപ്പിച്ച ഒരു ചരിതപുരുഷനാണ്, മുന്നിലെ പച്ച പട്ടു വിരിച്ച ഖബറിനുള്ലിലെന്നോര്‍ത്തപ്പോള്‍ രോമാഞ്ചം തോന്നി. അദ്ദേഹത്തിന്‍റെ വേനല്‍ക്കാല വസതിയിലെ ആയുധശേഖരം കണ്ട് അതിശയിച്ചു പ്പോയി. എത്രമാത്രം രക്തം വീണിട്ടുണ്ടാഅകും ആ ആയുധങ്ങളില്‍, ഒരുപക്ഷേ ഞങ്ങളുടെ കാലടിപതിഞ്ഞ സ്ഥലങ്ങളില്‍ എത്രയോ മനുഷ്യ ജീവനുകള്‍ അടര്‍ന്നു പോയിരിക്കാം. അതിലേതെങ്കിലും ഒരു വരാന്തയില്‍ എന്നെങ്കിലും ഞാന്‍ ആരെയെങ്കിലും കാത്തിരുന്നിരുന്നുവോ.. ഏതെങ്കിലും ജന്‍മത്തില്‍... അറിയില്ല, പോയ ജന്‍മങ്ങളില്‍ ഈ കൊട്ടാരം എനിക്കന്യമായിരുന്നോ സ്വന്തമായിരുന്നോ എന്ന്...
 ഒരു ദിവസം എത്ര പെട്ടെന്നാണ്, കഴിഞ്ഞു പോയത്. ഏറ്റവുമൊടുവില്‍ അന്നത്തെ സന്ധ്യയെ മനോഹരിയാക്കിയത് വൃന്ദാവന്‍ ഗാര്‍ഡന്‍. മനോഹരമായ പൂക്കളുള്ള , ജലസമൃദ്ധമായ ഉദ്യാനം.
ജലത്തിന്‍റെ കൌതുകകരമായ നൃത്തം, കാണികളുടെ ആവേശം ഓരോ ജലത്തുള്ളിയിലേയ്ക്കും കത്തിപ്പടര്‍ന്ന പോലെ, നിറപ്പൊലിമയില്‍ കൂട്ടം കൂട്ടമായി സ്വദേശികളും വിദേശികളും. ആള്‍ക്കൂട്ടത്തില്‍ ഒന്നായി ഒഴുകുമ്പോള്‍ ഗുജരാത്തിയും ആഫ്രിക്കനും മലയാളിയും ഒരേ താളം. പാട്ടിനൊത്ത് നൃത്തം കളിക്കുന്ന ജലത്തുള്ളികളേപ്പോലെ.
പിറ്റേന്ന് രാവിലെ ഒരു ജന്‍മത്തിന്‍റെ പുണ്യവും പേറി ചാമുണ്ടേശ്വരി മലകളിലേയ്ക്ക്. മലകയറ്റത്തിന്‍റെ ഇടവേളകളിലൊക്കെ ചാമുണ്ടേശ്വരിയുടെ ഭക്തരെ ആകര്‍ഷിക്കാനായി പച്ച നിറത്തില്‍ വലിയ ബോര്‍ഡുകള്‍, സ്ഥലം വ്യക്തമാക്കുന്നവയും ചില അറിയിപ്പുകളും. ആ മലമുകളില്‍ ഇത്ര വിശാലമായ ഒരു മൈതാനം താഴെ നിന്നപ്പോള്‍ സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ചുറ്റും ചെറുകിട കച്ചവടക്കാര്‍, മസാല വില്‍പ്പനക്കാര്‍, കൌതുക വസ്തുക്കളുടെ വില്‍പ്പന എല്ലാമുണ്ട്. എല്ലാറ്റിന്‍റേയും നടുവില്‍ വലിയൊരു ഗോപുരത്തിന്‍റെ പകിട്ട് സ്വര്‍ണ്ണ നിറത്തില്‍ ജ്വലിച്ചു നില്‍ക്കുകയാണ്, ചാമുണ്ടേശ്വരി ദേവിയുടെ ക്ഷേത്രം.
മനസ്സു നിറഞ്ഞ് തൊഴുതു, ഇത്ര മനോഹരമായൊരു യാത്രയുടെ അവസാനം അവസാനം നിന്നില്‍ തന്നെ എന്ന് മൌനമായി പറഞ്ഞ് അവിടെ നിന്ന് ഉച്ചയോടെ തിരികെ നാട്ടിലേയ്ക്ക്.
ഇങ്ങോട്ടുള്ള യാത്ര പോലെ തിരികെയും മറ്റൊരു കാടു വഴി. ഗുണ്ടല്‍പ്പേട്ട്-  ബന്ദിപ്പൂര്‍ -  മുത്തങ്ങ വഴി.  ഗുണ്ടല്‍പ്പേട്ടിലെ ഗ്രാമപ്പകിട്ടില്‍ നിറയെ കൃഷിയിടങ്ങള്‍, കാബേജു തോട്ടങ്ങള്‍, ചെറിയ ചെറിയ പച്ചക്കറിക്കറ്റകള്‍, പലയിടങ്ങളില്‍ നിന്നും വാഹനങ്ങളില്‍ ആളുകള്‍ വന്ന് പച്ചക്കറി വാങ്ങി പോകുന്നു. ഒരിടത്ത് നിര്‍ത്തിയാലോ, വില അറിയാല്ലോ എന്ന ഉദ്ദേശത്തോടെ ഒരു നാട്ടുകടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ഓരോന്നിന്‍റേയും വില കേട്ട് കോരിത്തരിച്ചു പോയി. നാട്ടില്‍ 350 രൂപയ്ക്കു വാങ്ങുന്ന പച്ചക്കറി വാങ്ങിയിട്ടും പിന്നെയും 100 രൂപയ്ക്ക് 10 രൂപ കുറവ്. കഴിവിന്‍റെ പരമാവധി നോക്കിയിട്ടും 100 തികയ്ക്കാന്‍ പറ്റാത്തതിന്‍റെ സങ്കടത്തോടെ ചേച്ചിയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറി. ഈ വിലയ്ക്ക് വാങ്ങുന്ന പച്ചക്കറിയാനല്ലോ ദൈവമേ നമ്മുടെ മാര്‍ക്കറ്റുകളില്‍ അഞ്ച് ഇരട്ടി വിലയില്‍ വില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ അറിയാതെ കൈതിരുമ്മിപ്പോയി.


തിരികെ ബന്ദിപ്പൂര്‍ ചെക്ക് പോസ്റ്റു കടന്ന് നീണ്ട മനോഹരമായ ഹൈവേയില്‍ കടന്നപ്പോള്‍ വിന്‍ഡോ ഗ്ലാസ്സ് താഴ്ത്തി കാടിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ഒരു മാന്‍ അനക്കമോ,  പോത്തനക്കമോ ഉണ്ടോ എന്ന് നോക്കിയായിരുന്നു യാത്ര. പക്ഷേ വളരെ അപ്രതീക്ഷിതമായിട്ടാണ്, അങ്ങു ദൂരെ റോഡിന്‍റെ വലതു വശത്ത് താഴെ ഒരു കറുത്ത പാറ. വണ്ടിയിലിരുന്ന ഒരാള്‍ കൂവി, ദേ........ ആന..............
ആ വശത്തേയ്ക്കായിരുന്നു എല്ലാവരിടേയും കണ്ണുകള്‍,  അടുത്തെത്തിയപ്പോഴാണ്, ഒരു പിടിയാനയാണ്, ചെറിയ കണ്ണുകളുള്ള സുന്ദരി. പിടിയെ കണ്ട ആഹ്ലാദത്തില്‍ ഒരു ഫോട്ടോയ്ക്ക് തയ്യാറെടുക്കുമ്പോഴാണ്, റോഡിന്‍റെ ഇടതു വശത്തു നിന്ന് ഒരു കുട്ടിക്കൊമ്പന്‍ കുറുമ്പന്‍ മെല്ലെ വരുന്നു. അവന്‍ ഞ്ങ്ങളുടെ വളരെ അടുത്ത്. നാട്ടാനയുടെ അടുത്തുള്ള ഭയമില്ലായ്മ എന്തോ ഉള്ളില്‍ കിടക്കുന്നതു കൊണ്ടാവാം അവന്‍ ഞങ്ങളില്‍ ഭയമുണ്ടാക്കിയില്ല, ആവേശമായിരുന്നു.  ദൂരെ മാറി കൊമ്പനെക്കണ്ട് ഒതുക്കിയിട്ടിരുന്ന കര്‍ണാടക ആര്‍ ടി സി ബസ് ഡ്രൈവര്‍ ഇവരെന്താ ഇക്കാണിക്കുന്നത് എന്ന മട്ടില്‍ തല പുരത്തേയ്ക്കിട്ട് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
പെട്ടെന്നാണ്, അവന്, ദേഷ്യം പിടിച്ചത്. ഫോട്ടോ എടുക്കാന്‍ നിര്‍ത്തിയത് അവന്, ഇഷ്ടമായില്ലെന്നു തോന്നുന്നു.( വഴിയരികിലെല്ലാം വാഹനങ്ങള്‍ സ്ലോ പോലും ചെയ്യരുത് എന്ന ബോര്‍ഡ് ആവേശത്തില്‍ ഞങ്ങള്‍ മറന്നിരുന്നു). മസ്തകം കുലുക്കി കൊമ്പന്‍ ഒന്ന് ആഞ്ഞു. പിന്നെ ഒറ്റ അലര്‍ച്ച , തുമ്പിക്കൈ ഉയര്‍ത്തി ഒരു ചാട്ടവും. എങ്ങനെയാണ്, വണ്ടി വെട്ടിച്ചു മാറിയതെന്ന് ചോദിച്ചാല്‍ ഇപ്പോഴും വ്യക്തമല്ല, ഒരു സെക്കന്‍റിന്‍റെ വ്യത്യാസത്തില്‍ രക്ഷപെട്ടു എന്നു പറയുന്നതാകും ശരി.


വണ്ടിയെടുത്ത് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴാണ്, സ്ഥലകാല ബോധം തിരിച്ചു വന്നത്. അതുവരെ നിര്‍വ്വികാരമായൊരു അവസ്ഥയിലൂടെയാണു ഞങ്ങള്‍ കടന്നു പോയത്. ഉണ്ടാകുമായിരുന്നോരു വലിയ അപകടം എന്തൊക്കെയോ പുണ്യങ്ങളുടെ തുക കിഴിച്ചപ്പോള്‍ ഒഴിവായിപ്പോയി എന്നു തന്നെ വിശ്വസിക്കാനാണ്, ഇപ്പോഴും തോന്നുന്നത്.
ആ ഓര്‍മയിലായിരുന്നു തിരികെയുള്ള ഓരോ മിനിറ്റും. മുത്തങ്ങ കാടുകളൊന്നും മനസ്സില്‍ ഒന്നും പതിപ്പിച്ചില്ല, പച്ച പിടിച്ച കുറച്ച് മരങ്ങളല്ലാതെ.
തിരികെ പോരുന്ന വഴി ഗാന്ധിഗ്രാമില്‍ നിന്ന് കുറച്ച് ഗ്രീന്‍ ടീയും, കാപ്പിപ്പൊടിയും, തെയിലയും വാങ്ങി, വയനാട് പോയതിന്, ബാക്കിയുള്ളവരേയും ശിക്ഷിക്കണമല്ലോ. ചുരമിരങ്ങുമ്പോള്‍ വയനാടിനോട് യാത്ര പറയവേ അറിയാതെ ചുണ്ട് ഒന്ന് വിതുമ്പി. ഒരിക്കലും മറക്കാത്ത ഒരു യാത്ര ബാക്കി  വച്ച കുറച്ച് സന്തൊഷങ്ങള്‍ ഞങ്ങളില്‍ നിറയുന്നുണ്ടായിരുന്നു, മനസ്സറിഞ്ഞിട്ടെന്ന പോലെ, യാത്രയുടെ പുണ്യം പോലെ ഒരു ചാറ്റല്‍ മഴ ഞങ്ങള്‍ക്ക് ആശംസകള്‍ നേരാനെത്തി. യാത്ര അവസാനിക്കുമ്പോള്‍ കാണാനാവാതെ ബാക്കി വച്ച ഒരു തുരുത്തു കൂടി നഷ്റ്റബോധമായി ഞങ്ങളില്‍ ഉണ്ട്, എടയ്ക്കല്‍  ഗുഹ. സമയത്തിന്‍റെ പ്രശ്നം കാരണം നഷ്ടപ്പെട്ടു പോയ ആ ആഴമുള്ള സൌന്ദര്യം. ഇനി മറ്റൊരു യാത്രയിലാകാം. എന്തെങ്കിലും ബാക്കി വച്ചാലല്ലേ യാത്രയുടെ സൌന്ദര്യം മായാതെ കിടക്കൂ. പിന്നെയും ആ വഴികളേ ഓര്‍ത്ത് കൊതിക്കാന്‍ പറ്റൂ.

A HUNDRED JUDASES


 nisha g
 [Man claims, "There is God". Again the athiests protest, "No such God". Even if God exists or not, or this topic is far beyond our talks; still man plays many cruel games in the name of God and sacred places of worship. Here is a poor elephant cry. Who finally becomes a martyr in the, hands of these fanatics ...]         '
My swinging ears hear,
            Temple bells melody ring;
An inner grace helps me,
            Bear these festival drums.
Ah! A single step ahead,
            No I cannot now make;
Black iron chains do challenge,
            A sore on my heavy foot.
Memories of forests swim;
            In full coolness towards me,
All in a sudden haze,
            Hides me and my brain.
In Green's plenty a day-
            I did rally my friends
On a dawn few drones;
            hizzed silly stories in ears.
In the dust on hot noons,
            Madly when I sprawled-
Rains came dancing down.
            Rattled on my black bark.
But that two legged fiends;
            Set into tempest our calm days.
A day they came to trap us,
            To take to your service, God!
Bathe me up, gave food heaps,
            Ornamented me, I a king?
Never could I love these all,
            But the green's ripe August fruits,
 Festivals came it's hue and fun,
            Lord your idol sat on my back;

Days I had to stand before you
            your worshippers never let me rest.
 In your sacred name O' Lord,
            I walked many many miles…
Canes cut my coarse black skin;
            you heard it not, Lord?
Here men have in chains locked you,
            your locks stronger than mine;

Under religion’s red banner
            Strongly shout as they like.
A while, if a while you get,
            Just come out of temples, see-
See your million pious;
            Devotees chant your name.
They bow at your feet,
            Pooh! What a true devotion!
A 'hundred Judases' offer you flowers
            My little eyes then softly tear.
Ah! Pain! hundred red flowers
            They sprout out my poor foot;
 Harriers harass my strength,
            And all that in your name.
Ravens! Black Ravens! everywhere. . .
            Around my watery eyes do fly
 In a raving fit my voice cry;
            A whirl-pool before me, my Lord!



കാലമേ നീ



രാജീവ് ടി

കാലമേ നീ
മായ്ക്കരുതതുമാത്രമൊരിക്കലും
കനല്‍ത്തുമ്പിനാലവളെന്‍
കരള്‍ ഭിത്തിയില്‍ കുറിച്ചിട്ടതോന്നുമേ...

വ്യര്‍ത്ഥമായ്‌ തോന്നും
നിനക്കാച്ചുവരെഴുത്തോക്കയും
അര്‍ത്ഥമാണെനിക്കെന്നുമെന്നായുസ്സോടുങ്ങോളം.

കുതിയ്ക്കുന്നലോകപ്പെരുമയ്ക്ക്-
പിന്നില്‍, കിതച്ചോടിവറ്റിയ
നാവുമായ്‌ നിന്നനാള്‍
ഒരുതുള്ളി നെറുകയില്‍
പ്രണയമായ് പെയ്തവള്‍
ഒഴിഞ്ഞയീചില്ലയില്‍
ഇലകളായ്‌ പൂക്കളായ്......

ജ്വൊലിക്കുന്ന സൂര്യച്ചിറകിന്നു കീഴെ
പുകയുന്ന ജീവിതച്ചുരുമായ്‌ നീങ്ങവേ......
നിരതെറ്റി വീണോരു വാക്കില്‍
മുറിഞ്ഞവള്‍
നിഴല്‍പോലുമേകാതെ
മറഞ്ഞുപോയ്‌ കാലമേ....

നില്‍ക്കുന്നുണ്ടിന്നുമതിലൊരു തളിര്‍....
വാടാതെ വിടര്‍ന്നുയിരായ്‌ ചില്ലയില്‍
മൊഴിത്തുള്ളിയാലവള്‍ നനച്ചിട്ട മണ്ണില്‍
തണല്‍ തൂകി നില്‍ക്കുന്നു
നെഞ്ചിലായ് കാലമേ......

മുറിവുകളാണ് ആ അക്ഷരങ്ങള്‍ !
വെളിച്ചംതൊട്ടവളെഴുതിയ
വാക്കുകള്‍ ...
മൂളിയാല്‍പോലും പൊടിക്കു-
മിറ്റുരക്തം !
മായാതെ കിടക്കട്ടെ
മാരിക്കോളമതെന്നിലായ്‌
മാറ്റംകുറിക്കരുതതതില്‍-
മാത്രം കാലമേ ......

സ്വാതന്ത്ര്യം..

 ഷാജഹാൻ നന്മണ്ട
നിലത്തുറക്കാത്ത കാല്‍പാദങ്ങളുമായി വാതില്‍തുറന്ന ഡാനിയേല്‍ കട്ടിലിലേക്ക് വീണ് ഉറക്കംതുടങ്ങി.മുമ്പൊക്കെ അയാള്‍ വരുമ്പോള്‍ കാളിംഗ് ബെല്‍ അമര്‍ത്തി തുറക്കുംവരെ കാത്തിരിക്കുമായിരുന്നു.പിന്നെ തന്റെ അരയില്‍ പിടിച്ച്  തന്നോടടുപ്പിച്ച് ഗാഡമായൊരു സ്നേഹചുംബനം.ശേഷം അന്നന്നത്തെ വിശേഷങ്ങള്‍ പങ്ക്‌വെക്കല്‍. ജസീന്ത ഓര്‍ത്തു.

കമ്പനിയുടെ പുതിയ ഒരു പ്രോജക്ടിനായുള്ള പ്രാരംഭ നടപടികള്‍ തയ്യാറാക്കേണ്ടത് അവളുടെ ചുമതല ആയതിനാലായിരുന്നു മറ്റൊന്നും ചിന്തിക്കാന്‍ പോലുമുള്ള സമയമില്ലായിരുന്നു അവള്‍ക്കു.

മദ്യത്തിന്റെ ലഹരിയില്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്ന ഡാനിയേല്‍ പുലമ്പുന്ന അവ്യക്തവാക്കുകളെ അവഗണിച്ചു അവള്‍ അയാളുടെ ഷൂസും ടൈയും ഊരി വെച്ചു ഏസി ഓണ്‍ ചെയ്യുമ്പോഴേക്കും മുറിയിലാകെ മദ്യത്തിന്റെ മണം നിറയാന്‍ തുടങ്ങിയിരുന്നു.

നിഴലുകല്‍ക്കെല്ലാം ഒരേ നിറമാണ്.പുലരികളില്‍ പിന്നോട്ടാഞ്ഞും നട്ടുച്ചകളില്‍ പതിയിരുന്നും ,പകലറുതികളില്‍ മുന്നോട്ടാഞ്ഞും ആകൃതിയില്‍ വ്യതിയാനം വരുത്തി അവയങ്ങിനെ ഭൂമിയുടെ മുകളില്‍ അടയിരിക്കും.എന്നാല്‍ പ്രണയത്തിനു നിറങ്ങളേറെയാണ്.പുലരികളില്‍ വിരിയുന്ന ഏതൊരു പുഷ്പവും പ്രണയപുഷ്പമാവുമ്പോള്‍ നട്ടുച്ചകളില്‍ കിതച്ചും പകലറുതികളില്‍ നര്ത്തനമാടിയും നിലാവില്‍ ഹൃദയത്തോട് ചേര്‍ന്നും അവയങ്ങിനെ തുടര്ന്നു കൊണ്ടിരിക്കും.

ഡാനിയെലിന്റെ വേദാന്തങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നുവെന്നു ജസീന്ത തിരിച്ചറിഞ്ഞു.അയാളിപ്പോള്‍ പ്രണയിക്കുന്നത് മരുഭൂമിയെയാണ്.തന്റെ പ്രണയം മരണപ്പെട്ടതും അവയെ സംസ്കരിച്ചതും മരുഭൂമിയിലാണെന്ന് ജസീന്ത ആത്മഗതം ചെയ്തു.

അകല്‍ച്ചയുടെ ആരംഭം എവിടെ നിന്നായിരുന്നു ? ഡാനിയെലിനേക്കാള്‍ പ്രതിഫലം വാങ്ങുന്ന തന്റെ പുതിയ ജോലി സമ്പാ ദിച്ചപ്പോഴോ ..?വിവാഹമെന്ന ഉടമ്പടിയില്ലാതെ ഒരുമിച്ചു ജീവിക്കുമ്പോഴും ഇത്തരം അപകര്‍ഷതാബോധം സൂക്ഷിക്കുന്നത് പുരുഷവര്‍ഗ്ഗത്തിന് മൊത്തം അപവാദമാണെന്നവള്‍ നിരീക്ഷിച്ചു.

കത്തുന്ന വേനലിനേക്കാള്‍ ജസീന്ത ഇഷ്ടപ്പെട്ടത്  തോരാതെ പെയ്യുന്ന മഴക്കാലത്തെയായിരുന്നു.വറ്റി വരണ്ടു ഊഷരമായ പുഴയെക്കാള്‍ സ്നേഹിച്ചത് ഒഴുകിയൊഴുകി കടല്‍ സന്ധിക്കുന്ന നദിയെയും, .ഇലകൊഴിഞ്ഞു നഗ്നമായ മേപ്പിള്‍ മരങ്ങളെക്കാള്‍ വിഷു വരുമ്പോള്‍ പൂക്കുന്ന കൊന്നമരവും,കാട്ടുതീ കരിച്ച വനത്തെക്കാള്‍ സ്നേഹിച്ചത് മുറ്റത്തു നിന്നു നോക്കിയാല്‍ കാണുന്ന പച്ചപ്പാടവുമായിരുന്നെങ്കിലും ഡാനിയേല്‍ അവളെ വേനലുരുക്കിയൊഴിച്ചു നഗ്നമാക്കിയ മരുഭൂമിയില്‍ ഒരിക്കലും പൂക്കാത്ത ഇലകൊഴിക്കും വൃക്ഷത്തിനടിയില്‍ അന്തിയുറക്കി..
കമ്പനിയുടെ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട്‌ അനിവാര്യമായ ആദ്യ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രയാക്കാനെത്തിയ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ ജസീന്ത ഡാനിയെലിനെ തിരയാതെ സ്വാതന്ത്ര്യത്തിന്റെ തുറന്നിട്ട ആകാശത്തിലേക്ക് പറന്നുയര്‍ന്നു.

സ്വാതന്ത്ര്യം എന്ന കഥ അടുത്ത ലക്കം  മലയാള സമീക്ഷയില്‍  പ്രസിദ്ധീകരിക്കാന്‍ താല്പര്യപ്പെടുന്നു.
ഷാജഹാന്‍ നന്മണ്ട.

സദാചാരവും സദാചാര പോലീസും

പ്രവീൺ ശേഖർ


എന്താണ് സദാചാരം ? ഞാന്‍ എന്‍റെ മനസ്സിനോട് ഉറക്കം എഴുന്നേറ്റ പാടെ ചോദിച്ചു . 

 വളരെ പക്വമായി ,ശാന്തത കൈവിടാതെ തന്നെ എന്‍റെ മനസ്സ്  
എന്നെ നോക്കി കൊണ്ട്  പറഞ്ഞു .

"സദാചാരം എന്ന് പറഞ്ഞാല്‍ പച്ച മലയാളത്തില്‍ 
"ധാര്‍മികമായി ജീവിതം നയിക്കേണ്ടവന്‍ പാ
ലിക്കേണ്ട ആചാരം" എന്നാണു അര്‍ത്ഥം

അപ്പോള്‍ പിന്നെ സദാചാരി ആരാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ."

അതൊക്കെ പോട്ടെ, അപ്പോള്‍ ആരാണ് സദാചാര പോലീസ് ?????

"സദാചാര പോലീസോ ...? ഗുലുമായല്ലോ .."എന്‍റെ മനസ്സ് മൌനമായ്  പറഞ്ഞു . 

എന്‍റെ മനസ്സിനെ ഉത്തരം തരാതെ  വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല .  വീണ്ടും അതെ ചോദ്യം ആവര്‍ത്തിച്ചു. 

എന്‍റെ മനസ്സിപ്പോള്‍ ഒരേ വിഷയത്തെ കുറിച്ചുള്ള   രണ്ടു ചിന്താഗതികള്‍ കൊണ്ട് സങ്കീര്‍ണമായ ചില ഇടുങ്ങിയ വഴികളിലൂടെ ഓടുകയാണ്. അപ്പോള്‍ പിന്നെ എനിക്കും മനസ്സിന് പിന്നാലെ ഓടിയല്ലേ പറ്റൂ. ഞാനും വിട്ടു കൊടുത്തില്ല, മനസ്സിനേക്കാള്‍ വേഗത്തില്‍ അവനുപിന്നാലെ ഞാനും പാഞ്ഞു. ഒടുക്കം വഴിയിലെവിടെയോ ഉണ്ടായിരുന്ന മരവള്ളികളില്‍ കാലു തട്ടി മനസ്സ് വീണപ്പോള്‍ ഞാന്‍ അവനെ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു.

"പറയടാ ആരാ ഈ സദാചാര പോലീസ് ..നീയും അവനുമായി എന്താ ബന്ധം. കുറച്ചു ദിവസമായി ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിക്കുമ്പോളും പ്രതികരിക്കുമ്പോഴും നീ രണ്ടു തരത്തില്‍ പ്രതികരിക്കുന്നു..അതോ നീയും സദാചാര പോലീസുമാരുടെ കൂട്ടത്തില്‍ പെട്ടവനാണോ ..എടാ മഹാ പാപീ നീ എന്നെ കൂടി കൊലക്ക് കൊടുക്കുമോ ?"

"വിട് ..എന്നെ വിട് ..എനിക്ക് പറയാനുള്ളത് കൂടി നീ കേള്‍ക്കണം " മനസ്സ് എന്‍റെ കയ്യില്‍ കിടന്നു കൊതറി കൊണ്ട് പറഞ്ഞു. ഒടുക്കം അവനെ ഞാന്‍ സ്വതന്ത്രനാക്കി. അവന്‍ കൂടുതല്‍ വാചാലനാകാന്‍ പോകുന്ന പോലെ തോന്നി. 

"നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു ..ഞാന്‍ സദാചാരവാദി തന്നെയാണ്. ധാര്‍മികത  മുഴുവനായി ആചരിക്കുന്നില്ല എങ്കില്‍ കൂടി ആ പേരില്‍ അറിയപ്പെടാനും പ്രവര്‍ത്തിക്കാനും തന്നെയാണ്  എനിക്കിഷ്ടം. പക്ഷെ അത് നീ കരുതുന്നത് പോലെ സദാചാര പോലീസിനെ പോലെയല്ല. അവരുമായി എനിക്കൊരു ബന്ധവും ഇല്ല. അവരോടു പല രീതിയിലും എനിക്ക് വിയോജിപ്പുണ്ട്. പക്ഷെ .."

"പക്ഷെ..എന്ത് പക്ഷെ ..? ഈ പക്ഷേയെ കുറിച്ചാണ് എനിക്കറിയേണ്ടത് ..എനിക്കീ സദാചാരത്തിലും കോപ്പിലും ഒന്നും വിശ്വാസമില്ല എന്ന് നിനക്കറിയില്ലേ..എന്നെ കൂടി ചീത്ത പേര് കേള്‍പ്പിക്കാന്‍ ആണോ നീ എന്‍റെ ഉള്ളില്‍ കിടന്നു സദാചാരം പ്രസംഗിക്കുന്നത് ?" ഞാന്‍ അല്‍പ്പം ദ്വേഷ്യത്തോടെ തന്നെ ചോദിച്ചു. 

"നീ സദാചാരത്തെ ഫേസ് ബുക്കില്‍ കൂടിയല്ലേ വിമര്‍ശിക്കുന്നത് ..നിന്‍റെ പ്രതികരണങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണ്.    സത്യത്തില്‍ നീ ഒരു കപട നിരീശ്വരവാദിയും , കപട മതേതരവാദിയും സര്‍വോപരി പകല്‍ മാന്യനുമാണ് .."

"ഞാനോ ..?..നീ എന്നെ വെറുതെ കരിവാരി തേക്കാന്‍ ശ്രമിക്കണ്ട " 

ഞാനും എന്‍റെ മനസ്സും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങള്‍
 അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു. വാദി
 പ്രതിയായ മട്ടില്‍ നില്‍ക്കുന്ന എന്നെയും , പോലീസിനെ പിടിച്ച
 കള്ളനെ പോലെ നില്‍ക്കുന്ന എന്‍റെ മനസ്സിനെയും പിടിച്ചു 
മാറ്റാന്‍ ഞങ്ങളുടെ നിഴലുകള്‍ രംഗത്തെത്തി. അവര്‍ ഞങ്ങളെ ദൂരെ മലയുടെ മുകളിലുള്ള ഒരു ആല്‍മര ചുവട്ടിലേക്ക്‌ കൊണ്ട് പോയി. അവിടെയാണത്രെ ആശയ സംഘര്‍ഷങ്ങളുടെ  അന്ധത അകറ്റുന്ന  ഗുരു , ധ്യാനത്തിനായി വന്നു പോകാറുള്ളത്. അങ്ങനെ ഞാനും എന്‍റെ മനസ്സും പിന്നെ ഞങ്ങളുടെ രണ്ടു പേരുടെയും രണ്ടു നിഴലുകളും കൂടി ഗുരുവിനെ കാണാന്‍ വേണ്ടി മല മുകളിലേക്ക്  യാത്രയായി. 

മല മുകളില്‍,  ഗുരുവിനെ ഞങ്ങള്‍ ആരും കണ്ടില്ല  , പകരം ആല്‍ച്ചുവട്ടില്‍ ഒരു ദിവ്യ പ്രകാശത്തെ കണ്ടു. അത് ഗുരു തന്നെയായിരുന്നു എന്ന് വിശ്വസിക്കാനെ തല്‍ക്കാലം നിവര്‍ത്തിയുള്ളൂ.  ഞങ്ങള്‍ ഒന്നും പറയാതെ തന്നെ, അദ്ദേഹം വെളിച്ചത്തിന്‍റെ രൂപത്തില്‍ ഞങ്ങള്‍ക്ക് പല ഉത്തരങ്ങളും പറഞ്ഞു തന്നു. ഞങ്ങളുടെ ആശയ സംഘര്‍ഷങ്ങള്‍ പാടെ ഇല്ലാതെയായ പോലെയായി. അപ്പോഴേക്കും മലമുകളില്‍ നിന്നും താഴേക്കു സൂര്യന്‍ അസ്തമിച്ചു പോയിരുന്നു. ഞങ്ങളുടെ നിഴലുകള്‍ എവിടെയോ അലിഞ്ഞു പോയിരിക്കുന്നു. ഗുരുവും ആല്‍ത്തറയില്‍ നിന്നു മടങ്ങി പോയിരിക്കുന്നു. ആലിലകള്‍, കാറ്റില്‍ നിശബ്ദമായി ഞങ്ങള്‍ക്ക് യാത്രാ മംഗളം നേര്‍ന്നപ്പോള്‍ ഞങ്ങള്‍ ഇരുവരും കൈ കോര്‍ത്തു പിണച്ചു കൊണ്ട് മലയിറങ്ങാന്‍ തുടങ്ങി. 

ഇപ്പോള്‍ സദാചാരത്തെ കുറിച്ചും സദാചാര പോലീസിനെ കുറിച്ചും നിനക്കെന്തു തോന്നുന്നു ? മനസ്സ് എന്നോട് ചോദിച്ചു. 

"സദാചാരം സമൂഹത്തിനു നല്ലത് തന്നെയാണ്. ഓരോരുത്തരും പഠിച്ചറിഞ്ഞ  സദാചാരം മറ്റൊരാള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി ചട്ടക്കൂടുകളില്‍ നിന്നും സദാചാര വാളുകളുമായി ചാടിയിറങ്ങുമ്പോള്‍ ആണ് സദാചാര പോലീസുമാര്‍ ഉണ്ടാകുന്നത് . ഒരാണും പെണ്ണും കൂടി ഒരുമിച്ചു യാത്ര ചെയ്താലോ , സംസാരിച്ചാലോ തകരുന്നതല്ല യഥാര്‍ത്ഥ  സദാചാരവും സദാചാരബോധവും. അതെ സമയം ഇവിടെ സദാചാര മൂല്യങ്ങള്‍ക്ക് എന്ത് പ്രസക്തി എന്ന് വെല്ലു വിളിച്ചു കൊണ്ട് എന്ത് ആഭാസത്തരവും കാണിച്ചു കൂട്ടുന്ന വര്‍ഗത്തിനോട് പുച്ഛവും തോന്നുന്നു. 

സദാചാര പോലീസ് വിചാരണ ചെയ്ത ഈ അടുത്ത കാലത്തെ സംഭവവികാസങ്ങള്‍ നമ്മളെ ഞെട്ടിപ്പിക്കുന്നത്‌ തന്നെയായിരുന്നു.  രാത്രിയില്‍ ബൈക്കില്‍ ഭാര്യയും ഭര്‍ത്താവും കൂടി സഞ്ചരിക്കുമ്പോള്‍ കൈയ്യില്‍ മാരേജ് സെര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം എന്നാണോ ഇവിടത്തെ സദാചാര പോലീസുമാര്‍ പറയുന്നത് ? അല്ല. അവര്‍ക്ക് വേണ്ടത് അതൊന്നുമല്ല. എല്ലാ വിഷയങ്ങളിലും വികൃതമായ ലൈംഗിക വീക്ഷണം കൊണ്ട് ആസ്വാദനം നടത്തുക അത് സാധിച്ചില്ലെങ്കില്‍ സദാചാരത്തിന്‍റെ പേരും പറഞ്ഞ് സമൂഹത്തെ  ചോദ്യം ചെയ്യുക എന്നത് മാത്രമാണ് സദാചാര പോലീസ് ചെയ്യുന്നത്. "

സദാചാര പോലീസിനെ നമ്മള്‍ വിമര്‍ശിച്ചേ മതിയാകൂ. അതെ സമയം നമ്മുടെ സദാചാരവും സദാചാര ബോധവും  എവിടെ വരെ ചെന്നെത്തിയിരിക്കുന്നു എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. സദാചാര പോലീസിനെ വളരെ കര്‍ശനമായി വിമര്‍ശിക്കുന്ന ആളുകളുടെ ഉദ്ദേശ്യശുദ്ധിയെ കൂടി സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സാരം. അവരുടെ അഭിപ്രായ പ്രകാരം ഒരു സമ്പൂര്‍ണ സോഷ്യലിസം ആണ് ഇന്നാട്ടില്‍ നടപ്പിലാകേണ്ടത്. 

അതായത് ഒരാണിനെയും പെണ്ണിനേയും കൂടി സംശയാസ്പദമായി ഏത് സാഹചര്യത്തില്‍ എത്ര മോശം സാഹചര്യത്തില്‍ കണ്ടാലും കാണുന്നവര്‍ കണ്ടില്ലാന്നു നടിക്കണം, ആണിന് ബാറില്‍ പോയി കള്ള് കുടിക്കാമെങ്കില്‍ പെണ്ണിനും വേണം ആ സ്വാതന്ത്ര്യം , ഒരാണിനും പെണ്ണിനും കൂടി ശരീരം പങ്കു വച്ച്  ഒരുമിച്ചു ജീവിക്കാന്‍ നിയമപരമായി വിവാഹം കഴിക്കേണ്ട ആവശ്യം തന്നെ പാടില്ല, പ്രണയദിനം, ന്യൂ ഇയര്‍ ദിനങ്ങളില്‍ തെരുവുകളില്‍ കൂടി ആണും പെണ്ണും കൂത്താടി നടന്നാല്‍ പോലും ആരും അതൊന്നും കണ്ടെന്നു നടിക്കരുത് , വിമര്‍ശിക്കരുത് ..എന്ന് തുടങ്ങുന്ന ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്‌ ഇത്തരം വിമര്‍ശകര്‍ക്ക്. ഇവിടെ ഇവരോടൊക്കെ ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ. 

"നിങ്ങള്‍ നിങ്ങളുടെ മക്കളെയും മരുമക്കളെയും ഇങ്ങനെയുള്ള കൂത്താട്ടമാണോ  സോറി , ഇങ്ങനെയുള്ള സദാചാരമാണോ പഠിപ്പിക്കുന്നത്‌ ?അതോ ഇത് തന്നെയാണോ മുഴുവന്‍ സമൂഹവും പഠിക്കേണ്ടതും പിന്തുടരേണ്ടതുമായ  സദാചാരം എന്ന്  നിങ്ങള്‍ അവകാശപ്പെടുന്ന  സര്‍വ  സ്വാതന്ത്ര്യ സമത്വ  ആശയങ്ങള്‍ ??"

എന്‍റെ ഈ   നീണ്ട പ്രസംഗം കേട്ടിട്ട് കണ്ണ് തുറുപ്പിച്ചു നില്‍ക്കുന്ന മനസ്സ് എന്നോട് പറഞ്ഞു 

"ഇത്  തന്നെയല്ലേ ഞാനും പറഞ്ഞിരുന്നുള്ളൂ..അതിനു നീയെന്നെ സദാചാര പോലീസായി സംശയിക്കേണ്ട കാര്യമില്ലായിരുന്നു. ഇപ്പോള്‍ നമുക്ക് രണ്ടു പേര്‍ക്കും കൂടി ഒരഭിപ്രായം തന്നെയല്ലേ ഈ കാര്യത്തില്‍?. നീ പറഞ്ഞ പോലെ ഇവിടെ സദാചാര പോലീസ് ചമയുന്നത് ഇത്തരം കപട സദാചാരികള്‍ തന്നെയാണ്. അതിനു ഇരയാകുന്നത് നിരപരാധികളും.

ഒരാളുടെ സദാചാരബോധം മറ്റൊരാളില്‍ നിന്നും വ്യത്യസ്തമാകാം. അത്  സ്വാഭാവികം. ഇത്തരത്തില്‍ വ്യത്യസ്തമായ സദാചാര രീതികള്‍ സമൂഹത്തില്‍ നിലവില്‍ ഉള്ളത് കൊണ്ട്  ഒന്ന്  ശരി, ഒന്ന്  തെറ്റ്  എന്ന്  പറഞ്ഞു  കൊണ്ട്    മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും  പറ്റില്ല  എന്നതാണ്  ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. 
അതിനു ശ്രമിക്കുന്നവരാണ്  സമൂഹത്തിലേക്കു സദാചാര  പോലീസായി രംഗ  പ്രവേശനം ചെയ്യുന്നത് . 

യഥാര്‍ത്ഥ  സദാചാരത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക്  
ഇവിടെ ഈ  രാജ്യത്തിലെ നിലവിലുള്ള നിയമ  വ്യവസ്ഥകളെ മാറ്റി നിര്‍ത്തിക്കൊണ്ട് സ്വമേധയാ ഒരാള്‍ക്കും ശിക്ഷ വിധിക്കാന്‍ കഴിയുകയില്ല. സദാചാരം  അടിച്ചേല്‍പ്പിക്കാന്‍ പാകത്തിലുള്ള ഒന്നല്ല, അത് ഓരോരുത്തരുടെയും വ്യക്തിപരമായ സംസ്ക്കാരത്തിന്‍റെ ഭാഗം കൂടിയാണ് എന്നുള്ളത് കൊണ്ട്  സദാചാര ബോധം ഉള്ളവനെയും ഇല്ലാത്തവനെയും തല്‍ക്കാലം മാനിച്ചേ മതിയാകൂ.
പക്ഷെ,  പൊതു സദാചാരത്തെ ചോദ്യം ചെയ്യുന്ന  തരത്തിലുള്ള  ആഭാസ -പ്രഹസന - പ്രകടനങ്ങള്‍ ,സദാചാര വിശ്വാസം വച്ച് പുലര്‍ത്തുന്ന ഒരു സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്  ഇടിച്ചു കയറി വരുന്നത്  തടയേണ്ടത് തന്നെയാണ്. അത് പക്ഷെ, സദാചാര പോലീസുമാരുടെ നേതൃത്വത്തില്‍ ആയിരിക്കരുത്. ഈ രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തന്നെ ഇത്തരം കടന്നു കയറ്റങ്ങള്‍ ചെറുക്കപ്പെടെണ്ടത് സാമൂഹ്യ   സംസ്കൃതി നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്‍റെ കൂടി ആവശ്യകതയാണ്.  "

നിയമ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ ഒരു സദാചാര പോലീസിനും അധികാരമില്ല. 

                            *****************************************************

ഇവിടെ ഈ വിഷയത്തെ കുറിച്ചുള്ള ഈ  അഭിപ്രായത്തില്‍ ഞാനും എന്‍റെ മനസ്സും വീണ്ടും ഒന്നിക്കുന്നു. അതെ സമയത്ത്  ഞങ്ങള്‍ തമ്മിലുള്ള  പുതിയൊരു   ആശയസംഘര്‍ഷത്തിനു വഴിയോരുക്കാനെന്ന  തരത്തില്‍ പത്രത്തില്‍  നാളെ ഒരു വാര്‍ത്ത ചിലപ്പോള്‍ കണ്ടേക്കാം. 

"സംശയാസ്പദമായി, യുവാവിനെയും യുവതിയെയും രാത്രിയില്‍  കണ്ടപ്പോള്‍,  സദാചാര  പോലീസ്  ചമഞ്ഞ്  ചെന്ന ഒരു കൂട്ടം ആളുകളെ മറ്റൊരു കൂട്ടം ജനങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. സദാചാര പോലീസിനെ എതിര്‍ക്കുകയും മര്‍ദ്ദിക്കുകയും പിന്നീട് കൊല്ലുകയും ചെയ്ത  ഈ ജനക്കൂട്ടായ്മയെ എന്ത്  വിളിക്കും എന്ന ആശയക്കുഴപ്പത്തില്‍ ആണ് പത്രമാധ്യമങ്ങള്‍..  ആദ്യത്തേത് സദാചാര പോലീസെങ്കില്‍ ഇതിനെ സദാചാര കള്ളന്മാരെന്ന് വിളിച്ചാലോ എന്നുള്ള ചര്‍ച്ചയും ചാനലുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. "

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...