25 May 2013

malayalasameeksha/MAY 15/JUNE15

  reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE



ഉള്ളടക്കം


കവിത
കണ്ടെത്താനുള്ളത്
സന്തോഷ് പാലാ
 തന്നത്താന്‍കൊത്തി
ശ്രീകൃഷ്ണദാസ് മാത്തൂര്‍.
കുടുംബം
ഡോ. കെ.ജി.ബാലകൃഷ്ണൻ 
 നീര്‍ത്തടം തേടി
രമേശ്‌ കുടമാളൂര്‍
ചുമടുതാങ്ങി
ശ്രീദേവിനായർ 
 മരണപ്പതക്കം
സുനിൽ പൂവറ്റൂർ 
വെറുമൊരു ദാഹം
മഹർഷി 

മുള്ള്‌
സത്താർ ആദൂർ 

 പേടി
മോഹൻ ചെറായി 
പിന്നോട്ടൊരു യാത്ര
മായഷാജി 

കല്ലുകൊണ്ടൊരു കവിത
വീക്കേ സുധാകരൻ    
അബദ്ധപഥങ്ങൾ
ഗീത മുന്നൂർക്കോട്
ഇരട്ടക്കുട്ടികൾ.
ടി. കെ. ഉണ്ണി

രക്തപുഷ്പാഞ്ജലി
മുട്ടം ശ്രീനി

കൃഷി
വിലയിരുത്തി വിജയം നേടാം
ടി. കെ. ജോസ്‌  ഐ  എ എസ്
 കടന്ന്‌ പോയത്‌, ഒരു ചരിത്ര വർഷം
രമണി ഗോപാലകൃഷ്ണൻ
നൂതന വിപണന തന്ത്രങ്ങളുമായി ഉപഭോക്താവിലേക്ക്‌
ദീപ്തി നായർ എസ്‌
സാങ്കേതിക വിദ്യ പ്രദർശനവും പരിശീലനവും
ശ്രീകുമാർ പൊതുവാൾ
 തെങ്ങ്‌ എന്ന കൽപവൃക്ഷം
കൃഷ്ണജ എം. മേനോൻ
 എന്റെ തെങ്ങ്‌
അനിൽ സേതുമാധവൻ
തെങ്ങ്‌ ഒരു കൽപവൃക്ഷം
ആഷിക ഷിറിൻ
കഥ
നിശാനിയമം
വി ജയദേവ്   
 രണ്ട് ദൃശ്യങ്ങള്‍
കെ.എം.രാധ
വിശുദ്ധമായ ചില വ്യാകരണപ്പിശകുകൾ
തോമസ്‌ പി.കൊടിയൻ

മരണം നട്ടുനനയ്ക്കുന്നവർ
അച്ചാമ്മ തോമസ്‌

പവർ ഓഫ്‌ ലേഡി
സുകുമാർ അരിക്കുഴ 

ലേഖനം
ദർശനങ്ങളിലെ ജലാത്മകത
ബക്കർ മേത്തല
വർത്തമാനത്തിന്റെ ഇതിഹാസം-കെ.ആർ.മീരയുടെ“ആരാച്ചാർ
ഇന്ദിരാബാലൻ

വഴക്കങ്ങൾ : നോവുകളെ തലോടുന്ന കവിത.
വെള്ളിയോടൻ

ഗുരുചരണങ്ങളിൽ
മീരാകൃഷ്ണ

ശാസ്ത്രം
മണ്ണിനെ മനസ്സ്കൊണ്ട്‌ ബന്ധിച്ചവർ
 ഡോ.വേണു തോന്നയ്ക്കൽ 
ചാന്ദ്രജലത്തിന്റെ ഉറവിടം
സുനിൽ എം.എസ്‌.

 നോവൽ - 9
കുലപതികൾ
സണ്ണി തായങ്കരി 
 പംക്തികൾ
നിലാവിന്റെ വഴി
ഒരു പുസ്തകവായനയില്‍ തിരിച്ചറിയപ്പെടുന്നത് 
ശ്രീപാർവ്വതി 
എഴുത്തുകാരന്റെ ഡയറി
സന്ധ്യയുടെ കവിതയും സാമൂഹ്യവീക്ഷണവും
സി.പി. രാജശേഖരൻ
അക്ഷരരേഖ
സന്തോഷത്തിന്റെ വഴി
ആർ.ശ്രീലതാ വർമ്മ
മഷിനോട്ടം
അവയവബാങ്കുകള്‍ സാര്‍വത്രികമാകുമ്പോള്‍
ഫൈസൽബാവ 

യാത്ര
'രാമേശ്വര'മെന്ന അത്ഭുതപ്രതിഭാസത്തിലൂടെ
പ്രഫുല്ലൻ  തൃപ്പൂണിത്തുറ
 ഇംഗ്ലീഷ് വിഭാഗം
Oh !my  love  !,the  pilgrimage 
Dr .k g  balakrishnan 
 The reflection
Geetha munnucode
പുസ്തകങ്ങൾ
വാർത്ത
പരിഭാഷ :
ഇന്നു രാത്രിയിൽ/ഫൈസ് അഹമ്മദ് ഫൈസ്
വി.രവികുമാർ  
അത് ഞാനല്ലായിരുന്നു/-ഒസ്ടെമിര്‍ അസഫ്
പരിഭാഷ :
ഗീതാജാനകി

നവാദ്വൈതം
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്
എം.കെ .ഹരികുമാർ

ചാന്ദ്രജലത്തിന്റെ ഉറവിടം



സുനിൽ എം.എസ്‌.


ചന്ദ്രന്റെ അന്തർഭാഗത്തുള്ള ജലം ഭൂമിയിൽ പതിച്ച ഉൽക്കകളിൽ നിന്നാകാം ഉത്ഭവിച്ചതെന്ന വ്യക്തമായ സൂചനകൾ അമേരിക്കയുടെ അപ്പോളോ എന്ന ചാന്ദ്രപേടകം ചന്ദ്രനിൽ നിന്നു ശേഖരിച്ച പാറക്കഷ്ണങ്ങളുടെ സൂക്ഷ്മപരിശോധനയിൽ നിന്ന് ശാസ്ത്രജ്ഞർക്കു ലഭിച്ചിരിയ്ക്കുന്നു. സയൻസ്ജേണലിൽ വ്യാഴാഴ്ച ഓൺലൈനായി വർണ്ണിച്ച അതിശയകരമാംവിധം നനഞ്ഞഅഗ്നിപർവ്വതക്കല്ലുകൾ ചാന്ദ്രജലത്തിന്റെ ഉത്ഭവം വാൽനക്ഷത്രങ്ങളിൽ നിന്നായിരുന്നെന്ന, ഇതുവരെ നിലനിന്നിരുന്ന സിദ്ധാന്തത്തെ ഖണ്ഡിയ്ക്കുന്നു. ഇത് ചന്ദ്രന്റെ ഉല്പത്തിയെപ്പറ്റി ഇതുവരെയുണ്ടായിരുന്ന സാമാന്യധാരണയെപ്പോലും തിരുത്തിക്കുറിയ്ക്കുന്നതാണ്. "ഭൂമിയുടെ ഒരു കഷ്ണം പറിച്ചെടുത്ത് അതിനെ ആകാശത്തിലുള്ള ഒരു പ്രദക്ഷിണ പഥത്തിലേയ്ക്ക് എറിഞ്ഞുവിടുന്നതു പോലെയാണത്എന്ന് പുതിയ ഗവേഷണത്തിൽ പങ്കെടുത്തിട്ടില്ലാത്ത, കാൽ‌ടെക്കിലെ ഗ്രഹശാസ്ത്രജ്ഞനായ ഡേവിഡ് സ്റ്റീവൻസൻ പറഞ്ഞു. ഈയടുത്ത കാലം വരെ ചന്ദ്രൻ വരണ്ടുണങ്ങിയ ഒന്നാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നതെന്ന് ബ്രൌൺ യൂണിവേഴ്സിറ്റിയിലെ ഭൂരസതന്ത്രവിദഗ്ദ്ധനും പഠനസംഘത്തിന്റെ നേതാവുമായ ആൽബെർട്ടോ സാൽ പറഞ്ഞു. ചന്ദ്രന്റെ ഉല്പത്തിയെപ്പറ്റി നിലവിലിരുന്നിരുന്ന സിദ്ധാന്തങ്ങൾ ആ വിശ്വാസത്തെ പിന്താങ്ങുകയും ചെയ്തിരുന്നു.

ഏകദേശം നാലര ബില്യൻ വർഷങ്ങൾക്കു മുൻപ്, അതായത് 450 കോടി വർഷങ്ങൾക്കു മുൻപ്, നമ്മുടെ ഗ്രഹം അതിന്റെ രൂപീകരണദശയിലായിരിയ്ക്കുമ്പോൾ ചൊവ്വാഗ്രഹത്തോളം വലിപ്പമുള്ളൊരു ഉൽക്ക
ഭൂമിയിൽ വന്നിടിച്ചതായി ഗ്രഹശാസ്ത്രജ്ഞന്മാർ സംശയിയ്ക്കുന്നു. ആ ആഘാതത്തിന്റെ ശക്തിയിൽ ഉരുകിയ നുറുങ്ങുകൾ ആകാശത്തേയ്ക്കു തെറിയ്ക്കുകയും അവ ഇഴുകിച്ചേർന്ന് ചന്ദ്രനു ജന്മം കൊടുക്കുകയും ചെയ്തു. അതിന്നിടയിൽ ആ നുറുങ്ങുകളിൽ ഉണ്ടായിരുന്നേയ്ക്കാവുന്ന സകല ജലാംശവും ശൂന്യാകാശത്തേയ്ക്കു രക്ഷപ്പെട്ടുവെന്ന് ശാസ്ത്രജ്ഞർ വിചാരിച്ചുപോന്നിരുന്നു. എന്നിരുന്നാലും 2008ൽ സാലും സഹപ്രവർത്തകരും കൂടി നടത്തിയ ഒരു പഠനത്തിൽ ചന്ദ്രന്റെ അന്തർഭാഗത്തെ ദ്രവശിലകളിൽ ജലത്തിന്റെ സാന്നിദ്ധ്യത്തിനുള്ള അനിഷേധ്യമായവഎന്നു സാൽ വിശേഷിപ്പിച്ച തെളിവുകൾ ലഭിച്ചു. ഭൂമിയിലെ ചില ലാവകളിലുള്ളിടത്തോളം തന്നെ ജലാംശം ചന്ദ്രനിലെ ലാവകളിലും ഒരു കാലത്തുണ്ടായിരുന്നു എന്ന് 2011ൽ അദ്ദേഹത്തിന്റെ സംഘം റിപ്പോർട്ടു ചെയ്തു.
ഏറ്റവും ഒടുവിൽ നടന്നിരിയ്ക്കുന്ന പഠനം രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ളൊരു ശ്രമമായിരുന്നു: ചന്ദ്രനിലെ ജലം എവിടുന്നു വന്നു, അതെപ്പോൾ വന്നു? വാൽനക്ഷത്രങ്ങളാണ് ചന്ദ്രനു ജലം നൽകിയതെന്നാണ് കുറച്ചുനാൾ മുൻപു നടന്ന ചില ഗവേഷണങ്ങൾ സൂചിപ്പിച്ചിരുന്നത്. പക്ഷേ സാൽ അതിനോടു യോജിച്ചിരുന്നില്ല. ഉരുകിയ ലാവ ചന്ദ്രോപരിതലത്തിൽ പരക്കുകയും സാവധാനത്തിൽ തണുത്തുറയുകയും ചെയ്തതുകൊണ്ട് മുൻപറഞ്ഞ ഗവേഷണങ്ങളിൽ ഉപയോഗിച്ചിരുന്ന സാമ്പിളുകളിലെ ഐസോടോപ്പിക അഥവാ സമസ്ഥാനീയ വിരലടയാളങ്ങൾ വക്രീകരിയ്ക്കപ്പെട്ടുപോകുകയും, അതിന്നിടയിൽ ദ്രുതഗതിയിൽ ബാഷ്പീകരിയ്ക്കപ്പെടുന്ന കണികകൾ അത്തരത്തിൽ ബഹിർഗ്ഗമിയ്ക്കുകയും ചെയ്തിരുന്നിരിയ്ക്കണം എന്നദ്ദേഹം സംശയിച്ചു.


ദശലക്ഷക്കണക്കിനു വർഷങ്ങളിലെ കോസ്മിക രശ്മികളാലുള്ള ആഘാതങ്ങൾ ആ സാമ്പിളുകളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ടാകണം, എന്നദ്ദേഹം പറഞ്ഞു.
അതുകൊണ്ട് സാൽ ചന്ദ്രനിലെ അന്തർഭാഗത്തുനിന്നുണ്ടായ പ്രചണ്ഡമായൊരു ലാവാവിസ്ഫോടനത്തിലൂടെ ബഹിർഗ്ഗമിച്ചുകാണാൻ സാദ്ധ്യതയുള്ള പാറകളിലേയ്ക്കു തന്റെ ശ്രദ്ധ തിരിച്ചു. അതു ശരിയെങ്കിൽ, ഈ പാറകൾ അതിവേഗ ശീതീകരണത്തിനു വിധേയമാകുകയും അതുമൂലം ജലവും അതുപോലെ ബാഷ്പീകരണസാദ്ധ്യതയുള്ള ദ്രാവകങ്ങളും സ്ഫടികക്കഷ്ണങ്ങളുടെ രൂപത്തിൽ പാറകൾക്കുള്ളിൽ കുടുങ്ങിപ്പോകുകയും ചെയ്തിരിയ്ക്കണം. രസതന്ത്രപരീക്ഷണങ്ങളുടെ ഒരു ശൃംഖല, അപ്പോളോ 15, 17 എന്നീ ദൌത്യങ്ങൾ ചന്ദ്രനിൽ നിന്നു ശേഖരിച്ചുകൊണ്ടുവന്ന ഈ പാറകൾ അകളങ്കിതമാണ് എന്ന നിഗമനത്തിലെത്തിച്ചേർന്നിരുന്നു.ചുറ്റുമുള്ള ദ്രവശിലകൾ ഉറഞ്ഞു കട്ടിയായപ്പോൾ അവയ്ക്കുള്ളിൽ കുടുങ്ങിപ്പോയിരുന്ന ജലപ്പരലുകളെ (ക്രിസ്റ്റലുകളെ) സാലും കൂട്ടുകാരും പഠനവിധേയമാക്കി. ദ്രവശിലകളുടെ കഷ്ണങ്ങളിൽ ഒരു ദശലക്ഷത്തിൽ 1200 എന്ന തോതിൽ ജലാംശത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രാഥമിക ചാന്ദ്രലാവയിൽ കണ്ടെത്തുന്ന ഏറ്റവുമുയർന്ന ജലത്തോതും ഇതു തന്നെയെന്ന് സാൽ പറഞ്ഞു. തുടർന്നവർ ചന്ദ്രനിൽ നിന്നു കൊണ്ടുവന്ന പാറകളിൽ ഹൈഡ്രജനും അതിന്റെ സമസ്ഥാനീയമായ (ഐസോടോപ്പ്) ഡ്യൂട്ടീരിയവും തമ്മിലുള്ള അനുപാതം പരിശോധിച്ചു. ഗ്രഹങ്ങളിലും വാൽനക്ഷത്രങ്ങളിലും ഛിന്നഗ്രഹങ്ങളിലും (ആസ്റ്റരോയിഡുകൾ) സുവ്യക്തവും വ്യത്യസ്തവുമായ ഐസോടോപ്പിക വിരലടയാളങ്ങളുണ്ട്. ഇവ സൂര്യന്റെ താപരശ്മികളുമായുള്ള സാമീപ്യത്തേയും മറ്റ് അന്തരീക്ഷ സ്ഥിതിവിശേഷങ്ങളേയും പ്രതിഫലിപ്പിയ്ക്കുന്നു. ചാന്ദ്രലാവയിൽ കണ്ടെത്തിയ ഡ്യൂട്ടീരിയം-ഹൈഡ്രജൻ അനുപാതത്തിനു സമാനമായതായിരുന്നില്ല, ചാന്ദ്രജലത്തിന്റെ ഉറവിടമെന്നു സംശയിയ്ക്കപ്പെട്ടുകൊണ്ടിരുന്ന വാൽനക്ഷത്രത്തിലേത്. പകരം, വ്യാഴത്തിന്റേയും ചൊവ്വയുടേയും ഭ്രമണപഥങ്ങൾക്കിടയിൽ ഉത്ഭവിയ്ക്കുന്ന, പ്രാകൃതമായ, കാർബൺ തരികൾ നിറഞ്ഞ ഉൽക്കകളുടേതുമായി ആ അനുപാതത്തിനു വളരെ സാമീപ്യമുണ്ടായിരുന്നു.
ഇതിനൊക്കെയുപരിയായി, ചന്ദ്രന്റെ ഐസോടോപ്പിക വിരലടയാളത്തിന്ന് ഭൂമിയുടേതുമായി വളരെയടുപ്പമുണ്ടു താനും.
ഭൂമി ഉരുത്തിരിഞ്ഞുണ്ടായിക്കൊണ്ടിരുന്ന ഘട്ടത്തിൽ ഉൽക്കകൾ ഭൂമിയിലേയ്ക്കു ജലം കൊണ്ടുവന്നെത്തിച്ചു; രൂപമെടുത്തുകൊണ്ടിരുന്ന ഭൂമിയുടെ ഭാഗങ്ങൾ ഭ്രമണപഥത്തിലേയ്ക്ക് പറന്നകന്നു പോയശേഷവും ആ ജലം ഏതുവിധേനയോ ഭൂമിയിൽത്തന്നെ നിലനിന്നു. ഏറ്റവും ലളിതമായ വിശദീകരണം ഇതായിരിയ്ക്കണമെന്നു സാൽ പറഞ്ഞു. പ്രചണ്ഡമായൊരു വേർപെടലിലൂടെ ഭൂമിയിൽ നിന്നകന്നു പോകുന്ന സന്ദർഭത്തിൽ ഭൂമിയിൽ നിന്നൊരു സമ്മാനമെന്ന രൂപേണ ലഭിച്ചതുമായിരിയ്ക്കാം ചാന്ദ്രജലം. ഇതിനു പുറമേ, ചന്ദ്രൻ രൂപം കൊണ്ടതിനു ശേഷം ചന്ദ്രനിൽ പതിച്ച, മഞ്ഞുമൂടിയ വാൽനക്ഷത്രങ്ങളും ചന്ദ്രനു ജലം കൈമാറിയിരിയ്ക്കാം.അളവുകളും പ്രാഥമികമായ വ്യാഖ്യാനവും സാദ്ധ്യമായ ആശയമാണു പ്രകാശിപ്പിയ്ക്കുന്നതെന്നു ഞാൻ കരുതുന്നു,“ സ്റ്റീവൻസൺ പ്രസ്താവിച്ചു. പക്ഷേ അദ്ദേഹം ഇതു കൂടി കൂട്ടിച്ചേർത്തു, “ഇത് സമസ്യയുടെ
ഉത്തരമല്ല, നേരേ മറിച്ച് സങ്കീർണ്ണമായ സമസ്യയ്ക്കു ലഭിയ്ക്കേണ്ടതായ, അനുപൂരകങ്ങളായ അനേകം ഉത്തരങ്ങളിൽ ഒന്നു മാത്രമാണ്.
സാൽ മുന്നോട്ടു വച്ചിരിയ്ക്കുന്ന നിഗമനത്തിൽ നിന്ന് കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിയ്ക്കുന്നതോടൊപ്പം അതിലേറെ ചോദ്യങ്ങൾ ഉയരുക കൂടി ചെയ്യുന്നുണ്ട്. അവയിലൊന്നിതാ: ഭൂമിയിൽനിന്നു പറന്നുയർന്ന ഉരുകിയ പാറക്കഷ്ണങ്ങൾ ഉറഞ്ഞു കൂടിച്ചേർന്നു ചന്ദ്രനായി പരിണമിയ്ക്കുന്നതിന്നിടയിൽ ആ മുഴുവൻ ജലത്തേയും എങ്ങനെ പിടിച്ചു നിർത്തി? മൂന്നാമതൊരു ഗ്രഹം കൂടി ഭൂമിയിൽ വന്നിടിച്ചതിന്റെ തെളിവ് ഭൂമിയിലെവിടെയെങ്കിലും അവശേഷിച്ചിരിയ്ക്കേണ്ടതുമല്ലേ?
നാമെവിടുന്നു വന്നു എന്നറിയാൻ ശാസ്ത്രം നമ്മെ സഹായിയ്ക്കും എന്നു നമുക്കുറപ്പുണ്ട്,“ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ്‌ആഞ്ചലസിലെ ഗ്രഹശാസ്ത്രജ്ഞനായ ഡേവിഡ് പൈഗ് പറഞ്ഞു. എന്നിരുന്നാലും, നമ്മുടെ ഉൽ‌പ്പത്തിയിലേയ്ക്കു നയിച്ച ആ ഒരു കൂട്ടം പ്രക്രിയകളെപ്പറ്റിയുള്ള വിവരം ശേഖരിച്ചെടുക്കുക കഠിനമായൊരു കാര്യം തന്നെയാണ്.
(ലോസ്‌ ആഞ്ചലസ് ടൈംസിൽ ആമിനാ ഖാൻ  (മെയ് ഒൻപത്) എഴുതിയ “Moon’s water may have come from Earth-bound meterorites” എന്ന ലേഖനത്തിന്റെ സ്വതന്ത്രവിവർത്തനം.)

പിന്നോട്ടൊരു യാത്ര


മായഷാജി

കടന്നുപോം ദിനങ്ങൾ, ഋതുക്കൾ, വത്സരങ്ങൾ
ഒന്നുമേ ഞാനറിയുന്നില്ല, കാലം എന്നിൽ വരുത്തിയ മാറ്റങ്ങളും
അറിയാതെ നോക്കിയൊരാ കണ്ണാടിച്ചില്ലിൽ
തെളിഞ്ഞുകണ്ടൊരു രൂപം! അതു ഞാൻ തന്നെയോ?
അപ്പോൾ ഞാനറിഞ്ഞു, കാലം മാറിടുന്നു, ഞാനും
എനിക്കുചുറ്റുമുള്ളസർവ്വവും മാറിടുന്നു.
എങ്കിലും കൊതിക്കുന്നു മനമെപ്പോഴും
പിന്നിലേക്കോടീടുവാൻ.
തുള്ളിക്കളിച്ചിടും പൈയ്യിനെക്കണ്ട്‌
കൊതിപൂണ്ടങ്ങു നോക്കി നിൽക്കേ
മാറിടുന്നു ഞാനുമൊരു പൂത്തുമ്പികണക്കെ
ഇളവെളിയിലിൽ പാറിനടക്കുവാൻ ഈ മോഹനവാസന്തം നുകരുവാൻ.
കാർമുകിലിൻ കാന്തിയിൽ മയങ്ങുമൊരു മയിലായി പീലീവിടർത്തുവാൻ
ചാറ്റൽ മഴയിൽ നനഞ്ഞുകുളിരുമൊരു കൊച്ചുകുട്ടിയായ്‌
മുറ്റത്തൊരു കളിവള്ളമൊഴുക്കിടുവാൻ.
അക്ഷരവെളിച്ചം പകർന്നുതന്നൊരാ വിദ്യാലയമുറ്റത്തൊരു
കൊച്ചുകുട്ടിയായി പുത്തനൊരു സ്ലേറ്റുമായി ചെന്നിടുവാൻ.
ഇന്നും കൊതിയാണെനിക്കാ കളിമൺസ്ലേറ്റിൽ
കല്ലുപെൻസിൽ കൊണ്ടെഴുതിടുവാൻ
പിന്നെ, കോലുമഷിത്തണ്ടിനാൽ അതൊക്കെയും മായ്ക്കുവാൻ
കൈയ്യിൽ പടരും കരിനിറം കുഞ്ഞുടുപ്പിൽ തുടയ്ക്കുവാൻ
എന്നുമോർക്കുന്നു ഞാൻ, പിരിയില്ലൊരുനാളുമെന്ന്‌ ചൊല്ലി
ഒപ്പം നടന്നൊരു പ്രിയ കൂട്ടുകാരിയെ
കാലപ്രവാഹത്തിൻ നിലയില്ലാക്കയത്തിലെവിടെയോ
നഷ്ടപ്പെട്ടുപോയി അവളും ഒരുനാൾ....
കിട്ടില്ലൊരു നിമിഷം പോലും എനിക്കാ കഴിഞ്ഞനാളുകൾ
ഒന്നുപോലും, എങ്കിലും വെറുതെ മോഹിക്കുകയാണ്‌ ഞാനിപ്പോഴും
പിന്നോട്ടൊരു യാത്ര .........

പവർ ഓഫ്‌ ലേഡി


സുകുമാർ അരിക്കുഴ

    എത്ര സ്നേഹമായിട്ടാണ്‌ തനിക്കാരുമല്ലാത്ത ആ സ്ത്രീ തന്നോടു പെരുമാറുകയും ഇടപെടുകയും ചെയ്യുന്നത്‌. ആത്മാർത്ഥയും ആർജ്ജവവും നിറച്ച ഒരു വന്യമായ ആത്മീയതപോലും അവരുടെ പെരുമാറ്റത്തിൽ ഉണ്ടെന്നു പത്മന്‌ തോന്നിയിട്ടുണ്ട്‌ പലപ്പോഴും. താനാ വീട്ടിൽ ചെന്നാൽ എന്തെങ്കിലും ഭക്ഷണം ഇഷ്ടത്തോടെ ചേർന്നു നിന്നു നിർബന്ധിച്ചുകഴിപ്പിക്കാതെ അവർ വിടാറില്ല. ഓരോ വിഷയങ്ങളിലുമുള്ള അഗാധമായ അറിവും തത്വശാസ്ത്രവും എന്തിന്‌ ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും മനഃശാസ്ത്രവും അവർക്ക്‌ നല്ല തിട്ടമാണ്‌. പരമാർത്ഥമല്ല പറയുന്നതെന്ന്‌ എതിർവാദമുന്നിയിച്ച്‌ സ്ഥാപിക്കാൻ വളരെ ബുദ്ധിമുട്ടാണ്‌. ഒരു വീട്ടമ്മമാത്രമായിരുന്ന ഇവരെങ്ങനെയാ ഇത്രയും അറിവും വിവേകവും സ്വത്വബോധവും ഒക്കെയുള്ള ആളായിത്തീർന്നത്തെന്ന്‌ പത്മൻ പലപ്പോഴും ചിന്തിച്ച്‌ അതിശയപ്പെട്ടിട്ടുംപോലുമുണ്ട്‌. ആദ്യം പരിചയപ്പെട്ടപ്പോൾ തന്നെ അവരുടെ ഒരു ക്വാളിറ്റിയും ധീഷണയും നിലവാരവും സാംസ്കാരികബോധവും ഒക്കെ ഏകദേശം മനസ്സിലായതാണ്‌ പിന്നീട്‌ പല കാര്യങ്ങൾക്കായി പുസ്തകങ്ങൾ വായിക്കാനെടുക്കൽ ഉൾപ്പെടെ അവിടേക്കുള്ള സന്ദർശനം ഒരു ആത്മാനുഭൂതി നൽകുന്ന ഇടവേളകളായി രൂപാന്തരപ്പെടുകയായിരുന്നു.
    മക്കളെല്ലാം പലപട്ടണങ്ങളിൽ ജോലിയും കുടുംബവുമായി പാർക്കുന്നു. ആരുടേയും കൂടെ പോയി താമസിക്കുന്നതിൽ താത്പര്യമില്ലാത്ത ഒരമ്മയായി ഈ പ്രായത്തിലും സ്വന്തമായി ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്ത്‌; അത്യാവശ്യം വേണ്ട പച്ചക്കറികൾപോലും സ്വന്തം കൈകൊണ്ട്‌ കൃഷി ചെയ്ത്‌; ഇടപെടാവുന്ന എല്ലാ കലാ-സാമൂഹ്യ സാംസ്കാരിക മേഖലകളിലും ഇടപെട്ട്‌ ജീവിക്കുന്നതിൽ അഭിമാനവും ഒരുതരം ഉദാത്തമായ സുഖവും കണ്ടെത്തുന്ന ഒരു സ്ത്രീ. ആവറേജ്‌ സ്ത്രീകളിൽ നിന്ന്‌ വീട്ടമ്മമാരിൽ നിന്ന്‌ എത്രയോ വേറിട്ട വ്യക്തിത്വമുള്ള ഒരു വ്യക്തിയായിട്ടാണ്‌ അവർ ജീവിക്കുന്നത്‌! അതിശയമാണ്‌ പലപ്പോഴും അവരെക്കുറിച്ച്‌ പത്മനു തോന്നിയിട്ടുള്ളത്‌.
    പലേ സംഘടനകളിലും സാമൂഹ്യരംഗത്തും സാംസ്കാരികക്കൂട്ടായ്മകളിലും താനും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതുപോലൊരു ആർജ്ജവവും അറിവും ഒരുമിച്ച്‌ സമ്മേളിക്കുന്ന വ്യക്തിയെ ആണുങ്ങളിലും പെണ്ണുങ്ങളിലും കണ്ടുമുട്ടാൻ പത്മനു കഴിഞ്ഞിട്ടില്ല.
    ഒരു വല്ലാത്ത ബഹുമാനമാണ്‌ അവരോട്‌ ആദ്യം ഉള്ളിൽ ജനിച്ചതു. അതുപിന്നെപ്പോഴാണ്‌ തന്റെയുള്ളിൽ അവരോട്‌ ഒരു ആരാധനയുടെ ചെറുമുകുളം പൊടിച്ചുവന്നത്‌? അജ്ഞാതകാരണങ്ങളാൽ ഒത്തിരികാര്യങ്ങൾ മനുഷ്യമനസ്സുകളിൽ സംഭവിക്കുന്നുണ്ടല്ലോ? പിടികിട്ടാത്ത പലതുംപോലെ ഇതും പിടികിട്ടുന്നില്ല. ഭോഗേച്ഛയോടെയുള്ള താത്പര്യങ്ങളൊന്നും ഇതുവരെ പത്മന്റെയുള്ളിൽ ഉണർന്നുവന്നിട്ടില്ല.
    ജോലിത്തിരക്കില്ലാത്ത അപൂർവ്വം ദിവസങ്ങളിൽ അവർ തന്നെ ഫോണിൽ വിളിക്കാറുണ്ട്‌. ഫോണെടുക്കുമ്പോൾ അവർ പതിവു ചിരിയോടെ പറയും: "എവിടെയാ...ഇവിടടുത്തെങ്ങാനും ഉണ്ടെങ്കിൽ ഇതിലെവാ...പുതിയൊരു ക്ലാസിക്കു പുസ്തകം വാങ്ങീട്ടുണ്ട്‌..."
പത്മൻ പറയും: 'നോക്കട്ടെ നേരം കിട്ടുവാണേൽ വരാം..."
പറയുന്നത്‌ 'നേരം കിട്ടുവാണേൽ' എന്നാണെങ്കിലും ഒരിക്കൽ പോലും വിളിച്ചിട്ട്‌ അതിലെ ചെല്ലാതിരുന്നിട്ടില്ല.
    താൻ ചെല്ലുമ്പോഴേക്കും എന്തെങ്കിലും സ്പേഷ്യൽ ആ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരിക്കും. കപ്പ വറുത്തതോ നെയ്യപ്പമോ ഉണ്ണിയപ്പമോ ഉഴുന്നുവടയോ ബോളിയോ എന്തെങ്കിലും...
    അന്നു തിരക്കൊഴിഞ്ഞപ്പോൾ നേരം തീരെപോയി. ടൗണിൽ ഓരോ കാര്യങ്ങളുണ്ടായിരുന്നു. എങ്കിലും പോകാതിരിക്കാൻ അന്നും തോന്നിയില്ല.
    ചെന്നപ്പോൾ തേച്ചുമെഴുക്കിയ വിശുദ്ധിയാർന്ന നിലവിളക്കിൻ തിരികത്തിക്കയായിരുന്നു അവർ.
    "വാ...കേറിവാ...നാലുമണിക്കുവിളി
ച്ചിട്ട്‌ ഇപ്പഴാണോ വരുന്നത്‌. ഞാനന്നേരം മുതൽ നോക്കിയിരിക്കുവാ. ഇരുന്നിരുന്നു മടുത്തു..."
    താനും അവർക്കൊപ്പം ഏതാനും നിമിഷം പ്രാർത്ഥിച്ചു.
    "വാ. ഈ മേശക്കടുത്തിരിക്ക്‌. ഞാനിന്നൊരു പലഹാരം ഉണ്ടാക്കി. അത്‌ തിന്നിട്ട്‌ എന്താണെന്നുപറഞ്ഞാൽ...ഉത്തരം ശരിയാണെങ്കിൽ ഞാനൊരു സമ്മാനം തരാം..."
താൻ കസേരയിലിരുന്ന്‌ പലഹാരം കഴിച്ചു. ഇടനയിലയിൽ പൊതിഞ്ഞ അടയാണ്‌. സംഭവം പക്ഷേ ഇടനയിലയുടെ രുചി മണത്തിനപ്പുറമുള്ള പരിചിതമല്ലാത്ത ഒരു കൊതിപ്പിക്കുന്ന ഗന്ധമാണ്‌. രുചി ഗോതമ്പിന്റേതല്ല. അരിയുമല്ല. കുറുമ്പുല്ലിന്റേതാണോ എന്ന്‌ സൂക്ഷ്മതയിൽ ചിന്തിച്ചു. അതുമല്ല, മൈടയുടേതാണോ? അതുമല്ല. പിടികിട്ടുന്നില്ല. എന്താണെന്നു വ്യക്തമാകുന്നില്ല. എന്നാൽ പലതിന്റേയും സാദൃശ്യരുചികൾ കേറിവരുന്നുമുണ്ട്‌.
അവസാനം രണ്ടുംകൽപിച്ചു ഞാൻ പറഞ്ഞു.
'കുറുമ്പുല്ല്‌'
'കുറുമ്പുല്ലു മാത്രം'
'പിന്നെന്താ...?
പിന്നെയുമുണ്ട്‌. അതിൽ പല സാധനങ്ങൾ.
എനിക്കു കുറുമ്പുല്ലേ പിടികിട്ടുന്നുള്ളൂ.
അപ്പൊ തോറ്റല്ലോ.
തോറ്റിരിക്കുന്നു.
അവർ കസേരയോടു ചേർന്നു പുറകിലൂടെ വന്ന്‌ രണ്ടു കൈയും തന്റെ ചെവിയോടു ചേർത്തുപിടിച്ച്‌ വലത്തേ കവിളിൽ ഒരു മുത്തം...
'ഇതാ സമ്മാനം'
യാതൊന്നും സംഭവിക്കാത്തപോലെ ഒരടയെടുത്ത്‌ എന്റെ കയ്യിൽ തന്ന ലാഘവത്തിൽ ചിരിച്ചുകൊണ്ട്‌ എനിക്കെതിർവശമുള്ള കസേരയിൽപോയിരുന്നു.
മുത്തമിട്ട നേരത്ത്‌ എന്റെ മനസ്സ്‌ ഏതൊക്കെരാസപ്രപഞ്ചത്തിലൂടെ ഒരു നിമിഷം കടന്നുപോയെന്ന്‌ അറിയില്ല...സത്യം!
    പുസ്തകം എടുത്ത്‌ എന്റെ കയ്യിൽ തന്ന്‌ മറിച്ചു നോക്കാൻ പറഞ്ഞു.
ഞാൻ വിടർത്തിനോക്കി. ലോകപ്രശസ്ത ക്ലാസ്സിക്കാണ്‌.
    'ലവർ ഓഫ്‌ ലേഡി ചാറ്റർലി'
    വളരെനാളായി വായിക്കണമെന്ന്‌ വിചാരിച്ചിട്ട്‌ കിട്ടാതിരുന്ന പുസ്തകമാണ്‌.
എനിക്കു സത്യംപറഞ്ഞാൽ തുള്ളിച്ചാടാൻ തോന്നിപ്പോയി.
പുസ്തകത്തിന്റെ വളരെ ബ്രീഫായ ഒരു ഇതിവൃത്തം എന്നോടു പറഞ്ഞു.
എന്നിട്ട്‌...ഇഞ്ഞി വായിച്ചു നോക്ക്‌... എന്നാലേ ശരിയാവുള്ളൂ. ബാക്കി പറഞ്ഞാൽ അതിന്റെ രസംപോകും.
    വർത്തമാനം പറഞ്ഞിരുന്ന്‌ നേരം കുറേപോയി.
    നേരം പോയി. ഞാൻ പോട്ടേ.
    പോണ്ടാന്നു പറഞ്ഞാൽ കേക്കുവോ... കേക്കൂങ്കി ഇന്നു പോണ്ടാന്നുവെക്ക്‌. നാലു മണിക്കേറ്റു പോകാം...ഇത്തിരി നിർത്തി എന്തോ വിചാരിച്ചിട്ടെന്നപോലെ തുടർന്നു. എനിക്കൊരു പനിമാതിരീണ്ട്‌. തണുക്കുന്നുമുണ്ട്‌. അവർ തന്റെ കൈപിടിച്ച്‌ അവരുടെ നെഞ്ചിൽ വച്ചു ചൂടെടുപ്പിച്ചു.
ശരിയാണ്‌ ലേശം ചൂടുണ്ട്‌.
പിന്നെയും ഓരോ കാര്യങ്ങൾ പറഞ്ഞ്‌ ആ രുചിയുടെ പുണ്യം വിളമ്പിയ അത്താഴം കഴിച്ച്‌ ഞങ്ങൾ രണ്ടുമുറിയിൽ കിടന്നു.
ഒന്നുറങ്ങിക്കാണും.
തന്റെ ചെവിക്കടുത്ത്‌ അടുക്കിപ്പിടിച്ച ഒരു ശബ്ദം കട്ടിലിൽ ചേർന്നിരുന്നു കുനിഞ്ഞ്‌ ചെവിയോടു ചേർന്നു അവർ മന്ത്രിച്ചു. "പത്മാ...എനിക്കു പനികൂടിയപോലെ...ഭയങ്കരമായി തണുക്കുന്നു. ശരീരം കിടുകിടുക്കുന്നു. ഞാനിവിടെ കിടക്കാം. എന്നെ ചേർത്ത്‌ കെട്ടിപ്പിടിക്കൂ...
    അനുസരിക്കാനല്ലാതെ മറ്റൊന്നിനും യാതൊരു പ്രസക്തിയുമില്ലവിടെ... എങ്കിലും ചരടു മുറിഞ്ഞുപോയ ഒരു പട്ടമാകാതിരിക്കാൻ എന്നാലാവുന്ന ശക്തി സംഭരിച്ച്‌ അവരെ ചേർത്തു പിടിച്ചു വരിഞ്ഞുമുറുക്കി. ഭോഗാസക്തിയുടെ വാഞ്ചനയുണരാതെ അവരുടെ നെറ്റിയും മുഖവും പുറവും തലോടി. സമയം ഒരു മഞ്ഞുതോണി പോലെ ഒഴുകി. ദിവ്യമായ ഒരു പരസ്പര സാന്ത്വനത്തിൽ ഞങ്ങൾ വിലയം പ്രാപിച്ചു...കാമത്തിനപ്പുറമുള്ള ഈ സുഷുപ്തിയിൽ രണ്ടാത്മാവുകൾ 'പൂന്താന'മാകാൻ കൊതിച്ചു....?

മരണം നട്ടുനനയ്ക്കുന്നവർ


അച്ചാമ്മ തോമസ്‌
    വർഷങ്ങളുടെ പഴക്കമുള്ള ആ രാത്രിയുടെ, ജനൽപ്പാളി തുറക്കുമ്പോൾ, പുറത്തെവിടെയോനിന്ന്‌ നായ ഓരിയിട്ടു. ഉറക്കമില്ലാത്ത രാത്രിയുടെ കാവൽക്കാർ. മൺകുടം തട്ടിയിട്ടുടച്ച കറുമ്പൻ പൂച്ച, അതിന്റെ പച്ചക്കണ്ണുകൾ തെളിച്ച്‌ ഇരുട്ടിലൂടെ പുറത്തേയ്ക്ക്‌ പാഞ്ഞു. അതിനൊരു നന്ദി പറയാൻ കഴിഞ്ഞില്ല. ഇതെവിടെയാണ്‌? ഈ കുടുസ്സുമുറി ഏതാണ്‌? ഒന്നും വ്യക്തമാകുന്നില്ല. കാലം എത്രകഴിഞ്ഞിരിക്കുന്നു. പോരാത്തതിന്‌ തലയുടെ പകുതി നഷ്ടപ്പെട്ടിരിക്കുന്നു. ഓർമ്മകളും പകുതിയേ കാണു. തയിലേയ്ക്കുയർത്തിയ കൈയ്യാകട്ടെ, കൈപ്പത്തിയില്ലാതെ നിന്നു തേങ്ങി. ജീവൻ പാകിവയ്ക്കരുതെന്നുള്ള ക്രൂരതയിൽ വെട്ടുമ്പോൾ, അറ്റുപോകുന്ന ശരീര ഭാഗങ്ങൾ പിന്നീടവയെല്ലാം പെറുക്കിക്കൂട്ടാൻ സാധിച്ചാലായി. അല്ലെങ്കിൽ അവയൊക്കെ മൃഗങ്ങൾക്കു ഒരു നേരത്തെ ആഹാരമായി.
    ദൂരെ കുറ്റിച്ചെടികൾക്കിടയിൽ നിന്നും ഒരു വെളിച്ചം, നിലാവെളിച്ചവുമായി കൂടികളർന്ന്‌, ഭീകരമായ ഒരു രൂപമായി, വായുവിൽ ലയിച്ചു. കുറുക്കന്മാർ ഓലിയിടുകയും, മുരളുകയും, ചീറുകയും ചെയ്തുകൊണ്ട്‌ ഓടി നടക്കുന്നു. ഇതുപോലൊരു രാത്രിയുടെ ഓർമ്മ, കാഴ്ചയുടെ വിരുന്നൊരുക്കി മുന്നിൽ തെളിഞ്ഞു. ഓർമ്മയുടെ തടാകത്തിൽ ഓളങ്ങളുണ്ടാക്കി, വേദനയുടെയും പകയുടെയും നാഗങ്ങൾ, പരസ്പരം ചുറ്റിപ്പിണഞ്ഞു. ജാതിയുടെയോ, രാഷ്ട്രീയത്തിന്റെയോ, വേലിക്കെട്ടുകളില്ലാതെ, ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ, മനുഷ്യനെ സ്നേഹിച്ചതിനു കിട്ടിയ സമ്മാനം. ഒരു സമ്മേളനത്തിൽ പങ്കെടുത്ത്‌ മടങ്ങുമ്പോൾ, വഴിയരികിലെ പൊന്തൽക്കാട്ടിൽ നിന്നും, ചാടിവീണ കുറെനിഴലുകൾ, വെട്ടിയും കുത്തിയും അടിച്ചും മൃതപ്രായനാക്കി. എന്താണ്‌ സംഭവിക്കുന്നത്‌. എന്നറിയാനുള്ള സമയം കിട്ടുന്നതിനു മുമ്പ്‌ വെട്ടുവീണു. ജീവനുവേണ്ടി ചിലപ്പോൾ, തുരുതുരാ വെട്ടുന്നവർക്ക്‌ ജീവൻ ബാക്കി വയ്ക്കരുതെന്ന നിർദ്ദേശം പാലിക്കേണ്ടിയിരുന്നു. രക്തംകണ്ട്‌ അറപ്പ്‌ മാറിയ ക്രൂരതയുടെ പര്യായങ്ങൾ. ഡ്രാക്കുളയുടെ രീതി കേട്ടിട്ടുണ്ട്‌. ആർക്കും പിടികൊടുക്കാത്ത ഊർജ്ജം വീണ്ടെടുക്കാൻ രക്തം പാനം ചെയ്യും. പക്ഷേ ജീവൻ എടുക്കില്ല. എന്നാൽ മനുഷ്യൻ അങ്ങനെയല്ല. കരുണയില്ലാത്ത അവനാവശ്യം ജീവനാണ്‌. എന്നാൽ ചിലരാകട്ടെ നാണയത്തുട്ടുകൾക്കായി ഒരു പരിചയവുമില്ലാത്ത സഹജീവിയെ ചൂണ്ടിക്കാട്ടുമ്പോൾ കൊല്ലാൻ തയ്യാറാകുന്ന മനുഷ്യമനസ്സ്‌. വെട്ടുകൊണ്ട ചോരക്കളത്തിൽ കിട്ടുന്ന, ശരീരത്തിന്റെ ആത്മാവുവിട്ടുപിരിഞ്ഞുപോകാനാകാതെ, കാറ്റിനോടൊത്ത്‌ മുകളിൽ ചുറ്റിപ്പറ്റി നിന്നു. സ്നേഹിച്ചു തീരാത്ത ഭാര്യയെ ഓർത്ത്‌, സ്കൂൾ ബാഗും കുടയുമൊക്കെ കൊണ്ടു ചെല്ലാമെന്ന്‌ പറഞ്ഞിട്ടുപോയ, അച്ഛൻ ചെല്ലുന്നതും കാത്തിരിക്കുന്ന മക്കൾ. മകന്റെ സംരക്ഷണയിൽ ജീവിക്കാൻ കൊതിച്ചിരിക്കുന്ന അച്ഛനും അമ്മയും. ജീവിതം ജീവിച്ചു തീരാത്ത യൗവ്വനം, പാതിവഴിക്കായ ജഡത്തെ ഓർത്ത്‌, ആത്മാവ്‌ വിട്ടുപിരിയാനെ, അവിടെ കാത്തുനിന്നു. ഒഴുകി പടർന്ന്‌ സ്വന്തം രക്തത്തിൽ തലചായിച്ച്‌, അറ്റുവീഴാറായ കൈകൾ കൊണ്ട്‌, മണ്ണിനെ വാരിപ്പുണർന്ന്‌, ഇടവിട്ടിടവിട്ട്‌ തുറക്കുന്ന  വായുടെ വശങ്ങളിലൂടെ ഒഴുകുന്ന ചോരയും നീരും നീർക്കുമിളകളും, അടയാത്ത ആ കണ്ണുകളിലെ ഭാവമെന്തായിരുന്നു? ആരായിരുന്നു? എന്തിനായിരുന്നു ജീവനെടുത്തത്‌? ആശയങ്ങളുടെ പൊരുത്തക്കേടുകൾക്കായിട്ടോ? ഒറ്റികൊടുത്തവനും ഒറ്റുവാങ്ങിയവനും എന്താണ്‌ നേട്ടമുണ്ടായത്‌?
    പക്ഷേ അവരറിഞ്ഞില്ല, സ്വന്തം ജീവിതത്തിന്റെ കടയ്ക്കലാണ്‌ മരണംനട്ട്‌, രക്തംകൊണ്ട്‌ നനയ്ക്കുന്നതെന്ന്‌. ഏതായാലും ഇനി ഊഴമൊന്ന്‌ മാറുകയാണ്‌. കൊത്തിനുറുക്കപ്പെട്ട ശരീരം കണ്ട്‌, ബോധം മറഞ്ഞ്‌, പിച്ചും പേയും പറഞ്ഞ്‌, മരിച്ച അമ്മയ്ക്കായി ചിലത്‌ ചെയ്യാനുണ്ട്‌. പ്രതികാരത്തിന്റെയും, പകയുടെയും പുകപടലങ്ങൾ, അന്തരീക്ഷത്തിലുയർന്നു. രാത്രി അവസാനിക്കും മുമ്പ്‌ മഞ്ഞയും ചുവപ്പും, കറുപ്പുമായി മേഘപ്പാളികൾ കാറ്റിനൊപ്പം നീങ്ങി. ചിതയിൽ കത്തി ജ്വലിക്കുന്ന അസ്ഥിക്കഷണം പോലെ മഞ്ഞ മേഘപ്പാളികൾക്കിടയിൽ ചന്ദ്രക്കല ഒളിഞ്ഞു കിടന്നു.

രക്തപുഷ്പാഞ്ജലി


മുട്ടം ശ്രീനി

ഇന്നു ഞാൻ ഓർക്കുന്നു കൃഷ്ണേ! നിന്റെ രാജ്യവും, കാന്തന്മാരും
കൈവിട്ടു നിന്നിൽ നിന്നു നീതിയും, നിയമങ്ങളും
അന്യമായ്ത്തീർന്നീലയോ-മാനവും കവർന്നില്ലേ
കള്ളച്ചൂതിനാൽ, നീചരാം രാജാക്കന്മാരുടയാടയഴിച്ചില്ലേ?
ഏറെപ്പുരാതനമൊരു ഗാഥതൻ പുനരാവർത്തന-
മിൻഡ്യയിലിന്ദ്രപ്രസ്ഥം തന്നിൽ കണ്ടു നാം മാനം കെട്ടു
മണമില്ല, നിറമില്ല, ദുർഗന്ധപൂരിതം, വികൃതമായ്‌ നഗരവും
നഗരപ്രാന്തങ്ങളും നേതൃത്വമില്ലാതൊട്ടഴിഞ്ഞാടുന്
നയ്യോ കഷ്ടം.
മരിക്കില്ല കൃഷ്ണേ! നീ ഈ പ്രപഞ്ചത്തിൻ ശ്വാസമായ്‌,
മാനവഹൃത്തടങ്ങളിലൊരുശക്തിയായ്‌ സംസ്കാരമായ്‌
ഇന്നെനിക്കോർമ്മതൻ ജ്യോതിസ്സായ്‌ ജ്വലിക്കുന്നു-
തീഷ്ണമാം സഹനത്തിൻ ഉജ്ജ്വലപ്രതിഭാസമായ്‌
നീയൊരനാമിക! അമ്മയാണെനിക്കു നീ, പെങ്ങളാ-
ണൊരുനല്ല സൗഹൃദക്കൂട്ടാളിയാണെന്നെസശന്നും ജീവിതം പങ്കാളിയും
ദ്വാരകേ! നിൻമടിക്കുത്തിൽ നിന്നൊരു പിടിച്ചുടുചാരം
കോരിഞ്ഞാനെടുക്കട്ടെ, ദുഃഖസാന്ദ്രമൊരോർമ്മതൻ തുടിപ്പായി
കരയാൻ മനസ്സില്ലെനിക്കൊട്ടും! പ്രതിക്ഷേധകൊടുംകാറ്റിൻ-
ദുദ്ദുഭിമുഴങ്ങട്ടിവിടയീ ഭാരതരാജ്യം തന്നിൽ
ഇന്നെനിക്കോർമ്മതൻ താരാഗണമുജ്വലപ്രഭാവ-
മാണനാമികെ! നിനക്കെന്റെ രക്തപുഷ്പാഞ്ജലി!

വെറുമൊരു ദാഹം


മഹർഷി

ഇനിയുമൊരിക്കൽ വരണമെനിക്കീ
മെഴുകിമിനുക്കിയതറയിൽശയിക്കാൻ
കീറിയ തഴപ്പാതൻ മുഷിപ്പൻഗന്ധം
ആത്മാനന്ദമതാവാഹിക്കാൻ

ആരുടെ സഞ്ചിച്ചുവടും കീറി
റേഷൻകടയിലെ അരിമണികൾ
ആകാശത്തിൽ ചിതറിയിരുപ്പൂ
കണ്ണുകളാലത്പിറക്കിക്കൂട്ടാൻ

തോടുംചാലും പുഴയാഴങ്ങളും
തളിരുംതാലമെടുക്കും നാട്ടിൻ
കുളിരും കൊണ്ടാടിക്കുഴയും കാറ്റം
രാവിൻഈണപ്പെരുപൊരുളുകളും

പ്രാചിവിളമ്പിയപകലിൻകത്തി
ചൂടാറുമുൻപൂതിക്കുടിക്കാൻ
ചിറകുപരത്തിവരുന്നൊരുകൂട്ടം
കിളിയളികളെ കണ്ടുരസിക്കാൻ

കാലത്തിൻതാളുമറിച്ചീടുമ്പോൾ
നീറിപ്പടരും ചിന്തകൾതെളിയും
ഇനിയൊരുവരവിൽരേഖകൾ
ഇതുവഴിവരയാൻമോഹം

നടനംതിരുനടയിൽതുടരാനിനിയും
ചിലമ്പിയപദനിസ്വനതാളലയം
ഉടലുറയൂരിരമിച്ചനാളിന്നിതളുകൾ
തളർന്നടിയാനിനിയും വേഗം തരളം

മുള്ള്‌


സത്താർ ആദൂർ

വലിച്ചെടുക്കാൻ
ഒത്തിരി പാടുപെട്ടു

കാലിനടിയിലാണെങ്കിലും
കാര്യമായിതന്നെ
കയറിപ്പോയിരുന്നു

അത്രയ്ക്ക്‌
ആഴത്തിലേക്ക്‌...

എന്ത്‌ കണ്ടിട്ടാണാവൊ?

ഗുരുചരണങ്ങളിൽ


മീരാകൃഷ്ണ




    "അതു ലോല മതലോല
    മതുദൂര മതന്തികം
    അതു സർവ്വാന്തരമതു
    സർവ്വത്തിനു പുറത്തുമാം"
                (ശ്രീനാരായണഗുരു)
                (ഈശോവാസ്യ ഉപനിഷത്തിന്റെ തർജമ)

    ഫിജി രാജ്യത്തിലെ ജനങ്ങളിൽ ഭാരതത്തിന്റെ ആദ്ധ്യാത്മികജ്ഞാനത്തിന്റെ സാരാംശം എത്തിക്കുവാൻ സ്വാമി മുനിനാരായണ പ്രസാദ്‌ എഴുതിയ പുസ്തകമാണ്‌ "അറിവിന്റെ ആദ്യപാഠങ്ങൾ." ശ്രീനാരായണ ഗുരുകുലം പ്രസിദ്ധീകരിച്ച ഈ പുസ്തകം തർജ്ജമ ചെയ്തിരിക്കുന്നത്‌ രാഘവൻ മാസ്റ്ററാണ്‌. ചോദ്യങ്ങളും ഉത്തരങ്ങളും അതുപോലെ പകർത്തുന്ന മഹത്തായ പാരമ്പര്യം പല ധർമ്മശാസ്ത്രഗ്രന്ഥങ്ങളിലും (ഭഗവദ്ഗീത) ഉണ്ട്‌. ഈ പ്രശ്നോത്തരി ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണ്‌. ദത്തശ്രദ്ധനായ വിദ്യാർത്ഥിക്ക്‌ ഗുരു ഉത്തരം നൽകുന്നു. താൽപര്യമില്ലാത്ത വിദ്യാർത്ഥികളുടെ അടുത്തുനിന്ന്‌ അദ്ധ്യാപകർ നടത്തുന്ന ഉച്ചഭാഷണത്തേക്കാൾ തികച്ചും വ്യത്യസ്തമാണ്‌ ഈ പുനരാഖ്യാനം.
    ഭൂമുഖത്ത്‌ നാഗരികത ഉദയം ചെയ്തതോടെ വേദങ്ങളും നിലവിൽവന്നു. ഓരോ വേദവും സംഹിതകൾ (സ്തോത്രങ്ങൾ), ബ്രാഹ്മണങ്ങൾ (യാഗസൂക്തങ്ങൾ സംബന്ധിച്ചുള്ള പ്രമാണത്തെപ്പറ്റി പറയുന്ന ഭാഗം), ഉപനിഷത്തുകൾ (വേദത്തിന്റെ ജ്ഞാനകാണ്ഡം) എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. തത്ത്വദർശനപരമായ എല്ലാ പ്രശ്നങ്ങളും ഉപനിഷത്തുകൾ കൈകാര്യം ചെയ്തിട്ടുമുണ്ട്‌. വ്യാസവിരചിതമായ ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും ഉപനിഷത്തുകളും ഒരുമിച്ചു ചേർത്ത്‌ ഹിന്ദുമതത്തിന്റെ ധർമ്മസിദ്ധാന്തത്തിന്‌ രൂപം കൊടുത്തു. ഇതിനെ പ്രസ്ഥാനത്രയം എന്നു പറയുന്നു. അതുകൊണ്ട്‌ ഹിന്ദുമതത്തിന്റെ അന്തസ്സത്തയെപ്പറ്റി പറയുമ്പോൾ ഈ ഗ്രന്ഥങ്ങളെയെല്ലാം ഉൾക്കൊള്ളിക്കുന്നുണ്ട്‌. ഭക്തിസാഹിത്യത്തെയും ഉൾപ്പെടുത്തുന്നു. ഭഗവദ്ഗീതയിലെ കർമ്മയോഗവും ഉപനിഷത്തുക്കളിലെ ജ്ഞാനമാർഗ്ഗവും ഹിന്ദുമതത്തെ മനസ്സിലാക്കുവാൻ കൂടുതൽ സഹായിക്കുന്നു. മുനിനാരായണപ്രസാദിന്റെ പുസ്തകവും ഈ ജ്ഞാനമാർഗ്ഗങ്ങളെയാണ്‌ തേടുന്നത്‌. നമുക്കു തുടങ്ങാം എന്ന ഒന്നാം അദ്ധ്യായത്തിൽ ഒരു പരമാണുവിൽനിന്നാണ്‌ സംവാദം തുടങ്ങുന്നത്‌. ഞാനാരാണ്‌? ഞാൻ വെറും മാംസവും അസ്ഥിയും മാത്രമാണോ അതോ ഭൗതികശരീരമാണോ? ചില വൈജ്ഞാനികൾ പറയുന്നതുപോലെ സ്ഥൂലശരീരത്തിലെ സൂക്ഷ്മശരീരമാണോ? അതോ ഇവയിൽനിന്നൊക്കെ വളരെ ഗഹനവും സൂക്ഷ്മവുമാണോ, ശരീരത്തിന്റെയും മനസ്സിന്റെയും പരിമിതികൾക്കതീതമായി എന്നിലെന്തെങ്കിലും സത്തയുണ്ടോ ഇങ്ങനെയുള്ള ചിന്തകളാണ്‌ ആ ചെറിയ അദ്ധ്യായം ഉണർത്തുന്നത്‌. രണ്ടാം അദ്ധ്യായം തന്നെത്താനറിയുക എന്നതാണ്‌. ജ്ഞാതാവ്‌, കർത്താവ്‌, ഭോക്താവ്‌ ഇതൊരാൾതന്നെ എന്നു വ്യക്തമാക്കുന്നു. താൻ നിർമ്മിച്ച പ്രദർശനവസ്തു പോലും തന്റെ ഒരംശമാണ്‌. പ്രപഞ്ചമാകുന്ന അനശ്വര പ്രവാഹത്തിന്റെ ഒരു ഭാഗമാണ്‌ താൻ. അതായത്‌ തന്നെക്കുറിച്ചു തനിക്കുള്ള അറിവും പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവും ഒന്നാണ്‌ എന്നു ഗുരു പറയുമ്പോൾ ഭഗവദ്ഗീതയിലെ ഒരു ഭാഗം ഓർമ്മവരുന്നു.
    "അഹമാത്മാ ഗോ‍ൂഡാകേശ സർവഭൂതാശയസ്ഥിതഃ
    അഹമാദിശ്ച മധ്യംച ഭൂതാനാമന്ത ഏവച"
(ഹേ ഗോ‍ൂഡാകേശാ, സർവ്വഭൂതങ്ങളുടെയും അന്തരംഗസ്തിതനായ വിശ്വാത്മാവാണു ഞാൻ. സർവ്വചരാചരങ്ങളുടെയും ആദിമധ്യാന്തങ്ങളും ഞാൻതന്നെയാണ്‌).
    നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങളെപ്പറ്റിയുള്
ളതാണ്‌ മൂന്നാമദ്ധ്യായം. ഓരോ മതഗ്രന്ഥത്തേയും പറ്റി പറയുമ്പോൾ നാമതു മനസ്സിലാക്കേണ്ടത്‌ അതു രൂപംകൊണ്ട സാംസ്കാരികവും ചരിത്രപരവുമായ പശ്ചാത്തലത്തെ മാറ്റിനിർത്തി വേണം എന്നു ഗുരു പറയുന്നു. ഭാരതീയ സംസ്കൃതിയുടെ ഏറ്റവും പ്രധാനമായ മതഗ്രന്ഥം ഉപനിഷത്തുകളാണെന്നും പറയുന്നു. ശ്രുതികളും സ്മൃതികളുമെന്ന്‌ മതഗ്രന്ഥങ്ങളെ രണ്ടായി തരംതിരിക്കുന്നു. നാലു വേദങ്ങളും, ഉപനിഷത്തുകളും, ശ്രുതികളാണെന്നും പുരാണങ്ങളും ഇതിഹാസങ്ങളും ധർമ്മശാസ്ത്രങ്ങളും സ്മൃതികളാണെന്നും പറയുന്നു. രാമായണവും മഹാഭാരതവും നമ്മുടെ ഇതിഹാസങ്ങളാണെന്നും ഗുരു പഠിപ്പിക്കുന്നു. കർമ്മവും ജ്ഞാനവും എന്ന നാലാം അദ്ധ്യായത്തിൽ വേദങ്ങളെപ്പറ്റിയും ഉപനിഷത്തുകളെപ്പറ്റിയും വിശദമാക്കുന്നു. സ്തുതികളുടെ സമാഹാരമാണ്‌ വേദങ്ങൾ. ഹവനം അഗ്നിഹോത്രം, യജ്ഞം, ഹോമം എന്നീ പേരുകളിലാണവ അറിയപ്പെടുന്നത്‌. അവ കർമ്മകാണ്ഡമാണെന്നും ഉപനിഷത്തുകൾ ജ്ഞാനത്തിനുവേണ്ടിയുള്ളതാണെന്നും പറയുമ്പോൾ ഭഗവദ്ഗീതയിലെ കർമ്മയോഗവും ഉപനിഷത്തുകളിലെ ജ്ഞാനമാർഗ്ഗവുമാണ്‌ ഗുരു ഉദ്ദേശിക്കുന്നത്‌. വേദങ്ങളിലെ തത്വചിന്താപരവും മനശാസ്ത്രപരവുമായ ഭാഗങ്ങളാണ്‌ വേദാന്തം. വേദമെന്നു പറഞ്ഞാൽ ജ്ഞാനം. ജ്ഞാനത്തിന്റെ പാരമ്യമാണ്‌ വേദാന്തം. ഋഷിമാരുടെ യഥാർത്ഥമായ അനുഭവങ്ങളുടെ കലവറയായ വേദാന്തസാഹിത്യത്തെ അതിലളിതമായി ഈ പുസ്തകം പഠിപ്പിക്കുന്നു. അഞ്ചാം അദ്ധ്യായത്തിൽ ആരാണു ഗുരു എന്നു പറയുന്നു. അജ്ഞാതമാകുന്ന  ഇരുട്ടിനെ അകറ്റുന്നവനാണ്‌ ഗുരു. ഉപനിഷത്തെന്നാൽ തൊട്ടുതാഴെ അരികിൽ അർത്ഥനാഭാവത്തോടെ വിനയാന്വിതയായി ഇരിക്കുക എന്നാണ്‌ അർത്ഥം. അങ്ങനെ ഇരിക്കുന്നത്‌ ശിഷ്യനാണ്‌. എല്ലാ ഉപനിഷത്തുകളും ഗുരുശിഷ്യ സംവാദമാണെന്നുള്ളത്‌ പരമാർത്ഥമാണ്‌. ഏഴാം അദ്ധ്യായം ആരാണീശ്വരൻ എന്നു പറയുന്നു. ഈശ്വരനെ അന്വേഷിക്കുക എന്നാൽ തന്നെ തന്നെ അന്വേഷിക്കുന്ന ക്രിയയാണ്‌. ആറും ഏഴും അദ്ധ്യായം വായിക്കുമ്പോൾ യഥാർത്ഥത്തിൽ നാം എന്താണെന്നു മനസ്സിലാക്കിത്തരുന്നു.
   സത്ത്‌ ചിത്‌ ആനന്ദം ഇവ ഓരോരുത്തരിലും ഉണ്ട്‌. അപ്പോൾ ഈശ്വരൻ നമ്മിൽത്തന്നെയാണ്‌. സ്വർഗ്ഗം എവിടെ എന്ന അദ്ധ്യായത്തിൽ പറയുന്നു, എല്ലാ മതങ്ങളും സ്വർഗ്ഗം ഉണ്ടെന്നു വിശ്വസിക്കുന്നു. ദൈവത്തിന്‌ ഉയർന്ന മൂല്യം കൽപിക്കുന്നതുകൊണ്ട്‌ ദൈവം ഇരിക്കുന്ന ഉയർന്ന സ്ഥാനമാണ്‌ സ്വർഗ്ഗം എന്നു കരുതുന്നു. ശൂന്യാകാശപോടകത്തിനു പോലും എത്താൽ സാധിക്കാത്ത ആ സ്ഥലം നമ്മുടെ മനസ്സുതന്നെയാണ്‌. ജാഡ്യം, ബുദ്ധിശൂന്യത, മൗഢ്യം ഇവ ഇല്ലാത്ത സ്ഥാനം വൈകുണ്ഠം. അനന്തമായ കാലമാണ്‌ വിഷ്ണുവിന്റെ കിടക്ക. ഉല്ലാസത്തിന്റെ വാസസ്ഥാനം കൈലാസം. ഈ പുസ്തകത്തിലെ ഓരോ ഭാഗങ്ങളും അറിവുകളുടെ അക്ഷരഖനികളാകുന്നു. ഗായത്രീഹവനം എന്ന ഭാഗത്ത്‌ ഗായത്രീമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനാണെന്നും ഋഗ്വേദത്തിന്റെ മൂന്നാം മണ്ഡലത്തിലെ അറുപത്തിരണ്ടാം സൂക്തത്തിലെ പത്താമത്തെ മന്ത്രമാണ്‌ ഗായത്രിയന്നും ആ പേര്‌ രചിച്ച വൃത്തത്തിന്റെ പേരു മാത്രമാണെന്നും ഗുരു പറയുന്നു. പക്ഷേ, എന്റെ അറിവിൽ ഗായത്രിമന്ത്രം ഭാരതത്തിലെ ഏറ്റവും പ്രധാനമായ മന്ത്രങ്ങളിൽ ഒന്നാണ്‌. "ഗായന്തം ത്രായതേ, യസ്മാത്‌ ഗായത്രീ--ത്യഭീധീയതേ" ഗായത്രി ഒരു മനുഷ്യനെ ആത്മസാക്ഷാത്കാരത്തിനുള്ള പ്രക്രിയയിലേക്കു നയിക്കുന്ന മന്ത്രമാണ്‌.
    ഇതിന്‌ പ്രകൃതിയുമായി ബന്ധമുണ്ട്‌. ഗായത്രി സംസ്കൃതഭാഷയിലെ ഒരു ഛന്ദസ്സാണ്‌. ആ വൃത്തത്തിലാണ്‌ ഗായത്രി രചിക്കപ്പെട്ടിരിക്കുന്നത്‌. ഗായത്രിവൃത്തത്തിൽ ഇരുപത്തിനാലക്ഷരങ്ങളുണ്ട്‌. അവ ഓരോ പാദത്തിലും തുല്യമായിട്ടു ക്രമീകരിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ ത്രിപാദഗയത്രി എന്നറിയപ്പെടുന്നു. ഗായത്രിമന്ത്രത്തിന്റെ ഓരോ പാദവും ഋഗ്‌വേദംഋജുർവേദം, സാമവേദം എന്നീ വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. (അഥർവ്വവേദത്തിന്‌ അതിന്റേതായ ഗായത്രിയുണ്ട്‌..) ഗുരു ഗായത്രിയെപ്പറ്റി പുസ്തകത്തിൽ പറയുന്നത്‌ അറിവിന്റെ പ്രഭവസ്ഥാനം എന്ന അർത്ഥത്തിലാണ്‌ വേദമാതാമെന്ന്‌ അഥർവ്വവേദത്തിൽ പറയുന്നത്‌ എന്നാണ്‌. പക്ഷേ, "ഗായത്രിം ഛന്ദസ്സ്‌ മാതാ" എന്നു വേദങ്ങളിൽ പറഞ്ഞിട്ടുണ്ട്‌. ഇവിടെ ഛന്ദസ്സ്‌ എന്ന്‌ ഉദ്ദേശിക്കുന്നത്‌ വേദങ്ങളെയാണ്‌. അതുകൊണ്ടു ഗായത്രി എല്ലാ വേദങ്ങളുടെയും മാതാവാണ്‌. തന്നെയുമല്ല,
    ഓം ഭുർഃ ഭുവഃ സ്വഃ
    തത്‌ സവിതുർ വരേണ്യം
    ഭർഗ്ഗോ ഭേവശ്യ ധീ മഹി
    ധിയോ യോനഃ പ്രചോദയാദ്‌
ഈ മന്ത്രത്തിൽ ഓം എന്നത്‌ അകാരവും ഉകാരവും മകാരവും ചേരുന്നതാണ്‌. സൃഷ്ടി സ്ഥിതി സംഹാരത്തെ  ഇവ പ്രതിനിധാനം ചെയ്യുന്നു. പ്രണവം ഈശ്വരനെ അഖണ്ഡബോധമായി കാണുന്നു. വ്യാഹൃതികൾ (ഭുർഃഭൂവഃസ്വഃ) നമ്മുടെ ഭൗതികവും മാനസികവും പ്രാണന്റേതുമായ തലങ്ങളെ നിയന്ത്രിക്കുന്ന ദേവന്മാരെ പരാമർശിക്കുന്നു. അതായത്‌ അഗ്നി, വായു, ആദിത്യൻ ഇവയുടെ ബീജാക്ഷരങ്ങളാണവ. ഛന്ദോഗ്യ ഉപനിഷത്തിൽ പറയുന്നത്‌ പ്രജാപതി മൂന്നു വേദങ്ങളെ ധ്യാനിച്ച്‌ മൂന്നു മന്ത്രാക്ഷരങ്ങൾ കറന്നെടുത്തു എന്നാണ്‌. ഭുർ-- ഋഗ്‌വേദത്തിൽനിന്നും ഭൂവ--യജുർവേദത്തിൽനിന്നും  സ്വ--സാമവേദത്തിൽനിന്നും. ഇവയെ കൂടുതൽ ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്തപ്പോൾ പ്രണവ മന്ത്രം (ഓം) ലഭിച്ചു.  'ധീമഹി' എന്ന വാക്കിന്റെ അർത്ഥം ഞങ്ങൾ ധ്യാനിക്കുന്നു എന്നതാണ്‌. ഗായത്രിമന്ത്രം സവിതാവിനെയാണ്‌ സംബോധന ചെയ്യുന്നതെങ്കിലും അധിഷ്ഠാനദേവത ഗായത്രിയാണ്‌. ഗായത്രി എന്നു പറഞ്ഞാൽ ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളോടു ചേർന്നിരിക്കുന്ന സ്ത്രീഘടകമാണ്‌. സരസ്വതിയുടെയും (വിദ്യ) ലക്ഷ്മിയുടെയും (ധനം) കാളിയുടെയും (സംരക്ഷണം) വരദാനങ്ങൾക്കാണ്‌ പ്രാർത്ഥിക്കുന്നത്‌. മന്ത്രധ്വനിയുടെ ശക്തിയും പ്രാർത്ഥനയുടെ ഭക്തിയും കൂടിച്ചേരുമ്പോൾ നമ്മുടെ യഥാർത്ഥ പ്രകൃതി അറിയുന്നതിനുള്ള ബുദ്ധിയുണരുന്നു.
    വർണ്ണാശ്രമ വ്യവസ്ഥകൾക്കധീനമാണ്‌ ഗായത്രീമന്ത്രവും. നാലാമത്തെ വർണ്ണത്തെയും സ്ത്രീകളെയും ഗായത്രിജപത്തിൽനിന്നൊഴിവാക്കിയിട്ടുണ്ട്‌. (വിഷ്ണു ഗായത്രി, ഹനുമത്‌ ഗായത്രി പോലുള്ളവർക്ക്‌ ജാതിലിംഗഭേദമില്ല)--ഓരോ അദ്ധ്യായവും എടുത്തു പരിശോധിക്കുമ്പോൾ സനാതനധർമ്മത്തിന്റെ ശാശ്വതമൂല്യങ്ങൾ ചർച്ച ചെയ്യുവാനുള്ള അവസരം "അറിവിന്റെ ആദ്യപാഠങ്ങൾ" എന്ന കൃതി ഒരുക്കുന്നു. ഈശോവാസ ഉപനിഷത്തിനെപ്പറ്റിയുള്ള നല്ല പാഠങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. വ്യാസന്റെ വേദാന്തസൂക്തം ഭഗവത്ഗീത, ഉപനിഷത്തുകൾ മുതലായ പൗരാണിക ഗ്രന്ഥങ്ങളിലൂടെയും അദ്ധ്യാത്മശാസ്ത്രത്തിലൂടെയും സത്യത്തെ തേടുകയും സത്യത്തിന്റെ യഥാർത്ഥ സ്വഭാവം കണ്ടെത്തുന്ന ഹിന്ദുധർമ്മത്തിന്റെ തത്വചിന്തയെയും അദ്ധ്യാത്മികപാഠങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്യുന്ന ഈ കൃതി മഹത്തായ വായനാനുഭവം പകർന്നുതരുന്നു.
അറിവിന്റെ ആദ്യപാഠങ്ങൾ
സ്വാമി മുനി നാരായണപ്രസാദ്‌
(ശ്രീനാരായണ ഗുരു ഹോം സ്റ്റഡിസെന്റർ ഒരു ലക്ഷം രൂപയുടെ സ്കോളർഷപ്പിന്‌ വേണ്ടി
തെരഞ്ഞെടുത്ത ഗ്രന്ഥവുമായി ബന്ധപ്പെട്ട്‌ എഴുതിയ നിരൂപണം)

വഴക്കങ്ങൾ : നോവുകളെ തലോടുന്ന കവിത.



വെള്ളിയോടൻ

   കവിതകൾ സമൂഹത്തിന്റെ നാവാണ്‌.കവിക്ക്‌ സമൂഹത്തോട്‌ പറയാനുള്ളത്‌ കവിയുടെ വരികളാണ്‌. ഈ വരികളാണ്‌ സമൂഹത്തിന്റെ നവോത്ഥാനത്തിനും വിപ്ലവകരമായ മാറ്റങ്ങൾക്കും നിദാനമാകുന്നത്‌. ഏത്‌ ഭാഷയിലായാലും ചരിത്രാതീതകാലം മുതൽ കവിതകൾ വ്യക്തി മനസ്സിലും സമൂഹത്തിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. വായ്പ്പാട്ടായും അച്ചടി മഷി പുരണ്ടും ആധുനിക സാങ്കേതിക വിദ്യയിലെ ബ്ലോഗ്‌ കവിതകളായുമെല്ലാം അതിന്‌ രൂപഭേദങ്ങൾ വന്നു എന്നു മാത്രം. ഇത്തരം രൂപ പരിണാമങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോഴും കവിത എന്നും അതിന്റെ ഗഹനതയും ആശയ ഗാംഭീര്യവും നിലനിർത്താൻ ശ്രമിച്ചു. ഒരു വേള അങ്ങനെയുള്ളവ മാത്രമേ വായനാ സമൂഹത്തിൽ സ്ഥായിയായി നിലനിന്നിട്ടുള്ളൂ.

    ശ്രീമതി ശ്രീദേവി.കെ.ലാലിന്റെ വഴക്കങ്ങൾ എന്ന കവിതാ സമാഹാരം തീർച്ചയായും വിഷയത്തിന്റെ  ആഴങ്ങളിലൂടെ സഞ്ചരിക്കുകയും,അതിൽ വിവിധങ്ങളായ ആശയങ്ങളെ സമന്വയിപ്പിച്ച്‌ പൂരിതമാക്കുകയും ചെയ്തിരിക്കുന്നു. ഒറ്റ വായനയിൽ അവസാനിക്കുന്നില്ല ശ്രീദേവിയുടെ വരികൾ. വായനക്കാരന്റെ ചിന്താ മണ്ഡലത്തെ കശക്കിയെടുത്ത്‌ അവരിൽ ഒരു പുതുവസന്തം സൃഷ്ടിക്കുന്നതോടൊപ്പം,തന്റെ അനിവാര്യതയെ കുറിച്ച്‌ ചിന്തിക്കാനും അവന്‌ പ്രേരകമാകുന്നു.ഇത്തരം പ്രേരണകൾ ഉടലെടുക്കുമ്പോഴാണ്‌ കവി സാർത്ഥനാകുന്നത്‌. ഭാഷാ മനോഹാരിതയും വിഷയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായവയാണ്‌ ശ്രീദേവിയുടെ കവിതകൾ. അതോടൊപ്പം തന്നെ കവിതയുടെ  ത?യീഭാവം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നതിലും ശ്രീദേവി.കെ. ലാൽ മികവ്‌ പുലർത്തി.

    സ്ത്രീ എന്നും ഭരിക്കപ്പെടേണ്ടവളാണെന്ന പുരുഷ മേധാവിത്വ മനോഭാവത്തിൽ നിന്നും പിറവിയെടുത്ത വാക്കാണ്‌ ഭാര്യ.അത്‌ കൊണ്ടാണ്‌ ഭാര്യയുടെ ബോധതലത്തെയും ആഗ്രഹങ്ങളെയും എന്നും ഭർത്താവ്‌ തന്റെ ഇംഗിതത്തിനനുസൃതമായി കൂട്ടുകയും കുറക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്‌. ഓരോ ഭാര്യമാരും, ഇന്നും വരയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലക്ഷ്മണ രേഖയ്ക്കകത്ത്‌, സ്വതന്ത്രമായ നിശ്വാസങ്ങൾക്കായി കാത്തിരിക്കുന്നവരാണ്‌. ഇത്തരം പുരുഷ കേന്ദ്രീകൃത ചിന്താ ധാരയെ ചോദ്യം ചെയ്യുകയും ലക്ഷ്മണ രേഖകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന സ്ത്രീ മനസ്സുകളുടെ നിസ്സഹായതയെ അക്ഷരങ്ങൾ കൊണ്ട്‌ കോർത്തിണക്കുകയുമാണ്‌ വഴക്കങ്ങൾ എന്ന കവിതയിൽ. പുരുഷന്റെ മേധാവിത്വത്തിന്‌ കീഴ്പ്പെടാൻ സ്ത്രീ എന്നും പണിപ്പെടുന്നത്‌ നിറമിഴികളോടെയാണന്ന സത്യം കവി നമ്മെ ഓർമ്മപ്പെടുത്തുന്നു.

 ആസ്വാദകന്റെ ഹൃദയ ഭിത്തികളിലൂടെ നനുത്ത ഒരു സ്പർശം ഇഴഞ്ഞു നീങ്ങുന്ന അനുഭൂതിയാണ്‌ നിനക്കായ്‌ എന്ന കവിത വായിക്കുമ്പോൾ. കവിയൂടേതെന്ന പോലെ, വായനക്കാരന്റെയും ഏകാന്തത്തയുടെ വരണ്ട വേനൽ പാടങ്ങളിൽ, പുതുജീവൻ പകരുന്ന ദൈവിക വർഷമാണ്‌ പ്രണയം.സ്നഹത്തിന്റെ യാചനയോടൊപ്പം തന്നെ കാമത്തിന്റെ അക്ഷമയും പുരുഷൻ പ്രണയപാത്രത്തിൽ നിറയ്ക്കുമ്പോൾ പകരം അവൾ നൽകുന്നത്‌ ആത്മാവിനെയാണ്‌, ജീവനേയും.

    പ്രണയവും സ്നഹവും ദൈന്യതയും നിഴലിക്കുന്ന കവിതകൾ രചിക്കുന്നതോടൊപ്പം തന്നെ ശ്രീദേവിയിലെ രാഷ്ട്രീയ ബോധമുള്ള പൗരനേയും വെളിവാക്കുന്ന കവിതകളിലൊന്നാണ്‌ വട്ടോട്ടം. അധികാരവർഗത്തിന്റെ അഴിമതിയിൽ സഹികെട്ട ഓരോ ഇന്ത്യൻ പൗരന്റെയും രോദനമാണ്‌ ഈ കവിത.കള്ളനും, പോലീസും കളികൾക്കിടയിൽ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്‌ കവി. കവി മനസ്സിന്റെ നിമ്നോന്നതങ്ങളിൽ അലിഞ്ഞു വരുന്ന തേങ്ങലുകളെ ആഴിയുടെ ആഴങ്ങളിൽ നിന്നും കണ്ടെടുത്ത ചിപ്പിയിലെ മുത്തുകൾ കൊണ്ട്‌ കോർത്തിണക്കിയ വരികളിലൂടെയാണ്‌ മൗനം എന്ന കവിത അവതരിപ്പിക്കുന്നത്‌.

  മാംസാധഷ്ഠിത രാഗത്തിന്‌ വഴിപ്പെടാത്ത പെൺമനസ്സിന്റെ അമർഷങ്ങളെ രേഖപ്പെടുത്തുന്ന പിട എന്ന കവിതയിൽ, മാതൃത്വത്തിന്റെ അനുഭൂതിയേയും സ്വപ്നങ്ങളേയും ഉത്കണ്ഠകളേയും വരച്ചു കാട്ടുന്നു. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തിനിടയിൽ നഷ്ടപ്പെട്ടു പോകുന്ന ബന്ധങ്ങൾക്കിടയിലെ ഊഷ്മളതയെ കുറിച്ച്‌ വ്യാകുലപ്പെടുകയാണ്‌ കവി ചാനൽ മഴയിലൂടെ. എന്നാൽ മനസ്സിനെ കുളിരണിയിക്കുന്ന യഥാർത്ഥ മഴയിൽ ആഹ്ലാദം കൊള്ളുകയും ചെയ്യുന്നു മഴ എന്ന കവിതയിൽ. കവിയിലെ താത്വിക ഭാവം പ്രകടമാകുന്ന ശ്രദ്ധേയമായ ഒരു കവിതയാണ്‌ മോഹം. നിരർത്ഥകവും സഫലീകൃതവുമാകാത്ത മോഹങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്ന കവി സംസ്കാരത്തിന്റെ ദിശാ സൂചി വഴിമാറിയതിനെ കുറിച്ചും പറയുന്നു.
   സ്ത്രീയിലെ വൈധവ്യത്തേയും, ഉപേക്ഷിക്കപ്പെട്ടവളുടെ മനോനിലയും, കിളി ബിംബം നൽകി ഒരേ വരിയിൽ അന്തർലീനമാക്കിയെടുക്കുന്ന മാന്ത്രിക വിദ്യയാണ്‌ ഒറ്റക്കിളിയിൽ ശ്രീദേവി സന്നിവേശിപ്പിച്ചിരിക്കുന്നത്‌ .സമുദ്രത്തിലെ തിരമാലകളെപ്പോലെ ഉയർന്നു വരുന്ന മോഹങ്ങളെ നിശ്ചലമാക്കുന്ന കാത്തിരിപ്പാണ്‌ ഓരോ നഷ്ടങ്ങളും സ്ത്രീക്ക്‌ സമ്മാനിക്കുന്നത്‌ .

 യുദ്ധത്തിന്റെ ഓരോരോ ഷോട്ടുകൾ ക്യാമറയിൽ പകർത്തി വായനക്കാരന്‌ മുമ്പിൽ പ്രദർശിപ്പിക്കുന്ന കവി ഓരോ ജയാരവങ്ങളും അടുത്ത നിമിഷങ്ങളിൽ തന്നെ നിർവീര്യമാക്കപ്പെടുകയാണന്ന്‌ നമ്മെ ഓർമ്മപ്പെടുത്തുന്നു.ഉടലുകൾ ഉടയുന്നത്‌ പോലെ സമൂഹവും ഉടഞ്ഞ്‌ ചിന്നിച്ചിതറുകയാണ്‌ .

പ്രകൃതിയിലെ ഓരോ ജൈവാംശങ്ങളിലേക്കും നിർബന്ധ ബുദ്ധിയോടെ ചേക്കേറുന്ന ഒന്നാണ്‌ മരണം. ഒരാളുടെ മരണം അയാളെ വേദനിപ്പിക്കുകയോ  അയാളിൽ നഷ്ടങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെങ്കിലും,  മറ്റുള്ളവരിൽ അത്‌ കൂടിച്ചേരാത്ത മുറിവുകളായും അയാളുടെ സാമീപ്യം ആഗ്രഹിക്കുന്നവരിൽ തീരാനഷ്ടമായും അവശേഷിക്കുന്നു. അത്തരമൊരു മരവിച്ച ഓർമ്മകളിൽ നിന്നെഴുതപ്പെട്ട കവിതയാണ്‌ വസന്തം പകർന്ന ഓർമ്മയ്ക്ക്‌.സുഹൃത്തിന്റെ മരണത്തിൽ കവി ഹൃദയം നോവുമ്പോഴും മരണത്തിന്‌ പോലും തോൽപ്പിക്കാനാകാത്ത അയാളിലെ മന:ശക്തിയും ഇട്ടേച്ചു പോയ ഓർമ്മകളും സുഹൃത്തിന്റെ കർമ്മ പഥത്തിലൂടെ സഞ്ചരിക്കാൻ കവിക്ക്‌ പ്രചോദനമാകുന്നു.

  കെട്ടിയിടപ്പെട്ട കുറ്റിക്ക്‌ ചുറ്റും മാത്രം ഭ്രമണം ചെയ്യുകയും നഷ്ടങ്ങളേയും നിരാസത്തേയും മോഹങ്ങളേയും നിസ്സംഗതയോടെ തന്നിലേക്ക്‌ സ്വാംശീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ സ്ത്രീത്വത്തെ വികാര തീവ്രതയോടെ ശ്രീദേവി അവതരിപ്പിക്കുമ്പോൾ അത്‌ പുരുഷ ഹൃദയത്തിലേക്കും പടരുന്ന ഒരു നോവായി മാറുന്നു.ഇതിലെ  മുപ്പത്തിമൂന്ന്‌ കവിതകളും വായിച്ചുകഴിയുമ്പോൾ വായനക്കാരന്റെ മനസ്സിൽ ഒരു ചാറ്റൽ മഴയുടെ കുളിരണിയും . പരിധിപബ്ലിക്കേഷൻസ്‌ പുറത്തിറക്കിയ ഈ കവിതാസമാഹാരത്തിന്റെ വില 40 രൂപ.

അത് ഞാനല്ലായിരുന്നു/-ഒസ്ടെമിര്‍ അസഫ്

പരിഭാഷ :

ഗീതാജാനകി
ഒരു വൈകുന്നേരം വഴിയിലാകെ നിറയുന്ന ഇരുട്ടിലേക്ക്
ജനാലയിലൂടെ നീ നോക്കുകയായിരുന്നു.
എന്നെപ്പോലെ തോന്നിക്കുന്ന ആരോ നിന്‍റെ വീടിനു മുന്നിലൂടെ കടന്നുപോയി.
നിന്‍റെ ഹൃദയം വല്ലാതെ തുടിക്കുവാന്‍ തുടങ്ങി
പക്ഷെ അത് ഞാനല്ലായിരുന്നു .

ഒരു ദിവസം നീ നിന്‍റെ കിടക്കയില്‍ കിടന്നുറങ്ങുകയായിരുന്നു.
പെട്ടെന്ന് നിശബ്ദമായൊരു ലോകത്തിലേക്ക് നീയുണര്‍ന്നു
ഒരു സ്വപ്നത്തിലെ എന്തോ ഒന്ന് നിന്‍റെ കണ്ണ് തുറപ്പിച്ചു .
മുറിയിലാകെ ഇരുട്ടായിരുന്നു.
നീ കണ്ടയാള്‍ ഞാനല്ലായിരുന്നു.

ആ സമയം ഞാനടുത്തെങ്ങും ഉണ്ടായിരുന്നില്ല.
കാരണമേതുമില്ലാതെ നീ കരയുവാന്‍ തുടങ്ങി.
ഒടുവില്‍ നീ എന്നെപ്പറ്റി ചിന്തിച്ചുതുടങ്ങി
സ്നേഹത്തോടെ സ്നേഹത്തോടെ നിന്റെയൊപ്പം ജീവിക്കുന്നതായിട്ട് .
ഇക്കാര്യം അറിഞ്ഞിരുന്നയാള്‍ ഞാനല്ല.

നീ ഒരു പുസ്തകം വായിക്കുകയായിരുന്നു, ആകെ മുഴുകി .
അതിലെ ആളുകള്‍ ഒന്നുകില്‍ പ്രണയിച്ചു അല്ലെങ്കില്‍ മരിച്ചു .
ആ നോവലിലെ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു.
നീ ആകെ പേടിച്ചു, നിന്‍റെ എല്ലാ ശക്തിയും സംഭരിച്ച് നീ കരഞ്ഞു .
മരിച്ചത് ഞാനായിരുന്നില്ല.

വിശുദ്ധമായ ചില വ്യാകരണപ്പിശകുകൾ


                       

തോമസ്‌ പി.കൊടിയൻ
                           
"എന്തോരം ആൾവോളാ നുമ്മട ഇമ്മട്ടിക്കൊച്ചിനെ കാണാംവ്വന്നേക്കണേ?" അച്ചുനായരുടെ കണ്ണുകളിൽ അതിശയം.
   "മുണ്ടാണ്ടിരീട ചെമ്മാനേ. നവോമിയമ്മ എന്തൂട്ടാ പറഞ്ഞേ? ഒച്ചേം ബഹളോം ഒന്നും ഒണ്ടാക്കാണ്ട്‌ നല്ല കുട്ട്യോളായിട്ടു നിക്കണംന്നല്ലേ?" ഇക്കുറു സ്വരമടക്കി ശാസിച്ചു. ചെമ്മാണെന്നു വിളിച്ചതിലും ശാസിച്ചതിലുമൊന്നും കാലുഷ്യമേതുമില്ലാതെ പൂർവ്വജന്മത്തിൽ 'അച്ച്വായർ' എന്നു വിളിപ്പേരുണ്ടായിരുന്ന അച്ചുനായർ എന്ന ഇപ്പോഴത്തെ ചെമ്മാൻ നിഷ്കളങ്കതയോടെ തലകുലുക്കി. അച്ചുനായരെ ചെമ്മാനും മറന്നു കഴിഞ്ഞിരുന്നു.
    ആരാണ്‌ അച്ചുനായരെ ചെമ്മാനാക്കിയതെന്ന്‌ ആർക്കും വ്യക്തമായോർമ്മയില്ല.  പയസ്ഗാർഡൻസിലെ അന്തേവാസികളിൽ പലർക്കും അവരുടെ പൂർവ്വാശ്രമം മുഴുവൻ മറന്നു പോകത്തക്കവിധം കൃത്യമായ പേരുകളിട്ടതാരാണെന്നും ആർക്കുമറിയില്ല. പയസ്ഗാർഡൻസിലെ ചുറ്റുമതിലുകൾക്കുള്ളിൽ നിന്നും പുറംകാഴ്ചകളിലേയ്ക്കെത്തി നോക്കുന്ന കടലാസു പൂക്കളുടെ വർണ്ണക്കാവടികൾ താണ്ടി, വളർന്നു നിൽക്കുന്ന മുഗ്ധപ്രണയിനിയായ പൂന്തോട്ടത്തിനപ്പുറത്തെ നാലകത്തിനുള്ളിൽ പേരുകൾ പ്രകൃത്യാ അങ്ങിനെ സംഭവിച്ചുകൊണ്ടിരുന്നു. വേനലിനിടയിലെ മഴയിൽക്കിളുർക്കുന്ന പുതുമുളകൾ പോലെ - വളരെ നേരത്തേ തന്നെ അതവിടെ ഉണ്ടായിരുന്നു; മഴ വന്നുവിളിച്ചു. ബീജം മുളച്ചു. അതുപോലെ തന്നെ പെരുവഴികളിൽനിന്നും ആരൊക്കെയോ അവിടെ വന്നു. നവാഗതരുടെ പെരുമാറ്റവൈചിത്രങ്ങളും സാഹചര്യങ്ങളും നോക്കി പയസ്ഗാർഡൻസിലെ 'ആദിവാസികൾ' അവർക്കു ചില പേരുകളിട്ടു. അഥവാ ആ പേരുകൾ അവരെക്കാത്ത്‌ അവിടെ അജ്ഞാതമായി കഴിഞ്ഞുകൂടുകയായിരുന്നു. അവർ വന്നു; പേരുകൾ ഉണർന്നു. മറ്റുള്ളവർ അവരെ വിളിച്ചു - 'ഇമ്മട്ടി, ഇക്കുറു, മറവൻ, ചീക്കു, ചെമ്മാൻ, സോയ, മണിച്ചി, എച്ചിയമ്മ.....'. പൂർവ്വജന്മനാമങ്ങൾ മറന്നുതുടങ്ങിയ പലരും അവരുടെ പുതിയ പേരുകളിൽ സന്തോഷം കൊള്ളുകയും അഭിമാനം കൊള്ളുകയും ചെയ്തു!
    നയോമി സിസ്റ്ററുടെ സഹായികൾ കാവിവസ്ത്രധാരികളായ അച്ചൻമാരുടെ കാര്യവും അതു തന്നെ. ആശ്രമത്തിലെ അന്തേവാസികൾക്ക്‌, അതിലെ പൊക്കം കുറഞ്ഞ അച്ചൻ 'ദാവീദും' പൊക്കവും തടിയുമുള്ള അച്ചൻ 'ഗോല്യാത്തു'മാണ്‌. നയോമിസിസ്റ്റർ അവർക്കു നയോമിയമ്മയാണ്‌. അവരുടെ ആ വിളികൾ കേട്ടു കേട്ട്‌ മുപ്പത്തഞ്ചുകാരിയായ സിസ്റ്റർ അറിയാതെ തന്നെ അമ്മയായിത്തീർന്നു. പതിനെട്ടു പേരുടെ അമ്മ! അവരേക്കാൾ ഇരുപതു വയസ്സു മൂപ്പുള്ള എച്ചിയമ്മ എന്ന ലക്ഷ്മിയമ്മയുടെ വരെ അമ്മ. എല്ലാവരേയും അവർ 'മക്കളേ' എന്നു വിളിച്ചു. എച്ചിയമ്മ   ഉൾപ്പടെ എല്ലാവരും 'എന്തോ' എന്നു വിളിയും കേട്ടു.
   ആ വിളികേൾക്കലുകളിൽ നയോമിയമ്മയുടെ വന്ധ്യമായിരുന്ന മുലകളിൽ മാതൃത്വം വിങ്ങുകയും  ഗർഭപാത്രം അതിന്റെ ജന്മസാഫല്യം നേടിയ സാന്ത്വനമറിയുകയും ചെയ്തു. അവരുടെ ഹൃദയം നിറഞ്ഞു  സ്നേഹാമൃതമൊഴുകി അവരുടെ മക്കളിൽ നിറഞ്ഞു. തനിക്കു ചുറ്റുമുള്ള പതിനെട്ടുപേർ തന്റെ മക്കളാണെന്നും അവർ ഓരോരുത്തരും ക്രിസ്തുമാരാണെന്നും  താൻ അവരുടെ അമ്മയായ കന്യകാമറിയം ആണെന്നും  ആ അമ്മ വിശ്വസിച്ചു.
   സന്ധ്യാ പ്രാർത്ഥനകൾക്കൊടുവിൽ കന്യകാമറിയം വിളിച്ചു. "മക്കളേ.."
   ജാതിമതഭേദമില്ലാതെ, പ്രായവ്യത്യാസമില്ലാതെ പതിനെട്ടുപേരും വിളികേട്ടു. "എന്തോ"
   "ക്രിസ്തുമക്കളേ"           
                 
   "എന്തോ"                                                                                                                    
   "ക്രിസ്തുക്കളേ"
   "എന്തോ"
   അവർ ക്രിസ്തുക്കൾ ആയതുകൊണ്ട്‌ കന്യകാമറിയം അവരെ കഠിനമായി സ്നേഹിക്കുകയും തെറ്റുകൾ കാണുമ്പോൾ സൗമ്യമായി കലഹിക്കുകയും, ക്രിസ്തുവായിരുന്നെങ്കിൽ അങ്ങനെ ചെയ്യുകയില്ലായിരുന്നൂവേന്നു പറയുകയും ചെയ്തു. അപ്പോൾ അവർ വന്ന്‌ ആ അമ്മയുടെ കണ്ണുകൾ തുടയ്ക്കുകയും മാപ്പിറക്കുകയും ചെയ്തു.  
   ഇന്നു പക്ഷെ, നയോമി സിസ്റ്റർക്കു കണ്ണുനീർ തോരാതെ പെയ്യുന്ന ദിവസമാണ്‌. ഇന്നവിടെ വ്യാകുലതയുടെ ഗത്സെമനിയ വിരുന്നു വന്നു. സിസ്റ്ററുടെ ക്രിസ്തുമാരിൽ ഒരാൾ പോയി.
   പയസ്‌ ഗാർഡൻസ്‌ അതിന്റെ ഇരുപതു വർഷത്തെ ചരിത്രത്തിനിടയിലാദ്യമായൊരു മരണത്തിന്റെ നഖമുനകളിൽ കിടന്നു പിടയുകയായിരുന്നു. ഇന്നലെ രാത്രി ദൈവം പയസ്‌ ഗാർഡൻസിലെ പൂന്തോട്ടത്തിൽ സന്ദർശനത്തിനു വന്നപ്പോൾ ഏറ്റവും സുരഭിലമായൊരു പൂവു കണ്ടു വല്ലാതെ ഇഷ്ടപ്പെട്ട്‌ അതിറുത്തെടുത്തു കൊണ്ടു  മടങ്ങിപ്പോയി....
   ഇമ്മട്ടി എന്ന പേരിലറിയപ്പെട്ടിരുന്ന സെബാസ്റ്റ്യന്റെ ഹൃദയം  നിലച്ചു പോയി....
   ദൈവത്തിന്റെ  ഒരു കൗതുകം പയസ്‌ ഗാർഡൻസിൽ ഒരു മരണമായി. അവിടെ മരണം മെഴുകുതിരി വെളിച്ചമായി നിറഞ്ഞു. ചന്ദനത്തിരിയുടെ ഗന്ധവും പുകയുമായി ഒഴുകി നടന്നു.
   'ഇന്നലെയുള്ളോനിന്നിവിടില്ല ഇനി വരികില്ലാ യാത്രക്കാരാ, മുന്നിലതാ നിൻ കബറിടമല്ലോ' എന്നപാട്ടിന്റെ നേർത്ത ഈണമായും നയോമിയമ്മയുടെയും എച്ചിയമ്മയുടേയും, പിന്നെ, ഓർമ്മകൾ തിരികെ വന്നിട്ടും വേണ്ടപ്പെട്ടവർ വന്നു കൂട്ടിക്കൊണ്ടു പോകാത്ത മറ്റു ചിലരുടെ തേങ്ങലുകളായും പയസ്‌ ഗാർഡൻസിലൂടെ മരണം പ്രാഞ്ചി പ്രാഞ്ചി നടന്നു. വെള്ളിക്കുരിശിലെ കുഞ്ഞുമണികൾ ഇടയ്ക്കിടെ കാറ്റുമായി ഏറ്റുമുട്ടി.
   മരണത്തിനു വെളിച്ചമുണ്ട്‌, ഗന്ധമുണ്ട്‌, ശബ്ദമുണ്ട്‌....
   മരണത്തിന്റെ ഭയങ്കരത തിരിച്ചറിയാനാവാത്ത ലോപ്പസ്‌, ഇക്കുറു മുതൽപ്പേർ ഒരു കൗതുകം പൂണ്ട ഭയത്തോടെ അടുത്തും അകന്നും നിന്നു കാഴ്ചകൾ കാണുകയാണ്‌.
   ലക്ഷ്മിയമ്മയും നയോമിസിസ്റ്ററും മറ്റു പലരും സെബാസ്റ്റ്യനരുകിലിരിക്കുകയായിരുന്നു. സെബാസ്റ്റ്യൻ പൂക്കൾക്കിടയിൽ മരണത്തിനു പ്രിയപ്പെട്ടവനായിത്തീർന്നതിന്റെ സന്തോഷത്തിൽ സ്മേരവദനനായി പ്രകാശിച്ചു കിടന്നു. നയോമിസിസ്റ്റർ ഉരുകുന്ന മെഴുകുതിരിയായി. അവരുടെ മനസ്സിലൂടെ പയസ്സ്‌ ഗാർഡൻസ്‌ ആരംഭിച്ചപ്പോൾ ആദ്യം വന്ന സെബാസ്റ്റ്യനെന്ന മനോരോഗിയിൽ നിന്നും, രോഗവിമുക്തനായപ്പോഴേയ്ക്കും ആർക്കും വേണ്ടാത്തവനായി, ഇമ്മട്ടിയെന്ന കളിപ്പേരുകാരനായിപ്പോയ ആ നല്ല ചെറുപ്പക്കാരന്റെ ഒടുവിലെ വാക്കുകളിലും ഡയറിക്കുറിപ്പുകളിലും പേർത്തും പേർത്തും അശാന്തമായി സഞ്ചരിച്ചുകൊണ്ടിരുന്നു.
   "നയോമിയമ്മ എന്നെ പറഞ്ഞുവിടല്ലേ. ഭൂഗോളത്തിൽ നിങ്ങളൊക്കെയല്ലാതെ എനിക്കിനി ആരുണ്ട്‌? ഈ മതിലിനു പുറത്തുപോയാലെനിക്കൊന്നുമറിയില്ല. വീട്ടുകാർക്കു പോലും വേണ്ടാത്തവനെ നാട്ടിലാർക്കെങ്കിലും ആവശ്യമുണ്ടാവുമോ? ഭ്രാന്തന്റെ സഹോദരങ്ങൾക്കു നല്ല നല്ല ബന്ധങ്ങൾ കിട്ടട്ടെ. തറവാടിന്റെ ചരിത്രത്തിൽ നിന്നും ഒരു ഭ്രാന്തൻ മാഞ്ഞു പോവട്ടെ. ഇവിടെ നിങ്ങളെയൊക്കെപ്പോലെ മറ്റുള്ളവരെ ശുശ്രൂഷിച്ച്‌ ഞാൻ ഇനിയുള്ള കാലം ഇവിടെ കഴിഞ്ഞോളാം" അവൻ യാചിച്ചു.
   'എല്ലാ ജീവജാലങ്ങൾക്കും നിയതമായ ജീവിതപ്പാതകളുണ്ട്‌. പക്ഷികൾക്കുള്ള ആകാശത്തിനും അതിരുകളുണ്ട്‌. മഴവില്ല്‌ പ്രണയാതുരതയോടെ വിളിച്ചപ്പോൾ അതിന്റെ കാന്തിയിൽ മയങ്ങി അതിരുകൾ താണ്ടിപ്പോയ മണ്ടൻ പക്ഷിയുടെ മുതുക്‌ മഴവില്ലിന്റെ മുന കൊണ്ടു കീറിപ്പിളർന്നപ്പോഴല്ല അവൻ കരഞ്ഞത്‌. മുറിവായിൽ നിന്നിറ്റുന്ന ചോര കണ്ടു കളിയാക്കിച്ചിരിച്ച മഴവില്ലിന്റെ കരുണയില്ലായ്മ തിരിച്ചറിഞ്ഞപ്പോഴാണ്‌..' ഇസബെല്ലുമായി പിരിഞ്ഞതിന്റെ ഓർമ്മകളിൽ അവന്റെ ഡയറി പറഞ്ഞ കാര്യങ്ങൾ....
   ഇപ്പോഴിതാ അവന്റെ ആളുകൾ! പയസ്‌ ഗാർഡൻസ്‌ നിറയെ അവന്റെ ആളുകൾ!  ഇന്നു മുതൽ അവരുടെ ഭൂമിയിലൊരു മനോരോഗിയില്ല. അവരുടെ ജീവിത വ്യാപാരങ്ങൾക്കിടയിൽ നിന്നും അവനെന്ന ബന്ധനം നീങ്ങിയിരിക്കുന്നു. ജീവിച്ചിരിക്കുന്ന അവരുടെ അവിവാഹിതരായ മക്കൾക്ക്‌ മനോരോഗപശ്ചാത്തലമുള്ള കുടുംബമെന്ന അവമതിയിൽ നിന്നും രക്ഷകിട്ടിയിരിക്കുന്നു. അതുകൊണ്ട്‌ അവനിപ്പോൾ ഒരുപാടു ബന്ധങ്ങൾ. ധാരാളം ആളുകൾ....ഇടി വെട്ടിയപ്പോൾ  മുളച്ച കൂണുകൾ...അവൻ മരിച്ചതുകൊണ്ട്‌ അവർക്ക്‌ അവന്റെ പേർ ഇനിമേൽ അവരുടെ വീടുകളിൽ വിവാഹാലോചനകളുമായി വരുന്നവരോടു പറയേണ്ട കാര്യമില്ല. അവർക്കിനി ധൈര്യമായി വിവാഹാലോചനകൾ നടത്താം. അവർക്കിനിമേൽ പയസ്‌ ഗാർഡൻസിൽ വരേണ്ട കാര്യമില്ല. അവരിന്ന്‌ പയസ്ഗാർഡൻസും സെബാസ്റ്റ്യനും അവരും തമ്മിലുള്ള ബന്ധങ്ങളുടെ അടയാളങ്ങൾ മായ്ച്ചുകളയും. മരണത്തിനു നൈമിഷിക നേരത്തേയ്ക്ക്‌ ബന്ധങ്ങളെ ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്‌. മരണം ഒരു ഫാക്ടറിയാണ്‌.....
   ഇക്കൂടെ അവന്റെ ഇസബെൽ ഉണ്ടാവുമോ? ഒരൊറ്റ മനുഷ്യജന്മത്തിലെ ഭഗ്നപ്രണയത്തിന്റെ മുൾക്കിരീടമണിഞ്ഞ്‌ മരണത്തിന്റെ ഗോൽഗോഥയോളം ചോരയൊലിപ്പിച്ച്‌ ഭ്രാന്തമായലഞ്ഞ തന്റെ പ്രണയിയെ ഓർത്ത്‌ അവൾ കരയുന്നുണ്ടാവുമോ?
  "ഇമ്മട്ടിയ്ക്കിത്രേം ആൾവോളുണ്ടായിട്ടാർന്നോ നമ്മടെടേല്‌ അനാഥനപ്പോല...." എച്ചിയമ്മ അടക്കം പറഞ്ഞു കരഞ്ഞു.
   വിരാമമില്ലാത്ത രംഗങ്ങളില്ലല്ലോ? സെബാസ്റ്റ്യനു യാത്ര പുറപ്പെടേണ്ട നേരമായി. ആമ്പുലൻസിൽ അവനെക്കയറ്റുമ്പോൾ ആകാശം മഴക്കാറു കൊണ്ടു മൂടിയിരുന്നു.ആമ്പുലൻസിൽ നയോമിസിസ്റ്ററും മറ്റു സിസ്റ്റർമാരും ലക്ഷ്മിയമ്മയും അച്ചൻമാരും വേറെ ഏതാനും പേരും കയറി. അവർക്കു മുന്നിൽ സെബാസ്റ്റ്യൻ നീണ്ടു നിവർന്നു കിടന്നു. സ്മേരവദനനായി. അവനു ചന്ദനത്തിരിയുടെ മണം. അവനു ബെന്തിയുടേയും ജെമന്തിയുടേയും സുഗന്ധങ്ങൾ... അവനു സന്തോഷമായിരുന്നു..... കാരണം അവനന്നു  രാജാവായിരുന്നു. മരണം അവനെ രാജാവാക്കി. അവനന്ന്‌ പുഷ്പകിരീടമുണ്ടായിരുന്നു!!
   വാഹനങ്ങളുടെ നീണ്ട നിര പള്ളിയിലെത്തി. കർമ്മങ്ങൾ തുടർന്നു കൊണ്ടിരിക്കെ ആകാശം പെയ്തിറങ്ങി - നിറുത്തില്ലാത്ത ഒരു വിഷാദഗീതം പോലെ അതു നീണ്ടു നീണ്ടുപോയി. കർമ്മങ്ങൾ കഴിഞ്ഞപ്പോഴും മഴ അവിരാമം പെയ്തു കൊണ്ടിരുന്നു.
   ഒടുവിൽ, ഒടുവിലെ ചുംബനങ്ങൾക്കായി സെബാസ്റ്റ്യൻ കാത്തുകിടന്നു. അപ്പൻ, അമ്മ, പ്രിയജനങ്ങൾ, ബന്ധുക്കൾ എല്ലാവരും മാറിയിട്ടും അവൻ വളരെ പ്രിയപ്പെട്ട ഒരാളെ തിരഞ്ഞു. പിന്നെ കൂട്ടുകാരെയും...
   ഒടുവിൽ അവരും വന്നു. അവന്റെ നയോമിയമ്മയും പിന്നെ കൂട്ടുകാരും....
   അവന്റെ നെറ്റിയിലെ മുടിയിഴകളൊതുക്കി അവിടെ തന്റെ ഹൃദയത്തിന്റെ മുദ്ര ചുണ്ടു കൊണ്ടു പതിപ്പിച്ചപ്പോൾ നയോമിയമ്മ പൊട്ടിക്കരഞ്ഞു. അവർ കരയുന്നതു കണ്ടപ്പോൾ അവന്റെ കൂട്ടുകാരും കരഞ്ഞു. അവരുടെ ചുംബനങ്ങളിലെ കണ്ണുനീരും ഉമിനീരും വീണ്‌ അവന്റെ മുഖം വിശുദ്ധമായി. പള്ളിയിൽ ഒരു വലിയ നിലവിളി നിറഞ്ഞു. പുറത്തു മഴയും അവരോടു ചേർന്നു.
    ഏറെ നേരം നീണ്ടു നിന്ന കുംഭമഴ ശമിച്ചപ്പോഴേയ്ക്കും അകത്തു കരച്ചിലുകളും പുറത്തു മഴയും നേർത്തു നേർത്തു വന്നിരുന്നു. സെബാസ്റ്റ്യന്റെ ആളുകൾ വളരെ തിടുക്കത്തോടെ അവനെ എടുക്കുകയും കഴിയുന്നതും വേഗം കൂടെ വരുന്നതിനായി പുരോഹിതനെ ഉൽസാഹിപ്പിക്കുകയും ചെയ്തു കൂടെച്ചേർത്തുകൊണ്ട്‌ സെമിത്തേരിയിലേയ്ക്കു നടന്നു. എല്ലാവരും അവരെ അനുഗമിച്ചു.
    പെയ്തു മറഞ്ഞ മഴ മണ്ണിൽ ജീവിച്ചു. മണ്ണു കുഴഞ്ഞിരുന്നു.
    മരിച്ച മഴയേയും നനഞ്ഞ മണ്ണിനേയും ശപിച്ചവർ സെബാസ്റ്റ്യന്റെ സ്വന്തക്കാർ മാത്രമായിരുന്നു. അവർക്കു കാലിൽ ചെളി പുരണ്ടു. അവരുടെ വണ്ടികളിൽ ചെളിയാവുമെന്നവർ പിറുപിറുത്തു. ഹൈറേഞ്ചിലെ സന്ധ്യയിലെ കാറ്റിനു ഭയങ്കര തണുപ്പെന്നു പറഞ്ഞു. അടുത്തൊന്നും കടകളില്ലായ്കകൊണ്ട്‌ വിശക്കുന്നുവേന്നു പരാതിപ്പെട്ടു.
   പയസ്‌ ഗാർഡൻസുകാർ ഒന്നുമറിഞ്ഞില്ല. അവർക്കും കാലിൽ ചെളിപുരണ്ടു. തണുത്തു. വിശന്നു. പക്ഷെ അതൊന്നുമവരെ തളർത്തിയില്ല. പെട്ടിയിലായിരുന്നുതുകൊണ്ടു സെബാസ്റ്റ്യനും ഒന്നുമറിഞ്ഞില്ല....
   അവസാനം, സെമിത്തേരിയിൽ, അവനുവേണ്ടിയൊരുക്കിയ കുഴിയിൽ ഇനിമേൽ നനവറിയാത്തവനും ചെളിയറയ്ക്കാത്തവനും തണുക്കാത്തവനും വിശക്കാത്തവനുമായി അവൻ കുഴിയിലേക്കിറങ്ങി മണ്ണു പുതച്ചു കിടന്നു.
  പുറത്ത്‌,  ചൂടുകാപ്പിയും ബണ്ണും പഴവും ജീവനുള്ളവരെക്കാത്തിരിപ്പുണ്ടായിരുന്നു. സെബാസ്റ്റ്യന്റെ സ്വന്തക്കാർ ഭക്ഷണത്തിനു വേണ്ടി കൂട്ടപ്പൊരിച്ചിൽ നടത്തി. വലുതെന്നും ചെറുതെന്നും, ആണെന്നും പെണ്ണെന്നും ഭേദമില്ലാതെ, പൊരുതി നേടിയവർ കുടിക്കുകയും വെട്ടിവിഴുങ്ങുകയും ചെയ്തു. കാരണം, അവർക്കു തണുത്തിരുന്നു. അവർക്കു വിശന്നിരുന്നു. അവർക്കു വേഗം പോകേണ്ടതുണ്ടായിരുന്നു.
   പക്ഷെ, അപ്പോഴും സെമിത്തേരിയുടെ ഗാഢഗംഭീരമായ സാന്ധ്യമൗനത്തിലേയ്ക്ക്‌ പയസ്ഗാർഡൻസിന്റെ ദുഃഖത്തിന്റെ തിരുമുറിവുകളിൽ നിന്നും രക്തം ഇറ്റു വീണു കൊണ്ടിരുന്നു. "മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കു തമ്പുരാന്റെ മനോഗുണത്താൽ...." മരിച്ചവർക്കായുള്ള പ്രാർത്ഥന.
   മക്കൾ പതിനേഴായിക്കുറഞ്ഞുപോയ ദുഃഖത്തിൽ, കന്യകാമറിയം, തങ്ങളുടെ കൂട്ടത്തിൽനിന്നു പിരിഞ്ഞുപോയവനെച്ചൊല്ലി നൊമ്പരം കൊണ്ടു പ്രാർത്ഥിക്കുകയാണ്‌. പയസ്ഗാർഡൻസിലെ മറ്റുള്ളവർ അതിന്റെ ബാക്കി പ്രാർത്ഥനകൾ ചൊല്ലി. ചിലർ പ്രാർത്ഥനകൾക്കു പകരമായി വ്യഥയോടെ ഇമ്മട്ടീ, ഇമ്മട്ടീ എന്നു വിലപിച്ചുകൊണ്ടിരുന്നു. ആരൊക്കെയോ ദാനം കൊടുത്ത, പഴകിയതും പാകമാകാത്തതുമായ വസ്ത്രങ്ങൾക്കുള്ളിൽ, വൃത്തബദ്ധമല്ലാത്ത ശരീരഭാഷകളോടെയും വാമൊഴികളോടെയും, മനുഷ്യരുടെ അംഗീകൃത ജീവിതത്താളത്തിന്റെ പുറമ്പോക്കിൽ, സിമത്തേരിയിലെ സന്ധ്യയിൽ അവർ നിന്നു. വിശപ്പിൽ. തണുപ്പിൽ. പക്ഷെ, അതൊന്നുമവരെ തളർത്തിയിരുന്നില്ല.
   ഹൈറേഞ്ചുസന്ധ്യയിലെ തണുത്ത കാറ്റിൽ വിലാപപ്രാർത്ഥനയോടെ നിന്നിരുന്ന ആ ചെറുമനുഷ്യസംഘത്തെ നോക്കി പിരിഞ്ഞു പോകുന്നവർ കളിയാക്കിച്ചിരിച്ചുകൊണ്ടു പറഞ്ഞു: "ഒക്കെ വട്ടുകേസുകളാ. വ്യാകരണപ്പിശകുകൾ!..."
    ഹൈറേഞ്ചിന്റെ ഉർവ്വരതകളിൽ നിന്നും ഉയർന്നു പൊങ്ങിയ ആവിമഞ്ഞിൽ അവർ അലിഞ്ഞലിഞ്ഞുപോയി. ചുറ്റുപുറങ്ങളിലെ കാഴ്​‍്ചകൾ മറഞ്ഞു തുടങ്ങി. 
    "മക്കളേ,  സന്ധ്യ മയങ്ങുന്നു. വാ. എല്ലാവരും വാ." അമ്മ വിളിച്ചു.
   കാന്തക്കട്ടയിലേക്കു തിരിയുന്ന ഇരുമ്പുതരികൾ പോലെ എല്ലാവരും അമ്മയിലേക്കു തിരിഞ്ഞു - ഒരാളൊഴികെ. സോയ.... ഇരുപതു തികഞ്ഞിട്ടില്ലാത്ത ദൈവകൽപ്പന!
    "മോളേ... സോയമോളേ... വാ." അമ്മ വീണ്ടും വിളിച്ചു.
    "ഞാൻ വരുന്നില്ല നയോമിയമ്മേ... ഇമ്മട്ടിയെ ഇവിടെ ഒറ്റയ്ക്കാക്കി ഞാൻ വരില്ല. ഇമ്മട്ടി ഇപ്പോൾ മുളച്ചു വരും. ഇമ്മട്ടി പൂവിടും. ഇമ്മട്ടിപ്പൂവിനോടെനിക്കു ചോദിക്കണം: 'എന്നെ ഇഷ്ടമല്ലായിരുന്നോ എന്ന്‌....."
   അവൾ മുഖംപൊത്തി ഏങ്ങലടിച്ചു കരഞ്ഞു.
   നയോമി സിസ്റ്ററുടെ ഉള്ളുലഞ്ഞെത്തിയ ഒരു ഗദ്ഗദവും കിഴക്കൻകാറ്റും അവളെ അണച്ചുചേർത്തുപിടിച്ചു. അനാമികകളായ കാവുകളിൽ വിരിയുന്ന അജ്ഞാതപുഷ്പങ്ങൾക്കെന്തു പേരിടും എന്ന വ്യഥയിൽ നയോമിസിസ്റ്റർ ആകാശങ്ങളിലേക്കു മുഖമുയർത്തി നോക്കി ചോദിച്ചു: 'ക്രിസ്തുവേ നീ അവിടെയുണ്ടോ? ഇതെല്ലാം കാണുന്നുണ്ടോ നീ? ഈ നിത്യശൈശവഹൃദയങ്ങളിൽ താങ്ങാനാവാത്ത സ്നേഹത്തിന്റെ കദനഭാരം നിറച്ച്‌ എന്നെയും ഈ കുഞ്ഞുങ്ങളെയും നീ വേദനിപ്പിക്കുന്നതെന്തിനാണ്‌?' അവരുടെ ഹൃദയം വേദനകൊണ്ടു നിറഞ്ഞു തുളുമ്പി.

വർത്തമാനത്തിന്റെ ഇതിഹാസം-കെ.ആർ.മീരയുടെ“ആരാച്ചാർ


                                                                 


ഇന്ദിരാബാലൻ 

                        
കൊൽക്കത്തയുടെ ചരിത്ര സാമൂഹ്യ രാഷ്ട്രീയ പശ്ച്ച്ചാത്തലത്തിൽ നിന്നുകൊണ്ട്‌ വാർത്തെടുത്ത കെ.ആർ.മീരയുടെ “ആരാച്ചാർ” എന്ന നോവൽ മനുഷ്യജീവിതത്തിന്റെ സമസ്തശക്തി ചൈതന്യങ്ങളും ആവാഹിച്ചെടുത്തിട്ടുണ്ട്‌. ഇതിലെ കഥാപാത്രാവിഷ്ക്കരണത്തിന്റെ മികവിൽ ഓരോ കഥാപാത്രങ്ങളും മായാതെ മനസ്സിൽ  തങ്ങിനില്ക്കുകയും, പ്രചോദിപ്പിക്കുകയും, സംവേദനക്ഷമത വികസിപ്പിക്കുകയും ചെയ്യുവാൻ പര്യാപ്തമാകുന്നു.“ആരാച്ചാർ ” എന്നു കേൾക്കുമ്പോൾ ‘പുരുഷൻ’ എന്ന പഴയ വ്യവസ്ഥാപിത ബോധത്തെ മാറ്റിമറിച്ച്‌ “ചേതനാ ഗൃദ്ധാ മല്ലിക്” എന്ന യുവതി ആരാച്ചാരാകുന്നതിന്റെ സ്ത്രീപക്ഷവീക്ഷണം ശക്തമായി പ്രതിപാദിക്കുവാനും നോവലിസ്റ്റു ശ്രമിക്കുന്നു. കാരണം സ്ത്രീകളെ  പീഡിപ്പിക്കുന്ന പുരുഷവർഗ്ഗത്തിന്നെതിരെ തന്റെ ചിന്തയിലൂടെ  രാകിയെടുത്ത മൂർച്ചയേറിയ ചോദ്യശരങ്ങൾ ചേതനയിലൂടെ തൊടുത്തുവിടാൻ കഴിയുന്നുണ്ട്‌.കൊല്ക്കത്തയുടെ ഓരോ മുക്കിലും മൂലയിലും ഉള്ള ഭിന്നതലവർത്തികളായ മനുഷ്യജീവിതങ്ങൾ അവരവരുടെ ചരിത്രവും, പാരമ്പര്യവും, വർത്തമാനങ്ങളും കൊണ്ട്‌ നിരവധി അറകൾ സൃഷ്ടിക്കുന്നു. വ്യക്തികളുടെ ഉപബോധമനസ്സിലും, അബോധമനസ്സിലും ഉറങ്ങിക്കിടക്കുന്ന അനുഭവങ്ങൾ ഇന്ദ്രജാലവൈഭവത്തോടെ ബോധതലത്തിൽ കൊണ്ടുവന്ന്‌ നടത്തുന്ന ഒരു വെല്ലുവിളി തന്നെയാണ്‌ ഈ കൃതിയുടെ രചന എന്നു നിസ്സംശയം പറയാം.

കേന്ദ്രകഥാപാത്രമായ "ചേതനാ ഗൃദ്ധാ മല്ലിക്കിലൂടെ "ഇന്ത്യൻസ്ത്രീത്വത്തിന്റെ ചിന്തയുടെയും, ബോധത്തിന്റേയും അനർഗ്ഗളപ്രവാഹമാണ്‌ അനാവരണം ചെയ്യുന്നത്‌. ഒരു ആരാച്ചാർ കുടുംബത്തിന്റെ കഥ പറയുന്നതിലൂടെ അഴിഞ്ഞുവീഴുന്നത് നിരവധി ഉപകഥകളാണ്‌. അതിലൂടെ ഭരണകൂടത്തിന്റെ ചാണക്യതന്ത്രങ്ങളുടെ കുരുക്കിൽ    എങ്ങിനെയൊക്കെ സമൂഹം/ ജനങ്ങൾ ഇരകളാക്കപ്പെടുന്നു എന്നും അനാവൃതമാകുന്നു. 

“യതീന്ദ്രനാഥ ബാനർജിയുടെ ദയാഹർജി തള്ളി” എന്ന വാർത്ത തുടങ്ങുന്നതിലൂടെയാണ്‌ നോവലിനു നാന്ദി കുറിക്കുന്നത്‌. ‘വധശിക്ഷ’ എന്ന വിഷയത്തിന്റെ സങ്കീർണ്ണതകൾക്കിടയിലൂടേയും,ബഹുമുഖങ്ങളുടെ സംഭവബഹുലമായ ജീവിതപാഠങ്ങളിലൂടെയും   നോവലിന്റെ ഇതളുകൾ വിടരുന്നു.  സമൂഹത്തിൽ നിലനില്ക്കുന്ന വിവേചനങ്ങളും, മനുഷ്യജീവിതങ്ങളുടെ ഉൾപ്പൊരുളുകളും, ജീവിതങ്ങളിൽ വലിഞ്ഞുകേറി ഇത്തിൾക്കണ്ണികളാകുന്ന കറുത്ത ഏടുകളും,പാടുകളും , ഒരു മരണം മറ്റു പല ജീവിതങ്ങൾക്കും ജീവിതോപാധിയായിത്തീരുന്ന സമസ്യകളും എല്ലാം ചേർന്ന് ബീഭൽസമായ സത്യത്തിന്റെ പാതയിലൂടെ നടന്നെത്തുമ്പോൾ ,ഓരോ നിമിഷവും മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ചോർക്കാതിരിക്കാനോ, സംഘർഷഭരിതമാവാതിരിക്കാനോ ആവില്ല.

സൊനാഗച്ചി എന്ന ചുവന്ന തെരുവും,അതിന്നപ്പുറം ദേവീദേവൻ മാരുടെ വിഗ്രഹങ്ങൾ വില്ക്കുന്ന കൊമാർതുളിയും,മച്ചുവാ ബസാറും, ട്രാമുകൾ ഇഴയുന്ന രബീന്ദ്രനാഥ ടാഗോറിന്റെ തറവാടു വീടും, അച്ചടിപ്രസ്സുകളും, പിച്ചാത്തികളും, എല്ലാം കഥകളുറങ്ങിക്കിടക്കുന്ന ദ്വീപുകളുടെ സിരാകേന്ദ്രങ്ങളാകുന്നു. രാത്രിയെന്നോ, പകലെന്നോ ഭേദമില്ലാതെ വീടിനു മുമ്പിലൂടെ വിലാപയാത്രക്കാരും, ചുമട്ടുകാരും, ക്ഷുരകന്മാരും, ചെരുപ്പുകുത്തികളും ,ചെവിത്തോണ്ടിക്കാരും, കച്ചവടക്കാരും, പിച്ചക്കാരനുമൊക്കെ തിക്കിത്തിരക്കിനടക്കുമ്പോൾ വായനക്കാരനും അവരിലൊരുത്തനായി മാറുന്നു. വൈരുദ്ധ്യത്തിന്റെ ബിംബകല്പ്പനകൾ വിളിച്ചോതുന്ന നെയ്യിലും, സൂര്യകാന്തിയെണ്ണയിലും മൊരിയുന്ന മധുര പലഹാരത്തോടൊപ്പം, വിറകിൻ ചിതയിലെരിയുന്ന മൃതദേഹങ്ങളുടേയും ഗന്ധം അവിടെയുള്ളവർക്കിടയിൽ ഇടകലർന്നു ചൂഴ്ന്നുനില്ക്കുകയും, പരിചിതങ്ങളുമാവുന്നു. അവരുടെ ജീവിതത്തോടൊപ്പം ഈ മണങ്ങളും സമരസപ്പെട്ടു കിടക്കുന്നു.വീട്ടുപടിക്കലിലൂടെ നിരന്തരക്കാഴ്ച്ചയായി മാറുന്ന ശവവണ്ടികളുടെ ഘോഷയാത്ര ജീവിതത്തെ നിസ്സാരവല്ക്കരിക്കുന്ന ബോധമുരുത്തിരിയുവാൻ കാരണമാകുന്നു. മനുഷ്യന്റെ അൽപ്പത്വത്തിനും, അഹങ്കാരത്തിനും, പ്രത്യക്ഷത്തിലല്ലെങ്കിലും, പരോക്ഷമായി പത്തി മടക്കിപ്പിക്കാൻ ഈ എഴുത്തുകാരിയുടെ തൂലിക ചലിക്കുന്നുണ്ട്‌.

അവിടവിടെ പ്രതിപാദിക്കുന്ന കഥകൾ പുരാണകഥകളുമായി സാത്മീഭവിക്കുന്നു. ഉദാഹരണത്തിന്‌ ദക്ഷയാഗവേദിയിൽ ആത്മാഹുതി ചെയ്ത സതിയുടെ ശരീരവും കൊണ്ട്‌ പരമശിവൻ  താണ്ഡവമാടുന്നു എന്നതിലും, മഹാവിഷ്ണു ആ ശരീരം സുദർശനചക്രത്താൽ ഛിന്നഭിന്നമാക്കിയതിലുമെല്ലാം അതു കാണുന്നു. സതീദേവിയുടെ ശരീരം പതിനെട്ടിടത്തു തെറിച്ചു വീണതിൽ നിന്നും പഴങ്കഥകളും, ഐതിഹ്യങ്ങളും,ചരിത്രങ്ങളും, സ്ഥലനാമങ്ങളും പുനർജ്ജനിക്കുന്നു. ദേവി സതിയുടെ വലതുകാലിലെ തള്ളവിരൽ വീണ സ്ഥലമാണ്‌ “കാളിഘട്ട്”  എന്നത് സ്ഥലത്തിന്റെ ഭൂമിശാസ്ത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ്‌. ആദിമ ചരിത്രത്തിന്റെ അടിവേരുകളിലേക്ക് ചൂഴ്ന്നിറങ്ങി നിരീക്ഷണദൌത്യത്തോടെ രചിക്കപ്പെട്ട ഈ നോവൽ “വർത്തമാനത്തിലെ ഇതിഹാസം” എന്നു വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തി ഇല്ല.
ആ സ്ഥലത്തെ ആദ്യതാമസക്കാർ കാളിയെപ്പോലെ അധർമ്മത്തിന്നെതിരെ പടവാളെടുക്കുന്ന ആരാച്ചാരന്മാരുടെ കുടുംബമാണെന്നും അറിയുമ്പോൾ നോവലിന്റെ തുടക്കത്തിൽ കുറിച്ചിട്ട പശ്ച്ചാത്തലവും , ജീവിതരംഗങ്ങളും കൂടുതൽ ഇഴയടുപ്പമുള്ളതാവുന്നു. ഇവിടുത്തെ ആദ്യ ആരാച്ചാരായ “രാധാരമൺ മല്ലിക്‌”നെക്കുറിച്ചു പറയുമ്പോൾ  ഥാക്കുമാ(മുത്തശ്ശി) എന്ന കഥാപാത്രത്തിന്‌ അഭിമാനമേറെയാണ്‌. കാരണം നീതിക്കു വേണ്ടി ചെയ്യുന്ന പോരാട്ടമാണ്‌ തങ്ങളുടെ കുടുംബത്തിന്റെ ചരിത്രവും, വർത്തമാനവും എന്ന് ആ വൃദ്ധ വിലയിരുത്തുന്നു.

മനസ്സു നിറയെ പൂവരശു പൂത്ത് കാല്പ്പനിക സ്വപ്നത്തിടമ്പേന്തി നിന്നിരുന്ന ഒരു കലാഹൃദയത്തിന്നുടമയാണ്‌ ജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ആദ്യ ആരാച്ചാരായി  മാറുന്നതെന്ന അറിവ് ജീവിതത്തിന്റെ സൂക്ഷ്മവും, നിഗൂഢവും ആയ തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കലാകാരൻ മാത്രമല്ല, രോഗികളെ  ശുശ്രൂഷിക്കുന്ന ഒരു വൈദ്യൻ കൂടിയായിരുന്നു ഈ കഥാപാത്രം. പിന്നീട് ജീവിതത്തിന്റെ പരിണാമദശയിൽ ഈ കഥാപാത്രം മൂന്നാമത്തേയും, നാലാമത്തേയും കശേരുകൾ ക്കിടയിൽ കുരുക്കിട്ടു പൂവരശിന്റെ പൂവൊടിക്കുന്നതിനേക്കാൾ എളുപ്പത്തിൽ മനുഷ്യശിരസ്സൊടിക്കാൻ പ്രാപ്തനാവുന്നു. . മുത്തശ്ശിക്കഥകളെ അനുസ്മരിപ്പിക്കുന്ന ഥാക്കുമാ അടിവരയിട്ടു പലപ്പോഴും അതിന്‌ സാന്ത്വനോക്തികൾ  നല്കി ഇങ്ങിനെ പറയുന്നു,“ അതു നമ്മുടെ തൊഴിലാണ്‌,നമ്മൾ കൊല്ലുന്നത്‌ നീതിക്കു വേണ്ടിയാണ്‌”.രാധാരമൺ പിതാമഹൻ വൈദ്യനായിരുന്നപ്പോൾ അദ്ദേഹം സേനാനായകന്റെ ജീവൻ രക്ഷിച്ചു. ആരാച്ചാരായപ്പോൾ അയാളെ തൂക്കിലേറ്റി.തന്റെ മുമ്പിലെത്തുന്ന ശത്രുവിനേയും ചികിൽസിച്ചു ഭേദപ്പെടുത്തുകയാണ്‌ വൈദ്യന്റെ ജോലി. തെറ്റു ചെയ്താൽ സ്വന്തം മകനേയും ശിക്ഷിക്കുകയാണ് ആരാച്ചാരുടെ ജോലി. ഒരു ജോലിയും മോശമല്ല, പാപവുമല്ല...എന്നു ഥാക്കുമാ പറയുമ്പോൾ കൃത്യം ചെയ്യുന്നവരുടെ മനസ്സാക്ഷിതന്നെയാണ്  ഈ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന് മനസ്സിലാവുന്നു. ഇടക്കിടക്കു ചോർന്നു പോകുന്ന മനുഷ്യമനസ്സിനെ കടിഞ്ഞാണിട്ട് നിർത്തി കരുത്തു പകരുന്നതിന്റെ പ്രതീകമാകുന്നു ഥാക്കുമാ. അവിടെ  യാതൊരു വിധ നീക്കുപോക്കുകൾക്കോ  വിട്ടുവീഴ്ച്ചകൾക്കോ  ഇടമില്ല. ഥാക്കുമാ ആദ്യന്തം പറയുന്ന വാക്കുകളെല്ലാം കേവലങ്ങളല്ല, ലോകം കണ്ട കാലത്തിന്റെ വാക്കുകൾതന്നെയാണ്‌.അനുഭവത്തിന്റേയും,അറിവിന്റേയുംവേടുകൾഅവരിലാഴ്ന്നിറങ്ങിയിരിക്കുന്നു.
കുടുംബത്തിലെ ആദ്യ ആരാച്ചാരായ പിതാമഹന്റെ കുലപ്രവൃത്തിയിൽ അഭിമാനം കൊള്ളുകയും, സ്നേഹിച്ചും ലാളിച്ചും പേടിക്കേണ്ടെന്ന് സാന്ത്വനിപ്പിച്ചും സ്വന്തം മകനെ സ്ക്കൂളിലേക്കു പറഞ്ഞയക്കുന്ന ലാഘവത്വത്തോടെ പ്രതികളെ  മരണക്കുരുക്കിട്ട് പറഞ്ഞയക്കുന്ന പിതാമഹന്റെ കൈകൊണ്ടു മരിക്കുന്നതു ഭാഗ്യമാണെന്നുപ്പോലും അവർ(കുടുംബക്കാർ) കരുതുന്നു. പിതാമഹനു കിട്ടിയ സമ്മാനങ്ങളി ൽ ഒരു ക്ളാവു പിടിച്ച സ്വർണ്ണനാണയം കുടുംബപാരമ്പര്യത്തിന്റെ ഓർമ്മക്കായി, തെളിവായി ഥാക്കുമാ സൂക്ഷിച്ചു വെക്കുന്നു.
ഇപ്പോൾ ഥാക്കുമായുടെ മകനായ ഫണിഭൂഷൺഗൃദ്ധാ മല്ലിക്കിനുശേഷം ആരാച്ചാർ തസ്തിക തുടരേണ്ടത് മകളായ ചേതനയാണ്‌. അച്ഛൻ തൂക്കിക്കൊന്നവരുടെ ബന്ധുക്കൾ ചേതനയുടെ മിടുക്കനായ സഹോദരനെ ആക്രമിച്ചു ശയ്യാവലംബിയാക്കി. എനി ആ കുടുംബത്തിന്റെ തൂണായി മാറേണ്ടത് ചേതനയാണ്‌. വധശിക്ഷ നീതി നടപ്പാക്കൽ മാത്രമല്ല, അധികാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്ന ഥാക്കുമാ ഭുവനേശ്വരിയുടെ വാക്കുകൾ തീപ്പൊരി പോലെ ഇടക്കിടെ അവളുടെ കർണ്ണങ്ങളിൽ പതിച്ചുകൊണ്ടിരുന്നു. ഇറച്ചിവെട്ടുകാരനേക്കാൾ വേഗതയോടെയും, കൃത്യതയോടേയും ദിവസേന നൂറുകണക്കിനാളുകളുടെ തല വെട്ടിയും, തൂക്കിലേറ്റിയും ശിക്ഷിച്ച പിതാമഹന്റെ കഥകൾ കേട്ടവളുറങ്ങി. കുരുക്കിടാനുപയോഗിക്കുന്ന കയറിനെ മെരുക്കേണ്ടത് പഴമോ, എണ്ണയോ, മെഴുകോ ഉപയോഗിച്ചാണെന്നു ദിവസേനയുരുവിട്ടപ്പോൾ  വീട്ടിലൊരു പലഹാരം ഉണ്ടാക്കുന്ന ലാഘവത്വത്തോടെ ചേതനയും അതെല്ലാം പഠിച്ചു. നിതാന്ത പരിചയത്താൽ അന്യമായതും  സ്വന്തമാവുന്നു എന്ന അവസ്ഥയിലേക്ക് ചേതനയും എത്തുന്നു. .
ഭർത്താവിനുശേഷം മകളെ ആരാച്ചാരായി നിയമിക്കണമെന്നു പറയുമ്പോൾ, സ്വന്തം മകനും  ഭർത്തൃപ്രവൃത്തിയാൽ ദുരിതക്കയത്തിലാണ്ടുകിടക്കുന്നതും, മകളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരമ്മക്കു അതുൾക്കൊള്ളാനാവുന്നില്ല. ഒരു നല്ല കുടുംബിനിയും, ഭാര്യയും, അമ്മയുമായി ജീവിക്കാൻ കൊതിച്ച അവർക്കു നേരെ വിധി കൊഞ്ഞനം കുത്തുന്നു. മദ്യത്തിന്റേയും, അടുക്കളയിൽ വേവുന്ന മൽസ്യത്തിന്റേയും, ശ്മശാനത്തിലെരിയുന്ന ചിതയുടെയും സമ്മിശ്ര ഗന്ധങ്ങൾ ചേതനയുടെ മൂക്കിലേക്കിരക്കുന്നതിന്നൊപ്പം വായനക്കാരനേയും ആ തീക്ഷ്ണഗന്ധം അലട്ടുന്നു. അതിനിടയിൽ വേദനകളും , പായ്യാരങ്ങളും, അവനവനോടു തന്നെ പറഞ്ഞും കരഞ്ഞും, യുദ്ധം ചെയ്തും ഭർത്താവിന്റെ അടിയേറ്റ് ചോരയൊലിക്കുന്ന മൂക്കുമായി ഭർത്താവിനുവേണ്ടി മൽസ്യം പാകം ചെയ്യുന്ന ചേതനയുടെ അമ്മയുടെ ചിത്രം നിസ്സഹായതയുടെ നിഴൽ വിരിക്കുന്നു.
സ്ത്രീപുരുഷ സമത്വത്തിന്റെ പേരും പറഞ്ഞ് ഇറങ്ങുന്ന മഹിളാ മണികളെ  മീര ആക്ഷേപഹാസ്യത്തോടെ ചിത്രീകരിക്കുന്നു. ചേതന ആരാച്ചാരായി ജോലി ഏറ്റെടുത്താൽ അത്‌ സ്ത്രീസമൂഹത്തിനു തന്നെ അഭിമാനമാണെന്നും പറഞ്ഞുവരുന്ന വനിതാസംഘടനയുടെ മേധാവി“സുമതി സ്ങ്ങിനെ” അവതരിപ്പിക്കുന്നത്‌ ഒരു സൊസൈറ്റിലേഡിയുടെ പരിവേഷത്തോടുകൂടിയാണ്‌. സ്ത്രീപുരുഷ സമത്വം എന്ന ഭരണഘടനാനിയമത്തിനെ സ്ഥാപിച്ചെടുക്കാൻ മാത്രം ഇറങ്ങിത്തിരിച്ചവർ. ജീവിതത്തിന്റെ സങ്കീർണ്ണപ്രശ്നങ്ങൾക്കിടയിൽ നരകയാതനയനുഭവിക്കുന്ന യഥാർത്ഥസ്ത്രീപ്രശ്നങ്ങൾ ഇക്കൂട്ടക്കാർക്കറിയേണ്ടതില്ല. ഒരു സ്ത്രീ ആരാച്ചാരായാൽ അതൊരു ലോക റിക്കാർഡായിരിക്കാം. ഇതു മുഴുവൻ സ്ത്രീലോകത്തിന്റെ പ്രശ്നമാണെന്നു പറയുന്ന സംഘടനാഭാരവാഹികൾ(അധികാരമോഹികൾ) മറ്റുള്ളവരുടെ പ്രയത്നത്തേയും, തളർച്ചയേയും ഏണിപ്പടികളാക്കി സ്ഥാനമാനങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പരിഷ്കൃതസമൂഹത്തിന്റെ സന്തതികളാണ് . അവർക്കു   നേരെ നോവലിസ്റ്റ് അക്ഷരങ്ങളുടെ ആവനാഴി എയ്യുന്നു.

സമകാലിക ജീവിതത്തിൽ നിറഞ്ഞുകവിയുന്ന അപ്രസക്ത വാർത്തകളുടെ അതിപ്രസരവും,അതിവൈകാരികത സൃഷ്ടിക്കുന്ന ലോകത്തേയും നിസ്സഹായരുടെ ജീവിതപ്രശ്നങ്ങളെ  വെട്ടിനുറുക്കി ഒരു വാർത്തയെ ആയിരം വാർത്തകളായി ജനമധ്യത്തിലേക്കെത്തിക്കുന്ന സാങ്കേതികമില്ലായ്മയുടെ ചിത്രവും പലയിടങ്ങളിലായി ഒരു പത്രപ്രവർത്തകകൂടിയായിരുന്ന നോവലിസ്റ്റു  അനായസേന കോറിയിടുന്നു. നിർദ്ധനരും, പീഡിതരുമായ കുടുംബങ്ങളുടെ ചരിത്രത്തേയും, പശ്ച്ചാതതലത്തേയും പഠിച്ച് വിറ്റ് കാശാക്കി പേരെടുക്കുന്ന കച്ചവടവല്ക്കൃത സമൂഹത്തിന്റെ നഗ്ന ചിത്രമാണിതിലൂടെ തെളിയുന്നത്‌. വൈകാരികവും, തീക്ഷ്ണവുമായ പ്രതിസന്ധികളെ  തരണം ചെയ്യുമ്പോൾ ഹൃദയം പിളർക്കുമാറുള്ള അനൌചിത്യത നിറഞ്ഞ അഭിമുഖങ്ങൾക്കു നേരേയും വാളോങ്ങുന്നു. ഒപ്പം തന്നെ നടമാടുന്ന കക്ഷിരാഷ്ട്രീയത്തിന്റെ ഉൾപ്പോരുകളും  ,താൽപ്പര്യങ്ങളും, കോർപ്പറേറ്റ് മുതലാളിത്തവും,  സത്യസന്ധയില്ലായ്മയും എല്ലാം ചേതനയുടെ ജീവിത മുഹൂർത്തങ്ങളിലൂടെ വൈകാരികതയോടെ  മീര അവതരിപ്പിക്കുന്നു. .എന്തിനു കൊന്നെന്നും, എന്തിനു മരിച്ചെന്നും അറിയാതെ വാ പിളർന്നു നില്ക്കുന്ന നിഷ്ക്രിയ സമൂഹത്തിനൊപ്പം വായനക്കാരനുള്ളിലും മൌനം ഘനീഭവിക്കുന്നു. 

അതുപോലെ പ്രസക്തമാർന്ന മറ്റൊരു വിഷയമാണ്‌ പട്ടിണിമരണങ്ങൾ. പോഷകാഹാരക്കുറവു മൂലം ,ഒരു കാറ്റടിച്ചാൽ പോലും കുട്ടികൾ  മരിച്ചുവീഴുന്നതിനെ രോഗകാരണങ്ങളാക്കി മുദ്ര കുത്തുന്നു. ശരീരത്തിൽനിന്നും പ്രാണികൾ ഇറങ്ങിവരുന്ന രോഗിയായ  ഒരു കുട്ടിയെ പറ്റി  ഇവിടെ മാധ്യമസമൂഹം ആഘോഷിക്കുന്ന കാഴ്ച്ച അതിദയനീയമാകുന്നു. വാർത്തകൾ അവിശ്വാസത്തോടേയും, കൌതുകത്തോടെയും വീക്ഷിക്കുന്നവർ ഒരു ഭാഗത്ത്‌. അപൂർവരോഗത്താൽ മരിച്ച കുട്ടിയുടെ അമ്മയുടെയോ, ബ്നധുക്കളുടേയൊ വേദനയുടെ ആഴം ആർക്കും അളക്കേണ്ട കാര്യമില്ല. അതിഭാവുകത്വം തോന്നാവുന്ന വിവരങ്ങളാണെങ്കിലും അതും സംഭവിക്കാവുന്ന ഒരു സാമൂഹിക പരിതസ്ഥിതിയിലേക്ക് കാലവിളംബമില്ലാതെ നാമെത്തിപ്പെടും എന്ന   ബോധം ജനിക്കേണ്ടതാണ്‌. മരിച്ച കുട്ടിയുടെ വായിൽ നിന്ന്‌ ചാഴികളും , കണ്ണുകളിൽ  നിന്ന്‌ മഞ്ഞ ചിതലുകളും , കാതുകളിൽ നിന്ന്‌ മൂളുന്ന ഈച്ചകളും, മൂത്രനാളിയിൽ നിന്ന്‌ തൂവെള്ള ശലഭങ്ങളും പുറത്തു വരുന്നു.മരിച്ചപ്പോൾ  സംസ്ക്കരിക്കാൻ പണമോ, സ്ഥലമോ ഇല്ലാത്തതിനാൽ ഒരു വള്ളത്തിൽ കയറ്റി മൃതദേഹം നദിയിലേക്ക്  തള്ളിയിടുന്നു എന്നു വായിക്കുമ്പോൾ ക്രൂരമായ ആസന്നഭാവിയുടെ അപകടാവസ്ഥ മണക്കേണ്ടിയിരിക്കുന്നു. പാവങ്ങൾക്ക് ജനിച്ചുവീഴാൻ തന്നെ ഇടമില്ലാതാകുന്ന ഒരു വികസനനയത്തിലേക്ക് ഇന്ത്യ എത്തിപ്പെടാം എന്ന ആശങ്കയും നിഴലിക്കുന്നു. ഒപ്പം തന്നെ വാർത്തകൾ അതിസമർത്ഥമായി വളച്ചൊടിക്കപ്പെടുന്നതിലേക്കും വർത്തമാനകാലം എത്തിനില്ക്കുന്നു. ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോഴും ഇതു വെറുമൊരു നോവലല്ല ചുറ്റുമുള്ള  യാഥാർത്ഥ്യങ്ങളാണെന്നു നാം അറിയേണ്ടിയിരിക്കുന്നു. ജീവിതം നഷ്ടപ്പെടുന്നവരുടെ സംഭവവ്യഥകൾ ചാനലുകൾ ഉൽസവങ്ങളായി ആഘോഷിക്കുന്നു. അവരുടെ ചൂണ്ടയിൽ ഇരകൾ  കുടുങ്ങിക്കൊണ്ടിരിക്കുന്നു. ഒപ്പം പിടയുന്നഒരു പിടി  നിസ്സഹായ മനുഷ്യരും. മാധ്യമധർമ്മത്തിന്റെ ആത്മാർത്ഥത കൈമോശം വരുന്നത് ഇവിടെ ദർശിക്കാം.

അഹങ്കാരത്തിന്റേയും, അധീശത്വത്തിന്റേയും പ്രത്യക്ഷരൂപമാണ്‌“സഞ്ജീവ്കുമാർ മിത്ര”യെന്ന കൌശലബുദ്ധിക്കാരനായ ചാനൽ ഫോട്ടോഗ്രാഫർ.വളർന്നു വന്ന കയ്പ്പേറിയ ജീവിതചുറ്റുപാടുകളിൽ നിന്നും പുതിയ ജീവിതന്ത്രങ്ങൾ മെനഞ്ഞും, പഠിച്ചും, പയറ്റിയും വ്യവസ്ഥകളെയെല്ലാം പൊളിച്ചെഴുതി, സ്വാർത്ഥതാല്പ്പര്യത്തിന്റെ പരകോടിയിലാണയാൾ നില്ക്കുന്നത്‌. സഞ്ജീവ്കുമാറിന്റെ ജന്മം തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്‌. അമ്മ ബംഗാളിയായ ഒരു വേശ്യയും, അച്ഛൻ നക്സലിസ്റ്റായ  ഒരു മലയാളിയും,മകൻ മാധ്യമപ്രവർത്തകനും ആകുന്നു. തീയും കാറ്റും പോലെ അയാൾ ജീവിതത്തിനു മുമ്പിൽ ആളിപ്പടരുന്നു. പ്രലോഭനങ്ങളിലൂടേയും, കപടപ്രണയത്തിലൂടെയും ചേതനയേയും വാർത്തകൾ വളച്ചൊടിക്കുന്ന ലാഘവത്വത്തോടെ അടുപ്പിക്കാൻ ശ്രമിക്കുന്നു.പല അടവുകളും  പയറ്റി അവളെ മുൾമുനമ്പിൽ നിർത്തി അയാൾ ക്രൂരമായി ആഹ്ളാദിക്കുന്നു. ജീവിതത്തിന്റെ നിലനില്പ്പിനുവേണ്ടി ചോദ്യശരങ്ങൾ ഉയർന്നിട്ടും നങ്കൂരമില്ലാത്ത ജീവിതത്തിനു മുന്നിൽ ചേതനക്ക്‌ ചോദ്യങ്ങളെല്ലാം സ്വയം വിഴുങ്ങേണ്ടി വരുന്നു . കൈകാലുകൾ നഷ്ടപ്പെട്ട ചേതനയുടെ സഹോദരൻ രാമുദായുടെ ദയനീയ ചിത്രം തന്റെ ക്യാമറക്കണ്ണുകളി ലൂടെ അയാൾ ഒപ്പിയെടുക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ടവരോട് ഏതു സാഹസവും പ്രവൃത്തിക്കാമെന്നാണ്‌` ഇതിലൂടെ മനസ്സിലാക്കാനാവുന്നത്‌.ചാനലിന്റെ  പ്രേക്ഷകസമൂഹത്തെ പിടിച്ചുനിർത്താനുള്ള  പുതിയ പുതിയ കുരുക്കുകൾ സഞ്ജീവ്കുമാർ ചേതനക്കു മുമ്പിൽ തീർത്തുക്കൊണ്ടിരുന്നു. തുടക്കം ചേതനയിലും പ്രണയത്തുള്ളികൾ ഇറ്റുവീണെങ്കിലും അടുത്തറിഞ്ഞതോടു കൂടി അവളുടെ മനസ്സിൽ വിദ്വേഷവും, അവജ്ഞയും നുര കുത്തി. മനസ്സിനെ തണുപ്പിക്കുന്നതിനു പകരം കൂടുതൽ ഉഷ്ണിപ്പിക്കുന്ന കൊൽക്കത്തയിലെ മഴ പോലെയായിരുന്നു ചേതനയുടെ പ്രണയ മെന്നു നോവലിസ്റ്റു കുറിച്ചിടുന്നു. തീ പിടിച്ച മരത്തിന്റെ പൊത്തിനുള്ളിലെ പക്ഷിയെപ്പോലെ തൂവലുകൾ എഴുന്നും, തൊണ്ട വരണ്ടും , പരാജിതപ്രണയത്തിന്റെ ഇരായായ സഹോദരിയെ നോക്കി നിസ്സഹായസ്വരത്തിൽ രാമുദാ ഇങ്ങിനെ മൊഴിഞ്ഞു,“ എല്ലാ സ്ഥലത്തും വ്യാപാരങ്ങൾ മാത്രം, വാങ്ങുന്നവർ തന്നെ വില്ക്കുന്നു, വിൽക്കുന്നവർ തന്നെ വാങ്ങുന്നു, എല്ലാവരുടേയും നീതിയുടെ സൂര്യൻ എന്നേ അസ്തമിച്ചിരിക്കുന്നു". എന്നു കേൾക്കുമ്പോൾ മനസ്സ് നിരവധി അർത്ഥതലങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു.നോവലിന്റെ അന്ത്യം വരെ സഞ്ജീവ്കുമാർ ചേതനക്കു നേരെ ചൂണ്ടയെറിഞ്ഞുകൊണ്ടിരിക്കുന്നു.അവനണിഞ്ഞ മോതിരം ഊരിമാറ്റിയിട്ടും അതു വിരലിൽ തന്നെ കുടുങ്ങിക്കിടക്കുന്നതായി  അവൾക്കനുഭവപ്പെട്ടു. തികട്ടി വരുന്ന പുളിച്ച ഓർമ്മകളെപ്പോലെ.

തൂക്കിലേറ്റപ്പെട്ടവരുടെ മാതാപിതാക്കളുടെയും, ബന്ധുക്കളുടേയും പുലമ്പലുകളും , ശാപങ്ങളും, ആക്രോശങ്ങളും,രോദനങ്ങളും ഫണിഭൂഷന്റെ മുറ്റത്തു മുഴങ്ങി. പക്ഷേ വെറുമൊരു ഗവൺമെന്റു ജീവനക്കാരന്റെ/മറ്റുള്ളവരുടെ മരണം കൊണ്ട്‌ ഉപജീവനം കഴിക്കേണ്ടവരുടെ വ്യഥകൾ അനുഭവിക്കാത്തവർക്കു മനസ്സിലാവില്ലല്ലൊ. ശാപങ്ങളും, കുറുകലുകളും കേട്ടാലും തന്റെ ജീവൻ രാജ്യത്തിനുള്ളതാണെന്ന് ഫണിഭൂഷൻ ഓരോ ശ്വാസത്തിലും മന്ത്രിക്കുന്നു. ‘ഗൃദ്ധാ’ എന്ന വാക്കിന്നർത്ഥം കഴുകനെന്നാണ്‌` അയാളുടെ രീതികളും രൂപവും അവ്വിധത്തിൽ തന്നെ നോവലിസ്റ്റു ആവിഷ്ക്കരിച്ചിരിക്കുന്നു. എഴുപത്തഞ്ചുകാരനായ അയാൾ ഇതുവരെ 445പേരെ തൂക്കിലേറ്റിയിട്ടുണ്ടെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുന്നു. “സ്വന്തം അധികാരം പലപ്പോഴും പലരും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു”.ബാഹ്യമായി കഴുകസാമ്യം പുലർത്തുന്ന ഫണിഭൂഷനും സ്നേഹത്തിന്റേതായ മൃദുലസ്പർശങ്ങൾ ഏറ്റുവാങ്ങിയ ഒരു ഭൂതകാലമുണ്ടായിരുന്നു. പ്രണയവും, കാമുകിയും, കാമുകിയെ സ്വന്തമാക്കിയ, സ്വന്തം നിലയിൽ തന്നെ ഒരരങ്ങായിരുന്ന ശത്രുവും, അവസാനം ആ ശത്രുവിനെ സ്വന്തം കൈകളാൽ തൂക്കിലേറ്റേണ്ടിവന്നതുമെല്ലാം ഇടക്കിടെ അയാളുടെ ബോധതലങ്ങളെ വേട്ടയാടി.

ചേതനയെ ആരാചാരാക്കി ഗവൺമെന്റു തലത്തിൽ നിയമം നിലവിൽ വന്നപ്പോൾ അവൾക്കു ചുറ്റും ഉറുമ്പുകളെപ്പോളെയാണ്  മാധ്യമപ്രവർത്തകർ തടിച്ചുകൂടിയത്‌. കൊത്തിത്തിന്നാൻ കിട്ടിയ ശവം കണക്കെ!ഉറുമ്പുകൾക്കും, ഈച്ചകൾക്കും മരണത്തിന്റെ ഗന്ധം നേരത്തെ അറിയാവുന്നതുപോലെ ,വാർത്തകളുടെ ഗന്ധം പിടിക്കാൻ പേ പിടിച്ചുനില്ക്കുന്ന ഒരു സമൂഹത്തിൽ നിന്നും കച്ചവടക്കണ്ണുമായി നില്ക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ ശബ്ദം വേറിട്ടു നിന്നു. “ആദ്യമായി ഒരു സ്ത്രീ ആരാച്ചാരാകുന്നത്‌ ശക്തിയുടേയും, സ്വാഭിമാനത്തിന്റേയും പ്രതീകമാണെന്ന് "പാരമ്പര്യവാദികൾ പറയുമ്പോഴും, അസ്വസ്ഥതയുടെ കൂച്ചുവിലങ്ങുകൾ ചേതനയെ തളയ്ക്കുന്നു. അവനവനെ യുദ്ധം ചെയ്തു പരാജയപ്പെടുത്താതെ ജീവിതത്തിന്റെ മൂക്കുകയർ വലിക്കാനാവില്ലെന്ന തിരിച്ചറിവിലൂടെ ചേതന ഉണരുമ്പോൾ വായനക്കാരുടെ മനസ്സിലും  പേരറിയാത്തൊരു നോവിന്റെ കൊളുത്ത്‌ ആഞ്ഞു വലിക്കുന്നു. . ഏറ്റെടുത്ത ദൌത്യത്തിൽ പാളിച്ച വന്നാൽ ശിരസ്സിൽ മുളച്ച പേരാലുപോലെ അതിന്റെ വേടുകൾ തന്റെ കഴുത്തിനു ചുറ്റും വരിഞ്ഞുകെട്ടുമെന്ന വേട്ടയാടലുകളിൽ രൂപകങ്ങളും, ഉപമാനങ്ങളും ഉരുത്തിരിയുന്നു.അഭിമുഖങ്ങൾക്കായി സ്റ്റുഡിയോയിലേക്കുള്ള യാത്രയിൽ, വ്യക്തിത്വമില്ലാത്തവർക്കു തിളങ്ങുന്ന വസ്ത്ര മിട്ടു വ്യക്തിത്വമുണ്ടാക്കാമെന്ന സജ്ഞീവ്കുമാറിന്റെ അഭിപ്രായത്തോട് ചേതനക്കു യോജിക്കാനാവുന്നില്ല. ഉള്ളിൽ വ്യക്തിത്വത്തിന്റെ പ്രാഭവമില്ലെങ്കിൽ എങ്ങിനെ വസ്ത്രത്തിലൂടെ വ്യക്തിത്വം നേടിയെടുക്കാനാകും എന്ന ചിന്തയുടെ പൊരുൾ തേടി അവൾ അലഞ്ഞു...അഴിക്കുന്തോറും പുതിയ കുരുക്കുകൾ തീർക്കാനുള്ള ബദ്ധപ്പാടിലായിരുന്നു മിത്ര.
സമൂഹത്തിലെ നിരവധി പൊള്ളത്തരങ്ങൾക്കു നേരെയാണ്‌ ഈ ചോദ്യങ്ങളെല്ലാം നോവലിസ്റ്റ് എറിയുന്നത്‌. എല്ലാം കരാറുകൾ അനുസരിച്ച് പാലിക്കപ്പെടുന്നു. പ്രയോജനങ്ങൾ ഉണ്ടെങ്കിൽ മാത്രം സ്ഥാപിതതാല്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. അതു കുടുംബബന്ധമോ, പ്രണയബന്ധമോ, ദാമ്പത്യബന്ധമോ--ഏതായാലും വൈകാരികതയേതുമില്ലാത്ത, വിരസതയാർന്ന, കണക്കുകൂട്ടലുകളുടെ ഊഷരഭൂവു മാത്രമാകുന്നു.
”മരണം “ചേതനയുടെ വീട്ടിൽ മൽസ്യക്കറിയുടേയോ, നെയ്യിൽ വറുത്ത ലൂച്ചിയുടേയോ മണം പോലെ തങ്ങിനില്ക്കുന്നു. ജീവിതവും, മരണവും തമ്മിലുള്ള അഭേദകൽപ്പനയാണിവിടെ. ജനിച്ച നാൾ മുതൽ കാണുന്നത്‌ വീടിനു മുന്നിലെ ശ്മശാനമായ നീം തല ഘട്ടാണ് . ശവവണ്ടികളുടെ ഇരമ്പലും, ,കുടുക്കവും, മണിമുഴക്കവും കേട്ട് ഉറങ്ങുകയും, ഉണരുകയും ചെയ്യുമ്പോൾ മറ്റേതിനേയും പോലെ മരണവും സ്വാഭാവികമായി മാറുന്നു.ആർക്കും പ്രവചിക്കാനാവാത്ത മരണത്തിന്‌ മുഖാമുഖമാണ്‌ ഓരോരുത്തരുടെയും ജീവിതം എന്ന സത്യത്തെ ചേതനയുടെ വികാരവിചാരങ്ങളിലൂടെ വ്യഞ്ജിപ്പിക്കുന്നു.
ഒരു മനുഷ്യനും കുറ്റവാളിയായി ജനിക്കുന്നില്ല. സമൂഹമോ, സാഹചര്യങ്ങളൊ ആണ്‌ അവനെ തെറ്റുകളിലേക്കും, കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത്‌. പുതിയ ഭാവുകത്വത്തിൽ ചിന്തിക്കുമ്പോൾ കുറ്റവാളി നിർമ്മിക്കപ്പെടുന്നു. കൃത്രിമത്വത്തിന്റെ സന്തതികളായി, സമൂഹം വേട്ടയാടുന്ന ഇരകളായിത്തീരുന്നു. കുറ്റവാളികളുടെ നിസ്സഹായരായ  അമ്മമാരുടെ നിലവിളികൾ ചോര പോലെയുള്ള ഒരു തുള്ളി കൊഴുത്ത കണ്ണുനീരായി ഉത്തരമില്ലാതെ അവശേഷിക്കുന്നു.
 ഒരു പെൺകുട്ടിയെ കൊന്നയാളെ തൂക്കിക്കൊല്ലാൻ കിട്ടിയ അവസരത്തിൽ ആഹ്ളാദിക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്റെ മുനമ്പു ചേതനയുടെ ഉത്തരം കൊണ്ടു തന്നെ നോവലിസ്റ്റു പൊട്ടിക്കുന്നു. ”ഇവിടെ ആഹ്ളാദമോ, ദേഷ്യമോ അല്ല, കർത്തവ്യമാണ്‌ പ്രധാനം,അതിനു മുന്നിൽ ആണെന്നോ, പെണ്ണെന്നോ  ഇല്ല. ഇതിലൂടെയൊക്കെ ആന്ധ്യം ബാധിച്ച സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഈ കൃതിയുടെ രചയിതാവ്.
 സംഭവബഹുലമായ അദ്ധ്യായങ്ങളിലൂടെ സമസ്തജീവിതത്തിന്റെ സംഭവങ്ങളും  ഒറ്റശ്രേണിയായി ഈ നോവലിൽ കൊരുത്തിട്ടിരിക്കുന്നു. ഒന്നറിയുമ്പോൾ മറ്റൊന്നിന്റെ വാതിൽ തുറക്കുന്നു. അങ്ങിനെ നീളുന്നു രചനയുടെ രസതന്ത്രം. ചാണകവറളിയുടേയും, സുഗന്ധദ്രവ്യങ്ങളുടേയും സാമ്യ-വൈരുദ്ധ്യങ്ങൾ തൊഴിലാളി മുതലാളി ബന്ധങ്ങളുടെ വിവേചനം വ്യക്തമാക്കുന്നു.
 ഫണിഭൂഷണ്‍  ചരിത്രകഥകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മുഴുവൻ ഭാരതത്തിന്റേയും ചരിത്രം പരിശോധിച്ചാൽ മണ്ണിനുവേണ്ടിയുള്ള സമരമാണ്  എവിടെയും. വികസനത്തിന്റെ കമ്പോളനയങ്ങളിലൂടെ പൊന്നു വിളഞ്ഞ ഭൂമിയിൽ കീടനാശിനി ഫാക്ടറിയിലെ വിഷമാലിന്യങ്ങൾ അടിഞ്ഞുകൂടി, ശ്വാസം മുട്ടി മരിച്ചവരുടെ കഥകളുൾപ്പെടെ പലതും  വായിക്കുമ്പോൾ മഹാഭാരതത്തിലെ കഥ പറയുന്ന “സഞ്ജയനെ“ അനുസ്മരിപ്പിക്കുന്നു ഫണിഭൂഷണ്‍. എല്ലാം ചേർത്തു വായിച്ചെടുക്കുമ്പോൾ ആരാച്ചാർ എന്ന  ഈ നോവൽ  വർത്തമാനകാലത്തിലെ ഇതിഹാസം എന്നു മുൻപു സൂചിപ്പിച്ചതു തികച്ചും അന്വർത്ഥമാകുന്നു. ഇതിഹാസം പോലെ ആഴവും, പരപ്പും നിറഞ്ഞ നിരവധി ജീവിതങ്ങളുടെ ഉപകഥകൾ ഉടനീളം പ്രത്യക്ഷപ്പെടുന്നു. ചിരിച്ചപ്പോൾ  വീടു മാത്രമല്ല , നാടും തകർന്ന പിംഗളകേശിനി, ചാമുണ്ഡിയായി മാറിയ രത്നമാലിക, മുട്ടയിടാൻ കടലിൽ നിന്ന്‌ പത്മാനദിയിലേക്ക് ആയിരത്തിയിരുനൂറു കിലോമീറ്റർ നീന്തുന്ന ഇലിഷ് മൽസ്യം, ഇലിഷിന്റെ വെള്ളിത്തിളക്കമുള്ള കണ്ണുകളുള്ള നീഹാരിക, പാവപ്പെട്ടവന്റെ സത്യസന്ധതക്കു നേരേയുള്ള കണ്ണടക്കലുകൾ, മരിക്കാൻ വേണ്ടി മാത്രം കടലിലേക്ക് മടങ്ങുന്ന ഹിൽസ, ചുവന്ന തെരുവിലെ തന്റെ പഴയ വീട്ടിലേക്കു മടങ്ങിയ ബിനോദിനി, കൽക്കത്തയിലെ ചിരപുരാതനരാജവംശങ്ങൾ, ചരിത്രങ്ങൾ, ദുർഗ്ഗാദേവി, സൊനാഗച്ചി,ബുദ്ധകഥകൾ, കറുത്തവളും, ശിവന്റെ മാനസപുത്രിയുമായ മാനസാദേവി,കടലിൽത്തന്നേയോ, നദിയിൽത്തന്നേയോ ജീവിച്ചു മരിക്കുന്ന സാധാരണ മൽസ്യത്തെപ്പോലേയുള്ള സാധാരണമനുഷ്യർ, തൂക്കിക്കൊലക്കു വിധിച്ച യതീന്ദ്രനാഥ ബാനർജിയുടെ അവസാനനാളുകളും, ആഗ്രഹങ്ങളും വരെ നിവർത്തിച്ചുകൊടുത്ത ചേതനയെന്ന കഥാപാത്രത്തിലൂടെ അഥവാഇന്ത്യൻ സ്ത്രീത്വത്തിന്റെ മനസ്സിലൂടെ (ചേതന-മനസ്സ് )  ഉയിർത്തെഴുന്നേല്ക്കുന്നു. അവസാനം ചേതന ആരാച്ചാർ മാത്രമാകുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനാപഥത്തിലെത്തുമ്പോൾ സംഘർഷത്തിന്നതീതമായ ഒരവസ്ഥാവിശേഷം സംജാതമാകുന്നു. ചേതനയുടെ ജീവിതം ചതിക്കുഴിയിൽ നിർത്തി ആഘോഷിക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ കഴുത്തിലെ കശേരുകൾക്കിടയിലും കുരുക്കിട്ട് , മരണത്തിന്റെ വഴുവഴുപ്പുള്ള കൈകൾകൊണ്ട്‌ പ്രണയത്തിന്റേയും മരണത്തിന്റേയും, പേരിൽ പീഡിപ്പിക്കപ്പെടുന്ന ,ചതിക്കപ്പെടുന്ന സ്ത്രീവർഗ്ഗത്തിന്നാകമാനം നാമവും, ജീവിതവും, ലോകത്തിനു മുന്നിൽ അനശ്വരമാക്കി ചേതന മടങ്ങുമ്പോൾ പുതിയൊരൂർജ്ജം ആവാഹിച്ചെടുക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലേക്ക് ഈ വായന എത്തിക്കുന്നു. കൃത്യം കഴിഞ്ഞ് പുറത്തുവരുന്ന ചേതനയെ മഴയും, മണ്ണും, പ്രകാശവും(പ്രകൃതിയായ അമ്മ)കാത്തുനില്ക്കുന്നതോടെ ഈ വർത്തമാനകാലത്തിലെ ഇതിഹാസത്തിനു തിരശ്ശീല വീഴുകയും, ഒരു നൂറുതുലാവർഷംഒന്നിച്ചുപെയ്തതുപോലേയുള്ള ഒരനുഭവപരിസരത്തിലേക്കെത്തിച്ചേരുകയും ചെയ്യുന്നു............. !.
MAL

മഷിനോട്ടം

ഫൈസൽബാവ 
അവയവബാങ്കുകള്‍ സാര്‍വത്രികമാകുമ്പോള്‍


നുഷ്യരാശിയുടെ ചരിത്രം തിരുത്തിക്കുറിച്ചാണ് ജൈവസാങ്കേതികവിദ്യ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ജീനുകളുടെ കണ്ടെത്തലുകള്‍ തുടങ്ങി ക്ലോണിംഗ് വരെ നീളുന്ന ജീവശാസ്ത്രശാഖയിലെ വിപ്ലവകരമായ ഓരോ കണ്ടെത്തലുകളും അതുവരെ നാം വിശ്വസിച്ചുപോരുന്ന പലതിനെയും തകര്‍ക്കുന്നതായിരുന്നു. വ്രണത്തില്‍ നിന്ന് പൊടിയുന്ന ചലത്തില്‍ നിന്ന് ഡി. എന്‍. എയെ ആദ്യമായി വേര്‍തിരിച്ചെടുത്തത് 1856ല്‍ ജോഹാന്‍ ഫ്രീഡ്രിക്ക് മീസ്ചെര്‍ എന്ന ശാസ്ത്രജ്ഞനാണ്. ഈ കണ്ടുപിടുത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിവെച്ചു. തുടര്‍ന്ന് 1953ല്‍ ജെയിംസ് ഡി വാട്സണും ഫ്രാന്‍സിസ്‌ ക്രിക്കും ചേര്‍ന്ന് ഡി. എന്‍. എയുടെ തന്മാത്രീയഘടനയെ കണ്ടുപിടിച്ച് ഇരുപതാംനൂറ്റാണ്ടിലെ ജീവശാസ്ത്രശാഖയില്‍ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കി. ജീവശാസ്ത്രരംഗത്തെ ഈ മുന്നേറ്റം ഇന്ന് വികസിച്ച് മാതൃകോശത്തില്‍ നിന്നും അവയവങ്ങള്‍ സൃഷ്ടിച്ചെടുക്കാനാവുമെന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. ഇത് ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവുമെന്ന പ്രതീക്ഷ വളര്‍ത്തി. ഒരാളുടെ മാതൃകോശമുപയോഗിച്ചു തന്നെ അയാളുടെ ഏതു അവയവവും, കോശസമൂഹവും സൃഷ്ടിക്കാന്‍ സാധിക്കുമെന്നതാണ് സ്റ്റെംസെല്‍ ഗവേഷണരംഗം വിജയകരമാകുന്നതിലൂടെയുള്ള പ്രയോജനം. 1980ല്‍ തുടക്കമിട്ട ഈ ഗവേഷണം ഇന്ന് ഏറെ മുന്നേറിക്കഴിഞ്ഞു.
കോടാനുകോടി കോശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ശരീരം സൃഷിക്കപ്പെട്ടത് ഒറ്റ ഭ്രൂണത്തില്‍ നിന്നാണ്. ഭ്രൂണം വളരുംതോറും മാതൃകോശത്തില്‍ നിന്ന് പ്രത്യേക ധര്‍മങ്ങള്‍ക്കനുസരിച്ച കോശങ്ങള്‍ ഉണ്ടായി അവയവങ്ങള്‍ക്ക് രൂപം നല്‍കുന്നു. ഇങ്ങനെ രൂപപ്പെടുന്ന ശരീരത്തിലെ വിവിധഅവയവങ്ങളുടെ സര്‍വസ്വഭാവവും മാതൃകോശത്തില്‍ അടങ്ങിയിരിക്കും. അതുകൊണ്ടാണ് മാതൃകോശത്തില്‍ നിന്ന് ആവശ്യമായ കോശങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നത്. ശരീരത്തില്‍ നിന്നും നശിച്ചുപോയതോ കേടുവന്നതോ ആയ കോശങ്ങളെ സ്വന്തം മാതൃകോശത്തില്‍നിന്നുതന്നെ സ്വീകരിക്കുന്നതിനാല്‍ ശരീരം അതിനെ പുറന്തള്ളുകയില്ലെന്നതാണ് പ്രത്യേകത. എന്നാല്‍ വളര്‍ച്ച പ്രാപിച്ച കോശസമൂഹങ്ങളില്‍ നിന്നും മാതൃകോശങ്ങളെ വേര്‍ത്തിരിച്ചെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് നവജാതശിശുക്കളുടെ പൊക്കിള്‍ക്കൊടിയില്‍നിന്നുള്ള രക്തത്തില്‍ അടങ്ങിയ മാതൃകോശം ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്ന രീതി ലോകത്ത്‌ വ്യാപിച്ചത്. ഈ രീതി വ്യാപകമാകുന്നതോടെ അവയവബാങ്കുകളെന്ന സങ്കല്‍പ്പം സാര്‍വത്രികമായി മാറി. ഇപ്പോള്‍ തന്നെ യൂറോപ്പിലും അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും സ്റ്റെംസെല്‍ ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ഗുണപരമായ ഈ കണ്ടുപിടുത്തത്തെ കച്ചവടലാഭത്തിനായി ഉപയോഗിച്ചു തുടങ്ങിയാല്‍ ഉണ്ടാകുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.
പാര്‍ക്കിന്‍സന്‍സ്, ഹൃദയരോഗങ്ങള്‍, അല്‍ഷിമേഴ്സ്‌, തീപൊള്ളല്‍, പേശീ വൈകല്യങ്ങള്‍, സുഷുംനയുടെ പരിക്ക്, ഓസ്‌റ്റിയോ-റുമാറ്റോയ്സ്-ആര്‍ത്
രൈറ്റിസ്‌ (സന്ധിവാതം), കരള്‍രോഗങ്ങള്‍, കണ്ണിലെ റെറ്റിനയുടെ തകരാറ് തുടങ്ങി തലമുടിയുണ്ടാക്കുന്ന സ്റ്റെംസെല്‍ പ്രവത്തിക്കാന്‍ വരെ ഈ ചികില്‍സാരീതിയിലൂടെ കഴിയും. കൂടാതെ കാന്‍സര്‍, ഉപാചയവൈകല്യങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവക്കും സ്റ്റെംസെല്‍ ഉപയോഗിച്ചു കൊണ്ടുള്ള ചികില്‍സാരീതിയും പരീക്ഷണഘട്ടത്തില്‍ നിന്നും ഏറെ മുന്നേറിക്കഴിഞ്ഞു. ഇത്രയും പ്രയോജനപ്രദമായ ചികില്‍സാരീതിയെ നാം വേണ്ടവിധത്തില്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ മുതലാളിത്തത്തിന് എളുപ്പത്തില്‍ ഹൈജാക്ക് ചെയ്യാനാവും എന്ന അവസ്ഥയെ ഭയത്തോടെ വേണം കാണാന്‍. ജനിതക എഞ്ചിനീയറിംഗ് രംഗത്തെ കോര്‍പ്പറേറ്റ്‌ ശക്തികളുടെ കടന്നുകയറ്റം പോലെ മരുന്നുല്പാദനരംഗത്തും ചികില്‍സാരംഗത്തും മുതലാളിത്തം അധിനിവേശം നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കരുതലോടെ വേണം മുന്നോട്ടു നീങ്ങാന്‍. ഇവര്‍ നടത്തുന്ന അറിവിന്റെ അധിനിവേശം മൂന്നാം ലോകരാജ്യങ്ങളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. പുതിയ രോഗങ്ങള്‍ താനേ സൃഷ്ടിച്ച് മരുന്നുവിപണി സജ്ജീവമാക്കുന്ന കുത്തകക്കമ്പനികളും മുതലാളിത്തരാജ്യങ്ങളും ഈ ചികില്‍സാരീതിയെ ഹൈജാക്ക്‌ ചെയ്താല്‍ മൂന്നാംലോകരാജ്യങ്ങളുടെ മനുഷ്യരുടെ അവയവങ്ങളും ജീവനും പണയംവെക്കുന്ന സ്ഥിതി സംജാതമാകും.
കൃഷിയിലും വിവരസാങ്കേതികവിദ്യയിലും അത്തരം പണയപ്പെടലുകള്‍ക്ക് ഇരയാവേണ്ടി വന്നവരാണ് മൂന്നാംലോകജനത. മനുഷ്യന് ഗുണകരമായി മാറേണ്ട പല കണ്ടുപിടുത്തങ്ങളും അവന്റെ നാശത്തിനായാണ് പലപ്പോഴും ഉപയോഗിച്ച് വരുന്നത്. തങ്ങളുടെ അധികാരവും കച്ചവടവും വ്യാപിപ്പിക്കാന്‍ സാമ്രാജ്യത്വശക്തികള്‍ ഏറെയും ഉപയോഗിക്കുന്നത് ശാസ്ത്രസാങ്കേതികവിദ്യയെയാണ്. മൂന്നാംലോകരാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ ഗുണകരമായ ആവശ്യങ്ങള്‍ക്കുള്ള സാങ്കേതികവിദ്യയെ സ്വയം വളര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്. സാമ്രാജ്യത്വ അധിനിവേശങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനോടൊപ്പം പുരോഗതിയിലേക്കും കുതിക്കുന്ന നയങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഓരോ രാജ്യങ്ങളും ആയുധ മത്സരത്തിന് മുടക്കുന്ന സമ്പത്തിന്റെ പകുതിയെങ്കിലും ജൈവസാങ്കേതികരംഗത്തെ വളര്‍ച്ചക്ക് ഉപയോഗിക്കുന്നില്ല എന്നതാണ് സമകാലീനാവസ്ഥ.
എന്തായാലും സ്റ്റെംസെല്‍ ബാങ്കുകള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് ഇപ്പോഴേ ഉണ്ടാവണം. ജനതയുടെ ആരോഗ്യപരിപാലനത്തിനുള്ള സ്റ്റെംസെല്‍ ബാങ്കുകള്‍ ഗവണ്മെന്റ്തന്നെ തുറക്കുന്നതില്‍ തെറ്റൊന്നുമില്ല. അതല്ലെങ്കില്‍ ഇന്നോ നാളെയോ അതും സ്വകാര്യമേഖല കയ്യടക്കും. അതോടെ വിദ്യഭ്യാസം, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളില്‍ സ്വകാര്യസ്ഥാപനങ്ങള്‍ വാഴുന്നപോലെ സ്റ്റെംസെല്‍ ബാങ്കുകള്‍ രാജ്യത്താകമാനം കൂണുപോലെ പൊന്തിവരും.

എന്നാല്‍ ഇന്ത്യ ഈ രംഗത്ത്‌ അഭിമാനകരമായ മുന്നേറ്റം നടത്തിയിട്ടുണ്ട് എന്നുള്ളത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. പൂനെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ്, കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്, മുംബൈ, സി. സി. എം. ബി. ഹൈദരാബാദ് എന്നിവിടങ്ങളിലെ ബയോ ടെക്നോളജി വിഭാഗം ഏറെ നേട്ടമുണ്ടാക്കിയത് നമുക്ക്‌ അഭിമാനിക്കാം. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയാരംഗത്ത് സ്റ്റെംസെല്‍ ചികില്‍സാരീതി ഫലവത്തായി പ്രയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ജൈവവൈവിദ്ധ്യവും, മനുഷ്യശേഷിയിയുമുള്ള രാജ്യങ്ങളെയാണ് മുതലാളിത്തം കണ്ണുവെക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥ മുതലെടുത്ത്‌ എളുപ്പത്തില്‍ ഇവര്‍ക്ക് ചേക്കേറാന്‍ പറ്റുമെന്നത് ഗാട്ട്, പേറ്റന്‍റ്, ആണവകരാര്‍ എന്നിവയിലൂടെ പലവട്ടം നമുക്ക് ബോദ്ധ്യപ്പെട്ടതാണ്. ഇപ്പോഴിതാ ചെറുകിടമേഖലയെ കുത്തകകള്‍ക്ക് തുറന്നു കൊടുക്കുന്നു. അതിനാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഇത്തരം മേഖലകളെ സമ്പന്ധിച്ച നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഏറെ ജാഗരൂകരാകണം. അല്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടംവളരെ വലുതായിരിക്കുമെന്ന തിരിച്ചറിവാണ് ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവേണ്ടത്. അതിനാല്‍ സ്റ്റെംസെല്‍ ഗവേഷണം പോലുള്ള വിപ്ലവകരമായ കണ്ടിപിടുത്തങ്ങള്‍ അതിന്റെ എല്ലാ സാദ്ധ്യതകളും പഠിച്ച് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ വളര്‍ത്തികൊണ്ടുവരണം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...