15 Jan 2015

malayalasameeksha jan 15-feb 15/2015


ഉള്ളടക്കം

ലേഖനം



കശ്രാണ്ടി കളയാൻ
സി.രാധാകൃഷ്ണൻ

ജ്ഞാനമാർഗ്ഗത്തിൽ
എം.തോമസ്‌ മാത്യു

ദത്തെടുത്ത കുട്ടികൾ
പി.ആർ.നാഥൻ

ചൈനയിലെ എൻ‌ട്രൻസ് കോച്ചിംഗ് ഫാക്ടറി
സുനിൽ എം എസ്

അശ്രദ്ധയുടെ ദുരന്തഫലം
ജോൺ മുഴുത്തേറ്റ്‌

മലയാളി കൊളോണിയൽ മയക്കത്തിൽ
സലോമി ജോൺ വൽസൻ 

ശരീരത്തെ സമരായുധമാക്കി ഒരു ജീവിതം
ഫൈസൽ ബാവ
ചലച്ചിത്ര നിരൂപകന്റെ ഇടം
എം.കെ.ഹരികുമാർ 


കൃഷി

നമുക്കു പ്രയത്നിക്കാം നാളികേര മേഖലയുടെ സുരക്ഷിത ഭാവിയ്ക്കായ്‌
ടി.കെ.ജോസ് ഐ എ എസ്
കേരളത്തെ നമുക്ക്‌ വീണ്ടും കേര കേദാര ഭൂമിയാക്കാം
ഡോ.ഡി.ബാബു പോൾ ഐ.എ.എസ്‌
നീരയും ഇന്ത്യൻ കാർഷിക സമ്പട്‌ ഘടനയുടെ ഭാവിയും
ജമീല പ്രകാശം എംഎൽഎ

നീരയിലൂടെ തെളിയുന്ന നാളികേര മേഖലയുടെ ഭാവി
ആർ. ജ്ഞാനദേവൻ
 നാളികേര ഉത്പാദക കമ്പനികളുടെ ഭാവി സാധ്യതകൾ
സുമോദ്‌ നമ്പൂതിരി

നാളികേര മേഖലയും കാർബൺ ക്രെഡിറ്റും ഭാവിയിൽ
മനു പ്രേം

ആഗോളീകരണ കാലത്തെ നാളികേര മേഖല
എം. എ സെബാസ്റ്റ്യൻ

വെളിച്ചെണ്ണ മികച്ച പാചകയെണ്ണ
ഡോ. വർഷ


കവിത
അവസരങ്ങൾ
ഡോ.ചെറിയാൻ കുനിയന്തോടത്ത്‌ 

നിർവൃതി
പ്രൊഫ.ജോൺ ആമ്പല്ലൂർ

വർണ്ണങ്ങൾ അടയാള മാകുമ്പോൾ
രാജു കാഞ്ഞിരങ്ങാട്

ആർക്കറിയാം ?
മുയ്യം രാജൻ

ശബ്ദിക്കുന്ന ശില
കാവിൽ രാജ്‌

ഭ്രാന്താ...
ശ്രീകൃഷ്ണദാസ് മാത്തൂര്‍
ആത്മസമരങ്ങൾ, No One Needs Our Love
സലോമി ജോൺ വൽസൻ

ചുംബനവർഷം
രാധാമണി പരമേശ്വരൻ

ശരണാലയത്തില്‍ ഒരമ്മ
അഞ്ജലി മധു 

വാല്മീകി
ഡോ കെ ജി ബാലകൃഷ്ണൻ

രണ്ടു കവിതകൾ
അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 

മെറ്റമോര്‍ഫോസിസ്
ഷീബ ഷിജു

മൗനമോഹങ്ങൾ
ലിഷ സണ്ണി 


കഥ
വെറും ശരീരം
സണ്ണി തായങ്കരി

മൂന്നു കഥകൾ
ദിപുശശി തത്തപ്പിള്ളി

നമുക്കു പ്രയത്നിക്കാം നാളികേര മേഖലയുടെ സുരക്ഷിത ഭാവിയ്ക്കായ്‌


ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്


കേരളത്തിലെ ദീർഘകാല കാർഷിക വിളകളെപ്പറ്റി സാധാരണക്കാരായ കർഷകർ എപ്പോഴും ചോദിക്കുന്ന  ചോദ്യമാണ്‌ എന്താണ്‌ ഈ കൃഷിയുടെ ഭാവി എന്ന്‌. സാധാരണ വാർഷിക വിളകളെ അപേക്ഷിച്ച്‌ ദീർഘകാല വിളയുടെ വിലയേക്കുറിച്ചും ആവശ്യകതയേക്കുറിച്ചും നിരവധി ആശങ്കകൾ കർഷകർക്കുണ്ട്‌. പ്രത്യേകിച്ച്‌ ലോകവ്യാപാര കരാറിലും ആസിയൻ രാജ്യങ്ങളുമായിട്ടുള്ള വ്യാപാര കരാറിലും പങ്കെടുക്കുന്ന ഇന്ത്യയിൽ കാർഷിക വിളകളുടെ വില ഇവിടത്തെ ഉൽപ്പാദനത്തേയോ ഡിമാന്റിനെയോ മാത്രം ആശ്രയിച്ചല്ല നിശ്ചയിക്കപ്പെടുന്നത്‌. ആഗോള വൽക്കരണത്തിന്റെ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇറക്കുമതി ചുങ്കവും കേവലം ചരിത്രമായി മാറി. കുറഞ്ഞ ചുങ്കത്തിൽ മിക്കവാറും എല്ലാം ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യത്ത്‌ ഉയർന്ന വില, ഒരു വിളയ്ക്കും ഒരു കൃഷിക്കും നിലനിർത്തുക എന്നത്‌ സ്വാഭാവികമായും ബുദ്ധിമുട്ടാണ്‌. കേരളത്തിൽ കൃഷി ചെയ്യുന്ന നാളികേരം, റബർ, തേയില, കാപ്പി, ഏലം, കശുമാവ്‌, കൊക്കോ, തുടങ്ങിയ ദീർഘകാല വിളകളിലെല്ലാം കർഷകരുടെ മനസ്സിനെ ആശങ്കപ്പെടുത്തുന്ന ചോദ്യമിതാണ്‌. എന്താണ്‌ ഞാൻ കൃഷി ചെയ്യുന്ന വിളയുടെ ഭാവി? റബറിലുണ്ടായ വലിയ വിലയിടിവ്‌ ഈ മേഖലയിലെ കർഷകരെ വലിയ സാമ്പത്തിക ദുരിതത്തിലേക്കു തള്ളിയിടുകയുണ്ടായി. നാളികേരത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഒരുവർഷം ഭേദപ്പെട്ട വിലയുണ്ടായാൽ അടുത്ത രണ്ടു വർഷക്കാലം നാളികേരത്തിന്റേയും വില താഴ്‌ന്നു കിടക്കുന്ന അവസ്ഥയാണ്‌. ഇങ്ങനെ നോക്കുമ്പോൾ നാളികേര കൃഷിയുടെ ഭാവി എന്നത്‌ കേവലം ഒരു വിളയുടെ ഭാവി എന്നതിനേക്കാൾ നാളികേര കർഷകരുടെ ഭാവി എന്നു കൂട്ടി വായിക്കേണ്ടതുണ്ട്‌. നാളികേര കർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിന്‌ നാളികേരം എന്ന വിളയ്ക്ക്‌ എന്തു ഭാവിയാണ്‌ വാഗ്ദാനം ചെയ്യാൻ കഴിയുന്നത്‌. എല്ലാ കർഷകരും ഉറ്റു നോക്കുന്ന പ്രധാനപ്പെട്ട കാര്യം, മുടക്കുന്ന മുതലിനേക്കാൾ മികച്ച വരുമാനം ആ വിളയിൽ നിന്നു ഉണ്ടാക്കാൻ  കഴിയുമോ എന്നുള്ളതാണ്‌. ആറേഴു വർഷം കാത്തിരുന്ന ഉൽപാദനം ആരംഭിക്കുന്ന ഒരു ദീർഘകാല വിളയിൽ പിന്നീട്‌ വിലയിടിവുണ്ടായാൽ ആ ചെയ്ത കൃഷി നശിപ്പിച്ചു കളഞ്ഞു വേറൊരു കൃഷിയിലേക്കു മാറാൻ കഴിയില്ല. ഇതു തന്നെയാണ്‌ ദീർഘകാല വിളകൾക്ക്‌ ന്യായവും ലാഭകരവും സ്ഥിരവുമായ വില കർഷകർക്ക്‌ ഉറപ്പുവരുത്താൻ കഴിയേണ്ടതിന്റെ ആവശ്യകത.
നാളികേരത്തിന്റെ ഭാവിയെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ചർച്ച ചെയ്യേണ്ടത്‌, നാളികേര കൃഷിയുടെ ഭാവി എന്നത്‌ കേരളത്തിലെ കർഷകരുടെമാത്രം പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയല്ല നിലനിൽക്കുന്നത്‌ എന്ന വസ്തുതയാണ്‌. അയൽസംസ്ഥാനങ്ങളിലേയും ഇന്ത്യയിലെ മൊത്തവുവുമുള്ള നാളികേര കൃഷിയുടെ ഭാവിയുമായി കേരളത്തിലെ നാളികേര കർഷകരുടെ ഭാവി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ നാളികേര കൃഷിയുടെ ഭാവിയാവട്ടെ ലോക നാളികേര കൃഷിയുമായ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവിൽ ലോകരാഷട്രങ്ങൾക്കിടയിൽ നാളികേര ഉൽപാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെങ്കിലും മുൻപ്‌ പല തവണ സൂചിപ്പിച്ചപോലെ നാളികേരത്തിന്റെ സംസ്ക്കരണത്തിലും മൂല്യ വർദ്ധനവിലും കയറ്റുമതി ഉൾപ്പെടെയുള്ള വ്യാപാര മേഖലയിലും നാം ഇപ്പോഴും വളരെ പിന്നിലാണ്‌. സ്വാഭാവികമായും ഈ മേഖലയിൽ കേരളത്തിലേയും ഇന്ത്യയിലേയും നാളികേരത്തിനും കേരകർഷകർക്കും വലിയ അവസരവും സാധ്യതകളും മുൻപിലുണ്ട്‌. അപ്പോൾ ഇന്ത്യയിലെ തന്നെ നാളികേര കൃഷിയുടെ ഭാവി സുരക്ഷിതമാക്കണമെങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? ഗവണ്‍മന്റുകൾക്ക്‌ എന്തു ചെയ്യാൻ കഴിയും?സംരംഭകർക്കും വ്യവസായ മേഖലയിലുള്ളവർക്കും എന്തു ചെയ്യാൻ കഴിയും? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം തേടിക്കൊണ്ടായിരിക്കണം നാം ചിന്തിക്കേണ്ടത്‌.


മെച്ചപ്പെട്ട സ്ഥിര വില ദീർഘകാലാടിസ്ഥാനത്തിൽ ഉറപ്പു വരുത്തുക, അതിനു വേണ്ട കാര്യങ്ങൾ ചെയ്യുക, എന്നിവയായിരിക്കണം നാളികേര കൃഷിയുടെ ഭാവി ഭദ്രമാക്കാൻ ചിന്തിക്കേണ്ട ആദ്യ കാര്യങ്ങൾ. ഇതിൽ നിരവധി മേഖലകളിലേക്ക്‌ കടന്നു പോകുന്ന ആധുനിക ഗവേഷണങ്ങൾ ആവശ്യമുണ്ട്‌. നാളികേര കൃഷിയുടെ രംഗത്ത്‌ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും, ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, പുതിയ നടീൽ വസ്തുക്കൾ വികസിപ്പിച്ചെടുക്കുന്നതിനും നിലവിലുള്ളതും ഉയർന്നു വരുന്നതുമായ നിരവധി രോഗങ്ങൾക്കും കീടങ്ങൾക്കുമെതിരെ ഫലപ്രദമായ പ്രതിവിധികൾ കണ്ടെത്തുന്നതിനും അത്‌ നിർമ്മിക്കുന്നതിനും ഗവേഷണം ഇന്നുള്ളതോതിൽ നിന്ന്‌ എത്രയോ വർദ്ധിക്കേണ്ടിയിരിക്കുന്നു. നിലവിൽ പലപ്പോഴും നാളികേരത്തിന്റെ മേഖലയിലെ ഗവേഷണങ്ങളും കൃഷിപോലെ ദീർഘ ദീർഘങ്ങളാണ്‌. കാറ്റു വീഴ്ച രോഗം കണ്ടെത്തിയിട്ട്‌ ഒരു നൂറ്റാണ്ട്‌ കഴിഞ്ഞു. കാറ്റു വീഴ്ച രോഗപ്രതിരോധ ഗവേഷണവും വജ്ര ജൂബിലി ആഘോഷിച്ചു കഴിഞ്ഞു. എന്നിട്ടും ഗുണപരമായ പ്രതിവിധി ഇതുവരെ കണ്ടെത്തിയിട്ടില്ല. ത്വരിതഗതിയിൽ ഗവേഷണം നടത്തി കർഷകരുടെ കാലാകാലങ്ങളിലുള്ള പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ കഴിയുന്ന ഗവേഷണ സംവിധാനം നമുക്ക്‌ വികസിപ്പിച്ചെടുക്കാൻ എങ്ങനെ കഴിയും എന്ന ചോദ്യത്തിലേക്കും നാം പോകേണ്ടതുണ്ട്‌. മൂല്യവർദ്ധനവിന്റെ മേഖലയിലും പുതിയ ഗവേഷണങ്ങളും പഠനങ്ങളും, നടക്കണം. നിലവിലുള്ള ഉൽപ്പന്നങ്ങൾക്ക്‌ പുതിയ പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനും ഗവേഷണം ആവശ്യമുണ്ട്‌. നൂതനവും നവീനവുമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഗവേഷണത്തിലൂടെയല്ലാതെ എങ്ങനെ കണ്ടെത്താനാവും?
നിലവിൽ ഇന്ത്യയുടെ ഉൽപാദനരംഗത്തുള്ള മേൽക്കോയ്മ നിലനിർത്തണമെങ്കിൽതന്നെ ഗവേഷണ മേഖലയിൽ ശക്തമായ ഇടപെടലുകൾ ആവശ്യമുണ്ട്‌. മുഖ്യ നാളികേര ഉൽപാദകസംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ശരാശരി ഉൽപാദന ക്ഷമതയുള്ള സംസ്ഥാനം തമിഴ്‌നാടാണ്‌. ഇന്ത്യയുടെ ശരാശരി ഉൽപ്പാദനം തമിഴ്‌നാടിന്റെ ശരാശരി ഉൽപാദനത്തിനു തുല്യമായി ഉയർത്തിക്കൊണ്ടുവന്നാൽ തീർച്ചയായും ഇന്ത്യയുടെ നാളികേര മേഖലയിൽ നിന്ന്‌ ലോകത്തിനു കൂടുതൽ സംഭാവന നൽകാൻ കഴിയും. അപ്പോൾ എപ്രകാരമാണ്‌ നിലവിലുള്ള പ്രദേശങ്ങളിലും പുതിയതായി കൃഷി ചെയ്യുന്ന പ്രദേശങ്ങളിലും മികച്ചതും ഉയർന്നതുമായ ഉൽപാദനക്ഷമത കൈവരിക്കാൻ കഴിയുക എന്നതിനേക്കുറിച്ചും നമുക്ക്‌ ഗൗരവമായി പഠിക്കേണ്ടതുണ്ട്‌.
താങ്ങു വില സംഭരണവും വില നിയന്ത്രണ സംവിധാനങ്ങളും സർക്കാർ തലത്തിൽ  മാത്രം പൂർണ്ണവിജയത്തിലേക്കെത്തിക്കാൻ കഴിയില്ല എന്നത്‌ കാലം തെളിയിച്ച വസ്തുതയാണ്‌. ഇവിടെയാണ്‌ നമ്മുടെ നാളികേര കർഷകരുടെ കൂട്ടായ്മകൾക്കെന്തു ചെയ്യാൻ കഴിയും, ആ കൂട്ടായ്മകൾ വഴി ഏറ്റെടുക്കേണ്ട മേഖലകൾ എന്തൊക്കെയാണ്‌ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും നാം ഗൗരവമായി പഠിക്കേണ്ടത്‌. കർഷക കൂട്ടായ്മകളുടെ പോലും മുൻപോട്ടുള്ള പ്രയാണത്തിൽ ഗവണ്‍മന്റുകളുടെ പങ്ക്‌ എപ്രകാരമായിരിക്കണം എന്നതും നാം ഗൗരവമായി ചിന്തിക്കണം. കാലഹരണപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾ വഴി എല്ലാം ചെയ്യാമെന്നുള്ള അഹന്തയും അജ്ഞതയും കൂട്ടുചേരുമ്പോൾ കർഷക കൂട്ടായ്മകളെ പടിക്കുപുറത്തു നിർത്തുന്നതാണ്‌ നയമെങ്കിൽ, കർഷകരുടെ പങ്കാളിത്തമില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങൾക്കു തനിയെ ഏതെങ്കിലുമൊരു വിളയിൽ അതിന്റെ ഭാവി നിർണ്ണയിക്കാമെന്നു ചിന്തിക്കുന്നവർ വിഢ്ഢികളുടെ സ്വർഗ്ഗത്തിൽതന്നെയാണ്‌. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും അതുതന്നെയാണല്ലോ.
അടുത്തത്‌ സംരംഭകത്വ മേഖലയാണ്‌. സംരംഭകത്വത്തിന്റെ മേഖലയിലും ഗവണ്‍മന്റുകൾ, വ്യാപാര വാണിജ്യ വ്യവസായ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അര നൂറ്റാണ്ടു പഴക്കമുള്ള നയങ്ങളിൽ നിന്ന്‌ 1990 കളിൽ തന്നെ വ്യതിചലിച്ചു തുടങ്ങിയതാണ്‌. എങ്ങനെയാണ്‌ കൂടുതൽ സ്വകാര്യ നിക്ഷേപകരെയും സ്വകാര്യ സംരംഭകരെയും നാളികേരത്തിന്റെ മേഖലയിലേയ്ക്ക്‌ ആകർഷിക്കാൻ കഴിയുക. ഇത്തരം നിരവധി മേഖലകളിൽ നമുക്ക്‌ ഇടപെടാൻ കഴിയും. പക്ഷേ ഇതിന്‌ സംസ്ഥാന - കേന്ദ്ര സർക്കാരുകളും കർഷകകൂട്ടായ്മകളും കൂടി ഏകമനസ്സോടെ പ്രവർത്തിക്കേണ്ടതുണ്ട്‌.
സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപം നാളികേര മേഖലയിലേയ്ക്കു വരാൻ വൈകുന്നു എങ്കിൽ നമ്മുടെ കർഷക കൂട്ടായ്മകൾക്ക്‌ എന്തുചെയ്യാൻ കഴിയുമെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ഭാഗ്യവശാൽ നാളികേര മേഖലയിലെങ്കിലും കർഷകരുടെ കൂട്ടായ്മകളായ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും അവരുടെ മേൽത്തട്ടിലുള്ള കമ്പനികൾക്കും ലോകത്തിൽ ഇന്ന്‌ ലഭിക്കുന്ന മിക്കവാറും ഏത്‌ സംസ്ക്കരിച്ച നാളികേര ഉൽപന്നവും നിർമ്മിക്കാനാവശ്യമായ കഴിവും കാര്യപ്രാപ്തിയും ഇന്ത്യയിലുണ്ട്‌. ഇന്ത്യയാകട്ടെ 126 കോടി ജനങ്ങളുടെ വലിയൊരു വിപണിയാണ്‌. ലോകത്തിന്റെ എല്ലാ ഭൂഖണ്ഡത്തിലും നാളികേരത്തിന്റെയും നാളികേരോൽപന്നങ്ങളുടെയും ഡിമാന്റ്‌ വർദ്ധിച്ചു വരികയും ചെയ്യുന്നുണ്ട്‌. അപ്പോൾ നാളികേരത്തിന്റെയും കർഷകരുടെയും ഭാവി സുരക്ഷിതമാക്കണമെങ്കിൽ ഗവണ്‍മന്റുകളെ മാത്രമോ, വരാൻ പോകുന്ന സ്വകാര്യ വ്യവസായികളെ മാത്രമോ പ്രതീക്ഷിച്ച്‌ വേഴാമ്പലിനെപ്പോലെ കാത്തിരുന്നിട്ടു കാര്യമില്ല. നമ്മുടെ കർഷക കൂട്ടായ്മകൾ ഈ രംഗത്തേക്ക്‌ അടിയന്തിരമായ കാൽവെയ്പുകൾ നടത്തേണ്ടതുണ്ട്‌. നാളികേരത്തിൽ നിന്നു വികസിപ്പിച്ചെടുക്കാവുന്ന എല്ലാ ഉൽപന്നങ്ങളുടെയും ആ ഉൽപന്നങ്ങളിൽ നിന്നു നേടാവുന്ന പരമാവധി മൂല്യ വർദ്ധനനവിന്റെയും അവ ഉപയോഗിച്ച്‌ നേടാവുന്ന വിപണിയുടെയും കാര്യത്തിൽ നമുക്ക്‌ കൂട്ടായി ചിന്തിക്കുവാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. വരും കാലങ്ങളിൽ നാളികേര വിലയെ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും വെളിച്ചെണ്ണയുടെ വിലയോ കൊപ്രായുടെ വിലയോ മാത്രമല്ലാത്ത ഒരു കാലഘട്ടത്തിലേക്ക്‌ നമുക്ക്‌ എത്തിച്ചേരണം. വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയ്ക്കപ്പുറത്ത്‌ നാളികേരത്തിൽ നിന്ന്‌ ഉണ്ടാക്കാൻ കഴിയുന്ന മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെയും അവയുടെ വിപണി വിലയെയും അടിസ്ഥാനപ്പെടുത്തി നാളികേരത്തിന്റെ വില നിശ്ചയിക്കുന്ന ഒരു ഘട്ടം വരണം. അവിടെയാണ്‌ കരിക്കും ഡേശിക്കേറ്റഡ്‌ കോക്കനട്ടും കോക്കനട്ട്‌ മിൽക്കും മിൽക്ക്‌ പൗഡറും വെർജിൻ കോക്കനട്ട്‌ ഓയിലും നീരയും, നീരയുൽപന്നങ്ങളും കോക്കോസീനും ഹസ്റ്റോറിയവും (പൊങ്ങ്‌) വെളിച്ചെണ്ണയിൽ നിന്നുള്ള ജൈവ ഇന്ധനവും അനുബന്ധ ഉപോൽപന്നങ്ങളായ ചകിരി, ചിരട്ട തുടങ്ങിയവയിൽ നിന്നും, തേങ്ങാവെള്ളത്തിൽ നിന്നുള്ള ഉൽപന്നങ്ങളും നിർമ്മിച്ച്‌, വിപണിയിലെത്തിച്ചു മാത്രമേ നമുക്ക്‌ ഈ രംഗത്ത്‌ മുമ്പോട്ട്‌ പോകാൻ കഴിയൂ.
ഇന്ത്യയിലെ മുന്തിരി കർഷകരുടെ കൂട്ടായ്മയായ 'ഗ്രേപ്‌ ഗ്രോവേഴ്സ്‌ അസോസിയേഷ'ന്റെ പ്രവർത്തനങ്ങൾ മാതൃകയാണ്‌. സർക്കാരിനെയും സർക്കാർ ഏജൻസികളെയും മാത്രം കാത്തിരിക്കാതെ അവരുടെ കൂട്ടായ്മകൾ മൂലധനം സമാഹരിച്ച്‌, ഗവണ്‍മന്റ്‌ മുമ്പ്‌ ചെയ്തിരുന്ന പല പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും അത്‌ കാലാനുസൃതമായും സമയ ബന്ധിതമായും പൂർത്തിയാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്‌ 'ഗ്രേപ്​‍്‌ ഗ്രോവേഴ്സ്‌ അസോസിയേഷൻ' ഇന്ത്യയിൽ ഇന്ന്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരെ അവർക്ക്‌ അവിടെ ലഭിക്കുമായിരുന്ന വേതനത്തിനേക്കാൾ അധിക വേതനം നൽകി അസോസിയേഷൻ നിയമിച്ച്‌ നിലനിർത്തുകയും അവർക്കാവശ്യമുള്ള ഗവേഷണങ്ങൾ അടിയന്തിരമായി നടത്തുകയും ചെയ്യുന്നു. നമ്മുടെ നാളികേര ഉത്പാദക കമ്പനികളുടെ കൂട്ടായ്മയായ കൺസോർഷ്യത്തിനും ഈ രീതിയിൽ ചിന്തിക്കാൻ കഴിയില്ലേ? അങ്ങനെ ചിന്തിച്ച്‌, പ്രവർത്തിച്ച്‌ തുടങ്ങേണ്ടേ?
എന്തെങ്കിലും ചെറിയ ഒരു രോഗം വരുമ്പോൾ സർക്കാരിന്റെ മുന്നിലേക്ക്‌ നിവേദനപത്രവുമായി പോകുന്നതിന്‌ അപ്പുറത്ത്‌ നമ്മുടെ തന്നെ ഗവേഷണ ശക്തി മെച്ചപ്പെടുത്തുകയും വിജ്ഞാനവ്യാപനം വേഗത്തിലാക്കുകയും ചെയ്യേണ്ട്‌ ആവശ്യമുണ്ട്. ഇന്ന്‌ ഈ മേഖലയിൽ ചെയ്യേണ്ട പല കാര്യങ്ങളും വളരെ സാവധാനത്തിലാണ്‌ നടക്കുന്നത്‌ എന്ന ഖേദകരമായ സത്യം നാം ഓർക്കുക. വിജ്ഞാനവ്യാപനം പോലും കൂടുതൽ വേഗത്തിലാക്കുന്നതിന്‌ കർഷക കൂട്ടായ്മകൾക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയും? ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഗൗരവമായി മറ്റുള്ളവരിൽ നിന്ന്‌ കേൾക്കുകയും ചിന്തിക്കുകയും അത്തരം അഭിപ്രായങ്ങൾ വായനക്കാരായ കേരകർഷകരുടെ മുമ്പിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ ലക്കം മാസിക നാളികേര കർഷകരുടെ സുരക്ഷിതമായ ഭാവിയെപ്പറ്റി ചിന്തിക്കുന്നത്‌. നാളികേര കർഷകരുടെ ഭാവി എന്നത്‌ നാളികേര കൃഷിയുടെ ഭാവിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മാന്യവും നീതിപൂർവ്വവും സ്ഥിരവുമായ വില ഉറപ്പുവരുത്തുന്ന ഒരു കാലഘട്ടത്തിലൂടെ മാത്രമേ കർഷകരുടെയും നാളികേരത്തിന്റെയും ഭാവി ഭദ്രമാക്കാൻ കഴിയൂ. പ്രത്യേകിച്ച്‌ ഒരു കാർഷിക - ഭക്ഷ്യ വിളയായും മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉപയോഗിക്കപ്പെടാൻ കഴിയുന്ന ഉൽപന്നങ്ങളുണ്ടാക്കാവുന്ന വാണിജ്യ വിളയായും തെങ്ങിനെ പരിഗണിക്കുമ്പോൾ തീർച്ചയായും നമുക്ക്‌ അതിന്റെ സുരക്ഷിതമായ ഭാവി മുമ്പിൽ കാണാൻ കഴിയും. പക്ഷേ, അവിടെ എത്തണമെങ്കിൽ കൂട്ടായ പ്രവർത്തനവും ഏകമനസ്സോടെ, സങ്കുചിതത്താൽപര്യങ്ങളും സ്വാർത്ഥതയും മാറ്റി വച്ചുകൊണ്ടുള്ള കർഷക കൂട്ടായ്മകളും ആവശ്യമുണ്ട്‌. അങ്ങിനെയായാൽ കേവലം സർക്കാർ ബഡ്ജറ്റിലെ പണം ചെലവഴിക്കലും, ലാപ്സാക്കലും കൊണ്ട്‌ കർഷകർക്കു ഗുണമുണ്ടായില്ലെങ്കിലും പ്രശ്നമുണ്ടാവില്ല. പണം ചെലവഴിക്കുന്നത്‌ ശരിയായ കാര്യങ്ങൾക്കാണെന്നും യഥാസമയത്ത്‌ ആണെന്നും അത്‌ കർഷക പങ്കാളിത്തത്തോടെ ആണെന്നും ഉറപ്പുവരുത്തുക എന്നുള്ളതിലാണ്‌ നമ്മുടെ ഭാവിയുടെ താക്കോൽ സ്ഥിതിചെയ്യുന്നത്‌. ഇക്കാര്യം കേരകർഷകർ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ശക്തി കർഷക കൂട്ടായ്മകൾ വഴി നേടാൻ ചിന്തിക്കുന്നതിനു പ്രേരിപ്പിക്കുക എന്നതാണ്‌ ഈ ലക്കത്തിന്റെ ലക്ഷ്യം.

ഭ്രാന്താ...

ശ്രീകൃഷ്ണദാസ് മാത്തൂര്‍


ഭ്രാന്താ, പച്ചവരെ കാക്കുവോനെ,
മുറിച്ചു കടക്കാനാളില്ലാത്ത ക്രോസ്സിങ്ങില്‍ .
താന്താ, വഴിമാറെനിക്കിഗ്നീഷ്യന്‍ തുടിക്കു,-
ന്നൊരു തുള്ളിയില്‍ മിനുങ്ങുന്നു ഭൂമി.
ആരെയുരുട്ടിയുണ്ടാക്കിയ ചാടിത്,
ഉരുട്ടിക്കൊലയുടെ ശംഖൊലി പിന്നില്‍.
ഇരട്ടച്ചങ്കുള്ളവരുടെ സംഘടിത ഹോണടി.
ഞാനും ചാടുന്നു സിഗ്നല്‍, നീതിയേ, നിയമമേ,
കണ്ണടച്ചേക്കൊന്നു്, പിടിച്ചേക്കല്ലേ....
**************

വെളിച്ചെണ്ണ മികച്ച പാചകയെണ്ണ


ഡോ. വർഷ
മിനി മാത്യു, പബ്ലിസിറ്റി ഓഫീസർ
നാളികേര വികസന ബോർഡ്‌, കൊച്ചി

ചെന്നൈ ആസ്ഥാനമായുള്ള ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസസിന്റെ സ്ഥാപക ചെയർപേഴ്സണും ദേശീയ അന്താരാഷ്ട്രതലത്തിൽ ക്ലിനിക്കൽ ന്യൂട്രീഷൻ മേഖലയിൽ പ്രശസ്തയുമായ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്‌ ഡോ. വർഷ, നാളികേര വികസന ബോർഡ്‌ സന്ദർശിയ്ക്കുകയും വിപണിയിൽ ഏറെ സാദ്ധ്യതയുള്ള മൂല്യ വർദ്ധിത ഉൽപന്നമായ വെളിച്ചെണ്ണയിൽ കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾ നടത്തേണ്ട ആവശ്യകത സംബന്ധിച്ച്‌ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐ. എ. എസ്സുമായും മറ്റ്‌ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയുണ്ടായി. പരമ്പരാഗതമായി വെളിച്ചെണ്ണ പാചകാവശ്യത്തിനായി ഉപയോഗിയ്ക്കുകയും നാളികേര ഉൽപന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ള ജനങ്ങൾക്കിടയിൽ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം എത്രത്തോളമെന്ന്‌ പഠനം നടത്തുന്നതിനും കാര്യ കാരണസഹിതം സാക്ഷ്യപ്പെടുത്തുന്നതിനുമായി ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്‌, വെസ്റ്റ്‌ ഇൻഡീസ്‌ തുടങ്ങിയ കേരോത്പാദക രാജ്യങ്ങളിലെ നാളികേര ബോർഡ്‌/ അതോറിറ്റി  ഏന്നീ സർക്കാർ  സ്ഥാപനങ്ങളുമായി ചേർന്ന്‌ പ്രവർത്തിയ്ക്കുന്നതിന്‌ ഡോ. വർഷ താൽപര്യം പ്രകടിപ്പിച്ചു. ന്യൂട്രീഷൻ രംഗത്ത്‌ ട്രേഡ്മാർക്കുള്ള രജിസ്റ്റേർഡ്‌ ഇൻസ്റ്റിറ്റിയൂട്ടായ ചെന്നൈ ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസ്‌ ക്ലിനിക്കൽ രംഗത്ത്‌ ഗവേഷണ നിരീക്ഷണങ്ങൾ നടത്തി അനുബന്ധ അറിവുകളും വിവരങ്ങളും വർക്ക്‌ ഷോപ്പുകളും സെമിനാറുകളും വഴി പ്രചരിപ്പിക്കുന്നതിനായി നിലകൊള്ളുന്നു.
അക്കാദമി ഓഫ്‌ ന്യൂട്രീഷൻ ആൻഡ്‌ ഡയറ്ററ്റിക്സ്‌ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ANDF (അമേരിക്കൻ ഡയറ്ററ്റിക്‌ അസ്സോസ്സിയേഷൻ ഫൗണ്ടേഷൻ എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നു.) വിംഫീമർ ഗുഗൻഹിം ഫണ്ട്‌ അവാർഡ്‌ (Wimpfheimer-Guggenheim Fund Award) 2004-ൽ ഡോ. വർഷ കരസ്ഥമാക്കിയിട്ടുണ്ട്‌.
ഡോ. വർഷയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ.
കേരളത്തിലെ വീട്ടമ്മമാർ പാചകാവശ്യത്തിന്‌ വെളിച്ചെണ്ണയാണ്‌ പ്രധാനമായും ഉപയോഗിയ്ക്കുന്നത്‌. എന്നാൽ ചിലർ ഒലിവ്‌ ഓയിൽ, റൈസ്‌ ബ്രാൻ ഓയിൽ തുടങ്ങിയ പാചക എണ്ണകൾ ഉപയോഗിയ്ക്കുന്നതിലേയ്ക്ക്‌ തിരിയുന്നതായി കാണുന്നു. ഇതിനെക്കുറിച്ച്‌ എന്താണഭിപ്രായം.?
ഭക്ഷ്യയെണ്ണകളെ 'നിത്യേന' (routine oils) ഉപയോഗിയ്ക്കുന്ന എണ്ണകൾ  'പ്രത്യേകമായി' ഉപയോഗിക്കുന്ന എണ്ണകൾ (speciality oils) എന്നിവയായി തരംതിരിയ്ക്കാം. ഈ പാചക എണ്ണകൾ ശരീരാരോഗ്യം നിലനിർത്തുന്നതിന്‌ നിദാനമാവണം. സസ്യ എണ്ണകൾ ശരീരത്തിനാവശ്യമായ കൊഴുപ്പിന്റെ പ്രാഥമിക ഉറവിടമാണ്‌. പാചക എണ്ണകളെ ഈ പ്രാഥമിക ഉറവിടത്തിന്റെ രണ്ടാംഘട്ടമായി കാണാം. ലോകമെമ്പാടും പാചക എണ്ണകളുടെ ഉപയോഗരീതി പ്രാദേശികമായി തരം തിരിയ്ക്കാം.
നിത്യേനയുപയോഗിയ്ക്കുന്ന എണ്ണകൾ പ്രാദേശികമായി വ്യത്യസ്തമാണ്‌. വടക്കേ ഇന്ത്യയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കടലയെണ്ണയാണ്‌ പ്രചാരത്തിലുള്ളത്‌. കിഴക്കൻ സംസ്ഥാനങ്ങളിൽ കടുകെണ്ണയും കേരളമുൾപ്പെട്ട പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ വെളിച്ചെണ്ണ പ്രധാന പാചകയെണ്ണയാണ്‌. തമിഴ്‌നാട്‌ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നല്ലെണ്ണ ഭക്ഷ്യയെണ്ണയായി ഉപയോഗിയ്ക്കുന്നു.
മേൽപ്പറഞ്ഞ 'നിത്യേന' (routine)ഉപയോഗിക്കുന്ന എണ്ണകൾക്ക്‌ പകരമായി മറ്റു ചില എണ്ണകൾ പ്രത്യേകമായി പാചകാവശ്യത്തിന്‌ ഉപയോഗപ്പെടുത്തുന്നു.
കോൺ ഓയിൽ ഇതിനൊരുദാഹരണമാണ്‌. അമേരിക്കയിൽ 'കോൺ ഓയിൽ' ധാരാളമായി ഉത്പാദിപ്പിച്ചു വരുന്നു. പാചകഎണ്ണയായും സാലഡുകളിലും, മാർഗരൈൻ മയോണൈസ്‌, സോസുകൾ, ബേക്കിംങ്ങ്‌ മിശ്രിതം, ഉരുളക്കിഴങ്ങ,​‍്‌ ചിപ്സ്‌ എന്നിവ വറുത്തെടുക്കുന്നതിനും ഉപയോഗിയ്ക്കുന്നു. ഗ്രേപ്‌ സീഡ്‌ ഓയിൽ പാചകാവശ്യത്തിനും സൗന്ദര്യ സംവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. ഹേസൻ നട്ട്‌ ഓയിൽ, ലിൻ സീഡ്‌ ഓയിൽ, ഫ്ലാക്സ്‌ സീഡ്‌ ഓയിൽ, റൈസ്‌ ബ്രാൻ ഓയിൽ നിറവും മണവുമില്ലാത്ത സാഫ്ലവർ ഓയിൽ എന്നിവയാണ്‌ മറ്റ്‌ ചില പ്രത്യേക (speciality oils) എണ്ണകൾ. സിസേം ഓയിൽ ഭക്ഷ്യയെണ്ണയായും മസാജ്‌ ഓയിലായും ഉപയോഗിക്കുന്നു. ഭാരതത്തിലെ ഉഷ്ണ മേഖലാ കാലാവസ്ഥയിൽ ഒലിവെണ്ണയുടെ ഉപയോഗം തീർത്തും അനുയോജ്യമല്ല. ഇത്‌ മെഡിറ്ററേനിയൻ രാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക്‌ അനുയോജ്യമായ എണ്ണയാണ്‌. ഒലിവ്‌ ഓയിൽ ഇന്ത്യയിൽ വ്യാപകമാക്കുന്നതിനെതിരെ ആരും തന്നെ പഠനം നടത്തുകയോ പ്രതികരിക്കുകയോ ചെയ്തത്തായി കാണുന്നില്ല. ഒലിവ്‌ ഓയിലിന്റെ പോഷകഘടന വെളിച്ചെണ്ണയുടേതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്‌. ഞാൻ ഒരിയ്ക്കലും പാചകയെണ്ണയായി നമ്മുടെ നാട്ടിൽ 'ഒലിവെണ്ണ' ശുപാർശ ചെയ്യുകയില്ല. ഇത്‌ സംബന്ധിച്ച്‌ ജനങ്ങളിൽ അവബോധമുളവാക്കേണ്ടതുണ്ട്‌. ഇതോടൊപ്പം ബഹുഅപൂരിത കൊഴുപ്പുകൾ (പോളി അൺസാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡുകളായ) സോയാബീൻ ഓയിൽ, സൺ ഫ്ലവർ ഓയിൽ എന്നിവയുടെ ഉപയോഗവും നിരുത്സാഹപ്പെടുത്തുകയാണ്‌ വേണ്ടത്‌. ചില എണ്ണകൾ മിക്സ്‌ ചെയ്ത്‌ പാചക എണ്ണകളുടെ രൂപത്തിൽ വിപണിയിലിറക്കുന്നതിനെയും നിരുത്സാഹപ്പെടുത്തണം. ഇതിൽ വീട്ടമ്മമാർ പ്രത്യേകം ശ്രദ്ധാലുക്കളാവണം. ഞാൻ ശക്തമായി ശുപാർശ ചെയ്യുന്ന എണ്ണയാണ്‌ വെളിച്ചെണ്ണ.
എന്തുകൊണ്ട്‌ 'പ്രത്യേക' (speciality) തരം എണ്ണകൾ ഉപയോഗിയ്ക്കണം?
വെളിച്ചെണ്ണ ശരീരത്തിനാവശ്യമായ ആരോഗ്യം നിലനിർത്തുന്നതിൽ പ്രമുഖ സ്ഥാനം വഹിയ്ക്കുന്ന സുരക്ഷിത (Safest) എണ്ണയായി പുനർനിർണ്ണയിക്കപ്പെടണം. പൂരിത കൊഴുപ്പമ്ലങ്ങളുടെയും ലോറിക്‌ ആസിഡ്‌, മദ്ധ്യശൃംഖല ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ സംയുക്ത മിശ്രിതമാണിത്‌. ഇത്‌ അനുയോജ്യമായ കൊളസ്ട്രോൾ ഘടന നിലനിർത്തുന്നതോടൊപ്പം മറ്റ്‌ ദീർഘ ശൃംഖല പൂരിത കൊഴുപ്പമ്ലങ്ങളുണ്ടാക്കുന്ന വിധത്തിൽ ഹൃദ്രോഗമുണ്ടാക്കുന്നതിന്‌ കാരണമാകുന്നില്ല. ആയതിനാൽ പാചകാവശ്യത്തിന്‌ ഏറ്റവും അനുയോജ്യവും സുരക്ഷിത (Safest) വുമാണ്‌. ഏറെ നേരം ചൂടാക്കിയാലും വറക്കാനും പൊരിയ്ക്കാനും ഉപയോഗിച്ചാലും  വിഷരഹിതമായ ഉപോൽപന്നങ്ങളാണുണ്ടാകുന്നത്‌ (ട്രാൻസ്ഫാറ്റുകളും മറ്റും). വറുക്കാനും മറ്റും ഉപയോഗിച്ച്‌ ബാക്കിയുള്ള വെളിച്ചെണ്ണ കറികൾക്ക്‌ കടുകു താളിയ്ക്കാനോ ഭക്ഷ്യ വസ്തുക്കൾ ചൂടാക്കാനുപയോഗിച്ചാലും ശരീരത്തിന്‌ ഹാനികരമല്ല. ഇത്‌ വെളിച്ചെണ്ണയെ മറ്റ്‌ എണ്ണകളിൽ നിന്ന്‌ വ്യത്യസ്തമാക്കുന്നു.
വെളിച്ചെണ്ണ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും പാചകാവശ്യത്തിന്‌ ഉപയോഗിക്കാനുതകുന്ന എണ്ണയായി മാറേണ്ടതുണ്ട്‌. കാലാകാലങ്ങളായി വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ ഹെയർ ഓയിലായിട്ടാണ്‌ വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നത്‌.
91 ശതമാനം പൂരിത കൊഴുപ്പമ്ലങ്ങളും (SFA)  6 ശതമാനം ഏക അപൂരിത കൊഴുപ്പമ്ലവും (MUFA) 3 ശതമാനം ബാഹു അപൂരിത കൊഴുപ്പമ്ലവും (PUFA) 2 ശതമാനം ഒമേഗ 6, ആറ്‌ ശതമാനം ഒമേഗ 9 അടങ്ങിയ വെളിച്ചെണ്ണ 'ഹൃദയ സൗഹൃദ' എണ്ണയായി തന്നെ ഡോ. വർഷ വിലയിരുത്തുന്നു. എന്തുകൊണ്ടെന്നാൽ വെളിച്ചെണ്ണയിലടങ്ങിയ 'ലോറിക്‌ ആസിഡ്‌' HDL കൊളസ്ട്രോളിനെ സ്വാധീനിക്കുകയും മദ്ധ്യശൃംഖല ട്രൈഗ്ലിസറൈഡുകളുമായി ചേർന്ന്‌ ആരോഗ്യത്തിന്‌ അനുയോജ്യമായ നല്ല കൊളസ്ടോൾ രക്തത്തിലുണ്ടാക്കുകയും ചെയ്യുന്നു.
"പാചകയെണ്ണകളിൽ ശരീരത്തിന്‌  അനുയോജ്യമായ എണ്ണയാണ്‌ വെളിച്ചെണ്ണ??.?വെളിച്ചെണ്ണ എത്ര ചൂടാക്കിയാലും വിഘടിയ്ക്കാതെ ഘടനയിൽ വ്യത്യസ്തത്തയില്ലാതെ സ്ഥിരതയോടെ നിലനിൽക്കുന്നു. ഓക്സിഡേഷൻ പ്രക്രിയയ്ക്ക്‌ വിധേയമാകുന്നില്ല. ഒട്ടുമിക്ക എണ്ണകളും കൂടുതൽ ചൂടാക്കിയാൽ ഉപോൽപന്ന ങ്ങൾ (ഫ്രീറാഡിക്കലുകൾ) ഉണ്ടായി ശരീര കോശങ്ങളെ നശിപ്പിക്കുന്നു. അത്ഭുതാവഹമായ രാസഘടനയാണ്‌ വെളിച്ചെണ്ണയ്ക്കുള്ളത്‌. ഇത്‌ അംഗീകരിച്ചേ മതിയാവു. ഏഴു മദ്ധ്യശൃംഖലാ ട്രൈഗ്ലിസറൈഡുകളാണ്‌ വെളിച്ചെണ്ണയിലെ അപൂരിത കൊഴുപ്പിലുള്ളത്‌. ഇത്‌ ദീർഘശൃംഖല, ട്രൈഗ്ലിസറൈഡുകളിൽ നിന്ന്‌ വിഭിന്നമായി എളുപ്പം ദഹിക്കാൻ സാധ്യതയുള്ളതും അന്നനാളത്തിൽ നിന്ന്‌ പെട്ടെന്ന്‌ രക്തത്തിലേയ്ക്ക്‌ ആഗിരണം ചെയ്യുകയും കരളിലെത്തി മെറ്റബോളിസം നടന്ന്‌ പെട്ടെന്ന്‌ ഊർജ്ജം പുറത്തു വിടുകയും ചെയ്യുന്നതിനാൽ 'പ്രമേഹരോഗികൾ'ക്ക്‌ ഉപയോഗിയ്ക്കാൻ അനുയോജ്യമായ എണ്ണയാണ്‌.  ഇത്‌ രക്തപ്രവാഹത്തിലൂടെ ചംക്രമണം നടത്തുന്നില്ല. കൊഴുപ്പമ്ലമായി ശരീരത്തിലടിയുകയോ ശരീരം വണ്ണം വെയ്ക്കാൻ കാരണമാവുകയോ ഇല്ല. ദിവസേന രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കഴിയ്ക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാണ്‌.
റൈസ്‌ ബ്രാൻ ഓയിലിലടങ്ങിയ 'എ. ഒറൈസനോൾ' കൊളസ്ട്രോൾ താഴ്‌ന്ന നിലയിൽ നിർത്തുന്നതിനും ആന്റി ഓക്സിഡന്റായി (നിരോക്സീകാരിയായി പ്രവർത്തിക്കുന്നതിനും) ശരീരത്തിൽ ട്യൂമറുകൾ ഉണ്ടാവുന്നത്‌ തടയുന്നതിനും കാരണമാക്കുന്നു. രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. റൈസ്ബ്രാൻ ഓയിലിന്‌ സ്മോക്ക്‌ പോയിന്റ്‌ കൂടുതലായതിനാൽ ഭക്ഷണ പദാർത്ഥവും പാത്രവും കരി പിടിയ്ക്കാനുള്ള സാദ്ധ്യതയേറെയാണ്‌. ഇതിനെതിരെ കമ്പനികൾ ഇപ്പോൾ ആന്റി കേക്കിങ്ങ്‌ ഏജന്റുകൾ ഉപയോഗിക്കുന്നുണ്ട്‌. PUFA (ബഹു അപൂരിത കൊഴുപ്പമ്ലങ്ങൾ):SFA(പൂരിത കൊഴുപ്പമ്ലങ്ങൾ അനുപാതം ഒമേഗ 6 : ഒമേഗ 3 അനുപാതം എന്നിവ ഏകദേശം ലോകാരോഗ്യസംഘടന (WHO) യുടെ ശുപാർശയ്ക്കടുത്തു നിൽക്കുന്നു.
എണ്ണയും കൊഴുപ്പും നമ്മുടെ ഭക്ഷണചര്യയിൽ പ്രമുഖ പങ്കു വഹിച്ച്‌ ശരീരത്തിനാവശ്യമായ പോഷക ഗുണങ്ങൾ വർദ്ധിക്കാനുപകരിയ്ക്കുന്നു. മൃഗജന്യ കൊഴുപ്പുകളിൽ നിന്ന്‌ വെളിച്ചെണ്ണപോലുള്ള സസ്യജന്യ കൊഴുപ്പുകളിലേയ്ക്കു മാറി ആരോഗ്യപരമായ ഭക്ഷണചര്യ ശീലിയ്ക്കുകയാണ്‌ വേണ്ടത്‌. ഇക്കാര്യം ഉപഭോക്താക്കളെ പറഞ്ഞു മനസ്സിലാക്കി പഠിപ്പിയ്ക്കുന്നതിനുള്ള അനുയോജ്യ സമയമാണിത്‌. നമ്മുടെ കാലവസ്ഥയ്ക്കനുയോജ്യമായ എണ്ണയാണ്‌ ഉപയോഗിയ്ക്കേണ്ടത്‌. 'നമ്മൾ ഒരു പകരക്കാരനെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ അത്‌ യഥാർത്ഥ പകരക്കാരനാവണം'. വൻ പ്രചരണവുമായി രംഗത്തെത്തുന്ന വിദേശ എണ്ണകളുപയോഗിക്കുമ്പോൾ അവയുടെ ദൂഷ്യ വശങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്‌. ഡോ. വർഷയുടെ താക്കീതാണിത്‌.

ആഗോളീകരണ കാലത്തെ നാളികേര മേഖല


എം. എ സെബാസ്റ്റ്യൻ
സൂപ്രണ്ട്‌, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നാളികേരത്തിന്റെയും നാളികേര ഉത്പ്പന്നങ്ങളുടെയും ഗുണനിലവാരം നിശ്ചയിക്കലാണ്‌ നാളികേര വികസന ബോർഡിന്റെ സുപ്രധാനമായ ഉത്തരവാദിത്വം. ഇത്‌ ആഗോളവത്ക്കരണത്തിന്റെയും വ്യാപാര കരാറുകളുടെയും കാലമാണ്‌. നാളികേര കർഷകർ ലോക വിപണി പിടിച്ചെടുക്കേണ്ട സമയം. കണക്കറ്റ ഗ്യാലൻ എണ്ണ സ്വന്തം രാജ്യത്ത്‌ ഭൂമിക്കടിയിൽ നിക്ഷേപമായി കിടക്കെ അറബികൾ ഈ ലോകം മുഴുവൻ അലഞ്ഞ ഒരു കാലമുണ്ടായിരുന്നു. അന്ന്‌ എണ്ണയുടെ, കറുത്ത സ്വർണ്ണത്തിന്റെ - മൂല്യം അവർക്ക്‌ അറിയില്ലായിരുന്നു. പിന്നീട്‌ ഗൾഫ്‌ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും സമ്പന്നരായി എന്നത്‌ ചരിത്രം.
ഇന്നിതാ ലോകജനത മുഴുവൻ നാളികേരത്തിന്റെയും നാളികേര ഉത്പ്പന്നങ്ങളുടെയും സാധ്യതകൾ തിരിച്ചറിഞ്ഞിരിക്കുന്നു. ആരോഗ്യത്തിന്റെ പ്രതീകമായി നാളികേരം മാറിയിരിക്കുന്നു. അതുകൊണ്ട്‌ ആഗോളീകരണ കാലത്ത്‌ നാളികേര വികസന ബോർഡും നാളികേര ഉത്പാദക കമ്പനികളും ഉത്പ്പന്നങ്ങളുടെ ഗുണമേന്മയിലും നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.
അടുത്ത കാലത്തായി ഇന്ത്യയിൽ നാളികേര കൃഷി മേഖലകൾ കേന്ദ്രീകരിച്ച്‌
രൂപീകൃതമായ നാളികേര ഉത്പാദക കമ്പനികൾ നാളികേരത്തിൽ നിന്ന്‌ വൈവിധ്യമാർന്ന മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്‌. ആഗോളവത്ക്കരണത്തിന്റെ ഫലമായി ലോക കമ്പോളം
ചുരുങ്ങി ചെറുതായിരിക്കുന്നു. തന്മൂലം
എല്ലാ മേഖലകളിലും എല്ലാ ഉത്പ്പന്നങ്ങളും മത്സരം നേരിടുകയാണ്‌. മെച്ചപ്പെട്ട
നിലവാരമുള്ള ഉത്പ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക്‌ ലഭ്യമാക്കുക എന്നതാണ്‌ ആഗോളവത്ക്കരണത്തിന്റെ ലക്ഷ്യം. ഇത്‌ കടുത്ത മത്സരത്തിന്‌ വഴിയൊരുക്കുന്നു.
ഫലമോ ഉപഭോക്താക്കൾക്ക്‌ തെരഞ്ഞെടുക്കാൻ വിപണിയിൽ വേണ്ടത്ര ഉത്പ്പന്നങ്ങൾ ഉണ്ടാകുന്നു. അപ്പോൾ ഉത്പ്പന്നങ്ങളും സേവനങ്ങളും മുൻപ്‌ ലഭിച്ചിരുന്നതിനെക്കാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്നാൽ ഏറ്റവും കാര്യക്ഷമമായി ലഭിക്കാൻ അവർ ആഗ്രഹിക്കും. മികച്ച നിലവാരവും കുറഞ്ഞ വിലയുമാണ്‌ അവരും പ്രതീക്ഷിക്കുന്നത്‌.
നാളികേര ഉത്പാദക കമ്പനികളുടെ
ലക്ഷ്യവും ലോക വിപണി തന്നെ ആയിരിക്കണം. അതിന്‌ കർശനമായ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. യൂറോപ്യൻ യൂണിയന്റെ രൂപീകരണം ഒന്നിച്ചു നിൽക്കാനും സ്വന്തം വിപണി വിശാലമാക്കാനും പല രാജ്യങ്ങളെയും പ്രേരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ ആഗോളതലത്തിൽ ചിന്തിക്കാനും ആനുകൂല്യങ്ങൾ നേടാനും നാളികേര സമൂഹം അടിയന്തരമായി മുന്നോട്ടു വരണം. എല്ലാത്തരം നാളികേര
ഉത്പ്പന്നങ്ങൾക്കും ആഗോള വിപണിയിലെ അംഗീകൃത ഗുണനിലവാരം, ഇനം, യോഗ്യതകൾ എന്നിവ നാളികേര വികസന ബോർഡ്‌ തന്നെ പരിശോധിച്ച്‌ ഉറപ്പു വരുത്തണം. സുരക്ഷിതമായ ഭക്ഷ്യസാധനങ്ങളുടെ വരവും വിതരണവും ലോകവിപണിയിൽ ഏക്കാളത്തേയും അപേക്ഷിച്ച്‌
ഇന്ന്‌ വളരെ വർധിച്ചിട്ടുണ്ട്‌. കർഷകരുടെ
സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും രൂപീകരിക്കാൻ നേതൃത്വം നൽകി കൊണ്ട്‌ നാളികേര വികസന ബോർഡ്‌ കർഷ സമൂഹത്തിലേയ്ക്ക്‌ ഇറങ്ങി കഴിഞ്ഞു. കൂട്ടായ്മകൾ രൂപീകരിച്ചുകൊണ്ട്‌ ഒന്നിച്ചു നിന്നുകൊണ്ട്‌ നേട്ടങ്ങൾ കൊയ്യാൻ, ഇടനിലക്കാരെ ഒഴിവാക്കാൻ, കാർഷിക ഉത്പ്പന്നങ്ങൾക്ക്‌ മാന്യമായ വില നേടാൻ ബോർഡ്‌ കർഷകരെ ശാക്തീകരിക്കുന്നു. ആഗ്മാർക്ക്‌ മുദ്ര, ഐഎസ്‌ഐ മുദ്ര
എന്നിവ പോലെ നാളികേര ഉത്പ്പന്നങ്ങൾക്ക്‌ കേരമാർക്കു എന്നോ മറ്റോ ഉള്ള, ആഗോളവിപണിയിൽ അംഗീകാരമുള്ള, ഒരു ഗുണമേന്മാ സാക്ഷ്യപത്രം നൽകുക എന്ന നവീന ആശയത്തെ കുറിച്ച്‌ നാളികേര വികസന ബോർഡ്‌ ചിന്തിക്കാൻ സമയമായിരിക്കുന്നു.
ബോർഡിന്റെ ഇതപര്യന്തമുള്ള പ്രവർത്തനങ്ങളെ കുറിച്ചും, ഉത്തരവാദിത്വങ്ങളെ കുറിച്ചും പുനരവലോകനം നടക്കേണ്ടതുണ്ട്‌. അതിനുള്ള ചുവടുവയ്പ്പുകൾ ബോർഡ്‌ തുടങ്ങി കഴിഞ്ഞു. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, നീര ടെക്നീഷ്യന്മാർ, എന്നീ
പരിശീന പരിപാടികൾ, കർഷക കൂട്ടായ്മകളുടെ രൂപീകരണം എന്നിവയിലൂടെ ബോർഡ്‌ കർഷക സമൂഹത്തിൽ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരിക്കുന്നു. ഇവയെല്ലാം ഇപ്പോൾ ഇന്ത്യൻ നാളികേര മേഖലയുടെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്‌. നാളികേര ഉത്പ്പന്നങ്ങൾക്ക്‌ നിലവാര സാക്ഷ്യപത്രം നൽകുന്നതിനുള്ള ആധികാരിക യൂണിറ്റും, അനുബന്ധ സംവിധാനങ്ങളും കൂടി ബോർഡിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ടാൽ അത്‌ മേഖലയുടെ വികസനപാതയിലെ മറ്റൊരു നാഴികക്കല്ലാകും. നളികേര കയറ്റുമതിക്കുള്ള എക്സ്പോർട്ട്‌ പ്രമോഷൻ കൗൺസിലായി ബോർഡാണ്‌ പ്രവർത്തിക്കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ മേൽപ്പറഞ്ഞ മേഖലകളിൽ കൂടി ബോർഡ്‌ നടപടികൾ സ്വീകരിക്കേണ്ടത്‌. ഈ സാക്ഷ്യപത്രമുള്ള കർഷക കമ്പനികളുടെ ഉത്പ്പന്നങ്ങൾക്ക്‌ അപ്പോൾ ആഗോള വിപണിയിൽ മത്സരിക്കാൻ സാധിക്കും. എതിരാളികൾ എത്ര ശക്തരായാലും.

നാളികേര മേഖലയും കാർബൺ ക്രെഡിറ്റും ഭാവിയിൽ


മനു പ്രേം

പ്രോജക്ട്‌ മാനേജർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

ഇവിടെ നാം നമ്മോട്‌ ചോദിക്കേണ്ട ചോദ്യം ഇതാണ്‌. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനും ഈ ഭൂമിയെ രക്ഷിക്കാനുമുള്ള യത്നത്തിൽ എങ്ങനെ നമുക്ക്‌, ഇന്ത്യയിലെ നാളികേര കർഷക സമൂഹത്തിന്‌ പങ്കാളികളാകാൻ സാധിക്കും. യഥാർത്ഥത്തിൽ നമ്മുടെ ഭാഗത്തു നിന്നുള്ള ചെറിയ ചില പ്രവർത്തനങ്ങളിലൂടെ ഈ ദൗത്യവുമായി വലിയ രീതിയിൽ നമുക്ക്‌ സഹകരിക്കാൻ സാധിക്കും.
എന്താണ്‌ കാലാവസ്ഥാ വ്യതിയാനം
ഇന്ന്‌ എവിടെയും വലിയ ചർച്ചാവിഷയമാണ്‌ കാലാവസ്ഥാവ്യതിയാനം. തർക്കമില്ല, അത്‌ അങ്ങനെ ആയിരിക്കണം. 1997 -ഡിസംബർ 11 ന്‌ കാലാവസ്ഥാ വ്യതിയാനത്തെകുറിച്ച്‌ ക്യോട്ടോയിൽ ചേർന്ന യൂണൈറ്റഡ്‌ നേഷൻസ്‌ ഫ്രെയിംവർക്ക്‌ കൺവൻഷനിൽ രൂപീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചതു മുതലാണ്‌ ഈ വിഷയത്തെ കുറിച്ച്‌ ലോക രാഷ്ട്രങ്ങൾ ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്‌. എന്നിട്ടും പരിസ്ഥിതിവാദികളും കാലാവസ്ഥാ വ്യതിയാന പ്രവർത്തകരും ചേർന്ന്‌ നടത്തിവന്ന ശക്തമായ സമ്മർദ്ദങ്ങളെ തുടർന്ന്‌ 2005 ഫെബ്രുവരി 6 ന്‌ മാത്രമാണ്‌ ഈ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിലാക്കാൻ നയരൂപീകരണ വിദഗ്ധർ തീരുമാനിച്ചതു.
ഏകദേശം 150 വർഷങ്ങൾക്കും മുമ്പ്‌ നമ്മുടെ ഗ്രഹത്തിൽ ആരംഭിച്ച ഊർജ്ജിത വ്യാവസായിക പ്രവർത്തനങ്ങളെ തുടർന്നാണ്‌ പ്രധാനമായും വനനശീകരണം മൂലമാണ്‌, അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകത്തിന്റെ അളവ്‌ ഇന്നത്തെ നിലയിൽ ഉയർന്നു തുടങ്ങിയത്‌. അങ്ങനെയാണ്‌ ക്യോട്ടോയിൽ ചേർന്ന ഉച്ചകോടി അംഗരാജ്യങ്ങളെ കൊണ്ട്‌ ഹരിതഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കുന്നതിന്‌ ഉടമ്പടിയിൽ ഉപ്പു വയ്പ്പിച്ചതു. ഇത്‌ പക്ഷെ വികസ്വര രാജ്യങ്ങളുടെ മേലാണ്‌ കൂടുതൽ ഭാരം ഏൽപ്പിച്ചതു.
എങ്ങനെ കാർബൺ ഇത്ര പ്രാധാന്യം
കാർബൺ ഡയോക്സൈഡ്‌, മീഥെയിൻ, നൈട്രസ്‌ ഓക്സൈഡ്‌, ഓസോൺ, നീരാവി എന്നിവ ചേർന്നാണ്‌ പ്രാഥമിക ഹരിതഗൃഹ വാതകം രൂപപ്പെടുന്നത്‌. ഈ വാതകം ഭൂഗോളത്തിനു തന്നെ ഭീഷണിയാണ്‌. കാലാവസ്ഥയുടെ വ്യതിയാനങ്ങൾക്കു കാരണമാകുകയും അതു ജൈവ വൈവിധ്യത്തെയും ജീവജാലങ്ങളുടെ നിലനിൽപിനെ തന്നെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആഗോള കാർബൺ അപകടത്തെ നിയന്ത്രിക്കാനുള്ള പരിഹാരമാർഗ്ഗം നാം കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്‌ കാർബൺ ക്രെഡിറ്റ്‌ എന്ന സംജ്ഞയാണ്‌ ഉപയോഗിക്കുക. ഏതെങ്കിലും തരത്തിൽ അന്തരീക്ഷത്തിലെ ഒരു ടൺ കാർബൺ ഡയോക്സൈഡ്‌ നീക്കം ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ബഹിർഗമന ലഘൂകരണ പദ്ധതിയുടെ സാക്ഷ്യപത്രം അഥവാ അനുമതി പത്രം ആണ്‌ കാർബൺ ക്രഡിറ്റ്‌. കമ്പനികളോ രാഷ്ട്രങ്ങളോ, സ്വകാര്യ വ്യക്തികളോ ഇത്തരത്തിൽ കാർബൺ ബഹിർഗമനം ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ അവർക്ക്‌ ആനുകൂല്യങ്ങളും പ്രോത്സാഹനവും നൽകുന്നുണ്ട്‌. അവർക്ക്‌ അനുവദനീയമായ കാർബൺ ബഹിർഗമന അളവിൽ നിന്ന്‌ അവർ കുറയ്ക്കുന്ന വാതകത്തിന്റെ അളവ്‌ ഒഴിവാക്കുകയും ചെയ്യും. ഇത്തരത്തിൽ കാർബൺ അളവ്‌ കുറയ്ക്കാൻ സാധിക്കാത്ത രാജ്യങ്ങളും കമ്പനികളും മറ്റു രാജ്യങ്ങളിൽ നിന്നോ കമ്പനികളിൽ നിന്നോ കാർബൺ ക്രഡിറ്റ്‌ വില നൽകി വാങ്ങണം. പല രാജ്യങ്ങളുടെയും കമ്പനികളുടെയും പക്കൽ ഇത്തരത്തിൽ കാർബൺ ക്രെഡിറ്റ്‌ അധികമായി ഉണ്ട്‌. കാരണം വിവിധ നടപടികളിലൂടെ വിവിധ രാജ്യങ്ങളും കമ്പനികളും,സ്വകാര്യ വ്യക്തികളും അവർക്ക്‌ നിശ്ചയിക്കപ്പെട്ടതിലും കൂടുതൽ അളവ്‌ കാർബൺ ബഹിർഗമനം ലഘൂകരിച്ച്‌ കൂടുതൽ ക്രെഡിറ്റ്‌ ശേഖരിച്ച്‌ വയ്ക്കാറുണ്ട്‌. അവർ അത്‌ ആവശ്യക്കാർക്ക്‌ വിൽക്കാറുണ്ട്‌. കാർബൺ ഇത്തരത്തിലാണ്‌ വിപണിയിൽ ക്രയവിക്രയ വസ്തുഎന്ന നിലയിൽ എത്തിയത്‌. അധികമുള്ളവർക്ക്‌ അത്‌ വിൽക്കാം, കൈമാറ്റം ചെയ്യാം, ആവശ്യമുള്ളവർക്ക്‌ വാങ്ങാം. അതിന്‌ അന്താരാഷ്ട്രതലത്തിൽ വിലയും വിപണിയും ഉണ്ട്‌.
ഇന്ത്യയിലും മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്‌ വഴി കാർബൺ ക്രെഡിറ്റ്‌ വിൽപന തുടങ്ങിയിട്ടുണ്ട്‌. ഏഷ്യയിൽ ആദ്യമായാണ്‌ കാർബൺ ക്രെഡിറ്റുകൾ ഇപ്രകാരം വിപണിയിൽ എത്തുന്നത്‌.
2008 ൽ ആഗോള വിപണിയിൽ അഞ്ച്‌ ബില്യൺ ഡോളറിന്റെ കാർബൺ വ്യവസായമാണ്‌ നടന്നത്‌. ഇതിൽ അഞ്ചിൽ ഒന്ന്‌ ഇന്ത്യയുടെ വിഹിതമായിരുന്നു. അധിക കാർബൺ ക്രെഡിറ്റ്‌ കൈവശമുള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്ത്യയും ചൈനയും. യൂറോപ്യൻ രാജ്യങ്ങളാണ്‌ ഇവ വാങ്ങാനെത്തുന്നത്‌. ഈ വർഷം ആഗോള കാർബൺ ക്രെഡിറ്റ്‌ വിപണി 63 ബില്യൺ ഡോളർ കടക്കുമെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. ഭാവിയിൽ വളരെ പ്രതീക്ഷയുള്ള ഒരു വിപണിയാണ്‌ കാർബൺ ക്രെഡിറ്റിന്റേത്‌. അതുപോലെ തന്നെ നാം ജീവിക്കുന്ന ഈ ഗ്രഹത്തിന്റെ ഭാവിയ്ക്കും ഇത്‌ വളരെ പ്രതീക്ഷയുണർത്തുന്നു.
നാളികേര ഉത്പാദന കമ്പനികളും
കാർബൺ ക്രെഡിറ്റും
വിദേശരാജ്യങ്ങളിലുള്ള മിക്ക തോട്ടവിളകളും കാർബൺ ക്രെഡിറ്റിനനുസരിച്ച്‌ മികച്ച വരുമാനം നേടുന്നവയാണ്‌. ഷിക്കാഗോ ആസ്ഥാനമായുള്ള എക്കോപ്ലാനെറ്റ്‌ ബാംബു ഇത്തരത്തിലൊരു കമ്പനിയാണ്‌. ലോക ദരിദ്ര രാജ്യങ്ങളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ലക്ഷക്കണക്കിന്‌ ഹെക്ടർ സ്ഥലങ്ങൾ തുഛവിലയ്ക്ക്‌ പാട്ടത്തിനെടുത്ത്‌ അവർ മുളകൾ നട്ടു വളർത്തുകയാണ്‌. ഇത്തരം വലിയ പ്ലാന്റഷനുകളിലൂടെ കാർബൺ ബഹിർഗമനം തടഞ്ഞ്‌ അവർ കാർബൺ ക്രെഡിറ്റ്‌ സമ്പാദിക്കുന്നു.
ഇത്തരത്തിൽ നാളികേര തോട്ടങ്ങൾ
പരിപാലിച്ചുകൊണ്ട്‌ കാർബൺ ബഹിർഗമനം തടയുന്ന ഒരു രാജ്യമാണ്‌ ഫിലിപ്പീൻസ്‌. എങ്ങിനെ നാളികേര തോട്ടങ്ങൾ പരിപാലിച്ചുകൊണ്ട്‌ കാർബൺ ക്രെഡിറ്റ്‌ നേടാം എന്ന്‌ ഫിലിപ്പീൻസ്‌ കോക്കനട്‌
അതോറിറ്റിയിലെ ഡോ.സെവറിനോ മഗാട്ട്‌ ബ്യൂറോ ഓഫ്‌ അഗ്രിക്കൾച്ചർ റിസേർച്ചിൽ വിവിധ സന്ദർഭങ്ങളിൽ നടത്തിയ പ്രോഡക്ടീവ്‌ ആൻഡ്‌ സസ്റ്റെയിനബിൾ കോക്കനട്‌ ഫാമിംങ്ങ്‌ ഇക്കോസിസ്റ്റംസ്‌ ആസ്‌ പൊട്ടെൻഷ്യൽ കാർബൺ സിങ്ക്സ്‌ ഇൻ ക്ലൈമറ്റ്‌ ചെയിഞ്ച്‌ മിനിമൈസേഷൻ എന്ന പ്രഭാഷണ പരമ്പരയിൽ ചൂണ്ടിക്കാണിട്ടുണ്ട്‌. ഒരു ഹെക്ടർ നാളികേര തോട്ടത്തിന്‌ പ്രതിവർഷം 24.1 ടൺ കാർബൺ വാതകം ശേഖരിച്ചു നിർത്താൻ സാധിക്കും. മറ്റ്‌ കാർഷിക വിളകളെ അപേക്ഷിച്ച്‌ നാളികേരം സ്ഥിര വിളയാണ്‌. മാത്രമല്ല, വളരെ സ്ഥായിയായ കാർബൺ ശേഖരണ ശേഷിയും അതിനുണ്ട്‌. അത്‌ അന്തരീക്ഷത്തിൽ നിന്ന കാർബൺ ശേഖരിച്ച്‌ തോട്ടങ്ങളിൽ സൂക്ഷിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമ്മുടെ നാളികേര ഉത്പാദക കമ്പനികളുടെ കൈവശമുള്ള തെങ്ങിൻ തോപ്പുകൾ ഇത്തരത്തിലും വലിയ ഒരു വരുമാന സ്രോതസാകുന്നു. മൾട്ടി കമ്മോഡിറ്റി എക്സചേഞ്ച്‌ വഴി നമുക്ക്‌ രാജ്യത്തിനകത്തും പുറത്തും ഇത്‌ വ്യാപാരം നടത്താം.
ദക്ഷിണ പസഫിക്ക്‌ സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ്‌ രാഷ്ട്രമാണ്‌ വനാട്ടു. അവർക്ക്‌ നാളികേരം ഊർജ്ജ വനമേഖലകളെ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന
ഒരു കണ്ണിയാണ്‌. ഡീസൽ ഉപയോഗിച്ചാണ്‌ രാജ്യത്ത്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും വാഹനങ്ങൾ ഓട്ടിക്കുന്നതും.
ഇപ്പോൾ വെളിച്ചെണ്ണയിൽ നിന്ന്‌ അവർ ജൈവഡീസൽ ഉത്പാദിപ്പിക്കുന്നു. ബയോഡീസൽ ഉത്പാദനം ക്യോട്ടോ നിർദ്ദേശങ്ങൾ അനുസരിച്ച്‌ ഭൂവികസന പ്രവർത്തനവും ഒപ്പം കാർബൺ ക്രെഡിറ്റ്‌ സമ്പാദനവുമാണ്‌. അങ്ങനെ വനാഡു വെളിച്ചെണ്ണയിൽ നിന്ന്‌ ഒരേസമയം കാർബൺ ക്രെഡിറ്റും ജൈവ ഡീസലും സമ്പാദിക്കുന്നു. ലോകത്തിൽ വിവിധ രാജ്യങ്ങൾ നാളികേരത്തിൽ നിന്ന്‌ ഇത്തരത്തിലുള്ള നേട്ടങ്ങൾ കൊയ്യുന്നുണ്ട്‌. ഇവരിൽ നിന്ന്‌ നമുക്കും ധാരാളം പാഠങ്ങൾ പഠിക്കാനുണ്ട്‌. ഇന്ന്‌ ഗവണ്‍മന്റും ജനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ വളർന്നു വരുന്ന ഒരു ഭീഷണിയായി ഉൾക്കൊള്ളാൻ ശ്രമിക്കുന്നു.
ഇതു നേരിടാനുള്ള ഏക മാർഗ്ഗം വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കലാണ്‌.
ഉപസംഹാരം
യഥാർത്ഥത്തിൽ നാം നട്ടു പരിപാലിക്കുന്ന നാളികേര തോട്ടങ്ങൾ വെറും നാളികേര തോപ്പുകൾ മാത്രമല്ല. നാം അതിൽ ഇടവിളകളായ കൊക്കോ, ജാതി, വാഴ,
കുരുമുളക്‌, കാപ്പി, പൈനാപ്പിൾ, തുടങ്ങി നിരവധി കൃഷികൾ നടത്തുന്നുണ്ട്‌. ഇത്തരത്തിൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന നാളികേര തോപ്പുകൾ കാർബൺ ക്രെഡിറ്റിന്‌ വളരെ സാധ്യതയുള്ള സ്രോതസുകളാണ്‌. ഈ സാധ്യത നമ്മുടെ
കമ്പനികൾ തിരിച്ചറിയണം. ഇവിടെ നിന്ന്‌ കമ്പനികൾക്ക്‌ ആവശ്യമായ പണം
കണ്ടെത്താനും സാധിക്കും വിലിയ മുടക്കുമുതൽ കൂടാതെ. മികച്ച ഇനം നടീൽ വസ്തുക്കൾ ശേഖരിച്ച്‌ കൃഷിയിടങ്ങളിൽ നട്ട്‌ പരിപാലിച്ച്‌ നല്ല തെങ്ങിൻ തോപ്പുകളാക്കി അവയെ മാറ്റുന്നതിലൂടെ, അതിനിടയിൽ പച്ചക്കറികളും വിവിധ ഇടവിള
കളും കൃഷി ചെയ്യുന്നതിലൂടെ കമ്പനികളുടെ കൈവശം ഇത്‌ ഇരുതലമൂർഛയുള്ള വാൾ പോലെയായിരിക്കും. രണ്ടു തരത്തിൽ വരുമാനം നേടാൻ ഇത്‌ ഉപകരിക്കും.
ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങൾക്ക്‌ കാർബൺ ക്രെഡിറ്റ്‌ നിക്ഷേപം സ്വരൂപിക്കാനുള്ള അനുമതി ആവശ്യപ്പെട്ട്‌ കോഫി ബോർഡു വഴി ഇന്ത്യയിലെ കാപ്പി കർഷകർ ഇന്റർനാഷണൽ കോഫി ഓർഗനൈസേഷന്‌ ഒരു പദ്ധതി സമർപ്പിച്ചിരിക്കുകയാണ്‌. രാജ്യത്തുടനീളമുള്ള നാളികേര കർഷകർക്കും ഉത്പാദക കമ്പനികൾക്കും നാളികേര വികസന ബോർഡും ഏഷ്യൻ പസഫിക്‌ നാളികേര സമൂഹം വഴിയായും ഇത്തരത്തിൽ ഒരു നിർദ്ദേശം വച്ച്‌ കാർബൺ ക്രെഡിറ്റ്‌ നിക്ഷേപത്തിനു ശ്രമിക്കാവുന്നതാണ്‌.

നാളികേര ഉത്പാദക കമ്പനികളുടെ ഭാവി സാധ്യതകൾ


സുമോദ്‌ നമ്പൂതിരി
ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റൂറൽ മാനേജ്‌മന്റ്‌, ആനണ്ട്‌

പ്രശസ്ത വ്യവസായി ഹെന്ററി ഫോർഡ്‌ വിജയത്തിലേയ്ക്കുള്ള വഴിയായി വിശദീകരിക്കുന്ന ഒരു ആപ്തവാക്യമുണ്ട്‌ - ഒരുമിച്ചു ചേരൽ തുടക്കമാണ്‌, ഒരുമിച്ചു നിൽക്കൽ പുരോഗതിയാണ്‌, ഒരുമിച്ചുള്ള പ്രവൃത്തി വിജയമാണ്‌. ഇതിൽ ഒരുമിച്ചു ചേരൽ ഇന്ത്യൻ നാളികേര മേഖലയിൽ നടന്നു കഴിഞ്ഞു. അതായത്‌ പതിമൂന്ന്‌ നാളികേര ഉത്പാദക കമ്പനികൾക്ക്‌ തുടക്കമായിക്കഴിഞ്ഞു.
കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി
രാജ്യത്തെ നാളികേര കർഷകർ വലിയ വെല്ലുവിളികൾ നേരിടുകയാണ്‌. വിദേശ
രാജ്യങ്ങളിൽ നിന്നുള്ള എണ്ണകളുടെ ഇറക്കുമതി, ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണം, ഉത്പ്പന്നങ്ങൾക്ക്‌ വിലവ്യതിയാനം, വിപണിയിലേയ്ക്ക്‌ വിലകുറഞ്ഞ ബദൽ ഉത്പ്പന്നങ്ങളുടെ പ്രവാഹം തുടങ്ങിയ
പ്രതിഭാസങ്ങൾ ഒന്നാം തരം ഉത്പ്പന്നങ്ങളുടെ വില പോലും കുത്തനെ ഇടിച്ചു. എന്നാൽ ഉപഭോക്താക്കൾക്കാകട്ടെ കുറഞ്ഞവിലയ്ക്ക്‌ ഈ ഉത്പ്പന്നങ്ങൾ ലഭിച്ചതുമില്ല. ചുരുക്കത്തിൽ ഇടനിലക്കാർ കൃഷിക്കാർക്കും ഉപഭോക്താക്കൾക്കും മധ്യേ നിന്നുകൊണ്ട്‌ വലിയ ലാഭമുണ്ടാക്കി. കർഷകർക്ക്‌ വിപണി പ്രാപ്യമായിരുന്നില്ല,
ഉത്പ്പന്നങ്ങൾ ഒറ്റയ്ക്ക്‌ വിപണനം ചെയ്യാൻ അവർക്ക്‌ സാധിച്ചിരുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ്‌ കർഷകരുടെ ഉത്പാദക കമ്പനികൾ രംഗപ്രവേശം ചെയ്യുന്നത്‌.
നാം ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. രാജ്യത്തെ നാളികേരത്തിന്റെ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങളായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടുവന്നിരുന്നത്‌. എന്നാൽ നമ്മുടെ ഒരു പ്രധാന നിത്യോപയോഗ സാധനമായ പാലിന്റെ വിലയിലാകട്ടെ പതിറ്റാണ്ടുകളായി ഇത്തരത്തിലുള്ള കയറ്റിറക്കങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല. മാത്രവുമല്ല അത്‌ കൃത്യമായ ഇടവേളകളിൽ കുതിച്ച്‌ ഉയരുന്നുമുണ്ട്‌. ഇത്‌
എന്തുകൊണ്ട്‌? ക്ഷീരവ്യവസായമേഖല പാലിനെ ഒരു ക്രയവസ്തു എന്ന അവസ്ഥയിൽ നിന്ന്‌ സംസ്കരിച്ച ഉത്പ്പന്നം എന്ന തലത്തിലേയ്ക്ക്‌ മാറ്റി. കർഷകരിൽ നിന്ന്‌ വാങ്ങുന്ന പാൽ സംസ്കരിച്ച്‌ പായ്ക്കറ്റിലാക്കുന്നതോടെ അല്ലെങ്കിൽ ഏതെങ്കിലും ക്ഷീര ഉത്പ്പന്നമാകുന്നതോടെ സാധാരണ പാൽ ക്രയ വസ്തു അല്ലാതാകുന്നു.
ഇതേ പ്രക്രിയ തന്നെയാണ്‌ നാളികേരത്തിന്റെ വിലനിലവാരം ഉയർത്തുന്നതിനും വേണ്ടത്‌. നാളികേരം ഒരു ക്രയവസ്തു എന്ന തലത്തിൽ നിന്ന്‌ മാറേണ്ടിയിരിക്കുന്നു. അതായത്‌ നാളികേരം സംസ്കരിച്ച്‌, മൂല്യവർധനവ്‌ നടത്തി, പ്രകൃതത്തിൽ തന്നെ മാറ്റം വരുത്തിയാലെ വിലവ്യതിയാനത്തിൽ നിന്നു രക്ഷപ്പെടാൻ സാധിക്കൂ എന്നു ചുരുക്കം. നേരത്തെ ചൂഷണത്തെകുറിച്ച്‌ ബോധവാന്മാരായിരുന്നു എങ്കിലും ചൂഷകരെ എതിർത്തു നിൽക്കാൻ ചൂഷിതരായ കൃഷിക്കാർക്ക്‌ ശക്തി ഇല്ലായിരുന്നു. കാരണം അവർ വിദൂരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട്‌ താമസിച്ചിരുന്നവരും നാളികേരത്തിൽ നിന്ന്‌ മൂല്യ വർധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വശമില്ലാത്തവരും ആയിരുന്നു. ഇന്ന്‌ സ്ഥിതി അതല്ല. നാളികേര കർഷകർ സംഘടിച്ചിരിക്കുന്നു. ഉത്പാദക കമ്പനികളുടെ കീഴിൽ കുത്തകകളുടെ ചൂഷണത്തിനെതിരെ അണി നിരന്നിരിക്കുന്നു. ഒരു ഉത്പാദക സംഘം എന്നാൽ അമ്പത്‌ കൃഷിക്കാരും അവരുടെ ഉടമസ്ഥതയിലുള്ള 5000 തെങ്ങുകളുമാണ്‌. ഇത്തരത്തിലുള്ള 20 സംഘങ്ങൾ ചേർന്ന്‌ ഒരു ഫെഡറേഷനും പത്തു ഫെഡറേഷനുകൾ ചേരുമ്പോൾ ഒരു കമ്പനിയും രൂപം കൊള്ളുന്നു. അതായത്‌ ഒരു കമ്പനിയുടെ കീഴിൽ ഏകദേശം 10 ലക്ഷം തെങ്ങുകളുണ്ടായിരിക്കും. തെങ്ങോന്നിൽ നിന്ന്‌ എൺപതു നാളികേരം വച്ച്‌ ഇവയുടെ മൊത്തം ഉത്പാദനം എട്ടു കോടി നാളികേരവും ആകുന്നു. അതായത്‌ പതിനായിരം കർഷകർ ഉൾപ്പെടുന്ന ഒരു കമ്പനിയുടെ അധികാര മേഖലയിൽ നിന്ന്‌ ഒരു വർഷം എട്ടു കോടി നാളികേരം ആണ്‌ ആദായമായി ലഭിക്കേണ്ടത്‌. എന്നാൽ അംഗങ്ങൾ ഒന്നിച്ച്‌ പ്രവർത്തിക്കാത്ത
പക്ഷം ഈ സംഖ്യ കടലാസിൽ മാത്രം
ഉതുങ്ങും എന്നും ഓർമ്മിക്കുക. അതിനാൽ അടുത്ത പ്രധാന ദൗത്യം ഈ കൃഷിക്കാരെ യോജിപ്പിൽ നിലനിർത്തുക എന്നതത്രെ. അതിന്‌ അവരിൽ ഉടമസ്ഥതാ ബോധം സൃഷ്ടിക്കണം. അംഗങ്ങൾക്കിടയിൽ പരസ്പരം കരുതലും ധാരണയും വളർത്തണം.
കമ്പനിയിൽ നിന്ന്‌ ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യം ലഭിച്ചാൽ മാത്രമെ അംഗങ്ങൾ ഉത്പാദക സംഘത്തിൽ തുടരുകയുള്ളു. അംഗങ്ങളെ ഒന്നിച്ച്‌ നിർത്തുന്നതിൽ ഈ തൃത്താല സംവിധാനത്തിൽ ഓരോ തലങ്ങൾക്കും അതതിന്റേതായ പങ്ക്‌ ഉണ്ട്‌. താഴെ തട്ടിലുള്ള സംഘങ്ങൾ തെങ്ങിൻ തൈകളുടെയും വളത്തിന്റെയും വിതരണം, ഇടവിളകളുടെ കൃഷി, ഉത്പാദനം തുടങ്ങിയ പ്രവർത്തനങ്ങളുമായി മുന്നേറുന്നതോടൊപ്പം അവർ അവരുടെ സംഘങ്ങളിൽ നിന്ന്‌ നാളികേരം സംഭരിച്ച്‌ നൽകി ഫെഡറേഷനുകളെയും സഹായിക്കണം. ഫെഡറേഷനുകളാകട്ടെ, കീഴ്‌ ഘടകങ്ങളായ സംഘങ്ങളിൽ നിന്ന്‌ നാളികേരം സംഭരിക്കുകയും, സംസ്കരിക്കുകയും ചെയ്യണം. കൂടാതെ വളങ്ങളും ഇടവിളകളുടെ നടീൽ വസ്തുക്കളും നൽകി സംഘാംഗങ്ങളെ സഹായിക്കുകയും ചെയ്യണം. ഈപരസ്പര സഹായം സംഘങ്ങൾക്കും ഫെഡറേഷനുകൾക്കുമിടയിൽ ദൃഢമായ ഒരു ബന്ധം സൃഷ്ടിക്കും.
ഫെഡറേഷനുകൾ സംഭരിക്കുന്ന നാളികേരം സംസ്കരിച്ച്‌ വൈവിധ്യമാർന്ന
ഉത്പ്പന്നങ്ങളാക്കി വിപണിയിൽ എത്തിച്ച്‌ വിൽപന നടത്തുക എന്നതാണ്‌ കമ്പനികളുടെ ദൗത്യം. ഇതോടൊപ്പം നാളികേര സംഭരണത്തിന്‌ ഫെഡറേഷനുകളെ സഹായിക്കുകയും വേണം. സംഭരിക്കുന്ന നാളികേരത്തിന്‌ മൂല്യവർധന വരുത്തുക
എന്നതാണ്‌ കമ്പനികൾ അനുഷ്ടിക്കേണ്ട ധർമ്മം. നാളികേരചിപ്സ്‌, പായ്ക്കറ്റിലാക്കിയ കരിക്കിൻ വെള്ളം, അച്ചാർ, നാളികേര പാൽ, ഡസിക്കേറ്റഡ്‌ കോക്കനട്‌, വിനാഗിരി തുടങ്ങി ഡസനിലേറെ ഉത്പന്നങ്ങൾ ഉണ്ടാക്കാമല്ലോ. ഒരിക്കൽ നാളികേരം ഒരു മൂല്യവർധിത ഉത്പ്പന്നമായി മാറിയാൽ പിന്നെ അതൊരു വിൽപന ചരക്കല്ല, വിപണിയിലെ വില വ്യതിയാനങ്ങളിൽ നിന്ന്‌ അതു പൂർണമായും സ്വതന്ത്രവുമാണ്‌. ഇപ്രാകാരമാണ്‌ നാളികേരത്തിന്‌ കർഷകർ വിലസ്ഥിരത നേടേണ്ടതും കൃഷി ലാഭകരമാക്കേണ്ടതും. ഒരിക്കൽ ഈ
കണ്ണികൾ പരസ്പരം ചേർക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആർക്കും കമ്പനികളുടെ വിജയകരമായ മുന്നേറ്റത്തെ തടയാനാവില്ല. അതോടെ കർഷകരെ ചൂഷണം ചെയ്തുവരുന്ന ഇടനിലക്കാർ ഈ മേഖലയിൽ നിന്ന്‌ അപ്രത്യക്ഷമാകും. അങ്ങനെയാണ്‌ തൃത്താല കർഷക കൂട്ടായ്മ നാളികേര മേഖലയിലെ നിക്ഷേപം, സംഭരണം, സംസ്കരണം, വിപണനം തുടങ്ങി പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കുക.
ഒരിക്കൽ ഈ തൃത്താല സംവിധാനം വിജയകരമായി പ്രവർത്തിച്ചു തുടങ്ങിയാൽ, കമ്പനിക്ക്‌ ആവശ്യമുള്ള അസംസ്കൃത വസ്തുക്കൾ അന്വേഷിക്കേണ്ട ആവശ്യവും വരുന്നില്ല. കാരണം ഓരോ കമ്പനിയുടെയും പ്രവർത്തന പരിധിക്കുള്ളിൽ നിന്നു തന്നെ പ്രതിവർഷം എട്ടു കോടി നാളികേരത്തിന്റെ ലഭ്യത ഉറപ്പാണ്‌. അതെസമയം സ്വകാര്യ സംരംഭകർക്കും മറ്റ്‌ കോർപ്പറേറ്റ്‌ സ്ഥാപനങ്ങൾക്കും കർഷകരുടെ നാളികേരം അന്വേഷിച്ച്‌ നടക്കണം, അവ സംഭരിക്കണം, ദൂരെയുള്ള ഫാക്ടറികളിലേയ്ക്ക്‌ വാഹനങ്ങളിൽ കൊണ്ടുപോകണം.
പക്ഷെ കർഷകരുടെ ഉത്പ്പാദക കമ്പനികൾക്കാകട്ടെ, ഇതിന്റെയൊന്നും ആവശ്യമില്ല. എല്ലാം സമീപത്തുണ്ട്‌. തന്മൂലം ഉത്പദന ചെലവ്‌ പതിന്മടങ്ങ്‌ കുറയ്ക്കാൻ അവർക്കാകും. ഉത്പാദന ചെലവ്‌ കുറയുമ്പോൾ ഉത്പ്പന്നങ്ങൾക്ക്‌ വില കുറയും, അപ്പോൾ വിപണിയിൽ എതിർ ബിസിനസ്‌ സ്ഥാപനങ്ങളുമായി മത്സരിക്കാൻ അവർക്ക്‌ സാധിക്കും. വിപണിയിൽ ഡിമാന്റുള്ള ഉത്പ്പന്നങ്ങൾ ഏതൊക്കെയെന്നു തിരിച്ചറയുക, അവയുടെ വിപണനത്തിന്‌ ഫലപ്രദമായ തന്ത്രങ്ങൾ മെനയുക എന്നിവയിലൂടെ മാത്രമെ കമ്പനിക്ക്‌ ഉപഭോക്താക്കളുടെ ഹൃദയങ്ങളിലേയ്ക്ക്‌ എത്തി വിപണി പിടിച്ചടക്കാൻ സാധിക്കുകയുള്ളു.
ഇനി നമുക്ക്‌ നാളികേര മേഖലയിൽ നിലവിലുള്ള ചിത്രം പരിശോധിക്കാം.
ഒരു നാളികേര ഉത്പാദക കമ്പനിയുടെ കാര്യം എടുക്കുക. അവർ ബിസിനസ്‌ തുടങ്ങുന്നത്‌ ദിവസവും 10,000 നാളികേരം ഉണങ്ങി കൊപ്രയാക്കാൻ ശേഷിയുള്ള ഡ്രയർ സ്ഥാപിച്ചുകൊണ്ടാണ്‌ എന്നു കരുതുക. ഇതോടൊപ്പം ഒരു എണ്ണമില്ലും വിനാഗിരി ഉത്പാദന യൂണിറ്റും കൂടി പ്രവർത്തിക്കുന്നു. സാധാരണ വെളിച്ചെണ്ണയുടെ
വില വിപണിയിൽ കയറിയും ഇറങ്ങിയും നിൽക്കുമ്പോൾ പായ്ക്കറ്റിൽ നിറച്ച, ബ്രാൻഡ്‌ ചെയ്ത വെളിച്ചെണ്ണയുടെ വിലയെ അത്‌ അത്ര ബാധിക്കുന്നില്ല. പൊതു വിപണിയിൽ വെളിച്ചെണ്ണ വില ലീറ്ററിന്‌ 150 രൂപയിൽ നിൽക്കുമ്പോൾ ബ്രാൻഡ്‌ ചെയ്ത വിളിച്ചെണ്ണയ്ക്ക്‌ ലീറ്ററിന്‌ 180 രൂപയാണ്‌. ഒരു നാളികേരത്തിന്റെ ശരാശരി തൂക്കം 450 ഗ്രാം എന്നു കണക്കാക്കിയാൽ 10,000 നാളികേരത്തിൽ നിന്ന്‌ 1485 കിലോഗ്രാം കൊപ്ര ലഭിക്കും. ഇതിൽ നിന്ന്‌ 891 ലീറ്റർ വെളിച്ചെണ്ണയും അത്‌ ബ്രാൻഡ്‌ ലേബലിൽ വിൽക്കുമ്പോൾ 160380 രൂപയും ലഭിക്കും. ബാക്കി 535 കിലോഗ്രാം പിണ്ണാക്ക്‌ ലഭിക്കും. ഇതിന്‌ കിലോഗ്രാമിന്‌ 20 രൂപ നിരക്കിൽ വിൽക്കുമ്പോൾ 10,700 രൂപയും ലഭിക്കുന്നു. നാളികേരം പൊതിച്ചപ്പോൾ ലഭിച്ച 900 കിലോഗ്രാം തൊണ്ടിൽ പകുതിയോളം ഡ്രയറിൽ ഇന്ധനമായി
ഉപയോഗിച്ചു.ബാക്കി പകുതി ടണ്ണിന്‌ 6000 രൂപ നിരക്കിൽ വിൽക്കാനും സാധിക്കുന്നു. ഇനി അടുത്ത വരുമാന മേഖല നോക്കാം. ഒരു തേങ്ങയിൽ 200 മില്ലി എന്ന നിരക്കിൽ വെള്ളം ലഭിക്കും. ഇതിന്റെ 75 ശതമാനം വിനാഗിരി നിർമ്മാണത്തിന്‌ മാറ്റിവച്ചാൽ 1500 ലീറ്റർ ഇങ്ങനെ ഉപയോഗപ്പെടുത്താം. ഇപ്രകാരം നിർമ്മിക്കുന്ന വിനാഗിരി ലീറ്ററിന്‌ 80 രൂപ നിരക്കിൽ വിറ്റാൽ വരുമാനം 1,20,00 രൂപ. ഇനി നമുക്ക്‌ ഈ യൂണിറ്റിൽ നിന്നുള്ള ഒരു ദിവസത്തെ വരുമാനം
കണക്കാക്കാം.
അക്കങ്ങളിൽ കാണുന്ന പോലെ
അത്ര ലളിതമല്ല ഈ ഉത്പാദന യൂണിറ്റ്‌. തെഴിലാളികൾ കുറഞ്ഞത്‌ 20 പേരെങ്കിലും വേണം. അവർക്ക്‌ കൂലിയിനത്തിൽ 12000 രൂപ ചെലവുണ്ട്‌. ഉത്പ്പന്നങ്ങൽ വിൽക്കാൻ സമർത്ഥരായ മാർക്കററിംങ്ങ്‌ ജീവനക്കാരും ശൃംഖലയും വേണം. അതിന്‌ ദിവസം 5000 രൂപ ചെലവ്‌ എന്നു കരുതാം. വിനാഗിരിയുണ്ടാക്കുന്നതിന്‌ പഞ്ചസാര തുടങ്ങിയവയ്ക്ക്‌ ചെലവ്‌ 10,750 രൂപ.വൈദ്യുതി, പായ്ക്കിംങ്ങ്‌, തേയ്മാനം തുടങ്ങി മറ്റ്‌ ചെലവുകൾ എല്ലാം കൂടി ദിവസം 10,000 രൂപ വേറെയും. മൊത്തത്തിൽ 37750 രൂപ
എന്നു കണക്കാക്കാം. 4500 കിലോഗ്രാം നാളികേരത്തിൽ നിന്ന്‌ മൊത്തം വരവ്‌ 2,93,780 - 37750 = 2,56,060. ഒരു കിലോ നാളികേരത്തിനു ലഭിക്കുന്നത്‌ 56.9 രൂപ.(256060/4500 കിലോഗ്രാം).
നമ്മൾ വെളിച്ചെണ്ണ ലിറ്ററിന്‌ 145 രൂപ നിരക്കിൽ വിറ്റാൽ പോലും 50 രൂപ ഒരു കിലോ നാളികേരത്തിൽ നിന്ന്‌ കർഷകർക്ക്‌ ലഭിക്കും. ഇത്‌ കണക്കുകളുടെ കളിയാണ്‌, വിശ്വസിക്കാനാവില്ല എന്നു തോന്നിയേക്കാം. പക്ഷെ ഒരു കൊപ്രഡ്രയർ, വെളിച്ചെണ്ണ മില്ല്‌, വിനാഗിരി നിർമ്മാണ യൂണിറ്റ്‌ എന്നിവ ഉണ്ടെങ്കിൽ ഇതു നമുക്ക്‌ നേടാനാവും. ഇതിന്റെ പ്രധാന നേട്ടം വിവിധ നിർമ്മാണ യൂണിറ്റുകൾ ഒരുമിച്ച്‌ നാളികേരം എന്ന ഒറ്റ അസംസ്കൃത
വസ്തു ഉപയോഗിച്ച്‌ വൈവിധ്യമാർന്ന
ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നു എന്നതിലാണ്‌. ഒരു ചെറുകിട കർഷകന്‌ ഇത്‌ ഒരിക്കലും സങ്കൽപിക്കാനാവില്ല. ഏതെങ്കിലും സ്വകാര്യ സംരംഭകനെ ആശ്രയിച്ചാലും ഈ മികച്ച വില ലഭിക്കില്ല. കാരണം അതിൽനിന്നു കിട്ടുന്ന അധിക വില അയാൾ വീട്ടിൽ കൊണ്ടു പോകും.
മുകളിൽ നാം പറഞ്ഞ ഉദാഹരണത്തിൽ ദിവസം 10,000 നാളികേരം മാത്രമെ ഉപയോഗിക്കുന്നുള്ളു. അപ്പോൾ വാർഷിക സംഭരണം 3,00,000 നാളികേരം മാത്രം. പക്ഷെ നമുക്ക്‌ ഒരു കമ്പനിക്ക്‌ വർഷം എട്ടു കോടി നാളികേരമാണ്‌ ഉത്പാദനം. വെർജിൻ കോക്കനട്‌ ഓയിൽ, പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം, നാളികേര ചിപ്സ്‌, തേങ്ങ അച്ചാർ, തുടങ്ങി നമുക്ക്‌ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന നിരവധി മൂല്യവർധിത ഉത്പ്പന്നങ്ങൾ വേറെയും ഉണ്ട്‌. മൊത്തം സംഭരിക്കുന്ന നാളികേരത്തിന്റെ 25 ശതമാനം ഉപയോഗിച്ച്‌ മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ചാൽ, ആ കമ്പനിക്ക്‌ വെളിച്ചെണ്ണ വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഒരിക്കലും ഭയപ്പെടേണ്ടതില്ല.
ഇതുപോലെ തന്നെയാണ്‌ തെങ്ങിൽ നിന്ന്‌ ഉത്പ്പാദിപ്പിക്കുന്ന നീരയുടെ കാര്യവും. മൊത്തം തെങ്ങുകളിൽ ഒരു ശതമാനം (10000 തെങ്ങുകൾ) മാത്രം നീര ഉത്പാദിപ്പിക്കുന്നതിന്‌ നീക്കി വച്ചാൽ പ്രതിദിന ഉത്പാദനം ഏകദേശം 15,000 ലീറ്ററായിരിക്കും. ഇത്‌ ന്യായമായ വിലയ്ക്ക വിൽക്കാൻ സാധിച്ചാൽ ( ഇപ്പോഴത്തെ വില ലിറ്ററിന്‌ 125 രൂപയാണ്‌) ഒരു ദിവസത്തെ വരുമാനം 18,75,000 രൂപയായിരിക്കും. പക്ഷെ, അപ്പോഴും ഓർമ്മിക്കുക, ക്രിയത്മക നടപടികളിലേയ്ക്ക്‌ കടക്കാത്ത പക്ഷം അക്കങ്ങൾ അക്കങ്ങളായി മാത്രം നിൽക്കും. കമ്പനിയിലെ ഓരോ അംഗവും സജീവമായി പ്രവർത്തിച്ചാൽ മാത്രമെ ആ കമ്പനി വിജയലക്ഷ്യം നേടുകയുള്ളു. അതിന്‌ ഓരോ അംഗവും കഠിനമായി അധ്വാനിക്കേണ്ടതുണ്ട്‌. പൊതുവായ ലക്ഷ്യങ്ങൾ മുന്നിലുള്ളപ്പോൾ വ്യക്തിപരമായ ലക്ഷ്യങ്ങളെ മാറ്റി നിർത്തണം. ഒന്നിച്ച്‌ പ്രവർത്തനം തുടങ്ങുന്ന ആ നിമിഷം മുതൽ വിജയം നേടാൻ സാധിക്കും. അതു സംഭവിക്കുന്നില്ലെങ്കിൽ കർഷകർ ഇനിയും നാളികേരത്തിന്റെ വിലയെക്കുറിച്ചും വിപണിയിലെ ചാഞ്ചാട്ടങ്ങളെ കുറിച്ചും ഇടനിലക്കാരുടെ ചൂഷണത്തെ കുറിച്ചും വിലപിച്ചുകൊണ്ടെയിരിക്കും. അതിനു മാറ്റമുണ്ടാവില്ല.
വിജയത്തിലെത്താൻ ആദ്യം ചെയ്യേണ്ടത്‌, നമുക്ക്‌ അതു സാധിക്കും എന്നു
വിശ്വസിക്കലാണ്‌ - നിക്കോസ്‌ കസാന്തിസാക്കിസ്‌.

നീരയിലൂടെ തെളിയുന്ന നാളികേര മേഖലയുടെ ഭാവി


ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നമ്മുടെ നാട്ടിലെ തെങ്ങുകൃഷി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഉയർന്ന ഉൽപാദന ചെലവും കുറഞ്ഞ വരുമാനവുമാണ്‌. തെങ്ങിൽ നിന്നുള്ള വരുമാനം പരമാവധി ഉയർത്തുവാനുള്ള ഒരു മാർഗ്ഗം തെങ്ങു വെറും വെളിച്ചെണ്ണ മരമെന്നതിനുപരി, പ്രകൃദത്തമായ പോഷകസമൃദ്ധമായ, ഔഷധ ഗുണമുള്ള നീര ഉൽപാദിപ്പിക്കുന്ന പാനീയ വിളയായും, നീരയിൽ നിന്നു ആരോഗ്യദായകമായ പഞ്ചസാര ഉൽപാദിപ്പിക്കുന്ന പഞ്ചസാര വിളയായും പ്രയോജനപ്പെടുത്തുക എന്നതാണ്‌. തെങ്ങു കൃഷിചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഫിലപ്പീൻസിലും, ഇന്തോനേഷ്യലും ഇതിനകം തന്നെ നീരയും, അതിൽ നിന്ന്‌ ഉൽപാദിപ്പിക്കുന്ന തെങ്ങിൻ പഞ്ചസാരയും വ്യവസായികടിസ്ഥാന ഉൽപാദിപ്പിച്ച്‌ കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിതരുന്ന ഉൽപന്നമായി മാറികഴിഞ്ഞു. മത്സരാധിഷ്ടിതമായ ഇന്നത്തെ ചുറ്റുപാടിൽ തെങ്ങുകൃഷി ചെയ്യുന്ന മറ്റു രാജ്യങ്ങളുമായി മത്സരിച്ച്‌ നമ്മുടെ നാട്ടിലെ തെങ്ങുകൃഷിയെ ലാഭകരമായി നിലനിർത്തണമെങ്കിൽ കൽപ വൃക്ഷത്തിൽ നിന്നുള്ള നീരയും, അതിന്റെ അനുബന്ധ ഉൽപന്നങ്ങളും പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. നീരയെ ആകർഷകമാക്കുന്നത്‌ പ്രധാനമായും രണ്ടു കാര്യങ്ങളാണ്‌. ഒന്ന്‌ തെങ്ങിൽ നിന്നുള്ള വരുമാനം മനുഷ്യ ആരോഗ്യദായകമായ, പോഷകസമൃദ്ധമായ, ഔഷധഗുണമുള്ള പാനീയം.നല്ല പരിചരണ മുറകൾ കൊടുത്ത്‌ ആരോഗ്യത്തോടെ വളരുന്ന ഒരു തെങ്ങിന്റെ 6 പൂക്കുലകൾ വരെ ഒരു വർഷം ചെത്തി നീര ഉൽപാദിക്കാൻ ഉപയോഗിക്കാം. ഒരു പൂക്കുലയിൽ നിന്ന്‌ 50 ലിറ്റർ നീര ലഭിക്കും. ഇപ്രകാരം 6 പൂക്കുലകളിൽ നിന്നു 300 ലി നീര ലഭിക്കും. ഒരു ലിറ്റർ നീരയ്ക്ക്‌ 50 രൂപാ നിരക്കിൽ കർഷകന്‌ ലഭിച്ചാൽ ഒരു തെങ്ങിൽ നിന്ന്‌ 9,000 രൂപ വരെ ലഭിക്കും. എന്നാൽ ഈ ആറു കുലകൾ വളർന്ന്‌ നാളികേരമോ, കരിക്കോ ആകാൻ അനുവദിച്ചാൽ കർഷകന്‌ ഏകദേശം 600 നാളികേരമാണ്‌ ലഭിക്കുക. അതിന്‌ ഇന്നത്തെ വിലയനുസരിച്ച്‌ ഒരു തേങ്ങായ്ക്ക്‌ 15 രൂപാ നിരക്കിൽ ലഭിക്കുക 900 രൂപയും. ഇതാണ്‌ നീര ഉൽപാദനത്തിൽ നിന്നുള്ള വരുമാനവും, നാളികേരഉദ്പാദനവും തമ്മിലുള്ള വരുമാന വ്യത്യാസം.
ഈ സാഹചര്യത്തിൽ നീരയുടെ ഔഷധ ഗുണങ്ങൾ സംബന്ധിച്ച ബോധവത്ക്കരണവും ആരോഗ്യദായകപാനീയമെന്ന നിലയിലുള്ള അതിന്റെ പ്രചാരണവും നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. വിരിയാത്ത തെങ്ങിൻ പൂങ്കുലയിൽ നിന്നും ചെത്തി എടുക്കുന്ന, മദ്യത്തിന്റെ അംശം ഇല്ലാത്ത പോഷകസമൃദ്ധമായ പ്രകൃതിദത്ത പാനീയമാണ്‌ നീര. മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന അമിനോ അമ്ലങ്ങളുടെയും വിറ്റാമിൻ, കാത്സ്യം,
ഇരുമ്പ്‌, പൊട്ടാസ്യം, സിങ്ക്‌, ഫോസ്ഫറസ്‌ തുടങ്ങിയ ധാതു ലവണങ്ങളുടെയും കലവറയാണിത്‌. കൂടാതെ പ്രോട്ടീൻ നിർമ്മാണത്തിനാവശ്യമായ ഗ്ലൂട്ടാമിക്‌ അമ്ലവും ഉയർന്ന അളവിൽ നീരയിൽ അടങ്ങിയിരിക്കുന്നു.
നീരയുടെ ഔഷധഗുണങ്ങൾ മനസ്സിലാക്കി, പല ആയൂർവ്വേദ മരുന്നുകളിലും നീരയിൽ നിന്നു ഉൽപാദിപ്പിക്കുന്ന തെങ്ങിൻ ചക്കര പണ്ടേ ഉപയോഗിച്ചിരുന്നു. കൊഴുപ്പും, കൊളസ്ട്രോളും ഇല്ല എന്നതും, കുറഞ്ഞ ഗ്ലൈസമിക്സ്‌ ഇൻഡക്സും നീരയെ പ്രമേഹരോഗികൾക്കു കൂടി ഉപയോഗപ്രദമായ പാനീയമാക്കുന്നു. നീരയുടെ ജി.ഐ 35 ആണ്‌. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു പഞ്ചസാര ദഹിച്ച്‌ രക്തത്തിൽ ചേരുന്നതിന്റെ തോത്‌ ആണ്‌ ജി.ഐ. നീരയിൽ 14.40 ശതമാനം പഞ്ചസാര അടങ്ങിയിരിക്കുന്നു. എന്നാൽ ഈ പഞ്ചസാരയുടെ പ്രത്യേകത സാധാരണ പഞ്ചസാരയെക്കാൾ അതായത്‌ കരിമ്പിൽ നിന്ന്‌ ഉൽപാദിപ്പിക്കുന്ന പഞ്ചസാരയേക്കാൾ കുറഞ്ഞ ജി.ഐ ആണുള്ളത്‌ എന്നതാണ്‌. കരിമ്പിൽ നിന്നു ഉൽപാദിപ്പിക്കുന്ന പഞ്ചസാരയ്ക്ക്‌ ജി.ഐ 75 ഉള്ളപ്പോൾ നീരയുടേത്‌ 35 മാത്രമാണ്‌. അതായത്‌ നീര കഴിക്കുമ്പോൾ അതിൽ നിന്നുള്ള പഞ്ചസാര ദഹിച്ചും രക്തത്തിലേയ്ക്ക്‌ കലരുന്നതിന്റെ അളവ്‌ സാധാരണ പഞ്ചസാരയേക്കാൾ വളരെ കുറവായിരിക്കും. പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഗ്ലൈസെമിക്‌ ഇൻഡക്സ്‌ കുറഞ്ഞ നീരയും, അതിൽ നിന്നുൽപാദിപ്പിക്കുന്ന പഞ്ചസാരയും പ്രമേഹരോഗികൾക്ക്‌ കഴിക്കാവുന്ന ആരോഗ്യദായക ഭക്ഷ്യോൽപന്നമായി വരും കാലങ്ങളിൽ ഭക്ഷ്യമേഖലയിൽ സ്ഥാനം പിടിക്കും.
കരിക്കിൻ വെള്ളം പോലെത്തന്നെ നീരയും മൂത്രതടസ്സത്തിനും, മൂത്രാശയരോഗങ്ങൾക്കും ഒരു ഔഷധമായി കരുതപ്പെടുന്നു. കൂടാതെ ശരീരത്തിലെ ജലാംശം നഷ്ടപെടുന്നത്‌ തടയാൻ ഏറ്റവും ഉത്തമമായ ശീതളപാനീയമാണ്‌ നീര. അമിതമായ വയറിളക്കം മൂലം ശരീരത്തിൽ
നിന്നുള്ള ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയിൽ നീര കുടിക്കുന്നത്‌ ഏറ്റവും
ഫലപ്രദമാണ്‌. മലബന്ധം തടയാനും
മലശോധന സുഗമമാക്കാനുമുള്ള പാനീയമാണ്‌ നീര. അതിനാൽ പെയിൽസ്‌ രോഗികൾക്കും ഇത്‌ ഫലപ്രദമെന്ന്‌ പറയപ്പെടുന്നു. അസ്ത്മ, ക്ഷയം, ശ്വാസംമുട്ടൽ എന്നീ രോഗങ്ങൾക്ക്‌ ഔഷധമായും ഇത്‌ ശുപാർശചെയ്യപ്പെടുന്നു.
ഗർഭിണികൾ നീരകഴിക്കുന്നത്‌ മൂലം കുട്ടികൾക്ക്‌ നല്ല നിറവും ആരോഗ്യവും കിട്ടുമെന്ന്‌ വിശ്വാസമുണ്ട്‌. സമ്പൂർണ്ണ ആരോഗ്യപാനീയമായ നീര, വിറ്റാമിൻ, ഇരുമ്പ്‌ എന്നിവയുടെ അഭാവം പരിഹരിക്കുന്നതിനുള്ള ഫുഡ്‌ സപ്ലിമന്റായും ശുപാർശ ചെയ്യപ്പെടുന്നു. നീരയുടെ വിവിധങ്ങളായ ഔഷധ ഗുണങ്ങൾ കണക്കാക്കി കരളിന്റെ ടോണിക്ക്‌ എന്നും നീരയെ വിശേഷിപ്പിക്കുന്നു. നേത്രരോഗികൾക്കും, എക്സിമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്ന ഇനോസിറ്റോൾ ധാരാളമായി നീരയിൽ അടങ്ങിയിരിക്കുന്നു.
ആരോഗ്യപാനീയമെന്നതിനുപരി പാം ഷുഗർ, പാം ജാഗറി, കോക്കനട്ട്‌ ജാഗറി, സിറപ്പ്‌ (ദ്രവരൂപത്തിലുള്ള ശർക്കര),
നീരഹണി, നീര ബിസ്ക്കറ്റ്‌, നീര മിഠായികൾ, നീരകേക്ക്‌ തുടങ്ങിയ മൂല്യവർദ്ധിത ഭക്ഷ്യോൽപന്നങ്ങൾ ഉണ്ടാക്കുന്നതിനും നീര ഉപയോഗിച്ചുവരുന്നു. ഇവയെല്ലാം പോഷക സമൃദ്ധവും, ആരോഗ്യദായകവുമായ ഉൽപന്നങ്ങളാണ്‌.
നീര സംസ്ക്കരിച്ചെടുക്കുന്ന പഞ്ചസാരയും ശർക്കരയും മധുരം പ്രദാനം ചെയ്യുന്ന പ്രകൃതിദത്തമായ ഉത്പ്പന്നങ്ങളാണ്‌. ദ്രവരൂപത്തിലുള്ള കോക്കനട്ട്‌ ജാഗറി സിറപ്പിൽ പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്‌, ഇരുമ്പ്‌ എന്നീ മൂലകങ്ങളും മനുഷ്യന്‌ ആവശ്യം വേണ്ട പല അമിനോ അമ്ലങ്ങളും, വിറ്റാമിൻ, ബി കോപ്ലക്സ്‌ (ബി 1 ബി 2, ബി 3 & ബി 6) ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ഉൽപന്നം കരിമ്പിൻ പഞ്ചാരയെക്കാൾ വളരെ മേന്മയേറിയതാണ്‌.
ഗ്രാമപ്രദേശങ്ങളിലെ കേരോൽപാദന സമിതികൾക്ക്‌ വലിയ മുതൽ മുടക്കില്ലാതെ നീരസംസ്ക്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ച്‌ സമീപത്തുള്ള നഗരങ്ങളിലെ കടകളിൽ സ്ഥിരമായി നീരയും മറ്റു മൂല്യവർദ്ധിത ഉൽപന്നങ്ങളും വിതരണം ചെയ്യുന്ന രീതി വികസിപ്പിച്ചെടുക്കാം. വേനൽക്കാലമായ ഡിസംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലുണ്ടാവുന്ന ശീതള പാനീയത്തിന്റെ വർദ്ധിച്ച ആവശ്യം നീരയിലൂടെ നിറവേറ്റാൻ ഈ രീതിക്കു കഴിയും. നീര ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ പ്രമേഹരോഗികൾക്ക്‌ കഴിക്കാവുന്നതാണ്‌. നാളീകേര വികസന ബോർഡിന്റെ മേൽ നോട്ടത്തിൽ തിരുകൊച്ചി നാളികേര ഉത്പാദനകമ്പനി നീരയിൽനിന്ന്‌ ഉണ്ടാക്കുന്ന ദ്രവരൂപത്തിലുള്ള സിറപ്പുപയോഗിച്ച്‌ പ്രമേഹ രോഗികൾക്ക്‌ കഴിക്കാവുന്ന കേക്ക്‌ വിപണിയിലിറക്കിയിരിക്കുന്നു. ക്രിസ്തുമസ്‌ പുതുവത്സര കാലത്ത്‌ ജി.ഐ കുറഞ്ഞ ഇത്തരം കേക്ക്‌ ധാരാളമായി നിർമ്മിച്ച്‌ വിപണിലെത്തിക്കുന്നതാണ്‌.
ചുരുക്കത്തിൽ വളരെയധികം പോഷക ഔഷധഗുണങ്ങൾ അടങ്ങിയ പ്രകൃതി ദത്തമായ വിശിഷ്ട പാനീയമാണ്‌ നീര. ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ച്‌ കൂടുതൽ വിശദപഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. നീര കൂടുതലായി പ്രചാരത്തിലായാൽ അതിന്റെ നേട്ടം, കേരകർഷകർക്ക്‌ മാത്രമല്ല മനുഷ്യരാശിക്കു മുഴുവനാണ്‌.

കേരളത്തെ നമുക്ക്‌ വീണ്ടും കേര കേദാര ഭൂമിയാക്കാം


ഡോ.ഡി.ബാബു പോൾ ഐ.എ.എസ്‌,
ചീഫ്‌ സെക്രട്ടറി(റിട്ടയേഡ്‌), ചീരത്തോട്ടം, തിരുവനന്തപുരം

കേരളത്തിൽ ജനിച്ചു വളർന്ന ഒരാളെ സംബന്ധിച്ചിടത്തോളം തെങ്ങും തേങ്ങയും അപരിച്ചതമാകുക അസാധ്യമാണ്‌. മൂന്നു സെന്റ്‌ മാത്രമുള്ള ഒരു വളപ്പിലാണ്‌
കുടിൽ എങ്കിൽ പോലും അതിൽ ആ കുടിലിനോടു ചേർന്ന്‌ ഒരു തെങ്ങ്‌ എങ്കിലും ഉണ്ടാവുക എന്നതായിരുന്നു നമ്മുടെ സമ്പ്രദായം. അതിന്‌ അടുത്തകാലത്തായി മാറ്റം വന്നിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. ഒരു നൂറ്റാണ്ടിനപ്പുറത്ത്‌ കേരളത്തിലെ തെങ്ങുകളെ ബാധിച്ച രോഗമായിരിക്കാം ഒരു കാരണം. അത്‌ ഒരു തലമുറയുടെ ബോധമനസിനെയും അന്നത്തെ ഇളം തലമുറയുടെ അബോധ മനസിനെയും ബാധിച്ചിട്ടുണ്ടാവാം. സ്വാഭാവികമായി തെങ്ങിനോട്‌ ഒരു ഭയമോ അപരിചിതത്വമോ ഒക്കെ
ഇന്ന്‌ പ്രായപൂർത്തി എത്തിയ തലമുറയ്ക്ക്‌ തോന്നിയിട്ടുണ്ടാവാം. തെങ്ങ്‌ എല്ലാ
പറമ്പുകളിലും ഉണ്ടാകുമെന്നും ഒരൊറ്റ തെങ്ങു മാത്രമാണെങ്കിൽ പോലും അതു
പരിരക്ഷിക്കാനും ആദായകരമായി പ്രയോജനപ്പെടുത്താനും സാധിക്കും എന്നും
മറ്റുമുള്ള ധാരണകൾ ഉണ്ടായിരുന്നതിനാലാവം കാർഷിക പരിഷ്കരണം വന്നപ്പോൾ ഒരു പ്ലാന്റേഷൻ വിളയായി കരുതി തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കണം
എന്ന്‌ ആർക്കും തോന്നാതിരുന്നത്‌.
തെങ്ങിനെ ഒരു തോട്ടവിളയായി കരുതി, തെങ്ങു മാത്രമായി അല്ലെങ്കിൽ തെങ്ങു ഉൾപ്പെടെയുള്ള തോട്ടവിളകൾ മാത്രമായി കൃഷി ചെയ്യുന്ന കൃഷിയിടങ്ങളെ ഭൂപരിധിയുടെയും നികുതി നിയമങ്ങളിൽ നിന്ന്‌ ഒഴിവാക്കിയിരുന്നെങ്കിൽ കുറെയെങ്കിലും തെങ്ങു കൃഷി വർധിക്കുമായിരുന്നു എന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അന്നത്തെ സാഹചര്യം അനുസരിച്ചാണ്‌ അന്ന്‌ തീരുമാനങ്ങളെടുത്തത്‌ എന്ന്‌ ആശ്വസിക്കുക മാത്രമാണ്‌ ഇപ്പോൾ കരണീയം. നമ്മുടെ ഭൂപരിഷ്കരണ നിയമം അതിന്റെ ലക്ഷ്യം നേടിയില്ല എന്നുള്ളത്‌ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്‌.
അതിന്റെ പ്രഖ്യാപിത ലക്ഷ്യം കൃഷിക്കാരന്‌ ഉടമസ്ഥാവകാശം നൽകിക്കൊണ്ട്‌ ഉത്പാദനം വർധിപ്പിക്കുക എന്നുള്ളതായിരുന്നു. വാസ്തവത്തിൽ അന്ന്‌ ജന്മിമാരെ ഒഴിവാക്കുകയും കുടിയാന്മാരെയും പാട്ടക്കാരെയും കൃഷിക്കാരായി കണക്കാക്കി
അവർക്ക്‌ അവകാശം നൽകുകയും ചെയ്യുകയാണുണ്ടായത്‌. മണ്ണിൽ വിയർപ്പൊഴുക്കി പണിയെടുക്കുന്ന കർഷക തൊഴിലാളികളുടെ കാര്യം നാം മറന്നു. ജന്മാവകാശമുള്ള തറവാടുകളിൽ നിന്ന്‌ ധരാളം ഭൂമി പാട്ടത്തിനെടുത്ത്‌ നാട്ടിൽ മുതലാളിമാരായി കഴിഞ്ഞിരുന്ന ആളുകൾക്ക്‌ ആ ഭൂമിയിലുള്ള അവകാശം ഉറപ്പിച്ച്‌ കൊടുക്കുന്നതായിരുന്നു നമ്മുടെ ഭൂപരിഷ്കരണം. അതിനു പകരം സ്വന്തം മണ്ണിൽ
അധ്വാനിച്ചിരുന്ന, കഷ്ടപ്പെട്ടിരുന്ന, വിയർപ്പൊഴുക്കിയിരുന്ന ചെറുകിട കർഷകർക്കായിരുന്നു പ്രാധാന്യം നൽകേണ്ടിയിരുന്നത്‌. അന്ന്‌ അത്‌ ഉണ്ടായില്ല. ഉണ്ടാകാതിരുന്നതിനു കാരണം വലതു പക്ഷത്തിലായാലും ഇടതു പക്ഷത്തിലായാലും അന്നത്തെ വർണ സമ്പ്രദായത്തിൽ, ഈഴവരിൽ താഴേയുള്ള ആരും കാര്യമായി ഭരണമേഖലയിൽ പ്രതിനിധീകരിക്കപ്പെട്ടിരുന്നില്ല എന്നതാണ്‌. ദളിത്‌ വിഭാഗത്തിൽ പെട്ടവരാകട്ടെ, മൂന്നും അഞ്ചും പത്തും സെന്റുകൾ വീതം കിട്ടിയപ്പോൾ തമ്പുരാൻ പണ്ടു മുറിച്ചുകൊണ്ടു പോയ ഞാലിപ്പൂവന്റെ സ്വാദോർത്ത്‌ വെള്ളമിറക്കി കഴിയുന്നതിനെക്കാൾ ഭേദം എന്ന്‌ ചിന്തിച്ച്‌, കിട്ടിയത്‌ വലിയ കാര്യം എന്നു കരുതുകയും ചെയ്തു. അവരുടെ അനന്തര തലമുറകൾക്ക്‌ ഉണ്ടായ നിരാശയിൽ
നിന്നാണ്‌ ചെങ്ങറ പോലുള്ള ഭൂസമരങ്ങൾ ഉണ്ടാകുന്നത്‌. സത്യത്തിൽ പിടി ചാക്കോയും കെആർ ഗൗരിയും ഒക്കെ യഥാർത്ഥ കർഷകരെ അവഗണിക്കുകയായിരുന്നു
എന്നാണ്‌ ചരിത്രം എനിക്കു പറഞ്ഞു
തരുന്നത്‌.
ഇതോടൊപ്പം പറയാനുള്ള മറ്റൊരു സംഗതി, ഉത്പാദനം വർധിപ്പിക്കുക എന്നുള്ള ലക്ഷ്യം പരാജയപ്പെട്ടു എങ്കിൽ പോലും, ഒരു വലിയ സോഷ്യൽ എൻജിനിയറിംങ്ങാണ്‌ ഭൂപരിഷ്കരണം വഴി നാം സാധിച്ചെടുത്തത്‌ എന്നു പറയാതെ വയ്യ.
അടിയാളനായി മാത്രം കഴിയാൻ വിധിക്കപ്പെട്ട അതിസാധാരണരായ മനുഷ്യർക്ക്‌ നെഞ്ചു വിരിച്ചും തല ഉയർത്തിയും അതുവരെ യജമാനൻ എന്നും തമ്പുരാൻ എന്നും വിളിച്ചിരുന്നവരെ അങ്ങനെയല്ലാതെ അഭിസംബോധന ചെയ്യാനുള്ള ആത്മാഭിമാനം വളർത്തിക്കൊടുത്തത്‌ ഈ നാട്ടിലെ കാർഷിക പരിഷ്കരണമാണ്‌. അതുകൊണ്ട്‌ കാർഷിക പരിഷ്കരണങ്ങൾ ഇവിടെ ഒന്നും നേടിയില്ല എന്നും പറയാനാവില്ല. സാമ്പത്തിക ലക്ഷ്യങ്ങളെക്കാൾ സാമൂഹിക ലക്ഷ്യമാണ്‌ സാധിത പ്രായമായത്‌ എന്നാണ്‌ നാം തിരിച്ചറിയേണ്ടത്‌. ഇന്നിപ്പോൾ ഹൈപ്പോതെറ്റിക്കൽ എന്നു പറഞ്ഞേക്കാമെങ്കിലും ആലോചനാമൃതമായ ഒരു വിഷയമാണ്‌ തോട്ടം മേഖല നമ്മുടെ മുമ്പാകെ തുറന്ന്‌ വയ്ക്കുന്നത്‌. തോട്ടങ്ങളിൽ ആദ്യ കാലത്ത്‌ ഉടമസ്ഥരായ മുതലാളിമാരും തൊഴിലാളിമാരെ കൊണ്ടു വരുന്ന കങ്കാണിമാരും പണിയെടുക്കുന്ന തൊഴിലാളികളുമായിരുന്നു ഘടകങ്ങൾ. എന്നാൽ അവിടെ അധികം വൈകാതെ തന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ബലം കൊണ്ട്‌, ഇടനിലക്കാർ പുറത്തായി. തൊഴിലാളിയും മുതലാളിയും മാത്രമുള്ള ഒരു അവസ്ഥ, കാർഷിക മേഖലയിൽ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നത്‌ ചിന്തിക്കാൻ കൗതുകമുള്ള ഒരു വിഷയമാണ്‌. അപ്പോൾ ഇഎംഏശിനെ പോലുള്ള ജന്മിമാരും അവരുടെ കൃഷിയിടങ്ങളിൽ പണിയെടുത്തിരുന്ന തൊഴിലാളികളുമല്ലാതെ ജന്മിയിൽ നിന്ന്‌ പാട്ടത്തിനെടുക്കുകയും തെഴിലാളിക്ക്‌ തുഛമായ കൂലി കൊടുത്ത്‌ ലാഭമുണ്ടാക്കുകയും കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം ജന്മിക്ക്‌ നൽകി സ്വയം ധനികനാവുകയും ചെയ്യുന്ന ഇടനിലക്കാരൻ ഉണ്ടാകുമായിരുന്നില്ല. അതൊന്നും ഇനി ആലോചിക്കേണ്ട വിഷയമല്ല.
ഭൂവിനിയോഗത്തെ കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പാദങ്ങളിൽ നമുക്കുണ്ടായിരുന്ന കാർഷിക സങ്കൽപങ്ങളിൽ നിന്നു വ്യത്യസ്ഥമാകേണ്ടതുണ്ട്‌ എന്നു മാത്രം കരുതിയാൽ മതി. ഏതായാലും നാളികേര കൃഷിയെ പ്രത്യേകമായി സംരക്ഷിക്കാനുള്ള സന്ദർഭം അക്കാലത്ത്‌ നമ്മുടെ ശ്രദ്ധയിൽ പെട്ടില്ല എന്നു ചുരുക്കം.
ഇനി ഇപ്പോൾ നാളികേര മേഖലയെ സംരക്ഷിക്കാൻ നാം എത്രത്തോളം ഉത്സാഹിക്കേണ്ടതുണ്ട്‌ എന്നതാണ്‌ ചോദ്യം.
നമ്മുടെ സംസ്കാരത്തിൽ നാഗരികതയുടെ കടന്നുകയറ്റം മൂലം നാട്ടിൻ പുറങ്ങളിൽ പോലും ഫ്ലാറ്റ്‌ സമുച്ചയങ്ങൾ വരുന്ന അവസ്ഥ ആയിട്ടുണ്ട്‌. ഇവിടെ നാളികേര കർഷകരുടെ വംശം തന്നെ അനുദിനം കുറഞ്ഞു വരികയാണ്‌ എന്നു പറയാം. അടിസ്ഥാനപരമായി കേരളത്തെ വീണ്ടും ഒരു നാളികേര ഭൂമിയാക്കി മാറ്റുന്നതിന്‌ എന്തു ചെയ്യണം എന്നു തീരുമാനിക്കേണ്ടത്‌ മലയാളിതന്നെയാണ്‌. ഇവിടുത്തെ കർഷകരാണ്‌. അത്തരത്തിലൊരു ലക്ഷ്യം നമുക്ക്‌ ഉണ്ടെങ്കിൽ മാത്രമെ, അതിന്റെ ഇതര വശങ്ങളെ കുറിച്ച്‌ ആലോചിക്കേണ്ടതുള്ളു. മലയാളിക്ക്‌ തെങ്ങിനോടുള്ള സ്നേഹം ഒരു സർക്കാരിന്റെയും പ്രേരണകൊണ്ട്‌ ഉണ്ടാകുന്നതല്ല. ഞാൻ താമസിക്കുന്ന
നഗര മധ്യത്തിലെ എന്റെ പതിനഞ്ചു സെന്റു ഭൂമിയിൽ പോലും മൂന്നു നാലു തെങ്ങുകളുണ്ട്‌. എന്നെ പോലെയുള്ള ആളുകൾക്ക്‌ ഒരു തെങ്ങിൻതോപ്പ്‌ പരിപാലിക്കുക എന്ന ലക്ഷ്യമൊന്നും ഉണ്ടാവില്ല. എന്നാൽ എനിക്ക്‌ വേറെ എൺപതു സെന്റ്‌ ഭൂമികൂടിയുണ്ട്‌. അതിൽ കുറെ
തെങ്ങുകളും ഉണ്ട്‌. പക്ഷെ ആ തെങ്ങുകളെ ഒരു വരുമാനമാർഗ്ഗമായി ഞാൻ കാണുന്നില്ല. അത്‌, ആ തെങ്ങുകൾക്കുവേണ്ടി ഞാൻ ചെലവിടുന്ന അധ്വാനത്തിനോ ജോലിക്കോ ആനുപാതികമായി അവയിൽ നിന്ന്‌ എനിക്ക്‌ ലാഭം കിട്ടുമോ എന്ന്‌ ഉറപ്പില്ലാത്തതുകൊണ്ടാണ്‌. എന്നാൽ അതിൽ ഒന്നും ചെയ്യാതിരിക്കുന്നുമില്ല. അത്യാവശ്യത്തിന്‌ വളം നൽകും, വേനലിൽ
വെള്ളം നനയ്ക്കും. കരിക്കിന്‌ ആവശ്യക്കാർ വന്നാൽ കരിക്കു വെട്ടും. അല്ലാത്തപ്പോൾ വിളവെടുപ്പ്‌ പാകമായ നാളികേരം തന്നെ. എന്നാൽ എന്നെപ്പോലൊരാൾക്ക്‌ ആ എൺപതു സെന്റിൽ റബർ ആയിരുന്നുവേങ്കിൽ (കഴിഞ്ഞ വർഷത്തെ വിലവച്ചു നോക്കുമ്പോൾ) കൂടുതൽ ഉന്മേഷത്തോടെ ആ കൃഷിയിൽ ഏർപ്പെടുമായിരുന്നു.
എന്നാൽ എൺപതു സെന്റിലെ തെങ്ങു നൽകുന്ന വരുമാനത്തെ, കിട്ടുന്നതു
ലാഭം എന്നു കരുതി സ്വീകരിച്ചു പോരുന്ന മനസിൽ നിന്ന്‌, റബർ നൽകുന്ന
മോഹ ആദായത്തിന്റെ വഴി ആരായുന്ന മനസിലേയ്ക്കുള്ള യാത്രയാണ്‌ ഇനി നാളികേര ബോർഡും മലയാളികളും നടത്തേണ്ടത്‌ എന്ന്‌ എനിക്കു തോന്നുന്നു. നാളികേരത്തെ അടിസ്ഥാനപരമായി ഒരു വരുമാനമാർഗ്ഗമെന്ന നിലയിൽ ശരാശരി മലയാളി ഇന്നും കാണുന്നില്ല. അത്തരത്തിലൊരു മനസ്‌ ഉണ്ടാക്കിയെടുക്കാനാണ്‌ നാളികേര ബോർഡ്‌ ശ്രമിക്കേണ്ടത്‌. അതിനുള്ള സമ്പർക്ക മാധ്യമ പ്രവർത്തനങ്ങൾ
ഇപ്പോൾ നാളികേരം കൃഷി ചെയ്യുന്ന കൃഷിക്കാർക്കിടയിൽ നടത്തണം. ഒപ്പം കേരളത്തിലെ പൊതു സമൂഹത്തിലും ഉണ്ടാകണം. ഇന്നിപ്പോൾ കേരളീയ ജനതയുടെ ചെറിയ ഒരു പങ്ക്‌ മാത്രമാണ്‌ നാളികേരത്തെ കുറിച്ച്‌ കരുതലുള്ളവർ. അത്‌ ചരിത്രപരമായ കാരണങ്ങൾ കൊണ്ട്‌ സംഭവിച്ചതാണ്‌ എന്നു ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ. അവിടെ നിന്നുള്ള ഒരു തിരിച്ചു വരവാണ്‌ ഇനി നമുക്ക്‌ ആവശ്യമായിരിക്കുന്നത്‌.
എന്റെ ബാല്യകാല സ്മരണകളിൽ നിറയെ തെങ്ങും നാളികേരവുമാണ്‌. നാട്ടിൻ പുറത്തെ ഞങ്ങളുടെ പുരയിടത്തിൽ നിറയെ തെങ്ങുകളായിരുന്നു. അന്ന്‌ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ഞങ്ങളുടെ
അച്ഛനാണ്‌ ആ തെങ്ങുകളത്രയും നട്ടു വളർത്തിയത്‌. അധികം ഭൂസ്വത്തൊന്നും
ഞങ്ങൾക്ക്‌ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ കേരളത്തിലെ ഐഎഎസ്കാരിൽ ഏറ്റവും കുറച്ച്‌ ഭൂസ്വത്ത്‌ ഉണ്ടായിരുന്നവരുടെ കൂട്ടത്തിലാണ്‌ എന്റെയും എന്റെ അനുജന്റെയും സ്ഥാനം. ഞങ്ങളുടെ അച്ഛൻ നാളികേര കൃഷി ആരംഭിക്കാൻ തീരുമാനിച്ച സമയത്ത്‌ ആദ്യം ചെയ്തത്‌ ഇന്നത്തെ നാളികേര ബോർഡിന്റെ മുൻഗാമിയായി എറണാകുളത്ത്‌ ഉണ്ടായിരുന്ന നാളികേര
ഡയറക്ടറേറ്റിൽ പോയി. അന്ന്‌ അവർക്ക്‌ ഒരു മാസിക ഉണ്ടായിരുന്നു. ഇന്നത്തെ നാളികേര ജേണലിന്റെ ആദ്യ രൂപം. അതൊക്കെ വാങ്ങി, അതിൽ പ്രകാരമായിരുന്നു അച്ഛന്റെ തെങ്ങു കൃഷി. ചെയ്യുന്ന കൃഷി ശാസ്ത്രീയമായിരിക്കണം എന്ന്‌ അച്ഛന്‌ തോന്നിയത്‌ അദ്ദേഹം വിദ്യാസമ്പന്നൻ ആയിരുന്നതു കൊണ്ടാണ്‌. ശാസ്ത്രീയ പരിപാലനം നിർബന്ധമായും ആവശ്യമുള്ള വിളയാണ്‌ തെങ്ങ്‌. ഇന്ന്‌ നാളികേര കൃഷി പ്രധാന ജീവിത വ്യവഹാരമായി സ്വീകരിക്കുന്ന എല്ലാ ആളുകളും ഒരു പക്ഷെ ഈ വിളയുടെ ശാസ്ത്രീയമായ പരിപാലന മുറകൾ അനുവർത്തിക്കുന്നുണ്ടാവണം.
എന്നാലും ആ സമ്പ്രദായം കൂടുതൽ കാര്യക്ഷമവും വ്യാപകവുമാകേണ്ടതുണ്ട്‌.
ജനാധിപത്യ ഭരണ വികേന്ദ്രീകരണത്തിന്റെ ഫലമായി സർക്കാരും ജനങ്ങളും
തമ്മിലുള്ള ഇന്റർഫേസ്‌ വളരെ മാറിക്കഴിഞ്ഞു. നാളികേര വികസന ബോർഡിന്റെ ഇപ്പോഴത്തെ ചെയർമാൻ ശ്രീ.ടി.കെ ജോസിനെപ്പോലുള്ളവർ മുൻകൈ എടുത്തു പ്രചരിപ്പിച്ച കുടുംബശ്രീ എന്ന വടവൃക്ഷം ഇന്നു കേരളത്തിന്റെ നിർവചനത്തിന്റെ ഭാഗമായിരിക്കുന്നു. ഈ രണ്ടു സാധ്യതകളെയും പ്രയോജനപ്പെടുത്തി നാളികേര കൃഷിയുടെ അവസ്ഥ മെച്ചപ്പെടുത്താൻ സാധിക്കും എന്നാണ്‌ എനിക്കു തോന്നുന്നത്‌. ജനങ്ങളുടെ സഹകരണത്തോടെ അവരുടെ സ്വാശ്രയ ബോധത്തിൽ ഊന്നിയ കാർഷിക പ്രവർത്തനങ്ങൾ, ഗവണ്‍മന്റിൽ നിന്നുള്ള ബൗദ്ധികവും സാമ്പത്തികവുമായ സഹായങ്ങൾ, ഇവ എത്തിച്ചു കൊടുക്കാനുള്ള ഉപാധികൾ ഇവെയല്ലാം ഒത്തു ചേർന്നു വരുമ്പോൾ നാളികേരത്തിന്‌ കേരളത്തെ നിർവചിക്കാൻ വീണ്ടും കഴിയുമെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. നാളികേരത്തിന്റെ നാട്‌ കഴിഞ്ഞ കുറെ വർഷങ്ങളായി റബറിന്റെ നാടിയിട്ടാണല്ലോ ഖ്യാതി നേടിയിരിക്കുന്നത്‌. റബറിനെ മാറ്റി നിർത്തി തൽസ്ഥാനത്ത്‌ നാളികേരത്തെ പുനസ്ഥാപിക്കാൻ കഴിയുമെന്ന്‌ ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും, റബർ വികസിച്ച വഴികളിൽ നിന്നു നമുക്ക്‌ പാഠങ്ങൾ ഉൾക്കൊള്ളേണ്ടതായിട്ടുണ്ട്‌. പ്രത്യേകിച്ച്‌ സംഭരണത്തിലും വിപണനത്തിലും ഈ പാഠങ്ങൾ ചേർത്തു വച്ചാൽ മുമ്പോട്ടു പോകാനുള്ള വഴി നാളികേരമേഖലയിലും തെളിഞ്ഞു വരുമെന്നാണ്‌ എന്റെ പ്രതീക്ഷ.
നാളികേര കൃഷിയുമായി നേരിട്ട്‌ അത്ര ബന്ധമുള്ള ആളല്ല ഞാൻ. സർവീസിൽ നിന്നു വിരമിച്ചിട്ട്‌ പതിമൂന്നു വർഷമായി. പക്ഷെ, ചെറുപ്പത്തിൽ ഞങ്ങളുടെ പുരയിടത്തിലെ തെങ്ങിൻ തൈകൾ നനച്ചിരുന്നത്‌ ഞാനായിരുന്നു. ആ ഓർമ്മകൾ ഇപ്പോഴും എനിക്കു കളിക്കൂട്ടുകാരാണ്‌. ആദ്യ വർഷത്തിൽ കിട്ടുന്ന വെള്ളമത്രയും ശേഖരിച്ചുവച്ച്‌ തന്നെ ശുശ്രൂഷിക്കുന്നവർക്ക്‌ പ്രതിഫലം നൽകാൻ മറക്കാത്ത കേരവൃക്ഷത്തെ കുറിച്ച്‌ ഭർത്തൃഹരി എഴുതിയ ശ്ലോകവും എനിക്ക്‌ ഓർമ്മയുണ്ട്‌.
പ്രഥമവർഷത്തി തോയമൽപം സ്മര:
ശിരസി നിഹിത ഭാര: നാളികേരാ:
ദദ്യുതാരാജീവനാന്തം നഹികൃത
മുപകാരം സാധുവോ വിസ്മരന്തി
അതായത്‌ സജ്ജനങ്ങൾ അവർക്ക്‌
ലഭിച്ച ഉപകാരം ഒരിക്കലും മറക്കാറില്ല
എന്നു സാരം.

നീരയും ഇന്ത്യൻ കാർഷിക സമ്പട്‌ ഘടനയുടെ ഭാവിയും


ജമീല പ്രകാശം എംഎൽഎ
കോവളം, തിരുവനന്തപുരം

പത്ര- വാർത്താമാധ്യമങ്ങളിലൂടെയുമെല്ലാം നിരന്തരമായി നാമിപ്പോൾ നീരയെക്കുറിച്ചു കേട്ടുകൊണ്ടിരിക്കുന്നു. കേരളത്തിന്‌ നീര അനുഗ്രഹമായി മാറും. കേരകർഷകർക്കൊരു ആശ്വാസമായി മാറും. നാടിന്റെ സമ്പട്ഘടനയിലെല്ലാം വലിയ മാറ്റങ്ങൾക്ക്‌ അത്‌ വഴിതെളിക്കും എന്നെല്ലാം ഒരുപാട്‌ ആത്മ വിശ്വാസവും പ്രത്യാശയും നീരയെക്കുറിച്ച്‌ കേരളീയ സമൂഹം വച്ചുപുലർത്തുകയാണ്‌.
നീരയെക്കുറിച്ച്‌ പറഞ്ഞു തുടങ്ങുമ്പോൾ ലോക കാർഷിക രംഗത്ത്‌ എന്താണ്‌ നടക്കുന്നതെന്ന്‌ ആദ്യം നോക്കണം. ലോകാരോഗ്യ സംഘടനയും അതിന്റെ ഉടമ്പടികളുമൊക്കെ വന്നതിനു ശേഷം കാർഷിക മേഖലയിൽ വലിയൊരു മാറ്റം വന്നിട്ടുണ്ട്‌. അത്‌ എത്രപേർ പരിശോധിച്ചിട്ടുണ്ടെന്ന്‌ എന്ന്‌ അറിയില്ല. ഏതെങ്കിലും ഒരു വിളയെക്കുറിച്ച്‌ പറയുമ്പോൾ, ഉദാഹരണത്തിന്‌ തെങ്ങ്‌, നമ്മൾ ഊന്നൽ കൊടുക്കേണ്ടത്‌ അതിന്റെ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഉൽപന്നത്തിനാണ്‌. അപ്പോൾ തെങ്ങിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഉത്പ്പന്നം നീര തന്നെയാണ്‌. അത്‌ വിദഗ്ദ്ധന്മാരെല്ലാവരും സമ്മതിച്ചിട്ടുള്ള ഒരു കാര്യവുമാണ്‌. തെങ്ങ്‌ കൃഷി ചെയ്യുന്ന രാജ്യങ്ങൾ ആദ്യം ഇന്തോനേഷ്യ, രണ്ടാമത്‌ ഫിലിപ്പൈൻസ്‌, മൂന്നാം സ്ഥാനത്ത്‌ ഇന്ത്യ, നാലാമത്‌ തായ്‌ലന്റ്‌ ഈ ക്രമത്തിലാണ്‌. പക്ഷേ ഇന്ത്യയിൽ നോക്കുമ്പോൾ കേരളമാണ്‌ മുമ്പിൽ. രണ്ടാം സ്ഥാനത്ത്‌ കർണ്ണാടകവും തുടർന്ന്‌ തമിഴ്‌നാടും. നാലാം സ്ഥാനത്ത്‌ ആന്ധ്രപ്രദേശും. കടുത്ത മത്സരവുമായി അവർ മുന്നോട്ട്‌ വന്നു കഴിഞ്ഞു. അതും നാം മനസ്സിലാക്കണം.
എന്നിരുന്നിട്ടും, ഇന്തോനേഷ്യയും ഫിലിപ്പൈൻസും തെങ്ങിൽ നിന്നുള്ള നീര ഉത്പാദനത്തിന്‌ കൊടുക്കുന്ന പ്രാധാന്യം കേരളത്തിലെ നാളികേര മേഖല നൽകുന്നില്ല. നീരയെന്നു പറഞ്ഞാൽ ഫ്ലോറൽ സാപ്പാണ്‌. വേണമെങ്കിൽ മധുരകള്ള്‌ എന്ന്‌ നാടൻ ഭാഷയിൽ പറയാം. ഒരു ഭക്ഷണമെന്നുപറയുമ്പോൾ ഇതിന്റെ മൂല്യം എത്രയോ വലുതാണ്‌. പാലിൽ നിന്നു പോലും 75% അതായത്‌ 100 മില്ലി എടുത്താൽ 62 കലോറിയാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. അതേസമയം നീരയുടെ കാര്യത്തിൽ 100 മില്ലിയിൽ നിന്ന്‌ 75 കലോറിയാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. നീര എന്നു പറയുന്നത്‌ പ്രത്യേകമായിട്ടുള്ള ഒരു ഉത്പ്പന്നമാണ്‌. അപ്പോൾ അത്രയും ശ്രദ്ധ കൊടുക്കേണ്ടി വരും അത്‌ ഉത്പാദിപ്പിക്കാനും. വിരിഞ്ഞിട്ടില്ലാത്ത തെങ്ങിൻ പൂങ്കുല ചെത്തിയാണ്‌ നീര എടുക്കുന്നത്‌. നീരയും കള്ളും തമ്മിലുള്ള വ്യത്യാസമെന്നു പറഞ്ഞാൽ പൂജ്യം ആൽക്കഹോളിക്‌ കണ്ടന്റുള്ള പാനീയമാണ്‌ നീര. അതായത്‌ മദ്യത്തിന്റെ ഒരംശം പോലും അതിലില്ല. നീര പുളിച്ചു പുളിച്ചു പുളിച്ച്‌ 8% മദ്യത്തിന്റെ അംശം വരുമ്പോഴേ അത്‌ കള്ളായി മാറുന്നുള്ളൂ. മധുരകള്ള്‌ എന്ന്‌ അതിന്‌ പേരുകൊടുത്തിരിക്കുന്നത്‌ മധുരതരമായ ഒരു ഓമനപ്പേരായിട്ടാണ്‌. അല്ലാതെ അതിന്‌ കള്ളുമായിട്ട്‌ യാതൊരു ബന്ധവുമില്ല. ഇപ്പോൾ അഞ്ചാറു വർഷമേ ആയിട്ടുള്ളൂ ചെത്തിയെടുക്കുന്ന ഈ പാനീയം പുളിയ്ക്കാതെ നീരയായി സൂക്ഷിക്കാനും, സംസ്കരിക്കാനുമുള്ള സാങ്കേതിക വിദ്യ നമ്മൾ വികസിപ്പിച്ചെടുത്തിട്ട്‌. എന്നിട്ടും നമുക്ക്‌ അതൊരു ബിസ്നസ്സ്‌ ആക്കിമാറ്റാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത്‌ വലിയൊരു അപര്യാപ്തത്തയാണ്‌. പൂർണ്ണമായ മത്സര ശേഷി വികസിപ്പിച്ചെടുത്തുകൊണ്ട്‌ ഒരു നീരയുടെ ബിസ്സിനസ്സ്‌ രംഗത്തേക്ക്‌ കടന്നുവരാൻ കഴിഞ്ഞിട്ടില്ല കടന്നു വന്നിട്ടില്ല എന്നുള്ളത്‌ വളരെ അപകടവുമാണ്‌. ഇന്തോനേഷ്യയിൽ നീര കുടിയ്ക്കാനുള്ള പാനീയം മാത്രമല്ല, അതിൽ നിന്ന്‌ അവർ പാം ഷുഗർ ഉണ്ടാക്കുന്നുണ്ട്‌, ജാഗ്ഗറി ഉണ്ടാക്കുന്നുണ്ട്‌, സിറപ്പ്‌ ഉണ്ടാക്കുന്നുണ്ട്‌. അതിനെല്ലാം പുറമേ ബിസ്ക്കറ്റും കേക്കും മിഠായികളും ഉണ്ടാക്കുന്നുണ്ട്‌. കൊക്കോ ഉപയോഗിച്ചുണ്ടാക്കുന്ന കാഡ്ബറീസ്‌ ചോക്ലേറ്റുകൾ എന്നിവയിൽ ആരോഗ്യ നില അൽപം മോശമായവർക്ക്‌ പ്രത്യേകിച്ചും പ്രമേഹ രോഗികൾക്ക്‌ അല്ലെങ്കിൽ അമിതവണ്ണം ഭയക്കുന്നവർക്ക്‌ രക്തസമ്മർദ്ദമുള്ളവർക്ക്‌ ഉപയോഗത്തിൽ ഭയപ്പെടേണ്ട പല ഘടകളും അടങ്ങിയിരിക്കുന്നു. പക്ഷേ നീരയിൽ ഇതൊന്നും ഭയക്കേണ്ട. അത്രയും വലിയൊരു കാര്യം, ഒരു നിറകുടം, കൽപവൃക്ഷം തന്നെ നിൽക്കുന്നു നമ്മുടെ മുമ്പിൽ. കാമധേനുവേന്നും പറയാം. പക്ഷേ നമ്മൾ ഇതിനെ പ്രയോജനപ്പെടുത്തുന്നില്ല. ദൈവമായിട്ട്‌ പ്രകൃതിയായിട്ട്‌ നമുക്കിതിനെ കാണാം. ദൈവമാണ്‌ പ്രകൃതി. ഇത്‌ പ്രകൃതി നമുക്ക്‌ തന്നിരിക്കുന്നതാണ്‌. ഈ മണ്ണും, ഈ കാലാവസ്ഥയും ഈ അന്തരീക്ഷസ്ഥിതി എന്നിവ വച്ചുകൊണ്ട്‌ നമ്മുടെ സംസ്ഥാനത്ത്‌ എവിടെ വേണമെങ്കിലും യാതൊരു അന്തരീഷ മലിനീകരണവുമില്ലാതെ പരമ്പരാഗത രീതിയിൽ തെങ്ങു കൃഷിചെയ്യാം, സംരക്ഷിക്കാം.

നീരയ്ക്ക്‌ അനന്തമായ സാധ്യതയാണ്‌ മുമ്പിലുള്ളത്‌. പക്ഷേ അത്‌ വേണ്ടതു പോലെ ഉപയോഗപ്പെടുത്തുവാൻ നമുക്ക്‌ കഴിയുന്നില്ല. ഇവിടെ നല്ല സർഗ്ഗാത്മകതയുള്ള സാങ്കേതിക വൈദഗ്ദ്ധ്യമുള്ള അധ്വാനശേഷിയുള്ള ആളുകളുണ്ട്‌. പക്ഷേ ഇതിനെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ ഈ സാദ്ധ്യതയെ പണമാക്കി മാറ്റാനുള്ള സംവിധാനമാണ്‌ ഇവിടെ ഇല്ലാത്തത്‌. കൊല്ലത്ത്‌ ഒരു കൃഷിക്കാരൻ നീരചെത്താനായി കുറെ തെങ്ങുകൾ ഉപയോഗപ്പെടുത്തിയപ്പോൾ 87000 -ത്തിലധികം രൂപയാണ്‌ ഒരു മാസം വരുമാനമായി അദ്ദേഹത്തിന്‌ ലഭിച്ചതു. ഇത്‌ ഒട്ടും അതിശയോക്തിയല്ല. അദ്ദേഹം നൽകിയ കൃത്യമായ കണക്കാണിത്‌. അങ്ങനെയുള്ള ഒരു സാധ്യതയെ നമുക്ക്‌ എന്തുകൊണ്ട്‌ കേരളത്തിൽ ഉപയോഗപ്പെടുത്താൻ കഴിയില്ല? അതിനു വേണ്ടി നമുക്കിനി എങ്ങനെയാണ്‌ മുന്നോട്ടു പോകാൻ കഴിയുക? ഈ കാര്യത്തിൽ അടിയന്തിരമായി ഗവണ്‍മന്റും കൃഷിവകുപ്പും അതുപോലെത്തന്നെ കേരാധിഷ്ഠിതമായ സ്ഥാപനങ്ങളും നാളികേര വികസന ബോർഡും നിലപാട്‌ സ്വീകരിച്ച്‌ യുദ്ധകാല അടിസ്ഥാനത്തിൽ ഇതിനെ കേരളത്തിന്‌ ഗുണപരമായ രീതിയിലേക്ക്‌ മാറ്റുവാൻ എന്താണ്‌ ചെയ്യാൻ സാധിക്കുക എന്നു നാം ചിന്തിക്കണം. ?
നീര ഉത്പാദനം വളരെ സുതാര്യമാക്കണം, സുഗമമാക്കണം, അത്‌ ജനകീയമാക്കണം ജനാധിപത്യപരവുമാക്കണം. ഏറ്റവും ഉത്തമ ആരോഗ്യപാനീയമായും, ജനങ്ങളുടെ ദാരിദ്രം അകറ്റാനുള്ള ഒരു വഴിയായും മഹാത്മാഗാന്ധിജി തന്നെ നീരയെ ശുപാർശ ചെയ്തിട്ടുണ്ട്‌. അന്നുമുതൽ ഇതിന്റെ ഗുണവശങ്ങളെപ്പറ്റി നമ്മുടെ നാട്ടിലെ വിദ്യാ സമ്പന്നരായിട്ടുള്ളവർ ബോധവാന്മാരായിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗിച്ചുകൊണ്ടാണ്‌ ഫിലിപ്പൈൻസുകാർ ഇത്‌ മാർക്കറ്റ്‌ ചെയ്യുന്നത്‌. അപ്പോൾ നീര ജനങ്ങളുടെ സമ്പത്താണ്‌. ജനങ്ങളുടെ സമ്പത്തായി അതിനെ സംരക്ഷിച്ചു നിലനിർത്താനും ആ സാമ്പത്തിക മേഖലയിലേക്ക്‌ ജനലക്ഷങ്ങളെ കൈപിടിച്ചുകൊണ്ടു വരുവാനും നമ്മുടെ സർക്കാർ തയ്യാറാവണം. അതിന്‌ ഏറ്റവും താഴെത്തട്ടിൽ നമുക്ക്‌ വേണ്ടത്‌ എന്താണ്‌? നമുക്ക്‌ നാളികേര ഉത്പാദക സംഘങ്ങൾ വേണം. കോ-ഓപ്പറേറ്റീവ്‌ സോസൈറ്റിയോ സ്വയം സഹായ സംഘങ്ങളോ ഒക്കെ ആവാം. നാളികേര വികസന ബോർഡ്‌ നിർദ്ദേശിക്കുന്നത്‌, ഒരു സംഘത്തിൽ 40 തൊട്ട്‌ 100 വരെ കർഷകരെ ഉൾപ്പെടുത്താമെന്നാണ്‌. അതു കഴിഞ്ഞ്‌ അങ്ങനെയുള്ള 18-ഓ 20-ഓ സംഘങ്ങൾ ചേർന്ന്‌ ഒരു ഫെഡറേഷൻ രൂപീകരിക്കാം. 20 സംഘങ്ങളാണ്‌ പരമാവധി ഒരു ഫെഡറേഷന്‌ ഉൾക്കൊള്ളാൻ കഴിയുക. അപ്പോൾ ഒരു സംഘത്തിന്റെ കീഴിൽ കുറഞ്ഞത്‌ 5000 തെങ്ങെങ്കിലും വരും. ഒരു ഫെഡറേഷന്റെ കീഴിൽ ഒരുലക്ഷം തെങ്ങുകളും. പിന്നീട്‌ ഇത്തരത്തിലുള്ള 10 ഫെഡറേഷനുകൾ ചേർന്ന്‌ ഓരോ ജില്ലയിലും ഒരോ കമ്പനി രൂപീകരിക്കാം. അപ്പോൾ ആ കമ്പനിയുടെ കീഴിൽ 10 ലക്ഷം തെങ്ങായി. ഇങ്ങനെ നോക്കുമ്പോൾ കേരളത്തിൽ പതിനാലു ജില്ലകളിലുമായി ഓരോ കമ്പനി വീതം രൂപീകരിക്കുന്നതു വഴി ഒരു കോടി നാൽപതു ലക്ഷം തെങ്ങുകൾ നീര ചെത്തുന്നതിനായി മാർക്കു ചെയ്യുന്നു. അതിന്റെ ഒരു ചട്ടക്കൂടിനകത്ത്‌ ഇത്രയും വൃക്ഷങ്ങളെയും അവയുടെ ഉടമകളായ കർഷകരെയും കർഷക കൂട്ടായ്മകളെയും നാം കൊണ്ടുവന്നു കഴിഞ്ഞു. അത്‌ വലിയൊരു സംവിധാനമാണ്‌. ആ സംവിധാനം തികച്ചും ജനകീയവും ജനാധിപത്യപരവുമാക്കാൻ നമുക്ക്‌ കഴിയണം. അതിന്‌ ഭരണഘടന വേണം. ഇലക്ഷൻ സംവിധാനങ്ങൾ വേണം. ഇതെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണം. ഇതിനൊപ്പം ലക്ഷക്കണക്കിന്‌ നീര ടെക്നീഷ്യന്മാരെ നമുക്ക്‌ ആവശ്യമുണ്ട്‌. അവരെ നമുക്ക്‌ പരിശീലിപ്പിച്ചെടുക്കാൻ കഴിയണം. പിന്നെ തെങ്ങിൽ കയറുന്നതിനു വേണ്ട യന്ത്രങ്ങൾ, നീര സംഭരണികൾ, ശീതീകരിച്ച്‌ സൂക്ഷിക്കുവാനുള്ള കേന്ദ്രങ്ങൾ, പിന്നീട്‌ അത്‌ സേൻട്രിഫ്യൂജ്‌ ചെയ്യാനും മറ്റുമുള്ള ഏർപ്പാടുകൾ തുടങ്ങിയവയും വേണം. ഈ സമയത്തെല്ലാം നമുക്ക്‌ ശീതികരണ സംവിധാനം വേണം. പിന്നീട്‌ ഇതിനെ പായ്ക്കു ചെയ്യാനുള്ള യന്ത്രങ്ങൾ വേണം. ഇപ്പോൾ വൈറ്റില ഹബ്ബിൽ പായ്ക്ക്‌ ചെയ്യാത്ത നീര ലഭിക്കും. പക്ഷേ അതു പോരാ. പായ്ക്ക്‌ ചെയ്താലേ ഈ ഉത്പ്പന്നം ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ സുരക്ഷിതമായി കൊണ്ടുപോകുന്നതിനു സാധിക്കുകയുള്ളു. എല്ലാ സ്ഥലത്തും ലഭ്യമാക്കാനും എവിടെ വേണമെങ്കിലും കൊണ്ടു ചെന്നു വിൽക്കാനും കഴിയൂ. ഇപ്പോൾ കുപ്പിയിലാക്കിയ നീര 200 മില്ലിലിറ്ററിന്‌ 25 രൂപ, 30 രൂപ എന്ന രീതിയിലാണ്‌ ഈടാക്കുന്നത്‌. 200 മില്ലിയായിരിക്കും സൗകര്യപ്രദം. ഉത്പാദനം കൂടുമ്പോൾ ഇതൊരു 15 രൂപ, 20 രൂപയൊക്കെ ആക്കി കുറയ്ക്കാൻ കഴിയണം. അഥവാ ഇനി 20 രൂപ ആണെങ്കിൽ തന്നെ ഇത്‌ വഴി നാട്ടിലൊരു സാമ്പത്തിക വിപ്ലവം തന്നെ ഉണ്ടാകും.
ഗൾഫ്‌ നാടുകളിൽ 20-​‍ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വരെ മണൽപ്പരപ്പിന്റെ അടിയിൽ എണ്ണയുണ്ടെന്ന്‌ ആരും കണ്ടുപിടിച്ചിരുന്നില്ല. അതു വരെ അവർക്ക്‌ വലിയ ദാരിദ്ര്യമായിരുന്നു. വളരെ പ്രയാസപ്പെട്ട്‌ ഉരുവേന്നു പറയുന്ന വലിയ തോണികൾ നിർമ്മിച്ച്‌ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സാഹസികമായിട്ടു വന്നെത്തി കച്ചവടം നടത്തിയാണ്‌ അവർ ജീവിച്ചിരുന്നത്‌. പക്ഷെ എണ്ണ കണ്ടെത്തിയതോടെ ഗൾഫ്‌ ഒരു ഡെസ്റ്റിനേഷനായി മാറി. കാലിഫോർണിയയിൽ സ്വർണ്ണ നിക്ഷേപമുണ്ടെന്ന്‌ കണ്ടുപിടിച്ചതു അങ്ങനെയാണ്‌. എന്നാൽ നമ്മുടെ നീര ഒരിക്കലും തീർന്നു പോകുന്ന ഒരു നിക്ഷേപമല്ല. ഈ സ്വർണ്ണവും എണ്ണയുമെല്ലാം ക്ഷയിക്കുന്ന ഖാനികളാണ്‌. നമ്മുടെ കയ്യിലുള്ളതാകട്ടെ, തലമുറകൾക്ക്‌ പകർന്നു കൊടുക്കാൻ കഴിയുന്ന അക്ഷയ പാത്രമാണ്‌. ആരോഗ്യം പകർന്നു കൊടുക്കാനായി കർഷക സംസ്ക്കാരം തിരിച്ചുകൊണ്ടുവരാനായി, തൊഴിലില്ലായ്മയെ ഭയക്കാതെ ജീവിക്കാനായി ഇനി എന്തെല്ലാം സർഗ്ഗപരത ഇതിലേക്ക്‌ കൊണ്ടുവരാം. നീര ഉത്പാദിപ്പിക്കാനായി തെങ്ങു കൃഷിചെയ്യുമ്പോൾ സ്വാഭാവികമായും വെളിച്ചെണ്ണയുടെ വിലയും കൂടും. എന്തു വിലയ്ക്കും തേങ്ങയും വെളിച്ചെണ്ണയും വാങ്ങി ഉപയോഗിക്കാം എന്ന ധാരണതന്നെ മാറും. ഇപ്പോൾ തന്നെ മാറിയിട്ടുണ്ട്‌. തെങ്ങിന്റെ എണ്ണം കുറഞ്ഞപ്പോൾ 30 കോടി തെങ്ങുകൾ ഉണ്ടായിരുന്ന സ്ഥാനത്ത്‌ തന്നെ ഇപ്പോൾ 18 കോടി തെങ്ങുകളേ ഉള്ളൂ. ഔദ്യോഗികമായ കണക്കുകൾ ഇങ്ങനെയാണ്‌ സൂചിപ്പിക്കുന്നത്‌. അപ്പോൾ ഇതിൽ നാളികേര വികസന ബോർഡും കൃഷി ശാസ്ത്രജ്ഞരും കാർഷിക സർവ്വകലാശാലയും ഒക്കെ പറയുന്നത്‌ എന്താണ്‌, ഒരുകോടി എൺപതുലക്ഷം തെങ്ങുകളെയെങ്കിലും വളർത്തിയെടുത്താൽ ഒന്നോ രണ്ടോ വർഷം കൊണ്ട്‌ നമ്മുടെ സമ്പട്ഘടനയിലേയ്ക്ക്‌ 54000 കോടി രൂപ നമ്മൾ കൊണ്ടു വരികയാണ്‌. കേരളത്തിലുള്ള എല്ലാ വിദേശ ഇന്ത്യാക്കാരും കൂടി ഇങ്ങോട്ട്‌ അയയ്ക്കുന്ന പണം 75000 കോടി യാണ്‌. അവർക്കൊന്നും ഇനി അങ്ങോട്ടു പോകണ്ട. അവരെയെല്ലാം നമുക്ക്‌ തിരിച്ചിങ്ങോട്ട്‌ വിളിക്കാം. അവർക്ക്‌ ഇവിടെത്തന്നെ നമുക്ക്‌ തൊഴിലുകൾ കൊടുക്കാം. നാളികേരം ഉപയോഗിച്ച്‌ എത്ര ഉൽപന്നങ്ങൾ നമുക്ക്‌ ഉണ്ടാക്കാം. അതിന്‌ അപാരമായ സാധ്യതകളാണുള്ളത്‌. നാളികേരം നേരിട്ട്‌ ഭക്ഷണത്തിൽ ഉപ യോഗിക്കുന്നു. കൂടാതെ വെളിച്ചെണ്ണയാ യും.തൊണ്ട്‌ ഉപയോഗിച്ച്‌ കയറും കയറുൽപന്നങ്ങളും നിർമ്മിക്കാം, ചിരട്ട ഇന്ധനമായി ഉപയോഗിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കാം. ഇതെല്ലാം എൻവെയേണ്‍മന്റ്‌ ഫ്രെണ്ഡ്ലിയാണ്‌. പ്രകൃതിയെ നശിപ്പിക്കുന്നില്ല. നീര ഉത്പാദിപ്പിക്കാനും വെളിച്ചെണ്ണ ഉത്പാദിപ്പിക്കാനും ഭക്ഷണാവശ്യങ്ങൾക്കും വേണ്ടി നാം തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതു കൊണ്ട്‌ നാട്ടിൽ ആവാസ വ്യവസ്ഥകൾക്ക്‌ ഒരു കോട്ടവും വരുന്നില്ല.
മധുര പാനീയങ്ങളും അതുപോലെത്തന്നെ മധുര പദാർത്ഥങ്ങളും കഴിക്കുക എന്നുള്ളത്‌ കുട്ടികളുടെ അവകാശമാണ്‌. മധുരം കുഞ്ഞു പ്രായത്തിൽ കഴിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ കഴിക്കും? അതുകൊണ്ടു തന്നെ നമുക്ക്‌ നീര ബേബി ഡ്രിങ്ക്‌ ആയി വികസിപ്പിച്ചെടുക്കേണ്ട അത്യാവശ്യം വന്നിട്ടുണ്ട്‌. ഗ്ലൈസിമിക്‌ കണ്ടന്റ്‌ ഇതിന്‌ മുപ്പത്തിഅഞ്ചേ ഉള്ളു. ഇത്‌ ഗർഭിണികൾക്കും പ്രമേഹരോഗികൾക്കും ഉപയോഗിക്കാൻ പറ്റുന്നതാണ്‌. വളർന്നു വരുന്ന കുട്ടികൾക്കാവശ്യമുള്ള ആരോഗ്യമൂലകങ്ങളുടെ കലവറയാണ്‌. സോഡിയമാണെങ്കിലും പൊട്ടാസ്യമാണെങ്കിലും വിവിധ അമിനോ ആസിഡുകളാണെങ്കിലും സിങ്കിന്റെ അളവ്‌ നോക്കിയാലുമൊക്കെ. നേത്രരോഗങ്ങൾക്ക്‌ ചിലർ കരിക്കിൻ വെള്ളം ധാരകോരും. അതിനേക്കാളും എത്രയോ മടങ്ങ്‌ നീര ഉപയോഗിക്കാൻ കഴിയും. പിന്നെ മൂത്രാശയ രോഗങ്ങൾക്ക്‌, മഞ്ഞപ്പിത്തത്തിന്‌ ഒക്കെ പ്രിവന്റീവ്‌ ആയി പ്രവർത്തിക്കാൻ നീരയ്ക്ക്‌ സാധിക്കും. കുഞ്ഞുങ്ങൾക്ക്‌ സ്കൂളിൽ കൊടുത്തയക്കാം. നാരാങ്ങാവെള്ളമൊക്കെ കൊടുത്തുവിടുന്നതു പോലെ അത്‌ പ്രമോട്ടുചെയ്യണം. നീരയിൽ നിന്ന്‌ ജെല്ലി ഉണ്ടാക്കുന്നുണ്ട്‌. സിറപ്പ്‌ ഉണ്ടാക്കുന്നുണ്ട്‌. വെളളയപ്പമോ, പുട്ടോ, ഇടിയപ്പമോ കഴിക്കുമ്പോൾ അതിൽ പഞ്ചസാര പാനിക്ക്‌ പകരമായി ഉപയോഗിക്കാം. പഞ്ചസാര വിഷമാണെന്നാണ്‌ മഹാത്മാഗാന്ധിയെപ്പോലുള്ളവർ പറഞ്ഞിട്ടുള്ളത്‌. ആഹാരമാണ്‌ നമ്മുടെ ഒരു മരുന്ന്‌. ആഹാരം മിതമായി ഉപയോഗിക്കുന്നതിലൂടെ പല അസുഖങ്ങളും ഒഴിവാക്കി ദീർഘകാലം ആരോഗ്യത്തോടുകൂടി ജീവിക്കാം എന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ തെളിയിച്ചിട്ടുള്ള ആളാണ്‌ ഗാന്ധിജി.
നീരയെ സംബന്ധിച്ച സാധ്യത, അതിന്റെ ആരോഗ്യപരമായ പ്രാധാന്യം അതിന്റെ പോഷക പ്രാധാന്യം ഒക്കെ നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞു. ഇനിയിപ്പോൾ നമ്മൾ കുറച്ചുകൂടി ഗൗരവതരമായി മുന്നോട്ടു പോവുക എന്നുള്ളതാണ്‌ പ്രധാനം. കാരണം ഇതിനകത്തൊരു ഏകോപനത്തിന്റെ ആവശ്യകതയുണ്ട്‌. അതിന്‌ നേതൃത്വം കൊടുക്കാൻ, ഞാനൊരു പഠനം നടത്തിയതിൽ എനിക്ക്‌ തോന്നിയിട്ടുള്ളത്‌ കേന്ദ്ര ഗവണ്‍മന്റിന്റെ ഏജൻസിയായിട്ടുള്ള നാളികേര വികസന ബോർഡിനു തന്നെയാണ്‌. കേരളം തെങ്ങുകൃഷിയുടെ കാര്യത്തിൽ ഒന്നാമതായിട്ടു നിൽക്കുന്നതുകൊണ്ടു തന്നെയാണ്‌ സാധിക്കുക. നാളികേര വികസന ബോർഡ്‌ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്നത്‌. അപ്പോൾ നീര ഉത്പാദനത്തിൽ വലിയൊരു ഫ്രെയിം വർക്ക്‌ ഉണ്ടാക്കിയെടുക്കാൻ അവർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഞാൻ മനസ്സിലാക്കിയിടത്തോളം ബോർഡിന്റെ താൽപര്യമെന്നുപറഞ്ഞാൽ ഏതു സാങ്കേതിക വിദ്യ വേണമെങ്കിലും ഉപയോഗിക്കാം. എല്ലാവർക്കും അതിനു സ്വാതന്ത്ര്യമുണ്ട്‌. എല്ലാ സാങ്കേതികവിദ്യകളുടെയും ഗുണദോഷങ്ങൾ വിശകലനം ചെയതു നോക്കാൻ കഴിയുന്നവർ, അത്‌ സാക്ഷ്യപ്പെടുത്താൻ കഴിയുന്നവർ പേറ്റന്റ്‌ കൊടുത്തിട്ടുണ്ട്‌. അപ്പോൾ അങ്ങനെ നിയമാനുസൃതമായ പേറ്റന്റ്‌ ലഭിച്ചിട്ടുള്ള ഏതു സാങ്കേതിക വിദ്യ വേണമെങ്കിലും ഉപയോഗിക്കാം.
 ഒരു ഫെഡറേഷന്റെ കീഴിൽ ഏതാണ്ട്‌ ഒരു ലക്ഷത്തോളം തെങ്ങുകൾ വരികയാണ്‌. അപ്പോൾ 173 ഫെഡറേഷനുകൾ എന്നു പറയുമ്പോൾ ​‍േ 18കോടി തെങ്ങുകളുടെ 10% ഒരുകോടി എഴുപത്‌ ലക്ഷം, തെങ്ങുകളെയും അതിന്റെ ഉടമസ്ഥരായ കർഷകരെയും അതിനുവേണ്ട നീര ടെക്നീഷ്യന്മാരെയും സംഭരണകേന്ദ്രങ്ങളെയും എല്ലാം കൂടി ഈ വലിയൊരു സംവിധാനത്തിലേയ്ക്ക്‌ നമുക്ക്‌ കൊണ്ടുവരാൻ കഴിയും. നാളികേര വികസന കോർപ്പറേഷനെ ഉപയോഗിച്ച്‌ നീര വൈൻഡിങ്ങ്‌ മേഷീനോക്കെ ഉദ്ഘാടനം ചെയ്തു കഴിഞ്ഞിട്ടുണ്ട്‌ നമ്മുടെ സെക്രട്ടറിയേറ്റിലുമൊക്കെ. ഇതൊക്കെ വളരെ സന്തോഷമുള്ള കാര്യം തന്നെ. പക്ഷേ എത്രയോ നാളുകളായിട്ട്‌ പ്രവർത്തനം നിലച്ചുകിടന്ന കോർപ്പറേഷനെയാണ്‌ കൊണ്ടുവന്നിരിക്കുന്നത്‌. അതേ സമയം നാളികേര വികസന ബോർഡ്‌, അവർ രൂപീകരിച്ചിട്ടുള്ള അവരുടെ കർഷകരുടെ ഫെഡറേഷനുകൾ നാട്ടിലെല്ലാം റെഡിയായിക്കഴിഞ്ഞു. അവരുടെ 112 അല്ലെങ്കിൽ നൂറിനുമുകളിൽ ഫെഡറേഷനുകൾക്ക്‌ ഇപ്പോഴും ലൈസൻസ്‌ ലഭിച്ചിട്ടില്ല. അത്‌ മനസ്സിലാകുന്നില്ല. അതിൽ ദുരൂഹതയുണ്ട്‌. അത്‌ വളരെ കാര്യമായി ഇതിനെ ബാധിക്കാൻ പോവുകയാണ്‌. അപകടം വരാൻ പോകുന്നത്‌ ഇപ്പോൾ ബഹു രാഷ്ട്ര കമ്പനികൾ ഈ രംഗം ഇങ്ങനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്‌. ഹബ്ബിൽ കൂടിയും വൈൻ ഡിങ്ങ്‌ മേഷീനിൽ കൂടിയും അപൂർവ്വം ചില കമ്പനികൾ പായ്ക്കറ്റാക്കിയും നീര വിതരണം ചെയ്യുന്നുണ്ട്‌ ഇപ്പോൾ. കൊല്ലം കേന്ദ്രമാക്കിയും പാലക്കാട്‌ കേന്ദ്രമാക്കിയുമൊക്കെ. ഇതെല്ലാം വാങ്ങികുടിച്ച്‌ നീരയുടെ രുചി നമ്മൾ പിടിച്ചു കഴിയുമ്പോൾ മൾട്ടി നാഷണൽ കമ്പനികളുടെ ഇരച്ചു കയറ്റമാണ്‌ ഇനി കാണാൻ പോകുന്നത്‌.
സംസ്ഥാന കാർഷിക വികസന സമിതിയിൽ ഞാനൊരു അംഗമാണ്‌. കൃഷിയും മൃഗസംരക്ഷണ, മത്സ്യസംരക്ഷണവുമായി ബന്ധമുള്ള നിയമസഭാസബ്ജക്ട്‌ കമ്മിറ്റിയിലെ അംഗമെന്ന നിലയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യത്തെ യോഗത്തിൽ തന്നെ ഞാനിതു വിശദീകരിച്ചിട്ടുണ്ട്‌. ഈ വിപണി മറ്റുള്ളവർ പിടിച്ചെടുക്കുമ്പോൾ ഗവണ്‍മന്റ്‌ കൈയ്യും കെട്ടി നോക്കി നിൽക്കാൻ പോവുകയാണ്‌. ഈ മാർക്കറ്റ്‌ എന്നുപറഞ്ഞാൽ എല്ലാവർക്കുമൊരു ലെവൽ ഇൻ ഫ്ലേ വേണം. മത്സരിക്കാൻ എല്ലാവർക്കും ഒരുപോലെയുള്ള അവസരങ്ങൾ കൊടുക്കണം. തുല്യമായ രീതിയിൽ തുള്ള്യമായ ശക്തിയിൽ മത്സരിക്കാൻ തുല്യ പ്രാധാന്യത്തോടുകൂടി മത്സരിക്കാൻ കഴിയുന്ന ഒരു രീതിയിലേക്ക്‌ ഈ ഫെഡറേഷനുകളെയും കമ്പനികളെയും എത്തിക്കേണ്ടത്‌ സർക്കാരിന്റെ ചുമതലയാണ്‌. അല്ലെങ്കിൽ അത്‌ നമ്മുടെ കൈയിൽ നിന്നു പോകും. ഒരു ബഹുരാഷ്ട്ര കമ്പനി പണ്ട്‌ പ്ലാച്ചിമടയിലെ ജലവിതരണം മുഴുവൻ താറുമാറാക്കിക്കൊണ്ട്‌ എത്രയോ കോടി കണക്കിന്‌ ലിറ്റർ വെള്ളമാണ്‌ ഊറ്റിയെടുത്തു കൊണ്ടു പോയത്‌. അതുപോലെ കേരളത്തിന്റെ തനതായിട്ടുള്ള ഈ സത്തു മുഴുവൻ ഇവർ കൊണ്ടു പോവും. അവരുമായി മത്സരിക്കാനുള്ള സാമ്പത്തികമായ ശേഷിയോ, ബുദ്ധിയോ, സാങ്കേതിക വിദ്യയോ, മാനേജ്‌മന്റ്‌ തന്ത്രങ്ങളോ, ജീവനെക്കാരോ നമുക്ക്‌ ഉണ്ടായി എന്നു വരില്ല. അവർ കൊടുക്കുന്നതനുസരിച്ച്‌ ശമ്പളം കൊടുക്കാൻ കഴിയില്ല. അപ്പോൾ ആളുകൾ മെച്ചപ്പെട്ട വേതനം കിട്ടുന്ന സ്ഥലത്തേക്ക്‌ പോകും. അവസാനം ഈ പാവപ്പെട്ട കർഷകരും ഏറ്റവും താഴെക്കിടയിലുള്ള നീര ടെക്നീഷ്യന്മാരും അവർ പുറപ്പെടുവിക്കുന്ന സേവന വേതന വ്യവസ്ഥകൾക്കനുസരിച്ച്‌ അല്ലെങ്കിൽ അവർ നിർണ്ണയിക്കുന്ന വിലയ്ക്കനുസരിച്ച്‌ നിസ്സഹായരായി വഴങ്ങിക്കൊടുക്കേണ്ട സ്ഥിതി വരും. പിന്നെ ഈ പണം മുഴുവൻ ഇവിടെ നിന്ന്‌ അങ്ങോട്ട്‌ പോകും. നീര ഉത്പാദനത്തിന്റെ ഒരു ഗുണവും ഇവിടെ കിട്ടാതെയാകും.
പത്രത്തിൽ ഞാൻ വായിച്ചതാണ്‌ അൻപത്‌ ലക്ഷം രൂപ വരെ നീര സംസ്‌ ക്കരണ പ്ലാന്റുകൾ സ്ഥാപിച്ച്‌ പ്രവർത്തന ക്ഷമമാക്കാൻ വേണ്ടി സബ്സിഡി കൊടുക്കാനുണ്ട്‌. അതായത്‌ 25%. അപ്പോൾ ബാക്കി 75% കണ്ടെത്തിയാൽ മതി. ഈ തനതായുള്ള വ്യവസായങ്ങൾക്ക്‌ ബാങ്കു കളുടെ വ്യവസ്ഥയനുസരിച്ച്‌ 25% മതി സ്വന്തം സ്റ്റേക്ക്‌. ബാക്കി 75% അവർ ബാങ്ക്‌ വായ്പ കൊടുക്കും. ബാങ്ക്‌ വായ്പ കൊടുക്കാൻ ബാങ്കുകൾ സന്നദ്ധമാണ്‌ എന്നുള്ള ഒരു സമ്മതപത്രം ഈ ഫെഡറേഷനുകൾ അല്ലെങ്കിൽ ഈ ഉത്പാദക കമ്പനികൾ ബാങ്കിൽ കൊടുക്കണം. അപ്പോൾ അത്‌ കൊടുക്കണമെങ്കിൽ കമ്പനികൾക്ക്‌ കീഴിലുള്ള ഫെഡറേഷനുകൾക്ക്‌ നീര ചെത്താനുള്ള നീര ഉത്പാദിപ്പിക്കുന്നതിനുള്ള ലൈസൻസ്‌ കിട്ടണം. ഈ ലൈസൻസ്‌ കിട്ടണമെങ്കിൽ ഓരോ ഫെഡറേഷനു കീഴിലും നിശ്ചിത എണ്ണം തെങ്ങു വീതം ഉണ്ടെന്ന്‌ ഉറപ്പാക്കണം. അത്‌ ഉറപ്പാക്കണമെങ്കിൽ എക്സൈസ്‌ വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്‌ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരാൾ ഓരോ തെങ്ങും മാർക്ക്‌ ചെയ്യണം. ഇതൊക്കെ എവിടെയോ കുറച്ചൊക്കെ നടക്കുന്നുണ്ട്‌. പക്ഷേ ഇത്‌ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കണ്ടേ. പണ്ട്‌ ഇംഗ്ലീഷ്‌ ഭാഷയിൽ കിന്റർഗാർട്ടണിൽ പഠിപ്പിക്കുന്ന ഒരു കവിതയുണ്ട്‌. 'ളീ​‍ൃ ംമി​‍േ ​‍ീള മ ​‍ിമശഹ മ യമ​‍േഹേല ംമ​‍െ ഹീ​‍െ​‍േ' കുതിരയുടെ കാലിൽ ഇരിന്നിരുന്ന ലാടം ഇളകിയിരുന്നു. ലാടം ഇളകിയതിന്റെ കാരണം ഒരു ആണി തക്കതായ സ്ഥലത്ത്‌ ഉറപ്പിക്കാത്തത്തായിരുന്നു. ലാടം ഇളകിയതിനാൽ പടയാളിയെയും കൊണ്ട്‌ കുതിര ഓടി എത്തിയില്ല. പടയാളി എത്താത്തതുകൊണ്ട്‌ യുദ്ധം തോറ്റു എന്നു പറയുന്നതുപോലെ നമുക്ക്​‍്‌ ഇതെല്ലാം അറിയാം. എവിടെയാണ്‌ ആണി ഉറപ്പിക്കേണ്ടതെന്നും ആ ലാടം ഏതു കുതിരയുടെ കാലിലായിരിക്കണമെന്നും ആ കുതിരയെ ആര്‌ ഓടിക്കണമെന്നും ഓടിച്ച്‌ എവിടെ എത്തിക്കണമെന്നും യുദ്ധമെങ്ങനെ നടത്തണമെന്നുമൊക്കെ നമുക്ക്‌ അറിയാം. എന്നാലും ഇങ്ങനെയുള്ള കൈപ്പിഴകൾക്ക്‌ ഭാവി തലമുറ മാപ്പുതരികയില്ല. അക്ഷന്തവ്യമായ തെറ്റാണത്‌.
നീര ടെക്നീഷ്യനാവാൻ സ്ത്രീകൾ മുന്നോട്ട്‌ വരണം. സ്ത്രീകൾക്ക്‌ ഉപയോഗിക്കാൻ പറ്റുന്ന യന്ത്രങ്ങൾ വരുന്നുണ്ട്‌. എന്റെ നിയോജക മണ്ഡലത്തിൽ തന്നെ, ഞാൻ താമസിക്കുന്ന പഞ്ചായത്തിൽ തന്നെ യന്ത്രം ഉപയോഗിച്ച്‌ നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു ക്ലാസ്‌ നടത്തി. സ്ത്രീകളെയെല്ലാം ഈ രംഗത്തേക്ക്‌ കടന്നുവരുവാൻ പ്രേരിപ്പിക്കുമ്പോൾ നമ്മൾ എന്താണ്‌ മനസ്സിലാക്കേണ്ടത്‌. അവർ പരിശീലിച്ച്‌ ആ വിദ്യയിലേക്ക്‌ വന്നു കഴിഞ്ഞാൽ അവർക്ക്‌ വേണ്ടത്ര തൊഴിൽ ഇവിടെ കിട്ടും. വളരെ പ്രതീക്ഷയോടുകൂടിയാണ്‌ അവർ കടന്നു വരുന്നത്‌. അപ്പോഴും അവരുടെ മനസ്സിൽ കള്ളല്ലേ ചെത്തുന്നത്‌ എന്ന്‌ തോന്നും. അത്തരത്തിൽ ഒരു ബോധം എങ്ങനെയോ ജനങ്ങളിൽ വന്നിട്ടുണ്ട്‌. അത്‌ എത്രയും പെട്ടെന്ന്‌ മാറ്റിയെടുക്കണം.
പിന്നെ, എക്സൈസ്‌ വകുപ്പല്ല ഏതു തെങ്ങിൽ നിന്ന്‌ നീര ചെത്തിയെടുക്കണം എന്ന്‌ തീരുമാനിക്കേണ്ടത്‌. അതിനു കൃഷി വകുപ്പാണ്‌ മുന്നോട്ടു വരേണ്ടത്‌. കൃഷിക്കാരുടെ ഏറ്റവും അടുത്ത ബന്ധു എന്നു പറയുന്നത്‌ കൃഷി വകുപ്പു തന്നെയാണ്‌. കൃഷിവകുപ്പ്‌ അതിന്റെ മേൽനോട്ടം വഹിക്കണം. സംസ്ഥാനത്തിന്റെ കൃഷി വകുപ്പ്‌ വന്ന്‌ കർഷകന്റെ ഒരു കയ്യിൽ പിടിക്കുമ്പോൾ കേന്ദ്രത്തിന്റെ നാളികേര വികസന ബോർഡിന്റെ സഹായഹസ്തം അവന്റെ മറ്റേ കയ്യിൽ ഉണ്ടാവണം. അങ്ങനെ ഇരു വശത്തുനിന്നും ആത്മവിശ്വാസം കൊടുത്തുകൊണ്ടു വേണം കർഷകനെ മുന്നോട്ടുകൊണ്ടു വരുവാൻ. അങ്ങനെ നാളികേര വികസന ബോർഡും കൃഷി വകുപ്പും ചേർന്ന്‌ കർഷകനെ മുന്നോട്ട്‌ കൊണ്ടു പോകുമ്പോൾ ആളുകൾക്ക്‌ മനസ്സിലാകും നീര കള്ളല്ല, മറിച്ച്‌ ആരോഗ്യം പ്രദാനം ചെയ്യുന്ന പോഷക പാനീയമാണ്‌ എന്ന്‌. അങ്ങനെ വരണമെങ്കിൽ എക്സൈസ്‌ വകുപ്പ്‌ ഈ രംഗത്തുനിന്ന്‌ മാറണം.
ഒരുപാട്‌ പ്രചരണങ്ങൾ പലരും അഴിച്ചു വിട്ടു. അതിപ്പോൾ കുറേശ്ശെയൊക്കെ മാറിത്തുടങ്ങിയിട്ടുണ്ട്‌. അതിലൊന്ന്‌ ചെത്തു തൊഴിലാളികൾക്ക്‌ ജോലി നഷ്ടപ്പെടുമെന്നുള്ളതാണ്‌. അത്‌ എങ്ങനെ. അവരാണ്‌ മാസ്റ്റർ ട്രെയിനർമാർ. അവർക്ക്‌ ഒരു യന്ത്രത്തിന്റെ സഹായം പോലുമില്ലാതെ തെങ്ങിൽ കയറാനാവും. അവരാണ്‌ മറ്റുള്ളവരേക്കൂടി പരിശീലിപ്പിച്ചെടുക്കേണ്ടത്‌. കള്ളുചെത്തു തൊഴിലാളികൾ, നീര ചെത്താൻ പഠിക്കുകയില്ല എന്നു പറയുന്നത്‌ ലജ്ജാകരമായ കാര്യമാണ്‌. ഒരിക്കലും ഒരു തൊഴിലാളിയെ നാം അങ്ങിനെ കാണരുത്‌. ഞാൻ ചോദിക്കട്ടെ, ഒരു അൻപത്‌ വർഷം മുമ്പ്‌ തയ്യൽത്തൊഴിലാളി തുണി വെട്ടി തയ്ച്ചിരുന്നതുപോലെയാണോ ഇപ്പോഴത്തെ തൊഴിലാളികൾ വസ്ത്രങ്ങളുണ്ടാക്കുന്നത്‌. അല്ലല്ലോ. തുണി കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അവർ ഫാഷൻ മാറുന്നതിനനുസരിച്ച്‌ കോളർ പിടിപ്പിക്കുന്നു, ബട്ടന്റെ ഫാഷൻ മാറ്റുന്നു, സിബ്ബുകൾ മാറുന്നു, എമ്പ്രോയിഡറിയുടെ സ്റ്റൈലുകൾ മാറുന്നു, കട്ടിംഗ്‌ മേഷീനുകൾ വരുന്നു. തയ്യൽ മേഷീനുകൾ തന്നെ എന്തെല്ലാം പുതിയ രീതിയിലും രൂപത്തിലുമാണ്‌ വരുന്നത്‌. അപ്പോൾ അതെല്ലാം വച്ചു നോക്കുമ്പോൾ നമ്മൾ നോക്കേണ്ടത്‌, വസ്ത്ര നിർമ്മാണ രംഗത്ത്‌ നമ്മൾ എത്ര സർഗ്ഗാത്മകമായിട്ടുള്ള മാറ്റങ്ങളാണ്‌ വരുത്തുന്നത്‌. കാഡ്‌ വന്നതിനുഷേം ഡിസൈനിംഗ്‌ ഒരു പ്രശ്നമേയല്ല. ഇലക്ട്രോണിക്‌ വിദ്യകൾ തന്നെ ആ രംഗത്തേക്ക്‌ വന്നു കഴിഞ്ഞു. അപ്പോൾ ഇതൊക്കെ നീരയ്ക്കു മാത്രം ഇതൊന്നും പാടില്ല എന്ന്‌ എവിടെ പറഞ്ഞിരിക്കുന്നു. തെങ്ങിനോ നീരയ്ക്കോ ഇത്‌ അസ്പർശമാണെന്ന്‌ നമ്മൾ പറയരുത്‌. നമ്മൾ തന്നെ നമ്മുടെ മനസ്സിനകത്തേക്ക്‌ ഒന്നു നോക്കണം. ഈ കാര്യം ഞാൻ പറയുന്നത്‌ സത്യസന്ധമായിട്ടാണ്‌. ആത്മാർത്ഥമായിട്ടാണ്‌. അവരെ പുറകോട്ട്‌ വലിക്കുന്നത്‌ ജനങ്ങളുടെ മുന്നോട്ടുള്ള പുരോഗതിക്ക്‌ സഹായകരമാണോ. ഇതൊക്കെ നമ്മൾ ഒരു ആത്മ പരിശോധന നടത്തേണ്ട വിഷയമാണ്‌. നമ്മുടെ മനസാക്ഷിയോടു തന്നെ ചോദിക്കുമ്പോഴാണ്‌ ഇങ്ങനെയുള്ള തീരുമാനങ്ങൾ ഉണ്ടാകുന്നത്‌.
JAN15-FEB 15/2015

ദത്തെടുത്ത കുട്ടികൾ


പി.ആർ.നാഥൻ
    ജീവിതത്തിൽ ഒരു പ്രത്യേക സന്ദർഭത്തിലാണ്‌ ഞാൻ ദത്തുപുത്രി എന്ന ആശയത്തെക്കുറിച്ച്‌ ആദ്യമായി ചിന്തിക്കുന്നത്‌. വിവാഹാലോചനയുമായി വന്ന ദല്ലാൾ ഒരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചുകൊണ്ട്‌ ഇങ്ങിനെ പറയുകയുണ്ടായി. ഇത്‌ അച്ഛനമ്മമാരുടെ സ്വന്തം മകളല്ല. ഇവൾ ദത്തുപുത്രിയാണ്‌.
     ഒരു യഥാർത്ഥപുത്രിയും ദത്തുപുത്രിയും നിയമത്തിന്റെ ദൃഷ്ടിയിൽ ഒരുപോലെയാണ്‌. ദത്തെടുത്ത കുട്ടികൾക്ക്‌ സ്വന്തം അച്ഛനമ്മമാരിൽ നിന്നെന്ന പോലെ എല്ലാ അവകാശങ്ങളും ഉണ്ട്‌. നേരത്തെസൂചിപ്പിച്ച പെൺകുട്ടിയെ അച്ഛനമ്മമാർ ദത്തെടുത്തത്‌ ആറു മാസം പ്രായമുള്ളപ്പോൾ ബന്ധത്തിൽ പെട്ട ഒരു പെൺകുട്ടിയെതന്നെയാണ്‌ അവർ ദത്തെടുത്തത്‌. വിവാഹ ബന്ധത്തിന്‌ അതൊരു തടസ്സമായില്ല. ആ പെൺകുട്ടിയെ തന്നെയാണ്‌ ഞാൻ വിവാഹം കഴിച്ചതു. അവളുടെ മാതാപിതാക്കളെ ഞാൻ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ദത്തെടുക്കുക എന്ന കർമ്മം പവിത്രമാണ്‌. പക്ഷെ എത്രയോ ദമ്പതിമാർ സന്താനരഹിതരായി ജീവിതം ഉന്തിനീക്കുമ്പോഴും ദത്തെടുക്കാൻ പ്രക്രിയ താരതമ്യേന അപൂർവ്വമാണ്‌. നിയമപരമായ നൂലാമാലകളാണൊ അതിന്റെ പിറകിലുള്ളത്‌ എന്നറിഞ്ഞു കൂട. ദത്തെടുക്കുന്ന കുട്ടി തങ്ങളെ സ്നേഹിക്കുമോ എന്ന്‌ എല്ലാവരും ഭയപ്പെടുന്നു. മുതിർന്ന്‌ കഴിഞ്ഞാൽ സ്വഭാവം എങ്ങനെയായിരിക്കും ? വഴക്കിനുവന്നാൽ എന്തു ചെയ്യും? സ്വാഭാവികമായും ഇത്തരം സംശയങ്ങൾ ഉണ്ടാകും. സ്വന്തം മക്കളും തിരിഞ്ഞു കടിക്കാറുണ്ടല്ലോ. അത്തരം കേസ്സുകളിൽ അത്‌ സ്വന്തം മക്കളാണെന്ന്‌ കരുതി സഹിക്കാം. ദത്തെടുത്ത കുട്ടികളെക്കൊണ്ട്‌  പ്രശ്നമുണ്ടായാൽ നാട്ടുകാർ പരിഹസിച്ചാലോ? വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത്‌ കഴുത്തിലിട്ടാൽ ആരു പറഞ്ഞു എന്ന്‌ ചോദിച്ചാലോ?
    വാസ്തവത്തിൽ ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിൽ അധികം ഉണ്ടാകാറില്ല. ദത്തെടുത്ത കുട്ടികളുമായി സുഖജീവിതം നയിക്കുന്നവരാണ്‌ ഭൂരിപക്ഷവും. താൻ അച്ഛനമ്മമാരുടെ സ്വന്തം സന്തതിയല്ല എന്ന്‌ ആ കുട്ടി അറിയുന്ന നിമിഷത്തിൽ എന്തൊക്കെയാണ്‌ സംഭവിക്കുക? ഇതാണ്‌ പലരുടേയും ഭയം. ഈ അവസരത്തിൽ അവർ തേടി പോയാലോ? ദത്തെടുത്ത മക്കൾ അറിയാതെ ഇക്കാര്യം രഹസ്യമായി വെയ്ക്കണമെന്ന്‌ ചിലർ കരുതുന്നു. തുറന്നു പറയുന്നതാണ്‌ നല്ലതെന്ന്‌ വേറെ ചിലർ അഭിപ്രായപ്പെടുന്നു. വിവാഹിതനാകുന്ന അവസരത്തിൽ എനിയ്ക്കും ഒരു സംശയമുണ്ടായിരുന്നു. ഭാര്യയായിവരുന്ന കുട്ടി ഒരു ദത്തുപുത്രിയാണെന്ന്‌ അവർ അറിഞ്ഞിട്ടുണ്ടാകുമോ? അറിഞ്ഞാൽ എന്തൊക്കെയാണ്‌ സംഭവിക്കുക? മാനസികസമ്മർദ്ദം മൂലം അവൾ ബോധരഹിതയാകുമോ? എന്തായാലും നവവധുവിനോട്‌ ഇക്കാര്യംചോദിക്കേണ്ട എന്നുതന്നെ ഞാൻ കരുതി. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്ത്‌ മധുവിധുവിന്റെ മധുരം കളയേണ്ട എന്നുതന്നെ ഞാൻ തീരുമാനിച്ചു. വിവാഹിതനായതിന്റെ പിറ്റേന്നു തന്നെ അവൾ പറഞ്ഞു. ഞാൻ ഒരു ദത്തു പുത്രിയാണ്‌. സംഭവം കേട്ടതും ഞാൻ അത്ഭുതപ്പെടുകയും ചിരിക്കുകയും ചെയ്തു. അവൾ പറഞ്ഞു.
    "മക്കളില്ലാത്ത എന്റെ അച്ഛനും അമ്മയും എന്നെ ആറാമത്തെ മാസത്തിൽ ദത്തെടുത്തത്താണ്‌."
    'ഇതെങ്ങിനെ അറിഞ്ഞു'
    'എനിയ്ക്ക്‌ ഓർമ്മവച്ച നാൾ മുതൽ നാട്ടുകാർ പറയുന്നത്‌ ഞാൻ കേൾക്കാറുണ്ടല്ലോ. തൊട്ടുവീട്ടുകാരും കൂട്ടുകാരികളുമൊക്കെ അതു പറയാറുണ്ട്‌"
    "ഈ വിവരം അച്ഛനും അമ്മയ്ക്കും അറിയുമോ?"
    "അറിയില്ല എന്ന്‌ തോന്നുന്നു. എന്തായാലും ഒരു ദിവസം ഞാൻ അവരോട്‌ ചോദിച്ചു. ആളുകൾ വെറുതെ പറയുന്നതാണെന്ന്‌ അവർ പറഞ്ഞു. എനിയ്ക്ക്‌ അതൊന്നും ഇതേവരെ പ്രശ്നമായിട്ടില്ല"
    ദത്തെടുത്ത കുട്ടികളിൽ നിന്നും സത്യം ഒളിപ്പിച്ചു വെക്കുക എന്നത്‌ പ്രാവർത്തികമല്ല. ഇതറിയാവുന്ന ബന്ധുക്കളും സുഹൃത്തുക്കളും (ശത്രുക്കളും) അവരോട്‌ അക്കാര്യം പറയുക തന്നെ ചെയ്യും. അങ്ങിനെ പറഞ്ഞാലും ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. എന്റെയും ഭാര്യയുടേയും ജീവിതത്തിൽ ഈ ഘടകങ്ങളൊന്നും യാതൊരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ല. ദത്തെടുക്കുക എന്നത്‌ മനസുകൊണ്ട്‌ ഉണ്ടാക്കുന്ന ഒരു ഉടമ്പടി ബന്ധമാണ്‌. അത്‌ അതീവശക്തമാണ്‌. അതിന്‌ രക്തബന്ധത്തേക്കാൾ ശക്തിയുണ്ട്‌. മുതിർന്നു കഴിഞ്ഞ ശേഷം ദത്തുമക്കൾ ഇക്കാര്യം അറിയുകയാണ്‌ വേണ്ടത്‌. അത്‌ അറിഞ്ഞുകൊണ്ട്‌ ഇന്നേവരെ എവിടെയെങ്കിലും കുഴപ്പങ്ങൾ ഉണ്ടായതായി കേട്ടിട്ടില്ല. പരമപവിത്രമായദത്തെടുക്കൽ കർമ്മത്തെക്കുറിച്ച്‌ നാം കുറെക്കൂടി ബോധവാന്മാരാകേണ്ടതുണ്ട്‌. ഈ ബോധത്തെക്കുറിച്ച്‌ ദത്തെടുത്ത കുട്ടികൾ മാത്രമല്ല ചിന്തിക്കേണ്ടത്‌. അച്ഛനമ്മമാരുടെ യഥാർത്ഥമക്കളും ഇതെക്കുറിച്ച്‌ മനസ്സിലാക്കേണ്ടതുണ്ട്‌. ഇതെക്കുറിച്ച്‌ പറഞ്ഞുകേട്ട ഒരു അനുഭവം ഞാൻ കുത്തിക്കുറിക്കുകയാണ്‌.
    ദത്തുപുത്രിയായ മകൾ യുപി സ്കൂളിൽ പഠിക്കുന്നു. ഒരിക്കൽ മറ്റു കുട്ടികൾ അവളെ കളിയാക്കി നിന്റെ യഥാർത്ഥ അച്ഛനമ്മമാർ അവരല്ല. നീ വേറെ എവിടെയോ ജനിച്ചകുട്ടിയാണ്‌. ഇതുകേട്ടതും ദത്തു പുത്രിക്ക്‌ വിഷമമായി. അവളുടെ അച്ഛനമ്മമാരുടെ അസൂയാലുക്കളിൽ നിന്നാണ്‌ ഈ വിവരം പുറത്തു വന്നിരിക്കുന്നത്‌. അന്നത്തെ ദിവസം അവൾ നിറകണ്ണുകളുമായി വീട്ടിൽ വന്നു. കാര്യമെന്താണെന്ന്‌ അവൾ തുടക്കത്തിൽ പറഞ്ഞില്ല. അവളുടെ അമ്മ അന്വേഷിച്ചു.
    "നീ എന്തിനാണ്‌ മോളെ സങ്കടപെടുന്നത്‌?"
    "ഞാൻ അമ്മയുടെ ആരാ"
    അവൾ ചോദിച്ചു.
    "നീ എന്റെ മകൾ, എന്താണിത്ര സംശയം."
    "ഞാൻ വളർത്തു മകളാണെന്ന്‌ എന്റെ കൂടെ പഠിക്കുന്ന മറ്റു കുട്ടികൾ പറഞ്ഞല്ലോ"
    "എല്ലാ കുട്ടികളേയും വളർത്തുന്നത്‌ അച്ഛനമ്മമാരെല്ല മോളെ? അവരും വളർത്തുപുത്രികളാണല്ലോ. അതു പോലെ നീയും വളർത്തുപുത്രിയാണ്‌".
    ഈ മറുപടികൊണ്ട്‌ തൽക്കാലം അവൾക്ക്‌ തൃപ്തിയായി. ദിവസങ്ങൾക്കു ശേഷം വീണ്ടും സഹപാഠികളിലാരോ ഇതേ വിഷയം അവളോട്‌ പറഞ്ഞു. അന്നു വൈകുന്നേരം അവൾ അമ്മയോട്‌ ചോദിച്ചു.
    "അമ്മയാണൊ എന്നെ പ്രസവിച്ചതു""അതെ" എന്നു പറഞ്ഞ്‌ അമ്മ അവളെ അരുകിലേക്ക്‌ വിളിച്ചു അമ്മ അവൾക്ക്‌ ആഹാരം കൊടുത്തശേഷം കവിളിൽ തുരുതുരാ ഉമ്മവച്ചു. അമ്മ അവളെ മടിയിൽ കിടത്തി.
    'ദത്തെടുത്ത മകൾ എന്നു പറഞ്ഞാൽ എന്താണെന്ന്‌ മോൾക്ക്‌ അറിയാമോ?"
    "ഇല്ല"
    "പറഞ്ഞുതരാം അമ്മയുടെ വയറിനകത്താണ്‌ സാധാരണഗതിയിൽ മക്കൾ ഉണ്ടാകുക. അതുനീ  കേട്ടിട്ടില്ലേ?"
അറിയാമെന്ന ഭാവത്തിൽ അവൾ തലയാട്ടി. തുടർന്ന്‌ അമ്മ ചോദിച്ചു.
"മോളോട്‌ അമ്മ ഒരു സംശയം ചോദിക്കട്ടെ, തല, കൈകൾ, കാലുകൾ, വയറ്‌, ഹൃദയം ഇവയിൽ ഏറ്റവും ഉത്തമമായ അവയവം എന്താണ്‌? മോള്‌ പറ"
ഏതാനും നിമിഷം ചിന്തിച്ച ശേഷം മകൾ പറഞ്ഞു.
"ഹൃദയം"
വയറിനേക്കാൾ വലുതാണോ ഹൃദയം.
"അതെ അത്‌ നിന്നുപോയാൽ മനുഷ്യൻ മരിക്കുമല്ലോ"
"ഹൃദയം തന്നെയാണ്‌ വലുത്‌ മോളെ.
ഹൃദയത്തിൽ നിന്നും ജനിക്കുന്നതിനെയാണ്‌ ദത്തെടുക്കുക എന്നു പറയുന്നത്‌. മോൾ ജനിച്ചതു എന്റെ ഹൃദയത്തിൽ നിന്നാണ്‌.
ആ മറുപടി അവൾക്ക്‌ തൃപ്തികരമായിരുന്നു. അവൾ പഠിച്ചു വലുതായപ്പോൾ ഒരിക്കൽ ചിന്തിച്ചു. മക്കളെല്ലാം രൂപമെടുക്കുന്നത്‌ അച്ഛനമ്മമാരുടെ ഹൃദയത്തിലാണ്‌. അതിനാൽ മുതിർന്ന്‌ കഴിഞ്ഞാൽ അവർ അച്ഛനമ്മമാരുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ ശ്രമിക്കണം. ഇന്ന്‌ എത്ര മക്കൾ മാതാപിതാക്കളുടെ ഹൃദയത്തിൽ സ്ഥാനം നേടാൻശ്രമിക്കുന്നുണ്ട്‌. കുട്ടികളെ ദത്തെടുക്കുന്നവർ ഈ ബന്ധത്തിന്റെ ദൈവികശക്തിയെക്കുറിച്ച്‌ മനസ്സിലാക്കണം. കുട്ടികൾക്കും ഈ വിഷയംപറഞ്ഞു കൊടുക്കണം. ഹൃദയത്തിൽ നിന്നും വന്നവർ അച്ഛനമ്മമാരുടെ ഹൃദയത്തിലേക്കുതന്നെ മടങ്ങിച്ചെല്ലണം. ദത്തെടുക്കുക എന്നത്‌ ഒരു സാങ്കേതിക നാമമല്ല. അത്‌ ഹൃദയദ്രുവീകരണശക്തിയുള്ള ഒരു അനുഭവമാണ്‌.

ജ്ഞാനമാർഗ്ഗത്തിൽ


എം.തോമസ്‌ മാത്യു
കേരളത്തിലെ സർവ്വകലാശാല വൈസ്‌ ചാൻസലർന്മാർ ചാൻസലർ കൂടിയായ ഗവർണറോട്‌ തങ്ങൾക്ക്‌ അംഗരക്ഷകരെ നിയമിച്ചു നൽകണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നു പോൽ! കാക്കിക്കുപ്പായമണിഞ്ഞ്‌, ബയണറ്റു പിടിപ്പിച്ച തോക്കുമേന്തി ഓരോരോ രൂപങ്ങൾ വൈസ്‌ ചാൻസലർമാരുടെ പിന്നാലെ നടക്കുന്ന  ചിത്രം ആലോചിച്ചു നോക്കൂ. കേരളത്തിലെ വൈജ്ഞാനികാന്വേഷണരംഗത്തിന്റെ ആന്തരഗൗരവം വിളിച്ചോതുന്ന നല്ല പ്രതീകമായിരിക്കും ആ ആയുധധാരികൾ. എന്തുകൊണ്ട്‌ വൈശ്ചാൻസലർമാരെല്ലാം ഐ.പി.എസ്‌ കേഡറിലുള്ളവരായിരിക്കണമെന്ന്‌ ആലോചിച്ചു കൂടാ. വിദ്യാഭ്യാസ ധുരണ്ഠരന്മാരുടെയെല്ലാം പിന്നാലെ നിഴൽപോലെ ഒരു തോക്കുധാരി സഞ്ചരിക്കുന്നതിനേക്കാൾ നല്ലത്‌ അതായിരിക്കുകയില്ലേ? എല്ലാ സർവ്വകലാശാലാ ക്യാമ്പസിലും ക്രമസമാധാനപാലനത്തിന്‌ ഒരു കുപ്പിണിപ്പട്ടാളത്തെ നിർത്തുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്‌. അവർക്ക്‌ ഇടയ്ക്കിടെ ക്യാമ്പസ്‌ നിരത്തുകളിലൂടെ കവാത്തു നടത്തി സത്യാന്വേഷണവും തത്ത്വനിർദ്ധാരണവും അഭംഗുരം നിർവ്വഹിക്കപ്പെടുന്നുണ്ട്‌ എന്ന്‌ ഉറപ്പുവരുത്താവുന്നതാണ്‌. എല്ലാവർക്കും വിദ്യാഭ്യാസം എന്നതിനു പകരം എല്ലാവർക്കും സുരക്ഷിത വിദ്യാഭ്യാസം എന്നൊരു പുതിയ മുദ്രാവാക്യം മന്ദ്രസ്ഥായിയിൽ വിളിച്ച്‌ രോമാഞ്ചം കൊള്ളുകയും ആകാം!
    ഈ പരിഷ്കാരങ്ങളെ എന്തിന്‌ സർവ്വകലാശാലകളിൽ മാത്രമായി ഒതുക്കി നിർത്തുന്നു? എന്തുകൊണ്ട്‌ കോളേജുകളിലേക്കും ഹയർ സെക്കന്ററി സ്കൂളുകളിലേക്കും ഇത്‌ വ്യാപിപ്പിച്ചു കൂടാ. പ്രിൻസിപ്പൽമാരുടെ ജീവനും ആരോഗ്യവും വൈശ്ചാൻസലർമാരുടേതിനേക്കാൾ വിലകുറഞ്ഞതാണോ? എല്ലാവർക്കും ഒരേ പദവി പാടില്ലെന്നാണെങ്കിൽ വൈസ്‌ ചാൻസലർമാർക്ക്‌ എ.കെ.47 ഏന്തിയ വീരഭടൻ, പ്രിൻസിപ്പൽമാർക്ക്‌ വെറും തോക്കുകാരൻ, ഹയർസെക്കന്ററി തലത്തിൽ ലാത്തി ചുഴറ്റുന്ന ഒരു സദാവേഷം എന്ന്‌ നിശ്ചയിക്കാം. എന്തായാലും വിദ്യാഭ്യാസം സുരക്ഷിതമായിരിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സമീപത്ത്‌ ഏത്‌ നിമിഷവും പാഞ്ഞെത്തി സമാധാനപാലനം നിർവഹിക്കാൻ പാകത്തിൽ സദാസന്നദ്ധമായ സേനയെ ഒരുക്കി നിർത്തുന്നതും അഭികാമ്യമായിരിക്കും!!
    ജ്ഞാനാന്വേഷണ നിരതമായ ജാഗ്രദ്‌ മനസ്സുകളുടെ വിഹാരരംഗമായിരുന്നു, ആകണം, സർവ്വകലാശാലകൾ എന്നാണ്‌ സങ്കൽപം. രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ദിശാബോധം നൽകുകയും അവയുടെ നിലവാരത്തിന്‌ ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്‌ സർവ്വകലാശാലയുടെ ധർമ്മവും ഉത്തരവാദിത്വവുമാണ്‌. ഇങ്ങനെയൊക്കെയാണ്‌ നമ്മൾ സങ്കൽപിച്ചിരുന്നത്‌; ഇങ്ങനെയൊക്കെയാണ്‌ പണ്ട്‌, രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവിഭാഗധേയത്തെക്കുറിച്ച്‌ സ്വപ്നങ്ങൾ കണ്ടിരുന്നവർ സങ്കൽപിച്ചിരുന്നത്‌. അതൊക്കെ പഴഞ്ചൻ സങ്കൽപങ്ങൾ, എന്നേ കാലഹരണപ്പെട്ടവ, എന്നല്ലേ പുതിയ കാലം തെളിയിക്കുന്നത്‌. പണ്ടൊക്കെ കുട്ടികൾ ഒരു ശൈലിയായി പറഞ്ഞിരുന്നു- 'അതങ്ങ്‌ പള്ളിയിൽ പറഞ്ഞാൽ മതി' നടപ്പില്ലാത്ത കാര്യങ്ങൾ പറയാനുള്ള ഇടമാണ്‌ പള്ളി എന്ന അർത്ഥം. ഇന്ന്‌ പള്ളിയിൽ പറയേണ്ട, പറയാവുന്ന കാര്യങ്ങളുടെ എണ്ണം കൂടി; ഏത്‌ ആദർശവും, ഏതു സ്വപ്നവും അനാഥമായി. താത്കാലികമായ ലാഭവും പ്രയോജനവുമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കുകയേ വേണ്ടാ എന്ന്‌ വന്നിരിക്കുന്നു; പ്രയോജനവാദികളുടെ സുവർണ്ണയുഗം പിറന്നിരിക്കുന്നു. സ്വർണ്ണത്തിനു സുഗന്ധം എന്ന്‌ പണ്ട്‌ കവികൾ സങ്കൽപിച്ചിരുന്നു; ഈ സ്വർണ്ണത്തിനു ദുർഗന്ധമാണല്ലോ പടച്ചവനേ എന്ന്‌ ഖേദം തോന്നുന്നു. ഒരു പഴമനസ്സിന്റെ വെറും തോന്നലാവാം. അഥവാ, ഈ ലോകത്തിൽ മണക്കാനുള്ള കഴിവു നിലനിൽക്കുന്നതിൽപരം ഒരു ദുര്യോഗമുണ്ടോ?
    സർവ്വകലാശാലയിലെ വിവിധ സ്ഥാനങ്ങളെ അതതുകാലത്തെ ഭരണക്കാർ വീതിച്ചെടുക്കുന്ന രീതി വന്നതാണ്‌ ഇതിനുള്ള കാരണങ്ങളിൽ പ്രധാനം. ഇതു പറഞ്ഞാലുടനെ വരും അരാഷ്ട്രീയവാദി എന്ന പരിഹാസം! രാഷ്ട്രീയക്കാരെയും ആൾക്കൂട്ട നായകന്മാരെയും തിരിച്ചറിയാൻ കഴിയാത്ത സുഖകരമായ അവസ്ഥയിൽ നിന്നാണ്‌ ഈ പരിഹാസത്തിന്റെ വരവേന്ന്‌ അവരൊന്നും അറിയുന്നേയില്ല. ഒരു സിവിൾ സമൂഹത്തിന്റെ ഘടനയെക്കുറിച്ചും ആ ഘടന ഏതേതു ലക്ഷ്യങ്ങൾ പ്രാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌, ആ ലക്ഷ്യത്തിലെത്താൻ എന്തു കർമ്മപരിപാടിയാണ്‌ നടപ്പിലാക്കേണ്ടത്‌ എന്ന്‌ സങ്കൽപിക്കുകയും വലിയ ലക്ഷ്യസ്ഥാനങ്ങളെ കിനാവുകണ്ട്‌ ആ കിനാവുകളാൽ ജനതയെ മുഴുവൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നവനാണ്‌ രാഷ്ട്രീയക്കാരൻ. അധികാരം പിടിച്ചടക്കാനും പിടിച്ചടക്കിയ അധികാരത്തിൽ പിടിച്ചു തൂങ്ങാനും ഓരോരോ കളികൾ കളിക്കുകയും ആ കളികളെല്ലാം ജനങ്ങൾക്കുവേണ്ടിയാണെന്ന്‌ അവരെ തെറ്റിദ്ധരിപ്പിച്ച്‌ കൂടെ നിർത്തുകയും ചെയ്യുന്നവർ ആൾക്കൂട്ട നായകന്മാർ മാത്രം. അവരുടെ കളിക്കളങ്ങളായി മാറി വിദ്യാലയങ്ങളും സർവ്വകലാശാലകളും. അവരുടെ തുച്ഛ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ്‌ സർവ്വകലാശാലകളുടെ ധർമ്മം.
    ഈ സാഹചര്യത്തിൽ സർവ്വകലാശാലകളിൽ കയ്യാങ്കളിക്ക്‌ അവസരമുണ്ടാകുന്നതിൽ അത്ഭുതമുണ്ടോ? എന്തെങ്കിലും അക്കാദമിക്‌ മേന്മ നോക്കിയല്ല വൈസ്‌ ചാൻസലർമാരെ നിയമിക്കുക. ഇയാൾ നമ്മുടെ ആളാണോ നമ്മൾ പറയുന്നത്‌ കേൾക്കുന്ന ആളാണോ എന്നേ നോക്കുന്നുള്ളൂ. ഇത്തരം ആളുകൾ സർവ്വകലാശാലാ സമിതികളിൽ നിറയുന്നു. അവരുടെ അജ്ഞാനുവർത്തികളാകാൻ തന്നെ പഠന വകുപ്പുകളിൽ വരണമെന്ന്‌ അവർ ശാഠ്യം പിടിക്കുന്നു. അങ്ങനെ അരങ്ങിൽ നിന്ന്‌ വിടചൊല്ലി ഇറങ്ങുന്നത്‌ അക്കാദമിക്‌ താത്പര്യങ്ങൾ മാത്രമാകുന്നു. ബാക്കിയെല്ലാം അവശേഷിക്കും. കക്ഷിപ്പോരുകൾ, ജാതി താത്പര്യങ്ങൾ, ഇതിനിടയിൽ മിടുക്കന്മാരുടെ ചില്ലറ സ്വാർത്ഥതകൾ. എല്ലാം അവരവർക്ക്‌ അർഹതപ്പെട്ട വിഹിതം പറ്റാൻ ഒരുങ്ങി നിൽക്കും. അർഹതപ്പെട്ടതെന്ന്‌ തങ്ങൾ കരുതുന്നത്‌ കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യാനും അവർ മടിക്കുകയുമില്ല. അൽപം സുരക്ഷിതത്വം ഉണ്ടായാൽ കൊള്ളാമെന്ന്‌ ഒരു വൈസ്‌ ചാൻസലർ ആഗ്രഹിക്കുന്നതിൽ അപാകത കാണാമോ?
    ഞങ്ങൾ ഭരിക്കുമ്പോൾ ഞങ്ങളുടെ ആളിനെയല്ലേ വൈസ്‌ ചാൻസലറായി നിയമിക്കേണ്ടത്‌ എന്ന്‌ പച്ചയായി ചോദിക്കാവുന്ന അവസ്ഥയിലേക്ക്‌ കേരളത്തിലെ സർവ്വകലാശാലാ രംഗം അധഃപതിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്‌ കോളേജുകളുടെ സ്വയംഭരണാവകാശത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്‌ - കഷ്ടം!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...