21 Jun 2013

malayalasameeksha june 15-july15/2013

reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


മലയാളസമീക്ഷ    ജൂൺ  15-ജൂലായ് 15/2013
ഉള്ളടക്കം

കവിത
കൂറച്ചോക്ക്‌
രാമകൃഷ്ണൻ ചുഴലി

ഭരിപ്പുകാരുടെ തിരക്ക് ആർക്ക് വേണ്ടി ?
ഡോ കെ ജി ബാലകൃഷ്ണൻ

 രണ്ടു കവിതകൾ
അച്ചാമ്മ തോമസ്‌

പറയാൻ മറന്നവർ
സലോമി ജോൺ വൽസൻ

 സഞ്ചാരം
സന്തോഷ് പാലാ
കാലന്മഴ.
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍.
അവരിലൂടെ
എം.കെ.ജനാർദ്ദനൻ 

അന്ത്യവിധി
ടി. കെ. ഉണ്ണി
പരിണാമം
അരുൺകുമാർ അന്നൂർ
നഗ്നത ഒരു രാജ്യമാകുന്നു...
സുലോച് എം. എ 

വിശപ്പ്‌
ശ്രീദേവിനായർ
വിരോധാഭാസം
ഇന്ദിരാബാലൻ
മൃത്യുഞ്ജയി
ഗീത മുന്നൂർക്കോട്
 പുതിയ പടം
ചെമ്മനം ചാക്കോ

 പൊന്നാട
സത്താർ ആദൂർ

ഇഎംഎസ്‌ ഒരു ബസിലെ ഡ്രൈവറാണ്‌ (കണ്ടക്ടറും)
എ.കെ.ശ്രീനാരായണ ഭട്ടതിരി

ഓർമ്മ
ദിനകരൻ പി പി
ഉടയോൾ
സ്മിത പി കുമാർ
കഥ
കാഞ്ഞിരമധുരം
ഇരവി

ജഹാംഗീര്‍
കെ.എം.രാധ
രാത്രിമഴ
ബോണി പിന്റോ

ആഗോളസാദ്ധ്യതകൾ
മോഹൻ ചെറായി

കൃഷി
നീരയും കേരവും കേരളവും
ടി. കെ. ജോസ്‌  ഐ എ എസ്
കേരളത്തിന്റെ കാർഷിക സമ്പട്‌വ്യവസ്ഥയ്ക്ക്‌ ഊർജ്ജം പകരാൻ നീര
കെ.എം. ചന്ദ്രശേഖർ
ദൈവത്തിന്റെ സ്വന്തം നാട്‌ 'നീര'യ്ക്കായി കേഴുന്നു
ആർ. ഹേലി
നീര - സമീപനത്തിൽ സമഗ്ര മാറ്റം അനിവാര്യം
രമണി ഗോപാലകൃഷ്ണൻ
നീര-വൻ തൊഴിൽ 'വിപ്ലവ'ത്തിന്‌
മിനി മാത്യൂ
നിയമത്തിന്റെ ഊരാക്കുടുക്കിൽ നീര
സുഭാഷ്‌ കെ. കെ.
നീരയെ യുക്തിസഹമല്ലാത്ത അബ്കാരി നിയമത്തിൽ നിന്ന്‌ മോചിപ്പിക്കുക
ബാബു ജോസഫ്‌
കൽപവൃക്ഷത്തണലിൽ
ഇന്ദുലേഖ ടി. എസ്‌.
നീര: ചെത്തു തൊഴിലാളിയേയും രക്ഷിക്കും
പി.ഒ
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
നമ്മുടെ ആശുപത്രികളുടെ മുമ്പില്‍ നിന്നു്‌ ഒന്നുരണ്ടു ചോദ്യം ചോദിച്ചോട്ടെ ?
സി.പി.രാജശേഖരൻ
ആത്മപഥങ്ങൾ
കളിയരങ്ങിൽ സ്ത്രീപക്ഷസമരം നയിച്ച നായിക
ഇന്ദിരാബാലൻ
ചുവരെഴുത്ത്
മലയാളിയുടെ ലൈംഗികതൃഷ്ണ: കഴുക്കോലുകൾ പൊളിച്ചടുക്കേണ്ടിയിരിക്കുന്നു.!!
സുലോച് എം.എ
അഞ്ചാംഭാവം
ഭദ്രമല്ലാത്ത ലോകം
ജ്യോതിർമയി ശങ്കരൻ
പരിഭാഷ
ഞാൻ ഭ്രാന്തനാണോ? :മോപ്പസാങ്ങ്
വി.രവികുമാർ
ലേഖനം
 അന്തിപ്പേടി നീക്കാൻ കൈത്തിരിപ്രസാദം മതി
സി.രാധാകൃഷ്ണൻ 

ശബ്ദത്തിന്റെ രസതന്ത്രം
അംബിക. എ. നായർ

വില്‍പ്പനയ്ക്ക്  വെക്കുന്ന യുവത്വം
കെ.വി.നദീർ
"പ്രകൃതി കൃഷിയുടെ പ്രവാചകന്‍ മസനോബു ഫുക്കുവോക്ക യുടെ ജന്മശതാബദി വര്‍ഷം 2013 "
 ഫൈസൽബാവ       
തക്ഷൻകുന്നു സ്വരൂപം - ഒരു നാടിന്റെ ആത്മകഥ
മീരാകൃഷ്ണ
യാത്ര
എന്റെ ഹിമാലയ യാത്ര/14
പ്രഫുല്ലൻ തൃപ്പൂണിത്തുറ
English Section
Investment in equity
Sunil MS
The mime
Dr K G Balakrishnan
The winner
Geetha munnurcode
നോവൽ
കുലപതികൾ
സണ്ണി തായങ്കരി

നവാദ്വൈതം/എഡിറ്ററുടെ കോളം
മണ്ണിനുവേണ്ടി
എം.കെ.ഹരികുമാർ

ശബ്ദത്തിന്റെ രസതന്ത്രം


അംബിക. എ. നായർ

ഏകാകിയായമനുഷ്യൻ ഉണർവുനേടുന്നത്‌ ശബ്ദസാന്നിധ്യങ്ങളിലാണ്‌. നാദവീചികൾ മനുഷ്യമനസ്സിനെ ഉണർത്തി പുതുവിതാനങ്ങളിലേക്ക്‌ നയിക്കുന്നു. കുലീനവും തരളവുമായ ശബ്ദങ്ങൾ മനസ്സിന്റെ ആഴങ്ങളിലേക്കാണ്ടുപോകുന്നു. അവ മനസ്സിന്റെ സ്വപ്നവീചികളെത്തഴുകിയുണർത്തി കാലാതീതമായ പ്രണയതാരള്യങ്ങളനുഭ വിപ്പിക്കുന്നു. ശബ്ദത്തെ വളരെ വിദഗ്ധമായി, നൈസർഗ്ഗികമായി ആവിഷ്കരിച്ച സാഹിത്യകാരൻമാർ നിരവധി. കാമുകീകാമുകൻമാരുടെ ഹൃദയരാഗങ്ങൾ പകർത്തിയ ശബ്ദവീചികൾ സാഹിത്യനഭസ്സിനെപ്രകാശപൂരിതമാക്
കി. കാവ്യനാടകാദികളിലും ഇതര സാഹിത്യരൂപങ്ങളിലും ശബ്ദം സൃഷ്ടിച്ച മായികാനുഭൂതി ഭാവുകൻ ആസ്വദിച്ചുകൊ​‍േൺണ്ട യിരിക്കുന്നു. കാളിദാസവൈഖരിയും  ആശാന്റെ ഭാവഗരിമയും നാദവീചികൾ സൃഷ്ടിക്കുന്ന മാനസികതലം ഫലപ്രദമായിച്ചൊല്ലിയുണർത്തി. സി.വി, ചന്തുമേനോൻ തുടങ്ങിയവരും വ്യത്യസ്തരല്ല. തുടർന്നുവരുമ്പോൾ ബഷീറിന്റെ കൃതികളിൽ ഈ ശബ്ദചിത്രണം സൃഷ്ടിക്കുന്ന മായക്കാഴ്ച്ചകളും അനുഭവവൈചിത്ര്യങ്ങളും ഒന്നുവേറെതന്നെ. ഒരുപൊട്ടിച്ചിരി, ഒരുകരച്ചിൽ, ഒരുശകാരം, ഒരുമൂളൽ, ഒരുഞ്ഞരക്കം, ഒരാക്രോശം, ഒരേമ്പക്കം തുടങ്ങി  അർഥഗാംഭീര്യവും മാനസികപിരിമുറുക്കം മാറ്റുന്നതുമായ ശബ്ദവ്യതിരിക്തത്തകൾ ബഷീറിന്റെ ഒട്ടെല്ലാ കൃതികളിലും കാണാൻ കഴിയും.
'മതിലു'കളിലും 'ഭാർഗ്ഗവീനിലയ'ത്തിലും ശ്രവ്യമാകുന്ന ശബ്ദചിത്രണം നോക്കിയാൽ ഈ രണ്ടുകൃതികളിലും മതിൽ ഒരുപ്രധാന കഥാപാത്രമായി നിൽക്കുന്നതു കാണാം. 'മതിലു'കളിൽ ഒരിക്കൽപോലും കഥാനായകനും നാരായണിയും കണ്ടുമുട്ടുന്നില്ല. അവരുടെ സംഭാഷണങ്ങളിലോരോന്നിലും നിറയെ സ്വപ്നങ്ങൾ?... കഥാനായകൻ കൊടുത്ത റോസാക്കമ്പുകൊണ്ട്‌ ഒരുപൂന്തോട്ടം തന്നെയുണ്ടാക്കുന്ന നാരായണി, ആ റോസാപ്പൂക്കളെടുത്ത്‌ മുഖത്ത്‌, മുടിയിൽ, നെഞ്ചിനുള്ളിൽ വെച്ച്‌ ആഗ്രഹങ്ങളുടെ നിറവറിയുന്നവൾ-കാൽപനികപ്രണയത്തി
ന്റെ അമൂർത്തനിലാവിലേക്കാണ്‌ അവരുടെ അന്ധപ്രണയം (കാഴ്ച്ചകളില്ലാത്ത) നീങ്ങുന്നത്‌. അങ്ങനെ കായവറുത്തതും നെല്ലിക്ക ഉപ്പിലിട്ടതും കൊൺണ്ടാട്ടങ്ങളുമെല്ലാം മതിലിനുമുകളിൽക്കൂടി അങ്ങോട്ടും ഇങ്ങോട്ടും സവാരിചെയ്തു.അപ്പുറത്തുതാനു​‍െൺണ്ടന്നതിനു തെളിവായി ഒരുണക്കക്കമ്പ്‌ ആകാശത്തിലുയരുന്നു. ആ കാഴ്ച്ച നായകനിലുൺണ്ടാക്കുന്ന ഭാവതാരള്യം അതിസമർഥമായി വാക്കുകൾകൊണ്ട്​‍്‌ കോറിയിടുന്നു. സ്വപ്നങ്ങൾ ഏറെ നെഞ്ചേറ്റിനിന്നനിമിഷം സ്വാതന്ത്ര്യം എന്നവാക്ക്‌ ഒരിടിവെട്ടുപോലെ നായകനിൽ ആഞ്ഞുപതിക്കുന്നു. 'ആർക്കുവേണം സ്വാതന്ത്ര്യം' എന്ന ജൽപനത്തിൽ ഒരു പ്രണയസൗധം തകർന്നടിയുന്നു. ശബ്ദവീചികളിലൂടെമാത്രം പ്രണയിച്ച, ജീവിതം ഒരുപൂങ്കാവനമാക്കിമാറ്റിയ നായകൻ അടക്കാനാവാത്ത അമർഷത്തോടെ എങ്ങോട്ടെന്നില്ലാതെ നടന്നകലുന്നു.
'ഭാർഗ്ഗവീനിലയ'ത്തിലെ കാമുകീകാമുകൻമാരും മതിലിനിരുവശവും നിന്നാണ്‌ പ്രണയചേഷ്ടകൾ കൈമാറുന്നത്‌. ശശികുമാർ തന്റെ കൈയിലെ ഒരൺ​‍ിലയും തൺണ്ടുമുള്ള ചുവന്നറോസാപ്പൂവ്‌ കണ്ണിൽവെച്ച്‌ 'രക്തനക്ഷത്രം' എന്നുപറഞ്ഞെറിയുമ്പോൾ ഭാർഗ്ഗവി മതിലിൽചേർന്നുനിന്നു ഹൃദയരേഖവരയ്ക്കുന്നു. 'എന്റെ ഹൃദയമായിരുന്നു അത്‌' എന്നുപറയുന്ന ശശികുമാറും 'എന്നെസ്നേഹിക്കൂ' എന്നപേക്ഷിക്കുന്ന ഭാർഗ്ഗവിയും നിൽക്കുന്നത്‌ മതിലിനിരുപുറവുമാണ്‌. മതിലിൽ തലയുയർത്തി ശശികുമാറിന്റെ ഗാനം നുണയുന്നഭാർഗ്ഗവി-തൈമാവിന്റെകൊ
മ്പിൽ ഊഞ്ഞാലാടുന്ന ഭാർഗ്ഗവി-, പിന്നെ കത്തുകൈമാറുന്ന ഇരുവരും-മതിലാണ്‌ ഇവിടെയും പ്രധാനകഥാപാത്രം.
ഈ കൃതികളുടെ രചനാപശ്ചാത്തലം തികച്ചും വ്യത്യസ്തം. രാഷ്ട്രീയത്തടവുകാരനും കോളേജധ്യാപകനുമായ രണ്ടൺ​‍ുനായകൻമാരിലും ഉണർവുനേടുന്ന കാൽപനികാ ഭിനിവേശങ്ങൾ എത്ര അനായാസം മറനീക്കി പുറത്തുചാടുന്നു. കലയും കാലവും കലാകാരന്റെ ചാതുര്യത്തിനിവിടെ വഴങ്ങുന്നു. സചേതനയായ പ്രകൃതിയെ കഥാപാത്രമാക്കി പല രചനകളും ഉണ്ടൺൺ​‍ായിട്ടുണ്ടുൺ​‍്‌. എന്നാൽ അചേതനമായ മതിലിന്റെ കഥാപാത്രസ്ഥാനം പുതുമതന്നെ. വിഭാവാനുഭാവസഞ്ചാരീഭാവങ്ങളാൽ ഘനീഭൂതമാകുന്ന രസം ഈകൃതികളിലനുഭവീകൃതം. 'മതിലുക'ളേക്കാൾ 'ഭാർഗ്ഗവീനിലയം' പാരസ്പര്യസുതാര്യമായ അനുരാഗം വെളിപ്പെടുത്തുന്നു. പ്രണയചേഷ്ടകൾക്കു വഴങ്ങാൻ മടിക്കുന്ന ഒരുകാമുകഹൃദയത്തിന്റെ ഒതുക്കം ഇതിലുണ്ടെൺങ്കിലും ഭാവതാരളയസമ്പന്നമായ ശൃംഗാരത്തിന്റെ വീചികളിലൂടെ നായകൻ ഒഴുകുന്നുണ്ട്​‍്‌. നായികയ്ക്കാണിവിടെ പ്രണയസാമർഥ്യം കൂടുതൽ. 'മതിലുക'ളിൽ നായികാനായകൻമാർ ഏതാണ്ട്‌ സമാനാനുരാഗവശരെങ്കിലും നാരായണിയുടെ പ്രണയോൻമുഖത മറനീക്കി പുറത്തുചാടുന്ന പലസന്ദർഭങ്ങളുമുണ്ട്‌. 'ജയിലിലെ സുന്ദരി താനാണെന്ന കള്ളവാക്കിൽ, നായകന്റെ സ്നേഹം മുഴുവൻ വേണമെന്ന ഒളിവാക്കിൽ' -ഒക്കെയും അവളിലുണരൂന്ന സ്നേഹരോഷങ്ങൾ അനുഭാവം തന്നെയാണ്‌.

രണ്ടു കൃതികളും മലയാളസാഹിത്യത്തിന്റെ അക്ഷയഖനികൾ. നൈസർഗ്ഗികമായി ഉറന്നൊഴുകുന്നകലാകൗശലം ബഷീർ കൃതികളുടെ അന്തർധാരയാണ്‌. ആ കൃതികൾക്കു പ്രചോദനം ഭൂമിയിലെ സാധാരണമനുഷ്യരും.  അപ്പോൾ രൂപവും ഭാവവും താളവും മേളവും പാട്ടും പൊട്ടിച്ചിരികളും എല്ലാം ചാതുര്യത്തോടെ കൃതികളുടെചേരുവയാകുന്നു. ഈ ചേരുവ ലോകസാഹിത്യത്തിനും പഥ്യം.

അന്തിപ്പേടി നീക്കാൻ കൈത്തിരിപ്രസാദം മതി


സി.രാധാകൃഷ്ണൻ

പ്രായപൂർത്തി ആയി എന്നു മനുഷ്യരെപ്പറ്റി പറയാറ്‌ യൗവനം തികയുമ്പോഴാണ്‌. കൃത്യത്തിലത്‌ പ്രായപൂർത്തി അല്ല, വെറുമൊരു ദശാപരിണാമമാണ്‌, ശൈശവപൂർത്തിയും ബാല്യപൂർത്തിയും കൗമാരപൂർത്തിയും പോലെ. വിഹിതമായ ആയുസ്സു പൂർത്തിയായി ശരീരം ഭൗതികപ്രപഞ്ചത്തിന്റെ വല്ലരിയിൽനിന്ന്‌ സ്വയം ഞെട്ടറ്റ്‌ വേറിടാൻ നേരമടുക്കുമ്പോഴാണ്‌ മനുഷ്യന്‌ ശരിയായ പ്രായപൂർത്തി കൈവരുന്നത്‌.
    ആ ഞെട്ടറ്റുപോക്കും സ്വാഭാവികമായ ഒരു ദശാപരിണിതിയാണെന്നാലും അതിലൂടെ ജീവസംക്രമണ ചക്രം ഒരു താളവും പൂർത്തിയാക്കുന്നതിനാൽ, അതു നിർണ്ണായകമാണ്‌. ഇന്ദ്രിയമനോബുദ്ധികളുടെ നൈരന്തര്യം അറ്റുപോകുന്നു. ഇവയുടെ സംയുക്തസന്തതിയും ഭൗതികപ്രതിഭാസവുമായ ഞാൻ എന്ന സ്വത്വമേ യാഥാർത്ഥ്യമായി ആകെ ഉള്ളൂ എന്നു കരുതുന്നവരെ സംബന്ധിച്ചിടത്തോളം അവർ ഉള്ളതെല്ലാമെല്ലാം മരണത്തോടെ ഇല്ലാതാകുന്നു എന്നർത്ഥം. അപ്പോൾ ആ ബോധത്തിൽനിന്ന്‌ അതിശക്തമായ ഭയം ജനിക്കുന്നു.
    അന്തിപ്പേടിയുടെ ഒരു വകഭേദംതന്നെ ഇതും. നേരം ഇരുളുമ്പോൾ മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും ഉള്ളിന്റെ ഉള്ളിൽ പേടിക്കുന്നു. ഗുഹാജീവിതകാലത്തിന്റെ ബാക്കിപത്രമായി വെറുതെ നിലനിൽക്കുന്ന ഒരു പേടി. ശക്തിയേറിയ വിളക്കുകളുള്ള ഇക്കാലത്തും സ്വന്തം മനസ്സിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും ഇത്‌ തിരിച്ചറിയാനാവും. അരിച്ചുകയറുന്ന അസ്വാസ്ഥ്യം അറിയാതുയരുന്ന നെടുവീർപ്പ്‌. വിളക്കു കൊടുത്തുക എന്നതാണ്‌ ഇതിന്‌ പ്രതിവിധി. ആ തിരിവെട്ടം ഉദയത്തിന്റെ അതായത്‌ ഉയിർപ്പിന്റെ പ്രതീക്ഷയും ഇടവേളയിലെ ഇരുളിൽ വഴി കാണാനുള്ള ഉപാധിയുമാണ്‌.
    ജീവിതം അന്തിയോടടുക്കുമ്പോഴുണ്ടാകുന്ന അങ്കലാപ്പകറ്റാനും ഒരു കൈത്തിരിതന്നെ പ്രതിവിധി. അതായത്‌, നേരറിവിന്റെ തിരിവെട്ടം. അവനവനുതന്നെ ഇതു കൊളുത്താം. മറ്റാരെങ്കിലും കൊളുത്തിയതിനെ കൂപ്പി അതിന്റെ വെളിച്ചത്തിരുന്നാലും ഫലം ഒന്നുതന്നെ.
    ഈ വെളിച്ചം എന്തിനെല്ലാം പ്രതിവിധിയാകുമെന്നു നോക്കാം. ഈ വെളിച്ചത്തിൽ കണ്ടാൽ, മരണം എന്നത്‌ ഉടുപ്പു മാറ്റുന്നപോലയെ ഉള്ളൂ. ഈ ജന്മത്തിലെ അനുഭവങ്ങൾ കാരണം ഭേദഗതി ചെയ്യപ്പെട്ട വാസനാസഞ്ചയവുമായി ജീവൻ, കാലഹരണം സംഭവിച്ച ദേഹത്തെ ഉപേക്ഷിക്കുന്നു. ആ വാസനകളുടെ തുടർന്നുള്ള ആവിഷ്കാരത്തിനുതകുന്ന പുതിയ ദേഹം നിർമ്മിച്ചെടുക്കുന്നു. ഈ ആശയം ഭോഷ്കാണെന്നായിരുന്നു ഇതുവരെ ശയൻസിന്റെ ധാരണം. ഇപ്പോൾ ജീവൻ ദേഹഭിന്നമാണെന്നും അതൊരു രൂപനിർമ്മാണക്ഷേത്രമാണെന്നും റുപർട്ട്‌ ഷെൽഡ്രേക്ക്‌ എന്ന ബയോളജിസ്റ്റ്‌ ന്യൂ ശയൻസ്‌ ഓഫ്‌ ലൈഫ്‌ എന്ന ഗവേഷണകൃതിയിൽ സ്ഥാപിച്ചിരിക്കുന്നു. അതായത്‌, ആരും മരിക്കുന്നില്ല. ആരും പുതുതായി ഉണ്ടാകുന്നുമില്ല. അതിനാൽ വയസ്സാകുമ്പോൾ പേടിക്കാനല്ല ശ്രദ്ധിക്കാനാണ്‌ ഉള്ളത്‌. അന്നോളമുള്ള ജീവിതംകൊണ്ട്‌ വാസനകൾ ശുദ്ധമാണോ ആയത്‌ എന്നു തിരിഞ്ഞുനോക്കി അറിഞ്ഞ്‌ കൂടുതൽ ശുദ്ധമാക്കാൻ ശ്രദ്ധിക്കാം. പ്രാരാബ്ധങ്ങളൊഴിയുമ്പോൾ സമയം ധാരാളം. അതിനാൽ, മരണ ഭീതി ഉപേക്ഷിക്കുക, ആത്മശുദ്ധിക്കായി കഴിവതും യത്നിക്കുക.
    ഭൗതികമായി നേടിയത്‌ മതിയായില്ല എന്ന വല്ലായ്മയാണ്‌ പ്രായമാകുമ്പോഴത്തെ മറ്റൊരു അങ്കലാപ്പ്‌. ജീവിതം ചീറ്റിപ്പോയി എന്നൊരു തോന്നൽ. എന്തെല്ലാം നേടിയാലും ഈ തോന്നൽ ഉണ്ടാകുമെന്നതാണ്‌ നേരറിവിന്റെ വെളിച്ചത്തിൽ കാണാവുന്ന മറ്റൊരു സത്യം. സ്വത്ത്‌ എത്ര തന്നെ ഉണ്ടായാലും പോരാതെ, രണ്ടാമതൊരു കാറില്ല, വില്ലയിലെ ഒരു മുറിയിൽ ഏസിയില്ല. ബാങ്കിലുള്ള കോടികൾ ഒന്നിനും തികയില്ല എന്നിങ്ങനെ ദാരിദ്ര്യം അനുഭവിക്കാം. മറുപുറത്ത്‌ ഒന്നും കാര്യമായി ഇല്ലെന്നാലും എല്ലാമുണ്ട്‌ എന്നു കരുതിയാൽ സമൃദ്ധിയുമായി. എങ്ങനെ കരുതിയാലും വിശേഷമില്ല, ഉള്ളതേ ഉണ്ടാവൂ എന്നത്‌ മറ്റൊരു കാര്യം. ഒന്നു ധന്യതയുടെ വഴി, മറ്റേത്‌ വ്യർഥതാബോധത്തിന്റെയും നികത്താനാവാത്ത മോഹഭംഗങ്ങളുടെയും പടുകുഴി. ഏതും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കു സ്വന്തം!!
    കാര്യമായ ഒരു അസുഖവുമില്ലെന്നാലും പ്രായമായി എനിക്കിനി ഒന്നിനും വയ്യ. എന്റെ എല്ലാ കാര്യങ്ങളും ആരെങ്കിലും ചെയ്തുതരണം എന്ന നിലപാടിലെ പോഴത്തവും നേരറിവ്‌ തിരുത്തിത്തരും. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന്‌ ആയുർവേദം പണ്ടേ പറയുന്നു. ഇപ്പോൾ മോഡേൺ മെഡിസിനും ഇതുതന്നെ പറയുന്നു. കർമ്മങ്ങൾ നന്നായി ചെയ്ത്‌ നൂറു വർഷം സൗഭാഗ്യത്തോടെ ഇരിക്കുക എന്നാണ്‌ ഉപനിഷത്കാലത്തെ ആശംസ-ശരദശ്ശതം! മനസ്സാണ്‌ കാര്യം. വയ്യ എന്നു തോന്നിയാൽ വയ്യാതാവും. വയ്ക്കുമെന്നു തോന്നിയാൽ വയ്യായ്മകൾ നീങ്ങും. വീണ്ടും, എവ്വിധവും ധരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുതന്നെ!
    രോഗങ്ങളാണ്‌ മറ്റൊരു ദുഃഖകാരണം. യഥാർത്ഥത്തിൽ ഉള്ള രോഗങ്ങളും ഉണ്ടെന്നു വെറുതെ തോന്നുന്ന രോഗങ്ങളും കാണും. ഇല്ലെന്നു തിരിച്ചറിഞ്ഞാൽ രണ്ടാമത്തേതു പോയിക്കിട്ടി. ചികിത്സിക്കാവുന്നത്ര ചികിത്സിക്കുകയും ആഹാര-വിഹാരാദികളിൽ ആവശ്യമായ നിയന്ത്രണം പാലിക്കുകയുമില്ലാതെ ആദ്യ ഇനത്തിനെച്ചൊല്ലി സങ്കടപ്പെട്ടിട്ട്‌ ഒരു പ്രയോജനവുമില്ല. ജീവൻ മുജ്ജന്മവാസനകളുടെ ആവിഷ്കാരം സാധിക്കുന്നതിനിടെ ദേഹത്തിനു വരുന്ന അപചയങ്ങളാണ്‌ രോഗങ്ങൾ. രാഗാനുരോഗാൻ എന്നാണല്ലോ ആയുർവേദം തുടങ്ങുന്നത്‌. അവ തടയാവതല്ല. ഈ ജന്മത്തിൽ കിട്ടിയ വാസനകളുടെ ഫലവുമാകാം ഇത്‌. വാസനകൾ കർമ്മഫലങ്ങളാണ്‌. അതായത്‌, കർമ്മയോഗംവഴി ആത്മശുദ്ധീകരണമാണ്‌ ഏതു രോഗത്തിനും ആദ്യചികിത്സ. വൈദ്യനോ മരുന്നോ വേണ്ട. ഇത്‌ സ്വയം ചെയ്യാം. പക്ഷെ തന്നെത്താൻ ഉദ്ധരിക്കണൊ വേണ്ടയോ എന്ന്‌ നിശ്ചയിക്കേണ്ടതും മറ്റാരുമല്ലല്ലോ!
    മക്കൾക്കും മരുമക്കൾക്കും മറ്റു ബന്ധുമിത്രാദികൾക്കും നൽകിയ സ്നേഹത്തിനും പരിചരണത്തിനും സേവനത്തിനും പ്രതിഫലം പ്രതീക്ഷിക്കുകയും അതു കിട്ടാതെ വന്നും കിട്ടിയത്‌ മതിയാകാഞ്ഞും സങ്കടപ്പെടുകയുമാണ്‌ മറ്റൊരു ദുരവസ്ഥ. കേട്ടിട്ടില്ലേ പഴയ ഒരു തമാശ? ഞാൻ എന്റെ ഉണ്ണിയെ കാണാൻ പോവുക, എന്റെ ഉണ്ണി എനിക്കു വല്ലതും തരിക, എന്റെ ഉണ്ണി എന്നെ കാണാൻ വരിക, എന്റെ ഉണ്ണി എനിക്കു വല്ലതും തരിക! അതായത്‌ എപ്പോഴും വൺവെ ട്രാഫിക്‌ മാത്രം! മറിച്ച്‌ കിട്ടാത്തതൊക്കെ ഉപേക്ഷിക്കാത്തത്താണ്‌, കിട്ടിയതൊക്കെ ആശാസ്യവുമാണ്‌- ആയാതമായാതം അപേക്ഷണീയം, ഗതംഗതം സർവം ഉപേക്ഷണീയം- എന്നു കരുതിയാൽ സർവം ശുഭം, മംഗളം!
    ആകട്ടെ, വാസനകൾ ശുദ്ധമാകുന്നിന്റെ ലക്ഷണങ്ങൾ എന്തെല്ലാം? ശാഠ്യങ്ങൾ കുറയും, പരാതികൾ ഇല്ലാതാവും, സങ്കടം നീങ്ങും, ആരോഗ്യം കൂടുതൽക്കൂടുതൽ മെച്ചപ്പെടും, പ്രസാദം മനസ്സിന്റെ സ്ഥായീഭാവമാവും, ചുറ്റുമുള്ളവരെല്ലാം നമ്മെ ഇഷ്ടപ്പെടും.
    പ്രസാദം എന്നത്‌ വല്ല അമ്പലത്തിൽനിന്നും എറിഞ്ഞുകിട്ടുന്ന പൂവോ ചന്ദനമെന്ന പേരിൽ കൈവെള്ളയിൽ വീഴുന്ന വല്ല രാസപദാർത്ഥപ്പൊടിയോ കഴുകാതെയും എലിക്കാട്ടംപോലും കളയാതെയും അടുപ്പത്തു ചൊരിയുന്ന ഉണക്കലരിയുടെ പാൽപ്പായസമോ ഒക്കെ ആണെന്നാണ്‌ പൊതുവേ ധാരണ.
    ഇന്ദ്രിയഗോപുരം കടന്ന്‌, മനസ്സിന്റെ ചുറ്റമ്പലത്തിൽ ഈശ്വരാകർഷണവിധേയമായി പ്രദക്ഷിണം കഴിഞ്ഞ്‌, ശ്രീകോവിലിനകത്തും സ്വന്തം ഉള്ളിലും ഒരേസമയം കുടികൊള്ളുന്ന ആളെ തിരിച്ചറിഞ്ഞ്‌ അവിടെ സ്വയം സമർപ്പിച്ച്‌ ലയിച്ചാൽ കിട്ടുന്ന മനോഭാവമാണത്‌. ഇതിനായി ആസൂത്രണം ചെയ്യപ്പെട്ടതാണ്‌ തന്ത്രസമുച്ചയം എന്ന മഹാശാസ്ത്രം. അമ്പലത്തിൽ പോകണൊ വേണ്ടയോ എന്നു നിശ്ചയിക്കേണ്ടതും പോയാൽ എന്താണ്‌ നേടേണ്ടതെന്നു തീരുമാനിക്കേണ്ടതും നാം തന്നെയാണല്ലോ.
    വൃദ്ധനായി ഇനി എന്നെക്കൊണ്ട്‌ ആർക്കുമൊരു കാര്യവുമില്ല എന്ന വ്യർഥതാബോധം അതു വച്ചു പുലർത്തുന്നവർക്ക്‌ ആപൽക്കാരിയും സമൂഹത്തിന്‌ വൻനഷ്ടം വരുത്തുന്നതുമാണ്‌. പ്രായത്തിന്റെ പക്വതയ്ക്ക്‌ ഏറെയുണ്ട്‌ കർത്തവ്യവും പ്രയോജനവും പക്വതയുള്ള മുത്തച്ഛന്മാരും മുത്തശ്ശിമാരുമാണ്‌ ഈ ലോകത്തിലെ സർവോത്തമാധ്യാപകർ. കുട്ടിയായ എന്നെ എടുത്തു മടിയിൽ വയ്ക്കുന്ന ആളുടെ ഉടുതുണിയിൽ ഞാൻ മൂത്രമൊഴിക്കുന്നത്‌ ബോധപൂർവമാണെങ്കിൽ പാപമാണെന്ന ബാലപാഠം മുതൽ പിന്നെപ്പിന്നെ ഉപനിഷത്തിന്റെ ഉള്ളുകള്ളികൾവരെ എനിക്കു പറഞ്ഞുതന്നത്‌ എന്റെ മുത്തച്ഛനാണ്‌.
    അകത്ത്‌ പ്രസാദമുണ്ടാക്കുകയും അത്‌ പ്രസരിപ്പിക്കുകയും ചെയ്തുനോക്കുക. എല്ലാ ഇല്ലായ്മകളും വല്ലായ്മകളും വയ്യായ്മകളും മാറും. എല്ലാരുമെല്ലാരും നമുക്കും നാം അവർക്കും പ്രിയപ്പെട്ടവരാവും. പക്ഷെ, നമുക്കു മാത്രമായി നേടാൻ ഒന്നുമില്ലെന്ന ആത്മാർത്ഥമായ തിരിച്ചറിവുണ്ടായാലെ ഈ മഹാനേട്ടം കൈവരൂ.
    മനസ്സിനകമേ പ്രസാദമുണ്ടാക്കാൻ ഋഷീശ്വരന്മാർ നമുക്കു യോഗവിദ്യ ഉപായമായി തന്നിരിക്കുന്നു. യോഗവിദ്യ എന്നാൽ, അതിസങ്കീർണ്ണമായ ഒരു സാധനാരീതി എന്നൊന്നും അല്ല അർത്ഥം. അവനവനിൽത്തന്നെയുള്ള ഈശ്വരനോട്‌ ചേർന്നിരിക്കാൻ ശീലിക്കുക, അത്രതന്നെ. ഇത്‌ ജാതിമതഭേദം കൂടാതെ ആർക്കുമാകാം, എത്ര അവശമായ അവസ്ഥയിലുമാകാം. നന്നെ കുറഞ്ഞ സമയംകൊണ്ടും ആ ചേർന്നിരിപ്പ്‌ ഉറപ്പിക്കാം. ഋതുവാർന്ന പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും അഗ്നിയചനം ചെയ്ത ബ്രാഹ്മണനും-ആബാലവൃദ്ധം-ഇതിന്‌ തുല്യാവസരമാണുള്ളത്‌. ആരും ഒട്ടുംതന്നെ കൂടുതലോ കുറച്ചോ തുല്യരല്ല!
    നമ്മുടെ വീടുകളെല്ലാം പ്രസാദസ്രോതസ്സുകളായ മുത്തച്ഛന്മാരും മുത്തശ്ശിമാരും ശ്രീകോവിലിൽ പൂജിക്കപ്പെടുന്ന ക്ഷേത്രങ്ങളാവുംകാലം ഈ നാട്‌ സ്വർഗഭൂമിയാവും. പിന്നെ, ഒരൊറ്റ വൃദ്ധസദനവും ഇവിടെയെങ്ങും ആവശ്യം വരില്ല.

സാക്ഷ്യം
    എനിക്കിപ്പോൾ പ്രായം എഴുപത്തിനാലായി. ഇതുവരെ പോന്ന വഴിയിൽനിന്ന്‌ കിട്ടിയ വെളിപാടാണ്‌ ഇപ്പറഞ്ഞത്‌. അതിന്റെ ഗുണഫലങ്ങൾകൂടി കേൾക്കണോ? ഈ ഞാൻ യഥാർത്ഥത്തിൽ ആരുമല്ല, ഒന്നുമല്ല എന്ന്‌ അറിയാവുന്നതിനാൽ പേടികൾ ഇല്ല. ശത്രുക്കൾ ഇല്ല. സങ്കടങ്ങളോ കാര്യമായ രോഗങ്ങളോ ഇല്ല. നിരാശത ഇല്ല. ഞാൻ തന്നെയാണ്‌ പ്രപഞ്ചം എന്നു തീർച്ചപ്പെട്ടതിനാൽ ആരും അന്യരല്ല, ഒന്നും അന്യമല്ല. ഈ പ്രപഞ്ചത്തിലെ എല്ലാരും എന്റെയാണെന്നിരിക്കെ ഒന്നും പ്രത്യേകമായി എനിക്ക്‌ ആവശ്യമില്ല. ശേഷിക്കുന്നത്‌ ഒരു പ്രാർത്ഥന മാത്രം- അനുഭവത്തിൽ ഒന്നുമല്ലാതായി എല്ലാമാകാനുള്ള സർഗാത്മകപരിശ്രമം ഈ ജന്മംകൊണ്ട്‌ പൂർത്തിയായിക്കിട്ടണം. അതിനായുള്ള അക്ഷരപൂജ എന്ന ജോലി തീരുന്നില്ല. അതു ചെയ്യുന്നതിൽ അലംഭാവവും ഇല്ല.
    ലോകം പ്രസാദപൂർണ്ണമാകട്ടെ!
  


നോവൽ/കുലപതികൾ/10


സണ്ണി തായങ്കരി 



ഒരു ദിവസം വെയിൽ മൂത്തനേരം യജമാനൻ കൂടാരവാതിക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ മാമ്രേയുടെ ഓക്കുമരച്ചുവട്ടിൽ മൂന്നുപേർ നിൽക്കുന്നതുകണ്ടു. ആദ്യം കരുത്തിയത്‌ അടിമകളായിരിക്കുമെന്നാണ്‌. വെയിൽ മൂക്കുന്ന സമയത്ത്‌ മടിയന്മാരായ ചിലർ അങ്ങനെ വയലിൽനിന്ന്‌ നിഴൽ തേടി വരാറുണ്ട്‌. കുറേനേരം വിശ്രമിച്ച്‌ മടങ്ങിപ്പോകുകയും ചെയ്യും.
ഓക്കുമരച്ചുവട്ടിൽ കണ്ട അപരിചിതരിൽനിന്ന്‌ പ്രകാശം നിർഗമിക്കുന്നത്‌ അദ്ദേഹം കണ്ടു. അതോടെ സന്ദർശകർ സാധാരണക്കാരല്ലെന്ന്‌ മനസ്സിലായി. അദ്ദേഹം ഓടി അവരുടെ അടുത്തെത്തി ശാഷ്ടാംഗം പ്രണമിച്ചു.
'യജമാനനെ... അങ്ങെന്നിൽ സംപ്രീതനെങ്കിൽ എന്നെ കടന്നുപോകരുതേ. കാലുകഴുകാൻ അടിയൻ വെള്ളംകൊണ്ടുവരാം. മരത്തണലിലിരുന്ന്‌ വിശ്രമിക്കാം. അപ്പോഴേയ്ക്കും ഞാൻ കുറെ അപ്പം തയ്യാറാക്കാം. വിശപ്പടക്കിയിട്ട്‌ യാത്ര തുടരുകയുംചെയ്യാം.'
അപേക്ഷകേട്ട്‌ 'നീ പറഞ്ഞതുപോലെ ചെയ്യുക'യെന്ന്‌ മധ്യത്തിൽനിന്ന ആൾ പറഞ്ഞു.
യജമാനൻ വേഗം കൂടാരത്തിൽ തിരിച്ചെത്തി സാറായോട്‌ പറഞ്ഞു-
'മൂന്നിടങ്ങഴി മാവെടുത്ത്‌ കുഴച്ച്‌ അപ്പമുണ്ടാക്കുക.'
സാറാ യജമാനത്തി മാവ്‌ കുഴയ്ക്കുമ്പോഴേയ്ക്കും യജമാനൻ കാലിക്കൂട്ടിൽനിന്നും കൊഴുത്ത ഒരു കടിഞ്ഞൂൽ കാളക്കുട്ടിയെ പിടിച്ച്‌ ഭൃത്യനെ ഏൽപിച്ച്‌ പാകംചെയ്യാൻ കൽപിച്ചു.
യജമാനൻ അപ്പവും മൂരിയിറച്ചിയുമായി അതിഥികളുടെ അടുത്തെത്തി.  അപ്പവും മൂരിയിറച്ചിയും വെണ്ണയും പാലും വിളമ്പി. വിനീതഭൃത്യനെപ്പോലെ യജമാനൻ അവരെ പരിചരിച്ചു. ഭക്ഷണത്തിനിടെ മധ്യത്തിലെ ദിവ്യപുരുഷൻ ചോദിച്ചു-
'നിന്റെ ഭാര്യ സാറാ എവിടെ?'
'കൂടാരത്തിലുണ്ട്‌ പ്രഭോ.'
'വസന്തത്തിൽ തിരികെയെത്തുമ്പോൾ നിന്റെ ഭാര്യ സാറായ്ക്ക്‌ ഒരു പുത്രനുണ്ടായിരിക്കും.'
സംസാരം ശ്രദ്ധിച്ച്‌ കൂടാരവാതിക്കൽ യജമാനത്തി നിൽക്കുന്നുണ്ടായിരുന്നു. അവർ ഉള്ളിൽ ചിരിച്ചുകൊണ്ട്‌ മനോഗതം ചെയ്തു.
'രണ്ടു പേർക്കും പ്രായമേറെയായി. വൃദ്ധരായ ഞങ്ങൾക്കിനി സന്താനം ഉണ്ടാകുമെന്നോ?'
'വൃദ്ധരായ തങ്ങൾക്കിനി കുഞ്ഞുണ്ടാകുമോയെന്ന്‌ ഉള്ളിൽ സംശയിച്ച്‌ സാറാ ചിരിച്ചതെന്തുകൊണ്ട്‌?' ദൈവപുരുഷൻ ചോദിച്ചു.
 ആ ചോദ്യം അകലെ നിന്ന അവൾ വളരെ വ്യക്തമായി കേട്ടു. അരുതാത്തത്‌ ചിന്തിച്ചുവല്ലോയെന്ന കുറ്റബോധം അവൾക്കുണ്ടായി.
 'ഇല്ല. ഞാൻ ചിരിച്ചില്ല.' സാറാ നിഷേധിച്ചു. ദൈവപുരുഷന്റെ വാക്കിനെ സംശയിച്ചതിൽ അവൾ ഭയപ്പെട്ടു. ആ സ്വരം കടുത്തു-
'അല്ല. നീ സംശയിക്കുകതന്നെ ചെയ്തു.'
യജമാനൻ 'മാപ്പാക്കണേ'യെന്ന്‌ മണ്ണിൽ കമഴ്‌ന്നുവീണ്‌ അപേക്ഷിച്ചു.
ദൈവപുരുഷന്മാർ ഏഴുന്നേറ്റ്‌ സോദോമിലേയ്ക്ക്‌ യാത്ര ആരംഭിച്ചു. യജമാനൻ വയലറ്റത്തോളം അവരെ അനുഗമിച്ചു. അവർ ചിന്തിച്ചു-
അബ്രാഹത്തിന്റെ വംശം മഹത്തും ശക്തവുമായ ഒരു ജനതയാകുമെന്നും ഭൂമിയിലെ ജനപഥങ്ങളെല്ലാം അവനിലൂടെ അനുഗ്രഹിക്കപ്പെടുമെന്നുമിരിക്കെ തങ്ങൾ ചെയ്യാൻ പോകുന്ന കാര്യം അവനിൽനിന്ന്‌ മറച്ചുവെയ്ക്കുന്നതെന്തിന്‌? അവനെ തെരഞ്ഞെടുത്തിരിക്കുന്നത്‌ നീതിയും ന്യായവും വർത്തിച്ച്‌ കർത്താവിന്റെ വഴികളിലൂടെ നടക്കാൻ തലമുറകളോട്‌ കൽപിക്കുന്നതിനും കർത്താവ്‌ അവനോട്‌ ചെയ്ത വാഗ്ദാനം പൂർത്തീകരിക്കുന്നതിനുമാണ്‌. മാത്രമല്ല, നീതി നടപ്പാക്കുന്നതിൽ അവനെത്രമാത്രം ജാഗരൂപനാണെന്ന്‌ തെളിയിക്കേണ്ടതുമുണ്ട്‌.
'സോദോമിനും ഗെമോറയ്ക്കുമെതിരെയുള്ള മുറവിളി വലുതാണ്‌. അവരുടെ പാപം ഗുരുതരവുമാണ്‌. അതിനാൽ അവരുടെ പ്രവൃത്തികൾ നമ്മുടെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നുണ്ടോയെന്നറിയാൻ നാം അവിടേയ്ക്കുപോകുകയാണ്‌.' ദിവ്യപുരുഷന്മാരിലൊരാൾ പറഞ്ഞു.
"മൂന്നുപേരായി വന്നത്‌ കർത്താവുതന്നെയായിരുന്നോ?" സഹഭൃത്യന്റെ സംശയം.
"അതെ. പലപ്പോഴും കർത്താവ്‌ ദൂതൻവഴിയാണ്‌ യജമാനനോട്‌ സംസാരിച്ചിരുന്നത്‌."
"കർത്താവ്‌ നേരിട്ട്‌ ഇപ്പോളെത്തിയത്‌ സാറാ യജമാനത്തിയെ ആശ്വസിപ്പിക്കുന്നതിനുവേണ്ടിയായിരുന്നുവേന്നാണോ?"
''അതും ഒരു കാരണമാകാം. അക്കാലത്ത്‌ സോദോം ഗെമോറദേശങ്ങളിലെ ജനങ്ങൾ അക്രമികളും മഹാപാപികളുമായിരുന്നു. ലൈംഗിക അരാജകത്വം അവരുടെയിടയിൽ മഹാമാരിപോലെ പടർന്നിരുന്നു. യുവാക്കളും പടുവൃദ്ധന്മാരും ലൈംഗികാസക്തിയോടെ വഴിവക്കിൽ കാത്തുനിന്നു. പരദേശികളെയും വഴിപോക്കരെയും സ്ത്രീപുരുഷഭേദമന്യേ ബലമായിപിടിച്ചുകൊണ്ടുപോയി അവർ രതിവൈകൃതത്തിൽ ഏർപ്പെട്ടു. ഇരകളുടെ വിലാപം കർത്താവിന്റെ സന്നിധിയിലെത്തി."
"കർത്താവിനെ യജമാനൻ മുഖാമുഖം ദർശിച്ചെന്നോ?" മറ്റൊരു ഭൃത്യൻ അത്ഭുതപ്പെട്ടു.
"മുഖാമുഖം ദർശിച്ചെന്നുമാതമല്ല, അവിടുത്തോട്‌ നിരപരാധികളുടെ ജീവനുവേണ്ടി വാദപ്രതിവാദത്തിലേർപ്പെടുകയും ചെയ്തു."
യജമാനൻ കർത്താവിന്റെ മുമ്പിൽ വിനീതനായി ചോദിച്ചു-
'അവരുടെ പ്രവൃത്തികൾ പാപം നിറഞ്ഞതാണെന്ന്‌ അവിടുന്ന്‌ കണ്ടെത്തിയാൽ ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അവിടുന്ന്‌ നശിപ്പിക്കുമോ? നഗരത്തിൽ അമ്പത്‌ നീതിമാന്മാരുണ്ടെങ്കിൽ അവരെപ്രതി നഗരത്തെ ശിക്ഷയിൽനിന്ന്‌ ഒഴിവാക്കില്ലേ? ദുഷ്ടന്മാരെപ്രതി നീതിമാന്മാരെയും സംഹരിക്കുക, അത്‌ അങ്ങിൽനിന്ന്‌ ഉണ്ടാകാതിരിക്കട്ടെ. ദുഷ്ടന്മാരുടെ ഗതിതന്നെ നീതിമാന്മാർക്കും സംഭവിക്കുകയോ? ഭൂമി മുഴുവന്റെയും വിധികർത്താവ്‌ നീതി പ്രവർത്തിക്കാതിരിക്കുമോ?'
'അവിടെ അമ്പതു നീതിമാന്മാരുണ്ടെങ്കിൽ അവരെപ്രതി ആ നഗരത്തോട്‌ നാം ക്ഷമിക്കും.' താൻ തെരഞ്ഞെടുത്തവന്റെ നീതി ബോധത്തെയോർത്ത്‌ അവിടുന്ന്‌ അഭിമാനംകൊണ്ടു.
യജമാനൻ താണുവണങ്ങിക്കൊണ്ട്‌ പറഞ്ഞു-
'പൊടിയും ചാരവുമായ ഞാൻ സർവശക്തനായ അവിടുത്തോട്‌ സംസാരിക്കാൻ തുനിഞ്ഞല്ലോ? നീതിമാന്മാർ അമ്പതിന്‌ അഞ്ച്‌ കുറവാണെങ്കിലോ?'
 'നാൽപ്പത്തിയഞ്ച്‌ നീതിമാന്മാരെക്കണ്ടാൽ നാം നഗരത്തെ നശിപ്പിക്കുകയില്ല.'
 "കർത്താവിനെ മുഖാമുഖം ദർശിച്ചാൽപോലും ചാരമായി മാറുന്ന മനുഷ്യൻ അവിടുത്തോട്‌ തർക്കിച്ചുവേന്നോ?" ഭൃത്യന്മാർ അതിശയിച്ചു.
"അതെ. സോദോം ഗെമോറാ നഗരങ്ങളെ നശിപ്പിക്കാൻ നേരിട്ടിറങ്ങിവന്ന ദൈവം അബ്രാഹം യജമാനന്റെ നീതിമാന്മാർക്കുവേണ്ടിയുള്ള മുറവിളി കേട്ടു. അദ്ദേഹത്തിന്റെ നീതിബോധം പ്രതീക്ഷിച്ചവിധംതന്നെയെന്ന്‌ കണ്ടു. അതിൽ ദൈവം സംപ്രീതനായി. നാൽപ്പത്തിയഞ്ചിൽനിന്ന്‌ താഴ്‌ന്ന്‌, വീണ്ടും താഴ്‌ന്ന്‌ അവസാനം പത്ത്‌ നീതിമാന്മാർ സോദോമിലും ഗെമോറായിലും ശേഷിക്കുന്നുണ്ടെങ്കിൽ അവർക്കായി ആ നഗരങ്ങളെ നശിപ്പിക്കില്ലെന്ന്‌ അവിടുന്ന്‌ വാഗ്ദാനം ചെയ്തു."
"അത്ഭുതം തന്നെ. അബ്രാഹം യജമാനനെ കർത്താവ്‌ എത്രയധികമായി സ്നേഹിക്കുന്നുവേന്നതിന്റെ തെളിവാണിത്‌."
"സോദോമിലെത്തിയപ്പോൾ പത്ത്‌ നീതിമാന്മാരെയെങ്കിലും അവിടുത്തേയ്ക്ക്‌ കാണാൻ കഴിഞ്ഞോ?"
"ഇല്ല. അവശേഷിച്ച നീതിമാന്മാരിൽ ഒരാളെപ്പോലും അവിടുന്ന്‌ നശിപ്പിച്ചില്ല."
"അവരെയെങ്ങനെ രക്ഷിച്ചു?"
"സന്ധ്യമയങ്ങിയിരുന്നു. സോദോമിൽ പ്രവേശിച്ച ദിവ്യപുരുഷന്മാരെ നഗരകവാടത്തിൽ ഇരുന്ന യജമാനന്റെ സഹോദരപുത്രൻ ലോത്ത്‌ കണ്ടു. അയാളവരെ താണുവണങ്ങി എതിരേറ്റു. സോദോമിലെ ജനങ്ങൾ അക്രമികളായതിനാൽ അവരിൽനിന്ന്‌ രക്ഷനേടാൻ രാത്രി തന്റെ ഭവനത്തിൽ തങ്ങാൻ നിർബന്ധപൂർവം അയാൾ അവരെ ക്ഷണിച്ചു. അവർ ലോത്തിനോടൊപ്പംപോയി. ലോത്തിന്റെ ഭാര്യ തയ്യാറാക്കിയ അത്താഴം അവർ പങ്കിട്ടു. വിശ്രമിക്കാൻ ഒരുമ്പെടുമ്പോഴേക്കും സോദോം നഗരത്തിലെ യുവാക്കളും വൃദ്ധന്മാരും അതിഥികളെ വിട്ടുകിട്ടുന്നതിനായി ലോത്തിന്റെ ഭവനംവളഞ്ഞു.
"നിന്റെ അതിഥികളെ ഞങ്ങൾക്ക്‌ വിട്ടുതരിക.ഞങ്ങളവരെ ഭോഗിക്കട്ടെ."ജനം വാതിലിൽ മുട്ടി ആക്രോശിച്ചു.
അക്രമാസക്തരായ ജനക്കൂട്ടം ഭവനം തകർക്കുമെന്ന്‌ ലോത്തിന്‌ ബോധ്യമായി. അയാൾ പുറത്തെത്തി വാതിൽ ഭദ്രമായി അടച്ച്‌ ജനക്കുട്ടത്തോട്‌ യാചിച്ചു-
"അവരെന്റെ അതിഥികളാണ്‌. അതിഥികളോട്‌ മ്ലേച്ഛത കാട്ടരുതെന്ന്‌ ഞാനപേക്ഷിക്കുന്നു."
കൂപ്പിയ കൈകളിൽ കടന്നുപിടിച്ചുകൊണ്ട്‌ അക്ഷമനായ ഒരാൾ ലോത്തിന്റെ കവിളിൽ കടിച്ചു. ഒരു വൃദ്ധൻ ലോത്തിന്റെ നാഭിക്ക്‌ പിടിച്ചുകൊണ്ട്‌ മുരണ്ടു-
"നമുക്കാദ്യം ഇവനെ ഭോഗിക്കാം. ഇവനും വിദേശിയാണല്ലോ."
ജനക്കൂട്ടത്തിന്റെ ശാഠ്യം വർധിച്ചപ്പോൾ ലോത്ത്‌ പറഞ്ഞു-
"എന്തുവേണമെങ്കിലും ആയിക്കോ. പക്ഷേ, എന്റെ അതിഥികളെ ദയവായി ഉപദ്രവിക്കരുത്‌."
"ഇല്ല. ഞങ്ങൾക്ക്‌ അവരെത്തന്നെ വേണം."
ജനക്കൂട്ടത്തിന്റെ ആക്രോശം പൂർവാധികം ശക്തമായതേയുള്ളു. അവരെന്തും ചെയ്യാൻ മടിക്കില്ലെന്ന്‌ ലോത്തിന്‌ ബോധ്യമായി. ഹൃദയം നുറുങ്ങുന്ന വേദനയോടെ അയാൾ അറിയിച്ചു-
 "നിങ്ങൾക്ക്‌ വേണമെങ്കിൽ അതിഥികൾക്കുപകരം പുരുഷസ്പർശമേൽക്കാത്ത എന്റെ രണ്ടു പെൺമക്കളെ ഞാൻ വിട്ടുതരാം. അവരെ കൊണ്ടുപോയി  നിങ്ങളുടെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക."
 അപ്പോൾ ഒരാൾ രോഷത്തോടെ ഗർജിച്ചു-
"വിദേശത്തുനിന്നുവന്ന്‌ ഞങ്ങളുടെ മണ്ണിൽപാർത്ത്‌ ഞങ്ങളുടെ ഉപ്പും ചോളവും തിന്നുന്ന നീ ഞങ്ങളോട്‌ ന്യായം പറയുന്നോ? അവരോടെന്നതിനേക്കാൾ കൂടുതൽ മോശമായി നിന്നോടും നിന്റെ പെൺമക്കളോടും ഞങ്ങൾ പെരുമാറും."
"ആദ്യം ഞങ്ങൾക്ക്‌ നിന്റെ അതിഥികളെത്തന്നെ വേണം. ഞങ്ങളുടെ ഭോഗാസക്തി അഗ്നിയായി മാറും മുമ്പ്‌ അവരെ ഇറക്കിവിട്‌." ജനം ആർത്തട്ടഹസിച്ചു.
ലോത്തിനെ ശക്തിയായി തള്ളിമാറ്റി അക്രമാസക്തരായ ജനക്കൂട്ടം ആക്രോശത്തോടെ വാതിൽ തല്ലിപ്പൊളിക്കാനുള്ള ശ്രമത്തിലേർപ്പെട്ടു. അതിഥികൾ വാതിൽ മെല്ലെ തുറന്ന്‌ ആദ്യം കതകിൽ സ്പർശിച്ചവന്റെ കൈയിൽ കടന്നുപിടിച്ച്‌ വലിച്ച്‌ വീടിനുള്ളിലിട്ട്‌ കതകടച്ചു. നിമിഷങ്ങൾക്കുള്ളിൽ അനേകർ അപ്രകാരം ഇരയുടെ വായിലേക്കെന്നപോലെ വലിച്ചിഴയ്ക്കപ്പെട്ടു. ഭോഗാസക്തിയോടെ വാതിക്കൽനിന്ന്‌ ഗർജിച്ച ജനക്കൂട്ടത്തിന്റെ കണ്ണുകളിൽ പൊടുന്നനെ അന്ധത ബാധിച്ചു. അകത്തുകടക്കാനായി അവർ വാതിൽ തപ്പിത്തടഞ്ഞ്‌ വലഞ്ഞു.
ദൈവപുരുഷൻ ലോത്തിനോട്‌ ചോദിച്ചു-
'നിനക്ക്‌ പ്രിയപ്പെട്ടവരും നല്ലവരുമായ ആരെങ്കിലും ഈ നഗരത്തിലുണ്ടോ? ഉണ്ടെങ്കിൽ അവരെ ഉടൻ നഗരം കടത്തിവിട്ടുകൊള്ളുക. ഈ ജനത്തിന്റെ മ്ലേച്ഛതമൂലം നഗരം നശിപ്പിക്കാൻ നാം തീരുമാനിച്ചിരിക്കുന്നു.'
തന്റെ പെൺമക്കളെ വിവാഹം കഴിക്കാനിരുന്ന യുവാക്കളുടെ ഭവനത്തിലേക്ക്‌ ലോത്ത്‌ അപ്പോൾതന്നെ തിടുക്കത്തിൽ പുറപ്പെട്ടു. കർത്താവിന്റെ തീരുമാനം അറിയിച്ചെങ്കിലും അവരത്ത്‌ കാര്യമാക്കിയില്ല. അവരുടെ തീരുമാനം ഇളക്കാനാവാത്തത്താണെന്ന്‌ ബോധ്യമായപ്പോൾ അയാൾ നിരാശയോടെ മടങ്ങി. നേരം പുലരാൻ വിനാഴികകൾ മാത്രം ശേഷിച്ചിരിക്കെ, ലോത്ത്‌ ഭവനത്തിൽ തിരിച്ചെത്തി. അപ്പോഴും ജനങ്ങൾ വീഥികളിൽ വഴിയറിയാതെ തപ്പിത്തടയുന്നത്‌ അയാൾ കണ്ടു.
പുലരിയാകും മുമ്പ്‌ ഭാര്യയെയും പെൺമക്കളെയുംകൂട്ടി നഗരത്തിന്‌ പുറത്തുകടക്കാൻ ദൈവപുരുഷൻ ലോത്തിനോട്‌ ആവശ്യപ്പെട്ടു. ധാരാളം വസ്തുവകകൾ അയാൾക്ക്‌ അവിടെയുണ്ടായിരുന്നതിനാൽ ലോത്ത്‌ ആദ്യം മടിച്ചു. പക്ഷേ, ദൈവപുരുഷന്മാർക്ക്‌ നീതിമാനായ ലോത്തിനോട്‌ കരുണ തോന്നിയതിനാൽ അവരെ കൈക്കുപിടിച്ച്‌ നഗരത്തിന്‌ പുറത്ത്‌ എത്തിച്ചുകൊണ്ട്‌ പറഞ്ഞു-
'ജീവൻവേണമെങ്കിൽ ഓടിപ്പൊയ്ക്കൊള്ളുക. പിൻതിരിഞ്ഞു നോക്കരുത്‌. താഴ്‌വരയിലെങ്ങും തങ്ങുകയുമരുത്‌. മലമുകളിലേക്ക്‌ കയറി രക്ഷപ്പെട്ടുകൊള്ളുക. അല്ലെങ്കിൽ അഗ്നിയും ഗന്ധകവുമിറങ്ങി ഈ പാപികളെപ്പോലെ നിങ്ങളും വെന്തുമരിക്കും.'
'യജമാനനെ, അടിയന്‌ മലയിൽ ഓടിക്കയറി രക്ഷപ്പെടാനുള്ള ആരോഗ്യമില്ല. അടുത്തുകാണുന്ന ആ ചെറിയ പട്ടണത്തിലേയ്ക്ക്‌ ഓടിപ്പോകാൻ എന്നെ അനുവദിക്കണം.' ലോത്ത്‌ കൈകൾ കൂപ്പി അപേക്ഷിച്ചു.
'ശരി. നിന്റെ അപേക്ഷ നാം സ്വീകരിച്ചിരിക്കുന്നു. വേഗം ഓടിക്കൊള്ളുക. സോവാർ പട്ടണത്തിൽ എത്തുംവരെ നീ സുരക്ഷിതനായിരിക്കും.'
കർത്താവിന്റെ വാഗ്ദാന സ്വരം ഭീതിയുടെയും അരക്ഷിതത്വത്തിന്റെയും അപായമണി മുഴങ്ങുന്ന ആ അനിശ്ചിതവേളയിലും ലോത്തിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്യിച്ചു.
ലോത്തും ഭാര്യയും രണ്ടുപെൺമക്കളും പ്രാണൻ പിടയുന്ന വേദനയോടെ ഓടി. മുന്നിൽ ഓടിയ ലോത്ത്‌ സോവാറിലെത്തിയപ്പോൾ പ്രഭാതം മഞ്ഞിൻ കണികകളിൽ പ്രകാശമായി പടർന്നുതുടങ്ങിയിരുന്നു. അവന്റെ ഭാര്യയും പെൺമക്കളും പിന്നിലായിരുന്നു. എങ്കിലും അവർ നഗരകവാടത്തിന്‌ അടുത്തെത്തിയല്ലോയെന്ന്‌ ലോത്ത്‌ ആശ്വസിച്ചു.
കർത്താവ്‌ ആകാശത്തുനിന്ന്‌ സോദോമിലും ഗെമോറായിലും തീയും ഗന്ധകവും വർഷിച്ചു. ഉണക്കച്ചുള്ളിയിലെന്നപോലെ പട്ടണങ്ങളിലും താഴ്‌വരകളിലും അതിലെ നിവാസികളിലും അഗ്നി പടർന്നുകയറി. എങ്ങും ഭയാനകമായ രോദനം. അഗ്നിയുടെ പൊള്ളിക്കുന്ന ചൂടും ഗന്ധകത്തിന്റെ രൂക്ഷഗന്ധവുമേറ്റപ്പോൾ ലോത്തിന്റെ ഭാര്യ സോദോമിലെ തങ്ങളുടെ സമ്പത്തിനെപ്പറ്റിയുള്ള ചിന്തയാൽ ഏറെ വിവശയായി. കഷ്ടപ്പെട്ട്‌ നേടിയതൊക്കെ കത്തിയമരുന്നല്ലോ എന്നോർത്തപ്പോൾ വിലപിക്കാനാണ്‌ അവൾക്ക്‌ തോന്നിയത്‌. സമ്പത്തിനോടുള്ള ആസക്തിമൂലം ദൈവത്തിന്റെ മൂന്നാര്റിയിപ്പിനെ അവൾ വിസ്മരിച്ചു. അവൾ തിരിഞ്ഞ്‌ സോദോമിലേക്ക്‌ നോക്കി. തൽക്ഷണം അവൾ ഉപ്പുതൂണായിമാറി.
അബ്രാഹം യജമാനൻ അതിരാവിലെ എഴുന്നേറ്റ്‌ കഴിഞ്ഞ സായംസന്ധ്യയിൽ കർത്താവ്‌ തന്നോട്‌ സംസാരിച്ചുനിന്ന ഇടത്തേയ്ക്ക്‌ നടന്നു. ആ മണ്ണിൽ ചുംബിച്ചു. അവിടെനിന്ന്‌ സോദോമിനും ഗെമോറായ്ക്കും താഴ്‌വരകൾക്കും നേരേനോക്കി. തീച്ചൂളയിലെന്നപോലെ അവിടം അപ്പോഴും കത്തുകയായിരുന്നു. എങ്ങും തീയും പുകയും രൂക്ഷമായ ഗന്ധകത്തിന്റെ മണവും മാത്രം! കനലുകൾക്കുമേൽ അപ്പോഴും ചാരം മൂടിതുടങ്ങിയിരുന്നില്ല. ഭൂമിക്കും ആകാശത്തിനും മദ്ധ്യേ മറതീർത്ത കനത്തപുക മറ്റൊരിടത്തേയ്ക്കും സഞ്ചരിക്കാനാവാതെ സോദോമിന്റെയും ഗമോറയുടെയും നാലതിർത്തികളിൽ പകച്ചുനിന്നു. കത്തിക്കരിഞ്ഞ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും മാംസം കൊത്തിവലിക്കാൻ അസംഖ്യം കഴുകന്മാർ വട്ടമിട്ട്‌ പറന്നു. ആ ശവക്കൂനകൾക്കുമുകളിൽ ആകാശം ശ്വാസംമുട്ടി വിളറി, പിന്നെ അസ്സഹനീയമായ ശോകത്താൻ കറുത്ത മേഘങ്ങളെ വാരിച്ചുറ്റി മുഖം മറച്ചു.
താഴ്‌വാരങ്ങളിലെ നഗരങ്ങൾ നശിപ്പിച്ചപ്പോൾ ദൈവം അബ്രാഹം യജമാനനെ ഓർത്തു. ലോത്തിന്റെയും മക്കളുടെയും സുരക്ഷിതരൂപം കർത്താവ്‌ അദ്ദേഹത്തെ കാണിച്ചുകൊടുത്തു.
ഏലിയേസർ പറഞ്ഞുനിർത്തി.
തങ്ങളുടെ യജമാനന്റെ വിശ്വസ്തത്തയുടെയും അവനോട്‌ കർത്താവ്‌ കാണിച്ച കാരുണ്യത്തിന്റെയും കഥ കേട്ടുകൊണ്ടിരുന്നപ്പോൾ ഒരു രാത്രി പകലിന്‌ വഴിമാറുന്നത്‌ അവർ അറിഞ്ഞില്ല. ഉറക്കം  കണ്ണുകളെ സ്പർശിച്ചതുമില്ല. പ്രഭാതം കൂടാരവാതിക്കൽ എത്തുന്നതറിഞ്ഞ്‌ ഉത്സാഹത്തോടെ അവർ എഴുന്നേറ്റു. കൂടാരമഴിച്ച്‌, ഒട്ടകങ്ങൾക്ക്‌ ജീനിയിട്ട്‌ യാത്ര ആരംഭിക്കുമ്പോഴും രാക്ഷസരുടെ പിണങ്ങൾ മരുഭൂമിയിൽ കഴുകന്മാരെ കാത്ത്‌ കിടക്കുകയായിരുന്നു.

ആഗോളസാദ്ധ്യതകൾ


മോഹൻ ചെറായി
    വിൽപനക്കോരോരോ സാദ്ധ്യത കാണുന്ന
    വിപണനക്കാരന്റെ ഭാരത ദർശനം
    ഭാരത ദർശനമല്ലിതു നാടിനെ,
    പാടേ ഗ്രസിച്ചൊരു മാരണ ദംശനം
        എന്തുമേ വിറ്റിടാം വാങ്ങിടാനാളുകൾ
        ക്രയ വിക്രയത്തിന്റെ ആഗോള സാദ്ധ്യത
        വിറ്റിടാൻ വാങ്ങിടാൻ മാനം തുറക്കുന്നു
        വിക്രമ വീരർ വിലസുന്ന മേഖല
    സ്ഥാവരമെന്തിന്‌, ജംഗമം വേണ്ടിനി
    സ്ഥാവര ജംഗമമാകവേ വിറ്റിടാം
    മാനസം വിറ്റിടാം മസിലുകൾ വിറ്റിടാം
    മാനാഭിമാനങ്ങളൊക്കെയും വിറ്റിടാം
        വൃഥാവിൽ മേവുന്ന ഒരു വൃക്കയേകിടാം
        വലിയോരുകരളിന്റെ പകുതിയും നൽകിടാം
        കണ്ണുകൾ, കാതുകൾ, കൈകാലുകൾ പിന്നെ
        ദ്വയമായ്‌ പിറന്നതിൽ അദ്വൈത സാദ്ധ്യത
    വിക്രിയയേറെ നടക്കും ദശാന്തരേ
    ക്രയശേഷി വീണ്ടുമേ ശുഷ്കമായീടവേ
    അഷ്ടിക്കു വേണ്ടി പരതുന്നു ചുറ്റിലും
    ദൃഷ്ടിയുടക്കുന്നു ഭാര്യയിൽ മക്കളിൽ !
        കുട്ടിയെ തട്ടിടാം; ഭാര്യയെ മാറ്റിടാം
        വാടകക്കേകിടാം ഗർഭപാത്രങ്ങളെ
        കുട്ടികൾ പെണ്ണെങ്കിൽ കൂട്ടമായ്‌ വിറ്റിടാം
        കുട്ടനാണെങ്കിലോ ഗുണ്ടയായ്‌ മാറ്റിടാം.
    മാതാപിതാക്കളെയാകവേ തട്ടിടാം
    'മാ നിഷാദ' പാടാൻ മാമുനി മാരില്ല.
    വിഷണ്ണനാകുന്നു പുരുഷജന്മത്തിനാൽ!
    ഷണ്ഡതയേകണോ തേനും വയമ്പുമായ്‌ ?
        സാദ്ധ്യതയങ്ങനെയേറുംകാലാന്തരേ
        സാദ്ധ്യതയെത്തുന്നു പാന പാത്രങ്ങളിൽ !
        വന്നുദിക്കാൻ മടിക്കുന്ന സൂര്യന്‌
        നിന്നുനേർന്നിടാം ഇന്ത്യന്റെ സ്വാഗതം !!


കൂറച്ചോക്ക്‌



രാമകൃഷ്ണൻ ചുഴലി

കൂറച്ചോക്കിന്‌
ലക്ഷ്മണരേഖ എന്നും
പേരുണ്ടെന്ന്‌
വിൽപനക്കാരൻ തന്നെയാണ്‌
വെളിപ്പെടുത്തിയത്‌ .
നിങ്ങൾ ചുമരിലോ
മറ്റോ വരഞ്ഞാൽ മതി
ശത്രുസൈന്യം മഹായുദ്ധത്തിന്റെ
കാർഗിൽ മഞ്ഞുമലകളിൽ നിന്ന്‌
ഇടിഞ്ഞു വീണു മരിക്കും
(ഹിംസയുടെ കഠോപനിഷത്ത്‌
വിൽപനക്കാരൻ മരണസ്പീഡിൽ
പറഞ്ഞുകൊണ്ടേയിരിക്കുന്നു)
ഇല്ലായ്മയുടെ മീനത്തിളക്കത്തിൽ
വാരിയെറിയുന്ന ഒറ്റപ്പെട്ട
മഴയ്ക്കുശേഷം എല്ലാം പെറ്റുപെരുകും
ചുവരുകളിൽ മോന്തായത്തിൽ
യുദ്ധസന്നാഹവുമായി
തമ്പടിച്ചിട്ടുണ്ടാകും ഓട്ടുറുമുകൾ
മുറ്റത്തിന്റെ തെക്കേ കോണിലെ
ചെറിയ ദ്വാരത്തിൽ നിന്ന്‌
പൂക്കൂറ്റി യാത്രകൾ നടത്തും
പാറ്റകൾ...
ചാരനിറമുള്ള സന്ധ്യയിൽ
അടുപ്പത്ത്‌ ശൂന്യതയുടെ
മൺകലം തിളയ്ക്കുമ്പോൾ
എവിടേക്കെങ്കിലും
ഓടിപ്പോവണമെന്ന്‌ തോന്നും
രക്ഷയില്ലെങ്കിൽ
ഒരു വലിയ കൂറച്ചോക്കു വാങ്ങി സ്വയം
ഒരു വലിയ വര വരയ്ക്കും.
അല്ല; പിന്നെ!

പുതിയ പടം


ചെമ്മനം ചാക്കോ

പടങ്ങൾ ചില്ലിട്ടേറെ
വിൽക്കുവാൻ വച്ചുള്ളോരു
കടയിൽത്തിരക്കീ ഞാൻ:
'ടാഗോറിൻ പടമുണ്ടോ?'
'ആരു സാർ ടാഗോർ?' ചോദി-
ച്ചാനുടൻ മഹാത്ഭുത-
മേരുവിൻ മുടിത്തുമ്പിൽ
നിൽക്കും പോൽ കടക്കാരൻ.
'ഇല്ലയോ മഹാകവി
ടാഗോറിൻ പടം വിൽക്കാൻ?'
വല്ലതുമൊരു തുമ്പു
നൽകുവാൻ തുനിഞ്ഞു ഞാൻ.
വെറ്റിലക്കറ പറ്റും
പല്ലുകൾ കാണിച്ചും
കൊണ്ടുറ്റൊരു ചിരി ചിരി
ച്ചുത്തരം നൽകീടിനാൻ:
'കവിയും കിവിയുമി-
ല്ലിപ്പൊൾ മാർക്കറ്റിൽ, നല്ല
കളിയായ്‌; വരുന്നു
സാറേതു ദേശത്തിൽ നിന്നും?
ക്രിസ്തുവിൻ വില പോയീ,
കൃഷ്ണനും ഡിമാന്റില്ലാ,
ബുദ്ധനെ വിൽക്കാൻ പാടു
പെട്ടാലും നടപ്പീല.
ഗാന്ധിയും മോശം മോശം
നെഹ്രുവും ചെലവില്ല,
ഞാൻ തീരെപ്പണിഞ്ഞാലും
വിൽക്കില്ല നേതാജിയെ!'
മർത്ത്യസംസ്കാരം രൂപം
കൊടുത്ത-ദൈവങ്ങളും,
ഹൃദ്യസ്വാതന്ത്ര്യം നേടി
യെടുത്ത നേതാക്കളും
പൊടിയും പറ്റി ഭിത്തി
മേലുറങ്ങുമ്പോൾ ചോദി-
ച്ചിടയിൽ:'മാർക്കറ്റിപ്പോ
ളെന്തിനു മാനേജരേ?'
സസ്മിതം പറഞ്ഞയാൾ:
'കഷ്ടമേ, ഭഗവാന്റെ
ഭസ്മമെത്തിടാതുള്ള
നാടേതെന്നറിഞ്ഞീല!
സായിബാബതൻ ചിത്രം
ചില്ലിടും മുമ്പേ തീരും,
മായമില്ലൊട്ടും 'വയ്ക്കു
ന്നിടത്തു ഭസ്മം വീഴും!'
സത്യമേ സത്യം, സായി
ഭഗവാൻ പ്രസാദിച്ചി-
ട്ടിത്തിരി നിലം വാങ്ങീ,
ബിസിനസ്സിരട്ടിച്ചു.
സാറിന്നു വേണോ? പിന്നിൽ
പ്ലൈവുഡ്ഡു തറച്ചോരു
സ്വാമിയെത്തരാം; തുച്ഛം
നൂറു രൂപയേ വേണ്ടൂ!'
ഇന്നലെ സന്ധ്യയ്ക്കാണീ
സംഭവം; മാന്യന്മാരേ,
ചെന്നു നോക്കുവിൻ, ചിത്രം
വാങ്ങുവിൻ തീരും മുമ്പേ.

കാഞ്ഞിരമധുരം


ഇരവി

മൃദുല പുഴമറിച്ച്‌ കടക്കുമ്പോൾ സന്ധ്യ ഒരു പഞ്ചവർണ്ണക്കിളിയെപ്പോലെ ചിറകൊടിഞ്ഞ്‌ മരങ്ങളിൽ വീണു കിടപ്പുണ്ടായിരുന്നു. സലജയെയും സുധർമ്മയെയും മഞ്ജിമയെയും കണ്ണുവെട്ടിച്ച്‌ ഒറ്റയ്ക്ക്‌ വരാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു അപ്പോൾ അവൾക്ക്‌ നദിക്കരയിലെ പാറമേൽ അപ്പോൾ ശിവൻകുട്ടി ഉണ്ടാവില്ലെന്ന്‌ അവൾക്കറിയാം. കാവിലെ കാഞ്ഞിരമരത്തിൽ തറച്ച ആണികളിൽ ആ ആത്മാവ്‌ അപ്പോഴും പിടയുന്നുണ്ടാവുമെന്നോർത്തപ്പോൾ അവൾക്ക്‌ സഹിക്കാനായില്ല! ഇതുപോലായിരുന്നില്ലേ യേശുദേവനും കുരിശിൽ കിടന്നത്‌! യേശുദേവനെപ്പോലെ ശിവൻകുട്ടിയും ഉയിർത്തെഴുന്നേൽക്കുമെന്ന്‌ അവൾക്ക്‌ നിശ്ചയമുണ്ടായിരുന്നു.
    കൊല്ലന്റെ ആലയിൽ നിന്ന്‌ കെഞ്ചി വാങ്ങിയ കൊടിൽ സഞ്ചിയിലുണ്ടെന്ന്‌ ഉറപ്പുവരുത്തിയിട്ട്‌ അവൾ മുന്നോട്ടു നടന്നു. കുട്ടിക്ക്‌ എന്തിനാ ഇത്‌. ഈ കൊടിൽ എന്ന്‌ സംശയിച്ച്‌ ചോദിച്ച കൊല്ലനോട്‌ ചുമരിലെ ആണി ഇളക്കാനാണെന്നാണ്‌ പറഞ്ഞത്‌. കുട്ടിക്ക്‌ പറ്റുമോ എന്ന്‌ സ്നേഹത്തോടെ ചോദിച്ചപ്പോൾ പറ്റുമെന്ന്‌ മനസ്സുറപ്പോടെ തലകുലുക്കിയത്‌ ഇഷ്ടപ്പെട്ട്‌ കൊല്ലൻ അപ്പോൾത്തന്നെ ഒരു കൊടിൽ എടുത്തുകൊടുക്കുകയും ചെയ്തു. കൊടിലുമായി നടന്നപ്പോൾ പതുക്കെ തിരിച്ചുതന്നാൽ മതീട്ടോ എന്നൊരു സൗജന്യം ആ മിടുക്കിന്‌ നൽകുകയും ചെയ്തുകൊല്ലൻ.
    ഇനിമുതൽ ശിവൻകുട്ടിയെ വീണ്ടും കാണാമല്ലോ എന്ന്‌ ഓർത്തപ്പോൾ അവളുടെ നടപ്പിന്‌ ചുറുചുറുക്കും മനസ്സിന്‌ ആഹ്ലാദവും ഏറി. ശിവൻകുട്ടിയെ ആദ്യം കണ്ടത്‌ മനസ്സിൽ നിന്ന്‌ മാഞ്ഞിട്ടില്ല. അച്ഛന്റെ കാര്യസ്ഥൻ കുഞ്ഞുണ്ണിപ്പിള്ളയ്ക്കൊപ്പമാണ്
‌ തെല്ല്‌ ഭയത്തോടെ മുറ്റത്ത്‌ വന്ന്‌ നിന്നത്‌. അവൾ മുറ്റത്ത്‌ നടന്ന്‌ ഗുണനപ്പട്ടിക ചൊല്ലിപ്പഠിക്കുകയായിരുന്നു. ശിവൻകുട്ടി കീറിമുഷിഞ്ഞ ഒരു തോർത്തുമുണ്ടാണ്‌ ഉടുത്തിരുന്നത്‌. തലമുടിയാണെങ്കിൽ ച്ചറുപിറുന്നനെ ചെവിയ്ക്കു പുറത്തുകൂടി വളർന്ന്‌ കിടക്കുന്നു. രസകരമായിത്തോന്നിയത്‌ കഴുത്തിലെ കറുത്ത ചരടിൽ കൊരുത്തിട്ടിരുന്ന മഞ്ഞ ഏലസ്സാണ്‌. രാപ്പനിമാറ്റാൻ ശിവൻകുട്ടിയുടെ അമ്മ ഏതോ മന്ത്രവാദിയിൽ നിന്ന്‌ ജപിച്ചുവാങ്ങിയതാണത്രെ അത്‌. മൂക്കിനുതാഴെ പുറത്തുവരാൻ മടിച്ചു നിൽക്കുന്ന രോമത്തളിരുകൾ. പിന്നീട്‌ ചേട്ടന്റെ പഴയ ഉടുപ്പിട്ട്‌ ലുങ്കിയുടുത്ത്‌ നിന്നപ്പോൾ കാണാൻ ചന്തം തോന്നി. മുടിവെട്ടി വന്നപ്പോൾ ഇത്തിരിക്കൂടി ചന്തം തോന്നിയതും അവൾ ഓർത്തു.
    പശുവിനെ തീറ്റലും പുല്ലരിയലും മുത്തശ്ശിക്ക്‌ കുഴമ്പിടലും ചന്തയിൽപ്പോക്കുമായിരുന്നു ശിവൻകുട്ടിയുടെ പ്രധാനജോലി. മുത്തശ്ശി നീട്ടിവച്ചകാലിൽ ശിവൻകുട്ടി തറയിലിരുന്നുകൊണ്ട്‌ കുഴമ്പുപുരട്ടും. അപ്പോൾ അവൾ വെറ്റഉമ്മാൻ ഇടിക്കാൻ അടുത്തുകൂടും. മുത്തശ്ശി കുറ്റങ്ങളും കുറവുകളും പറയുകയും ശകാരിക്കുകയുമൊക്കെച്ചെയ്യുമ്പോൾ അവളും ശിവൻകുട്ടിയും സംസാരിക്കുകയാവും. നിശ്ശബ്ദരായി. ശിവൻകുട്ടിയുടെ വെളുത്ത വിരലുകൾ മുത്തശ്ശിയുടെ കാലുകളിലൂടെ അമർന്ന്‌ നീങ്ങുന്നത്‌ കാണാൻ രസമാണ്‌. അപ്പോൾ നെറ്റിയിൽപ്പൊടിയുന്ന വിയർപ്പുബിന്ദുക്കളും.
    സ്കൂൾ വിട്ടുവരുമ്പോൾ പുഴക്കരയിലെ പാറയിൽ ബീഡിവലിച്ചിരിപ്പുണ്ടാവും പലപ്പോഴും തലയിൽ വട്ടക്കെട്ടുമായി ശിവൻകുട്ടി. പുഴയിൽ വെള്ളം പെരുകുമ്പോൾ ശിവൻകുട്ടിയാണ്‌ അവളെ കൈപിടിച്ച്‌ അക്കരെ കയറ്റാറ്‌. ഒരുകൈകൊണ്ട്‌ പാവാട മുട്ടോളം പൊക്കിപ്പിടിച്ച്‌ ഒരു കൈ ശിവൻകുട്ടിക്ക്‌ നൽകിക്കൊണ്ടുള്ള ആ പോക്കിന്‌ എന്തു രസമാണ്‌. പുഴകടക്കുമ്പോൾ മാഷന്മാര്‌ ഇന്ന്‌ തല്ല്യോ, പെൻസിലിന്റെ മൊന തേഞ്ഞോ, പദ്യം ചെല്ലിയത്‌ തെറ്റ്യോ, എന്നൊക്കെ ചോദിക്കും.
    ചന്തയിൽ നിന്ന്‌ മിഠായിയോ പ്ലാസ്റ്റിക്‌ മോതിരമോ പൊട്ടുകളൊ ഒക്കെ കൊണ്ടുവരാറുണ്ടായിരുന്നു. അത്‌ രഹസ്യമായി കൈമാറുന്നതായിരുന്നു അവർക്കിഷ്ടം. അതൊരു പരസ്പരധാരണയായിരുന്നു. ബോധപൂർവ്വമെടുത്ത തീരുമാനമൊന്നുമായിരുന്നില്ല. അതിന്‌ പണം സ്വരൂപിക്കുന്നത്‌ അമ്മയോട്‌ കള്ളക്കണക്കുപറഞ്ഞാണെന്ന സത്യം ശിവൻകുട്ടി അവളോട്‌ വെളിപ്പെടുത്തിയിരുന്നു. സ്നേഹത്തിന്‌ വേണ്ടി ഒരു കള്ളം, അതിലെന്താ എന്ന വിചാരമായിരുന്നു അവൾക്ക്‌.
    ആയിടയ്ക്ക്‌ അവൾ തിരഞ്ഞു. പത്താദിവസമേ പുറത്തിറങ്ങാനായുള്ളൂ. മുറ്റത്ത്‌ വിരിയുന്ന പുതിയ പൂക്കളേയും ശിവൻകുട്ടിയെയും പശുക്കുട്ടിയേയും കാണാൻ പറ്റാതായപ്പോൾ വലിയവിഷമമുണ്ടായിരുന്നു. മുട്ടയും പാലും ഔഷധഇല കുറുക്കിയതും അമ്മയും പാറുവമ്മയും അടുത്തിരുന്ന്‌ ഊട്ടിയപ്പോൾ കാതോർത്ത്‌ ശിവൻകുട്ടിയുടെ മധുരശബ്ദത്തിനുവേണ്ടിയായിരുന്നു. പലപ്പോഴും പശുക്കിടാവിന്റെ ഉമ്പാ വിളികേട്ട്‌ തൃപ്തിയടയേണ്ടി വന്നു.
    പത്താദിവസം തളിച്ചുകുളിച്ച്‌ പുതിയ ഉടുപ്പും പാവാടയുമിട്ട്‌ കണ്ണെഴുതിപൊട്ടുതൊട്ട്‌ പുത്തൻവർണ്ണക്കൊലുസിട്ട്‌ തൊടിയിലേയ്ക്ക്‌ തുള്ളിച്ചാടാൻ തുടങ്ങിയപ്പോൾ മുത്തശ്ശികോപിച്ചു. തെരണ്ടുകുളികഴിഞ്ഞപെണ്ണാ ഇനി അടക്കോം ഒതുക്കോം ഒക്കെ വേണം എന്ന്‌ പറഞ്ഞത്‌ വകവയ്ക്കാതെ കമുകിൻ കൂട്ടത്തിലേയ്ക്ക്‌ ഓടി. തോട്ടിൽ തലയിൽവട്ടക്കെട്ടുമായി നിന്ന്‌ പശുവിനെ കുളിപ്പിക്കുകയാണ്‌ ശിവൻകുട്ടി. പത്ത്‌ ദിവസം കാണാതിരുന്നതല്ലേ... അവളുടെ കണ്ണുകൾ കരിവണ്ടുകളായി അവന്‌ ചുറ്റും പറന്നു. ശിവൻകുട്ടിയുടെ കണ്ണുകൾ വിടർന്നുവിടർന്ന്‌ താമരപ്പൂക്കളായി അവളെ പൊതിയുകയായിരുന്നപ്പോൾ. നാൽകണ്ണുകളിൽ അവർ പരസ്പരം നിറഞ്ഞ്‌ എത്രനേരം നിന്നുവേന്നറിയില്ല...
    ഇപ്പോൾ അവർ തൊട്ടുതൊട്ടു നിൽക്കുന്നു. അവൻ പതുക്കെ കുനിഞ്ഞ്‌ അവളുടെ കവിളിൽ ചുണ്ടുകളമർത്തി. പതുക്കെ പൂവിതൾപോലെ അത്‌ ഇഴഞ്ഞ്‌ അവളുടെ ചുണ്ടുകളിൽ നിശ്ചലമായി. അവൾ കൈകൾ വിടർത്തി അവന്റെ അരക്കെട്ടിൽ ചുറ്റി അവനെ ചേർത്തു പിടിച്ചു.
    ഒരലർച്ച! അവർ ഞെട്ടി വേർപെട്ട്‌ നോക്കിയപ്പോൾ കാര്യസ്ഥൻ ഉണ്ണിപ്പിള്ള നിന്ന്‌ ജ്വലിക്കുന്നു.
    പിന്നെ പാറപ്പുറത്ത്‌ ബീഡി വലിച്ച്‌ ശിവൻകുട്ടി ഇല്ല. തോട്ടുവക്കിൽ പശുവിനെ കുളിപ്പിക്കാൻ ശിവൻകുട്ടി ഇല്ല. മുത്തശ്ശിക്ക്‌ കുഴമ്പുപുരട്ടാൻ ശിവൻകുട്ടി ഇല്ല.
    ശിവൻകുട്ടിയെക്കാണാനുള്ള ദാഹം കത്തിജ്വലിച്ച്‌ എരിഞ്ഞെരിഞ്ഞ്‌ മൃദുല ശോഷിച്ച്‌ ഒരു സ്വർണ്ണനൂലുപോലായി. നിസ്സാഹായമായി മുങ്ങിത്താണുകൊണ്ടിരുന്നപ്പോഴാണ്‌ അവർക്കൊരു പിടിവള്ളി കിട്ടിയത്‌. ഒരു ദിവസം അർദ്ധരാത്രിയിൽ അവളുടെ കട്ടിലിൽ ശിവൻകുട്ടി വന്നിരിക്കുന്നു! വെള്ളമുണ്ടുടുത്ത്‌ വെളുത്ത ഉടുപ്പിട്ട്‌ കഴുത്തിൽ സ്വർണ്ണഏലസ്സുള്ള കറുത്ത ചരടുമായി. അവൻ സാവകാശം വലതുകൈ പൊക്കി അവളുടെ കവിളിൽ തലോടുന്നു. ആ ലാളനയിൽ അവൾ അരൂപിയായി അനംഗയായി അലിഞ്ഞലിഞ്ഞു പോയി. രാവിലെ കണ്ണുതുറന്നപ്പോൾ ശൂന്യമായ മുറിയിൽ ഇളവെയിൽ നാളങ്ങൾ അവളെ തഴുകാൻ വിരലുകൾ നീട്ടുന്നു. ആ ശൂന്യത അവളെ കരയിപ്പിച്ചു.
    പക്ഷെ പിറ്റേന്ന്‌ രാത്രിയിലും ശിവൻകുട്ടി വന്നു. പുഴ നിറയുമ്പോൾ അവനെ പുഴക്കടവിലും കണ്ടു. അവളെ പുഴ കടത്തുകയും മാഷന്മാർ തല്ല്യോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
    ഈ വിവരം മൃദുലയിൽ നിന്ന്‌ മഞ്ജിമ അറിഞ്ഞു. ജൂലി അറിഞ്ഞു. ജിഷ അറിഞ്ഞു. ഒടുവിൽ വീട്ടിലും...അവൻ അവിടെയൊക്കെ കറങ്ങിനടപ്പുണ്ടാവുമെന്ന്‌ അമ്മ അച്ഛനോട്‌ പറയുന്നതുകേട്ടു. തെക്കേപ്പറമ്പിലെ ഇളകിക്കിടന്ന മണ്ണിലേക്ക്‌ അച്ഛന്റെ കണ്ണുകൾ നീണ്ടത്‌ അവൾ അറിഞ്ഞില്ല. എങ്കിലും ആ നിശ്ശബ്ദതയിൽ അവൾ എന്തോ വായിച്ചറിഞ്ഞു. അവനിനി കറങ്ങിനടക്കാനാവില്ലെന്ന്‌ അറിഞ്ഞ അമ്മ സമാധാനിച്ചതുപോലെ. പക്ഷെ അവൻ സ്ഥിരമായി അവളുടെ കട്ടിലിൽ വന്നിരുന്നു. അവളെ പുഴ കടത്തി...
    ശിവൻകുട്ടിയുടെ ആത്മയാനങ്ങൾ അവസാനിപ്പിക്കാൻ വന്നത്‌ ചമ്രവട്ടം മന്ത്രവാദിയായിരുന്നു. മന്ത്രശക്തിയാൽ ആത്മാവിനെ ക്രൂശിക്കാനുള്ള കഴിവ്‌ ചമ്രവട്ടം മന്ത്രവാദിക്കുണ്ട്‌. ശിവൻകുട്ടിയുടെ ആത്മാവിനെ കാഞ്ഞിരമരത്തിൽ ആവാഹിച്ച്‌ ആണി തറയ്ക്കുമെന്ന്‌ പാറുവമ്മ പറഞ്ഞു...മരണം ശാശ്വതസമാധാനമാണെന്നിരിക്കെ അതിനെ ആണിമുനകളിൽ നിത്യമായി പിടയാൻ വിടുക! ആലോചിച്ചപ്പോൾ മൃദുലയ്ക്ക്‌ തലചുറ്റി...
    ആ രാത്രി സ്വന്തംമുറിയുടെ ജനാലയിലൂടെ അവൾ ഒന്നേ നോക്കിയുള്ളു! കത്തുന്ന പന്തങ്ങൾ. അവിലും മലരും പൂവും നിറനാഴിയും പഴപ്പടലയും ചന്ദനത്തിരിയും! അരയിലും തലയിലും പട്ടുകെട്ടിയ ഭീകരന്റെ മന്ത്രങ്ങളും. ഭൂം ഭൂം ഹൂങ്കാരശബ്ദങ്ങൾ. പന്തങ്ങൾ കാവിനെ ലക്ഷ്യമാക്കി നീങ്ങുന്നു.
    പിറ്റേദിവസം കുളിച്ചൊരുങ്ങാതെ പ്രാതൽ കഴിക്കാതെ പുസ്തകങ്ങൾ അടുക്കി അവൾ സ്കൂളിലേയ്ക്ക്‌ പോയത്‌ എല്ലാം തീരുമാനിച്ചുകൊണ്ടായിരുന്നു.
    കൊല്ലന്റെ കയ്യിൽ നിന്ന്‌ കൊടിലുകിട്ടിയപ്പോൾ സമാധാനമായി. ശിവൻകുട്ടിയുടെ ഓർമ്മ മാത്രമായി അവൾ മാറിയപ്പോൾ കാവിലേയ്ക്കുള്ള വഴിയേ ആരോ അവളെ നയിക്കാൻ തുടങ്ങി. കാവിലെത്തിയപ്പോൾ മാമരങ്ങൾക്ക്‌ മുകളിൽ തൂങ്ങിക്കിടക്കുന്ന പകലിന്റെ ജഡം അവിടെ ഇരുട്ടുപരത്തിയിരുന്നു. പരുക്കൻ ചില്ലുകളുടെ നിശ്ശബ്ദതപോലെ അനങ്ങാത്ത ഇലകളുമായി ഒറ്റയാൻ രാക്ഷസൻ കാഞ്ഞിരമരം!
    ഞരമ്പുകളിൽ മിന്നലുകൾ പാഞ്ഞുകയറി കണ്ണുകൾ കത്തിയപ്പോൾ അവളുടെ കൊടിൽ ആണിയിൽ ബലമായി മുറുകി. അവൾ പല്ല്‌ ഞെരിച്ച്‌ കണ്ണടച്ചു പിടിച്ച്‌ കൊടിൽ ശക്തിയായി മുകളിലേയ്ക്ക്‌ വലിച്ചു...കൊടിലിൽ ക്രൂരതയുടെ പരുക്കൻ മുനപോലെ തുറിച്ചുനോക്കി ഇരുന്ന ചോരപ്പാടുള്ള ആണി അവൾ വലിച്ചെറിഞ്ഞു...
    അപ്പോഴതാ കാഞ്ഞിരത്തിന്റെ ഇലകൾ അനങ്ങിത്തുടങ്ങുന്നു. ചില്ലകൾ ഉലയുന്നു. കെട്ടിപ്പുണർന്ന്‌ നൃത്തമാടുന്നു...
    വീട്ടിലെത്തിയ മൃദുല കുളിച്ച്‌ കണ്ണെഴുതി പൊട്ടുതൊട്ട്‌ വളകളണിഞ്ഞ്‌ കൊലുസിട്ട്‌ വാസനത്തൈലം പുരട്ടി പട്ടുകിടക്കവിരിച്ച്‌ മുറിയടച്ച്‌ കാത്തിരുന്നു.
    ജനലഴികളിലൂടെ വന്ന കാറ്റിന്റെ മൃദുസ്പർശം ഇക്കിളിയിട്ടപ്പോൾ അവൾ തിരിഞ്ഞുനോക്കി. ശുഭ്രവസ്ത്രങ്ങളണിഞ്ഞ്‌ തിരിനീട്ടുന്ന കണ്ണുകളുമായി ശിവൻകുട്ടി അവളെ വിളിക്കുന്ന ഒരു വ്യംഗ്യഭാഷപോലെ നിൽക്കുന്നു...
    വാതിൽപ്പാളികൾ സ്വയം തുറക്കപ്പെട്ടപ്പോൾ അവൾ പുറത്തിറങ്ങി.
    പുഴക്കരയിലെത്തിയപ്പോൾ നമുക്ക്‌ പോകാം എന്ന്‌ മൃദുവായിപ്പറഞ്ഞുകൊണ്ട്‌ ശിവൻകുട്ടി അവളെ വിലങ്ങനെ എടുത്തു. അവൻ പുഴയിലിറങ്ങിയപ്പോൾ അക്കരയ്ക്ക്‌ പോവുകയാണെന്നോ പടവുകളിറങ്ങി താഴേയ്ക്ക്‌ പോവുകയാണെന്നോ എന്നവൾക്കറിയില്ലായിരുന്നു...പക്ഷെ പോകുന്നത്‌ ശിവൻകുട്ടിയിലേയ്ക്കാണെന്ന്‌ അവൾക്ക്‌ നിശ്ചയമുണ്ടായിരുന്നു!

രണ്ടു കവിതകൾ


അച്ചാമ്മ തോമസ്‌
ചെണ്ട
കാണുന്നവനൊന്നു കൊട്ടും
താളം തീരുവോളം മാരാരും
ജീവിതം തീരുവോളം വിധിയും
മെരുങ്ങുന്നില്ലയെന്റെ മനസ്സു
മാത്രം ചെണ്ടയാവാൻ.




സമാഗമം
അച്ചാമ്മ തോമസ്‌

ആകാശം നീലക്കുപ്പായമൂരി
കടലിലേയ്ക്കെറിഞ്ഞു
അവളുടെനഗ്നതയിലേയ്ക്കുനോക്കി
സൂര്യൻപടിഞ്ഞാറുനിന്നു
ലജ്ജയാൽ ചുവന്നു തുടുത്ത-
വൾ മനോഹരിയായി
നക്ഷത്രങ്ങളുടെ അകമ്പടിയോടെ
ഒരുവൻവന്നവൾക്കുപുടവനൽകി
അവരുടെ സമാഗമം കാണാനാകാതെ
സൂര്യൻ കടലിന്റെ ആഴത്തിലേയ്ക്ക്‌
രാവിന്റെ കരിമ്പടകൂടാരത്തിനുള്ളി
ലേയ്ക്കിരുവരും കയറുമ്പോൾ
പൂത്തുലഞ്ഞ നിശാഗന്ധികളെ
ഭൂമി അവർക്കു സമ്മാനിച്ചു
വിനാഴികകളുടെ അന്ത്യത്തിൽ
ആകാശം കിഴക്കുപെറ്റിട്ട
കുട്ടിസൂര്യനെ കണ്ട്‌
നിലാവേങ്ങോപോയൊളിച്ചു.

അവരിലൂടെ


എം.കെ.ജനാർദ്ദനൻ


പരേതാത്മാക്കളുടെ-
ലോകത്തുനിന്നും ഒരുഫോൺ കാൾ.
"ഹലോ ഞാൻ ലോറ"
"മിസ്‌ ലോറ ജീവിച്ചിരിക്കുന്നോ?"
"അതെ!ഒരിക്കലും മരണമില്ലാത്തവൾ മരിച്ചാലുടൻ എന്റെ അവയവദാനം എഴുതിവച്ചിരുന്നു"
"ഓ. എന്നിട്ട്‌"
"ഞാൻ മരിച്ചു എന്റെ കരൾ പ്രസീദിനും, കണ്ണുകൾ ഖദീജക്കും, വൃക്കകളിൽ ഒന്ന്‌ ലിൻസിക്കും മറ്റൊന്നുരമയ്ക്കുമായി പറിച്ചു നട്ടിരുന്നു. അവരെല്ലാം ജീവിക്കുന്നു അവരിലൂടെ മരിച്ചുപോയ ഈ ഞാനും! വിശാലമായ അർത്ഥത്തിൽ നമ്മളെല്ലാവരും.

പറയാൻ മറന്നവർ



സലോമി ജോൺ വൽസൻ

പറയാനേറെയുണ്ട്‌
പറയാതെ പോയതും
പറയാൻ മറന്നതും
പറയരുതെന്ന്‌ 'നിനച്ചതും,
പറയാതെ-
പലതും ഹൃദയത്തിൽ സൂക്ഷിച്ച്‌
പാതിവഴിയിൽ ആയുസിന്റെ
പടിപ്പുരയടച്ച്‌
പടിയിറങ്ങിപ്പോയവർ
നമുക്കുമുന്നേ നടയടച്ചു-

പറയാനവർക്കാവതില്ലായിരുന്നിരിക്
കാം...
അല്ലെങ്കിൽ
പാതയോരത്തൊടുങ്ങുമെന്ന്‌
അറിഞ്ഞതില്ലായിരിക്കാം-
ജീവിതത്തിന്റെ അവസാന
വിനാഴികകളിലും ഇനിയും
ജീവിതപാത നീണ്ടുകിടക്കുന്നുവേന്ന
വ്യർത്ഥചിന്തകളും
നമ്മെ പലപ്പോഴും
സാവകാശരാക്കുന്നില്ലേ...?

നോവുകളുടെ കടമ്പ കടന്ന്‌
ജീവിതത്തിന്റെ അനന്തമായ
അകത്തളങ്ങളിലേക്ക്‌
പതുക്കെ നീങ്ങും മുൻപ്‌
പറയാൻ മടിച്ച്‌
ബാക്കിയായ കുറേവചനങ്ങൾ,
ഹൃദയച്ചുമർചിത്രങ്ങൾ,
നിരാലംബ ലിഖിതങ്ങൾ...

കാലം കനിവോടെറിഞ്ഞ
കൊച്ചുകൊച്ചു ആനന്ദമുത്തുകൾ
പിന്നെ ഹൃദയപ്പഴുതുകളിലേക്കെറിഞ്ഞ
വലിയ വലിയ നൊമ്പരക്കല്ലുകൾ...
അവയേൽപ്പിച്ച മുറിപ്പാടുകൾ...
കരുവാളിച്ച്‌ കറുത്ത വടുക്കൾ...!
ആരോട്‌ ഞാൻ നിശ്വാസങ്ങൾ
പങ്കുവെക്കേണ്ടിയിരിക്കുന്നു...?
ആകാശപ്പരപ്പിൽ
എപ്പോഴൊക്കെയോ വന്ന്‌
മിന്നിമറഞ്ഞ്പോകുന്ന
ഉൽക്കകൾ പോലെ,
ചില മനുഷ്യർ...
നമുക്ക്‌ ചുറ്റും അവർ
സ്നേഹത്തിന്റെ,
വെറുപ്പിന്റെ-കന്മതിലുകൾ കെട്ടി
കടന്നു പോവുന്നു...
ചിലനേരങ്ങളിൽ അവർ
നാം തന്നെയായി മാറുന്നു.

നമ്മുടെ ഉള്ളറയിലേക്ക്‌
ഒരപരിചിതനെപ്പോലെ
നാം നോക്കുമ്പോൾ
അവരിൽ നമ്മുടെ പ്രതിഛായകൾ
മുഗ്ധമായി-മിഴിവോടെ കാണുന്നു.
ഇതൊരു തുടക്കമാവട്ടെ
എന്നിൽ നിന്നും
അപരനിലേക്കുള്ള യാത്രയുടെ
ആദ്യകാൽവെയ്പ്പ്‌
ഒരു നിരാംലംബയാത്രികന്റെ
ആർദ്രതാളത്തോടെ
ആരംഭിക്കുന്നു...ഒടുവിൽ
അപരിചിത പാതകളിൽ
ഒറ്റപ്പെടുമ്പോഴുള്ള
ആത്മനൊമ്പരം പോലെ
ചിന്തകളിൽ നഷ്ടപ്പെടലിന്റെ
വിനാഴികകൾ കൊഴിഞ്ഞു വീഴുന്നു...

ആരാണ്‌ നീ
നിനക്കെന്താണ്‌ പറയേണ്ടത്‌?
ആരോടാണ്‌ സംവദിക്കേണ്ടത്‌?   
പറയൂ...ഒരായിരം നാവോടെ...
ഒരാത്മാന്വേഷണത്തിന്റെ
പുറപ്പാടിന്‌ സമയമായിരിക്കുന്നു.

ഇഎംഎസ്‌ ഒരു ബസിലെ ഡ്രൈവറാണ്‌ (കണ്ടക്ടറും)



എ.കെ.ശ്രീനാരായണ ഭട്ടതിരി

ഇഎംഎസ്‌ ഒരു ബസിലെ ഡ്രൈവറാണ്‌
ഞാൻ ആദ്യമായാണേ
ഇഎംഏശിനെ ശരിക്കു കാണുന്നത്‌;
ധാരാളം ആളുകൾ കയറുന്നുണ്ട്‌
കുറച്ചു പേർ
ബസ്മാറിപ്പോയെന്നപോലെ
അല്ലെങ്കിൽ വേറെ എന്തോ പറഞ്ഞുകൊണ്ട്‌
ഉടൻതന്നെ ഇറങ്ങിപ്പോകുന്നുണ്ട്‌.
വലതുവശത്തുനിന്നാണ്‌
ഞാൻ കൈകാണിച്ചതു;
കൂടെ എന്റെ മോനുമുണ്ടായിരുന്നു.
ഞാനെഴുതിയ പുസ്തകം
ഇഎംഏശിനു കൊടുക്കണം
ഇഎംഏശിന്റെ അടുത്ത സുഹൃത്തായ
ഗോപാലേട്ടനെ വഴിയിൽവെച്ചാണ്‌ കണ്ടത്‌
വേഗം വാ
ഗോപാലേട്ടൻ എന്റെ കൈയ്പിടിച്ചു വലിച്ചു
ഞാൻ പുസ്തകം ഇഎംഏശിനു കൊടുത്തു
പേരെന്താണെന്നും
ഏതുക്ലാസിലാപഠിക്കുന്നതെന്നും
എന്റെ മോനോട്‌ ചോദിച്ചു
"അപ്പോ ഇഎംഏശിനു വിക്കില്ലേ?" എന്നുമോൻ
"ഡ്രൈവ്‌ ചെയ്യുമ്പോ എന്തിനാ വിക്ക്‌?"
ഞാനും മോനും ഗോപാലേട്ടനും ഇഎംഎസ്സും ചിരിച്ചു
"കേറുന്നോ" ഗോപാലേട്ടൻ ചോദിച്ചു
സ്ഥലമുണ്ടോ എന്നു ഞാൻ
വേഗംവാ എന്നുമോൻ
അങ്ങനെ മകനും ഞാനും കേറി
"കണ്ടക്ടറില്ലേ" എന്നു മകൻ
"ഇഎംഎസ്സ്‌ തന്നെയാ കണ്ടക്ടർ"ഞാൻ പറഞ്ഞു.
"നമ്മുടെ നാട്ടിലിങ്ങനെ ആദ്യമായിട്ടാ" അല്ലേഅച്ഛാ?
ഞാൻ തലകുലുക്കി
ഒപ്പം ബസും

ഭരിപ്പുകാരുടെ തിരക്ക് ആർക്ക് വേണ്ടി ?

ഡോ കെ ജി ബാലകൃഷ്ണൻ



ഇവരുടെ വട്ടം;
മനസ്സ് മന്ത്രിക്കുന്നു ;
ഭൂമി തിരിയുന്നത്,
സൂര്യൻ ഉദിക്കുന്നത്,
അസ്തമിക്കുന്നത്,
ആകാശം നീലിമയാർന്ന്
വിരാജിക്കുന്നത് -
ഇവർക്ക് വേണ്ടിയോ?

ദൈവമേ, ഈ ആര്ത്തിക്കൂട്ടം
ഓരോ മണൽത്തരിയിലും
മഴത്തുള്ളിയിലും കുളിര്നിലാവലയിലും
നിന്റെ വീർപ്പിലും വേർപ്പിൽക്കൂടിയും
കാളിമ പുരട്ടുന്നത്
നീയറിയുന്നില്ലേ?

എന്റെ അമ്മയുടെ കണ്ണീരിൽ
ചോര പുരളുന്നത്
കാണാതെ,
ഇവർ തെക്ക് വടക്ക്
തിക്കിത്തിരക്കി;
തരികിട കളിക്കുന്നത്
ആർക്കുവേണ്ടി?

ഈ ഭരിപ്പുകാർ
ഇനിയെന്നാണ്
അമ്മേ,
നിന്നെ,
എന്നെ,
ഈ നിറമെഴിന്റെ
നേരിനെ തിരിച്ചറിയുന്നത്?

അഞ്ചാംഭാവം


 ജ്യോതിർമയി ശങ്കരൻ

ഭദ്രമല്ലാത്ത ലോകം


ബംഗാളികള്‍ ഏറെ അഭിമാനപൂര്‍വ്വം സ്വയം  വിശേഷണാര്‍ത്ഥം ഉപയോഗിയ്ക്കുന്ന വാക്കാണല്ലോ ഭദ്രലോക്(gentlemen) .പഴയ കാലത്ത് ജമീന്ദാർമാരും സമൂഹത്തിലെ ഉന്നതരും മാത്രമാണീ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെട്ടിരുന്നതെങ്കിലും മാറിക്കൊണ്ടിരിയ്ക്കുന്ന പുതു യുഗത്തില്‍ സാമ്പത്തികവും സാംസ്ക്കാരികവുമായ ഉയര്‍ച്ച മാത്രമായിരുന്നു ഇതിന്റെ മാനദണ്ഡം. എന്തായാലും കല്‍ക്കത്ത ഭദ്രമായ ലോകമല്ലാതെ മാറിക്കൊണ്ടേയിരിയ്ക്കുന്നുവെന്നുവേണം ന്യൂസ് റിപ്പോർട്ടുകൾ വായിയ്ക്കുമ്പോൾ മനസ്സിലാക്കാൻ. കഴിഞ്ഞയാഴ്ച്ചയിലെ  ഒരേ ദിവസം തന്നെ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായി നടന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചപ്പോൾ ശക്തിയുടെ മൂർത്തരൂപമായ ദുർഗ്ഗയുടെ ഭക്തരുടെ നാടായ ബംഗാൾ തന്നെയോ ഇതെന്നു സംശയമായി. കൊൽക്കത്തയിലെ മാത്രം സ്ഥിതിയല്ലിതെന്നറിയാം.എങ്കിലും കൊൽക്കത്ത സ്ത്രീയ്ക്കു സമൂഹത്തിൽ കൊടുത്തിരുന്ന സ്ഥാനം അത്ര മാത്രം ഉയർന്നതായിരുന്നല്ലോ?
  ഇന്ത്യയുടെ മറ്റു നഗരങ്ങളിലും സ്ഥിതിവിശേഷം ഇതു തന്നെയെന്നിരിയ്ക്കേ അത്ഭുതം തോന്നുന്നില്ലെങ്കിലും ഭദ്രലോക് എന്നു സ്വയം വിശേഷിപ്പിയ്ക്കാവുന്ന ഒരവസരവും വിടാൻ തയ്യാറല്ലാത്ത ബംഗാളിയുടെ ഇതിനുള്ള പ്രതികരണമെന്തായിരിയ്ക്കുമെന്നൊന്നു മനസ്സിൽചിന്തിച്ചെന്നു മാത്രം.ഭദ്ര മഹിള (Gentle Woman)യുടെ ശോചനീയമായിക്കൊണ്ടിരിയ്ക്കുന്ന ഈ നിലകൊൽക്കത്തയുടെപേടിസ്വപ്നമായിക്കൊണ്ടിരിയ്ക്കുന്നത് അവർക്ക് താങ്ങാനാകുമോ?
പ്രതികരിച്ചു, ഇല്ലെന്നു പറയാനാകില്ല. 24 പർഗാനാസ് ജില്ലയിൽ ദാരുണമായി കൊല്ലപ്പെട്ട കോളേജ് കുമാരിയുടേയും നാദിയാ ജില്ലയിലെ 14 വയസ്സു മാത്രം പ്രായമായ പെൺകുട്ടിയുടെയും അവസ്ഥ ഇനിയും ആവർത്തിയ്ക്കപ്പെടരുതെന്ന സന്ദേശവുമായി പ്രതിഷേധപ്രകടനം നടത്തിയവരിൽ സമൂഹത്തിലെ എല്ലാതരക്കാരേയും കാണാനാകുമായിരുന്നു. രാഷ്ട്രീയത്തിന്റെ പരിവേഷമില്ലാത്ത  ശരിയ്ക്കും ഉൽക്കണ്ഠാകുലമായ ബംഗാളിയുടെ മനസ്സുമായി ഇതിൽ പങ്കെടുത്തവരിൽ സമൂഹത്തിലെ സാംസ്ക്കാരിക പ്രമുഖരും കലാ-സാഹിത്യരംഗങ്ങളിലെ ഉന്നതരും ഉണ്ടായിരുന്നു. ബംഗാളിന്റെ മനസ്സ് ചിന്താകുലം തന്നെയെന്നറിയാൻ ഇത്രയും ധാരാളമായിരുന്നല്ലോ?
ഓർക്കുകയായിരുന്നു, തൊണ്ണൂറുകളുടെ ഒന്നാം പകുതിയിലെ കൽക്കത്തയെ. അന്നു ഒരൽ‌പ്പം അത്ഭുതത്തോടെയാണീ മഹാനഗരിയെ ഞാൻ കണ്ടതെന്നും. ആംചി മുംബയിയുടെ ഊഷ്മളമായ സ്നേഹ വാത്സല്യങ്ങളിൽ കുതിർന്നു ശീലിച്ച എനിയ്ക്ക് കൽക്കത്തയുടെ അപരിചിതത്വത്തിന്റെ മുഖം മൂടി ഏറെ  ദുസ്സഹമായിത്തോന്നിയിരുന്ന നാളുകൾ.
ഇപ്പോൾ തോന്നുകയാണ്, ബംഗാളി എന്നും ഒരൽ‌പ്പം മുൻകരുതലുള്ളവനായിരുന്നുവോ? സ്വന്തമാക്കുന്നതിനു മുൻപായിക്കാണിയ്ക്കുന്ന അകലം സൂക്ഷിയ്ക്കൽ ബംഗാളിയെസ്സംബന്ധിച്ചിടത്തോളം സ്വാഭാവികം  മാത്രമായിരുന്നെങ്കിലും  സങ്കുചിതമനസ്ഥിതിയെന്നേ അന്നു       ചിന്തിയ്ക്കാനായുള്ളൂ. കൽക്കത്തയോടുള്ള അതിരു കവിഞ്ഞ സ്നേഹം ഓരോ ശ്വാസത്തിലും നിറഞ്ഞു നിന്നപ്പോൾ ആ വാത്സല്യം മറ്റൊരാൾക്കു വിട്ടുകൊടുക്കാനുള്ള വൈമുഖ്യവും കൂടെ കാണാനായിരുന്നു. ‘എന്റെ‘യെന്ന പദത്തിനപ്പുറം മുംബൈറ്റിയുടെ ‘ നമ്മുടെ ‘അവിടെ ദർശിയ്ക്കാൻ ശ്രമിച്ച എനിയ്ക്കിത് അരോചകമായതിൽ അത്ഭുതവുമില്ലല്ലോ?

വൈകീട്ട് ഏഴു മണിയോടെ വിജനമാകുന്ന കൊൽക്കത്തയിലേ റോഡുകൾ എനിയ്ക്കന്ന് അത്ഭുതമായിരുന്നു. രാത്രിഎട്ടു മണിയോടെ അടച്ചു പൂട്ടുന്ന ഷോപ്പുകളും 4 മണിയോടെ തുടങ്ങുന്ന മോണിംഗ് മാർക്കറ്റും അവിടത്തെ ഇളനീർക്കച്ചവടക്കാരികളുമൊക്കെ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മേളകളും ദുർഗ്ഗാപൂജയും അവിടെയെല്ലാം രാപകൽ ആൺ-പെൺ ഭേദമില്ലാതെ കറങ്ങിത്തിരിയുന്ന ബംഗാളികളും കൽക്കത്തയുടെ മുഖം മൂടിയില്ലാത്ത രൂപം തന്നെയായിരുന്നല്ലോ? ഓരോ വർഷത്തെ ദുർഗ്ഗാപൂജയ്ക്കുമായി ചിട്ടികളും സ്വകാര്യ സമ്പാദ്യങ്ങളും ചിലവഴിയ്ക്കുന്ന ബംഗാളി വനിതയുടെ മുഖത്ത് അരക്ഷിതത്വത്തിന്റെ നിഴൽ വീണിരുന്നതായി ഒരിയ്ക്കലും തോന്നിയിരുന്നില്ല, തീർച്ച.
ശരിയാണു, ഗ്ലോബലൈസേഷന്റെ കടന്നുകയറ്റം കൊൽക്കത്തയേയും വിവിധ സംസ്ക്കാരങ്ങളുടെ സങ്കരനിലമാക്കി മാറ്റിയപ്പോൾ സ്വന്തം ബംഗാളിനെ മുഷ്ടികൾക്കുള്ളിൽ സംരക്ഷിയ്ക്കാൻ കഴിഞ്ഞില്ലെന്ന ഖേദമായിരിയ്ക്കാം ഇപ്പോഴും ഒറ്റക്കെട്ടായി നിൽക്കാൻ തത്രപ്പെടുന്ന ബംഗാളിയുടെ മനസ്സു മുഴുവനും. ഭദ്രലോകത്തിന്റെ അത്രയൊന്നും ഭദ്രമല്ലാത്ത മുഖം അവരെ ഭയപ്പെടുത്തുന്നുണ്ടാവും, തീർച്ച.

രാത്രിമഴ





                           

ബോണി പിന്റോ

                 

                                                     .വൈകുന്നേരം തേക്കുംകാടു മൈതാനം ഭക്തരേയും സായാന്ഹസവാരിക്കാരെയും കൊണ്ട് നിറഞ്ഞിരുന്നു.ക്ഷേത്രത്തിലെതാണെന്നു  തോന്നുന്നു, ദൂരെ നിന്നും പാട്ട് കേൾക്കുന്നുണ്ട്. അതും കേട്ട്ടുകൊണ്ട്  തമ്പുരാൻ 

ആൽത്തറയിൽ വന്നിരുന്നു.ആ മൈതാനത്തെ മരങ്ങൾ സന്ധ്യാവെളിച്ചത്തിൽ 

നനഞ്ഞു തെളിഞ്ഞു നിൽക്കുന്നു.റൌണ്ടിലൂടെ വണ്ടികൾ ദീപാരാധന നടത്തുന്ന 

പോലെ തോന്നി. ഇന്ന് നേരത്തെ ഇരുട്ട് വീഴാൻ തുടങ്ങിയിരിക്കുന്നു. തലവേദന സഹിക്കാതായപ്പോൾ തന്റെ ഭാണ്ഡത്തിൽ തലവച്ച് ആൽത്തറയിൽ പതിയെ കിടന്നു. തണുത്ത കാറ്റിലാടിക്കൊണ്ടിരിക്കുന്ന 

അരയാലിലകളെ നോക്കിക്കിടന്ന് എപ്പോഴോ ഉറങ്ങി. അത് തമ്പുരാന്റെ തെറ്റല്ല. കാരണം ഒന്നുറങ്ങിയിട്ട് മൂന്നു ദിവസമായി. കണ്ണടച്ചാൽ ആരോ  ചുറ്റിക വീശുന്ന ശീൽക്കാര ശബ്ദം, തലയോട്ടി പൊളിയുന്നു, ഞരക്കങ്ങൾ, എങ്ങും രക്തഗന്ധം...  


മാസങ്ങളായി പത്രത്തിലെ അകം താളുകളിൽ എവിടെയോ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ആദ്യത്തെ  കൊലപാതകം നടക്കുന്നത് രണ്ടര മാസം മുന്പാണ്, കോട്ടയത്ത്‌....അപ്പോ മഴക്കാലം തുടങ്ങുന്നതേ ഒള്ളു. പിന്നീട് തുടരെ തുടരെ സമാന സ്വഭാവമുള്ള അഞ്ചു കൊലപാതകങ്ങൾ.രണ്ടു കൊലപാതകങ്ങൾ കോട്ടയം ടൌണിൽ ,രണ്ടെണ്ണം എറണാകുളത്ത്,ശേഷിച്ച ഒന്ന് ഇവിടെ തൃശൂരും, അതും നാലേന്നാൾ രാത്രി.തമ്പുരാൻ എല്ലാ കൊലപാതകങ്ങളെക്കുരിച്ചുമുള്ള വാർത്തകൾ സസൂഷ്മം പഠിച്ചു കൊണ്ടിരുന്നു കാരണം തന്നെ പോലെ തന്നെ ചോദിക്കാനുംപറയാനും ആരുമില്ലാതെ വഴിയോരത്ത് അന്തിയുറങ്ങിയിരുന്നവരാണ് തലക്കടി ഏറ്റു കൊല്ലപ്പെട്ട അഞ്ചുപേരും.റിപ്പറെ പോലീസ് തിരയാൻ തുടങ്ങിയത് ഈ മാസമാണ്,അവർ ആൾ ബോമ്മകൾ ഉണ്ടാക്കി രാത്രികാലത്ത് കട ഇറയത് പുതപ്പിച്ചു കിടത്തി മഫ്ടിയിൽ റിപ്പറെ കാത്തിരിക്കുകയാണ്. ഫലമുണ്ടാവുമോ എന്നറിയില്ല. പക്ഷെ തമ്പുരാന് റിപ്പറെ പിടിക്കുന്നതും കാത്തിരിക്കാൻ പറ്റില്ല, കാരണം, ഈ നടന്ന കൊലപാതകങ്ങളിൽ പോലീസും പത്രക്കാരും ശ്രദ്ധിക്കാത്ത രണ്ടു കാര്യങ്ങൾ ഉണ്ട്,

അല്ല,.... അത് അവര്ക്ക് ശ്രദ്ധിക്കേണ്ട കാര്യവും ഇല്ല എന്ന് വച്ചോ.

ഒന്ന് , കൊലപാതകങ്ങൾ എല്ലാം നടന്നിരിക്കുന്നത് നല്ല മഴയുള്ള രാത്രിയാണ്, മഴക്കാലത്ത് മഴ സാധാരണമാണ് പക്ഷെ അവസാനത്തെ രണ്ടു കൊലപാതകങ്ങൾ ആയപ്പോഴേക്കും മഴയെല്ലാം വിരളമായി മാറിക്കഴിഞ്ഞിരുന്നു.മഴയുള്ള രാത്രികളിൽ ഇരയുടെ മരണ നിലവിളി ആരും കേൾക്കില്ല എന്നതായിരിക്കും റിപ്പർ അത് തിരഞ്ഞെടുക്കാൻ കാരണം.

അതിലും പ്രധാനം രണ്ടാമത്തെ കാര്യമാണ്, ഈ എല്ലാ കൊലപാതകങ്ങളും നടന്നിരുന്ന അതേ ഇടങ്ങളിൽ തലേന്ന് രാത്രി താൻ അന്തിയുറങ്ങിയിരുന്നു എന്നതാണ്. ഒരു രാത്രിയുടെ വ്യത്യാസത്തിലുള്ള രക്ഷപെടൽ ,വേറൊരു രീതിയിൽ ചിന്തിച്ചാൽ റിപ്പർ തന്റെ പുറകെ തന്നെ അന്വേഷിച്ചു നടന്നിരുന്ന പോലെ. ആ തോന്നൽ മാറ്റാനായി ആദ്യം കോട്ടയം വിട്ടു, പിന്നീട് എറണാകുളവും.


തമാശയായി ആദ്യം ചിരിച്ചു തള്ളിയ ഒരു തോന്നൽ പക്ഷെ താമസിയാതെ ഒരു ഉൾവിളിയായി മാറി തന്റെ ഉറക്കം കെടുത്തുന്നത് നിസ്സഹായനായി നോക്കി നില്ക്കേണ്ടി വന്നു തമ്പുരാന്.ഉള്ളിൽ ആരോ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു, "അടുത്തത് നീയാണ്".

ഭയം എന്ന വികാരം അങ്ങിനെയാണ്.ഒരുപക്ഷെ ഭയം എന്ന വികാരത്തിന്റെ മാത്രം പ്രത്യേകത. അതിന്റെ വിത്ത് മനസ്സിൽ വീണുകഴിഞ്ഞാൽ അർബുദവേഗതയിൽ അത് വളർന്നൊരു വടവൃക്ഷമായി മാറി അതിന്റെ വള്ളികളാൽ വരിഞ്ഞു കീഴ്പ്പെടുത്തി നമ്മെ ശ്വാസം മുട്ടിക്കും.


 കാവി മുണ്ടും ജുബ്ബയും കഴുത്തിൽ ഒരു രുദ്രാക്ഷ മാലയും ഉള്ള ഒരു വൃദ്ധൻ. ദൂരയാത്രക്ക് തയ്യാറെടുത്ത പോലെ വൃത്തിയായി നനച്ചു ഒതുക്കി ചീകി വച്ചിരിക്കുന്ന ഓളങ്ങൾ തീർത്ത നരച്ചമുടി. ഇത് മറ്റൊന്നിനുമല്ല റെയിൽവേ സ്റെഷനിൽ ഉറങ്ങുമ്പോൾ രാത്രി പോലീസ് എഴുന്നേല്പ്പിച്ചു വിടാതിരിക്കാനാണ്. 

ഒറ്റ നോട്ടത്തിൽ മാന്യനാണെന്ന് തോന്നുമെങ്കിലും രണ്ടാമത്തെ നോട്ടത്തിൽ ഒരു ഭിക്ഷക്കാരന്റെ എല്ലാ രൂപഗുണങ്ങളും അയാളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ റെയിൽവേ പോലീസിൽ നിന്നും തുടർച്ചയായ താക്കീതുകൾ കിട്ടിയ തമ്പുരാന്‌ സുരക്ഷിതമായി ഉറങ്ങാനുള്ള ഒരിടം കൂടി നഷ്ടപ്പെട്ടു. 



 എങ്ങുനിന്നോ പറന്നു വന്ന ഒരു മഴതുള്ളി അയാളുടെ മുഖത്തു വീണു.ഞെട്ടിയുണർന്ന അയാൾ ചുറ്റും നോക്കി. ആകാശം മൂടിക്കെട്ടി നിൽക്കുകയാണ്. തന്റെ അവസാനത്തിലേക്കുള്ള  ഒരു രാത്രിമഴക്കായി കാർമേഘങ്ങൾ തയ്യാറെടുക്കുന്ന പോലെ തോന്നി.മൈതാനത്താകെ കുറ്റാകൂരിരുട്ട്. അയാൾക്ക്‌ വിശ്വസിക്കാനായില്ല.സ്വപ്നമോ യാഥാർത്യമോ എന്നറിയാതെ തമ്പുരാൻ പകച്ചു. അവിടമാകെ മാറിയിരിക്കുന്നു. വഴിയിലെ കടകൾ എല്ലാം അടച്ചിരിക്കുന്നു.ആൾസന്ജാരവും വാഹനങ്ങളും നിന്നു.മിന്നലിനോപ്പം ഈറൻ കാറ്റ് വീശാൻ തുടങ്ങി.ആ ഇരുട്ടിൽ അയാൾ ഭീമാകാരന്മാരായ ആൽമരങ്ങളുള്ള ഒരു താഴ്‌വരയിൽ  പെട്ടുപോയ പോലെ തോന്നി. അതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ഒരു ഉൾവിളി അയാൾക്ക് ഉണ്ടായി,"അവൻ എത്തി".  അയാൾ ഭാണ്ഡം മുറുക്കിപിടിച്ചു, ഒരു ആത്മരക്ഷക്കെന്ന പോലെ കുടയും.പേടിച്ചരണ്ടയാൾ ലക്ഷ്യമില്ലാതെ ഓടി.കാലുകൾ വേദനിച്ചു തുടങ്ങി.   കിതപ്പിന് വേഗതയേറി. ഓട്ടത്തിനോടുവിൽ വെളിച്ചം കണ്ടു.അതാ തൊട്ടു മുൻപിൽ പാറമേക്കാവ് ക്ഷേത്രം. ആശ്വാസം....ഈ രാത്രി വെളുപ്പിക്കാൻ ഇവിടം തന്നെയാണ് നല്ലത് കാരണം ഈ ഭാഗത്ത് എത്ര രാത്രിയിലും പൂക്കച്ചവടക്കാർ ഉണ്ടാവും.



തമ്പുരാൻ അടച്ചിട്ടിരുന്ന ഒരു മെഡിക്കൽ ഷോപ്പിന്റെ ഇറയത്ത് ചെന്നിരുന്നു. കിതപ്പാറ്റുന്നതിനിടയിൽ അയാൾ തന്റെ ഭാണ്ഡം തുറന്ന് തന്റെ മുടി വെട്ടുന്ന കത്രിക എടുത്ത് കൈപാങ്ങിൽ വച്ചു. അയാൾ ചുറ്റും നോക്കി. പൂക്കച്ചവടക്കാർക്ക് തന്നെ കാണാം എന്ന് ഉറപ്പു വരുത്തി.



തമ്പുരാൻ ആരെയോ കാത്തിരിക്കുന്ന പോലെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും കണ്ടു മുട്ടാനിടയില്ലാത്ത ഒരാളെ പേടിച്ചോടികൊണ്ടിരിക്കുന്ന   മണ്ടത്തരത്തെക്കുറിച്ചാലോചിച്ചു.എല്ലാം വെറും തോന്നൽ,അയാൾ ആശ്വസിക്കാൻ ശ്രമിച്ചു.



കിതപ്പ് മാറിയതനുസരിച്ച് പതിയെ വിശപ്പറിയാൻ തുടങ്ങി. സമയം തിട്ടമില്ല, തട്ടുകടകൾ പോലും അടച്ചിരിക്കുന്നു. തമ്പുരാൻ ഉമിനീരിറക്കി പതിയെ ഭാണ്ടത്തിലേക്ക് തലവച്ചു. ഓടയിൽ വെള്ളം കുത്തിയൊഴുകുന്ന ശബ്ദം കേട്ടു കിടന്നു.ചെറുതായി കൊതുകുകടിയുണ്ട്. രാത്രിയായതിനാൽ റൌണ്ടിൽ ഇടയ്ക്കു വണ്‍വേ തെറ്റിച്ചു വരുന്ന വാഹനങ്ങൾ മാത്രം. നിയോണ്‍ വെളിച്ചനു കീഴെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നായ്ക്കൾ കടിപിടികൂടി ഓടുന്നത് നോക്കിയിരുന്നു. ഇതളൂർന്നു വീണ പനിനീർദളങ്ങൾ തിരികെ ചേരും പോലെ അയാളുടെ ഭൂതകാലത്തിന്റെ ചില ചിത്രങ്ങൾ അകാരണമായി  മുന്നിൽ വന്നു നിന്നു,പഴയ കുതിര കുളമ്പടികളുടെ ശബ്ദം വീണ്ടും കേട്ടു. ഒരു നിമിഷത്തേക്ക്  മുന്നിൽ നായ്ക്കൾക്ക് പകരം പന്തയത്തിന് നിർത്തിയിരിക്കുന്ന കുതിരകളെ കണ്ടു, വാതുവെയ്പ്പ് കാരുടെ കൂക്കുവിളികൾ കേട്ടു. ഗാലറിയിൽ സൂട്ടിട്ട ആഡ്ട്യനായ തമ്പുരാൻ ബൈനാകുലർ  പിടിച്ചു നില്ക്കുന്നതു കണ്ടു. ഒരു ദീർഘനിശ്വാസത്തോടെ  തമ്പുരാൻ തന്റെ വർത്തമാനകാലത്തെ ഭിക്ഷകാരനിൽ എത്തിച്ചേർന്നു.നായ്ക്കളുടെ കുര ഇപ്പോൾ കണ്ണെത്താ ദൂരെയെവിടയോ കേൾക്കാം. സമയം പോകുന്നതനുസരിച്ച് കണ്‍പോളകൾക്ക്  ഭാരമേറിവന്നു.തമ്പുരാൻ ഉറങ്ങാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു.



പെട്ടെന്ന് വടക്കുംനാഥൻ ക്ഷേത്രത്തിനു പിന്നിലായി ഭൂമിയിലേക്കിറങ്ങി വന്നൊരു  ഇടിമിന്നി. തമ്പുരാൻ ഞെട്ടിയെഴുന്നേറ്റു. വീശിക്കൊണ്ടിരിക്കുന്ന ഈറൻ കാറ്റിൽ അയാളുടെ കാഷായവസ്ത്രങ്ങൾ പറന്നു കൊണ്ടിരുന്നു. ദൂരെനിന്ന് റോഡിലൂടെ അപായ സൂചനയിട്ടു വരുന്ന ഒരാമ്പുലൻസിന്റെ ശബ്ദം കേട്ട് നോക്കി. വാനിന്റെ വെളിച്ചത്തിലെ ചാറ്റൽ മഴയിൽ മെലിഞ്ഞ ഒരാൾ നടന്നടുത്തു വരുന്നു.വെളുത്ത പാന്റ്സിട്ട അയാൾ കോണ്‍ ഐസ് ക്രീം നുണയുന്നുണ്ട്.ആമ്പുലൻസ് തന്നെ കടന്നു പോകവേ മഴ മുറുകി.

മഴ നനഞ്ഞു വന്നയാൾ തമ്പുരാൻ കിടക്കുന്ന കടതിണ്ണയിലേക്ക് ഓടിക്കയറി.ധ്രിതിയിൽ എഴുന്നേറ്റിരിക്കാൻ തമ്പുരാൻ കഷ്ടപ്പെട്ടു. ചുളിവുകൾ വീണ അയാളുടെ കൈകൾ കത്രിക പരതി...കയ്യിലൊതുക്കി.



തമ്പുരാൻ ചെറുപ്പക്കാരന്റെ അനക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു.അയാൾ ചെവി മറഞ്ഞു കിടക്കുന്ന മുടിയിൽ നിന്നും വെള്ളം തട്ടിക്കളഞ്ഞു.തമ്പുരാൻ തളരുന്ന പോലെ തോന്നി.കണ്ടാൽ മുപ്പതു മുപ്പത്തിരണ്ട് വയസ്സ് തോന്നിക്കുന്ന അയാൾ കറുപ്പിൽ ചുവന്ന പൊട്ടുകളുള്ള ഷർട്ടാണ് ഇട്ടിരുന്നത്. നല്ല മദ്യപാനിയാണെന്ന് ചീർത്ത കണ്‍തടങ്ങൾ കണ്ടാലറിയാം. അയാൾ തമ്പുരാനെ ശ്രദ്ധിക്കാതെ  ഐസ്ക്രീം നുണഞ്ഞു കൊണ്ടിരുന്നു. അല്പ്പം കഴിഞ്ഞ് റോഡിലേക്ക് നോക്കിക്കൊണ്ടയാൾ പറഞ്ഞു,

"ശ്ശേ...മഴ മാറുന്നില്ലല്ലോ..."

തമ്പുരാനെ നോക്കി അയാൾ ചോദിച്ചു,

"മഴ വന്ന് ഉറക്കം പോയല്ലേ?"

തമ്പുരാൻ താല്പ്പര്യമില്ലാതെ മൂളി.എന്നിട്ട് ചോദിച്ചു,"എവിടെക്കാ?"

"ആലുവ" ചെറുപ്പക്കാരൻ പറഞ്ഞു.

"ബസ്‌ സ്ടാന്റിൽ പോകണ്ടിവരും, ഇവിടെ എവിടെ പോയതാ?" തമ്പുരാൻ സംശയം തീര്ക്കാൻ ആരംഭിച്ചു.

ഒരു നിശബ്ദതക്ക് ശേഷം അയാൾ പറഞ്ഞു ,"ഇവിടെ ഒരു കൂട്ടുകാരന്റെ നിശ്ചയത്തിനു രാവിലെ വന്നതാ...അവൻ വിട്ടില്ല....വെള്ളമടിച്ചിരുന്നു വൈകിപ്പോയി.." അയാളുടെ മുഖത്ത് മദ്യത്തിന്റെ കള്ളച്ചിരി.

അയാൾ പറഞ്ഞത് ശരിയാണെന്ന് മനസിലായി, മദ്യത്തിന്റെ മണമടിക്കുന്നുണ്ട്. തമ്പുരാൻ പതിയെ  കത്രികയിൽ നിന്ന് കയ്യെടുത്തിട്ടു ചോദിച്ചു,

"എത്ര മണിയായി?"

"രണ്ടര കഴിഞ്ഞു.....ഞാൻ ഒതുങ്ങി നിക്കാം, നിങ്ങ കിടന്നോ, നിങ്ങട ഉറക്കം കളയണ്ട",അയാൾ പറഞ്ഞു 

ഒരു നെടുവീർപ്പോടെ തമ്പുരാൻ പറഞ്ഞു,"ഇല്ലാ...ഉറങ്ങാൻ പറ്റില്ല... ഒരു തരി ഉറങ്ങാൻ പറ്റില്ല ....  Sleep, those little slices of death — how I loathe them.”  

"ങേ.." വന്നയാളുടെ മുഖത്ത് കൌതുകം.ചിരിച്ചുകൊണ്ടയാൾ ചുണ്ടിൽ ഒരു സിഗരറ്റെടുത്ത് വച്ചു,

സിഗരട്ട് കത്തിക്കാനായി നനഞ്ഞ തീപ്പെട്ടിയുരച്ചു അയാൾ കഷ്ടപ്പെടുന്നത് കണ്ട് തമ്പുരാൻ ഭാണ്ഡത്തിൽ നിന്നും തീപ്പെട്ടിയെടുത്ത് അയാൾക്ക്‌ നേരെ നീട്ടി.അയാൾ സിഗരട്ട് കത്തിച്ച ശേഷം ചോദിച്ചു,

"അപ്പൊ...കാർന്നോര് വലിക്ക്യോ?" 

അയാൾ സിഗരട്ട് പാക്കറ്റ് തമ്പുരാന് നേരെ നീട്ടിക്കൊണ്ട് താഴെയിരുന്നു.തമ്പുരാനും ഒന്നെടുത്ത് തീ കൊളുത്തി. പുറത്തു മഴക്ക് ശക്തികൂടിയ പോലെ തോന്നി.

നേരം കളയാൻ തമ്പുരാൻ പറഞ്ഞു,"സ്റ്റാൻഡിൽ പോയാലും ഈ നേരത്ത് ഇനി ബസ്സ് കുറവായിരിക്കും. 

''ആലുവയാണോ സ്വന്തം സ്ഥലം?"

"അതെ "

"ജോലിയും അവിടെ തന്നെയാ?"

അതെ എന്നർത്ഥത്തിൽ അയാൾ തലയാട്ടി.

"നിങ്ങ ആ ഫാഗത്തോട്ടൊക്കെ വന്നിട്ടുണ്ടോ?" അയാൾ ചോദിച്ചു 

ഒരിടിമിന്നൽ തമ്പുരാന്റെ മനസ്സിൽ മിന്നി,..... ആർപ്പൂക്കര,കോട്ടയം......., അതെ...... മട്ടാഞ്ചേരി ചുവയുമുണ്ട് സംസാരത്തിന്....ദൈവമേ ഇയാൾ ഏന്തിനാണ് ആവശ്യമില്ലാതെ കള്ളം പറയുന്നത്? തമ്പുരാൻ ഓർത്തു. കേരളത്തിലെ ഓരോ താലുക്കിനും ഓരോ സംസാര ശൈലിയാണ്. ചെറിയ നീട്ടലും കുറുകലും ഒക്കെയേ വ്യത്യാസം ഉണ്ടാവൂ.ഒന്ന് ശ്രദ്ധിച്ചാൽ സ്ഥലം മനസിലാകും.വർഷങ്ങളായുള്ള ഊരു തെണ്ടലിനിടെ തമ്പുരാൻ നടത്തുന്ന ചില സ്വകാര്യ പഠനമാണിത്.ഇതു വരെ തന്റെയൂഹം പിഴച്ചിട്ടില്ല. തമ്പുരാൻ മനസിലെ വെപ്രാളം മുഖത്ത് കാണിക്കാതെ സിഗരട്ട് താഴെ വച്ച് പതിയെ കത്രിക തപ്പിയെടുത്തു. 

"നിങ്ങ ആ ഫാഗത്തോട്ടൊക്കെ വന്നിട്ടുണ്ടോ?" അയാൾ വീണ്ടും ചോദിച്ചു.

"ങേ... ങാ.. ഉവ്വ് ...വന്നിട്ടുണ്ട്." തമ്പുരാൻ തപ്പി തടഞ്ഞു.

നാക്കുകൊണ്ടു മീശയുടെ അറ്റം പിടിക്കാൻ ശ്രമിച്ചുകൊണ്ടയാൾ ചോദിച്ചു,

"ഇങ്ങനെ ഊര് തെണ്ടി നടക്കാൻ ബഹു രാസവാ, അല്ലയോ.....ആല്ല കാർന്നോരെ, ഒരു ദിവസം നിങ്ങൾക്ക് എത്ര രൂപയൊക്കെ കിട്ടും...അല്ല .... ചുമ്മാ അറിയാൻ വേണ്ടിയാ .."

"ഇരുന്നൂറു മുന്നൂറു രൂപ വരെ കിട്ടും, ഉത്സവംത്തിനും പെരുന്നാളിനും ഒക്കെ പോയാ ഇരട്ടി കിട്ടും."ചെറിയ ഭയത്തോടെ തമ്പുരാൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

"ഈ തമിഴ്നാട്ടീന്നു ധർമക്കാരെ കോണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ പെരുന്നാളിനോക്കെ ഇറക്കാറുണ്ട്‌ എന്ന് പറയുന്നത് ശരിയാണോ?" അയാൾക്ക്‌ സംശയം 

തമ്പുരാന് ഒരു കാര്യം മനസിലായി ഇയാൾ ക്രിസ്ത്യാനിയാണ്, അതാണ്‌ 'പെരുന്നാൾ' എന്ന് പറഞ്ഞത്.

"ങാ...അങ്ങിനെ ഒരു കൂട്ടരുണ്ട്. അവർക്ക് ശംബളമാണ്....ഞാനാക്കൂട്ടത്തിലോന്നുമില്ല."തമ്പുരാൻ പറഞ്ഞു.

"എന്തിനാ ശംബളം അല്ലെടോ?.....കണക്കുകൂട്ടി നോക്കിയാ പത്തുപതിനായിരം രൂപ മാസം കിട്ടുവല്ലായോ, കയ്യിൽ കുറെ കാണുമല്ലോ, ങേ.....? സിഗരട്ട് കടിച്ചുപിടിച്ചയാൾ ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു. മദ്യം തളർത്തിയ അയാളുടെ കണ്ണുകൾ ചിമ്മാതെ തമ്പുരാനെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. ഇടിമിന്നൽൽ ശക്തിയായി അടിച്ചുകൊണ്ടിരിക്കുന്നുണ്ട്.തമ്പുരാൻ പതിയെ പൂക്കാരെ ശ്രദ്ധിച്ചു. മഴ മൂർച്ചിച്ച  കാരണം അവർ എവിടെയോ മാറി നില്ക്കുകയാണ്. ദൈവമേ....തമ്പുരാൻ കത്രികമേൽ പിടി മുറുക്കി. ഏതു നിമിഷവും ഒരാക്രമണത്തിനു തയ്യാറെടുത്തു. തമ്പുരാന്റെ ഉള്ളിൽനിന്നാരോ അലറി വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു "ഇത് പഴയ കുതിര പന്തയക്കാരന്റെ ഉൾവിളി പോലല്ല, ഇതാ അവൻ..... കുത്തി മലത്തവനെ....!!! മഴയുടെ ശബ്ദം അയാളുടെ കാതടച്ചു. കാറ്റിൽ ഈറൻ മുഖത്തടിക്കുണ്ട്.



വന്നയാൾ കടിച്ചുപിടിച്ചിരുന്ന സിഗരട്ട് നീട്ടി തുപ്പിയിട്ട് സംസാരം തുടർന്നു,"ഞാൻ പറയാൻ കാരണം കഴിഞ്ഞ ദിവസം മ്യുസിയത്തിന്റവിടെ ചത്ത പിച്ചക്കാരന്റെ കയ്യിൽ നിന്നും പതിനായിരം രൂപ......." സംസാരത്തിൽ എന്തോ പിശക് സംഭവിച്ച പോലെ പെട്ടന്നയാൾ സംസാരം നിർത്തി.

"അല്ല ...പോലീസുകാർ പറഞ്ഞു കേട്ടതാണ് കേട്ടോ..."



തമ്പുരാൻ അയാൾ പറഞ്ഞത് കേൾക്കാത്ത പോലെ ദൂരേക്ക്‌ നോക്കിയിരുന്നു.തമ്പുരാൻ കിതക്കുന്നുണ്ടായിരുന്നു.ആദ്യത്തെ കുത്ത് കഴുത്തിനായിരിക്കണം,അതേസമയം തന്നെ വിരലുകൾ കണ്ണിൽ തുളച്ചു കയറ്റിയിരിക്കണം,തമ്പുരാൻ നിശ്ചയിച്ചു. പുറത്ത് കാറ്റ് മഴതുള്ളികളാൽ ഉഗ്രരൂപങ്ങൾ തീർത്തുകൊണ്ടിരുന്നു.

"തനിക്കു പേടി തോന്നുന്നില്ലേ ഇവിടെ കിടക്കാൻ?" വന്നയാൾ സൌമ്യനായി ചോദിച്ചു.

വളരെ പരുഷമായ ശബ്ദത്തിൽ തമ്പുരാൻ പറഞ്ഞു,

"മരണഭയം, അല്ലെ?...പേടിയില്ലായിരുന്നെങ്കിൽ പണ്ടേ അത് ചെയ്തേനെ, ഉള്ളതെല്ലാം കൈവിട്ടുപോയപ്പോ....അന്നേ ചെയ്തേനെ.......

എനിക്ക് ജീവിക്കാൻ ഇഷ്ടമാണ്.... ഇങ്ങിനെയെങ്കിലും.... " തമ്പുരാന്റെ ശബ്ദം ഇടറി. തന്റെ കത്രിക മേലുള്ള പിടുത്തം അയഞ്ഞു.ഒരു കൊച്ചു കുട്ടിയെപ്പോലെ തല കുനിച്ചിരുന്നയാൾ കരയാൻ തുടങ്ങി.



തമ്പുരാൻ മരണം വരിക്കാൻ മനസാ തയാറെടുത്തു.ആർക്കും വേണ്ടാത്ത ഈ ജീവിതത്തിലും നല്ലത് മരണമാണ്. മഴയുടെ ശബ്ദം താഴ്ന്നു. അല്പ്പം കഴിഞ്ഞ് ഒരു കാലടി ശബ്ദം കേട്ട് തമ്പുരാൻ തലയുയർത്തി നോക്കി. അയാൾ ചെറിയ ആട്ടത്തോടെ ആ ചാറ്റൽ മഴയത്ത് വന്ന വഴി തിരിച്ചു നടക്കാനോരുങ്ങുന്നു.

ഇടറിയ ശബ്ദത്തിൽ തമ്പുരാൻ അയാളോടു ചോദിച്ചു,

"നിങ്ങൾ....നിങ്ങളുടെ പേര് പറഞ്ഞില്ല?"

നടത്തത്തിനിടയിൽ തിരിഞ്ഞു നോക്കാതെ അയാൾ വിളിച്ചു പറഞ്ഞു,

"ചാക്കോ.."



തമ്പുരാൻ നിർവികാരനായി  അയാൾ അകന്നു പോകുന്നത് നോക്കി നിന്നു.തമ്പുരാൻ പതിയെ കൈ ചാറ്റൽ മഴയിൽ നനച്ച് മുഖം തുടച്ചു. വശത്തുണ്ടായിരുന്ന പൂക്കാർ അവരുടെ വണ്ടിക്കരികിൽ തിരിച്ചെത്തിയിരിക്കുന്നതായി കണ്ടു. റോഡിലെ നിയോണ്‍ വെളിച്ചങ്ങളിൽപ്പെട്ട്  ഇരട്ട നിഴലുകളുമായി ചാക്കോ അപ്പോഴേക്കും ദൂരെ വഴിയുടെ മറവിലേക്കായിക്കഴിഞ്ഞിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...