2. ഇടവഴി
ചിരിക്കുന്ന കുട്ടികളും
ഇടവഴിയും!
പലപല മണമുള്ള
ഇടവഴികൾ.
കരിയിലയുറങ്ങുന്ന
ഇടവഴികൾ.
കരിമേഘനിഴലിന്റെ
പെരുവഴികൾ.
കാറ്റിലാടി ഉലയുന്ന
പർവ്വതങ്ങൾ.
പാട്ടുപാടിച്ചിരിക്കുന്ന
താഴ്‌വാരങ്ങൾ.
പുഴയുടെ, പക്ഷിയുടെ
മരങ്ങളുടെ
ഉച്ചയുടെ, വെയിലിന്റെ
അശാന്തിയുടെ
രാത്രിയുടെ, നിലാവിന്റെ
കിനാക്കളുടെ
സന്ധ്യയുടെ, തണുപ്പിന്റെ
പ്രണയത്തിന്റെ
നീല നീല മിഴിയുള്ള
നിശബ്ദതകൾ!
വിരലുകൾ വിലോലമായ്
സ്പന്ദിക്കുമ്പോൾ,
കാട്ടുപൂക്കൾ വഴിവക്കിൽ
നൃത്തമാടുമ്പോൾ,
മഴയുടെ ജാലകങ്ങൾ
തുറന്നീടുമ്പോൾ,
ഇടിയുടെ, മിന്നലിന്റെ
ഭ്രമകാന്തിയിൽ
കുട്ടികളും വെളിച്ചവും
ചിരിയും കാറ്റും!
ഉരഗങ്ങളിഴയുമ്പോൾ
മിഴിരണ്ടിലും,
പ്രണയവും പാതിരാവും
ഇഴചേരുമ്പോൾ
മണിയൊച്ച മുഴങ്ങുന്ന
സ്വരം കേൾക്കുന്നു.
കരിയിലയിളകുന്നു
കാറ്റിളകുന്നു.
പൂമരങ്ങൾ ചിരിക്കുന്നു
പൂ ചിതറുന്നു.
ചുംബനത്തിരയിളക്കം
സ്വപ്നസന്ദിഗ്ദ്ധം!
പരാഗങ്ങളിരമ്പുന്ന
സന്ധ്യയുന്മത്തം.
പതംഗങ്ങൾ മയങ്ങുന്നൂ
പ്രണയമുഗ്ധം.
വിരൽകോർത്തു വരുന്നതു
കടൽപ്പക്ഷികൾ!
ചിരിക്കുന്ന കുട്ടികളും
ഇടവഴിയും.
പല പല നിറമുള്ള
ചെറുവഴികൾ.
ഒച്ചയില്ലാത്ത വഴികളിലൂടെ
ഞങ്ങൾ നടന്നപ്പോൾ
ഒച്ചയും വെളിച്ചവുമായ പച്ചിലകൾ
പ്രണയത്താലുലഞ്ഞു.
വേലിത്തലപ്പുകൾ മുഗ്ധമായി.
പാഠപുസ്തകത്തിലെ പാഠങ്ങൾ
ബാഗിൽനിന്ന് പുറത്തുചാടി.
വളവുകൾ തിരിയുമ്പോൾ
ഞങ്ങൾ ഒരാകസ്മികതയ്ക്ക് കാത്തു.
എതിരെ വരുന്നയാളുടെ കണ്ണുകളിൽ
അസ്ത്രമുന തെരഞ്ഞു.
കയ്യാലമതിലിലിരുന്ന് ഒരണ്ണാൻ ചിരിച്ചു.
ആൺകോഴികളും പെൺകോഴികളും
പറമ്പുകളിൽ പ്രണയം ചിതറി.
മോതിരവിരലിലെ തഴമ്പ്
അവൾ കാണിച്ചുതന്നു.
മഴവന്നപ്പോൾ ഒറ്റക്കുഴക്കീഴിൽ പോകാൻ മടിച്ച്
കുട തുറക്കാതെ
രണ്ടുപേരും മഴയിൽ കുതിർന്നു.
മഴയുടെ ചില്ലുവീണ കണ്ണുകൾകൊണ്ട്
പരസ്പരം നോക്കിക്കണ്ടു.
കണ്ണീരിന്റെയും വിയർപ്പിന്റെയും
ഉപ്പുരുചി ചുണ്ടിൽ തടഞ്ഞു.
ഏകാന്തമായ ഒരു ചുംബനംപോലെ
ആ രുചി മനസ്സിൽ കുടുങ്ങി.
പുറത്തേക്കിറങ്ങാൻ വഴിയറിയാതെ
അത് അവിടെയുമിവിടെയും അലഞ്ഞു.
മഴ നനഞ്ഞ വൈകുന്നേരങ്ങളും
വെയിൽ തുടിച്ച വൈകുന്നേരങ്ങളും
ഒരുപോലെ കോരിക്കുടിച്ചുകൊണ്ട്
നിന്റെ വീടിനുമുന്നിലെത്തവേ
യാത്രയിൽ വിരഹം പടർന്നു.
തിരിഞ്ഞുനോക്കിയപ്പോൾ
അസ്തമയാകാശം.
അസ്തമയാകാശത്തിനിപ്പുറും നിന്റെ വീട്
ഓരോ ദിവസവും മനസ്സിൽ ഓരോ അടയാളം!
******
നിങ്ങൾ കുട്ടികളെക്കണ്ട്
പർവ്വതം താഴ്‌വരയോട് ചിരിച്ചു.
അങ്ങനെയാണ് പുതിയൊരു നീരരുവി
ഒരു സായാഹ്നത്തിൽ ആവിർഭവിച്ചതു.
പർവ്വതത്തിന്റെ ശൃംഗോന്നതിയിൽ നിന്ന്
താഴ്‌വരയിലെ തടാകത്തിലേക്ക്
ഏറ്റവും ഏകാന്തമായി അത് ഒഴുകി.
ആരും അറിഞ്ഞില്ല.
ആരും സ്പർശിച്ചില്ല.
പർവ്വത ശൃംഗത്തിൽ നിന്ന്
തടാകത്തിലേക്ക് ഒരു നേർരേഖ.
വേട്ടക്കാർ ആ നീർച്ചാലിൽ
ആയുധത്തിലെ രക്തക്കറ കഴുകിയില്ല.
പക്ഷികളോ അലയുന്ന മൃഗങ്ങളോ
ആ നീരരുവിയിലെ ജലം കുടിച്ചില്ല.
ഏകാന്തത്തയിൽ നിന്ന്
നിശബ്ദതയിലേക്ക് ഒരു നേർരേഖ.
ഹേമന്തത്തിലെ ചില വിഭാതങ്ങളിൽ
കോടമഞ്ഞിന്റെ പടവുകൾക്കിടയിലൂടെ
ചില വെണ്മേഘങ്ങൾ അരുവിയലണയും.
ആരും കാണാതെ നീന്തിത്തുടിക്കും.
വെയിൽ പരക്കുന്നതിനു മുമ്പ്
ആകാശനീലിമയിലേക്ക് പറന്നുയരും.
ചില രാത്രികളിൽ ചില നക്ഷത്രങ്ങൾ
അരുവിയിൽ കളിയോടങ്ങളിറക്കും.
നക്ഷത്രങ്ങളും കളിയോടങ്ങളും ഒഴുകി നടക്കും.
നിലാവിന്റെ വഴികളിൽ പാട്ടു പരക്കും.
നിങ്ങൾ കുട്ടികളെക്കുറിച്ച്
വേണ്മേഘങ്ങളും അരുവിയും സംസാരിക്കാറുണ്ട്.
മേഘത്തിന്റെ അതിരുകളിൽ
അപ്പോൾ ഭൂതകാലം വെട്ടിത്തിളങ്ങും.
അരുവിയിൽ സ്വപ്നങ്ങൾ പതയും.
നിങ്ങൾ കുട്ടികളെക്കുറിച്ച്
നക്ഷത്രങ്ങളും അരുവിയും സംസാരിക്കുമ്പോൾ,
അഗാധമാകുന്ന അരുവിയിൽ
നക്ഷത്രങ്ങൾ അന്തർഭവിക്കും.
******
എല്ലാ ഇടവഴികളിലും അവനുണ്ട്.
പഴയകാലത്തിന്റെ
പഴയ വൈകുന്നേരങ്ങളിലെ
സ്കൂളിൽ നിന്നു വീട്ടിലേക്കുള്ള
കരിയിലകൾ നിറഞ്ഞ
ഇടവഴികളിൽ മാത്രമല്ല;
എല്ലാ ഇടവഴികളിലും അവനുണ്ട്.
ചിലപ്പോൾ വെയിലിന്റെ നിഴലിനൊപ്പം
മഴയിലെ കലക്കവെള്ളത്തിനൊപ്പം.
തെളിയാത്ത വഴിത്താരയിലെ
കാട്ടുമുള്ളുകൾക്കൊപ്പം.
മഞ്ഞച്ചേരയുടെ പുളയുന്ന വേഗതയ്ക്കൊപ്പം.
ഇടവഴിയോരത്തെ ഇല്ലിമുൾവേലിയിലുടക്കി
ചെറിയ വേദനയും രക്തവും
ഓർമ്മയെ നനയ്ക്കുമ്പോൾ
ഉടുതുണിയിൽ അടയാളമാകുന്നത് അവൻ.
വളവിൽ മോട്ടോർ ബൈക്കിനു മുന്നിൽ
പാഠപുസ്തകങ്ങൾ ചിതറുമ്പോൾ
അവനില്ലെങ്കിൽ അവന്റെ ഓർമ്മ.
പുസ്തകങ്ങൾ പിറക്കിത്തരുന്നവൻ!
കണ്ണിലെ കണ്ണീർ കാറ്റിനാലുണക്കിത്തരുന്നവൻ!
സ്നേഹത്തെക്കുറിച്ചു പറയുമ്പോൾ
മനസ്സിൽ നിറയുന്നത്
തെരുവുകളല്ല, ഇടവഴികളാണ്.
ഓർമ്മയുടെ വിരലുകളിൽ പിടിച്ച്
അവൾ ഇടവഴികളിലൂടെ അലയുന്നു;
വിധുരയായി, വിലാസിനിയായി.
******
ഒരിക്കലും ചുംബിക്കാനായില്ല.
ഇടവഴികളിൽ എപ്പോഴും ആരെങ്കിലുമുണ്ടാകും.
വളവുകൾ നിരവധി
ഏകാന്തദൂരങ്ങൾ അനവധി.
എങ്കിലും കരിയിലകൾ അനങ്ങിക്കൊണ്ടിരിക്കും.
കാറ്റ് പൊടുന്നനേ പ്രത്യക്ഷമാകും.
ചിലപ്പോൾ ചുംബിക്കണമെന്നു തോന്നും.
വിയർപ്പും സ്വപ്നങ്ങളും അലിയുന്ന മുഖം
കണ്ണുകളിലെ പ്രകാശജാലകം.
അപ്പോൾ നടത്ത നിറുത്തി
ഏതെങ്കിലും തണലിൽ നിൽക്കും.
വിരലുകളിൽ തണുപ്പ് പടരും.
ഒരിക്കൽ ചുംബിക്കാനൊരുങ്ങി,
ഒരു മദ്ധ്യാഹ്നത്തിൽ!
ഇടവഴിയിൽ ആരുമില്ല.
വേലിക്കരികിലെ വീടുകൾ ഉറക്കമാണ്.
ആകാശത്തിൽ മേഘങ്ങളില്ല.
പൊടുന്നനേ അവൾ അപ്രത്യക്ഷയായി!
ഒരിക്കൽ അവൻ ചുംബിച്ചതായി
അവൾ സ്വപ്നം കണ്ടു.
ഇടവഴിയിൽ കാറ്റുണ്ടായിരുന്നു.
വെളിച്ചമുണ്ടായിരുന്നു.
പൂക്കളും പെൺകുട്ടികളും ഉണ്ടായിരുന്നു.
എങ്കിലും സ്വപ്നത്തിലെ അവൻ ചുംബിച്ചു...
ഒരു ചുംബനം അവർക്കായി കാത്തുനിന്നു.
കാറ്റിലും മഴയിലും പതറാതെ
ചെറിയ നിഴൽമറയിൽ പതുങ്ങി
ഒരുവളവിലെ നിശബ്ദതയിൽ
അവർക്കുമേൽ ചാടിവീഴാനായി കാതോർത്ത്...
ആ ദിവസം അവർ വന്നില്ല.
സന്ധ്യയിൽ ഇടവഴിയെ നിശബ്ദമാക്കുന്നത്
അദൃശ്യ ചുംബനങ്ങളാണെന്ന് അവൻ പറഞ്ഞു.
സന്ധ്യയുടെ ഇടവഴി
ചുംബനങ്ങളുടെ ഇടവഴിയെന്ന് അവൾ പറഞ്ഞു.
പഴയ ചുംബനങ്ങളാണ് കരിയിലകളെന്നറിഞ്ഞ
അവർ കരയുകയും ചെയ്തു.
******
3
മിനാരം
മിനാരങ്ങളിൽ കാറ്റു നിറയുമ്പോൾ
പ്രണയഗോപുരങ്ങളിൽ മണിമുഴങ്ങും.
മിനാരങ്ങൾ നിലാവേറ്റു തിളങ്ങുമ്പോൾ
തടാകത്തിൽ താമരകൾ കിനാക്കളാവും.
മിനാരം കൊടുങ്കാറ്റിലുലയുമ്പോൾ
പ്രണയപർവ്വതങ്ങളിലഗ്നിനാളങ്ങൾ!
മേഘങ്ങളിലുരുമ്മും മിനാരങ്ങളേ
ആഴിത്തിരതെരയും കവാടങ്ങളേ
വിദൂരതാരങ്ങളാം മിനാരങ്ങളേ
സാന്ധ്യശോണിമയിലെ വിഷാദങ്ങളേ,
പ്രണയത്താലുരുകകയാണോ നിങ്ങൾ!
വിരഹത്തിലുറയുകയാണോ നിങ്ങൾ!
ചുറ്റുഗോവണികൾക്കു മുകളിലായി
നിശ്ചലം, ഏകാന്തമാം നിശബ്ദതയിൽ
പാദസരം കിലുങ്ങാത്ത രാവുപോലെ
പൂമരങ്ങൾ ഉലയാത്ത സന്ധ്യപോലെ
തടാകംപോലെ ശാന്തസമുദ്രം പോലെ
മിനാരങ്ങൾ കാലത്തിൻ പ്രവാഹംപോലെ!
മിനാരപ്പടവുകൾ നിണസ്പന്ദിതം.
മിനാരച്ചിറകുകൾ കാലമുദ്രിതം.
കാതോർത്താൽ കാറ്റിന്റെ കയമറിയാം.
കയങ്ങളിൽ നിലാവിന്റെ രാവറിയാം.
രാവിൽ ഗദ്ഗദത്തിന്റെ നോവറിയാം.
നോവാണ് രാവാണ് നിലാവാണ് കയമാണ്
കാറ്റാണ് കാലമാണ്; നിണമൊലിക്കും
പ്രണയത്തിൻ പ്രവാഹമാം മിനാരങ്ങൾ!
മിനാരങ്ങളിൽ രാത്രിയുറങ്ങീടുമ്പോൾ
പടവുകളിൽ രക്തമൊലിച്ചീടുമ്പോൾ
ചിലരുണരും ഭ്രാന്തുപോലെ, നിലാവുപോലെ!
മിന്നൽപ്പിണരിന്റെ ചിറകിലേറി
അവർ കാലഭ്രമണത്തിലദൃശ്യരാകും.
മിനാരങ്ങൾ കാലത്തിൻ പ്രവാഹം പോലെ
മിനാരങ്ങൾ സ്നേഹത്തിൻ തടാകംപോലെ
മിനാരങ്ങൾ സ്വപ്നത്തിൻ സമുദ്രംപോലെ
വിരഹിയാം ഹിമനദിയെന്നപോലെ
പ്രണയസന്ദിഗ്ദമാം മാനസംപോലെ.....
അവൻ പള്ളിമിനാരങ്ങൾ പണിയുന്നവൻ.
ശ്രദ്ധയോടെ കമ്പികൊണ്ട് ഗോളാകാരമുയർത്തി
കണക്കുകളിൽ പിഴവുവരുത്താതെ
സിമന്റും വിയർപ്പും ഋതുക്കളും ചാലിച്ചു ചേർത്ത്
ലോഹനിർമ്മതയ്ക്ക് മുറിവേൽക്കാതെ
വികാരത്തിന്റെ മണവും ചായവും പകരുന്നവൻ.
അവൻ ഈ നാട്ടുകാരനല്ല.
അവൻ പാടുന്ന പാട്ടുകൾ പാട്ടുകളല്ല.
കാലത്തിന്റെ മറ്റേതോ അതിരിലാണവൻ!
പാലപ്പൂക്കൾ അവനായി പൂക്കുമ്പോഴും
തടാകം അവനായി നിറയുമ്പോഴും
രാത്രിനക്ഷത്രങ്ങൾ അവനായി കാവൽ നിൽക്കുമ്പോഴും
ജനശൂന്യമായ പായൽപ്പടവുകൾ പോലെ
കാലത്തിന്റെ തടാകക്കരയിൽ, അവൻ!
പണിതീരുന്നതുവരെ
അവൻ മിനാരത്തിൽ നിന്നും ചുവട്ടിലേക്കില്ല.
രാത്രിയിൽ മറ്റുപണിക്കാർ ഉറങ്ങുമ്പോൾ
മിനാരത്തിലെ രാത്രിയിൽ അവൻ ഉണർന്നിരിക്കും.
മഞ്ഞും മഴയും രാത്രിയെ വിറുങ്ങലിപ്പിക്കുമ്പോൾ
ഒറ്റ നക്ഷത്രമായി
ആകാശച്ചരിവിലെന്നപോലെ
മിനാരത്തിൽ അവന്റെ ഇമചിമ്മലുകൾ!
പണികഴിഞ്ഞ് മിനാരത്തിൽ നിന്നിറങ്ങുമ്പോൾ
ചുറ്റുഗോവണികളിൽ നിശബ്ദതമാത്രമായിരിക്കില്ല.
ഉറങ്ങുന്ന നിഴലുകൾക്കിടയിൽ
ചില പെൺകിടാങ്ങളുടെ നിശ്വാസങ്ങൾ കേൾക്കാം.
പകലുറങ്ങുന്നവരുടെ കൂർക്കംവലി കേൾക്കാം.
അവൻ അപ്പോൾ പഴയൊരു മിനാരത്തെയോർക്കും.
പഴയൊരു പെൺകിടാവിനെയോർക്കും.
പഴയ ചുറ്റുഗോവണിയിലെ നിഴലും വെളിച്ചവും
കാലത്തിന്റെ കണ്ണറകളിലൂടെ
കാറ്റിന്റെ ചിറകിലേറി സഞ്ചരിച്ചുകൊണ്ടിരിക്കും.
അകലെ അസ്തമയത്തിൽ നിന്ന്
അവൻ പണികഴിഞ്ഞ മിനാരത്തിലേക്കു നോക്കും.
അനേകം പണിക്കുറവുകളുള്ള മിനാരം
അവനെ നിരാശനാക്കും.
ശിൽപിയുടെ സ്വപ്നം അവന്റെ കണ്ണുകളിലാവർത്തിക്കും.
കണക്കുകൾ തെറ്റാത്ത മിനാരം
ആകാശത്തിലേക്കുള്ള കവാടം!
ദിക്കുകളുടെ കാവൽ നൗക!
കാലപ്രവാഹത്തിന്റെ യമുന!
സന്ധ്യ എപ്പോഴും ആ മിനാരത്തിൽ തിളങ്ങും.
നക്ഷത്രങ്ങൾ ആ മിനാരത്തെ വലം വയ്ക്കും.
അതവൻ പണിയുന്ന അവസാനത്തെ മിനാരം!
അവൻ അവളുമൊത്ത് അവിടെ ശയിക്കും.
******
സ്ഫടികമിനാരത്തിനുള്ളിൽ
അവൾ കാത്തുനിന്നു.
മിനാരത്തിലേക്കുള്ള സ്ഫടികഗോവണിയിൽ
ഒരു ദീപം എരിയുന്നുണ്ടായിരുന്നു.
സ്ഫടികസുതാര്യതയിലൂടെ
അവൾ പുറംലോകം കണ്ടു.
മിനാരത്തിലെ സ്ഫടിക ജാലകത്തിന്റെ കവാടം തുറന്ന്
ഇടയ്ക്കിടെ അവൾ പുറംലോകത്തേയ്ക്കുനോക്കി.
സ്ഫടികത്തിലൂടെ അപഭ്രംശം സംഭവിച്ച ലോകവും
തുറന്ന ജാലകത്തിലൂടെയുള്ള മറ്റേലോകവും
ഒരുപോലെ അവളെ വിഷാദവതിയാക്കി.
മഴവെള്ളത്തിൽ മിനാരസ്ഫടികത
പുറംലോകത്തെ കുറച്ചുകൂടി അതാര്യമാക്കി.
വെയിലിന്റെ പാളികൾ മിനാരലോകത്തെ
കൂടുതൽ സുതാര്യമാക്കി.
മഞ്ഞിൽ അതാര്യവും
രാത്രിയിൽ നിശ്ചലവുമായി
പുറംലോകം നിറയുകയും ഒഴിയുകയും ചെയ്തു.
സ്ഫടികമിനാരത്തിനുള്ളിൽ
അവൾ കാത്തുനിന്നു.
രാത്രിയുടെ ഇരുണ്ട അന്ധകാരത്തിലൂടെ
നെറ്റിയിൽ നക്ഷത്രം പതിച്ചുവച്ച ഗന്ധർവ്വന്മാർ
സ്ഫടികമിനാരത്തിനുചുറ്റും
പറന്നുനടന്നു.
മിനാരച്ചുവട്ടിൽ നിന്ന്
പടവുകൾ കയറിവന്ന കാറ്റ്
അവളുടെ ചേലകളെ വലിച്ചുകീറി.
നഗ്നയും വൃണിതയുമായ അവൾ
പ്രണയാവേഗത്താൽ പുളഞ്ഞു.
മിനാരത്തിലെ സുഷിരത്തിലൂടെ
ഒരു മിന്നാമിനുങ്ങ് പറന്നുവന്നു.
അവളുടെ മാറിടത്തിൽ അത് വിശ്രമിച്ചു.
സമുദ്രത്തിലെ തിരകൾ
സുഷിരത്തിലൂടെ മിനാരത്തിനുള്ളിലെത്തി.
തിരകൾ കടലിന്റെ അഗാധതയിലേക്ക്
അവളെ ഒഴുക്കിക്കൊണ്ടുപോയി.
******
മിനാരത്തെ തൊട്ടുരുമ്മി
ഒരു മേഘം കടന്നുപോയി.
മിനാരത്തിന്റെ നിഴൽ പതിഞ്ഞപ്പോൾ
മേഘം, പ്രണയം പുരണ്ട കഞ്ജുകമായി.
മിനാരത്തിനുചുറ്റും
ചില പക്ഷികൾ വലം വച്ചു.
മൂന്നാമത്തെ വലത്തു കഴിഞ്ഞപ്പോൾ
പക്ഷികൾ നക്ഷത്രങ്ങളായി.
മിനാരത്തിനു മുകളിലേക്ക്
ഒരു പട്ടം കുതിക്കുവാൻ ശ്രമിച്ചു.
മിനാരത്തിനു മുകളിലുയർന്നപ്പോൾ
നൂലുപൊട്ടിയ പട്ടം പ്രേതാത്മാവായി.
മിനാരത്തിലേക്ക് ഒരു യുവതി
പലതവണ ദൃഷ്ടിപായിച്ചു.
ക്രമേണ അവൾ പ്രണയിനിയോ,
ഭ്രാന്തിയോ സ്വപ്നമോ ആയി മാറി.
മിനാരത്തിന്റെ വാസ്തുഭംഗിയിൽ ആകൃഷ്ടനായ ഒരു യുവാവ്
കണക്കുകൾകൊണ്ട് അതിനെ മനസ്സിലാക്കാനുറച്ചു.
യുവാവിന്റെ കൈവെള്ളയിൽ നിന്ന്
കണക്കിന്റെ കൈരേഖകൾ മാഞ്ഞുപോയി.
ഒരു ഭ്രാന്തി മിനാരവുമായി
സംഭാഷണത്തിലേർപ്പെട്ടു.
ഭ്രാന്തിന്റെ വാനങ്ങളിൽ
ദൂരക്കാഴ്ചകളുടെ മർമ്മരങ്ങൾ പിറന്നു.
പ്രവാചികയായിത്തീർന്ന ഭ്രാന്തി
മിനാരപ്പടവുകളിൽ മനസ്സിനെ ഇറക്കിവച്ചു.
വഴിപോക്കനായ ഒരു മനുഷ്യൻ
മിനാരത്തണലിൽ അന്തിയുറങ്ങി.
നിലാവിന്റെ തുള്ളികൾ
അവന്റെ നിദ്രയെ വിശുദ്ധമാക്കി.
പാപക്കറകൾ പുരണ്ട ഭൂതകാലവും
അരക്ഷിതമായ ഭാവിലോകവും
ചേമ്പിലയിലെ വെള്ളംപോലെ
അവനിൽ പുരണ്ടതേയില്ല!
മിനാരത്തിന്റെ കിഴക്കും പടിഞ്ഞാറും
ദിനരാത്രങ്ങൾ നിറം മാറിക്കൊണ്ടിരിക്കുന്നു.
******
മിനാരങ്ങൾ വെറും തോന്നലുകളാണ്;
സത്യത്തിൽ മിനാരമൊന്നൊന്നില്ല!
- അവൾ പറഞ്ഞു.
രാത്രി സ്വപ്നങ്ങളിൽ ഉണരുകയും
പകൽക്കിനാവുകളിൽ മായുകയും ചെയ്യുന്ന
മതിഭ്രമങ്ങളാണ് മിനാരങ്ങൾ.
- അവൻ പറഞ്ഞു.
മിനാരങ്ങൾ വിളക്കുമരങ്ങളാണ്;
രാത്രിയിലെ യാത്രക്കാരുടെ ദിശാസൂചികൾ.
- സഞ്ചാരി പറഞ്ഞു.
മിനാരങ്ങൾ ഓർമ്മകളാണ്
ബാല്യത്തിൽ പിരിഞ്ഞുപോയ ചങ്ങാതികളാണ്
പ്രണയത്തിന്റെ ഇടറുന്ന ഇടനെഞ്ചാണ്
മിന്നൽ വെളിച്ചത്തിലെ താമരപ്പൊയ്കയാണ്.
- കവി പറഞ്ഞു.
മിനാരം കാമുകന്റെ ശരീരമാണ്.
മിനാരത്തിനു മുകളിലേക്കുള്ള പടവുകൾ
കാത്തിരിപ്പിന്റെ നീളൻ ഇടനാഴിയാണ്.
മിനാരത്തിന്റെ വെളിച്ചം
ചുകന്ന ശലഭങ്ങളുടെ സന്ധ്യയാണ്.
- കാമുകി പറഞ്ഞു.
മിനാരത്തിന്റെ നിഴലിൽ
വസ്ത്രമില്ലാതെ നീ അലയുമ്പോൾ
മിനാരത്തിന്റെ മകുടം
നിന്നെ ഉമ്മ വയ്ക്കുന്ന അധരമാണ്.
നിന്നിൽ ഉറങ്ങുന്ന രാത്രിയാണ്.
നിന്റെ സിരകളിലൊഴുകുന്ന പ്രവാഹമാണ്.
- കാമുകൻ പറഞ്ഞു.
മിനാരം വെറും ഉപ്പുതൂണാണ്
കാലത്തിലലിയുന്ന ഉപ്പുതൂൺ!
മിനാരം പ്രണയതൽപമായ ശരീരത്തിന്റെ
എരിയുന്ന ജ്വാലയാണ്.
മിനാരം ഭ്രാന്തിന്റെ ആകാശത്തിലേക്കു തുറക്കുന്ന
ഒറ്റവാതിലാണ്.
ഭ്രമണപഥത്തിന്റെ ഭ്രംശനമാണ്.
- മിനാരം പറഞ്ഞു.
******
4നഗരം
നഗരത്തിരക്കുകളിൽ ഗ്രീഷ്മതാപം നിറയുമ്പോൾ
പൊടിക്കാറ്റിൽ സ്വപ്നങ്ങൾ പുളയാറുണ്ട്.
നഗരത്തെരുവുകളിൽ മതിഭ്രമം പടരുമ്പോൾ
തെരുവുകൾ ചോരവീണ് നനയാറുണ്ട്.
മഴവെള്ളം നിറയുമ്പോൾ, പുഴപൊട്ടിച്ചിരിക്കുമ്പോൾ
നഗരവേശ്യകളാകെ നനഞ്ഞൊലിച്ച്
കടലാസുതോണിപോലെ, കറുത്തകണ്ണാടിപോലെ,
രാത്രികളിൽ ഗലികളിൽ വിറുങ്ങലിപ്പൂ!
പലതരം വെളിച്ചങ്ങൾ പരക്കും പകലുകളിൽ
പലപാട്ടിന്നീരടികൾ പടരും ഇരവുകളിൽ
പ്രണയത്തിൻ കരിനീല നാഗങ്ങളിഴയുമ്പോൾ
നഗരവീഥിയിൽ ചില വളപ്പൊട്ടുകൾ!
തിരക്കിൽ തീവണ്ടിതേടി പൊടിക്കാറ്റുപോലെ നീയും
ഇരുചക്രവാഹനത്തിൽ പുകയുന്ന ബോംബുപോലെ
ഞാനുമുണ്ടീ നഗരത്തിൽ; ഹോറണിന്റെ വെടിയൊച്ച
കേട്ടുഞ്ഞെട്ടും മിഴികളേ, നനയരുതേ!
പീലിയില്ലാക്കണ്ണുകളിൽ പ്രണയമേതോ
നീലിമയിലലിയുന്ന മേഘമാകുന്നു.
നനഞ്ഞ വിരലുകളിൽ നിശബ്ദതയിൽ,
ഭ്രമണപാളികളിലെ യുദ്വിഗ്നതയിൽ,
കാറ്റിന്റെ ശിഖരത്തിൽ,
നിദ്രയുടെ ഉയരത്തിൽ,
അവയവങ്ങൾ ഓരോന്നായ് ഉരുകിമാറുമ്പോൾ
സിന്തറ്റിക് ഗന്ധമെങ്ങും പരന്നീടുമ്പോൾ,
വിയർപ്പിൽ കിനിഞ്ഞീടും പ്രണയഗന്ധത്തെയോർത്തും
ചിറകൊടിഞ്ഞ രാവതിലെ ചുംബനത്തെക്കുറിച്ചോർത്തും
നഗരത്തെരുവിലെങ്ങും സന്ധ്യ നിറയുന്നു.
******
കമിതാക്കൾ
തിരക്കിനിടയിൽ കണ്ടുമുട്ടി.
തിടുക്കപ്പെട്ട് ഓട്ടോറിക്ഷയിൽ കയറി
അവർ അപ്രത്യക്ഷരായി.
കമിതാക്കൾ
നഗരോദ്യാനത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.
ഐസ്ക്രീം കോപ്പയുടെ ഇരുവശങ്ങളിലിരുന്ന്
അവർ പ്രണയിച്ചു.
ഉരുകിയ ഐസ്ക്രീം
പ്രണയത്തിനിടയിലൂടെ ഒലിച്ചുകൊണ്ടിരുന്നു.
കമിതാക്കൾ
ഹോട്ടലിൽ ഒരു മുറിയെടുത്തു.
ടെലിവിഷനിലെ ഫാഷൻ ചാനലിനു മുന്നിൽ
അവർ സ്വന്തം നഗ്നത അനാവരണം ചെയ്തു.
പ്രണയ സീൽക്കാരത്തോടെ
കമിതാക്കൾ ആലിംഗനം ചെയ്തു.
സമയമില്ല; ആറരയ്ക്കാണ് ട്രെയിൽ.
-അവൾ പറഞ്ഞു.
സ്വപ്നങ്ങൾ ജ്‌റുംഭിക്കുന്നതിനിടയിൽ
ടെലിവിഷനിൽ കോമേഴ്സ്യൽ ബ്രേക്ക്!
കമിതാക്കൾ
ബസ്സിലെ ഒരേ സീറ്റിലിരുന്ന്
ദൂരയാത്രക്കുപോകവേ, മഴപെയ്തു.
താഴ്ത്തിയിട്ട്, ഷട്ടറിന്റെ സൗജന്യത്തിൽ
അവർ ആലിംഗനം ചെയ്തു.
ബ്രേസിയറിന്റെ തടവറയിൽ നിന്ന്
ആട്ടിൻകുട്ടികൾ പുറത്തേക്കിറങ്ങി.
വന്ധ്യമായ മലഞ്ചെരിവുകളിൽ
അവ മേഞ്ഞു നടന്നു.
മൊബെയിൽ ശബ്ദിക്കുന്നു.
അവളുടെ റിംഗ്ടോണാണ്.
അടുത്ത നിമിഷത്തിൽ റിംഗ്ടോൺ നിലച്ചു.
മിസ്ഡ്കോൾ!
ഋതുക്കളില്ലാത്ത തെരുവുകളിൽ
നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ബാഗുകൾക്കുള്ളിൽ
കൊലചെയ്യപ്പെട്ട ഭ്രൂണങ്ങൾ.
******
ബസ്സിലെ പാതിമയക്കത്തിൽ
നഗരത്തിലെ ഇരമ്പുന്ന ദൃശ്യങ്ങൾക്കിടയിൽ
പെട്ടെന്നു മിന്നിമറഞ്ഞു.
ലിഫ്റ്റ് സ്വിച്ചിൽ വിരലമർത്തി
കാത്തുനിന്നപ്പോൾ
നിൽക്കാതെപോയ ലിഫ്റ്റിലും
മിന്നിമറഞ്ഞു.
പായുന്ന വാഹനങ്ങൾക്കുള്ളിൽ
സിനിമാഹാളിലെ മങ്ങിയ പ്രകാശത്തിൽ
തിരിഞ്ഞുനോക്കാനാവാത്ത തിരക്കുകളിൽ
ചിലപ്പോൾ നിന്നെപ്പോലെ ചിലത്!
നിന്റെ പിൻകഴുത്തിലെ അടയാളം.
ചുണ്ടിനുമുകളിലെ കറുപ്പിന്റെ ചെറു ബിന്ദു.
പ്രണയമുദ്ര പതിഞ്ഞ അരക്കെട്ട്.
ചുംബനമേറ്റു തളർന്ന ശരീരം....
ഭാരക്കൂടുതൽ കൊണ്ട് ഒടിഞ്ഞുവീണ
ഓർമ്മയുടെ വൃക്ഷശിഖരങ്ങളിൽ
നിറയെ പൂക്കളായിരുന്നു.
കായ്കളും ഇലകളുമായിരുന്നു.
ഉന്മത്തസന്ധ്യകളിൽ
കടൽത്തീരത്തുകൂടി അലയുമ്പോഴും
കാറ്റു വീശുന്ന തടാകക്കരയിലെ
പടവുകളിലിരുന്ന് ഓർമ്മിക്കുമ്പോഴും
മഞ്ഞു വീഴുന്ന ഉദ്യാനത്തിൽ
പ്രഭാത നടത്തയിൽ മുഴുകുമ്പോഴും
വെറുതെ മഴയെ നോക്കിനിൽക്കുമ്പോഴും
ഒരാൾ നിന്നിൽ മിന്നിമായുന്നുണ്ട്; തീർച്ച !
******
അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങൾക്കുമേൽ
അവൾ ഒഴുകിക്കൊണ്ടിരുന്നു.
കഥയിൽ പാഞ്ചാലി പരിമിതയും
വസ്ത്രം അപരിമിതവും ആയിരുന്നു.
ഇവിടെ വസ്ത്രം പരിമിതമാണ്.
സ്ത്രീശരീരം അവസാനിക്കുന്നതേയില്ല.
ഒരു പാതിയിൽ അർജുനനും
മറുപാതിയിൽ ദുശ്ശാസനനും
അലിഞ്ഞുചേർന്നിരിക്കുന്നു.
സ്ത്രീയുടെ പുതിയ ഭൂഭാഗങ്ങൾ കണ്ടമ്പരന്ന്
പരിമിതവസ്ത്രത്തിനു മുന്നിൽ പരിഭ്രമിച്ച്
പുരുഷന്മാർ കൂട്ടംകൂടി നിന്നു.
ഋതുക്കളുടെ വേലിപ്പടപ്പുകളും
കാലത്തിന്റെ മഹാഗോപുരങ്ങളും
സ്വപ്നങ്ങളുറങ്ങുന്ന രാത്രിപർവ്വതങ്ങളും
മഹാവിപിനങ്ങളും പിന്നിട്ട്
അവൾ ഒഴുകിക്കൊണ്ടിരുന്നു.
പരിമിതവസ്ത്രം ബാക്കിയാകുന്നു.
കാറ്റിലുണങ്ങാത്ത നനവുമായി
കാലത്തിനുമേൽ അത് കിടന്നു.
ചിലപ്പോൾ പതാകപോലെ പാറി
ചിലപ്പോൾ പതംഗംപോലെ പറന്നു.
ചോദ്യങ്ങളുമായി ആ വസ്ത്രത്തിനുപിന്നാലെ പോയവർ
മടങ്ങിവന്നില്ല.
അവൾക്കാകട്ടെ
പ്രണയമെന്നപോലെ
ആ പഴയ ഉടുവസ്ത്രവും
വെറും ഓർമ്മയായി മാറിക്കഴിഞ്ഞിരുന്നു.
അർജുനനും ദുശ്ശാസനനും
ഉടഞ്ഞ കളിമൺ പ്രതിമകളായി
അവളുടെ വഴിയോരങ്ങളിൽ ചിതറിക്കിടന്നു.
കാലത്തിന്റെ വിരലടയാളങ്ങൾ പതിഞ്ഞ
അവളുടെ ശരീരം
ആകാശത്തിലേക്കുയർന്നു;
ഭൂമിയിൽ വേരുകളാഴ്ത്തി!
നക്ഷത്രങ്ങളുടെ വിലാപമാണ്, അവളുടെ ഗാഥ.
******
നീ എന്നെ പ്രണയത്തിലേക്കു ക്ഷണിച്ചതോടെ
കാതരയായ പ്രണയിനിയായി ഞാൻ.
നിന്റെ ശരീരത്തിലൂടെ എന്റെ മനസ്സിഴഞ്ഞു.
നിന്റെ മനസ്സിലൂടെ എന്റെ ശരീരം ഭ്രമണം ചെയ്തു.
ഇരുട്ടിന്റെ വസ്ത്രങ്ങൾ ധരിച്ച്
നിശകളിൽ നീ എന്റെ ഹോസ്റ്റലിലെത്തി.
ഹോസ്റ്റലിന്റെ ഇടനാഴിയിലിരുന്ന്
നമ്മൾ ആകാശത്തെയും നക്ഷത്രങ്ങളെയും തൊട്ടു.
നീ എന്നെ പ്രണയത്തിലേക്ക് ക്ഷണിച്ചതോടെ
തെരുവിലെ ഹോറണുകൾ എന്നിലേക്കു കടക്കാതായി.
മൊബെയിലിന്റെ റിംഗ്ടോണിൽ
പ്രണയത്തിന്റെ സംഗീതം ഞാൻ നിറച്ചുവച്ചു.
എന്റെ മെയിൽ ബോക്സിനുള്ളിൽ
നിന്റെ സന്ദേശങ്ങൾ നിറഞ്ഞുകവിഞ്ഞു.
കിടക്കയിൽ എനിക്കരികിൽ മൊബെയിൽ.
ലാബ്ടോപ്പിലെ സ്ക്രീൻ സേവറായി നിന്റെ നഗ്നചിത്രം!
എല്ലാ വഴികളിലും നീ.
എല്ലാ കാഴ്ചകളിലും നീ.
കേൾവികളിലും സ്വപ്നങ്ങളിലും നീ മാത്രം.
പ്രണയത്തിലൂടെ നമ്മൾ പരസ്പരം വലിച്ചിഴച്ചു.
പ്രണയം പുരണ്ട വിരലുകൾകൊണ്ട്
ചുമരിൽ നമ്മളെഴുതിയ ചിത്രങ്ങളിൽ
കറുപ്പും ചുകപ്പും മാത്രം !
അവ നിണപ്പാടുകളാണെന്നും
പൊട്ടിത്തെറിച്ച ബോംബിന്റെ അടയാളങ്ങളെന്നും
കണ്ടവർ കണ്ടവർ പറഞ്ഞു.
ഒരു ദിവസം ശരീരമില്ലാതെ
നിണമുതിരുന്ന വെറും ശിരസ്സായി നീ വന്നു.
ഒരു ദിവസം ശിരസില്ലാതെ
പിടയുന്ന വെറും ശരീരമായി നീ വന്നു.
എന്റെ അവയവങ്ങൾ പലതായി ചിതറിമാറി.
കിഴക്കോട്ടുപോയ അവയവങ്ങൾ
പടിഞ്ഞാറോട്ടുപോയ അവയവങ്ങളെ മറന്നു.
തെക്കോട്ടും വടക്കോട്ടും
ആകാശത്തിലേക്കും പാതാളത്തിലേക്കും
പ്രണയവും അവയവങ്ങളും ശിഥിലമായി.
******
അഞ്ച്‌തീവണ്ടി
തീവണ്ടികളുടെ തീവണ്ടി
തളർന്നു നിൽക്കുകയാണല്ലോ!
പാട്ടുകൾ പാടുകയാണല്ലോ!
നർത്തനമാടുകയാണല്ലോ.
മോഹത്തിന്റെ നിശബ്ദതയിൽ
തീവണ്ടികളുടെ തീവണ്ടി.
കാലത്തിന്റെ വഴിയരികിൽ
തീവണ്ടികളുടെ തീവണ്ടി.
തീവണ്ടിയുടെ ബോഗിക്കുള്ളിൽ
പ്രണയികൾ നമ്മളിരമ്പുന്നു.
ഓർമ്മയിലുലയും ദൃശ്യംപോൽ
കാഴ്ചനിറയ്ക്കും കടൽപോലെ
തീവണ്ടികളുടെ തീവണ്ടി
ജീവിതമാകെയിരമ്പുന്നു.
ഗുഹയിലിരുട്ടിൽ തീവണ്ടി
തളർന്നു നിൽക്കുകയാണല്ലോ!
ബോഗിയിലാകെ പ്രണയത്തിൻ
ഇരുൾ പരക്കുകയാണല്ലോ!
ഇരുളിൽ നമ്മളുണരുന്നു
ഇരുളിൽ നമ്മളിഴയുന്നു
ഇരുളിൽ നമ്മളിരമ്പുന്നു
തീവണ്ടികളുടെ തീവണ്ടി!
ലോഹത്തിന്റെ തുടർച്ചകളിൽ
കാലത്തിന്റെ സ്വരം കേൾക്കേ
തീവണ്ടികൾ നാം ഉണരുന്നു;
പച്ചവെളിച്ചം തെരയുന്നു.
തീവണ്ടികളുടെ തീവണ്ടി
പാളംതെറ്റിപ്പായുന്നു.
അടയാളങ്ങളിലിടറാതെ
ആകാശത്തെ തെരയുന്നു!
തീവണ്ടികൾ നാം ഭ്രാന്തിന്റെ
വഴികളിലൂടെപ്പായുന്നു.
ആകാശത്തിൻ ചരിവുകളിൽ
കാലത്തിന്റെ യഗാഥതയിൽ
തീവണ്ടികളുടെ തീവണ്ടി
തളർന്നു നിൽക്കുകയാണല്ലോ!
******
തീവണ്ടിക്കുള്ളിൽ ദൃശ്യങ്ങൾ പെരുകി
തീവണ്ടിയ്ക്കു വെളിയിലും ദൃശ്യങ്ങൾ!
കറുത്തതും വെളുത്തതുമായ ദൃശ്യങ്ങൾ.
മഞ്ഞയും പച്ചയും നീലയും ചുകപ്പും
നിറങ്ങളുടെ ചേരുവകൾ
ഏറിയും കുറഞ്ഞും ദൃശ്യങ്ങളിൽ നിറഞ്ഞു.
തീവണ്ടിയ്ക്കുള്ളിലെ കമിതാക്കൾ
തീവണ്ടിയ്ക്കു വെളിയിലെ പൂമരത്തെകണ്ടു.
തീവണ്ടിയ്ക്കുള്ളിലെ പൂമരം
തീവണ്ടിയ്ക്കുവെളിയിലെ നക്ഷത്രങ്ങളെകണ്ടു.
തീവണ്ടിയ്ക്കുള്ളിലെ നക്ഷത്രം
തീവണ്ടിയ്ക്കു വെളിയിലെ തെരുവിനെ കണ്ടു.
തീവണ്ടിയ്ക്കുള്ളിലെ തെരുവ്
ഏകാകിയായ ഒരു പക്ഷിയെ കണ്ടു.
തീവണ്ടിയ്ക്കുള്ളിലെ പക്ഷി
നിറഞ്ഞൊഴുകുന്ന നദിയെകണ്ടു.
തീവണ്ടിയ്ക്കുള്ളിലെ നദി
അനാഥമായകലുന്ന ഒരു ചുംബനത്തെകണ്ടു.
തീവണ്ടിയ്ക്കുള്ളിലെ ചുംബനം
പാളത്തിൽ തല വയ്ക്കുന്ന പ്രണയിനിയെ കണ്ടു.
അങ്ങനെയങ്ങനെ കാഴ്ചകൾ നീണ്ടുപോയി.....
വഴിയരികിലെ വിളക്കുമരം
തീവണ്ടിയ്ക്കുള്ളിൽ രണ്ടുപേർ ഇണചേരുന്നതുകണ്ടു.
വഴിയരികിൽ ഇണചേരുന്ന രണ്ടുപേർ
തീവണ്ടിയ്ക്കുള്ളിലെ സന്യാസിനിയെകണ്ടു.
വഴിയരികിലെ സന്യാസിനി
തീവണ്ടിയ്ക്കുള്ളിലൊഴുകുന്ന കാലത്തെ കണ്ടു.
വഴിയരികിലെ കാലം
തീവണ്ടിയ്ക്കുള്ളിലെ തടാകം കണ്ടു.
വഴിയരികിലെ തടാകം
തീവണ്ടിമുറിയിലെ പ്രേതത്തെകണ്ടു.
വഴിയിരികിലെ പ്രേതം
തീവണ്ടിമുറിയ്ക്കുള്ളിൽ നിലാവുകണ്ടു.
വഴിയരികിലെ നിലാവ്
തീവണ്ടിമുറിയ്ക്കുള്ളിലെ കൽപടവുകളും
കൽപടവുകളിലൂടെ ഉരുണ്ടുപോകുന്ന വെള്ളം നിറഞ്ഞ കുടവും
കുടം കൈവിട്ട കന്യകയുടെ വിഹ്വലതയും കണ്ടു.
കാഴ്ചകൾ അങ്ങനെ നീണ്ടുപോയി.....
തീവണ്ടിയ്ക്കുള്ളിലും തീവണ്ടിയ്ക്കുവെളിയിലും
ദൃശ്യങ്ങൾ നിറയുന്നു; ഒഴിയുന്നു.
റെയിലുകളുടെ സമാന്തരതയിൽ
ലോഹത്തിന്റെ പതിവുശബ്ദംകേട്ട്
തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നു.
ഉള്ളിലും വെളിയിലും ദൃശ്യങ്ങളിരമ്പുന്ന
പേടകമാണ് തീവണ്ടി.
******
തീവണ്ടി പറഞ്ഞു:
പണ്ട് മൂന്നു ബോഗികൾ മാത്രമുള്ള
ഒരു ചെറിയ തീവണ്ടിയായിരുന്നു; ഞാൻ
വലിയ ചിന്തകളൊന്നുമില്ലാതെ
പാളങ്ങളിലൂടെ പാടിനടന്നിരുന്ന കാലം.
ഒരു മദ്ധ്യാഹ്നത്തിൽ, ഒരു മരത്തണലിൽ
ഞാൻ വിശ്രമിക്കുകയായിരുന്നു.
അപ്പോൾ മറ്റൊരു മരത്തണലിൽ
മറ്റൊരു പാളത്തിൽ
നീലച്ചായമടിച്ച രണ്ടു ബോഗികളും
ചുകന്നനിറമുള്ള എഞ്ചിനുമുള്ള
മറ്റൊരു തീവണ്ടി!
ചെറിയൊരു താളത്തിൽ
കാറ്റ് വീശിക്കൊണ്ടിരുന്നു.
വെയിലിലൂടെ മേഘങ്ങളും മനുഷ്യരും
വരികയും പോവുകയും ചെയ്തു.
ചെറിയൊരു ചാറ്റൽമഴ പെയ്തു.
ആ മദ്ധ്യഹ്നത്തിൽ ആദ്യമായി ഞാൻ
ആ ചെറിയ തീവണ്ടിയെ കണ്ടു.
എന്നെപ്പോലെ മറ്റൊരു തീവണ്ടിയെന്ന്
ഞാൻ മനസ്സിൽ പറഞ്ഞു.
പിന്നെയും ഇടയ്ക്കൊക്കെ
റെയിലുകളിലെ വിരസവിശ്രമത്തിനിടയിലോ
വേഗതയിലെ പാഞ്ഞിപോകലിനിടയിലോ
ആ തീവണ്ടിയെ കണ്ടു.
വെറുതെ ചിരിച്ചു.
കാലം മാറി.
അനേകം ബോഗികളുള്ള ഒരു കൂറ്റൻ തീവണ്ടിയായി
ഞാൻ മാറി.
വെയിലും മഴയും, കാറ്റും കാലവും
പലപല ചതുരങ്ങൾ വരച്ചു.
ഇടയ്ക്കൊക്കെ പിന്നെയും ആ തീവണ്ടിയെ കണ്ടു.
അതിന്റെ നീളവും താളവും മാറിയിരുന്നു.
സമാന്തര പാതകളിൽ സഞ്ചരിക്കുകയും
ഞങ്ങൾ, ചിലപ്പോൾ അടുത്തടുത്ത് വിശ്രമിക്കുകയും ചെയ്തു.
ഞാൻ ആ തീവണ്ടിയോട് ചിലപ്പോൾ ചിലതു ചോദിച്ചു.
ആ തീവണ്ടി മറുപടി പറഞ്ഞു.
എന്നോട്ടു ചോദിച്ചതിന് ഞാനും മറുപടി നൽകി.
ഉപേക്ഷിക്കപ്പെട്ട എഞ്ചിനുകൾ
സ്ക്രേപ്‌യാർഡിൽ തുരുമ്പിക്കുന്നതു കാണുമ്പോൾ
ആ തീവണ്ടിയെ ഓർമ്മിക്കുന്നു.
നിൽക്കാതെ പാഞ്ഞുപോകുന്ന
ഗുഡ്സ് വണ്ടികളെ കാണുമ്പോൾ
ആ തീവണ്ടിയെ ഓർമ്മിക്കുന്നു.
ഓർമ്മകൾ ലോഹസമാന്തരതയിലൂടെ സഞ്ചരിക്കുന്നു.
******
ഒരിക്കൽ ഒരു യാർഡിൽ വിശ്രമിക്കുമ്പോൾ
തൊട്ടരികിലായി രാത്രിയിലെ ഇരുളിൽ
ഉപേക്ഷിക്കപ്പെട്ട ചില പാഴ്‌വസ്തുക്കൾ കണ്ടു.
കുറച്ചു കഴിഞ്ഞ് അവ അനങ്ങുന്നതുകണ്ടു.
കൗതുകം തോന്നി.
സൂക്ഷിച്ചു നോക്കിയപ്പോൾ, ജീവനുള്ള എന്തോ, എന്നു തോന്നി.
ഉപേക്ഷിക്കപ്പെട്ടവനെന്നു തോന്നിച്ച
ഒരു മനുഷ്യനെ കണ്ടു.
സൂക്ഷിച്ചു നോക്കിയിട്ടും പ്രായം വ്യക്തമായില്ല.
കൂടെ ഒരു സ്ത്രീയുടെ അനക്കങ്ങൾ കണ്ടു.
സൂക്ഷിച്ചു നോക്കിയിട്ടും കൂടുതൽ വ്യക്തമായില്ല.
പിന്നെ ഒരു പട്ടിയെയും കണ്ടു.
സൂക്ഷിച്ചു നോക്കി.
കൂടുതലൊന്നും വ്യക്തമായില്ല.
അവർ മൂന്നുപോരും നഗ്നരാണെന്നുതോന്നി.
അവർ ഭക്ഷണം കഴിക്കുകയാണെന്നു തോന്നി.
അവർ സംസാരിക്കുകയാണെന്നും തോന്നി.
അവർ മൂന്നുപേരുടെയും ഭാഷ വ്യക്തമായില്ല.
അവരുടെ ഭാവവും വ്യക്തമായില്ല.
അവർ മൂവരും സ്നേഹിക്കുകയാണെന്നും
ചുംബിക്കുകയാണെന്നും
പരസ്പരം ഭോഗിക്കുകയാണെന്നും നിനച്ചു.
കരിയിലകൾ അവർക്കുമേൽ പാറിവീണു.
കാലവും അവർക്കുമേൽ പാറിവീണുകൊണ്ടിരുന്നു.
അവർ മൂന്നുപേരും മരിക്കുകയാണെന്നു തോന്നി.
മരണം വെളിച്ചമാണെന്നും തോന്നി.
ഒരു തീവണ്ടിയാണു ഞാനെന്നതിൽ.
അന്ന് ദുഃഖിക്കുകയും സന്തോഷിക്കുകയുംചെയ്തു.
റെയിൽപ്പാളത്തിൽ പലതായി ചിതറി
പട്ടി പൊട്ടിച്ചിരിച്ചപ്പോൾ
ഞാൻ വിശ്രമം മതിയാക്കി.
അടുത്ത വിശ്രമസ്ഥലത്ത് നിൽക്കുമ്പോൾ
ഞാൻ ചുറ്റും പരതി.
അവിടെയുമുണ്ടായിരുന്നു
ഉപേക്ഷിക്കപ്പെട്ട പാഴ്‌വസ്തുക്കൾ!
ഞാൻ പ്രണയം മറന്ന് നിശ്ചലതപ്രാപിച്ചു.
******
ഓട്ടത്തിനും വിശ്രമത്തിനുമിടയിൽ
പലതരം ചുംബനങ്ങൾ കണ്ടിട്ടുണ്ട്.
ഒരു തീവണ്ടിക്ക് ഇങ്ങനെ പലതും കാണാനാവും.
കണ്ട ചുംബനങ്ങളിൽ ചിലതിനെക്കുറിച്ച് പറയാം.
വിജനമായതോ തിരക്കേറിയതോ ആയ
കംപാർട്ടുമന്റുകളിലോ
റെയിൽപ്പാളങ്ങളിലോ
കാത്തിരിപ്പുമുറികളിലോ
പ്ലാറ്റുഫോമിലോ
ഏകാന്ത ചുംബനങ്ങൾ സംഭവിക്കുന്നു.
കാലമോ നേരമോ ഇല്ലാത്ത ഇത്തരം ചൂംബനങ്ങളെ
അദൃശ്യച്ചുംബനങ്ങളെന്ന് വിളിക്കാം.
നിഴലുകൾപോലെ
രണ്ടു കുമാരികുമാരന്മാർ വരുന്നു.
നക്ഷത്രങ്ങളായി മാറി
അവർ പരസ്പരം നോക്കിയിരിക്കുന്നു.
മുഖമാകെ വിയർപ്പിന്റെ മുത്തുകൾ നിറയുന്നു.
പിന്നെ പ്രണയാർദ്രരായ അവരിൽ
ചുംബനം ആർദ്രീഭവിക്കുന്നു.
റെയിൽപ്പാളങ്ങളിൽ
മരണത്തിനുമുമ്പ്
പുളയുന്ന കമിതാക്കൾ
ആഴത്തിൽ ചുംബിക്കുകയും ചെയ്യും.
തീവണ്ടിയുടെ നാദത്തിനായി
റെയിലിൽ മുഖം ചേർത്ത്
അവർ ചുംബിച്ചുകൊണ്ടേയിരിക്കും.
സിഗ്നൽ കാണിക്കുന്നവൻ
തൂപ്പുകാരിക്കു നൽക്കുന്ന ചുംബനത്തിന്റെ പേര്
പറക്കുന്ന ചുംബനമെന്നാണ്.
സ്കൂൾ കുട്ടികളുടെ ചുംബനം സംഭവിക്കുന്നത്
ഗുഹയിലെ ഇരുട്ടിലൂടെ
തീവണ്ടി തിരക്കിൽ വിസ്മയിക്കുന്നതിനിടയിലാണ്.
കമിതാക്കളുടെ ചുംബനം
ചിലപ്പോൾ നനഞ്ഞ കുളിമുറിക്കുള്ളിൽ
ചുമരിലെ ചിത്രങ്ങളിലേക്കു നോക്കി
മൂത്രമണത്തോടെ ഇതൾ വിടർത്തും.
ഒഴിഞ്ഞ റെയിൽവേ പ്ലാറ്റ്ഫോമിലും
കാത്തിരിപ്പു മുറിയിലും
നേരം തെറ്റിയ നേരത്ത്
മദ്ധ്യവയസ്കരുടെ ജാരചുംബനങ്ങൾ!
നിറുത്തിയിട്ട തീവണ്ടിയിലെ
അവസാനിക്കാത്ത കാത്തിരിപ്പിനും
കൊഴിഞ്ഞുവീഴുന്ന ഇലകൾക്കും
മഞ്ഞിന്റെ രാത്രിക്കുമൊപ്പം
വെള്ളപ്പുതപ്പു പുതച്ച്
വൃദ്ധചുംബനങ്ങൾ!
മരണത്തിന്റെ രാത്രിയിൽ
മുലപ്പാലിന്റെ രുചിയുള്ള
അവസാനചുംബനം.
അയാളപ്പെടുത്തപ്പെടാത്ത ചുംബനങ്ങളുടെ
വിരൽപ്പാടുകൾ നിറഞ്ഞ ശരീരവുമായി
നിറംമാറുന്ന സമയമാപിനിയുടെ
പച്ചനിറത്തിനു കാത്തുനിൽക്കുമ്പോൾ
ലോഹപാളങ്ങളുടെ നിരന്തരചുംബനം.
ആറ്‌ആഴിയും ആകാശവും
ആഴിയിൽ നിന്നുമാകാശത്തിലേക്കിതാ
ഏകാന്ത ചക്രവാളങ്ങൾ തൻ വിസ്മൃതി.
ഓർമ്മകളൊക്കെയുദാസീനമെങ്കിലും
കാലം തണുത്തുറഞ്ഞീടുന്നുവേങ്കിലും
കാറ്റിൽ കരിയില പാറുന്നുവേങ്കിലും
പൂക്കളും വർണ്ണവിതാനങ്ങളും സ്നേഹ-
ഗദ്ഗദമിറ്റും ഇലകളുമങ്ങനെ!
നീലിമയാർന്ന നിഴലിൽ നിശബ്ദത
നിർമ്മലശാന്തി മന്ത്രമായ് ലസിക്കുന്നു.
ഈ മരത്തിൽ, ഈ മഹാമരത്തിൽ
കാലജാലകംപോലെ മുകളിലാകാശവും
മേഘവും സൂര്യചന്ദ്രന്മാരുമങ്ങനെ!
കാറ്റിൽ മരത്തിന്റെ മന്ദസ്മിതംപോലെ
പൂക്കൾതൻ ഗന്ധം നിറഞ്ഞോരുസന്ധ്യകൾ.
പാഥേയമുണ്ടു മയങ്ങും പഥികന്റെ
സ്വപ്നവിഭ്രാന്തി പടർന്ന മദ്ധ്യാഹ്നങ്ങൾ.
ആർദ്രപ്രഭാതങ്ങൾ ഗന്ധർവ്വരാത്രികൾ
ഒക്കെയും വിസ്മയമായിരുന്നങ്ങനെ!
ആഴിയിൽ നിന്നുമാകാശത്തിലേക്കിതാ
ഏകാന്ത ചക്രവാളങ്ങൾതൻ വിസ്മൃതി.
പത്രവും വായിച്ചിരിക്കുന്ന വൃദ്ധനും
ചാരത്തിരുന്ന് പടിക്കലണയുന്ന
സൂര്യന്റെ സൗമ്യകിരങ്ങൾ ദർശിച്ച്
തേജസ്വിനിയായ് മരുവുന്ന വൃദ്ധയും
കാലപഥങ്ങളിൽ കാത്തു നിന്നീടുന്നതാരെ?
മരണത്തെയാവാനിടയില്ല.
ആഴിയിൽ നിന്നുമാകാശത്തിലേക്കൊരു
വാതിൽ പോലെന്തോ തുറക്കുകയാണവർ.
മങ്ങിയ കൺകളിലാകെ നിറയുന്നു
കാഴ്ചകൾ; കാലമൊഴുക്കിയ മാത്രകൾ!
ആരാണിവരെന്നു ചോദിച്ചുകൊണ്ടൊരു
ചാറ്റൽമഴ മെല്ലെമെല്ലെപ്പരക്കുന്നു.
ചോദ്യത്തിലേക്കൊരു മിന്നൽ പടരുന്നു
പേമാരി പൊട്ടിച്ചൊരിയുന്നൊലിക്കുന്നു!
മങ്ങിയ കാഴ്ചകൾ, നാദങ്ങൾ, സ്വപ്നങ്ങൾ
ആഴിയിൽ നിന്നുമാകാശത്തിലങ്ങനെ!
******
രാത്രിയിൽ നക്ഷത്രങ്ങൾ കൊഴിയുന്ന
ശബ്ദം കേൾക്കാം.
മേഘമർമ്മരങ്ങൾകേൾക്കാം.
ആഴിയും ആകാശവും
ഏകാന്തചുംബനത്തിൽ ലീനമാകുമ്പോൾ
തെരുവുവിളക്കുകൾ പടവുകളിറങ്ങി
നിരത്തിലൂടെ നടത്തതുടങ്ങുന്നു.
ആഴിത്തിരകൾ
അഗാധമായ വേരുകളിലേക്ക്
സ്വപ്ന സന്ദേശങ്ങളയക്കുന്നു.
പ്രണയം നീലാംബരമാകുന്നു.
നീലനിറമുള്ള പട്ടു വസ്ത്രത്തിൽ
പ്രകാശത്തിന്റെ അലുക്കുകൾ തിളങ്ങുന്നു.
ആഴിയും ആകാശവും
അഗാധചുംബനത്തിന്റെ ശാന്ത്രിമന്ത്രമാകുമ്പോൾ
പകലുകളിലും രാത്രികളിലും
സ്നേഹത്തിന്റെ മഹാപ്രവാഹം.
തളംകെട്ടിക്കിടക്കുന്ന ചെറുതടാകങ്ങളിലെങ്ങും
താമരപ്പൂക്കളുടെ കാലൊച്ച.
വിജനമായ തരിശുനിലങ്ങളിൽ
മുത്തും പവിഴവും വിളയുന്നു.
അമൃതും പ്രണയവും കുടിച്ചുമത്തരായ
മനുഷ്യർക്കും മൃഗങ്ങൾക്കുമൊപ്പം
നിലാവിന്റെ കുടപിടിച്ച്
മദ്ധ്യാഹ്നത്തിന്റെ തെരുവുകളിലൂടെ
പക്ഷികളും ഋതുക്കളും
പ്രണയത്തിന്റെ പ്രവാഹമായ് മാറുന്നു.
******
അവസാനത്തെ അക്ഷരംപോലെ
എഴുതുന്നതിലൊക്കെ നീ മാത്രം!
വിവശയും രോഗിണിയുമായ നീ.
പടവുകളിലെ ഏകാന്തത്ത.
സ്നേഹത്തിന്റെ ഉരുകുന്ന മെഴുകുതിരി.
നിഴലുകളില്ലാത്ത വെളിച്ചം....
ഞാൻ നിന്നെ സ്നേഹിക്കുകയാണ്.
നിന്റെ വെളിച്ചം എന്നിലാകെ നിറയുകയാണ്.
മരണത്തിന്റെ ഗദ്ഗദംപോലെ
എന്റെ ഓരോബിന്ദുവും നിന്റെ വെളിച്ചത്താൽ ദീപ്തം.
കരയരുത്!
ഒച്ചവയ്ക്കരുത്!
ചുറ്റും നിറയുന്ന ഹിമബിന്ദുക്കളിൽ
പകലുകളുടെയും ഇരവുകളുടെയും ലയം.
കാറ്റിന്റെയും കാലത്തിന്റെയും ലയം.
ഋതുക്കളുടെ ലയം.
രോഗത്തിലേക്ക്, മരണത്തിലേക്ക്,
നമ്മൾ കൈപിടിച്ചു നടക്കുന്നു.
ഓർമ്മകൾ, വിടപറഞ്ഞ അവയവങ്ങളെപ്പോലെ
നമുക്കു ചുറ്റും തിരകളായിളകുന്നു.
നോക്കു! നമ്മിൽ നിന്നും കൊഴിഞ്ഞുപോയവ,
എന്ന് ഞാനവയെ ഓർക്കുമ്പോൾ
അവൾ ഗദ്ഗദത്തോടെ എന്നെ ചുംബിക്കുന്നു.
നിറയുന്ന സന്ധ്യയിലെങ്ങും
നിറങ്ങൾ തിളങ്ങുന്നു.
അവൾ എന്നിലേക്ക് പ്രവേശിക്കുന്നു.
ഞാൻ അവളിലേക്കും!
******
ആ രാത്രിയിൽ
മേഘവനങ്ങൾക്കിടയിൽ വഴിതെറ്റി.
നക്ഷത്രങ്ങൾ കരയുന്ന ശബ്ദംകേട്ടു.
മണൽക്കാട് പതഞ്ഞൊഴുകുന്നതുകണ്ടു.
ആഴി നിശ്ചലമായി.
ആകാശത്തിൽ പുതിയ പാതകൾ തെളിഞ്ഞു.
പാതകളിൽ തീവണ്ടികളിരമ്പി.
ആ രാത്രിയിൽ
സ്നേഹത്തെക്കുറിച്ച് സംസാരിക്കുവാൻ
അവൾ അപേക്ഷിച്ചു.
സ്നേഹത്തിന്റെ വിദൂരതയിലേക്ക്
ഞാൻ നക്ഷത്രത്തിലേറി യാത്ര ചെയ്തു.
സ്നേഹത്തിന്റെ സമീപതയിൽ
ഞാൻ നിശ്ചലനായി.
സമീപസ്തവും വിദൂരസ്തവുമായ
സ്നേഹങ്ങളിലും സന്ദേഹങ്ങളിലും
ആ രാത്രി നിറയെ മഞ്ഞിൻ തുള്ളികൾ!
മേഘങ്ങളുടെ വനത്തിലെ
വഴിതെറ്റിയ സഞ്ചാരികളാണ് ഞങ്ങൾ.
എന്തുവഴി?
എന്തു വഴിതെറ്റൽ!
എല്ലാ വഴികളും
മഹാചുംബനത്തിന്റെ ആ മണൽപ്പരപ്പിലേക്ക്.
ആഴിയിലേക്ക്
ആകാശത്തിലേക്ക്!
മേഘവൃക്ഷങ്ങൾ ഞങ്ങളെ ചുംബിച്ചു.
ആ രാത്രിയിലാണ്
പക്ഷികൾ ഞങ്ങൾക്ക് ചിറകുനൽകിയത്.
നിലാവ് ഞങ്ങളുടെ ശയ്യയായത്.
മഴയിൽ പുഴ നൃത്തം വച്ചതു.
നെറുകയിലെ അലിയുന്ന സിന്ദൂരത്തിൽ
ചുംബനത്തിന്റെ നിദ്ര പടർന്നത്.
മണൽത്തരികളിൽ സംഗീതം നിറഞ്ഞത്.
ഞാൻ നീയായി മാറിയത്.
നീ ഞാനായി മാറിയത്.
വെളിച്ചത്തിന്റെ വിസ്മൃതിയിൽ നാം അവസാനിച്ചതു.
******
പ്രണയമുദ്ര പതിഞ്ഞ ആഴിയും ആകാശവും.
അവ പരസ്പരം പ്രതിബിംബിക്കുന്നു.
ആവർത്തിക്കുന്ന പ്രതിബിംബങ്ങളുടെ
സമാന്തരഘോഷയാത്രയിൽ
ആഴിയിലേക്കും ആകാശത്തിലേക്കും നമ്മൾ!
നനഞ്ഞ പാദസരങ്ങൾ കിലുങ്ങുന്നില്ല.
പതംഗങ്ങൾ ആകാശത്തിൽ നിശ്ചലമാണ്.
ആഴിയിലെ ഓടങ്ങളും നിശ്ചലം.
അനങ്ങാത്ത ഇലകളിൽ നമ്മളുടെ കണ്ണീർ.
ഇരുണ്ട രാവിന്റെ വാതിലിനുവെളിയിൽ
നമ്മൾ കാത്തിരിക്കുന്നു.
ഉപ്പുകാറ്റു വീശുന്നു.
ശിലകൾ അലിയുന്നു.
പ്രണയത്തെക്കുറിച്ചും വിരഹത്തെകുറിച്ചും
നാം മൃദുശബ്ദത്തിൽ പറയുന്നു.
പാടവരമ്പിലെ നോക്കുകുത്തിക്കുമേൽ
ഒരു നക്ഷത്രം തിളങ്ങുന്നു.
ഓർമ്മകളുടെ നക്ഷത്രമാണതെന്ന്
നീ പറയുന്നു.
പാടവരമ്പും നോക്കുകുത്തിയുമെല്ലാം
ഓർമ്മകളാണെന്ന് ഞാൻ പറയുന്നു.
ശബ്ദമില്ലാതെ നമ്മൾ കരയുന്നു.
നിന്റെ പതാകകളുടെ ശേഖരവും
എന്റെ നാണയങ്ങളുടെ ശേഖരവും
നമ്മൾ കൈമാറുന്നു.
രാജ്യങ്ങൾ ഇല്ലാതായി.
പതാകകൾ മാറി മറിഞ്ഞു.
നാണയങ്ങളുടെ കാര്യത്തിലും അതുപോലെ!
പക്ഷെ നമ്മുടെ ശേഖരങ്ങൾ ഇപ്പോഴും
ആഴിയും ആകാശവുമെന്നപോലെ!
സ്നേഹത്തിന്റെ അവസാനസന്ദേശവും നാം കൈമാറിക്കഴിഞ്ഞു.
മഞ്ഞുമലകൾ ദൃശ്യമാണ്.
മേഘങ്ങൾ ഏകാന്തമാണ്.
ഉൾക്കടലിലെ ശാന്തത്തയിൽ ഉരുക്കളും നിശ്ചലം!
നമുക്കുമുകളിലെ മേഘം
പരിഭാഷചെയ്യാനാവാത്ത പ്രണയപാഠം.