28 Sept 2015

MALAYALASAMEEKSHA SEPT 15- OCTO 15, 2015

ഉള്ളടക്കം 
ലേഖനം 
ഭാഷയ്ക്ക്  മണ്ണിന്റെ  മണമുണ്ടാകണം 
ശ്രീജിത്ത്   മൂത്തേടത്ത്
മാലിന്യങ്ങൾ  നിക്ഷേപിക്കരുത് 
എം  തോമസ്  മാത്യു
ഓഹരിക്കച്ചവടത്തിൽ  നിന്നുള്ള  ലാഭം  കൂട്ടാം , നഷ്ടം  കുറയ്ക്കാം 
സുനിൽ എം എസ് 
നിസ്സംഗതയാർന്ന  സംന്യാസം 
ഡോ  എം  ആർ  യശോധരൻ
വിജയരഹസ്യങ്ങൾ 
ജോണ്‍  മുഴുത്തേറ്റ്


കവിത 
അലക്കുകാരി
ചെറിയാൻ  കുനിയന്തോടത്ത്
ഉരുളുന്ന  
എൽ  തോമസ്  കുട്ടി 
 നുണ  ,shallow shade 
സലോമി ജോണ്‍  വത്സൻ
ആകാരമുല്ല 
ശ്രീകൃഷ്ണദാസ്  മാത്തൂർ 

പച്ച കണ്ണിലെഴുതിയ  കാരമുള്ള് 
കെ  വി  സുമിത്ര 
നവഭാരതം 
രാധാമണി  പരമേശ്വരൻ
മുരിങ്ങമരമുള്ള  വീട് 
സത്യചന്ദ്രൻ  പൊയിൽക്കാവ്‌

കഥ 
അവതാരം 
ബാബു  ആലപ്പുഴ
സൂഫി  കഥകൾ 
ഇ  എം  ഹാഷിം 
ഇറച്ചി 
ബീന  ഫൈസൽ 
സ്ക്രീൻ  സേവർ 
ദീപു ശശി  തത്തപ്പിള്ളി

ഭാഷയ്ക്ക്‌ മണ്ണിന്റെ മണമുണ്ടാവണം


ശ്രീജിത്ത്‌ മൂത്തേടത്ത്‌

    ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത്‌ മനുഷ്യന്റെ സർഗ്ഗാത്മക മനസ്സിന്റെ ദർപ്പണമാവുമ്പോഴാണ്‌. കേവലം ആശയ വിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം മനുഷ്യ മനസ്സിന്റെ അന്തഃചോദനകളുടെ പ്രകാശനത്തിനുള്ള ഉപാധി കൂടിയാവണം ഭാഷ. രൂപപ്പെടലിന്റെ ഘട്ടത്തിൽ ഇത്തരമൊരു നിർവ്വചനമോ, ഉദ്ദേശ്യമോ, ധർമ്മ വ്യാഖ്യാനമോ ഭാഷയ്ക്കില്ലായിരുന്നുവേങ്കിലും അതിന്റെ വികാസഘട്ടത്തിൽ വന്നുചേർന്നിട്ടുള്ള ചുമതലകളാണിവ. വികാസം പ്രാപിച്ച്‌ പുരോഗമിക്കുന്ന ഒന്നിനു മാത്രമാണല്ലോ പുതിയ ധർമ്മങ്ങൾ ചാർത്തപ്പെടുന്നത്‌. ഒരു ചെടി വളർന്ന്‌ വലുതാവുമ്പോഴാണല്ലോ അതിന്‌ തണൽ നൽകുക, ഫലം നൽകുക, വിവിധ ജീവജാലങ്ങൾക്ക്‌ കൂടൊരുക്കുക തുടങ്ങിയ അനേകമനേകം ധർമ്മങ്ങൾ കൽപിക്കപ്പെടുന്നത്‌. ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത്‌ സാഹിത്യത്തിലൂടെയാണ്‌. എഴുത്തുരൂപത്തിലുള്ളതോ, വാമൊഴി രൂപത്തിലുള്ളതോ ആയ സാഹിത്യത്തിലൂടെയാണ്‌ ഭാഷയുടെ സർഗ്ഗാത്മക വികാസം സാധ്യമായിട്ടുള്ളത്‌ എന്നു പറയാം.
    അങ്ങിനെ നോക്കുമ്പോൾ ഭാഷയുടെയും, സാഹിത്യത്തിന്റെയും നിൽപ്‌ പരസ്പര പൂരകമാണെന്നു വ്യക്തമാകും. അതായത്‌ ഭാഷയുടെ വികാസം സർഗ്ഗാത്മക സാഹിത്യത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നതും, സർഗ്ഗാത്മക സാഹിത്യത്തിന്റെ വികാസം ഭാഷയുടെ വികാസത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നതും പരസ്പരാശ്രിതങ്ങളാണ്‌. ഇവിടെ സാഹിത്യത്തിനും, ഭാഷാ വികാസത്തിനും ഒരു സന്തുലിത ലക്ഷ്യം കൈവരുന്നു. സർഗ്ഗാത്മക വികാസം. പ്രശസ്ത ദക്ഷിണാഫ്രിക്കൻ വിമോചന സമരപ്പോരാളിയും, ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടുമായിരുന്ന നെൺസൺ മണ്ഡേല പറയുന്നു : ?നിങ്ങൾ ഒരാളോട്‌ അയാൾക്കു മനസ്സിലാവുന്ന ഏതെങ്കിലുമൊരു ഭാഷയിൽ സംസാരിക്കുമ്പോൾ അത്‌ അയാളുടെ തലച്ചോറിലേക്കു കയറുന്നു. നിങ്ങൾ ഒരാളോട്‌ അയാളുടെ സ്വന്തം മാതൃഭാഷയിൽ സംസാരിക്കുമ്പോൾ അത്‌ അയാളുടെ ഹൃദയത്തിലേക്കു കയറുന്നു? (“If uou talk to a man in a language he understand, that goes t his head. If you talk him in his own language, that goes to his heart”) ദീർഘകാലം ഭാഷാ - വർണ്ണാധിനിവേശത്തിൽ കഴിയേണ്ടിവന്ന ഒരു നേതാവിന്റെ വാക്കുകളാണിവയെന്നോർക്കണം. ആൽബർട്ട്‌ ഐൻസ്റ്റീൻ മുതൽ, രബീന്ദ്രനാഥ്‌ ടാഗോർ വരെ നിരവധി പേർ ഇതേ ആവശ്യമുന്നയിച്ചവരാണ്‌.
    സാഹിത്യം പരിപോഷിപ്പിക്കപ്പെടുകയും, അത്‌ കൂടുതൽ സർഗ്ഗാത്മകമാവുകയും ചെയ്യുക അത്‌ തലച്ചോരിനേക്കാൾ ഹൃദയത്തോടു ചേർന്നു നിൽക്കുമ്പോഴാണ്‌. ഹൃദയത്തോടു ചേർന്നു നിൽക്കണമെങ്കിൽ അവനവന്റെ മാതൃഭാഷയിലൂടെയാവണം രചന. മാതൃഭാഷയിലുള്ള സാഹിത്യ രചന മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുകയും, തദ്വാരാ മാതൃഭാഷയുടെ വികാസം സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മലയാള ഭാഷയുടെ വികാസപരിണാമമോ, തമിഴ്‌ ഭാഷയുടെ വികാസ പരിണാമമോ, പഠനവിധേയമാക്കുമ്പോൾ നമ്മൾ എഴുത്തച്ഛനിലേക്കും, തിരുവുള്ളരിലേക്കും പോവുന്നത്‌ അതുകൊണ്ടാണ്‌. നമ്മൾ മലയാള ഭാഷ പഠിക്കുന്നത്‌ കുഞ്ചൻ, തുഞ്ചൻ, ചെറുശ്ശേരി; ആശാൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരുടെ കാവ്യരചനകളിലൂടെയും, സി.വി. രാമൻപിള്ള, ഒ. ചന്തുമേനോൻ തുടങ്ങിയവരുടെ ഗദ്യരചനകളിലൂടെയുമാണല്ലോ.
    പറഞ്ഞുവന്നത്‌, ഭാഷയ്ക്ക്‌ മണ്ണിന്റെ മണമുള്ള സാഹിത്യസൃഷ്ടികളുടെ പൈന്തുണയുണ്ടാവണം അത്‌ ഹൃദയത്തോടുചേർന്ന്‌ വളർന്ന്‌ വികാസം പ്രാപിക്കുവാൻ എന്നതാണ്‌. മലയാള ഭാഷയിൽ ഈയടുത്തകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെന്താണെന്നൊന്നു നമുക്കു പരിശോധിക്കാം. ഈയിടെ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ചുനടന്നൊരു സാഹിത്യ ചർച്ചയിൽ പ്രശസ്ത സാഹിത്യ നിരൂപകനും, അക്കാദമി മുൻ വൈസ്‌ പ്രസിഡണ്ടുമായ ബാലചന്ദ്രൻ വടക്കേടത്ത്‌ ഇങ്ങിനെയൊരഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി : ?മലയാളത്തിൽ ഇന്ന്‌ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്‌ അന്യദേശപ്രമേയങ്ങളായ കൃതികളാണ്‌. ഇന്നത്തെ ബെസ്റ്റ്‌ സെല്ലറുകളായ ബെന്ന്യാമിന്റെ 'ആടുജീവിതം', കെ.ആർ. മീരയുടെ 'ആരാച്ചാർ', ടി.ഡി. രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്നിവയെല്ലാം അന്യദേശ പ്രമേയങ്ങളായ കൃതികളാണ്‌. ഇത്‌ മലയാളിയുടെ ജാഡയാണ്‌.? സാഹിത്യ അക്കാദമിയിൽ വച്ചുതന്നെ നടന്ന മറ്റൊരു ചർച്ചയിൽ പ്രശസ്ത കഥാകൃത്ത്‌ യു.കെ. കുമാരൻ പറയുകയുണ്ടായി : ?മണ്ണിന്റെ മണമുള്ള നമ്മുടെ സ്വന്തം പ്രദേശത്തിന്റെ കഥ നമ്മുടെ നാട്ടുഭാഷയിൽ എഴുതി ഫലിപ്പിക്കുന്നതിന്റെ സുഖവും, സംതൃപ്തിയും മറ്റൊന്നിലും കിട്ടില്ല.? അദ്ദേഹത്തിന്റെ 'തക്ഷൻകുന്ന്‌ സ്വരൂപം' എന്ന നോവലിന്റെ അധികരിച്ചുള്ള ചർച്ചയ്ക്ക്‌ മറുപടി പറയവെയാണ്‌ യു.കെ. കുമാരൻ അങ്ങിനെ പ്രസ്താവിച്ചതു.
    മേൽ പറഞ്ഞ കാര്യങ്ങൾക്ക്‌ എന്തെങ്കിലും സാധുതയുണ്ടോ എന്നതും, മലയാളഭാഷയിൽ വായനക്കാർ നെഞ്ചേറ്റിയ എഴുത്തുകാരെയും അവരുടെ രചനകളെയും പരിശോധിച്ച്‌ നമുക്ക്‌ ഒന്നു വിലയിരുത്താം. ഏറ്റവും ആദ്യം 'ഒരു ദേശത്തിന്റെ കഥ'യും, 'നാടൻ പ്രേമ'വുമെഴുതി മലയാളി മനസ്സിനെ കവർന്നെടുത്ത എസ്‌.കെ. പൊറ്റെക്കാടിന്റെ കൃതികൾ നമുക്ക്‌ പരിശോധിക്കാം. ഒരു സഞ്ചാരസാഹിത്യകാരൻ എന്ന നിലയിൽ അന്യദേശ വിഷയിതമായിട്ടുള്ള നിരവധി സഞ്ചാരക്കുറിപ്പുകൾ എഴുതിയിട്ടുണ്ടെങ്കിലും മലയാളി ഏറ്റവും കൂടുതൽ നെഞ്ചേറ്റിയത്‌ ഒരു ദേശത്തിന്റെ കഥയാണെന്നു കാണാം. 1980ൽ അദ്ദേഹത്തെ ജ്ഞാനപീഠത്തിനർഹനാക്കിയതും ഈ കൃതിതന്നെയാണല്ലോ. അതിരാണിപ്പാടത്തെ ശ്രീധരനെയും, കൊച്ചാപ്പുവിനെയുമൊക്കെ മലയാളിക്ക്‌ മറക്കാനാവുമോ? തദ്ദേശീയമായ ഭാഷ ഉപയോഗിക്കാൻ എഴുത്തുകാരൻ ശ്രമിച്ചതും, മണ്ണിന്റെ മണമുള്ള പ്രമേയം സ്വീകരിച്ചതുമാണ്‌ ഈ നോവലിന്റെ വിജയം എന്നു പറഞ്ഞാൽ തള്ളിക്കളയാനാവുമോ, മലയാളിയെ ചിരിക്കാനും ചിന്തിക്കാനും ഒരേ സമയം പ്രേരിപ്പിച്ച വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികൾ ഒന്നു പരിശോധിച്ചു നോക്കൂ. പാത്തുമ്മയുടെ ആടും, ആനവാരിയും പൊൻകുരിശും, എട്ടുകാലി മമ്മൂഞ്ഞുമൊക്കെ മലയാളിയുള്ളിടത്തോളം കാലം ജീവിക്കുന്നവയാണ്‌. തദ്ദേശീയമായ ഭാഷയും, പ്രമേയവുമായിരുന്നു ബഷീറിന്റെ വിജയം.
    മലയാളി സാഹിത്യത്തിലൂടെയും, സിനിമയിലൂടെയും നെഞ്ചേറ്റിയ തകഴിയുടെ ചെമ്മീൻ കടലോരഭാഷയാണ്‌ സംസാരിക്കുന്നത്‌. കറുത്തമ്മയെയും, പരീക്കുട്ടിയെയും, ഓർക്കുമ്പോൾ മലയാളി ആ കടലോരവും, കടലോരഭാഷയും ഓർക്കുന്നു. കടൽത്തിരകളുടെ മണവും, നനഞ്ഞ പൂഴിമണലിന്റെ മണവും ലഭിക്കുന്നു. കടലോരസംസ്കാരത്തിന്റെ മണം ലഭിക്കുന്നു. എം.ടി. വാസുദേവൻ നായരുടെ കൃതികൾ നമ്മെ വള്ളുവനാട്ടിലെ നിളാതീരഗ്രാമങ്ങളിലേക്കാണു കൊണ്ടുപോകുന്നത്‌. മലയാളിക്ക്‌ ഇത്രയധികം സ്വീകാര്യനാവാൻ എം.ടി.ക്ക്‌ കഴിഞ്ഞത്‌ അദ്ദേഹത്തിന്റെ കൃതികളിലെ പ്രാദേശിക പ്രമേയവും, ഭാഷയും കാരണമാണെന്ന്‌ പറയാതിരിക്കാൻ വയ്യ. നായർ തറവാടുകളുടെ ജീവിതവും, സംസ്കാരവും, ഒപ്പം അതോടൊത്തു ജീവിതം മുന്നോട്ടു കൊണ്ടുപോവുന്ന ഇതരജീവിതങ്ങളെയും നമുക്ക്‌ എം.ടി.യുടെ കൃതികളിൽ കാണുവാനാവുന്നു. മലയാളിക്ക്‌ ഇത്രയധികം സ്വീകാര്യനാവാൻ എം.ടി.ക്ക്‌ കഴിഞ്ഞത്‌ അദ്ദേഹത്തിന്റെ കൃതികളിലെ പ്രാദേശിക പ്രമേയവും, ഭാഷയും കാരണമാണെന്ന്‌ പറയാതിരിക്കാൻ വയ്യ. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലൂടെ മലയാള സാഹിത്യ ചരിത്രത്തെ ഖസാക്കിനു മുമ്പും, ശേഷവും എന്നു വിഭജിച്ച ഒ.വി. വിജയൻ പാലക്കാട്‌ ജില്ലയിലെ തസ്രാക്ക്‌ ഗ്രാമത്തിന്റെയും, ഗ്രാമ്യഭാഷയുടെയും, ഗ്രാമ്യ കഥാപാത്രങ്ങളുടെയും ബലത്തിലാണ്‌ ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ മലയാളിയുടെ ഇതിഹാസമാക്കിയത്‌. രവിയെയും, മൈമൂനയെയും അറിയാത്ത മലയാളികളുണ്ടാവില്ലല്ലോ.
    മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ ഹൃദയത്തിലിടം പിടിച്ച എം. മുകണ്ടന്റെ കൃതികളിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ജന്മദേശമായ മയ്യഴിയും, പരിസരവുമാണ്‌ ഭൂമിക. പ്രമേയം നാട്ടുജീവിതവും, ഭാഷ നാട്ടുഭാഷയും. ഈ നാടും, നാട്ടുഭാഷയും സൃഷ്ടിക്കുന്ന വൈകാരികതയെയാണ്‌ തന്റെ കൃതികളുടെ വിജയമെന്ന്‌ മുകുന്ദൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്‌. ഉറൂബിന്റെ ഉമ്മാച്ചുവും സംസാരിക്കുന്നത്‌ നാട്ടുഭാഷയും, പറയുന്നത്‌ നാട്ടുകഥയുമാണല്ലോ. യു.എ. ഖാദറിന്റെ തൃക്കോട്ടൂർ പെരുമയും, കഥകളും, എൻ.എസ്‌. മാധവന്റെ ലന്തൻ ബത്തേരിയിലെ ലുത്തിനിയകളും സംസാരിക്കുന്നത്‌ നാട്ടുഭാഷതന്നെ. ഏറ്റവുമൊടുവിൽ സുഭാഷ്‌ ചന്ദ്രന്റെ മനുഷ്യന്‌ ഒരു ആമുഖം എന്ന നോവലിന്റെ സ്വീകാര്യതയ്ക്കും കാരണം അത്‌ പ്രമേയമാക്കുന്നത്‌ കടുങ്ങല്ലൂർ ഗ്രാമത്തിലെ മനുഷ്യരെയും, മണ്ണിനെയും ഭാഷയെയും സംസ്കാരത്തെയുമാണ്‌ എന്നതാണ്‌.
    ഇത്രയും പറഞ്ഞത്‌ മലയാള സാഹിത്യത്തിന്റെ വികാസപരിണാമ ചരിത്രത്തിൽ ഹൃദയത്തോട്‌ ചേർന്നു നിന്ന്‌ നിസ്തുലമായ പങ്കുവഹിച്ചതു മാതൃഭാഷയുടെ പ്രാദേശിക ഭേദങ്ങളുടെ ഉപയോഗവും, മണ്ണിന്റെ മണവുമുള്ള തദ്ദേശീയമായ പ്രമേയവും ആണെന്നുള്ളതാണ്‌. മറ്റുള്ളവ മോശമാണെന്നോ, അനാവശ്യമാണെന്നോ അതിനർത്ഥമില്ല. പക്ഷെ ഭാഷയുടെ സർഗ്ഗാത്മക വികാസത്തിനും, സർഗ്ഗാത്മകഭാവനാസമ്പുഷ്ടമായ സാഹിത്യത്തിന്റെ വികാസത്തിനും, എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്കാരം എന്ന ധ്യേയവാക്യം എത്രത്തോളം ഉയിരും, നീരും നൽകുന്നുവേന്നതാണ്‌ കാര്യം.
    നമ്മുടെ നാട്ടുഭാഷയും, നാട്ടുപേച്ചുകളും, നാട്ടുമണവും, നാട്ടുസംസ്കാരവും കുഴിച്ചാലും, കുഴിച്ചാലും തീരാത്ത അക്ഷയ ഖാനികളാണ്‌. അതിൽ ഇനിയുമെത്രയോ സഹശ്രമിരട്ടി അമൂല്യ രത്നങ്ങളും, മുത്തുകളുമുണ്ട്‌. അവയെ ശ്രദ്ധാപൂർവ്വമൊന്നു പൊടിതട്ടിയെടുത്താൽ മാത്രം മതി അത്‌ വെട്ടിത്തിളങ്ങി പ്രകാശം പരത്താൻ. കൈത്തഴക്കവും, ശ്രദ്ധയും, ധ്യാനവും ചേർന്ന ഉരച്ചു മിനുക്കലുകളിൽ നിന്നും പുറപ്പെടുന്ന വജ്രശോഭ ലോകമെങ്ങും വ്യാപിപ്പിക്കുവാൻ സാധിക്കുകയും ചെയ്യും. ലോകത്ത്‌ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ലാറ്റിനമേരിക്കൻ സാഹിത്യമായാലും, ഇംഗ്ലീഷ്‌ സാഹിത്യമായാലും, അവരവരുടെ പ്രദേശത്തിന്റെ പ്രമേയവും ഭാഷയുമാണ്‌ അവയെ ധന്യമാക്കിയതെന്നും, വ്യത്യസ്തമാക്കിയതെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്‌. നമ്മുടെ നാടിന്റെ നനവും, മണവുമുള്ള നാട്ടുപേച്ചുകളിലുള്ള ഭാഷയും, നാട്ടു സംസ്കാരത്തിലൂന്നിയ ഭൂമികയും നമ്മുടെ മലയാള സാഹിത്യത്തെ കൂടുതൽ കൂടുതൽ പുഷ്കലമാക്കട്ടെയെന്ന്‌ നമുക്ക്‌ ആശിക്കാം. അതിനായി എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്കാരം എന്ന ആപ്തവാക്

നവഭാരതം


രാധാമണി പരമേശ്വരൻ

ഒരു സ്വപ്നമിന്നിനി കാണാൻ കൊതിക്കുന്നു
മഥിക്കുന്നു മനസ്സിന്റെ അന്തരാളങ്ങളിൽ
നവോത്ഥാന ഭാരതമേകുന്ന സാന്ത്വനം
വിളങ്ങുംനിലയ്ക്കാത്ത താരാപഥങ്ങളിൽ
അനുസ്യൂതം ആത്മപ്രകാശമായ്‌ അദ്വൈതം
വൈഡൂര്യരശ്മീകദംബമായ്‌ ഒളിമിന്നി
ജാതിവ്യവസ്ഥകൾ തച്ചുടയ്ച്ചീടുവാൻ
മതമെന്ന മാമരം വെട്ടിക്കൊളുത്തുവാൻ.
വർഗ്ഗീയവിദ്വേഷപടയണിക്കോലങ്ങൾ
തുള്ളിയുറയാത്ത നന്മതൻ നവഭാരതം
അറിവിന്റെ അക്ഷരച്ചെപ്പു തുറക്കുന്ന
അഭിമാനപൂരിതം സനാതന ധർമ്മക്ഷേത്രം.
വേണ്ടയെനിക്കെന്റെ സ്വപ്നമഞ്ചങ്ങളിൽ
രാവിന്റെ നെഞ്ചകംകീറും ഒളിയമ്പുകൾ
സ്വർഗ്ഗീയസൗഭാഗ്യ സൂര്യഗോളത്തിലും
കനലിട്ടുഭേരിമുഴക്കുന്നു വർഗ്ഗീയവാദികൾ
അറിയേണമൊരുനാളിൽ പിണമായ്മാറും
പുകയും ഭൂമിയിൽ നിണമാർന്നുധൂളിയായ്‌.
ജാതിവ്യവസ്ഥവളർത്തും നീചപ്രചണ്ഡരേ
ചോരഞ്ഞരമ്പിൽ വളർത്തും മൃഗീയതേ
മതവർഗ്ഗീയവാദം അന്തഃസംഘർഷണം
ഗുരുവിന്റെ കൈവെട്ടി കാണിക്കയിട്ടവർ
ജാതിക്കോമരം തുള്ളും ധർമച്യുതികളും
തീരാനൊമ്പരംപേറി വിതുമ്പാൻ മനസ്സില്ല.
രക്തക്കറപൂണ്ടുണങ്ങാത്ത കത്തിയാൽ
ജനതയെകീറിമുറിക്കുന്നു നിർഭയം
മതവർഗ്ഗീയ ഭ്രാന്തന്മാർ രാഷ്ട്രപിതാവിന്റെ
തിരുനെഞ്ചിലും വെടിയുണ്ട വർഷിച്ചൊരുനാൾ
നെഞ്ചിലെരിയും നെരിപ്പോടണയ്ക്കുവാൻ
ഭസ്മീകരിക്കുകയാണിന്നു കൂട്ടമായ്‌ ഈ
ഭസ്മാസുരമാരെ എന്നേക്കുമായിതാ.
മതപരീവർത്തനം താണ്ഡവപടയണിക്കോ-
ലങ്ങൾ സംഹരിക്കുന്നീ ശ്മശാനഭൂമിയിൽ
ഗാന്ധിയൻ സ്വപ്നങ്ങൾ രാമരാജ്യത്തിന്റെ
സീമയ്ക്ക്‌ നെയ്യും വർണക്കസവുടയാടകൾ
ഹിംസയെവെല്ലുന്ന നന്മതൻ മോചനമന്ത്ര-
സൂക്തങ്ങൾ മുഴങ്ങുന്നു നവോത്ഥാനഭാരതം.
ഭാഗീരഥിയൊഴുകും ഭാരതാംബയുടെ സീമന്ത-
രേഖയിൽ തീണ്ടാവ്യവസ്ഥ കടപുഴക്കീടുവാൻ
ത്രിവേണീസംഗമം സായന്തനം സമർപ്പണം
നവോത്ഥാനഭാരതം സമസ്തം സ്വസ്തിഃ
സ്വസ്തിഃ സ്വസ്തിഃ ഭുവനം സുഖിനോ ഭവന്തുഃ
സമർപ്പയാമീഃ

വിജയരഹസ്യങ്ങൾ


ജോൺ മുഴുത്തേറ്റ്‌


ഇന്നത്തെ ജോലികൾ ഇന്ന്‌
പ്രശസ്ത മാനേജ്‌മന്റ്‌ വിദഗ്ദ്ധനും കൺസൾട്ടന്റുമായിരുന്ന ഇവി ലീ (ഋ​‍്​‍്യ ഘലല)  ഒരിക്കൽ ടൈം മാനേജ്‌മന്റ്‌ സെമിനാറിനായി പട്ടണത്തിൽ എത്തി. ആ പട്ടണത്തിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ തലവനായ തന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ച്‌ തമ്മിൽ കാണാനുള്ള ആഗ്രഹമറിയിച്ചു. വളരെ തിരക്കുള്ള അദ്ദേഹം വൈകുന്നേരം സെമിനാർ നടക്കുന്ന ഹോട്ടലിൽ വന്ന്‌ ലീയെ കണ്ടുകൊള്ളാമെന്ന്‌ അറിയിച്ചു.
സെമിനാറിനു ശേഷം ഹോട്ടൽ മുറിയിൽ ലീ സ്നേഹിതനെ കാത്തിരുന്നു. അയാൾ കുറച്ചു വൈകിയാണ്‌ എത്തിയത്‌. ക്ഷമാപണത്തോടെ തന്റെ മുറിയിൽ കടന്നുവന്ന സ്നേഹിതനെ ലീ അഭിവാദ്യം ചെയ്തു. പറഞ്ഞ സമയത്ത്‌ എത്താൻ കഴിയാത്തതിന്റെ കാരണം അയാൾ വ്യക്തമാക്കി. തനിക്ക്‌ ഒന്നിനും സമയം കിട്ടുന്നില്ല. ഇന്നത്തെ പ്രധാനജോലികൾ പോലും നാളേയ്ക്ക്‌ മാറ്റിവയ്ക്കേണ്ടി വരുന്നു. പക്ഷേ നാളെയും ചെയ്യുവാൻ കഴിയുന്നില്ല. അങ്ങനെ ജോലികൾ കുന്നുകൂടുന്നു. അത്‌ ഗുരുതരമായ പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. തന്റെ ജീവിതം തീർത്തും സംഘർഷഭരിതവും ദുരിതപൂർണ്ണവുമായിത്തീർന്നിരിക്
കുന്നു...
സ്നേഹിതന്റെ പ്രശ്നങ്ങൾ കേട്ട്‌ ലീ ചിരിച്ചതേയുള്ളു.
"താങ്കൾ ടൈംമാനേജ്‌മന്റ്‌ വിദഗ്ദ്ധനല്ലേ? എനിക്ക്‌ എന്തെങ്കിലും പോംവഴി പറഞ്ഞുതരൂ", അയാൾ അപേക്ഷിച്ചു. പരിഹാരം പറഞ്ഞു കൊടുക്കാമെന്ന്‌ ലീ ഏറ്റു.
അവരുടെ സംഭാഷണം മറ്റു വിഷയങ്ങളിലേക്ക്‌ തിരിഞ്ഞു. ഒടുവിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സ്നേഹിതൻ തന്റെ പ്രശ്നങ്ങൾ ലീയെ ഓർമ്മപ്പെടുത്തി. അപ്പോൾ ലീ ഒരു കടലാസ്‌ കഷണം എടുത്തു. അതിൽ തന്റെ നിർദ്ദേശങ്ങൾ ചുരുക്കി എഴുതി:
*   എല്ലാദിവസവും വൈകുന്നേരം നാളെ ചെയ്യേണ്ട ആറു പ്രധാനജോലികൾ മുൻഗണനാക്രമത്തിൽ എഴുതിവയ്ക്കുക
* പിറ്റേദിവസം രാവിലെ ഇവ ഓരോന്നും മുൻഗണനയനുസരിച്ച്‌ ചെയ്തു തുടങ്ങുക. പരമാവധി ജോലികൾ തീർക്കുക.
*   ദിനാന്ത്യത്തിൽ തലേദിവസത്തെ ലിസ്റ്റ്‌ കീറിക്കളയുക. പിറ്റേ ദിവസത്തേക്ക്‌ വീണ്ടും മുൻഗണനാ ലിസ്റ്റ്‌ തയ്യാറാക്കുക.
മുൻലിസ്റ്റിൽ തീരാതെ കിടക്കുന്ന പ്രധാന ജോലികൾ ഉണ്ടെങ്കിൽ അവയും പുതിയ ലിസ്റ്റിൽപെടുത്താം. ഇങ്ങനെ മുൻകൂട്ടിയുണ്ടാക്കുന്ന മുൻഗണനാ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ദിവസവും ജോലികൾ പൂർത്തിയാക്കുക.
ലീയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുമെന്നു സ്നേഹിതൻ ഉറപ്പു നൽകി. ഈ ഉപദേശത്തിന്‌ ഫീസ്‌ എത്രയെന്ന്‌ ചോദിച്ചപ്പോൾ ലീ തമാശയായി പറഞ്ഞു, "ഇത്‌ ഫലിക്കുന്നെങ്കിൽ ഇഷ്ടമുള്ള ഫീസ്‌ ചെക്കായി അയച്ചു തന്നാൽ മതി".
അവർ പിരിഞ്ഞു. മാസങ്ങൾ കഴിഞ്ഞു. ലീ തന്റെ ഉപദേശത്തിന്റെ കാര്യമൊക്കെ മറന്നു. ഒരു ദിവസം അപ്രതീക്ഷിതമായി സ്നേഹിതന്റെ കത്തുവന്നു. അത്‌ ആകാംക്ഷയോടെ തുറന്നു നോക്കി.
'താങ്കളുടെ ഉപദേശം വളരെഫലപ്രദം. ഇതിന്റെ ഫീസായി ഞാൻ സസന്തോഷം 25000 ഡോളറിന്റെ ചെക്ക്‌ അയയ്ക്കുന്നു. ദയവായി സ്വീകരിക്കുക.
ലീ പിന്നീട്‌ സെമിനാറുകളിൽ '25000 ഡോളർ വിലയുള്ള ഉപദേശം' എന്നു പറഞ്ഞാണ്‌ ഈ നിർദ്ദേശങ്ങൾ നൽകിയത്‌.
ഇന്ന്‌ ചെയ്യേണ്ട പ്രധാന ജോലികൾ നാളേയ്ക്ക്‌ മാറ്റി വയ്ക്കുന്നത്‌ പിന്നീട്‌ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ലീ പറഞ്ഞതുപോലെ മുൻഗണനാക്രമത്തിൽ ജോലികൾ ചെയ്തു തുടങ്ങിയാൽ പ്രധാനപ്പെട്ട ജോലികൾ നാളേയ്ക്ക്‌ മാറ്റി വയ്ക്കുവാൻ ഇടയാവുകയില്ല. ഏതെങ്കിലും ജോലികൾ മാറ്റിവയ്ക്കേണ്ടി വന്നാൽ അതു താരതമ്യേന അപ്രധാനമായവയായിരിക്കും.
ലോകത്ത്‌ ഏറ്റവും വലിയ സമയനഷ്ടം സംഭവിക്കുന്നത്‌ ജോലിനീട്ടിവയ്ക്കൽ പ്രക്രിയകൊണ്ടാണ്‌. 'മുൻഗണന' എന്ന വിറ്റാമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഒരു വൈകാരിക രോഗമാണ്‌ ജോലിനീട്ടിവയ്ക്കൽ അഥവാ പ്രോക്രാസ്റ്റിനേഷൻ', എന്നാണ്‌ പ്രശസ്ത ബ്രിട്ടീഷ്‌ മാനേജ്‌മന്റ്‌ വിദഗ്ദ്ധനായ ജോൺ അഡയർ അഭിപ്രായപ്പെട്ടത്‌.
ക്രിസ്റ്റഫർ പാർക്കർ ഒരിക്കൽ സരസമായി പറഞ്ഞു, "ജോലിനീട്ടിവയ്ക്കൽ ഒരു ക്രെഡിറ്റ്‌ കാർഡ്‌ പോലെയാണ്‌. ബില്ലു കിട്ടുന്നതുവരെ അതുരസകരമാണ്‌".
അലസതയുടെയും അലംഭാവത്തിന്റെയും ഫലമായി ഇന്നത്തെ ജോലി നാളേയ്ക്കു മാറ്റി വയ്ക്കുന്ന ശീലം ഒരു വ്യക്തിയുടെ പരാജയത്തിനും തകർച്ചയ്ക്കും കാരണമായിത്തീരുന്നു. അതിനെ അതിജീവിക്കുവാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു. ഈ ദുശ്ശീലത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള ചില പ്രായോഗികവഴികൾ വിശദമാക്കാം:
1. ശാരീരികവും മാനസികവുമായ ഊർജ്ജസ്വലത കൈവരിക്കുക
ശാരീരികവും മാനസികവുമായ ക്ഷീണവും ഉൻമേഷരാഹിത്യവും നിങ്ങളെ ജോലി ചെയ്യുന്നതിൽ നിന്ന്‌ പൈന്തിരിപ്പിച്ചേക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യവും ഉൻമേഷവും കൈവരിയ്ക്കാൻ സഹായകരമായ ഒരു ജീവിതശൈലി സ്വീകരിക്കുക. പഴങ്ങളും, പച്ചക്കറികളും ധാരാളമടങ്ങിയ മിതമായ ആഹാരരീതികൾ, പതിവായ വ്യായാമം, മതിയായ സുഖനിദ്ര തുടങ്ങിയവ വളരെ പ്രധാനമാണ്‌. നിർജ്ജലീകരണം ക്ഷീണത്തിന്‌ കാരണമാകാറുണ്ട്‌. അതുകൊണ്ട്‌ ജലപാനം ശീലമാക്കുക. മദ്യപാനം, അമിതമായ ടി. വി. കാണൽ തുടങ്ങിയവ ഒഴിവാക്കുക.
2. വ്യക്തമായ ലക്ഷ്യബോധം വളർത്തുക
പ്രചോദനാത്മകമായ ഒരു ലക്ഷ്യം മുന്നിൽ കാണുകയും അത്‌ കൈവരിക്കാനുള്ള അഭിവാഞ്ഛ പുലർത്തുകയും ചെയ്യുമ്പോൾ ജോലികൾ ചെയ്ത്‌ തീർക്കുവാൻ ഉത്സാഹവും ഉന്മേഷവും തോന്നുക സ്വാഭാവികമാണ്‌. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോഴും രാവിലെ ഉണരുമ്പോഴും ഈ ലക്ഷ്യപ്രാപ്തി വ്യക്തമായി ഭാവനയിൽ കാണുക. അത്‌ നിങ്ങൾക്ക്‌ ഉത്തേജനമേകുന്നു.
3. മുൻഗണനാ ക്രമത്തിൽ ജോലി തെരഞ്ഞെടുത്ത്‌ ചെയ്യുക
ജോലിബാഹുല്യം അനുഭവപ്പെടുന്നവർ, ജോലികളുടെ മുൻഗണനാക്രമത്തിലുള്ള ലിസ്റ്റ്‌ തയ്യാറാക്കുകയും അതനുസരിച്ച്‌ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുക. അപ്പോൾ പ്രധാന ജോലികൾ ഉപേക്ഷിച്ച്‌ അപ്രധാന ജോലികളിൽ മുഴുകി സമയം കളയുവാൻ ഇടവരികയില്ല.
4. കുറെ ജോലികൾ മറ്റുള്ളവരെ ഭരമേൽപ്പിക്കുക
എല്ലാ ജോലികളും താൻ തന്നെ ചെയ്താലെ ശരിയാവു എന്ന ചിന്ത വെടിഞ്ഞ്‌ മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുകയും അവരെ കുറെ ജോലികൾ ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്യുക. ഒരു മാനേജർ തന്റെ ചില ജോലികൾ തന്റെ കീഴിൽ ജോലി ചെയ്യുന്ന കഴിവുള്ള ജീവനക്കാരെ കണ്ടെത്തി ഏൽപ്പിച്ചു കൊടുക്കുമ്പോൾ അതവർക്ക്‌ ഒരു പ്രചോദനവും അംഗീകാരവുമായിത്തീരുന്നു. മാനേജർക്ക്‌ തന്റെ സുപ്രധാന ജോലികൾ നാളേയ്ക്കു നീട്ടി വയ്ക്കാതെ നിർവഹിക്കുവാൻ കഴിയുകയും ചെയ്യും.
5. ശരിയായ ആസൂത്രണത്തോടെ പ്രവർത്തിക്കുക
ഒരു ജോലി പൂർണ്ണമായി ചെയ്തു തീർക്കുവാൻ എത്ര സമയം വേണമെന്ന്‌ മുൻകൂർ കണക്കാക്കുകയും അതിനുള്ള സമയം നീക്കിവയ്ക്കുകയും ചെയ്യണം. അവസാനം ചെയ്യാമെന്ന്‌ കരുതി നീക്കിവയ്ക്കുന്ന ജോലികൾ സമയക്കുറവു മൂലം ചെയ്തു തീർക്കുവാൻ കഴിയാതെ വരികയാണ്‌ പതിവ്‌. മുൻകൂട്ടിയുള്ള ആസൂത്രണത്തോടെ പ്രവർത്തിച്ചാൽ നിശ്ചിതസമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും.

6. ജോലിവൈഭവം വർദ്ധിപ്പിക്കുക
ഒരു ജോലി നന്നായി ചെയ്യുന്നതിനുള്ള വൈഭവവും ആത്മവിശ്വാസവും ഇല്ലെങ്കിൽ അതു ചെയ്യാതെ നീട്ടി വയ്ക്കുന്നതിന്‌ പ്രേരണയാകുന്നു. ജോലി വൈഭവം വർദ്ധിപ്പിക്കുമ്പോൾ ആത്മവിശ്വാസം വളരുകയും ജോലി ചെയ്യാനുള്ള താൽപര്യം ഉണരുകയും ചെയ്യും. ഇതിനുള്ള പ്രത്യേക പരിശീലന പരിപാടികളിൽ പങ്കെടുക്കുകയോ പരിചയസമ്പന്നരായ സഹപ്രവർത്തകരുടെ സഹായം തേടുകയോ ചെയ്യാം.
7. പരാജയബോധം അകറ്റി വിജയപ്രതീക്ഷ വളർത്തുക
ജോലിയിൽ പരാജയപ്പെടുമോ എന്ന ആശങ്കയും ഭയവും അതേറ്റെടുക്കുന്നതിൽ നിന്നും നിങ്ങളെ പൈന്തിരിപ്പിക്കുന്നു. പരാജയബോധം വെടിഞ്ഞ്‌ വിജയപ്രതീക്ഷ വളർത്തുക എന്നതാണ്‌ ഇതിനൊരു പോംവഴി. വിജയം സ്വപ്നം കാണുക.
പ്രോക്രാസ്റ്റിനേഷന്റെ അപകടങ്ങൾ മനസിലാക്കിയിരുന്ന ലോർഡ്‌ ചെസ്റ്റർ ഫീൽഡ്‌ തന്റെ മകനയക്കുന്ന കത്തുകളിൽ എപ്പോഴും നൽകുന്ന ഉപദേശം ഇതായിരുന്നു, 'ഇന്നു ചെയ്യാവുന്ന ജോലികൾ നാളേക്ക്‌ മാറ്റി വയ്ക്കാതിരിക്കുക.'

മാലിന്യങ്ങൾ നിക്ഷേപിക്കരുത്‌

എം.തോമസ്‌ മാത്യു
കേരളത്തിലെ നഗരങ്ങളും നഗരമോ ഗ്രാമമോ എന്ന്‌ തീർച്ചപ്പെടുത്താനാവാത്ത ഇടങ്ങളും ഒരുപോലെ തെരുവു നായ്ക്കളെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നുവേന്നും മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായിരിക്കുമെന്നും വാർത്ത പരക്കുന്നു. നായ്കടിയേറ്റ്‌ ആശുപത്രികളെ ശരണം പ്രാപിച്ചവരെക്കുറിച്ചും അവർക്ക്‌ അവിടെ വേണ്ട പരിചരണവും ചികിത്സയും കിട്ടാത്തതിനെപ്പറ്റിയുള്ള വാർത്തകളും പരാതികളും അച്ചടിക്കാൻ മാത്രമായി പത്രങ്ങൾ താളുകൾ നീക്കിവയ്ക്കുന്നു. ദൃശ്യമാധ്യമങ്ങൾ വിദ്വൽ ജനങ്ങളെ നിരത്തി ആഘോഷപൂർവ്വം ചർച്ചകൾ നടത്തുന്നു; എന്തൊരുണർവ്വ്വ്‌, എന്തൊരു ജാഗ്രത. നാട്ടിലെമ്പാടും നായ്പേടി ഒരു പുതിയ തരംഗമായി അടിച്ചു കയറുന്നു!!
    എവിടെ നിന്ന്‌ എങ്ങനെയെത്തി ഈ തെരുവു നായ്ക്കൾ എന്നു വിദഗ്ധ വിശകലനങ്ങൾക്കൊടുവിൽ എത്തിച്ചേർന്നിരിക്കുന്ന ഒരു നിഗമനം നാട്ടിലെമ്പാടും കുമിഞ്ഞു കൂടുന്ന എച്ചിൽ ശേഖരമാണ്‌ ഇത്രയേറെ നായ്ക്കളെ ഇവിടെ എത്തിച്ചിരിക്കുന്നതെന്നാണ്‌. ഏറെക്കുറെ സത്യമാകാൻ ഇടയുണ്ട്‌ ആ നിഗമനം. നമ്മുടെ നാട്ടിൽ എവിടെ നോക്കിയാലും മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാൻ കഴിയും. പൊതുനിരത്തോരങ്ങളെ അലങ്കരിക്കുന്ന പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉള്ളടക്കം മാന്യന്മാർ ഒതുക്കത്തിൽ കൊണ്ടു വന്നിടുന്ന മാലിന്യശേഖരമാണ്‌. കേരളീയരെക്കുറിച്ച്‌ നാം ഏറെ അഭിമാനത്തോടും അതിലേറെ പൊങ്ങച്ചത്തോടും പറയാറുള്ളത്‌ അവരുടെ-നമ്മുടെ-ശുചിത്വബോധത്തെ
ക്കുറിച്ചാണ്‌. രണ്ടുനേരം കുളിക്കുകയും രണ്ടുനേരം മുറ്റം അടിച്ചുവാരുകയും ചെയ്യുക മാത്രമല്ല, വീടും പരിസരവും ഭംഗിയായി, വൃത്തിയായി സൂക്ഷിക്കണമെന്ന്‌ നിഷ്ഠയുള്ളവരുമാണ്‌ നമ്മൾ. മുറ്റത്തെ പ്ലാവിൽ നിന്ന്‌ ഒരില കൊഴിഞ്ഞു വീണാൽ ആ നിമിഷം അത്‌ എടുത്തുമാറ്റി പരിസരത്തിന്റെ ചന്തം നിലനിർത്താൻ നാം ജാഗ്രത കൊള്ളുന്നു. എല്ലാ വർഷവും ആചാരനിഷ്ഠയോടെ ജ്യേഷ്ഠാ ഭഗവതിയെ പുറത്താക്കി ശ്രീദേവിയെ കുടിയിരുത്തുന്നു. ഇതൊക്കെ നല്ലകാര്യം തന്നെ. എന്നാൽ, സ്വന്തം ഭവനവും പരിസരവും ഭംഗിയായും ശുചിയായും ഇരിക്കണമെന്ന്‌ വാശിയോടടുത്ത നിഷ്ഠ കാണിക്കുന്ന നമ്മൾ അയൽവാസിയുടെ പറമ്പിലേക്ക്‌ വലിച്ചെറിയാൻ യാതൊരു മടിയും കാണിക്കുന്നില്ല. പൊതുസ്ഥലങ്ങൾ, നിരത്തും മൈതാനങ്ങളും ഗ്രാമചത്വരങ്ങളും എല്ലാവരുടേതുമാകയാൽ ആരുടെയുമല്ലാത്തതിനാൽ വീട്ടിൽ വേണ്ടാത്തതെല്ലാം കൊണ്ടുവന്നിടാനുള്ള സ്ഥലങ്ങളായി മാറുന്നു. നമ്മൾ പരിഷ്കൃതചിത്തരും സംസ്ക്കാരസമ്പന്നരുമാകയാൽ അവിടങ്ങളിലൊക്കെ ചപ്പുചവറുകൾ ഇടരുതെന്നല്ല മാലിന്യങ്ങൾ നിക്ഷേപിക്കരുത്‌ എന്നു തന്നെ എഴുതിവയ്ക്കാൻ ശ്രദ്ധിക്കുന്നു. ഈ ബോർഡു തൂക്കണമെന്നല്ലാതെ 'വേസ്റ്റ്‌ മാനേജ്‌മന്റ്‌' എന്ന്‌ ഒരു ശാസ്ത്രശാഖ പരിഷ്കൃത രാജ്യങ്ങൾ വികസിപ്പിച്ചു നടപ്പിലാക്കുന്ന കാര്യം നഗരപാലകരോ നിയമപാലകരോ ഓർക്കുന്നുമില്ല. മാലിന്യങ്ങൾ കൊണ്ടുവന്നിടാനുള്ള ക്ഷണപത്രമായി ഈ ബോർഡുകളെ ഹാസ്യബോധമുള്ള പൗരന്മാർ കണക്കാക്കുകയും ചെയ്യുന്നു!
    ഈ എച്ചിൽക്കൂമ്പാരങ്ങളിലേക്ക്‌ തെരുവുനായ്ക്കൾ ആകർഷിക്കപ്പെടരുതെന്നോ ഇത്രയും അനുകൂലമായ സാഹചര്യം ഉള്ളപ്പോൾ അവ കർശനമായ ജനസംഖ്യാ നിയന്ത്രണം പാലിക്കണമെന്നോ പറയുന്നതിൽ അർത്ഥമുണ്ടോ?
    ഇതിനേക്കാൾ പ്രധാനമായ കാര്യം എച്ചിലിനെ ആശ്രയിച്ചു ജീവിക്കുന്ന നായ്ക്കൾ മനുഷ്യരെ ശത്രുവായി കാണുന്നതിലോ അവരെ വിരട്ടിയോടിക്കാൻ അഹിംസയുടെ മാർഗ്ഗംവിട്ടു പെരുമാറുന്നതിലോ അത്ഭുതമില്ലെന്നതാണ്‌. കേറി അക്രമിക്കുന്നതാണ്‌ ഏറ്റവും ഫലപ്രദമായ പ്രതിരോധം എന്ന്‌ കുറേക്കാലം മനുഷ്യരോടിടപെട്ടു ജീവിച്ചവരെന്ന നിലയ്ക്ക്‌ നായ്ക്കൾ അറിഞ്ഞിരിക്കാൻ ഇടയുണ്ട്‌; അതാണ്‌ സ്വാഭാവികം. നായ്ക്കളുടെ ആക്രമണങ്ങൾക്കു പിന്നിൽ മനുഷ്യന്റെ യുദ്ധതന്ത്രമാണ്‌ ഉള്ളത്‌. മനുഷ്യനോട്‌ ആദ്യം ഇണങ്ങി അവന്റെ വേട്ടയ്ക്കു സഹായിയും വീടിനു കാവലുമായി അനേകയുഗങ്ങൾ ഒന്നിച്ചു കഴിഞ്ഞ ഈ ജീവി ഇത്രയെങ്കിലും മനുഷ്യനിൽ നിന്നു പഠിച്ചില്ലെങ്കിൽ അതിന്റെ ബുദ്ധിയെക്കുറിച്ച്‌ എന്തുമതിപ്പാണ്‌ തോന്നുക?
    ഉച്ഛിഷ്ടത്തിൽ ഉപജീവനം തേടുന്ന നായക്കൾ എന്തിനാണ്‌ മനുഷ്യനെ ശത്രുവായി കാണുന്നത്‌?
    ഉത്തരം ലളിതം. ഉച്ഛിഷ്ടത്തിൽ അഭിമാനം കൊള്ളുകയും അതു കൂട്ടിവയ്ക്കുന്നതാണ്‌ ജീവിതത്തിന്റെ സാർത്ഥകത എന്ന്‌ വിചാരിക്കുകയും ചെയ്യുന്ന ഏക ജീവിയാണ്‌ മനുഷ്യൻ. സിംഹം ഇരപിടിച്ചാൽ സംഘത്തിൽ എല്ലാവരും തിന്നു തൃപ്തരായാൽ ബാക്കി ഉപേക്ഷിച്ച്‌ നടന്നു നീങ്ങുന്നു. കഴുകനും കഴുതപ്പുലിയും അതിന്മേൽ അവകാശം സ്ഥാപിക്കുന്നു. അവയുടെ മത്സരത്തിലോ ജയത്തിലോ സിംഹത്തിനു താത്പര്യമില്ല. അത്‌ എവിടെയെങ്കിലും സ്വസ്ഥമായി കിടന്നുറങ്ങും. വീണ്ടും വിശപ്പു വന്നു വിളിക്കുന്നതു വരെ അവ ഒന്നിലും ഇടപെടുകയില്ല. സിംഹം മാൻകുട്ടിയായിത്തീരുന്ന വേള ഇതാണ്‌. ഏതു മൃഗത്തിന്റെയും കാര്യമിതാണ്‌. അടുത്ത നേരത്തെ അന്നം എവിടെയാണ്‌ ഒരുങ്ങിയിരിക്കുന്നതെന്ന്‌ അവ വേവലാതിപ്പെടുന്നില്ല. അത്‌ എവിടെയെങ്കിലും ഉണ്ടാകും എന്ന്‌ അവയ്ക്കറിയാം. വാ കീറിയവൻ ഇരയേയും ഒരുക്കിയിട്ടുണ്ടാകും എന്ന്‌ വരരുചിയേക്കാൾ നിശ്ചയമുണ്ട്‌ അവയ്ക്ക്‌. വിശപ്പടക്കിയാൽ ഒരു വറ്റ്‌ അകത്താക്കാൻ അവ കൂട്ടാക്കുകയുമില്ല. മനുഷ്യൻ മാത്രം അങ്ങനെയല്ല. വിശപ്പില്ലെങ്കിലും ഭക്ഷിക്കുന്നവനും വിശപ്പുണ്ടാക്കാൻ ഉത്തേജകങ്ങൾ തേടുന്നവനുമാണ്‌ അവൻ. ഈ സ്വഭാവംകൊണ്ട്‌ എത്ര ഉള്ളിൽ ചെലുത്തിക്കഴിഞ്ഞാലും ബാക്കിവരുന്നത്‌ വിട്ടുകൊടുക്കാൻ അവൻ ഒരുക്കമല്ല. എത്ര മിച്ചമുണ്ട്‌ എന്ന്‌ നോക്കിയാണ്‌ മനുഷ്യനെ മതിക്കുക. നിരുപയോഗമായ സമ്പാദ്യം മനുഷ്യന്റെ മാത്രം അഭിമാനം. നിരുപയോഗം മാത്രമല്ല ഉപദ്രവകരവുമാണ്‌ അവ മിക്കപ്പോഴും എന്നാലും വിടുകയില്ല.
    മരുഭൂപ്രയാണ വേളയിൽ ദൈവം മന്ന വർഷിച്ചപ്പോൾ വച്ച വ്യവസ്ഥ അവനവന്‌ അന്നന്നത്തേക്കു വേണ്ടതു മാത്രമേ വാരിയെടുക്കാവൂ എന്നാണ്‌. നാളെ ദൈവം വീണ്ടും നൽകും എന്നു വിശ്വാസമില്ലാഞ്ഞിട്ടല്ല. മനുഷ്യ സ്വഭാവത്തിന്റെ പ്രേരണ കൊണ്ടാണ്‌ അവർ കൂടുതൽ ശേഖരിച്ച്‌ ചീഞ്ഞുനാറാൻ സൂക്ഷിച്ചതു!
    ഈ മനുഷ്യനെ ശത്രുവായി കാണാതിരിക്കാൻ നായ്ക്കൾക്കു കഴിയുമോ? അവ മനുഷ്യ സ്വഭാവം നന്നായി അറിഞ്ഞിരിക്കുന്നു. മനുഷ്യനാകട്ടെ സ്വഭാവം മാറ്റാനല്ല, ഈ ഉച്ഛിഷ്ടത്തെ മിച്ച മൂല്യം എന്നൊക്കെ വലിയ പേർ വിളിച്ച്‌ ഗൗരവപ്പെടുത്തുന്നു. സ്വന്തം അൽപത്തങ്ങളും സ്വഭാവ വൈകല്യങ്ങളും മറച്ചു പിടിക്കാൻ മനുഷ്യനെടുക്കുന്ന അടവുകളിലൊന്നാണല്ലോ ഈ ഭാഷാ വക്രത! ഈ പുറംമിനുക്കത്തിനടിയിൽ നായ്ക്കളോടു മത്സരിക്കുന്ന ഒരു ഭാവം ഒളിഞ്ഞിരിക്കുന്നു എന്ന സത്യത്തെ ആർ അംഗീകരിക്കും?

നിസ്സംഗതയാർന്ന സംന്യാസം


ഡോ.എം.ആർ.യശോധരൻ


    നിസംഗതയെന്നത്‌ ചെറിയ കാര്യമല്ല. ഈശാവാസ്യോപനിഷത്തിൽ പറയുന്നത്‌ ശ്രദ്ധിക്കുമ്പോഴാണ്‌ നിസംഗതയുടെ മഹത്വം എത്രയെന്ന്‌ തിരിച്ചറിയാൻ കഴിയുന്നത്‌ എന്നാണ്‌. ഈശ്വരൻ ജഗത്തിലെല്ലാം ആവസിക്കുകയാണ്‌. അതുകൊണ്ട്‌ സകലത്തിൽ നിന്നും മുക്തനായി ജീവിക്കുക. സകലതിൽ നിന്നും മുക്തനാകുവാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു മാർഗ്ഗമെന്ന നിലയിലാണ്‌ ഋഷി നിസംഗതയെ അവതരിപ്പിക്കുന്നത്‌. സകല കർമ്മങ്ങളിൽ നിന്നും മുക്തനായി ആരുടേയും ധനം കാംക്ഷിക്കാതെ ജീവിക്കുവാൻ കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ യാതൊന്നും ചെയ്യേണ്ട കാര്യമില്ല. അത്ര ലളിതമാണ്‌ ജീവിതം. അതിനു കഴിയാതെ വന്നാൽ അന്ത്യം വരെ വന്നുചേരുന്നതും ചെയ്യേണ്ടതുമായ കർമ്മങ്ങൾ കൃത്യമായി ചെയ്തുകൊണ്ട്‌ ചെയ്യുന്ന കർമ്മങ്ങളോട്‌ സംഗമില്ലാതെ കഴിയുക. അസംഗമായകർമ്മങ്ങളിലൂടെ മനുഷ്യന്റെ ജീവിതം സാർത്ഥകമായി മാറും. ജീവിതത്തെ സാർത്ഥകമാക്കുന്നതിന്‌ അസംഗമായ കർമ്മങ്ങൾക്കാകും. ഇതൊരു വലിയ ഉദ്ബോധനമാണ്‌. ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുവാൻ നമ്മൾ ഏതു മനോഭാവത്തോടെയാണോ നമ്മുടെ മുന്നിലുള്ളകർമ്മം ചെയ്യുന്നത്‌. ആ കർമ്മങ്ങൾ അസംഗമായിരുന്നാൽ ജീവിതത്തിന്റേഗതി തന്നെ മാറ്റം വരികയാണ്‌. കർമ്മങ്ങൾ ചെയ്യുന്നതിലല്ല മറിച്ച്‌ സംഗമില്ലാതെ ചെയ്യുന്ന കർമ്മങ്ങളോട്‌ വിധേയപ്പെടാതെ കർമ്മങ്ങൾക്ക്‌ കീഴ്പ്പെടാതെ അതു ചെയ്യുന്നതിലാണ്‌ വിജയം. നമ്മളെല്ലാം എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിന്നൊരു നേട്ടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെയാണ്‌ അത്‌ ചെയ്യുന്നത്‌. ഉദ്ദേശിക്കുന്ന നേട്ടം കിട്ടാതെ വരുമ്പോൾ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. കർമ്മങ്ങൾക്ക്‌ ഫലപ്രാപ്തിയുണ്ടായാൽ സന്തോഷവും തോന്നും. അങ്ങനെ നോക്കുമ്പോൾ കർമ്മങ്ങൾക്കല്ല പ്രാധാനം. അതിന്റെ ഫലങ്ങൾക്കാണ്‌ പ്രാധാന്യം. കർമ്മങ്ങളെ ഫലം കിട്ടുന്നതിനുള്ള ഉപാധിയായി മാത്രമാണ്‌ കണക്കാക്കുന്നത്‌. ഋഷി കർമ്മങ്ങൾക്കാണ്‌ പ്രാധാന്യം കൊടുക്കുന്നത്‌. ഫലങ്ങൾക്കല്ല. ഇവിടെ ഇങ്ങനെയൊക്കെ ആമുഖമായി പരാമർശിച്ചതു ആത്മോപദേശശതകത്തിലെ ഈ മന്ത്രത്തിലും യതമിയലുന്ന നിസംഗമാകുന്ന മാനസികാവസ്ഥയിലേക്ക്‌ ഉയർന്നുവരണമെന്ന ഉദ്ബോധനമുള്ളതുകൊണ്ടാണ്‌. എന്നും യതമിയലുന്ന യതിവര്യനായിടേണം എന്നാണ്‌ ഗുരു ഉപദേശിക്കുന്നത്‌. യതിവര്യൻ എന്നാൽ സംന്യാസി ശ്രേഷ്ഠൻ. കാമ്യമായ കർമ്മങ്ങളെ ഉപേക്ഷിച്ചവനെയാണ്‌ സംന്യാസിയെന്ന്‌ പറയേണ്ടത്‌. കർമ്മങ്ങളോടുള്ള സമീപനമാണ്‌ സംന്യാസത്തിന്റെ അടിസ്ഥാനം. ചെയ്യുന്ന കർമ്മങ്ങളോടു സംഗമില്ലാത്ത മാനസികാവസ്ഥയിൽ ജീവിക്കണമെന്നതാണ്‌ ഈ മന്ത്രത്തിന്റെ ഉദ്ബോധനം.
മന്ത്രം
അധികവിശാലമറുപ്രദേശമെന്നായ്‌
നദി പെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണു തുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം

പദച്ഛേദം
    അധികവിശാലമറുപ്രദേശം/ഒന്നായ്‌/
നദി പെരുകുന്നതുപോലെ/വന്നു നാദം/ശ്രുതികളിൽ വീണ്‌/തുറക്കും അക്ഷി/എന്നും/യതമിയലും യതിവര്യനായിടേണം.

അർത്ഥം
    അനന്തവിശാലമായ മരുഭൂമിയാകെ ഒന്നിച്ച്‌ നദിപെരുകുന്നതുപോലെ നാദം കാതുകളിൽ വന്നു പതിച്ച്‌ കണ്ണുകൾ തുറക്കും(ദർശനമുണ്ടാകും) അതിനിടയാകണമെങ്കിൽ എന്നും നിസ്സംഗതയാർന്ന സംന്യാസിശ്രേഷ്ഠനായിത്തീരണം. നദിപെരുകുന്ന ശബ്ദം മനസ്സിലാക്കാൻ കഴിയുമായിരിക്കും. ആറ്റിലും തോട്ടിലുമൊക്കെ മഴക്കാലത്ത്‌ വെള്ളം പരന്നൊഴുകുന്നശബ്ദമാണത്‌. അതിനെ ശബ്ദമെന്നു പറയുന്നതിലും നല്ലത്‌ നാദം എന്നു പറയുന്നതാണ്‌. ഏതൊരൊച്ചയും ശബ്ദമാണ്‌. പക്ഷേ നാദമാകണമെങ്കിൽ അതിനൊരു ലയമുണ്ടാകണം. നദി പെരുകുന്ന ശബ്ദത്തിന്‌ ഒരു ലയമുണ്ട്‌. ഇവിടെ നദിപെരുകുന്നത്‌ മരുഭൂമിയിലാണ്‌. മരുഭൂമിയിൽ നദി പെരുകുകയില്ല. ഗുരു അങ്ങനെയാണ്‌ ഭാവനസ്വീകരിച്ചിരിക്കുന്നത്‌. ഉണ്ടാകുന്ന നാദത്തിന്റെ സവിശേഷതയെ ബോധ്യപ്പെടുത്താനാണത്‌. മരുഭൂമിയിലെ മണൽ നല്ല ചുട്ടുപൊള്ളിക്കിടക്കുന്നതാണ്‌. ചുട്ടുപഴുത്ത്‌ കിടക്കുന്ന മണലിൽ വെള്ളം വീഴുമ്പോൾ ചൂടായ ചീനച്ചട്ടിയിൽ വെള്ളമൊഴിക്കുമ്പോഴത്തെ ഒരു ശീത്ക്കാര ശബ്ദമുണ്ടാകും. മരുഭൂമിയിൽ നദിപെരുകുന്ന നാദത്തിന്‌ മേൽ പറഞ്ഞ ഒരു ശീത്ക്കാരത്തിന്റെ പിൻബലം കൂടിയുണ്ട്‌. ആ നാദം ചെവികളിൽ വന്നുപതിക്കുന്നതോടെ കണ്ണുകൾ തുറക്കും. ഇങ്ങനെയൊരനുഭവമുണ്ടാകണമെങ്കിൽ നിസംഗതയെ പാഠമാക്കിയ സംന്യാസിശ്രേഷ്ഠനാകണം. ആത്മീയ അനുഭവത്തെ സാധാരണ ജനങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുകയാണിവിടെ. ദർശനമുണ്ടാകുന്നതിനു മുൻപാണ്‌ നാദം കേൾക്കുന്ന അനുഭവമാണുണ്ടാവുക. വിശേഷിരിരുക്കുവാൻ പറ്റാത്ത ആ നാദത്തെ ഗുരു മരുഭൂമിയിൽ പെരുകുന്ന നദിയുടെ നാദത്തോട്‌ ഉപമിച്ചിരിക്കുന്നു. ആ ഉപമയിൽ നിന്നും ആത്മീയാനുഭവമില്ലാത്ത സാധാരണക്കാരനുപോലും കേൾക്കുന്ന നാദത്തെക്കുറിച്ച്‌ സാമാന്യമായ ധാരണയുണ്ടാകുന്നു. നാദം കർണ്ണങ്ങളിൽ പെട്ടതിനുശേഷം കണ്ണു തുറക്കുന്നു. ദർശനമുണ്ടാകുന്നു. അതാണ്‌ സത്യസാക്ഷാത്കാരത്തിന്റെ അനുപമമായ അവസ്ഥയെന്നുവേണം കരുതാൻ. ഇത്തരത്തിലുള്ള ആത്മീയാനുഭവങ്ങളുണ്ടാകുന്നിതിന്‌ യതമിയലുന്ന യതിവര്യനായിരിക്കണമെന്നാണ്‌ ഗുരു ഉപദേശിക്കുന്നത്‌. യതമിയലും എന്നു പറഞ്ഞാൽ നിസ്സംഗനാകുക. ഒന്നിനോടും പ്രത്യേകമായ അടുപ്പമില്ലാത്ത-താത്പര്യമില്ലാത്ത-മമതയില്ലാത്ത അവസ്ഥയെയാണ്‌ നിസ്സംഗത കൊണ്ടർത്ഥമാക്കുന്നത്‌. ഒരു ഗൃഹസ്ഥന്‌ സ്വാഭാവികമായും ചില സംഗങ്ങളും താത്പര്യങ്ങളുമൊക്കെയുണ്ടാകും. ഭാര്യ, മക്കൾ, കുടുംബം എന്നിങ്ങനെയുള്ള കെട്ടുപാടുകളിൽ നിന്നും മുക്തനാകാൻ ഗൃഹസ്ഥന്‌ എളുപ്പമല്ല. ഇത്തരം കെട്ടുപാടുകൾ ഒഴിവാക്കാനാണ്‌ സംന്യാസിയാകുന്നത്‌. അതുകൊണ്ട്‌ സംന്യാസിക്കു നിസ്സംഗനാകുവാൻ ഗൃഹസ്ഥനെ അപേക്ഷിച്ച്‌ എളുപ്പമാണ്‌. ഈ സാധ്യതയെയാണ്‌ ഗുരു യതിവര്യനായിടേണം പറഞ്ഞിരിക്കുന്നത്‌. ഇവിടെ സംന്യാസത്തേക്കാളും നിസ്സംഗമായ മാനസികാവസ്ഥയ്ക്കാണ്‌ പ്രാധാന്യമെന്നും കരുതാവുന്നതാണ്‌. പരിച്ഛേദം, ഇന്ന്‌ സംന്യാസത്തിന്റെ മാനത്തിന്‌ വ്യത്യാസം വന്നുവേന്ന്‌ മാത്രം. സംന്യാസം ഒരു ജീവിതചര്യയാണ്‌. എന്നാൽ ഇന്ന്‌ സംന്യാസം ഒരു ജീവിത മാർഗ്ഗമായി മാറി. ഇന്ന്‌ ഏതൊരു തൊഴിലിനും ഒരു മിനിമം യോഗ്യത ആവശ്യമാണ്‌. എന്നാൽ മാത്രമേ ആ തൊഴിൽ വിജയിക്കുവാൻ സാധിക്കുകയുള്ളൂ. ഒരു മിനിമം യോഗ്യതയുമാവശ്യമില്ലാത്ത ഒരു തൊഴിലായി സംന്യാസം അധഃപതിച്ചു. ആർക്കുവേണമെങ്കിലും സംന്യാസിക്കാം. സന്യാസത്തെ പ്രസ്ഥാനവത്ക്കരിച്ചതോടെ പ്രസ്ഥാനങ്ങളിലെ സ്വാധീനശക്തിയോട്‌ ചേർന്ന്‌ നിൽക്കണമെന്ന്‌ മാത്രം. ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി സന്യാസവേഷം ധരിക്കുന്നതുകൊണ്ട്‌ ആ പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ആദരവുകൂടി നേടുമ്പോൾ സന്യാസം ഒരു ലൈസൻസ്‌ ആയി മാറി.
    ഇന്ന്‌ ഏതു പ്രസ്ഥാനത്തിലെ സന്യാസവും ഇതിൽ നിന്നും വ്യത്യാസപ്പെട്ടതല്ലെന്നത്‌ എല്ലാവർക്കും ബോധ്യമുള്ള വസ്തുതയാണ്‌. അതുകൊണ്ടാകാം ഗുരു യതമിയലും യതിവര്യൻ-നിസംഗതയാർന്ന സന്യാസി- എന്ന്‌ പ്രത്യേകം വിശേഷണം ചേർത്തത്‌. സന്യാസത്തിന്റെ ആസ്വാദനം മുന്തിയ മൊബെയിൽ ഫോണിലും ആഡംബര കാറുകളിലുമൊക്കെയെത്തി നിൽക്കുമ്പോൾ യതമിയലും എന്ന വിശേഷണത്തിന്റെ പ്രാധാന്യം എത്ര അർത്ഥവത്താണെന്നു ചിന്തിക്കാവുന്നതേയുള്ളൂ.

അലക്കുകാരി


ഡോ.ചെറിയാൻ കുനിയന്തോടത്ത്‌

അലക്കുകാരിയാകുവാനായിരുന്നു
എന്റെ വിധി
മുഷിഞ്ഞ വസ്ത്രങ്ങൾ
ഞാൻ വെളുപ്പിപ്പുകൊടുത്തു
അമാന്യരെ ഞാൻ മാന്യരാക്കി
അഴുക്കു ഞാൻ
ഒഴുക്കിവിട്ടു
സമൂഹത്തിന്റെ ഇരുണ്ടമുഖം
വെളുത്തത്താക്കി
ചിന്തകൾ ഞാൻ നിങ്ങൾക്കുവിടുന്നു-
എങ്ങനെയായിരുന്നു?
എങ്ങനെയായി?
എങ്ങനെയാകും?

മുരിങ്ങാമരമുള്ള വീട്‌


സത്യചന്ദ്രൻ പൊയിൽക്കാവ്‌

ഒടുവിൽ സുരേന്ദ്രൻ വൈദ്യർ ആ മുരിങ്ങാമരം കണ്ടുപിടിച്ചു. പ്രഭാകരൻ അടിയോടിയുടെ വീടിനു പിന്നിലായിരുന്നു ആ വലിയ മരം. ധാരാളം ഇലകളും ചില്ലകളുമുള്ള ആ മരത്തിനരികെ ഒരു ആത്തച്ചക്കയുടെ മരവും പടർന്ന്‌ പന്തലിച്ചിരുന്നു. ഏതുനേരവും അന്തരീക്ഷത്തിലേക്ക്‌ പുക ഉയർത്തി നിൽക്കുന്ന അടുക്കളയായിരുന്നു അതിനു മുന്നിൽ. ഇനി എങ്ങനെ കാര്യം സാധിക്കും എന്നതായിരുന്നു സുരേന്ദ്രന്റെ സംശയം. മുരിങ്ങാമരത്തിൽ ഒരു ദ്വാരമുണ്ടാക്കണം. അതിൽ പഴുത്ത അടക്ക തൊലിയുരിച്ച്‌ കയേറ്റീവ്ക്കണം. അത്‌ ഗോതമ്പ്മാവ്‌ കൊണ്ട്‌ അടയ്ക്കണം. എന്നിട്ട്‌ തൊണ്ണൂറ്‌ ദിവസങ്ങൾ കാത്തിരിക്കണം...
    ഒരു വൈദ്യന്റെ അഗ്നിപരീക്ഷണങ്ങൾ എന്ന്‌ വിശേഷിപ്പിക്കാവുന്ന നാളുകളാണിതെന്ന്‌ സുരേന്ദ്രന്‌ തോന്നി. ജീവിതത്തിന്‌ ഇതാ ഒരർത്ഥവും ആവേശവും കൈവന്നിരിക്കുന്നു. സുരേന്ദ്രൻ വൈദ്യർക്ക്‌ വലിയ സന്തോഷം തോന്നി.
    'എടീ വിലാസിനി എന്നിട്ട്‌ വേണം നിന്റെ...'വൈദ്യർ തന്റെ നാവിൻതുമ്പിൽ വന്ന തെറി ആരെങ്കിലും കേട്ടുവോ എന്ന പേടിയിൽ പാതിയിൽ വിഴുങ്ങി.
    സന്ധ്യക്ക്‌ തന്നെ കട പൂട്ടി. ശ്രീകൃഷ്ണൻ പറഞ്ഞ ദശമൂലാരിഷ്ടം മമ്മദ്ക്കാന്റെ പീട്യേല്‌ ഏൽപ്പിച്ച്‌ സുരേന്ദ്രൻ വൈദ്യർ വീട്ടിലേക്ക്‌ തിരിച്ചു. ഒന്ന്‌ കുളിക്കണം.
    'ഇന്നെന്താ എന്തെങ്കിലും അരിഷ്ടം അറിയാണ്ട്‌ കുടിച്ചുപോയോ സുരേന്ദ്രാ? മമ്മദ്ക്ക ദ്വയാർത്ഥം വെച്ച്‌ ചോദിച്ചപ്പോൾ സുരേന്ദ്രൻ ചെറിയ ചിരിയോടെ കണ്ണുചിമ്മി ചൂണ്ടാണി വിരൽ ഉയർത്തി.
    മമ്മദ്ക്ക പൊട്ടിച്ചിരിയോടെ പറഞ്ഞു 'ന്നാ വേഗം പോട്‌ വേഗം പോട്‌' കഭീ കഭീ മേരെ ദിൽഹെ... മമ്മദ്ക്കയുടെ മൂളിപ്പാട്ട്‌ സുരേന്ദ്രൻ വൈദ്യർ പിന്നിൽ കേട്ടു.
    രാത്രി വീട്ടിൽ നിന്ന്‌ അളിയൻ പ്രകാശൻ കൊടുത്ത ഗൾഫിന്റെ ടോർച്ചുമായി സുരേന്ദ്രൻ വൈദ്യർ പുറത്തിറങ്ങി. എങ്ങോട്ടാണെന്ന വിനോദിനിയുടെ ചോദ്യത്തിന്‌ 'ഒരു കാര്യംണ്ട്‌' എന്നുമാത്രം പറഞ്ഞു. അരയിൽ ചൂടുവെള്ളത്തിൽ കുഴച്ച ചെറിയ പ്ലാസ്റ്റിക്‌ കവറിലാക്കിയ ഗോതമ്പ്‌ മാവും തൊലി കളഞ്ഞ പഴുത്ത ഒരു അടക്കയുമുണ്ടായിരുന്നു. പത്ത്‌ മണി കഴിയുന്നതുവരെ യൂസഫിന്റെ ഫാസ്റ്റ്ഫുഡിന്റെ അടുത്ത്‌ നിന്നു. സന്ധ്യ കഴിയുന്നതോടെയാണ്‌ യൂസഫിന്റെ ബിസിനസ്സ്‌ പുരോഗമിക്കുക. ലോറിക്കാരും ടൂവീലറിൽ ലക്ഷ്യമില്ലാതെ യാത്ര ചെയ്യുന്ന സമ്പന്ന കുമാരന്മാർ മേൽപ്പാലത്തിനരികിലെ ബാറിൽ നിന്നും വാസ്ഗോഡഗാമയുടെ കടൽതീരത്തെ ബീർ പന്തലിൽ നിന്നും ഇരച്ചെത്തും. യൂസഫ്‌ എം പി ത്രിയിലെ പാട്ടുകൾക്കൊപ്പം ബുൾസൈയും ആംപ്ലെയ്റ്റും ചിക്കൻഫ്രൈയുമെല്ലാം ശരിയാക്കിയെടുക്കും. അകത്തെ നീളൻ മേശിയിൽ ചെറുനാരങ്ങയും ഉള്ളിയും അരിഞ്ഞതിന്റെ മണം പെരുക്കും. കുറച്ച്‌ മാസങ്ങൾ തകൃതിയായ കച്ചവടം ചെയ്ത്‌ അത്‌ ചിലവഴിക്കാൻ കുറച്ച്‌ കാലം യൂസഫ്‌ ലോകസഞ്ചാരം നടത്തും. അപ്പോൾ യൂസഫ്‌ ഒരു സഞ്ചാരിയായിരിക്കും. കോഴികളുടെയും മീനുകളുടേയും ശാപം തീർക്കാൻ എന്നാണ്‌ യൂസഫിന്റെ വിശദീകരണം. ഇങ്ങനെ ഹിമാലയം വരെ പോയിട്ടുണ്ട്‌ എന്നാണ്‌ യൂസഫ്‌ പറയുന്നത്‌.
    'എന്താങ്ങനെ വീട്ടില്‌ പോകാതെ ചുറ്റിക്കളിക്കണത്‌ വൈദ്യരേ'-യൂസഫ്‌ ചെറുചിരിയോടെ സുരേന്ദ്രനോട്‌ ചോദിച്ചു.
    'ഒന്നൂല്യ എടയ്ക്ക്‌ അതും വേണ്ട ഒരു സ്വാതന്ത്ര്യം' സുരേന്ദ്രന്റെ മറുചോദ്യം യുസഫിന്‌ ഇഷ്ടമായി.
    'എന്തെങ്കിലും കഴിക്കുന്നോ' യൂസഫ്‌ സ്വകാര്യമെന്ന പോലെ ചോദിച്ചു.
    'വേണ്ട യൂസഫേ പിന്നീടാവാം' സുരേന്ദ്രൻ വൈദ്യർ പറഞ്ഞു.
    എം.പി.ത്രിയിലെ ആയിരം പാദസ്വരങ്ങൾ കിലുങ്ങി എന്ന ഗാനത്തോട്‌ യൂസഫ്‌ ചേർന്ന്‌ പാടാൻ തുടങ്ങിയപ്പോൾ സുരേന്ദ്രൻ വൈദ്യർക്ക്‌ സമാധാനമായി.
    വിജനമായ പഴയ നിരത്തിലൂടെ സുരേന്ദ്രൻ നടന്നു. പഴയ നിരത്തിൽ ആളുകൾ ഉണ്ടാവില്ല എന്ന തോന്നൽ സുരേന്ദ്രന്‌ ധൈര്യമായി. പൊളിച്ചു പോയ ഉർവ്വശി ടാക്കീസിന്റെ പിന്നിലെ വിശാലമായ വയലിലാണ്‌ ആ പഴയ നിരത്ത്‌ അവസാനിക്കുന്നത്‌ എന്ന ഓർമ്മ സുരേന്ദ്രനിൽ ഗതകാല സ്മരണകൾ ഉണർത്തി. ഉർവ്വശി ടാക്കിസിൽ നിന്നുകണ്ട സിനിമകൾ ഓർമ്മ വന്നു.
    ഇതൊരു വിഡ്ഢിത്തമല്ലേ എന്ന ചോദ്യം ഇടയ്ക്ക്‌ തന്റെ മനസ്സിൽ നിന്ന്‌ ഉണ്ടായപ്പോൾ സുരേന്ദ്രൻ വൈദ്യർ ഞെട്ടി. എന്നാൽ ഏതു ധീരമായ കാര്യത്തിനുമിടയിൽ പിന്നോട്ട്‌ വലിക്കുന്ന അദൃശ്യശക്തികൾ ഉണ്ടാവുമെന്ന്‌ പഴമക്കാർ പറഞ്ഞ കാര്യം സുരേന്ദ്രൻ വൈദ്യർക്ക്‌ ധൈര്യവും ആവേശവുമായി. അയാൾ ധൈര്യത്തോടെ മുന്നോട്ട്‌ നടന്നു.
    അടിയോടിയുടെ വീടിന്റെ അകത്തുനിന്നും ചെറിയ വെളിച്ചം കാണാം. സുരേന്ദ്രൻ ഇടവഴിയിലേക്ക്‌ വേരുകൾ നീട്ടിയ വലിയ നാട്ടുമാവിനു താഴെ നിന്നു. എതിരെ ആരും വരുന്നില്ലെന്ന്‌ സുരേന്ദ്രൻ വൈദ്യർക്ക്‌ അറിയാമായിരുന്നു. കാരണം അടിയോടിയുടെ വീടിന്റെ വലതുവശത്ത്‌ വിശാലമായ വഴിയാണ്‌. ഈ വഴി അടിയോടിയുടെ വീട്ടിലേക്ക്‌ പോലും വരാൻ ഉപയോഗിക്കുന്നതല്ല. ഓടപ്പൂക്കളുടെ വലിയ കാടുകൾ പടർന്ന്‌ ഒരു സ്വകാര്യലോകം പോലെ മുന്നിൽ നിന്നുള്ള കാഴ്ച മറച്ചുകളയുകയും ചെയ്യുന്നു. മതിലിനു മുകളിൽ ഒരു ഇളക്കം കേട്ടപ്പോൾ സുരേന്ദ്രൻ വൈദ്യർക്ക്‌ ചെറിയ ഭയമായി. ഇഴജന്തുക്കളെ സുരേന്ദ്രൻ വൈദ്യർക്ക്‌ പേടിയായിരുന്നു.
    നേരിയ നിലാവുണ്ടായിരുന്നു. അത്‌ വല്ല കീരിയോ ഉടുമ്പോ ആയിരിക്കുമെന്ന്‌ വൈദ്യർ സമാധാനിച്ചു. അൽപ്പംകൂടി കഴിഞ്ഞപ്പോൾ അടിയോടിയുടെ വീട്ടിലെ അവശേഷിച്ച വെളിച്ചവും കൂടി പുറത്തെ നരച്ച ഇരുട്ടിൽ നിന്ന്‌ പിൻവലിഞ്ഞു. സുരേന്ദ്രൻ വൈദ്യർ നാട്ടുമാവിന്റെ വേരിലൂടെ പറമ്പിലേക്ക്‌ ഇഴഞ്ഞു കയറി. അടിയോടി പുറത്ത്‌ നിന്നു കണ്ടതുപോലെ മടിയനായ ഒരു യു.പി സ്കൂൾ മാഷ്‌ മാത്രമല്ല. ചേനയും കാച്ചിലും പടവലവുമൊക്കെ കായ്ച്ച്‌ നിൽക്കുന്ന തൊടിയിലെ തണുത്ത മണ്ണിലൂടെ നടക്കുമ്പോൾ സുരേന്ദ്രൻ വൈദ്യർ ചിന്തിച്ചു. ഇടയ്ക്ക്‌ കാൽ ഏതോ ചെറിയ കല്ലിൽ തട്ടിയപ്പോൾ 'വിലാസിനി നിന്നെ ഞാൻ...' എന്ന്‌ സുരേന്ദ്രൻ വൈദ്യർ ഭാര്യയെ പ്രാകി. അടുത്ത നിമിഷത്തിൽ തന്റെ സാഹസിക പ്രവർത്തിയിൽ സാധുവായ തന്റെ ഭാര്യ എന്തു പിഴച്ചു എന്ന്‌ അയാൾ തിരുത്തുകയും ചെയ്തു. നൂറ്‌ നൂറ്‌ പരീക്ഷണങ്ങൾക്കൊടുവിൽ ബൾബ്‌ കണ്ടെത്തിയ ശാസ്ത്രജ്ഞൻ രാത്രി ഭാര്യയെ വിളിച്ചുണർത്തിയപ്പോൾ കിടപ്പുമുറിയിലേക്ക്‌ കടന്നുവരുന്ന ശക്തമായ പ്രകാശത്തെ പാവം ഭാര്യ ഉറങ്ങാൻ സമ്മതിക്കാത്ത നാശമായി കണക്കാക്കിയിരുന്നെന്ന്‌ എഡിസൻ തന്റെ ഓർമ്മക്കുറിപ്പിൽ പറഞ്ഞ കാര്യം വൈദ്യർ ഓർത്തു. സ്ത്രീകൾ പലപ്പോഴും അങ്ങനെയാണ്‌.
    പെട്ടെന്ന്‌ ഒരു ദയനീയമായ ഞരക്കം സുരേന്ദ്രൻ വൈദ്യരുടെ ചിന്തയെ തട്ടിത്തെറിപ്പിച്ചു. നെഞ്ചിടിപ്പോടെ സുരേന്ദ്രൻ നിന്നു. അരയിൽ നിന്ന്‌ ടോർച്ച്‌ വലിച്ചെടുത്ത്‌ അത്‌ തെളിയിക്കണോ എന്ന ഗാഢചിന്തയിൽ നിൽക്കുമ്പോൾ വീണ്ടും ആ ദയനീയ ശബ്ദം. വെള്ളം വെള്ളം എന്നാണ്‌ അതെന്നയാൾ തിരിച്ചറിഞ്ഞു. ഇത്തവണ അയാൾ ടോർച്ച്‌ തെളിയിച്ചു. വലിയ ചേമ്പിൻത്തടത്തിനരികെ ഒരു ചെറുപ്പക്കാരന്റെ ചെരിഞ്ഞുകിടക്കുന്ന രൂപം അയാളുടെ ബോധത്തിലേക്ക്‌ കയറിവന്നു. അയ്യോ! എന്ന്‌ അയാൾ അലറിവിളിച്ചുപോയി.
    അടിയോടിയുടെ വീട്ടിൽ ലൈറ്റ്‌ തെളിയുന്നതും നീണ്ട ടോർച്ച്‌ ലൈറ്റുകൾ തനിക്കുനേരെ വെളിച്ചത്തിന്റെ വേട്ടനായ്ക്കളായി ചാടിവീഴുന്നതും സുരേന്ദ്രൻ വൈദ്യർ അറിഞ്ഞു.
    'നീയോ നീ എന്താണിവിടെ? എന്ന അടിയോടിയുടെ ചോദ്യത്തിന്‌ വ്യക്തമായ ഒരുത്തരം നൽകാൻ ശ്രമിക്കുന്നതിനു മുമ്പെ ആദ്യത്തെ കല്ല്‌ സുരേന്ദ്രൻ വൈദ്യരുടെ ബോധത്തിന്റെ നിരപ്പലകകൾ തകർത്തുകൊണ്ട്‌ മുഖത്ത്‌ പതിച്ചു.

ഓഹരിക്കച്ചവടത്തിൽ നിന്നുള്ള ലാഭം കൂട്ടാം, നഷ്ടം കുറയ്ക്കാം



  സുനിൽ എം എസ്

നാലായിരത്തിലേറെ വാക്കുകളുള്ള രചന. സമയമുള്ളപ്പോൾ മാത്രം വായിയ്ക്കുക.

പുകവലി ആരോഗ്യത്തിനു ഹാനികരംഎന്ന മുന്നറിയിപ്പിനോടു സാദൃശ്യമുള്ള, ‘സൂക്ഷിച്ചില്ലെങ്കിൽ ഓഹരിക്കച്ചവടം സമ്പത്തിനു ഹാനികരമാകാംഎന്നൊരു മുന്നറിയിപ്പോടെ വേണം ഓഹരിക്കമ്പോളത്തെ സമീപിയ്ക്കാൻ. എങ്കിലും പുകവലിയും ഓഹരിക്കച്ചവടവും തമ്മിൽ കാതലായൊരു വ്യത്യാസമുണ്ട്: പുകവലികൊണ്ടു ദോഷം മാത്രമേയുണ്ടാകൂ; ഓഹരിക്കച്ചവടം കൊണ്ടു ദോഷത്തേക്കാളേറെ ഗുണമുണ്ടാകാം.

ഓഹരിക്കച്ചവടം കൊണ്ടു ഗുണമുണ്ടാകുന്നില്ലെങ്കിൽ മണിക്കൂറിൽ മൂവായിരം കോടി രൂപയ്ക്കുള്ള കച്ചവടം ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിൽ നടക്കുമായിരുന്നില്ല. കഴിഞ്ഞ നവമ്പറിൽ ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിന്റെ മൂലധനമൂല്യം നൂറു ലക്ഷം കോടി (ഒരു കോടിക്കോടി) രൂപ സ്പർശിച്ചു. ഇന്ത്യയിലെ അപ്പോഴത്തെ ആകെ ബാങ്കുനിക്ഷേപമാകട്ടെ എഴുപത്തൊമ്പതു ലക്ഷം കോടി (ജൂൺ 2014) മാത്രമായിരുന്നു. ബാങ്കുകളിൽ നിക്ഷേപിച്ചതിനേക്കാളേറെ പണം ജനം ഓഹരികളിൽ നിക്ഷേപിച്ചിരിയ്ക്കുന്നു. ഒരു കാര്യം ഉറപ്പ്: ബാങ്കുനിക്ഷേപത്തിനു കിട്ടുന്ന പലിശയേക്കാളേറെ ലാഭം ഓഹരിനിക്ഷേപത്തിൽ നിന്നു കിട്ടുന്നുണ്ടാകണം.

ഡിവിഡന്റിനെപ്പറ്റിയല്ല വിവക്ഷ. കാരണമുണ്ട്. ഒന്നാംകിട ഓഹരികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ കാര്യം ഉദാഹരണമായെടുക്കാം. റിലയൻസ് ഈയിടെ 100 ശതമാനം ഡിവിഡന്റു നൽകി. നൂറു ശതമാനമോ! കേൾക്കുമ്പോൾ അതിശയം തോന്നാം. ചെറിയൊരു കുഴപ്പമുണ്ടിവിടെ: ഓഹരിയുടെ മുഖവിലയിന്മേലായിരിയ്ക്കും ഡിവിഡന്റു പ്രഖ്യാപിയ്ക്കുന്നത്. മുഖവിലയെന്നാൽ ഫേസ് വാല്യു. റിലയൻസിന്റെ ഫേസ് വാല്യു പത്തു രൂപ. പത്തുരൂപയുടെ നൂറു ശതമാനമെന്നാൽ പത്തു രൂപ തന്നെ. പത്തു രൂപയുടെ ഡിവിഡന്റു കിട്ടണമെങ്കിൽ റിലയൻസിന്റെ ഓഹരി കൈവശമുണ്ടാകണം. കൈവശമില്ലെങ്കിൽ ഓഹരിക്കമ്പോളത്തിൽ നിന്നു വാങ്ങണം. ഇതെഴുതുന്ന സമയം റിലയൻസിന്റെ ഒരോഹരി കമ്പോളത്തിൽ നിന്നു വാങ്ങണമെങ്കിൽ 870.50 രൂപ കൊടുക്കണം. 870.50 രൂപ മുടക്കി ഒരോഹരി വാങ്ങിയാൽ കിട്ടാൻ പോകുന്നതു 10 രൂപയുടെ ഡിവിഡന്റ്. ഇത് 870.50 രൂപയുടെ 1.15 ശതമാനം മാത്രമേ ആകുന്നുള്ളു. റിലയൻസിന്റെ ഓഹരി വാങ്ങുന്നതിനു പകരം, 870.50 രൂപ ഏതെങ്കിലുമൊരു ബാങ്കിൽ ഒരു വർഷത്തേയ്ക്കുള്ള ഫിക്സഡ് ഡെപ്പസിറ്റായി നിക്ഷേപിച്ചാൽ ഒരു വർഷം തികയുമ്പോൾ 67.45 രൂപ പലിശ കിട്ടും: 8 ശതമാനം നിരക്കിൽ. ഇത് ഒരു ബാങ്കിന്റെ നിരക്ക്. ഇതിലുമുയർന്ന നിരക്ക് മറ്റു പല ബാങ്കുകളിലുമുണ്ടെന്നു വരാം. ഓഹരിക്കമ്പോളത്തിൽ നിന്നു മാർക്കറ്റു വിലയ്ക്ക് ഓഹരികൾ വാങ്ങുന്നതു താരതമ്യേന തുച്ഛമായ ഡിവിഡന്റിനു വേണ്ടിയല്ല. ഓഹരിവില ഉയരുമെന്നും, ആ ഉയർച്ച വലിയൊരു ലാഭത്തിലേയ്ക്കു നയിയ്ക്കുമെന്നുമുള്ള പ്രതീക്ഷയാണു ഓഹരിക്കമ്പോളത്തിൽ നിന്നുള്ള ഭൂരിഭാഗം വാങ്ങലുകളുടേയും പിന്നിലുള്ള പ്രേരകം.

ഓഹരിക്കമ്പോളത്തിൽ നഷ്ടമുണ്ടാകുന്നതു സാധാരണയാണ്. അതൊഴിവാക്കുക അസാദ്ധ്യം. ചെറുകിട നിക്ഷേപകർക്കു മാത്രമല്ല, വൻ‌കിട നിക്ഷേപകർക്കും നഷ്ടമുണ്ടാകാറുണ്ട്. ഓഹരിക്കമ്പോളത്തിലുണ്ടായ നഷ്ടം മൂലം തകർന്നു പോയ ലീമാൻ ബ്രദേഴ്സ് അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ ഇൻ‌വെസ്റ്റ്മെന്റ് ബാങ്കായിരുന്നു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മെറിൽ ലിഞ്ചിനെ ബാങ്ക് ഓഫ് അമേരിക്ക വിലയ്ക്കു വാങ്ങാൻ തയ്യാറായതുകൊണ്ടു മാത്രം മെറിൽ ലിഞ്ചു രക്ഷപ്പെട്ടു. ഇത്ര വലിയ സ്ഥാപനങ്ങൾ പോലും ഓഹരിക്കമ്പോളത്തിലെ നഷ്ടം മൂലം തകരാമെന്നിരിയ്ക്കെ, ചെറുകിട നിക്ഷേപകരുടെ കാര്യം പറയാനുണ്ടോ!

ദാ, ഇതൊന്നു ശ്രദ്ധിച്ചു കേട്ടോളൂ: ഓഹരിക്കമ്പോളത്തിൽ നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനാവില്ലെങ്കിലും, നഷ്ടത്തിനൊരു പരിധി നിശ്ചയിയ്ക്കാനാകും. മൂലധനത്തിന്റെ ഒരു നിശ്ചിത ശതമാനത്തിലേറെ നഷ്ടമുണ്ടാകാത്ത തരത്തിൽ ഇടപാടു നടത്താനാകും. ഇതു താരതമ്യേന എളുപ്പവുമാണ്.

നഷ്ടത്തിനൊരു നിശ്ചിതപരിധി നിശ്ചയിയ്ക്കുകയാണ് ആദ്യ പടി. ഓഹരി വാങ്ങാൻ വേണ്ടി നാം നീക്കിവയ്ക്കുന്ന തുക നമ്മുടെ മൂലധനമാണ്. ആ മൂലധനത്തിന്റെ എത്ര ശതമാനം നഷ്ടം വരെ സഹിയ്ക്കാൻ നാം തയ്യാറാണ് എന്ന ചോദ്യത്തിനുത്തരം ആദ്യം തന്നെ തീരുമാനിയ്ക്കണമെന്നർത്ഥം. ഇരുനൂറു രൂപ വിലയുള്ള ഒരോഹരി വാങ്ങാൻ വേണ്ടി ഇരുനൂറു രൂപ നാം നീക്കിവച്ചിരിയ്ക്കുന്നെന്നു കരുതുക. ഈ മൂലധനത്തിന്റെ എത്ര ശതമാനം വരെ നഷ്ടപ്പെടാൻ നാം തയ്യാറാണ്? ഒരൊറ്റയിടപാടിൽത്തന്നെ അമ്പതു ശതമാനം നഷ്ടം വരെ സഹിയ്ക്കാൻ നാം തയ്യാറാണെന്നിരിയ്ക്കട്ടെ. ഓരോ ഓഹരിയിടപാടിലും ലാഭവുമുണ്ടാകാം, നഷ്ടവുമുണ്ടാകാം. ഒന്നിലേറെ ഇടപാടുകളിൽ തുടർച്ചയായി ലാഭവുമുണ്ടാകാം, നഷ്ടവുമുണ്ടാകാം. രണ്ടിടപാടുകളിൽ തുടർച്ചയായി അമ്പതു ശതമാനം വീതം നഷ്ടമുണ്ടായാൽ, ആ ഓഹരിയ്ക്കു വേണ്ടി നാം നീക്കിവച്ചിരുന്ന മൂലധനം മുഴുവൻ അതോടെ ഇല്ലാതാ‍കും. ഓരോ ഇടപാടിലും ഇത്ര വലിയ നഷ്ടം സഹിച്ചുകൊണ്ടു ഓഹരിക്കമ്പോളത്തിൽ മുന്നോട്ടു പോകാനാവില്ല. തുടർച്ചയായി ഏതാനും ഇടപാടുകളിൽ നഷ്ടമുണ്ടായാൽപ്പോലും മുന്നോട്ടു പോകാൻ വേണ്ട മൂലധനം നമ്മുടെ പക്കലവശേഷിയ്ക്കണം. ഓരോ ഇടപാടിലും അഞ്ചു ശതമാനം നഷ്ടം വരെ സഹിയ്ക്കാൻ നാം തയ്യാറാണെന്നു തത്കാലത്തേയ്ക്കു കരുതുക. ഈ നിരക്കിൽ, ഇരുപതിടപാടുകൾ തുടർച്ചയായി നഷ്ടത്തിലവസാനിച്ചെങ്കിൽ മാത്രമേ, നമ്മുടെ മൂലധനം തീരുകയുള്ളു. ഒരുദാഹരണമെന്ന നിലയ്ക്ക് അഞ്ചു ശതമാനത്തെ ഉയർത്തിക്കാട്ടിയെന്നേയുള്ളു. അഞ്ചിനു പകരം ഒരു ശതമാനം മുതൽ പത്തു ശതമാനം വരെയുള്ള ഏതു ശതമാനവുമാകാം. പത്തിനു മുകളിലേയ്ക്കു പോകാതിരിയ്ക്കുന്നതാവും നന്ന്.

ഓരോ ഇടപാടിലുമുണ്ടായേയ്ക്കാവുന്ന നഷ്ടം അഞ്ചു ശതമാനത്തിലൊതുക്കണമെന്നു തത്കാലം തീരുമാനിയ്ക്കാം. അതെങ്ങനെ പ്രവൃത്തിയിൽ വരുത്താമെന്നു നോക്കാം. മുന്നൂറും നാനൂറുമൊക്കെയായി വില ഉയരുമെന്ന പ്രതീക്ഷയോടെ നാം 200 രൂപയ്ക്കു വാങ്ങിയ ഓഹരി, ഉയരുന്നതിനു പകരം ഏതാനും ദിവസം കൊണ്ട് 100ലേയ്ക്കു തകരുന്നെന്നു കരുതുക. 200 രൂപയ്ക്കു വാങ്ങിയ ഓഹരി 100ലേയ്ക്കിറങ്ങിയാൽ നമ്മുടെ മൂലധനവിലയിൽ 50 ശതമാനം ഇടിവുണ്ടാകുന്നു. 200 രൂപയ്ക്കു വാങ്ങിയ ഓഹരി ഒടുവിൽ 100 രൂപയ്ക്കു വിൽക്കുന്നെങ്കിൽ 50 ശതമാനം നഷ്ടം നാം സഹിയ്ക്കേണ്ടി വരുന്നു. എന്നാൽ, ഓരോ ഇടപാടിലുമുണ്ടായേയ്ക്കാവുന്ന നഷ്ടം അഞ്ചു ശതമാനത്തിൽ കൂടാനനുവദിയ്ക്കില്ലെന്ന തീരുമാനം നിമിഷങ്ങൾക്കു മുമ്പു നാമെടുത്തിരുന്നു. ഇതനുസരിച്ച്, ഓഹരിവില 200ൽ നിന്ന് 190ലേയ്ക്കു താഴ്ന്നുകഴിഞ്ഞയുടനെ, നാമതു വിറ്റൊഴിയണം. 200ന്റെ അഞ്ചു ശതമാനമാണു പത്തു രൂപയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 200 രൂപയ്ക്കു വാങ്ങി 190 രൂപയ്ക്കു വിറ്റപ്പോൾ നമ്മുടെ നഷ്ടം അഞ്ചു ശതമാനം. തുടർന്ന് ആ ഓഹരി 100ലേയ്ക്കു തകരുന്നെങ്കിലും, നമ്മുടെ നഷ്ടം അഞ്ചു ശതമാനത്തിലൊതുക്കാൻ നമുക്കായി.

200 രൂപയ്ക്കു വാങ്ങുന്ന ഓഹരി 100രൂപയിലേയ്ക്ക് എപ്പോഴും താഴ്ന്നുകൊള്ളണമെന്നില്ല. താഴ്ന്നാലും ശരി, താഴ്ന്നില്ലെങ്കിലും ശരി, നഷ്ടസാദ്ധ്യതയ്ക്കൊരു പരിധി നിശ്ചയിച്ചേ തീരൂ. ആ പരിധി താത്കാലികമായെങ്കിലും നിശ്ചയിച്ചു കഴിഞ്ഞ നിലയ്ക്ക്, ഇനി, ലാഭമെങ്ങനെ നേടാമെന്നു നോക്കാം. 200 രൂപയ്ക്കു നാം ആ ഓഹരി വാങ്ങിയ ഉടനെ, തകർച്ച തുടങ്ങും മുമ്പ് അത് 202ലേയ്ക്കു കയറിയിരുന്നെന്നു കരുതുക. അതിനു ശേഷമാണു 100ലേയ്ക്കുള്ള അതിന്റെ തകർച്ച തുടങ്ങിയതെന്നു കരുതുക. ഓഹരിക്കമ്പോളഭാഷയിൽ 202ൽ ഒരു ‘ടോപ്പ്’ അല്ലെങ്കിൽ ‘ഹൈ’ ഉണ്ടാക്കി എന്നാണിതിനു പറയുക. വില 200ൽ നിന്ന് 202ലേയ്ക്കു കയറിയതുകൊണ്ട് 202ന്റെ അഞ്ചു ശതമാനമാണ് ഇനി കണക്കാക്കേണ്ടത്. 202ന്റെ അഞ്ചു ശതമാനം = 10.10 രൂപ. 202 മൈനസ് 10.10 = 191.90 രൂപ. നാമിനി വിൽക്കേണ്ടത് 191.90 രൂപയ്ക്കാണ്‌. വിലയിറങ്ങുന്നതിനിടയിൽ 191.90ലേയ്ക്കെത്തിയ ഉടനെ നാമതു വിറ്റൊഴിയണം. നമ്മുടെ നഷ്ടം = 200-191.90 = 8.10 രൂപ. 100ലേയ്ക്കു തകരുന്നതിനു മുമ്പ് ഓഹരിവില 202ലേയ്ക്കുയർന്നിരുന്നതുകൊണ്ട്, നമ്മുടെ നഷ്ടം 4.05 ശതമാനമായിക്കുറഞ്ഞു. അതായത്, 8.10 X 100 / 200 = 4.05%.

വാങ്ങിയ വിലയിൽ നിന്ന് അഞ്ചു ശതമാനം ഇറങ്ങിയപ്പോഴല്ല, അതിനു ശേഷം രൂപംകൊണ്ട ടോപ്പിൽ നിന്ന് അല്ലെങ്കിൽ ഹൈയിൽ നിന്ന് അഞ്ചു ശതമാനം ഇറങ്ങിയപ്പോഴാണു നാം വിറ്റത്. ഓഹരിവില രണ്ടു രൂപ കയറിയപ്പോൾ, നാം അതുകൂടി കണക്കിലെടുത്ത്, നമ്മുടെ നഷ്ടം കുറച്ചു. 190നു വിൽക്കുമായിരുന്നതു നാം 191.90നു വിറ്റു. പത്തു രൂപ നഷ്ടമുണ്ടാകുമായിരുന്നിടത്തു നഷ്ടം 8.10 രൂപ മാത്രമായി. പ്രധാനപ്പെട്ടൊരു കാര്യം ഇതിൽ നിന്നു വ്യക്തമാകുന്നു: ഓഹരിവില ഉയരുന്നതിനനുസരിച്ച്, നാം വിൽക്കേണ്ട വിലയും ഉയരണം. 200നു മുകളിലേയ്ക്കുയരാതിരുന്നപ്പോൾ, 190നു വിൽക്കാൻ നാം തയ്യാറായിരുന്നു. വില 202ലേയ്ക്കുയർന്നപ്പോൾ, നാം 191.90നു വിൽക്കാൻ തയ്യാറായി. നമ്മുടെ നഷ്ടസാദ്ധ്യത അങ്ങനെ കുറഞ്ഞു.

ഭാവന അല്പം വർണ്ണശബളമാക്കാം. 200 രൂപയ്ക്കു നാം ഓഹരി വാങ്ങിയ ഉടനെ, അത് 300ലേയ്ക്കുയരുന്നെന്നും അതിനു ശേഷമാണത് 100ലേയ്ക്കു തകരുന്നതെന്നും കരുതുക. ഇവിടെ 300ലാണ് ടോപ്പ് അല്ലെങ്കിൽ ഹൈ ഉണ്ടായിരിയ്ക്കുന്നത്. 300ന്റെ അഞ്ചു ശതമാനം 15 രൂപ. നാം വിൽക്കേണ്ട വില ഇങ്ങനെ കണക്കാക്കാം: 300-15 = 285. വില 300ൽ നിന്ന് 285ലേയ്ക്കിറങ്ങുമ്പോൾ നാമതു വിറ്റൊഴിയണം. വാങ്ങിയ വില 200 രൂപ, വിറ്റ വില 285 രൂപ. ലാഭം 285-200 = 85 രൂപ. വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഡീലറുടെ ബ്രോക്കറേജ് കൊടുക്കേണ്ടി വരും. ഇത് ആകെ ഒരു ശതമാനത്തിലൊതുങ്ങുമെന്നതിനാൽ, കണക്കുകൂട്ടലിന്റെ സൌകര്യത്തിനു വേണ്ടി തത്കാലം നമുക്കതു വിടുക.

നഷ്ടം അഞ്ചു ശതമാനത്തിലൊതുക്കണമെന്ന തീരുമാനത്തോടെയാണ് നാം ഓഹരി വാങ്ങാനിറങ്ങിയതും 200 രൂപയ്ക്ക് ഓഹരി വാങ്ങിയതും. മൂന്നു വ്യത്യസ്ത സന്ദർഭങ്ങൾ നാം സങ്കല്പിച്ചു. അത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടതെന്തെന്നു നാം കണ്ടു. വാങ്ങലിനു ശേഷം വില ഒട്ടുമുയരുന്നില്ല, നേരേ മറിച്ച് ഇടിയുകയാണു ചെയ്യുന്നതെങ്കിൽ, വാങ്ങിയവിലയുടെ അഞ്ചു ശതമാനം ഇടിഞ്ഞു കഴിയുമ്പോളുടൻ വിൽക്കുക. വാങ്ങലിനു ശേഷം വില ഉയരുന്നുണ്ടെങ്കിൽ, ആ ഉയർച്ചയിലെത്തിയ ഏറ്റവുമുയർന്ന തലത്തിൽ നിന്ന് അഥവാ ടോപ്പിൽ നിന്ന് അഥവാ ഹൈയിൽ നിന്ന് അഞ്ചു ശതമാനം താഴുമ്പോഴാണു വിൽക്കേണ്ടത്. ഇവിടെ രണ്ടു കാര്യങ്ങൾ വ്യക്തമാകും.

(1)  വാങ്ങലിനു ശേഷം ഓഹരിവില എത്രയൊക്കെത്തകർന്നാലും, അതിന്മേലുള്ള നമ്മുടെ നഷ്ടം അഞ്ചു ശതമാനത്തിലൊതുങ്ങും. അതായത്, നമ്മുടെ പരമാവധി നഷ്ടം വാങ്ങിയ വിലയുടെ അഞ്ചു ശതമാനം. അഞ്ചു ശതമാനമെന്നതു നമ്മുടെ തീരുമാനമാണ്.

(2)  നമ്മുടെ പരമാവധി ലാഭമെത്ര? വിലയുടെ ഉയർച്ചയ്ക്കനുസൃതമായിരിയ്ക്കും, നമ്മുടെ ലാഭം. വിലയിലെ ഉയർച്ചയാണു ലാഭത്തിന്റെ പരിധി നിശ്ചയിയ്ക്കുന്നത്. വാങ്ങിയ ഉടനെ ഓഹരിവില നൂറോ ഇരുന്നൂറോ ശതമാനം തുടർച്ചയായി ഉയരുന്നെങ്കിൽ നമ്മുടെ ലാഭസാദ്ധ്യതയും അതോടൊപ്പം ഉയരും.

ചുരുക്കിപ്പറഞ്ഞാൽ, നാം നഷ്ടത്തിനു പരിധി വയ്ക്കുന്നു, ലാഭത്തിനു പരിധി വയ്ക്കുന്നില്ല. ഇതേപ്പറ്റി ഇംഗ്ലീഷിലിങ്ങനെ പറയാം: ലിമിറ്റഡ് ലോസ്സസ്, അൺലിമിറ്റഡ് പ്രോഫിറ്റ്സ്”.

അഞ്ചു ശതമാനമെന്ന് ഒരുദാഹരണം മാത്രമെന്നു പറഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്. അത് എത്ര ശതമാനം വേണമെങ്കിലുമാകാം. ഒരു ശതമാനം മുതൽ പത്തു ശതമാനം വരെ. ഒരിടപാടിലെ മൂലധനനഷ്ടം പത്തു ശതമാനത്തിലേറെയാകുന്നതു നന്നല്ല. എന്നാൽ, ഒരു ശതമാനം മാത്രമായാൽ അതിനൊരു കുഴപ്പമുണ്ടാകാം. ഒരു ശതമാനം വിലയിടിയൽ ഇടയ്ക്കിടെ നടന്നേയ്ക്കാം. ഓരോ ഒരു ശതമാനം ഇടിയലിനും ഒരു ശതമാനം വീതം മൂലധനനഷ്ടമുണ്ടാകും. ഒരിടപാടിലെ നഷ്ടസാദ്ധ്യത കേവലം ഒരു ശതമാനം മാത്രമായിരിയ്ക്കുമെങ്കിലും, തുടരെത്തുടരെ നഷ്ടങ്ങളുണ്ടാകുമ്പോൾ, ആകെ നഷ്ടം താരതമ്യേന കൂടുതലാകാനിടയുണ്ട്. നഷ്ടസാദ്ധ്യതയ്ക്കു എത്ര ശതമാനമാണു പരിധിയായി നിശ്ചയിയ്ക്കേണ്ടതെന്നു തീരുമാനിയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഓഹരിക്കച്ചവടത്തിനായി നാം തെരഞ്ഞെടുത്തിരിയ്ക്കുന്ന പത്തോഹരികളുടെ കഴിഞ്ഞ പത്തു വർഷത്തെ വിലചലനം പരിശോധിച്ച്, വ്യത്യസ്ത നഷ്ടപരിധിശതമാനങ്ങളുപയോഗിച്ചിരുന്നെങ്കിൽ അവയിൽ നിന്നു കിട്ടുമായിരുന്ന ലാഭങ്ങൾ തമ്മിൽ താരതമ്യം ചെയ്യലാണ്. ഏതു ശതമാനമാണോ ഏറ്റവുമധികം ലാഭം ഏറ്റവുമധികം ഓഹരികളിൽ നിന്നു തരുമായിരുന്നത്, അതിനെ ഭാവിയിലേയ്ക്കായി തെരഞ്ഞെടുക്കുക. പത്തു വർഷത്തെ വിലചലനം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു മുന്നറിയിപ്പ്: ഭൂതകാലവിലചലനവും അതിൽ നിന്നുണ്ടാകുമായിരുന്ന ലാഭനഷ്ടങ്ങളും അതേപടി ഭാവിയിലുമുണ്ടാകുമെന്നതിന് യാതൊരുറപ്പുമില്ല. എന്നിരുന്നാലും ഭാവിയിലേയ്ക്കുള്ള നയരൂപീകരണം ഭൂതകാലചലനത്തെ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കണം.

ഇതുവരെപ്പറഞ്ഞതെല്ലാം വില്പനയെപ്പറ്റിയായിരുന്നു. വാങ്ങിക്കഴിഞ്ഞ ഓഹരി എപ്പോൾ വിൽക്കണമെന്ന ചോദ്യത്തിനുത്തരം മുകളിലുണ്ട്. വാങ്ങിയ വിലയിൽ നിന്നോ, വാങ്ങിയ ശേഷം വില സ്പർശിച്ച ഏറ്റവുമുയർന്ന തലത്തിൽ (ടോപ്പ് അല്ലെങ്കിൽ ഹൈ) നിന്നോ ഒരു നിശ്ചിത ശതമാനം (ഉദാഹരണത്തിന് അഞ്ചു ശതമാനം) ഇറങ്ങുമ്പോൾ വിൽക്കുക: ഇതാണു മുകളിലടങ്ങിയിരിയ്ക്കുന്ന നിർദ്ദേശം. വാങ്ങിക്കഴിഞ്ഞ ഓഹരി വിൽക്കേണ്ടതെപ്പോഴാണെന്നു വ്യക്തമായെങ്കിലും, ഓഹരി വാങ്ങേണ്ടതെപ്പോഴാണെന്നു നാം പറഞ്ഞില്ല. വാങ്ങലിനെപ്പറ്റിപ്പറയാമിനി.

ഒരോഹരി വാങ്ങിയ ശേഷം അതിന്റെ വിലചലനം സശ്രദ്ധം നിരീക്ഷിയ്ക്കേണ്ടതുണ്ടെന്നു മുകളിൽ നിന്നു വ്യക്തമാണ്. നഷ്ടം നാം തീരുമാനിച്ച പരിധിയ്ക്കുള്ളിൽ ഒതുക്കിനിർത്തിക്കൊണ്ട് ഓഹരി വിറ്റൊഴിയാൻ അത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിലുള്ള നിരീക്ഷണം വാങ്ങലിനു മുമ്പും ആവശ്യമാണ്. ഓഹരിവില സദാ ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരിയ്ക്കുന്നു. ഉയർന്ന ശേഷം താഴുമ്പോൾ ടോപ്പ് അല്ലെങ്കിൽ ഹൈ രൂപപ്പെടുന്നെന്നു മുകളിൽപ്പറഞ്ഞിട്ടുണ്ട്. വില താഴ്ന്ന ശേഷം ഉയരുമ്പോൾ ബോട്ടം അല്ലെങ്കിൽ ലോ രൂപപ്പെടുന്നു. വില ഈയിടെ സ്പർശിച്ച ഏറ്റവും താഴ്ന്ന തലത്തിനാണു ബോട്ടം അഥവാ ലോ എന്നു പറയുന്നത്. അവസാനം രൂപപ്പെട്ട ടോപ്പിൽ നിന്ന് അഥവാ ഹൈയിൽ നിന്ന് അതിന്റെയൊരു നിശ്ചിതശതമാനം ഇടിഞ്ഞുകഴിയുമ്പോഴാണു വിൽക്കേണ്ടതെന്നു മുകളിലുണ്ട്. ഇങ്ങനെ വില്പനയെ ടോപ്പുമായി ബന്ധപ്പെടുത്തിയിരിയ്ക്കുന്നതു പോലെ, നമുക്കു വാങ്ങലിനെ ബോട്ടവുമായി ബന്ധപ്പെടുത്താം. ഒരു ബോട്ടത്തിൽ നിന്ന് ഒരു നിശ്ചിതശതമാനം ഉയർന്നു കഴിയുമ്പോളാണു വാങ്ങേണ്ടത്. എത്ര ശതമാനം ഉയർന്നു കഴിയുമ്പോൾ എന്ന ചോദ്യമുയരുന്നു. ടോപ്പിൽ നിന്ന് എത്ര ശതമാനം താഴുമ്പോൾ വിൽക്കാൻ നാം തീരുമാനിച്ചിരിയ്ക്കുന്നുവോ, അതേ ശതമാനം തന്നെ വാങ്ങലിന്റെ കാര്യത്തിലും സ്വീകരിയ്ക്കാം. ടോപ്പിൽ നിന്ന് അഞ്ചു ശതമാനം താഴുമ്പോളാണു നാം വില്പന നടത്തുന്നതെങ്കിൽ, ബോട്ടത്തിൽ നിന്ന് അഞ്ചു ശതമാനം തന്നെ ഉയരുമ്പോൾ നാം വാങ്ങുകയും വേണം. വില്പനയ്ക്കു സ്വീകരിച്ചിരിയ്ക്കുന്ന മാനദണ്ഡം പത്തു ശതമാനമാണെങ്കിൽ, വാങ്ങലിനും നാം പത്തു ശതമാനം തന്നെ സ്വീകരിയ്ക്കണം. വാങ്ങിക്കഴിഞ്ഞ ഓഹരിയുടെ നഷ്ടപരിധിയും ഇതേ ശതമാനം തന്നെയായിരിയ്ക്കണമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഓഹരി വാങ്ങേണ്ടതെപ്പോഴാണെന്നു വ്യക്തമായിക്കാണുമെന്നു കരുതുന്നു. ഒന്നു കൂടിപ്പറയാം. താഴേയ്ക്കിറങ്ങിക്കൊണ്ടിരിയ്ക്കുന്ന വില ഒരു തലത്തിലെത്തിയ ശേഷം ഉയരാൻ തുടങ്ങുന്നു. ആ തലത്തിന് ബോട്ടം അല്ലെങ്കിൽ ലോ എന്നു പറയുന്നു. ബോട്ടത്തിൽ നിന്ന് നാം മുൻ‌കൂട്ടി തീരുമാനിച്ച ഒരു നിശ്ചിതശതമാനം ഉയർച്ച വിലയിൽ വന്നുകഴിഞ്ഞയുടനെ ഓഹരി വാങ്ങുക. വാങ്ങിയ വിലയിൽ നിന്നോ, വാങ്ങിയ ശേഷം രൂപപ്പെട്ടിരിയ്ക്കുന്ന ടോപ്പിൽ നിന്നോ നാം മുൻ‌കൂട്ടി തീരുമാനിച്ച ഒരു നിശ്ചിതശതമാനം താഴ്ന്നു കഴിഞ്ഞയുടനെ ഓഹരി വിൽക്കുക. ഇത്തരത്തിലുള്ള വാങ്ങലും വിൽക്കലും ആവർത്തിയ്ക്കുക.

ഏറ്റവുമധികം കച്ചവടം നടക്കുന്നത് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ്. 1696 ഓഹരികൾ അവിടെ ലിസ്റ്റു ചെയ്തിട്ടുണ്ട്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അയ്യായിരത്തിലേറെ ഓഹരികൾ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലേത് ഓഹരിയാണു നാം വാങ്ങുക?

ഈ ലേഖനത്തിന്റെ ഇനിയുള്ള ഭാഗത്ത്, ഇടയ്ക്കിടെ സ്ക്രിപ്പ്, ഷെയർ എന്നീ പദങ്ങളും ഉപയോഗിയ്ക്കാനുദ്ദേശിയ്ക്കുന്നു. ഇവയെന്തെന്നു ചുരുക്കിപ്പറയാം. ടാറ്റാ സ്റ്റീൽ എന്ന സ്ക്രിപ്പിന്റെ (കമ്പനിയുടെ) 5909535 ഷെയറുകൾ (ഓഹരികൾ) ഈയടുത്തൊരു ദിവസം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കച്ചവടം ചെയ്യപ്പെട്ടു; സ്റ്റേറ്റ് ബാങ്ക് എന്ന സ്ക്രിപ്പിന്റെ (കമ്പനിയുടെ) 13650937 ഷെയറുകൾ (ഓഹരികൾ) ഈയടുത്തൊരു ദിവസം കച്ചവടം ചെയ്യപ്പെട്ടു. ഈ വാചകങ്ങളിൽ നിന്ന് സ്ക്രിപ്പെന്ത്, ഷെയറെന്ത് എന്നു മനസ്സിലായിക്കാണുമല്ലോ.

അങ്ങേയറ്റം പത്തു സ്ക്രിപ്പുകൾ മാത്രമേ കൈകാര്യം ചെയ്യാവൂ. അതായത്, പത്തു കമ്പനികളുടെ ഓഹരികൾ മാത്രമേ കൈകാര്യം ചെയ്യാവൂയെന്നർത്ഥം. അവയേവ? നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റേതായി ഏതാനും സൂചികകളുണ്ട്: അതായത് ഇൻഡക്സുകൾ. നിഫ്റ്റിയാണ് അവയിലേറ്റവും പ്രധാനം. അമ്പതു സ്ക്രിപ്പുകളാണ് നിഫ്റ്റിയിൽ ഉൾപ്പെട്ടിരിയ്ക്കുന്നത്. നിഫ്റ്റിയിലുൾപ്പെട്ട, കഴിഞ്ഞ മാസം ഏറ്റവുമധികം കച്ചവടം (ടേൺ ഓവർ) ചെയ്യപ്പെട്ട പത്തു സ്ക്രിപ്പുകളെടുക്കുക. ഇവ വ്യത്യസ്തമേഖലകളിൽ നിന്നുള്ളവയുമായിരിയ്ക്കണം. ഉദാഹരണത്തിന്, ബാങ്കിങ്ങ്, വാഹനനിർമ്മാണം, വിവരസാങ്കേതികസേവനം, പാർപ്പിടനിർമ്മാണം, ഉരുക്കുല്പാദനം, സിമന്റുല്പാദനം, പെട്രോളിയമുല്പാദനം, പശ്ചാത്തലവികസനം, ഊർജ്ജം അങ്ങനെയങ്ങനെ. ഇവയെല്ലാം ഉദാഹരണമായിപ്പറഞ്ഞെന്നേയുള്ളൂ, അവയന്തിമമല്ല. നിക്ഷേപം മുഴുവനും ഒരൊറ്റ മേഖലയിൽത്തന്നെയാകരുതെന്നു ചുരുക്കം.

ഓഹരിക്കച്ചവടത്തിനായി തെരഞ്ഞെടുക്കുന്ന ഓഹരികൾ “ബൈ ടുഡെ, സെൽ ടുമോറൊ” (ബി റ്റി എസ് റ്റി) എന്ന വിഭാഗത്തിൽപ്പെടുന്നതായിരിയ്ക്കണം. ഈ ലേഖനത്തിൽ വിവരിച്ചിട്ടുള്ള കച്ചവടരീതിയനുസരിച്ച്, ഇന്നു വാങ്ങുന്ന ഓഹരികൾ ചിലപ്പോൾ നാളെത്തന്നെ വിൽക്കേണ്ടതായി വന്നേയ്ക്കാം. ബീ റ്റി എസ് റ്റി വിഭാഗത്തിൽപ്പെടുന്ന ഓഹരികളിൽ ഇതു സാദ്ധ്യമാണ്.

ദുഷ്കരമായൊരു കാര്യമാണ് ഇനിച്ചെയ്യാനുള്ളത്. കച്ചവടത്തിനായി നാം തെരഞ്ഞെടുത്ത സ്ക്രിപ്പുകളുടെ കഴിഞ്ഞ പത്തുവർഷത്തെ വിലചലനം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ നിന്നു കോപ്പിപേസ്റ്റു ചെയ്തെടുക്കുക. നഷ്ടപരിധിയായി നിശ്ചയിയ്ക്കാൻ നാമുദ്ദേശിയ്ക്കുന്ന വിവിധ ശതമാനങ്ങളുപയോഗിച്ച് ഈ ഓഹരികളിൽ നാം കഴിഞ്ഞ പത്തു വർഷം കച്ചവടം ചെയ്തിരുന്നെങ്കിൽ നമുക്കെത്ര ലാഭമോ നഷ്ടമോ ഉണ്ടാകുമായിരുന്നെന്നു നിർണ്ണയിയ്ക്കുക. കമ്പ്യൂട്ടറുപയോഗിയ്ക്കാതെ, ഈ കണക്കുകൾ ചെയ്യുക അസാദ്ധ്യം. ഈ നിർണ്ണയത്തിന്റെ കണക്കുകളെല്ലാം ഭദ്രമായി സൂക്ഷിയ്ക്കുക. പത്തു സ്ക്രിപ്പുകളിൽ നിന്ന് പത്തുവർഷം കൊണ്ടുണ്ടാകുമായിരുന്ന ഈ ലാഭം ബാങ്കുപലിശയേക്കാൾക്കൂടുതലാണെങ്കിൽ മാത്രം ഓഹരിക്കച്ചവടത്തിനിറങ്ങുക. ബാങ്കുപലിശയേക്കാൾക്കുറഞ്ഞ ലാഭമാണുണ്ടാകുമായിരുന്നതെങ്കിൽ ഓഹരിക്കച്ചവടത്തിനിറങ്ങരുത്, പകരം, ഓഹരികളിൽ നിക്ഷേപിയ്ക്കാനായി നീക്കിവച്ച തുക ബാങ്കിൽ നിക്ഷേപിയ്ക്കുക.

നാമിതുവരെ ചെയ്തു കഴിഞ്ഞ കാര്യങ്ങളെന്തെല്ലാമെന്നു നോക്കാം. (1) നഷ്ടപരിധിയായി ഒരു നിശ്ചിതശതമാനം തീരുമാനിച്ചു. (2)  വില ബോട്ടത്തിൽ നിന്ന് ഒരു നിശ്ചിതശതമാനം ഉയർന്നയുടനെ ഓഹരി വാങ്ങാൻ നിശ്ചയിച്ചു. (3) വാങ്ങിക്കഴിയുമ്പോൾ, വാങ്ങിയവിലയിൽ നിന്നോ, അതിനുശേഷം രൂപപ്പെട്ട ടോപ്പിൽ നിന്നോ ഒരു നിശ്ചിതശതമാനം താഴ്ന്നയുടനെ ഓഹരി വിറ്റൊഴിയാനും തീരുമാനിച്ചു. (4) നിഫ്റ്റിയിലുൾപ്പെട്ട, കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏറ്റവുമധികം കച്ചവടം (ടേണോവർ) നടന്ന, വിവിധമേഖലകളിൽ നിന്നുള്ള പത്തു സ്ക്രിപ്പുകൾ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. (5) അവയിൽ, മുൻപറഞ്ഞ രീതിയിൽ കച്ചവടം നടത്തിയിരുന്നെങ്കിൽ കഴിഞ്ഞ പത്തുവർഷം കൊണ്ട് ബാങ്കുപലിശയേക്കാൾ കൂടുതൽ ലാഭം കിട്ടുമായിരുന്നോ എന്നു പരിശോധിയ്ക്കാനും തീരുമാനിച്ചു.

ഇനി വീണ്ടും വാങ്ങലിനെപ്പറ്റിപ്പറയാം. 100 രൂപ വിലയുള്ള ഒരോഹരി അഞ്ചുശതമാനം ഉയർന്ന്, 105ലെത്തുമ്പോൾ വാങ്ങാൻ നാം തീരുമാനിച്ചിരിയ്ക്കുന്നെന്നു കരുതുക. വില 105ലെത്തിയ ശേഷം വാങ്ങാനുള്ള ഓർഡർ കൊടുക്കാമെന്നു കരുതരുത്. 105നു വാങ്ങാനുള്ള ഓർഡർ ഇപ്പോൾത്തന്നെ കൊടുക്കേണ്ടിയിരിയ്ക്കുന്നു. ക്യാഷ്, ഇൻ‌ട്രാഡേ എന്നിങ്ങനെ രണ്ടു തരം ഓർഡറുകളുണ്ട്. മൂലധനത്തിൽക്കവിയാത്ത വാങ്ങലുകളും കൈവശമുള്ള ഓഹരികളുടെ മാത്രം വിൽക്കലുകളുമാണ് ക്യാഷ് വിഭാഗത്തിൽ അനുവദനീയമായിട്ടുള്ളത്. മൂലധനത്തിന്റെ പല മടങ്ങു വാങ്ങലും (ഓഹരി കൈവശമില്ലാതെ തന്നെ) വിൽക്കലും നടത്താവുന്ന വിഭാഗമാണ് ഇൻ‌ട്രാഡേ. ഇൻ‌ട്രാഡേ ഇടപാടുകൾക്ക് ഊഹക്കച്ചവടം അഥവാ സ്പെക്യുലേഷൻ എന്നും പറയാറുണ്ട്. കൈയിലില്ലാത്ത പണം കൊണ്ടുള്ള വാങ്ങലും കൈവശമില്ലാത്ത ഓഹരികൾ വിൽക്കലുമായതുകൊണ്ട് ഇതിനെ ഓവർ ട്രേഡിംഗ് അഥവാ അമിതവ്യാപാരം എന്നും പറയുന്നു. ഈ ലേഖനത്തിലെ നിർദ്ദേശങ്ങളെല്ലാം ക്യാഷ് വിഭാഗത്തിലുള്ള ഇടപാടുകൾക്കു മാത്രമുദ്ദേശിച്ചുള്ളതാണ്, ഇൻ‌ട്രാഡേയെ സംബന്ധിച്ചുള്ളതല്ല. ഇൻ‌ട്രാഡേ വിഭാഗത്തിലെ ഇടപാടുകൾ ഈ ലേഖനം ശുപാർശ ചെയ്യുന്നില്ല.

ഓഹരി വാങ്ങാനും വിൽക്കാനുമുള്ള ഓർഡറുകളെപ്പറ്റി പൊതുവായൊരു കാര്യം കൂടിപ്പറഞ്ഞോട്ടെ. ഓഹരിക്കമ്പോളത്തിൽ നമ്മുടെ ഓർഡറുകൾ അനുസരിയ്ക്കപ്പെടുന്നതു പോലെ, ജീവിതത്തിന്റെ മറ്റൊരു മേഖലയിലും, സ്വന്തം വീട്ടിൽപ്പോലും, നമ്മുടെ ഓർഡറുകൾ അനുസരിയ്ക്കപ്പെടുന്നില്ല. ഓർഡർ ഓഹരിക്കമ്പോളത്തിൽ നാം കൊടുക്കുന്ന നിമിഷങ്ങൾക്കകം അനുസരിയ്ക്കപ്പെട്ടിരിയ്ക്കും. അതുകൊണ്ട്, ആലോചിച്ച ശേഷം, അതീവ ശ്രദ്ധയോടെ വേണം ഓർഡറുകൾ നൽകാൻ. ഓർഡറുകൾ വ്യക്തവുമായിരിയ്ക്കണം. കമ്പ്യൂട്ടറുപയോഗിച്ചു സ്വയം ട്രേഡിംഗ് നടത്തുകയാണെങ്കിലും, ഓഹരിക്കമ്പോളത്തിൽ അശ്രദ്ധ തീരെപ്പാടില്ല.

100 രൂപ വിലയുള്ള ഓഹരി 105ലേയ്ക്കുയരുമ്പോൾ വാങ്ങൽ നടക്കാനുള്ള “ബൈ” ഓർഡറിനെപ്പറ്റിയാണിനിപ്പറയുന്നത്. മൂന്നു തരം ബൈ ഓർഡറുകളുണ്ട്. അവയെപ്പറ്റി ചുരുക്കിപ്പറയാം:

(1) മാർക്കറ്റ് ബൈ ഓർഡർ. എന്തു വിലയ്ക്കു വാങ്ങാനുദ്ദേശിയ്ക്കുന്നെന്നു മാർക്കറ്റ്ബൈ ഓർഡറിൽ കാണിയ്ക്കേണ്ടതില്ല. മാർക്കറ്റിൽ നിലവിലുള്ള വിലയെത്ര തന്നെയായാലും ആ വിലയ്ക്കു വാങ്ങാൻ തയ്യാർ എന്നാണു മാർക്കറ്റ് ബൈ ഓർഡറിലൂടെ നാം നൽകുന്ന നിർദ്ദേശം. മാർക്കറ്റ് ബൈ ഓർഡറിട്ടാൽ, ഏതു വിലയ്ക്കാണു വാങ്ങൽ നടക്കുകയെന്ന അനിശ്ചിതത്വമുള്ളതു കൊണ്ട്, അത്തരം ഓർഡർ ഉപയോഗിയ്ക്കാതിരിയ്ക്കുക.

(2) ലിമിറ്റ് ബൈ ഓർഡർ. ഇത്തരം ബൈ ഓർഡറുകളിൽ നാമൊരു വില കാണിയ്ക്കുന്നു. ഈ വിലയ്ക്കാണു ലിമിറ്റെന്നു പറയുന്നത്. ആ വിലയ്ക്കോ അതിൽക്കുറഞ്ഞ വിലയ്ക്കോ ആണു വാങ്ങൽ നടക്കുക. വില നൂറിൽ നിൽക്കെ, നൂറ്റഞ്ചു രൂപയ്ക്കുള്ള ലിമിറ്റ് ബൈ ഓർഡറിട്ടാൽ, ആ ഓർഡറിടുന്ന സമയം നിലവിലുള്ള വിലയ്ക്കു വാങ്ങൽ നടക്കുന്നു: നൂറു രൂപയാണു നിലവിലുള്ള വിലയെങ്കിൽ നൂറു രൂപയ്ക്കു വാങ്ങൽ നടക്കും. ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടസമ്പ്രദായത്തിൽ ലിമിറ്റ് ബൈ ഓർഡറിനു പ്രസക്തിയില്ല.

(3)  സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡർ. ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതിയിലുപയോഗിയ്ക്കേണ്ട ഓർഡറുകളെല്ലാം സ്റ്റോപ്പ് ലോസ്സ് വിഭാഗത്തിൽപ്പെടുന്നവയാണ്. സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡറിൽ രണ്ടു നിരക്കുകൾ കാണിയ്ക്കേണ്ടി വരും. അവയിലൊന്നിനു ട്രിഗർ പ്രൈസ് എന്നും മറ്റേതിനു ലിമിറ്റ് പ്രൈസ് എന്നും പറയുന്നു. ഒരുദാഹരണത്തിലൂടെ ഇതു വിശദീകരിയ്ക്കാം. നിലവിലുള്ള വില നൂറു രൂപയെന്നു കരുതുക. വില നൂറ്റഞ്ചിലേയ്ക്കുയർന്നാൽ വാങ്ങണം എന്നാണു നമ്മുടെ തീരുമാനം. 105 രൂപയ്ക്കാണു സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡറിലെ ട്രിഗർ പ്രൈസിടേണ്ടത്. ലിമിറ്റ് പ്രൈസ് ട്രിഗർ പ്രൈസിലും താഴെയാകാൻ പാടില്ല; ട്രിഗർ പ്രൈസിനു തുല്യമാകാം, അതിനു മുകളിലുമാകാം. ലിമിറ്റ് പ്രൈസ് 106 എന്നു തീരുമാനിയ്ക്കുക. 106 എന്ന് ഉദാഹരണമായിപ്പറഞ്ഞെന്നേയുള്ളു. നൂറ്റേഴോ, നൂറ്റെട്ടോ അവയ്ക്കു മുകളിലുള്ള നിരക്കുകളോ ആകാം. അന്നത്തെ “സീലിങ്ങി”നു മുകളിലാകരുതെന്നേയുള്ളു. സീലിങ്ങ് എന്തെന്നു ഈ ലേഖനത്തിൽത്തന്നെ മറ്റൊരിടത്തു വിവരിയ്ക്കുന്നുണ്ട്.

വില്പനയുടെ കാര്യത്തിലും ക്യാഷ് സ്റ്റോപ്പ് ലോസ്സ് ഓർഡറുകളാണിടേണ്ടത്: സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറുകൾ. ഓഹരിവില 200ൽ നിൽക്കെ, വില 190ലേയ്ക്കിറങ്ങുകയാണെങ്കിൽ ഉടൻ വിൽപ്പന നടക്കുന്ന തരത്തിലിടേണ്ട ഓർഡർ ക്യാഷ് സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറാണ്. വില 200ലായിരിയ്ക്കുമ്പോൾത്തന്നെ സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിടുക. വില 190ലേയ്ക്കിറങ്ങിയ ശേഷം സെൽ ഓർഡറിടാമെന്നു കരുതി ഓർഡറിടാതിരിയ്ക്കരുത്. സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിലും ലിമിറ്റ് പ്രൈസും ട്രിഗർ പ്രൈസുമുണ്ട്. സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിലെ ലിമിറ്റ് പ്രൈസ് ട്രിഗർ പ്രൈസിനു തുല്യമോ അതിനേക്കാൾ താഴെയോ ആയിരിയ്ക്കണം, മുകളിലായിരിയ്ക്കാൻ പാടില്ല. ട്രിഗർ പ്രൈസ് 190 രൂപ, ലിമിറ്റ് പ്രൈസ് 188 രൂപ എന്നിങ്ങനെ കൊടുക്കുക.

സ്റ്റോപ്പ് ലോസ്സ് ഓർഡറുകളിലെ ലിമിറ്റ് പ്രൈസും ട്രിഗർ പ്രൈസും തുല്യമായാൽ ഓർഡർ നടന്നില്ലെന്നു വരാം. അവ തമ്മിലുള്ള വിടവു കൂടുന്തോറും ഓർഡർ നടക്കാനുള്ള സാദ്ധ്യതയും കൂടും. ട്രിഗർ പ്രൈസുമുതൽ ലിമിറ്റ് പ്രൈസു വരെയുള്ള നിരക്കുകളിലേതിൽ വേണമെങ്കിലും കച്ചവടം നടന്നെന്നു വരാം. ഉദാഹരണത്തിന്, ട്രിഗർ പ്രൈസ് നൂറ്റഞ്ചും, ലിമിറ്റ് പ്രൈസ് നൂറ്റിപ്പത്തും കൊടുത്തുകൊണ്ടുള്ളൊരു സ്റ്റോപ്പ് ലോസ് ബൈ ഓർഡർ നടക്കുമ്പോൾ നൂറ്റിപ്പത്തിനു വരെ വാങ്ങൽ നടന്നെന്നു വരാം. നൂറ്റഞ്ചിനു വാങ്ങേണ്ടിടത്ത് നൂറ്റിപ്പത്തിനു വാങ്ങൽ നടക്കുമ്പോൾ അതു പിന്നീടുണ്ടായേയ്ക്കാവുന്ന ലാഭത്തിൽ കുറവു വരുത്തും. ഇവിടെ ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടതുണ്ട്: വാങ്ങൽ യഥാർത്ഥത്തിൽ നടന്നത് ഏതു വിലയ്ക്കാണോ, ആ വിലയുടെ നഷ്ടപരിധിശതമാനമാണു കണക്കാക്കേണ്ടത്. 110നാണു വാങ്ങൽ നടക്കുന്നതെങ്കിൽ, അഞ്ചു ശതമാനമാണു നഷ്ടപരിധിശതമാനമായി നാം തീരുമാനിച്ചിരിയ്ക്കുന്നതെങ്കിൽ, വില 104.50 ആയിരിയ്ക്കണം നാം നിശ്ചയിയ്ക്കുന്ന ഏറ്റവും താഴ്ന്ന വില്പനവില. അതായത്, 110 X 5% = 5.50; 110-5.50=104.50. വില്പനയുടെ കാര്യത്തിലും സമാനമായ പ്രശ്നമുണ്ടാകാം: 190രൂപ ട്രിഗർ പ്രൈസും 180 രൂപ ലിമിറ്റ് പ്രൈസുമായി കൊടുത്തിരിയ്ക്കുന്നൊരു സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡർ ചിലപ്പോൾ നടക്കുന്നത് 180 രൂപയ്ക്കാ‍കാം. 190നു വിൽക്കേണ്ടിടത്ത് വില്പന നടക്കുന്നതു 180നാണെങ്കിൽ അതു നമ്മുടെ ലാഭം കുറയ്ക്കുകയും ചിലപ്പോഴെങ്കിലും നഷ്ടം കൂട്ടുകയും ചെയ്യും. അതുകൊണ്ട്, സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡറുകളിലും സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറുകളിലും ട്രിഗർ പ്രൈസും ലിമിറ്റ് പ്രൈസും തമ്മിലുള്ള അകലം അധികമായിപ്പോകാതെ നോക്കണം. അകലം തീരെക്കുറഞ്ഞു പോയാൽ ഓർഡർ നടക്കാതെ വന്നെന്നും വരാം. ശ്രദ്ധിയ്ക്കേണ്ടൊരു വിഷയമാണിത്.

പ്രധാനപ്പെട്ട രണ്ടു നിർദ്ദേശങ്ങളിതാ: (1) വില താഴുന്നതിനനുസരിച്ച് സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡറിലെ ട്രിഗർ പ്രൈസും ലിമിറ്റ് പ്രൈസും താഴ്ത്തിക്കൊണ്ടിരിയ്ക്കണം. (2) വില ഉയരുന്നതിനനുസരിച്ച്, സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിലെ ട്രിഗർ പ്രൈസും ലിമിറ്റ് പ്രൈസും ഉയർത്തിക്കൊണ്ടിരിയ്ക്കണം.

ഈ നിർദ്ദേശങ്ങളിലടങ്ങിയിരിയ്ക്കുന്ന രണ്ടു പൊതുതത്വങ്ങളിവയാണ്: (1)  ഏതെങ്കിലും ഓഹരി കൈവശമുള്ളപ്പോഴൊക്കെ, നഷ്ടസാദ്ധ്യത പരിമിതപ്പെടുന്നൊരു സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡർ നിലവിലുണ്ടാകണം. വിലത്തകർച്ചയുണ്ടാകുന്നെങ്കിൽ, സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡർ നടക്കണം, അതിലൂടെ നഷ്ടം നിയന്ത്രിയ്ക്കപ്പെടണം. ഓഹരി കൈവശമുണ്ട്, പക്ഷേ അതിനെ സംരക്ഷിയ്ക്കുന്നൊരു സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡർ നിലവിലില്ല: ഇത്തരമൊരവസ്ഥ ഒരിയ്ക്കലുമുണ്ടാകരുത്. (2)  ഏതെങ്കിലുമൊരോഹരി വാങ്ങാൻ തീരുമാനിച്ചു കഴിഞ്ഞാൽ, അതിനായുള്ള സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡർ സദാ നിലവിലുണ്ടാകണം. വില പെട്ടെന്നു കുതിച്ചുയർന്നു പോയാൽ വാങ്ങൽ നടക്കണം. ഓഹരി വാങ്ങാൻ തീരുമാനിച്ചിരിയ്ക്കുന്നു, പക്ഷേ, അതിനുള്ള സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡർ നിലവിലില്ല: ഇത്തരമൊരവസ്ഥയുണ്ടാകാൻ പാടില്ല.

ആകെ പത്തു സ്ക്രിപ്പുകൾ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നു സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ ഏതാനും സ്ക്രിപ്പുകളിൽത്തുടങ്ങി, ഒരു വർഷത്തെ ഫലം പ്രോത്സാഹജനകമാണെങ്കിൽ, സ്ക്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും നന്ന്. കേവലം ഒരു സ്ക്രിപ്പു മാത്രം കൈകാര്യം ചെയ്യുന്നതും ഒഴിവാക്കണം. ചുരുങ്ങിയത് മൂന്നു സ്ക്രിപ്പുകളെങ്കിലും കൈകാര്യം ചെയ്യണം. പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങൾ: (1) എത്ര സ്ക്രിപ്പുകളാണോ കൈകാര്യം ചെയ്യാനുദ്ദേശിയ്ക്കുന്നത്, ആകെ മൂലധനത്തെ അത്രയും സ്ക്രിപ്പുകൾക്കായി, തുല്യമായി വീതിയ്ക്കണം. (2) ഒരു സ്ക്രിപ്പു വാങ്ങുമ്പോൾ, അതിനായി നീക്കിവച്ചിരിയ്ക്കുന്ന മൂലധനം കൊണ്ട് അതിന്റെ എത്ര ഷെയറുകൾ പരമാവധി വാങ്ങാമോ, അത്രയും ഷെയറുകൾ വാങ്ങുക. കുറവു വന്നു കൂടാ. (3) ഒരു സ്ക്രിപ്പു വിൽക്കുന്ന സമയത്ത്, കൈവശം അതിന്റെ എത്ര ഷെയറുകളുണ്ടോ അവ മുഴുവനും വിൽക്കുക. ഒരു ഷെയർ പോലും ബാക്കിവയ്ക്കരുതെന്നർത്ഥം. ഒരു സ്ക്രിപ്പിൽ നിന്നു കിട്ടിയ ലാഭമുൾപ്പെടെയുള്ള, വർദ്ധിച്ച മൂലധനമുപയോഗിച്ചു വേണം, അതിന്റെ തുടർന്നുള്ള വാങ്ങൽ നടത്താൻ. ഒരു സ്ക്രിപ്പിൽ നിന്നു നഷ്ടമുണ്ടാകുമ്പോൾ, നഷ്ടം കിഴിച്ച ശേഷമുള്ള മൂലധനമുപയോഗിച്ചു മാത്രമേ അടുത്ത വാങ്ങൽ നടത്താവൂ. ലാഭം മൂലം മൂലധനം വർദ്ധിയ്ക്കുമ്പോൾ ഷെയറുകളുടെ എണ്ണം കൂടുകയും, നഷ്ടം മൂലം മൂലധനം കുറയുമ്പോൾ ഷെയറുകളുടെ എണ്ണം കുറയുകയും ചെയ്യും. വളർച്ച ത്വരിതപ്പെടുത്തുന്ന ഘടകമാണിത്. ഇതിൽ യാതൊരു പിഴവും വരുത്താൻ പാടില്ല.

വെല്ലുവിളികളുണ്ടാകും, തീർച്ച. അവയിലൊന്നു പറയാം: ഓഹരിവില 105ലേയ്ക്കുയരുമ്പോൾ വാങ്ങേണ്ടതാണെന്നു കരുതുക. രാവിലേതന്നെ കച്ചവടം ആരംഭിയ്ക്കുന്നത് 110ലാകാം. വില വളരെയധികം കയറിപ്പോയിരിയ്ക്കുന്നതുകൊണ്ട് ഇനിയതു വാങ്ങേണ്ടെന്നു തീരുമാനിയ്ക്കുകയല്ല വേണ്ടത്. 112നു വാങ്ങാനുള്ളൊരു സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡറിടുക. വിലയുയർന്ന്, വാങ്ങൽ 112നു നടക്കുന്നെങ്കിൽ നടക്കട്ടെ. വില താഴുന്നെങ്കിൽ അതിനനുസരിച്ചു ട്രിഗർ-ലിമിറ്റ് പ്രൈസുകൾ താഴ്ത്തിക്കൊണ്ടിരിയ്ക്കുക. വാങ്ങൽ നടന്നയുടനെ, നിശ്ചിതശതമാനത്തിനു (നഷ്ടപരിധിശതമാനം) താഴെയുള്ള സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിടുക.

വില്പന സമയത്തും സമാനമായ പ്രശ്നമുണ്ടായെന്നു വരാം. വില 190ലേയ്ക്കിറങ്ങിയ ഉടനെ ഓഹരി വിൽക്കണമെന്നു തീരുമാനിച്ചിട്ടുണ്ടാകും നാം. പക്ഷേ, രാവിലേ കച്ചവടം തുടങ്ങുന്നതു തന്നെ 180ലായിരിയ്ക്കാം. 180നു വിൽക്കരുത്. പകരം 178ന് സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിടുക. വില താഴ്ന്ന് 178ൽ വില്പന നടക്കുന്നെങ്കിൽ നടക്കട്ടെ. ആ നഷ്ടം സഹിയ്ക്കാതെ നിവൃത്തിയില്ല. വില ഉയരുന്നെങ്കിൽ, ഓർഡറിലെ നിരക്കുകളും ഉയർത്തിക്കൊടുക്കുക. ഇത്തരം പ്രതികൂലസ്ഥിതികളെ നാം പ്രതീക്ഷിയ്ക്കുക തന്നെ വേണം.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് സർക്യൂട്ട് ബ്രേക്കറുകളുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനുമുണ്ടവ. നിഫ്റ്റിയോ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രധാന സൂചികയായ സെൻസെക്സോ പത്തു ശതമാനം ഇടിഞ്ഞുകൊണ്ടാണു കമ്പോളം രാവിലേ തന്നെ തുറക്കുന്നതെന്നു കരുതുക. ഉടൻ കച്ചവടം നിൽക്കും. കുറേ സമയം കഴിഞ്ഞേ കച്ചവടം പുനരാരംഭിയ്ക്കൂ. പതിനഞ്ചു ശതമാനമാണിടിവെങ്കിൽ അന്നത്തെ കച്ചവടം അതോടെ അവസാനിച്ചെന്നും വരാം. ഇടിവ് ഇരുപതു ശതമാനമാണെങ്കിലും സ്ഥിതിയതു തന്നെ. ഇതു തന്നെ പത്ത്/പതിനഞ്ച്/ഇരുപതു ശതമാനം ഉയരുമ്പോഴും സംഭവിയ്ക്കാം. ഇത്തരം സന്ദർഭങ്ങളിൽ മുൻ തീരുമാനമനുസരിച്ചുള്ള വാങ്ങൽ-വിൽക്കലുകൾ സാദ്ധ്യമല്ലാതെ വരും. നഷ്ടമുണ്ടായെന്നു വരാം.

ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതിയുടെ ഗുണമെന്തെന്നു നോക്കാം. നഷ്ടപരിധി അഞ്ചു ശതമാനമായി നാം നിശ്ചയിച്ചിരിയ്ക്കുന്നെന്നു കരുതുക. അവസാനം രൂപപ്പെട്ട ബോട്ടത്തിൽ നിന്നു വില അഞ്ചു ശതമാനം ഉയരുമ്പോഴേയ്ക്കു നാം ഓഹരി വാങ്ങിയിരിയ്ക്കും. അവസാനം രൂപപ്പെട്ട ടോപ്പിൽ നിന്ന് അഞ്ചു ശതമാനം താഴുമ്പോഴേയ്ക്കു നാം ഓഹരി വിറ്റിരിയ്ക്കും. ഓഹരിവിലയിൽ വൻ തോതിലുള്ള ഉയർച്ചയുണ്ടായിക്കൊണ്ടിരിയ്ക്കുമ്പോൾ നമ്മുടെ പക്കൽ ആ ഓഹരി നിശ്ചയമായുമുണ്ടായിരിയ്ക്കും. നാം തെരഞ്ഞെടുത്ത ഓഹരിയുടെ വില കുതിച്ചുകയറിക്കൊണ്ടിരിയ്ക്കുമ്പോൾ അതു നമ്മുടെ പക്കലില്ലാത്ത അവസ്ഥയുണ്ടാവില്ല. മറുവശത്ത്, നാം തെരഞ്ഞെടുത്ത ഓഹരിയുടെ വില തകർന്നു കൊണ്ടിരിയ്ക്കുമ്പോൾ അതു നമ്മുടെ കൈവശമുണ്ടായിരിയ്ക്കുകയുമില്ല. മറ്റൊരു തരത്തിൽപ്പറഞ്ഞാൽ റാലി” (ഉയർച്ച)യുടെ ഗുണം നമുക്കു കിട്ടുകയും ക്രാഷ്” (തകർച്ച) നമുക്കധികം ദോഷം ചെയ്യാതിരിയ്ക്കുകയും ചെയ്യും. ഗുണം മെച്ചം, നഷ്ടം തുച്ഛം.

റിലയൻസ് ക്യാപ്പിറ്റൽ എന്നൊരു സ്ക്രിപ്പുണ്ട്. 2005 ജനുവരി 24ന് അതിന്റെ വില 130.05 രൂപയിലേയ്ക്കു താഴ്ന്നിരുന്നു. മൂന്നു വർഷത്തിനു ശേഷം, 2008 ജനുവരി ഒമ്പതാം തീയതി, അത് 2897.80 രൂപയിലെത്തി. 130.05ൽ നിന്ന് 2897.80ലേയ്ക്കുള്ള ഉയർച്ച 2128 ശതമാനം! തുടർന്നതു തകർന്നു. നാലു വർഷം കഴിഞ്ഞപ്പോൾ, 2012 ജനുവരി 2ന്, അതിന്റെ വില വെറും 226.05 രൂപയായിരുന്നു: 2897.80ൽ നിന്നുള്ള ഇടിവ് 92.35 ശതമാനം! ഇത്തരം വൻ തോതിലുള്ള ഉയർച്ചകളും താഴ്ചകളും ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന ഓഹരിക്കച്ചവടരീതിയ്ക്കു ഗുണകരമാണ്. നഷ്ടപരിധിയായി അഞ്ചു ശതമാനം തെരഞ്ഞെടുത്തുകൊണ്ട് ഈ കച്ചവടരീതി പ്രയോഗിച്ചിരുന്നെങ്കിൽ കഴിഞ്ഞ പത്തുവർഷംകൊണ്ടു റിലയൻസ് ക്യാപ്പിറ്റലിൽ നിന്നുണ്ടാക്കാമായിരുന്ന ലാഭവും വളർച്ചയും ഈയിടെ ഞാൻ കണക്കുകൂട്ടിയെടുത്തു. ദിവസേനയുണ്ടായ യഥാർത്ഥവിലചലനം അറിയാനാകാത്തതുകൊണ്ട്, ക്ലോസിംഗ് നിരക്കുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു, ആ കണക്കുകൂട്ടൽ. ആ കണക്കുകൂട്ടലിൽ നിന്നു തെളിഞ്ഞ ലാഭശതമാനം അവിശ്വസനീയമാം വിധം ഉയർന്നതായിരുന്നു. ഈ ലേഖനത്തിന്റെ പിന്നിലെ പ്രേരകവും അതു തന്നെ. കണക്കുകൂട്ടലിൽ തെറ്റുപറ്റിയിട്ടുണ്ടാകാമെന്നതുകൊണ്ട് അതിൽ നിന്നു വെളിപ്പെട്ട ലാഭശതമാനം ഇവിടെ വെളിപ്പെടുത്തുന്നില്ല. താത്പര്യമുള്ളവർ സ്വയം കണക്കുകൂട്ടലുകൾ നടത്തിനോക്കുന്നതായിരിയ്ക്കും ഏറ്റവും നല്ലത്.

2005-2008 കാലത്തു മിക്ക രാജ്യങ്ങളിലേയും ഓഹരിക്കമ്പോളങ്ങൾ അസാധാരണമായ വളർച്ച നേടിയിരുന്നു. തുടർന്നുള്ള മൂന്നു നാലു വർഷത്തിനിടയിൽ അവയെല്ലാം അസാധാരണമായ തകർച്ചയും നേരിട്ടു. റിലയൻസ് ക്യാപ്പിറ്റലിനും ആ വളർച്ചയും തകർച്ചയുമുണ്ടായി. മറ്റനേകം സ്ക്രിപ്പുകൾക്കുമുണ്ടായി, ഈ വളർച്ചയും തകർച്ചയും. ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതിയ്ക്ക് ഓഹരിവിലകളിലെ ഇത്തരം അസാധാരണമായ വളർച്ചയും തകർച്ചയും അനുകൂലമാണെന്നു കാണുന്നു. 130.05ൽ നിന്ന് 2897.80ലേയ്ക്കുണ്ടായ വിലക്കയറ്റത്തിന്റെ ഗുണം വലുതായനുഭവിപ്പിയ്ക്കുകയും, 2897.80ൽ നിന്ന് 226.05ലേയ്ക്കുണ്ടായ തകർച്ചയുടെ ദൂഷ്യം വലുതായനുഭവിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നൊരു കച്ചവടരീതി ഭാവിയിലും അനുകരണീയമായിരിയ്ക്കുമെന്നാണെന്റെ വിശ്വാസം. എന്നാൽ, ഭൂതകാലചലനം ഭാവിയിലും ആവർത്തിയ്ക്കപ്പെടുമെന്നു യാതൊരുറപ്പുമില്ല.

വെല്ലുവിളികളെപ്പറ്റി പറഞ്ഞു തീർന്നില്ല. ഓഹരിക്കമ്പോളത്തിനു ദിശാബോധം നഷ്ടപ്പെട്ട അവസ്ഥ ഇടയ്ക്കിടെയുണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഓഹരിവിലകൾ കുതിച്ചുയരുകയോ തകർന്നടിയുകയോ ചെയ്യാതെ, വശങ്ങളിലേയ്ക്ക് (സൈഡ് വേയ്സ്”) സഞ്ചരിച്ചെന്നു വരാം. ഉദാഹരണം: അഞ്ചു ശതമാനം ഉയർന്നാലുടൻ അഞ്ചു ശതമാനം താഴുന്നു. ഇത്തരമൊരവസ്ഥ മുകളിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതിയ്ക്ക് അനുകൂലമല്ല; അത്തരമവസ്ഥയിൽ നഷ്ടമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് നഷ്ടസാദ്ധ്യതയ്ക്കു പരിധി നിശ്ചയിയ്ക്കേണ്ടത് അത്യാവശ്യം തന്നെ.

ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ ആകർഷകമായ ലാഭവും വളർച്ചയും മുകളിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതികൊണ്ടുണ്ടാകുമെന്നാശിയ്ക്കാതിരിയ്ക്കുകയാകും നല്ലത്. പത്തുവർഷത്തിൽക്കുറയാത്ത കാലയളവെങ്കിലും വേണം, ഈ രീതിയുടെ ഗുണദോഷങ്ങളറിയാൻ. കഴിഞ്ഞ പത്തുവർഷത്തെ വിലചലനം പരിശോധിച്ച്, ഈ രീതിയുടെ ഗുണദോഷങ്ങൾ താത്വികമായെങ്കിലും അറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്നു മുകളിൽ നൽകിക്കഴിഞ്ഞിരിയ്ക്കുന്ന നിർദ്ദേശം അതിപ്രധാനമായതുകൊണ്ട് അതിവിടെ ആവർത്തിയ്ക്കുന്നു. കഴിഞ്ഞ പത്തുവർഷത്തെ ദിവസേനയുള്ള ക്ലോസിംഗ്‌വിലകളെ അടിസ്ഥാനപ്പെടുത്തി നിർണ്ണയിച്ച, താത്വികമായുള്ള ലാഭനഷ്ടങ്ങളിൽ നിന്നു വിഭിന്നമായിരിയ്ക്കാം ആ കാലയളവിൽ തത്വങ്ങൾ പ്രയോഗത്തിൽ വരുത്തി, യഥാർത്ഥ കച്ചവടം നടത്തിയിരുന്നെങ്കിലുണ്ടാകുമായിരുന്ന  ലാഭനഷ്ടങ്ങൾ; ആ കാലഘട്ടത്തിലെ യഥാർത്ഥഫലം താത്വികഫലത്തേക്കാൾ കുറവാകുമായിരുന്നോ കൂടുതലാകുമായിരുന്നോ എന്നു കണ്ടെത്താനൊരു മാർഗ്ഗവുമില്ല.

വിലചലനത്തിനനുസൃതമായി ഓർഡറുകളിൽ മാറ്റം വരുത്തിക്കൊണ്ടിരിയ്ക്കേണ്ടതുള്ളതിനാൽ, കച്ചവടസമയം മുഴുവൻ കമ്പോളം നിരീക്ഷിച്ചുകൊണ്ടിരുന്നേ മതിയാവൂ. വേഗക്കൂടുതലുള്ള കമ്പ്യൂട്ടറും (ലാപ്ടോപ്പ് അല്ലെങ്കിൽ സ്മാർട്ട് ഫോൺ) ഇന്റർനെറ്റും ഉപയോഗിച്ചുള്ള ഓൺലൈൻ കച്ചവടമാണ് ഇതിനനുയോജ്യം. വിലചലനങ്ങൾക്കനുസരിച്ച്, വാങ്ങൽ-വിൽക്കൽ നടത്താനുള്ള സ്റ്റോപ്പ് ലോസ്സ് ഓർഡറുകളിൽ അപ്പപ്പോൾ മാറ്റം വരുത്താനുള്ളതുകൊണ്ട്, മൈക്രോസോഫ്റ്റിന്റെ എക്സൽ, ഓപ്പൻ ഓഫീസിലെ കാൽക്ക് എന്നിവയിലേതെങ്കിലും ഉപയോഗിയ്ക്കുകയും വേണം. തിങ്കൾ മുതൽ വെള്ളി വരെ, രാവിലെ ഒമ്പതേകാൽ മുതൽ ഉച്ചയ്ക്കു ശേഷം മൂന്നര വരെ, ആറേകാൽ മണിക്കൂറാണു ഓഹരിക്കച്ചവടം നടക്കുന്നത്. ഇതിനിടയിൽ വൈദ്യുതിവിതരണവും ഇന്റർനെറ്റും  തടസ്സപ്പെട്ടാൽ കച്ചവടം മുടങ്ങാതിരിയ്ക്കാനുള്ള സംവിധാനവും ഒരുക്കണം. മറ്റു വഴികളില്ലെങ്കിൽ ഡീലറുടെ ഓഫീസിൽച്ചെന്നിരിയ്ക്കുക തന്നെ. ഡീലറുടെ ഫ്രാഞ്ചൈസികളെ ഒഴിവാക്കണം. ഇടപാടുകാരെ ആകർഷിയ്ക്കാൻ വേണ്ടി ഫ്രാഞ്ചൈസികൾ പല ഇളവുകളും തരാൻ തയ്യാറായെന്നു വരാം. അവയാൽ ആകർഷിതരാകാതിരിയ്ക്കുകയാണു നന്ന്. ഡീലറുടെ വീഴ്ച മൂലം അപ്രതീക്ഷിതമായ സാമ്പത്തികനഷ്ടമുണ്ടാകുന്നതൊഴിവാക്കാൻ വേണ്ടി, പ്രശസ്തരായ ഏതെങ്കിലുമൊരു ഡീലറുമായി നേരിട്ടിടപെടുകയാണു വേണ്ടത്.

ഇപ്പോൾ ഓഹരിക്കച്ചവടത്തിൽ നിന്നു ആകർഷകമായ ലാഭം നേടിക്കൊക്കൊണ്ടിരിയ്ക്കുന്നവർ തങ്ങൾ പിന്തുടർന്നുകൊണ്ടിരിയ്ക്കുന്ന കച്ചവടരീതിതന്നെ തുടരുന്നതാകും നല്ലത്.

നിഫ്റ്റിയിൽ ഏറ്റവുമധികം ടേണോവറുള്ള ഓഹരികൾ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നു മുകളിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഏറ്റവുമധികം മൂലധനമൂല്യം – മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ - ഉള്ള ഓഹരികളാണവ. അവയുടെ ഓഹരികൾ ഏറ്റവുമധികം നിക്ഷേപകരുടെ പക്കലുള്ളതുകൊണ്ട്, ഏതെങ്കിലുമൊരു നിക്ഷേപകനോ ഒരു കൂട്ടം നിക്ഷേപകർക്കോ അവയുടെ വില കൃത്രിമമായി ഉയർത്തുകയും താഴ്ത്തുകയും ചെയ്യാനുള്ള സാദ്ധ്യത താരതമ്യേന കുറവാണ്.

‘സീലിംഗ് പ്രൈസ്’, ‘ഫ്ലോർ പ്രൈസ്’ എന്നിവയെപ്പറ്റിയും പറയാം. ഒരോഹരി വാങ്ങാനോ വിൽക്കാനോ വേണ്ടി നാമിന്നിടുന്ന ഓർഡറുകളെല്ലാം ഇന്നലത്തെ ക്ലോസിംഗ് വിലയുടെ 90 ശതമാനത്തിനും 110 ശതമാനത്തിനുമപ്പുറത്തുള്ളതാകാൻ പാടില്ല. ഭൂരിഭാഗം സ്ക്രിപ്പുകൾക്കും പത്തുശതമാനമെന്ന ഈ വ്യവസ്ഥ ബാധകമാണ്. ഉദാഹരണം പറയാം. ഇന്നലെ 100 രൂപയ്ക്കു ക്ലോസ് ചെയ്ത ഒരോഹരിയ്ക്ക് 110 രൂപയേക്കാളുയർന്നതും 90 രൂപയേക്കാൾ താഴ്ന്നതുമായ ഓർഡറുകൾ ഇടാനാവില്ല. ഇവയിൽ ഉയർന്ന നിരക്കിനു സീലിംഗ് പ്രൈസ് എന്നും, താഴ്ന്ന നിരക്കിനു ഫ്ലോർ പ്രൈസ് എന്നുമാണു പറയുക. ‘അപ്പർ ലിമിറ്റ്’, ‘ലോവർ ലിമിറ്റ്’ എന്നും ഇവയറിയപ്പെടാറുണ്ട്. സീലിംഗ് പ്രൈസിനു മുകളിലുള്ള ഓർഡറുകളും ഫ്ലോർ പ്രൈസിനു താഴെയുള്ള ഓർഡറുകളും ഇടാനാവില്ല. എന്നാൽ, നിലവിലുള്ള വില സീലിംഗ് പ്രൈസിലോ ഫ്ലോർ പ്രൈസിലോ എത്തിക്കഴിയുമ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ച് അതിൽ പത്തു ശതമാനം ഇളവനുവദിയ്ക്കാറുണ്ട്. നിഫ്റ്റിയിലുൾപ്പെട്ട മിക്ക സ്ക്രിപ്പുകൾക്കും പല തവണ ഇത്തരം ഇളവനുവദിച്ചെന്നു വരാം. നിഫ്റ്റിയിലുൾപ്പെടാത്ത ചില സ്ക്രിപ്പുകളുടെ സീലിംഗും ഫ്ലോറും, എക്സ്ചേഞ്ചിന്റെ അന്നാന്നത്തെ തീരുമാനമനുസരിച്ച്, 2%, 5%, 10%, 20% എന്നിവയിലേതെങ്കിലുമായി നിശ്ചയിച്ചിട്ടുണ്ടാകാം. നിഫ്റ്റിയിലുൾപ്പെടാത്ത സ്ക്രിപ്പുകൾ കൈകാര്യം ചെയ്യാതിരിയ്ക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് ഇതു തന്നെയാണ്.

ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിനു 140 വർഷത്തെ ചരിത്രമുണ്ടെങ്കിലും, 23 വർഷം മുമ്പു മാത്രം തുടങ്ങിയ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനോടാണ് എനിയ്ക്കാഭിമുഖ്യം. ചില പ്രശസ്ത ഡീലർമാർ രണ്ട് എക്സ്ചേഞ്ചുകളിലും, നമ്മുടെ ഇഷ്ടാനുസരണം, ഇടപാടുകൾ നടത്താനുള്ള സൌകര്യം ചെയ്തു തരാറുണ്ടെങ്കിലും ഇടപാടുകൾ മുഴുവനും ഏതെങ്കിലുമൊരു എക്സ്ചേഞ്ചിൽ മാത്രം ചെയ്യുന്നതായിരിയ്ക്കും നല്ലത്. കഴിഞ്ഞ ദിവസം രണ്ട് എക്സ്ചേഞ്ചുകളിലും നടന്ന ചില സ്ക്രിപ്പുകളുടെ കച്ചവടങ്ങൾ നമുക്കു പരിശോധിയ്ക്കാം:

ടാറ്റാ മോട്ടോഴ്സ്.......... NSE 300.01 കോടി രൂപ – BSE 61.49 കോടി രൂപ
ഐസിഐസിബാങ്ക്.....NSE 360.71 കോടി രൂപ – BSE 45.09 കോടി രൂപ
സ്റ്റേറ്റ് ബാങ്ക്................NSE 315.05 കോടി രൂപ – BSE 33.55 കോടി രൂപ
ടാറ്റാസ്റ്റീൽ.....................NSE 139.76 കോടി രൂപ – BSE 27.62 കോടി രൂപ
റിലയൻസ്....................NSE 209.83 കോടി രൂപ – BSE 31.40 കോടി രൂപ
ഇൻഫി..........................NSE 541.22 കോടി രൂപ – BSE 14.47 കോടി രൂപ

ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതിയുടെ ഒരവിഭാജ്യഘടകമാണു സ്റ്റോപ്പ് ലോസ്സ് ഓർഡറുകൾ. ഒരു സ്ക്രിപ്പിന്റെ കൂടുതൽ ഷെയറുകൾ കച്ചവടം ചെയ്യപ്പെടുന്നിടത്തു സ്റ്റോപ്പ് ലോസ്സ് ഓർഡറുകൾ കൂടുതൽ കൃത്യതയോടെ അനുസരിയ്ക്കപ്പെടുന്നു. ഒരു സ്ക്രിപ്പിൽ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടക്കുന്ന കച്ചവടത്തിന്റെ പല മടങ്ങു കച്ചവടം അതേ സ്ക്രിപ്പിൽ എൻ എസ് ഈയിൽ നടക്കുന്നുണ്ടെന്നു മുകളിൽ കൊടുത്തിരിയ്ക്കുന്ന സംഖ്യകൾ തെളിയിയ്ക്കുന്നു.

നഷ്ടപരിധി പത്തു ശതമാനമായി നാം നിശ്ചയിയ്ക്കുന്നെന്നു കരുതുക. വാങ്ങുന്നതിനു മുമ്പു വില സ്പർശിച്ച ഏറ്റവും താഴ്ന്ന തലത്തിൽ നിന്ന്, അതായതു ബോട്ടത്തിൽ നിന്ന്, ഇരുപതു ശതമാനമെങ്കിലും വില ഉയർന്നെങ്കിൽ മാത്രമേ, ആ ഇടപാടിൽ നഷ്ടമുണ്ടാകാതിരിയ്ക്കുകയുള്ളു. ബോട്ടത്തിൽ നിന്ന് 25 ശതമാനം ഉയർന്നാൽ, ലാഭം അഞ്ചു ശതമാനം. അഞ്ചു ശതമാനമാണു നഷ്ടപരിധിയായി നിശ്ചയിയ്ക്കുന്നതെങ്കിൽ, ബോട്ടത്തിൽ നിന്നു വില പത്തു ശതമാനമുയർന്നാൽ നഷ്ടമൊഴിവാകും; പതിനഞ്ചു ശതമാനമുയർന്നാൽ അഞ്ചു ശതമാനം ലാഭം ഉറപ്പ്. ഇരുപതു ശതമാനമുയർന്നാൽ പത്തു ശതമാനം ലാഭമുറപ്പ്. ഡീലറുടെ കമ്മീഷൻ കൂടി കണക്കിലെടുക്കേണ്ടി വരും. ഒരു ശതമാനമാണു നഷ്ടപരിധിയായി നിശ്ചയിയ്ക്കുന്നതെങ്കിൽ, രണ്ടു ശതമാനമെങ്കിലും വിലയുയർന്നാൽ നഷ്ടമൊഴിവാകും. ഇങ്ങനെ പോകുന്നു, ലാഭസാദ്ധ്യതകൾ.

ഓഹരിനിക്ഷേപം എന്നു പറഞ്ഞു കേൾക്കാറുണ്ടെങ്കിലും, വാസ്തവത്തിൽ നടക്കുന്നത് ഓഹരിക്കച്ചവടമാണ്. കമ്പനിയുടമയൊഴികെ, മറ്റെല്ലാ ഓഹരിയുടമകളും ഓഹരിക്കച്ചവടമാണു നടത്തുന്നത്. എൽ ഐ സിയെപ്പോലുള്ള ദേശീയസ്ഥാപനങ്ങളും, ഗോൾഡ്മാൻ സാക്സിനെപ്പോലെയും മോർഗൻ സ്റ്റാൻലിയേയും പോലുള്ള വിദേശസ്ഥാപനങ്ങളും, എന്നേയും നിങ്ങളേയും പോലുള്ള സാധാരണക്കാരുമെല്ലാം ഇടയ്ക്കിടെ ഓഹരികൾ വാങ്ങുന്നു, ഇടയ്ക്കിടെ വിൽക്കുന്നു, ലാഭമെടുക്കുന്നു. ഇടയ്ക്കിടെയുള്ള ഈ വാങ്ങലും വിൽക്കലുമെല്ലാം ഓഹരിനിക്ഷേപത്തെ ഓഹരിക്കച്ചവടമാക്കി മാറ്റുന്നു. വാങ്ങലിന്റേയും വിൽക്കലിന്റേയുമിടയിലുള്ള കാലയളവിന്റെ ദൈർഘ്യത്തിനു വ്യത്യാസമുണ്ടാകാം. ആദായനികുതിയെപ്പറ്റി വേവലാതിപ്പെടുന്നവർ ആദായനികുതിയൊഴിവാക്കാൻ വേണ്ടി ഒരു വർഷം വരെ ഓഹരി കൈവശം വച്ചുകൊണ്ടിരിയ്ക്കാറുണ്ടെന്നു മാത്രം. ഓഹരിക്കമ്പോളത്തിൽ നിന്നു ലാഭമെടുക്കാനുദ്ദേശിയ്ക്കുന്നുണ്ടെങ്കിൽ, ഓഹരികൾ അനിശ്ചിതകാലത്തോളം കൈവശം വച്ചുകൊണ്ടിരിയ്ക്കുന്നത് ഉദ്ദേശ്യസാദ്ധ്യത്തിനനുകൂലമാവില്ല. ഓഹരിവില കയറാൻ തുടങ്ങുമ്പോൾ വാങ്ങുകയും താഴാൻ തുടങ്ങുമ്പോൾ വിറ്റൊഴിയുകയും ചെയ്യുക അനിവാര്യം. വില കയറാൻ തുടങ്ങി, ഓഹരി വാങ്ങാറായി എന്ന് അനായാസം നിർണ്ണയിയ്ക്കാൻ വേണ്ടിയാണ് ബോട്ടത്തിൽ നിന്ന് ഒരു നിശ്ചിതശതമാനത്തിന്റെ ഉയർച്ചയെ – ഉദാഹരണത്തിന് അഞ്ചു ശതമാനം – നാം മാനദണ്ഡമായി സ്വീകരിയ്ക്കുന്നത്. അതുപോലെ, ഓഹരിവില ഇടിയാൻ തുടങ്ങി, അതു വിൽക്കാറായി എന്നു അനായാസം തീർച്ചപ്പെടുത്താൻ വേണ്ടിയാണ്, ടോപ്പിൽ നിന്ന് ഒരു നിശ്ചിത ശതമാനത്തിന്റെ ഇറക്കത്തെ നാം മാനദണ്ഡമായി നിശ്ചയിയ്ക്കുന്നത്. ഇത്തരം നിശ്ചിതമാനദണ്ഡങ്ങൾ ഓഹരിയിടപാടുകളിലെ അനിശ്ചിതത്വം പാടേ നീക്കുന്നു.

ഒരു ബോട്ടത്തിൽ നിന്ന് ഒരു നിശ്ചിതശതമാനം ഉയർന്നപ്പോൾ നാമൊരോഹരി വാങ്ങിയെന്നും, തുടർന്നു രൂപപ്പെട്ട ടോപ്പിൽ നിന്നു വില ഒരു നിശ്ചിതശതമാനം ഇറങ്ങിയപ്പോൾ നാം വിൽപ്പന നടത്തിയെന്നുമിരിയ്ക്കട്ടെ. അതോടെ പഴയ ബോട്ടവും ടോപ്പും അപ്രസക്തമായിക്കഴിഞ്ഞു. അടുത്ത വാങ്ങൽ പുതുതായി രൂപപ്പെടുന്ന ബോട്ടത്തെ ബന്ധപ്പെടുത്തിയായിരിയ്ക്കണം. ഒരു ബോട്ടം ഒന്നിലേറെ വാങ്ങലുകൾക്ക് ഉപയോഗിയ്ക്കാൻ പാടില്ലെന്നർത്ഥം.

ബോട്ടത്തിന് സപ്പോർട്ട് എന്നൊരു പേരു കൂടിയുണ്ട്. ഇടിഞ്ഞു കൊണ്ടിരുന്ന വില ഒരു തലത്തിലെത്തിയപ്പോൾ അതിന്റെ ഇടിവു നിലയ്ക്കുന്നു, വില ഉയരാൻ തുടങ്ങുന്നു. ഇടിവു നിലച്ച തലത്തിൽ വിലയ്ക്കു സപ്പോർട്ടു ലഭിച്ചു എന്നാണൊരാശയം. ആ തലത്തിൽ അതിനു ലഭിച്ച സപ്പോർട്ടു മൂലം വില ഉയരാൻ തുടങ്ങി. മറുവശത്ത്, ടോപ്പിന് റെസിസ്റ്റൻസ് എന്നൊരു പേരും പറയാറുണ്ട്. ഉയർന്നുകൊണ്ടിരുന്ന വില ആ തലത്തിലെത്തിയപ്പോൾ അതിന്റെ ഉയർച്ച നിന്നു; അതിറങ്ങാൻ തുടങ്ങി. ആ തലത്തിൽ വച്ച് ഉയർച്ചയ്ക്കു തടസ്സം – റെസിസ്റ്റൻസ് – നേരിട്ടു; അതുകൊണ്ടത് ഇറങ്ങാൻ തുടങ്ങി.

സ്റ്റോപ്പ് ലോസ്സ് ഓർഡറുകൾ ചുരുക്കം പേർ മാത്രമേ ഉപയോഗിച്ചു കാണാറുള്ളു. ‘നോർമ്മൽ’ ഓർഡറുകളാണു ഭൂരിഭാഗവും. നിലവിലുള്ള വില 100 രൂപയായിരിയ്ക്കെ, 95 രൂപയ്ക്കു വാങ്ങാനുള്ള ഓർഡറിടുന്നു. അതുപോലെ, നിലവിലുള്ള വില 200 രൂപയായിരിയ്ക്കാം, അപ്പോൾ 210 രൂപയ്ക്കു വിൽക്കാനുള്ള ഓർഡറിടുന്നു. വില നൂറു രൂപയിൽ നിന്ന് 95ലേയ്ക്കിറങ്ങുമ്പോൾ വിലചലനത്തിന്റെ ദിശ താഴേയ്ക്കാണ്. നൂറു രൂപയിൽ നിന്നു 95ലേയ്ക്കിറങ്ങിക്കഴിയുമ്പോൾ വാങ്ങലിനുള്ള ഓർഡർ നടക്കുന്നു. ഓരോഹരി വാങ്ങിയാലുടൻ അതിന്റെ വില കയറാൻ തുടങ്ങണമെന്നാണു മിക്കവരുടേയും ആശ. വാങ്ങിക്കഴിഞ്ഞിരിയ്ക്കുന്ന ഓഹരിയുടെ വില താഴുന്നത് ഇഷ്ടപ്പെടുന്ന ഒരാൾ പോലുമുണ്ടാവില്ല. വാങ്ങിയ ഓഹരിയുടെ വില കയറണമെന്നാണാശയെങ്കിൽ, ഇറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഓഹരിയല്ല, കയറിക്കൊണ്ടിരിയ്ക്കുന്ന ഓഹരിയാണു വാങ്ങേണ്ടത്. ഇറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഓഹരി അതിന്റെ ഇറക്കം തുടരുമെന്നു വിചാരിച്ചു വാങ്ങാതെ വിടുന്നതാണു കൂടുതൽ സുരക്ഷിതം. കയറാനുള്ള ഊർജ്ജം വില പ്രദർശിപ്പിയ്ക്കട്ടെ, എന്നിട്ടു മതി വാങ്ങാൻ.

വില 200 രൂപയിൽ നിൽക്കെ, 210നു വിൽക്കാനുള്ള ഓർഡറിടുന്നതും വിലചലനത്തിനെതിരായിരിയ്ക്കും. 200ൽ നിന്നു വിലയുയർന്ന് 210ലെത്തുമ്പോൾ വില്പന നടക്കുന്നു. ഇവിടെ വിലചലനത്തിന്റെ ദിശ മുകളിലേയ്ക്കാണ്. നാം കൈയൊഴിഞ്ഞ ഓഹരിയുടെ വില നാം കൈയൊഴിഞ്ഞയുടനെ ഉയർന്നുയർന്നു പോകുന്നത് നമ്മിലതൃപ്തിയുണ്ടാക്കും. നാം 210നു വിറ്റ ഓഹരി ഉയർച്ച തുടരുകയും 300ലേയ്ക്കെത്തുകയും ചെയ്യുന്നെന്നിരിയ്ക്കട്ടെ. 210നു വിൽക്കാതിരുന്നെങ്കിൽ നമുക്കാ ഓഹരി കൂടുതൽ ഉയർന്ന വിലയ്ക്കു വിൽക്കാമായിരുന്നു. ഉയർച്ചയിൽ നിന്നു പരമാവധി ഗുണം നാം നേടുന്നില്ലെങ്കിൽ ഓഹരിക്കച്ചവടത്തിൽ നിന്നു വലുതായ ഗുണം നമുക്കുണ്ടാവില്ല. വില ഉയർന്നുകൊണ്ടിരിയ്ക്കെ, ഓഹരി വിൽക്കരുതെന്നാണു തത്വം. ഉയർച്ച നിലയ്ക്കട്ടെ, ഇടിയാൻ തുടങ്ങട്ടെ: അപ്പോൾ നമുക്കു വിറ്റൊഴിയാം. ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന ഓഹരിക്കച്ചവടരീതി വില ഉയരാൻ തുടങ്ങുമ്പോൾ വാങ്ങുകയും താഴാൻ തുടങ്ങുമ്പോൾ വിൽക്കുകയും ചെയ്യുകയെന്ന രണ്ട് അതിപ്രധാനതത്വങ്ങൾ പിന്തുടരുന്ന ഒന്നാണെന്ന് ഇതിനകം വ്യക്തമായിക്കാണുമല്ലോ.

ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന രീതിയനുസരിച്ച് ഐടിസി എന്ന സ്ക്രിപ്പിന്റെ വില 300ൽ നിന്ന് അഞ്ചു ശതമാനമുയർന്ന് 315ലെത്തിയപ്പോൾ നാമതിന്റെ നൂറോഹരി വാങ്ങിയെന്നു കരുതുക. നാമിപ്പോൾ ഐടിസിയിൽ ലോംഗ് ആണെന്നു പറയും. നമ്മുടെ പക്കൽ ഐടിസിയിൽ ഒരു ലോംഗ് പൊസിഷനുണ്ട് എന്നും പറയാം. ഇനി വില അഞ്ചു ശതമാനമിടിഞ്ഞ് 300ലേയ്ക്കിറങ്ങിയാൽ നാം 100 ഓഹരിയും വിറ്റൊഴിയും. അങ്ങനെ സംഭവിച്ചാൽ നമുക്കുണ്ടായേയ്ക്കാവുന്ന നഷ്ടം 1500 രൂപ. ഐടിസി വാങ്ങാൻ നാം മുടക്കിയ മൂലധനം 31500 രൂപയായിരുന്നു. അതിന്റെ അഞ്ചു ശതമാനമാണു 1500 രൂപ; കൃത്യമായിപ്പറഞ്ഞാൽ 1575 രൂപ. കണക്കുകൂട്ടലിന്റെ എളുപ്പത്തിനു വേണ്ടി 1500 ആയി കണക്കാക്കാം. നമ്മുടെ നഷ്ടം മൂലധനത്തിന്റെ അഞ്ചു ശതമാനത്തിലൊതുക്കാനായെങ്കിലും, ഈ നഷ്ടമല്പമധികമാണെന്നു തോന്നിയേയ്ക്കാം. ഇത്രത്തോളം നഷ്ടം വരാനിടയില്ലാത്തൊരു ഭേദഗതി നമ്മുടെ കച്ചവടരീതിയിൽ വരുത്തിയാൽ ഇടപാടുകളിലെ ശരാശരി നഷ്ടം കുറയ്ക്കാം. ആ രീതി വിവരിയ്ക്കാം.

ബോട്ടത്തിൽ നിന്ന് അഞ്ചു ശതമാനം ഉയരുമ്പോൾ ഒരുമിച്ചൊറ്റയൊരു വാങ്ങൽ നടത്തുന്നതിനു പകരം, ബോട്ടത്തിൽ നിന്ന് രണ്ടര ശതമാനം ഉയരുമ്പോൾ പകുതി മൂലധനം കൊണ്ട് ഒന്നാമത്തെ വാങ്ങൽ നടത്തുക. വീണ്ടും രണ്ടര ശതമാനം ഉയരുകയാണെങ്കിൽ ശേഷിച്ച പകുതികൊണ്ടു രണ്ടാമത്തെ വാങ്ങൽ നടത്തുക. ഒറ്റ വാങ്ങലിനു പകരം രണ്ടര ശതമാനം വീതം ഇടവിട്ട്, രണ്ടു വാങ്ങലുകൾ നടത്തുന്നു എന്നു മാത്രം. ഇവിടെ രണ്ടരശതമാനമാണു വാങ്ങാനുള്ള മാനദണ്ഡം. അതുകൊണ്ട് നഷ്ടപരിധിയും രണ്ടര ശതമാനം തന്നെയായി നിശ്ചയിയ്ക്കണം. മുകളിൽപ്പറഞ്ഞ ഉദാഹരണത്തിൽ ഇതു പ്രാവർത്തികമാക്കി നോക്കാം. ഐടിസി 300ൽ നിന്ന് രണ്ടര ശതമാനം ഉയർന്ന് 307.50ലെത്തുമ്പോൾ 50 ഓഹരി വാങ്ങുന്നു. വീണ്ടും രണ്ടരശതമാനമുയർന്ന് 315ലെത്തുമ്പോൾ വീണ്ടും 50 ഓഹരി വാങ്ങുന്നു. നഷ്ടപരിധി രണ്ടരശതമാനമായതുകൊണ്ട്, 315നു വാങ്ങിയ 50 ഓഹരികൾ 307.50ലേയ്ക്കിറങ്ങുകയാണെങ്കിൽ വിൽക്കണം. ഇങ്ങനെ വിൽക്കേണ്ടിവന്നാലുണ്ടായേയ്ക്കാവുന്ന നഷ്ടമെത്രയെന്നു നോക്കാം: 7.50 X 50 = 375 രൂപ. ഇറക്കം തുടരുന്നെന്നും വില 300ലേയ്ക്കിറങ്ങുന്നെന്നും കരുതുക. 307.50നു വാങ്ങിയിരുന്ന 50 ഓഹരികൾ നഷ്ടപരിധി രണ്ടരശതമാനമായതുകൊണ്ട് 300നു വിൽക്കണം; അപ്പോഴുണ്ടായേയ്ക്കാവുന്ന നഷ്ടം കണക്കാക്കാം: 7.50 X 50 = 375 രൂപ. രണ്ടു വാങ്ങലുകളും നഷ്ടത്തിൽ കലാശിച്ചാൽ ആകെ നഷ്ടം= 375 + 375 = 750 രൂപ. നഷ്ടപരിധി അഞ്ചു ശതമാനമായി നിശ്ചയിച്ചുകൊണ്ടു നടത്തിയ ഒറ്റ വാങ്ങലിൽ നിന്നുള്ള നഷ്ടം 1500 രൂപയാണെങ്കിൽ, നഷ്ടപരിധി രണ്ടരശതമാനമായി നിശ്ചയിച്ചുകൊണ്ട് ഇരട്ട വാങ്ങലുകൾ നടത്തിയപ്പോൾ നഷ്ടം 750 രൂപയായിക്കുറഞ്ഞു.

രണ്ടരശതമാനത്തിന്റെ രണ്ടു വാങ്ങലുകളാണു മുകളിലെ ഉദാഹരണത്തിൽ വിവരിച്ചിട്ടുള്ളത്. രണ്ടര ശതമാനം ഇടവിട്ടുള്ള, 307.50, 315, 322.50, 330 എന്നീ വിലകളിലുള്ള നാലു വാങ്ങലുകളാണെന്നിരിയ്ക്കട്ടെ. അപ്പോൾ ഓരോ വാങ്ങലിലുമുള്ള എണ്ണം 25 ആയി കുറയുന്നു. ഒരു വാങ്ങലിൽ നിന്നുണ്ടാകാവുന്ന പരമാവധി നഷ്ടം 7.50 X 25 = 187.50 രൂപ. നാലു വാങ്ങലുകളും നഷ്ടത്തിലവസാനിച്ചാൽ ആകെ നഷ്ടം 750 രൂപ. ഈ രീതിയ്ക്കു ഗുണവും ദോഷവുമുണ്ട്. രണ്ടര ശതമാനം വിലചലനമുണ്ടാകുമ്പോഴേയ്ക്ക് ഒരു വാങ്ങലോ ഒരു വില്പനയോ നടക്കുമെന്നതാണ് ഒരു ദോഷം. നഷ്ടപരിധി അഞ്ചു ശതമാനമായിരുന്നപ്പോൾ ഒരിടപാടിലെ നഷ്ടസാദ്ധ്യത 1500 രൂപയായിരുന്നു. രണ്ടര ശതമാനമിടവിട്ടുള്ള രണ്ടു വാങ്ങലുകളിൽ ഒരിടപാടിലെ നഷ്ടസാദ്ധ്യത 375 രൂപയായി കുറഞ്ഞു. നഷ്ടപരിധി രണ്ടരശതമാനത്തിൽ നിലനിർത്തിക്കൊണ്ട്, വാങ്ങലുകളുടെ എണ്ണം നാലാക്കിയുയർത്തിയപ്പോൾ ഒരിടപാടിലെ നഷ്ടം 187.50 രൂപയായിക്കുറഞ്ഞു. പൊസിഷനുകളുടെ എണ്ണം വർദ്ധിയ്ക്കുമ്പോൾ ഓരോ ഇടപാടിലേയും പരമാവധി നഷ്ടസാദ്ധ്യത കുറയുന്നതാണ് ഈ കച്ചവടരീതിയുടെ പ്രധാനഗുണം. താരതമ്യേന താഴ്ന്ന നഷ്ടസാദ്ധ്യതയുള്ള, ഒന്നിലേറെ പൊസിഷനുകൾ സൃഷ്ടിയ്ക്കുന്ന ഈ കച്ചവടരീതി ഒറ്റപ്പൊസിഷൻ മാത്രം സൃഷ്ടിയ്ക്കുന്ന കച്ചവടരീതിയേക്കാൾ ചിലപ്പോഴൊക്കെ കൂടുതൽ ലാഭദായകമായെന്നും വരാം.

ഒന്നിലേറെ പൊസിഷനുകൾ സൃഷ്ടിയ്ക്കപ്പെടുന്ന ഇത്തരം കച്ചവടരീതിയിൽ വാങ്ങലും വിൽക്കലും നടത്തേണ്ട വിവിധ തലങ്ങൾ കാണിയ്ക്കുന്ന ഗ്രാഫ് എക്സലോ കാൽക്കോ ഉപയോഗിച്ചുണ്ടാക്കണം. കമ്പ്യൂട്ടർ ലഭ്യമല്ലാത്തപ്പോൾ വരയിട്ട കടലാസ്സിലുണ്ടാക്കിയ ഗ്രാഫും ധാരാളം. ആ ഗ്രാഫനുസരിച്ചുവേണം വാങ്ങലും വിൽക്കലും നടത്തേണ്ടത്. ഗ്രാഫിലൂടെ വില പടിപടിയായി താഴ്ന്നുകൊണ്ടിരിയ്ക്കുമ്പോൾ വാങ്ങലിനുള്ള സ്റ്റോപ്പ് ലോസ്സ് ഓർഡറുകളും അതിനനുസരിച്ചു താഴ്ത്തിക്കൊണ്ടിരിയ്ക്കണം. വാങ്ങാനുള്ള സ്റ്റോപ്പ് ലോസ്സ് ഓർഡറുകൾ ഇത്തരത്തിൽ പടിപടിയായി താഴ്ത്തിക്കൊണ്ടിരിയ്ക്കുമ്പോൾ, വില കുറയുന്നതിനനുസരിച്ചു കൂടുതൽ എണ്ണം വാങ്ങാനാകുമ്പോഴൊക്കെ കൂടുതൽ എണ്ണം വാങ്ങുകയും വേണം. ഒടുവിൽ വാങ്ങലുകൾ നടക്കുമ്പോൾ, മുമ്പു വാങ്ങാനായിരുന്നതിലുമേറെ എണ്ണം വാങ്ങാൻ ഇതു സഹായിയ്ക്കും. നിശ്ചയിച്ച ലോംഗ് പൊസിഷനുകൾ മുഴുവനും സൃഷ്ടിയ്ക്കപ്പെട്ടു കഴിഞ്ഞതിനു ശേഷം വില ഗ്രാഫിലൂടെ പടിപടിയായുയരുമ്പോൾ, അതിനനുസരിച്ച്, വില്പനയ്ക്കുള്ള സ്റ്റോപ്പ് ലോസ്സ് ഓർഡറുകൾ ഉയർത്തിക്കൊടുക്കുകയും വേണം. ഇത് ലാഭവർദ്ധനയുറപ്പാക്കും. രണ്ടര ശതമാനമെന്ന് ഒരുദാഹരണമായിപ്പറഞ്ഞെന്നേയുള്ളു. അതു രണ്ടു ശതമാനമാകാം, മൂന്നു ശതമാനമാകാം, അഞ്ചാകാം. നഷ്ടപരിധിയുടെ വലിപ്പമനുസരിച്ച് ഇടപാടുകളുടെ എണ്ണത്തിലും ലാഭസാദ്ധ്യതയിലും വ്യത്യാസമുണ്ടാകും. ഇവിടെയൊരു കാര്യം ശ്രദ്ധിയ്ക്കാനുള്ളത്, ഒരേ തത്വം തന്നെ വിശാലാടിസ്ഥാനത്തിൽ പിന്തുടരുന്ന, ഇത്തരത്തിലുള്ള, ഒന്നിലേറെ കച്ചവടരീതികളുണ്ടെങ്കിലും, ഒരു രീതിയിൽ നിന്നു മറ്റൊന്നിലേയ്ക്കുള്ള, ഇടയ്ക്കിടെയുള്ള ചാഞ്ചാട്ടം ഒഴിവാക്കുക തന്നെ വേണം.

ഒരോഹരി 100ൽ നിന്ന് 105ലേയ്ക്കു കയറിയെന്നിരിയ്ക്കട്ടെ. രണ്ടു നിലപാടുകളാണ് ഓഹരിക്കമ്പോളത്തിലെ ഇടപാടുകാർ സ്വീകരിച്ചുകാണാറ്:

(1) കയറ്റം തുടരും.

(2) കയറ്റം നിലയ്ക്കും, ഇറക്കം തുടങ്ങും.

ചില സമയങ്ങളിൽ ഒന്നാമത്തെ കൂട്ടരുടെ നിലപാടായിരിയ്ക്കും ശരിയായിത്തീരുന്നത്. മറ്റു ചിലപ്പോൾ രണ്ടാമത്തെ കൂട്ടരുടേയും. മറ്റൊരോഹരി 200ൽ നിന്ന് 190ലേയ്ക്കിറങ്ങിയെന്നു കരുതുക. ഇവിടേയും രണ്ടു സമീപനങ്ങളുണ്ടാകും:

(1) ഇറക്കം തുടരും.

(2) ഇറക്കം നിലയ്ക്കും, കയറ്റം തുടങ്ങും.

ഇവിടേയും ചിലപ്പോളൊക്കെ ഒന്നാമതു പറഞ്ഞ സമീപനം ശരിയായിത്തീരും, മറ്റു ചിലപ്പോൾ രണ്ടാമത്തെ സമീപനവും. മറ്റൊരു വിധത്തിൽപ്പറഞ്ഞാൽ, അതുവരെയുണ്ടായ ചലനം കൂടുതൽ ശക്തിപ്രാപിയ്ക്കുമെന്ന, പ്രസാദാത്മകമായ സമീപനമാണ് ഒന്നാമത്തേത്. അതുവരെയുണ്ടായ ചലനത്തിന്റെ ശക്തി ക്ഷയിയ്ക്കുമെന്നും, തിരികെപ്പോക്കു തുടങ്ങുമെന്നുമുള്ള, നിഷേധാത്മകമായ സമീപനമാണു രണ്ടാമത്തേത്. വൻ തോതിലുള്ള കയറ്റവും ഇറക്കവുമുണ്ടാകുമ്പോൾ അവയിൽ നിന്നുള്ള പരമാവധി ഗുണമനുഭവിയ്ക്കാൻ അനുയോജ്യം ഒന്നാമതു പറഞ്ഞ സമീപനമാണ്. അതു തന്നെയാണ് ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടസമ്പ്രദായത്തിന്റെ അടിസ്ഥാനവും.

ഉപദേശങ്ങളെപ്പറ്റി: ഏറ്റവുമധികം ഉപദേശങ്ങൾ സൌജന്യമായി ലഭിയ്ക്കുന്നയിടമാണു ഓഹരിക്കമ്പോളം. (ഈ ലേഖനവും അക്കൂട്ടത്തിൽപ്പെട്ടതു തന്നെ!) ഓഹരിക്കമ്പോളവുമായി ബന്ധപ്പെട്ട ചാനലുകളിലും പത്രങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള ഉപദേശങ്ങൾ ധാരാളം. പൊളിഞ്ഞുപോയ കുറേ കമ്പനികളുടെ ഒരു ലിസ്റ്റു വർഷങ്ങൾക്കു മുമ്പ് ഇക്കണോമിക്ക് ടൈംസിൽ വന്നിരുന്നു. അമേരിക്കയിലെ ഡോട്ട്കോം കമ്പനികൾ എന്നറിയപ്പെട്ടിരുന്ന, ഓഹരിവിലയിൽ 98 ശതമാനം വരെ ഇടിവു സംഭവിച്ച കമ്പനികളായിരുന്നു ലിസ്റ്റിൽ. അവയുടെ തകർച്ച തുടങ്ങുന്നതിനു മുമ്പ്, അവയുടെ ഓഹരികൾ വാങ്ങാൻ പൊതുജനത്തെ ഉപദേശിച്ചിരുന്ന പ്രശസ്ത ഇൻ‌വെസ്റ്റ്മെന്റ് ബാങ്കുകളുടെ പേരുകളും ഉപദേശങ്ങളുടെ ഗതി വെളിപ്പെടുത്താൻ വേണ്ടി ആ ലിസ്റ്റിൽ കൊടുത്തിരുന്നു. ലോകത്തിലെ ഒന്നാംകിട ഇൻ‌വെസ്റ്റ്മെന്റ് ബാങ്കുകളായിരുന്ന മോർഗൻ സ്റ്റാൻലി, മെറിൽ ലിഞ്ച്, ഗോൾഡ്മാൻ സാക്ക്സ് എന്നിവരെല്ലാം വാങ്ങാനുപദേശിച്ചിരുന്ന ഓഹരികളാണ്, അധികം താമസിയാതെ 98 ശതമാനം വരെ തകർന്നത്. അവയിലൊട്ടേറെ കമ്പനികളില്ലാതായി. ഇതൊക്കെയാണെങ്കിലും ഈ “ഉപദേശികൾ” ഒട്ടും കൂസാതെ തങ്ങളുടെ ഉപദേശം തുടർന്നു. 2008ൽ മെറിൽ ലിഞ്ചിനും ലീമെൻ ബ്രദേഴ്സിനും സംഭവിച്ചതെന്തെന്നു ഈ ലേഖനത്തിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ സർക്കാരും ജപ്പാനിലെ മിത്‌സുബിഷിയും കനിഞ്ഞതു കൊണ്ടു മോർഗൻ സ്റ്റാൻലിയും, അമേരിക്കൻ സർക്കാരും വാറൻ ബഫറ്റും കനിഞ്ഞതുകൊണ്ടു ഗോൾഡ്മാൻ സാക്ക്സും രക്ഷപ്പെട്ടു. വൻ‌കിട ഉപദേശികളുടെ സ്ഥിതിപോലും ഇങ്ങനെയായിരിയ്ക്കെ, അവരുടെ ഉപദേശമനുസരിയ്ക്കുന്നവരുടെ ഗതിയെന്താകും!

ഓഹരിക്കമ്പോളത്തിൽ വാർത്തകളും കിംവദന്തികളും വന്നുകൊണ്ടേയിരിയ്ക്കും. അവയൊന്നും ശ്രദ്ധിയ്ക്കരുത്. ഏറ്റവുമധികം പണം മുടക്കിയിരിയ്ക്കുന്നവർക്കു വാർത്തകൾ വളരെ നേരത്തേ തന്നെ കിട്ടിയിരിയ്ക്കും. വാർത്തകൾ കിട്ടിയ ഉടനെ ചെയ്യാനുള്ളതൊക്കെ അവർ ചെയ്തുകഴിഞ്ഞ ശേഷമുള്ള വിലകളാണു കമ്പ്യൂട്ടർ ടെർമിനലിൽ നാം കാണുന്നത്. കമ്പ്യൂട്ടർ ടെർമിനലിൽ കാണുന്ന വിലകളെ മാത്രമേ നാം കണക്കിലെടുക്കേണ്ടതുള്ളു. വിലചലനത്തെ വേണ്ടുംവണ്ണം കണക്കിലെടുക്കുന്ന കച്ചവടസമ്പ്രദായമാണ് ഈ ലേഖനത്തിൽ വിവരിച്ചിട്ടുള്ളത്. അതുകൊണ്ട് വാർത്തകളും കിംവദന്തികളും കേട്ടു പരിഭ്രാന്തരാകേണ്ടതില്ല. വിലകൾ സദാ ശ്രദ്ധിയ്ക്കുക.

ഒരു മുന്നറിയിപ്പ്: ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിയ്ക്കുന്നത് ഓഹരിക്കച്ചവടത്തിൽ നഷ്ടമുണ്ടാകാതെ, ലാഭം മാത്രമുണ്ടാക്കുന്നൊരു വിദ്യയാണെന്ന യാതൊരവകാശവാദവും ഈ ലേഖകനുന്നയിയ്ക്കുന്നില്ല. ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന ഓഹരിക്കച്ചവടരീതിയനുസരിച്ചാൽ ഭാവിയിൽ ഗുണമുണ്ടാകുമെന്ന യാതൊരുറപ്പും ഈ ലേഖകൻ നൽകുന്നില്ല. ഓഹരി വാങ്ങിയാൽ, എന്തുകൊണ്ടു വാങ്ങിയെന്നും, വിറ്റാൽ, എന്തുകൊണ്ടു വിറ്റെന്നും സ്ഥിരതയുള്ളൊരു നയത്തിന്റെ പിൻബലത്തോടെ വിശദീകരിയ്ക്കാൻ സഹായിയ്ക്കുന്നൊരു കച്ചവടരീതി മാത്രമാണിത്. ഈ രീതി പിന്തുടർന്നാലുണ്ടാകാൻ പോകുന്നതു ഗുണമാകാം, ദോഷവുമാകാം. രണ്ടായാലും, അവ രണ്ടിനുമുള്ള പൂർണ്ണ ഉത്തരവാദിത്വം അവരവർക്കു തന്നെ.

ആകാശമുല്ല.

ശ്രീകൃഷ്ണദാസ് മാത്തൂര്‍.
മതിലു കയറിപ്പോയ മറുഭാഗം 
വലിച്ചെടുക്കാനാകാതെ നമ്മുടെ 
പകുതിഭാഗം വീടിരിക്കുന്നിടത്തുണ്ട്.
മറുപകുതിയില്‍ ഓര്‍മ്മയുടെ വച്ചാരാധന
വിളക്കു കെടുത്തി തെരുവിലിറങ്ങുന്നുണ്ട്.

ഇന്നല്ലെങ്കില്‍ നാളെ വരാനിരിക്കും 
കുലുക്കപ്പിറ്റേന്നിന്റെ മണ്കൂനയ്ക്കുള്ളില്‍ 
തന്നെയും ഗൌനിക്കെന്നൊരു നിലവിളി 
ഇപ്പോഴേ നെഞ്ചില്‍ കൊക്കുരുമ്മുന്നുണ്ട്.

വിക്ഷേപണങ്ങള്‍ തീ കൊളുത്തും 
ആകാശത്തിലേക്കെത്തി നോക്കി 
തനിക്കൊരാകാശം പോലുമിനി 
സ്വന്തമായില്ലല്ലോ എന്ന് 
ആകാശം ചുവന്നു തുടുക്കവേ,

വീടുകള്‍ക്കിടയില്‍ തനിക്കില്ലാത്തോ-
രിടുക്കിടനാഴിയിലൂടെ നുഴഞ്ഞ്
അലോപ്പതി ക്യാപ്സ്യൂളുമായ്
ആകാശമുല്ല പിടിച്ചു കയറി വരുന്നു-
ണ്ടാകാശമേ, സ്വല്പം വാ തുറന്നീടുക...!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...