ജോമോൻ ജോബ്
വഴിയിൽ കിടന്ന് എന്തെങ്കിലും
കളഞ്ഞ് കിട്ടുന്നത് നല്ലതല്ലെന്നാണ് എന്റമ്മ പറയാറ്. പ്രത്യേകിച്ച്
പേനയും, പൈസയും മറ്റും. പക്ഷേങ്കില് എനിക്ക് രാവിലെ കിട്ടിയ പൊതി
നല്ലതല്ലെന്ന് ആരു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല.
സംഭവമിതാണ്...
രാവിലെ കുഞ്ഞിക്കണ്ണൻ വന്ന് റബ്ബർ വെട്ടിയോ
എന്ന് നോക്കാൻ പോയതാണ്. ദൂരെ നിന്നേ കണ്ടു, വഴിയുടെ അരികിലായി ചെറിയ ഒരു
പൊതി. ഞാനാദ്യം കരുതി ആരെങ്കിലും കളിപ്പിക്കാനായി പഴത്തൊലിയോ മറ്റോ
പൊതിഞ്ഞിട്ടതായിരിക്കുമെന്ന്.
ഞാൻ ചുറ്റും നോക്കി. ചുറ്റുവട്ടത്തൊന്നും ആരുമില്ല. ഞാൻ വളരെ പതുക്കെ ആ പൊതി കാലുകൊണ്ട് തോണ്ടി വഴിയുടെ ഇപ്പുറത്തേക്കിട്ടു.
'ൻഘേ... ലൈറ്റ് വെയ്റ്റ്...'
പഴത്തൊലിക്കുണ്ടാകേണ്ട ഭാരം അതിനില്ല. പിന്നൊട്ടും വൈകിയില്ല. അതെടുത്ത് തുറന്നു നോക്കിയ എന്റെ കണ്ണ് മഞ്ചിപ്പോയി.
ഗാന്ധിയപ്പൂപ്പന്റെ പടമുള്ള അഞ്ഞൂറ് രൂപയും, പിന്നെയൊരു നൂറുരൂപയും. ആകെ രൂഭാ അറുനൂറ്...
പിന്നെങ്ങനെ ഞാൻ പറയും വഴിയിൽ കിടന്ന് കിട്ടുന്നത് നല്ലതല്ലെന്ന്...?
ഞാൻ
മനസ്സാലെ കുഞ്ഞിക്കണ്ണന് നന്ദി പറഞ്ഞു. അങ്ങോര് കൃത്യമായി
വരാത്തതുകൊണ്ടല്ലേ എനിക്കിത് കിട്ടിയത്. അയ്യോ, കുഞ്ഞിക്കണ്ണനെ കുറ്റം
പറയാൻ പറ്റില്ല. ഈ സാഹചര്യത്തിൽ ആരായാലും കുടിക്കും, കുറച്ചു കൂടുതൽ.
കൂടുതൽ കുടിച്ചാൽ രാവിലെ എഴുന്നേൽക്കാൻ പറ്റിയെന്ന് വരില്ല. പിന്നെയെങ്ങനെ
റബ്ബർ വെട്ടും?
'ഈ സാഹചര്യം' എന്നു പറഞ്ഞാൽ അതൊരു രഹസ്യമാണ്. ആരും അറിയരുത്...
കുട്ടികളൊന്നും ഉണ്ടാകാത്ത കുഞ്ഞിക്കണ്ണനെയും, കുടുംബത്തെയും പറ്റിയുള്ള രഹസ്യം...
എന്നെപ്പോലെ പത്തിരുപത്തഞ്ച് വയസായ ചെറുവാല്യക്കാര് അറിഞ്ഞാൽ പ്രശ്നമില്ല... മറ്റുള്ളവർ അറിഞ്ഞാലാണ് കുഴപ്പം.
കുഞ്ഞിക്കണ്ണൻ വീട്ടിലില്ലാത്തപ്പോൾ, കുഞ്ഞിക്കണ്ണന്റെ വീട്ടുകാരി
നാണിക്കുട്ടി, താഴെ വഴിയിലൂടെ നടന്നു പോകുന്നവരോട് കുശലം ചോദിക്കുമത്രേ...
"കുട്ടന്നായരേ... എങ്ങോട്ടാ, ഈ വെയിലത്ത്."
പാടത്തു നിന്നും വീട്ടിലേക്ക് മടങ്ങുന്ന കുട്ടന്നായരോടാവും ചോദ്യം.
"ഏയ്, ഇവിടെ വരെ."
"വരൂ, ഒരു പാത്രം വെള്ളം കുടിച്ച് ദാഹമകറ്റിയിട്ട് പോകാം."
"ഓ... ആയിക്കോട്ടെ."
ഇങ്ങനെ
പലരും അവിടെ കേറാറുണ്ട്. വെള്ളവും, കഞ്ഞിവെള്ളവും ഒക്കെ
കുടിക്കാറുമുണ്ട്. എന്തിനും പോന്ന നാണിക്കുട്ടി വെള്ളം കൊടുത്താൽ
കുടിക്കാത്തവരായി ഈ ഭാഗത്താരുമില്ല.
തട്ടാൻ തങ്കപ്പനും, ബാർബർ ഭാർഗവനും, കുട്ടപ്പൻ മേസ്ത്രിയുമൊക്കെ
ഇതിനായി മാത്രം ആ ഭാഗത്തൂടെ പോകുന്നവരാണ്. ഇത് ഞാനും കണ്ടിട്ടുണ്ട്.
പക്ഷേങ്കില്, ഇതിൽ കൂടുതലായി കണ്ട ഒരാളെയുള്ളൂ ഞങ്ങളുടെ ഭാഗത്ത്.
'കൊച്ചാശാരി.'
മണ്ഡലക്കാലത്ത് മാലയിടാതെ, പാടത്തിൻ കരയുള്ള
ദേവിയുടെ ക്ഷേത്രത്തിന് ഇടതുവശത്തായി നാലുകാലിൽ കെട്ടിപ്പൊക്കിയ
സ്റ്റേജിൽ, തകിലുകാരുടെയും, കൈ കൊട്ടിപ്പാട്ടുകാരുടെയും നടുവിലിരുന്ന്,
കണ്ണുമടച്ച്, വലതുകൈപ്പടം തിരിച്ചും മറിച്ചും തുടയിലടിച്ച്, താളം
പിടിച്ച്, കര... കര... കരയുന്ന മൈക്കിനു മുന്നിൽ "മലവാഴും... അയ്യനെ..."
യെന്ന് ആടിയാടി ഭജന പാടാറുള്ള കൊച്ചാശാരി.
തോളറ്റം വളർന്ന് കിടക്കുന്ന, വെളുപ്പിനിടക്ക് കുറച്ചു കറുപ്പ്
കലർന്ന എണ്ണമയമാർന്ന മുടി, രണ്ടു വശത്തേക്കും ചീകി വച്ചിരിക്കുന്നു. എന്നും
വടിച്ച് മിനുസപ്പെടുത്തിയ കവിളുകൾ... നെറ്റിയിൽ നീണ്ട ചന്ദനക്കുറി...
അതിന് നടുക്കായി സിന്ദൂരപ്പൊട്ട്... കാവിമുണ്ട്... മുട്ടറ്റം എത്തുന്ന
ജുബ്ബ...
ഇങ്ങനെയാണ് ഞങ്ങൾ എന്നും കൊച്ചാശാരിയെ കാണാറ്.
നടക്കുന്ന വഴിക്കൊക്കെ ഏതോ രാഗവും മൂളി നടക്കും. രണ്ടു കാലിനും ചെറിയൊരു വളവും കൂടിയായാൽ എല്ലാമായി...
ഇങ്ങനെയെല്ലാമുള്ള കൊച്ചാശാരിക്കാണ് ആ ഭാഗ്യമുണ്ടായത്...
ഒരു ദിവസം ഉച്ചതിരിഞ്ഞപ്പോൾ... കുട്ടന്നായരുടെ മേലേത്തൊടിക്കലെ
വീട്ടിലേക്ക് പോകുന്ന വഴി. കൊച്ചാശാരി കുഞ്ഞിക്കണ്ണന്റെ വീടിന്റെ
പടിക്കലെത്തിയപ്പോൾ, കുഞ്ഞിക്കണ്ണന്റെ വീടിന്റെ അകത്തെ മുറിയിൽ നിന്നും
ചെത്തുകാരൻ നാണു ഇറങ്ങി വരുന്നു.
'ശെടാ... നാണു എന്താ ഈ വെയിലാറിയ സമയത്ത് ഇവിടെ... അതും കുഞ്ഞിക്കണ്ണന്റെ വീടിന്റെ അകത്തൂന്ന്...'
നല്ല കടഞ്ഞെടുത്ത ശരീരം... ഉരുണ്ടു കളിക്കുന്ന മസിലുകൾ...
വിയർത്തു വരുന്ന നാണുവിന് കൊച്ചാശാരി വഴിമാറിക്കൊടുത്തു.
നല്ല കാച്ചെണ്ണയുടെ മണം... നാണിക്കുട്ടിയുടെ മണം... കൊച്ചാശാരി
നടന്നുകൊണ്ടു തന്നെ നാണിക്കുട്ടിയുടെ വീട്ടിലേക്ക് ഒന്നെത്തി നോക്കി.
ജനാലക്കൽ
നാണിക്കുട്ടി... ഒരു പാവാടമാത്രം ഉടുത്ത്... മാറ് മറച്ചിട്ടില്ല...
മാറത്തെ മുഴുപ്പ് മുഴുക്കെ കാട്ടി... അയയിൽ നിന്നും എന്തോ എടുക്കുകയാണ്.
ആലിലവയർ മുഴുക്കനെയും കാണാം...
കൊച്ചാശാരി ഒന്നുകൂടെ നോക്കി... പിന്നെ ഓടി...
ഓടിച്ചെന്നത് കുട്ടന്നായരുടെ മേലേത്തൊടിക്കലെ വീടിന്റെ പൂമുഖത്തല്ല. പാടത്തിൻകരെയുള്ള ചേടത്തിയുടെ ബാറിലേക്ക്.
ഓട്ടത്തിന്റെ
ഊക്കിൽ കൊച്ചാശാരി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. എങ്കിലും വലതു കയ്യിലെ
ചൂണ്ടുവിരലും, നടുവിരലും പൊക്കി ആംഗ്യം കാണിച്ചു. 'രണ്ട്'. കിതച്ചുകൊണ്ട്
കൊച്ചാശാരി ബഞ്ചിലിരുന്നു.
രണ്ടെന്ന് കാണിച്ചാലും ചേടത്തി ഒന്നരയേ കൊടുക്കുകയുള്ളു. അതാണ്
ചേടത്തിയുടെ നയം. അത് കൊച്ചാശാരിക്കും അറിയാം. എങ്കിലും കിട്ടിയതാകട്ടെ.
ഒന്നരയും
കുടിച്ച് കൊച്ചാശാരി കിതപ്പടക്കി. കണ്ണടച്ചിരുന്നു. കുറച്ചു നേരം
കഴിഞ്ഞ്, ആടുന്ന ബഞ്ചിൽ നിന്നും എഴുന്നേറ്റ് ആടിയാടി വീട്ടിലേക്ക്
നടന്നു.
കുട്ടന്നായരുടെ അടുത്ത് അന്ന് പോയില്ല. പിറ്റേന്നാണ് ചെന്നത്. അപ്പോഴേക്കും എല്ലാം നാട്ടിൽ പാട്ടായിരുന്നു.
ചേടത്തി
കേന്ദ്ര സർക്കാരിന്റെ നയം പോലുള്ള ഈ നയം തുടങ്ങിയത് കഴിഞ്ഞ പ്രാവശ്യം
യൗസേപ്പിതാവിന്റെ തിരുനാളിന്, പള്ളിയിൽ നിന്നും ധ്യാനഗ്രൂപ്പിന്റെ കൂടെ
പോട്ടയ്ക്ക് പോയതിൽപ്പിന്നെയാണ്. ചേട്ടനും പോയിരുന്നു.
ചേട്ടൻ പോയത്, കൂടി വരുന്ന കുടിയും, ബീഡിവലിയും നിറുത്താനാണ്.
ചേടത്തി പോയത്, ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ നടുവിന് ഒരു വെട്ടൽ.
ഇതിനൊരു സമാധാനം കാണാനും. എന്തായാലും ആ ഒരാഴ്ചക്കാലം ഞങ്ങളുടെ
ഭാഗക്കാർക്ക് വെള്ളം കിട്ടിയില്ല. അതിനായി ഇരുപത് രൂപ മുടക്കി ടൗണിൽ
പോകേണ്ടി വന്നു.
ധ്യാനം തീർന്ന ദിവസം ചേട്ടന് ആരെയും തിരിച്ചറിയാൻ വയ്യ. അച്ചൻ
മൈക്കിലൂടെ വിളിച്ചു പറഞ്ഞു. സ്ത്രീകളുടെ ഗ്രൂപ്പിലായിരുന്ന ചേടത്തി
ചെന്ന് കൂട്ടിക്കൊണ്ട് നേരെ നാട്ടിലേക്ക് പോന്നു. വന്നയുടനെ കട തുറന്ന്
നൂറെടുത്ത് ചേട്ടന് കൊടുത്തു. അത് കുടിച്ച ചേട്ടൻ ചാടിയെഴുന്നേറ്റു.
"എടീ മറിയേ, ഇതെന്റെ അവസാനത്തെ കുടിയാ, ഇനി ഞാൻ കുടിക്കുകേല."
മറിയച്ചേടത്തി കർത്താവിന് സ്തോത്രം പറഞ്ഞു.
ഏതായാലും അതൂടെ ഇനി വിക്കാല്ലോ... "ദൈവമേ സ്തോത്രം... ദൈവമേ നന്ദി..."
സത്യം പറയാല്ലോ, ചേടത്തിയുടെ നടുവിന് വേദനയ്ക്കും സുഖം കിട്ടി.
എങ്കിലും ചേടത്തി വെള്ളം വിൽപ്പന നിർത്തിയില്ല... 'പ്രയിസ് ദ ലോർഡ്...'
പക്ഷേ
പ്രശ്നം ഞങ്ങൾ നാട്ടുകാർക്കായിരുന്നു. ഞങ്ങളുടെ ക്വോട്ടാ കുറഞ്ഞു.
വടക്കേലെ അന്ത്രുവാ പറഞ്ഞത്, ചേടത്തിക്ക് പോട്ടയിൽ നിന്നും ലഘുലേഖ
കിട്ടിയെന്ന്. ഇനി അതിൻപ്രകാരമേ വിക്കുന്നുള്ളെന്ന്.
പാടത്തിൻ കരയിൽ നിന്ന് ആളുവരുമ്പോഴെ ചേടത്തിക്കറിയാം, ആള്
എങ്ങനെയുണ്ടെന്ന്. ഒരു അഞ്ചടി ആറിഞ്ചിന് മേൽ പൊക്കവും അതിനൊത്ത
തടിയുമുള്ള ആളാണേൽ, ചോദിക്കുമ്പോഴെ ചേടത്തി നൂറ് കൊടുക്കും. ഇനിയും
ചോദിച്ചാൽ ഒരു നൂറുകൂടെ, അതിൽ കൂടുതലായാൽ ഇല്ല... ചേടത്തി പറയും...
"എന്തിനാ മോനെ തടി കേടാക്കുന്നത്... ഇപ്പോൾ തന്നെ കൂടുതലാ... ഇനി ചോദിക്കരുത്... ചേടത്തി തരില്ല..."
വന്നയാൾ മറുത്തൊന്നും പറയാതെ, കാശുകൊടുത്ത്, വരമ്പിലൂടെ സൂക്ഷിച്ച് നടന്ന് പാടത്തിൻ കരയിലേക്ക് കയറും.
ഇതാണ് ചേടത്തിയുടെ നയം...
കൊച്ചാശ്ശാരിക്ക് ഒന്നര,
വടക്കേലെ അന്ത്രുവിനും എനിക്കും രണ്ട്. ക്ഷേത്രത്തിനടുത്ത് ചായക്കട
നടത്തുന്ന നായർക്ക് ഒന്ന്, ഞങ്ങളുടെ ഭാഗത്ത് പാടത്തും പറമ്പിലും
പണിയെടുത്ത്, മുഴുവൻ നേരവും മുറുക്കി നടക്കുന്ന നാണിത്തള്ളയ്ക്ക്
മുക്കാല്, പിന്നെ വരുന്നവർക്ക് ഏനംപോലെ.
ഇതാണ് ചേടത്തിയുടെ കണക്ക്. ഇതു തന്നെ ഒരു പുണ്യ പ്രവൃത്തി ചെയ്യുന്നു എന്നപോലെയാണ് ചേടത്തിയുടെ ഭാവം.
കാര്യം
ഇതൊക്കെയാണേലും, വല്ലപ്പോഴും വരാറുള്ള കുട്ടന്നായർക്ക് ചോദിക്കുന്നപോലെ
കൊടുക്കും. ലഘുലേഖയുടെ ഏതു ഖണ്ഡികപ്രകാരമാണ് ചേടത്തി ഇതു
ചെയ്യുന്നതെന്നാണ് ഞങ്ങൾക്കറിഞ്ഞുകൂടാത്തത്.
ഇങ്ങനെ ഓരോ കാര്യവും ആലോചിച്ചോണ്ട് നിന്നാലെ, സമയം അങ്ങ് പോകും.
സമയവും, പിന്നെ വേറെ ഏതാണ്ടും പിടിച്ചാൽ കിട്ടല്ലെന്നാ... ഏതായാലും ഇന്ന്
വെറുതെ കിട്ടിയതാ രൂഭാ അറുന്നൂറ്, എന്തേലും ചെയ്യണം.
വീട്ടിൽ
പറയാതെ നേരെ ചേടത്തിയുടെ ബാറിലേക്ക് നടന്നു. കടയുടെ മുമ്പിലെത്തിയപ്പോഴെ
കണ്ടു, ഞങ്ങളുടെ റബ്ബർ തോട്ടത്തിന്റെ വടക്കെ അതിരിലെ പറമ്പിൽ കൂര
കെട്ടിത്താമസിക്കുന്ന കണിയാൻ ഗോവന്ദൻ. പുള്ളി ഒന്ന് വിസ്തരിച്ച്
മുറുക്കാൻ വട്ടം കൂട്ടുകയാണ്. ഇതിയാന്റെ മുറുക്ക് ഒന്ന് വേറെയാണ്.
കൊറെസമയം എടുക്കും. ഗോവിന്ദൻ പോകാതെ അങ്ങോട്ടു തല കാണിക്കാനും പറ്റില്ല.
ചെല്ലത്തിൽ നിന്ന് നല്ല മുഴുത്ത തളിർവെറ്റില നോക്കിയെടുത്തു ഗോവിന്ദൻ.
"എന്താ ചേടത്തീ, വെറ്റക്കൊന്നും ഒരു സുന്തില്ലാത്തെ?"
"എന്റെ
ഗോവിന്ദാ, ഒന്നും പറയേണ്ട... നല്ല വെറ്റ ഇപ്പം കിട്ടാനുണ്ടോ? ഇപ്പം ഇതേ
വരവുള്ളു അതും പാണ്ടീന്ന്, അല്ലേലും നമ്മുടെ നാട്ടിൽ വെറ്റ കുറവല്ലേ...?"
"ഓ... മുടിയാനായിട്ട്... ഇനി വെറ്റപുരാണമാണെന്ന് തോന്നുന്നു. ഇയാക്ക് മുറുക്കീട്ട് പോയാപ്പോരെ..."
ഗോവിന്ദൻ
സൂക്ഷിച്ച് ഞെട്ടുമാത്രം ഒടിച്ചുകളഞ്ഞ് വാലറ്റം മുറിച്ച് നെറ്റിയുടെ
വലതുഭാഗത്ത് പറ്റിച്ചുവച്ചു. താളത്തിൽ തലയാട്ടിക്കൊണ്ട് വെറ്റഞ്ഞരമ്പ്
മാന്തിക്കളഞ്ഞു. ചുണ്ണാമ്പു പാത്രത്തിൽ കിടന്ന തോണ്ടിയെടുത്ത്,
ചൂണ്ടുവിരലിൽ ചുണ്ണാമ്പ് കുറെ തോണ്ടിയെടുത്തു.
"എന്തായിത്... ചുണ്ണാമ്പു പാത്രത്തിലും വരൾച്ചയോ...? കുറച്ചു വെള്ളം കൂടെയൊഴിക്ക് ചേട്ടത്തീ..."
ചേടത്തി
അടക്കയും, പുകയിലയും കഷ്ണങ്ങളാക്കി മാറ്റിവച്ചു. ചുണ്ണാമ്പു പാത്രത്തിൽ
കുറച്ച് വെള്ളം കൂടെയൊഴിച്ച് തോണ്ടിയെടുത്തു നന്നായി ഇളക്കി.
"ഗോവിന്ദാ, എല്ലാം ഇവിടെയിരിപ്പുണ്ട്. ആവശ്യം പോലെയെടുക്ക്... ഞാനിതാ വരുന്നു." ചേടത്തി വെളിയിലേക്കിറങ്ങി.
"അയ്യോ...!!! ചേടത്തി നല്ലനേരം നോക്കി പോകുകയാണോ...? ഇതെന്തൊരു ചുറ്റാ ഭഗവാനേ..."
ഗോവിന്ദൻ ചൂണ്ടുവിരൽ കൊണ്ട് വെറ്റയിൽ ചുണ്ണാമ്പു തേച്ചു
പിടിപ്പിച്ചു. ബാക്കി വന്നതു തൂണിന്മേൽ തോണ്ടിവെച്ചു. വെറ്റനാലായി മടക്കി,
രണ്ട് അടക്കാക്കഷ്ണംകൂടി ചേർത്ത് ചുരുട്ടി ാ മുഴുക്കനെ പൊളിച്ച്
ഇടത്തെ അണപ്പല്ലുകൾക്കിടയിൽ വച്ചു, കണ്ണടച്ചു ചവയ്ക്കാൻ തുടങ്ങി.
രണ്ടുമൂന്നു ചവച്ചതിനുശേഷം മേശമേൽ നുറുക്കി വച്ചിരുന്ന വടക്കൻപുകയിക്കഷ്ണം
എടുത്തു വായിലിട്ടു. നാലുംകൂട്ടി നന്നായി ചവച്ചു.
"ഹാവൂ രക്ഷപെട്ടു... ചേടത്തി വരുന്നുണ്ട്..., ഇയാൾ അധികം പുരാണം പറയാതെ പോയാൽ മതിയായിരുന്നു."
"ഗോവിന്ദാ, മതിയോ? അടക്കാ ഇനിയും വേണ്ടേ?"
ഗോവിന്ദൻ ഒന്നും വേണ്ടായെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.
"എന്നാ ഞാനിറങ്ങുക.... ഇതൂടെ മറ്റേതിന്റെ കൂടെ കൂട്ടിയേരെ" വായിൽ
നിന്നും ഒന്നും കളയാതെ ഇത്രയും കൂടി പറഞ്ഞൊപ്പിച്ചു. കടവായിൽ കൂടെ ചുവന്ന
തുപ്പലൊലിപ്പിച്ചുകൊണ്ട് ഗോവിന്ദനിറങ്ങി. കടയുടെ ഇടത്തേ അരികുപറ്റി നിന്ന
ഞാൻ മുൻവശത്തേക്കു നീങ്ങി.
എന്നെ കണ്ടതെ ചേടത്തി വെളുക്കെ ചിരിച്ചു. അപ്പോളാണ് ഞാനത് ശ്രദ്ധിച്ചതു...
"എന്താ ചേടത്തീ എന്തുപറ്റി...? അണപ്പല്ലിലൊന്നുപോയല്ലോ, ചോടത്തിക്ക് പല്ല് പോകാനുള്ള പ്രായമൊന്നും ആയില്ലല്ലോ..."
ചേടത്തിക്കത് നന്നേ ബോധിച്ചു. ഒന്ന് വിസ്തരിച്ച് ചിരിച്ചു.
"ഹെന്റെ
മോനെ, ഒന്നും പറയേണ്ട... അതിയാൻ കുടിനിർത്തിയെപ്പിന്നെ എല്ലാ ആഴ്ചയിലും
കപ്പബിരിയാണിവേണം... ഇന്നലെ ഞങ്ങളൊന്നുണ്ടാക്കി, കപ്പയാണെന്നു കരുതി
കടിച്ചതു എല്ലേലാ... ഭാഗ്യത്തിന് ഒന്നേ പോയുള്ളൂ..."
ചേടത്തി വർത്തമാനം പറയുന്നതിനിടെ നൂറു റെഡിയാക്കി മുമ്പിൽ വച്ചു.
അച്ചാറ് പാത്രം മുമ്പിലേക്ക് നീക്കിവച്ചു. ഇത് എനിക്കും അന്ത്രുവിനും
മാത്രമുള്ള സ്പേഷ്യൽ ആണ്. ബാക്കിയുള്ളവർക്ക ദിനേശ് ബീഡിയോ,
മറ്റെന്തെങ്കിലുംമോ... ചിലപ്പോ ഒന്നും കാണില്ല.
ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല... ഗ്ലാസ് കാലിയാക്കി. അച്ചാറു
പാത്രത്തിൽ നിന്നും ഒരു കഷ്ണം തോണ്ടി വായിലിട്ടു. ചേടത്തി അടുത്തതും
റെഡിയാക്കി. ചേടത്തിക്കറിയാം എന്റെ രീതി. ഞാൻ അതും കാലിയാക്കി നിവർന്നു.
ചേടത്തി
ഒന്നും മിണ്ടാതെ ഗ്ലാസ് കഴുകി കമഴ്ത്തിവച്ചു. മുണ്ടിന്റെ കോന്തലയിൽ കൈ
തുടച്ച് മാറി നിന്ന് എന്നെ നോക്കി. പുള്ളിക്കാരിക്കറിയാം ഞാനിനി ഒന്നും
മിണ്ടില്ലെന്ന്...
ഒരു നൂറുകൂടെ കിട്ടായാൽ കൊള്ളാമെന്നുണ്ടായിരുന്നെനിക്ക്. ചേടത്തി തരില്ലെന്നറിയാവുന്നതുകൊണ്ട് അവിടുന്നിറങ്ങി.
നല്ല
വീതിയുള്ളമൺപാത. ഇത് പൊതുവഴിയാണെന്നുതോന്നുന്നു. നല്ല വൃത്തിയും
വെടിപ്പുമുള്ള വഴി. തുല്യ ദൂരത്തിൽ റോഡിനിരുവശത്തും വിളക്കു കാലുകൾ,
തിരിയിട്ട് എണ്ണയൊഴിച്ചു കത്തിക്കുന്നവ. തണലിനായി പടർന്നു നിൽക്കുന്ന
ആൽമരങ്ങൾ, വിശ്രമിക്കാൻ ചുവട്ടിൽ തറകെട്ടിയിരിക്കുന്നു. വേണ്ടിവന്നാൽ
ഒന്നുറങ്ങാൻകൂടി സൗകര്യമുണ്ട്.
ദൂരെയായി ഏതോ കൊട്ടാരത്തിന്റെ മകുടങ്ങൾ കാണാം. അതിനുവെളിയിലായി കോട്ടയും. ഓ... ഇത് ദില്ലി...
മാരുതിയും
സീലോയും, ഹ്യൂണ്ടായിയും, ഹോണ്ടയും തുടങ്ങി നിരവധി കാറുകൾ ഒഴുകിനടക്കുന്ന,
റിക്ഷയും, പാൻവാലയും, ഫുഡ്പാത്ത് കച്ചവടക്കാരും തിങ്ങി നിറഞ്ഞ, മോഡേൺ
കുമാരൻമാരും, കുമാരിമാരും നിറഞ്ഞ, പ്രമേഹവും, പ്രഷറും കാരണം ചീർത്ത
തടിമറയ്ക്കാനായി ഖദറിട്ട രാഷ്ട്രിയക്കാർ നിറഞ്ഞ ദില്ലിയല്ല. മോഷ്ടാക്കളും,
പിടിച്ചുപറിക്കാരും, വേശ്യകളും, രോഗികളും, ദാരിദ്രവും മൂലം നട്ടം തിരിയുന്ന
ചേരികളുള്ള, പൊണ്ണത്തടിയന്മാരായ മാർവാഡികളെക്കൊണ്ട് നിറഞ്ഞ ബസാറുകളുള്ള,
നാനാജാതി ഫാക്ടറികളിൽ നിന്നും വമിക്കുന്ന വിഷപ്പുക നിറഞ്ഞ
ന്യൂടില്ലിയുമല്ല.
അക്ബർ ചക്രവർത്തിയുടെ ദില്ലി. താൻസനും, ബീർബലുമൊക്കെ വസിക്കുന്ന പഴയ ദില്ലി.
ഓ...
ഇവിടെ കാൽനടക്കാരും കുറവാണ്... ഉള്ളവരോ... ഇളം നിറമുള്ള മുണ്ട്
ഉടുത്തിരിക്കുന്നു. അതിന്റെ രണ്ടു തുമ്പും കൂട്ടി പുറകിൽ അരയിൽ തിരുകി
വച്ചിരിക്കുന്നു. താറുപാച്ചിയതുപോലെ. മുട്ടിനു താഴെ വരെ ഇറങ്ങി
കിടക്കുന്നു. നടത്തത്തിനും തടസമാവില്ല. തോളിൽ ഒരു മുണ്ട്
പുതച്ചിരിക്കുന്നു. തലയിൽ തലപ്പാവും. അതും കട്ടികുറഞ്ഞ തുണി പിരിച്ചു
വട്ടത്തിൽ ഒതുക്കിക്കെട്ടിയത്.
കാതിൽ കടുക്കൻ, കഴുത്തിൽ രുദ്രാക്ഷച്ചരട്, കൈയിൽ മുളവടിയും.
ഇവിടുത്തെ ആൾക്കാരും രസം തന്നെ...
ഏയ്... എന്താ എല്ലാവരും എന്നെത്തന്നെ നോക്കുന്നത്... ഓ എന്റെ ഡ്രസ്സ്...
ഏയ്, കുഴപ്പമൊന്നുമില്ലല്ലോ... അവരുടേതുപോലെ തന്നെ ഞാൻ തലയിൽ തപ്പിനോക്കി... അതെ, തലപ്പാവും ഉണ്ടല്ലോ പിന്നെന്താ?
ഓ... സോറി, റോഡിനു ഒത്ത നടുക്കാ ഞാൻ നിക്കുന്നേ... റോഡിനു നടുക്ക് ഓരോന്നാലോചിച്ച് നിന്നാൽ ആരായാലും നോക്കിയെന്നിരിക്കും.
ശരി നടക്കാം.
പാടത്തിന്
കരയിൽ വന്നു ബസ് കയറുമ്പോൾ യാതൊരു നിശ്ചയവും ഇല്ലായിരുന്നു എങ്ങോട്ട്
പോകണമെന്ന് ഏതായാലും കൈയിൽ കാശുണ്ടല്ലോ പോകുകതന്നെ. ബസ്
എറണാകുളത്തിനായിരുന്നു. അതുകൊണ്ട് ഞാനും... സൗത്തിൽ വന്നു ബസ് നിന്നു.
ഞാനിറങ്ങി റെയിൽവേസ്റ്റേഷനിലേക്കു നടന്നു. കണ്ണിൽ കണ്ട ട്രെയിനിൽ കയറി
ഇരുന്നു. അത് താമസിച്ചു വന്ന കേരളയാണെന്നും പഴയ ദില്ലിയിലേക്കാണെന്നും
സത്യമായിട്ടും പിറ്റേന്നാണറിഞ്ഞത്.
എങ്കിൽ ദില്ലികാണാം എന്നു ഞാനും കരുതി.
"അല്ലാ എന്താ
എല്ലാവരുംകൂടി ധൃതിവച്ച് നടക്കുന്നത്...?? സാബ്... സാബ്... ഒന്നു
നിക്കണേ... എന്താ എല്ലാവരും ഇത്ര തിരിക്കിട്ട്...?? വല്ല അടിയും
നടന്നോ...??
അയാൾ എന്നെനോക്കി ഉറക്കെ ചിരിച്ചു... "തിരുമനസ്സിന്റെ ഭരണത്തിൽ ദില്ലിയിൽ
അടിയോ? ഛായ്... താനെവിടുന്നാ...? ഊജ്ജയിനിയിൽ നിന്നോ അതോ കലിംഗയിൽ
നിന്നോ?"
ഞാൻ ഒന്നും മിണ്ടിയില്ല. കയ്യിലിരുന്ന വടി കക്ഷത്തിൽ പിടിച്ചു തലപ്പാവെടുത്ത് കൈയിൽ പിടിച്ചു. മറുകൈകൊണ്ട് തലചൊറിഞ്ഞു.
"എടോ... ഇന്ന് പൗർണ്ണമിയല്ലേ...? ഇന്ന് താൻസന്റെ സംഗീതസദസുണ്ട്...
എല്ലാവർക്കും പോകാം. പക്ഷേ കവാടത്തിൽ നിൽക്കുന്ന കാവൽക്കാർ മൂന്ന് ചോദ്യം
ചോദിക്കും. ഒന്നെങ്കിലും ശരിയായാൽ അകത്തുപോകാം. എന്നാൽ കച്ചേരി തീരുമ്പോൾ
സ്ഥലം വിട്ടോണം. തോഴിമാരെയും ദാസിമാരെയും നോക്കാനും വെള്ളമിറക്കാനും
പാടില്ല. മനസ്സിലായോ?"
അതുശരി, അതാണപ്പോൾ കാര്യം ഫ്രീയായിട്ട് ഒരടികാണാം എന്നു കരുത്തിയ ഞാൻ ഒരു മണ്ടൻതന്നെ... ശരി, ഒരു കൈനോക്കാം...
"എന്ത് ചോദ്യമാണാവോ? ജനറൽനോളജാണോ. ന്യൂമെറിക്കാലാണോ അതോ മെന്റൽ എബിലിറ്റിയാണോ?"
ചേദ്യം കേൾക്കാൻ അയാൾ നിന്നില്ല. ഞാൻ തലപ്പാവ് എടുത്തു തലയിൽ വച്ചു വലിച്ചു നടന്നു. എന്നെ കണ്ടതും കാവൽക്കാർ ചിരിക്കാൻതുടങ്ങി.
"എടോ, താനേതു കോത്താഴത്തുകാരനാടോ? തലപ്പാവ് നേരെ വയ്യെടോ" ഒരുത്തന്റെ ഓർഡർ.
ഞാൻ തിരിഞ്ഞിരുന്ന തലപ്പാവ് നേരേവച്ചു. ഓർഡർ ഇട്ട കാവൽക്കാരനെ
സൂക്ഷിച്ചു നോക്കി എന്തോ പരിചയം പോലെ ഓ.... പിടികിട്ടി... പബ്ലിക്
സർവ്വീസ് കമ്മീഷൻ അംഗം. ചുമ്മാതല്ല കോത്താഴം എന്നു പറഞ്ഞത്.
ആളവിടുത്തുകാരനാണെന്നു തോന്നുന്നു. എങ്കിൽ ചോദ്യവും എളുപ്പമായിരിക്കും.
(കോത്താഴത്തുകാർ പൊതുവെ മണ്ടൻമാരാണെന്ന് പറയപ്പെടുന്നു. അല്ലെങ്കിൽ
അവർ വെള്ളമില്ലാത്ത കോത്താഴത്തു നിന്ന് വെള്ളമുള്ള ഒരിടത്ത് ചെന്നപ്പോൾ
"ഈ കിണർ നമുക്കെടുത്ത് കോത്താഴത്ത് കൊണ്ടുപോകാം" എന്ന് പറയില്ലല്ലോ)
"താൻ തയ്യാറാണോ?"
"അതേ"
"ഇതേതാ ആണ്ട്?"
"2013"
"ഹാ...
ഹാ... ഹാ..." അവര് പിന്നെയും ചിരിക്കുകയാണ്. അയ്യോ!! തെറ്റുപറ്റി. ഞാൻ
നാക്കുകടിച്ചു. ഭഗവാനെ അക്ബർ ചക്രവർത്തിയുടെ സന്നിധിയിൽ വന്നിട്ട്
ഭാവികാലത്തെ ഓരാണ്ട് പറയുക... ഛെ.. കഷ്ടം.
ഇല്ല, അടുത്തത് തെറ്റിക്കില്ല.
"നമ്മുടെ മഹാമന്ത്രി"
"മൻമോഹൻസിംഗ്"
ഛെ... കഷ്ടം വീണ്ടും തെറ്റി...
നാക്കിലെന്താ ഗുളികനാണോ... ഇങ്ങനെവരാൻ....
കാവൽക്കാർ ആർത്തു ചിരിക്കുകയാണ്.
"എടോ തന്നോട് ഭാവിയല്ല ചോദിച്ചതു. വർത്തമാനം... ഭാവി ഞങ്ങൾക്കുമറിയാം. 2013-ൽ മൻമോഹൻതന്നെ..."
ഇവരും അതേ പാർട്ടിക്കാരാണെന്നു തോന്നുന്നു. ഇനി അവസാന അവസരമാണ് തെറ്റിക്കരുത്.
"നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത് ആരെ?"
ഞാൻ വളരെ ആലോചിച്ചു ഉത്തരം പറഞ്ഞു
"നമ്മുടെ പൊന്നു തിരുമനസ്സിനെ."
"ങ്‌ആ... അവസാനം നിനക്ക് നല്ല ബുദ്ധിവന്നു. അകത്തേക്കു പോകാം."
എന്നെ അകത്തേക്കു തള്ളിവിട്ടു.
കോട്ട മൈതാനത്ത് രാജസദസ്... അവിടമാകെ പുൽപ്പായ നിരത്തിയിരിക്കുന്നു.
മുൻപിൽ മന്ത്രിമാരും ഏറാൻമൂളികളും ഇരുന്നുകഴിഞ്ഞു. ഞാൻ ഒഴിഞ്ഞ ഇടം നോക്കി.
മെതിയടിവയ്ക്കാൻ പ്രത്യേക സ്ഥലം. ആരും അടിച്ചോണ്ടുപോവില്ല. ഇപ്പോഴത്തെപ്പോലെയല്ല. എല്ലാവർക്കും ആണിരോഗത്തെ പേടിയാണെന്നു തോന്നുന്നു.
തിരുമനസ്സ് ഇനിയും എത്തിയിട്ടില്ല.
പെട്ടെന്നൊരാരവം : 'മഹാരാജാ അക്ബർ ചക്രവർത്തി നീണാൾ വാഴട്ടെ' എല്ലാവരും ഏറ്റുപറഞ്ഞു. ഞാനും.
ചക്രവർത്തിയുടെ വരവായി.
മുഖത്ത്
എന്തൊരു ഗംഭീര ഭാവം... തലയെടുപ്പുള്ള ഒരു കൊമ്പനെപ്പോലെ... സ്വർണ്ണ
കുണ്ഡലങ്ങൾ, പട്ടുതലപ്പാവ്, തലപ്പാവിൽ പൊൻതൂവൽ, പട്ടുടയാടകൾ...
നടക്കുമ്പോൾ നിലത്തുവലിയാതെ പിടിക്കാൻ ദാസിമാർ.
ചക്രവർത്തി സ്വർണ്ണ സിംഹാസനത്തിൽ ഇരുന്നു. വേഞ്ചാമരം വീശാൻ ഭൂലോക
സുന്ദരിമാരായ വയറുമറയ്ക്കാത്ത ദാസിമാർ ഇരുവശത്തും നിന്നു. ഇവരുടെ സൗന്ദര്യം
കണ്ട് ഇവർ ഉർവ്വശി, മേനകമാരാണോയെന്ന് വർണ്യത്തിലാശങ്കവരികയാൽ
ഉൽപ്രേക്ഷാഖ്യായലംകൃതി... പിന്നെ എന്റെ കണ്ണിനു ഫ്രീ ഒരു ദർശനവും.
അടുത്തിരുന്ന ആൾ എന്നെത്തോണ്ടി. കണ്ണുകാണിച്ചു.
അരുത്... പാടില്ല കണ്ണടച്ചിരിക്കണം, സംഗീതം ആസ്വദിക്കാൻ. ഞാൻ അടങ്ങി.
മഹാരാജാവ് കൈപൊക്കി...
സംഗീതസദസ് ഉണർന്നു. താൻസൻ തംബുരുവിൽ വിരലോടിച്ചു. കണ്ണടച്ചു തുടങ്ങി.
അനുഭൂതിയെ ഉണർത്തുന്ന, ശരീരം കോരിത്തരിപ്പിക്കുന്ന രാഗങ്ങളുടെ പ്രവാഹമായി.
എപ്പോഴാണെന്നറിയില്ല...
വല്ലാത്തൊരു നിശബ്ദത വന്നപ്പോളാണ് ഞാൻ കണ്ണു തുറന്നത്. സംഗീതത്തിൽ
ലയിച്ചതൊന്നുമല്ലായിരുന്നു. മയങ്ങിപ്പോയി.
തിരുമനസിന് മുമ്പിൽ വേറൊരാൾ. തിരുമനസ് എന്തോക്കെയോ ആയാളോടു ചോദിക്കുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ അയാളും സദസ്സിലിരുന്നു പാടാൻ തുടങ്ങി.
എനിക്കാളെ പെട്ടന്ന് പിടികിട്ടി
ഓ...
ഇത്... അതെ... ആള് അതുതന്നെ... ബൈജുബാവ്‌ര - തന്റെ പിതാവിന്റെ മരണകാരണം
താൻസൻ ആണെന്നു ധരിച്ച് താൻസനോട് പകരം വീട്ടാനായി പാട്ട് പഠിച്ച് അലഞ്ഞു
തിരിഞ്ഞു നടന്ന ബൈജുബാവ്‌ര.
കല്ലിനേപ്പോലും കരയിപ്പിക്കുന്ന... മേഘങ്ങളെ മഴപൊഴിപ്പിക്കുന്ന സംഗീതവിദ്വാൻ
ശരി, കച്ചേരി നടക്കട്ട്... ഞാൻ കണ്ണടച്ചിരുന്ന് തലയാട്ടി...
എല്ലാം തീർന്നപ്പോൾ തിരുമനസിന്റെ പ്രഭാഷണം. ആ സമയത്ത് മെതിയടി എടുക്കാതെ ഞാൻ മുങ്ങി. പുറത്തേക്കല്ല. അകത്തേക്ക്...
അകത്ത്... വിശാലമായ തളത്തിൻമുകളിലേക്കു പോകുന്ന കോണിപ്പടി കയറി
മുകളിലെത്തി. പടികളിലാകെ പട്ടു പരവതാനി വിരിച്ചിരിക്കുന്നു. മുകളിലത്തെ
ഹാളിൽ മങ്ങിയവെളിച്ചം. ഞാൻ വലത്തേക്കു തിരിഞ്ഞു.
ൻഘേ... ആരാ
ഇത്? ആ സുവർണ്ണസിംഹാനത്തിലിരുന്ന് കൊത്തുപണിചെയ്ത കിളിവാതിലിലൂടെ
താഴേക്ക് നോക്കിയിരിക്കുന്നത്? റാണി ആണെന്ന് തോന്നുന്നു. തോഴിമാരില്ലാതെ
തനിയെ. ഇതെത്രമത്തെ ആയിരിക്കും? മുപ്പതുപേരിൽ ഏതെങ്കിലും ഒന്ന്.
എന്തായാലും ഭാഗ്യം... എന്നെക്കണ്ടില്ല.
ഞാൻ ഇടതുവശത്തെ കിളിവാതിലിന്റെ അരികിലേക്കു നീങ്ങി, താഴേക്ക്, സദസിലേക്കു നോക്കി. ഒരു ഓപ്പൺഎയർ സദസ് നിലാവിൽ മുങ്ങിക്കുളിച്ച്.
അല്ല
ആരാ അത്... ചക്രവർത്തിയുടെ മുമ്പിൽ ഓരാൾ താണുവണങ്ങുന്നു. പിന്നെ തിരിഞ്ഞു
സദസിനെയും... അയാളെ എവിടെയോ കണ്ട ഓർമ്മ... എവിടെയാണ്...?
നീണ്ട മീശ, മീശയുടെ ഒരറ്റം മുകളിലേക്കും മറ്റെയറ്റം താഴേക്കും വളച്ചു വച്ചിരിക്കുന്നു.
ഓ... ബീർബൽ... ചക്രവർത്തിയുടെ ബുദ്ധിമാനായ അനുചരൻ...
സദസാകെ ചിരിയിലമർന്നു. ചക്രവർത്തി കൈപൊക്കി. സദസ് ശാന്തമായി...
"അടുത്ത പൗർണമിക്ക് ബിർബലിന്റെ മിമിക്സ്പരേഡ്" അദ്ദേഹം വിളംബരം ചെയ്തു.
ശബ്ദമുണ്ടാക്കാതെ സദസ് പിരിഞ്ഞു. റാണി എഴുന്നേറ്റു.
ഞാൻ കൊത്തുപണിചെയ്ത തൂണിന്റെ മറവിലേക്ക് ഒതുങ്ങിനിന്നു. ചുറ്റും ഒന്നു നോക്കുക പോലും ചെയ്യാതെ റാണി എഴുന്നേറ്റ് അകത്തേക്കു നടന്നു.
പടികളിൽ പാദപതന ശബ്ദം. തിരുമനസായിരിക്കും. ഞാൻ ഒന്നുകൂടി ഒതുങ്ങിനിന്നു. പതുങ്ങിനിന്നു എന്നു പറയുന്നതാവും ശരി.
പടികയറി എത്തിയ അദ്ദേഹം നേരെ ഇടതുവശത്തേക്കു നടന്നു. മങ്ങിയ വെളിച്ചം നിറഞ്ഞ ഇടനാഴിയിലൂടെ...
കതകു തുറന്നടയുന്ന ശബ്ദം.
അങ്ങോട്ട് പോയാലോ...? അവിടാണേൽ
കാവൽക്കാരും ഇല്ല. വേണ്ട... കുറച്ചുകഴിയട്ടെ. അൽപസമയം കഴിഞ്ഞപ്പോൾ
തിരുമനസ്സ് തിരിച്ചുവരുന്നു. അവിടമാകെ നല്ല സുഗന്ധം. ഞങ്ങളുടെ നാട്ടിലെ
ഗൾഫുകാരൻ തോമസ് അടുത്തുവരുമ്പോഴും ഇതേ സുഗന്ധമാണ്.
തിരുമനസ്സ് റാണി പോയ വഴിയെ അകത്തേക്കു നടന്നു.
ഞാൻ തൂണിനുമറവിൽനിന്നിറങ്ങി. ഇടതുവശത്തെ ഇടനാഴിയിലേക്കു നടന്നു.
ചാരിയിരുന്ന കതക് മെല്ലെത്തള്ളി. അൽപം പോലും ശബ്ദം ഉണ്ടാക്കാതെ കതകുതുറന്നു.
അരേ വാഹ്...
എന്താ ഞാൻ കാണുന്നത്... മുനിഞ്ഞു കത്തുന്ന എണ്ണവിളക്കിന്റെ
പ്രകാശത്തിൽ മുറിവെട്ടിത്തിളങ്ങുന്നു. സ്വർണ്ണം പൂശിയ ഇരിപ്പിടങ്ങൾ...
സ്വർണ്ണത്തളികകൾ. ഒക്കെയിലും പലവിധ സുഗന്ധദ്രവ്യങ്ങൽ
നിറച്ചുവച്ചിരിക്കുന്നു. മുറിയാകെ സുഗന്ധമയം. തിരുമനസ്
നടന്നുപോയപ്പോഴുണ്ടായ അതേ സുഗന്ധം.
സിരകളെയാകെ ഉണർത്തുന്ന ഒരനുഭൂതി. ഭിത്തിയിൽ അറകൾ ഒക്കെയിലും പട്ടുടയാടകൾ. തിരുമനസ്സിന്റെ ഡ്രസ്സിംഗ് ർറൂം...
മുറിയുടെ ഇടതുവശത്തു നിന്നും താഴെക്ക് കൽപടവുകൾ
അതെത്തുന്നത് യമുനാനദിയുടെ ഇളം തണുപ്പുള്ള വെള്ളത്തിൽ
എങ്ങനെയമുനാനദി കൊട്ടാരത്തിൽ...? എനിക്കത്ഭുതമായി.
എവിടെനിന്നുവരുന്നു...? എങ്ങോട്ടുപോകുന്നു...? ആവോ... പക്ഷെ യമുനാനദി എപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ഞാൻ തലപ്പാവും വടിയും പടിയിൽ വച്ചു. യമുനയിലെ നദിയിൽ മുഖം കഴുകി വീണ്ടും തലപ്പാവ് ധരിച്ചു. ഇത്തവണ നേരെ ഞാൻ കൽപടവ് കയറി.
മുറിക്കു വലതുവശത്ത് ഒരു വാതിൽ.
അവിടെനിന്ന് വെള്ളം ഒഴുകുന്ന ശബ്ദം... ഞാൻ വാതിലിലൂടെ അകത്തേക്കു കടന്നു.
എനിക്കു ചിരിവന്നു. ചക്രവർത്തിയുടെ ടോയ്‌ലെറ്റ്.
രണ്ടു
സ്വർണ്ണപടികൾ അതിനിടയിൽ ശൂന്യത. പടികളിലും പട്ടുവിരിച്ചരിക്കുന്നു. ഞാൻ
വലതുകാലുയർത്തി ഒന്നിൽ ചവിട്ടി. നല്ല പതുപതുപ്പ്. സ്പോഞ്ച് പോലെ.
പടികൾക്കിടയിലൂടെ യമുന ഒഴുകുന്നു. എന്തെളുപ്പം.
മുറിയുടെ
പുറകിൽ നിന്നും വീണ്ടും നാല് പടികൾ താഴേക്ക്. നീരാട്ട് കഴിഞ്ഞെത്തുന്ന
വെള്ളം ഇതിലെ പോകുന്നു. ഒരു പടിയിൽ സ്വർണ്ണത്തളിക. ഏതോ പേരറിയാത്ത
സുഗന്ധദ്രവ്യം നിറച്ചുവച്ചിരിക്കുന്നു. ശുചീകരണത്തിന്,
എല്ലാസൗകര്യവുമായി.
ഞാൻ തിരിച്ചു നടന്നു മുറിയുടെ വെളിയിലേക്കിറങ്ങി.
കവാടത്തിനടുത്ത് ഒരു മൺപാത്രത്തിൽ എന്തോ വച്ചിരിക്കുന്നു. മുകളിൽ ചാരം മൂടിക്കിടക്കുന്നു. ഞാൻ കുനിഞ്ഞു നോക്കി.
ഓ... കുന്തിരിക്കം.
അല്ലേൽ
അതുപോലെ എന്തോ ഒന്ന്. കത്തുമ്പോൾ സുഗന്ധം വമിക്കുന്ന പുകവരും.
തിരുമനസ്സ് കിടക്കുന്നതിനുമുമ്പായി പട്ടുടയാടകൾ ഉയർത്തി ഈ പുകകൊള്ളും
സർവ്വം സുഗന്ധമയം.
'പട്... പട്... പട്...'
എന്തോ ശബ്ദം. ഞാൻ ചെവിയോർത്തു... ആരോ തളത്തിൽ നിന്നും കോണിപ്പടി കയറിവരുന്ന ശബ്ദം. അതും ഇവിടെ ഈ മുറിക്കകത്തുകേക്കാം!!!
ഞാൻ
പതുക്കെ വെളിയിലേക്കിറങ്ങി. കതകുചാരി, ഇടനാഴിയിലൂടെ പഴയ തൂണിന്റെ
മറവിലേക്ക്. ഇപ്പോൾ സമയം എന്തായിക്കാണും. ഒരുമണി അല്ലേൽ രണ്ടര. ഛെ,
രാത്രിയുടെ ഒന്നാം യാമം അല്ലെൽ രണ്ടാംയാമം. അങ്ങനെപറ.
പടികടന്ന് ഒരു സെക്യൂരിറ്റി അകത്തേക്ക്.
ഇനി പോകാം... ഞാൻ കോണിപ്പടിയിറങ്ങി. തളത്തിലേക്ക്. അവിടെനിന്ന് വെളിയിലേക്ക്.
ശൂന്യമായ സദസ്. എന്റെ മെതിയടി അവിടത്തന്നെയുണ്ട്. ആരുമെടുത്തുകൊണ്ടുപോയില്ല. ഞാനത് ധരിച്ച് കോട്ടവാതിൽക്കലേക്ക് നടന്നു.
കാവൽക്കാർ എന്നെക്കണ്ട് താണുവണങ്ങി.
ങേ, എന്തൊരുത്ഭുതം... ഒരു കോന്തനായ എന്നെക്കണ്ടിവർ വണങ്ങുന്നോ...!!!
ഞാൻ തലപ്പാവ് കൈയിലെടുത്തുനോക്കി.
താൻസന്റെ
തലയിലുണ്ടായിരുന്ന പൊൻതൂവൽ പതിപ്പിച്ച അതേ തലപ്പാവ്. സംഗീതവുമായി
കുലബന്ധം പോലുമില്ലാത്ത ഞാൻ താൻസനായി മാറിയിരിക്കുന്നു...!!!
ഞാൻ കൂളായി വെളിയിലേക്കു നടന്നു.
പാടത്തിൻ കരയിൽ വന്ന്
ബസ്സിറങ്ങി നടക്കുമ്പോഴും വല്ലാത്ത അഹങ്കാരമായിരുന്നു മനസ്സ് നിറയെ.
ചരിത്രഗവേഷകർപോലും ശ്രദ്ധിക്കാതെപോയ അക്ബർചക്രവർത്തിയുടെ
ബാത്ത്‌ർറൂമിനെക്കുറിച്ച് എനിക്കറിയാമല്ലോ എന്ന ഭാവമായിരുന്നു ഉള്ളിൽ
നിറഞ്ഞു നിന്നത്.
ദൂരെനിന്നേ അന്ത്രുവിന്റെ ശബ്ദം കേൾക്കാം... ചേടത്തിയുടെ ബാറിൽ നിന്ന്. അവനെന്നും അങ്ങനാണ്. നൂറുകഴിച്ചാൽ ബഹളം തുടങ്ങും.
എന്തായാലും ഒരു നൂറുകൂടെകഴിക്കണം. ഇന്ന് കഴിച്ചതിന്റെ കാറ്റ്പോയി.
ഞാൻ ചേടത്തിയുടെ ബാറിലേക്ക് വലിച്ചുനടന്നു.