“സുബ്രഹ്മണ്യൻ സാറില്ലേ?“
ശബ്ദം
ഒരു വനിതയുടേതായിരുന്നു. പൂമുഖത്തുനിന്നുള്ള ആ ചോദ്യം കേട്ട് സൌദാമിനി ഉടൻ
തന്നെ ചെന്നു വാതിൽ തുറന്നു. ചുരിദാർ ധരിച്ച ഒരു വനിത.
“എന്താ നിസാ, എന്തെങ്കിലുമുണ്ടോ?”
നിസയാണ് ഇപ്പോഴത്തെ ഞങ്ങളുടെ പോസ്റ്റ്മാൻ, അഥവാ, പോസ്റ്റ് വുമൻ.
“സാറിനൊരു റെജിസ്റ്റേഡുണ്ട്. സാറില്ലേ?”
“ദാ
ഒന്നു വരിൻ. നിങ്ങൾക്കൊരു റെജിസ്റ്റേഡുണ്ട്.” സൌദാമിനി
വിളിച്ചുപറയുന്നതുകേട്ടു ഞാൻ ധൃതിയിൽ വരാന്തയിലേയ്ക്കു വന്നു.
റെജിസ്റ്റേഡോ? അതെവിടുന്നായിരിയ്ക്കും?
ഷെഡ്യൂളിൽ നിസ
ചൂണ്ടിക്കാണിച്ചിടത്ത് ഒപ്പിട്ടു റെജിസ്റ്റേഡ് കവർ കൈപ്പറ്റുന്നതിന്നിടയിൽ
സൌദാമിനി ഒരു ഗ്ലാസു തണുത്ത വെള്ളം കൊണ്ടു വന്നു. “നല്ല ചൂടല്ലേ, നിസാ. ദാ,
ഈ വെള്ളം കുടിച്ചോളൂ.”
എവിടുന്നായിരിയ്ക്കാം ഈ
റെജിസ്റ്റേഡ് കവർ? കടംതിരിച്ചടവു മുടങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
അന്നു ഭയപ്പെട്ടിരുന്നത് ജപ്തിനോട്ടീസിനെയായിരുന്നു. ഇന്നിപ്പോൾ
കടബാദ്ധ്യതകളിൽ നിന്നു രക്ഷപ്പെട്ടിരിയ്ക്കുന്നതിനാൽ ഇതൊരു ജപ്തിനോട്ടീസ്
ആകാൻ തീരെ സാദ്ധ്യതയില്ല.
അയച്ച ആളുടെ പേരും
വിലാസവും നോക്കി: “പി കെ ബാലകൃഷ്ണൻ, മറ്റത്തറ വീട്, കൂടാളി പി ഓ, കണ്ണൂർ.”
പേരും വിലാസവും അപരിചിതമായിത്തോന്നി. കൂടാളി, കണ്ണൂർ…കണ്ണൂർ
എവിടെയാണെന്നു നന്നായറിയാം. പക്ഷേ, കൂടാളി എവിടെയെന്നറിയില്ല.
ഇതിനൊക്കെപ്പുറമേ, പി കെ ബാലകൃഷ്ണൻ എന്നൊരു പേര് ഓർമ്മയിൽ എവിടേയുമില്ല.
പി കെ ബാലകൃഷ്ണൻ
എന്നൊരു പേര് ഓർമ്മയിൽ നിന്നു ചികഞ്ഞെടുക്കാനുള്ള ശ്രമം ഞാൻ
തുടരുന്നതിന്നിടയിൽ, സൌദാമിനി എന്റെ കൈയ്യിൽ നിന്ന് കവർ പിടിച്ചു വാങ്ങി,
അതിന്റെ ഒരറ്റം സൂക്ഷിച്ചു തുറന്നു.
ഒരു തുണ്ടു കടലാസ്സും, അതിനോടൊപ്പം ഒരു ചെക്കുമാണ് കവറിലുണ്ടായിരുന്നത്.
“ഇരുപതിനായിരം
രൂപ! കോളടിച്ചല്ലോ” എന്നു പറഞ്ഞുകൊണ്ട് ചെക്ക് സൌദാമിനി എന്റെ
കൈയ്യിലേയ്ക്കു തന്നു. തുണ്ടു കടലാസ്സിൽ എന്തോ കുറിച്ചിട്ടുണ്ടായിരുന്നത്,
അവൾ ഉറക്കെ വായിച്ചു:
“സാർ, പണ്ടു കടം വാങ്ങിയിരുന്ന പതിനായിരം രൂപ പലിശയോടെ തിരിച്ചു തരുന്നു. ഇതു സ്വീകരിയ്ക്കണം. താഴ്മയോടെ കെ ബാലകൃഷ്ണൻ.”
“ഇതാർക്കാ
പതിനായിരം രൂപ കടം കൊടുത്തിരുന്നത്? അതും ഞാനറിയാതെ?” പുരികമുയർത്തി, തല
ചെരിച്ചുപിടിച്ച്, ചുഴിഞ്ഞുനോട്ടത്തിലൂടെ കള്ളത്തരം
കണ്ടുപിടിയ്ക്കുമ്പോഴുള്ള അവളുടെ പതിവു ഭാവത്തിൽ സൌദാമിനി ചോദിച്ചു.
“നീയറിയാത്ത ഒരു രഹസ്യവും എനിയ്ക്കില്ല, തങ്കം.”
അപൂർവ്വമായിമാത്രം
കേൾക്കാറുള്ള ‘തങ്കം’ പ്രയോഗം ആസ്വദിച്ച് അവൾ പൊട്ടിച്ചിരിച്ചു. “കാശു
കിട്ടിയപ്പോ ആളു ഫോമായി!“ കൈയ്യിൽ നിറയെ കാശുള്ളപ്പോൾ എനിയ്ക്കവളോടുള്ള
സ്നേഹം അതിരുകവിയുമെന്ന് അനുഭവത്തിൽ നിന്ന് അവൾക്കറിയാം. “അതിരിയ്ക്കട്ടെ,
എന്നാണീ ബാലകൃഷ്ണനു കടം കൊടുത്തത്?”
“ആവോ. എനിയ്ക്കോർമ്മയില്ല.” വാസ്തവത്തിൽ എനിയ്ക്കോർമ്മയില്ലായിരുന്നു.
“ഇനി ‘ബാലകൃഷ്ണൻ’ വല്ല വനിതയോ മറ്റോ ആണോ!“
കടംവാങ്ങിയിരുന്നയാൾ വനിതയാണെങ്കിൽ, ആ വനിതയെക്കൊണ്ട് പേരുമാറ്റിപ്പറയിച്ച്
സൌദാമിനിയുടെ ചോദ്യശരങ്ങളിൽ നിന്നു തടിതപ്പാനുള്ള ശ്രമം ഞാൻ നടത്തിയതാണോ
എന്നായിരുന്നു, അവളുടെ ചോദ്യത്തിന്റെ അർത്ഥം. അർത്ഥം മനസ്സിലാക്കി ഞാനും
ചിരിച്ചു.
പക്ഷേ, ചെക്ക് അയച്ചുതന്നയാൾ ആരായിരിയ്ക്കുമെന്ന് ഒരു പിടുത്തവും കിട്ടിയില്ല.
കവറും
ചെക്കും ഞാൻ തിരിച്ചും മറിച്ചും നോക്കി. എച്ച് ഡി എഫ് സി ബാങ്ക് കൂടാളി
ബ്രാഞ്ചിന്റേതാണു ചെക്ക്. പേയിയുടെ സ്ഥാനത്ത് എന്റെ പേർ വ്യക്തമായിത്തന്നെ
എഴുതിയിരിയ്ക്കുന്നു. കവറിന്റെ പുറത്തെഴുതിയിരിയ്ക്കുന്ന മേൽവിലാസവും
വ്യക്തം: പി കെ സുബ്രഹ്മണ്യൻ, പുല്ലാനിക്കാട് വീട്, നിയർ കുളക്കടവ്
സ്റ്റോപ്പ്, മൂത്തകുന്നം പോസ്റ്റോഫീസ്, പിൻകോഡ് –
അങ്ങനെ എല്ലാം എന്റേതു
തന്നെ. കൃത്യമായെഴുതിയ മേൽവിലാസം കണ്ടപ്പോൾ മറ്റാർക്കെങ്കിലുമുള്ള കവർ
പോസ്റ്റുവുമൻ നിസ തെറ്റി എനിയ്ക്കു ഡെലിവറി ചെയ്തതാകാൻ തീരെ
സാദ്ധ്യതയില്ലെന്നു തോന്നി. ചെക്ക് എനിയ്ക്കുള്ളതുതന്നെയാണ് എന്ന്
എന്തുകൊണ്ടോ എനിയ്ക്കുറപ്പായി.
സൌദാമിനിയ്ക്ക് ടൌണിൽ
പോകേണ്ട കാര്യമുണ്ടായിരുന്നതുകൊണ്ട് അവൾ ചെക്കു കൊണ്ടുപോയി ബാങ്കിൽ
കൊടുത്തു. “വല്ല പിടുത്തവും കിട്ടിയോ?” എന്നു ചോദിച്ചുകൊണ്ടാണവൾ തിരികെ
വന്നു കയറിയത്.
വളരെ, വളരെ വർഷങ്ങൾക്കു
മുൻപ് ഒരു സംഭവമുണ്ടായിരുന്നു. പക്ഷേ ആ സംഭവത്തിലെ ആളുടെ പേരു ചോദിയ്ക്കാൻ
അന്നു വിട്ടുപോയിരുന്നു. ഒരുപക്ഷേ അയാൾ തന്നെയാകുമോ?
കൂടുതൽ ആലോചിച്ചപ്പോൾ, ആൾ അതുതന്നെയെന്നു മനസ്സു പറയാൻ തുടങ്ങി.
വർഷങ്ങൾക്കു മുൻപ്
ഓടിട്ടിരുന്ന പഴയ വീട് പൊളിച്ചു പണിതിരുന്നു. പഴയവീട് പൊളിച്ചു
പണിയുന്നതിന്നിടയിൽ ഏതാനും ദിവസം പകലും രാത്രിയും മുൻവശത്തെ വാതിൽ തുറന്നു
കിടന്നിരുന്നു. മുൻവശത്തെ ഭിത്തി പൊളിച്ച് പഴയ കട്ടിളയുടെ സ്ഥാനത്ത് ഭാരം
കൂടിയ, പുതിയ ഒരെണ്ണം പ്രതിഷ്ഠിച്ചു. അതു സെറ്റാകുന്നതുവരെ ഏതാനും ദിവസം
വീടിന്റെ മുൻവശം മിയ്ക്കവാറും തുറന്നു തന്നെ കിടന്നു. പട്ടികളും മറ്റും
കടക്കാതിരിയ്ക്കാൻ വേണ്ടി മുൻവശത്ത് ചില തടസ്സങ്ങൾ
സൃഷ്ടിച്ചിരുന്നെങ്കിലും മനുഷ്യർക്ക് വേണമെങ്കിൽ വലിയ ബുദ്ധിമുട്ടു കൂടാതെ
അകത്തു കടക്കാമായിരുന്നു.
വീടിന്റെ ഭദ്രതക്കുറവു
മൂലം സൌദാമിനി ആ രാത്രികളിൽ അല്പമകലെയുള്ള ഒരു ബന്ധുവീട്ടിൽ പോയി കിടന്നു.
പുതുക്കിപ്പണിയ്ക്കിടയിൽ ചെലവു ചുരുക്കാൻ വേണ്ടി, ബുദ്ധിമുട്ടു
സഹിച്ചാണെങ്കിലും ഞാൻ ശേഷിച്ച ഒരു മുറിയിൽത്തന്നെ കഷ്ടിച്ചു കഴിഞ്ഞുകൂടി.
കട്ടിൽ, മേശ, അലമാര, ഇതൊക്കെക്കൊണ്ട് ആ മുറി നിറഞ്ഞിരുന്നു. കതകിന്റെ
സ്ഥാനത്ത് ഒരു കർട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അവശേഷിച്ചിരുന്ന
ലൈറ്റുകളെല്ലാം രാത്രി മുഴുവൻ തെളിയിച്ചിട്ടിരുന്നു.
അക്കാലത്ത്
വീടിന്നടുത്ത് ടാറിട്ട റോഡില്ലായിരുന്നു. ഒരല്പം വീതിയുള്ള ഇടവഴി
മാത്രമാണുണ്ടായിരുന്നത്. തൊട്ടപ്പുറത്തും ഇപ്പുറത്തും ഒരേ കുടുംബം പോലെ
സ്നേഹത്തിലും സഹകരണത്തിലും കഴിയുന്ന അയൽ വീടുകളും, അവയ്ക്കിടയിൽ
ശീമക്കൊന്നയുടെ കൊമ്പൊടിച്ചു നട്ടുണ്ടാക്കിയ, പേരിനു മാത്രമുള്ള വേലിയും.
വേലി മിയ്ക്കയിടങ്ങളിലും അങ്ങോട്ടുമിങ്ങോട്ടും ആർക്കും നിർബ്ബാധം കടക്കാവും
വിധം തുറന്നു കിടന്നിരുന്നു.
ആ ഏതാനും ദിവസങ്ങളിലെ
ഒരു രാത്രിയിൽ എന്തോ ഒരു ശബ്ദം കേട്ടു ഞാൻ കണ്ണു തുറന്നു. നോക്കിയപ്പോൾ
കട്ടിലിന്റെ കാൽക്കലുണ്ടായിരുന്ന, മരത്തിന്റെ അലമാര തുറക്കാൻ
ശ്രമിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. അലമാര തുറക്കാൻ
ശ്രമിച്ചപ്പോഴുണ്ടായ ശബ്ദമായിരിയ്ക്കണം എന്നെ ഉണർത്തിയത്.
അലമാര പൂട്ടി വച്ചിരുന്നു. താക്കോൽ എന്റെ കിടക്കയുടെ അടിയിലുമായിരുന്നു.
വീടുപണിയ്ക്ക്
പണമാവശ്യമായിരുന്നെങ്കിലും വീടിന്റെ തത്കാലത്തെ ഭദ്രതക്കുറവു പരിഗണിച്ച്
ബാങ്കിൽ നിന്ന് അന്നാന്നത്തെ ആവശ്യത്തിനുള്ള പണം
എടുത്തുകൊണ്ടുവരികയായിരുന്നു, പതിവ്. പാസ്സ്ബുക്കാകട്ടെ പതിച്ചുകിട്ടാൻ
വേണ്ടി ബാങ്കിൽത്തന്നെ കൊടുത്തിരിയ്ക്കുകയുമായിരുന്നു. ഡെബിറ്റ്
കാർഡിനെപ്പറ്റിയും ഏ ടി എമ്മിനെപ്പറ്റിയുമെല്ലാം അന്നു
കേട്ടിട്ടുപോലുമില്ലായിരുന്നു.
സൌദാമിനിയ്ക്ക് അല്പം
ആഭരണങ്ങളുണ്ടായിരുന്നു. ഭാഗ്യത്തിന് അവയെല്ലാം ബാങ്കിലെ ലോക്കറിൽ
ഭദ്രമായിരുന്നു. ലോക്കറിന്റെ താക്കോൽ സുരക്ഷിതമായി സൌദാമിനി
കൊണ്ടുപോയിരുന്ന തോൾസഞ്ചിയിലും. അത് വലിയൊരാശ്വാസത്തിനു വക നൽകി.
ഇതിനൊക്കെപ്പുറമേ കള്ളൻ
എന്നേക്കാൾ വലിപ്പം കുറഞ്ഞ ഒരാളുമായിരുന്നു. കള്ളന്മാർ
ഭീകരരൂപികളായിരിയ്ക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മനസ്സിൽ
ഉടലെടുത്തിരുന്ന കള്ളന്മാരുടെ ക്രൂരചിത്രവുമായി ഈ കള്ളന് യാതൊരു
സാമ്യവുമുണ്ടായിരുന്നില്ല.
മോഷണത്തിന്നായി വരുന്ന കള്ളന്മാർ സാധാരണയായി സ്വയരക്ഷയ്ക്കല്ലാതെ ദേഹോപദ്രവമേൽപ്പിയ്ക്കാറില്ലെന്നും പറഞ്ഞുകേട്ടിരുന്നു. എങ്ങനെയെങ്കിലും മോഷണം നടത്തി കഴിയുംവേഗം സ്ഥലം വിടാനായിരിയ്ക്കും അവരുടെ താത്പര്യമത്രെ.
ഇതൊക്കെയോർത്തപ്പോൾ എനിയ്ക്കല്പം ധൈര്യം കിട്ടി. “താനെന്താ ഈ ചെയ്യുന്നേ?” ഞാൻ ചോദിച്ചു.
കള്ളൻ
ഞെട്ടിത്തിരിഞ്ഞു നോക്കി. കിടക്കയിൽ നിശ്ശബ്ദമായി എഴുന്നേറ്റിരുന്നിരുന്ന
എന്നെ കണ്ടപാടെ മുണ്ടിന്റെ മടക്കിക്കുത്തഴിച്ച്, ഷർട്ടുയർത്തി അരയിൽ
തിരുകിയിരുന്ന മടക്കു കത്തിയെടുത്തു നിവർത്തി, എന്റെ നേരേ നീട്ടി.
ഇത്തവണ ഞെട്ടിയതു ഞാനായിരുന്നു. കത്തി ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.
അല്പം
കഴിഞ്ഞപ്പോൾ, നീട്ടിപ്പിടിച്ചിരുന്നത് മലപ്പുറം കത്തിയോ, മറ്റു
ഭീകരായുധമോ ഒന്നുമല്ല, വെറുമൊരു ചെറു കത്തിയായിരുന്നെന്നു ഞാൻ കണ്ടു.
വാസ്തവത്തിൽ ഒരു പേനാക്കത്തി. മൂർച്ചയുള്ളതായിരുന്നിരിയ്ക്കാം,
എങ്കിലും അതുകൊണ്ടുള്ള ഒറ്റക്കുത്തുകൊണ്ടൊന്നും ഞാൻ മരിയ്ക്കാൻ
വഴിയില്ലെന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അഥവാ കുത്താൻ വരുന്നെങ്കിൽത്തന്നെ
തടയാനായി തലയിണ, ഷീറ്റ്, എന്നിവയൊക്കെ ഉപയോഗിയ്ക്കാവുന്നതുമാണ് എന്നും ഞാൻ
വിലയിരുത്തി.
കള്ളൻ കത്തിയും
നീട്ടിക്കൊണ്ട് എന്നെത്തന്നെ നോക്കി നിന്നു. മുറിയിൽ പ്രകാശിച്ചിരുന്ന
ബൾബിന്റെ വെളിച്ചത്തിൽ ഞാനയാളെ നോക്കിക്കൊണ്ടിരുന്നപ്പോൾ ‘ഇയാളൊരു
കള്ളനാകാൻ വഴിയില്ല’ എന്ന് എന്റെ മനസ്സെന്നോടു മന്ത്രിച്ചു. എന്നെ
ആക്രമിച്ചു കൊലപ്പെടുത്താൻ വേണ്ടിയല്ല, പ്രത്യുത, സ്വയരക്ഷയ്ക്കുവേണ്ടിയാണ്
അയാൾ കത്തി നീട്ടിയത്, എന്നാണെനിയ്ക്ക് അപ്പോൾ തോന്നിയത്.
അയാളും ഞാനും അനങ്ങാതെ അല്പനേരം അന്യോന്യം നോക്കി നിന്നു. പരസ്പരം വായിച്ചറിയാനുള്ള ശ്രമത്തിൽ.
“മര്യാദയ്ക്ക് ഇറങ്ങിപ്പോവുകയാ തനിയ്ക്കു നല്ലത്,” ഞാൻ പറഞ്ഞു.
എന്റെ ശബ്ദത്തിൽ വലിയ ആപത്ഭീഷണി തോന്നാഞ്ഞതിനാലാവാം, അയാൾ അലമാരയിൽ സ്പർശിച്ചുകൊണ്ടു ചോദിച്ചു, “ഇതിന്റെ താക്കോലോ?”
“താക്കോൽ
ഇവിടുണ്ട്. അലമാരയിൽ ഒന്നുമിരിപ്പില്ല. താൻ വേണെങ്കിൽ തുറന്നു
നോക്കിക്കോ,” എന്നു പറഞ്ഞുകൊണ്ട് ഞാൻ കിടക്കയുടെ അടിയിൽ നിന്നു താക്കോൽ
തപ്പിയെടുത്ത് അയാൾക്കിട്ടുകൊടുത്തു.
അയാളതു തീരെ
പ്രതീക്ഷിച്ചിരുന്നില്ല. വലതുകൈയ്യിൽ കത്തിയായിരുന്നതുകൊണ്ടും, താക്കോൽ
ഞാനിട്ടുകൊടുത്തത് തികച്ചും അപ്രതീക്ഷിതമായിരുന്നതുകൊണ്ടും അയാൾക്ക്
ഇടതുകൈകൊണ്ട് താക്കോൽ “ക്യാച്ച്” ചെയാൻ പറ്റിയില്ല. അതയാളുടെ
കൈയ്യിൽത്തട്ടിത്തെറിച്ച് അല്പമകലെ വീണു.
കത്തി എന്റെ നേരേ തന്നെ ചൂണ്ടിക്കൊണ്ട് അയാൾ താക്കോലിന്റെ നേരേ ചുവടുകൾ വച്ചപ്പോഴാണ് മറ്റൊരു കാര്യം വ്യക്തമായത്.
അയാൾ മുടന്തനായിരുന്നു.
മുടന്തിമുടന്തിച്ചെന്നു താക്കോലെടുത്ത ശേഷം അയാൾ മുടന്തിമുടന്തിത്തന്നെ തിരിച്ചുവന്നു.
മെലിഞ്ഞ
ശരീരം, മുടന്ത്, പേനാക്കത്തി – ഇതിനൊക്കെപ്പുറമേ മുഖത്ത് അവശഭാവവും.
എനിയ്ക്ക് ആദ്യം തോന്നിയിരുന്ന ഭയം മാറി. എനിയ്ക്കാശ്വാസവും ധൈര്യവും
തോന്നി. ഞാൻ പറഞ്ഞു,
“എടോ, ദാ, ആ
മേശവലിപ്പിൽ പത്തിരുനൂറുറുപ്പികേണ്ട്. ഇപ്പഴത്രേ ഇവിടുള്ളു.
അടച്ചൊറപ്പില്ലാത്ത വീട്ടിൽ ആരെങ്കിലും എന്തെങ്കിലും വയ്ക്ക്വോ!“
“ഇരുന്നൂറുറുപ്പിക കൊണ്ട് ഒന്ന്വാവൂല്ല,” കള്ളന്റെ ശബ്ദത്തിൽ പാരവശ്യം പ്രകടമായിരുന്നു.
കള്ളന്മാരും
നമ്മൾ സാധാരണക്കാരെപ്പോലെ തന്നെയാണെന്ന് അന്നു ഞാൻ മനസ്സിലാക്കി.
വിശപ്പുമൂലമാണ് മനുഷ്യർ മോഷ്ടിയ്ക്കാനിറങ്ങുന്നതെന്ന്
പറഞ്ഞുകേട്ടിട്ടുള്ളതു ഞാനോർമ്മിച്ചു. ഞാൻ ചോദിച്ചു: “തനിയ്ക്ക്
വെശക്ക്ണ്ണ്ടാ? ആ കലത്തില് മീൻകറീണ്ട്. അതുകൂട്ടി താനാ ബ്രെഡ് വേണങ്കി
കഴിച്ചോ.”
ഞാൻ പറഞ്ഞു തീരുംമുൻപേ
അയാൾ മേശയുടെ അരികിലേയ്ക്കു നടന്നുതുടങ്ങിയിരുന്നു. കത്തി
മേശപ്പുറത്തുവച്ച്, കലം തുറന്ന്, അയാൾ മീൻകറികൂട്ടി ബ്രെഡ് ആർത്തിയോടെ
കടിച്ചുപറിച്ചു കഴിച്ചു. അതുകണ്ട് എനിയ്ക്ക് മെല്ലെ സഹതാപം തോന്നാൻ
തുടങ്ങി. ഇയാളുടെ പരാക്രമം കണ്ടിട്ട്, അയാളിന്ന് മറ്റൊന്നും
കഴിച്ചിട്ടുണ്ടാകാൻ വഴിയില്ലെന്നു ഞാനുള്ളിൽപ്പറഞ്ഞു.
“ആ സ്റ്റീലിന്റെ
കലത്തില് തെളപ്പിച്ച വെള്ളംണ്ട്” മേശപ്പുറത്തു തന്നെയുണ്ടായിരുന്ന കലവും
അതിന്റെ മുകളിലെ ഗ്ലാസ്സും ചൂണ്ടിക്കൊണ്ടു ഞാൻ പറഞ്ഞു. വായിൽ നിറയെ
ബ്രെഡുമായി കള്ളൻ ഒരു സ്കൂൾക്കുട്ടിയെപ്പോലെ തലയാട്ടി.
“താനെന്തിനാ കക്കാനെറങ്ങീരിയ്ക്കണെ?” അയാളുടെ തീറ്റയ്ക്കിടെ ഞാനാരാഞ്ഞു.
“ജോലിയ്ക്ക്
വേണ്ടി ആലുവേലെ ചിട്ടിക്കമ്പനീല് ഒരു ലക്ഷം ഉർപ്പ്യ കൊടുത്ത്. ഒക്കെ
വിറ്റു പെറുക്കിയാണ് അമ്മ കാശൊപ്പിച്ചു തന്നത്. ഇന്നലെ ജോയിൻ ചെയ്യാൻ
ചെന്നപ്പോ കമ്പനീടെ മുമ്പില് ആൾക്കൂട്ടം. കമ്പനി പറ്റിച്ചൂന്നുംപറഞ്ഞ്
ആളോള് ആപ്പീസു മുഴോൻ തല്ലിപ്പൊളിച്ചു. കമ്പനിക്കാര് വന്നേയില്ല. കൊടുത്ത
കാശുപോയി…വീട്ടിലോട്ട് തിരിച്ചു പോകാൻ കൂടി കാശില്ല...”
അയാളുടെ കണ്ണു
നിറഞ്ഞിട്ടുണ്ടാകണം. അയാളുടെ തല കുനിഞ്ഞിരുന്നതുകൊണ്ട് കാണാൻ പറ്റിയില്ല.
അൽപ്പം കഴിഞ്ഞ് അയാൾ തലയുയർത്തിയപ്പോൾ തോന്നി, ഇയാൾ ശരിയ്ക്കുമൊരു
പാവമാണ്. പാവം പയ്യൻ എന്നു വേണം പറയാൻ. അധികം പ്രായവുമായിട്ടില്ല.
“എവിടെയാ തന്റെ വീട്?”
അയാൾ മിണ്ടിയില്ല. കള്ളന്മാർ ഊരും പേരും പറയാൻ വഴിയില്ലല്ലോ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
“ഇന്നെത്ര കിട്ടി?”
അയാളുടെ
ഷർട്ടിന്റെ പോക്കറ്റ് കാലിയായതുകൊണ്ടാകണം, ചുളിഞ്ഞ്, ഒട്ടിക്കിടന്നു. തല
തിരിച്ചുപിടിച്ച് അയാളൊരു പ്രത്യേകതരത്തിൽ ശ്വാസം വലിയ്ക്കുന്നതു കേട്ടു.
അല്പം കഴിഞ്ഞപ്പോഴാണ് അയാൾ ഏങ്ങലടിച്ചു കരയുകയാണെന്നു മനസ്സിലായത്.
കരയുന്ന കള്ളൻ! എന്റെ
സഹതാപം കൂടി. പാവത്തിന് ഇന്നൊന്നും കിട്ടിയിട്ടുണ്ടാവില്ല. ഇന്നലെയാണല്ലോ
ജോയിൻ ചെയ്യാൻ ചെന്നതും കമ്പനി അടച്ചുപൂട്ടിയതായി കണ്ടതും. ഇന്നലെയൊരു
ദിവസം കൊണ്ടുമാത്രം ഒരാൾ കള്ളനായിത്തീരാൻ വഴിയില്ല. എന്റെ ചോദ്യം അല്പം
കടുത്തതായിപ്പോയെന്നു തോന്നി. അല്ലെങ്കിൽ അയാളിങ്ങനെ ഏന്തിയേന്തി
കരയുമായിരുന്നോ!
“താൻ നാളെ വന്നാൽ ഞാൻ
കൊറച്ചു കൂടുതലുറുപ്പിക തരാം. പക്ഷേ, താനതുംകൊണ്ട് നേരേ വീട്ടീപ്പോണം.
കക്കാനും മോഷ്ടിയ്ക്കാനും നിന്നേയ്ക്കരുത്. ന്താ, സമ്മതാണോ?”
ഞാൻ പറഞ്ഞതു കേട്ടപ്പോൾ എനിയ്ക്കു തന്നെ
അത്ഭുതം തോന്നി. കള്ളനെ കയ്യോടെ പിടിച്ചു പോലീസിലേൽപ്പിയ്ക്കുന്നതിനു പകരം
കള്ളനു കാശു കൊടുത്തു പ്രോത്സാഹിപ്പിയ്ക്കുകയോ? ഇതറിഞ്ഞാൽ നാട്ടുകാർ
മാത്രമല്ല, സൌദാമിനി പോലും എന്നെ ചീത്ത പറയും, തീർച്ച.
പക്ഷേ, എന്തുകൊണ്ടോ, അയാളുടെ മുഖവും പാരവശ്യവും കണ്ടപ്പോൾ എനിയ്ക്ക് അങ്ങനെ പറയാനാണു തോന്നിയത്.
വീടു
പണിയ്ക്കാവശ്യമുള്ള തുക ബാങ്കിലുണ്ടായിരുന്നു. അല്പം കൂടുതലും
ഉണ്ടായിരുന്നെന്നു കൂട്ടിക്കോളൂ. ആർഭാടത്തിൽ ഒരല്പം കുറവു വരുത്തിയെന്നു
വച്ച് പണിയാനുദ്ദേശിച്ച വീടിന്ന് ഒരു കുഴപ്പമോ കുറവോ സംഭവിയ്ക്കാൻ
പോകുന്നില്ല; അങ്ങനെ മിച്ചം വച്ച് ഇയാൾക്ക് കൊടുക്കുന്ന തുക
മുതലാക്കാവുന്നതേയുള്ളു, ഞാൻ തീരുമാനിച്ചു.
പക്ഷേ, ഇയാൾക്കു കാശു
കൊടുത്തുപോയാൽ അക്കാശു മുഴുവനും പോയതു തന്നെ. കാശു തിരികെക്കിട്ടുന്ന
കാര്യം ഓർക്കുകയേ വേണ്ട. സൌദാമിനി മനസ്സിനുള്ളിലിരുന്നു മുന്നറിയിപ്പു
നൽകി.
എന്റെ ചെറുപ്പത്തിൽത്തന്നെ അച്ഛൻ
മരിച്ചുപോയശേഷം, പട്ടിണിയും പരിവട്ടവുമായി മല്ലിട്ടാണ് അമ്മയെന്നെ
വളർത്തിയിരുന്നത്. കുറേക്കാലമായി പട്ടിണി ഇങ്ങിനിവരാതവണ്ണം അകന്നു
പോയിരുന്നെങ്കിലും, പതിനായിരം രൂപ വെറുതേ വെള്ളത്തിലെറിഞ്ഞു കളയുന്നതൊരു
ധിക്കാരമായിപ്പോകും എന്നൊരു ചിന്തയും ഉള്ളിൽ മിന്നിമറയാതിരുന്നില്ല.
ഇയാളാരെന്നറിയില്ല,
ഇയാൾ പറയുന്നതൊക്കെ വെറും നുണയാകാം, ഇക്കാണിക്കുന്ന അവശതയൊക്കെ വെറും
നാട്യവുമാകാം, സൌദാമിനിയുടെ ശബ്ദം ഉള്ളിലിരുന്നു മന്ത്രിച്ചു. അവൾക്കൊരു
വക്രദൃഷ്ടിയുണ്ട്, അതു ഞാനവളോട് ഇടയ്ക്കിടെ പറയാറുമുണ്ട്. പക്ഷേ അവളുടെയാ
വക്രദൃഷ്ടി പല തവണ എന്റെ രക്ഷയ്ക്കെത്തിയിട്ടുമുണ്ട്. ഞാൻ കാണാത്തത് അവൾ
കണ്ടെത്തും. തക്കസമയത്ത് അവളുടെ താക്കീതില്ലായിരുന്നെങ്കിൽ പണ്ടു ഞാൻ പല
മണ്ടത്തരങ്ങളിലും ചെന്നു ചാടുമായിരുന്നു.
എങ്കിലും, ഇക്കാര്യം അവളെ അറിയിയ്ക്കാതിരിയ്ക്കുന്നതാകും നല്ലത്. കാരണം ഇയാളൊരു കള്ളനല്ലെന്ന് എന്റെ മനസ്സു വീണ്ടും പറഞ്ഞു.
“നാളെ ഞാൻ വന്നാ, എന്നെ പോലീസിനെക്കൊണ്ടു പിടിപ്പിയ്ക്ക്വോ?” കള്ളൻ സംശയത്തോടെ ചോദിച്ചു.
“എടോ,
എനിയ്ക്കു വേണങ്കി തന്നെ ഇപ്പത്തന്നെ പിടിപ്പിയ്ക്കാം. ‘കള്ളൻന്ന്’
ഒറക്കെയൊന്നു വിളിച്ചുകൂവിയാ, ഇവിടൊരു പുരുഷാരം മുഴുവൻ വരും. തന്റെ കഥ
അതോടെ കഴിയും.”
അതു ശരിയായിരുന്നു.
അയൽക്കാർ തമ്മിലുള്ള ദൈനംദിന പരസ്പരസഹകരണം വളരെക്കൂടുതലുള്ള
കാലഘട്ടമായിരുന്നു, അത്. സഹായം വേണ്ടപ്പോൾ വിളിയ്ക്കുക പോലും ചെയ്യാതെ,
അയൽക്കാർ സ്വയമറിഞ്ഞുതന്നെ വരുമായിരുന്നു. അതേപോലെ തന്നെയായിരുന്നു,
തിരിച്ചങ്ങോട്ടും.
അതുകൊണ്ടൊക്കെത്തന്നെയായിരിയ്ക്കണം, ഒരിയ്ക്കൽപ്പോലും കള്ളൻ കയറിയ ചരിത്രവും ഈ പരിസരപ്രദേശത്ത് അതേവരെ ഉണ്ടാകാഞ്ഞത്.
കള്ളന്റെ മുഖം മങ്ങി. അവിടെ ഭയം നിഴലിച്ചു.
“താൻ പേടിയ്ക്കണ്ട. താൻ
നാളെ ഒരു പന്ത്രണ്ടു മണിയ്ക്ക് പറവൂര് കച്ചേരിപ്പടിയ്ക്കലൊരു ഉടുപ്പി
ഹോട്ടലുണ്ട്. അതിന്റെ മുൻപിലെത്തിയാ മതി. കാശ് ഞാൻ അവിടെ വച്ചു
തന്നേയ്ക്കാം. തനിയ്ക്ക് ഊണും വാങ്ങിത്തരാം. പോരേ?”
കള്ളൻ തല കുലുക്കി. നേരിയൊരു മന്ദഹാസം മുഖത്തു മിന്നിമറഞ്ഞു. ആ മന്ദഹാസത്തിലൊരു നിഷ്കളങ്കത അലിഞ്ഞുചേർന്നിരുന്നു.
പിറ്റേന്ന്
ഉച്ചയ്ക്കു മുൻപ് വിത്ത്ഡ്രോവൽ ഫോമുപയോഗിച്ച് അക്കൌണ്ടിൽനിന്നു പതിനായിരം
രൂപാ പിൻവലിച്ച്, അതുമുഴുവനും ഒരു കവറിലിട്ട്, കവറിന്റെ പുറകിൽ ഞാനെന്റെ
മേൽവിലാസമെഴുതി ഭദ്രമായി അടച്ചു കൈയ്യിൽ പിടിച്ചു.
ഉടുപ്പി ഹോട്ടലിന്റെ വാതിൽക്കൽത്തന്നെ എന്നെയും കാത്തു നിന്നിരുന്നു, നമ്മുടെ ‘കള്ളൻ‘. എന്നെക്കണ്ടപാടെ അയാളുടെ മുഖം തെളിഞ്ഞു.
അയാളുടെ ചിരി എനിയ്ക്കിഷ്ടമായി. ഇയാൾ കള്ളനാകേണ്ടവനല്ല, ഞാൻ മനസ്സിൽ
വീണ്ടും പറഞ്ഞു. നിർവ്വചിയ്ക്കാനാകാത്ത എന്തോ ഒരു തരം സന്തോഷത്തോടെ
പതിനായിരം രൂപയടങ്ങിയ കവറെടുത്ത് ഞാൻ അയാളുടെ കൈയ്യിൽ കൊടുത്തു. “പതിനായിരം
രൂപേണ്ട്.”
കള്ളന്റെ കണ്ണു പെട്ടെന്നു നിറഞ്ഞു. പതിനായിരം രൂപ പോയിട്ട് ആയിരം രൂപ
പോലും അയാൾ പ്രതീക്ഷിച്ചിരുന്നു കാണില്ല. അയാളെന്റെ കൈ പിടിച്ചമർത്തി.
“സാറിനെ ഞാനൊരിയ്ക്കലും മറക്കില്ല.”
“നമുക്കൂണു കഴിയ്ക്കാം.” ഞാനയാളുടെ തോളത്തു കൈ വച്ചു ക്ഷണിച്ചു.
“വേണ്ട
സാർ. ഞാനിപ്പൊ മസാല ദോശ കഴിച്ചതേള്ളു. ഇന്നലത്തെ കാശുണ്ടായിരുന്നു.”
പോക്കറ്റിൽ തട്ടി കാശു ബാക്കിയുണ്ടെന്നു കാണിയ്ക്കുകയും ചെയ്തു. തലേ ദിവസം
ഞാൻ ഇരുന്നൂറു രൂപ കൊടുത്തിരുന്നു. എന്റെ പണം മോഷ്ടിക്കാൻ
വന്നയാളാണെങ്കിലും, എന്റെ മേശവലിപ്പിൽ നിന്ന് രൂപ എടുത്തോളാൻ ഞാൻ
പറഞ്ഞെങ്കിലും, ആ രൂപ ഞാൻ എന്റെ കൈ കൊണ്ട് മേശയിൽ നിന്നെടുത്തു
കൊടുക്കുന്നതു വരെ അയാൾ ആ രൂപയിൽ സ്പർശിയ്ക്കുക പോലും ചെയ്തിരുന്നില്ല.
സ്നേഹാധിക്യം തോന്നുമ്പോഴൊക്കെ, ‘ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ, നീയെന്റെ ജീവനല്ലേ…’
എന്ന് സൌദാമിനിയെ ചേർത്തുപിടിച്ച് ആത്മാർത്ഥമായിത്തന്നെ ഞാനിടയ്ക്കിടെ
ഏറ്റുപാടാറുണ്ട്. പക്ഷേ, അവളെന്നെപ്പറ്റി എപ്പോഴും
വേവലാതിപ്പെടാറുള്ളതുകൊണ്ട് ചില സത്യങ്ങൾ ഞാൻ അവളോടു പറയാറില്ല.
മോഷ്ടിയ്ക്കാൻ കയറിവന്ന്, എന്നെ കത്തി ഊരിക്കാണിച്ച കള്ളനെ നേർവഴിയിലാക്കാൻ
വേണ്ടി കളഞ്ഞ പതിനായിരം രൂപയെ അവളിൽ നിന്നു മറച്ചു പിടിച്ച സത്യങ്ങളുടെ
കൂട്ടത്തിൽ ഞാൻ പൂഴ്ത്തി വച്ചു, വർഷങ്ങളോളം.
ഈ കള്ളൻ വാസ്തവത്തിൽ
കള്ളനല്ലെന്നും, അയാളെ കള്ളൻ എന്നു സൌദാമിനി
പരാമർശിയ്ക്കാനിടയാക്കരുതെന്നും എന്റെ മനസ്സ് എന്നോടു
മന്ത്രിച്ചിരുന്നതുകൊണ്ടു കൂടിയായിരുന്നിരിയ്ക്കണം ഞാനന്ന് അക്കാര്യം
സൌദാമിനിയോടു പറയാതിരുന്നത്. ഞാനത് അന്നു സൌദാമിനിയോടു പറഞ്ഞിരുന്നെങ്കിൽ,
‘കണ്ടോ, ഞാനില്ലാതിരുന്നതുകൊണ്ട് ആ കള്ളൻ ചേട്ടനെപ്പറ്റിച്ച് പതിനായിരം
രൂപയും കൊണ്ടു പൊയ്ക്കളഞ്ഞില്ലേ‘ എന്ന് അവൾ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചേനെ.
‘ഇനി ഒരു കള്ളനും ഒറ്റപ്പൈസ പോലും കൊടുത്തു പോയേയ്ക്കരുത്’ എന്ന ഉപദേശവും
അവൾ ഇടയ്ക്കിടെ തന്നുകൊണ്ടിരുന്നേനേ.
ഇന്നിപ്പോൾ
ഇരുപതിനായിരം രൂപയുടെ ചെക്കയച്ചുതന്നിരിയ്ക്കുന്ന കണ്ണൂർ കൂടാളി
മറ്റത്തറവീട്ടിലെ പി കെ ബാലകൃഷ്ണൻ തന്നെയായിരുന്നോ അന്നെന്റെ നേരേ കത്തി
നീട്ടിയ, എന്റെ ബ്രെഡും എന്റെ കലത്തിൽ നിന്നുള്ള മീൻകറിയും കഴിച്ച, എന്റെ
മുറിയിലിരുന്ന് ഏങ്ങിക്കരഞ്ഞ, എന്റെ പക്കൽ നിന്നു പതിനായിരം രൂപ
വാങ്ങിക്കൊണ്ട് ‘സാറിനെ ഞാനൊരിയ്ക്കലും മറക്കില്ല’ എന്നു ഗദ്ഗദത്തോടെ
പറഞ്ഞ, ആ കള്ളൻ?
ആണെന്നു ഞാൻ വിശ്വസിക്കുന്നു.
മറ്റാരും
ഇരുപതിനായിരം രൂപ ഇതുപ്പോലെ എനിയ്ക്കയച്ചു തരാൻ സാദ്ധ്യതയില്ലാത്തതുകൊണ്ടു
മാത്രമല്ല, ഞാനങ്ങനെ വിശ്വസിയ്ക്കുന്നത്. അന്ന് എന്റെ മുറിയിൽ കയറിവന്ന്,
എന്റെ നേരേ കത്തിയൂരിക്കാണിച്ചയാൾ, അയാളുടെ പേര് ബാലകൃഷ്ണനെന്നായ്ക്കോട്ടെ,
മറ്റെന്തുമായ്ക്കോട്ടെ, അയാളൊരു കള്ളനായിരുന്നില്ലെന്ന്
അന്നെനിയ്ക്കുണ്ടായ വിശ്വാസം, അന്നത്തെ എന്റെ കണക്കുകൂട്ടൽ ഇന്ന്,
വർഷങ്ങൾക്കു ശേഷം, ശരിയായിത്തീർന്നുവെന്നു വിശ്വസിയ്ക്കാനാണ്
എനിയ്ക്കിഷ്ടം. ആ വിശ്വാസം, അതിലുള്ള എന്റെ സന്തോഷം, എന്റെ ആത്മവിശ്വാസം
വർദ്ധിപ്പിച്ചു. അതുവരെ മറച്ചുവച്ചിരുന്ന ആ രഹസ്യം സൌദാമിനിയോടു
വെളിപ്പെടുത്താൻ വർദ്ധിച്ച ആത്മവിശ്വാസത്താൽ ഞാൻ തീരുമാനിച്ചു.
അഭിമാനത്തോടെ, തെല്ലൊരു ഗർവ്വോടെ ഞാൻ നീട്ടി വിളിച്ചു,
“സൌദാമിനീ…”