22 Feb 2015

malayalasameeksha feb 15-march 15/2015

ഉള്ളടക്കം

ലേഖനം
ആത്മീയ സമുദായങ്ങൾ വേണം
നടരാജഗുരു 

വാചാലൻ വാഗ്മിയെ തേടുന്നു
അക്കിത്തം 

സ്വത്വം, സ്വത്ത്‌, സത്ത്‌
സി.രാധാകൃഷ്ണൻ

മുല്ലക്കരയുടെ മുഗ്ദ്ധലാവണ്യം
കാവിൽരാജ്‌ മുല്ലക്കര  
കാരുണ്യം നൽകുന്ന കരുത്ത്‌
ജോൺ മുഴുത്തേറ്റ്‌
ബ്ലോഗ്സൈറ്റുകളും ബ്ലോഗെഴുത്തും വളരണം
സുനിൽ എം എസ്
മലയാള സിനമകൾ നിർമിക്കുന്നതാർക്കുവേണ്ടി?
സലോമി ജോൺ വൽസൻ 

ആദിവാസികലകൾ അരങ്ങിലെത്തണം
കാവിൽരാജ്‌,മണ്ണുത്തി

സ്മൃതിഗാഥകളും ദാർശനിക വ്യഥകളും
വി.കെ.ഷറഫുദീൻ

കാൻസർ നിയന്ത്രണം നമുക്ക്‌ അപ്രാപ്യമല്ല
ഡോ. സി.എൻ. മോഹനൻ നായർ
ഗുരുവിന്റെ പുതിയ മതം
എം.കെ.ഹരികുമാർ

കൃഷി
ആധുനിക സാങ്കേതിക വിദ്യകളും കർഷക കൂട്ടായ്മകളുടെ സംരംഭകത്വ വളർച്ചയും
ടി.കെ.ജോസ് ഐ എ എസ്

തെങ്ങ്‌ എനിക്ക്‌ കൗമാര കൗതുകം
സി.രാധാകൃഷ്ണൻ
നീര - കേരകർഷകന്റെ രക്ഷക്ക്‌
പി. പ്രദീപ്കുമാർ
നാളികേരത്തിന്‌ നല്ല ഭാവി പ്രതീക്ഷിക്കാം
ടി.എസ്‌.വിശ്വൻ
കേരകൃഷി ശോഭന ഭാവിയിലേക്ക്‌
സാജൻ വർഗ്ഗീസ്‌
നാളികേരത്തിന്റെ ഭാവിയ്ക്ക്‌ ഉൽപാദക കമ്പനികൾ
അഡ്വ. പ്രിയേഷ്കുമാർ
തെങ്ങിനിടയിൽ കൂവ കൃഷി ചെയ്ത്‌  വൻ വരുമാനം നേടാം
സെബാസ്റ്റ്യൻ ജോസഫ്‌
ഉത്പാദക സംഘങ്ങളിലൂടെ
ആർ. ജ്ഞാനദേവൻ
നീര ഉത്പാദനത്തിനു 136 ഫെഡറേഷനുകൾക്കു കൂടി ലൈസൻസ്​‍ നൽകും: മുഖ്യമന്ത്രി
സിഡിബി ന്യൂസ്‌ ബ്യൂറോ, കൊച്ചി -11
വിശ്വാസങ്ങളും നാളികേരവും
അഡ്വ. സന്ദീപ്‌ പി. കെ.
നാളികേരത്തിൽ നിന്ന്‌ ജൈവ ഡീസൽ ഭാവിയുടെ ഇന്ധനം
ഡോ.സി മോഹൻകുമാർ

കവിത
ഒരുമിച്ചുപോകാം....
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
കൊതുമ്പ്
സോണ ജി
മൂന്നു കവിതകൾ
രാധാമണി   പരമേശ്വരൻ
പുഴയാകുവാന്‍ കൊതിച്ച്
രമേശ്‌ കുടമാളൂര്‍
വൃദ്ധ മന്ദിരം,Rag Pickers
സലോമി ജോൺ വൽസൻ
യുദ്ധം
രാജു കാഞ്ഞിരങ്ങാട്
കൊതു,കൊതു
ഡോ.കെ.ജി.ബാലകൃഷ്ണൻ
അതിരുകൾക്കപ്പുറം
മോഹൻ ചെറായി

നിശ്ചലം
ഷിബു കൂത്താട്ടുകുളം

കഥ
മുഖപരിചയം
ടി. ആർ. രാജൻ

'നറുക്കെടുക്കാത്ത ടിക്കറ്റുകൾ'’
ദിപുശശി തത്തപ്പിള്ളി
സദാചാരത്തിലെ സാരം
ശിവപ്രസാദ്‌ താനൂർ
മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം
മുരളീകൃഷ്ണൻ ഹരികൃഷ്ണൻ
ഹൈക്കു കവിതകൾ
സോണി വേളൂക്കാരൻ

വാചാലൻ വാഗ്മിയെ തേടുന്നു


അക്കിത്തം
    കവിതയുടെ മൂലകന്ദം വാക്കല്ല, അതിലൂടെ പ്രകാശിക്കുന്ന അർത്ഥമാണ്‌-ഋക്കാണ്‌-ഋജുവായ സത്യമാണ്‌, കൂടുതൽ നിഷ്കൃഷ്ടമായ പഠനത്തിൽ അതു കവിതയുടെ സ്വകാര്യജീവിതത്തിന്റെ സമഗ്രപരിശുദ്ധിവരെ എത്തുകയും ചെയ്യും.
    കവിത വാക്കല്ല എന്നതു സത്യം തന്നെ എങ്കിലും, കവിതയിൽ വാക്കുകൾക്കുള്ള പ്രാധാന്യം അനിതരസാധാരണമാണെന്ന തോന്നൽ നിലനിൽക്കുന്നു. ഇതറിഞ്ഞിട്ടല്ലയോ നമ്മുടെ മുൻഗാമികൾ വാഗ്ദേവീ പൂജ ചെയ്തത്‌? ഉപനിഷത്തു പറയുന്നു. "ഏഷാം ഭൂതാനാം പൃഥി വീരസഃ, പൃഥിവ്യാ ആപോരസാഃ, അപാം ഔഷധയോരസഃ, ഔഷധീനാം പുരുഷോ രസഃ, പുരുഷസ്യ വാഗ്രസഃ, വാച ഋഗ്രസഃ, ഋചസ്സാമരസഃ സാംന ഉൽഗീഥോ രസഃ സ ഏഷ രസാനാം രസതമഃ പരമഃ പരാർദ്ധ അഷ്ടമോ യ ഉൽഗീഥഃ" പൗരുഷത്തിന്റെ സത്ത വാക്കാണ്‌ എന്ന്‌ ഇതിൽ നിന്നു സിദ്ധിക്കുന്നുണ്ടല്ലോ.
    കാളിദാസനെപ്പറ്റി ഒരു കഥയുണ്ടല്ലോ, 'കുമാരസംഭവ'ത്തിൽ, ത്ര്യംബകം എന്ന പദം എഴുതേണ്ട ഘട്ടത്തിൽ അദ്ദേഹത്തിനു തോന്നി, 'പോര, ഇവിടെ ത്രിയംബകം എന്നുതന്നെ എഴുതണം.' അദ്ദേഹമെഴുതി.
    "സ ദേവദാരുദ്രുമവേദികായാം
    ശാർദ്ദൂലചർമ്മവ്യവധാനവത്യം
    ആസീനമാസന്നശരീരപാത-
    സ്ത്രിയംബകം സംയമിനം ദദർശ"
ആദ്യം പ്രയോഗിച്ച 'വേദിക' എന്ന പദമാവാം ഒരു പക്ഷേ, 'ത്രിയംബകം' എന്ന പദംതന്നെ വേണം, 'ത്ര്യംബകം' പോര എന്നു തോന്നിച്ചതു. കാരണം, യാഗശാലയിൽ ഒരുകുറിയെങ്കിലും കടന്നുനോക്കിയിട്ടുള്ളവർക്കു വേദിക എന്ന വാക്കിന്റെ സാരം, പറക്കുന്ന പക്ഷിയുടെ രൂപത്തിൽ ഭൂമിയിൽ ഇഷ്ടിക പതിച്ചുണ്ടാക്കിയ ഒരു മണ്ഡപമെന്നാണ്‌ യാഗശാലയുടെ ചിത്രം മനസ്സിലേക്കു കടന്നുവന്നപ്പോൾ കവി വിചാരിച്ചിരിക്കാം: "ശിവനെയോ, ശിവന്റെ കൈയിലുള്ള വില്ലിനെയോ മാത്രം ഓർമിപ്പിച്ചാൽ പോര ആ വാക്ക്‌. ശിവന്റെ തപസ്സിലെ സമർപ്പണബുദ്ധിക്ക്‌ ഒരു യജ്ജത്തിലെ സമർപ്പണബുദ്ധിയുടെ നീളവും വീതിയും ആഴവുമുണ്ട്‌. അത്‌ അനുവാചകനു ബോധപ്പെടണമെങ്കിൽ 'ത്ര്യംബകം' പോര; 'ത്രിയംബകം വേണം" കാരണം, 'ത്രൃംബകം' ഋഗ്വേദത്തിലെ ഉച്ചാരണമാണ്‌; 'ത്രിയംബക'മാണ്‌ യജുർവ്വേദോച്ചാരണം. യാഗക്രിയകളെല്ലാം യാജ്ജുഷമാണ്‌.
    കാളിദാസനുതന്നെ വാക്കുകൾ തിരഞ്ഞെടുക്കേണ്ട ഘട്ടത്തിൽ ഇത്രയധികം ക്ലേശം നേരിടുന്നുവേങ്കിൽ, ആധുനികമായ ഒരവിദഗ്ധനും അപണ്ഡിതനുമായ കവിക്ക്‌ ഇതിലും അധികം, എത്രയോ അധികം, ക്ലേശം നേരിടുമെന്നകാര്യത്തിൽ ശങ്കവേണ്ട. ഇന്നത്തെ മനസ്സിൽ ഭൂമിയുടെ ഏതു കോണിലെ ജീവിതസത്യത്തിന്റെയും നേരിയ നേരിയ നിഴലുകൾ വന്നു വീണുകൊണ്ടിരിക്കുകയാണ്‌. കൂടാതെ കാളിദാസനുശേഷമുള്ള ചരിത്രത്തിൽനിന്നു വന്നു വീഴുന്ന നിഴലുകളുമുണ്ട്‌. ഇതെല്ലാം പാടെ അത്യന്തബീഭത്സമായ ഒരു അനുഭൂതി ശേഖരമാണ്‌ അയാളുടേത്‌. വാക്കുകൾ തിരഞ്ഞെടുക്കാനുള്ള അവധാനസാദ്ധ്യതയാകട്ടെ, നന്നെ കുറയുകയും ചെയ്തിരിക്കുന്നു-ജീവിതചലനത്തി
ന്റെ വേഗതകൊണ്ടും സംഘട്ടനാത്മകതകൊണ്ടും.
    'കുട്ടപ്പനെന്ന കോമരം' എഴുതിയപ്പോഴുണ്ടായ ഒരു നിസ്സാരസംഗതിയാണ്‌ ഇപ്പോൾ ഓർമയിലേക്കു കടന്നു വരുന്നത്‌.
    "കോവിലിലുണ്ടൊരൊരുമ്പെട്ടവൾ; അവൾ
    തൂവിടുമെന്നിൽ കാരുണ്യം
    എന്നു ധരിച്ചു; കണ്ണുമിഴിച്ചീ-
    ലെന്നുടെനേരെക്കൂത്തിച്ചി"
അതെഴുതിക്കഴിഞ്ഞപ്പോൾ തോന്നി, 'കൂത്തിച്ചി' കുറച്ചധികമല്ലേ? തെറ്റുമല്ലേ? 'കൂത്തച്ചി'യല്ലേ ശരി? പെട്ടെന്നു മനസ്സിൽ തെളിഞ്ഞത്‌ 'കൂത്തസ്ത്രീ'യുടെ, ദേവദാസിയുടെ, നൃത്ത്യഭാവമാണ്‌. ഒരു ഭരതനാട്യക്കാരിയുടെ മൂക്കുത്തി മുന്നിൽ തൂങ്ങിക്കിടന്നു തിളങ്ങുന്നു. ആ ചിത്രം പ്രകൃതത്തിലെ വെളിച്ചപ്പാടിന്റെ മനസ്സിലിരിക്കുന്ന ഭദ്രകാളിക്ക്‌ ഒട്ടും ചേരുകയില്ല. ചേരുമെങ്കിൽ തന്നെ 'കൂത്തിച്ചി' കുറച്ചധികം പച്ചയാവുന്നില്ലേ?
    പക്ഷേ, ഒരു പോംവഴി കണ്ടുപിടിക്കാൻ പെട്ടെന്നു കഴിഞ്ഞില്ല. കവിത പ്രസ്സിലേക്കയക്കുമ്പോൾ 'കൂത്തിച്ചി'യെ 'കൂത്തച്ചി'യാക്കി. പക്ഷേ, അതച്ചടിച്ചു വന്നപ്പോൾ കണ്ടത്‌, പ്രോ‍ൂഫ്‌ വായിച്ച ആൾ 'കൂത്തച്ചി'യെ വിവേകപൂർവ്വം 'കൂത്തിച്ചി'യാക്കിയിരിക്കുന്നു എന്ന വസ്തുതയാണ്‌. സമാധാനമാവുകയും ചെയ്തു.
    സാധാരണജീവിതത്തിൽ വാക്കുകൾ ഒറ്റപ്പരിപ്പുള്ള ചെടികളാണ്‌; കവിതയിലവ ഇരട്ടപ്പരിപ്പുള്ളവയായിത്തീരുന്നതുകൊണ്ടാണ്‌ ഈ വിഷമം മുഴുവൻ. എണ്ണമറ്റ നാരുവേരുകളിൽ ഏതിന്നാണു പ്രാധാന്യമെന്നു തീരുമാനിക്കുക വിഷമകരമാണ്‌. കാരണം, വാക്കുകളുടെ ശരീരത്തിൽ അവ പ്രയൂക്തങ്ങളായ എണ്ണമറ്റ സന്ദർഭങ്ങളുടെ പരാഗങ്ങളുണ്ട്‌. ഇവ മുഴുവൻ മാംസദൃഷ്ടികൊണ്ടു നോക്കിക്കാണാൻ തന്നെ സാദ്ധ്യമല്ല. തക്കതായ വാക്കു തക്കതായ സന്ദർഭത്തിൽ പ്രയോഗിക്കുമ്പോൾ അവയ്ക്കു മുമ്പുതന്നെയുള്ള ഒരു സവിശേഷമായ പരാഗ സംയോഗപ്രകാരം-ഒരർഥസമുദായം-പെട്ടെന്നു നമ്മുടെ കൃഷ്ണമണിയിൽ വന്നു മുട്ടുന്നു. ഇങ്ങനത്തെ പ്രകാശങ്ങളുടെ സമാഹാരമാണു സാധാരണജീവിതത്തിനു നിസ്സാരമെന്നു തോന്നുന്ന ഓരോ വാക്കും. തക്കതായ വാക്കു തക്കതായ സന്ദർഭത്തിൽ പ്രയോഗിക്കുക എന്നേടത്താണു ക്ലേശം കേന്ദ്രപ്പെട്ടുനിൽക്കുന്നത്‌."ഏകശ്ശബ്ദഃ സംഋച്ഛജ്ഞാതഃ സുഷ്ഠംപ്രയുക്തഃ സ്വർഗ്ഗേ ലോക ച കാമധുക്ഭവതി."
    ആ പണി വളരെയധികം ബുദ്ധിവ്യായാമവിധേയമാണെങ്കിലും മൗലികവീക്ഷണത്തിൽ ഒട്ടും ബുദ്ധിപരമല്ല. കുഴിയാന എന്നൊരു ജീവിയുണ്ടല്ലോ. മണലിൽ തലകീഴാക്കി അമിഴ്ത്തിവച്ച ഒരേറുപമ്പരം മെല്ലെ എടുത്തു നീക്കിയാലുണ്ടാവുന്നമാതിരി കുഴികളുടെ അന്തർഭാഗത്താണു കുഴിയാനയുടെ താമസം. കനമുള്ള ഒരു കരടോ, കൽത്തരിയോ ആ കുഴിയിലേക്കു തട്ടിയിടുക. ഒന്നും സംഭവിക്കില്ല. എന്നാൽ അത്രയൊന്നും കനമില്ലാത്ത ഒരുറുമ്പോ ഈച്ചയോ മറ്റെന്തെങ്കിലും ചെറുപ്രാണിയോ ആ കുഴിയുടെ വക്കത്തുകൂടി കടന്നുപോകുന്നുവേന്നും കരുതുക. കുഴിയാന മണലിലൂടെ പൊടുന്നനെ പൊന്തിവരും. ഇരയെ ചടുന്നനെ മണലിൽ പൂഴ്ത്തിക്കളയുകയും ചെയ്യും. ഏതാണ്ടിതുപോലെയല്ലേ മനസ്സ്‌ തക്കതായ പദത്തെ കണ്ടെത്തുമ്പോഴും പ്രവർത്തിക്കുന്നതെന്നു തോന്നിപ്പോകും. മനസ്സിന്റെ ഈ സവിശേഷ സ്വഭാവത്തെയല്ലേ മുൻഗാമികൾ ഔചിത്യമെന്നു പറഞ്ഞത്‌? ചെറുപ്പത്തിൽ കാരണവന്മാർ പറഞ്ഞുതന്നിരുന്നതോർക്കുന്നു-കവിതയെപ്പറ്റിയല്ല, ജീവിതത്തെപ്പറ്റി. 'സ്ഥലം, കുലം, മുഖം, ന്യായം.'
    ഇനി നമുക്ക്‌ മെല്ലെ മുഖ്യമായ പ്രശ്നത്തിലേക്കു നീങ്ങാമെന്നു തോന്നുന്നു; ഔചിത്യം നിയാമകമായ കവിതയ്ക്കു പ്രജ്ഞയുടെ മണ്ഡലത്തിൽ നിന്നു മോചനം നേടാനാവുമോ? കവിത സംഗീതം രചിക്കുന്നത്‌ അർഥം കൊണ്ടാണെങ്കിൽ അതു നൽകുന്ന ലയം സംഗീതം നൽകുന്ന ലയംപോലെ സദ്യഃഫലമാകുമോ? ഉവ്വേങ്കിൽ അന്യദാലോചനാമൃതം എന്നു പറഞ്ഞവൻ ഒന്നും ആലോചിക്കാത്തവനാവണ്ടേ?
    അല്ലെങ്കിൽ, എന്താണീ കവിതത്തന്നെ?ജീവിതത്തിന്റെ സത്ത്‌ എന്നു വിളിച്ചുപറയാനാണു പെട്ടെന്നു തോന്നുന്നത്‌. ഇപ്പോൾ രണ്ടായി സംശയം ജീവിതമെന്തെന്നും സത്തയെന്തെന്നും ആദ്യത്തേതിനു ഞാനെന്ന ബോധത്തിന്റെ ഉണ്മ എന്നു മറുപടിപറയാം. സത്ത എന്നതിന്‌, വ്യക്തിബോധത്തിന്റെ ഉണ്മയിൽ ഇടവിടാതെ ബിംബിക്കുന്ന പ്രപഞ്ചമെന്നും. അപ്പോൾ ബാഹ്യസത്യത്തിന്റെ പ്രതിബിംബമായി ആത്മാവിലുളവാകുന്നതെന്തോ അതാണു കവിത എന്നല്ലേ വന്നു കൂടുന്നത്‌? അല്ല, സത്ത എന്നല്ലേ നാം പറഞ്ഞത്‌? അതിനു കാരണം, അഖണ്ഡമായ പ്രപഞ്ചത്തെ ഒരിക്കലും ഖണ്ഡമായ നമ്മുടെ വ്യക്തിബോധം മുഴുരൂപത്തിൽ അനുഭവിക്കുന്നില്ല എന്നതാണ്‌. വ്യക്തിബോധത്തെ സംബന്ധിച്ചിടത്തോളം ഏതൊക്കെയാണോ മൗലികം അവ മാത്രമേ അവിടെ തങ്ങിനിൽക്കുന്നുള്ളൂ. അതായത്‌, അബോധപൂർവമായിട്ടെങ്കിലും ഒരു വിവേചനത്തിന്റെ അംശം ആ സംഭവത്തിലുണ്ട്‌. അതും അതു സംഭവിക്കുമ്പോഴുണ്ടാവുന്ന ആനന്ദവും വേർപിരിക്കാനാവാത്തപോലെ ലയിക്കുമ്പോഴാണ്‌ ഒരു പുതിയ അനുഭൂതിചിത്രം ഉദയംകൊള്ളുന്നത്‌. അത്‌ ഒരു കരിങ്കല്ലിന്മേലുള്ള വാസ്തുശിൽപത്തിന്റെ രൂപത്തിലാവാം. മഴയ്ക്കു ശേഷം വന്ന ഇളവെയിൽക്കൊമ്പത്തിരുന്നു വാൽ കടയുന്ന വർണക്കിളിയുടെ കൂജനംപോലെയാവാം. ഒരു നിമിഷത്തിന്റെ അഖണ്ഡമായ ലയാനുഭൂതിയേ  പിടിച്ചെടുക്കുന്നുള്ളുവേങ്കിലും അത്‌ അനശ്വരതയിലൂടെ മുഴങ്ങിനിൽക്കുന്നത്‌ ഈ സങ്കരണംകൊണ്ടാണ്‌.
    എങ്കിൽ ഇപ്പറഞ്ഞ വിവേചനാംശമല്ലേ കാവ്യയജ്ഞത്തിലെ അധ്വര്യു? ആണെങ്കിൽ അർഥത്തെ കവിതയിൽനിന്നു പിച്ചിത്തുറിപ്പിച്ചുകളയാമെന്ന വ്യാമോഹത്തിലൂടെ കവി ചെന്നെത്തുന്നത്‌ ആത്മഹത്യയിൽ മാത്രമായിരിക്കും. ഭൂതങ്ങളില്ലാത്ത ഉൽഗീഥമില്ല; ഭൂതങ്ങളുണ്ടെങ്കിൽ അതിന്റെ രസം ഉൽഗീതമാണ്‌.

സ്വത്വം, സ്വത്ത്‌, സത്ത്‌


സി.രാധാകൃഷ്ണൻ

സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ഈയാണ്ടത്തെ മലയാള ഭാഷാവാരാഘോഷം സമാപിച്ചതു സാഹിത്യവിമർശനത്തിൽ സ്വത്വപ്രഭാവം എന്ന വിഷയത്തെപ്പറ്റിയുള്ള കാര്യപ്പെട്ട ചർച്ചയോടെയായിരുന്നു. എം.തോമസ്‌ മാത്യു, ബാലചന്ദ്രൻ വടക്കേടത്ത്‌, എം.കെ.ഹരികുമാർ, ഷാജി ജേക്കബ്‌, രഘുനാഥ്‌ പറളി എന്നിവർ പ്രബന്ധം അവതരിപ്പിച്ച വേദിയിൽ വിമർശകനല്ലാത്ത ഒരാൾ മധ്യസ്ഥനായി വേണം എന്നുവെച്ചാകാം ഈയുള്ളവൻ അധ്യക്ഷണായി. ആ ഭാഗ്യംകൊണ്ട്‌ രണ്ടു നേട്ടമുണ്ടായി. ഒന്ന്‌, ലോകത്താകമാനം വിമർശനരംഗത്ത്‌ സ്വത്വം (Identity) എങ്ങനെയൊക്കെയാണ്‌ ചർച്ചാവിഷയമാകുന്നത്‌ എന്നു മനസ്സിലായി. അത്രയേറെ ആഴവും പറപ്പുമുണ്ടായിരുന്നു പ്രബന്ധങ്ങൾക്ക്‌. രണ്ട്‌, ഈ വിഷയത്തെക്കുറിച്ച്‌ ആലോചിക്കാൻ പ്രേരണ കിട്ടി.
    ജന്മംകൊണ്ടും കർമ്മം കൊണ്ടും പഠന മനനങ്ങൾകൊണ്ടും ഞാൻ ആർജ്ജിച്ച വ്യക്തിത്വമാണല്ലോ എന്റെ സ്വത്വം. ഇതെന്റെ ബോധപരമായ സ്വത്താണ്‌. ഭൗതിക സ്വത്തുമായി ഇതിന്‌ ബന്ധം ഉണ്ടാകാമെങ്കിലും അതിൽ നിന്നിത്‌ ഭിന്നമാണ്‌.
    എന്റെ സ്വത്വത്തെക്കുറിച്ച്‌ എനിക്ക്‌ ശരിക്കും പൂർണ്ണവുമായ അറിവുണ്ടാവുക സ്വാഭാവികമാണോ? ഒരു ചെയ്തിയോ വാക്കോ നമ്മിൽനിന്ന്‌ ഉണ്ടായിക്കഴിഞ്ഞതിനു ശേഷമാണ്‌ പലപ്പോഴും നമുക്ക്‌ മനസ്സിലാകുന്നത്‌, അതിനുള്ള പ്രേരണ നമ്മുടെ സ്വത്വത്തിൽ നാം അറിയാതെ കിടപ്പുണ്ടായിരുന്നെന്ന്‌. ഉപബോധ-അബോധതലങ്ങളിലെ സ്വത്വസ്വരൂപം മഞ്ഞുകട്ടയുടെ ജലത്തിലാണ്ടുപോയ മുക്കൻ സ്രാവുപോലെ അപ്രത്യക്ഷമാണ്‌.
    ഞാൻ ആരെന്നും എന്തെന്നും എങ്ങനെയെന്നും അറിയാൻ എന്റെ സ്വത്വത്തെ അറിയണമെന്നു സാരം. ഈ അറിവു നേടാൻ എന്തുവഴി? പാഠപുസ്തകങ്ങൾ ഒന്നും ഇല്ല. ഈ പന്തയത്തിൽ പണ്ടു ജയിച്ചവരുടെ അനുഭവരേഖകളുണ്ട്‌ എങ്കിലും അവരെല്ലാം പറയുന്ന പൊതുവായ കാര്യങ്ങളിൽ ഒന്ന്‌, ഈ ശ്രമത്തിൽ ജയിക്കാനുള്ള വഴിക്ക്‌ മാനകീകരണം (Standardisation)സാധിക്കില്ല എന്നതാണ്‌. കാരണം, ഓരോ ആൾക്കും ഉള്ള സ്വത്വം വേറെയാണ്‌. പ്രപഞ്ചസൃഷ്ടി അത്രയ്ക്ക്‌ ബഹുസ്വരമാണ്‌. വൈവിധ്യങ്ങളുടെ ചേരുവയിൽ നിന്നുയിർക്കുന്ന സൗന്ദര്യം കൊണ്ട്‌ പ്രപഞ്ചത്തെ വിസ്മയകരവും ആകർഷകവുമാക്കുന്നത്‌ ഈ ബഹുസ്വരതയാണ്‌. അവനവന്റെ വഴി അവനവൻതന്നെ കണ്ടെത്തണം.
    അപ്പോൾ, സ്വത്വത്തിന്റെ അടിസ്ഥാനത്തിലെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന വിഭാഗീയതകളും അതിർത്തികളും ഒക്കെ? ശുദ്ധഭോഷ്ക്‌! ഏതാനും പൊതുസ്വഭാവങ്ങൾ പലരിലും കണ്ടേക്കാമെങ്കിലും ഒരാളെപ്പോലെ വേറൊരാൾ സത്യത്തിൽ ഇല്ല. ഉണ്ടായാൽ, ഇവരിൽ ഒരാൾക്ക്‌ പ്രപഞ്ചത്തിൽ സാംഗത്യം ഇല്ലാതാവുന്നു! ആളുകളുടെ കാര്യം പോകട്ടെ, ഒരു മൺതരിപോലും സൂക്ഷ്മപരിശോധനയിൽ മറ്റൊന്നുപോലെ അല്ല എന്ന്‌ മോഡേൺ ശയൻസും പറയുന്നു.
    വർഗ്ഗമായോ, ജാതിയായോ, മതമായോ, ഗോത്രമായോ ക്രമീകരിക്കാവുന്നതല്ല മനുഷ്യസ്വത്വം. ഈ തരംതിരിവുകളൊക്കെ വെറും ഉപരിപ്ലവമാണ്‌. ഇഞ്ചിക്കും മുളകിനും ഗ്രാമ്പുവിനും കുരുമുളകിനും എരിവുള്ളതിനാൽ ഇവയുടെയെല്ലാം അസ്തിത്വമോ സ്വത്വമോ ഒന്നുതന്നെ എന്ന്‌ നാം തീരുമാനിക്കാറില്ല. ഒരുപോലെ പുളിയുള്ള മാങ്ങയുടെയും പുളിങ്ങയുടേയും ഇരിമ്പംപുളിയുടെയുമൊക്കെ സ്വത്വങ്ങളും ഭിന്നതകൾതന്നെ. അത്രയുമല്ല, ഒരേ മാവിലേയെന്നാൽ പോലും എല്ലാ മാങ്ങയ്ക്കും ഒരേ അളവിലും തരത്തിലുമല്ല പുളി! ഒരേ തൊടിയിലെ കുരുമുളകിനെന്നല്ല, ഒരേ ചെടിയിലെ രണ്ടു തിരികളിലെ കുരുമുളകിനെന്നല്ല, ഒരേ തൊടിയിലെ ഒരേ ചെടിയിലെ ഒരേ തിരിയിലെ രണ്ടു മണി കുരുമുളകിനുപോലും എരിവിന്റെ തരവും അളവും സൂക്ഷ്മതലത്തിൽ ഒന്നല്ല.
    പ്രത്യേകതകളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും കടകവിരുദ്ധമായ നിരപ്പാക്കലുകൾ സ്വത്വനാശത്തിലേക്കും അതുവഴി സർഗശേഷിയുടെ ഉന്മൂലനത്തിലേക്കുമാണ്‌ നയിക്കുക.
    എങ്കിൽപ്പിന്നെ സ്വത്വമെന്ന ആശയത്തെ എന്തർത്ഥത്തിലാണ്‌ മനസ്സിലാക്കേണ്ടത്‌? എങ്ങനെ അറിയാം! എവ്വിധം പ്രയോജനപ്പെടുത്താം?
    മനുഷ്യന്റെ സ്വത്വത്തിന്‌ അഥവാ മനുഷ്യത്വത്തിന്‌ മൂന്നു തലങ്ങളുണ്ടെന്ന്‌ ഉപനിഷത്തുകൾ പറയുന്നു. ഒന്ന്‌ ജാഗ്രത്ത്‌, സ്വപ്നം എന്നീ അവസ്ഥകളിൽ വെളിവാകുന്ന പ്രാപഞ്ചിക സ്വത്വം. രണ്ട്‌, സുഷുപ്തിയിൽ ആധിപത്യമുള്ള അക്ഷതസ്വത്വം. മൂന്ന്‌, അക്ഷതത്താൽ, അതായത്‌, പരമാത്മസ്വരൂപത്തിൽ നിലനിൽക്കുന്ന തുരീയസ്വത്വം. ആദ്യത്തേത്‌ രണ്ടാമത്തതിലേക്കും രണ്ടാമത്തേത്‌ മൂന്നാമത്തേതിലേക്കുമുള്ള പടിവാതിലുകളാണ്‌. ഓരോ പടി കടക്കുമ്പോഴും സുഖവും സമാധാനവും വർദ്ധിക്കുന്നു.
    മൂന്നു തലങ്ങളിലും ഒരുമിച്ച്‌ (ഒരേസമയം) നിലനിൽക്കുകയും തുരീയാവസ്ഥയിലെ പരമമായ ആനന്ദം നിതാന്തം അനുഭവിക്കുകയും ചെയ്യാനുള്ള അനുശീലനമാണ്‌ സാഹിത്യം. സാധിക്കേണ്ടതും സാധിക്കുന്നതും ആത്യന്തികമായ ഹിതമായത്‌ എന്തോ അതാണ്‌ സാഹിത്യം (സ ഹിതം). ഇവിടെ 'ഹിതം' 'ഇഷ്ട' മല്ല 'പത്ഥ്യ'മാണ്‌.
    ഇതിനാലാണ്‌ വാല്മീകിയോ വ്യാസനോ കാളിദാസനോ ഒന്നും തങ്ങളുടെ പ്രാപഞ്ചിക സ്വത്വത്തെപ്പറ്റി ഒരു അടയാളവും തരാതിരുന്നതും തങ്ങളെയല്ല, തങ്ങൾ പോയ വഴികൾ മാത്രമാണ്‌ പിന്നാലെ വരുന്നവർ കാണേണ്ടത്‌ എന്ന്‌ നിശ്ചയിച്ചതും. ഞാനെന്ന ഭാവം (പ്രാപഞ്ചികാസ്തിത്വം അഥവാ പ്രാഥമികസ്വത്വം) ഉറച്ചുപോകരുതെന്നും ഏതെങ്കിലും സ്വത്വബോധം ഉറയ്ക്കുന്നെങ്കിലത്‌ അഖിലം ഞാനെന്ന തുരീയസ്വത്വമാകണമെന്നും ഭാഷാപിതാവ്‌ ഹരിനാമകീർത്തനത്തിലൂടെ പ്രാർത്ഥിക്കുന്നതും ഇതിന്റെ ചുവടുപിടിച്ചാണ്‌. ഹിറ്റ്ലറോ സ്റ്റാലിനോ ബിൽഗേയ്റ്റ്സോ അല്ല നല്ല മാതൃക, രമണ മഹർഷിയാണ്‌. സത്തായ സ്വത്വത്തിനേ സത്യമായ ആനന്ദമുള്ളൂ.

നിശ്ചലം


ഷിബു കൂത്താട്ടുകുളം

പുകച്ചുരുൾ മറയാക്കി നീലച്ചവാനം
അകലെനിന്നെന്തിനോ എത്തിനോക്കി
വർണ്ണപ്രഭാപുരസംഗമം പോലൊരു
മഴവില്ലുവാനിൽ തെളിഞ്ഞിരുന്നു
ഒരുമന്ദമാരുതൻ കുളിരായ്‌ വളർന്നപ്പോ
മഴവന്നു ഭൂമിയിൽ പേമാരിയായ്‌
ഹരിതം വിളമ്പുന്ന സസ്യവൃക്ഷാദികൾ
ഉരുമോദമുത്സാഹ ചിത്തരായി
ഏതോ ഓരോർമ്മയിൽ അകലേക്ക്‌ നോക്കി ഞാൻ
ഹൃദയം നുറുങ്ങുന്ന കാഴ്ച കണ്ടു
തോരാതെ പെയ്യുന്ന പേമാരി കണ്ടില്ല
കണ്ടതാം കാഴ്ചയിൽ കൺനിറഞ്ഞു
ശയ്യാവലംബനായ്‌ കീറത്തുണിത്തുണ്ടിൽ
വിറയാർന്നൊരാൾ വീണുകേണീടുന്നു
വീഴുന്ന വെള്ളം തുടച്ചുനീക്കീടുവാൻ
പാടുപെട്ടുഴലുന്ന സാധു വൃദ്ധൻ
അരികത്തണഞ്ഞു ഞാൻ എന്തു ചെയ്തീടും
ഈ പ്രാണന്റെ കാവലിന്നാരുമില്ല
ഒരുനോക്കു നോക്കിയെൻ മുഖദാവിലാ
സാധു ജന്മത്തിനവസാന കാഴ്ചകാണാൻ
ചുറ്റും തിരിഞ്ഞു ഞാൻ നോക്കിയാ നേരത്തും
കണ്ടില്ല ഞാനൊരു സഹജീവിയേം
സഹധർമ്മിണിയില്ല മക്കൾ മരുമക്കൾ
ആരുമേയില്ല ഈ പാവത്തിന്‌
ഞാനടുത്തെത്തിയ നേരത്ത്‌ പാവമെൻ
കൈപിടിച്ചെന്തിനോ കേണുപോയി
നീർച്ചാലു കണ്ണീന്നടർന്നുവീണെന്തി
നെന്നൊരുവാക്കു ചൊല്ലാതെ കണ്ണടച്ചു
ആരോരുമില്ലാതെ ജീവിക്കും പാവങ്ങൾക്ക്‌
ആരേലുമുണ്ടെങ്കിൽ വന്നു കാണു
തെരുവിന്റെ നൊമ്പരം കാണുവാനിവിടൊരു
മനുഷ്യ സ്നേഹത്തിന്റെ കൈകളുണ്ടൊ

ആത്മീയ സമുദായങ്ങൾ വേണം


നടരാജഗുരു
ഞാനിതെഴുതുന്ന അവസരം-ആഗസ്റ്റ്‌ അവസാനം-ശിശിര ഋതുവിനെ സൂചിപ്പിച്ചുകൊണ്ട്‌ വീണ്ടും മൂടൽമഞ്ഞ്‌ വീണിരിക്കുകയാണ്‌. മഞ്ഞുകാലത്തുമാത്രം വന്നെത്തുന്ന പക്ഷികളുടെ കളഗാനം ആകാശത്തെങ്ങും മുഴങ്ങിക്കേട്ടു കഴിഞ്ഞു!
    നിങ്ങൾക്ക്‌ അവിടെ മഴ നന്നെ കുറവാണെന്നും യുദ്ധം(കൊറിയ) നിമിത്തം ജീവിതവൈഷ്യമ്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും ഞാൻ അറിയുന്നു. ഇങ്ങനെയെല്ലാമുള്ള പ്രതികൂലാവസ്ഥ ഒഴിഞ്ഞ ഒരു കാലം ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. മഹത്തായ വിഷസംഭവങ്ങൾ നമ്മെ വലയം ചെയ്തു നിൽക്കുമ്പോൾ എങ്ങോട്ട്‌ പോകേണ്ടതെന്നറിയാതെ നാം എപ്പോഴും അമ്പരന്നുനിന്നുപോകുന്നു. മനുഷ്യനു അറിവുണ്ടായ കാലത്തോളം പിന്നോട്ടു പോയി നോക്കുക; സംഭ്രമജനകമോ അവ്യക്തമോ ആയ ഒരവസ്ഥയാണവിടെ ദൃശ്യമാകുന്നത്‌. ഓരോ ഋതുവിലും മാറി മാറി പൂക്കൾ വിരിയുകയും പക്ഷികൾ വന്നു പാടുകയും ചെയ്യുന്നുണ്ട്‌. എന്നാൽ മനുഷ്യജീവിതം മാത്രം ആന്തരികമായി നോക്കിയാൽ പ്രായേണ പഴയപടി നിൽക്കുന്നതായിട്ടാണ്‌ കാണപ്പെടുന്നത്‌. സോക്രട്ടീസോ ക്രിസ്തുവോ ആധുനിക ലോകജീവിതത്തെ സന്ദർശിക്കുവാൻ നമ്മുടെ ഇടയിലേക്കൊന്നു വരികയാണെന്ന്‌ വയ്ക്കുക. പുതിയ സമരായുധങ്ങളും വാർത്താ വിതരണ സമ്പ്രദായവുമൊഴിച്ച്‌ മനുഷ്യന്റെ പരസ്പരധാരണയെ സംബന്ധിച്ചിടത്തോളം വലുതായ ഒരു പുരോഗതിയുമുണ്ടായിട്ടുള്ളതായി അവർക്ക്‌ കാണുവാൻ ഉണ്ടായിരിക്കില്ല. ഇവിടെ ജീവിക്കുകയും മൺമറഞ്ഞുപോവുകയും ചെയ്ത തത്വജ്ഞാനികൾ നിരവധിയാണ്‌. എന്നാൽ മനുഷ്യരാശിയാകട്ടെ അതിന്റെ സ്വന്തം ബുദ്ധിയുടെ നേരിയ വെളിച്ചത്തിൽക്കൂടി പൊതുവായ ഏതോ നിഗോ‍ൂഢാവസ്ഥാന്തരത്തിലേക്കു അവ്യക്തമായ ഒരു സാർവത്രികതയിലേക്ക്‌ പൊയ്ക്കൊണ്ടേ ഇരിക്കുന്നതായിട്ടാണ്‌ തോന്നുക. നമ്മുടെ ഈ ക്ഷുദ്രമായ മർത്യജീവിതങ്ങൾ നാം ജീവിച്ചവസാനിപ്പിക്കുന്നത്‌ ഏതൊന്നിന്റെ മഹാഗർഭത്തിലാണോ ആ സന്നിധാനത്തിന്റെ പേരിൽ ഞാൻ നിങ്ങൾക്ക്‌ അഭിവാദനങ്ങൾ അർപ്പിച്ചുകൊള്ളുന്നു.
    കഴിഞ്ഞയാണ്ടത്തെ മഞ്ഞുകാലമെല്ലാം ഞാൻ ശാന്തമായൊരിടത്തിരുന്നുകൊണ്ട്‌ ഗുരുവിന്റെ വിവിധ കൃതികൾക്ക്‌ എഴുതിത്തുടങ്ങിയിരുന്ന ഭാഷ്യങ്ങളെ സംബന്ധിച്ചു വേണ്ടുന്ന ഗവേഷണങ്ങളും പ്രാരംഭജോലികളും നടത്തുകയായിരുന്നു. ആധുനികമായ ആംഗല ഫ്രഞ്ചു ഭാഷകളിലേക്കു വിവർത്തനം ചെയ്യാനുള്ള ശ്രമത്തിൽ ഞാൻ ഗുരുവിന്റെ കൃതികളിലെ ഓരോ പദ്യശകലവും കടന്നുപോയപ്പോൾ എനിക്കുണ്ടായ മനോവികാരം ആശ്ചര്യഭൂതമായ ഒന്നുതന്നെയായിരുന്നു. ഗുരുവിന്റെ കവനാവലിയിലും പ്രധാനകൃതികളായ ആത്മോപദേശശതകം, ദർശനമാല എന്നിവയിലും പ്രാചീനവിജ്ഞാനത്തിന്റെ ഒരു തനി സുവർണ്ണഖനി, ഇതുവരെ അറിയപ്പെട്ടിട്ടുള്ള ഏത്‌ ജ്ഞാനിക്കും കിടനിൽക്കുന്ന ഒരു വിനയാന്വിതമായ ജ്ഞാനി കരുതി സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നുള്ള ഒരു ദൃഢബോധമായിരുന്നു അത്‌.
    ചരിത്രകാലത്തേയും ചരിത്രത്തേയും പുതുക്കി വില നിർണ്ണയിച്ചും സംരക്ഷിച്ചും പ്രതിനിധാനം ചെയ്യുന്ന ശുദ്ധാത്മാക്കൾ മാനവവംശഗർഭത്തിൽ നിന്നു ഇപ്പോഴും ഉദയം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌. ഇങ്ങനെ സ്വയം പ്രത്യക്ഷപ്പെടുന്ന ആ സുവർണ്ണലേഖകൾ യഥാർത്ഥത്തിൽ ചരിത്രഗതിയിൽ അടുക്കടുക്കായി വന്നുചേരുന്ന സംഭവപരമ്പരയിൽ ഉൾപ്പെട്ടു നിൽക്കുന്നവയേയല്ല. ഈ സുവർണ്ണജ്ഞാനലേഖകളുടെ ഉള്ളടക്കത്തെ ദൃഢമായി ധ്യാനിക്കുന്നവർ അതിൽ അധികമധികം ആകൃഷ്ടരായിത്തീരുന്നു. ദീപശിഖ കണ്ട്‌ പറന്നെത്തുന്ന ശലഭത്തെപ്പോലെ അവർ അതിന്റെ അത്യന്തവശ്യമായ രസത്തിൽ മുഴുകിപോകുന്നു. ഒടുക്കം അതിന്റെ സർവ്വാഗ്രാഹിയായ ആലിംഗനത്തിൽ അവരെ അത്‌ അമർത്തിക്കൊള്ളുന്നു... ഞാൻ അഭിമുഖീകരിക്കുന്ന കൃത്യത്തിന്റെ മഹത്വത്തെപ്പറ്റിയുള്ള ചിന്തയിൽ കൂടുതൽ കൂടുതൽ ആമഗ്നനായിത്തീർന്നിരിക്കുകയാണ്‌. എന്നാൽ അതിനെപ്പറ്റി എന്തെങ്കിലും പ്രസ്താവിക്കുകയാണെങ്കിൽ ഒരു ക്രമമില്ലാതെ അതിശയോക്തി പ്രയോഗിക്കുന്ന ഒരു മതാസക്തനെന്ന പ്രതീതി ജനിപ്പിച്ചേക്കാനിടയുണ്ട്‌. അതുകൊണ്ട്‌ അതിനിപ്പോൾ ഞാൻ മുതിരുന്നില്ല. ഒന്നു ഞാൻ പറയാം. അത്‌ എന്റെ ദൃഷ്ടിയിൽ വലിയ വിലയുള്ള ഒന്നായിത്തീർന്നുകഴിഞ്ഞിരിക്കുന്നു. അതിനെ ശരിയായി മനസ്സിലാക്കുവാനും വ്യാഖ്യാനിക്കാനുമായി എന്റെ ശേഷിച്ച ജീവിതകാലം ഞാൻ സമർപ്പിച്ചിരിക്കുന്നു. അനായാസേന നിർവഹിക്കാവുന്ന ഒരു ലഘുവായ കാര്യമല്ലിത്‌-ഇതു മഹത്തായ ഒരു ഉദ്യമമാണെന്ന്‌ പറയുന്നതെന്തെന്നോ? ഗുരുവിനെ ഒരു ദാർശനികൻ എന്ന നിലയിൽ നിന്നു വളരെ ഉയർന്ന നിലയിലാണ്‌ ഞാൻ കാണുന്നത്‌. ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ആത്മജ്ഞാനി, പ്രവൃത്തിനിരതനായ ഒരു യഥാർത്ഥവാദി, യുക്തിയിൽ നിന്നും വഴുതാത്ത ഒരു ആദർശവാദി ഇവയെല്ലാം ഒരാളിൽ ചേർന്നാൽ അതാണ്‌ ഗുരു.
    ഗുരുവിന്റെ പേലവകോമളമായ തത്വജ്ഞാനകൃതികളിലെ ചില സമന്വയങ്ങളിലേക്ക്‌ കടന്നു ഞാൻ നോക്കിയപ്പോൾ വിശദാംശങ്ങളൊന്നും വിടാതെയുള്ള അനാഢംബരസുന്ദരമായ ഒട്ടധികം കൈവേലകൾ ചേർത്തിരിക്കുന്നതായി ഞാനതിൽ കണ്ടു. എനിക്കു കിട്ടിയിട്ടുള്ള പ്രമാണികഗ്രന്ഥങ്ങളുടെ എല്ലാം പൈന്തുണ എനിക്കു ലഭിക്കുന്നുണ്ട്‌. ഏറ്റവും പുതിയ ചിന്താഗതിക്കാർക്കു ഇതു സ്വീകാര്യമായിരിക്കുന്നുമുണ്ട്‌. ഞാൻ ഇപ്പോഴും ഭാഷ്യരചനയിൽ തന്നെ ഏർപ്പെട്ടിരിക്കുകയാണ്‌. വീണ്ടും ഞാൻ അമേരിക്കയിലുള്ള ന്യൂജെഴ്സിയിൽ എത്തിയിരിക്കുന്നുവേന്നും മൺമറഞ്ഞുപോയ ശരത്കാലലതികകൾ വീണ്ടും മുളയിട്ടുയർന്നു വന്നിരിക്കുന്നുവേന്നുള്ള വസ്തുത എന്റെ സ്മൃതിപഥത്തിൽ പെടാതെ മറഞ്ഞുപോയിരുന്നു. അതുകൊണ്ട്‌ എനിക്കങ്ങോട്ടറിയിക്കുവാൻ രസകരമായ സംഭവങ്ങൾ വളരെയൊന്നുമില്ല. പറയാനുള്ളതിതേയുള്ളു. എനിക്കു സുഖം; നിങ്ങൾക്കും സുഖം അനുഭവമായിത്തീരട്ടെ.
    ഇപ്പോൾ ഞങ്ങൾക്കു ചുറ്റുപാടും താമസക്കാർ ഉണ്ട്‌. ഒരു പേരും ഉണ്ടായിട്ടുണ്ട്‌. ആദ്യം ഒരു സ്വതന്ത്രനായ ആദർശവാദിയുടെ സങ്കൽപം മാത്രമായിരുന്നല്ലോ അത്‌. എനിക്കിവിടെ ഒന്നാം തരം അന്നവസ്ത്രാദി ലഭിക്കുന്നുണ്ട്‌. എന്റെ പ്രവർത്തനം തുടർന്നു നടത്തുന്നതിനു എന്റെ അറിവിൽപ്പെട്ട ഉത്തമപ്രമാണഗ്രന്ഥങ്ങളെല്ലാമുള്ള ഒരു ഗ്രന്ഥശാലയോടു കൂടിയ ഗൃഹവും എനിക്ക്‌ നൽകപ്പെട്ടിട്ടുണ്ട്‌. ഇന്നു (1950 ആ.19) ആത്മോപദേശശതകത്തിലെ 88-​‍ാമതു ശ്ലോകം ഞാൻ ഭാഷ്യം ചെയ്തു കഴിഞ്ഞിരിക്കുന്നു. എല്ലാം കൂടി ഇപ്പോൾ അടുപ്പിച്ചു ടൈപ്പ്‌ ചെയ്ത്‌ അഞ്ഞൂറുവശത്തിലധികം വരുന്ന ഒരു കൈയെഴുത്തുപ്രതി ഉണ്ടായിട്ടുണ്ട്‌. ഗുരുവിന്റെ ആദർശങ്ങൾക്കുവേണ്ടി രൂപം പ്രാപിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രങ്ങളൊഴിച്ചാൽ എനിക്കു നിങ്ങൾക്കായി ചെയ്യാനുള്ളതെല്ലാം കൂടി ഇതുമാത്രമാണുള്ളത്‌.
    നമുക്ക്‌ ആത്മീയസമുദായങ്ങളുണ്ടായിരിക്കണം. മതത്തിന്റെയോ ആത്മീയകാര്യത്തിന്റെയോ പേരിൽ മനുഷ്യരാശിയെ വിഭജിക്കുന്ന ഒരേർപ്പാടും ഉണ്ടായിക്കൂടാ; നേരെമറിച്ചായിരിക്കണം പോക്ക്‌; എല്ലാവരും ഒന്നെന്നുള്ള വഴി. ഇങ്ങനെയുള്ള സമുദായങ്ങൾ അവരവരുടെ അധിവാസ കേന്ദ്രങ്ങൾ മറ്റുള്ളവർക്ക്‌ തുറന്നു തന്നെ ഇട്ടുകൊടുക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം ജനസമാന്യത്തിനുതകുന്ന ഏറ്റം ശാന്തമായ ചില നല്ല സന്ദേശങ്ങളും വികിരണം ചെയ്തുകൊടുക്കണം. അവ വളരെ ലളിതവും സുഗ്രഹവുമായിരിക്കണം. പ്രചരണവാസനക്കാർ മായം കലർത്താത്തതും രാഷ്ട്രീയമോ മതപരമോ ആയ മത്സരങ്ങളിലേർപ്പെട്ടിരിക്കുന്നവരുടെ മുഴങ്ങിക്കേൾക്കുന്ന അഹങ്കാരത്താൽ അലങ്കോലപ്പെടുത്താത്തതുമായിരിക്കണം അത്‌. ഭാവി മാനവരാശിക്ക്‌ സ്വയം സംപുഷ്ടമാകുവാനുള്ള ഉന്നതമാനവമൂല്യങ്ങൾ കായ്ക്കുന്ന തോട്ടമായിരിക്കണം അത്‌.
    ഭാവിയിലെ മനുഷ്യന്റെ ആത്മസമർപ്പണവും ശ്രദ്ധയും ഇങ്ങനെയുള്ളതായിരിക്കണം. മനുഷ്യതാൽപര്യങ്ങളെ സംഹാരത്തിൽ നിന്നു രക്ഷിച്ച്‌ കണ്ണിനു മുന്നിൽ പരന്നു കാണാവുന്ന പ്രകൃതിയുടേയും വിശ്വത്തിന്റെയും താൽപര്യവുമായി അനുരണനം ചെയ്യിക്കണം.
    ഗുരുവിന്റെ ദർശനങ്ങൾ ഒരുവിധത്തിൽ രൂപം പ്രാപിച്ചുവരികയാണ്‌. എന്നാൽ പരസ്പരധാരണയുടെ ഭാവി അസ്പഷ്ടമാണ്‌.
    അടുത്തവർഷം പാരീസിലേക്കു മടങ്ങുന്നതിനുമുമ്പ്‌ സാധ്യമാകുമെങ്കിൽ അഥവാ ആവശ്യമെന്നു തോന്നുന്നപക്ഷം താൻ ഹെയിറ്റീയിലേക്കു പോകുന്നതാണ്‌. അതിനിടയിലുള്ള സമയമെല്ലാം ഞാനിപ്പോൾ ഏർപ്പെട്ടിരിക്കുന്ന കൃത്യനിർവഹണത്തിനു മാത്രം വിനിയോഗിക്കുവാനുദ്ദേശിക്കുകയാണ്‌. ഇസ്ലാമിക സംസ്കാരവുമായി കുറേക്കൂടി ഗാഢമായി ഇടപഴകാനുള്ള ഉദ്ദേശ്യമിപ്പോൾ എനിക്കുണ്ട്‌. അതിനായി ഞാൻ ഈജിപ്റ്റിലെ അലക്സാണ്ഡ്രിയായിലേക്കു പോകുവാൻ തീർച്ചപ്പെടുത്തിയിരിക്കുകയാണ്‌. അതിനുശേഷമേ പാരീസിലേക്കു മടങ്ങുകയുള്ളൂ. പാരീസിനു അമ്പതുമെയിൽ വടക്കുപടിഞ്ഞാറായി സോം നദിയുടെ തീരത്ത്‌ ഒരു ഗുരുകുലകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഉദ്യമങ്ങൾ നടന്നുവരികയാണ്‌. പാരീസിൽ എത്തുന്നതിനുള്ളിൽത്തന്നെ ഞാൻ ഇപ്പോൾ തയ്യാർ ചെയ്തുകൊണ്ടിരിക്കുന്ന 'ഗുരുവരുൾ' എന്ന ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി പൂർത്തിയാക്കുവാൻ സാധിക്കുന്നതാണ്‌ .
എല്ലാവർക്കും വന്ദനം.

സ്മൃതിഗാഥകളും ദാർശനിക വ്യഥകളും


വി.കെ.ഷറഫുദീൻ
മഞ്ഞുമൂടിയ ഗിരിനിരകളിലൂടെയുള്ള, കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയാണ്‌ പാട്രിക്‌ മൊഡിയാനോയുടെ സാഹിത്യജീവിതം. എഴുത്ത്‌ ഒരിക്കലും അദ്ദേഹത്തിന്‌ എളുപ്പമായിരുന്നില്ല. ഓരോ രചനയും ദുർഘടയാത്രയിലെ ഓരോ നാഴികക്കല്ലുകളാണെന്നു മാത്രം. ആത്മസംതൃപ്തി അടുത്തെത്തിയിട്ടു പോലുമില്ലെന്ന്‌ ഈ വർഷത്തെ നൊബേൽ സാഹിത്യജേതാവ്‌ പറയുന്നു. ഇനിയും ഏറെ എഴുതാനുണ്ട്‌. അത്രമേൽ അനുഭവങ്ങളുണ്ട്‌. വേദനിപ്പിക്കുന്നവ, മുറിവേൽപിക്കുന്നവ. ആഹ്ലാദിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന ഓർമ്മകൾ ഇല്ലെന്നു തന്നെ പറയാം.
    പാരീസിന്‌ പുറത്ത്‌ അത്ര അറിയപ്പെടുന്ന ആളല്ല പാട്രിക്‌ മൊഡിയാനോ. 30 നോവലുകളും ബാലസാഹിത്യങ്ങളും തിരക്കഥകളുമായി വേറെ 10 ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലു
ം ഇനിയും ലോകശ്രദ്ധ ആകർഷിക്കപ്പെട്ടിട്ടില്ല. മൂന്ന്‌ നോവലുകൾ മാത്രമേ ഇംഗ്ലീഷിലേയ്ക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട്‌ തന്നെ നോബേൽ പ്രഖ്യാപനം എല്ലാവരേയും അത്ഭുതപ്പെടുത്തി. ആരാണീ മഹാൻ എന്ന്‌ അന്വേഷണമായി. വാർത്ത ഏറ്റവുമധികം നടുക്കിയത്‌ മൊഡിയാനോയെ തന്നെ. "അതിവിചിത്രം" എന്നാണ്‌ അദ്ദേഹം വാർത്തയോട്‌ പ്രതികരിച്ചതു.
    "മനുഷ്യവിധിയുടെ ദുരൂഹതകളെ സ്മൃതികൾ എന്ന കലയിലൂടെ അവതരിപ്പിച്ച എഴുത്തുകാരൻ" എന്നാണ്‌ നോബേൽ കമ്മിറ്റി ഈ 69 കാരനെ വിശേഷിപ്പിച്ചതു. പേടിപ്പെടുത്തുന്ന ചരിത്രയാഥാർത്ഥ്യങ്ങളുടെ സ്മൃതിഗാഥകൾ മൊഡിയാനോയുടെ തൂലികയിലൂടെ ഏക്കാളത്തേയും ദാർശനിക പ്രഹേളികകളായി മാറുന്നു എന്നതാണ്‌ എടുത്തുപറയേണ്ടത്‌. അക്കാര്യത്തിൽ ഓർമ്മകളുടെ ഏക്കാളത്തേയും 'മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ' മാർസൽ പ്രസ്റ്റിൻപോലും മൊഡിയാനോ മറികടക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്‌.
    രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ക്രൂരതകളുടേയും ഫ്രാൻസിന്‌ മേൽ ഹിറ്റ്ലർ നടത്തിയ അധിനിവേശത്തിന്റേയും തപ്തസ്മരണകളാണ്‌ മൊഡിയാനോയുടെ രചനകളിലൂടെ ഒഴുകി പരക്കുന്നത്‌. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏക പ്രമേയം എന്ന്‌ പറയാം. ഇറ്റലിയിൽ വേരുകളുള്ള ഒരു ജൂതന്റേയും, ബൽജിയം പശ്ചാത്തലമായ ഒരു നടിയുടേയും മകനായി രണ്ടാം ലോകമഹായുദ്ധം ഔപചാരികമായി അവസാനിച്ച 1945-ൽ പശ്ചിമ പാരീസിൽ ജനിച്ച മൊഡിയാനോയുടെ ബാല്യം 'ഹോളോകോസ്റ്റ്‌' പ്രേതങ്ങൾ നിറഞ്ഞതായിരുന്നു. പിതാവ്‌ നാസി രഹസ്യപോലീസായ ഗെസ്റ്റപ്പോയുടെ ചാരണായിരുന്നുവേന്നും സ്വന്തം സമൂഹത്തെ വഞ്ചിച്ചവനാണെന്നുമുള്ള തിരിച്ചറിവ്‌ കൗമാരത്തിൽ ആ പ്രതിഭാധനനിൽ അമർഷത്തിന്റേയും കുറ്റബോധത്തിന്റേയും വിത്തുകൾ പാകി. മാതാപിതാക്കളുടെ അകൽച്ചയും കുടുംബജീവിതത്തിലെ താളപിഴകളും അസ്വസ്ഥതകളെ ഊതി പെരുപ്പിച്ചു. ഓരോ സംഭവവും അതുമായി ബന്ധപ്പെട്ട ഓർമകളിലേക്ക്‌ മൊഡിയാനോയെ തിരിച്ചു കൊണ്ടുപോയി. ഓരോന്നും ഓരോ രചനയായി പുറത്തുവന്നുകൊണ്ടിരുന്നു. മഞ്ഞനക്ഷത്രം പതിച്ച തിരിച്ചറിയൽ കാർഡ്‌ കൊണ്ടുനടക്കുന്നതിൽ നിന്നും നാസികൾ ഒഴിവാക്കിയ വർഗവഞ്ചകനായ അച്ഛനും ജനലിലൂടെ ചാടി ജീവൻ ഒടുക്കിയ അമ്മയുമെല്ലാം മിക്ക രചനകളിലും പ്രത്യക്ഷപ്പെട്ടു.
    ആദ്യ രചന 1968-ലാണ്‌ പ്രസിദ്ധീകരിച്ചതു. 'എറ്റോയിൽ എന്ന പ്രദേശം' ഏറ്റവും പ്രസിദ്ധം 'കാണാതായ ആൾ' ബൃഹത്‌ രചനകളല്ല, ശരാശരി 150-160 പേജുള്ള പുസ്തകങ്ങളാണ്‌ പാട്രിക്‌ മൊഡിയാനോയുടേത്‌. അവയിൽ 'ദ സർച്ച്‌ വാറണ്ട്‌, 'ഡോറ ബ്രൂഡർ' 'ലിറ', ക്രോധത്തിന്റെ ശേഷിപ്പ്‌', 'മധുവിധു', 'ചക്രവാളം' എന്നിവ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
    ആത്മാവിന്റെ ഇരുണ്ട വശത്തിലേയ്ക്ക്‌ എപ്പോഴും നോക്കിയ എഴുത്തുകാരനാണ്‌ മൊഡിയാനോയെന്ന്‌ ഫ്രഞ്ച്‌ സാഹിത്യകാരൻ ക്ലെമൻസ്‌ ബൗലോക്‌ ചൂണ്ടിക്കാട്ടുന്നു. എന്നും ഭൂതകാലത്തിന്റെ വിളികേട്ട എഴുത്തുകാരൻ.
    അര നൂറ്റാണ്ടുകാലത്തെ സർഗജീവിതത്തിൽ മൊഡിയാനോ എന്നും അന്തർമുഖനും ഏകാകിയുമായിരുന്നു. ചർച്ചാവേദികളിലും സർഗസംവാദങ്ങളിലും പ്രത്യക്ഷപ്പെടാറില്ല. പ്രസ്താവനകൾ ഇറക്കാറില്ല. തന്റെ കഥാപാത്രങ്ങളെപോലെ തന്നെ ഒരു പിടികിട്ടാപ്പുള്ളി. ദുരൂഹതയുള്ള വ്യക്തിയേയോ സന്ദർഭത്തേയോ വിശേഷിപ്പിക്കാൻ 'മൊഡിയാനസ്ക്‌' എന്ന ഒരു പദം തന്നെ അത്‌ സൃഷ്ടിച്ചു. എഴുത്ത്‌ സന്തോഷമോ സംതൃപ്തിയോ അല്ലെന്നും അതൊരു ഭാരമാണെന്നും തുറന്നു പറഞ്ഞു അദ്ദേഹം. ഇറക്കിവെക്കാനോ വലിച്ചെറിയാനോ ആവാത്തഭാരം. ഓരോ നോവൽ പൂർത്തിയാക്കുമ്പോഴും കരുതും തീർന്നെന്ന്‌. ചിലതെല്ലാം വിട്ടുപോയെന്ന്‌ അപ്പോൾ തന്നെ ഓർമവരികയും ചെയ്യും. അതിനായി അടുത്ത സൃഷ്ടി-ജനിച്ച സ്ഥലവും കാലവും ഒരാളുടെ ജീവിതം തന്നെ നിർണയിക്കുമെന്ന്‌ തനിക്ക്‌ ബോദ്ധ്യപ്പെട്ടുവേന്നും അദ്ദേഹം സമ്മതിക്കുന്നു.
    ജാപ്പാനീസ്‌ നോവലിസ്റ്റ്‌ ഹറുക്കി മുറകാമി, അമേരിക്കൻ സാഹിത്യകാരൻ ഫിലിപ്പ്‌ റോത്ത്‌ തുടങ്ങിയ അതികായന്മാരെ പുറന്തള്ളിയാണ്‌ ഇത്തവണ സാഹിത്യ നൊബേൽ ഈ അജ്ഞാതനെ തേടിയെത്തിയത്‌.

അതിരുകൾക്കപ്പുറം


മോഹൻ ചെറായി

അതിരുകളില്ലാത്ത ലോകം പിറന്നിതാ
അതിമോഹജാലത്തിനുലകം തുറന്നിതാ
അധിക ജീവിതകാലം കൊതിപ്പവർ
അതിവേഗമീക്കളം വിട്ടൊഴിഞ്ഞീടുക
    പുതിയ ചിന്തയെ കേൾക്കുക; കാണുക
    പുത്തനാം ഒരു ലോകസംസ്കാരമറിയുക.
    വഴിയുന്നു വഴിവിട്ട വരികളും വരകളും
    വഴിമാറുക വഴിമുടക്കുന്നവർ
കറവ വറ്റിയ ഗോക്കളെ വേണ്ടിനി
കറയറ്റുപോയൊരു ആശ്രയം വേണ്ടിനി
വഴിയമ്പലങ്ങളിൽ തള്ളുക ആക്രികൾ
വഴിവിട്ടു  നീങ്ങിയാൽ കാലന്നു നൽകിടാം
    ഇന്നലെ വേണ്ടിനി; ഇനിയുള്ള നാളെയും
    ഇന്നിന്റെ ഫാഷനും ഫ്യൂഷനും മാത്രമായ്‌
    ചുംബിച്ചുണർത്തുക 'മുഖപുസ്തക'ത്തിനെ
    ചുംബനാലിംഗനം അവകാശമാക്കിടാൻ
കാഴ്ചപ്പാടുകൾ ഇവ്വിധം തുടരുകിൽ
വേഴ്ചയും മാനമായ്‌ മാറുന്ന നാൾ വരും
അകലെയല്ലാത്ത സീമയിൽ കാണ്മു ഞാൻ
അകളും ഉത്തമ മാനവ സംസ്കൃതി
    അവനിയേറെ പുരോഗമിച്ചെങ്കിലും
    അവയോടൊപ്പമില്ല ഞാൻ പലതിലും .....
    അഹിതമായതു കാണാതിരുന്നിടാൻ
    വിഹിതമേകുക നീയെന്റെ മിഴികളേ

ആദിവാസികളകൾ അരങ്ങിലെത്തണം

     കാവിൽരാജ്‌,മണ്ണുത്തി
--------------------------
    ആദിവാസിഗോത്ര വിഭാഗങ്ങളുടെ ആംഗികവും വാചികവും ആഹാര്യവും ആവിഷ്കൃതമാകുന്ന വേദികൾക്കുമാത്രമേ യഥാർത്ഥ കലാമണ്ഡപങ്ങളാകാനാകു  എന്നുള്ള മാതൃഭൂമി എഡിറ്റോറിയലിന്റെ(ജനുവരി18-ദി
നപ്പത്രം)
ആത്മാർത്ഥത മനസ്സിലാക്കി വരുംകാലങ്ങളിൽ യുവജനോത്സവമത്സരങ്ങളിൽ അവ ഉൾപ്പടുത്തുമെന്നുവിശ്വസിക്കണമെങ്കിൽ അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പൊഴേ തയ്യാറാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയതുകൊണ്ടുമാത്രം ഉദ്ദേശ്യം സാധൂകരിക്കണമെന്നില്ല.
    സമൂഹത്തിന്റെ വെളിമ്പറമ്പുകളിലേക്കു മാറ്റപ്പെട്ടുകിടക്കുന്ന ആദിവാസിഗോത്രവിഭാഗങ്ങളിലെ വിദ്യാർഥികളെകണ്ടെത്തി അവർക്കുവേണ്ടതായ പരിശീലനങ്ങളും സാമ്പത്തികസഹായവും യാത്രാസൗകര്യവും ഒരുക്കിയാലേ അവർക്കു മുന്നോട്ടുവരുവാനാവുകയുള്ളു എന്ന യാഥാർത്യവും കണക്കിലെടുക്കേണ്ടതാണ്‌.അവർക്കുവേണ്ടതായ വാദ്യോപകരണങ്ങളും അവർക്കുപറഞ്ഞുകൊടുക്കുവാനുള്ള മറ്റുഅനുബന്ധകാര്യങ്ങളറിയാവുന്നവരെ ഉൾക്കൊള്ളിച്ചുള്ള പരിശീലനങ്ങളും അവർക്കാവശ്യമത്രേ.
    അതുപോലെത്തന്നെ പിന്നാക്കംനിൽക്കുന്ന വർഗ്ഗങ്ങളുടേതായ കളമെഴുത്ത്‌, മുഖമെഴുത്ത്‌,ക, നന്തുണിപ്പാട്ട്‌,തോററംപാട്ട്‌,മുണ്ട്യേൻപാട്ട്‌ , തിരണ്ടുപാട്ട്‌, കുറത്തിപ്പാട്ട്‌, കിണ്ണംകൊട്ടിപ്പാട്ട്‌, കുരുത്തോലകരകൗശലം എന്നിങ്ങനെയുള്ള നാടൻകലകളിലുള്ളമത്സരങ്ങൾകൂടി ഉൾപ്പെടുമ്പോഴേ സവർണ്ണകലകൾക്കൊപ്പം നാടൻകലകൾക്കും സ്ഥാനം ലഭിക്കുകയുള്ളു. മാത്രമല്ല ആ ഇനങ്ങളെ തഴയുകയും മറ്റുള്ളവയെ തഴുകുകയും.ചെയ്തുവരുന്ന വിധികർത്താക്കൾക്കും രക്ഷിതാക്കൾക്കും അതേക്കുറിച്ചു ചിന്തിക്കുവാനും മറ്റുവിദ്യാർത്ഥികളെപ്പോലെ അപകർഷതാബോധമില്ലാത്തയുവതയെ വളർത്തിയെടുക്കുവാനും സാധിക്കുകയുള്ളു.    
    ഏതായാലും മാതൃഭമിയുടെവാർത്താപ്രസിദധീകരണത്തിലൂടെ അക്കാര്യം മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുവാൻ സാധിച്ചതു മറ്റാർക്കുമില്ലാത്ത ഇച്ഛാശക്തിതന്നെയായിട്ടേ കാണാനാവുകയുള്ളു.വാർത്ത റിപപോർട്ടുചെയ്ത ലേഖകനും മാതൃഭൂമിക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനോടൊപ്പം അതിനുവേണ്ടതായ സൗകര്യങ്ങൾ ഒരുക്കമെന്നു വാക്കാൽ തന്നെ പ്രതികരിച്ച മന്ത്രിമാർക്കും വിദ്യാഭ്യാസ ഡയറക്ടർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
                                                        
                                                                                                          999 57 83 806

കാൻസർ നിയന്ത്രണം നമുക്ക്‌ അപ്രാപ്യമല്ല



ഡോ. സി.എൻ. മോഹനൻ നായർ
കാൻസർ രോഗ ചികിത്സാവിദഗ്ദൻ, കൊച്ചി

* ലോകാരോഗ്യ സംഘടന  (4.2.2015)
  കാൻസർ ദിനമായി ആചരിച്ചു
*  ഈ വർഷത്തെ മൂദ്രാവാക്യം
  "കാൻസർ നിയന്ത്രണം നമുക്ക്‌ അപ്രാപ്യമല്ല".

കഴിഞ്ഞ നൂറ്റാണ്ടിൽ വൈദ്യശാസ്ത്രം തന്നേ കാൻസറിനെ ഭയത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. ഈ കഴിഞ്ഞ രണ്ടു ദശകങ്ങളിലുണ്ടായ മഹത്തായ ഗവേഷണങ്ങൾ കാൻസർ രംഗത്ത്‌ ഇന്ന്‌ ഒരു പുതിയ ഉണർവ്വും ആത്മവിശ്വാസവുമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഇന്ന്‌ നമുക്ക്‌ ലഭ്യമായ വിവരങ്ങൾ ശരിക്കും പ്രാവർത്തികമാക്കുകയാണെങ്കിൽ ഏകദേശം 50 ശതമാനത്തിലധികം കാൻസറുകളും പ്രതിരോധിക്കുവാൻ സാധിക്കും. കൂടാതെ 40 ശതമാനത്തിലധികം രോഗങ്ങളും ഭേദപ്പെടുത്തുവാൻ സാധിക്കും. ചുരുക്കത്തിൽ, ഏതാനും ചില കാൻസറുകൾ മാത്രമേ ജീവനു ഭീഷണിയാവുന്നുള്ളൂ.
കാൻസറും മൂന്നാം ലോകരാഷ്ട്രങ്ങളും
കഴിഞ്ഞ വർഷം ആഗോളതലത്തിൽ 142 ലക്ഷം പേർക്കാണ്‌ കാൻസർ ബാധിച്ചതു. ഏകദേശം 82 ലക്ഷം രോഗികൾ മരണമടഞ്ഞിട്ടുണ്ട്‌. ഇതിൽ പകുതിയോളം മരണങ്ങൾ അകാലത്തിലാണ്‌ (30-69 വയസ്സ്‌) സംഭവിക്കുന്നത്‌. കാൻസർ മൂലമുള്ള മരണങ്ങളിൽ 70 ശതമാനത്തിലധികം മൂന്നാം ലോക രാജ്യങ്ങളിലാണ്‌ ഉണ്ടാക്കുന്നത്‌. കാൻസറിനെക്കുറിച്ച്‌ നമ്മുടെ സമൂഹത്തിലുള്ള അജ്ഞതയാണ്‌ പ്രധാന കാരണം. അതിനാൽ കാൻസർ കൊണ്ടുണ്ടാവുന്ന മരണങ്ങളിൽ ഭൂരിപക്ഷവും നീതികരിക്കാൻ സാധിക്കാത്തവയും പ്രതിരോധിക്കുവാൻ സാധിക്കുന്നവയും ആണ്‌. ഇന്ത്യയിലെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല.
നാം എന്താണ്‌ ചെയ്യേണ്ടത്‌?
കാൻസറിനെക്കുറിച്ചുള്ള അവബോധം നമ്മുടെ ജനങ്ങൾക്കുണ്ടാവണം. കാൻസർ നിദാനങ്ങൾ, ആരംഭദശയിൽ രോഗനിർണ്ണയത്തിനുള്ള പ്രാധാന്യം, ചികിത്സാരംഗത്തുണ്ടായ മാറ്റങ്ങൾ, സാന്ത്വനചികിത്സക്കുള്ള പങ്ക്‌ തുടങ്ങിയ വിവരങ്ങൾ സമൂഹത്തിൽ എത്തിക്കുവാൻ പരിശ്രമിക്കണം.
കാൻസർ നിദാനങ്ങളെക്കുറിച്ച്‌ വൈദ്യശാസ്ത്രത്തിന്‌ ശരിയായ അറിവുണ്ട്‌. പുകയിലയുടെ ഏതെങ്കിലും വിധത്തിലുള്ള ഉപയോഗം (വലിക്കുക, മുറുക്കുക, പൊടു വലിക്കുക) ആണ്‌ ഇന്ത്യയിൽ കാണുന്ന 35 ശതമാനം കാൻസറുകൾക്കും കാരണം. വായ്‌, തൊണ്ട, ശ്വാസകോശം, അന്നനാളം, മൂത്രാശയം, വൃക്ക, ആമാശയം, തുടങ്ങിയ അവയവങ്ങളേയാണ്‌ പുകയിലയുടെ ഉപയോഗം കൂടുതൽ ബാധിക്കുന്നത്‌. നിഷ്ക്രിയ പുകവലി (passive smoking)യും ശ്വാസകോശാർബ്ബുദത്തിനിടയാക്കാം. കുട്ടികൾ, സ്ത്രീകൾ, സഹപ്രവർത്തകർ തുടങ്ങിയവരേയാണ്‌ അന്യരുടെ പുകവലി അപായപ്പെടുത്തുന്നത്‌.
5 ശതമാനം കാൻസറുകൾക്ക്‌ കാരണം മദ്യത്തിന്റെ ദുരുപയോഗമാണ്‌. വായ്‌, തൊണ്ട, കരൾ, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ കാൻസറിന്‌ മദ്യം കാരണമാവുന്നു.
രോഗാണൂബാധ
ചില കാൻസറകൾക്ക്‌ കാരണം രോഗണുബാധയാണ്‌. സ്ത്രികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഗർഭാശയ ഗളകാൻശറിന്‌ (Cervical cancer) പ്രധാന കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ്‌ (HPV) രോഗാണുബാധയാണ്‌. 2012ൽ ഏകദേശം 5.5 ലക്ഷം സ്ത്രീകൾക്ക്‌ ഈ കാൻസർ ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കൂടാതെ Hepatitis B & C വൈറസ്‌ (കരൾ കാൻസർ)  H. Pylori  (ആമാശയ കാൻസർ) തുടങ്ങിയ രോഗണുക്കളും കാൻസർ ഉണ്ടാവുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നു.
തെറ്റായ ഭക്ഷണരീതി
ചെറുപ്പത്തിലെ ശീലിച്ചു വരുന്ന തെറ്റായ ആഹാരരീതി മൂലം, ഗർഭാശയം, കുടൽ, പ്രോസ്റ്റേറ്റ്‌, അന്നനാളം, തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കീടനാശിനികളുടെ നീതികരിക്കാനാവാത്ത ഉപയോഗം പച്ചക്കറികളേയും, ഫല വർഗ്ഗങ്ങളേയും കൂടുതൽ വിഷമയമാക്കുന്നു. പൂരിതകൊഴുപ്പുകൾ ഉള്ള എണ്ണ, നാരു കുറഞ്ഞ ആഹാരം, ചുവന്ന മാംസം (പോത്ത്‌, പന്നി, ആട്‌, പശു) കൃത്രിമ നിറങ്ങൾ ചേർത്ത പാനീയങ്ങൾ, ഉയർന്ന ചൂടിൽ പൊരിക്കുന്ന ആഹാര സാധനങ്ങൾ തുടങ്ങിയവയും കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും എന്ന്‌ ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ദുർമേദസ്സ്‌, അമിതഭാരം, വ്യായാമക്കുറവ്‌, അന്തരീക്ഷമലിനീകരണം തുടങ്ങിയവയും കാൻസറിലേക്ക്‌ നയിക്കാം.
പത്ത്‌ ശതമാനത്തിൽ താഴെ മാത്രം പാരമ്പര്യം ഒരു ഹേതു ആവുന്നുണ്ട്‌. ചുരുക്കത്തിൽ, ഭൂരിപക്ഷം കാൻസറുകളും നാം ക്ഷണിച്ചു വരുത്തുന്നതാണ്‌ എന്ന്‌ മനസ്സിലാക്കാൻ പ്രയാസം ഇല്ല.
കാൻസറിന്റെ സൊ‍ാചനകളും നേരത്തേയുള്ള രോഗനിർണ്ണയവും
ആരംഭത്തിലുള്ള രോഗനിർണ്ണയം ചികിത്സയെ കൂടുതൽ ഫലപ്രദമാക്കുന്നു. കാൻസറിന്റെ സൊ‍ാചനകളെക്കുറിച്ചും സ്ക്രീനിംഗിനെക്കുറിച്ചുമുള്ള അവബോധം ആവശ്യം ആണ്‌.
കാൻസർ സൊ‍ാചനകൾ
1.     മുഴകൾ, തടിപ്പുകൾ, (പ്രത്യേകിച്ച്‌ സ്ത്രീകളുടെ സ്തനങ്ങളിൽ)
2.     അസാധാരണമായ രക്തസ്രാവം
3.     ഉണങ്ങാത്ത വൃണങ്ങൾ
4.     മറുക്‌, അരിമ്പാറ- നിറത്തിലും, വലിപ്പത്തിലും, ആകൃതിയിലും ഉണ്ടാവുന്ന മാറ്റങ്ങൾ
5.     നീണ്ടുനിൽക്കുന്ന്‌ ശബ്ദമടപ്പും, വരണ്ട ചുമയും (പ്രത്യേകിച്ച്‌ പുകവലിക്കുന്നവരിൽ)
6.     മലമൂത്ര വിസർജ്ജനത്തിലുണ്ടാവുന്ന മാറ്റങ്ങൾ
7.    നീണ്ടുനിൽക്കുന്ന പനി, വിളർച്ച, കഴലകളിൽ വരുന്ന വീക്കം.
മേൽ സൂചിപ്പിച്ചിരിക്കുന്ന ലക്ഷണങ്ങൾ എപ്പോഴും കാൻസറിന്റേത്‌ ആവണമെന്നില്ല. സാധാരണ ചികിത്സകൊണ്ട്‌ ഈ പ്രയാസങ്ങൾ മാറുന്നില്ല എങ്കിൽ, തുടർ പരിശോധനകൾ കൃത്യമായി നടത്തുന്നതിൽ വിമുഖത പാടില്ല. ഇത്‌ രോഗം നേരത്തെ കണ്ടുപിടിക്കുവാൻ സഹായിക്കും.
എന്നാൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതിന്‌ മുൻപ്‌ കാൻസർ രോഗം കണ്ടുപിടിക്കാൻ സ്ക്രീനിംഗ്‌ സഹായിക്കും. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദവും, ഗർഭാശയഗള കാൻസറും വളരെ ആരംഭ ദശയിൽ തന്നെ രോഗനിർണ്ണയം നടത്തുന്നതിന്‌ സ്ക്രീനിംഗ്‌ സഹായിക്കുന്നു. 40 വയസ്സിന്‌ മുകളിലുള്ള സ്ത്രീകൾ 1-2 വർഷത്തിലൊരിക്കൽ മാമോഗ്രാഫിക്ക്‌ വിധേയമാകുക, 20 വയസ്സിന്‌ മുകളിലുള്ളവർ എല്ലാ മാസവും സ്തന സ്വയം പരിശോധന തുടങ്ങിയ മാർഗ്ഗങ്ങൾ സ്തനാർബുദത്തിന്റെ നേരത്തെയുള്ള രോഗനിർണ്ണയത്തിൽ നിർണ്ണായക പങ്ക്‌ വഹിക്കുന്നു. പാപ്പ്‌ സ്മിയർ (Pap Smear) പരിശോധന മൂലം, Cervical Cancer മാത്രമല്ല, ഈ കാൻസറിന്റെ മുന്നോടിയായിട്ടുള്ള രോഗാവസ്ഥ (Pre-Cancerous Condition)യേയും വളരെ നേരത്തെ കണ്ടുപിടിക്കുവാൻ സാധിക്കും. കുടൽ കാൻസർ (Colonoscopy) പ്രോസ്റ്റേറ്റ്‌ കാൻസർ (ശാരീരിക പരിശോധന), വായിലുണ്ടാവുന്ന കാൻസർ (ശാരീരിക പരിശോധന) എന്നീ രോഗങ്ങൾ വിവിധ പരിശോധന മാർഗ്ഗങ്ങളിൽ കൂടി നേരത്തേ രോഗനിർണ്ണയം സാധ്യമാവുന്നു.
നേരത്തേയുള്ള രോഗനിർണ്ണയം കൊണ്ടുള്ള പ്രയോജനങ്ങൾ
1.     രോഗം ഭേദപ്പെടാനുള്ള സാധ്യത വളരെ കൂടും.
2.     മരുന്നുകൾ കൊണ്ടുള്ള ചികിത്സ (ക്രീമോതെറാപ്പി) ചിലപ്പോൾ ആവശ്യം വരില്ല.
3.     ചില സന്ദർഭങ്ങളിൽ രോഗം ബാധിച്ച ഭാഗം മാത്രം ചികിത്സിച്ചാൽ മതിയാകും (ശസ്ത്രക്രിയ, റേഡിയേഷൻ)
4.     ചികിത്സാ ചിലവും, ചികിത്സയുടെ കാലയളവും കുറയ്ക്കുവാൻ സാധിക്കും.
5.     മാനസിക സംഘർഷത്തിൽ കുറവ്‌, കൂടുതൽ ആത്മവിശ്വാസം
6.     കൂടുതൽ ഗുണനിലവാരം ഉള്ള ജീവിതം
7.     സാധാരണ ജീവിലത്തേലക്ക്‌ വേഗത്തിലുള്ള തിരിച്ചുപോക്ക്‌.
മികച്ച ചികിത്സ
എല്ലാ കാൻസർ ബാധിതർക്കും മികച്ച ചികിത്സ ലഭ്യമാവേണ്ടത്‌ ആവശ്യം ആണ്‌. എന്നാലിന്ന്‌ വളരെ കുറഞ്ഞ ശതമാനം രോഗികൾക്കേ നമ്മുടെ രാജ്യത്ത്‌ കൃത്യമായ ചികിത്സ കൃത്യമായ സമയത്ത്‌ ലഭിക്കുന്നുള്ളൂ. ഇന്ന്‌ കാൻസർ രംഗത്ത്‌ നാം നേരിടുന്ന പരാജയങ്ങളുടെ കാരണങ്ങളിൽ ശരിയായ ചികിത്സയുടെ അഭാവം ഒരു സുപ്രധാന ഘടകം തന്നെയാണ്‌.
ഫെബ്രുവരി 4 ലോക കാൻസർ ദിനം ആണ്‌. കാൻസർ നിയന്ത്രണം "നമുക്ക്‌ അപ്രാപ്യം അല്ല" എന്നുള്ള മുദ്രാവാക്യവുമായിട്ടാണ്‌ 2015ലെ ഈ ദിനം ആഘോഷിക്കുന്നത്‌.

Dr. C.N. Mohanan Nair M.D (AIIMS)
Consultant Oncologist
Specialist in Pain and Palliative Medicine

Visiting Consultant:
Specialists Hospital
Ernakulam Medical Centre
Krishna Hospital
Lakshmi Hospital
Sudheendra Medical Mission
Cochin Hospital
Port Trust Hospital
Indira Gandhi Co-operative Hospital

President:
 'G' Foundation for Cancer Care & Research

Medical Advisor:
CANCURE Foundation

Mob: 94465 02701
Email: cnmn2012@gmail.com


മുഖപരിചയം


ടി. ആർ. രാജൻ
കാഷ്വാലിറ്റിയിൽ കിടക്കുന്ന ആദ്യ കാഴ്ചയിൽത്തന്നെ എനിക്ക്‌ നല്ല മുഖപരിചയം തോന്നി. പക്ഷെ എവിടെയാണ്‌ കണ്ടിട്ടുള്ളതെന്നോ ആരാണെന്നോ ഒരു ഊഹവും ഇല്ല. ഞാൻ മെഡിക്കൽ ഓഫീസറുടെ ടേബിളിൽ നിന്നും ചാർട്ട്‌ എടുത്ത്‌ പേരും അഡ്രസ്സും നോക്കി. ഇല്ല ഒരു പരിചയവും തോന്നിയില്ല.
11 വയസ്സ്‌ മാത്രം പ്രായമുള്ള അവനെ റോഡപകടത്തെതുടർന്നാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു. ഞാൻ രണ്ട്‌ ദിവസം ലീവ്‌ ആയിരുന്നതിനാൽ ഇന്നാണ്‌ അവനെ കാണുന്നത്‌. ഞാൻ കാഷ്വാലിറ്റിയിലെ സ്ക്രീൻ മാറ്റി അവന്റെയടുത്തേക്ക്‌ ചെല്ലുമ്പോൾ അവന്റെ ഹൃദയത്തുടിപ്പുകൾ പരിശോധിക്കുന്ന ഇ.സി.ജി ടെസ്റ്റ്‌ നടത്തുകയായിരുന്നു. ഞാൻ ഡോക്ടറുടെ സമീപത്തിരിക്കുന്ന കമ്പ്യൂട്ടറിലേക്ക്‌ നോക്കി നിന്നു. ഇല്ല എനിക്ക്‌ ആകെ ഒരസ്വസ്ഥത.
ഞാൻ കാഷ്വാലിറ്റിയുടെ പുറത്തേക്കിറങ്ങി. ഈ പരിചിതമായ മുഖം എനിക്ക്‌ ഓർമ്മ വന്നില്ല. വാതിക്കൽ മറ്റൊരു മുഖം. കരഞ്ഞു വീർത്ത കണ്ണുകളോടെ ഒരു സ്ത്രീ. അവന്റെ അമ്മയാണെന്ന്‌ എനിക്ക്‌ വേഗം തിരിച്ചറിവായി.
അവന്റെ ജീവൻ ഡോക്ടർമാരെ ഏൽപിച്ച്‌ പ്രതീക്ഷയും നിരാശയും ചേർന്ന മുഖഭാവത്തോടെ ഒരു കൂട്ടം ബന്ധുക്കളും അവരോടൊപ്പം ഉണ്ടായിരുന്നു. പൊടുന്നനെ എന്റെ മനസ്സിനുള്ളിൽ ആരോ ഒരു പിടി തീക്കനൽ വാരി വിതറി. ഞാനാ കുട്ടി കിടക്കുന്ന ബെഡിലേക്ക്‌ ഒന്നു കൂടി ചെന്ന്‌ നോക്കി. സർജന്മാരുടെ ശസ്ത്രക്രിയ പ്രഖ്യാപനം കാത്ത്‌ വേദന കൊണ്ട്‌ കിടക്കുന്ന കുട്ടിയെ കണ്ടപ്പോൾ ഒരു പറ്റം മാലാഖമാരെയാണ്‌ എനിക്ക്‌ ഓർമ്മ വന്നത്‌.
ജോലിയുടെ ഭാഗമായി ഏറ്റവും ധർമ്മ സങ്കടത്തിലാക്കുന്ന സാഹചര്യവും ഇതുതന്നെ. ഇത്തരം സാഹചര്യങ്ങളിൽ പതറരുതെന്ന്‌ പലവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും ചിലപ്പോഴെങ്കിലും പതറിപ്പോകാമുണ്ടെന്നതാണ്‌ സത്യം.

ഹൈക്കു കവിതകൾ

സോണി വേളൂക്കാരൻ

​1.
വര്‍ണ്ണമൂര്‍ന്നൊരു
ചിറകുമായ് ശലഭം - 
അനാഥ ബാല്യം !  

​2.

മനസ്സ് കുളിര്‍ത്ത് 
തുള്ളിക്കൊരുകുടം - 
കെടുന്നൊരു ചിത !



3.
കനല്‍ ഹൃദയം , 
കരച്ചില്‍ കേള്‍ക്കാം - 
ഉടയും ശംഖ് !





4.
വേനലിൽ  മഴപ്പെയ്ത്ത് !
ചിറകുകളൊതുക്കി 
ഒരു കാട്ടുനീലി.
* കാട്ടുനീലി -  ദേഹവും വാലും കടും നീലയായുള്ള ഒരിനം ആണ്‍ തുമ്പി  

5.


വീഴുന്നൊരു മരം 
വസന്തമണയുന്നു  
ഉടഞ്ഞിതാ കിളിക്കൂട് 



6.
വെള്ളിയാങ്കല്ല് - 
പറന്നൊരു തുമ്പി 
ജീവനുരുവായ ദിനം !

മലയാള സിനമകൾ നിർമിക്കുന്നതാർക്കുവേണ്ടി?

സലോമി ജോൺ വൽസൻ

തിയേറ്റർ സംസ്കാരം മലയാളിയുടെ പൊതു ജീവിതത്തിൽ നിന്നും പടി ഇറങ്ങിക്കഴിഞ്ഞു.

മലയാള സിനിമകൾ സൃഷ്ടിക്കുന്നത്ഏതാണ്ട് പൂർണമായും  പുതിയ തലമുറയ്ക്ക് വേണ്ടിമാത്രം എന്ന   സ്ഥിതിയിലുമെത്തി . 

വിനോദ മാധ്യമരംഗം യുവാക്കളുടെ കുത്തകയായി മാറിയപ്പോൾ ലോകത്തിലെ ഏഴാമത്തെ കലയെന്നു വിശേഷിപ്പിക്കപ്പെട്ട, ഒരു നൂറ്റാണ്ടിൽപരം വർഷം പ്രായമുള്ള  മഹത്തായ ചലച്ചിത്രം വെറും കാഴ്ച്ചയുടെ ശാസ്ത്രമായി ഒതുങ്ങി. 

കുടുംബത്തിന്റെ ഒഴിവു വേളകൾ , ഒരു വാരാന്ത്യം , അവധി ദിവസങ്ങൾ തിയെറ്ററിലേക്ക്  പായുന്ന ഒരു കാലം ഏറെ പഴകി.  ടെലിവിഷന്റെ വരവോടെ സിനിമ മരിക്കുമെന്ന് പ്രവചിച്ചത് തെറ്റി. പകരം അതിലൂടെ സിനിമ കൂടുതൽ ജനങ്ങളിലെക്കെത്തി. നിർമാതാക്കൾക്ക് ഇതു ഗുണം ചെയ്തു. ഒരു വ്യവസായമെന്ന നിലയിൽ സിനിമ കുറേക്കൂടി ജനകീയമായി . ആഴ്ചയിൽ     ഒരിക്കൽ  സ്വീകരണമുറിയിൽ ടെലിവിഷനിലൂടെ സിനിമ എത്തിയപ്പോൾ ഒരുപാട് പ്രേക്ഷകരുണ്ടായി. ഈ സാഹചര്യം ഏറെ മുതലെടുത്തത് ടീവീ ചാനലുകളാണ്. സിനിമയോടുള്ള മനുഷ്യന്റെ  എന്തെന്നില്ലാത്ത താല്പര്യം ചൂഷണം ചെയ്യപ്പെട്ടു. ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു.

സിനിമയില്ലെന്ഗിൽ  ചാനലുകൾ നില നിൽക്കില്ല എന്നായി. നാല്പതോളം വരുന്ന മലയാളം ചാനലുകൾ എടുത്താൽ , [മതത്തിന്റെ ചില ചാനലുകൾ ഒഴിച്ച്.]  സിനിമയ്ക്ക് പിന്നിലുള്ള വിശേഷങ്ങൾ പരത്തിപ്പറഞ്ഞു, താരങ്ങളെയും സംവിധായകരെയും എന്നല്ല അതിനു പിന്നിൽ പ്രവർത്തിക്കുന്ന സർവരേയും കുറിച്ചുള്ള വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് ചാനലുകൾ വിളമ്പി  വൻ ലാഭം കൊയ്യുന്ന ഒന്നായി ഈ കലാ രൂപം മാറി. ഇവിടെയാണ്‌ ഒരു കലയെന്ന നിലയിൽ സിനിമയെ സ്നേഹിച്ചവർക്ക് മഹത്തായ ഈ കലയുടെ മരണ തുല്യമായ അധപ്പതനം കാണേണ്ടി വന്നത്.

കഴിഞ്ഞ വർഷം ഏതാണ്ട് നൂറ്റി അൻപത്തിമൂന്നു സിനിമകൾ മലയാളത്തിലിറങ്ങി. ഇവയിൽ 110 എണ്ണവും സാമ്പത്തികമായി പരാജയപ്പെട്ടു   എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാകട്ടെ ചെറുപ്പക്കാർക്ക് വേണ്ടി ചെറുപ്പക്കാരാൽ   നിർമിക്കപ്പെട്ടവയും.

ഷൈൻ ടോം എന്ന നടൻ തന്റെ കഴിവ് തെളിയിക്കാൻ തുടങ്ങിയ നേരം . എത്ര പെട്ടെന്നാണ് അയാളുടെ ജീവിതം മയക്കു മരുന്നിന്റെ ലഹരിയിൽ മുങ്ങിപ്പോയത്.  കാലങ്ങളായുള്ള തപസ്യ. 'ഇതിഹാസം' എന്ന ചലച്ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ ടോമിന്റെ ഭാവി ഇനി സിനിമയിൽ സുരക്ഷിതം എന്ന് കഴിവുള്ള നടന്മാരെ യാതൊരു എതിർപ്പും കൂടാതെ സ്വീകരിക്കുന്ന യുവാക്കൾ വിധിയെഴുതി. ന്യു ജെനെറേഷൻ സിനിമയുടെ പിന്നാമ്പുറം സാമൂഹ്യ ജീവിതത്തിനു നിരക്കാത്ത നിരവധി പ്രവർത്തനങ്ങളുടെ രഹസ്യ കേന്ദ്രമാണെന്ന് 'ഇതിഹാസം' നായകൻറെ യഥാർത്ഥ ജീവിത കഥയിലൂടെ കേരളം അറിഞ്ഞു. സിനിമ ഒരുപാട്  സ്വാതന്ധ്ര്യങ്ങൾ  യുവാക്കൾക്ക് വെച്ച് നീട്ടുന്ന ഒരു പ്രസ്ഥാനമാണ്.  സമൂഹം നിഷ്കർഷിക്കുന്ന പല മൂല്യങ്ങളും നിഷ്കർഷയോടെ പാലിക്കേണ്ടാത്ത  പ്രവര്ത്തന മണ്ഡലം.

  3.33 കോടി ജനങ്ങളുള്ള കേരളത്തിൽ ചലച്ചിത്ര വ്യവസായം 300 കോടിയിലെത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ  സിനിമ  തിയേറ്ററിൽ    നിന്ന് കാശ് വാരിയില്ലെൻഗിലും മുടക്കിയ പണം നിർമാതാവിന് കിട്ടും. ഇതും ,ഈ രംഗത്തിന്റെ ''ഗ്ലാമറും'' യുവ നിർമാതാക്കളെ , അണിയറ പ്രവർത്തകരെ ചാകര പോലെ ചിത്രങ്ങൾ പടച്ചു വിടുവാൻ പ്രോത്സാഹിപ്പിച്ചു.  പ്രതിഭയില്ലെങ്ങിലും കുഴപ്പമില്ല. മുടക്കാൻ പണവും സാന്ഗേതിക ജ്ഞാനവും ഉണ്ടെങ്കിൽ ഒരു സിനിമ പിടിക്കാമെന്ന ആത്മ വിശ്വാസം ചെറുപ്പക്കാരുടെ ''മേളയാക്കി '' ചലച്ചിത്ര കലയെ അധപ്പതിപ്പിച്ചു.

സന്തോഷ്‌ പണ്ഡിറ്റുമാർ മലയാള സിനിമയുടെ പ്ലാറ്റ് ഫോമിൽ കസേര പണിതു അതിൽ കയറിയിരുന്നു. പുതിയ കാലം ഏവർക്കും , അതും പണമുന്ടെൻഗിൽ   പ്രത്യേകിച്ചും  ഒരു തട്ടകം  ഒരുക്കികൊടുക്കും. എന്താണ് സ്വന്തം താല്പര്യമെന്ന് മനസ്സിലാക്കിയാൽ മാത്രം മതി.

സിനിമയെ ദൃശ്യ ചന്തയാക്കി   സമൂഹ മാർകറ്റിൽ വിറ്റഴിക്കപ്പെടുന്നത്  കാണുമ്പോഴുള്ള വിഷമം , അത് സിനിമ എന്ന കലാരൂപത്തെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നവർക്കെ മനസ്സിലാകൂ.

എല്ലാം വേഗത്തിൽ കിട്ടണമെന്ന് ആർത്തി പൂണ്ടു നടക്കുന്ന പുതിയ തലമുറ. ടെക്നോളജി അതിനു കൂട്ടുണ്ട് താനും. ഫാസ്റ്റ് ഫുഡ് പോലെ സിനിമ ഉത്ഭവിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുമ്പോൾ ഒരു പുതിയ സിനിമ സംസ്കാരം നമുക്കുണ്ടായിരിക്കുന്നു എന്ന തിരിച്ചറിവ്.....

ആശയങ്ങൾ ഉണ്ടാകണമെന്ഗിൽ  ചിന്തിക്കണം. അതിനു ധിഷണയെ  പരുവപ്പെടുത്തണം. ഇതിനെല്ലാമുള്ള അവധാനതയുമുണ്ടാകണം. ഏതൊരു കലയ്ക്കും ഇതു കൂടിയേ തീരൂ. പുതു തലമുറ സിനിമക്കാർക്കു ഇല്ലാതെ പോയത് ഇതാണ്. ഇന്നു സിനിമ എന്ന പേരിൽ വന്നു കൂട്ടുന്ന ചവറു കൂമ്പാരങ്ങളിൽ നാം എന്താണു തിരയേണ്ടത്? വിനോദം ? കല? കോമാളിത്തം?

അധപ്പതനം:-

രണ്ടു നൂറ്റാ ണ്ടിന്റെ പോലും പാരംബര്യം പറയാനില്ലാത്ത ഈ കലയ്ക്കു എന്ത് കൊണ്ടാണ് ഇത്ര മാത്രം പ്രാമുഖ്യം കിട്ടിയത് ? നമ്മുടെ ബോധ ധാരയിൽ നാം പോലുമറിയാതെ ഇടം പിടിച്ചു നമ്മെ അടിമുടി സ്വാധീനിച്ച  ഏക കല എന്ന് സിനിമയെ വിശേഷിപ്പിക്കാം.

 മറ്റേതൊരു കലയെക്കാളും  ഇന്നു സിനിമ തരം താണു കഴിഞ്ഞു. ഈ തരം താഴലിന്റെ തുഴ ചെറുപ്പക്കാർ സ്വന്തമാക്കി അവർക്കിഷ്ടമുള്ളിടത്തെക്ക് സിനിമയെന്ന തോണിയെ കൊണ്ടെത്തിച്ചു കഴിഞ്ഞു. സിനിമയുടെ വിശ്വ സ്വഭാവം മാറി. കടമെടുത്ത ടെക്നിക്കുകൾ കൊണ്ടുള്ള വെറും പേക്കൂത്തായി  സിനിമ മാറിയപ്പോൾ മുപ്പത്തൻജിനു മേലുള്ള തലമുറ തിയെറ്റരുകളിൽ  പോകാൻ മടിഞ്ഞു. ഇതു കൊണ്ട് സിനിമ വ്യവസായം മുടിൻജൊന്നുമില്ല..നഷ്ടപ്പെട്ടത് കാണികളായ സിനിമ ആസ്വാദകർക്കാണ്‌  .

നദി , തുലാഭാരം ,തണൽ,  അരനാഴികനേരം, ഉയരങ്ങളിൽ, താഴ്വാരം.പാദമുദ്ര.നഖക്ഷതങ്ങൾ, തൃഷ്ണ, ഇരകൾ, സ്വപ്നാടനം ,ഋതുഭേദങ്ങൾ ,ഇടനാഴിയിൽ ഒരു കാലൊച്ച. അക്ഷരങ്ങൾ,    ,  ചാമരം , പ്രയാണം ,കാതോടു കാതോരം, കരിയിലക്കാറ്റു പോലെ ,നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ , പിറവി, വിധേയൻ..,ഓർമ്മകൾ ഉണ്ടായിരിക്കണം, വേനൽ,  വചനം..,..ഓർമയ്ക്കായി.,പൈതൃകം ,മിഴിരണ്ടിലും.. ,

സ്പടികം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ,,അതിരാത്രം ,യവനിക, ആദാമിൻറെ വാരിയെല്ല് ,  പാഥേയം , ഉൾക്കടൽ ,ദേശാടനക്കിളി കരയാറില്ല. സദയം ,ഒരേ കടൽ, അകലെ, പെരുവഴിയമ്പലം, യാത്ര,  കഥാവശേഷൻ,  പക്ഷേ ,    ശേഷം., പക്ഷേ ,   .അപരിചിതൻ, ആരണ്യകം, ആരോ ഒരാൾ, ദേവലോകം , തൂവാനത്തുമ്പികൾ, അഭയം, ആരൂഡം, ആകാശഗംഗ, ദേവാസുരം , നീയെത്ര ധന്യ. , ഉള്ളടക്കം, മഴയെത്തും മുൻപേ……………..

എത്ര മനോഹരമായ പേരുകൾ.......പേര് പോലെ സുന്ദരമായ സിനിമകൾ........ പറഞ്ഞാൽ, എണ്ണിയാൽ തീരാത്ത ചിത്രങ്ങൾ .



തിയേറ്റർ വിട്ടിറങ്ങും മുൻപേ 'ഡിമെൻഷ്യ' ബാധിച്ച പോലെ മറക്കപ്പെടുന്ന സിനിമകളായിരുന്നില്ല ഇവ. 

ദിവസങ്ങളോളം നെഞ്ചിൽ ഒരു നീറ്റലായി രാപ്പകലുകൾ അസ്വസ്ഥമാക്കിയവ....

തിയേറ്റർ വിട്ടിറങ്ങുമ്പോൾ മറവിയിൽ മുങ്ങാനുള്ളത്ര ആയുസ്സേ ഇന്നു സിനിമ.ക്കുള്ളൂ.

സിനിമ വെറും സാങ്കേതിക വിസ്മയമാക്കി ലോകത്തിനു മുന്നിൽ ആദ്യമായി സമര്പ്പിച്ചത് ഹോളിവുഡ് ആണ്. എല്ലാ ശാസ്ത്രവും സ്വന്തം രാജ്യത്തിന് പുറത്തു കച്ചവടം ചെയ്യാൻ കഴിവുള്ള അമേരിക്കയ്ക്ക് സിനിമയെ വെറും സാങ്കേതിക വിസ്പോടനമാക്കാൻ എളുപ്പത്തിൽ കഴിഞ്ഞു.

സിനിമ ജനിച്ചതും ഒടുവിൽ അതിന്റെ ഗരിമ പാഴായി തകര്ച്ചയുടെ [സാമ്പത്തികമല്ല ] കീഴ്ക്കാട്ടിലേക്ക് തള്ളിയിട്ടതും  ഇവർ തന്നെ.  

സ്വന്തം ഭാഷയിൽ ഒരു പേര് നല്കാനുള്ള വകതിരിവ് പോലും നവ സിനിമ ക്കാരെന്ന്   സ്വയം പ്രഖ്യാപിക്കുന്ന ന്യു ജെൻ ചലച്ചിത്ര കാരന്മാർക്കു നഷ്ടപ്പെട്ടിരിക്കുന്നു.

നൊസ്റ്റാൾജിയ നുണഞ്ഞു കൊണ്ട് പഴയതെല്ലാം നല്ലത് എന്ന് പറയുകയല്ല. അതിനേക്കാൾ മെച്ചപ്പെട്ടത് അല്ലെങ്കിൽ  അതിനോളമുള്ളത്, നൽകുക. അതിനേക്കാൾ മോശം നല്കാതിരിക്കുക. സിനിമയിലും സാഹിത്യതിലുമൊക്കെ പിന്നിലേക്ക്‌ ചിന്തകൾ പായിക്കുവാൻ സഹൃദയരെ പ്രേരിപ്പിക്കുന്നത് ഈ രംഗത്ത്  കാണുന്ന അപചയങ്ങൾ തന്നെ.

തിയേറ്ററുകൾ മൾട്ടി  പ്ലെക്സുകൾക്ക് വഴിമാറി. സിനിമ വെറും സാന്ഗേതിക വിസ്മയമായി. അതും കൌമാരക്കാരും യുവാക്കളും മാത്രം  ആസ്വദിക്കുന്ന ഒരു അവസ്ഥയിലെത്തി. തിയേറ്ററുകൾ നഷ്ടത്തിലോടിക്കേണ്ട ഗതികെടുണ്ടാക്കിയത് വാരാന്ധ്യങ്ങളിൽ തിയേറ്ററുകളിൽ പോകുന്ന കുടുംബങ്ങളുടെ പിന്മാറ്റമാണ്. കുടുംബത്തിനു ആസ്വദിക്കാൻ പറ്റിയ സിനിമകൾ ഇല്ലാതായിട്ട് ഏകദേശം പത്തു വര്ഷമായി.

കഥയില്ലായ്മയും , സിനിമയെ  കച്ചവടമായി മാത്രം കാണുവാൻ തുടങ്ങിയതും സിനിമയ്ക്ക്  ഒരു നവ സംസ്ക്കാരം   മെനഞ്ഞു. കാലത്തെ അതിജീവിക്കാൻ കഴിയുന്ന ദീപ്തവും സുന്ദരവുമായ സിനിമകൾ ഇന്നു ജനിക്കുന്നില്ല. രണ്ടര മണിക്കൂർ നീളുന്ന ചലച്ചിത്രം ഒരു വീഡിയോ ഗെയിം കാണുന്ന ലാഘവത്തോടെ ആസ്വദിക്കുന്ന   ചെറുപ്പക്കാർ. അതിന്റെ നിർമാണ കലയും മറ്റൊന്നല്ല.. ശക്തവും ഗഹനവുമായ ഒന്നും തന്നെ സംവദിക്കാൻ ഇന്നത്തെ സിനിമകൾക്ക്‌ കഴിയുന്നില്ല. മുപ്പത്തൻജിനു    മുകളിലുള്ള സിനിമാസ്വാദകർക്ക് വിളമ്പാൻ ഇന്നു സിനിമയിൽ പ്രവർത്തിക്കുന്നവരുടെ അടുക്കളയിൽ നിന്നും രുചിയൂറുന്ന ഒരു വിഭവവും എത്തുന്നില്ല.

വരും കാലങ്ങളിൽ ചർച്ച ചെയ്യപ്പെടുവാൻ സ്വന്തം സംസ്കൃതിയുമായി ബന്ധപ്പെട്ട എത്ര ചിത്രങ്ങൾ ന്യു ജെനെറേഷൻ നിർമാതാക്കളിൽ നിന്നു   അടുത്ത കാലത്തുണ്ടായി?

  പൂര്ണമായും കച്ചവടവൽക്കരിക്കപ്പെട്ട ഒരു മാധ്യമമായി സിനിമ ഇവിടെ മാറിയപ്പോൾ തമിഴിലും ഹിന്ദിയിലും ന്യു ജെൻ കൂംബാരങ്ങളുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ നിലനിൽപ്പിനു ആസ്വാദ കന്റെ പങ്കു വലുതാണ്‌. പുതിയ തലമുറയ്ക്ക് വേണ്ടി മാത്രം സിനിമ നിർമിച്ചപ്പോൾ അതിന്റെ ബാഹുല്യത്തിൽ മുങ്ങിപ്പോയത് വിരലിൽ എണ്ണാവുന്ന ചില മികച്ച ചിത്രങ്ങളാണ്. ഉദാഹരണം..'മേൽവിലാസം','അയാളും ഞാനും തമ്മിൽ,' മുന്നറിയിപ്പ്' തുടങ്ങിയവ . തിയെറ്റരുകളിൽ പണം വാരാതെ ഒതുങ്ങിപ്പോയ മികച്ച സിനിമകളായിരുന്നു ഇവ.

മനുഷ്യന്റെ ജീവിതകാലം പ്രതിസന്ധികളുടെ തോരാ മഴയാണ്. അവിടെ നമുക്ക് അല്പം മേലാപ്പ് അഭയമായ്‌ നല്കാൻ സിനിമ , സാഹിത്യം തുടങ്ങിയ മനുഷ്യ നിർമിതികൾക്ക് കഴിയണം. അതിന്റെ നിർമാണ പ്രക്രിയയിൽ സാർഥകമായ വയ്കാരിക മൂല്യങ്ങൾ കൂടിയേ തീരു. അത് നഷ്ടമാകുമ്പോൾ സംഭവിക്കുന്നതെന്തും പാഴ്വേലയാണ്.

കൊതു,കൊതു


-
ഡോ.കെ.ജി.ബാലകൃഷ്ണൻ
----------------------------------------------

1.
ഒരു മുട്ടൻ കൊതു
കടിക്കാൻ ഒരുമ്പെട്ട്-
മൂളി മൂളി.
എന്റെ തലവട്ടം കറങ്ങി;
എന്നെ വട്ടം കറക്കി-
(വോട്ടുപിടുത്തം.)
കൊലയാളി.

ക്യൂലക്സ്?
അനോഫിലിസ്?
അതോ
ഈഡിസ് ഇജിപ്റ്റി ?
തിട്ടമില്ല;
(ഏതായാലും
ഉമ്മ വെയ്ക്കാനല്ല)

എന്തോ
മൂപ്പർ കടിച്ചില്ല;
(ഇലക്ഷൻ അടുക്കുന്നു.)

2.
കള്ളനെ(കള്ളിയെ)
നമ്പിക്കൂടാ;
ഞാൻ
പരിസരം പരിശോധിച്ചു;
പലവട്ടം.
(പാവം വോട്ടർക്ക്‌
ഗണ്മാൻ ഇല്ല.)

കണ്ണുകൊണ്ട്
കാതുകൊണ്ട്
മൂക്കുകൊണ്ട്‌
കൂലങ്കഷമായി
തിരഞ്ഞു.
(തിരഞ്ഞെടുപ്പിന്
ഇതുകളിപ്പോൾ
യൂസ്‌ലെസ്)

ഇഷ്ടിയെ
(പെണ്‍കൊതുക്
അപകടകാരി-
ആധുനിക വൈദ്യശാസ്ത്രം.)
മഷിയിട്ട് നോക്കിയിട്ടും
കണ്ടുകിട്ടിയില്ല!
(പോളിട്രിക്സ് !)

3.
എവിടെ പതുങ്ങി?
ഒരു മൂളൽ?
ധ്യാനനിരതനായി  പൌരൻ!
മിഴിയും ചെവിയും കൂർപ്പിച്ച്‌.
സംശയം,
എന്റെ പെടലിയിൽ
ഒന്ന് ചുംബിച്ചോ ?
(ടെസ്റ്റ്‌ ഡോസ്)

4.
സംശയിച്ച്
സംശയം ദൂരീകരിച്ച്
പിന്നെയും സംശയിച്ച്
ഇര.

5.
അങ്ങനെ,
അവസാനം,
കൊതുക്
പണിപറ്റിച്ച്
പറന്നകന്നു.

6.
ഞാൻ
നിസ്സഹായൻ.
കടിയേറ്റിടം
തൊട്ട് തടവി
വെറുതെ,

കൊതു, കൊതു
എന്നുച്ചരിച്ച്.

21 Feb 2015

ബ്ലോഗ്സൈറ്റുകളും ബ്ലോഗെഴുത്തും വളരണം

സുനിൽ എം എസ്


കഥ-കവിത-ലേഖനം എന്നിവയ്ക്ക് പ്രാധാന്യം നൽകി പ്രസിദ്ധീകരിയ്ക്കുന്ന മലയാളം ബ്ലോഗ്സൈറ്റുകളിൽ ബ്ലോഗുകളുടെ എണ്ണത്തിൽ വലുതായ ഇടിവു സംഭവിച്ചിരിയ്ക്കുന്നു. ഇവയിലൊന്നിൽ 2008 മുതലുള്ള ബ്ലോഗുകളുടെ സംഖ്യകൾ ലഭ്യമാണ്. മറ്റു രണ്ടിടങ്ങളിൽ 2010-11 മുതലുള്ള സംഖ്യകളും. മൂന്നു വ്യത്യസ്ത തോതുകൾ തമ്മിലുള്ള സങ്കലനമായതുകൊണ്ട്വൈ” ആക്സിസിലെ സംഖ്യകൾ കൃത്യമല്ല. മൂന്നു ഗ്രാഫുകൾ, വെവ്വേറെ, കൊടുത്തിരുന്നെങ്കിൽ ഇതു പരിഹരിയ്ക്കപ്പെടുമായിരുന്നെങ്കിലും അപ്പോൾ ബ്ലോഗ്സൈറ്റുകൾ തമ്മിലുള്ള താരതമ്യം സാദ്ധ്യമാകാതെ പോകുമായിരുന്നു. തോതുകൾ വ്യത്യസ്തമാണെങ്കിലും ഗ്രാഫുകൾ ചൂണ്ടിക്കാണിയ്ക്കുന്ന ദിശകൾ ഒന്നു തന്നെ. മറ്റൊരു കാര്യം കൂടി: ബ്ലോഗ്സൈറ്റുകളിലെ ബ്ലോഗുകളുടെ എണ്ണത്തിൽ പലപ്പോഴും മാറ്റങ്ങളുണ്ടാകുന്നുണ്ട്; ഒരേ മാസത്തെ സംഖ്യതന്നെ, ഇന്നു കാണുന്നതിൽ നിന്നു വ്യത്യസ്തമായിരിയ്ക്കാം നാളെ കാണുന്നത്. ഈയൊരു വ്യത്യാസമൊഴികെ, സംഖ്യകളിൽ കൃത്യത വരുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

ബ്ലോഗുകളുടെ എണ്ണത്തിൽ ഇടിവ്

പരസ്പരം ബന്ധപ്പെടാതെ, സ്വതന്ത്രമായി വർത്തിയ്ക്കുന്നവയാണ് ഈ ബ്ലോഗ്സൈറ്റുകളെങ്കിലും, അവയിലെ ബ്ലോഗുകളുടെ എണ്ണത്തിൽ വന്നിരിയ്ക്കുന്ന ഏറ്റക്കുറച്ചിലുകൾ ഏകദേശം ഒരേ സമയങ്ങളിൽത്തന്നെയാണെന്നു കാണാം. 2010-11 വർഷങ്ങളിൽ “മാനം മുട്ടെ” തലയുയർത്തി നിന്നിരുന്ന ബ്ലോഗുകളുടെ എണ്ണം ഇപ്പോൾ നിലം തൊടുന്ന സ്ഥിതിയിലായിരിയ്ക്കുന്നു. ഈ മൂന്നു ബ്ലോഗ്സൈറ്റുകളിലെ ഏറ്റവുമുയരത്തിലെത്തിയ പ്രതിമാസ സംഖ്യകളും ഇക്കഴിഞ്ഞ ജനുവരി മാസത്തെ സംഖ്യകളും സംഖ്യകളിൽ വന്നിരിയ്ക്കുന്ന ഇടിവുകളും താഴെ കൊടുക്കുന്നു:



ബ്ലോഗുകളിലെ ഇടിവ്

ഇത് വാക്കുകളിൽ വിശദീകരിയ്ക്കാം. ബ്ലോഗ്സൈറ്റ് ഒന്നിൽ 2010 മാർച്ചിൽ 1385 ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി മാസം അവിടെ ആകെ 338 ബ്ലോഗുകൾ മാത്രമാണ് പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. എണ്ണത്തിലുണ്ടായിരിയ്ക്കുന്ന ഇടിവ് 75.6 ശതമാനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ബ്ലോഗുകളുടെ എണ്ണം കേവലം നാലിലൊന്നു മാത്രമായി കുറഞ്ഞിരിയ്ക്കുന്നു.

ബ്ലോഗ്സൈറ്റ് രണ്ടിൽ 2012 ജൂലൈ മാസത്തിൽ 282 ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നു. അവിടെ, ഇക്കഴിഞ്ഞ ജനുവരിയിൽ 179 ബ്ലോഗുകൾ മാത്രമാണ് പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ഇവിടേയും ഇടിവു തന്നെ. ഇടിവ് 36.5 ശതമാനം.

ബ്ലോഗ്സൈറ്റ് മൂന്നിന്റെ നിലയാണ് ഏറ്റവും പരിതാപകരം: അവിടെ 2012 ജൂലൈയിൽ 500 ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നു. ആ സ്ഥാനത്ത്, ഇക്കഴിഞ്ഞ മാസം വെറും 48 ബ്ലോഗുകൾ മാത്രം. ഇടിവ് 90.4 ശതമാനം. അതായത് ബ്ലോഗുകൾ പത്തിലൊന്നു മാത്രമായി കുറഞ്ഞിരിയ്ക്കുന്നു.

ഗ്രാഫുകൾ ചൂണ്ടുന്നത് തളർച്ചയിലേയ്ക്ക്

ബ്ലോഗ്സൈറ്റ് ഒന്നിൽ 2015 ജനുവരി വരെ ആകെ 55726 ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടതായി കാണുന്നുണ്ട്. ബ്ലോഗ്സൈറ്റ് രണ്ടിൽ 7355 ബ്ലോഗുകളും ബ്ലോഗ്സൈറ്റ് മൂന്നിൽ 12043 ബ്ലോഗുകളും പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്. ഇവ മൂന്നിലുമായി ആകെ 75124 ബ്ലോഗുകൾ. മറ്റനേകം മലയാളം ബ്ലോഗ്സൈറ്റുകളുണ്ടെങ്കിലും, മുൻ പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളെ കഥ-കവിത-ലേഖനം എന്നിവ പ്രസിദ്ധീകരിയ്ക്കുന്ന മലയാളം ബ്ലോഗ്സൈറ്റുകളുടെ ഉദാഹരണങ്ങളായി കണക്കാക്കാം. ഇവയുടെ വളർച്ചകളും തളർച്ചകളും മലയാളം ബ്ലോഗുലോകത്തിന്റെ വളർച്ചകളും തളർച്ചകളുമായി കണക്കാക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ വിശ്വാസം. അങ്ങനെയെങ്കിൽ, മുകളിൽ കൊടുത്തിരിയ്ക്കുന്ന ഗ്രാഫ് ചൂണ്ടുന്നത് ഇത്തരം ബ്ലോഗ്സൈറ്റുകളുടെ തളർച്ചയിലേയ്ക്കാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് വളരെക്കുറവു ബ്ലോഗുകൾ മാത്രമേ ഇപ്പോൾ പോസ്റ്റു ചെയ്യപ്പെടുന്നുള്ളു.

ബ്ലോഗുകളുടെ എണ്ണത്തിലുള്ള കുറവ് ഇതേ തോതിൽ തുടർന്നാൽ പല ബ്ലോഗ്സൈറ്റുകളിലും ബ്ലോഗുകൾ പോസ്റ്റുചെയ്യപ്പെടാത്ത അവസ്ഥ സംജാതമായെന്നു വരാം. ബ്ലോഗുകൾ പോസ്റ്റു ചെയ്യപ്പെടുന്നില്ലെങ്കിൽ കവിത-കഥ-ലേഖനങ്ങൾക്കു മുൻ‌തൂക്കം നൽകുന്ന ബ്ലോഗ്സൈറ്റുകളുടെ പ്രവർത്തനം നിലച്ചെന്നും വരാം. പോസ്റ്റുചെയ്യപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്ന ബ്ലോഗുകളുടെ ശേഖരം തന്നെ അപ്രത്യക്ഷമായെന്നും വരാം.

പുതിയ എഴുത്തുകാരുടെ ഒരു രചന അച്ചടിമാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചു വരികയെന്നത് ഒരു ചെറു ലോട്ടറിയടിയ്ക്കുന്നതിനു തുല്യമാണ്. തിരസ്കാരമാണ് മിയ്ക്കപ്പോഴും സംഭവിയ്ക്കുക. പ്രസിദ്ധീകരിയ്ക്കുന്നെങ്കിൽത്തന്നെയും ചിലപ്പോൾ മാസങ്ങളോ കൊല്ലങ്ങളോ കഴിഞ്ഞായിരിയ്ക്കും. അച്ചടിച്ച ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പേജുകൾ പരിമിതമാണ്. വിലയും നിശ്ചിതം. ഒരു ലക്കത്തിൽ ഒരു ലേഖനമോ കഥയോ കൂടുതലായി ഉൾക്കൊള്ളിയ്ക്കാമെന്നു വച്ചാൽ പേജുകളുടെ പരിമിതി അതനുവദിയ്ക്കുകയില്ല.

ബ്ലോഗ്സൈറ്റുകളിൽ ഇത്തരം പരിമിതികളില്ല. എന്നും എത്ര ബ്ലോഗുകൾ വേണമെങ്കിലും പ്രസിദ്ധീകരിയ്ക്കാൻ അവയ്ക്കാകുന്നു. അച്ചടിമാദ്ധ്യമത്തിൽ മാസങ്ങളോളം കാത്തിരിയ്ക്കേണ്ടി വരുമ്പോൾ ബ്ലോഗ്സൈറ്റുകളിൽ അങ്ങേയറ്റം ഏതാനും മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. ചില ബ്ലോഗ്സൈറ്റുകളിൽ പോസ്റ്റു ചെയ്ത ഉടൻ തന്നെ ബ്ലോഗുകൾ പ്രസിദ്ധീകൃതമാകുന്നു. ബ്ലോഗ്സൈറ്റുകളുടെ മുഖ്യ ആകർഷണവും ഇതു തന്നെയാണ്. ബ്ലോഗ്സൈറ്റുകൾ തളർന്നാൽ അത് ബ്ലോഗർമാരെ വളരെയധികം നിരാശപ്പെടുത്തും. ബ്ലോഗ്സൈറ്റുകളുടെ തളർച്ചയകറ്റി, അവയെ വളർത്താനുള്ള മാർഗ്ഗങ്ങൾ ആലോചിയ്ക്കാം.

ബ്ലോഗർ എന്തിനു ബ്ലോഗു പോസ്റ്റു ചെയ്യുന്നു?

ഒരു ബ്ലോഗർ തന്റെ ബ്ലോഗു പോസ്റ്റു ചെയ്യുന്നത് ചില പ്രത്യേക ലക്ഷ്യങ്ങൾ ലാക്കാക്കിയാണ്:

(1)  തന്റെ ആശയം അന്യരെ അറിയിയ്ക്കാൻ.

(2)  പ്രസിദ്ധി നേടാൻ.

(3)  അംഗീകാരം നേടാൻ.

(4)  പ്രതിഫലത്തിനു വേണ്ടി.

ലക്ഷ്യസാദ്ധ്യം എത്രത്തോളം?

ബ്ലോഗ് അനേകം പേർ വായിച്ചെങ്കിൽ മാത്രമേ മുൻ പറഞ്ഞ നാലു ലക്ഷ്യങ്ങളും നേടാനാകൂ. വായനക്കാരെ നേടാൻ ബ്ലോഗ്സൈറ്റുകൾക്ക് അച്ചടിച്ച ആനുകാലികപ്രസിദ്ധീകരണങ്ങളുമായി മത്സരിയ്ക്കേണ്ടി വരുന്നു. അച്ചടിച്ച ആനുകാലികപ്രസിദ്ധീകരണങ്ങളിൽ മുകളറ്റത്തു നിൽക്കുന്നവയെപ്പറ്റി 2014 ജനുവരിയിൽ പുറത്തുവന്ന ഇന്ത്യൻ റീഡർഷിപ്പ് സർവ്വേയിൽ കണ്ട കണക്കുകൾ താഴെ കൊടുക്കുന്നു:

മാതൃഭൂമി വാരിക.........2.42 ലക്ഷം പേർ വായിയ്ക്കുന്നു
മനോരമ വാരിക........6.61
ഗൃഹലക്ഷ്മി..............8.26
വനിത.....................27.62

മാതൃഭൂമി വാരിക 2.42 ലക്ഷം പേർ വായിയ്ക്കുമ്പോൾ, ഒരു ബ്ലോഗ് ശരാശരി എത്ര പേർ വായിയ്ക്കുന്നുണ്ട് എന്നു നോക്കാം. ഇതു കണ്ടുപിടിയ്ക്കുക എളുപ്പമല്ല. കാരണം ഭൂരിഭാഗം ബ്ലോഗ്സൈറ്റുകളിലും ഒരു ബ്ലോഗ് ആകെ എത്ര പേർ വായിച്ചു, അഥവാ ഒരു ബ്ലോഗിന് ആകെ എത്ര “വ്യൂ” കിട്ടി എന്നു കാണാനാകുന്നില്ല. ഗ്രാഫിൽ രണ്ടാമതായും മൂന്നാമതായും കൊടുത്തിരിയ്ക്കുന്ന ബ്ലോഗ്സൈറ്റുകളിൽ ഈ സംഖ്യ ദൃശ്യമാണ്. അവയിൽ ഡിസംബർ മുതലുള്ള നൂറു ബ്ലോഗുകൾക്കു കിട്ടിയിരിയ്ക്കുന്ന ശരാശരി വ്യൂ എത്രയെന്നു താഴെ കൊടുക്കുന്നു:

ബ്ലോഗ്സൈറ്റ് 2.....56
ബ്ലോഗ്സൈറ്റ് 3.....71

തൃപ്തിയും പ്രസിദ്ധിയും അപര്യാപ്തം

മാതൃഭൂമി വാരികയിൽ അച്ചടിച്ചു വരുന്ന ഒരു രചന 2.42 ലക്ഷം പേർ വായിയ്ക്കുമ്പോൾ ബ്ലോഗ്സൈറ്റിലെ ഒരു ബ്ലോഗ് ശരാശരി 71 പേർ മാത്രമാണു വായിയ്ക്കുന്നത്. മാതൃഭൂമി വാരികയിലൂടെ ഒരാശയം 2.42 ലക്ഷം പേർക്കു കൈമാറാനാകുമ്പോൾ രചയിതാവിനു ലഭിയ്ക്കുന്ന സംതൃപ്തി, ആ ആശയം വെറും 71 പേർക്കു മാത്രം കൈമാറുമ്പോൾ കിട്ടുകയില്ല. പ്രസിദ്ധിയുടെ സ്ഥിതിയും അതു തന്നെ. 2.42 ലക്ഷം പേർ വായിയ്ക്കുമ്പോൾ രചയിതാക്കൾക്കു കിട്ടുന്ന പ്രസിദ്ധിയുമായി താരതമ്യം ചെയ്യുമ്പോൾ എഴുപത്തൊന്നുപേർ മാത്രം ബ്ലോഗു വായിച്ചാൽ കിട്ടുന്ന പ്രസിദ്ധി നിസ്സാരം.

ബ്ലോഗുകൾക്ക് അംഗീകാരമില്ല

ബ്ലോഗുകൾക്ക് അവാർഡുകളില്ല. ബ്ലോഗുകൾ എന്നൊരു വിഭാഗത്തെപ്പറ്റി കേരളസാഹിത്യ‌ അക്കാദമി കേൾക്കുക പോലും ചെയ്ത ലക്ഷണമില്ല. അച്ചടിച്ച പുസ്തകങ്ങൾ മാത്രമേ അവർ അവാർഡുകൾക്കായി പരിഗണിയ്ക്കാറുള്ളു. ചില സംഘടനകൾ അവാർഡുകൾ കൊടുക്കാറുണ്ട്. അവയിൽ മിയ്ക്കവയും അച്ചടിച്ച പുസ്തകങ്ങൾക്കുള്ളവ തന്നെയാണ്. ബ്ലോഗുകളെ ബ്ലോഗുകളായിത്തന്നെ പരിഗണിച്ചുകൊണ്ടുള്ള അവാർഡുകൾ കൊടുത്തതായി അറിവില്ല. ചില ബ്ലോഗ്സൈറ്റുകൾക്കകത്ത് സമ്മാനങ്ങളോ അവാർഡുകളോ നൽകപ്പെട്ടിരിയ്ക്കാം. പക്ഷേ, ബ്ലോഗ്സൈറ്റുകൾക്കു പുറത്തു നിന്ന് ബ്ലോഗുകൾക്ക് അംഗീകാരം ലഭിയ്ക്കുന്നില്ല. ബ്ലോഗുകളെ സാഹിത്യമായി ജനം പരിഗണിച്ചു തുടങ്ങിയിട്ടില്ല.

പ്രതിഫലമില്ല

പ്രതിഫലത്തിന്റെ കാര്യം പറയാതിരിയ്ക്കുകയാകും ഭേദം. മുൻപു പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിൽ ഇക്കഴിഞ്ഞ ജനുവരി വരെ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുള്ള ആകെ ബ്ലോഗുകളുടെ എണ്ണം താഴെ കൊടുക്കുന്നു:

ബ്ലോഗ്സൈറ്റ് 1......55726
ബ്ലോഗ്സൈറ്റ് 2........7355
ബ്ലോഗ്സൈറ്റ് 3......12043
ആകെ.....................75124

മറ്റനേകം മലയാളം ബ്ലോഗ്സൈറ്റുകളുണ്ടെങ്കിലും, അവയിലെ കണക്കുകൾ തേടിപ്പിടിയ്ക്കാൻ മുതിർന്നിട്ടില്ല. മുൻ പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിലെ കണക്കുകൾ തന്നെ ഈ ലേഖനത്തിലൂടെ നടത്തുന്ന പഠനത്തിനു മതിയായവയാണ്. ഈ മൂന്നു ബ്ലോഗ്സൈറ്റുകളിലായി 75124 ബ്ലോഗുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിലൊന്നിനു പോലും പ്രതിഫലം നൽകിയിട്ടുണ്ടാവില്ല. ഇത്രയധികം വിപുലമായ ഒരു രചനാശേഖരത്തിന്റെ രചയിതാക്കൾക്ക് ഒരു രൂപ പോലും പ്രതിഫലം കിട്ടിയിട്ടില്ലെന്ന വസ്തുത മിയ്ക്ക മേഖലകളിലും പണത്തിനു മുൻ‌തൂക്കം ലഭിച്ചുകൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് വിചിത്രമാണ്.

ബ്ലോഗിന് പച്ചക്കറിയുടെ വില പോലുമില്ല

ഈ ലേഖനം എഴുതിത്തുടങ്ങിയ ദിവസം ഒരു കിലോ ക്യാരറ്റിന് 48 രൂപ വിലയുണ്ടായിരുന്നു. തക്കാളിയ്ക്ക് 24 രൂപ. മുമ്പൊരിയ്ക്കൽ ക്യാരറ്റിന് എൺപതു രൂപ കവിഞ്ഞിരുന്നു. തക്കാളിയ്ക്ക് അറുപതും. ഇവയ്ക്കു മാത്രമല്ല, മറ്റെല്ലാ ഇനം പച്ചക്കറിയ്ക്കും മുപ്പതും നാല്പതും രൂപ വിലയുണ്ട്. എന്നാൽ ബ്ലോഗുകൾക്ക് ഒരു കിലോ തക്കാളിയുടെ വില പോലുമില്ല. ബ്ലോഗുകൾ പ്രതിഫലമർഹിയ്ക്കുന്നില്ലെന്നുള്ള പൊതു നിലപാടിൽ നീതിയില്ല. 75124 ബ്ലോഗുകളിൽ ഒരു രൂപ പോലും അർഹിയ്ക്കാത്തതായി ഒരെണ്ണം പോലും ഉണ്ടാകുമെന്നു തോന്നുന്നില്ല. തീരെ മൂല്യമില്ലാത്തവയായിരുന്നെങ്കിൽ അവ പ്രസിദ്ധീകരിയ്ക്കപ്പെടുമായിരുന്നില്ല. മുൻ പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിലും പരിശോധനയ്ക്കു വിധേയമായ ശേഷമാണ് ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെടാറ്. (ബ്ലോഗ്സൈറ്റ് മൂന്നിൽ ഈയടുത്ത കാലത്തായി ഈ നിബന്ധനയിൽ അയവു വന്നിട്ടുണ്ട്.) ഓരോ ബ്ലോഗിനും അല്പമെങ്കിലും മൂല്യമുണ്ടായിരുന്നിരിയ്ക്കും. മൂല്യമില്ലാത്തൊരു ബ്ലോഗ് വെളിച്ചം കാണുകയുമില്ലായിരുന്നു. ബ്ലോഗിന്റെ മൂല്യത്തിനു തക്ക പ്രതിഫലം ബ്ലോഗർമാർക്ക് കിട്ടേണ്ടതായിരുന്നു, പക്ഷേ, ഒരാൾക്കു പോലും കിട്ടിയിട്ടില്ല. 75124 ബ്ലോഗുകളിൽ ഒന്നിനു പോലും പ്രതിഫലം കൊടുത്തിട്ടില്ലെന്ന് എങ്ങനെ അറിയാം എന്ന ചോദ്യം ഇവിടെ ഉയരാം. അറിയാൻ കഴിഞ്ഞ വസ്തുതകളൊന്നും തന്നെ മറിച്ചു സൂചിപ്പിയ്ക്കുന്നില്ല.

സാഹിത്യവും പണവും

അച്ചടിമാദ്ധ്യമത്തിലെ സാഹിത്യം പണവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അച്ചടിച്ച ഒരു പുസ്തകമെടുത്തു നോക്കിക്കോളൂ, അതിന്മേൽ തെളിച്ചമുള്ള, വലിയ അക്കങ്ങളിൽ അതിന്റെ വില അച്ചടിച്ചു വച്ചിരിയ്ക്കുന്നതു കാണാം. ആ തുക കൊടുത്തെങ്കിൽ മാത്രമേ ആ പുസ്തകം വാങ്ങാനാകൂ. ഭക്തിപാരവശ്യത്താലെഴുതിയ പുസ്തകമായാലും അഹിംസയെപ്പറ്റിയുള്ള പുസ്തകമായാലും, ദാരിദ്ര്യനിർമ്മാർജ്ജനം ത്വരിതപ്പെടുത്താനുള്ള പുസ്തകമായാലും തൊഴിലാളികളെ സംഘടിയ്ക്കാൻ ആഹ്വാനം ചെയ്യുന്ന പുസ്തകമായാലും സാമുദായികപരിഷ്കരണം ലാക്കാക്കുന്ന പുസ്തകമായാലും തത്വശാസ്ത്രത്തെപ്പറ്റിയുള്ള പുസ്തകമായാലും അവയുടെയെല്ലാം പുറകിൽ വിലയുണ്ടാകും. ഒരു പുസ്തകവും സൌജന്യമായി വിൽക്കപ്പെടുന്നില്ല. ഗ്രന്ഥകർത്താവിനെ സംബന്ധിച്ചിടത്തോളം പുസ്തകം പണമാണ്. പുസ്തകം വിറ്റഴിഞ്ഞാൽ ഗ്രന്ഥകർത്താവിനു പണം കിട്ടും. സാധാരണക്കാർക്ക് സന്തോഷം നൽകുന്ന ഒന്നാണു പണം. പുസ്തകരചയിതാക്കളുടെ കാര്യവും വ്യത്യസ്തമല്ല. രചന പുസ്തകമായി അച്ചടിപ്പിയ്ക്കാനുള്ള പ്രേരകങ്ങളിൽ മുഖ്യം പണം തന്നെ. സന്തോഷം മാത്രമല്ല, തുടർന്നെഴുതാനുള്ള പ്രചോദനവും പണത്തിൽ നിന്നു കിട്ടുന്നു.

പുസ്തകം ഒരു വില്പനച്ചരക്ക്

അച്ചടിച്ച പുസ്തകം ഒരു വിൽപ്പനച്ചരക്കാണ്. അതു വിൽപ്പനയ്ക്കായി വച്ചിരിയ്ക്കുന്നത് രചയിതാവ്, പ്രസാധകൻ, കച്ചവടക്കാരൻ എന്നീ മൂന്നു പേർ ചേർന്നാണ്. വായനക്കാരുടെ പക്കൽ നിന്ന് പുസ്തകത്തിന്റെ വിലയായി ഒരു നിശ്ചിത തുക ഈടാക്കാൻ അവർ മൂവരും കൂടി തീരുമാനിച്ചിരിയ്ക്കുന്നു. വില കൊടുക്കാതെ പുസ്തകം തുറന്ന് ഒരു സൂക്ഷ്മവായനയ്ക്കൊരുമ്പെട്ടു നോക്കിൻ. പുസ്തകക്കച്ചവടക്കാരൻ വന്ന് പുസ്തകം പിടിച്ചുവാങ്ങും. സൌജന്യവായന തുടരാൻ ശ്രമിച്ചാൽ അധികം താമസിയാതെ പുറത്തു പോകേണ്ടതായും വരും.

പുസ്തകക്കച്ചവടക്കാരനെ കുറ്റം പറയാനാവില്ല. പുസ്തകക്കടയിൽ സൌജന്യവായന അനുവദിച്ചാൽ പുസ്തകക്കട ഒരു വായനശാലയായി മാറാൻ അധികസമയം വേണ്ട. പുസ്തകക്കച്ചവടക്കാരന്റെ (പ്രസാധകന്റേയും രചയിതാവിന്റേയും) വയറ്റത്തടിച്ചതു തന്നെ. പുസ്തകക്കച്ചവടക്കാരനു കമ്മീഷനും ഗ്രന്ഥകർത്താവിനു റോയൽറ്റിയും പ്രസാധകനു ലാഭവും കിട്ടുന്നതിന് പുസ്തകം ഒരു വില്പനച്ചരക്കാകുകയും സൌജന്യവായന നടക്കാതിരിയ്ക്കുകയും പുസ്തകത്തിന്റെ പ്രതികൾ വിറ്റഴിയുകയും വേണം.

ബ്ലോഗർമാരുടെ മഹത്വം

ഇവിടെയാണ് ബ്ലോഗർമാരുടെ മഹത്വം നാമറിയുന്നത്. തന്റെ പുസ്തകം സൌജന്യമായി ആരും വായിയ്ക്കാനിടവരരുത് എന്ന് ഒരു പുസ്തകരചയിതാവ് ആഗ്രഹിയ്ക്കുമ്പോൾ എന്റെ ബ്ലോഗ് എല്ലാവരും ദയവായി വായിയ്ക്കണേ” എന്നായിരിയ്ക്കും ബ്ലോഗറുടെ പ്രാർത്ഥന. അച്ചടിച്ച പുസ്തകത്തിന്റെ രചയിതാവ് ആകാംക്ഷാപൂർവ്വം പുസ്തകപ്രസാധകരോടും പുസ്തകക്കച്ചവടക്കാരോടും എത്ര കോപ്പികൾ വിറ്റുപോയി എന്നു വിളിച്ചന്വേഷിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ആകെ എത്ര പേർ തന്റെ ബ്ലോഗു വായിച്ചെന്നറിയാനായിരിയ്ക്കും ഒരു ബ്ലോഗറുടെ ആകാംക്ഷ മുഴുവനും. കൂടുതൽ പേർ ബ്ലോഗു വായിച്ചിരിയ്ക്കുന്നതായി കണ്ടാൽ ബ്ലോഗർ കൂടുതൽ ആഹ്ലാദിയ്ക്കും. കഴിയുന്നത്ര പേരെക്കൊണ്ടു ബ്ലോഗു വായിപ്പിയ്ക്കുന്നതിലാണ് ബ്ലോഗറുടെ ആനന്ദമിരിയ്ക്കുന്നത്. കഴിയുന്നത്ര കോപ്പികൾ വിറ്റഴിയ്ക്കുന്നതിലാണ് ഗ്രന്ഥകർത്താവിന്റെ താത്പര്യം.

ബ്ലോഗർമാർ പ്രതിഫലേച്ഛയില്ലാത്തവർ

75124 ബ്ലോഗുകൾ എഴുതിക്കൂട്ടിയിട്ടും പ്രതിഫലം വേണമെന്ന ആവശ്യം ബ്ലോഗർമാർ ഇതുവരെ മുന്നോട്ടു വച്ചിട്ടില്ല. അല്പം കുറഞ്ഞ തോതിലാണെങ്കിലും, അവർ വീണ്ടും വീണ്ടും ബ്ലോഗുകൾ എഴുതിക്കൊണ്ടിരിയ്ക്കുന്നു, പ്രതിഫലത്തെപ്പറ്റി ചിന്തിയ്ക്കുകപോലും ചെയ്യാതെ ബ്ലോഗ്സൈറ്റുകളിൽ അവ പോസ്റ്റു ചെയ്തു കൊണ്ടിരിയ്ക്കുന്നു. പ്രതിഫലം കാംക്ഷിയ്ക്കാതെ, ഉള്ളിൽ നിന്ന് ഉറവയെടുക്കുന്ന, എഴുതാനുള്ള ആത്മാർത്ഥമായ പ്രചോദനം മൂലമാണ് ബ്ലോഗർമാർ ബ്ലോഗുകൾ രചിയ്ക്കുന്നത്. തങ്ങളുടെ ആശയങ്ങൾ അന്യർക്കു പകർന്നു കൊടുക്കണമെന്ന ആഗ്രഹം മൂലം അവർ അവ ബ്ലോഗുകളായി പൊതുജനസമക്ഷം അവതരിപ്പിയ്ക്കുന്നു. വായനക്കാർ അവ വായിയ്ക്കുമ്പോൾ ബ്ലോഗർമാർ തൃപ്തിയടയുന്നു. പണം, പ്രതിഫലം എന്നിങ്ങനെയുള്ള ചിന്തകൾ ബ്ലോഗർമാരുടെ മനസ്സുകളെ കളങ്കപ്പെടുത്തിയിട്ടില്ല.

ബ്ലോഗുവായന സൌജന്യം

മുൻ പറഞ്ഞ 75124 ബ്ലോഗുകളും സൌജന്യവായനയ്ക്ക് ലഭ്യമാണ്. അവ വായിയ്ക്കാൻ വായനക്കാർ ഒരു രൂപ പോലും മുടക്കേണ്ടതില്ല. വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക, വായിച്ചു തുടങ്ങുക. അത്ര തന്നെ. പൊതുജനത്തിനു വായിയ്ക്കാൻ നൽകണം എന്ന അഭിലാഷം ഒന്നുകൊണ്ടു മാത്രമാണ് ബ്ലോഗർമാർ ബ്ലോഗുകളെഴുതി പോസ്റ്റു ചെയ്യുന്നത്. കേവലം ഒരു ബ്ലോഗ്സൈറ്റിൽ മാത്രം പോസ്റ്റു ചെയ്താൽ ചുരുക്കം പേർക്കു മാത്രമേ ബ്ലോഗു വായിയ്ക്കാനാകൂ എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് വായനക്കാരുടെ സൌകര്യത്തെയോർത്ത്, പല ബ്ലോഗർമാരും ഒരേ ബ്ലോഗ് ഒന്നിലേറെ ബ്ലോഗ്സൈറ്റുകളിൽ പോസ്റ്റു ചെയ്യാൻ തയ്യാറാകുന്നു. കൂടുതൽ ബ്ലോഗ്സൈറ്റുകളിൽ പോസ്റ്റു ചെയ്യപ്പെടുന്ന ബ്ലോഗുകൾ വായിയ്ക്കാൻ കൂടുതൽ പേർക്ക് ഇങ്ങനെ സൌകര്യം കിട്ടുന്നു.

ഇതൊക്കെത്തന്നെ കാരണങ്ങൾ

ചുരുക്കിപ്പറഞ്ഞാൽ, ശരാശരി എഴുപത്തൊന്നു പേർ മാത്രം വായിയ്ക്കുന്ന ഒരു ബ്ലോഗിൽ നിന്ന് ബ്ലോഗർക്ക് തൃപ്തി, പ്രസിദ്ധി, അംഗീകാരം, പ്രതിഫലം എന്നിവ ലഭിയ്ക്കുന്നില്ല. പിന്നെയെന്തിനു ബ്ലോഗെഴുതണം? ബ്ലോഗെഴുത്തുകൊണ്ട് ഈ ലക്ഷ്യങ്ങളൊന്നും നേടാനാവില്ലെന്ന് ബ്ലോഗർമാർ മനസ്സിലാക്കിയിരിയ്ക്കുന്നു. മുന്നൂറല്ല അഞ്ഞൂറോ ആയിരമോ ബ്ലോഗെഴുതിയാലും മുൻ പറഞ്ഞ നാലു ലക്ഷ്യങ്ങളുടെ കാര്യത്തിൽ തങ്ങൾ തുടങ്ങിയേടത്തു തന്നെ നിൽക്കുകയേ ഉള്ളെന്ന് അവർക്കു മനസ്സിലായിരിയ്ക്കുന്നു. ബ്ലോഗെഴുതാൻ തുടക്കത്തിലുണ്ടായിരുന്ന ആവേശം തണുത്തുറഞ്ഞുപോയിരിയ്ക്കുന്നു. ബ്ലോഗുകളുടെ എണ്ണം കുറഞ്ഞതിന്റെ കാരണങ്ങൾ ഇവയെല്ലാം തന്നെ.

ബ്ലോഗുകളെ സാഹിത്യമായി കണക്കാക്കണം

ബ്ലോഗുകൾക്ക് പ്രതിഫലം കിട്ടിയില്ലെങ്കിലും സാ‍രമില്ല, പ്രസിദ്ധിയും അംഗീകാരവും അവാർഡുകളും തീർച്ചയായും ലഭിയ്ക്കണം. അംഗീകാരവും അവാർഡുകളും ഖ്യാതിയുമെല്ലാം അച്ചടിച്ച പുസ്തകങ്ങളുടെ രചയിതാക്കൾക്കു മാത്രമായി ഉഴിഞ്ഞുവയ്ക്കപ്പെട്ടിരിയ്ക്കുന്നു. മുന്നൂറിലേറെ ബ്ലോഗുകൾ പോസ്റ്റു ചെയ്തു കഴിഞ്ഞിരിയ്ക്കുന്ന ബ്ലോഗർമാർ നമ്മുടെ ഇടയിലുണ്ട്. ബ്ലോഗുകളുടെ എണ്ണം മുന്നൂറല്ല, അഞ്ഞൂറോ ആയിരമോ തികഞ്ഞാലും ഇന്നത്തെ ചുറ്റുപാടിൽ ബ്ലോഗർ ബ്ലോഗർ മാത്രമായി തുടരും. സാഹിത്യകാരൻ അല്ലെങ്കിൽ സാഹിത്യകാരി എന്ന വിശേഷണം ബ്ലോഗർക്ക് ഒരിയ്ക്കലും അനുവദിച്ചു കിട്ടുന്നില്ല. ബ്ലോഗർമാരുടെ സമ്മേളനത്തിൽ അവർ സ്വയം എഴുത്തുകാരെന്നു വിശേഷിപ്പിയ്ക്കാൻ ധൈര്യപ്പെട്ടേയ്ക്കാം. പക്ഷേ, പ്രശസ്തരായ സാഹിത്യകാരന്മാരുടെ സമക്ഷത്തിൽ ബ്ലോഗർമാർ അത്തരം അവകാശവാദങ്ങളൊന്നും ഉന്നയിയ്ക്കാൻ ധൈര്യപ്പെടാറില്ല. പ്രശസ്തരായ എഴുത്തുകാരാകട്ടെ ബ്ലോഗർമാരോട് സഹ എഴുത്തുകാരെന്ന നിലയിൽ സ്നേഹാദരങ്ങൾ കാണിയ്ക്കാറുമില്ല. ബ്ലോഗിലെവിടെ സാഹിത്യം എന്ന ഒരവജ്ഞ പല എഴുത്തുകാരും പരോക്ഷമായെങ്കിലും പ്രകടിപ്പിച്ചതായി കേട്ടിട്ടുമുണ്ട്.

പ്രശസ്തർ ബ്ലോഗെഴുതാറില്ല

പ്രശസ്തരായ എഴുത്തുകാർ ബ്ലോഗെഴുതാറില്ലെന്നാണു തോന്നുന്നത്. രണ്ടോ മൂന്നോ പേരുടെ രചനകൾ ബ്ലോഗ്സൈറ്റുകളിൽ കാണാറുണ്ടെന്നതു വിസ്മരിയ്ക്കുന്നില്ല. പക്ഷേ, അവയും അച്ചടിമാദ്ധ്യമത്തിൽ വന്ന ശേഷമായിരിയ്ക്കാം ബ്ലോഗ്സൈറ്റുകളിൽ വരുന്നത്. അച്ചടിമാദ്ധ്യമത്തെ വെടിഞ്ഞ് ബ്ലോഗുലോകത്തേയ്ക്ക് പ്രശസ്തരായ ആരും തന്നെ ചേക്കേറിയതായി അറിവില്ല. ബ്ലോഗ്സൈറ്റുകളിൽ പ്രതിഫലമില്ലാത്തത് മുഖ്യകാരണങ്ങളിലൊന്നായിരിയ്ക്കണം. അച്ചടിച്ച മാദ്ധ്യമത്തിൽ പതിവായെഴുതി അതിജീവനം നടത്തുന്ന പലരുമുണ്ടാകും. ബ്ലോഗെഴുത്ത് കൂലിയില്ലാപ്പണിയായി തുടരുന്നതുകൊണ്ട് അതിലൂടെയുള്ള അതിജീവനം ഇന്നു സാദ്ധ്യമല്ല.

അച്ചടിച്ച മാദ്ധ്യമത്തിൽ നിന്നു കിട്ടുന്നതിനു തുല്യമായ പ്രതിഫലം ബ്ലോഗ്സൈറ്റുകളിൽ നിന്നു കിട്ടുന്നെങ്കിൽ ബ്ലോഗെഴുതാൻ പ്രശസ്തരും മുന്നോട്ടു വരും. പ്രതിഫലത്തോടൊപ്പം പ്രസിദ്ധിയും അംഗീകാരവും അവർ ആവശ്യപ്പെടും. അവയ്ക്കെല്ലാം പുറമെ, അച്ചടിമാദ്ധ്യമത്തിന്റെ നിലവാരം ബ്ലോഗ്സൈറ്റുകൾക്കും ഉണ്ടാകണം എന്ന നിബന്ധനയും അവർ മുന്നോട്ടു വയ്ക്കും. പണവും പ്രസിദ്ധിയും അംഗീകാരവും സംതൃപ്തിയും നേടിത്തരാൻ ബ്ലോഗ്സൈറ്റുകൾക്കാകുമ്പോൾ പ്രശസ്ത സാഹിത്യകാരന്മാരും സാഹിത്യകാരികളും ബ്ലോഗ്സൈറ്റുകളിലെത്തും, തീർച്ച. അതുവരെ അവരിൽ ഭൂരിഭാഗം പേരും ബ്ലോഗ്സൈറ്റുകളിൽ നിന്ന് അകന്നു നിൽക്കും.

സാങ്കേതികപുരോഗതി ബ്ലോഗുകൾക്ക് അനുകൂലം

അച്ചടിച്ച ഒരു പുസ്തകം വായിയ്ക്കണമെങ്കിൽ അത് കൈയിൽ കിട്ടണം. എങ്കിൽ മാത്രമേ അതു വായിയ്ക്കാനാകുകയുള്ളു. എന്നാൽ ഇന്റർനെറ്റിലൂടെ ബ്ലോഗുകൾ വായിയ്ക്കാൻ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിയ്ക്കുന്നവർക്കും സാധിയ്ക്കുന്നു. 2013 മാർച്ചിൽ വയറിൽക്കൂടിയുള്ളതും വയറിൽക്കൂടിയല്ലാത്തതുമായി ആകെ 898 ദശലക്ഷം ഇന്റർനെറ്റ് ഉപഭോക്താക്കൾ ഇന്ത്യയിലുണ്ടായിരുന്നെന്ന് ട്രായിയുടെ കണക്കുകൾ കാണിയ്ക്കുന്നു. അതായത് 89.8 കോടി. കേരളാ വയർലെസ് ടെലിക്കോമിന്റെ 2013 മാർച്ചിലെ കണക്കനുസരിച്ച് കേരളത്തിലെ ആകെ ഇന്റർനെറ്റു വരിക്കാർ 30,692,668 ആണ്. മൂന്നു കോടിയിലേറെ. കേരളത്തിലെ ജനസംഖ്യയ്ക്കടുത്തു വരുന്നു, അത്. ഗ്രാമങ്ങളെ 100 എം ബി പി എസ് വേഗമുള്ള ബ്രോഡ്ബാന്റു കൊണ്ട് ബന്ധിപ്പിയ്ക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഈ പശ്ചാത്തലത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം പേരെയെങ്കിലും ആകർഷിയ്ക്കാൻ ഉൽക്കർഷേച്ഛുക്കളായ ബ്ലോഗ്സൈറ്റുകൾക്കു കഴിയും. ഒരു ലക്ഷം പേർ കയറിയിറങ്ങിപ്പോകുന്നൊരു ബ്ലോഗ്സൈറ്റിന് പരസ്യങ്ങളിലൂടെ നല്ലൊരു വരുമാനം നേടാനാകും. എത്ര ഇന്റർനെറ്റ് ഉപഭോക്താക്കളുണ്ടോ അവരുടെയെല്ലാം വിരൽത്തുമ്പിലാണ് ബ്ലോഗുകൾ. യാതൊരു പരിമിതിയുമില്ലാതെ എത്ര ബ്ലോഗുകൾ വേണമെങ്കിലും വായിയ്ക്കാവുന്ന അവസ്ഥ. ലോകത്ത് ആകെ 3.61 കോടി മലയാളികളുണ്ടെന്നാണു വിക്കിപ്പീഡിയയിൽ കാണുന്നത്. ഇന്റർനെറ്റിലൂടെ ദേശത്തും വിദേശത്തുമുള്ള 3.61 കോടി മലയാളികൾക്കും എല്ലാ ബ്ലോഗുകളും അനായാസേന വായിയ്ക്കുക സാങ്കേതികമായി ഇന്നു സാദ്ധ്യമാണ്.

സാങ്കേതികസൌകര്യം ഉപയോഗിയ്ക്കുന്നില്ല

ഇത്തരത്തിൽ ഓരോ മലയാളിയ്ക്കും ബ്ലോഗുകൾ വായിയ്ക്കാനുള്ള സാങ്കേതികസൌകര്യം ഇന്നു നിലവിലുണ്ടെങ്കിലും ഭൂരിഭാഗം ബ്ലോഗ്സൈറ്റുകളിലും ബ്ലോഗു വായിയ്ക്കുന്നവരുടെ എണ്ണം നൂറു തികയാറില്ലെന്നാണ് എന്റെ ഊഹം. ഒരു ബ്ലോഗ് വ്യൂചെയ്തവരുടെ എണ്ണം മുൻ പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് കാണാനായത്. അവിടങ്ങളിൽ ഡിസംബർ മാസം മുതലുള്ള നൂറു ബ്ലോഗുകൾക്കു കിട്ടിയിരിയ്ക്കുന്ന ശരാശരി വ്യൂകൾ എഴുപത്തൊന്നും അമ്പത്താറും മാത്രമായിരുന്നെന്ന് ഒരു മുൻ ഖണ്ഡികയിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ 3.07 കോടി ഇന്റർനെറ്റ് ഉപഭോക്താക്കളുള്ളതുകൊണ്ട് അവരിൽ ഒരു ശതമാനം പേരെങ്കിലും ബ്ലോഗുകൾ വായിച്ചിരുന്നെങ്കിൽ ഈ രണ്ടു ബ്ലോഗ്സൈറ്റുകളിലെ ഓരോ ബ്ലോഗിനുമുള്ള ശരാശരി വ്യൂ എഴുപത്തൊന്ന്, അമ്പത്താറ് എന്നീ സംഖ്യകളിൽ ഒതുങ്ങുന്നതിനു പകരം മൂന്നു ലക്ഷം കവിയുമായിരുന്നു!

ബ്ലോഗുകൾക്ക് അച്ചടിച്ച ആനുകാലികങ്ങളേക്കാൾ കൂടുതൽ വായനക്കാരെ കിട്ടാനുള്ള സാങ്കേതികസംവിധാനം നിലവിൽ വന്നിട്ട് വർഷങ്ങളായെങ്കിലും അത്രത്തോളം വായനക്കാരെ പതിവായി ബ്ലോഗുകളിലേയ്ക്കാകർഷിയ്ക്കാൻ ഇതുവരെ ബ്ലോഗ്സൈറ്റുകൾക്കു കഴിഞ്ഞിട്ടില്ല. അവരതിനു ശ്രമിച്ചിട്ടില്ലെന്നതാണു സത്യം. സർക്കാരുമായുള്ള ഇടപാടുകളുൾപ്പെടെ അനേകം കാര്യങ്ങൾക്ക് ഇൻറർനെറ്റ് വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നുണ്ടെങ്കിലും ബ്ലോഗ്സൈറ്റുകൾ ഈ സാങ്കേതികസൌകര്യം വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ല. ഈ സാങ്കേതികസൌകര്യം വേണ്ടുംവണ്ണം ഉപയോഗിയ്ക്കാനായാൽ അച്ചടിമാദ്ധ്യമത്തെ പുറന്തള്ളാൻ ബ്ലോഗ്സൈറ്റുകൾക്കാകും. വാസ്തവത്തിൽ ഇന്നത്തെ ഓരോ ബ്ലോഗ്സൈറ്റും ഭാവിയിലെ ആനുകാലികമാണ്. ബ്ലോഗ്സൈറ്റുകൾ ഉണർന്നാൽ അച്ചടിമാദ്ധ്യമങ്ങളും ഓൺലൈൻ ലോകത്തേയ്ക്ക് കുടിയേറാൻ നിർബ്ബദ്ധരാകും. പത്രങ്ങളിലും ചാനലുകളിലും ഇടയ്ക്കിടെ പരസ്യങ്ങൾ കൊടുക്കുകയും ഉന്നതരായ ഏതാനും സാഹിത്യകാരന്മാരേയും സാഹിത്യകാരികളേയും ബ്ലോഗ്സൈറ്റുകളിലേയ്ക്കു ക്ഷണിച്ചുകൊണ്ടുവരികയും ചെയ്താൽ ആഴ്ചകൾ കൊണ്ട് അത്തരം ബ്ലോഗ്സൈറ്റുകളിൽ ലക്ഷം വായനക്കാരെ ആകർഷിയ്ക്കാനാകും എന്നുറപ്പ്. ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്: ദി ഏർളി ബേർഡ് ഗെറ്റ്സ് ദ വേം. ആദ്യം തുടങ്ങുന്നവർക്ക് കൂടുതൽ വിജയസാദ്ധ്യതയുണ്ട് എന്നർത്ഥം.

പരസ്പര പ്രോത്സാഹനം

ശരാശരി എഴുപത്തൊന്നു പേർ മാത്രം ബ്ലോഗുകൾ വായിയ്ക്കുന്നെന്നു പറഞ്ഞുവല്ലോ. ഇവരിൽത്തന്നെ ഭൂരിഭാഗവും ബ്ലോഗർമാർ തന്നെയാണ്. ബ്ലോഗർമാരാണ് മിക്ക ബ്ലോഗ്സൈറ്റുകളിലേയും സ്ഥിരം സന്ദർശകർ. തങ്ങളുടെ പുതിയ ബ്ലോഗുകൾ പോസ്റ്റു ചെയ്യാനും പോസ്റ്റു ചെയ്ത ബ്ലോഗുകൾ എത്ര പേർ വായിച്ചു, അവയ്ക്ക് കിട്ടിയ പ്രതികരണങ്ങൾ എന്തെല്ലാം എന്നറിയാനുമായി ബ്ലോഗർമാർ ബ്ലോഗ്സൈറ്റുകളിൽ പതിവായി വരുന്നു. തങ്ങളുടെ സന്ദർശനത്തിനിടയിൽ അവർ മറ്റു ബ്ലോഗർമാരുടെ രചനകളും വായിയ്ക്കുന്നു, പ്രതികരണമെഴുതുന്നു, പ്രോത്സാഹിപ്പിയ്ക്കുന്നു. ഈ പരസ്പരപ്രോത്സാഹനം കൂടുതൽ രചനകളുമായെത്താൻ ബ്ലോഗർമാരെ പ്രേരിപ്പിയ്ക്കുന്നു. വാസ്തവത്തിൽ ഈ പരസ്പരപ്രോത്സാഹനമാണ് ഇതുവരെ ബ്ലോഗർമാർക്കു കിട്ടിയിട്ടുള്ള ഏക പ്രോത്സാഹനം. ബ്ലോഗുകളുടെ എണ്ണം കുറഞ്ഞതോടെ ഈ പ്രോത്സാഹനവും വളരെ കുറഞ്ഞിട്ടുണ്ടാകണം. ഗൌരവതരമായ വായന നടത്തുന്ന, ബ്ലോഗർമാരല്ലാത്ത, വായനക്കാരുടെ ദൌർലഭ്യം ഇന്നു മിക്ക ബ്ലോഗ്സൈറ്റുകളിലുമുണ്ട്.

ചർച്ചകൾ വലിയൊരാകർഷണം

ചർച്ചകൾക്ക് ഏറ്റവും പറ്റിയ വേദിയാണ് ബ്ലോഗ്സൈറ്റുകൾ. കാതലായ വിഷയങ്ങളെപ്പറ്റി വളരെയധികം പേർക്ക് ഒരേ സമയം പങ്കെടുക്കാവുന്ന ചർച്ചാവേദി ബ്ലോഗ്സൈറ്റുകളിലുണ്ട്. ഫേസ്ബുക്കിലേതിനേക്കാൾ അർത്ഥപൂർണ്ണമായ ചർച്ചകൾ ബ്ലോഗ്സൈറ്റുകളിൽ സാദ്ധ്യമാണ്. ചില ബ്ലോഗ്സൈറ്റുകളിൽ അത്തരം ചർച്ചകൾ നടക്കാറുമുണ്ട്. അവിടേയും ചർച്ചയിൽ പങ്കെടുക്കുന്നവരുടെ എണ്ണം തീരെച്ചെറുതായതുകൊണ്ട് അവയിൽ നിന്ന് വ്യക്തവും സമൂഹത്തിനു സ്വീകാര്യവുമായ ദിശാബോധം പലപ്പോഴും ഉരുത്തിരിഞ്ഞു വരാറില്ല. അച്ചടിച്ച ആനുകാലികങ്ങളിൽ ഇത്തരം ചർച്ചകൾ അസാദ്ധ്യമാണ്. ചാനലുകളിൽ ചർച്ചകൾ നടക്കാറുണ്ടെങ്കിലും അവയിൽ പങ്കെടുക്കാൻ വേണ്ടി നിശ്ചിതസമയത്ത് നിശ്ചിതസ്ഥലത്ത് എത്തേണ്ടി വരുന്നു. ഇത്തരം പരിമിതികൾ ബ്ലോഗ്സൈറ്റുകളിലെ ചർച്ചകൾക്കില്ല. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും ബ്ലോഗ്സൈറ്റുകളിലെ ചർച്ചകളിൽ പങ്കെടുക്കാനാകുന്നു. വളരെയധികം പേർ ഈ ഓൺലൈൻ ചർച്ചകളിലേയ്ക്ക് ആകർഷിയ്ക്കപ്പെടുകയാണെങ്കിൽ അവ സമൂഹത്തിന് ദിശാബോധം നൽകുന്ന എറ്റവും മികച്ച വേദികളായിത്തീരും. സന്ദർശകരുടെ ദൌർലഭ്യം ചർച്ചകളേയും പ്രതികൂലമായി ബാധിച്ചിരിയ്ക്കുന്നു. മുൻ പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിലൊന്നിൽ നാലു മാസമായി പുതിയ ചർച്ചകളുണ്ടായിട്ടില്ല.

ചെലവുകൾ

ഇന്നുള്ള മിയ്ക്ക മലയാളം ബ്ലോഗ്സൈറ്റുകളും നിലനിൽക്കുന്നത് അവയുടെ ഉടമകളുടെ മഹാമനസ്കത കൊണ്ടു മാത്രമാണ്. ഭൂരിഭാഗം ബ്ലോഗ്സൈറ്റുകൾക്കും വരുമാനമില്ല. വരുമാനം നേടാൻ തുടങ്ങിയിരിയ്ക്കുന്ന ഏതാനും ചില ബ്ലോഗ്സൈറ്റുകളുണ്ട്. പക്ഷേ അവയുടെ വരുമാനം ചെലവിനോളം വരുന്നുണ്ടോ എന്നു സംശയമാണ്.

അച്ചടിച്ച ഒരാനുകാലികത്തിന്റെ കാര്യമെടുക്കാം. ഉദാഹരണം മാതൃഭൂമി വാരിക. വാരികയ്ക്ക് രചയിതാക്കൾ രചനകൾ അയച്ചുകൊടുക്കുന്നു. വാരിക അവ പ്രസിദ്ധീകരിയ്ക്കുന്നു. വാരികയിൽ പ്രദർശിപ്പിയ്ക്കാനായി പരസ്യദാതാക്കൾ പരസ്യങ്ങളും പണവും വാരികയ്ക്കു നൽകുന്നു. വാരിക അച്ചടിച്ചുകഴിയുമ്പോൾ വായനക്കാരത് പണം കൊടുത്തു വാങ്ങുന്നു. വാരിക തങ്ങളുടെ വരുമാനത്തിൽ നിന്ന് തൊഴിലാളികൾക്കു ശമ്പളവും രചയിതാക്കൾക്കു പ്രതിഫലവും ഉടമകൾക്ക് ലാഭവിഹിതവും നൽകുന്നു. അധികലാഭം മൂലധനത്തിൽ ചേർക്കുന്നു. താഴെ കൊടുക്കുന്ന ചിത്രം ഇതു വ്യക്തമാക്കുന്നു.




ബ്ലോഗ്സൈറ്റുകളുടെ ചെലവുകൾ

ഇനി ബ്ലോഗ്സൈറ്റുകളുടെ കാര്യമെടുക്കാം. ചുരുക്കം ചില ബ്ലോഗ്സൈറ്റുകൾക്ക് പരസ്യവരുമാനം കിട്ടിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ബ്ലോഗ്സൈറ്റുകൾക്കും ഒന്നുകിൽ പരസ്യവരുമാനമില്ല, അല്ലെങ്കിൽ പരസ്യവരുമാനം വളരെച്ചെറുതാണ്. എന്നാൽ ചെലവുകളാകട്ടെ പലതുമുണ്ട്. എല്ലാ ചെലവുകളും ബ്ലോഗ്സൈറ്റുടമ സ്വന്തം പോക്കറ്റിൽ നിന്നെടുക്കുന്നു. അച്ചടിച്ച വാരികയ്ക്ക് വാരികയിൽ നിന്നുള്ള വരുമാനമുള്ളപ്പോൾ, ബ്ലോഗ്സൈറ്റുടമയ്ക്ക് ബ്ലോഗ്സൈറ്റിൽ നിന്നു വരുമാനമില്ല. ചെലവു മാത്രമേയുള്ളു. മൂലധനം കുറഞ്ഞുകൊണ്ടേയിരിയ്ക്കുന്നു. താഴെ കൊടുക്കുന്ന ചിത്രത്തിൽ ഇതു വ്യക്തമാണ്.




ബ്ലോഗ്സൈറ്റുകളുടെ ചെലവുകൾ ബ്ലോഗ്സൈറ്റുകളുടെ വലിപ്പത്തെ ആശ്രയിച്ചിരിയ്ക്കുന്നു. കൂടുതൽ ഉള്ളടക്കം (കണ്ടന്റ്) ഉള്ളതും കൂടുതൽ ഉള്ളടക്കം ഉൾക്കൊള്ളാൻ സൌകര്യപ്പെടുത്തിയിരിയ്ക്കുന്നതുമാ‍യ ബ്ലോഗ്സൈറ്റുകൾ കൂടുതൽ ചെലവു വഹിയ്ക്കേണ്ടി വരുന്നു. ബ്ലോഗർമാർക്കുള്ള പ്രതിഫലം ബ്ലോഗ്സൈറ്റിന്റെ ചെലവുകളിൽ ഇനിയും പെടുത്തേണ്ടതായാണിരിയ്ക്കുന്നത്.

മൂലധനം തന്നെ ആശ്രയം

ലാഭമോ വരുമാനമോ ഇല്ലെങ്കിൽ കൂടിയും, ബ്ലോഗ്സൈറ്റ് ഒരു സാമ്പത്തിക സംരംഭം തന്നെയാണ്. അതിനെ ഒരു ചെറുകിട വ്യവസായമായി കണക്കാക്കാം. ലാഭമില്ലാതെ, ചെലവു മാത്രമുണ്ടാക്കുന്ന എല്ലാ സംരംഭങ്ങളുടേയും അസ്തിത്വം അവയ്ക്കു ലഭ്യമാകുന്ന മൂലധനത്തെ ആശ്രയിച്ചിരിയ്ക്കുന്നു. മൂലധനസ്രോതസ്സു വറ്റിക്കഴിയുമ്പോൾ സംരംഭത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നു. പ്രവർത്തനച്ചെലവു നിർവ്വഹിയ്ക്കാനുള്ള വരുമാനമെങ്കിലും ഉണ്ടാകാത്തിടത്തോളം കാലം മൂലധനത്തിൽ കുറവു വന്നുകൊണ്ടേയിരിയ്ക്കും. എന്നെങ്കിലുമത് വറ്റിവരളുകയും ചെയ്യും.

ലാഭം കാംക്ഷിയ്ക്കാത്ത സംരംഭം

പണം സമ്പാദിയ്ക്കാൻ വേണ്ടി നല്ലതും നല്ലതല്ലാത്തതുമായ മാർഗ്ഗങ്ങളിൽക്കൂടി ജനം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിയ്ക്കുന്നൊരു കാലമാണിത്. പണം എത്ര കിട്ടിയാലും മതിയാകാത്ത, മതി വരാത്ത അവസ്ഥ. ഒന്നു വച്ച് പത്തെടുക്കാനും പത്തു വച്ച് നൂറെടുക്കാനും തിരക്കു കൂട്ടുന്ന ജനത. അതിനിടയിൽ ലാഭം കാംക്ഷിയ്ക്കാതെ, ലാഭം ലഭിയ്ക്കാതെ ആരാണ് പണം ചെലവാക്കിക്കൊണ്ടേയിരിയ്ക്കുക ! ഒരു കൂട്ടം ബ്ലോഗർമാർക്ക് ഇഷ്ടമുള്ളതൊക്കെ എഴുതി പ്രദർശിപ്പിയ്ക്കാൻ വേണ്ടി തുടർച്ചയായി പണം മുടക്കാനുള്ള പ്രചോദനം ബ്ലോഗ്സൈറ്റുടമകൾക്ക് എങ്ങനെ കിട്ടുന്നു എന്നു മനസ്സിലാക്കാൻ എനിയ്ക്കിതേവരെ കഴിഞ്ഞിട്ടില്ല. സ്വന്തം പണം അന്യർക്കു വേണ്ടി ചെലവഴിയ്ക്കുന്ന ഈ പതിവ് എന്നെങ്കിലും ഒരു ദിനം ബ്ലോഗ്സൈറ്റുടമകൾ നിർത്താനാണു സാദ്ധ്യത.

ബ്ലോഗ്സൈറ്റുകളുടെ സേവനം

ബ്ലോഗ്സൈറ്റുകൾ ചെയ്തുകൊണ്ടിരിയ്ക്കുന്നത് ബ്ലോഗർമാരെ സംബന്ധിച്ചിടത്തോളം വലിയൊരു സേവനമാണെന്നു പറഞ്ഞുവല്ലോ; ബ്ലോഗർമാർക്കു മാത്രമായുള്ള സാമൂഹ്യസേവനം. മിക്ക ബ്ലോഗ്സൈറ്റുകളിലും ബ്ലോഗർമാർ തന്നെയാണു വായനക്കാരും. എങ്കിലും ബ്ലോഗർമാരല്ലാത്ത കുറച്ചു വായനക്കാർ ചില ബ്ലോഗ്സൈറ്റുകളിലെങ്കിലുമുണ്ട്. അത്തരം വായനക്കാർക്ക് സൌജന്യവായന ലഭ്യമാക്കുന്നതുകൊണ്ട് ബ്ലോഗ്സൈറ്റുകൾ വായനക്കാരെ സംബന്ധിച്ചിടത്തോളവും ഒരു സൌജന്യസേവനം തന്നെയാണു ചെയ്യുന്നത്.

സൌജന്യസേവനം നീണ്ടുനിൽക്കില്ല

സൌജന്യസേവനങ്ങൾ അധികകാലം നീണ്ടു നിൽക്കുകയില്ല. ബ്ലോഗ്സൈറ്റുകൾ ബ്ലോഗർമാർക്കും ബ്ലോഗുവായനക്കാർക്കും ലഭ്യമാക്കിക്കൊണ്ടിരിയ്ക്കുന്ന ഈ സൌജന്യസേവനം ഒന്നുകിൽ അവസാനിയ്ക്കും. അല്ലെങ്കിലത് സൌജന്യമല്ലാതായിത്തീരും. ഈ ചുരുങ്ങിയ കാലത്തിനകം പ്രവർത്തനരഹിതമായിത്തീർന്നിട്ടുള്ള അഞ്ചു ബ്ലോഗ്സൈറ്റുകളെ എനിയ്ക്കറിയാം. അത്തരം ബ്ലോഗ്സൈറ്റുകളുടെ എണ്ണം വർദ്ധിയ്ക്കാനാണിട.

സാമ്പത്തികവളർച്ചയില്ല

ഒരു വ്യാവസായികസംരംഭത്തിന്റെ വളർച്ച നിർണ്ണയിയ്ക്കുക എളുപ്പമാണ്. ലാഭവും ലാഭശതമാനവും മാത്രം നോക്കിയാൽ മതി. മുൻ വർഷത്തേക്കാൾ ഉയർന്ന ലാഭവും ലാഭശതമാനവും സംരംഭം വളർന്നതിനുള്ള തെളിവാണ്. എന്നാൽ ലാഭം പോകട്ടെ, വരുമാനം പോലുമുണ്ടാക്കാത്ത ഒരു ബ്ലോഗ്സൈറ്റിന് സാമ്പത്തികവളർച്ചയില്ല. ബ്ലോഗുകളുടെ എണ്ണം വർദ്ധിയ്ക്കുമ്പോൾ ബ്ലോഗ്സൈറ്റിന്റെ ചെലവു വർദ്ധിയ്ക്കുന്നു. ബ്ലോഗുകളുടെ എണ്ണത്തിലുള്ള വർദ്ധന ബ്ലോഗർമാരേയും ബ്ലോഗുവായനക്കാരേയും സംബന്ധിച്ചിടത്തോളം നല്ല കാര്യമാണെങ്കിലും, അത് ബ്ലോഗ്സൈറ്റിന്റെ സാമ്പത്തിക വളർച്ചയിലേയ്ക്കു നയിയ്ക്കാത്തതു കൊണ്ട് ബ്ലോഗുകളുടെ എണ്ണത്തിലുള്ള വർദ്ധന ബ്ലോഗ്സൈറ്റിന്റെ വളർച്ചയുടെ സൂചകമാകുകയില്ല.


ബ്ലോഗ്സൈറ്റുകൾക്ക് വരുമാനമുണ്ടാകണം

ബ്ലോഗർമാരുടെ സർഗ്ഗവാസന പുറത്തുകൊണ്ടുവരാൻ സ്വന്തം പണമുപയോഗിച്ച് സഹായിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗ്സൈറ്റുകൾക്കു വരുമാനമുണ്ടാകേണ്ടത് ബ്ലോഗ്സൈറ്റുകളുടെ മാത്രമല്ല, ബ്ലോഗർമാരുടേയും ആവശ്യമാണ്. വരുമാനമില്ലാത്ത ബ്ലോഗ്സൈറ്റുകളുടെ ചെലവുകൾ നിറവേറിപ്പോകുന്നത് അവയുടെ ഉടമകളുടെ ആവേശം ഒന്നുകൊണ്ടു മാത്രമാണ്. വെബ്സൈറ്റ് ടെക്നിക്കൽ ടീമിന്റെ ചാർജ്ജുകളും സെർവർ സ്പേസിന്റെ വാടകയും ബന്ധപ്പെട്ട മറ്റു ചെലവുകളും സ്വന്തം പോക്കറ്റിൽ നിന്നെടുക്കാനുള്ള ആവേശം പല ഉടമകളും കുറഞ്ഞൊരു കാലം പ്രദർശിപ്പിച്ചെന്നു വരാം. ബ്ലോഗ്സൈറ്റിൽ നിന്ന് വരുമാനമൊന്നുമില്ലാതെ, ചെലവും നഷ്ടവും മാത്രമുണ്ടാകുമ്പോൾ ആവേശം തണുത്തുറഞ്ഞു പോകുന്നതും സ്വാഭാവികം. ബ്ലോഗ്സൈറ്റുകൾ പൂർവ്വാധികം ഊർജ്ജസ്വലത പ്രദർശിപ്പിയ്ക്കണമെങ്കിൽ അവയ്ക്ക് വരുമാനമുണ്ടാകണം. മൂലധനത്തിന്മേൽ മോശമല്ലാത്ത ലാഭമുണ്ടാകണം. ബ്ലോഗ്സൈറ്റുകൾക്ക് സ്വന്തം കാലിൽ നിൽക്കാനാകണം.

ബ്ലോഗ്സൈറ്റുകളുടെ ഘടന

നാലോ അഞ്ചോ പേരടങ്ങുന്ന ഒരു പാർട്ട്ണർഷിപ്പെങ്കിലുമായിരിയ്ക്കണം ബ്ലോഗ്സൈറ്റിന്റെ ഉടമ. ദീർഘകാലം നിലനിൽക്കാനുദ്ദേശിച്ച് ഉടലെടുക്കുന്നൊരു ബ്ലോഗ്സൈറ്റിന്റെ തലപ്പത്ത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാകുന്നതായിരിയ്ക്കും ഏറ്റവും നല്ലത്. ബ്ലോഗ്സൈറ്റ് പൂർണ്ണതയുള്ളൊരു വ്യാവസായികസംരംഭമായാൽ വളർച്ചയ്ക്കുള്ള സാദ്ധ്യത ധാരാളമാണ്. മാതൃഭൂമി വാരികയെപ്പോലെയോ മനോരമ ആഴ്ചപ്പതിപ്പിനെപ്പോലെയോ ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നൊരു ബ്ലോഗ്സൈറ്റിന് ബ്ലോഗർമാർക്ക് തക്കതായ പ്രതിഫലം കൊടുത്ത ശേഷവും ഗണ്യമായൊരു ലാഭമുണ്ടാക്കാൻ കഴിയും എന്നാണെന്റെ വിശ്വാസം.

പരസ്യവരുമാനം

പത്രങ്ങളുടെ നിലനില്പിൽ വരിസംഖ്യയേക്കാൾ കൂടുതൽ സഹായകമാകുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനമാണ്. ഉദാഹരണം: ഇക്കണോമിക് ടൈംസിന്റെ പ്രവൃത്തിദിനങ്ങളിലെ വില വെറും മൂന്നു രൂപ. പത്രങ്ങൾ മാത്രമല്ല, ടെലിവിഷൻ ചാനലുകളും പരസ്യവരുമാനം കൊണ്ടാണു നിലനിന്നു പോകുന്നത്. ബ്ലോഗ്സൈറ്റുകൾക്കും പരസ്യവരുമാനം നിർണ്ണായകഘടകമാകണം. അല്പകാലം മുമ്പു വരെ ബ്ലോഗ്സൈറ്റുകൾക്കു വരുമാനമുണ്ടായിരുന്നില്ല. ആ സ്ഥിതിയ്ക്ക് മാറ്റം വരാൻ തുടങ്ങിയിരിയ്ക്കുന്നു. കൂടുതൽ വായനക്കാരുള്ള പത്രങ്ങൾക്ക് കൂടുതൽ പരസ്യങ്ങളും ഉയർന്ന പരസ്യനിരക്കും ലഭിയ്ക്കുന്നതു പോലെ, കൂടുതൽ സന്ദർശകരുള്ള ബ്ലോഗ്സൈറ്റുകൾക്ക് കൂടുതൽ പരസ്യങ്ങൾ നേടാനും അവയ്ക്ക് ഉയർന്ന നിരക്ക് ഈടാക്കാനും സാധിയ്ക്കും.

വരിസംഖ്യ

ഇന്ന് ബ്ലോഗുകൾ ആർക്കും സൌജന്യമായി വായിയ്ക്കാം. സൌജന്യമായി ലഭ്യമാകുന്ന ഒരു വസ്തുവിനും സേവനത്തിനും ആരും വില കല്പിയ്ക്കുകയില്ല. ബ്ലോഗുകളിൽ നിന്നു വ്യത്യസ്തമായി, പത്രങ്ങളും ആനുകാലികങ്ങളും സൌജന്യവായന അനുവദിയ്ക്കുന്നില്ല. ബ്ലോഗുകളുടേയും സൌജന്യവായന അവസാനിയ്ക്കണം. വരിസംഖ്യ കൊടുത്താൽ മാത്രമേ ബ്ലോഗുകളും വായിയ്ക്കാനാകാവൂ. ബ്ലോഗുകളുടേയും ബ്ലോഗ്സൈറ്റുകളുടേയും നിലവാരമനുസരിച്ച് വരിസംഖ്യ വ്യത്യസ്തമാകണം.

രചനകൾ നിലവാരമുള്ളവയായിരിയ്ക്കണം

കവിത-കഥ-ലേഖനം എന്നിവ മാത്രമുള്ള ബ്ലോഗ്സൈറ്റുകളിൽ അധികം വായനക്കാർ വരാത്തതിന്റെ ഒരു പ്രധാനകാരണം രചനകളുടെ നിലവാരക്കുറവും അവയുടെ ആധിക്യവുമായിരിയ്ക്കണം. അക്ഷരത്തെറ്റില്ലാത്ത രചനകൾ വിരളം. ബാലിശമായ അക്ഷരത്തെറ്റുകളാണ് ഏറെയും. ആശയവൈകല്യങ്ങളും ആശയപ്രകാശനവൈകല്യങ്ങളും കുറവല്ല. നിലവാരമുള്ള രചനകൾ മാത്രമേ ഇനി പ്രസിദ്ധീകരിയ്ക്കൂ എന്ന് ഈയിടെ ഒരു ബ്ലോഗ്സൈറ്റ് എഴുതി അറിയിയ്ക്കുകയുണ്ടായി. വളർച്ച ലാക്കാക്കുന്ന എല്ലാ ബ്ലോഗ്സൈറ്റുകൾക്കും നിലവാരത്തെക്കുറിച്ചുള്ള നിഷ്കർഷ അത്യാവശ്യമാണ്. നിലവാരക്കുറവുമൂലം അച്ചടിമാദ്ധ്യമങ്ങൾ തിരസ്കരിച്ച രചനകൾക്ക് കൈയും കണക്കുമുണ്ടാവില്ല. മാതൃഭൂമി വാരികയിൽ ഒരു കഥ അച്ചടിച്ചു വരുമ്പോൾ പത്തെണ്ണം തിരസ്കരിയ്ക്കപ്പെട്ടിട്ടുണ്ടാകും. ബ്ലോഗ്സൈറ്റുകളും തിരസ്കരിയ്ക്കേണ്ട ബ്ലോഗുകൾ തിരസ്കരിയ്ക്കുക തന്നെ ചെയ്യണം. പ്രസിദ്ധീകരണാർഹമല്ലാത്ത ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെടരുത്.

എഡിറ്റിംഗ് വേണം

അച്ചടിമാദ്ധ്യമത്തിലുള്ള ഒരു പ്രധാനഘടകം എഡിറ്റിങ്ങാണ്. വൈകല്യങ്ങൾ പുസ്തകത്തിന്റെ വില്പനയെ പ്രതികൂലമായി ബാധിയ്ക്കും. അതുകൊണ്ട് ഓരോ രചനയും എഡിറ്റിങ്ങിനു വിധേയമാ‍യ ശേഷം മാത്രമേ അച്ചടിയിലെത്തുകയുള്ളു. ശമ്പളം കൊടുത്തു നിയമിച്ചിരിയ്ക്കുന്ന എഡിറ്ററില്ലാതെ അച്ചടിയും വില്പനയും സുഗമമായി നടക്കുകയില്ല. ബ്ലോഗ്സൈറ്റുകളിൽ എഡിറ്റിങ്ങിനുള്ള സംവിധാനമില്ല. അതുണ്ടാകണം. അതുണ്ടായെങ്കിൽ മാത്രമേ ബ്ലോഗുകൾ വായിയ്ക്കാൻ വായനക്കാരെത്തൂ. അച്ചടിമാദ്ധ്യമങ്ങളിൽ നിന്ന് വായനക്കാരെ ആകർഷിയ്ക്കാതെ ബ്ലോഗ്സൈറ്റുകൾക്കു വളരാനാവില്ല. അവരെ ആകർഷിയ്ക്കണമെങ്കിൽ അച്ചടിമാദ്ധ്യമങ്ങളുടേതിനേക്കാൾ ഉയർന്ന നിലവാരം ബ്ലോഗുകൾക്കുണ്ടാകണം. പണം കൊടുത്തു വാങ്ങേണ്ടി വരുന്ന, അച്ചടിച്ച ആനുകാലികപ്രസിദ്ധീകരണങ്ങളിലേതിനേക്കാൾ നിലവാരമുള്ള രചനകൾ ബ്ലോഗ്സൈറ്റുകളിലുണ്ടെങ്കിൽ അവ വായിയ്ക്കാൻ വായനക്കാരെത്തുകതന്നെ ചെയ്യും.

അവാർഡുകൾ നൽകണം

എഴുപത്തീരായിരം ബ്ലോഗുകൾ എഴുതിയിട്ടും അവയ്ക്ക് അവാർഡുകളൊന്നും കിട്ടിയിട്ടില്ലെന്നതു ദുഃഖകരമാണ്. ബ്ലോഗുകൾക്ക് പ്രത്യേകം അവാർഡുകൾ നൽകണം. ബ്ലോഗ്സൈറ്റുകൾക്കു തന്നെ ഇതിനുള്ള തുടക്കമിടാവുന്നതാണ്. ചില ബ്ലോഗ്സൈറ്റുകൾ ഇതു തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. ഓരോ മാസവും നിരവധി ബ്ലോഗുകൾ പോസ്റ്റു ചെയ്യപ്പെടുന്നയിടങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി ആനുകാലിക അവാർഡുകൾ വേണം. അവയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് വാർഷിക അവാർഡുകളും നൽകണം. അവാർഡ് അംഗീകാരമാണ്; ബ്ലോഗ്സൈറ്റുകൾക്കുള്ളിലുള്ള ഇത്തരം അംഗീകാരത്തിനിടയിൽ പണത്തിനു സ്ഥാനമുണ്ടാവരുത്. ഏറ്റവും നല്ലതു തെരഞ്ഞെടുക്കാൻ ജൂറിമാരേയും ഏറ്റവും ജനപ്രിയമായതു തെരഞ്ഞെടുക്കാൻ വായനക്കാരേയും ചുമതലപ്പെടുത്തണം. വിവിധ ബ്ലോഗ്സൈറ്റുകളിൽ പോസ്റ്റു ചെയ്യപ്പെട്ടിരിയ്ക്കുന്ന രചനകളിൽ നിന്ന് ഏറ്റവും നല്ലവ തെരഞ്ഞെടുത്ത് അവയ്ക്ക് സംസ്ഥാനാടിസ്ഥാനത്തിലുള്ള അവാർഡു നൽകണം. ബ്ലോഗുകൾക്കായുള്ള അവാർഡുകൾ കേരളസാഹിത്യ അക്കാദമിയും നൽകിത്തുടങ്ങണം. ബ്ലോഗുകളെ സാഹിത്യമായി അംഗീകരിയ്ക്കണം.

ബ്ലോഗ്സൈറ്റുകൾക്കും അവാർഡു നൽകണം

ബ്ലോഗുകൾക്കു മാത്രമല്ല, ബ്ലോഗ്സൈറ്റുകൾക്കും അവാർഡുകൾ നൽകണം. ഏറ്റവും നല്ല ബ്ലോഗ്സൈറ്റുകൾ ആദരിയ്ക്കപ്പെടണം. ഏറ്റവും നല്ല രചനകൾ, ഏറ്റവുമധികം വായനക്കാർ, ഏറ്റവും അർത്ഥപൂർണ്ണമായ ചർച്ചകൾ, ഇങ്ങനെ പല മാനദണ്ഡങ്ങളുപയോഗിച്ചു വേണം ഏറ്റവും നല്ല ബ്ലോഗ്സൈറ്റുകളെ തെരഞ്ഞെടുക്കാൻ.

വായനാസംഘങ്ങൾ

രചനകളെ പ്രോത്സാഹിപ്പിയ്ക്കുന്ന കാര്യത്തിൽ വായനക്കാർക്കും സജീവമായ പങ്കു വഹിയ്ക്കാവുന്നതാണ്. ബ്ലോഗ്സൈറ്റുകളിൽ വായനാസംഘങ്ങളുണ്ടാക്കുകയും അവയുടെ ആഭിമുഖ്യത്തിൽ നല്ല രചനകളെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യാവുന്നതാണ്. രചനകളുടെ നിലവാരം ഉയരാനും കൂടുതൽ രചനകളും എഴുത്തുകാരും ഉണ്ടാകാനും ഇതു സഹായിയ്ക്കും. ഇത്തരം പ്രവർത്തനങ്ങളെല്ലാം കൂടുതൽ വായനക്കാരെ ആകർഷിയ്ക്കുകയും ചെയ്യും.

പ്രതിഫലം നൽകണം

മുൻ ഖണ്ഡികകളിൽ ഇതു സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യം ഇവിടെ അസന്ദിഗ്ദ്ധമായി പറഞ്ഞോട്ടെ: ഏതുല്പന്നത്തിന്റേയും വില പണമായി നിർണ്ണയിയ്ക്കപ്പെടുന്നു. ബ്ലോഗുകളുടേതും പണമായി നിർണ്ണയിയ്ക്കപ്പെടണം. ബ്ലോഗ്സൈറ്റുകൾക്കു വരുമാനം കിട്ടിത്തുടങ്ങുമ്പോൾ ബ്ലോഗുകൾക്ക് പ്രതിഫലം നൽകിത്തുടങ്ങണം. പ്രതിഫലം നൽകിത്തുടങ്ങുമ്പോൾ നിലവാരമുള്ള രചനകൾ ബ്ലോഗ്സൈറ്റുകളിലേയ്ക്കു വരികയും വായനക്കാരുടെ എണ്ണം കൂടുകയും അതിനനുസരിച്ച് ബ്ലോഗ്സൈറ്റുകളുടെ പരസ്യവരുമാനം കൂടുകയും ചെയ്യും. ബ്ലോഗുകളുടെ നിലവാരം ഇടിയുമ്പോൾ ബ്ലോഗ്സൈറ്റുകളുടെ വരുമാനവും കുറയും. വാസ്തവത്തിൽ ഒരു ബ്ലോഗ്സൈറ്റിന്റെ മൂല്യം നിർണ്ണയിയ്ക്കുന്ന മുഖ്യഘടകം അതിലെ ബ്ലോഗുകളുടെ നിലവാരം തന്നെയാണ്. നിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച കാണിയ്ക്കുന്നത് ബ്ലോഗ്സൈറ്റുകളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിയ്ക്കും.

പ്രവാസികളും വീട്ടമ്മമാരും

അച്ചടിച്ച ആനുകാലികങ്ങളിൽ പ്രസിദ്ധീകൃതമാകുന്നതിന്റെ പല മടങ്ങു രചനകൾ ബ്ലോഗ്സൈറ്റുകളിൽ പോസ്റ്റു ചെയ്യപ്പെടുന്നുണ്ട്. ബ്ലോഗുകളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ കുറഞ്ഞെങ്കിലും മുൻപു പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിൽ മാത്രമായി ജനുവരി മാസം 565 ബ്ലോഗുകൾ പോസ്റ്റു ചെയ്യപ്പെട്ടു. മലയാളഭാ‍ഷ ഏറ്റവുമധികം ഉപയോഗിയ്ക്കപ്പെടുന്നത് ബ്ലോഗ്സൈറ്റുകളിലാണെന്നു വ്യക്തം. പ്രവാസിമലയാളികളാണ് ബ്ലോഗുകളെഴുതുന്നവരിൽ വലിയൊരു വിഭാഗം. മാതൃഭാഷയുമായി പ്രവാസികൾക്കുള്ള ബന്ധം നിലനിർത്താനും ശക്തിപ്പെടുത്താനും ഇതുപകരിച്ചിട്ടുണ്ട്. പ്രവാസികൾക്കു പുറമേ നിരവധി വീട്ടമ്മമാരും ബ്ലോഗുകളെഴുതി എഴുത്തിന്റെ ലോകത്തേയ്ക്കു കടന്നിട്ടുണ്ട്. ബ്ലോഗുകളും ബ്ലോഗ്സൈറ്റുകളും ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാദ്ധ്യമാകുമായിരുന്നില്ല. ബെന്യാമിന്മാരും കെ ആർ മീരമാരും ബ്ലോഗർമാരുടെ ഇടയിലും ജന്മമെടുത്തിട്ടുണ്ടാകും. ബ്ലോഗ്സൈറ്റുകൾ വളരുമ്പോൾ അവരും തോടു പൊട്ടിച്ച് പുറത്തു വരും. ബ്ലോഗ്സൈറ്റുകൾ വളരുക തന്നെ വേണം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...