22 Apr 2015

malayalasameeksha april 15- may 2015

ഉള്ളടക്കം

ലേഖനം
കടുംപിടുത്തങ്ങൾ കൈയൊഴിച്ചില്ലെങ്കിൽ...
സി.രാധാകൃഷ്ണൻ 

ചന്തയും മനുഷ്യനും
എം.തോമസ് മാത്യു 

പുഴകൾ മലകൾ പൂവനങ്ങൾ
സിപ്പി പള്ളിപ്പുറം  

ഒടുവിൽ ടോമസ് ട്രാൻസ്ട്രോമർ വിട പറഞ്ഞു
സലോമി ജോൺ വൽസൻ 

അവൾ ഒരു പദാർത്ഥമല്ല
ഡോ.മ്യൂസ്‌ മേരി ജോർജ്‌ 

നിശ്ശബ്ദം: കാവ്യാത്മകതയുടെ ആണെഴുത്ത്‌
ചെമ്പഴന്തി ഡി.ദേവരാജൻ

വിജയരഹസ്യങ്ങൾ
ജോൺ മുഴുത്തേറ്റ്‌

ആദിമചിന്തയുടെ പുരാവൃത്തങ്ങൾ
മേലേതിൽ സേതുമാധവൻ                                            
കൃഷി
നമുക്കു വളരാം, നാളികേര ടെക്നോളജി മിഷനിലൂടെ
ടി.കെ.ജോസ് ഐ എ എസ് 

 കേരസംസ്ക്കരണ മേഖലയ്ക്കു ശക്തി പകരാൻ നാളികേര ടെക്നോളജി മിഷൻ
ആർ. ജ്ഞാനദേവൻ

ചിരട്ടയിൽ നിന്ന്‌ ഉത്തേജിത കരി
രോഹിണി പെരുമാൾ

ഈസ്റ്റ്‌ ഗോദാവരിയിലെ ഉണ്ടക്കൊപ്ര നിർമാണ യൂണിറ്റുകൾ
ആർ.ജയനാഥ്‌


കവിത
യാത്ര
ചവറ കെ.എസ്‌.പിള്ള 
The Celestial Breath 
Dr.K.G.Balakrishnan 
ഒരു അമേരിക്കന്‍ പുതുവര്‍ഷ പ്രാര്‍ത്ഥന
സന്തോഷ് പാലാ
മാലാഖ
ഇന്ദിരാബാലൻ
ജെസിബി മണ്ണുമാറ്റുമ്പോൾമഞ്ഞപ്ര ഉണ്ണികൃഷ്ണൻ
കട(ത്തു)കാക്കുന്നവൻ
ദയ പച്ചാളം 

അഹല്യ
രാധാമണി പരമേശ്വരൻ

തിരിച്ചറിവുകൾക്കപ്പുറം
ദിപു ശശി തത്തപ്പിള്ളി

LIFE OF AN EXPATRIATE
Salomi john valsen   

കല്ലടുപ്പ്‌
സക്കീർഹുസൈൻ
രക്താങ്കിതം..
അൻവർഷാ ഉമയനല്ലൂർ

കത്തുകൾ
സത്താർ ആദൂര്‌ 

മൂന്നു രംഗങ്ങൾ
ജയശങ്കർ.എ.എസ്‌
തയ്യൽക്കാരൻ ഔസേഫ്
എം.കെ.ഹരികുമാർ

കഥ
മാറാടൽ
സണ്ണി തായങ്കരി

ഒരു സ്പർശത്തിന്നായി
സുനിൽ എം എസ്

ചാഞ്ഞു പെയ്യുന്ന മഴ
ദിപുശശി തത്തപ്പിള്ളി
അറിയിപ്പ്:ശ്രീനാരായണായ(നോവൽ)



കടുംപിടുത്തങ്ങൾ കൈയൊഴിച്ചില്ലെങ്കിൽ...


സി.രാധാകൃഷ്ണൻ
    ഒരിടത്തും സ്ഥിരമായി തങ്ങാത്ത ഒരു നമ്പൂതിരി എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ നാട്ടിൽ വരാറുണ്ടായിരുന്നു. വൈദ്യം മുതൽ ജ്യോതിഷം വരെ എല്ലാ വിഷയങ്ങളിലും മഹാജ്ഞാനി. എപ്പോഴും തന്നോടുതന്നെ എന്നപോലെ ശ്ലോകങ്ങൾ ഉരുവിട്ടുനടക്കുന്നതിനാൽ ആളുകൾ 'നൊസ്സൻ' എന്നുവിളിച്ചിരുന്നു. എന്നുവച്ചാൽ 'കിറുക്കൻ'.
    തനിക്കു സ്വന്തമായി ആകെ ഉണ്ടായിരുന്ന അരയേക്കർ ഭൂമി ഒരാൾക്കു വിൽക്കാൻ കരാറെഴുതി ഇദ്ദേഹം 'അച്ചാരം'വാങ്ങി. അപ്പോഴാണ്‌ മറ്റൊരാൾ ചെന്നുപറഞ്ഞത്‌, തിരുമേനീ, കഷ്ടമായി, ഞാനതിന്‌ ഇരട്ടി വില തരുമായിരുന്നു.
    'അതിനെന്താ വൈഷമ്യം!' എന്ന്‌ തിരുമേനി ഇയാൾക്ക്‌ മുഴുവൻ തുകയും വാങ്ങി ഭൂമി രജിസ്റ്റർ ചെയ്തുകൊടുത്തു. ഈ തുകയും വാങ്ങി ഭൂമി രജിസ്റ്റർ ചെയ്തുകൊടുത്തു. ഈ തുകയും പഴയ അച്ചാരവുമൊക്കെ ഉടനെ ഗുരുവായൂരപ്പന്‌ കാണിക്കയായി കൊണ്ടുക്കൊടുക്കുകയും ചെയ്തു.
    പക്ഷെ, ആദ്യ ഇടപാടുകാരൻ തിരുമേനിക്കെതിരെ വിശ്വാസവഞ്ചനയ്ക്ക്‌ കേസുകൊടുത്തു. 'പ്രതി'യുടെ നിഷ്കളങ്കത അറിയാവുന്ന നാട്ടുകാർ പിരിവെടുത്ത്‌ ഒരു വക്കീലിനെ വച്ചു. ആ വക്കീൽ തിരുമേനിയെ കേസു പഠിപ്പിച്ചു.
    വിചിത്രമായിരുന്നു ആ വിചാരണ. വാദിഭാഗം വക്കീൽ തിരുമേനി എഴുതിക്കൊടുത്ത കരാർ കാണിച്ച്‌, തിരുമേനിയോട്‌ ചോദിച്ചു: 'ഈ ഒപ്പ്‌ നിങ്ങളുടെ അല്ലേ?'
    ' എന്നു ചോദിച്ചാൽ അതെ. പക്ഷെ', അദ്ദേഹം മറുപടി പറഞ്ഞു, ' എന്റെ വക്കീലിന്റെ ഉപദേശപ്രകാരം, ആ ഒപ്പ്‌ എന്റെ അല്ല!'
    ഹൃദയാലുവായ മജിസ്ട്രേറ്റ്‌ ഇരുകക്ഷികളുടെയും അഭിഭാഷകരെ ചേംബറിൽ വിളിച്ച്‌ ചോദിച്ചു: 'ഇത്ര നല്ല ഒരു മനുഷ്യനെതിരെ ഒരു ക്രിമിനൽക്കേസോ! അത്‌ കോടതിക്ക്‌ പുറത്ത്‌ പറഞ്ഞു തീർക്കുന്നതല്ലേ ചിതം?'
    'ഈ തിരുമേനി കോടതിയെ അറിയിച്ചതു നേരോ നുണയോ? അതോ നേരും നുണയും ഒന്നാകുന്ന അപൂർവ്വതയോ?
    നേരുപറയുന്നതാണ്‌ നല്ലത്‌ എന്നത്‌ നേരുതന്നെ. പക്ഷെ കള്ളം ഒരിക്കലും പറയാതിരിക്കാൻ മനുഷ്യനു കഴിയുമോ? ഒരു നല്ല കാര്യം നടക്കാൻ ഒരു കള്ളം പറയണമെങ്കിലോ? നേരു പറയുന്നത്‌ മനസ്സാക്ഷിക്കു നിരക്കാതെ വന്നാലോ?
    ശാഠ്യമല്ല സന്മനസ്സാണ്‌ കാര്യം എന്നു കരുതാനാണ്‌ വ്യാസമഹാമുനി നിർദ്ദേശിക്കുന്നത്‌. 'അശ്വത്ഥാമാവ്‌' എന്ന ആന മരിച്ചു എന്ന്‌ ധർമ്മപുത്രർ പറയുന്നത്‌ സത്യം. എന്നാൽ 'എന്ന ആന' എന്ന്‌ അദ്ദേഹം പറയുന്നത്‌ പുറമെ ആരും കേൾക്കാതെയാണ്‌-പ്രത്യേകിച്ചും ആര്‌ കേൾക്കാനാണോ ഈ വാചകം പറഞ്ഞത്‌ അയാളുടെ ചെവിയിൽ ഒരിക്കലും വീഴാത്തത്ര പതുക്കെ. സത്യമായും അപ്പോൾ തെറ്റുകൾ രണ്ടായി! ഒന്ന്‌, കള്ളം പറഞ്ഞു എന്നത്‌. രണ്ട്‌, കള്ളമാണ്‌ പറയുന്നത്‌ എന്ന നേരു മറച്ചുവയ്ക്കാൻ ബോധപൂർവ്വം ശ്രമിച്ചു.
    പക്ഷെ, ആ കൃത്യനേരത്ത്‌ ആ കള്ളം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഭാരതയുദ്ധത്തിന്റെ പരിണിതി മറിച്ചാകുമായിരുന്നു!
    കർണ്ണന്റെ ശാഠ്യത്തിന്റെ കഥയും ഇതുതന്നെ. താനൊരു മഹാദാനവാൻ എന്ന അഹന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ആ 'ഇമേജ്‌' പുലർത്താൻ തന്റെ ജീവൻ വരെ പണയപ്പെടുത്താൻ റെഡി! ഇതും അനാവശ്യമായ ഒരു ശാഠ്യം തന്നെ. മറുവശത്ത്‌ ദേവന്മാരുടെ ദേവനായ ദേവേന്ദ്രൻ തന്റെ മകനുവേണ്ടി കപടവേഷധാരിയായി കർണ്ണന്റെ രക്ഷാകുണ്ഡലങ്ങൾ യാചിച്ചു വാങ്ങുന്നു. അതും അസത്യഭാവം അവലംബിച്ച്‌. യശസ്സും മായ തന്നെ എന്ന അറിവ്‌ ഇല്ലാതെ പോകുന്നതാണ്‌ ഇവിടെ പ്രശ്നം.
    ദുശ്ശാഠ്യത്തിന്റെ പരമദയനീയമായ അന്തിമപരിണതിയുടെ ഏറ്റവും നല്ല ദൃഷ്ടാന്തം മഹാവ്രതനെന്നറിയപ്പെട്ട ഭീഷ്മപിതാമഹന്റെ കഥയാണ്‌. രാജാവാകില്ല എന്ന വ്രതം അക്ഷരാർത്ഥത്തിൽ പാലിച്ച അദ്ദേഹത്തിന്‌ പതനത്തിന്‌ മൂകസാക്ഷിയാകേണ്ടിവന്നു. അവസാനം മേഘത്തിൽ നിന്ന്‌ ഇറ്റുവീഴുന്ന വെള്ളത്തുള്ളികളാൽ ദാഹം തീർത്ത്‌ ശരശയ്യയിൽ ഏറെ നാളുകൾ കഴിയുക കൂടി വേണ്ടിവന്നു. തന്റെ മൂക്കിനു താഴെ ദുര്യോധനാദികൾ എല്ലാ അക്രമങ്ങളും കാണിക്കുമ്പോഴും തന്റെ 'വ്രതത്തെ' മുറുകെ പിടിച്ച്‌ അദ്ദേഹം മൗനിയായിരുന്നു. പകരം, ആ അധികപ്രസംഗിയെ ഒരു ചെറുവിരലനക്കി അടക്കിയിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി. ചെയ്തില്ല! 'താന്താൻ നിരന്തരം ചെയ്യാത്ത കർമ്മങ്ങൾ.......'
    'ഞാൻ ഒരിക്കലും കള്ളം പറയില്ല' ഞാൻ ഒരിക്കലും ഒന്നിനെയും ഹിംസിക്കില്ല' 'ഞാൻ ഒരിക്കലും ആരിൽ നിന്നും കാലണ കടം വാങ്ങില്ല', 'ഇന്നയിന്ന ആളുകളോട്‌ ഇനി മരണം വരെ സംസാരിക്കില്ല', 'ഞാനൊരിക്കലും ഇന്നയിന്ന ഭക്ഷണം കഴിക്കില്ല' എന്നിങ്ങനെ അനേകം ശപഥങ്ങൾ പലപ്പോഴും നമ്മിൽ പലരെയും അടിമപ്പെടുത്തുകയും കഷ്ടത്തിലാക്കുകയും ചെയ്യാറുണ്ട്‌. പുലിവാലുകൾ, എല്ലാം!
    ലോകഹിതത്തിനും ചുമതലാനിർവഹണത്തിനും ഏറ്റവും ഹിതമായതെന്തോ അത്‌ ചെയ്യാൻ മടിക്കേണ്ടതില്ല എന്നുതന്നെയാണ്‌ ഗീതാമതം. അന്യഥാ ശരി എന്ന്‌ ബോധ്യമുള്ളതിൽ നിന്ന്‌ നാം വ്യതിചലിക്കുന്നത്‌ നമ്മുടെ സ്വാർത്ഥലാഭത്തിനാകരുതെന്നുമാത്
രം.
    കഥാകൃത്തായ ഞാൻ എന്റെ കർമ്മമണ്ഡലത്തെക്കുറിച്ച്‌ ചിന്തിച്ചപ്പോഴാണ്‌ ഈ വെളിപാട്‌ കിട്ടിയത്‌. ഭൂമിയിൽ ഏതെങ്കിലും ഒരു കഥ പറഞ്ഞ ആരും കള്ളമാണ്‌ പറഞ്ഞത്‌. മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കുപോയി എന്നു പറഞ്ഞ മുത്തശ്ശി മുതൽ വേദേതിഹാസപുരാണകാവ്യാദികൾ രചിച്ച എല്ലാവരും ഉൾപ്പെടെ. ചുരുക്കത്തിൽ, സത്യത്തെ അനുഭവജ്ഞാനമാക്കാൻ അതീവസുന്ദരവും ഹൃദ്യവുമായി കള്ളം പറയുന്ന ഏർപ്പാടിനെയാണ്‌ സാഹിത്യം എന്നു പറയുന്നത്‌. ഹരിച്ഛന്ദ്രന്റെ കഥപോലും പച്ചക്കള്ളം!
    ദുശ്ശാഠ്യങ്ങളും കടുംപിടുത്തങ്ങളും കൈയൊഴിച്ച്‌ നന്നായൊരു ചിരി അനുഭവിച്ചാൽ ജീവിതം ധന്യമായി. ചിരപരിണാമിയായ പ്രകൃതിയിൽ കടുംപിടുത്തങ്ങൾക്ക്‌ നിലനിൽപ്പില്ല. പിടിച്ചാൽ കിട്ടാത്ത പശുവിന്റെ കഴുത്തിലെ കയർ കൈവിടാഞ്ഞാൽ എന്തു സംഭവിക്കുമെന്നോർത്താൽ മതി, ചിരിക്കാൻ! പിന്നെ മൂക്കുംകുത്തി വീഴില്ല.

ആദിമചിന്തയുടെ പുരാവൃത്തങ്ങൾ


മേലേതിൽ സേതുമാധവൻ
    കാതോടുകാതോരം പറഞ്ഞുകേട്ട പഴങ്കഥകൾ, ചൊല്ലിക്കേട്ട പഴമ്പാട്ടുകൾ, മനസ്സിലുറഞ്ഞു പോയ വിശ്വാസസങ്കൽപങ്ങൾ, ചെയ്തു ശീലിച്ച അനുഷ്ഠാനങ്ങൾ, ജീവിതശൈലികൾ, വേരൂന്നിവളർന്ന കലാവിഷ്കാരങ്ങൾ- ഇതെല്ലാം ചേർന്ന്‌ രൂപംകൊണ്ട ബൃഹത്തായ ഒരു പാരമ്പര്യസമ്പത്ത്‌ നമുക്ക്‌ മൗലികസ്വത്തായുണ്ട്‌. മുത്തശ്ശിക്കഥകളിലും പഴഞ്ചൊല്ലുകളിലും വേദ,മതഗ്രന്ഥങ്ങളിലും, പുരാണേതിഹാസങ്ങളിലും പടർന്നു കിടക്കുന്നു. വാമൊഴിയാണവയുടെ മുഖ്യമാധ്യമം. കാരണം ലിഖിതഭാഷകൾക്കു മുമ്പേ പിറന്നവയാണിവയിലേറെയും. അവ ശാസ്ത്രീയമോ യുക്തിഭദ്രമോ ആകമണമെന്നില്ല. എന്നാൽ നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിലും നിർണ്ണയിക്കുന്നതിലുമെന്നല്ല നിയന്ത്രിക്കുന്നതിൽ പോലും വലിയൊരു പങ്കുവഹിക്കുന്നുണ്ട്‌. വ്യക്തിയുടെ ഉപബോധ മനസ്സിൽ അടിഞ്ഞുകിടക്കുന്ന ദൈവവാസനകളും ഓർമ്മകളും വികാരാഭിനിവേശങ്ങളും പോലെ, സാമൂഹികോപബോധമനസ്സിൽ പാരമ്പര്യസ്ത്രോതസ്സുകൾ മുഴുവൻ ഊറിക്കിടിക്കുന്നു. ഈ വിശാല ഭൂമികയിലെവിടെയോ ആണ്‌ മിത്തുകളുടെസ്ഥാനം.
    വിശ്വാസങ്ങൾ, ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധന, പുരാണസങ്കൽപങ്ങൾ, ഐതിഹ്യങ്ങൾ, ആഭിചാരം, മന്ത്രവാദം, ഉത്സവാഘോഷങ്ങൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, ശൈലികൾ, നാടൻവൈദ്യം തുടങ്ങി വിപുലമായ ഒരുലോകം ഉൾക്കൊള്ളുന്നതായി നിർവ്വചിക്കപ്പെടുന്ന ഫോക്ലോറിന്റെ പരിധിയിൽ മിത്തുകളും വരും. മിത്ത്‌ പ്രയോഗത്തിന്റെ ആവിർഭാവം മിത്തോസ്‌ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്‌. വാസ്തവത്തിൽ മിത്ത്‌, ഐതിഹ്യം, ഇതിഹാസം, നാടോടിക്കഥ, യക്ഷിക്കഥ,  കെട്ടുകഥ, പുരാണം, പുരാണവൃത്തം തുടങ്ങിയ പലവാക്കുകളും നിയത്തവും നികൃഷ്ടവുമായ അർത്ഥബോധത്തിന്റെ അഭാവത്തിൽ കൂടിക്കഴിയുന്നുണ്ട്‌. ഇത്‌ മലയാളഭാഷയിലെ മാത്രം പ്രശ്നമല്ല. ഇംഗ്ലീഷ്‌ മലയാളം നിഘണ്ടുവിലുള്ള അർത്ഥം പരിശോധിച്ചാൽ ആശയക്കുഴപ്പം വ്യക്തമാകും.
    പുരാണം, പുരാവൃത്തം, പുരാണകഥ, ഇതിഹാസം, പുരാവൃത്താഖ്യാനം, ഐതിഹ്യം ശുഢാർഥകഥ, പ്രതീകോപാഖ്യനം എന്നിവ മിത്തും. ഇതിഹാസം, പുരാണം, ഐതിഹ്യം, പഴങ്കഥ, അത്ഭുതാപദാനങ്ങൾ നിറഞ്ഞതും യാഥാർത്ഥ്യമല്ലാത്തതുമായ കഥകൾ ലെജെന്റും, ഐതിഹ്യമോ, കഥയോ, വീരകഥയോ, വംശാനുചരിതം, വംശകഥാപരമായ നീണ്ടനോവലുകൾ സാഗയും, വീരകൃത്യങ്ങളും, മഹാപദാനങ്ങളും പ്രതിപാദിക്കുന്ന ഇതിഹാസം, മഹാകാവ്യം എന്നിവ എപ്പിക്കും, യക്ഷിക്കഥ, നാടോടിക്കഥ, കെട്ടുകഥ എന്നിവ ഫെയറിടെയ്‌ലുമാണ്‌. മിത്തും ലെജന്റും, എപ്പിക്കുമെല്ലാം ഇതിഹാസമാണ്‌ ഈ അർത്ഥപരികൾപനയിൽ. മിത്തും ലെജന്റും സാഗയും ഐതിഹ്യമാകും. പുരാണമെന്ന അർത്ഥത്തിലും പ്രയോഗിക്കുന്നു. ഇവിടെ നിയതമായ അർത്ഥമില്ലാതാകുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്നു. പ്രപഞ്ചോൽപ്പത്തി, മനുഷ്യസൃഷ്ടി, ആത്മാവ്‌, പ്രകൃതിശക്തികളുടെ ആവിർഭാവം, മരണം തുടങ്ങി ആധുനിക മതങ്ങളുടെ പ്രതിപാദ്യ വിഷയങ്ങളിൽ പലയിടത്തും മിത്തുകളും കാണാം. ആത്മാവിന്റെ അനശ്വരതയെയും പുനർജന്മത്തെയും പരേതാത്മാക്കളുമായുള്ള സമ്പർക്ക സാധ്യതയെയും കുറിച്ചൊക്കെയുള്ള മിത്തുകൾ മരണഭയത്തെ ലഘൂകരിക്കുമെന്ന്‌ പറയപ്പെടുന്നു. മിത്തുകളുടെ യുക്തിഭദ്രതയും ആദർശാത്മകതയും നൽകി സംസ്ക്കരിച്ചെടുക്കുവാൻ സംഘടിതമതങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അവ വിശ്വാസത്തിന്റെ അരിപ്പയിൽ അരിച്ചെടുക്കുകയും പലതും തള്ളിക്കളയുകയും ചിലതൊക്കെ സ്വാംശീകരിക്കുകയുമായിരുന്നു. വിശ്വാസാനുഷ്ഠാനങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമത്തിൽ മിത്തുകൾക്ക്‌ വലിയ പങ്ക്‌ വഹിക്കാനുണ്ട്‌. മതപരമായ പലകർമ്മങ്ങളുടെയും വേരുകളന്വേഷിച്ച്‌ ചെല്ലുമ്പോൾ ചിലമിത്തുകളിലോ ഐതിഹ്യങ്ങളിലോ ചരിത്രസംഭവങ്ങളിലോ നാം തടഞ്ഞുനിൽക്കുന്നു. മിത്തുകളുടെ പ്രകാശനമായി അനുഷ്ഠാനങ്ങൾ മാറിയതാണോ കർമ്മങ്ങൾ വിശദീകരിക്കാൻ മിത്തുകളുണ്ടായതാണോ എന്ന തർക്കം നിലനിൽക്കുന്നു. പുരാവൃത്ത നിർവ്വചനത്തിന്റെ മാനദണ്ഡമായി ഇത്തരം അന്വേഷണങ്ങളെ സ്വീകരിക്കുന്നത്‌ ശരിയാവുമെന്ന്‌ തോന്നുന്നില്ല.
    പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ തിരിച്ചുവരവിനെ വിളംബരം ചെയ്യുന്ന ഓണാഘോഷം നമ്മുടേത്‌. ബാബിലോണിയക്കാരുടെ വസന്തോത്സവത്തിൽ അവരുടെ സൃഷ്ടി ദേവനായ മാർഡൂക്കുമായി ബന്ധപ്പെട്ട കഥയാണുള്ളത്‌. തിരുവത്താഴവേളയിൽ വീഞ്ഞും അപ്പവുമുയർത്തി ഇതെന്റെ ചോരയും മാംസവുമാണെന്ന്‌ ക്രിസ്തു പറഞ്ഞുവേന്ന സംഭവത്തെ ക്രിസ്ത്യാനികൾ പ്രതീകവൽക്കരിക്കുന്നു. ബലിപെരുന്നാളിൽ ലോകമെമ്പാടുമുള്ള മുസ്ലീംങ്ങൾ മൃഗബലിനടത്തുമ്പോൾ നൂറ്റാണ്ടുകൾക്കുമുമ്പ്‌ സ്വപുത്രനെ ദൈവപ്രതീക്കുവേണ്ടി കുരുതികൊടുക്കാൻ തയ്യാറായ നബിയുടെ ജീവിതം അനുസ്മരിക്കപ്പെടുന്നു. വേദഗ്രന്ഥങ്ങളിലേപ്പോലെ വാച്യാർത്ഥപ്രതീകമാണ്‌ മിത്തുകൾക്കുമുള്ളുതെന്ന്‌ ആശയം മധ്യകാലഘട്ടത്തിലാണ്‌ ശക്തമായി പ്രചരിച്ചതു. പല ലിഖിതമായ കഥകളെയും പോലെ മിത്തുകളുടെയും  കഥകൾ പ്രതീകാത്മകമാണെന്ന ധാരണ പരക്കെ ഉണ്ടായിരുന്നു. എല്ലാമിത്തുകൾക്കും പൊതുവായ ഉറവിടം കണ്ടെത്തുവാൻ നടത്തിയ ശ്രമം, ഇന്ന്‌ നിലവിലുള്ള അനുഷ്ഠാനങ്ങളുടെ വിശദീകരണമെന്ന നിലക്കാണ്‌ മിത്തുകൾ ഉടലെടുത്തതെന്ന തത്വത്തിലേക്ക്‌ നയിക്കുന്നു. നൂറ്റാണ്ടുകളിലൂടെ വാമൊഴിയായി തലമുറകളിലേക്ക്‌ പകർന്നും അർഥഭേദങ്ങളോടെ അഴിച്ചുപണിതും തുടർന്നുപോരുന്ന വിശ്വാസസങ്കൽപങ്ങളുടെ കഥകളുമാണ്‌ അവയുടെ അടിസ്ഥാനം. തനിക്കുചുറ്റുമുള്ള ലോകത്തെ അത്ഭുതത്തോടെ നോക്കിക്കണ്ട പ്രാകൃതമനുഷ്യന്റെ കേവലവികാരം പ്രതിഫലിപ്പിക്കുന്ന കെട്ടുകഥകളാണെന്നു പറഞ്ഞ്‌ പാടേ തള്ളിക്കളയാനാവില്ല. കാരണം അവയിൽ പലതും നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. അതിശയോക്തിയും അസംബന്ധശൈലിയും നിറഞ്ഞതാണെങ്കിലും അവയിൽ ആദിമചിന്തയുടെ പ്രഭവാങ്കുരങ്ങളുണ്ട്‌. മന്ത്രവാദത്തിൽ ചില ശാസ്ത്രത്തിന്റെ ആദിബീജങ്ങൾ കാണുംപോലെ, പ്രകൃതിശക്തികളെയും പ്രതിഭാസങ്ങളെയും ആരാധനയോടെ ഭീതിയോടെ നോക്കിക്കണ്ട അവൻ യുക്തിപൂർവ്വം ചിന്തിച്ചു നെയ്തെടുത്ത കഥകളാണിവയെന്ന്‌ ആരും അവകാശപ്പെടുകയില്ല. എന്നാൽ ഇവയിൽ പലതിന്റെയും പ്രതീകാത്മത, അർത്ഥബോധം കൊണ്ടല്ലെങ്കിൽ സൗന്ദര്യബോധം കൊണ്ടെങ്കിലും നമ്മെ അമ്പരപ്പിക്കുന്നുണ്ട്‌. ഒരു ലക്ഷത്തിലേറെ വർഷം മുമ്പ്‌ ജീവിച്ചിരുന്ന നിയാണ്ടർ താൻ മനുഷ്യൻ, ജഡത്തോടൊപ്പം ഭൗതികവസ്തുക്കളും സംസ്കരിച്ചിരുന്നുവേന്ന അറിവും മരണാനന്തര ജീവിതത്തെക്കുറിച്ച്‌ അവർ ചിന്തിച്ചിരുന്നുവേന്ന്‌ ഓർമ്മിപ്പിക്കുന്നു.
    പുരാണങ്ങളിലേയും വേദങ്ങളിലേയും മിത്തുകൾ അഭിജ്ഞരുടേതാണ്‌. എന്നാൽ ഗ്രാമീണ പുരാവൃത്തങ്ങൾ നിരക്ഷരരും അപരിഷ്കൃതരുമായ സാമാന്യജനത്തിന്റെ സംഭാവനകളാണ്‌. നിയതമായ സ്ഥലകാലങ്ങളില്ലാത്തത്താണ്‌ അവയുടെ ശാശ്വകമായ ആഗോളവ്യാപ്തിയിലെത്താനുള്ള കാരണവും. ബാബിലോണിയക്കാരുടെ ഇതിഹാസകഥയും പ്രവാചകമതങ്ങളിൽ പറയുന്ന പ്രളയകഥയും ഇന്ത്യാക്കാരന്റെ വൈവസ്വത മനുവിന്റെ കഥയിലും ഉള്ളതാണെന്ന്‌ സമർത്ഥിക്കപ്പെട്ടുണ്ട്‌.  ഇറാനിൽ നിന്ന്‌ ആര്യന്മാരുടെ അധിനിവേശത്തോടൊപ്പം മിത്രൻ, വരുണൻ, അഗ്നി തുടങ്ങിയ ദൈവങ്ങൾ ഇന്ത്യയിലേക്ക്‌ കടന്നതായി അഭിപ്രായപ്പെടുന്നു. സോമയാഗം വരെ അങ്ങനെ സിദ്ധിച്ചതാണ്‌. അഗ്നിപൂജ, സൂര്യപൂജ എന്നിവയുടെ വേരുകൾ ചികഞ്ഞുചെല്ലുമ്പോഴും ഈ കടംകൊള്ളൽ കണ്ടെത്താനാകും. ദൈവങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി മനുഷ്യരുടെ സാഹസികതകൾ പ്രതിപാദിക്കുന്നുവേന്നതാണ്‌ ഐതിഹ്യത്തെ മിത്തിൽ നിന്ന്‌ വ്യതിരിക്തമാക്കുന്നത്‌. ചരിത്രപരമായ സാധ്യതയില്ലാത്തതോ ഉള്ളതോ ആയ വ്യക്തികളും സംഭവങ്ങളുമായിരിക്കും ഐതിഹ്യത്തിന്റെ പ്രമേയം സംസ്കാരങ്ങളെതന്നെ മാറ്റിമറിക്കുന്നതിൽ മിത്തുകൾക്കു വലിയപങ്കുണ്ട്‌. പാശ്ചാത്യനാഗരികതയെ അടക്കിഭരിക്കുന്നത്‌ ഗ്രീക്ക്‌ മിത്തോളജിയാണെന്ന്‌ പറയുമ്പോൾ അതിശയോക്തി തോന്നുന്നില്ല. സാഹിത്യത്തിലും ചിത്രകലയിലും വാസ്തുശിൽപത്തിലും സിനിമയിലും ടെലിവിഷനിലുമെല്ലാം മിത്തുകളുടെ സ്വാധീനം പ്രകടമാകുന്നു. ലൈംഗികതയിലും ആക്രമണങ്ങളിലും നിയന്ത്രണമില്ലാത്ത ജീവിതകാമനയിലും അധിഷ്ഠിതമായ പാശ്ചാത്യസംസ്കാരത്തെ രൂപപ്പെടുത്തിയത്‌ ക്രൂരതയും പ്രതികാരവാഞ്ചയുമാണെന്ന്‌ പറയപ്പെടുമ്പോൾ അതുതള്ളിക്കളയാൻ പ്രയാസം തോന്നുന്നു.
    മിത്ത്‌ എന്ന വാക്ക്‌ വളരെയധികം തെറ്റായിവായിക്കപ്പെടുന്നു. വാസ്തവത്തിൽ അറിഞ്ഞും അറിയാതെയും നമ്മുടെ മാനസിക ലോകത്തിൽ സങ്കൽപ്പങ്ങളും മിത്തുകളും വിശ്വാസങ്ങളും അടിഞ്ഞുകിടക്കുന്നുണ്ട്‌. മിഥ്യയും യാഥാർത്ഥ്യങ്ങൾപോലും സാങ്കൽപികമായ ചില സംജ്ഞാധർമ്മങ്ങളിലൂടെയോ ആണ്‌ തിരിച്ചറിയപ്പെടുന്നതും സംവേദിക്കപ്പെടുന്നതും. ഭാഷയും മതവും കലയും ജീവിതശൈലിയുമെന്നല്ല, സംസ്കാരം നെയ്തെടുത്ത ഓരോ ഇഴയിലും ഈ അടയാളങ്ങളുടെ സാങ്കൽപിക വ്യവഹാരമുണ്ട്‌. ഉച്ചരിക്കപ്പെടുന്ന ഭാഷയിലും നാം വ്യവഹരിക്കുന്നത്‌ ആരോപിത യാഥാർത്ഥ്യവുമാണ്‌.

കത്തുകൾ



സത്താർ ആദൂര്‌

അകം പുറം
മോടിയില്ലാത്തയീവീട്ടിൽ
ഞാൻ മരിച്ചു കിടക്കുമ്പോൾ

എന്റെ
ആത്മാവിന്റെ ആയുസ്സിനെക്കുറിച്ച്പറഞ്ഞ്‌
നീയെന്തിന്‌ വേവലാതിപ്പെടണം

ഒരുമിച്ച്‌
ജീവിച്ചിട്ടും നാം പരസ്പരം
ഒന്നും ഉപേക്ഷിച്ചില്ലല്ലോ?

നീ
നീയും ഞാൻ
ഞാനുമായിതന്നെ തുടർന്നു പോന്നില്ലേ?

ഇന്നലെ
നാമൊരുമിച്ചവായിച്ചപുസ്തകത്തിലേ
തുപോലെ
തപാൽപ്പെട്ടിക്കകത്തുപെട്ട
രണ്ട്കത്തുകൾ മാത്രമായിരുന്നല്ലോ നാം
വിലാസം തെറ്റിവന്നകത്തുകൾ മാത്രം...

ഒടുവിൽ ടോമസ് ട്രാൻസ്ട്രോമർ വിട പറഞ്ഞു


സലോമി ജോൺ വൽസൻ


‘’Whatever the poets pretend, it is plain they give immortality to
none but themselves; It is Homer and Virgil we reverence and admire
not Achilles or Eneas.’’  Swift.
‘‘Poets utter great and wise things which they do not themselves
understand’’. Plato.

മൂന്നു പതിറ്റാണ്ട് രോഗവുമായി മല്ലിട്ട് ഒടുവിൽ ടോമസ് ട്രാൻസ്ട്രോമർ എന്ന
സ്വീഡിഷ് കവി ഈ ലോകത്തോട് വിട പറഞ്ഞു.  . ഇക്കഴിഞ്ഞ മാർച് ഇരുപത്താറിനു.
വിവേകിയായ മനുഷ്യൻ കൃത ഹസ്തനാണ്. ധീരനായവനെ ഏവരും ശ്ലാഘിക്കും. അക്ഷരങ്ങൾ
 കൊണ്ട് ആശയങ്ങളുടെ അപാരമായ അത്ഭുത ലോകം നമുക്ക് കാഴ്ച വെയ്ക്കുന്ന
വ്യക്തിയാകട്ടെ അനശ്വരതയുടെ ഗാഥകൾ രചിച്ചു മാനവകുലത്തിൽ
കാലാതീതനാകുന്നു.. കവിയും, കലാകാരനും സാഹിത്യകാരനും ഈ സൗഭാഗ്യം
അനുഭവിക്കുന്നു. ...മരണം അവർക്ക് നഷ്ട സ്മരണ ഒരുക്കുന്നില്ല. മറിച്ചു
ഓര്മകളുടെ പവിഴപ്പുറ്റുകൾ  സൃഷ്ടിക്കുന്നു.

യൈറ്റ്സ് , എലിയറ്റ് തുടങ്ങിയ വിശ്വ കവികൾക്ക് സമാനൻ എന്ന് പാശ്ചാത്യ
നിരൂപകർ വിലയിരുത്തിയ ട്രാൻസ്ട്രോമർ 2011 ഇൽ സാഹിത്യത്തിനുള്ള നൊബേൽ
സമ്മാനത്തിനു അർഹനായപ്പോൾ  അദ്ദേഹത്തെ  അംഗീകരിക്കാൻ യുറോപ്യൻ നിരൂപകരിൽ
പലരും മടിച്ചു. സ്കാന്ടിനെവ്യൻ കവികളോട്  യു . കെയിലും വലിയ
മതിപ്പുണ്ടായിരുന്നില്ല. ടോമസ് ട്രൻസ്ട്രോമർ എന്ന കവിയും ഇതിനു
അതീതനായില്ല……
അസ്തിത്വ സമസ്യകൾ  ഏതൊരു  കവിയും തന്റെ രചനയുടെ മെറ്റീരിയൽ ആയി
സ്വാംശീകരിക്കുന്നു. പ്രകൃതിയും മാനവീകതയും എല്ലാം തന്റെ സർഗ രചനയിൽ ജീവൻ
പ്രാപിച്ചു കൊണ്ട് കവിയുടെ ജീവിതത്തിൽ അതി സുന്ദരങ്ങളായ കോട്ടകൾ
പണിയുകയാണ്. അവിടെ അയാൾ താനറിയാത്ത ഒരു അപര വ്യക്തിത്വം
സ്വാംശീകരിക്കുന്നു.
 അൻപത്തി ഒൻപതാം വയസ്സിൽ പൂർണ ആരോഗ്യവാനായിരിക്കെ പക്ഷാഘാതത്തിൽ
ശരീരത്തിൻറെ താളം തെറ്റി. വലതു ഭാഗം തളർന്നു. ഹൃദയം പറഞ്ഞത് പകർത്താൻ
തളർന്നു പോയ കൈകൾക്കാവതില്ലാതായി.
ടോമസിനു ജീവിതം നൽകിയ താളപ്പിഴ താങ്ങാനായത് ഒരുപക്ഷെ അദ്ദേഹത്തിലെ
മനശാസ്ത്രകാരൻ  ഉണര്ന്നു  പ്രവര്ത്തിച്ചത്കൊണ്ടായി രിക്കണം.

ഐറിഷ് സറ്റയറിസ്റ്റ് സ്വിഫ്റ്റ് [ 1667-1745 ] ഒരുപക്ഷെ കവികളെ
വിലയിരുത്തിയത് എക്കാലത്തും പ്രസക്തമാണ്. ഒരു മനുഷ്യന് താൻ
പറയേണ്ടതിനപ്പുറം എന്തൊക്കെയോ പ്രാപഞ്ചിക ജീവിതത്തിലുണ്ട് എന്ന സത്യം
വിടാതെ ശ്വാസം മുട്ടിക്കുമ്പോഴാണ് അയാൾ രചനാ വഴികളിലേക്ക് കടന്നു
ചെല്ലുന്നത്. . മനശാസ്ത്രത്തിൽ അവഗാഹം നേടണമെന്ന് മോഹിച്ച ചെറുപ്പക്കാരൻ.
പഠിച്ചിരുന്ന കാലത്ത് തന്നെ കവിതയിലും ഭ്രമിച്ചു. ഇരുപതാം
വയസ്സിലെത്തിയപ്പോഴേക്കും ആദ്യത്തെ കവിതാ സമാഹാരം പുറത്തു വന്നു.
തുടർന്നിങ്ങോട്ടുള്ള കാലം കവിതയും ട്രാൻസ്ട്രോമറും ഒന്നായി തീർന്നു.
ഒന്നും  രണ്ടും വര്ഷമല്ല, നീണ്ട മുപ്പതു വര്ഷം……. രോഗ പീഡകളോട്
മല്ലിട്ടുകൊണ്ടുള്ള കാവ്യ  ജീവിതം കൈ പിടിച്ചു കൊണ്ടുപോയത് അനശ്വരതയുടെ
സോപാനത്തിലേക്കായിരുന്നു.

തോമസ് ട്രാൻസ്ട്രോമർ

ഹൃദയം പണിതുയർത്തുന്ന സര്ഗ ഗോപുരങ്ങളെ നിലം പരിശാക്കാൻ അനാരോഗ്യം കൊണ്ട്
തകര്ന്നു പോയ ശരീരത്തിനു സാധ്യമല്ലെന്ന് കാഫ്കയെ പോലെ അല്ലെങ്കിൽ
മെറ്റാഫിസിക്കൽ ലോകത്തെ അതികായനായ സ്റ്റീഫൻ ഹോക്കിങ്ങ്സിനെ പോലെ ടോമസും
തെളിയിക്കുകയായിരുന്നു.
പോയട്രി പോലെ സുന്ദരമായ സ്വഭാവം എന്നാണു ടോമസിനെ അടുത്ത് അറിഞ്ഞിരുന്നവർ
പറയുന്നത്. വിനീതനായ മനുഷ്യൻ. സംസാരിക്കാൻ കഴിയാതിരുന്നിട്ടും പറ്റും
പോലെ ആശയ വിനിമയം നടത്താൻ ഭാര്യ മോണിക്ക എന്നും എപ്പോഴും തൊട്ടരികെ
ഉണ്ടായിരുന്നു. ശരീരത്തിനും ശാരീരത്തിനും താങ്ങായി ......
  സന്ദർശകരോടും സ്നേഹിതരോടും ആശയവിനിമയം നടത്താൻ മോണിക്ക അങ്ങേയറ്റം
പ്രിയപ്പെട്ടവനെ സഹായിച്ചു. ഒരുപക്ഷെ മോണിക്കയില്ലായിരുന്നെൻഗിൽ ടോമസ്
ട്രൻസ്ട്രോമർ എന്ന കവിയെ  കവിതാ ലോകത്തിനു ലഭിക്കുമായിരുന്നില്ല.
പരസഹായം കൂടാതെ നടക്കാൻ എന്നും ശ്രമിച്ചു. അതിൽ ഒരു തരം വാശി
ഉണ്ടായിരുന്നു എന്നും മോണിക്ക ഓർക്കുന്നു..അപകടം സംഭവിച്ചവരെ, പക്ഷാഘാതം
ബാധിച്ചവരെ സൈക്കോളജിസ്റ്റ് ആയിരുന്ന കാലത്ത് പരിശീലിപ്പിച്ചിരുന്നത്
തൻറെ അതെ അവസ്ഥയെ തരണം ചെയ്യാൻ സഹായിച്ചു. വേദനാകരമായ നിമിഷങ്ങളിൽ
കുട്ടിക്കാലം തൊട്ടേ അഭ്യസിച്ചിരുന്ന പിയാനോ വാദനം സാന്ദ്വനമേകി. കവിതയും
പിയാനോയും മോണിക്കയും അദ്ദേഹത്തിന് വേറിട്ട അനുഭവം ആയിരുന്നില്ല.ഇടതു കൈ
കൊണ്ട് അതി മനോഹരമായി ടോമസ് പിയാനോ വായിച്ചു. അത്രയ്ക്ക് അപാരമായിരുന്നു
അദ്ധേഹത്തിന്റെ സിദ്ധി, മനശ്ശക്തി.
1960 ഇൽ   സ്വീഡിഷ് ഭാഷയിൽ നിന്നും ടോമസിന്റെ കവിതകൾ  ഇന്ഗ്ലീഷിലേക്ക്
ആദ്യമായി തർജമ ചെയ്ത്കവിയും എഴുത്തുകാരനുമായ റോബർട്ട് ബ്ലയ് ലോകസമക്ഷം
അവതരിപ്പിച്ചു. 1975ഓടെ അമേരിക്കയിൽ  അദ്ധേഹത്തിന്റെ കവിതകൾ പ്രസിദ്ധീ
കരിച്ചു തുടങ്ങി.
നൊബേൽ സമ്മാന വേളയിൽ  അനൗണ്സ്  ചെയ്തു..
‘’ Luminous poems that show us all a new window of reality…’’  ഇങ്ങനെ.
അത് എത്രയോ വാസ്തവമാണെന്ന് അവയുടെ ലോകാന്തര പ്രശസ്തി തെളിയിച്ചു .
കവിതയുടെ   ശക്തി , സൌന്ദര്യം എവിടെയും വാഴ്ത്തപ്പെട്ടു. അറുപതിലേറെ
ലോക ഭാഷകളിലേക്ക് അവ തർജമ ചെയ്യപ്പെട്ടു. ഫ്രഞ്ച്, ജർമ്മൻ, ഡച്, , ഹീബ്രു
,ഇറ്റാലിയൻ, മാഴ്സടോനിയൻ, റൊമേനിയൻ, സ്പാനിഷ്, അറബിക്, ചൈനീസ് ,ഈജിപ്ഷ്യൻ
ഭാഷകളിലെ കവിതാ പ്രേമികൾക്ക് ടോമസ്  പ്രിയംകരനായി.
അദ്ധേഹത്തിന്റെ കവിതകള്ക്കു ഒരു കോമണ് റീദർഷിപ് ഉണ്ടായി.ജനകീയ കവിയെന്നു
ഈ രാജ്യങ്ങളിലെ നിരൂപകർ ടോമസിനെ വിലയിരുത്തി.   ,   കവിതയുടെ ആകര്ഷണീയത
കുറയുന്ന ഇന്നത്തെ ഡിജിറ്റൽ ലോകത്ത് അദ്ധേഹത്തിന്റെ കവിതകൾ ഏറെ
വായിക്കപ്പെട്ടത് അവയിലെ താത്വികതയും കാല്പനികതയും,   ഇഴ ചേര്ന്ന
സൌന്ദര്യം കൊണ്ട് തന്നെയായിരുന്നു.
സാംസ്കാരിക , വംശീയ അതിരുകൾ കടന്നു പരമ്പരാഗത സമൂഹങ്ങളിൽ ടോമസിന്റെ
കവിതകൾ ചെന്നെത്തി.      പാക്കിസ്ഥാൻ , ഇന്ത്യ , ചൈന , ലെബനൻ , ഈജിപ്ത്
തുടങ്ങിയ രാജ്യങ്ങൾ ഇന്നും കവിതയെ ആരാധിക്കുന്നു.യുറോപ്യൻ സമൂഹം കൂടുതൽ
യന്ത്രങ്ങളിലേക്ക് ജീവിതം മാറ്റി മറിച്ചപ്പോൾ കവിതയ്ക്കും മറ്റും
യുവാക്കൾക്കിടയിൽ പ്രചാരം ഇല്ലാതായി. കൈപ്പിടിയിൽ ഒതുങ്ങിയ യന്ത്രങ്ങളിൽ
അവർ മുഴുകി. അവിടെ കവിതയുടെ സ്ഥാനം പുറത്തായി.
 സ്വീഡനെ ലോകസമക്ഷം അവതരിപ്പിക്കാൻ ടോമസിന്റെ കവിതകള്ക്കു കഴിഞ്ഞു.
അങ്ങനെ ലോകം സ്വീടനിലെക്കും എത്തി. ജീവിതം, സ്നേഹം, നില നിൽപ്പ്  ഇതു
മനുഷ്യൻറെ പ്രശ്നമാണെന്ന് പറഞ്ഞ ടോമസിനു  കേംബ്രിഡ്ജ്  സർവകലാശാലയിൽ
ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.സാഹിത്യ വിദ്യാർഥികളെ സ്വന്തം
കവിത വായിച്ചു കേൾപ്പിച്ചും വിശദീകരിച്ചും അദ്ദേഹം അവരിൽ ഒരാളായി. പൂവ്
പോലെ മൃദുല മനസ്കനായ കവി എന്ന് അദ്ധേഹത്തെ വിശേഷിപ്പിച്ചാൽ അത്
അതിശയോക്തിയാവില്ല,...അതായിരുന്
നു ആ വ്യക്തിത്വം എന്ന് പ്രിയപ്പെട്ടവർ
..
കവിത അനുഭവവും ആവിഷ്കാരവുമായി മാറ്റിയ  കവി.       ജോണ് എഫ് കെന്നഡിയുടെ
മരണത്തെ തുടർന്ന് എഴുതിയ ’’After a Death’’ എന്ന കവിത അദ്ദേഹത്തിന്
ഒത്തിരി ആരാധകരെ സമ്മാനിച്ചു. ക്രോയേഷ്യ , ഇന്തോനേഷ്യ , വിയെറ്റ്നാം
എന്നീ രാജ്യങ്ങളിലെ കോളേജുകളിൽ അക്കാലത്ത് ഈ കവിതയെക്കുറിച്ച് ധാരാളം
ടിബേറ്റുകൾ  നടന്നിരുന്നു.
അനുശാസനങ്ങൾക്കപ്പുറത്തെക്കു അയാൾ നടക്കുന്നു.അപാരതയുടെ .
നൈർമല്യം   ആവേശമായി അയാളിൽ ആവാഹിക്കപ്പെടുന്നു. ...
    മനുഷ്യൻറെ  അബോധത്തിൽ നിന്നും സുബോധത്തിലേക്ക് നടന്നു കയറുന്നവനാണ്
കവി.  അനുശാസനങ്ങൾക്കപ്പുറത്തെക്കു അയാൾ നടക്കുന്നു.അപാരതയുടെ നൈർമല്യം
ആവേശമായി അയാളിൽ ആവാഹിക്കപ്പെടുന്നു. ... മരണം ടോമസ് ട്രൻസ്ട്രോമർ എന്ന
കവിയെ അനശ്വരനാക്കുന്നു…. After a Death
Once there was a shock
that left behind a long, shimmering comet tail.
It keeps us inside. It makes the TV pictures snowy.
It settles in cold drops on the telephone wires.
One can still go slowly on skis in the winter sun
through brush where a few leaves hang on.
They resemble pages torn from old telephone directories.
Names swallowed by the cold.
It is still beautiful to hear the heart beat
but often the shadow seems more real than the body.
The samurai looks insignificant
beside his armor of black dragon scales.

ഒരു സ്പർശത്തിന്നായി



സുനിൽ എം എസ്

ചേട്ടാ, ഈ മിക്സിയൊന്നടിച്ചു തരൂ.

സരളയുടെ വിളികേട്ട് ഞാൻ അടുക്കളയിലേയ്ക്കു ചെന്നു.

രാവിലെ ഒരൊമ്പതു മണിയായിട്ടുണ്ടാകും. ഞായറാഴ്ചകളിൽ അമ്മയുടെ ശുശ്രൂഷയൊഴികെയുള്ള കാര്യങ്ങൾ ഒരല്പം വൈകിയേ തുടങ്ങാറുള്ളു.

നാളികേരം ചിരവിയതു ഞാൻ മിക്സിയിൽ അടിച്ചു കൊണ്ടിരിയ്ക്കുന്നു. സരള ഗ്യാസിൽ ദോശയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു.

ആ സമയം സദു ശബ്ദമുണ്ടാക്കാതെ, പതുങ്ങിപ്പതുങ്ങിയെത്തി. ഉദ്വേഗപൂർണ്ണമായ കൊച്ചു മുഖം. എന്തോ രഹസ്യം പറയാനുള്ള ആവേശം പ്രകടം. തൊട്ടു പിന്നാലെ അവന്റെ ചേച്ചി, സരി - സരിത - യുമുണ്ട്.

അവൻ എന്റെയടുത്തുവന്ന് ശബ്ദകോലാഹലമുണ്ടാക്കുന്ന മിക്സി ഓഫു ചെയ്യാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ അതനുസരിച്ചു. ഒമ്പതു വയസ്സുകാരന്റെ മുഖത്ത് അത്ര ഗൌരവമുണ്ടായിരുന്നു.

അതൊന്നു കൂടി അടിയ്ക്കണം ചേട്ടാഎന്നു പറഞ്ഞുകൊണ്ട് സരള തിരിഞ്ഞു നോക്കിയപ്പോഴാണ് സദുവിനെ കാണുന്നത്. സദു ഞങ്ങളെ രണ്ടു പേരേയും അടുത്തേയ്ക്കു വരാൻ രണ്ടു കൈ കൊണ്ടും ആംഗ്യം കാണിച്ചു. അവൻ ഞങ്ങൾ രണ്ടു പേരുടേയും പുറത്തുകൂടി കൈകൾ ചുറ്റി ശിരസ്സുകൾ വലിച്ചു താഴ്ത്തി, ഞങ്ങളുടെ കാതുകൾ അവന്റെ ചുണ്ടോടടുപ്പിച്ചു. അവനെന്തോ പരമരഹസ്യം വെളിപ്പെടുത്താൻ പോകുന്നുണ്ടെന്നു വ്യക്തം. സരിയും ഞങ്ങളോടു ചേർന്നു നിന്നു.

അമ്മൂമ്മ എന്നോടു മിണ്ടി.ഇടതുകൈ ഉയർത്തി, വിരലിലെ മോതിരത്തിൽ തൊട്ടു കാണിച്ചുകൊണ്ട് സദു അതീവരഹസ്യമായി പറഞ്ഞു, “‘ടൈറ്റായീന്നു പറഞ്ഞു.അവൻ ഉറപ്പിനു വേണ്ടി ടൈറ്റായീഎന്ന് ഒന്നുകൂടി ഊന്നിപ്പറഞ്ഞു.

സരളയും ഞാനും മുഖത്തോടു മുഖം നോക്കി. അമ്മ ഇന്നു മിണ്ടിയിരുന്നോ?” ഞാൻ സരളയോടു ചോദിച്ചു.

അല്പം മുമ്പ് അവൾ പതിവുപോലെ അമ്മയെ കുളിപ്പിച്ച്, വസ്ത്രം ധരിപ്പിച്ച്, തലമുടി ചീകിക്കൊടുത്ത്, മെല്ലെ പിടിച്ച് അമ്മയുടെ കട്ടിലിനരികിൽത്തന്നെയുള്ള സെറ്റിയിൽ ഇരുത്തുന്നതു വരെ അമ്മ ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു. സരളയുടെ ശുശ്രൂഷകൾക്ക് യാന്ത്രികമായി നിന്നു കൊടുത്തിരുന്നെങ്കിലും അമ്മ ശിരസ്സുയർത്തി അവളുടെ കണ്ണുകളിലേയ്ക്ക് ബോധപൂർവ്വം ഒരു തവണയെങ്കിലും നോക്കുകയോ, ഒരക്ഷരമെങ്കിലും മിണ്ടുകയോ ചെയ്തിരുന്നില്ല.

കുറെ നാളായി അതാണു പതിവ്.

അമ്മയുടെ സംസാരവും പ്രതികരണവും നിലച്ച ശേഷം, നടക്കാൻ തുടങ്ങിയ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെയാണ് സരള അമ്മയെ കൈകാര്യം ചെയ്തു പോന്നിരിയ്ക്കുന്നത്. ഇന്നു രാവിലെ പോലും അമ്മയുടെ മുഖത്തു പൌഡർ പൂശി, നെറ്റിയിൽ കുങ്കുമം കൊണ്ടു പൊട്ടു തൊട്ടുകൊടുത്ത്, ഒരല്പം അകന്നു നിന്ന്, തല ചെരിച്ചു നോക്കി, “എന്റെ ലക്ഷ്മിക്കുട്ടി ഇന്നു നല്ല ചുന്ദരിക്കുട്ടിയായിട്ടുണ്ട്എന്ന കമന്റു പാസ്സാക്കിയ ശേഷം അമ്മയുടെ കവിളത്ത് അവളൊരുമ്മയും വച്ചതിന് ഞാൻ സാക്ഷ്യം വഹിച്ചിരുന്നു.

അപ്പോഴൊക്കെ അമ്മ തികച്ചും നിർവ്വികാരയായിരുന്നു. യാതൊരു വിധ ഭാവമോ ഭാവഭേദമോ ഇല്ലാതെ. പിന്നെയെങ്ങനെ...

പത്രം വായന അമ്മ പെൻഷൻ പറ്റിയ ശേഷമുള്ള ദിനചര്യയുടെ അവിഭാജ്യഘടകമായിരുന്നു. രാഷ്ട്രീയപക്ഷഭേദങ്ങളില്ലാതെ തന്നെ സംസ്ഥാനരാഷ്ട്രീയത്തിൽ അമ്മ ശ്രദ്ധാലുവായിരുന്നു. ഞാൻ ബാല്യം മുതൽക്കേ രാഷ്ട്രീയത്തിൽ ശ്രദ്ധിയ്ക്കാനിട വന്നതും അമ്മയുമായുള്ള ചർച്ചകളിൽ നിന്നായിരുന്നു. പത്രം വന്നാൽ രാഷ്ട്രീയവാർത്തകളാണ് അമ്മ ആദ്യം തന്നെ നോക്കാറുണ്ടായിരുന്നത്. അവ വായിച്ച്, അവയെപ്പറ്റിയുള്ള സ്വന്തം അഭിപ്രായങ്ങൾ അമ്മ പറഞ്ഞിരുന്നു. ആ അഭിപ്രായങ്ങളിൽ നിന്നാണ് എനിയ്ക്ക് അത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായത്.

അമ്മയുടെ ഓർമ്മശക്തി മങ്ങാൻ തുടങ്ങിയ ശേഷം അന്നാന്നത്തെ പത്രം അമ്മയെ വായിച്ചു കേൾപ്പിയ്ക്കുകയെന്ന പതിവും തനിയേ ഉണ്ടായി.

പ്രവൃത്തിദിവസങ്ങളിൽ മറ്റെല്ലാവരും പോയി, തിരക്കുകളൊഴിഞ്ഞ ശേഷം സരള അമ്മയെ പത്രം വായിച്ചു കേൾപ്പിയ്ക്കും. ഗ്യാസിന്റെ ദൌർലഭ്യവും നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനയും സ്ത്രീപക്ഷവാർത്തകളുമൊക്കെയായിരുന്നു സരള വായിച്ചുകൊടുത്തിരുന്നത്. മുമ്പവൾ കഥകളും വായിച്ചു കേൾപ്പിച്ചിരുന്നു. ഒരിയ്ക്കൽ ഒരമ്മയെപ്പറ്റിയുള്ള കഥ വായിച്ചു കൊടുക്കുമ്പോൾ അവൾക്ക് കരച്ചിലു വന്നു. അതു വായിച്ചു പൂർത്തിയാക്കാനായില്ല. അതിനു ശേഷം അവൾ കഥ വായിച്ചു കൊടുക്കാറില്ല.

അവധിദിവസങ്ങളിൽ സരിയോ സദുവോ അമ്മൂമ്മയ്ക്ക് പത്രം വായിച്ചുകൊടുക്കുകയെന്ന ചുമതല നിറവേറ്റുന്നു. സദുവിന്റെ വാ‍യന കേൾക്കാൻ രസമാണ്. മുഖ്യമായും ക്രിക്കറ്റിന്റേയും ഫുട്ബോളിന്റേയും വാർത്തകളായിരിയ്ക്കും സദു ഉത്സാഹപൂർവ്വം വായിച്ചു കേൾപ്പിയ്ക്കുന്നത്. സിനിമക്കാര്യങ്ങളായിരിയ്ക്കും സരി വായിച്ചു കൊടുക്കുന്നത്.

വായിച്ചുകേൾക്കുന്ന വാർത്തകളുമായി അമ്മ തുടക്കത്തിൽ പ്രതികരിയ്ക്കാറുണ്ടായിരുന്നു. പ്രതികരണങ്ങൾ നിലച്ചിട്ടിപ്പോൾ ഏറെ നാളായി. വായിച്ചു കേൾക്കുന്നതൊന്നും ഇപ്പോളമ്മ മനസ്സിലാക്കാറില്ല; മനസ്സിലാക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാറില്ല. എങ്കിലും വായിച്ചുകൊടുക്കുന്ന പതിവിനു മുടക്കം വന്നിട്ടില്ല.

പത്രം വായിച്ചു കേൾക്കുമ്പോൾ അമ്മയ്ക്ക് താത്പര്യമുള്ള വിഷയങ്ങളെപ്പറ്റി എന്തെങ്കിലുമൊന്നു പറയാനോ, ഏതെങ്കിലും തരത്തിലൊന്നു പ്രതികരിയ്ക്കാനോ ഉള്ള പ്രചോദനം അമ്മയ്ക്കു കിട്ടുമെന്നും, മങ്ങിക്കൊണ്ടിരിയ്ക്കുന്ന അമ്മയുടെ ബോധം അതിലൂടെ മടങ്ങിവന്നേയ്ക്കുമെന്നുമുള്ള പ്രതീക്ഷകളായിരുന്നു ആ പതിവിന്റെ പിന്നിലെ ചാലകശക്തി.

കുളി കഴിഞ്ഞൊരുങ്ങിയ അമ്മയെ കട്ടിലിനരികിൽത്തന്നെയുള്ള സെറ്റിയിലാണ് സരള ഇരുത്തിയിരുന്നത്. സരള അമ്മയെ ഊട്ടിയതും അതിലിരുത്തിയാണ്. വായിൽ വച്ചു കിട്ടുന്ന ആഹാരം അമ്മ അറിയാതെ തന്നെ, യാന്ത്രികമായി ചവയ്ക്കുന്നു, കഴിയ്ക്കുന്നു. ചിലപ്പോൾ സമയമേറെക്കഴിഞ്ഞാണ് ആഹാരം ഇറങ്ങിപ്പോകുക.

ചുണ്ടുകൾക്ക് ഇടത്തോട്ടൊരു കോട്ടമുണ്ടായിട്ടുണ്ട്. അതുമൂലം ചുണ്ടുകളുടെ ഇടതു കോണിലൂടെ ഇടയ്ക്കിടെ ഉമിനീർ ഒലിച്ചിറങ്ങാറുണ്ട്. അതു തുടച്ചു മാറ്റാൻ തൂവാല അടുത്തു തന്നെ വച്ചിരിയ്ക്കുന്നു. അടുത്തിരിയ്ക്കുന്നവർ ആരായാലും - സദുവും - അതു തുടച്ചു മാറ്റുന്നു. സദു കുഞ്ഞായിരിയ്ക്കുമ്പോൾ അമ്മൂമ്മ എത്ര തവണ ജലദോഷം ബാധിച്ച അവന്റെ മൂക്കു പിഴിഞ്ഞു കളഞ്ഞ് തുടച്ചു കൊടുത്തിരിയ്ക്കുന്നു! അവൻ തൂവാലയെടുത്ത് വളരെ ശ്രദ്ധയോടെ അമ്മൂമ്മയുടെ താടിയിലേയ്ക്കൊഴുകുന്ന ഉമിനീർ തുടച്ചുകളയും.

എവിടേയ്ക്കെന്നില്ലാതെ നോക്കിക്കൊണ്ട് അമ്മ നിശ്ചലയായി സെറ്റിയിൽ ഇരിയ്ക്കും. സദു പറഞ്ഞതിൽ നിന്നു മനസ്സിലായത് ഇതാണ്: ഇന്ന് അമ്മൂമ്മ അങ്ങനെയിരിയ്ക്കുമ്പോൾ അമ്മൂമ്മയോടു ചേർന്നിരുന്നുകൊണ്ട് സദു പത്രവാർത്തകൾ ഓരോന്നായി വായിച്ചു കേൾപ്പിച്ചു കൊടുക്കുകയായിരുന്നു. പത്രം മടിയിൽ വിരിച്ച് വാർത്തകളിൽ വിരലോടിച്ചാണവന്റെ പത്രവായന. ഓരോ വാർത്തയും വായിച്ച ശേഷം അവൻ അമ്മൂമ്മയുടെ മുഖത്തു നോക്കും. അമ്മൂമ്മയ്ക്ക് അതിഷ്ടായോഎന്ന് അവൻ ഇടയ്ക്കിടെ ചോദിയ്ക്കുകയും, “അമ്മൂമ്മയ്ക്ക് അതിഷ്ടായിട്ടുണ്ടാകുംഎന്ന് സ്വയം സമാധാനിയ്ക്കുകയും ചെയ്യും.

ഇന്നങ്ങനെ വായന നടന്നുകൊണ്ടിരിയ്ക്കെയാണ്, വിദൂരതയിൽ നട്ടിരുന്ന നിർജ്ജീവമായ നോട്ടം അമ്മ എപ്പോഴോ പിൻ‌വലിച്ചതും, അവന്റെ ഇടതു കൈയ്യിലുണ്ടായിരുന്ന മോതിരത്തിന്മേൽ സ്പർശിച്ചതും, അതിൽ മെല്ലെ തടവിക്കൊണ്ട് ടൈറ്റായീഎന്നു പറഞ്ഞതും.

വർഷങ്ങൾക്കു മുമ്പ്, പൂർണ്ണാരോഗ്യവതിയായിരിയ്ക്കുമ്പോൾ, അമ്മ സ്വയം ജ്വല്ലറിയിൽ നിന്നു വാങ്ങിക്കൊണ്ടു വന്ന് സദുവിന്റെ വിരലിൽ അണിയിച്ചതാണ് ആ മോതിരം.

തൊട്ടടുത്ത മുറിയിലിരുന്ന് എഴുതിക്കൊണ്ടിരുന്ന സരിയും അമ്മൂമ്മയുടെ നീണ്ട കാലമായി കേൾക്കാതിരുന്ന സ്വരം കേട്ടിരുന്നു. അതു കേട്ടയുടനെ അവളും പ്രതീക്ഷകളോടെ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിച്ചെന്നിരുന്നു. പക്ഷേ, അപ്പോഴേയ്ക്ക് അമ്മൂമ്മയുടെ നോട്ടം മരവിച്ചു കഴിഞ്ഞിരുന്നു.

ബോധത്തിന്റെ നൈമിഷികമായ മിന്നലാട്ടം തുടർന്നു കിട്ടാനായി സദുവും സരിയും അമ്മൂമ്മയോട് സംസാരിച്ചു നോക്കിയെങ്കിലും ആ ശ്രമങ്ങൾ വിഫലമായി. അപ്പോഴാണ് അവർ ഞങ്ങളുടെ അടുത്തേയ്ക്കോടി വന്നത്.

സദുവിന്റെ വിശദീകരണം കേട്ട പാതി, കേൾക്കാത്ത പാതി, സരള അമ്മയുടെ അടുത്തേയ്ക്കോടി. ബോധത്തിന്റെ മിന്നലാട്ടം അണഞ്ഞു പോകും മുമ്പെ അതിനെ കൂടുതൽ ശക്തിപ്പെടുത്താനായേയ്ക്കുമെന്ന പ്രത്യാശ അവളുടെ മുഖത്തു പ്രകടമായിരുന്നു.

കൈകൾ മടിയിൽ ചേർത്തു വച്ച്, നിലത്തേയ്ക്കു നോക്കിക്കൊണ്ട് സെറ്റിയിൽ മരവിച്ചിരിയ്ക്കുകയായിരുന്നു, അമ്മ.

അമ്മയുടെ മുമ്പിൽ നിലത്തിരുന്നുകൊണ്ട് സരള അമ്മയുടെ മുഖത്തേയ്ക്കുറ്റു നോക്കി. സദുവിനെ ആംഗ്യത്തിലൂടെ അരികിൽ വരുത്തി, അവന്റെ മോതിരവിരൽ പിടിച്ചുയർത്തിക്കാണിച്ചുകൊണ്ട് അവൾ അമ്മയോടു പറഞ്ഞു, “അവന്റെ മോതിരം ടൈറ്റായിപ്പോയമ്മേ. അമ്മ പറഞ്ഞപ്പഴാ അതറിഞ്ഞത്.

മോതിരം സദുവിന്റെ വിരലിൽ മുറുകിപ്പോയിരുന്നുവെന്ന് അമ്മ പറഞ്ഞത് തികച്ചും ശരിയായിരുന്നു. മോതിരം കിടക്കുന്ന ഭാഗത്ത് വിരലല്പം നേർത്തു പോയിരിയ്ക്കുന്നു. അര നിമിഷനേരത്തേയ്ക്കു മാത്രമായി വീണു കിട്ടിയ ബോധത്തിനിടയിൽ അമ്മയതു കണ്ടെത്തി.

അമ്മേ, അതു മാറ്റി വലുതൊരെണ്ണം വാങ്ങിയിടാം.പിന്തുണയ്ക്കായി അവളെന്നെ നോക്കി.

അതു മാറ്റിക്കോളാമമ്മേ.ഞാനും അമ്മയ്ക്കുറപ്പു കൊടുത്തു.

അമ്മയിൽ നിന്ന് പ്രതികരണമുണ്ടായില്ല.

ബോധത്തിന്റെ ആ ഒളിനോട്ടം അല്പനേരം കൂടിയെങ്കിലും നീണ്ടുനിന്നിരുന്നെങ്കിൽ! മനസ്സ് അഭിലഷിച്ചുപോയി.

സദു ജനിച്ചപ്പോൾ അമ്മയായിരുന്നു അവനെ ആദ്യമായി കൈയ്യിലെടുത്തത്. അടുത്തു തന്നെയുള്ള കിന്റർ ഗാർട്ടനിലെ പ്ലേയേഴ്സ്, എൽകെജി, യൂകെജി എന്നീ ക്ലാസ്സുകളിലേയ്ക്ക് അവനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നതും അമ്മയായിരുന്നു. അവന് പനി വരാൻ പോകുന്നുണ്ട് എന്നാദ്യം കണ്ടറിഞ്ഞിരുന്നതും അമ്മ തന്നെ.

സദു അമ്മയ്ക്കെപ്പോഴും ഹൃദയത്തോടടുത്ത വിഷയമായിരുന്നു.

ഒരു പക്ഷേ, അതുകൊണ്ടായിരിയ്ക്കാം അവന്റെ വിരലിൽ മോതിരം മുറുകിപ്പോയിരിയ്ക്കുന്നതു കാണാൻ വിസ്മൃതിയിലാണ്ടിരുന്നിട്ടും അമ്മയ്ക്കു കഴിഞ്ഞത്.

ഞങ്ങൾ നാലു പേർക്കും കാണാൻ കഴിയാഞ്ഞത് അമ്മയ്ക്ക് അര നിമിഷം കൊണ്ടു കാണാൻ കഴിഞ്ഞ നിലയ്ക്ക് അത്തരം കഴിവുകൾ അമ്മയുടെ ഉള്ളിൽ അവശേഷിച്ചിട്ടുണ്ട് എന്നുറപ്പ്. ആ കഴിവു മുഴുവനും അര നിമിഷം കൊണ്ടു വറ്റിപ്പോയിക്കാണാൻ വഴിയില്ല. ആ കഴിവിന്റെ അവശിഷ്ടങ്ങൾ വീണ്ടും ചെറു കണികകളായെങ്കിലും പുറത്തു വരും. വരാതിരിയ്ക്കില്ല.

ഞാനും ആശയോടെ സരളയുടെ സമീപത്ത് നിലത്തിരുന്നു.

അമ്മയുടെ ശ്രദ്ധയാകർഷിയ്ക്കാൻ വേണ്ടി സരള പലതും അമ്മയോടു പറഞ്ഞുകൊണ്ടിരുന്നു. ആ ശ്രമത്തിൽ സരിയും സദുവും പങ്കു ചേർന്നു. അമ്മൂമ്മയെക്കൊണ്ട് എന്തെങ്കിലും കൂടി സംസാരിപ്പിയ്ക്കണം.

അമ്മ പഴയ പോലെ ആയിട്ടു വേണം നമുക്കു രണ്ടു പേർക്കും കൂടി വീണ്ടും കറക്കം തുടങ്ങാൻ,” സരള പറഞ്ഞു.

അവളും അമ്മയും കൂടി കുറേയേറെ സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. അമ്മേ, നമുക്കവിടെയൊന്നു പോയിവന്നാലോഎന്നു സരള ചോദിയ്ക്കുമ്പോഴൊക്കെ, “പൊയ്ക്കളയാംഎന്നായിരുന്നു അമ്മയുടെ സ്ഥിരം മറുപടി.

അവളും ഞാനും കൂടി ചെയ്തിരിയ്ക്കുന്ന യാത്രകളേക്കാൾ കൂടുതൽ അവളും അമ്മയും കൂടിയാണു ചെയ്തിരിയ്ക്കുന്നത്. അവളോടൊപ്പം നടന്ന്, അവളുടെ യുവത്വവും പ്രസരിപ്പും അമ്മയ്ക്കും പകർന്നു കിട്ടിയതു പോലെയായിരുന്നു.

എന്നാലിന്നിപ്പോൾ സരളയുടെ വാക്കുകൾ അമ്മ കേൾക്കുന്നതായി തോന്നുന്നില്ല. അവൾ അമ്മയുടെ ദൃഷ്ടിപഥത്തിലായിരുന്നെങ്കിലും അവളെ അമ്മ കാണുന്നതായും തോന്നുന്നില്ല. അമ്മയുടെ നോട്ടം നിർജ്ജീവമായിത്തുടർന്നു.

ചേട്ടാ, സന്ദീപിനോടൊന്നു ചോദിയ്ക്കായിരുന്നു,” സരള അഭിപ്രായപ്പെട്ടു. നിർവ്വികാരാവസ്ഥയ്ക്കിടെ ബോധത്തിന്റെ മിന്നലാട്ടം കണ്ടതിന്റെ അർത്ഥമെന്തെന്ന് അവൾക്കറിയണം. സന്ദീപിനതു പറയാൻ പറ്റും.

സന്ദീപ് സരളയുടെ ഒരകന്ന കസിനാണ്. ഡോക്ടറുമാണ്. സന്ദീപാണ് വീട്ടിൽ വന്ന് അമ്മയെ പരിശോധിയ്ക്കുന്നതും, അമ്മയെ ചികിത്സിയ്ക്കുന്ന രണ്ടു ഡോക്ടർമാരുമായുള്ള ചർച്ചകൾ നടത്തുന്നതും, അവരുടെ നിർദ്ദേശങ്ങൾ ഞങ്ങൾക്കു കൈമാറുന്നതും. ഏതാനും ദിവസം മുമ്പ് അമ്മയ്ക്കുള്ള മരുന്നുകളിൽ ചില മാറ്റങ്ങൾ വരുത്തിയത് സന്ദീപിന്റെ നിർദ്ദേശപ്രകാരമായിരുന്നു.

ആ മാറ്റങ്ങളുടെ ഫലമായിരിയ്ക്കുമോ അമ്മയ്ക്ക് പെട്ടെന്നുണ്ടായി മറഞ്ഞ ഈ തെളിച്ചം?

മരുന്നിൽ വരുത്തിയിരിയ്ക്കുന്ന പരിവർത്തനം പാർശ്വഫലങ്ങളും ദൂഷ്യഫലങ്ങളും കുറയ്ക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, അത് അമ്മയുടെ സ്ഥിതിയിൽ ബൌദ്ധികപുരോഗതിയുണ്ടാക്കുമെന്നു കരുതുന്നില്ലെന്നുമുള്ള മുന്നറിയിപ്പ് അന്നു തന്നെ സന്ദീപ് തന്നിരുന്നു. അത്ഭുതങ്ങൾ പ്രതീക്ഷിയ്ക്കാൻ പാടില്ല.

എങ്കിലും, മോതിരം ടൈറ്റായെന്ന് അമ്മ അര നിമിഷം കൊണ്ട് മനസ്സിലാക്കിയെടുത്തത് ഒരു യാഥാർത്ഥ്യമായി അവശേഷിയ്ക്കുന്നു.

പ്രതീക്ഷയോടെ ഞാൻ സന്ദീപിനെ വിളിച്ചു.

സന്ദീപ് വിവരങ്ങൾ വിശദമായി വീണ്ടും വീണ്ടും ചോദിച്ചറിഞ്ഞു. ലക്ഷണങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്, അമ്മ ആകെ എത്ര വാക്കുകൾ പറഞ്ഞു, നമ്മെ നേരേ നോക്കുന്നുണ്ടോ, കാണുന്നതു കാണുന്നതായി ഭാവിയ്ക്കുന്നുണ്ടോ, പ്രതികരിയ്ക്കുന്നുണ്ടോ, എന്തെങ്കിലും തരത്തിലുള്ള പരിചയഭാവം അല്പനേരത്തേയ്ക്കാണെങ്കിലും മിന്നിമറയുന്നുണ്ടോ, വായന, എഴുതൽ, എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാൻ തുടങ്ങിയിട്ടുണ്ടോ...

അങ്ങനെ നിരവധി ചോദ്യങ്ങൾ.

മിനിറ്റുകൾ നീണ്ട സംഭാഷണത്തിനിടയിൽ അവനൊരു ചെക്ക് ലിസ്റ്റിൽ നിന്ന് ഓരോന്നോരോന്നായി ചോദിച്ച ചോദ്യങ്ങളിൽ മിയ്ക്കതിനും ഇല്ല, അല്ല എന്ന ഉത്തരങ്ങൾ എനിയ്ക്കു കൊടുക്കേണ്ടി വന്നു. എന്റെ തൊണ്ടയിടറി.

എങ്കിലും ഏതാനും മിനിറ്റു മുമ്പ് സദുവിന്റെ മോതിരവിരലിൽ സ്പർശിച്ചുകൊണ്ട് ടൈറ്റായീഎന്ന് അമ്മ കൃത്യമായിപ്പറഞ്ഞത് വലിയൊരു പുരോഗതിയല്ലെന്നു പറയാൻ പറ്റുമോ എന്നു ഞാൻ സന്ദീപിനോടു ചോദിച്ചു. ഏറെ നാളായി അമ്മ എന്തെങ്കിലുമൊന്നു സംസാരിച്ചിട്ട്. അങ്ങനെയിരിയ്ക്കെ ഈയൊരു വാക്കു പറഞ്ഞത് അമ്മയ്ക്കുണ്ടായിരിയ്ക്കുന്ന പുരോഗതിയെത്തന്നെയല്ലേ സൂചിപ്പിയ്ക്കുന്നത്? അത് അങ്ങനെയല്ലെങ്കിൽ മറ്റെന്താണ്?

ആ ഒരു വാക്കു മാത്രം പറഞ്ഞിരിയ്ക്കുന്നത് തത്കാലം പ്രതീക്ഷയ്ക്കു വക നൽകുന്നില്ല. ബോധത്തിന്റേതായ, വ്യക്തമായി തിരിച്ചറിയാൻ പറ്റുന്ന, തുടർച്ചയായ സൂചനകളാണു വേണ്ടത്. പ്രായോഗികമല്ലാത്ത ആശകൾ വച്ചു പുലർത്തരുത്. യാഥാർത്ഥ്യം മനസ്സിലാക്കാൻ സരളച്ചേച്ചിയോടും പറയുക. സന്ദീപ് ഉപദേശിച്ചു.

എന്റെ മനസ്സിടിഞ്ഞു.

അമ്മയുടെ മുഖത്തു തുടരുന്ന നിർവ്വികാരതയും എന്റെ മുഖത്തു പ്രതിഫലിച്ച നിരാശയും മാറിമാറി നോക്കിക്കൊണ്ടിരുന്ന സരള തളർന്നു. അവൾ അമ്മയുടെ മടിയിൽ തല ചായ്ച്ചു.

പണ്ട് ഞാൻ ഓഫീസിൽ നിന്ന് ബൈക്കിൽ തിരികെ വരാൻ വൈകുമ്പോഴൊക്കെ അവളുടെ പതിവ് അതായിരുന്നു. ആദ്യം കുറേ നേരം അവളും അമ്മയും കൂടി വഴിയിൽ കണ്ണും നട്ടിരിയ്ക്കും. ടെൻഷൻ കൂടുമ്പോൾ സരള അമ്മയുടെ കാൽക്കലിരുന്നുകൊണ്ട് അമ്മയുടെ മടിയിൽ തല ചായ്ക്കും. അമ്മ അവളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരിയ്ക്കും. “അവനിപ്പൊ വരും, മോളേ,” അമ്മ ആശ്വസിപ്പിയ്ക്കും.

എന്നെ കാത്തിരിയ്ക്കുമ്പോൾ മാത്രമല്ല, എന്തെങ്കിലും വിഷമം തോന്നുമ്പോഴൊക്കെ അവൾ അമ്മയുടെ മടിയിൽ ശിരസ്സു ചായ്ച്ച് അഭയം പ്രാപിയ്ക്കുക പതിവായിരുന്നു. അമ്മയുടെ സ്നേഹമസൃണമായ തലോടലും ആശ്വാസവചനങ്ങളും അവളുടെ വിഷമങ്ങളകറ്റിയിരുന്നു. അമ്മയായിരുന്നു അവളുടെ ആത്മധൈര്യത്തിന്റെ ഉറവിടം.

ഇന്നിപ്പോൾ സരള മടിയിൽ തല ചായ്ച്ചിട്ടും അമ്മയതു കാണുന്നില്ല, അറിയുന്നു പോലുമില്ല.

അവൾക്കതു ഹൃദയഭേദകമായിരുന്നിരിയ്ക്കണം.

പെട്ടെന്ന്, അതു വരെ നിശ്ചലമായിരുന്ന അമ്മയുടെ വലതുകൈ അവളുടെ ശിരസ്സിൽ തലോടാനെന്ന പോലെ ഉയർന്നു.

ബൌദ്ധികപുരോഗതിയുടെ ചിഹ്നം രണ്ട്! ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു.

അമ്മയുടെ മടിയിൽ തല ചായ്ച്ചിരുന്ന സരള അമ്മ അല്പമുയർത്തിപ്പിടിച്ചിരിയ്ക്കുന്ന കൈയ്യിലേയ്ക്കു തന്നെ നോക്കിക്കിടന്നു. അമ്മ അവളുടെ ശിരസ്സിൽ തലോടും എന്ന ഉൽക്കടമായ ആശയോടെ, പ്രതീക്ഷയോടെ.

സരളയുടെ ബാല്യത്തിൽത്തന്നെ അവളുടെ അമ്മ മണ്മറഞ്ഞു പോയിരുന്നു. അച്ഛനും രണ്ടു മൂത്ത സഹോദരന്മാരും കൂടിയാണ് അവളെ വളർത്തിയത്. അവർ മൂവരും സ്നേഹസമ്പന്നരായിരുന്നു. എങ്കിലും അവർ പുരുഷന്മാരല്ലേ; അവളുടെ ആവശ്യങ്ങളെല്ലാം അവർ നിറവേറ്റിയിരുന്നെങ്കിലും, ഒരമ്മയ്ക്കു മാത്രം നൽകാൻ കഴിയുന്ന സ്നേഹവാത്സല്യങ്ങൾ അവൾക്കു കിട്ടാതെ പോയി.

അമ്മയാണ് എനിയ്ക്കു വേണ്ടി സരളയെ ചെന്നു കണ്ടത്. അമ്മയുമായി ഒരു മണിക്കൂർ സംസാരിച്ചതോടെ അവൾ അമ്മയുടെ ആരാധികയായി മാറി. ക്ലീൻ ബൌൾഡ്എന്നാണ് അതിനെപ്പറ്റി അവൾ പറയാറ്. അമ്മയും ക്ലീൻ ബൌൾഡ്ആയിരുന്നു. നീ അവളെ കല്യാണം കഴിയ്ക്കണം,” മടങ്ങിവന്നയുടനെ അമ്മയെനിയ്ക്ക് ഫോൺ ചെയ്തു പറഞ്ഞു.

സരള ഇവിടെ വന്നു കയറിയ ശേഷം അവർ തമ്മിലുള്ള ബന്ധം സുദൃഢമായി. അവൾക്ക് ഒരമ്മയെക്കിട്ടി. അമ്മയ്ക്ക് ഒരു മകളേയും.

അമ്മയുടെ ബോധം പതുക്കെ പുറകോട്ടു വലിയുന്നത് ആദ്യം തിരിച്ചറിഞ്ഞതും അവൾ തന്നെയായിരുന്നു. ആരാ?” ഒരു ദിവസം രാവിലെ ഉണരാൻ വൈകിയതെന്തേ എന്നന്വേഷിയ്ക്കാനായി അമ്മയുടെ മുറിയിലേയ്ക്കു കടന്നു ചെന്ന സരളയോട് അപരിചിതഭാവത്തിൽ അമ്മ ചോദിച്ചു. മോളാരാ?” തീരെ പരിചയമില്ലാത്ത മട്ടിൽ അമ്മ ചോദ്യം ആവർത്തിച്ചു.

അതായിരുന്നു തുടക്കം.

പെട്ടെന്നു കടന്നു വന്ന മറവി മനസ്സിലാക്കി അധികം കഴിയും മുമ്പെ അമ്മ ചിരിച്ചെങ്കിലും അമ്മയ്ക്ക് എന്തോ കുഴപ്പം വരാൻ പോകുന്നെന്ന് അന്നു തന്നെ സരള എന്നോടു പറഞ്ഞിരുന്നു. അന്നു ഞാനവളെ ശാസിച്ചു. നീ വെറുതേ ഭയപ്പെടുകയാണ്. അമ്മയ്ക്കൊരു കുഴപ്പവുമില്ല. മനുഷ്യർക്ക് ഇടയ്ക്കിടെ മറവിയുണ്ടാവില്ലേ? നമ്മുടെ കാര്യം പോലും അങ്ങനെ. പിന്നെ വയസ്സായവരുടെ കാര്യം പറയാനുണ്ടോ?

കുറച്ചു നാൾ കഴിഞ്ഞ ശേഷമാണ് അവൾ പറഞ്ഞതിൽ ശരിയുണ്ട് എന്നെനിയ്ക്കും തോന്നിത്തുടങ്ങിയത്. അമ്മയുടെ നെഞ്ചോട് ഒട്ടിനിന്നിരുന്നതു കൊണ്ട് അമ്മയുടെ അതിസൂക്ഷ്മമായ ഭാവവും ഭാവമാറ്റവും അവൾ വ്യക്തമായി വായിച്ചെടുത്തിരുന്നു.

അമ്മയിലെ മാറ്റം സരളയ്ക്ക് വലിയ ഒരാഘാതമായിരുന്നു. അമ്മയേയും അവളേയും ഒരേ സമയം ശുശ്രൂഷിയ്ക്കേണ്ടി വരുമോയെന്നു പോലും ഞാൻ ഭയന്ന ഒരു ഘട്ടമുണ്ടായിരുന്നു. അമ്മയുടെ ഡോക്ടർമാരുമായി സന്ദീപ് ഒരുക്കിത്തന്ന ചർച്ചകളാണ് സരളയ്ക്ക് യാഥാർത്ഥ്യത്തെ നേരിടാനുള്ള കെല്പുണ്ടാക്കിയത്. അമ്മ അറിയുന്നില്ലെങ്കിലും അമ്മയ്ക്ക് സരളയെ വളരെ ആവശ്യമുള്ള സമയമാണിതെന്ന് ഡോക്ടർമാർ അവളെ പറഞ്ഞു മനസ്സിലാക്കി. അമ്മയുടെ സാന്നിദ്ധ്യം കഴിയുന്നത്ര നീണ്ടു കിട്ടാൻ അതത്യാവശ്യമാണെന്നും അവർ മുന്നറിയിപ്പു നൽകി.

ഇതൊക്കെയാണെങ്കിലും ചില സമയം അവൾ തളരും.

അവൾ മനസ്സിലാക്കിയെടുത്ത കാര്യങ്ങൾ സന്ദീപിന് വളരെ ഉപകരിച്ചു. ആശയപ്രകാശനം അമ്മയ്ക്ക് ബുദ്ധിമുട്ടായിത്തീർന്നുവെങ്കിലും അമ്മ പറയാതെ തന്നെ അമ്മയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കിയെടുക്കാനും നിറവേറ്റിക്കൊടുക്കാനും സരളയ്ക്കു കഴിഞ്ഞിരുന്നു.

അവളില്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നെന്നു ഞാനത്ഭുതപ്പെടാറുണ്ട്.

ഞാൻ സ്നേഹത്തോടെ സരളയുടെ തോളത്തു കൈ വച്ചു.

അമ്മയുടെ മടിയിൽ തല ചായ്ച്ചുകൊണ്ട്, അമ്മ അല്പം ഉയർത്തിപ്പിടിച്ചിരിയ്ക്കുന്ന കൈയ്യിലേയ്ക്കു തന്നെ, ആഗ്രഹത്തോടെ, ഉത്കണ്ഠയോടെ അവൾ ഉറ്റു നോക്കിക്കിടന്നു.

അമ്മയുടെ കൈ വായുവിൽ മരവിച്ചു നിന്നു.

അമ്മയുടെ കൈയ്യും സരളയുടെ ശിരസ്സും തമ്മിൽ ഇഞ്ചുകളുടെ അകലമേയുള്ളു. എന്നിട്ടും ആ അകലമൊന്നു കടക്കാൻ അമ്മയുടെ കൈയ്ക്കു കഴിയുന്നില്ലല്ലോ, ഈശ്വരാ...

സരള കാതരയായി എന്നെ നോക്കി. ഭീതിയും അഭിലാഷവും അവളുടെ കണ്ണുകളിലുണ്ടായിരുന്നു.

ആ കൈകൊണ്ട് അമ്മ ഒരായിരം തവണ അവളെ തലോടിയിട്ടുള്ളതാണ്. ഒന്നു കൂടി തലോടിയിരുന്നെങ്കിൽ!

സരിയും സദുവും ആകാംക്ഷയോടെ അമ്മൂമ്മയുടെ കൈയ്യിൽത്തന്നെ ഉറ്റു നോക്കി നിന്നു. അമ്മൂമ്മ അമ്മയുടെ ശിരസ്സിൽ സ്പർശിയ്ക്കില്ലേ?

പക്ഷേ, അമ്മയ്ക്ക് സരളയെ കാണാൻ കഴിയുന്നതായി തോന്നിയില്ല.

എന്നാൽ തന്റെ മടിയിൽ അവളുടെ ശിരസ്സുണ്ടെന്ന് അമ്മ മനസ്സിലാക്കുന്നതായി തോന്നുന്നില്ലേ? ആ മുഖത്ത് എന്തോ ഒരസ്വസ്ഥത കാണുന്നില്ലേ? എന്തെങ്കിലുമൊരു സൂചനയ്ക്കായി ഞാൻ അമ്മയുടെ മുഖമാകെ പരതി.

മുഖത്തു പ്രതികരണങ്ങൾ പ്രതിഫലിയ്ക്കുന്നില്ലെങ്കിലും, മടിയിൽ സരള തല ചായ്ച്ചിരിയ്ക്കുന്നതായി അമ്മ മനസ്സിലാക്കിയതു കൊണ്ടായിരിയ്ക്കണമല്ലോ കൈ അല്പനേരമായി ഉയർത്തിപ്പിടിച്ചിരിയ്ക്കുന്നത്. സരള മടിയിൽ തല ചായ്ക്കാറുള്ളപ്പോൾ അവളെ വാത്സല്യപൂർവ്വം തടവിപ്പോകുന്ന പതിവ് ചെറുതായി ഓർമ്മ വന്നിരിയ്ക്കുന്നതു കൊണ്ടാകണമത്. സ്വാഭാവികമായി തുടങ്ങിവച്ചുപോയ ആ പ്രതികരണം പൂർത്തിയാക്കാതിരിയ്ക്കാൻ അമ്മയ്ക്കാകുമോ?

പൂർത്തിയാക്കിയാൽ, “ടൈറ്റായീഎന്നു പറഞ്ഞതുൾപ്പെടെ ഇന്ന് രണ്ടു ചിഹ്നങ്ങളാകും, പുരോഗതിയുടെ ചിഹ്നങ്ങൾ. അമ്മ ഓർമ്മശക്തി വീണ്ടെടുക്കുന്നതിന്റെ ചിഹ്നങ്ങളാകും അവ.

അമ്മയുടെ ശബ്ദം കേൾക്കാൻ ഹൃദയം തുടിച്ചു.

അമ്മ സരളയുടെ നേരേ ഒരു തവണ പോലും നോക്കിയിട്ടില്ല. തൊട്ടടുത്തു നിൽക്കുന്ന സരിയേയോ സദുവിനെപ്പോലുമോ നോക്കിയിട്ടില്ല.

അമ്മ പെറ്റുവളർത്തിയ, അമ്മയുടെ ഏക സന്താനമായ എന്റെ പോലും നേരേ നോക്കിയിട്ടില്ല.

പക്ഷേ, അതിലതിശയമില്ല. എന്റെ നേരേ അമ്മ നോക്കാത്തത് ഓർമ്മക്കുറവുള്ളതുകൊണ്ടാകണമെന്നില്ല. സരളയുടെ കടന്നു വരവോടെ അമ്മയുടെ മുൻ‌ഗണനാക്രമത്തിൽ ഞാൻ പുറകോട്ടു തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. സരിയും സദുവും കൂടി വന്നതോടെ എന്റെ സ്ഥാനം വീണ്ടും പുറകോട്ടു പോയി.

അവസാനമായി അമ്മ ഓമനിച്ചുകൊണ്ടു നടന്ന അവരെപ്പോലും തിരിച്ചറിയാൻ കഴിയാത്ത നിലയ്ക്ക് അമ്മയ്ക്ക് എന്നെ തിരിച്ചറിയാനും പ്രയാസമാകും.

ഓർത്തപ്പോൾ നെഞ്ചു വലിഞ്ഞു മുറുകി. ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു. ഈശ്വരാ...

സരളയുടെ പൊട്ടിക്കരച്ചിൽ. ഞാൻ കണ്ണു തുറന്നു. ഭീതിയോടെ.

അമ്മ ഉയർത്തിപ്പിടിച്ചിരുന്ന കൈ താഴ്ന്ന് പൂർവ്വസ്ഥിതിയിലേയ്ക്കു മടങ്ങിപ്പോയിരിയ്ക്കുന്നു. സരളയുടെ ശിരസ്സിനെ സ്പർശിയ്ക്കുക പോലും ചെയ്യാതെ.

തന്നെ സ്പർശിയ്ക്കാൻ കൂട്ടാക്കാതെ വഴിമാറിപ്പോയ ആ കൈയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് സരള കൊച്ചുകുട്ടികളെപ്പോലെ ഏങ്ങിയേങ്ങിക്കരഞ്ഞു. തന്റെ ശിരസ്സിലൊന്നു തലോടുമെന്ന് അവൾ തീവ്രമായി ആഗ്രഹിച്ചു പോയ കൈ. അവളുടെ സങ്കടം മുഴുവനും അണപൊട്ടിയൊഴുകി.

സരി സരളയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കരയുന്ന സരളയേയും സരിയേയും അമ്മൂമ്മയേയും എന്നേയും മാറിമാറി നോക്കിക്കൊണ്ട് സദു പകച്ചു നിന്നു. മുമ്പിൽ നടക്കുന്നതൊന്നുമറിയാതെ അമ്മ നിർവ്വികാരയായി നോക്കിയിരുന്നു.

പുരോഗതിയുടെ ചിഹ്നങ്ങളെത്തിയെന്നു വ്യാമോഹിച്ച് ഉണർന്നെഴുന്നേറ്റിരുന്ന അഭിലാഷങ്ങൾ തകർന്നു.

കണ്ണുനീരിന്റെ മൂടലിൽ എന്റെ കാഴ്ച മങ്ങി.

The Celestial Breath




dr.k.g.balakrishnan
------------------------------

The Mystic Fire- Agni-;
Is blazing;
Since the Big Bang;
The Inspiration;
The Creation;
The Expansion to the Infinite.

Inhaling the Air-
Absorbing Oxygen;
Expiring CO2; the Exchange Great;
The Expiration.

Defining the Scientist
The breathing thus;
The inspire-expire Continuum-
The Action-Reaction-
Equal and Opposite;
The First Law;
Of the Conundrum.

The Plant does the same;
Saying the Botanist;
In the opposite direction;
Setting the Reaction;
As Action;
For the blossoming Creation.

Thus;
The wheeling Time;
The Action-Reaction;
Smiles the Rishi;
Proclaims the Scientist;
Sings the Poet;
The tranquilizing Ecstasy;
The Celestial Breath;
The Knowing;
The JNANA. 
------------------------------------------
Bharatheeyakavitha-

കട(ത്തു)കാക്കുന്നവൻ



ദയ പച്ചാളം

ഇത്‌,
കെട്ടിയിടപ്പെട്ടവഞ്ചി, കേവഞ്ചി,
മണലിൽകുറ്റിയിൽ.
ജലമില്ലെങ്കിൽ നദിയെന്നെങ്ങനെപറയും?
കെട്ടിയില്ലെങ്കിലും വഞ്ചിയൊരുകുവതെങ്ങനെ?
എങ്കിലും കെട്ടിയിട്ടിരിക്കുന്നു.
കുത്തൊഴുക്കിലേപ്പോഴെങ്കിലും
ഒരുമലവെള്ളം പാഞ്ഞെത്തിയാലോ?
കിഴക്ക്‌ 'മൊട്ടകുന്നി'ൻ ചരിവിൽനിന്നും
ഇപ്പോൾ കടത്തുകാരൻ
മുട്ടവിൽപനയ്ക്ക്‌ കടവി(?)ലെത്തിച്ചേരും;
'നദി'മുറിച്ച്‌-
അക്കരയ്ക്കു നടന്നുപോകുന്ന യാത്രക്കാരെയും പ്രതീക്ഷിച്ച്‌.

കാനൽജലത്തിലെ
മണലോളങ്ങളിൽ
ചലനമറ്റകടത്തുവഞ്ചിയായിമുട്ടക്
കട!
കനിവിൽ, കടക്കാരനെനോക്കി
അക്കരെ തീരത്ത്‌
ഒരുതെളിഞ്ഞവരപോൽ
നിശ്ശബ്ദം കണ്ണുനീർ ഒഴുകുന്നു...

ചന്തയും മനുഷ്യനും


 എം.തോമസ്മാത്യു

    ലോകത്തിന്റെ ചരിത്രം പുതിയ ഒരദ്ധ്യായമെഴുതി മനുഷ്യജീവിതത്തിന്റെ താളം ഒറ്റയടിക്ക്‌ മാറിയ പശ്ചാത്തലത്തിൽ, ആ മാറ്റങ്ങൾക്കടിയിൽ തെളിഞ്ഞും തെളിയാതെയും കണ്ട ചില അപകടസാധ്യതകളെ പ്രതിരോധിക്കാൻ വേണ്ടിയാണ്‌ ജോർജ്ജ്‌ വില്യംസ്‌ വൈ.എം.സി.എ പ്രസ്ഥാനത്തിനു തുടക്കമിട്ടത്‌. മനുഷ്യബന്ധങ്ങൾ മുഴുവൻ മാറുകയായിരുന്നു; ജീവിതശൈലി അപ്പാടെ മാറി. അതോടെ നൈതിക ക്രമവും വ്യത്യസ്തമായി. ഇതിൽ വലിയൊരു ആപത്തിന്റെ സാധ്യത കണ്ടിട്ടാണ്‌, ഇതിനെതിരെ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിർബന്ധം കൊണ്ടാണ്‌ ഈ പ്രസ്ഥാനം രൂപം കൊണ്ടത്‌. അന്ന്‌ ഭയപ്പാടോടെ സങ്കൽപിച്ചവയെല്ലാം ഇതാ യാഥാർത്ഥ്യമായിരിക്കുന്നു എന്ന നടുക്കത്തിന്റെ നടുവിലേക്ക്‌ മനുഷ്യൻ എറിയപ്പെട്ടിരിക്കുന്നു.
    ഒഴിഞ്ഞു മാറേണ്ടവയെല്ലാം കാമ്യവും രുചികരവുമായി പ്രത്യക്ഷപ്പെടുക എന്നതാണല്ലോ മനുഷ്യന്റെ മുമ്പിൽ വന്നുപെടുന്ന എല്ലാം ചതികളുടെയും  സവിശേഷത. കയ്യൊഴിക്കാൻ കഴിയാത്ത സൗകര്യങ്ങളും വാഗ്ദാനങ്ങളുമായി അവ വന്നു നിരക്കുന്നു. എങ്ങനെ വേണ്ടെന്നുവയ്ക്കും? വേണ്ടെന്നു വച്ചാൽ ജീവിതം തന്നെ സാധ്യമാണോ? അതിലേറെ വിചിത്രമല്ലേ ഒരു കാലത്ത്‌ ആവേശത്തോടെ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ യാഥാർത്ഥ്യമായപ്പോൾ വിപരീതഫലം ഉണ്ടാക്കി എന്നത്‌! ഒരു ഉദാഹരണം നോക്കാം. ഏക ലോകം എന്നത്‌ ഒരു കാലത്തെ വിമോഹനമായ ഒരു സ്വപ്നമായിരുന്നു. അനേകം രാഷ്ട്രങ്ങളായി, സംസ്കാരങ്ങളായി ചിതറിക്കിടന്നപ്പോൾ എന്തെല്ലാം തരം പകകളും പടകളുമാണ്‌ സ്വസ്ഥജീവിതത്തിനു ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്‌. യുദ്ധമൊഴിഞ്ഞൊരു കാലം ഉണ്ടായിരുന്നോ? സമാധാനമെന്നത്‌ കൊതിയോടെ സ്വപ്നം കാണേണ്ട ഒന്നായിരുന്നില്ലേ? അക്കാലത്താണ്‌ ലോകസമാധാനത്തെക്കുറിച്ചും ഏകലോകത്തെക്കുറിച്ചുമുള്ള കിനാവുകൾ വിരിഞ്ഞത്‌. അന്നൊന്നും അത്‌ യാഥാർത്ഥ്യമായില്ല. എന്നാൽ, പുതിയ വടിവിൽ ഏകലോകം പിറന്നിരിക്കുന്നു. ഭൂഗോളം ഒരൊറ്റ ഗ്രാമമായിത്തീർന്നിരിക്കുന്നു എന്നല്ലേ ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്‌! പക്ഷേ, ഭൂഗോളത്തെ ഒരൊറ്റ ചന്ത (ഏഹീയലഹ ങമൃസല​‍ി) ആക്കിക്കൊണ്ടാണ്‌ ഈ സ്വപ്നം ഫലിച്ചതു. ആഗ്രഹം നടന്നു, വിപരീതഫലം എന്നുമാത്രം!
    ചന്തയുടെ പ്രത്യേകത അവിടെ മനുഷ്യർ ഇല്ലാതാകുന്നു എന്നതാണ്‌. ചന്തയിൽ വരുന്നത്‌ ഇടപാടുകാരാണ്‌-വാങ്ങാനും വിൽക്കാനും വരുന്ന ഇടപാടുകാർ. എന്റെ കൈവശമുള്ള ചരക്കുകൾ മുന്തിയ വിലയ്ക്കു വിൽക്കണം, എനിക്കു വാങ്ങേണ്ട ചരക്കുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കണം എന്നുമാത്രമേ എനിക്കു നോക്കേണ്ടതുള്ളു. ചന്തയിൽ ഞാൻ സന്ധിക്കുന്ന മനുഷ്യരെല്ലാം എന്റെ ലാഭചിന്തക്ക്‌ ഇരയാകേണ്ടവർ മാത്രം. അവരുടെ കണ്ണിൽ ഞാനും ഒരു ഇരമാത്രമാണെന്ന കാര്യം ഈ തിരക്കിൽ ഞാൻ മറക്കുന്നു. അഥവാ, അസുഖകരമായ കാര്യങ്ങൾ ഓർക്കാതിരിക്കാൻ വേണ്ട ലഹരികൾ സംഭാവന ചെയ്യാൻ ഈ ചന്തയുടെ സംസ്കാരം വിസ്മരിക്കുന്നില്ലല്ലോ.
    ഈ സംസ്കാരം എല്ലാ ആത്മബന്ധങ്ങളെയും ഇല്ലായ്മ ചെയ്യുന്നു. അപരിചിതരുടെ ആൾക്കൂട്ടമായി മനുഷ്യലോകത്തെ മാറ്റിത്തീർക്കുന്ന ഒരു പുതുവ്യവസ്ഥയാണ്‌ ഉണ്ടായിരിക്കുന്നത്‌. ഈ വ്യവസ്ഥയിൽ ആർക്കും ആരെക്കുറിച്ചും വേവലാതിപ്പെടേണ്ടതില്ല; ആകെയുള്ള വേവലാതി അവനവനെക്കുറിച്ചു മാത്രം. യഥാർത്ഥത്തിൽ ഈ തിരക്കിനിടയിൽ അവനവൻ ഇല്ലാതാവുകയും പകരം എന്തൊക്കെയോ അദൃശ്യ ശക്തികൾക്ക്‌ അടിമപ്പണി ചെയ്യുന്ന ഒരു ജീവിയായി രൂപാന്തരപ്പെടുകയും ചെയ്ത വിവരം അറിയുന്നു തന്നെയില്ല. അർത്ഥരഹിതമായ വ്യഗ്രതകളുടെയും ഉത്കണ്ഠകളുടെയും സമ്മർദ്ദത്തിൽപ്പെട്ട്‌ ഞെരിഞ്ഞമർന്ന ഈ ജീവി മനുഷ്യൻ എന്ന പദവി സ്വയം നശിപ്പിച്ചിരിക്കുന്നു.
    വ്യഗ്രതപൂണ്ട ഈ നിരർത്ഥക ജീവിതത്തിന്റെ സ്വഭാവം വെളിവാക്കുന്ന എന്തെല്ലാം ആവിഷ്കരണങ്ങളാണ്‌ പ്രവാചക തുല്യമായ ഉൾക്കാഴ്ചയോടെ കഴിഞ്ഞ നൂറ്റാണ്ടിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നതെ
ന്ന്‌ ഓർത്താൽ അത്ഭുതം തോന്നും. അവയിൽ ഒന്നിലെ ഒരു സന്ദർഭം മാത്രം ചൂണ്ടിക്കാണിക്കട്ടെ. ചെക്കോസ്ലാവോക്യക്കാരായ രണ്ടു സഹോദരന്മാർ-ജോസഫ്‌ ചാ പെക്കും, കാറൽ ചാ പെക്കും -ചേർന്ന്‌ എഴുതിയ ഒരു നാടകമാണ്‌ കീടജന്മം(ഘശളല ​‍ീള കിലെര​‍േ​‍െ)ഈ നാടകത്തിലെ കീടങ്ങളെല്ലാം മനുഷ്യർ തന്നെ. എന്നുവച്ചാൽ കീടങ്ങളുടെ വാസനകൾ തന്നെയാണ്‌, മാനുഷികമായ സദ്ഭാവങ്ങളെല്ലാം നഷ്ടപ്പെട്ട വാസനകൾ തന്നെയാണ്‌, മനുഷ്യനെ ഭരിക്കുന്നത്‌ എന്നർത്ഥം. അതിലെ കഥാപാത്രങ്ങളിലൊന്ന്‌ ചാണക ഉരുള ഉരുട്ടിക്കൊണ്ടിരിക്കുന്ന വണ്ടുകളാണ്‌. നമ്മുടെ പഴയ കാർഷിക കാലത്തെ ഓർമ്മകളിൽ ആ ജീവി ഉണ്ട്‌. ഈ നാടകത്തിൽ ഭാര്യയും ഭർത്താവും കൂടി ഈ ഉണ്ട ഉരുട്ടിക്കൊണ്ടിരിക്കുന്നു. "ഒരു ചാണക ഉണ്ട സ്വന്തമായി ഉള്ളത്‌ എത്ര ആനന്ദകരമാണ്‌! ഇനി നമുക്ക്‌ ഒരെണ്ണം കൂടി ഉണ്ടാക്കണം." ഈ കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ ആരാണ്‌? എന്തു ചെയ്യാനാണ്‌ ഈ ഉണ്ട എന്ന്‌ അവർക്ക്‌ അറിഞ്ഞുകൂടാ; അറിയേണ്ട ആവശ്യവും അവർക്കില്ല. അങ്ങനെയൊന്ന്‌ സ്വന്തമായി ഉണ്ട്‌ എന്ന പൊള്ളയായ അഭിമാനമേ വേണ്ടൂ. മനുഷ്യൻ എന്ന്‌ അഹങ്കരിക്കുന്ന, സൃഷ്ടിയുടെ മകുടം എന്ന വിധം സൃഷ്ടിച്ച്‌ ഈ ലോകത്തിന്റെ പരിപാലനകർമ്മം സൃഷ്ടാവ്‌ ഏൽപ്പിച്ചു കൊടുത്ത മനുഷ്യൻ, എത്തിയിരിക്കുന്നത്‌ ഈ ചാണകവണ്ടിന്റെ പദവിയല്ലേ? സ്വന്തമായി ഉണ്ട്‌ എന്ന ദുരഭിമാനം മാത്രം പകരം തരുന്ന നിരുപയോഗ വസ്തുക്കൾ വാരിക്കൂട്ടി നിരർത്ഥകമായ പൊങ്ങച്ചങ്ങളുടെ പാഴ്ജന്മമായിക്കൊണ്ടിരിക്കുന്ന മനുഷ്യൻ എന്നതല്ലേ സത്യം?
    നാം സ്വന്തമാക്കുന്നത്‌ നമ്മെ സ്വന്തമാക്കും എന്ന്‌ ചിന്തകൻ പറഞ്ഞിട്ടുണ്ട്‌. ഏറെ പണിപ്പെട്ട്‌ സ്വരുക്കൂട്ടിയ സമ്പത്തിന്റെ അടിമയായി അതിനെ സംരക്ഷിക്കാനും പൊലിപ്പിക്കാനും വേണ്ടി സ്വാസ്ഥ്യം നഷ്ടപ്പെടുത്തി ഉഴറിജീവിക്കുന്ന മനുഷ്യൻ എത്ര സഹതാപാർഹനാണ്‌! പക്ഷേ, ഈ അവസ്ഥയിലാണ്‌ എത്തിയിരിക്കുന്നതെന്ന്‌ അറിയുന്നില്ലെന്നു മാത്രം!
    ഈ സാഹചര്യത്തിലാണ്‌, ഈ ലോകവ്യവസ്ഥ അസംബന്ധ നാടകത്തിലെ കഥാപാത്രങ്ങളായി മനുഷ്യനെ പരിവർത്തിപ്പിച്ച ദുർദ്ദശയിലാണ്‌ വൈ.എം.സി.എ പ്രവർത്തിക്കുന്നത്‌. ഈ പതനത്തിലേക്കുള്ള കുതിപ്പിനെയാണ്‌ പുരോഗതി, വികാസം എന്നൊക്കെ പറയുന്നതെന്ന കാര്യം ആരും അറിയുന്നില്ലെന്നു മാത്രം. ഇവിടെ പ്രസ്ഥാനത്തിന്റെ കർത്തവ്യം ഭാരിച്ചതായി മാറുന്നു. എന്താണ്‌ സത്യം, എന്താണ്‌ ജീവിതത്തിന്റെ പൊരുൾ, എന്ന്‌ ലോകത്തോടു പറയാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന്‌ ഒഴിയാൻ വയ്യ. ആത്മാവു നഷ്ടപ്പെട്ട മനുഷ്യനെ വീണ്ടെടുത്ത്‌ ആത്മബോധത്തിന്റെ വെളിച്ചത്തിലേക്ക്‌ ആനയിക്കാനുള്ള കനത്ത ഉത്തരവാദിത്വമാണ്‌ പ്രസ്ഥാനം വഹിക്കുന്നത്‌. ചിറ്റു വിനോദങ്ങൾ ഒരുക്കുന്ന ഒരു ക്ലബ്ബല്ല വൈ.എം.സി.എ, പണിപ്പെട്ടു സമ്പാദിക്കുന്ന ഇടവേളകളിൽ സൊറപറഞ്ഞിരിക്കാനുള്ള ഇടവുമല്ല ഇത്‌. 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്നാണ്‌ ദൈവത്തിന്റെ വചനം. സത്യത്തിലേക്ക്‌ മനുഷ്യനെ ഉണർത്താൻ കഴിയുക എന്നത്‌ വൈ.എം.സി.എയുടെ കനത്ത ഉത്തരവാദിത്വമാണ്‌.

അവൾ ഒരു പദാർത്ഥമല്ല

ശ്രീനാരായണായ(നോവൽ)

എം.കെ.ഹരികുമാറിന്റെ പുതിയ നോവൽ 'ശ്രീനാരായണായ' എന്ന നോവലിന്റെ പ്രീ പബ്ലിക്കേഷൻ തുടങ്ങി.


​‍നിശ്ശബ്ദം: കാവ്യാത്മകതയുടെ ആണെഴുത്ത്‌


ചെമ്പഴന്തി ഡി.ദേവരാജൻ 

ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം എന്ന കൃതിയിലെ 97-​‍ാം ശ്ലോകത്തിൽ അനുഭവിയാതറിവീല എന്ന വചനം അക്ഷരംപ്രതി ശരിയാണെന്ന്‌ എസ്‌.ഭാസുരചന്ദ്രന്റെ നിശ്ശബ്ദം എന്ന പുതിയ നോവൽ വായിച്ചപ്പോൾ അനുഭവിച്ചു. ചില രചനകൾ വായിച്ചതും, ചുരുക്കം ചില പ്രസംഗങ്ങൾ കേട്ടതും, ഒന്നു രണ്ടാവൃത്തി നേരിൽ കണ്ടതുമൊഴിച്ചാൽ എനിക്ക്‌ നോവലിസ്റ്റുമായി അമിതപരിചയമോ, അടുപ്പമോ അവകാശപ്പെടാനില്ല. എങ്കിലും അന്തർമുഖനും ഒതുങ്ങിയ പ്രകൃതത്തിന്റെ ഉടമയുമായ ഭാസുരചന്ദ്രന്റെ ഒരു എതിർവ്യക്തിത്വം നോവലിൽ ഉടനീളം കാണാം. വിശദാംശങ്ങളുടെ നിശ്ശബ്ദത അനുഭവിക്കുന്ന നോവലാണ്‌ നിശ്ശബ്ദം. 
ഒരു പുസ്തകം കിട്ടിയാൽ ഒറ്റയിരിപ്പിന്‌ വായിച്ച്‌ തീർക്കുന്ന എന്റെ ശീലത്തെ മാറ്റിയ കൃതിയാണ്‌ നിശ്ശബ്ദം. ഈ നോവലിൽ വായന പ്രശ്നമാകുന്നു എന്നല്ല അതിനർത്ഥം. നിശ്ശബ്ദം നിങ്ങളിൽ നിന്ന്‌ വായനയുടെ ഒരു താളം ആവശ്യപ്പെടുന്നു. ശബ്ദത്തിന്‌ പിന്നാലെ ഔദ്യോഗികമായി അലയുന്ന നായകൻ. അയാൾ ആകാശവാണി ശബ്ദലേഖകനാണ്‌. തന്റെയീ പര്യടനത്തിനിടയിൽ വായനക്കാരനെ സത്യത്തിന്റെയും മിഥ്യയുടെയും ലോകത്തേക്ക്‌ നിമിഷനേരംകൊണ്ട്‌ എത്തിക്കുകയും പിൻവാങ്ങുകയും ചെയ്യുന്നത്‌ കാണാം. രണ്ട്‌ പേജിൽ പറയാവുന്ന സംഭവങ്ങൾ രണ്ട്‌ വാചകങ്ങളിൽ ഒതുക്കുന്നത്‌ കാണുമ്പോൾ മഞ്ഞുതുള്ളിയിൽ വർണരാജി വിരിയുന്നതുപോലെ തോന്നും. ഓരോ അധ്യായവും വായിച്ചു കഴിയുമ്പോൾ, അന്തർസംഘർഷങ്ങളിലൂടെ മനസ്സ്‌ മദിക്കുമ്പോൾ, അപ്രതീക്ഷിതങ്ങളായ ട്വിസ്റ്റുകൾ സംഭവിക്കുന്നു. കലയുടെ ധർമ്മം എന്ന പാഠത്തിൽ പത്താംതരത്തിലെ മലയാളപുസ്തകത്തിൽ അസ്വാഭാവികതയിൽ സംഭാവികത തീർക്കുകയാണ്‌ കലയുടെ ധർമ്മം എന്ന്‌ പഠിച്ചതു ഓർമ്മ വരുന്നു. ഇവിടെ അസ്വാഭാവികതമായ പല സംഭവങ്ങളും ആവിഷ്കരണത്തിന്റെ പുതുമകൊണ്ട്‌ സ്വാഭാവികമായി ഭവിക്കുന്നു. ഒരു റിയലിസ്റ്റിക്‌ നോവലല്ല നിശ്ശബ്ദം. അതു മനുഷ്യമനസ്സിന്റെ ഗഹനതീരമാണ്‌. നിശ്ശബ്ദം മനഃശാസ്ത്രവിദ്യാർത്ഥികളും അധ്യാപകരും പല പ്രാവശ്യം വായിക്കേണ്ടതും പഠിക്കേണ്ടതും ചർച്ചയ്ക്ക്‌ വിധേയമാക്കേണ്ടതുമാണ്‌. മനസ്സിൽ ആഗ്രഹിക്കുന്നത്‌ കാണുകയും യാഥാർത്ഥ്യം മറ്റൊന്നായി അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥ. അതിനിടയിലൂടെ കഥയിലെ ആകാംക്ഷ നിലനിറുത്തുന്ന ആഖ്യാനചാതുരി. 
ആകാശവാണി നിലയവും നാടകസംപ്രേക്ഷണവും കലാകാരന്മാരുടെ വ്യക്തിജീവിതവുമൊക്കെ ആവിഷ്കരിക്കുമ്പോൾ മലയാളി ശ്രവ്യമാധ്യമത്തെ ആശ്രയിച്ചിരുന്ന ഒരു കാലഘട്ടം നോവലിൽ തെളിയുന്നു. പലരും പുഴയെത്തേടി അലയുമ്പോൾ ഇവിടെ കുഗ്രാമങ്ങളെ കുളിരണിയിച്ചിരുന്ന തോട്‌ ഒരു കഥാപാത്രമാകുന്നു. തോടിന്റെ സാന്നിദ്ധ്യം കൃതിയിലുടനീളം നാട്ടുമ്പുറത്തുകാരന്റെ ഉച്ഛ്വാസവായുപോലെയാകുന്നു. ചരിത്രത്തിനേക്കാൾ ഒഴുക്ക്‌ ജലത്തിനുണ്ടായിരുന്നു. ആഴവും എന്ന ഒറ്റ വാചകം മതി തോട്‌ നോവലിസ്റ്റിൻ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്നറിയാൻ. ഐതിഹാസിക കലാകാരന്മാരുടെ നാടായ ചിറയിൻകീഴിലെ ഒരു തോടിന്റെ കരയിൽ ജനിച്ചുവളർന്നയാളാണ്‌ ഭാസുരചന്ദ്രൻ എന്ന്‌ ഞാൻ പിന്നീട്‌ മനസ്സിലാക്കി. അതൊരു പാവം തോടായിരുന്നിരിക്കും. ഇത്‌ അങ്ങനെയല്ല. സ്കൂൾവാൻ മറിഞ്ഞുണ്ടായ ഒന്നിലേറെ കുട്ടികളുടെ മരണഓർമകളുമായി ഒഴുകുന്ന തിരുവന്തപുരം നഗരപ്രാന്തത്തിലെ പാർവതിപുത്തനാറാണ്‌ നിശ്ശബ്ദത്തിലെ നായിക. ആ തോടിന്റെ കരയിൽ ശബ്ദലേഖകൻ വാടകയ്ക്ക്‌ താമസിക്കാനെത്തുന്നു. ആദ്യമൊക്കെ കഥയുടെ സാക്ഷിയും ശബ്ദലേഖകനും ആവുന്നു. പിന്നെപ്പിന്നെ കഥയിലെ ഒരു കഥാപാത്രമാവുന്നു. ഒടുവിൽ കേന്ദ്രകഥാപാത്രം തന്നെയാവുന്നു. ആ വളർച്ചയാണ്‌ നിശ്ശബ്ദത്തിന്റെ ആന്തരികശിൽപം. നിങ്ങളെന്നെ മനുഷ്യനാക്കിയില്ല എന്ന നാടകത്തിന്റെ പേരിൽ തന്നെ ചില ഒളിയമ്പുകളുണ്ട്‌. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന്‌ പാടി വളർന്ന പ്രസ്ഥാനത്തിന്‌ വയലിനെയും പൈങ്കിളിയെയും പോലും സംരക്ഷിക്കുവാൻ കഴിഞ്ഞില്ല എന്ന യാഥാർത്ഥ്യമല്ലേ നാടകത്തിന്റെ പേര്‌ എന്ന സംശയം സ്വാഭാവികം. നാടകത്തിനായി ജീവിതം സമർപ്പിച്ച ചില ശുദ്ധകലാകാരന്മാരുടെ ജീവിതം നോവലിൽ ജീവിക്കുന്ന യാഥാർത്ഥ്യങ്ങളാകുന്നു. ഈ നാടകത്തിന്റെ റിഹേഴ്സലിനിടയിലാണ്‌ കഥയെ മാറ്റി മറിക്കുംവിധം ചോരചൊരിച്ചിലുണ്ടാകുന്നത്‌ അവിടം മുതൽ സെയിലൻസ്‌ വയലൻസാകുന്നു.
ഇന്ന്‌ ചാനലുകളിലെ സിനിമാതാരങ്ങളുടെ സാന്നിദ്ധ്യം പോലെയായിരുന്നു. അന്നൊക്കെ ആകാശവാണിയിലൂടെ ശബ്ദം കൊണ്ട്‌ താരങ്ങൾ ജനങ്ങളുമായി സംവദിച്ചിരുന്നത്‌. നടൻ സത്യന്റെ വരവ്‌ കൃതി ആ കാലവുമായി ചേർന്നു നടക്കുന്ന പ്രതീതി സൃഷ്ടിച്ചു. ആകാശവാണിയിൽ റേഡിയോ നാടകത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനെത്തുന്ന സത്യൻ പിന്നീട്‌, ഈ നോവലിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ്‌ നാം കാണുന്നത്‌. അതും മരിച്ചതിനു ശേഷം. ഒരേ സമയം നടനും കഥാപാത്രവും ഗോസ്റ്റും ആയി പ്രത്യക്ഷപ്പെടുകയാണ്‌ സത്യൻ. ആ ക്രാഫ്റ്റ്‌ അചുംബിതമാണ്‌. 
യക്ഷിയുടെ സാന്നിദ്ധ്യമോ സാമീപ്യമോ നമ്മുടെ ധാരാളം നോവലുകളിലും സിനിമകളിലും ഉണ്ട്‌. പാല പൂക്കുന്ന പൗർണമിരാവുകളിൽ വെള്ള വസ്ത്രം ധരിച്ച്‌ നിഴലായ്‌ ഒഴുകി ഒഴുകി വരുന്ന യക്ഷി വായനക്കാർക്ക്‌ ചിരപരിചിതം. എന്നാൽ നിശ്ശബ്ദത്തിലെ യക്ഷി അംഗപ്രത്യംഗ വർണനകളിലൂടെയോ ആകാരസൗന്ദര്യത്തിലൂടെയോ ആവിഷ്കരിക്കപ്പെടുന്നില്ല. ശബ്ദം കൊണ്ടും ഗന്ധംകൊണ്ടും പാചകം കൊണ്ടും നിറസാന്നിദ്ധ്യമാകുന്നു. രാത്രിയല്ല, പകൽ നേരത്തു വരുന്ന യക്ഷി. ഒന്നാന്തരം പാചകക്കാരിയായ യക്ഷി. തീർന്നില്ല, തെരുവിൽ പ്രസവിക്കുന്ന യക്ഷി. നോക്കുക, നോവലിസ്റ്റ്‌ പന്തും കൊണ്ട്‌ ഗോൾ പോസ്റ്റിലേക്ക്‌ പായുന്നത്‌. പലപ്പോഴും കഥാപാത്രങ്ങൾക്ക്‌ എന്തു സംഭവിക്കുമെന്ന വായനക്കാരന്റെ മുൻവിധിയെ എല്ലാ അർത്ഥത്തിലും എഴുത്തുകാരൻ തകിടം മറിച്ചുകളയുന്നു. ഇവിടെ നോവൽ ആശ്ചര്യവും അത്ഭുതവുമാകുന്നു. മലയാള നോവലിൽ ആദ്യമായാണ്‌ ഇങ്ങനെ ഒരനുഭവം. 
അഞ്ചാം അധ്യായമായ നിശ്ചലം ആരംഭിക്കുന്നതിങ്ങനെ:
ഞാനിവിടെ ഈ കഥ എഴുത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം പറയുകയാണ്‌. എന്റെ പരിമിതിയാവാം. സാഹിത്യ ബാധ്യതകളൊന്നുമില്ലാതെ കഥയെഴുതാൻ വേണ്ടിയല്ലാതെ, കുറിച്ചു പോവുകയാണല്ലോ,ഞാനീ വാക്കുകൾ. മനസ്സിന്റെ ഒഴുക്കിനെ കഴിയുന്നത്ര അതേപടി പിന്തുടരാനാണ് ശ്രമം. ഞാൻ വരച്ചിടുന്നവരിൽ ഒരാൾപോലും വെറും കഥാപാത്രങ്ങളല്ല, ജീവിച്ചിരിക്കുന്നവരാണ്‌. ശരിയായ പേരുകൾ പോലുമാണ്‌ ഡ്രാഫ്റ്റിൽ കുറിച്ചിരുന്നത്‌. പിന്നീടതു മാറ്റുകയായിരുന്നു. ഞാനല്ല വേറൊരാൾ. അതിനെപ്പറ്റി പിന്നീട്‌ പറയാം. 
നിശ്ശബ്ദത്തിലെ കഥാപാത്രങ്ങൾ സംഭവങ്ങളിലൂടെ മത്സരിച്ച്‌ ഓടുമ്പോൾ എഴുത്തുകാരൻ ഒരു നിമിഷം മാറി നിന്ന്‌ ഒരൽപം ആത്മഗതം നടത്തുന്നു. അതിലുമുണ്ട്‌ ഒരു ആകാംഷ. ഇവിടെയാണ്‌ നിശ്ശബ്ദം ശബ്ദമയമാകുന്നത്‌. 
മഴയുടെ നോവലാണ്‌ നിശ്ശബ്ദം. ചിലപ്പോൾ കനത്തും ചിലപ്പോൾ നേർത്തും മഴ പെയ്തുകൊണ്ടേയിരിക്കുന്നു. കഥാപാത്രങ്ങളുടെ ആന്തരികസംഘർഷത്തിന്‌ അനുസരിച്ച്‌ മഴയ്ക്ക്‌ ഭേദഭാവങ്ങൾ സംഭവിക്കുന്നു. എന്നാൽ സ്വപ്നാടനമഴ എന്ന അധ്യായത്തിലേക്ക്‌ വരുമ്പോൾ സത്യവും മിഥ്യയും മഴയിൽ കുതിർന്ന്‌ സംഭ്രമജനകമായ അന്തരീക്ഷമാണ്‌ തീർക്കുന്നത്‌. മരണത്തിന്റെ വേലിക്കകത്ത്‌ രോഗത്തിന്റെ വസന്തം സംഭവിച്ചു എന്ന വരികൾ എഴുതാൻ കാമ്പുള്ള നോവലിസ്റ്റ്‌ മലയാളത്തിൽ എസ്‌.ഭാസുരചന്ദ്രൻ മാത്രമാണെന്ന്‌ നോവൽ മൂന്നാം തവണ വായിച്ചപ്പോൾ ഞാനുറപ്പിച്ചു. കഥാസന്ദർഭങ്ങൾ വലിയ ഭാഷാമുഹൂർത്തങ്ങൾ കൂടിയാകുന്നു. 
മുഹൂർത്തങ്ങൾ എന്ന പേരിൽ ഒരദ്ധ്യായം തന്നെയുണ്ട്‌. അതിൽ പറയുന്നു: ജീവനുള്ള മനുഷ്യർ കടന്നുപോകുന്നു. ജീവനില്ലാത്ത വസ്തുക്കൾ തടരുന്നു. വേറൊരിടത്ത്‌  ജന്മാന്തരമാതാവാണ്‌ ഞാൻ. യുഗാതീത പുത്രനാണ്‌ നീ. ഈ വാചകങ്ങൾ മാത്രം മതി നിശ്ശബ്ദത്തിലെ ഭാഷാസ്വരൂപം വ്യക്തമാക്കാൻ. 
നോവലിസ്റ്റിന്റെ രാത്രിയാത്രിയല്ല എന്ന കഥാസമാഹാരത്തിന്റെ പേര്‌ തിരുത്തി രാത്രിയാത്രയുണ്ട്‌ എന്ന ശീർഷകമിട്ട അധ്യായം ആരംഭിക്കുന്നത്‌ കഥ പറഞ്ഞുകൊണ്ടാണ്‌ അവസാനിക്കുന്നത്‌. കട്ട്‌ ഇറ്റ്‌ എന്ന ചലച്ചിത്രസംവിധായകന്റെ ആജ്ഞയിലും. സംഭവങ്ങൾ അവതരിപ്പിക്കുന്നതിന്റെ ക്രാഫ്റ്റ്‌ വലിയ ആശ്ചര്യമുണർത്തും. ഒരുഘട്ടം കഴിഞ്ഞ്‌ നോവലിന്റെ കഥ വികസിക്കുന്നത്‌ അത്‌ ഒരു സിനിമയായി ഷൂട്ട്‌ ചെയ്യുന്ന രൂപത്തിലാണ്‌. ആ സിനിമയാകട്ടെ മുടങ്ങിപ്പോവുകയും ചെയ്യുന്നു.
നോവൽ പുതിയ ഭാഷാരൂപങ്ങളുടെ രാസശാലയാകുന്ന ഒരനുഭവം ഈ നോവൽ നമുക്ക്‌ നൽകുന്നു. പകൽപ്പാതിര അധ്യായശീർഷകം കാണുക. ഭാർഗവീനിലയം എന്ന ശീർഷകത്തിൽ വരുന്ന അധ്യായത്തിൽ ചിന്തയുടെ ഒരു വിസ്ഫോടനമുണ്ട്‌. ഭാർഗവിയേക്കാൾ വലിയ ഗോസ്റ്റ്‌ ആ കഥയിലെ എഴുത്തുകാരനാണ്‌ എന്നതാണ്‌ അത്‌. അയാൾ എവിടെ നിന്നു വരുന്നു? പേരെന്ത്‌? ഒന്നും ബഷീർ പറയുന്നില്ല. രണ്ടു ഗോസ്റ്റുകൾ തമ്മിലുള്ള കമ്മ്യൂണിക്കേഷനാണ്‌ വിശ്വവിഖ്യാതമായ ഭാർഗവീനിലയത്തിന്റെ കാതൽ എന്നു വായിക്കുമ്പോൾ ആ വ്യഖ്യാനത്തിൽ അതു വീണ്ടും സിനിമയായി കാണാനാണ്‌ വായനക്കാർ തീവ്രമായി ആഗ്രഹിക്കുക. 
160 പേജുള്ള നോവൽ വായിച്ചു തീരുമ്പോൾ 1600 പേജുകൾ വായിച്ചുതീർത്ത പ്രതീതി. കഥാപാത്രങ്ങളുടെ പൂർണത, ഓരോരുത്തരുടെയും വ്യത്യസ്തമായ ജീവിതം, കാലികവിഷയങ്ങളുടെ ഉന്മീലനം തുടങ്ങിയവയാൽ സമ്പുഷ്ടമാണ്‌ ഓരോ അധ്യായവും. നിശ്ശബ്ദം വായിച്ചുതീർത്തുകഴിഞ്ഞ്‌ ഏകദേശം പത്ത്‌ മിനിറ്റ്‌ ഞാൻ നിശ്ശബ്ദനായി നിശ്ചലനായി ഇരുന്നുപോയി. ആത്മസംഘർഷം അനുഭവിക്കാതെ ഈ നോവലിന്റെ വായന പൂർണമാകുന്നില്ല. ഇത്രയും ട്രാജഡി അനുഭവിപ്പിക്കുന്ന വേറൊരു നോവൽ മലയാളത്തിൽ ഉണ്ടെന്ന്‌ തോന്നുന്നില്ല. പുരുഷകുലത്തിൽപ്പെട്ട ആ കാവ്യാത്മകതയും അപൂർവാനുഭവമാണ്‌. സാധാരണ ഗദ്യത്തിലെ കാവ്യാത്മകത എന്നുപറയുന്നത്‌ ഗദ്യം പെൺവേഷം കെട്ടുന്നതിനെയാണല്ലോ. ഇവിടെ മറിച്ചാണ്‌. ഒരു തരം മാസ്ക്കുലൈൻ ലിറിസിസം  എന്ന്‌ പറയാം. ഒരുദാഹരണം: അഗ്നിസാക്ഷിയായി ഒന്നാകാത്തവർ അഗ്നിയാൽ ചുഴപ്പെട്ടു ഒന്നായി. ഒരൊറ്റ ദേഹമായി. 
ബർട്രാൻഡ്‌ റസ്സലാണെന്ന്‌ തോന്നുന്നു. ഒരിക്കൽ പറഞ്ഞു: വായിക്കാൻ കൊള്ളാമെങ്കിൽ വില കൊടുത്തു വാങ്ങാനും കൊള്ളാം എന്ന്‌ എസ്‌.ഭാസുരചന്ദ്രന്റെ നിശബ്ദം എന്ന നോവൽ ധൈര്യമായി വിലകൊടുത്തു വാങ്ങി വായിക്കാം. നിങ്ങൾക്ക്‌ വിലമതിക്കാനാവാത്ത അനുഭവം ലഭിക്കും എന്ന്‌ തീർച്ച. 
നിശ്ശബ്ദം (നോവൽ)
എസ്‌.ഭാസുരചന്ദ്രൻ
എൻ.ബി.എസ്‌. കോട്ടയം

പുഴകൾ മലകൾ പൂവനങ്ങൾ


സിപ്പി പള്ളിപ്പുറം 
നമ്മുടെ ഈ പരിസ്ഥിതി എത്ര മനോഹരമാണ്‌! ചേലേറുന്ന നീലാകാശം..!പാട്ടുപാടിപ്പറന്നകലുന്ന വർണ്ണപ്പറവകൾ!
ഇളം കാറ്റിൽ തലയാട്ടി രസിക്കുന്ന പച്ചത്തെങ്ങോലകൾ! ഇളനീർക്കുടങ്ങളും പേറി നിൽക്കുന്ന കേരനിരകൾ! പുത്തൻ കതിർക്കുലകളുമായി നൃത്തമാടുന്ന കാഞ്ചനവയലുകൾ! പതഞ്ഞൊഴുകുന്ന കാട്ടാറുകൾ! മലകൾ, പുഴകൾ...പൂവനങ്ങൾ! ഏലസുഗന്ധം അലിഞ്ഞു ചേർന്ന മലേയസമീരൻ...ഇങ്ങനെ, പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്രയെത്ര അനുഭവങ്ങൾ! വെറുതെയല്ല നാം നമ്മുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്നു വിശേഷിപ്പിക്കുന്നത്‌! എന്താ ശരിയല്ലേ? 
പക്ഷേ ഈ കാഴ്ചകളിൽ നിന്ന്‌ കണ്ണെടുത്ത്‌ ഇടത്തോട്ടും വലത്തോട്ടും നോക്കുമ്പോഴാണ്‌ നാം പെട്ടെന്ന്‌ മൂക്കുപൊത്തിപ്പോവുന്നത്‌! അതെന്താണെന്നല്ലേ? പറയാം. 
ഡെങ്കിപ്പനിയും, ചിക്കൻഗുനിയയും പരത്തുന്ന കാലൻ കൊതുകുകൾ പെറ്റുപെരുകുന്ന അഴുക്കുചാലുകൾ! സദാസമയവും ദുർഗന്ധം വമിക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഓടകൾ! മാലിന്യങ്ങൾ നിറഞ്ഞ പ്ലാസ്റ്റിക്‌ കിറ്റുകൾ കുന്നുകൂടിക്കിടക്കുന്ന തെരുവോരങ്ങൾ! കരചരണങ്ങൾ അരിയപ്പെട്ട സുന്ദരാംഗിയെപ്പോലെ തളർന്നു നിൽക്കുന്ന തണൽ മരങ്ങൾ! ഒഴുകാൻ വഴിമറന്നുപോയ നാടൻ കൈത്തോടുകൾ...മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന പുഴകൾ! ഇങ്ങനെ മനംപുരട്ടുന്ന എത്രയെത്ര ദുരനുഭവങ്ങൾ! ഇതൊക്കെ കാണുമ്പോൾ നാം അറിയാതെ പാഞ്ഞുപോകും: ഇത്‌ ദൈവത്തിന്റെ സ്വന്തം നാടല്ല; ചെകുത്താന്റെ സ്വന്തം നാട്‌!
പ്രകൃതിയുടെ നൈർമ്മല്യം കാത്തുസൂക്ഷിക്കുന്നതിലല്ല ഇന്ന്‌ നമുക്ക്‌ താൽപ്പര്യം. പരിസ്ഥിതിയുടെ പരിശുദ്ധി നിലനിർത്തുന്നതിലും നമുക്ക്‌ വലിയ ശ്രദ്ധയില്ല. 
വീടിനുചുറ്റും കൊതുകിനെ നന്നായ്‌
പോറ്റിവരുന്നവർ നമ്മൾ,
കൊതുകുകൃഷിക്കായ്‌ പരിസരമെല്ലാം
സംരക്ഷിപ്പൂ നമ്മൾ!
ചോരകൊടുത്തും നീരുകൊടുത്തും
രോഗം വാങ്ങും നമ്മൾ!
മന്തും പനിയും സമ്പാദിക്കാൻ
കെങ്കേമന്മാർ നമ്മൾ!
വീണ്ടും വീണ്ടും കൊതുകു വളർത്തുക 
നാടുമുടിക്കുക നമ്മൾ
കൊതുകുകൾ നീണാൾ വാഴാനായി 
പ്രാർത്ഥിച്ചീടുക നമ്മൾ 
ഇത്തരം ഒരു രീതിയിലേക്കാണ്‌ നമ്മൾ ഇന്ന്‌ മാറിക്കൊണ്ടിരിക്കുന്നത്‌. എല്ലാവരും സ്വാർത്ഥതയിലേക്കുള്ള പ്രയാണത്തിലാണ്‌. മാലിന്യങ്ങൾ കുഴിച്ചുമൂടി നശിപ്പിക്കുന്നതിലല്ല; അതൊക്കെ തൊട്ടടുത്തുള്ള തോട്ടിലേക്കോ പുഴയിലേക്കോ വലിച്ചെറിയുന്നതിലാണ്‌ നമുക്ക്‌ താൽപ്പര്യം. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പ്ലാസ്റ്റിക്‌ കിറ്റിൽ കെട്ടിയെടുത്ത്‌ ആളില്ലാത്ത തക്കം നോക്കി അയൽക്കാരന്റെ വളപ്പിലേക്ക്‌ നീട്ടിയെറിയുന്ന വിരുതന്മാരും ഇന്ന്‌ നമ്മുടെ ഇടയിൽ കുറവല്ല.
ഫലഭൂയിഷ്ടമായ നമ്മുടെ മണ്ണിൽ ഒരു ചെടിനടാൻ പോലും പറ്റാത്ത അവസ്ഥയാണിന്ന്‌. മൺവെട്ടികൊണ്ടോ തൂമ്പകൊണ്ടോ വെട്ടിയാൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ അടുക്കുകളാണ്‌ മണ്ണിനടിയിൽ കാണുന്നത്‌. അത്തരം മണ്ണിൽ നമുക്കെങ്ങനെ ചെടികൾ നട്ടുവളർത്താൻ കഴിയും?
ഒരൊറ്റ മഴകൊണ്ടുതന്നെ നാട്ടിൽ പ്രളയത്തിന്റെ പ്രതീതിയാണ്‌. എന്താണിതിനുകാരണം? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പെയ്ത്തുവെള്ളത്തിന്‌ ഭൂമിയ്ക്കടിയിലേക്ക്‌ ആഴ്‌ന്നിറങ്ങാനോ, നീർച്ചാലുകളിലൂടെ ഒഴുകിപ്പോകാനോ യാതൊരു സാധ്യതയുമില്ല. എല്ലായിടത്തും പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്‌. 
വനനശീകരണവും, പാടങ്ങൾ നികത്തിയുള്ള ഫ്ലാറ്റുനിർമ്മാണവും മണൽമാഫിയകളുടെ അഴിഞ്ഞാട്ടവുമെല്ലാം നമ്മുടെ പരിസ്ഥിതിക്ക്‌ വലിയ കോട്ടം വരുത്തിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പ്രശസ്ത കവി അയ്യപ്പപ്പണിക്കർ ഇങ്ങനെ ചോദിച്ചു പോയത്‌. 
മരവും മനുഷ്യനും കിളിയും മൃഗങ്ങളും 
ചൊടിയും ചൊടിക്കാത്ത നാടെവിടെ മക്കളേ? 
വിഷവാതമൂതാത്ത,വിഷവാണി കേൾക്കാത്ത
വിഷനീർ കുടിക്കാത്ത നാടെവിടെ മക്കളേ? 
ഈ ചോദ്യം നമ്മുടെ മുന്നിലും ഉത്തരം കിട്ടാതെ അലയുകയാണ്‌! ഇത്‌ ദൈവത്തിന്റെ സ്വന്തം നാടോ? ചെകുത്താന്റെ സ്വന്തം നാടോ? ഇത്‌ ആരുടെ സ്വന്തം നാട്‌? 
കുടിനീരിനു വേണ്ടിയുള്ള നമ്മുടെ നിലവിളിയ്ക്കും സങ്കടത്തിനും കാരണം പരിസ്ഥിതി സംരക്ഷണത്തിൽ നാം കാണിക്കുന്ന ഉദാസീനതയാണ്‌. കുളങ്ങളും കിണറുകളും തോടുകളും മറ്റു ജലാശയങ്ങളുമെല്ലാം കാത്തുപാലിക്കേണ്ടത്‌ നമ്മുടെ ചുമതലയാണ്‌. ഇത്തരം ജലസ്രോതസ്സുകൾ ഇന്ന്‌ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്‌. ഇവയുടെ വില തിരിച്ചറിഞ്ഞാൽ നമുക്ക്‌ ഒരു കാലത്തും ദുഃഖിക്കേണ്ടതായി വരുകയില്ല.
സിന്ധു നദീതടത്തിൽ പണ്ട്‌ സൈകതം എന്നൊരു നാടുണ്ടായിരുന്നു. സുബാലി എന്നൊരു നാടുവാഴിയാണ്‌ സൈകതം ഭരിച്ചിരുന്നത്‌. ധാരാളം മലകളും തടാകങ്ങളും കൈത്തോടുകളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു അത്‌. പൂച്ചെടികളും ഫലവൃക്ഷങ്ങളും ആ നാടിനെ കൂടുതൽ മനോഹരമാക്കി.
സൈകതത്തിലേക്കു വരാൻ രാജക്കന്മാർക്കും വിനോദസഞ്ചാരികൾക്കുമൊക്കെ വലിയ ഇഷ്ടമായിരുന്നു. കാരണമെന്തെന്നോ? ധാരാളം ഫലവൃക്ഷങ്ങളുണ്ടെങ്കിലും ഒരിലപോലും വഴിയിൽ കാണില്ല. ചെടികൾ തോറും തൂങ്ങിയാടുന്ന പക്ഷിക്കൂടുകൾ! എപ്പോഴും സുഗന്ധം പരത്തി നിൽക്കുന്ന പൂച്ചെടികൾ! ഒട്ടും കളങ്കമില്ലാതെ കുതിച്ചു പായുന്ന കുളിരരുവികൾ!
ഇത്രയും ഭംഗിയായി ഈ നാടിനെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രദ്ധിച്ചിരുന്ന ഒരാൾ അവിടെയുണ്ടായിരുന്നു. അതാരെന്നോ? സുബാലിയുടെ വിശ്വസ്തനായ തൂപ്പുകാരൻ നിർമ്മലാനന്ദൻ! ശുചീകരണത്തിന്റെ കാര്യത്തിൽ അയാൾ വളരെ ജാഗരൂകനായിരുന്നു.
വഴികളിലും പരിസരത്തുമൊക്കെ വീണുകിടക്കുന്ന ഇലകളും കായ്കളുമെല്ലാം അടിച്ചു കൂട്ടി നിർമ്മലാനന്ദൻ പാടത്തും പറമ്പിലുമൊക്കെ വളമായി ഉപയോഗിച്ചു. ഫലവൃക്ഷങ്ങളും വയലേലകളും പൂച്ചെടികളുമെല്ലാം അവിടെ തഴച്ചു വളർന്നു. 
ചപ്പുചവറുകൾ വീണ്‌ തോടുകളും തടാകങ്ങളും വൃത്തിഹീനമാകാതിരിക്കാൻ നിർമ്മലാനന്ദൻ പ്രത്യേകം ശ്രദ്ധവച്ചു. എലികളുടെ ശല്യമോ കൊതുകുശല്യമോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ അന്നാട്ടുകാർക്ക്‌ പകർച്ച വ്യാധികളെയോ മറ്റുരോഗങ്ങളെയോ ഭയപ്പെടേണ്ടതായും വന്നില്ല.
ഇക്കാരണങ്ങളാൽ സുബാലി തന്റെ തൂപ്പുകാരന്‌ മാസന്തോറും ണല്ലോരുതുക ശമ്പളമായി നൽകി വന്നിരുന്നു. ഉത്സവദിവസങ്ങളും മറ്റു വിശേഷ ദിനങ്ങളും വരുമ്പോൾ നിർമ്മലാനന്ദനെ വിളിച്ച്‌ പ്രത്യേകം അഭിനന്ദിക്കാനും, അയാൾക്ക്‌ വിലയേറിയ പാരിതോഷികം നൽകാനും സുബാലി മടി കാണിച്ചിരുന്നില്ല.
വർഷങ്ങൾ കടന്നുപോയി. സൈകതരാജ്യത്തിന്റെ പേരും പെരുമയും ലോകമെമ്പാടും പരന്നു. ഇതിനിടയിൽ ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നിരവധി പുരസ്കാരങ്ങൾ നാടുവാഴിയായ സുബാലിക്ക്‌ ലഭിക്കുകയും ചെയ്തു. അതിനെല്ലാം അദ്ദേഹം നിർമ്മലാനന്ദനോട്‌ നന്ദിപറയുകയും ചെയ്തു. 
ഒട്ടും വൈകാതെ സുബാലി മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഏകപുത്രനായ ശക്തിഭദ്രൻ നാടിന്റെ അധികാരിയായി സ്ഥാനാരോഹണം ചെയ്തു. അപ്പോഴേയ്ക്കും നിർമ്മലാനന്ദൻ തീരെ വൃദ്ധനായിക്കഴിഞ്ഞിരുന്നു. എങ്കിലും അയാൾ തന്റെ ജോലികൾ പഴയതുപോലെ തന്നെ കൃത്യമായും ഭംഗിയായും വിശ്വസ്തമായും നിർവ്വഹിച്ചു വന്നു. 
പതിവുപോലെ അയാൾ ശമ്പളം വാങ്ങാനായി പുതിയ നാടുവാഴിയുടെ മുന്നിലെത്തി. ശക്തിഭദ്രൻ ഗൗരവത്തോടെ പറഞ്ഞു: 'ഹേയ്‌ കിഴവാ, പ്രതിമാസം ഇത്രവലിയ തുകയൊന്നും ശമ്പളം തരാൻ എനിക്കു പറ്റില്ല. വെറുതെ ചവറുപെറുക്കുകയും തോടുവൃത്തിയാക്കുകയും മാത്രമല്ലേ നിങ്ങളുടെ ജോലി? ഇനിമേൽ ചവറൊക്കെ നാട്ടുകാർ പെറുക്കിക്കൊള്ളും. തോടുകൾ വേണ്ടവർ നന്നാക്കിക്കൊള്ളും. അവസാനത്തെ ശമ്പളവും വാങ്ങി പൊയ്ക്കൊള്ളൂ. ഇനിമേൽ ജോലക്കായി ഇങ്ങോട്ടു വരേണ്ടതില്ല!' ശക്തിഭദ്രൻ അപ്പോൾത്തന്നെ നിർമ്മലാനന്ദനെ ജോലിയിൽ നിന്ന്‌ പിരിച്ചയച്ചു. അയാൾ കണ്ണീരോടെ ആ കൊട്ടാരത്തോട്‌ യാത്ര പറഞ്ഞു.
നാളുകൾ കുറെ കഴിഞ്ഞു. ഇലകളും ചുള്ളിക്കമ്പുകളും തുരുതുരാ വീണ്‌ വഴികൾ വൃത്തിഹീനമായി. ചപ്പു ചവറുകൾ കുമിഞ്ഞു കൂടി തോടുകളും തടാകങ്ങളും നികന്നു. പൂത്തുലഞ്ഞു നിന്നിരുന്ന പൂച്ചെടികൾ കരിഞ്ഞുണങ്ങി. നിറയെ കാഴ്ച്ചു നിന്നിരുന്ന ഫലവൃക്ഷങ്ങൾ കായ്ക്കാതായി. വയലേലകളിൽ പൊൻകതിരുകൾ വിളയാതായി. ഓടകൾ ചീഞ്ഞുനാറി. 
നാട്ടിൽ എലികളും പെരിച്ചാഴികളും കൊതുകുകളും പെരുകി. എവിടെയും പലവിധ രോഗങ്ങൾ പടർന്നു പിടിക്കാൻ തുടങ്ങി. ദുർഗന്ധം സഹിക്കാനാവാതെ ആളുകൾ നെട്ടോട്ടമോടി! പഴയതുപോലെ വിനോദസഞ്ചാരികളും രാജാക്കന്മാരുമൊന്നും അവിടേയ്ക്ക്‌ വരാതെയായി. എന്തിനുപറയുന്നു; നാടാകെ മുടിഞ്ഞു! ഐശ്വര്യദേവത അവിടെ നിന്നും എന്നന്നേക്കുമായി വിടപറഞ്ഞു.
'ഈ നാട്ടിൽ ഇനി സൈർവ്വമായി കഴിയുക വയ്യ. ഇവിടെ ഒട്ടും വൃത്തിയും വെടിപ്പുമില്ല. നമുക്ക്‌ നാടുവിടാം.' ആളുകൾ ഓരോരുത്തരായി സൈകതരാജ്യത്തോട്‌ വിടപറയാൻ തുടങ്ങി. അപ്പോഴാണ്‌ ശുചിത്വത്തെക്കുറിച്ചും പരിസരമലിനീകരണത്തെക്കുറിച്ചും ശക്തിഭദ്രന്‌ ബോധം വന്നത്‌. പക്ഷേ എന്തു ചെയ്യാം ഇതിനകം തന്നെ അവിടെ ജീവിച്ചിരുന്ന കൂടുതൽ കുടുംബങ്ങളും നാടുവിട്ട്‌ പൊയ്ക്കഴിഞ്ഞിരുന്നു.

വിജയരഹസ്യങ്ങൾ





ജോൺ മുഴുത്തേറ്റ്‌

നല്ല വായന നിങ്ങളെ നല്ല വ്യക്തിയാക്കും
ജയരാജ്‌ വളരെ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു. അവൻ എം.എയ്ക്ക്‌ പഠിക്കുന്നു. പലപ്പോഴും അവൻ വളരെ ദുഃഖിതനായി കാണപ്പെട്ടു. മനസിന്‌ ഒരസ്വസ്ഥത. ജീവിതത്തിലുണ്ടായ പരാജയങ്ങളെപ്പറ്റിയും നഷ്ടങ്ങളെപ്പറ്റിയും ഓർത്തു വിഷമിക്കുന്ന സ്വഭാവം. പലപ്പോഴും പഠിക്കാൻ കഴിയുന്നില്ല. പുസ്തകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോലും പ്രയാസം. നിസാരപ്രശ്നങ്ങൾ അവനെ തളർത്തിക്കളയുന്നു. പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ച്‌ ചിന്തിച്ച്‌ തല ചൂടാക്കുന്നു. ഒന്നിനും ഒരാത്മവിശ്വാസവുമില്ല, ഒന്നിലും ഒരു താൽപര്യവുമില്ല.
ഇതിന്‌ ഒരു പരിഹാരം തേടിയാണ്‌ ജയരാജ്‌ കൗൺസിലിംഗിനെത്തിയത്‌. രണ്ടു കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു പുസ്തകം വായിക്കാനായി നൽകി. ഡെയ്‌ല്‌ കാർണിയുടെ ?ഹൗ ടു സ്റ്റോപ്പ്‌ വറിയിംങ്ങ്‌ ആന്റ്‌ സ്റ്റാർട്ട്‌ ലിവിംഗ്‌? എന്ന പ്രശസ്ത ഗ്രന്ഥം. അയാൾ ആവേശപൂർവ്വം പുസ്തകം കൈപ്പറ്റി. പറഞ്ഞിരുന്നതുപോലെ ഒരാഴ്ച കഴിഞ്ഞ്‌ വീണ്ടും എത്തി. തികഞ്ഞ ആത്മവിശ്വാസവും സന്തോഷവും ജയരാജിന്റെ മുഖത്തു ദൃശ്യമായിരുന്നു. ഈ ഗ്രന്ഥം വളരെ നേരത്തെ വായിക്കേണ്ടതായിരുന്നു എന്ന അഭിപ്രായപ്പെടുകയും ചെയ്തു. തന്റെ ചിന്താരീതികൾക്ക്‌ മാറ്റം വരുത്തുവാൻ ഇടവരുത്തിയ ഈ പുസ്തകം തെരഞ്ഞെടുത്തു നൽകിയതിന്‌ അയാൾ നന്ദി പറഞ്ഞു. അയാൾക്ക്‌ കൂടുതൽ കൗൺസലിംഗ്‌ കൂടിക്കാഴ്ചകൾ വേണ്ടിവന്നില്ല. ഇപ്പോൾ അയാൾ ഒരു നല്ല വായനക്കാരനായി മാറിയിരിക്കുന്നു. നല്ല പുസ്തകങ്ങൾ അയാളുടെ ഉറ്റമിത്രങ്ങളായിത്തീർന്നിരിക്കുന്നു. അയാൾ തികച്ചും സംതൃപ്തനും സന്തുഷ്ടനുമായിത്തീർന്നിരിക്കുന്നു.
ഇതുപോലെ ധാരാളം അനുഭവങ്ങൾ നിങ്ങൾക്കും പറയാനുണ്ടാകും. ഉത്തമഗ്രന്ഥങ്ങൾ അമൂല്യമായ രത്നഖനികളാണ്‌. അതിന്റെ മൂല്യം മനസിലാക്കാൻ പ്രാപ്തി നേടണമെന്നതാണ്‌ പ്രധാനം. 
വിശാലമായ വിജ്ഞാനലോകത്തിലേയ്ക്കുള്ള കവാടമാണ്‌ ഉത്തമഗ്രന്ഥങ്ങൾ. അത്ഭുതകരമായ നൂതന മാസ്മരിക മേഖലകളിലേയ്ക്ക്‌ അവ നിങ്ങളെ കൈപിടിച്ച്‌ ഉയർത്തുന്നു. നിങ്ങളുടെ ചിന്തയേയും മനോഭാവത്തെയും സ്വാധീനിക്കുന്നു. ജീവിതത്തിന്‌ പുതിയ ദർശനം നൽകുന്നു. നിങ്ങളുടെ സ്വഭാവത്തിലും, പെരുമാറ്റത്തിലും വ്യതിയാനം വരുത്തുന്നു. 
കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ ഗ്രന്ഥങ്ങൾക്കുള്ള പങ്ക്‌ അവർണനീയമാണ്‌. മഹാന്മാരുടെ ആത്മകഥകൾ അവർക്ക്‌ പ്രചോദനമേകുന്നു.  അവരുടെ ആദര രൂപങ്ങൾ അവരുടെ മനസിൽ ചിരപ്രതിഷ്ഠ നേടുന്നു. അത്‌ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും ധന്യമാക്കുകയും ചെയ്യുന്നു.
നിങ്ങൾ ഒരു ഡിക്റ്ററ്റീവ്‌ നോവൽ വായിക്കുന്ന ലാഘവത്തോടെയല്ലാ ഒരു ?സെൽഫ്‌ ഹെൽപ്പ്‌ ബുക്ക്‌? (Self Help Book) വായിക്കേണ്ടത്‌. അത്തരം പുസ്തകങ്ങൾ അതീവ ശ്രദ്ധയോടു കൂടിയാവണം വായിക്കേണ്ടത്‌. നെപ്പോളിയൻ ഹില്ലിന്റെ അഭിപ്രായത്തിൽ ?ഗ്രന്ഥകർത്താവ്‌ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നും അയാൾ നിങ്ങൾക്ക്‌ വേണ്ടി പ്രത്യേകം എഴുതുകയാണെന്നും വിചാരിച്ചു കൊണ്ട്‌ വേണം ഗ്രന്ഥപാരായണം നടത്തുവാൻ.
എബ്രഹാം ലിങ്കൺ പുസ്തക പാരായണം നടത്തിയിരുന്നത്‌ അത്തരത്തിലായിരുന്നു. വായിക്കുമ്പോൾ ഓരോ ആശയങ്ങളെപ്പറ്റിയും ചിന്തിക്കുന്നതിനും അവ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനും ശ്രമിച്ചിരുന്നു. 
മോർട്ടിമർ ജെ. അഡ്ലർ (Mortimer J. Adler) ഒരു പുസ്തകം എങ്ങനെയാണ്‌ വായിക്കേണ്ടത്‌ എന്ന്‌ വിശദമാക്കുന്നു. നാലു ഘട്ടങ്ങളാണ്‌ അദ്ദേഹം നിർദ്ദേശിക്കുന്നത്‌.
1. ഒന്നാംഘട്ടം
ആദ്യഘട്ടത്തിൽ ഗ്രന്ഥത്തിന്റെ പൊതുവായ ഉള്ളടക്കം മനസിലാക്കുക. ഈ ആദ്യവായനയിൽ പ്രധാന പദങ്ങളും വാചകങ്ങളും അടിവരയിട്ട്‌ അടയാളപ്പെടുത്തുക. മാർജിനിൽ നോട്ടു കുറിക്കാം. (സ്വന്തം പുസ്തകമെങ്കിൽ മാത്രം). വായനാവേളയിൽ തെളിയുന്ന പുത്തൻ ആശയങ്ങൾ പ്രത്യേകം കുറിച്ചിടുക.
2. രണ്ടാംഘട്ടം
രണ്ടാംഘട്ട വായന ആശയങ്ങളിൽ പ്രത്യേകമായ ഊന്നൽ കൊടുത്തുകൊണ്ടുള്ളതാണ്‌. പുത്തൻ ആശയങ്ങൾ ഗ്രന്ഥത്തിൽ ഉണ്ടെങ്കിൽ അത്‌ ശരിയായി ഉൾക്കൊള്ളാൻ പ്രത്യേകം ശ്രദ്ധിക്കണം.
3. മൂന്നാംഘട്ടം
മൂന്നാംഘട്ടവായന ഭാവിയിലേക്ക്‌ വേണ്ടിയാണ്‌. ഇത്‌ ഒരു ഓർമ്മ പുതുക്കൽ ആണ്‌. പ്രത്യേകമായ അർത്ഥതലങ്ങൾ ഉള്ള വാചകങ്ങൾ അതേപടി ഓർക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആനുകാലിക പ്രശ്നങ്ങളുമായി അവയെ ബന്ധപ്പെടുത്തുക. പുതിയ നല്ല ആശയങ്ങൾ സ്വജീവിതത്തിൽ പകർത്തുക.
4. നാലാംഘട്ടം
നാലാംഘട്ട വായന, പ്രധാനാശയങ്ങൾ വീണ്ടും ഓർക്കുന്നതിനും ലഭിച്ച പ്രചോദനം പുനർജനിപ്പിക്കുന്നതിനുമാണ്‌. നിങ്ങൾക്ക്‌ പണ്ടു ലഭിച്ച ഉയർന്ന ഉത്തേജനവും ആവേഗവും നാളുകൾ കൊണ്ട്‌ കെട്ടടങ്ങിയിട്ടുണ്ടെങ്കിൽ അത്‌ വീണ്ടും ഊതികത്തിക്കാൻ ഈ വായന ഉപകരിക്കും.
ജോസഫ്‌ അഢിസൺ പറഞ്ഞതുപോലെ 'ശരീരത്തിന്‌ വ്യായാമം പോലെയാണ്‌ മനസിന്‌ വായന'. 'ഒരു നല്ല ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന ആയുധമാണ്‌ വായന' എന്നാണ്‌ മോർട്ടിമർ ജെ. ആഡ്ലർ (Mortinier. J. Adler) ഉദ്ഘോഷിച്ചതു.
നിങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാവുന്ന ഏതാനും ഉത്തമഗ്രന്ഥങ്ങളാണ്‌ താഴെപ്പറയുന്നവ. വേറെയും ധാരാളം ഗ്രന്ഥങ്ങൾ ലഭ്യമാണെങ്കിലും ഈ ലേഖകനെ കൂടുതൽ ആകർഷിച്ച ആറ്‌ ഗ്രന്ഥങ്ങളാണിവ.
1. തിങ്ക്‌ ആന്റ്‌ ഗ്രോ റിച്ച്‌  - നെപ്പോളിയൻ ഹിൽ
2. ദി പവ്വർ ഓഫ്‌ പോസിറ്റീവ്‌ തിങ്കിംഗ്‌ - നോർമൻ വിൻസെന്റ്‌ പീൽ
3. ഹൗ ടു സ്റ്റോപ്‌ വറിയിങ്‌ ആന്റ്‌ സ്റ്റാർട്ട്‌ ലിവിംഗ്‌ - ഡെയ്‌ല്‌ കാർണി
4. 7 ഹാബിറ്റ്സ്‌ ഓഫ്‌ ഹൈലി ഇഫക്ടീവ്‌ പീപ്പിൾ - സ്റ്റീഫൻ. ആർ. കോവെ
5. ഓട്ടോബയോഗ്രാഫി ഓഫ്‌ ബഞ്ചമിൻ ഫ്രാങ്ക്ലിൻ - ബഞ്ചമിൻ ഫ്രാങ്ക്ലിൻ
6. സൈക്കോസൈബർനെറ്റിക്സ്‌  - മക്സ്‌വെൽ മുൾട്സ്‌
പ്രശസ്ത എഴുത്തുകാരനായിരുന്ന നോർമൻ കസിൻസ്‌ പറഞ്ഞതുപോലെ ?വായിക്കാൻ കഴിയുന്ന ഓരോരുത്തർക്കും അഗാധമായി എങ്ങനെ വായിക്കണം എന്ന്‌ പഠിക്കാൻ കഴിയും. അങ്ങനെ സമ്പൂർണ്ണമായി ജീവിക്കുന്നതിനും?. പക്ഷെ ഇന്നത്തെ പ്രധാനപ്രശ്നം വായിക്കാൻ സമയമില്ല എന്നതാണ്‌. നമ്മെ സമ്പൂർണ്ണ ജീവിതത്തിലേക്ക്‌ നയിക്കുന്ന വായന അവഗണിക്കപ്പെടുകയാണോ?
കുട്ടികളിൽ വായനാശീലം വളർത്തുന്നത്‌ അവരെ നന്നായി ജീവിക്കാൻ പഠിപ്പിക്കുന്നതിനു തുല്യമാണ്‌. ഗുസ്റ്റാവ്‌ ഫ്ലോബേർ പറഞ്ഞതുപോലെ 'ജീവിക്കാൻ വേണ്ടി വായിക്കുക.'
പണ്ടൊക്കെ മുത്തശ്ശിമാർ പറഞ്ഞു കൊടുക്കുന്ന കഥകളായിരുന്നു കുട്ടികൾക്ക്‌ അനുഗ്രഹമായിരുന്നത്‌. ഇന്നത്തെ അണുകുടുംബങ്ങളിൽ അതിനുള്ള സൗകര്യം ലഭിക്കാതെ പോകുന്നു. അതുകൊണ്ട്‌ രാത്രിയിൽ കിടക്കാൻ പോകുന്ന കുട്ടികൾക്ക്‌ കഥ പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കൾ അവരുടെ മാനസിക വളർച്ചയിൽ ഒരു വലിയ പങ്കാണ്‌ വഹിക്കുന്നത്‌. ദൂരെ ജോലിയുള്ള മാതാപിതാക്കൾ കുട്ടികൾക്ക്‌ വേണ്ടി കഥകൾ വായിച്ച്‌ റിക്കാർഡ്‌ ചെയ്ത്‌ അയയ്ക്കുന്നു. കുട്ടികൾ അമ്മയുടെ/അച്ഛന്റെ പ്രിയപ്പെട്ട ശബ്ദത്തിൽ ഈ കഥകൾ കേൾക്കുന്നു. അതവർക്ക്‌ അതിയായ ആനന്ദം നൽകുന്നു. മാതാവോ പിതാവോ ജയിലിലാണെങ്കിൽ പോലും അവരുടെ ശബ്ദത്തിൽ കഥകൾ വായിച്ച്‌ റിക്കാർഡ്‌ ചെയ്ത  കാസറ്റോ സിഡിയോ കുട്ടികൾക്ക്‌ ലഭ്യമാക്കാൻ ?ദി സ്റ്റോറി ബുക്ക്‌ പ്രോഗ്രം, ദി റോളിംഗ്‌ റീഡേഴ്സ്‌ തുടങ്ങിയ പേരുകളിൽ സന്നദ്ധസംഘടനകൾ തന്നെ അമേരിക്കയിൽ പ്രവർത്തിക്കുന്നു.
അമേരിക്കയിൽ നോവലുകളും കഥകളും റിക്കാർഡ്‌ ചെയ്ത കാസറ്റും സിഡിയും ലഭ്യമാണ്‌. കാറിലോ, ബസിലോ, ട്രെയിനിലോ എല്ലാം യാത്ര ചെയ്യുമ്പോഴും ബസ്റ്റാൻഡിലോ, റെയിൽവേ സ്റ്റേഷനിലോ, എയർപോർട്ടിലോ കാത്തിരിക്കുമ്പോഴും പാട്ടുകേൾക്കുന്നതുപോലെ ഈ കഥകൾ ശ്രവിക്കാൻ കഴിയും. 
അമേരിക്കയിൽ തടവുകാരുടെയിടയിൽ നടപ്പാക്കുന്ന ചെയ്ഞ്ചിംഗ്‌ ലൈവ്സ്‌ ത്രൂ ലിറ്ററേച്ചർ (Changing Lives Through Literature) എന്ന പ്രത്യേക പരിപാടിയിലൂടെ ധാരാളം തടവുകാരുടെ മാനസികാവസ്ഥയിൽ മാറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട്‌. രണ്ടാഴ്ചയിൽ ഒരു നോവൽ വച്ച്‌ ആറു നോവലുകൾ അവർ കൂട്ടായി വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. അവരുടെയിടയിലുള്ള തുടർകുറ്റകൃത്യങ്ങൾ 80 ശതമാനം വരെ കുറയ്ക്കാൻ ഇതുമൂലം സാധിക്കുന്നുണ്ട്‌ എന്നാണ്‌ റിപ്പോർട്ടുകൾ.
വില്യം എല്ലെറി ചാന്നിങ്‌ (William Ellery Charnning) പറഞ്ഞതുപോലെ ??ഉത്തമഗ്രന്ഥങ്ങളിലൂടെ മഹാന്മാർ നമ്മോടു സംസാരിക്കുന്നു. അവരുടെ ഏറ്റവും വിലയേറിയ ചിന്തകൾ നമുക്ക്‌ നൽകുന്നു. അവരുടെ ആത്മാവുകളെ നമ്മിലേക്ക്‌ ചൊരിയുന്നു.
ഉത്തമകൃതികൾ നമുക്കു ചിറകുകൾ നൽകുന്നു, നമ്മുടെ ചിന്തയെ ഉത്തേജിപ്പിക്കുന്നു, ഹൃദയത്തെ ഉദ്ദേ‍ീപിപ്പിക്കുന്നു, മനസിനെ പ്രസന്നമാക്കുന്നു, നമ്മിൽ ആത്മബോധം ജനിപ്പിക്കുന്നു, നമ്മെ ആത്മജ്ഞാനത്തിലേക്ക്‌ നയിക്കുന്നു. അവ ഏകാന്തത്തയിലെ ഉറ്റ ചങ്ങാതിമാരാകുന്നു. ഗുരുവും ഉപദേശകനും കൗൺസിലറുമാകുന്നു. അവ നമ്മെ പ്രചോദിപ്പിക്കുന്നു. രസിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ ആഡ്രൂ കാർണിജി (Andrew Carnegie) ഇങ്ങനെ പറഞ്ഞത്‌: 'മനുഷ്യന്റെ വായനാപദ്ധതി അവന്റെ ആഹാരദിനചര്യ പോലെ തന്നെ വളരെ ശ്രദ്ധാപൂർവ്വം പ്ലാൻ ചെയ്യണം. എന്തുകൊണ്ടെന്നാൽ അതും ഒരാഹാരമാണ്‌. അതില്ലാതെ അവന്‌ മാനസികമായി വളരുവാൻ കഴിയുകയില്ല.'

മാറാടൽ


സണ്ണി തായങ്കരി
     സുദേവനെ ഞാൻ ആദ്യമായും അവസാനമായും കണ്ടത്‌ ഇന്നലെയാണ്‌. 
    എന്നത്തേയുംപോലെ അതിരാവിലെ ഉണർന്ന്‌, ദിനചര്യകൾ പൂർത്തിയാക്കി, ഏതാനും പത്രങ്ങൾ നിവർത്തി പോസിറ്റീവ്‌ ന്യൂസുകൾക്കായി ഒരു ഓട്ടപ്രദക്ഷിണം നടത്തി. ഇക്കാലത്ത്‌ നേഗറ്റീവ്‌ ന്യൂസുകളിൽനിന്ന്‌ പോസിറ്റീവ്‌ ന്യൂസുകൾ വേർതിരിക്കുകയെന്നത്‌ ഒരു ഭഗീരഥ പ്രയത്നംതന്നെയാണ്‌. ന്യൂ ജനറേഷൻ ജേർണലിസ്റ്റുകളുടെ ലാംഗുവേജ്‌ മാജിക്കിൽ പോസിറ്റീവ്‌-നേഗറ്റീവ്‌ അതിരുകൾ അവ്യക്തമാകുന്നു. അറിയാതെങ്ങാനും ഒരു നേഗറ്റീവ്‌ ന്യൂസ്‌ വായിച്ചുപോയാൽ അന്നത്തെ ദിവസം മുഴുവൻ മനസ്സ്‌ മൂടിക്കെട്ടിയ ആകാശംപോലെയാകും.
    ഡയറിയിൽ രേഖപ്പെടുത്തിയ, അന്ന്‌ പരിഗണിക്കേണ്ട കേസുകളിലേക്ക്‌ ഒരുവട്ടം കണ്ണോടിച്ചതേയുള്ളു. അപ്പോഴാണ്‌ കോളിംഗ്‌ ബെൽ ശബ്ദിച്ചതു. ഭാര്യയാണ്‌ വന്നുപറഞ്ഞത്‌ ആരോ കാണാൻ വന്നിരിക്കുന്നുവേന്ന്‌. ആരാണെന്ന്‌ ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. 
    വിസിറ്റേഴ്സ്‌ ആരാണെന്ന്‌ വ്യക്തമായി അറിഞ്ഞിട്ടേ സ്വീകരിക്കാവുവേന്ന്‌ പലവട്ടം പറഞ്ഞിട്ടുള്ളതാണ്‌. വിധി പ്രസ്താവിക്കാനുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചും. ഒരു ന്യായാധിപന്റെ നിസ്സഹായവസ്ഥ ആരറിയാൻ? സാധാരണ സഹായം അഭ്യർഥിച്ചെത്തുന്നവർ രണ്ടുതരക്കാരണ്‌.ഒരു കൂട്ടർക്ക്‌ പണമാണ്‌ ആവശ്യം. അർഹിക്കുന്നവർക്ക്‌ അത്‌ കൊടുക്കുകയേ വേണ്ടു. അവർ സ്ഥലം വിട്ടുകൊള്ളും. പക്ഷേ... രണ്ടാമത്തെ കൂട്ടർ കേസുമായി ബന്ധപ്പെട്ടവരാകും. വാദിയോ പ്രതിയോ. അത്തരക്കാരെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. 
    ആരാവും? ഇന്ന്‌ വിധി പ്രസ്താവിക്കേണ്ട കേസിലെ കക്ഷികളാരെങ്കിലുമാകുമോ... നിരപരാധികളുടെ കണ്ണുനീർ കാണുമ്പോൾ ഇടനെഞ്ചിൽ ഒരു പിടുത്തം അനുഭവപ്പെടും. പക്ഷേ, തെളിവുകൾ അവർക്ക്‌ അനുകൂലമാകണമെന്നില്ല. കോടതിക്ക്‌ ആവശ്യം തെളിവുകളാണ്‌. അവിടെ നിരപരാധിത്വത്തിനോ മനുഷ്യത്വത്തിനോ ഒന്നും സ്ഥാനമില്ല. അപ്പോൾ സ്വഭാവികമായും വിധി അവർക്കെതിരാകും. 
    പൂമുഖത്തെത്തിയപ്പോൾ കൃശഗാത്രനായ ഒരാൾ. അയാൾ കൈകൾ കൂപ്പി. ഒരു മുപ്പത്‌ മുപ്പത്തഞ്ചിനപ്പുറം പോകില്ല. അകാലനര മുഖം കാണിച്ചുതുടങ്ങിയിട്ടുണ്ട്‌. മുഖത്ത്‌ പരന്നുകിടക്കുന്ന കറുത്ത കുറ്റിത്താടിയിലും വെള്ളിനൂൽ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
   നിസംഗതയാണ്‌ ആ മുഖത്തിന്റെ മുഖമുദ്രയെന്ന്‌ തോന്നി. ഉത്ക്കണ്ഠയോടെ ഞാൻ ഒരു സ്വയം പരിശോധന നടത്തി. എന്നെങ്കിലും, എവിടെവച്ചെങ്കിലും പരിചയപ്പെട്ട, ഒരു വാക്കെങ്കിലും സംസാരിച്ചിട്ടുള്ള ഒരാൾ... ഇല്ല, ഓർമയുടെ ഫ്ലാഷ്ബാക്കിലൊന്നും ഇതുപോലെ ഒരാളില്ല.
   എങ്കിലും ആ മുഖത്തേക്ക്‌ നോക്കിയപ്പോൾ ഔപചാരികതയുടെ വാക്കുകൾ ഗർഭസ്ഥാവസ്ഥയിൽ പ്പോലുമെത്തിയില്ല. ഒരു ന്യായാധിപൻ അത്തരം ഹൃദയവിശാലത കാണിക്കാൻ പാടില്ലാത്തത്താണ്‌. ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയുടെ പരമ്പരാഗത രീതിയനുസരിച്ച്‌ ന്യായാധിപൻ സാധാരണക്കാരിൽനിന്ന്‌ ഭാവംകൊണ്ടും മനോഭാവംകൊണ്ടും അകലം സൂക്ഷിക്കേണ്ടവനാണ്‌. കയ്യെത്താദൂരത്ത്‌ ചില്ലുമേടയിൽ വസിക്കേണ്ട, ദൈവത്തിന്‌ തൊട്ടുതാഴെയുള്ളവനെങ്കിലും 'മീ ലോർഡ്‌' എന്ന സംബോധനയിലൂടെ ജനം ദൈവമായിതന്നെ കരുതുന്നവൻ. രാജാവിനെയും വിധികർത്താവിനെയും നിശ്ചയിക്കുന്നത്‌ ഈശ്വരനാണെന്നാണ്‌ സങ്കൽപം.
   "ഇരിക്കു." 
   പക്ഷേ, അയാൾ ഭവ്യതയോടെ നിന്നതേയുള്ളു. മേശയിൽ നിരന്നുകിടക്കുന്ന ആനുകാലികങ്ങളിലേക്ക്‌ അയാളുടെ കണ്ണുകൾ പാളിവീഴുന്നത്‌ കണ്ടു. പിന്നെ അതിൽ എന്തോ തിരയുകയായി. അക്ഷരസ്നേഹിയായ ഒരുവനാണ്‌ കക്ഷിയെന്ന്‌ തോന്നി. അത്രയും ആശ്വാസം. ഏതൊരു അക്ഷരസ്നേഹിയുടെ ഉള്ളിലും അൽപം നന്മ ചെറിയൊരു തീനാളംപോലെ ജ്വലിക്കുന്നുണ്ടാവുമല്ലോ. 
   വാരികകൾക്കിടയിൽനിന്ന്‌ അയാൾ ഒരെണ്ണം വലിച്ചെടുത്തു.
   "സാർ, ഇതിൽ എന്റെ ഒരു കഥയുണ്ട്‌."
   അത്ഭുതത്തോടെ അയാളെ നോക്കി.
   "നിങ്ങൾ എഴുത്തുകാരനാണോ?"
   ആണെന്നോ അല്ലെന്നോ അയാൾ പറഞ്ഞില്ല. പകരം കനം കുറഞ്ഞ കാർമേഘപാളികൾക്കിടയി ലൂടെ കടന്നുവന്ന ദുർബലമായ പ്രകാശരേണുപോലെ ഒരു അർധമന്ദഹാസം ആ മുഖത്ത്‌ പ്രകടമായി.
   ഞാൻ വാരിക വാങ്ങി. ഒരു കഥയേ ആ മുഖ്യധാരാ പ്രസിദ്ധീകരണത്തിലുള്ളു. 'മൃത്യുധാരി' യെ ന്നാണ്‌ കഥയുടെ ശീർഷകം. രണ്ടുവട്ടം വായിച്ച കഥയാണ്‌. അടുത്ത കാലത്തൊന്നും അത്രയും ഹൃദയസ്പർശിയായ ഒരു കഥ വായിച്ചിട്ടില്ല. വായനാതത്പരരായ ചില സുഹൃത്തുക്കളെ വിളിച്ച്‌ ആ കഥ വായിക്കാൻ ആവശ്യപ്പെട്ടിരുന്നുവേന്ന്‌ ഓർക്കുന്നു.
   ആഗതനോട്‌ ആദരവ്‌ തോന്നി.
   "സുദേവൻ സ്ഥിരമായി എഴുതാറുണ്ടോ?" 
   "എഴുതിയിരുന്നു. പത്രത്തിൽ ജോലി കിട്ടിയതിനുശേഷം സമയവും സ്വാതന്ത്ര്യവും കുറഞ്ഞു. പിന്നീട്‌ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ..." 
   "എന്തു കാരണത്താലായാലും സുദേവനെപ്പോലെയുള്ള ഒരാൾ എഴുതാതിരിക്കുന്നത്‌ ഭാഷയ്ക്ക്‌ 
നഷ്ടംതന്നെയാണ്‌."
   അയാൾ അതിന്‌ മറുപടി പറഞ്ഞില്ല.
   "സത്യം പറയട്ടെ, ഈ കഥ എന്നെ അഗാധമായി സ്പർശിച്ചു. മനസ്സിൽ എവിടെയൊക്കെയോ മുറിവേൽപ്പിച്ചു. ഇതിൽ ജീവൻ തുടിക്കുന്നതായി എനിക്കുതോന്നി."
   "ഒരാൾ സ്വന്തം ജീവിതംകൊണ്ടെഴുതിയാൽ അതിൽ ജീവിതമല്ലേ കാണൂ സാർ. ചോര തുടിക്കുന്ന ജീവിതം..."
   "സമ്മതിക്കുന്നു. ആ അർഥത്തിൽ ഇത്‌..."
   "സംശയിക്കണ്ട. എന്റെ ജീവിതംതന്നെയാണ്‌ ഇത്‌. അല്ലെങ്കിൽ ജീവിതത്തിന്റെ ഒരു പരിച്ഛേദം." 
   പിന്നെ ഒന്നും പറയാതെ, മിതത്വമാർന്ന ഒരു ചിരി സമ്മാനിച്ച്‌, വാചാലമായ വാക്കുകളെ മഹാമൗനത്തിന്റെ ചെപ്പിലടച്ച്‌ അയാൾ കടന്നുപോയി. ഭാര്യ ചായയുമായി വരുമ്പോൾ അയാൾ റോഡിലെത്തിയിരുന്നു.
   ഒരു സബ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റായ എന്നോട്‌ അയാൾ ഒരു പരാതിയും പറഞ്ഞില്ല. ഒരു സഹാ
യവും ആവശ്യപ്പെട്ടില്ല. അയാൾ വാദിയായോ പ്രതിയായോ ഒരു കേസും തന്റെ മുമ്പിൽ എത്തിയതായി ഓർമിക്കുന്നില്ല. പിന്നെ അയാൾ... 
   ദുരൂഹത നിറഞ്ഞ ആ സന്ദർശനത്തിന്റെ പൊരുൾ വിവേചിച്ചറിയാൻ എത്ര ശ്രമിച്ചിട്ടും സാധ്യമായില്ല. അയാൾ സംസാരിച്ച പരിമിതമായ വാക്കുകളിൽ ഒന്നുമാത്രം മുദ്രിതമായ മൗനങ്ങൾക്കുമേൽ താഡനമേൽപ്പിച്ചു - ജീവിതംകൊണ്ടെഴുതിയാൽ, അതിൽ ജീവിതമേ കാണു...
   ആ കഥ ഒന്നുകൂടി വായിക്കണമെന്ന്‌ തോന്നിയെങ്കിലും സമയപരിമിതി അനുവദിച്ചില്ല. വാരിക ബാഗിൽ എടുത്തുവച്ചു. കോടതിയിലേക്കുള്ള യാത്രയിലുടനീളം എന്തുകൊണ്ടോ ആ മുനുഷ്യന്റെ മുഖം ഒരു വിങ്ങലായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. 
   വിധി പറയാൻ ഏതാനും കേസുകൾ ഉണ്ടായിരുന്നു. അതിലൊന്ന്‌ മറ്റൊരു ബഞ്ചിൽ വാദം പൂർത്തിയായ അഞ്ചുവയസ്സുകാരൻ മകന്റെ പിതൃത്വം നിഷേധിക്കാൻ കുട്ടിയുടെ അമ്മ ഹാജരാക്കിയ ഡി.എൻ.എ. ടെസ്റ്റിന്മേലുള്ള വിധിയായിരുന്നു. കേസിന്റെ ഒരു ഘട്ടത്തിലും കോടതിയിൽ ഹാജരായി അവകാശവാദം ഉന്നയിക്കാനോ സ്വയം ന്യായീകരിക്കാനോ പിതാവ്‌ ശ്രമിച്ചിരുന്നില്ല എന്നതുകൊണ്ടുതന്നെ വിധി കുട്ടിയുടെ അമ്മയ്ക്ക്‌ അനുകൂലമാകുന്നതിന്‌ തടസ്സങ്ങളൊന്നുമുണ്ടായില്ല. പിതാവിനെ വിളിച്ച്‌ വിലപിക്കുന്ന മകനെ എന്നെന്നേക്കുമായി വിധി പ്രസ്താവത്തിലൂടെ പിതാവിൽനിന്ന്‌ വേർപെടുത്തുമ്പോൾ എന്തുകൊണ്ടോ മനസ്സ്‌ അകാരണമായി കരഞ്ഞു. അവശേഷിച്ച മൂന്ന്‌ കേസുകളുടെ വിധി മറ്റൊരു ദിവസത്തേക്ക്‌ മാറ്റിവച്ച്‌ ക്ഷീണിതനായി ഓഫീസ്‌ മുറിയിലെ കസേരയിലേക്ക്‌ ചായുമ്പോൾ വീണ്ടും രാവിലെ തന്റെ കൺമുമ്പിൽ വന്നുനിന്ന, ജീവിതംകൊണ്ട്‌ കഥയെഴുതിയവൻ ഒരു വ്യഥയായി തലച്ചോറിലേക്കും അവിടെനിന്ന്‌ സന്ധിബന്ധങ്ങളിലേക്കും നുഴഞ്ഞുകയറി പ്രകമ്പനം സൃഷ്ടിച്ചു.
   മൃത്യുധാരിയിലെ അച്ഛനും അമ്മയും മകനും മുമ്പിലേക്ക്‌ ഓടിയെത്തിയതുപോലെ... 
   ധൃതിയിൽ വാരിക പുറത്തെടുത്തു.
   വിവാഹം കഴിഞ്ഞ്‌ കൃത്യം ഒമ്പതാം മാസം ഭാര്യ പ്രസവിച്ചു. പൂർണ വളർച്ചയെത്തിയിരുന്നെങ്കിലും അങ്ങനെയല്ലായെന്ന്‌ ബോധ്യപ്പെടുത്തി ഡോക്ടർ കുഞ്ഞിനെ ഒരു മാസത്തോളം ഇൻകുബേറ്ററിൽ സൂക്ഷിച്ചു.
   ചോരക്കുഞ്ഞിനെ അച്ഛന്റെ കൈയിൽ ഏൽപ്പിച്ച്‌ അവധി വെട്ടിച്ചുരുക്കി ബാങ്ക്‌ ഉദ്യോഗസ്ഥയായ ഭാര്യ ജോലിയിൽ പ്രവേശിക്കുമ്പോഴും അത്‌ ജീവിതത്തിന്റെ ഗതിമാറ്റിയൊഴുക്കായി കരുതാൻ അയാൾക്കായില്ല.
   ഭാര്യയുടെ സമീപനത്തിൽ വന്ന മാറ്റം അയാൾ ശ്രദ്ധിക്കാതെയിരുന്നില്ല. ഒരിക്കൽപോലും ഒരമ്മയുടെ സ്നേഹം ആ കുരുന്നിന്‌ പകർന്നുകൊടുക്കാൻ അവൾക്കായില്ല. വിശന്ന്‌ കരഞ്ഞ അവന്‌ അമ്മയുടെ മുലപ്പാൽ ഒരിക്കലും ലഭിച്ചില്ല. സ്തനസൗന്ദര്യം നഷ്ടപ്പെടുത്തി തന്റെ മാദകത്വത്തിന്‌ പോറലേൽപ്പിക്കാൻ ഒരിക്കലും അവൾ ഒരുക്കമായിരുന്നില്ല. കോർപ്പറേറ്റുകളുടെ സ്തനഫാക്ടറികളിൽനിന്ന്‌ ചുരത്തിയ പാൽപ്പൊടിവെള്ളം മാതാവിന്റെ മുലപ്പാലായി.വീടും ഭർത്താവും കുഞ്ഞും നിമിഷംതോറും അവളിൽനിന്ന്‌ അനേകം കിലോമീറ്റർ പിറകോട്ട്‌ പായുന്ന മെയിൽക്കുറ്റികളായി മാറി. മകന്റെ സംരക്ഷണത്തിനായി അയാൾക്ക്‌ ജോലി രാജിവയ്ക്കേണ്ടിവന്നു.
   ബാങ്ക്‌ വർക്കിംഗ്‌ മണിക്കൂറുകൾ അവൾക്കുമാത്രം അധികാരികൾ നിജപ്പെടുത്തിയിരുന്നില്ലത്രേ. 
എഫിഷ്യന്റായ, യുവതിയായ ഒരു ഉദ്യോസ്ഥയ്ക്ക്‌ പ്രോമോഷൻ കൈയെത്തും ദൂരത്താണല്ലോ.     
   പിന്നീട്‌ അവൾതന്നെ ക്രമപ്പെടുത്തിയ ജീവിതചര്യകൾ. ജീവതാളത്തിന്‌ ക്രമാതീതമായ അവതാളം അവൾ സൃഷ്ടിച്ചു. നിത്യവും രാത്രി ഏറെ വൈകിയെത്തുന്ന അവളെ ഗേറ്റോളം അനുഗമിക്കുന്ന അന്യനായ പുരുഷനെപ്പറ്റിപോലും അയാൾ ഒരു പോസ്റ്റുമാർട്ടത്തിന്‌ തയ്യാറായില്ല.
   പക്ഷേ, കാര്യങ്ങൾ മാറി മറിഞ്ഞത്‌ വളരെ പെട്ടെന്നാണ്‌.
   നാലു വയസ്സുകാരന്‌ പ്ലേ സ്കൂളിൽനിന്ന്‌ എത്തുമ്പോൾതന്നെ നല്ല പനിയുണ്ടായിരുന്നു. രാത്രി യോടെ പനി നൂറ്റിനാല്‌ ഡിഗ്രിയിലെത്തിയപ്പോൾ അന്തിച്ചുപോയി. അവന്റെ ചുണ്ടിൽനിന്ന്‌ രക്തം ഒപ്പിയെടുക്കാമെന്നായി. ശനിയാഴ്ച ഹാഫ്ഡേ ആയിരുന്നിട്ടും രാത്രി എട്ടായിട്ടും അവൾ മടങ്ങിയെത്തി യില്ല. ഭാര്യയെപ്പറ്റി വേവലാതിപ്പെടേണ്ട കാര്യമില്ലെങ്കിലും കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചല്ലേ മതിയാകു. വാടിത്തളർന്ന മകനെ വാരി തോളിലിട്ട്‌ ഓട്ടോയിൽ നഗരത്തിലുള്ള ആശുപത്രിയിലേക്ക്‌.
   ന്യൂമോണിയയെന്ന്‌ സ്ഥിരീകരിച്ച്‌ മകനെ അത്യാഹിതത്തിൽ അഡ്മിറ്റ്‌ ചെയ്തു. നേഴ്സിന്റെ ദയാദാക്ഷിണ്യത്തിന്‌ അവനെ വിട്ടുകൊടുത്ത്‌ ഭാര്യയെ തേടി ബാങ്കിലേക്ക്‌...
   രാത്രി പത്ത്‌ പത്ത്‌. ബാങ്കിന്റെ മുകൾ നിലയിൽ വെളിച്ചമുണ്ട്‌. അവൾ ഇപ്പോഴും ജോലിതിരക്കിലാണോയെന്ന്‌ അയാൾ സംശയിച്ചു. മകന്റെ രോഗവിവരം വിളിച്ച്‌ അറിയിച്ചപ്പോൾ അങ്ങനെയാണ്‌ പറഞ്ഞത്‌. പതിനൊന്ന്‌ മണിയെങ്കിലുമാകുമത്രേ. പക്ഷേ, മകന്‌ ന്യൂമോണിയ ആണെന്നും അത്യാഹിതത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അവൾക്ക്‌ അറിയില്ലല്ലോ. വിവരം അറിയുമ്പോൾ അവൾ കൂടെ വരാതിരിക്കില്ല.
   സെക്യൂരിറ്റിയുടെ മുഖത്ത്‌ കണ്ട വികാരത്തിന്‌ മനുഷ്യസംസ്ക്കാരത്തിന്റെ നിഘണ്ടുവിൽ അർഥമുണ്ടോയെന്ന്‌ അയാൾ സംശയിച്ചു. മകന്റെ ഗുരുതരാവസ്ഥയെ വിവരിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി. അതോടെ സെക്യൂരിറ്റിയുടെ വിലക്കുകൾ ദുർബലമായി.
   രണ്ടാം നിലയിൽ, അരണ്ട വെളിച്ചം കണ്ട മുറിയുടെ വാതിൽ തള്ളിത്തുറന്ന അയാൾ കണ്ടത്‌... 
   പൂർണ നഗ്നരായ സ്ത്രീയും പുരുഷനും... 
   സ്ത്രീപുരുഷ യുദ്ധത്തിലെ അവസാനത്തെ അങ്കം...
   വിശ്വാസനിറവിന്റെ മർമ്മത്തേറ്റ സർപ്പദംശനത്തിൽ അയാൾ ഒന്നു പിടഞ്ഞു. ആ പിടച്ചിലിൽ അയാൾ നിലത്ത്‌ തളർന്നിരുന്നുപോയി. മനസ്സാന്നിധ്യം വീണ്ടെടുക്കുമ്പോൾ വാടിത്തളർന്ന്‌ പിച്ചുംപേയും പറയുന്ന മകന്റെ മുഖം കൺമുമ്പിൽ തെളിഞ്ഞു. ഇരുട്ട്‌ അയാളുടെ ചേതനയെ എന്നപോലെ ആ കെട്ടിടത്തെയും വിഴുങ്ങിയിരുന്നു.
   എല്ലാം മറനീക്കി പുറത്തുവന്നത്‌ എളുപ്പമായി. ആ ഒരു നിമിഷത്തിനായി പ്രതീക്ഷിച്ചതുപോലെ യായിരുന്നു അവൾ. അയാളുടെ ഹൃദയത്തിനേറ്റ പിടച്ചിൽ മായുംമുമ്പ്‌, വിവാഹമോചനത്തോടൊപ്പം ഭർത്താവിന്റേതല്ലാത്ത കുട്ടിയെ മാതാവിന്‌ തിരികെ ലഭിക്കാനും കോടതിയിലേക്ക്‌... പിന്നീട്‌ ഡി.എൻ.എ.ടെസ്റ്റ്‌. എല്ലാറ്റിനും അയാൾ നിസംഗനായി നിന്നുകൊടുത്തു. 
   ആ കേസിനാണ്‌ അൽപം മുമ്പ്‌ വിധി പറഞ്ഞത്‌. 
   വിധി പ്രസ്താവിക്കുംമുമ്പ്‌ താൻ അയാളെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ... 
   എങ്കിൽ ആ വിധി മറ്റൊന്നാകുമായിരുന്നോ...? 
   ഇല്ല, ഒരു നീതി പാലകനും അങ്ങനെയാവില്ല.
   ഭവനത്തിലേക്കുള്ള യാത്രയിലും സുദേവനും മൃത്യുധാരിയും മുഖത്തോടുമുഖം നിൽക്കുകയായിരുന്നു. റെയിൽ ക്രോസ്‌ അടച്ചിരുന്നു. ഗേറ്റിന്‌ കുറെ അകലെയായി റെയിൽപ്പാളത്തിൽ ഒരു ആൾക്കൂട്ടം... മനസ്സൺന്‌ പിടഞ്ഞു. 
   അപ്പോൾ മനസ്സ്‌ പറഞ്ഞു- ഇല്ല. സുദേവനല്ലേ മൃത്യുധാരിയിൽ എഴുതിയത്‌ -
   ജീവിതം അനേകം മലമടക്കുകളുള്ള ഒരു കയറ്റിറക്കു ഭൂമിയാണെന്ന്‌.
   ഡ്രൈവർ ഗേറ്റ്‌ കീപ്പറോട്‌ ചോദിക്കുന്നതു കേട്ടു-
   "എന്താ... അവിടെ ഒരാൾക്കൂട്ടം?"
   "എന്തു പറയാനാ... ഓരോരുത്തന്മാർക്ക്‌ കഴുവേറാൻ നീണ്ടുനിവർന്ന്‌ കിടക്കുവല്ലേ റയിൽപ്പാളം."
   മന്ദം ഡോർ തുറന്നു. ആൾക്കൂട്ടത്തിനടുത്തേക്ക്‌ നടക്കുമ്പോൾ ഉള്ളിൽ ഒരു തേങ്ങൽ ഉയർന്നു.
   അപ്പോഴും ഒരു ആശ്വാസവചനം... 
   ജീവിതം അനേകം മലമടക്കുകളുള്ള ഒരു കയറ്റിറക്ക്‌ ഭൂമിയാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...