21 Aug 2015

malayalasameeksha august 15- september 15/ 2015

ഉള്ളടക്കം

മലയാളസമീക്ഷ ഗ്ളോബൽ പ്രതിഭാ പുരസ്കാരങ്ങൾ /2015

മലയാളസമീക്ഷ ഓൺലൈൻ മാഗസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അഞ്ച് പ്രതിഭകളെ പുരസ്കാരം നല്കി ആദരിക്കുന്നു.
പ്രമുഖ മറുനാടൻ സംഘടനയ്ക്ക്  പുരസ്കാരം നല്കുന്നു .
സാഹിത്യം, സംസ്കാരം, സംരംഭകത്വം, ചിന്ത, വാക്ക് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളുടെ പേരുകൾ നിർദേശിക്കാം.
പ്രസാധനം, കവിത, കഥ, ബ്ളോഗ്, വെബ്സൈറ്റ്, പ്രവാസം,  , സിനിമ, സംരംഭകത്വം എന്നീ മേഖലകളിൽ മികച്ച സംഭാവന നല്കിയവരെയാണ്‌ പരിഗണിക്കുന്നത്.
പ്രസാധകൻ:  ശൈലേഷ് തൃക്കളത്തൂർ /ഫോൺ: 9446033362,9995312097 

ലേഖനം
 വെറുതെ അല്ലാത്ത  ഒരു  മോഹം 
സി.രാധാകൃഷ്ണൻ
എവിടെയാണ്  സ്നേഹം ?
എം .തോമസ്  മാത്യു
അതിജീവനത്തിന്റെ കഥകൾ 
സ്വാമി  സന്ദീപാനന്ദഗിരി 
മേധാവിത്വത്തിന്റെ നാൾവഴികൾ 
ശ്രീജിത്ത്  മൂത്തേടത്ത്  
നിശ്ചയദാർഢ്യം ഒരു വിജയരഹസ്യം
ജോൺ മുഴുത്തേറ്റ്‌
 നമുക്ക്  'സ്വന്തം വീട് ' തന്നെ വേണോ ?
സലോമി  ജോണ്‍  വത്സൻ
അന്യമാകുന്ന  മലബാറിലെ  കുറിക്കല്യാണം
നിയാസ്  കലങ്ങോട്ട് കൊടിയത്തൂർ

കവിത
 പൊക്കൻ
ശ്രീജിത്ത്  മൂത്തേടത്ത് 
മധുരം
രാധാമണി  പരമേശ്വരൻ
രണ്ടു  കവിതകൾ
സലോമി  ജോണ്‍  വത്സൻ 
ആത്മം
ദീപു ശശി തത്തപ്പിള്ളി 
ചിങ്ങപ്പെണ്ണ് 
മേട്ടുംപുറത്ത്  മനോജ്‌  
ഒരിക്കൽ നമുക്ക്    
എം.കെ .ഹരികുമാർ 

കഥ

ഇറച്ചി
സണ്ണി  തായങ്കരി 
അനിരുദ്ധൻ ചേട്ടൻ
സുനിൽ  എം എസ് 
വാരിയെല്ല് 
മുതയിൽ  അബ്ദുള്ള
ജീവിതത്തിലേക്ക്
സുരേഷ് കുമാർ  പുഞ്ചയിൽ
സെമി
മനാഫ്  മൻ 
രണ്ടു  കഥകൾ
ദീപു ശശി  താത്തപ്പിള്ളി

വെറുതെ അല്ലാത്ത ഒരു മോഹം


സി.രാധാകൃഷ്ണൻ

ഉള്ളതെല്ലാം ഒരുപോലെ പങ്കിട്ടനുഭവിച്ച്‌, കള്ളവും ചതിയും ഇല്ലാതെ, എല്ലാവരും സന്തോഷമായി കഴിയുന്ന അവസ്ഥയാണല്ലോ ഓണം. ഭാവിയെക്കുറിച്ചൊരു സ്വപ്നമായി മാത്രമല്ല, നഷ്ടപ്പെട്ട സ്വർഗ്ഗത്തിന്റെ സ്മരണ കൂടിയായാണ്‌ കേരളീയർ ഓണത്തെ കാണുന്നത്‌.
    വായനയിലൂടെയും നേരിട്ടും എനിക്കു പരിചയമുള്ള എല്ലാ സമൂഹശാസ്ത്രവിദഗ്ധരും ഈ സാമ്പത്തിക സാംസ്കാരിക സ്ഥിതിയെ വിവരിക്കുന്നത്‌ ഏട്ടിലെ പശുവും ആകാശ കുസുമവുമൊക്കെ ആയാണ്‌. ഒരിക്കലും നടപ്പില്ലാത്തത്‌ -ഉട്ടോപ്പിയ-എന്നർത്ഥം.
    ബുദ്ധിയുറയ്ക്കുന്ന കാലത്തേ രണ്ടു ചോദ്യങ്ങൾ ഓണത്തെപ്പറ്റി എന്റെ ഉള്ളിൽ മുളച്ചു. ഒന്ന്‌: ഓണമെന്ന ഉത്സവവും മഹാബലിയുമൊക്കെ ആരുടെയോ ചിന്തയിൽ ഉയിർത്ത വെറും സങ്കൽപങ്ങളാണോ? രണ്ട്‌: സമത്വസുന്ദരമായ ഒരു സമൂഹം മനുഷ്യന്‌ തീർത്തും അപ്രാപ്യമോ?
    അല്ല എന്നാണ്‌ കാലം പോകെ രണ്ടിനും എനിക്കു കണ്ടുകിട്ടിയ മറുപടി. കേരള ചരിത്രത്തിൽ ഏഴാം നൂറ്റാണ്ടുവരെയുള്ള കാലം 'ഇരുണ്ട' യുഗമായാണല്ലോ അറിയപ്പെടുന്നത്‌. പക്ഷെ, മൂന്നു മുതൽ ഏഴുവരെ നൂറ്റാണ്ടുകളിൽ ഒരു മാതൃകാസമൂഹം ഇവിടെ നിലനിന്നു എന്നാണ്‌ നാടോടിവാങ്മയങ്ങളിൽ നിന്നു മനസ്സിലായത്‌. ചക്രവും ഏത്തവും കലപ്പയും കയറ്റുകുടയും തുടുപ്പും കരിയും നുകവും ഉൾപ്പെടെ ഉപകരണങ്ങളും വെള്ളം നിയന്ത്രിച്ചു നിർത്താൻ പാകത്തിൽ പറപ്പും വരമ്പുകളുമുള്ള വയലേലകളുടെ ശയൻസും കൃഷിവിജ്ഞാനവും കന്നുകാലിസംരക്ഷണവും ആയുർവേദവും വാനശാസ്ത്രവും സാർവ്രത്രിക വിദ്യാഭ്യാസവും കൊണ്ടുവരുന്നത്‌ ജൈനമിഷനറിമാരാണ്‌. 'പള്ളി'കളും കാവുകളും വിജ്ഞാനവിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. ഭരിക്കാൻ ആരും ആവശ്യമില്ലാത്ത അവസ്ഥയാണ്‌ നല്ല സമൂഹവാസ്ഥ എന്ന്‌ തിരിച്ചറിയപ്പെട്ട കാലം. അധികാരി എന്നതിലേറെ മഹാപണ്ഡിതനായിരുന്നു ജൈനഗുരുവായ മഹാബലി. ആക്രമിച്ചു കീഴടക്കാൻ വന്നവർക്ക്‌ അദ്ദേഹം അക്രവും ഹിംസയും ഒഴിവാക്കാൻ, തന്റെ സ്ഥാനവും നാടുമെല്ലാം നിരുപാധികം ഒഴിഞ്ഞുകൊടുത്തിരിക്കണം. പക്ഷെ, ജൈനമഠങ്ങളുടെ നേർക്ക്‌ തുടർന്നുനടന്നത്‌ ഭീകരമായ ആക്രമണങ്ങളായിരുന്നുപോലും. ജൈനഗുരുനാഥരെ പച്ചയ്ക്ക്‌ തൊലിയുരിക്കുകവരെ ഉണ്ടായി. ആ കൂട്ടനരഹത്യകൾക്ക്‌ പരിഹാരമായാണ്‌ ആലുവ, തിരുനാവ എന്നിവിടങ്ങളിലും മറ്റും കൂട്ട പിതൃബലി തുടങ്ങിയതെന്നും പറയപ്പെടുന്നു.
    അധികാരത്തിന്റെ പിൻബലത്തോടെ പുതിയൊരു കലണ്ടറും (കൊല്ലവർഷം) ജാതിവ്യവസ്ഥയും കർശനമായി നിലവിൽ വന്നിട്ടും, പക്ഷെ, ആളുകൾ ഗൃഹാതുരതയോടെ ഓർത്തു. ഇന്നും ഓർക്കുന്നു. തീർച്ചയായും ഏക്കാളവും ഓർക്കും. പകരം വന്നവരും അവരുടെ ആരാധനാമൂർത്തികളും സ്വീകാര്യരായിട്ടും പൂർവകാലം പൂക്കാലമായി ജനമനസ്സിൽ ശേഷിക്കുന്നു!
    തിരുവോണം വെറും കിനാവാണെന്നു കരുതുന്നവരിൽ സ്വദേശികളും വിദേശികളുമുണ്ട്‌. ജാതിയും മതവും നിർണ്ണായകങ്ങളല്ലാതായാൽ തങ്ങൾക്കപകടമാണെന്നറിയാവുന്നവരാ
ണ്‌ ഈ സ്വദേശികൾ. വിദേശികളാവട്ടെ മനുഷ്യന്റെ സ്വാഭാവികസത്ത നന്മയാണെന്ന്‌ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഭാഗ്യഹീനമരായ കാര്യവിചാരക്കാരും.
    ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറ, മനുഷ്യൻ സ്വാർഥിയാണെന്ന മുൻവിധിയാണ്‌. 'സാമ്പത്തിക മനുഷ്യനെ' പിഗു () നിർവചിക്കുന്നത്‌ 'സ്വാർഥിയായ മൃഗ'മെന്നാണ്‌ () ഈ ജീവി എന്നു മെപ്പോഴും 'ലാഭ'ത്തിനായി മാത്രം ഇടപാടുകൾ നടത്തുന്നു.
    ഇരുകൂട്ടരും കളരിക്കു പുറത്താണ്‌. ആദ്യത്തെ തരക്കാരുടെ ദുഷ്ടലാക്ക്‌ ഒരു രോഗലക്ഷണവും രണ്ടാമത്തേവരുടെ നിലപാട്‌ അറിവില്ലായ്മയുടെ ഫലവുമാണെന്ന വ്യത്യാസമേ ഉള്ളൂ.
    ആയിരത്താണ്ടുകളായി ലോകത്തുണ്ടായ എല്ലാ മതങ്ങളും സംസ്കാരങ്ങളും സ്വാഭാവികമായി ഒഴുകിയെത്തി വഴക്കില്ലാതെ സമന്വയിച്ചു രൂപപ്പെട്ട കേരളീയ സംസ്കൃതിയിൽ ഇന്നുള്ള മുഖ്യ കളങ്കം വിഭാഗീയതയല്ലേ? നാളെ ലോകത്തിനുതന്നെ മാതൃകയാകാനുള്ള സംസ്കാരത്തിന്‌ ഇതിൽ നിന്ന്‌ മോചനം നൽകാൻ നമുക്കല്ലാതെ ആർക്കാവും? ഓണപ്പാട്ടുകൾ പാടി നമുക്കതിനു തുടക്കമിടാം.
    'ഈ ഭൂമിയിലെ വിഭവങ്ങൾ പ്രത്യേകിച്ച്‌ ആരുടെയും അല്ല, ഉള്ളതു പങ്കിട്ടുമാത്രം അനുഭവിക്കുക' എന്ന്‌ ഈശാവശ്യത്തിൽ പറയുന്ന മഹർഷിയാണ്‌ സ്വീകാര്യനായ സാമ്പത്തിക വിദഗ്ധൻ എന്ന കാര്യത്തിൽ സംശയത്തിനെന്തു പ്രസക്തി?
    ഈശ്വരരായി ജനിക്കുന്നവരെ ചെകുത്താന്മാരായി രൂപാന്തരപ്പെടുത്താതിരിക്കുകയേ വേണ്ടൂ. ചുരുക്കം ചിലർക്കു മാത്രമായി സ്ഥിരമായ സംരക്ഷയും സുഖവും സാധ്യമല്ലെന്നറിയാൻ, വെള്ളത്തിൽ ഒരു കുഴിയോ കൂമ്പാരമോ തീർത്ത്‌ നിലനിർത്താൻ കഴിയില്ലെന്ന സരളമായ തിരിച്ചറിവേ വേണ്ടൂ. സ്നേഹം എന്ന വികാരം സാർവത്രികമാകുമ്പോഴുണ്ടാകുന്ന സ്വാതന്ത്ര്യവും സുഖവും എത്ര സുന്ദരമെന്ന്‌ ആലോചിച്ചറിയാൻ വലിയ ബുദ്ധിശക്തിയൊന്നും ആവശ്യവുമില്ല.
    ചുരുക്കത്തിൽ മാവേലി നാടു വാണീടും കാലത്തെ സ്വർഗ്ഗരാജ്യം പുനഃസൃഷ്ടിക്കാൻ തടസ്സമായി നിൽക്കുന്നത്‌ നമ്മുടെയൊക്കെ മരമണ്ടത്തം മാത്രം! ഒരു വലിയ പൊട്ടിച്ചിരിയോടെ ഈ മണ്ടത്തക്കുന്ത്രാണ്ടം വലിച്ചെറിയാൻ നമുക്ക്‌ തീർച്ചയായും കഴിയും. നഷ്ടപ്പെടാൻ മഹാദുരിതങ്ങൾ മാത്രം.
    എന്നെന്നും എപ്പോഴെന്നുമേ അറിയാനുള്ളൂ - ഈ നിലപാടുമാറ്റം ഉണ്ടാകുമെന്ന്‌ എന്റെ ഹൃദയം പറയുന്നു. അത്‌ വേഗമാകട്ടെ എന്നു മോഹിക്കുകയും ചെയ്യുന്നു - ഈ മോഹം വെറുതയല്ല എന്ന തീർത്തറിവോടെത്തന്നെ.

എവിടെയാണ്‌ സ്നേഹം ?


എം തോമസ്  മാത്യു
    ഒന്നുള്ളതിനെ ഉലക്കകൊണ്ട്‌ അടിക്കണം എന്നാണ്‌ പണ്ടേയുള്ള പറച്ചിൽ. ഒറ്റ മകനോ മകളോ ആണെങ്കിൽ വാത്സല്യം കൂടും, അവർ വഴി തെറ്റാനുള്ള സാധ്യതയും കൂടും. അതുകൊണ്ട്‌ കഠിനമായി ശിക്ഷിച്ചും ശാസിച്ചും വളർത്താൻ രക്ഷാകർത്താക്കൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ഒടുക്കം ദുഃഖിക്കേണ്ടി വരും എന്ന താക്കീതാണ്‌ ഈ ചൊല്ലിന്റെ പിറകിലുള്ളത്‌. ചൊല്ലും ചോറും കൊടുക്കണം എന്ന്‌ മറ്റൊരു ചൊല്ല്‌ ഏതാണ്ട്‌ ഇതേ അർത്ഥത്തിൽ തന്നെയുണ്ട്‌. പള്ളിക്കൂടത്തിൽ വച്ച്‌ അധ്യാപകന്റെ തല്ലു കിട്ടി എന്ന്‌ വീട്ടിൽ വന്നു പരാതിപ്പെട്ടാൽ അപ്പോൾ കിട്ടും വീട്ടിൽ നിന്നും അടി. അധ്യാപകനെ രക്ഷാകർത്താക്കളിൽ നിന്നു വേറിട്ടല്ലല്ലോ അന്നു കണ്ടിരുന്നത്‌. അതുമാത്രമല്ല, സ്നേഹം കൂടുന്തോറും അത്‌ കൂടുതൽ കൂടുതൽ മറച്ചുവച്ച്‌ ശിക്ഷയുടെ പാരുഷ്യം വർദ്ധിപ്പിച്ച്‌ നേർവഴി തെറ്റാതെ സൂക്ഷിക്കണം എന്നായിരുന്നു പണ്ടുമുതലുള്ള വിശ്വാസം. സ്നേഹം കാണിച്ചോ, കുട്ടി വഷളായി എന്നായിരുന്നു വിചാരം! സുകുമാര കവിയുടെ കഥകൊണ്ടും കാര്യം മനസ്സിലായി എന്നു തോന്നുന്നില്ല.
    ആ കഥ എല്ലാവർക്കും അറിവുള്ളതല്ലേ. ഗുരുകുല വിദ്യാഭ്യാസത്തിന്റെ കാലമാണ്‌. സുകുമാരൻ നല്ല വിദ്യാർത്ഥിയാണ്‌, ഗുരുഭക്തി നിറഞ്ഞവൻ, പാഠങ്ങൾ എളുപ്പം പഠിച്ച്‌ ഹൃദിസ്ഥമാക്കുന്നവൻ, എന്നാൽ ഗുരുവിന്റെ പെരുമാറ്റത്തിൽ സംതൃപ്തിയുടെ ലാഞ്ചന പോലുമില്ല. ദിനംതോറും ശാസനകൾ, കുറ്റപ്പെടുത്തലുകൾ, ഭർത്സനങ്ങൾ, ശിക്ഷകൾ! സുകുമാരൻ മടുത്തു. ഇനി സഹിക്കാൻ വയ്യ. അയാൾ ഒരു വലിയ കല്ല്‌ താങ്ങിപ്പിടിച്ച്‌ ഗുരുഭവനത്തിന്റെ മച്ചിനു മുകളിൽ കയറി രാത്രി ഒളിച്ചിരുന്നു. ഗുരു ഉറങ്ങുമ്പോൾ കല്ല്‌ തലയുടെ മേൽ വീഴ്ത്തി അദ്ദേഹത്തെ വധിക്കുകയാണ്‌ ലക്ഷ്യം. തക്കം പാർത്തിരിക്കുമ്പോൾ ഗുരുവും ഗുരുപത്നിയും തമ്മിലുള്ള സംസാരം: നിങ്ങൾ എന്തിനാണ്‌ ആ പാവം സുകുമാരനെ ഇങ്ങനെ പീഡിപ്പിക്കുന്നത്‌. അവൻ എത്ര നല്ല കുട്ടിയാണ്‌, എത്ര മിടുക്കൻ. നിങ്ങൾക്ക്‌ എന്താണ്‌ അവനോട്‌ ഇത്ര വിരോധം - ഗുരുപത്നി ചോദിച്ചു. വിരോധമോ? സുകുമാരനേക്കാൾ നല്ലവനും മിടുക്കനുമായി വേറെ ആരുണ്ട്‌ ഈ ശിഷ്യഗണത്തിൽ. അവനിൽ ഒരു പാളിച്ചയും ഉണ്ടാകാതിരിക്കാനല്ലേ ഞാൻ ഇങ്ങനെ പെരുമാറുന്നത്‌- ഗുരുവിന്റെ മറുപടി. സുകുമാരൻ ഇതു കേട്ടു. തന്നോടുള്ള വാത്സല്യം കൊണ്ടാണ്‌ ഗുരു തന്നെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്‌. മഹാപാപിയായ ഞാൻ ഇതറിഞ്ഞില്ല. പ്രായശ്ചിത്തം ചെയ്തു പാപം പോക്കണം. പിറ്റേന്ന്‌ ഗുരുവിനോടു തന്നെ അവൻ ചോദിച്ചു: ഗുരുവിനെ വധിക്കാൻ വിചാരിച്ച ശിഷ്യനുള്ള ശിക്ഷയെന്ത്‌? ഒരു ഉമിക്കൂമ്പാരത്തിനു മദ്ധ്യത്തിലിരുന്ന്‌ അതിന്‌ തീ കൊളുത്തി നീറിനീറി മരിക്കുന്നതിൽ കുറഞ്ഞ ശിക്ഷ അതിനില്ല-ഗുരുവിന്റെ മറുപടി. സുകുമാരൻ അങ്ങനെ ചെയ്തു!!
    ഈ ഗുരു എല്ലാ പഠിച്ചിരുന്നു; കുട്ടികളുടെ മനഃശാസ്ത്രമൊഴിച്ച്‌ എല്ലാം. ബാലമനസ്സിനെ അറിയുന്നവൻ അവർക്ക്‌ വാത്സല്യം ചുരത്തിക്കൊടുക്കുന്നു. ശത്രുഭാവത്തിൽ ഇടപെടുന്നത്‌ അവരെ സ്രേയോമാർഗ്ഗത്തിൽ നിന്ന്‌ അകറ്റുകയേയുള്ളു ഏതു പാഠവും സ്നേഹത്തിൽ ചാലിച്ച്‌ കൊടുത്താൽ ഹൃദ്യമാകുമെന്നു മാത്രമല്ല, ഹൃദിസ്ഥമാവുകയും ചെയ്യും. സ്നേഹവാത്സല്യങ്ങൾ കുട്ടികളുടെ അവകാശം; അവ നിരന്തരമായി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ വളർത്തപ്പെടുന്നവർ ആപത്ക്കാരികളായി വളരും.
    ഇതിനു നേർവിപരീതമായ ഒരു സമീപനമാണ്‌ ഇപ്പോൾ പ്രചാരത്തിൽ വന്നിരിക്കുന്നത്‌. കുട്ടികളെ ശാസിക്കുകയോ ശിക്ഷിക്കുകയോ പാടില്ല; അങ്ങനെ ചെയ്യുന്നത്‌, ക്രിമിനൽ കുറ്റമാണ്‌ എന്ന നില വന്നുഭവിച്ചിരിക്കുന്നു. മാതാപിതാക്കൾ കുട്ടികളെ അടിക്കുകയോ മറ്റോ ചെയ്താൽ പോലീസ്‌ ഇടപെടുന്ന വ്യവസ്ഥകളാണത്രെ അമേരിക്കയിലുള്ളത്‌. തന്നെ അച്ഛൻ അടിച്ചു എന്ന്‌ ഒരു കുട്ടി പോലീസ്‌ സ്റ്റേഷനിലേക്ക്‌ ഫോൺ ചെയ്തു പറഞ്ഞാൽ മതി, നിയമപാലകരുടെ ഒരുപട പാഞ്ഞു വരികയാണ്‌. പാവം രക്ഷകർത്താവ്‌ ജയിലിൽ! അകാരണമായിരുന്നോ സകാരണമായിരുന്നോ അടി എന്ന പ്രശ്നമില്ല. രണ്ടായാലും അടി കുറ്റം തന്നെ. കുട്ടികളുടെ നേരാംവണ്ണമുള്ള വളർച്ചക്ക്‌ ശാസനയും വേണ്ടതാണെന്ന വിചാരം അപ്രത്യക്ഷമായിരിക്കുന്നു. അടിക്കുന്നതോ അടിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതോ അക്ഷന്തവ്യമായ അപരാധമാണ്‌. ഈ അപരാധത്തെ ശിക്ഷിക്കാതിരിക്കാൻ സ്റ്റേറ്റിന്‌ എങ്ങനെ കഴിയും!
    തോന്നിയപോലെ വളരുക, ജീവിക്കുക എന്നത്‌ സ്വാതന്ത്ര്യമല്ല. മൂല്യബോധമുള്ളവരായി, തെറ്റും ശരിയും വേർതിരിക്കാൻ പോന്ന വിവേകമുള്ളവരായി, വളരുക എന്നതാണ്‌ പ്രധാനം. അതുകൊണ്ട്‌, സ്നേഹമുള്ള രക്ഷാകർത്താക്കൾക്കും ഗുരുക്കന്മാർക്കും സ്നേഹോചിതമായി ശിക്ഷിക്കാനും ദിശാബോധം ഉണ്ടാക്കാനും അവകാശവും അധികാരവും ഉണ്ടാകണം. സർവ്വതന്ത്രസ്വതന്ത്രരായി, രക്ഷാകർത്താക്കളുടെ ശാസനകൾക്കു പോലും വിധേയപ്പെടാതെ സ്വതന്ത്രരായി, വളരുന്ന തലമുറ എവിടെയാണ്‌ എത്തുക എന്ന്‌ ലോകം കാണിച്ചു കൊണ്ടിരിക്കുകയാണ്‌. ആർക്ക്‌ ആരോടും കടപ്പാടില്ലാത്ത, ആർക്കും എന്തും സംഭവിക്കട്ടെ, ഞാനെന്തിനു വേവലാതിപ്പെടണം എന്ന്‌ ചിന്തിക്കുന്ന ഒരു ലോകം മനുഷ്യന്റെ ലോകമല്ല. ഉടുത്തുകെട്ടുകൊണ്ടും പുതുജീവിത സൗകര്യങ്ങളുടെ ധാരാളിത്തം കൊണ്ടും മനുഷ്യനാവുകയില്ല. മനുഷ്യന്റെ അടയാളം മനുഷ്യത്വമാണ്‌; ആത്മത്യാഗത്തിനു പോലും സന്നദ്ധമായ സ്നേഹവും കാരുണ്യവുമാണ്‌. പക്ഷേ, എവിടെയുണ്ട്‌ സ്നേഹം, എവിടെയുണ്ട്‌ കാരുണ്യം! നിരാർദ്രമായ കാലം വന്യമായ ഒരു ലോകത്തെ സൃഷ്ടിച്ചിരിക്കുന്നു!!
    ശിക്ഷിക്കാനുള്ള അവകാശം പട്ടിക്കൂട്ടിലടയ്ക്കാനും കണ്ണുകുത്തിപ്പൊട്ടിക്കാനുമുള്ള സ്വാതന്ത്ര്യമാണെന്നു തെറ്റിദ്ധരിക്കുകയും വേണ്ടാ. ശിക്ഷിക്കാനുള്ള അവകാശം സ്നേഹം നൽകുന്ന അവകാശമാണ്‌; ആ അവകാശം മാത്രമാണ്‌. നമ്മുടെ കുഞ്ഞുങ്ങൾ വാത്സല്യത്തിന്റെ പഞ്ചാമൃതം അനുഭവിക്കട്ടെ; ഒപ്പം വഴിതെറ്റിപ്പോകാതിരിക്കാനുള്ള ചെറുചൂരൽക്കഷായവും കുടിക്കട്ടെ. ഏതു തെറ്റിനേയും അവഗണിക്കാമെന്നു കരുതുന്നത്‌ എവിടെ പോയി തുലഞ്ഞാലും എനിക്കെന്ത്‌ എന്ന സ്വാർത്ഥതയുടെ ഹീന വിചാരമാണ്‌. സ്നേഹരഹിതമായ അറിവ്‌ രാക്ഷസനാകാനുള്ള പരിശീലനമാണ്‌ നൽകുന്നത്‌. നമ്മുടെ കുട്ടികൾ മനുഷ്യരായിത്തന്നെ വളരട്ടെ.

അതിജീവനത്തിന്റെ കഥകൾ


സ്വാമി സന്ദീപാനന്ദഗിരി
    സവിശേഷമായ ഒരു ജീവിതകഥ വായിച്ചതോർക്കുകയാണ്‌. ഒരു കുടുംബം കാറിൽ യാത്ര ചെയ്യുകയാണ്‌. നാലു സന്താനങ്ങളും ഒപ്പമുണ്ട്‌. ഒന്നരവയസ്സുള്ള ഏറ്റവും ഇളയ കുട്ടി അംഗവൈകല്യമുള്ളവളാണ്‌. അവളെ സ്പേഷ്യൽ ഹോമിൽ പാർപ്പിക്കാൻവേണ്ടിയാണ്‌ യാത്ര. അവളെപ്പോലെ പ്രശ്നങ്ങളുള്ള കുട്ടികളോടൊപ്പം അവൾ വളരുന്നതാവും കുട്ടിക്കും കുടുംബത്തിനും നല്ലത്‌ എന്ന ഉപദേശമാണവരെ നയിച്ചതു. ഓമനസന്താനത്തെ പിരിയുന്നതിന്റെ ദുഃഖം, അവളെ വീട്ടിൽ വളർത്തിയാൽ മറ്റു സഹോദരങ്ങൾക്കുണ്ടാകാവുന്ന പ്രയാസങ്ങളെ ഓർത്തുള്ള ഉത്കണ്ഠ, എല്ലാം ചേർന്ന്‌ കാറിനകം മൗനമുദ്രിതമായി. മൗനം അയഞ്ഞുകിട്ടാനായി ഭർത്താവ്‌ കാറിലെ റേഡിയോ ഓൺ ചെയ്തു. റേഡിയോയിൽ ഒരു  പ്രഭാഷണം നടന്നുകൊണ്ടിരിക്കുന്നു. ആശ്ചര്യമെന്നു പറയട്ടെ അയാളുടെ പഴയ ഒരു സതീർഥ്യനാണ്‌ പ്രഭാഷകൻ. കാലില്ലാതെ പിറവിയെടുത്ത ആ കുട്ടി ഇന്ന്‌ ഭിന്നശേഷിയുള്ളവർക്ക്‌ ജോലി നൽകുന്ന സ്ഥാപനത്തിന്റെ പ്രസിഡന്റായി ഉയർന്നിരിക്കുന്നു. പ്രഭാഷണത്തിനിടയിൽ അദ്ദേഹം തന്റെ അമ്മ തന്നോടു കുട്ടിക്കാലത്തു പറയാറുണ്ടായിരുന്ന ചില കാര്യങ്ങൾ അനുസ്മരിച്ചു. അമ്മ പറയുകയാണ്‌: ഭിന്നശേഷിയുള്ള ഒരു കുഞ്ഞിന്‌ ജനിക്കേണ്ടിവരുമ്പോൾ ദൈവം സഭ വിളിച്ചുചേർത്ത്‌ ചർച്ച ചെയ്യും. ഇവനെ ആരുടെ അടുത്തേക്കാണ്‌ അയക്കേണ്ടത്‌? ഏതു കുടുംബമാണ്‌ ഇവന്‌ സ്നേഹവും കരുതലും നൽകുക? അങ്ങനെയാണ്‌ നിനക്കുവേണ്ടി ഈ കുടുംബത്തെ ഈശ്വരൻ തെരഞ്ഞെടുത്തത്‌! പ്രഭാഷണത്തിലെ ഈ ഭാഗം കേട്ട നിമിഷം അയാളുടെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ തന്റെ മടിയിലിരുന്ന ഒന്നര വയസ്സുകാരിയെ പേർത്തും പേർത്തും ചുംബിച്ചുകൊണ്ടു പറഞ്ഞു'നമുക്ക്‌ വീട്ടിലേക്കു മടങ്ങാം' അയാൾ വിസ്മയത്തോടെ കുറിക്കുകയാണ്‌-എന്താശ്ചര്യമായി
രുന്നു അത്‌? 20 വർഷമായി ഒരു ബന്ധവുമില്ലാതിരുന്ന സതീർത്ഥ്യന്റെ പ്രഭാഷണം ആ സന്നിഗ്ധ മുഹൂർത്തത്തിൽ കേൾക്കാനായത്‌ തന്റെ ജീവിതത്തെ പിന്നീട്‌ വളരെ സുരഭിലമാക്കിയ മകൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഇടപെടലായിരുന്നുവോ?
    പ്രതിസന്ധികളെ നേരിടാനും പ്രശ്നങ്ങളെ അതിജീവിക്കാനും മനുഷ്യനു പ്രേരകമാകുന്നത്‌ ഒരു പക്ഷേ, ഒരു കഥയാകാം, ഒരു വാക്കാകാം, ഒരു ദൃശ്യമാകാം. വികളാംഗർ എന്ന പദം ഏറെക്കുറെ ഒഴിവാക്കാൻ ഇന്ന്‌ ശ്രമിക്കുന്നു. ഭിന്നശേഷിയുള്ളവർ എന്നു പറയാൻ ശീലിച്ചുവരുന്നു. പക്ഷെ, ശാരീരിക അവശതകൾ, മാനസിക പ്രശ്നങ്ങൾ ഒക്കെയുള്ളവരെ ഒട്ടു മറച്ചുപിടിക്കുന്നതിനാണ്‌ പലരുടെയും മനസ്സ്‌ വെമ്പുന്നത്‌. കുടുംബത്തിൽ ശാരീരിക വൈഷമ്യമുള്ള ഒരംഗമുണ്ടെങ്കിൽ, ഒരാൾക്ക്‌ മാനസിക പ്രശ്നമുണ്ടെങ്കിൽ, എന്തിന്‌ പഠിത്തത്തിൽ പിന്നോക്കമാണെങ്കിൽ പോലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ ഇവർ വരാതിരിക്കാൻ കുടുംബങ്ങൾ ശ്രദ്ധിക്കാറുണ്ട്‌. രോഗമോ ശാരീരിക അവശതകളോ മറച്ചുപിടിക്കപ്പെടുമ്പോൾ അത്തരം കുട്ടികൾക്ക്‌ യഥാസമയം പരിചരണവും പ്രോത്സാഹനവും ലഭിക്കാതെ പോകുന്നതിനാൽ അവരിൽ മറഞ്ഞുകിടക്കുന്ന സാധ്യതകൾ പ്രകാശിതമാകാതെ പോകുന്നു. രോഗം, അല്ലെങ്കിൽ അംഗവൈകല്യം ഒരു കുറ്റമാണോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്‌. ജന്മനാ തലച്ചോറിനുണ്ടായ വൈകല്യം ബാധിച്ച ശിശുവിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചു വളർത്തി പഠിപ്പിച്ച്‌ സിവിൽ സർവീസ്‌ പരീക്ഷ എഴുതാൻ പ്രാപ്തനാക്കിയ ഒരച്ഛന്റെ ആത്മാർപ്പണത്തെക്കുറിച്ച്‌ അടുത്തിട അറിയാനിടയായി. ശാരീരിക പരിമിതികളെ അതിജീവിച്ച്‌ ഇക്കൊല്ലം ഐ.എ.എസ്‌ പരീക്ഷയിൽ ഒന്നാം റാങ്ക്‌ നേടിയ ഇറാ സിംഗാളിന്റെ പൊരുതൽ മറ്റൊരുദാഹരണമാണ്‌. ജീവിതത്തെ ധീരമായി നേരിടുകയും പ്രശ്നങ്ങളെ അതിജീവിക്കുകയും ചെയ്യുന്നവരെപ്പറ്റി അറിയുന്നത്‌ മറ്റുള്ളവർക്ക്‌ പ്രചോദനമാകും. അത്തരം പ്രചോദനം ജീവിതത്തിന്റെ ഗതിയാകെ മാറ്റി ഒഴുക്കും. അച്ഛനാരെന്നുപോലും തിട്ടമില്ലാത്ത ദാസിപുത്രന്മാരായിരുന്നു ബ്രഹ്മദേവനും സത്യകാമനും. ജനകസദസ്സിലെ പണ്ഡിതന്മാരെ തർക്കത്തിൽ തോൽപ്പിച്ച ബാലന്‌ ശരീരത്തിൽ എട്ടു വളവുകളുണ്ടായിരുന്നു. തന്റെ ശാരീരികാവസ്ഥ കണ്ട്‌ പരിഹസിച്ചവരെ നോക്കിയിട്ട്‌ അഷ്ട്രാവക്രൻ ചോദിച്ചു. 'മഹാരാജാവേ, അങ്ങയുടെ സദസ്സിലുള്ളത്‌ ചെരുപ്പുകുത്തികളാണോ? അവർക്ക്‌ തൊലിയിലാണോ താത്പര്യം?' പോരായ്മയുടെ അപകർഷതയിൽ ഒതുങ്ങിപ്പോകാതെ മാഹാത്മ്യത്തിലെത്തിയവരുടെ കഥകൾ പുരാണങ്ങൾ വിസ്തരിച്ചുപറയുന്നതിന്റെ ഉദ്ദേശവും ഇതാണ്‌. പ്രചോദിപ്പിക്കുക - പ്രബലരാക്കുക.

ചിങ്ങപ്പെണ്ണ്‌



മേട്ടുംപുറത്ത്‌  മനോജ്

ചിങ്ങപ്പെണ്ണ് ചിരിച്ചു,തൊടിയിൽ പലവർണ്ണപ്പൂക്കൾ വിരിഞ്ഞു
പൂക്കളിറുക്കാൻ കുട്ടികൾവന്നുപൂമ്പാറ്റകളെപ്പോലെ
തെച്ചിപ്പൂവുംചേമന്ദീയും വട്ടികൾനീളെനിറച്ചു
നന്ത്യാർവട്ടംചിണുങ്ങിനിന്നുനാണങ്കുണുങ്ങിയെപ്പോലെ
തുമ്പപ്പൂവും പിച്ചിപ്പൂവും ഓരോവരികൾതീർത്തു
കൃഷ്ണതുളസി ഗർവ്വ്വ്നടിച്ചു ഔഷധരാജ്ഞിയെന്നോർത്ത്‌
ചിങ്ങത്തുമ്പിചിത്തിരത്തുമ്പി എങ്ങോട്ടാണീയാത്രാ
അമ്പലക്കുളത്തിലെത്താമരപ്പെണ്ണിന്റെപൊന്നുംകുടത്തിന്‌ ചോറൂണ്‌
അമ്പലക്കുളവുംആൽത്തറയും ഇനിയൊരു പഴങ്കഥയാവും
മുത്തശ്ശിയമ്മപറഞ്ഞുകൊടുക്കുംകുട്ടികൾകേട്ടുചിരിയ്ക്കും
പുത്തനുടുപ്പുംപൂവടയുംഇന്നെന്തൊരുസുന്ദരസ്വപ്നം
പട്ടിണിമരണംപതിവാക്കിയത്കേരളമാണെന്നോർക്കേണം
കുഞ്ഞിച്ചുണ്ടിൽവിരിഞ്ഞീടുംപുഞ്ചിരിപ്പൂക്കളെകാക്കേണം
കുഞ്ഞുങ്ങൾക്കുതുണയാകാൻനാംഓരൊനാളുംഒരുങ്ങേണം
നാളെനമുക്ക്കണികാണാൻ ഈ പൂക്കൾ ബാക്കിയാകേണം.

വാരിയെല്ല്‌


മുതയിൽ അബ്ദുള്ള
കൽപിത കൂടാരത്തിൽ വിഹരിക്കുന്ന അയാൾ ഈയിടെയായി പതിവ്‌ രീതി തെറ്റിച്ചാണ്‌ ഓഫീസിലെത്താറ്‌. അന്നും അയാൾ നേരത്തെ എത്തിയതിൽ സഹപ്രവർത്തകർക്ക്‌ അരിശവും അതിശയവും കൂടി. അവർ അത്‌ പ്രകടിപ്പിച്ചു.
"നീ എന്താ സർക്കാരിനെ സേവിച്ച്‌ നല്ല ജീവനക്കാരനാകുകയാണോ?"
"നമ്മളെയൊക്കെ വെറുപ്പിച്ച്‌ എത്രനാൾ തുടരാനാകുമെന്ന്‌ നോക്കാമല്ലോ...!"
നിരീക്ഷണബുദ്ധിയിൽ സമർത്ഥനായ സഹപ്രവർത്തകൻ കളിയാക്കി.
"ഏയ്‌...ഏതെങ്കിലും പെണ്ണിന്റെ കാന്തിക വലയത്തിൽ കുടുങ്ങിക്കാണും...!"
"ഒന്ന്‌ പോടാ...!"
ഫയലിൽ പൂഴ്ത്തിയ മുഖത്ത്‌ ചുവന്നവാകപ്പൂക്കൾ വിരിഞ്ഞു. കണ്ണുകളിൽ മോഹം കത്തി. നനവാർന്ന ചുണ്ട്‌ വിറകൊണ്ടു.
    വർണ്ണച്ചിറകുള്ള ശലഭമായി പറന്നെത്തി അയാളൊടൊട്ടി അവളും ഫയലിൽ ഇഴഞ്ഞു. സഹപ്രവർത്തകന്റെ നിരീക്ഷണം തെറ്റിയില്ലെങ്കിലും അവളെകാത്ത്‌ നിന്ന അയാളെ എതിരേറ്റത്‌ വിചിത്രസംഭവമാണ്‌.
    ബസ്സ്‌ സ്റ്റോപ്പ്‌ ശൂന്യമായതിൽ നിരാശനായ അയാൾ ചുറ്റും പരതി. അകലെ ആൾക്കൂട്ടം. ബൈക്കിൽ നിന്നിറങ്ങി ആൾക്കൂട്ടത്തെ തുരന്ന്‌ അകത്തുകടന്നു.
    വായിൽ നിന്ന്‌ രക്തം ഇറ്റുന്ന അവൾ കവിളിൽ കൈപ്പത്തിയമർത്തി വിലപിക്കുന്നു.
    "മറ്റു പെണ്ണുങ്ങളോടൊപ്പം ചുറ്റിത്തിരിയുന്നത്‌ ഇങ്ങേര്‌...കുറ്റവും ശിക്ഷയും എനിക്ക്‌...എത്ര നാളിത്‌ സഹിക്കും...!"
    അയാൾക്കായി ദൈവം അയാളുടെ വാരിയെല്ലൂരി അവളെ സൃഷ്ടിച്ചതാണെന്ന അവകാശത്തിൽ അക്രമിക്ക്‌ നേരെ പാഞ്ഞു. അടുത്ത്‌ നിന്നയാൾ തടഞ്ഞു.
"വേണ്ട...അതവരുടെ കുടുംബപ്രശ്നമാണ്‌. ഇടപെട്ടാൽ നാറും. വെറുതെ കുഴപ്പത്തിന്‌ നിൽക്കണ്ട. പോലീസിനെ അറിയിച്ചിട്ടുണ്ട്‌. അവരെത്തി തീരുമാനമുണ്ടാക്കും...!"
    അയാൾ ക്ഷമ തിന്ന്‌. പിറകെ പോലീസെത്തി ഇരുവരേയും ജീപ്പ്പിൽ കയറ്റിപോയി.
ദൃഷ്ടി ശൂന്യമാകുംവരെ നിന്ന്‌ വിറകൊണ്ടു. ഫയലിലും, ഊണിലും ഉറക്കത്തിലും, വായിൽ നിന്ന്‌ രക്തമിറ്റി വിലപിക്കുന്ന അവളുടെ ചിത്രമായി.
    അവളെ മോചിപ്പിച്ച്‌ തന്റേതാക്കണമെന്ന മോഹത്തിൽ പലവട്ടം സ്റ്റേഷനിൽ തേടിയെത്തി. കണ്ടെത്താനാകാതെ വീട്‌ തേടി ഇറങ്ങുമ്പോഴാണ്‌ സ്റ്റോപ്പിലേക്കവൾ നടന്നടുക്കുന്നത്‌ കണ്ടത്‌.
അടുത്തെത്തി ബൈക്ക്‌ നിർത്തി പറഞ്ഞു.
"ഈ വഴിക്ക്‌ ഇപ്പോൾ ബസ്സില്ല. റോഡ്‌ പണി നടക്കുന്നതിനാൽ വേറെ വഴിക്കാ പോകുന്നത്‌.
......കയറിക്കോ...!
മടിച്ച്‌ നിന്ന അവളെ ബോധ്യപ്പെടുത്തി.
"എന്റെ അവകാശമാണെന്ന്‌ കൂട്ടിക്കോളൂ. നിന്റേയും...കയറിക്കോളൂ...മടിക്
കേണ്ട - ! ഒത്തിരികാര്യങ്ങൾ പറയാനുമുണ്ട്‌...!"
അവൾ ബൈക്കിൽ കയറി. കുതിക്കുമ്പോൾ പറഞ്ഞു.
"പിടിച്ചിരുന്നോളൂ...!"
    അവൾ മൗനിയായപ്പോൾ അയാൾ വാചാലനായി. അയാളുടെ അഭിലാഷങ്ങൾക്കും പ്രതീക്ഷകൾക്കുമെല്ലാം മൂളലിലൂടെയും പൊട്ടിച്ചിരിയിലൂടെയും അവൾ മറുപടി നൽകി. ബൈക്ക്‌ വളവ്‌ തിരിയുമ്പോൾ അവൾ പറഞ്ഞു. "ജീവിതത്തെ വിശ്വസിക്കാൻ കൊള്ളില്ല... എപ്പോഴാണ്‌ നമ്മളെ ഉപേക്ഷിച്ച്‌ മരണത്തിന്റെ കിടക്കപങ്കിടുന്നതെന്നാർക്കറിയാം...
ജീവിച്ച്‌ കൊതി തീർന്നില്ല. ആവോളം ഇനിയും ആസ്വദിക്കണം.... ഈ നഗരം മുഴവനും ചുറ്റിക്കറങ്ങിയാലോ...!"
"ആകാമല്ലോ...!"
അയാൾക്ക്‌ സന്തോഷമായി.
റോഡ്‌ മുറിച്ച്‌ കടക്കാൻ ശ്രമിക്കെ വിലാപയാത്രയുടെ വരവായി. വിലാപയാത്ര അവസാനിക്കാൻ അയാൾ കാത്തുനിന്നു.
"നീ എന്നെ കിടക്കറയിലേക്ക്‌ വലിച്ചിടുമ്പോൾ എത്രാമത്തെവാരിയെല്ലാകും ഞാൻ !"
അപ്രതീക്ഷിത ചോദ്യം അയാളുടെ ഉള്ളിൽ മിന്നലുണ്ടാക്കി.
"ഏയ്‌...."
പെട്ടെന്ന്‌ നിഷേധിച്ച അയാൾ, അവളുടെ വാക്കുകളോടൊപ്പം നൊമ്പരവും അകമ്പടിയുണ്ടെന്നറിഞ്ഞ്‌ തിരിഞ്ഞ്‌ നോക്കി.
ബൈക്കിന്റെ പിൻസീറ്റ്‌ ശൂന്യമായത്‌ കണ്ട്‌ ഞെട്ടി.
ബൈബിൾ വചനങ്ങളും, ഒപ്പീസും ഉരുവിട്ട്‌ വിലാപയാത്ര അന്നേരമടുത്തെത്തി. ശവവണ്ടിയിൽ ശുഭ്രവസ്ത്രമണിഞ്ഞ്‌ മലർക്കിരീടം ചൂടി അവൾ. മുഖപ്പോറലുള്ള അവൾ അയാളെ നോക്കി ചുണ്ടുകൾ ചലിപ്പിക്കുന്നു.
സ്വപ്നവും യാഥാർത്ഥ്യവും അരിച്ചെടുക്കാനാകാതെ തരിച്ച്‌ നിന്നു.

അനിരുദ്ധൻ ചേട്ടൻ


സുനിൽ എം എസ്

അനിരുദ്ധൻ ചേട്ടൻ മരിച്ചു.

ബസ്റ്റോപ്പിൽ പഞ്ചായത്തു സ്ഥാപിച്ചിരിയ്ക്കുന്ന നോട്ടീസ് ബോർഡിൽ ചോക്കു കൊണ്ടെഴുതി വച്ചിരിയ്ക്കുന്നു. ഇന്നലെ രാത്രി മരണം നടന്നിരിയ്ക്കുന്നു. ഇന്നു കാലത്തെട്ടുമണിയ്ക്കു ശവസംസ്കാരം.

കുളക്കടവു ജങ്ഷനിൽ മിൽമപ്പാലു വാങ്ങാൻ രാവിലെ വന്നതായിരുന്നു ഞാൻ.

ബോർഡിൽ, വാർത്തയുടെ ചുവട്ടിൽ വളരെച്ചെറിയൊരു ഫോട്ടോയും പതിച്ചിട്ടുണ്ട്. ഫോട്ടോ അടുത്തു നിന്നു കാണാൻ വേണ്ടി ഞാൻ റോഡു ക്രോസ്സു ചെയ്ത് ബോർഡിനടുത്തേയ്ക്കു ചെന്നു.

ഫോട്ടോ അനിരുദ്ധൻ ചേട്ടന്റേതു തന്നെ. സംശയമില്ല. പക്ഷേ, പത്തുപന്ത്രണ്ടു കൊല്ലം മുമ്പെടുത്തതായിരിയ്ക്കണം. തിരിച്ചറിയൽക്കാർഡിൽ നിന്നുള്ളതാകാനാണു വഴി.

അനിരുദ്ധൻ ചേട്ടന്റെ ഇന്നുള്ള, അല്ലെങ്കിൽ ഇന്നലെവരെയുണ്ടായിരുന്ന രൂപത്തിന് ഈ ഫോട്ടോയുമായി യാതൊരു സാമ്യവുമില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ആളത്രത്തോളം മാറിപ്പോയിട്ടുണ്ട്.

എന്റെ ബാല്യം മുതൽ ഞാൻ കാണുന്നതാണ് അനിരുദ്ധൻ ചേട്ടനെ. നടുവിൽ വകഞ്ഞ്, ഇരുവശത്തേയ്ക്കും ചീകിവച്ച ചുരുണ്ട മുടി. പഴയ ഏതോ സിനിമയിൽ പ്രേംനസീർ അത്തരത്തിൽ മുടി ചീകിവച്ചിരുന്നതു ഞാനോർക്കുന്നു. ഒരു പക്ഷേ, പ്രേംനസീറിനെക്കണ്ടാവാം, അനിരുദ്ധൻ ചേട്ടൻ അങ്ങനെ ചീകിയിരുന്നത്.

ആ മുടി മുഴുവനും പോയിട്ടുണ്ടാകണം. അവസാനമായി കണ്ടപ്പോൾ, ഒരു തോർത്തുകൊണ്ടു തല മൂടിക്കെട്ടിയിരുന്നു. കഴുത്തിലും ഒരു തോർത്തു ചുറ്റിക്കെട്ടിയിരുന്നു. തൊണ്ടയിലായിരുന്നല്ലോ ക്യാൻസർ.

ഞങ്ങളുടെ നാട്ടിൽ മതിലുകളില്ലാതിരുന്നൊരു കാലമുണ്ടായിരുന്നു. അക്കാലത്ത്, ഞങ്ങളുടേതുൾപ്പെടെയുള്ള ചില പുരയിടങ്ങളിലൂടെ കയറിനടന്നാൽ, പടിഞ്ഞാറു ഭാഗത്തെ പല നിവാസികൾക്കും കുളക്കടവു ബസ്റ്റോപ്പിലേയ്ക്ക് എളുപ്പമെത്താമായിരുന്നു. അനിരുദ്ധൻ ചേട്ടനങ്ങനെ ഞങ്ങളുടെ മുറ്റത്തുകൂടി നടന്നുപോകാറുണ്ടായിരുന്നു.

വരാന്തയിൽ അമ്മയിരുന്നു വായിയ്ക്കാറുണ്ടായിരുന്ന കാലത്ത്, കണ്ടയുടനെ അമ്മ ചോദിയ്ക്കുമായിരുന്നു, “ങാ, എന്താ അനിരുദ്ധാ?”

ദവിടിത്തിരി പണീണ്ട് ചേച്ച്യേ. അതൊന്നു ചെയ്തുകൊടുത്തേയ്ക്കാന്നു കരുതി” എന്നു വിനയത്തോടെ പറഞ്ഞുകൊണ്ട് അനിരുദ്ധൻ ചേട്ടൻ നടന്നു പോകും. അമ്മയ്ക്ക് തൃപ്തിയുള്ള ചുരുക്കം ചിലരിലൊരാളായിരുന്നു, അനിരുദ്ധൻ ചേട്ടൻ. “ഉത്തരവാദിത്വമുള്ളോനാ, അനിരുദ്ധൻ,” അമ്മ പറയാറുണ്ടായിരുന്നു.

ഒരിയ്ക്കൽ അനിരുദ്ധൻ ചേട്ടൻ യുവാവായിരിയ്ക്കെ, വള്ളമൂന്നിക്കൊണ്ടിരുന്ന അച്ഛൻ കാൽ വഴുതി വള്ളത്തിന്റെ വക്കിൽ തലയടിച്ചു വീണു. അങ്ങേത്തലയ്ക്കൽ അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നതുകൊണ്ടു രക്ഷപ്പെട്ടു. വള്ളം ഉടനൊരു കടവിലടുപ്പിച്ച്, ചോരയൊലിപ്പിച്ചു കിടന്നിരുന്ന അച്ഛനെ മകൻ കൈകളിലെടുത്ത്, അടുത്തുണ്ടായിരുന്നൊരു വൈദ്യരുടെ അടുത്തു കൊണ്ടുപോയി മരുന്നു വയ്പിച്ചു. അവിടുന്നൊരു ഉന്തുവണ്ടിയിൽ പായ് വിരിച്ചു കിടത്തി, അല്പമകലെയുള്ള ആശുപത്രിയിലെത്തിച്ചു. അച്ഛനെ കൈകളിലെടുത്ത് അനിരുദ്ധൻ ചേട്ടൻ നടന്നുപോയതിനു സാക്ഷ്യം വഹിച്ചവർ പലരുമുണ്ട്.

പണ്ട് അനിരുദ്ധൻ ചേട്ടന് നല്ല ആരോഗ്യമുണ്ടായിരുന്നെന്നു വിശ്വസിയ്ക്കാനിന്നു ബുദ്ധിമുട്ടുണ്ട്. അത്രയ്ക്കധികം ക്ഷീണിച്ചുപോയിട്ടുണ്ടിപ്പോൾ. പണിക്കുറവും സാമ്പത്തികഞെരുക്കവും മൂലം ക്ഷീണിച്ചുപോയതായിരിയ്ക്കണം. അച്ഛനമ്മമാർ രണ്ടു പേരും രോഗഗ്രസ്തരായതായിരിയ്ക്കാം സാമ്പത്തികഞെരുക്കത്തിനിടയാക്കിയത്.

മുറ്റത്തുകൂടി നടന്നു പോകുമ്പോൾ ആരേയും ഉമ്മറത്തു കണ്ടില്ലെങ്കിൽ അനിരുദ്ധൻ ചേട്ടൻ വിളിയ്ക്കും, “മോനേ, എടാ...

എന്നെയുദ്ദേശിച്ചുള്ളതാണാ വിളി. ഞാൻ പിൻ‌വശത്തുണ്ടെങ്കിൽ ചേട്ടാ, എവിടേയ്ക്കാഎന്നു ചോദിച്ചുകൊണ്ടു മുൻ‌വശത്തേയ്ക്കു ചെല്ലും.

ഒന്നവ് ടം വരെപ്പോണം. മോനേ, നീ നല്ലോണം പടിയ്ക്കണില്ലേടാ?” അതു ഞാൻ കോളേജിൽ പഠിയ്ക്കുമ്പോളുള്ള ചോദ്യമായിരുന്നു. എനിയ്ക്കു ജോലി കിട്ടിയതിൽപ്പിന്നെ, “മോനേ, എടാ, നീ ആപ്പീസിലൊക്കെപ്പോണില്ലേ?” എന്നായി ചോദ്യം.

എന്റെ ജോലിയെപ്പറ്റി എനിയ്ക്കുള്ളതിനേക്കാളേറെ വേവലാതി അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നു. അനിരുദ്ധൻ ചേട്ടന്റെ മകൻ അനിൽ വയനാട്ടിലുണ്ടായിരുന്ന ജോലി കളഞ്ഞു മടങ്ങിവന്നതു മുതലാണ് ആ വേവലാതി തുടങ്ങിയത്. എന്നോടു മാത്രമല്ല, ജോലിയുള്ളവരോടൊക്കെ അനിരുദ്ധൻ ചേട്ടൻ പറയുമായിരുന്നു, “ജോലി കളയല്ലേട്ടാ...

ജോലി കളഞ്ഞതിന് അനിലിനെ ഞാൻ കുറ്റം പറയില്ല. അനിലിന്റെ വയനാട്ടിലെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ശമ്പളം കിട്ടിയിരുന്നെങ്കിലും, രോഗമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. വയനാട്ടിൽ നിന്നുള്ള വരവും പോക്കും ദുർഘടം പിടിച്ചതുമായിരുന്നു. രണ്ടു കൊല്ലത്തിനിടയിൽ അര ഡസനിലേറെത്തവണ സുഖക്കേടുകളുമായി വരേണ്ടി വന്നു. പനിയൊരിയ്ക്കൽ ഗുരുതരമായി. സർക്കാരാശുപത്രിയിൽ രണ്ടാഴ്ചയോളം കിടക്കേണ്ടതായി വന്നു. രോഗം മാറിയ ശേഷവും ക്ഷീണമുണ്ടായി. അതോടെ വയനാട്ടിലേയ്ക്കിനി പോകേണ്ടെന്നു വച്ചു.

അനിരുദ്ധൻ ചേട്ടന്റെ വേവലാതി അന്നു തുടങ്ങി.

പക്ഷേ, അനിൽ മടി പിടിച്ചിരുന്നൊന്നുമില്ല. അച്ഛനെപ്പോലെ തന്നെ, നാട്ടിൽ കിട്ടിയ പണികളെല്ലാം ചെയ്തു. ഇപ്പോഴും ചെയ്യുന്നു. മേയ്ക്കാട്ടു പണിയാണു കൂടുതലും. അനിലിന് ഇടയ്ക്കു പണിയില്ലാതെ വരുമ്പോൾ അനിരുദ്ധൻ ചേട്ടൻ പറയും: ഹൊ! അവനാ ജോലി കളയാതിരുന്നെങ്കിൽ!

കാലം ചെന്നപ്പോൾ, നാട്ടിൽ മതിലുകളുയർന്നു. പുരയിടങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധം ഏതാണ്ടില്ലാതായി. ഇടവഴികൾ റോഡുകളായി. അവയിൽക്കൂടിയായി മിക്കവരുടേയും വരവും പോക്കും. എന്റെ മുറ്റത്തുകൂടിയുണ്ടായിരുന്ന അനിരുദ്ധൻ ചേട്ടന്റെ നടപ്പു നിന്നു. കുളക്കടവു കവലയിൽ വച്ചു വല്ലപ്പോഴും കണ്ടെങ്കിലായി. കാണുമ്പോഴെല്ലാം അനിരുദ്ധൻ ചേട്ടൻ സ്നേഹത്തോടെ എന്തെങ്കിലുമൊക്കെ ചോദിയ്ക്കും.

ചിലരെ കാണുന്നതും അവരോടു സംസാരിക്കുന്നതും അനിർവ്വചനീയമായ സുഖം തരുന്നു. ചുരുക്കം ചിലരേയുള്ളു, അത്തരക്കാരായി. അനിരുദ്ധൻ ചേട്ടൻ അക്കൂട്ടത്തിലൊരാളായിരുന്നു. അതെന്തുകൊണ്ടെന്നു ചോദിച്ചാൽ കൃത്യമായൊരുത്തരം തരാനില്ല. എനിയ്ക്ക് അനിരുദ്ധൻ ചേട്ടന്റെ സഹായം ഒരിയ്ക്കലും തേടേണ്ടി വന്നിട്ടില്ല. എന്റെ സഹായം അനിരുദ്ധൻ ചേട്ടനൊട്ടാവശ്യപ്പെട്ടിട്ടുമില്ല. പരസ്പരം സഹായിയ്ക്കേണ്ടി വന്നിട്ടില്ലെങ്കിലും, ഇരുവരും അതിനു തയ്യാറായിരുന്നെന്ന കാര്യത്തിൽ എനിയ്ക്കു യാതൊരു സംശയവുമില്ല.

ഒരു ദിവസം കിഴക്കേലെ ശിവൻ സംഭാഷണമദ്ധ്യേ പറഞ്ഞു, “ചേട്ടൻ അനിരുദ്ധൻ ചേട്ടനെ അറിയോ? മേയ്ക്കാട്ടു പണി അനിലിന്റെ അച്ഛൻ? കല്പണിക്കാരൻ തങ്കച്ചന്റെ വീടിന്റെ അപ്രത്തെ?”

പിന്നേ! അനിരുദ്ധൻ ചേട്ടനെ പണ്ടേ മുതലറിയാം. ഇടയ്ക്കിടെ മുറ്റത്തൂടെ പോകാറുണ്ടായിരുന്നു. ഇപ്പൊ കൊറച്ചുകാലായി കണ്ടിട്ട്. എന്തേ, ചോദിയ്ക്കാൻ?”

മൂപ്പര്ക്ക് ക്യാൻസറാ.

ചിലരുടെ രോഗവിവരങ്ങൾ കേട്ട്, “അയ്യോ, കഷ്ടമായിപ്പോയിഎന്നു നാം പറഞ്ഞാലും, വലുതായ വിഷാദം മനസ്സിലുണ്ടാകാറില്ല. എന്നാൽ, ശിവൻ അനിരുദ്ധൻ ചേട്ടന്റെ കാര്യം പറഞ്ഞതു കേട്ട് എനിയ്ക്കു വിഷമമുണ്ടായി.

അന്നു വൈകീട്ട്, ഓഫീസിൽ നിന്നു വന്നയുടനെ ഞാൻ അനിരുദ്ധൻ ചേട്ടന്റെ വീട്ടിലേയ്ക്കു ചെന്നു. ഓടിട്ട, ചെറിയൊരു വീട്. അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നില്ല. അച്ചനേം കൊണ്ട് ചേട്ടൻ പോയിരിയ്ക്ക്യേണ്”: അനിലിന്റെ ഭാര്യ ജാനകി പറഞ്ഞു. നാലഞ്ചീസം കഴിയേരിക്കും വരാ‍ൻ.

ചികിത്സയ്ക്കായി അച്ഛനെ അനിൽ എവിടേയ്ക്കോ കൊണ്ടുപോയതായിരുന്നു. അനിലും അനിരുദ്ധൻ ചേട്ടനും മടങ്ങിവരുന്നതിനു മുമ്പ് എനിയ്ക്കു കോഴിക്കോട്ടേയ്ക്കു പോകേണ്ടി വന്നു. തുടർന്നുള്ള കുറേനാൾ ഞാൻ പ്രായേണ കോഴിക്കോട്ടു തന്നെയായിരുന്നു.

ഇടയിലൊരിയ്ക്കൽ രണ്ടു ദിവസത്തെ ലീവിനു വന്നിരിയ്ക്കെ, കുളക്കടവു ജങ്ഷനിൽ വച്ചു ഞാൻ യാദൃച്ഛികമായി അനിരുദ്ധൻ ചേട്ടനെക്കണ്ടു. തലയിലും കഴുത്തിലും കെട്ട്. കെട്ടുകൾക്കിടയിലൂടെ കാണുന്ന മുഖഭാഗത്തിനു പഴയ ഛായ തീരെയില്ല. കവിളെല്ലുകളുന്തി, കണ്ണുകൾ കുഴിഞ്ഞ്...ആൾ പകുതിയായിപ്പോയിരിയ്ക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരം. മെലിഞ്ഞുണങ്ങിയ കൈകാലുകൾ. കണ്ണിൽ പീള.

ആദ്യം ഞാനാളെ തിരിച്ചറിഞ്ഞില്ല. ഏതാനും മിനിറ്റു കഴിഞ്ഞപ്പോൾ, ഒരു മിന്നലു പോലെ, ഒരു നടുക്കത്തോടെ, എന്റെ ഉള്ളിലൊരു ചോദ്യമുയർന്നു: അനിരുദ്ധൻ ചേട്ടനല്ലേയിത്!

ഞാനടുത്തേയ്ക്കു ചെന്നു. അനിരുദ്ധൻ ചേട്ടനല്ലേ?” ശങ്കയോടെ ചോദിച്ചു.

എന്നെ തിരിച്ചറിയാൻ അനിരുദ്ധൻ ചേട്ടന് ഒരു പ്രയാസവുമുണ്ടായില്ല. കോഴിക്കോട്ട് ന്ന് പോന്നാ, മോനേ?” ഇടറിയ, തളർന്ന സ്വരം. രോഗം മൂലമായിരിയ്ക്കണം. എങ്കിലും ചുണ്ടുകളകന്നു. ചിരിയ്ക്കാനുള്ള ശ്രമം. മുൻ നിരയിലെ പല്ലുകൾ മിക്കതും പോയിരിയ്ക്കുന്നു. നോക്കാനാകാത്ത വിധം വിരൂപമായിരിയ്ക്കുന്ന മുഖം.

എന്തൊരു മാറ്റം!

ഞാൻ തിരിഞ്ഞു നിന്ന്, പോക്കറ്റിലുണ്ടായിരുന്ന വലിയ നോട്ടുകളെല്ലാമെടുത്തു മടക്കിപ്പിടിച്ച്, ആരും കാണാതെ, അനിരുദ്ധൻ ചേട്ടന്റെ ഷർട്ടിന്റെ പോക്കറ്റിൽത്തിരുകി. തോളത്തു മൃദുവായി തടവി. പഴകിദ്രവിച്ച ഷർട്ടിനടിയിൽ ഉന്തിനിന്നിരുന്ന തോളെല്ലു വിരലിൽത്തടഞ്ഞു.

മോനേ, എടാ, നീ കാശൊന്നും കളയല്ലേഅനിരുദ്ധൻ ചേട്ടൻ കിതച്ചുകൊണ്ട്, മെല്ലെ പറഞ്ഞു. അനിരുദ്ധൻ ചേട്ടൻ നോട്ടുകളെടുത്തു തിരികെത്തന്നുകളയുമോ എന്നു ഞാൻ ഭയപ്പെട്ടു. അനിരുദ്ധൻ ചേട്ടന്റെ പോക്കറ്റു ഞാൻ പതുക്കെ അമർത്തിപ്പിടിച്ചു. നോട്ടുകൾ അതിൽത്തന്നെ ഭദ്രമായിരിയ്ക്കട്ടെ.

അധികം സംസാരിയ്ക്കാവുന്ന സ്ഥിതിയിലായിരുന്നില്ല അനിരുദ്ധൻ ചേട്ടൻ. കാര്യമായെന്തെങ്കിലുമൊക്കെ സംസാരിയ്ക്കാൻ എനിയ്ക്കുമായില്ല. ഞങ്ങൾ പരസ്പരം നോക്കി നിന്നു.

പഴയ കാലങ്ങളെപ്പറ്റി ഞാനോർത്തുകൊണ്ടിരിയ്ക്കെ ഒരോട്ടോ മുന്നിൽ വന്നു നിന്നു. അതിൽ നിന്ന് അനിലിന്റെ ഭാര്യ, ജാനകി, ഇറങ്ങിവന്നു. അനിരുദ്ധൻ ചേട്ടനെ മെല്ലെ ഓട്ടോയിൽ കയറ്റുന്നതിനിടയിൽ ജാനകി തിരിഞ്ഞെന്നോടു പറഞ്ഞു, “കവല വരെ നടന്ന് നാട്ടിലെ കാറ്റിത്തിരി കൊള്ളട്ടേന്നും പറഞ്ഞ് പോന്നതാ, അച്ചൻ. പതുക്കെപ്പൊക്കോ, ഇത്തിരി കഴിഞ്ഞ് ഓട്ടോനു വന്ന് കൊണ്ടന്നോളാന്നു ഞാൻ പറഞ്ഞിരുന്നു. ചേട്ടൻ പണിക്ക് പോയിട്ട് വന്നട്ടില്ല.

മോനേ, പോട്ടേടാ?” ഓട്ടോയിലിരുന്ന ശേഷം അനിരുദ്ധൻ ചേട്ടൻ എന്നോടു ചോദിച്ചു. ബീഭത്സമായ ആ രൂപത്തെ ഞാൻ നോക്കി നിന്നു.

പാവങ്ങളെ ദൈവം തമ്പുരാൻ എന്തിനിങ്ങനെ കഷ്ടപ്പെടുത്തുന്നു!

പരിതാപകരമായ അവസ്ഥയിലായിരുന്നിട്ടും അനിരുദ്ധൻ ചേട്ടന് ആവലാതികളും പരിഭവങ്ങളുമൊന്നുമുണ്ടായിരുന്നില്ല. രോഗജന്യമായ വൈരൂപ്യത്തിനിടയിലും നൈമിഷികമായെങ്കിലും പ്രസന്നഭാവമുണ്ടായിരുന്നു താനും. അതിൽ ‘ഇതൊന്നും സാരമില്ല മോനേ’ എന്ന പരോക്ഷമായ ഒരാശ്വസിപ്പിയ്ക്കൽ അടങ്ങിയിരുന്നു.

ഓർത്തപ്പോളെന്റെ കണ്ണു നനഞ്ഞു.

ഞങ്ങളുടെ നാട്ടിലൊരു പരസ്പരസഹായസംഘമുണ്ട്. കുറേപ്പേർ ചെറിയ തുകവീതമെടുത്തു തുടങ്ങിയ ഒരു സഹകരണപ്രസ്ഥാനം. കടം കൊടുക്കലാണ് അവരുടെ മുഖ്യ തൊഴിൽ. ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെയുള്ള ലോണുകളാണ് അവർ കൊടുക്കാറ്. ബാങ്കുകൾ ഇത്ര ചെറിയ ലോണുകൾ കൊടുക്കുകയില്ലല്ലോ. സംഘം ചെറു കടങ്ങൾ കൊടുക്കുക മാത്രമല്ല, കൊടുത്ത കടങ്ങളെല്ലാം ആളെവിട്ട് ദിവസേന ചെറിയ തുക വീതം പിരിച്ചെടുക്കുകയും ചെയ്യും. കമ്മീഷനടിസ്ഥാനത്തിൽ പിരിവു നടത്താനായി അവിടെ ഏതാനും വനിതകളുമുണ്ട്.

ചെറുലോണുകളെടുക്കാൻ ആളുകൾ ധാരാളമുണ്ടായി. സകലരും പരസ്പരം അറിയുന്നവരായതുകൊണ്ട് സംഘത്തിൽ നിന്നു ലോൺ കിട്ടുന്നത് എളുപ്പമായിരുന്നു. ബാങ്കുകളിലേതിനേക്കാൾ ഉയർന്ന നിരക്കിലുള്ളതായിരുന്നു, പലിശ. എന്നിരുന്നാലും നിരവധിപ്പേർ കടമെടുത്തു. ദിവസേന സ്ഥലത്തു വന്നു പിരിവു നടത്തിയിരുന്നതുകൊണ്ടു തിരിച്ചടവ് അനായാസമായിരുന്നു. മിക്കവരും തങ്ങളുടെ കടങ്ങൾ മടി കൂടാതെ തിരിച്ചടച്ചു. പതിറ്റാണ്ടുകൾകൊണ്ടു സംഘം സമ്പന്നമായി. ‘റോം വാസ് നോട്ട് ബിൽറ്റ് ഇൻ എ ഡെ’ എന്നനുസ്മരിപ്പിയ്ക്കുമാറ്, ഒരു മൂന്നു നിലക്കെട്ടിടം നിർമ്മിച്ചു. കെട്ടിടത്തിലുള്ള കടകൾ വാടകയ്ക്കു കൊടുത്തു. വരുമാനം വീണ്ടും വർദ്ധിച്ചു.

ചുറ്റുവട്ടത്തുള്ള ക്യാൻസർ രോഗികൾക്കു ധനസഹായം നൽകണമെന്നൊരു നിർദ്ദേശം ഭരണസമിതിയുടെ ഒരു യോഗത്തിൽ വന്നു. ക്യാൻസർ രോഗത്തിനുള്ള ചികിത്സ ചെലവേറിയതാണ്. സാധാരണക്കാർക്കതു താങ്ങാനാവില്ല. അതുകൊണ്ടവരെ കഴിയുന്നത്ര സഹായിയ്ക്കുക തന്നെ.

സംഘം ആ നിർദ്ദേശം ഉടൻ സ്വീകരിച്ചു.

ക്യാൻസർ ബാധിച്ചിട്ടും, അതിനു മുമ്പു തന്നെ അനാരോഗ്യമുണ്ടായിരുന്നിട്ടും താരതമ്യേന നീണ്ട കാലം ജീവിച്ചിരുന്നത് അത്ഭുതകരമായിരുന്നെങ്കിലും, അവശനായിത്തീർന്നിരുന്നു, അനിരുദ്ധൻ ചേട്ടൻ. ഏതു നിമിഷം വേണമെങ്കിലും അന്ത്യം കടന്നു വരാവുന്ന സ്ഥിതി. സമീപത്തുള്ള ക്യാൻസർരോഗികളുടെ ലിസ്റ്റു തയ്യാറായപ്പോൾ, അതിലൊന്നാമത്തെപ്പേര് സ്വാഭാവികമായും അനിരുദ്ധൻ ചേട്ടന്റേതായിരുന്നു.

ഒരു സായാഹ്നത്തിൽ അയ്യായിരം രൂപയടങ്ങുന്നൊരു കവറുമായി സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും ഖജാൻ‌ജിയും കൂടി അനിരുദ്ധൻ ചേട്ടന്റെ വീട്ടിലെത്തി. അനിരുദ്ധൻ ചേട്ടൻ മയക്കത്തിലായിരുന്നു. അനിൽ പണിയ്ക്കു പോയിരുന്നു. ജാനകിയുണ്ടായിരുന്നു, വീട്ടിൽ. സംഘം ഭാരവാഹികൾ അനിരുദ്ധൻ ചേട്ടനുണരുന്നതും കാത്തിരുന്നു. കാത്തു നിന്നു എന്നു വേണം പറയാൻ; ഇരിയ്ക്കാനുള്ള സൌകര്യങ്ങൾ പരിമിതമായിരുന്നു.

അല്പം കഴിഞ്ഞ് അനിരുദ്ധൻ ചേട്ടൻ കണ്ണു തുറന്നപ്പോൾ, കാര്യം വിശദീകരിച്ചുകൊണ്ട്, പ്രസിഡന്റ് കവറെടുത്തു നീട്ടി.

ദൈവാനുഗ്രഹം കൊണ്ടു ചെലവൊക്കെ മുട്ടുകൂടാതെ നടന്നു പോകുന്നുണ്ടെന്നു പറഞ്ഞ് അനിരുദ്ധൻ ചേട്ടൻ പണം വാങ്ങിയില്ല. സംഘത്തിന്റെ ഭാരവാഹികളിലോരോരുത്തരും സ്നേഹപൂർവ്വം നിർബ്ബന്ധിച്ചിട്ടും, അനിരുദ്ധൻ ചേട്ടൻ പണം വാങ്ങിയില്ല.

അനിൽ പണികഴിഞ്ഞു വരുമ്പോൾ സംഘത്തിന്റെ ഓഫീസിലേയ്ക്കൊന്നു വരാൻ പറയണം എന്നു ജാനകിയെ പറഞ്ഞേല്പിച്ചുകൊണ്ട് സംഘം ഭാരവാഹികളിറങ്ങി.

പിറ്റേന്നു വൈകീട്ടാണ് അനിലിന് സംഘത്തിന്റെ ഓഫീസിലെത്താൻ കഴിഞ്ഞത്. സെക്രട്ടറി മാത്രമേ അപ്പോളുണ്ടായിരുന്നുള്ളൂ.

കാര്യമറിഞ്ഞപ്പോൾ അനിൽ പറഞ്ഞു, “ചേട്ടാ, അച്ഛന്റെ ചികിത്സാച്ചെലവു മുഴോൻ എറണാകുളത്തെ ഒരു സംഘടന വഹിയ്ക്കണ് ണ്ട്. അതിപ്പക്കൊറേ നാളായി. എനിയ്ക്കാണെങ്കിൽ ദെവസോം പണീ‌മ് ണ്ട്. അതോണ്ട് കാശിന് അങ്ങനെ വല്യേ ആവിശ്യോന്നൂല്ല...

പണം വാങ്ങാൻ സംഘം ഭാരവാഹികൾ നിർബന്ധിച്ചപ്പോൾ അനിൽ ആദരവോടെ തല ചൊറിഞ്ഞുകൊണ്ട് ഇതുകൂടിപ്പറഞ്ഞു, “സംഭാവന വാങ്ങണത് അച്ചനിഷ്ടോല്ല.

പണം കൊടുക്കാൻ ഭാരവാഹികൾ തുടർന്നും ശ്രമം നടത്തിയെങ്കിലും, അതെല്ലാം വിഫലമായതേയുള്ളു.

ഞാൻ കോഴിക്കോട്ടു നിന്നു വന്നിരിയ്ക്കുമ്പോൾ, ഒരു ദിവസം സംഘത്തിന്റെ സെക്രട്ടറിയുമായി കണ്ടുമുട്ടി. ക്യാൻസർരോഗികൾക്കു ധനസഹായമെത്തിയ്ക്കുന്ന വിഷയത്തെപ്പറ്റി ഞാനറിഞ്ഞിരുന്നു. അതിലെന്തു പുരോഗതിയുണ്ടെന്നു ഞാനാരാഞ്ഞു.

ആകെ നാലു പേരാണുള്ളതെന്നും, അനിരുദ്ധൻ ചേട്ടനൊഴികെ മറ്റെല്ലാവരും സഹായം സ്വീകരിച്ചെന്നും സെക്രട്ടറി അറിയിച്ചപ്പോൾ ഞാനത്ഭുതപ്പെട്ടുപോയി! സത്യം പറയട്ടേ, അനിരുദ്ധൻ ചേട്ടന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ധനസഹായം രണ്ടു കൈയ്യും നീട്ടി വാങ്ങുമായിരുന്നു. ‘ഇതൊന്നും പോരാ, ഇനിയും കൊണ്ടുവാ, രോഗം ക്യാൻസറാണെന്നറിയില്ലേഎന്നെല്ലാം ഏതാണ്ടൊരധികാരത്തോടെ തന്നെ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.

ഏതു വിധേനയും പണമുണ്ടാക്കാൻ ജനം പരക്കം പായുന്നൊരു ലോകത്തു വെറുതേ കിട്ടുന്ന പണം വേണ്ടെന്നു വയ്ക്കുന്നവരുമുണ്ടാകാമെന്നു ഞാനാദ്യമായി മനസ്സിലാക്കിയത് ഈ സംഭവത്തിൽ നിന്നാണ്. അതും, അക്ഷരാഭ്യാസമില്ലാത്ത അനിരുദ്ധൻ ചേട്ടനിൽ നിന്ന്.

അനിലിന് മേയ്ക്കാട്ടുപണിയാണു തൊഴിൽ. ഇടയ്ക്ക് അതുണ്ടാകുകയുമില്ല. ജാനകി അടുത്തുള്ള ഒന്നു രണ്ടു വീടുകളിൽ ചില്ലറ ജോലികൾ ചെയ്തുകൊടുക്കാറുണ്ട്. ബീപ്പീഎല്ലിൽപ്പെടുന്ന കുടുംബത്തിന്റെ വരുമാനം തുച്ഛം തന്നെ. എന്നിട്ടും അച്ഛനും മകനും ധനസഹായം വാങ്ങിയില്ല. തിരിച്ചടയ്ക്കേണ്ടാത്ത, യാതൊരു ബാദ്ധ്യതയുമുണ്ടാക്കാത്ത സഹായമായിട്ടുപോലും!

എന്റെ ബാല്യം മുതൽക്കേ അനിരുദ്ധൻ ചേട്ടനെ പരിചയമുണ്ട്. ഞാൻ വളർന്നു വലുതായി ഉദ്യോഗസ്ഥനായതിന് അനിരുദ്ധൻ ചേട്ടൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. നാട്ടിലെ സ്ഥിതി പരിഗണിയ്ക്കുമ്പോൾ, തരക്കേടില്ലാത്ത ശമ്പളം പറ്റുന്ന ഉദ്യോഗമാണെന്റേത്. അതു മനസ്സിലാക്കി, നാട്ടിലെപ്പലരും എന്നോടു പണമാവശ്യപ്പെട്ടിട്ടുണ്ട്. പലർക്കും കൊടുത്തിട്ടുണ്ട്. അവരിൽച്ചിലരെങ്കിലും തിരിച്ചുതരാതിരുന്നിട്ടുമുണ്ട്. എന്നാൽ ഞങ്ങളുമായി നെടുനാളത്തെ പരിചയമുള്ള അനിരുദ്ധൻ ചേട്ടൻ ഇത്രയും കാലത്തിനിടയിൽ ഒരു രൂപ പോലും എന്നോടു വാങ്ങിയിട്ടില്ല. ഇത്രത്തോളം അവശതയിലായിരുന്നിട്ടും.

പട്ടിണി കിടക്കേണ്ടി വന്നാൽപ്പോലും, സ്വപ്രയത്നം കൊണ്ടു മാത്രമേ അന്നത്തിനുള്ള വക നേടുകയുള്ളെന്നുറച്ചവർ ബീപ്പീഎല്ലിലും ഉണ്ടാകുമെന്നതിനു മറ്റു തെളിവുകൾ വേണ്ട. പണമില്ലാതെ മരിയ്ക്കേണ്ടി വന്നാലും പണത്തിനു വേണ്ടി മരിയ്ക്കാൻ തയ്യാറല്ലാത്തവർ.

നല്ലൊരു മനുഷ്യനായിരുന്നു.” ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. മാത്യൂസ്. എന്റെ അയൽക്കാരിലൊരാൾ.

ശരിയാണ്. ആരോടും യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ, യാതൊരതൃപ്തിയും പ്രകടിപ്പിയ്ക്കാതെ, നിശ്ശബ്ദമായി പിൻ‌വാങ്ങിയിരിയ്ക്കുന്നു, അനിരുദ്ധൻ ചേട്ടൻ.

“എട്ടു മണിയ്ക്കാണു ശവസംസ്കാരം,” മാത്യൂസ് പഞ്ചായത്തിന്റെ ബോർഡു വായിച്ചു. “സമയമാവാറായി. ചേട്ടാ, നമുക്കങ്ങോട്ടു പോയാലോ?”

ബോർഡിനോടു ചേർന്ന്, പഞ്ചായത്തു തന്നെ സ്ഥാപിച്ചിരിയ്ക്കുന്ന ക്ലോക്കിൽ നോക്കി. ഏഴേമുക്കാലാകുന്നു. ധൃതിയിൽ നടന്നാൽ എട്ടിനു മുമ്പ് അനിരുദ്ധൻ ചേട്ടന്റെ വീട്ടിലെത്താം.

മിൽമപ്പാലു പിന്നീടു വാങ്ങാം. ഇപ്പോളാ ശരീരമൊന്നു സ്പർശിയ്ക്കണം. അത് അഗ്നിയിലുരുകാൻ തുടങ്ങുന്നതിനു മുമ്പ്...

കനം തൂങ്ങുന്ന ഹൃദയത്തോടെ ഞാൻ മാത്യൂസിന്റെ കൂടെ അനിരുദ്ധൻ ചേട്ടന്റെ വീട്ടിലേയ്ക്കു നടന്നു.

രണ്ട്‌ കഥകൾ


ദിപു ശശി തത്തപ്പിള്ളി
1. സ്വീറ്റ്സ്
“ഇന്നലെ നീ എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തല്ലേ? എന്താ വിശേഷം?”
“ അതോ...ഇന്നലെ എന്റെ അമ്മയുടെ വിവാഹം ആയിരുന്നു”
“ഞാൻ നിന്നോടു വഴക്കാ...എനിക്കു സ്വീറ്റ്സ് തന്നില്ലല്ലോ..”
“അടുത്തമാസം നിനക്കു തീർച്ചയായും തരാം”
“അന്ന് എന്താ വിശേഷം?‘
“അന്നാണു എന്റെ അച്ചന്റെ മാര്യേജ് ..”
2. നിഴലാട്ടം
“നിങ്ങളെന്തിനാണ്‌ എപ്പോഴും എന്നെ പിന്തുടരുന്നത്?”
“ഞാൻ നിങ്ങളുടെ നിഴലാണ്‌”
“നിങ്ങൾക്കു തെറ്റി.എനിക്കു ശരീരമില്ല.... നിഴലില്ല..മനസ്സുപോലും ആരൊ
മോഷ്ടിച്ചു കൊണ്ടുപോയി..”
“തെറ്റിയതു നിങ്ങൾക്കാണ്‌..ഞാൻ നിങ്ങളുടെ നിഴൽ തന്നെയാണ്‌..നിങ്ങളുടെ
ആത്മാവിന്റെ മൃഗമൂർച്ചയുള്ളകോംപ്ളക്സുകളുടെ ഒരു ധൂമരൂപം.”
എന്റെ വായടഞ്ഞു...

ദിപു ശശി തത്തപ്പിള്ളി 
ഫോൺ:9847321649

ഗ്രാമീണയോണമേ..

                  അന്‍വര്‍ ഷാ ഉമയനല്ലൂര്‍


ഗ്രാമീണയോണമേ..
ചിന്മയരൂപമുണര്‍ത്തിവരുന്നിഹ!
നന്മനിറഞ്ഞൊരു പൂക്കാലം
നീളെയുയര്‍ത്തുന്നരുവികളലിവോ-
ടതിമോദത്തിന്‍ സംഗീതം
ചിങ്ങവുമിങ്ങെന്നരികിലണ,ഞ്ഞിവ
പൊന്നോണാഗത സന്ദേശം
ധന്യമനസ്സുകളറിയുന്നുലകിതി-
ലെന്നും നിറയേണ്ടുത്സാഹം
നേരറിയാത്തവരില്ലിന്നൊരു, പുതു-
ഗ്രാമോദയമാ,യതിവേഗം!
ഹൃദയൈക്യത്തിന്‍ സുരകാവ്യങ്ങ-
ളെഴുതുന്നിതുവഴിയീഗ്രാമം
വാനിലൊരായിരമിതളുകള്‍ കാണാ-
നുണരുന്നരികിലൊരാരാമം
പ്രിയതരമെല്ലാം: പ്രായാന്തരമൊരു-
പ്രശ്നമതല്ല-യൊരേലക്ഷ്യം
സന്മനസ്സേകിയടുത്തുവരുന്നൂ
പൊന്നുഷസ്സേയൊരു തിരുവോണം
മലയാളത്തിന്‍ ലാളിത്യത്താല്‍
നിറയുന്നപരര്‍ക്കുന്മേഷം.

* * * *
നില്‍പ്പുയരത്തിലൊരിത്തിരി നന്മക-
ളാരിലു,മലിവോ-ടെന്നാകില്‍
നല്‍പ്പുതുലോകത്താകിലുമൊടുവില്‍
നില്‍ക്കുക!നാമീ, ഗ്രാമത്തില്‍!!
കണ്ണുകളില്‍ പ്രിയവര്‍ണ്ണങ്ങള്‍-സമ-
മോഹങ്ങള്‍ നിറവര്‍ണ്ണനകള്‍
നിര്‍ണ്ണയമിതുപോലുണ്ടാവില്ലൊരു
സര്‍ഗ്ഗവസന്തം; സത്യത്തില്‍
ദിഗ്വിജയങ്ങളുയര്‍ത്തിയ കര്‍മ്മ-
പ്രതിഭകള്‍-നൂനം-സന്തതികള്‍
കാത്തീടുകനാമൊരുപോലേവം;
നേര്‍ത്തവെളിച്ചത്തിന്‍ തിരികള്‍
നീളേയിതുപോലാഗതമാകാന്‍
കൊതിതോന്നീടിലിടയ്ക്കാദ്യം
പ്രാര്‍ത്ഥനയോടൊന്നണയുക!മനമേ,
യാത്രികരാണിവിടെല്ലാരും:
സര്‍ഗ്ഗാത്മകതയിതെന്നുമനല്പം
കനിവാലേകുന്നെന്‍ ഗ്രാമം
കാവുകളില്ലേലാകുവതെങ്ങനെ;
കാവ്യാങ്കണമിതു പരിപൂര്‍ണ്ണം!

ഇറച്ചി


സണ്ണി തായങ്കരി
   
    കുന്നായിക്കര മാതൃകാപോലീസ്‌ സ്റ്റേഷനിൽ ഒരു പരാതിക്കാരന്റെ കാലൊച്ചയ്ക്കായി കാതോർ ത്തിരിക്കുകയാണ്‌ എസ്‌.ഐ. രാമൻ കർത്താ. ഈ സ്റ്റേഷനിൽ ചാർജെടുത്ത ദിവസം മുതൽ പ്രതീക്ഷയോടെ തുടരുന്ന ഒരു വിഫലപ്രക്രിയ. അതിനപ്പുറം ആ ആഗ്രഹത്തിന്‌ ആയുസ്സില്ലെന്ന്‌ അയാളെപ്പോലെത്തന്നെ ഒരു കുറ്റവാളിയുടെയെങ്കിലും മുഖമൊന്നു കാണാൻ ആഗ്രഹിക്കുന്ന നാല്‌ പി.സി. മാർ ക്കും അറിയാം. പ്രഭാതത്തിൽ നാമ്പിടുന്ന പ്രതീക്ഷ പ്രദോഷമാകുന്നതോടെ കല്ലിന്മേൽ വീണ വിത്തുപോലെ കരിഞ്ഞുണങ്ങിപ്പോകുന്നു.
    അന്നും പ്രഭാതം തുടങ്ങിയത്‌ സാധാരണ നിലയിൽതന്നെ. രാത്രിയിൽ കുന്നായിപ്പുഴയിൽ ഉടക്കുവലയിട്ടും വലയെത്താത്തിടത്ത്‌ വെള്ളത്തിലിറങ്ങി അണ്ടതപ്പിയും പ്രഭാതത്തിൽ കൂടനിറയെ പിടയ്ക്കു ന്ന നാണാത്തരം മത്സ്യവുമായി എത്തുന്ന ജ്യേഷ്ഠൻ ചെമ്പനോയിയും അനുജൻ കൊച്ചോയിയും രാവി ലെ സ്റ്റേഷനിലെത്തി മുഖം കാണിച്ച്‌ രാമൻ കർത്തായ്ക്ക്‌ 'പടി' കൊടുക്കുന്ന ഒരു പതിവ്‌ ഏർപ്പാടുണ്ട്‌. അന്ന്‌ സമർപ്പിച്ചതു രണ്ടുരണ്ടരയടി നീളമുള്ള പെടയ്ക്കുന്ന വെള്ളിനിറമുള്ള വിളഞ്ഞ ആറ്റുവാള. തലങ്ങും വിലങ്ങും മുള്ളാണെങ്കിലും വാളയെന്നു കേട്ടാൽ രാമൻ കർത്തായുടെ വായിൽ കപ്പലോടും. നല്ല കുടംപുളിയിട്ടുവച്ച വാളക്കറിയുണ്ടെങ്കിൽ മൂന്നുപ്ലേറ്റ്‌ ചോറുവരെ കർത്താ അകത്താക്കും.വാളയെ  ഒരുവിധത്തിൽ മെരുക്കി കോർമ്പലിൽ കോർത്ത്‌ പി.സി. രണ്ടായിരത്തി മൂന്നാമന്റെ കൈയിലേക്ക്‌. രണ്ടായിരത്തി മൂന്നാമൻ ബെല്ലും ബ്രേക്കുമില്ലാത്ത തന്റെ എൺപത്തിയഞ്ച്‌ മോഡൽ ഹെർക്കുലീസ്‌ സൈക്കിളിൽ രാമൻ കർത്തായുടെ വീട്ടിലേക്ക്‌.
    കർത്തായേക്കാൾ പതിനഞ്ച്‌ വയസ്സ്‌ ഇളപ്പമുള്ള വിശാലനിതംബിനിയും ശിശുക്കൾ കടിച്ചു ചപ്പി ആകാരഭംഗി നഷ്ടപ്പെടാത്ത ഭാരിച്ച ക്ഷീരകുഭദ്വയങ്ങൾ പേറുന്ന, രാമൻ കർത്താ ഭാര്യ രത്നകുമാരി യുടെ കൈയിൽ ഭാരമുള്ള കോർമ്പിൽ കൊടുത്ത്‌ തിരികെയെത്തിയിട്ടും കാര്യങ്ങൾ തഥൈവ. ഒരു കുറ്റവാളിയും അന്നും ആ സ്റ്റേഷനോട്‌ കരുണ കാണിച്ചില്ല.
    അതാണ്‌ കുന്നായിക്കരയുടെ പ്രത്യേകത. വർഷങ്ങളായി ഒരു കുറ്റവാളിക്കും ജന്മം നൽകാൻ ഭാഗ്യം സിദ്ധിക്കാതെപോയ ഗ്രാമം. കുറ്റവാളികളില്ലാത്ത സ്ഥലത്തെപ്പറ്റി ഏറെ ദു:ഖിക്കുക നിയമപാലകർതന്നെയാണല്ലോ. രാമൻ കർത്തായും കർത്തായ്ക്കുമുമ്പ്‌ സ്റ്റേഷൻ ഭരിച്ച മാത്തൻ എസ്‌.ഐ.യും അതാത്‌ കാലത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹേഡ്‌ ഉൾപ്പെടെയുള്ള പി.സി. മാരും ഇക്കാര്യത്തിൽ പല സർവേകളും കൂലങ്കഷമായ ചർച്ചകളും നടത്തി പ്രശ്നപരിഹാരത്തിന്‌ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ, ഈ നശിച്ച കുന്നായിക്കരക്കാർ കുറ്റകൃത്യങ്ങളോട്‌ ഇങ്ങനെ മുഖം തിരിച്ചുനിന്നാൽ പാവം പോലീസുകാർ എന്തുചെയ്യും? നാടായ നാട്ടിലെല്ലാം കുറ്റകൃത്യങ്ങൾ പെരുകുന്നുവേന്നാണ്‌ ജനത്തിനും അധികാരികൾക്കും പരാതി. പക്ഷേ, ഇവിടെ മാത്രം...
    കുറ്റകൃത്യങ്ങൾ കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്റ്റേഷനുകളിൽ പോലീസുകാർക്ക്‌ ചാകരയാണെന്നാണ്‌ വയ്പ്‌. ഏത്‌ ദേശത്തെ ജനമായാലും പോലീസ്‌ സ്റ്റേഷനായാലും ജനത്തിന്റെ അനുഭവം അതാണല്ലോ. മോഷ്ടിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിനും പിടിക്കപ്പെടാതെ സംരക്ഷിക്കുന്നതിനും പ്രതിഫലമായി മോഷ്ടാവിൽനിന്ന്‌ മോശമല്ലാത്ത ഒരു വിഹിതം തടയുമെന്നും പരാതിയുമായി ചെല്ലുന്ന വാദിയിൽനിന്നും പ്രതിയിൽനിന്നും കാക്കിപ്പോക്കറ്റുകളിലേക്ക്‌ ഗാന്ധിത്തലകൾ ഒഴുകുമെന്നുമൊക്കെ ഇക്കാലത്ത്‌ ആർക്കാണ്‌ അറിഞ്ഞുകൂടാത്തത്‌? അതിന്റെ ഐശ്വര്യം അത്തരം സ്റ്റേഷനുകളിൽ ഉണ്ട്‌. പോലീസുകാർക്ക്‌ ജോലിയിൽ ചുറുചുറുക്കുണ്ട്‌. സ്റ്റേഷനുകളിലും പോലീസുകാരുടെ വീടുകളിലും എന്നും ഓണംതന്നെ. കുന്നായിക്കര സ്റ്റേഷനിലെ പോലീസുകാർക്ക്‌ എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന ശമ്പളമെന്ന നക്കാപ്പിച്ചകൊണ്ട്‌ ഓണം പോയിട്ട്‌ ചതയംപോലും ആഘോഷിക്കാൻ പറ്റില്ലായെന്ന്‌ ഏത്‌ പോലീസുകാരനുമറിയാം.
     മാത്രമല്ല, കുന്നായിക്കര മാതൃകാ പോലീസ്‌ സ്റ്റേഷനായതുകൊണ്ട്‌ അഴിമതിയെ ഇവിടെ പടിയടച്ച്‌ പിണ്ഡംവച്ചിരിക്കുകയുമാ. തന്നെയല്ല, രാമൻ കർത്തായ്ക്ക്‌ അഴിമതിയെന്ന്‌ കേട്ടാൽ ചോര ഞരമ്പുകളിൽ തിളയ്ക്കും. ഇനി ആർക്കെങ്കിലും അതൊന്ന്‌ പരീക്ഷിച്ച്‌ നിജസ്ഥിതി ബോധ്യപ്പെടണമെങ്കിൽതന്നെ പരാതിയുമായി ആരെങ്കിലും അവിടേയ്ക്ക്‌ ചെല്ലണ്ടേ?
    ഒരാഴ്ച മുമ്പത്തെ ഒരു വാർത്ത കുന്നായിക്കര സ്റ്റേഷനേയും അതിലെ അഞ്ച്‌ പോലീസ്‌ ജന്മങ്ങളേയും വിഷമസന്ധിയിലെത്തിച്ചിരിക്കുന്
നു. ചെലവ്‌ ചുരുക്കലിന്റെ ഭാഗമായി വീടുകളിൽ പത്രം വരുത്താത്തതുകൊണ്ട്‌ സ്റ്റേഷൻ വക പത്രത്തിൽനിന്നാണ്‌ പോലീസുകാർ വിവരങ്ങൾ അറിയുന്നത്‌. രാമൻ കർത്തായ്ക്ക്‌ വായന പഠിക്കുന്ന കാലംതൊട്ടേ അത്ര പഥ്യമല്ലാത്തതിനാൽ ന്യൂസ്‌ ചാനലിൽ നിന്നാണ്‌ കാര്യം അറിഞ്ഞത്‌. അന്നുമുതൽ പി.സി.മാർ സ്റ്റേഷനിൽ ചെന്നാൽ പഴയ ആ പത്രം കൈ യിൽപ്പിടിച്ച്‌ ഒറ്റ ഇരിപ്പാണ്‌. ഇപ്പോൾ സ്റ്റേഷന്‌ ഒരു മരണവീടിന്റെ പ്രതീതിയാണ്‌. പ്രമേഹത്തിന്റെ അസുഖമുള്ളതിനാൽ നാഴികയ്ക്ക്‌ നാൽപതുവട്ടം മൂത്രമൊഴിക്കാൻ പോകുന്ന രായപ്പൻ ഹേഡ്‌ മൂത്ര ശങ്കപോലും മറന്നുപോയിരിക്കുന്നു.
    രാമൻ കർത്തായെയും പി.സി.മാരെയും മുൾമുനയിൽ നിർത്തുന്ന പത്രമാധ്യമങ്ങൾ വഴി കുന്നായിക്കരയിലേക്ക്‌ വന്ന പ്രശ്നം ഇതാണ്‌. വർഷങ്ങളായി ഒരു പെറ്റിക്കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലാ ത്ത കുന്നായിക്കരയിൽ പോലീസ്‌ സ്റ്റേഷൻ നിലനിർത്തുന്നതിൽ അർഥമില്ലെന്ന്‌ പുതിയതായി ചാർ ജെടുത്ത ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു.  ഇതിൽപ്പരം ഒരു കൊലച്ചതി പോലീസുകാരോട്‌ ചെയ്യാനു ണ്ടോ?
    പരിഹാരം ഒന്നേയുള്ളു. ഏതാനും പെറ്റിക്കേസുകൾ ഉടനടി രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ പ്രമാദമായ ഒരു കേസ്‌ സ്റ്റേഷനിലേക്ക്‌ വലതുകാൽവച്ച്‌ കയറിവരണം.സ്ത്രീ പീഡനമോ കൊലപാതകമോ ആയാൽ ഏറെ നന്ന്‌. സോളാർ കേസുപോലെ പല മാനങ്ങളുള്ള ഒരെണ്ണം ഒത്തുവന്നാൽ കാര്യം കുശാലായേനെ.
    തുടക്കമെന്ന നിലയിൽ ഒരു പെറ്റിക്കേസേങ്കിലും എടുക്കാൻ വകുപ്പുള്ള ഒരാളെ കണ്ടുപിടിക്കാൻ രാമൻ കർത്തായും പി.സി.മാരുംകൂടി ആലോചന തുടങ്ങി. പക്ഷേ, ആലോചിച്ചപ്പോൾ അപ്പോഴുമുണ്ട്‌ പ്രശ്നം. ഉന്തുവണ്ടിയിൽ കപ്പലണ്ടി വിറ്റുനടക്കുന്ന പാക്കരൻ മുതൽ പലചരക്ക്‌ മൊത്ത വ്യാപാരി മത്തായി പോത്തൻ, വസ്ത്രവ്യാപാരി തങ്കയ്യ ശേഷയ്യ, സ്വർണവ്യാപാരി ജഗൻ ഭട്ടര്‌വരെയുള്ള ഓരോ രുത്തരെയെടുത്ത്‌ തിരിച്ചും മറിച്ചും നോക്കിയിട്ടും യാതൊരു വകുപ്പും അവർക്കെതിരെ ചുമത്താനുള്ള കാരണ#ം കണ്ടുപിടിക്കാനായില്ല.
     കച്ചവടസാധ്യതയുടെ സ്കോപ്പ്‌ അനുസരിച്ച്‌ സ്റ്റേഷൻ വഴിയിൽനിന്ന്‌ ചിലപ്പോഴൊക്കെ മാറി സഞ്ചരിക്കുമെങ്കിലും മിക്കവാറും കപ്പലണ്ടി പാക്കരൻ ആളാംവീതം പൊതി സ്റ്റേഷനിൽ എത്തിച്ചിട്ടേ കച്ചവടം തുടങ്ങു. അതാണ്‌ അതിന്റെയൊരു ഐശ്വര്യമെന്ന്‌ പാക്കരൻ പറയും. അമ്പലത്തിൽ ഒരു വഴിപാട്‌ കഴിച്ച ഫലം ചെയ്യുമത്രേ.
    പച്ചക്കറി, പാല്‌, പലചരക്ക്‌ തുടങ്ങി ഒട്ടുമുക്കാൽ ഐറ്റങ്ങളും സൗജന്യമായി സമയാസമയങ്ങളിൽ രാമൻ കർത്തായുടെ വീട്ടിലെത്തും. സൗജന്യമല്ലെങ്കിലും ഈ വകകളെല്ലാം പി.സി.മാർക്ക്‌ പാതി വില യ്ക്ക്‌ കിട്ടുന്നുണ്ട്‌. മനുഷ്യന്‌ കഴിക്കാൻ പറ്റാത്തവിധം വിഷം കലർന്നതാണെങ്കിലും സാധനങ്ങൾ ക്കൊക്കെ തീ വിലയുള്ള ഇന്നത്തെ കാലത്ത്‌ അത്‌ ചെറിയ കാര്യമല്ലല്ലോ. അതുകൊണ്ട്‌ പാൽ, പച്ചക്കറി, മത്സ്യം, പലചരക്ക്‌, തുടങ്ങിയ ഐറ്റങ്ങൾ വിറ്റ്‌ ഉപജീവനം കഴിക്കുന്ന പാവം വ്യാപാരികളെപ്പറ്റി പോലീസിന്‌ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.
    ഇനിയുള്ള പ്രധാന ഇനം ഇറച്ചിയാണ്‌. കോഴി, ആട്‌, മാട്‌, പന്നി ഇത്യാദികളുടെ കുന്നായിക്കരയിലെ പരമ്പരാഗത ഹോൾസെയിൽ റീട്ടെയിൽ വ്യാപാരി ഇറച്ചി മമ്മദാണ്‌. വർഷങ്ങളായി അറവുമാടുകളെ തമിഴ്‌നാട്ടിൽനിന്നുകൊണ്ടുവന്ന്‌ കശാപ്പുചെയ്ത്‌ ഇറച്ചി മൊത്തമായും ചില്ലറയായും വിൽക്കും. ഞായറാഴ്ചകളിലും മറ്റ്‌ വിശേഷ ദിവസങ്ങളിലും രണ്ടു കിലോ ചോരയുണങ്ങാത്ത, ചൂടുമാറാത്ത നല്ല ഒന്നാന്തരം പോത്തിറച്ചി രാമൻ കർത്തായുടെ വീട്ടിലെത്തിക്കാൻ മമ്മദ്‌ മറക്കാറില്ല. കോഴി വേണ്ടപ്പോൾ കോഴി, പന്നി വേണ്ടപ്പോൾ പന്നി. ഒരു ഫോൺ കോളിന്റെ ചിലവേയുള്ളു. പി.സി.മാർക്ക്‌ മാർ ക്കറ്റ്‌ വിലയുടെ പകുതി വിലയ്ക്ക്‌ കൊഴുപ്പും എല്ലും അശേഷമില്ലാത്ത ശുദ്ധ ഇറച്ചി കിട്ടും. അതുകൊണ്ടുതന്നെ മമ്മദിനെപ്പറ്റി പോലീസിനും പോലീസിനെപ്പറ്റി മമ്മദിനും നാളിതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ല. പഴകിയതും രോഗംവന്ന്‌ ചത്തതുമായ പശുവിന്റെയും പോത്തിന്റെയും മാംസം ഇടകലർ ത്തുമെങ്കിലും അതൊന്നും പോലീസ്‌ ഏമാന്മാർക്ക്‌ കൊടുക്കുന്ന പൊതിയെ ബാധിക്കില്ല. കിടാവുകളുടെ ഇളംമാംസം ആട്ടിറച്ചിയിൽ ഒരു മട്ടത്തിന്‌ ചേർക്കുമെങ്കിലും അത്‌ അതീവ രഹസ്യമായിട്ടാണ്‌. പരാതിക്കാരെ മഷിയിട്ടാൽ കാണില്ല.
     പൊതുവെ കുന്നായിക്കരയിൽ സാധനങ്ങൾക്കെല്ലാം ഇരട്ടി വിലയാണെന്ന്‌ ചിലർ രഹസ്യമായി പിറുപിറുക്കാറുണ്ടെങ്കിലും പരാതിയുമായി ആരും ഇന്നുവരെ സ്റ്റേഷനിൽ എത്തിയിട്ടില്ല. മാത്രമല്ല, വിലക്കയറ്റം ഒരു പോലീസ്‌ സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന കാര്യമല്ലല്ലോ. അതിനോക്കെ വലിയ വകുപ്പുകളല്ലേ നാട്ടിൽ കിടക്കുന്നത്‌.
     മോഷണം, ട്രാഫിക്‌ നിയമലംഘനം, ലഹരി പദാർഥങ്ങളുടെ വിൽപന, പരസ്യമദ്യപാനം, സ്ത്രീ പീഡനം, കുടുംബ പ്രശ്നങ്ങൾ എന്നിവയൊന്നും കുന്നായിക്കരയിൽനിന്ന്‌ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. 
ഇങ്ങനെ വിശുദ്ധർ താമസിക്കുന്ന ഒരിടം ഈ ഭൂമി മലയാളത്തിലുണ്ടോ? ഈ രീതിയിൽപ്പോയാൽ

ആഗോള കത്തോലിക്കാ സഭ സമീപ ഭാവിയിൽ കുന്നായിക്കരയെ വിശുദ്ധ ഗ്രാമമായി പ്രഖ്യാപിക്കാ  നുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്‌ ഇടവക വികാരി ഫാദർ സൈമൺ ആൻഡ്രൂസ്‌ കഴിഞ്ഞ ദിവസം രാമൻ കർത്തായോട്‌ സൂചിപ്പിക്കുകയുണ്ടായി.
    കുറ്റമുക്തമായ പോലീസ്‌ സ്റ്റേഷനായതുകൊണ്ട്‌ കുറ്റവാളികളെ ഇറക്കിക്കൊണ്ടുപോകാൻ ശുഭ്രവസ്ത്രധാരികൾ എത്താറില്ല. അതുകൊണ്ട്‌ പ്രത്യുപകാരമെന്ന നിലയിൽ അവർക്ക്‌ സർക്കാരിനോട്‌ സ്റ്റേഷൻ നിലനിർത്താൻ ശുപാർശ ചെയ്യേണ്ട കാര്യവുമില്ല.
    പോലീസ്‌ സ്റ്റേഷന്‌ ഷട്ടർ വീഴുമെന്ന ആകുലതയിൽ ചങ്ക്‌ തകർന്ന്‌ രാമൻ കർത്തായും കൂട്ടരും
ഇതികർത്തവ്യതാമൂഢരായി ഇരിക്കുമ്പോഴാണ്‌ പൊടുന്നനെ ഒരാൾ സ്റ്റേഷന്റെ മുമ്പിൽ കാണപ്പെട്ടത്‌. രാമൻ കർത്തായും പി.സി.മാരും ധൃതിയിൽ എവിടെയൊക്കെയോ പൊടിപിടിച്ചു കിടന്ന തൊപ്പികൾ തപ്പിയെടുത്ത്‌ പൊടിതട്ടി തലയിൽവച്ച്‌ അറ്റൻഷനായി. ആൾ അകത്തേക്ക്‌ വന്നപ്പോഴാണ്‌ പോലീസുകാർ ശരിക്കും അമ്പരന്നത്‌.
    സ്ഥലം എം.എൽ.എ.യും സാംസ്കാരിക-സാമൂഹ്യ മേഖലകളിൽ ഏറെക്കാലമായി വേന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന മാന്യദേഹവുമായ സുഗുണാന്ദൻ സാർ... അദ്ദേഹം ആദ്യമായി പരിവാരസന്നാഹങ്ങളില്ലാതെ...
    പ്രയോജനമില്ലെങ്കിലും എസ്‌.ഐ. രാമൻ കർത്താ നീണ്ടുനിവർന്നുനിന്ന്‌ ഒരു സല്യൂട്ട്‌ കൊടുത്തു. പോലീസുകാർ അറ്റൻഷനായി അനക്കമില്ലാതെനിന്നു.
   "ഇരിക്കണം സാർ..." രാമൻ കർത്താ വിനയാന്വിതനായി.
   "ഞാൻ ഒരു എം.എൽ.എ.യോ സാംസ്കാരിക നായകനോ ആയല്ല ഇപ്പോൾ ഇവിടേയ്ക്ക്‌ വന്നത്‌."
   രാമൻ കർത്താ അമ്പരന്നു. പോലീസുകാർ തോക്കേന്തിയും അല്ലാതെയും പാതി അറ്റൻഷനിൽ നിന്നു. ഉള്ളതും ഇല്ലാത്തതുമായ അധികാരങ്ങളോടെ സർവാധികാരികളെപ്പോലെയാണ്‌ സാധാരണയായി ഞാഞ്ഞൂലിന്‌ സമാനമായ ഒരു വാർഡ്‌ മെമ്പർപോലും ഇക്കാലത്ത്‌ പോലീസ്‌ സ്റ്റേഷനുകളിൽ വരാറുള്ളത്‌ എന്ന്‌ രാമൻ കർത്താ ഓർത്തു. പക്ഷേ, ഈ വലിയ മനുഷ്യൻ എത്ര വിനയാന്വിതൻ...
   "ഇരിക്കണം സാർ. സാർ ഞങ്ങളുടെയൊക്കെ കാണപ്പെട്ട ദൈവമാണ്‌. അങ്ങ്‌ ചെയ്ത സഹായങ്ങൾ ഇവിടെത്തെ ഓരോ മൺതരിയും പറയും." സൗകര്യത്തിന്‌ കൈയിൽ കിട്ടിയ വി.ഐ.പി.യെ ആകാശത്തോളം ഉയർത്തിയാൽ ഒരു ഫോൺ കോളുകൊണ്ട്‌ ഒരുപക്ഷേ ഒറ്റ എം.എൽ.എ. യുടെ ഭൂരിപക്ഷത്തിൽ നിൽക്കുന്ന സർക്കാർ സ്റ്റേഷൻ അടച്ചുപൂട്ടൽ തീരുമാനം മരവിപ്പിച്ചാലോ...
   "ഇരിക്കണം സാർ..." രാമൻ കർത്താ മുട്ടോളം താണു.
   "ഞാനൊരു കുറ്റവാളിയാണ്‌..."
   ഇത്‌ നല്ല കഥ. കുറ്റവാളി കുറ്റവാളിയല്ലെന്ന്‌ ആരെങ്കിലും പറഞ്ഞാൽ അത്‌ അംഗീകരിച്ചുകൊടുക്കാം. എന്നാൽ ഒരു രാഷ്ട്രീയക്കാരൻ കുറ്റവാളിയല്ലെന്ന്‌ പറഞ്ഞാൽ ആരെങ്കിലും ഇക്കാലത്ത്‌ വിശ്വസിക്കുമോ? രാമൻ കർത്താ ഉള്ളിൽ ചിരിച്ചു. വകതിരിവില്ലായ്മയ്ക്കും വേണം ഒരതിര്‌.
   "സാർ, എന്താണിപ്പോ അങ്ങനെ തോന്നാൻ... അങ്ങ്‌ ദീർഘകാലം എം.എൽ.എ. ആയിരുന്ന്‌ ഈ നാട്ടുകാർക്ക്‌ എന്തൊക്കെയാ ചെയ്തുകൊടുത്തത്‌... വിധവാ പെൻഷൻ, വാർധിക്യകാല പെൻഷൻ, സ്ത്രീകൾക്ക്‌ തൊഴിൽ, യുവതികൾക്ക്‌ വിദ്യാഭ്യാസ സഹായം, വിവാഹ സഹായം. ഈ നാടിന്റെ, പ്രത്യേകിച്ച്‌ യുവതികളുടെ ഹീറോയാണ്‌ അങ്ങ്‌..."
    "സുന്ദരികളായ സ്ത്രീകൾക്കോ സുന്ദരികളായ സ്ത്രീകളുള്ള വീട്ടുകാർക്കോ പ്രത്യുപകാരം കിട്ടുമെങ്കിൽ മാത്രമേ ഞാൻ സഹായം ചെയ്യു എന്നൊരു പരാതിയുണ്ട്‌."
   "അതൊക്കെ കുശുമ്പുള്ള വെവരം കെട്ടവർ പറയുന്നതല്ലേ സാർ. അങ്ങ്‌ ഇരിക്കണം സാർ... പി.സി., സാറിന്‌ ഒരു ചായ..."
   കക്ഷിക്ക്‌ പഞ്ചസാര ജാസ്തിയാ... ചായയിൽ വേണ്ട, ഗ്ലാസിന്റെ വക്കത്തുമതിയെന്ന്‌ പി.സി.മാരിൽ ആരോ സ്വരം താഴ്ത്തി പറഞ്ഞത്‌ രാമൻ കർത്തായുടെ ചെവിയിലൂടെ കടന്നുപോയി.
   പരാതിക്കാർക്ക്‌ ഇരിക്കാനുള്ള കസേരകളിലൊന്നിൽ എം.എൽ.എ. ഇരുന്നു.
   "പറയൂ സാർ, അങ്ങേയ്ക്ക്‌ എന്താണ്‌ പറ്റീത്‌..."
   "ഞാൻ മന്ത്രിയായും എം.എൽ.എ.യായും ഇടപെട്ട കേസുകളിലെല്ലാം കോടികൾ മറിഞ്ഞിട്ടുണ്ട്‌. പണം തട്ടാനായി നടക്കാത്ത പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്‌. പക്ഷേ, ബന്ധപ്പെട്ടവർക്കെല്ലാം
അതിന്റെ വിഹിതം കൃത്യമായി കൊടുത്തിട്ടുമുണ്ട്‌. ആർക്കും അക്കാര്യത്തിൽ പരാതിയില്ല."
   "ആർക്കും പരാതിയില്ലെങ്കിൽ സാറിനാണോ പരാതി? ജനത്തിന്റെ കാശ്‌ കൈകാര്യം ചെയ്യാനല്ലേ അങ്ങയെപ്പോലെ കഴിവുള്ളവരെ ജനം വോട്ടുകുത്തി തെരഞ്ഞെടുത്തത്‌? നിങ്ങൾ പാലം പണിയും, മെറ്റലും ടാറും ചേർക്കാതെ റോഡ്‌ പണിയും, റോഡ്‌ തരാതരംപോലെ വെട്ടിപ്പൊളിക്കും, റോഡിലെ കുഴി നികത്തും... പണിയുന്നതൊക്കെ തകരുമ്പോൾ വീണ്ടും പണിയും... വേണമെങ്കിൽ ഇല്ലാത്ത പദ്ധതിയുടെ പേരിൽ കോടികൾ തട്ടും. ജനം വോട്ടുതന്ന്‌ ജയിപ്പിച്ചാൽ പിന്നെ ജനപ്രതിനിധി ചെയ്യുന്നത്‌ ചോദ്യം ചെയ്യാൻ ആർക്കുണ്ടു സാർ ഇവിടെ അധികാരം?"
   "പക്ഷേ, ഇവിടെ പ്രശ്നം അതല്ല. ലക്ഷങ്ങൾ വാങ്ങി വിദേശ ജോലിക്കായി വിവിധ രാജ്യങ്ങളിലേ ക്ക്‌ അയച്ച യുവതികൾക്കെല്ലാം അതത്‌ രാജ്യങ്ങളുടെ മെഡിക്കൽ പരിശോധനയിൽ എച്ച്‌.ഐ.വി. രോഗാണുബാധ സ്ഥിരീകരിച്ചിരിക്കുന്നു..."
   "അതിന്‌ സാറെന്ത്‌ പിഴച്ചു? അവളുമാര്‌..."
   "അതല്ലടോ. കുന്നായിക്കരയിൽ യൂനസ്കോ നടത്തിയ ഒരു സാമ്പിൾ സർവേയിൽ ഇവിടെയുള്ള പതിനെട്ടിനും മുപ്പതിനും ഇടയിലുള്ള എഴുപത്‌ ശതമാനം യുവതികളിലും എച്ച്‌.ഐ.വി. രോഗാണുബാധയുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നു."
   "അതിന്‌ സാറെന്തിനാ ബേജാറാവുന്നേ? അവക്കടെ ഭർത്താക്കന്മാർക്ക്‌ മറ്റേത്‌ കാണും. അനുഭവിക്കട്ടെ."
   "അതല്ലെടോ പ്രശ്നം. പാർട്ടിയിലെ എന്റെ എതിർ ഗ്രൂപ്പുകാരാണ്‌ പ്രശ്നം വഷളാക്കിയത്‌. എന്നോട്‌ അസൂയയുള്ളവർ എനിക്ക്‌ എയ്ഡ്സാണെന്നും എന്റെ രക്തം പരിശോധിപ്പിക്കണമെന്നും മുറവിളികൂട്ടി. അൽപംപോലും സംശയമില്ലായിരുന്നതിനാൽ എല്ലാവരുടെയും വായ്‌ മുടിക്കെട്ടാൻ ഞാൻ സമ്മതിച്ചു. പക്ഷേ, റിസൽട്ട്‌ പോസിറ്റീവായിരുന്നു. ലബോർട്ടറിയിൽനിന്ന്‌ വിവരം ചോർത്തിയ ശത്രുക്കൾ എനിക്ക്‌ എയ്ഡ്സാണെന്ന്‌ കുന്നായിക്കരയിൽ പ്രചരിപ്പിച്ചു. തകർന്നെടോ... എന്റെ ഇമേജെല്ലാം തകർന്നു... എനിക്കെതിരെ കുന്നായിക്കരയിലെ ജനം മുഴുവൻ തിരിഞ്ഞിരിക്കുന്നു. എന്നെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ അവർ ജാഥയായി ഇങ്ങോട്ട്‌ വരുന്നുണ്ട്‌."
   "അപ്പോൾ സാർ പറഞ്ഞുവരുന്നത്‌... അങ്ങ്‌... നാട്ടുകാർ പയ്യം പയ്യം പറയുമ്പോലെ..."
   "അതേടോ. അങ്ങനെയാണ്‌ കാര്യങ്ങൾ..."
   "അങ്ങേയ്ക്കെതിരായി ആരാണ്‌ പരാതിയുമായി വരുന്നത്‌? എല്ലാത്തിനേയും ഞാൻ അകത്തിടും. ഇവിടൊരു കേസ്‌ നോക്കി ഇരിക്കുകയാ ഞാൻ."
    "പക്ഷേ, ജാഥക്കാരുടെ മുന്നണിയിലുള്ളത്‌..."
    വെളിപ്പെടുത്തൽ കേട്ട്‌ രാമൻ കർത്താ ഞെട്ടി. ആ ഞെട്ടലിൽനിന്ന്‌ മുക്തനാകാൻ അയാൾക്ക്‌ ഏറെ സമയംവേണ്ടിവന്നു.
    അപ്പോഴേയ്ക്കും കുന്നായിക്കരയിലെ ജനം സ്റ്റേഷന്‌ മുന്നിൽ തടിച്ചുകൂടിയിരുന്നു. എം.എൽ.എ. യ്ക്കെതിരെ മുദ്രാവാക്യം മുഴങ്ങി.
    അവരുടെ മുമ്പിൽനിന്ന സ്ത്രീയെ കണ്ട്‌ പോലീസുകാർ അന്തംവിട്ടു. രാമൻ കർത്തായുടെ മുഖം വിളറി വെളുത്തു.
   കുന്നായിക്കര പോലീസ്‌ സ്റ്റേഷന്റെ ചരിത്രത്തിൽ അന്നാദ്യമായി ഒരു എഫ്‌.ഐ.ആർ. കുറിക്കപ്പെട്ടു. പല മാനങ്ങളുള്ള ഒരു എഫ്‌.ഐ.ആർ.

പൊക്കൻ

ശ്രീജിത്ത്  മൂത്തേടത്ത്
പൊക്കനെപ്പിടിച്ച്,
വാലിൽ കുടുക്കിട്ട്,
കല്ലെടുപ്പിച്ചും
പറപ്പിച്ചും
രസിച്ച കുട്ടി
കോലാത്തെമ്പത്തിരുന്നു
കരഞ്ഞു.
പൊക്കൻ
പറന്നുപോയത്രെ!!
കാതിൽ
കടുക്കനിട്ട
കുഞ്ഞിപ്പറമ്പത്തെ
പൊക്കേട്ടൻ
കുട്ടിയെ ആശ്വസിപ്പിച്ചു -
''ഞ്ഞ്യെന്തിനാ മോനേ
കരേന്നെ?
പറക്ക്ന്ന പൊക്കൻ
പോയാലെന്താ മോന്
ഈ നടക്ക്ന്ന
പൊക്കേട്ടനില്ലേ?''
കുട്ടിയും
പൊക്കേട്ടനും
കുഞ്ഞിപ്പറമ്പത്തെ
മിറ്റത്ത്
തുള്ളിക്കളിച്ചു.

നിശ്ചയദാർഢ്യം ഒരു വിജയരഹസ്യം

ജോൺ മുഴുത്തേറ്റ്‌


 സ്കൂളിൽ നിന്നും വൈകുന്നേരം കരഞ്ഞുകൊണ്ട്‌ വീട്ടിലെത്തിയ മകനോട്‌ അമ്മ ചോദിച്ചു..,
"എന്താ മോനെ പറ്റിയത്‌.....? നീ എന്തിനാണ്‌ കരയുന്നത്‌?"
"അമ്മേ, പിള്ളേരെന്നെ കളിയാക്കി" അവൻ വിങ്ങിപ്പൊട്ടിക്കൊണ്ട്‌ പറഞ്ഞു.
"എന്തിനാ കളിയാക്കിയത്‌?", അമ്മ കാര്യം തിരക്കി.
"നിന്റെ അച്ഛൻ മദ്യപാനിയാണ.​‍്‌ കഴിഞ്ഞ ദിവസം ക്ലബ്ബിൽ വച്ച്‌ വെള്ളമടിച്ച്‌ പൂസായി ബഹളമുണ്ടാക്കി.. ഒടുവിൽ ശർദ്ദിച്ച്‌ ക്ലബ്ബിൽ കിടന്നു. ആരൊക്കെയോ എടുത്താണ്‌ കാറിൽ ഇരുത്തിയത്‌.......", കുട്ടികൾ പറഞ്ഞ കാര്യങ്ങൾ കണ്ണീരോടെ അവൻ വിവരിച്ചു.
"ആരാണിത്‌ സ്കൂളിൽ വന്ന്‌ പറഞ്ഞത്‌?", അമ്മ ആകാംക്ഷയോടെ ചോദിച്ചു.
"എന്റെ ക്ലാസിലെ സജി. അവന്റെ അച്ഛൻ ക്ലബ്ബിലുണ്ടായിരുന്നു".
"അത്‌ ചുമ്മാ പറയുന്നതായിരിക്കും. മോൻ വന്ന്‌ കാപ്പികുടിക്ക്‌", അമ്മ  അവനെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അമ്മയ്ക്കും സങ്കടമായി.
രണ്ടു ദിവസം മുൻപ്‌ രാത്രിയിൽ കുടിച്ച്‌ ഓവറായിട്ടാണ്‌ അച്ഛൻ വന്നത്‌. പക്ഷെ ക്ലബ്ബിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതായി അറിഞ്ഞില്ല. രാവിലെ ജോലിയ്ക്ക്‌ പോവുകയും ചെയ്തു.
പ്രദീപ്‌ ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനിയറാണ്‌. പലപ്പോഴും കുടിച്ചു ലക്കില്ലാതെ വരാറുണ്ട്‌. എത്രപറഞ്ഞാലും കുടി നിർത്തുകയില്ല. കരഞ്ഞ്‌ പറഞ്ഞ്‌ നോക്കി. അപ്പോൾ സമ്മതിക്കും. പിന്നെ കുറച്ച്‌ ദിവസത്തേയ്ക്ക്‌ കുടിക്കുകയില്ല. പക്ഷെ പിന്നെയും അവസരം വരുമ്പോൾ  കുടിക്കും. തുടങ്ങിയാൽ പിന്നെ ലക്കില്ലാതാകുന്നതുവരെ കുടിക്കും. അതാണ്‌ സ്വഭാവം. പിന്നെ പറയുന്നതും പെരുമാറുന്നതും ഒന്നും സ്വബോധത്തോടെയല്ല. ലഹരി ഇറങ്ങിക്കഴിഞ്ഞാൽ പ്രശ്നമില്ല.
പ്രദീപ്‌ വീട്ടിലെത്തിയപ്പോഴാണ്‌ ഭാര്യ സ്കൂളിലെ സംഭവം വിവരിച്ചതു. അവളുടെ കണ്ണ്‌ നിറയുന്നുണ്ടായിരുന്നു. മോൻ വിഷമം  കൊണ്ട്‌  നേരത്തെ കിടന്നുറങ്ങി. താൻ മൂലം മോനുണ്ടായ അപമാനം എത്ര ദയനീയമായിരുന്നു എന്ന്‌ അയാൾക്ക്‌ ഊഹിക്കാൻ കഴിഞ്ഞു. കരഞ്ഞു തളർന്ന്‌ ഉറങ്ങുന്ന തന്റെ പൊന്നുമോന്റെ മുഖം കണ്ടപ്പോൾ അയാളുടെ കണ്ണ്‌ നിറഞ്ഞു, മനസ്സ്‌ വിങ്ങി.
ഈ സംഭവം പ്രദീപിന്‌ വലിയൊരാഘാതമായിരുന്നു. ഇങ്ങനെപോയാൽ തന്റെയും തന്റെ കുടുംബത്തിന്റെയും ഭാവി എന്താവും.  സമൂഹം തന്റെ മക്കളെ മുഴുക്കുടിയന്റെ സന്തതികൾ എന്ന്‌ മുദ്രകുത്തും. അവർ സമൂഹത്തിൽ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യും. അയാൾ ഒരു ഉറച്ച തീരുമാനം എടുത്തു. 'ഇനി മദ്യം കഴിക്കുകയില്ല'.
ഇത്‌ പ്രദീപിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. അയാളുടെ ജീവിതത്തെ സമൂലം മാറ്റി മറിച്ചു ആ സംഭവം. അതിന്‌ ശേഷം അയാൾ മദ്യപിച്ചിട്ടില്ല. ആദ്യമൊക്കെ ക്ലബ്ബിൽ പോകാതിരുന്നു. പിന്നെ കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ക്ലബ്ബിൽ പോയിതുടങ്ങി. പക്ഷെ, മദ്യം കഴിക്കുവാൻ തയ്യാറായില്ല. കൂട്ടുകാർ പലപ്പോഴും പ്രലോഭിപ്പിച്ചു, നിർബന്ധിച്ചു, പക്ഷെ അയാൾ വഴങ്ങിയില്ല. അയാളുടേത്‌ ഉറച്ച തീരുമാനമായിരുന്നു. ദൃഢനിശ്ചയം അയാൾക്ക്‌ അസാമാന്യമായ ശക്തി നൽകി. മറ്റുള്ളവരുടെ പ്രലോഭനങ്ങളും സമ്മർദ്ദങ്ങളും അതിനു മുന്നിൽ വിലപ്പോയില്ല. അയാൾ തികച്ചും ഒരു വ്യത്യസ്ത വ്യക്തിയായിത്തീർന്നു. മദ്യം കഴിക്കാൻ പ്രേരണയേറുമ്പോൾ തന്റെ മകന്റെ കരയുന്ന മുഖം  മനസ്സിൽ തെളിയും. തന്റെ കുട്ടികൾ സ്കൂളിൽ അപമാനിതരാകുന്ന രംഗം മനസിൽ വിരിയും. തന്റെ ഉറച്ച തീരുമാനത്തിൽ നിന്നും വ്യതിചലിക്കാതിരിക്കാൻ ഇത്‌ അയാളെ സഹായിച്ചു. അയാളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിൽ മറ്റുള്ളവർക്ക്‌ അതിശയം തോന്നി. അയാളോട്‌ ബഹുമാനവും.
ജീവിതത്തിൽ വിജയം കൈവരിക്കുവാൻ ഏവർക്കും അനിവാര്യമായ ഒരു വ്യക്തിത്വ സവിശേഷതയാണ്‌ ഉറച്ച തീരുമാനം എടുക്കുക എന്നത്‌.  തീരുമാനങ്ങൾ എടുക്കുകയും പിന്നീട്‌ അതിൽ ചഞ്ചലപ്പെടുകയും തീരുമാനങ്ങൾ തിരുത്തുകയും പിൻവലിക്കുകയും ഒക്കെ ചെയ്യുന്ന എത്രയോ അനുഭവങ്ങൾ വിവിധ മേഖലകളിൽ നമുക്ക്‌ കാണുവാൻ കഴിയും.
നിശ്ചയദാർഢ്യം വിജയത്തിന്റെ സുപ്രധാന ഘടകമാണ്‌. ഉറച്ച തീരുമാനമെടുത്ത്‌ ഏതു പ്രതികൂല സാഹചര്യങ്ങളിലും മനസ്സ്‌ മടുക്കാതെ അത്‌ നടപ്പാക്കുവാനുള്ള ശേഷിയാണ്‌ നിശ്ചയദാർഢ്യം. അത്‌ നിങ്ങൾക്ക്‌ വിജയത്തിന്റെ പടവുകൾ കയറുവാൻ ശക്തിയും ഊർജ്ജവും പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ്‌ ക്രിസ്റ്റൻ ബെൽ (Kristen Bell) ഇങ്ങനെ പറഞ്ഞത്‌, "വിജയത്തിന്റെ ചേരുവകൾ എന്തൊക്കെയാണെന്ന്‌ എന്നോട്‌ ആളുകൾ ചോദിച്ചാൽ ഞാൻ പറയും, ഒന്ന്‌, വൈദഗ്ദ്ധ്യം, രണ്ട്‌ നിശ്ചയദാർഢ്യം, മൂന്നാമത്തേത,​‍്‌ വെറും ഭാഗ്യം. ഇതിൽ രണ്ടെങ്കിലും നിങ്ങൾക്ക്‌ ഉണ്ടാവണം".
ഇൻഫോസിസ്‌ ടെക്നോളജിയുടെ ശിൽപിയും പ്രശസ്തമാനേജ്‌മന്റ്‌ വിദഗ്ധനുമായ എൻ .ആർ നാരായണ മൂർത്തി ഒരിക്കൽ പറഞ്ഞു, " മികവ്‌ യാദൃശ്ചികമല്ല. ദൃഢനിശ്ചയവും, കഠിനാദ്ധ്വാനവും, കഴിവുകളും മാത്രമാണ്‌ വിജയപാതയിലെ വിലയേറിയ കൂട്ടുകാർ എന്ന വിശ്വാസമാണ്‌ മികവ്‌".
ബഞ്ചമിൻ ഫ്രാങ്ക്ലിൻ തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാക്കാൻ ശ്രമിച്ച പതിമൂന്ന്‌ ഗുണങ്ങളിൽ ഒന്നായിരുന്നു നിശ്ചയദാർഢ്യം.
കഠിനമായ പരിശ്രമത്തിലൂടെ അത്‌ അദ്ദേഹം  സ്വായത്തമാക്കുകയും ചെയ്തു.
നിശ്ചയദാർഢ്യം ഇല്ലാത്ത നേതാക്കൻമാരും ഭരണാധികാരികളും രാജ്യപുരോഗതിയ്ക്ക്‌ തടസ്സം സൃഷ്ടിക്കുന്നു. രാജ്യത്തേയും ജനങ്ങളേയും ദുരന്തങ്ങളിലേയ്ക്കും, ദുരിതങ്ങളിലേയ്ക്കും നയിക്കുന്നു. സർദാർ വല്ലഭായി പട്ടേൽ ഉരുക്ക്‌ മനുഷ്യൻ എന്ന്‌ അറിയപ്പെടുന്നത്‌ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ പേരിലായിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ്‌ ഇന്ത്യയുടെ അഖണ്ഡത നിലനിർത്തുവാൻ സഹായകമായത്‌.
കൊളംബസിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട്‌ മാത്രമാണ്‌ ദീർഘമായ കപ്പൽ യാത്രയ്ക്ക്‌ ശേഷം അമേരിക്ക കണ്ടെത്തുവാനായത്‌. സഹയാത്രികരൊക്കെ യാത്ര അവസാനിപ്പിച്ച്‌ തിരിച്ച്‌ പോകുവാൻ വേണ്ടി വഴക്കടിച്ചപ്പോഴും കൊളംബസ്‌ തന്റെ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചില്ല.
നിശ്ചയദാർഢ്യത്തിന്റെ കാര്യത്തിൽ സ്ത്രീപുരുഷ വ്യത്യാസം കൽപ്പിക്കേണ്ടതില്ല. അപാരമായ നിശ്ചയദാർഢ്യം പ്രകടിപ്പിച്ച എത്രയോ സ്ത്രീകളെ ചരിത്രത്തിൽ നമുക്ക്‌ കണ്ടെത്തുവാൻ കഴിയും. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ്‌ താച്ചർ ഏത്‌  പ്രതികൂല സാഹചര്യങ്ങളിലും നിശ്ചയദാർഢ്യം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു.
മരണത്തിനുപോലും ഇളക്കാൻ കഴിയാത്ത നിശ്ചയദാർഢ്യമാണ്‌ ബേനസീർ ഭൂട്ടോ പ്രകടിപ്പിച്ചതു. ജാൻസി റാണിയും നിശ്ചയദാർഢ്യത്തോടെ പോർക്കളത്തിലേയ്ക്ക്‌ കുതിച്ച ധീരവനിതയായിരുന്നു.
ഇന്ദിരാഗാന്ധിയുടെ ഉറച്ച തീരുമാനങ്ങളായിരുന്നു അവരെ കഴിവുറ്റ ഭരണാധികാരിയാക്കിയത്‌. പ്രതിസന്ധിഘട്ടങ്ങളിൽ അവരുടെ ഉറച്ച തീരുമാനങ്ങളാണ്‌ നിർണ്ണായക വിജയങ്ങൾ നേടിക്കൊടുത്തത്‌ എന്ന്‌ നാം ഓർക്കണം.
തികച്ചും മൂല്യവത്തായ കാര്യങ്ങൾക്കുവേണ്ടിയാവണം നാം നിശ്ചയദാർഢ്യം പ്രകടിപ്പിക്കേണ്ടത്‌. കഴമ്പില്ലാത്ത കാര്യങ്ങൾക്ക്‌ വേണ്ടി നിശ്ചയദാർഢ്യം പ്രകടിപ്പിക്കുന്നത്‌ പ്രയോജനപ്രദമായിരിക്കുകയില്ല.
നിശ്ചയദാർഢ്യം ആർക്കും പരിശ്രമത്തിലൂടെ വളർത്തിയെടുക്കാവുന്ന ഗുണവിശേഷമാണ്‌. അത്‌ ക്രമേണ വ്യക്തിത്വത്തിന്റെ ഭാഗമായിത്തീർന്നുകൊള്ളുകയും ചെയ്യും. നിശ്ചയദാർഢ്യം വളർത്തിയെടുക്കുവാൻ ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കാം.
*   നിങ്ങളുടെ ജീവിത ലക്ഷ്യം വ്യക്തമായി നിർവചിക്കുക. അത്‌ കൈവ    രിക്കുവാനുള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കുക. ഏത്‌ പ്രതികൂല സാഹചര്യത്തിലും സമ്മർദ്ദത്തിനടിപ്പെടാതെ, അടിപതറാതെ, അതിൽ ഉറച്ചു നിൽക്കുക.
*    മൂല്യവത്തായ കാര്യങ്ങൾക്കായി ഉറച്ച നിലപാടുകൾ സ്വീകരിക്കുക. അതിൽ അചഞ്ചലമായി നിലയുറപ്പിക്കുക.
*    നിങ്ങൾ വിശ്വസിക്കുകയും, വിലമതിക്കുകയും ചെയ്യുന്ന കാര്യങ്ങൾക്ക്‌ വേണ്ടി ത്യാഗമനുഷ്ഠിക്കാനും, കഠിനാധ്വാനം ചെയ്യാനും തയ്യാറാവുക.
*   സ്വന്തം തീരുമാനങ്ങളുടെ അന്തിമ നേട്ടങ്ങളെപ്പറ്റി ചിന്തിക്കുകയും, സ്വപ്നം കാണുകയും ചെയ്യുക.
*    പ്രതികൂല പ്രേരണകളും സമ്മർദ്ദങ്ങളും നിങ്ങളുടെ ഉറച്ച തീരുമാനത്തെ ഇളക്കാൻ അനുവദിക്കുകയില്ല എന്ന്‌ മുൻകൂട്ടി നിശ്ചയിക്കുക.
*    ഉറച്ച തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുക. അത്‌ ഇടയ്ക്ക്‌ വായിക്കുകയും മനസിൽ ഏറ്റ്‌ പറയുകയും ചെയ്യുക. നിങ്ങളുടെ ഉപബോധമനസിലും അവ നിറഞ്ഞ്‌ നിൽക്കട്ടെ.
*    നിങ്ങളുടെ ഉറച്ച തീരുമാനങ്ങൾ മറ്റുള്ളവർ കേൾക്കെ പ്രഖ്യാപിക്കുക. പ്രതികൂലസാഹചര്യങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടി വരുമ്പോൾ ഈ പ്രഖ്യാപനം ആവർത്തിക്കുക.
*   നിശ്ചയദാർഢ്യം കൊണ്ട്‌ നേട്ടങ്ങൾ കൈവരിച്ച മഹാൻമാരെപ്പറ്റി പഠിക്കുകയും കുട്ടികളുടെ മുൻപിൽ വച്ച്‌ അവരെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യുക. അവരെ മാതൃകയാക്കാൻ കുട്ടികൾക്ക്‌ ഇത്‌ പ്രേരണ നൽകും.
*   നിങ്ങളുടെ തീരുമാനങ്ങളോട്‌ വൈകാരികമായ ഒരു ആത്മബന്ധം പുലർത്തുക. നിശ്ചയദാർഢ്യത്തിന്‌ ഇളക്കം തട്ടുമ്പോൾ നിങ്ങളുടെ ആന്തരിക ശക്തിയുടെ ദൗർബല്യമാണ്‌ പ്രകടമാകുന്നത്‌ എന്ന്‌ മനസ്സിലാക്കുക.
'ഞാൻ എന്തെല്ലാം നേടിയിട്ടുണ്ടോ, അതെല്ലാം ദൈവാനുഗ്രഹം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ആണ്‌ നേടിയത്‌', എന്ന മേരി ഫെയർ ചൈൽഡിന്റെ (Mary Fair Child)ന്റെ വാക്കുകൾ നമുക്ക്‌ മറക്കാതിരിക്കാം. ?

ആത്മം


        ദിപുശശി തത്തപ്പിള്ളി
നീട്ടുമ്പോഴേക്കും പിൻവലിക്കുന്ന,
മറു കൈയുടെ നിർവികാരതയാണ്‌,
പ്രണയമെന്ന തിരിച്ചറിവുകളിൽ ;
നടന്നു തീർത്ത ഭ്രാന്തൻ ദൂരങ്ങളെത്രയോ.....
പറയാതടക്കിപ്പിടിക്കുമ്പോഴും ,
കാണാമുറിവുകളിലൂടെ  ഒലിച്ചിറങ്ങുന്ന,
നനവിന്റെ നേരാണ്സ്നേഹമെന്നറിഞ്ഞ്;
മരുന്നു മണമുള്ള കട്ടിൽ  വിരിപ്പിൽ ,
കാലത്തിന്റെ വിരല്പാടിലുറയുന്നതെ സുഖം......

സെമി


 മനാഫ് മന്‍


നാല്പ്പതിലും ഒരു ഇരുപ്പത്തഞ്ച് കാരനെ വെല്ലുന്ന ശരീര സൗന്ദര്യം ഉള്ളതില്‍ ഡേവിഡിന് അഭിമാനം തോന്നി. പണ്ടേ ഉള്ള ശീലമാണ്. കണ്ണാടിയുടെ മുന്നില് പൂര്‍ണ്ണ നഗനനായി നിന്നും സ്വന്തം ശരീര സൗന്ദര്യം ആസ്വദിക്കുക.
നെഞ്ചിലെ നനുത്ത രോമ ങ്ങളിലൂടെ അയാള്‍ വിരലുകള്‍ പായിച്ചു..അല്പം സൗന്ദര്യമുള്ള ശരീരമാണ് തനിക്കെന്ന സ്ഥിരം ചിന്തയില്‍ അയാള് പുഞ്ചിരി തൂകി.
” ഊട്ടിയിലെ കൊച്ചു വെളുപ്പാന്‍ കാലത്ത് ഉടു തുണിയില്ലാതെ നില്ക്കുന്ന അങ്ങാണല്ലോ ഈയിടെയായി എനിക്കുള്ള സ്ഥിരം കണി ! ”
മുറിയിലേയ്ക്ക് പൊടുന്നനെ കടന്നു വന്ന ലിസ പറഞ്ഞു.
ആ വെളുത്ത ഫ്രോക്കില്‍ അവളൊരു മാലാഖയെ പോലെ
തോന്നിച്ചു. ചൈനക്കാരുടെത് പോലെ കുഞ്ഞു മുഖമാണ് ലിസയ്ക്ക്.
ഡേവിഡ് ബോക്‌സര്‍ ഷോട്‌സ് ഇടാന്‍ തുടങ്ങി.
” ഡേവിഡ്, നിനക്ക് ലുങ്കി യാണ് ചേരുക.”
” ഇതാണ് ലിസ സൗകര്യം, ഇതാകുമ്പോള്‍ സെകന്റ്
പേപ്പര്‍ വേണ്ട.”
” അതെന്തോന്നു സെകന്റ് പേപ്പര്‍ ?”
” അടിവസ്ത്രം .. അണ്ടര്‍ വേര്‍ ”
ലിസ അത് കേട്ട് കുറെ നേരം ചിരിച്ചു.
” ഇതാണ് ഞാന്‍ സെമിയില്‍ നിന്നും ഓടി വരുന്നത്.
ഇയാളെ കേള്ക്കാന്‍ എനിക്കെന്തിഷ്ടമാണെണോ !
ആണ്‍ പെണ്‍ ഭേദമില്ലാത്ത സംസാരം. നാണമില്ലാത്തവന്‍….
അല്ല എന്താണ് ഈ കണ്ണാടി നോക്കി ഉടുതുണിയില്ലാതെ
ചിന്തിക്കുന്നത് ?”
” ഞാന്‍ ആലോചിക്കുവാര്ന്നു സ്ത്രീ ശരീരമാണോ,
പുരുഷ ശരീരമാണോ ഏറ്റവും സുന്ദരം എന്ന് ”
” എന്നാല്‍ പറയ്.. ആരുടെതാ സുന്ദരം?”
” സ്ത്രീ തന്നെ… നല്ലൊരു ആകാരമുള്ള പെണ്ണ് വശം ചെരിഞ്ഞു
കിടക്കുമ്പോള്‍ ശരിക്കും ഒരു വീണ കിടക്കുന്നത് പോലെ തോന്നും..
മസാജൊക്കെ ചെയ്തു കൊടുക്കുമ്പോള്‍ സ്ത്രീ
ശരീരത്തിനുള്ള മൃദുലത എന്നെ അല്ഭുതപ്പെടുത്താറുണ്ട്. ”
” ഓ, കൊള്ളാല്ലോ…തന്നെ പോലുള്ളവമ്മാരെ
അല്ഭുതപ്പെടുത്തുന്ന സ്ത്രീ ജന്മം പുളകം കൊള്ളട്ടെ. ”
അപ്പോഴാണ് അകലെ നിന്നും ആന്റണി നടന്നു വരുന്നത്
ലിസകണ്ടത് .
” ദേ.. ആ കത്തി വരുന്നു. ഞാന്‍ പോകുവാ. അങ്ങേരുടെ കത്തി
സഹിക്കാന്‍ വയ്യാതെയാ സെമിയില്‍ നിന്നും ഞാന്‍ രാവിലെ
തന്നെ ഇങ്ങോട്ട് ഓടിപ്പോരുന്നത്..ഇപ്പൊ അവിടെ
പുതിയ കുറെയെണ്ണം വന്നിട്ടുണ്ട്, അവമ്മാരുടെ
പൊങ്ങച്ചവും കേള്‍ക്കണം ”
അത് കേട്ട് ഡേവിഡ് ചിരിച്ചു.
പിന്നെ ഒരു ടീ ഷേട്ടും ഇട്ടു പുറത്തെ കോലായില്‍ ചെന്നു.
അവിടെ നിലത്തു ഇരിപ്പാണ് ആന്റണി.
കഷണ്ടിയില്‍ ചെറുതായി തലോടുന്നുണ്ട് അയാള്.
” എന്താണ് ചേട്ടാ, ഒരാഴ്ച്ച യായല്ലോ കണ്ടിട്ട്?
” സെമിയില്‍ കുറച്ചു പുതിയ ആള്‍ക്കാര്‍ വന്നിരുന്നു .
കോടീശ്വരന്മാരാ .. അവരുടെ കഥകള്‍ കേട്ടിരുന്നപ്പോ
സമയമങ്ങ് പോയി. വലിയ മന്ത്രിമാരുമായിട്ടൊക്കെ
ബന്ധമുള്ളവരാ.ഒരാഴ്ചയായിട്ടു എന്നോട് നല്ല കമ്പനിയാണ്. ”
ഡേവിഡ് ഒന്നും മിണ്ടിയില്ല. ആന്റണി തുടര്‍ന്നു

‘സാറെന്താ ഇപ്പോള്‍ അങ്ങോട്ട് വരാത്തത്?
അവിടെ എല്ലാവരും ചോദിച്ചു. ഞാന്‍ പറഞ്ഞു
സാറിവിടെ ഇല്ലാന്ന്. ”
” അത്‌നന്നായി, തന്റെ കൂടെ ഇനി ഞാനും അവരെ കത്തി
വെച്ച് കൊല്ലെണ്ടല്ലോ. ”
അത് കേട്ടതും ആന്റണി ചിരിച്ചു.
” ലിസ പറഞ്ഞു കാണുമല്ലേ ? അവളാണ് എനിക്ക്
കത്തിയെന്ന പേരിട്ടത്. എന്നാല്‍ അവളോ?
ഏതു നേരവും സാറിനെ കുറിച്ചാണ് സംസാരം.
സാറിനെ ആദ്യം കണ്ടത് തന്നെ ഒരായിരം വട്ടം
എന്നോട് പറഞ്ഞിട്ടുണ്ട്. ആ അവളാണ് എന്നെ
കത്തിയെന്നു വിളിക്കുന്നത് !”
അത് കേട്ട് ഡേവിഡ് ചിരിച്ചു
”പിന്നെ സാറേ, എന്റെ മോള്‍ ഡയാന കുറച്ചു
വിഷമത്തിലാണ്. ഇന്നലെ അവള് കുറെ കരഞ്ഞു.
അവള്‍ക്കു പഠിക്കാന്‍ കുറച്ചു കാശ് വേണം,
എന്റെ അവസ്ഥ സാറിന് അറിയാമല്ലോ ?
സാറിനു അവള്‍ക്കു ഇത്തിരി കാശ് കൊടുക്കാമോ?”
” കൊടുക്കാം. ആന്റണി”
അത് കേട്ടപ്പോള്‍ ആന്റണിക്ക് നല്ല ആശ്വാസമായി.
കുറച്ചു നേരം കൂടി സംസാരിച്ചിട്ടു അയാള്‍ പോയി.
ആന്റണി പോകുന്നതും നോക്കി നിന്ന ഡേവിഡ്
അയാളെ ആദ്യമായി കണ്ട രംഗം ഓര്‍ത്തു.
ഫാദര്‍ ഫെഡ റിക്കിനെ കാണാന്‍ ചര്‍ച്ചില്‍ പോയപ്പോള്‍
അദ്ദേഹം ഒരു ശവ സംസ്‌കാരം നടത്തുകയായിരുന്നു.
കുഴിയിലേയ്ക്ക് അദ്ദേഹം മണ്ണിടുന്നതും നോക്കി നില്ക്കുന്ന
ആളുകളില്‍ ഏതോ ചിന്തയില്‍ നില്ക്കുകയായിരുന്നു ആന്റണി.
ആ താത്വിക ഭാവം വല്ലാതെ തന്നെ ആകര്‍ഷിച്ചു. തന്റെ കുറെ
നേരമുള്ള നോട്ടം ആന്റണിയെ അമ്പരപ്പിച്ചു.
അവിടുന്ന് തുടങ്ങിയ സൗഹൃദം
ചിന്തയില്‍ നിന്നും ഉണര്‍ന്നു ഡേവിഡ് അകത്തേയ്ക്ക് കയറി
ലിസ അകത്തുണ്ടായിരുന്നില്ല. അവളുടെ വരവും പോക്കുമെല്ലാം
പെട്ടെന്നാണ് ഒരു വട്ടു പെണ്‍കുട്ടി .
എങ്കിലും അപൂര്‍വ്വം ചില പെണ്‍ കുട്ടികളില്‍ മാത്രം
കാണുന്ന നിഷ്‌കളങ്കത ലിസയില്‍ നല്ലവണ്ണം ഉണ്ട്.
ഇന്നത്തെ അതി ബുദ്ധി പെണ്‍ കുട്ടികളില്‍ നിന്നും
ഏറെ വ്യത്യസ്ത.
പലപ്പോഴും ഡേവിഡ് നു തോന്നിയിട്ടുണ്ട്
താന്‍ ഒരു പെണ്ണായി മാറിയാല്‍ ലിസ ആകുമെന്ന്.
ഒരേ വ്യക്തികള്‍ രണ്ടു ലിംഗത്തില്‍ എന്നത് പോലെ !
ഡേവിഡ് നു ഒരു ചായ കുടിക്കണം എന്ന് തോന്നി
അയാള്‍ ഉടനെ ട്രാക്ക് സ്യൂട്ട് എടുത്തിട്ടു.
ഒരു മഫ്‌ലര്‍ എടുത്തു കഴുത്തില്‍ ചുറ്റി.
മണിയെട്ടന്റെ ചായക്കടയിലേയ്ക്കു
ബൈക്ക് ഓടിക്കവേ ഡേവിഡ്‌ന്റെ മനസ്സില്‍ ലിസയെ
ആദ്യമായി കണ്ട രംഗം തെളിഞ്ഞു.
ഊട്ടിയില്‍ വീട് വാങ്ങിയ ദിവസം.
അന്ന് വൈകീട്ട് കോളേജ് വിട്ടു വരുന്ന
പെണ്‍ കുട്ടികളുടെ ഇടയിലേയ്ക്കു ഒരു ബസ് നിയന്ത്രണം
വിട്ടു ഇടിച്ചു കയറുന്നത് ദൂരെ നിന്നാണ് കണ്ടത് .
അടുത്തെത്തുമ്പോള്‍ പല പെണ്‍കുട്ടികളെയും
ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകുന്നു .
ആരൊക്കെയോ മരിച്ചിട്ടുണ്ട് …
അപകടം കണ്ടു പലരും അലമുറയിടുന്നു .
ചിലര് മരവിച്ചു നില്ക്കുന്നു .
ആകെ പേടിച്ചു മരവിച്ചത് പോലെ നില്ക്കുകയായിരുന്നു
ലിസ.
അവളുടെ അടുത്തേയ്ക്ക് ചെല്ലാന്‍ മനസ്സ്
പ്രേരിപ്പിച്ചു. അടുത്ത് ചെന്ന് ചോദിച്ചു.
” യു ഓക്കേ? ”
അവള്‍ മരവിപ്പോടെ തലയാട്ടി.
ആ സ്‌നേഹം ഇന്ന് ഇണ പിരിയാത്ത സുഹൃത്തുക്കള്‍
ആക്കിയിരിക്കുന്നു . പതിനഞ്ചു വയസ്സിനു ഇളയവള്‍
ആണെങ്കിലും അവള്‍ക്കു ആ ബഹുമാനം ഒന്നും ഇല്ല .
പെട്ടെന്നാണ് സംശയംബാബുവിനെയും ഡേവിഡ് ഓര്‍ത്തത് .
ആത്മഹത്യ മുനമ്പിനു അടുത്തുള്ള മണിയെട്ടന്റെ
ചായക്കടയില്‍ എന്നും സംശയവുമായി
നില്ക്കുന്ന ബാബു .
വട്ടന്‍ എന്ന പേരുള്ളതിനാല്‍ ആരും പണ്ട് മുതലേ
ബാബുവോട് മിണ്ടാറില്ലത്രെ . അവനോടു മിണ്ടുന്ന
തന്നെ അവനു വലിയ കാര്യമാണ്.
ചായക്കട എത്തി, ബൈക്ക് നിര്‍ത്തി ഡേവിഡ്
അങ്ങോട്ടേയ്ക്ക് നടന്നു ചെന്നു
സമയം ഏഴര ആകുന്നതേ ഉള്ളൂ.. നല്ല തണുപ്പായതിനാല്‍
ചായക്കടയില്‍ ആകെ രണ്ടുപേര് മാത്രമേ ഉള്ളൂ.
പതിവ് പോലെ സംശയം ബാബു അവിടെ തന്നെ ഉണ്ട്.
ഒരാള്‍ വായിക്കുന്ന പത്രം ഏന്തി നോക്കുകയാണ് ബാബു.
ചായ വാങ്ങിച്ചു ബെഞ്ചില്‍ ഇരിക്കവേ ബാബു ചോദിച്ചു
”സാറിനു പത്രം വേണ്ടേ? ഞാന്‍ ചോദിച്ചിട്ട് അയാള് തരുന്നില്ല”
” വേണ്ട ബാബു, എന്ത് വായിക്കാനാണ് ? പെട്രോളിന് വിലകൂടി ,
ഗ്യാസിനു വിലകൂടി അതല്ലേ വാര്ത്ത ? ”
അത് കേട്ടപ്പോള്‍ പത്രം വായിച്ചു കൊണ്ടിരുന്ന ആള്‍
നീരസത്തോടെ ഡേവിഡിനെ ഒന്ന് നോക്കി..
പിന്നെ അയാള്‍ വായന തുടര്‍ന്നു.
” അല്ല സാറേ, ഒരത്ഭുത വാര്‍ത്തയുണ്ട്”
ബാബു പറഞ്ഞു
ഡേവിഡ് ചോദ്യ രൂപത്തില്‍ അവനെ നോക്കി. .
”ആഫ്രിക്കയിലെ ഒരു സ്ത്രീക്ക് മരിച്ച ആളുകളെ കാണാന്‍
കഴിയുന്നു പോലും ! എന്ത് ഭാഗ്യമാ അല്ലെ സാറെ ?”
” എന്ത് ഭാഗ്യം, ബാബു…? മരിച്ചവര്‍ ആത്മാക്കള്‍ അല്ലെ?
അപ്പോള്‍ അവര്‍ക്ക് ശരീര മുള്ള ഒരാളെ കിട്ടിയാല്‍
ഏതു നേരവും അയാള്‌ക്കൊപ്പം ഇരിക്കാന്‍ ആത്മാക്കള്‍ക്ക്
തോന്നും. അതോടെ അയാളുടെ പ്രൈവസി നഷ്ടമാകും.
ആട്ടെ, ബാബുവിന് ചായ വേണ്ടേ?”
” വേണം, പക്ഷെ ഞാന്‍ എത്ര ചോദിച്ചിട്ടും എന്നത്തെയും
പോലെ മണിച്ചേട്ടന്‍ കേട്ട ഭാവം കാണിച്ചില്ല. അവസാനം
ഞാന്‍ പുള്ളി കാണാതെ എടുത്തു കുടിച്ചു.”
” അത് നന്നായി.”
പത്രം വായിച്ചു കൊണ്ടിരുന്ന ആള്‍ ഡേവിഡ് നെ ഒന്ന്
തറപ്പിച്ചു നോക്കി പത്രം അവിടെ വെച്ച്
എഴുന്നേറ്റു പോയി . ഡേവിഡ് ആ വാര്‍ത്ത ഒന്ന് നോക്കി.
പിന്നെ ചായ വലിച്ചു കുടിച്ചു .പൈസ കൊടുത്ത് ഇറങ്ങി.
ബാബു പുറകെ ബൈക്കിനു സമീപം വരെ ചെന്നു.
” അല്ല സാറേ, ഈ സെമിത്തേരിയില്‍ ചെന്നാല്‍ മരിച്ചവരെ കാണാന്‍ കഴിയുമോ?”
” ഞാന്‍ എത്ര തവണ ബാബുവോട് പറഞ്ഞിട്ടുണ്ട്,
സെമിത്തേരി എന്ന് പറയരുതെന്ന് … എനിക്കാ വാക്ക് ഇഷ്ടമല്ല.
അത് കൊണ്ട് സെമി എന്ന് പറഞ്ഞാല്‍ മതി.
അതാകുമ്പോള്‍ ഒരു അസ്വസ്ഥത തോന്നില്ല. ”
” ശ്ശൊ ഞാന്‍ മറന്നു. ഇനി ശ്രദ്ധിക്കാം”
ബൈക്കിനടുത്തു ലിസ നില്പ്പുണ്ടായിരുന്നു.
അത് കണ്ടു ബാബു ചോദിച്ചു
”ചേച്ചിക്ക് ചായ വേണ്ടേ? ”
” വേണ്ട ബാബു”
ലിസ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഡേവിഡ് ബൈക്ക് മെല്ലെ മുന്നോട്ടെടുത്തു.
ലിസ അയാളോട് ചോദിച്ചു
” എന്താ സംശയംബാബുവിന് ഇന്നും സംശയമുണ്ടോ ?
വട്ടു പിടിച്ചാണ് മരിച്ചതെങ്കിലും അവനു സംശയം തീരുന്നില്ല.
അല്ലെ ?”
” അവനു ആത്മാക്കളെ കാണാന്‍ സെമിയില്‍ വരണമെന്ന് ”
” ഭ്രാന്തു മൂത്ത് സ്യൂയിസൈഡ് പോയിന്റില്‍ ചാടി
മരിച്ച അവനു വരാന്‍ പറ്റില്ല സെമിയില്‍…
അവന്‍ ഇവിടെ ഇങ്ങനെ കറങ്ങി നടക്കും.
മരിച്ച കാര്യം പോലും അവനു മനസിലായിട്ടില്ല”
” ഉം… ആ പിന്നെ, ആഫ്രിക്കയില്‍ ഒരു സ്ത്രീക്ക് മരിച്ച
ആളുകളെ കാണാന്‍ കഴിയുമെന്നു വാര്‍ത്തയുണ്ട്. ”
” ആണോ ഡേവിഡ് ? ”
” അതെ…. അത് സത്യമായിരിക്കും അല്ലെ ? ”

ജീവിതത്തിലേയ്ക്ക് …!!!


സുരേഷ് കുമാർ പുഞ്ചയില്‍


നാനൂറു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ആ ഭീകരമായ മരുഭൂയിലൂടെ വണ്ടിയോടിച്ചാലാണ് ഞങ്ങളുടെ വര്‍ക്ക് സൈറ്റില്‍ നിന്നും തൊട്ടടുത്ത കുഞ്ഞു പട്ടണത്തില്‍ എത്താന്‍ കഴിയുക . അതിനൊരു പട്ടണം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഭക്ഷണം ഒഴിച്ചുള്ള എന്ത് അത്യാവശ്യ സൌകര്യങ്ങള്‍ ലഭിക്കണമെങ്കിലും അവിടെത്തന്നെ വരണം ഞങ്ങള്‍ക്ക് എല്ലായ്‌പോഴും .
എപ്പോഴും മണല്‍ക്കാറ്റു വീശുന്ന ആ മരുഭൂമി യിലൂടെയുള്ള വഴിയും ഏറെ ദുര്‍ഘടം പിടിച്ചതുതന്നെ . മൊബൈല്‍ സിഗ്‌നല്‍ പോലും ഇല്ലാത്ത ആ മരുഭൂമിയില്‍ ഏതെങ്കിലും ഒരു ജീവിയെ പോലും ഞങ്ങള്‍ അതുവരേയ്ക്കും ഒരിക്കലും കണ്ടിട്ടുമില്ലായിരുന്നു. സാധാരണ റോഡ് ആണെങ്കില്‍ മൂന്നോ നാലോ മണിക്കൂറുകൊണ്ട് എത്താവുന്ന ആ ദൂരം പക്ഷെ ഇവിടെ കടക്കണമെങ്കില്‍ ആറും ഏഴും മണിക്കൂറുകള്‍ എടുക്കുമായിരുന്നു എപ്പോഴും . അതുകൊണ്ട് ഒക്കെ തന്നെ അതിലൂടെയുള്ള യാത്ര കഴിവതും ഞങ്ങള്‍ ഒഴിവാക്കാറാണുള്ളത് .
അന്ന് പക്ഷെ ജോലിസ്ഥലത്ത് നിന്നും അപകടം പറ്റി ഗുരുതരാവസ്ഥയില്‍ ആയ ഒരു സഹപ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിക്കാനാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത് . കാലത്ത് തന്നെ ആയതിനാല്‍ യാത്ര തുടങ്ങാന്‍ ഞങ്ങള്‍ക്ക് സൗകര്യവുമായി . രോഗിയുമായി പോകുന്നതിനാല്‍ പതുക്കെയായിരുന്നു ഞങ്ങള്‍ സഞ്ചരിച്ചിരുന്നതും . പ്രാഥമിക ശുശ്രൂഷ മാത്രം നല്‍കിയ അയാളെ കൂടുതല്‍ കുഴപ്പത്തിലാക്കാതെയും എന്നാല്‍ പരമാവധി വേഗത്തിലും കൂടി വളരെ കരുതലോടെയാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത് .
പതിവുപോലെ അപകടത്തില്‍ പെട്ട് നിന്നുപോയ ചില വാഹനങ്ങളല്ലാതെ വഴിയില്‍ ചുരുക്കം ചില വണ്ടികള്‍ മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ . സിഗ്‌നല്‍ കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്നതിനാല്‍ പുറപ്പെടും മുന്‍പുതന്നെ രോഗിയുമായി എത്തിയാല്‍ വേണ്ട സൗകര്യമൊരുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും ആ കൊച്ചുപട്ടണത്തില്‍ ഞങ്ങള്‍ നേരത്തെ തന്നെ ഏര്‍പ്പാടാക്കിയിരുന്നു . .
വഴിയില്‍ അന്ന് പതിവിലും ശക്തമായ മണല്‍ കാറ്റായിരുന്നതിനാല്‍ ഞങ്ങളുടെ യാത്രയും ഏറെ ശ്രമകരമായി . പോരാത്തതിന് പുറത്തെ ചൂടാണെങ്കില്‍ പൊള്ളിക്കുന്നതും . അപകടത്തില്‍ പെട്ട ഒരു വാഹനത്തെ സഹായിക്കാന്‍ വേണ്ടി ഇടയില്‍ കുറച്ചു സമയം നിര്‍ത്തുകയും കൂടി ചെയ്തതിനാല്‍ പിന്നെയും വൈകുകയും ചെയ്തു . പോരാത്തതിന് ഇടയില്‍ രോഗിയുടെ അവസ്ഥ അല്പം മോശമായത് ഞങ്ങളെ വിഷമിപ്പിക്കുകയും ചെയ്തു . എന്നിട്ടും പരമാവധി വേഗത്തില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു .
ഒരു വലിയ കയറ്റവും അതിനോട് ചെര്‍ന്നുതന്നെയുള്ള വളവും കൂടിയ ഒരിടത്തെതിയപ്പോള്‍ മുന്നില്‍ ഒരു വാഹനം റോഡില്‍ തന്നെ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് ഞങ്ങള്‍ വേഗത നന്നേ കുറച്ചു . അതിനടുത്തെത്തവേ അതില്‍ ഒരു കുടുംബമാണെന്നു കണ്ട് ഞങ്ങള്‍ ശരിക്കും അമ്പരന്നു . ആ സമയത്ത്, ആ വഴിയില്‍ അങ്ങിനെയൊരു കുടുംബത്തെ കാണാന്‍ ഒരു വഴിയുമില്ല തന്നെ . മധ്യവയസ്സു കഴിഞ്ഞ ഒരു അച്ഛനും അമ്മയും പിന്നെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെത്താത്ത വലിയ രണ്ടു കുട്ടികളും .
അവര്‍ ഞങ്ങളെ കണ്ടപ്പോള്‍ അല്പം പരിബ്രമിച്ചുപോയി എന്ന് പറയുന്നതാകും ശരി . അവര്‍ക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നറിയാന്‍ വണ്ടിനിര്‍ത്തി ഞങ്ങള്‍ അവര്‍ക്കടുത്തേയ്ക്ക് ചെന്നത് അവരില്‍ അസഹ്യതയാണ് ഉണ്ടാക്കിയതെന്ന് ഞങ്ങള്‍ക്ക് തോന്നി . എന്നാലും കാര്യമന്ന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞയക്കാന്‍ അവര്‍ തിടുക്കപ്പെടുന്നത് ഞങ്ങളില്‍ സംശയം ജനിപ്പിച്ചു .
ഞങ്ങളുടെ കൂട്ടത്തിലെ സ്വദേശി യുവാവ് അവരുടെ ഭാഷയില്‍ അച്ഛനെ മാറ്റിനിര്‍ത്തി , അമ്മയോട് കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി . ആദ്യമൊന്നും വിട്ടുതരാന്‍ തയ്യാറായില്ലെങ്കിലും അതിനിടയില്‍ വണ്ടിയില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ ഒന്ന് ഉറക്കെ അമ്മയെ വിളിച്ച് കരഞ്ഞത് അവരെ ശരിക്കും ഉലയ്ച്ചു കളഞ്ഞു . പിന്നെ ഓടിപോയി ആ കുട്ടിയെ മാറോടണച്ചുകൊണ്ട് ആ അമ്മ ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ ആ അച്ഛന്റെ ധൈര്യവും ചോര്‍ന്നുപോയിരുന്നു .
മറ്റൊരു വഴിയും മുന്നിലില്ലാതെ , പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത , പോറ്റാന്‍ ഭാരിച്ച ചിലവുവേണ്ട ആ രണ്ടുകുട്ടികളെയും മരുഭൂമിയുടെ ആഴങ്ങളില്‍ കൊണ്ടുപോയി ആരുമറിയാതെ കൊന്ന് , പിന്നെ സ്വയം ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ആ അച്ഛനെയും അമ്മയെയും തിരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടി ഞങ്ങള്‍ വണ്ടികയറുമ്പോള്‍ അടുത്തകാലത്തെ ഒരപകടത്തില്‍ തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്റെ സുഹൃത്ത് അവരെ ചേര്‍ത്ത് പിടിക്കുന്നത് ഞാനും നോക്കി നിന്നു …!!!

അന്യമാകുന്ന മലബാറിലെ കുറിക്കല്ല്യാണം


 നിയാസ് കലങ്ങോട്ട് കൊടിയത്തൂര്‍
മലബാറിലെ ഒട്ടുമിക്ക നാട്ടില്‍ പ്രദേശത്തും വര്‍ഷങ്ങള്‍ക്കു മുന്‍പ് സജീവമായി നിലനിന്നിരുന്നു കുറികല്യാണം എന്ന പരസ്പര സഹായ നിധി .പക്ഷെ ഇന്ന് വളരെ വിരളിലെണ്ണാവുന്ന പ്രദേശങ്ങളില്‍ മാത്രമേ ഇത് കണ്ടു വരുന്നുള്ളൂ .ചായ സല്‍കാരം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട് .ഈ കുറികല്യാണ ത്തിന്റെ അഭാവമാണ് നാട്ടിന്‍ പുറങ്ങളില്‍ സജീവമായി നിലനില്‍ക്കുന്ന ബ്ലേഡ് മാഫിയ . മുന്‍പ് സാമ്പത്തിക ബുദ്ധിമുട്ടുള്ളവനാണെങ്കില്‍ പോലുംതന്റെ കയ്യിലുള്ളതില്‍ നിന്നും അല്‍പമെടുത്തു മറ്റുള്ളവനെ സഹായിക്കാന്‍ കാണിച്ചിരുന്ന ആ സ്‌നേഹവും താല്‍പര്യവും കുറഞ്ഞു വരുകയും ഞാനും എന്റെ കുടുംബവും എന്ന കുടുസ്സു മനസ്സുമാണ് കുറികല്യാണം പോലുള്ള പരസ്പര സഹായ നിധികള്‍ അപ്രത്യക്ഷമാവാന്‍ കാരണം
,നാട്ടിന്‍ പ്രദേശങ്ങളില്‍ നിലനിന്നു പോന്നിരുന്ന ഒരു പരസ്പര സഹായ ഹസ്തമായിരുന്നു ഈ കുറിക്കല്ല്യാണം .ഇന്ന് എന്തിനും ഏതിനും ബാങ്കുകളെയും ബ്ലേഡ് മാഫിയകളെയും ആശ്രയിക്കുന്ന നാം മുന്‍കാലങ്ങളില്‍ നാട്ടിന്‍ പുറങ്ങളില്‍ നടന്നിരുന്ന ഈ കുറിക്കല്ല്യാണം കൊണ്ട് ഒരുപരിധിവരെ ബ്ലേഡ് മഫിയകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ സാധിച്ചിരുന്നു എന്നത് ഒരു വലിയ സത്യം തന്നെയാണ് .ഇതിലൂടെ കൈ മാറിയിരുന്നത് പണത്തിനുമപ്പുറമായി സഹജീവികളോടുള്ള പരസ്പര സ്‌നേഹവും വിശ്വാസവും മതാതീത ചിന്തകള്‍ക്കപ്പുറം ബുദ്ധിമുട്ടുള്ളവനെ സഹായിക്കണം എന്നുള്ള ആത്മ സംതൃപ്തിയുമായിരുന്നു.
എല്ലാ ആഴ്ച്ചകളിലും ഒരു കുറിക്കല്ല്യാണം എന്ന തോതില്‍ നാട്ടിന്‍ പുറങ്ങളിലെ പ്രസിദ്ധമായ ചായ മക്കാനികളില്‍ ഉണ്ടായിരുന്നത് നാം പലരും ഇന്ന് ഓര്‍ക്കുന്നുണ്ടാകും. മക്കാനികളിലെ ചുമരില്‍ തൂങ്ങിയാടികൊണ്ടിരുന്ന വലിയ അക്ഷരത്തിലുള്ള പഴയ കലണ്ടറില്‍ …ഇന്നു നാം കല്യാണ മണ്ഡപങ്ങള്‍ ബുക്ക് ചെയ്യുന്നത് പോലെ മാസങ്ങള്‍ക്കു മുന്‍പ് തന്നെ തങ്ങളുടെ കുറി കല്യാണത്തിന്റെ ഡേറ്റ് കുറിച്ചിടുമായിരുന്നു.
ഈ ദിവസങ്ങളില്‍ മറ്റാരും തന്നെ കുറിക്കല്ല്യാണം നടത്തുമായിരുന്നില്ല. ആഴ്ചയില്‍ ഒന്ന് എന്നരീതിയിലായിരുന്നു ഇത് നടന്നിരുന്നത് .ചെറിയ ഒരു പേപ്പറില്‍ കുറി കത്തും മിനുസ പെടുത്തിയ മരപ്പലകയില്‍ (പഴയ കുറികല്യാണ വാര്‍ത്താ ബോര്‍ഡ് ,എഴുതിയുമായിരുന്നു ആളുകളെ അറിയിച്ചിരുന്നത്
അത്യാവശ്യം സാമ്പത്തികമുള്ളവര്‍ മൈക്ക് സെറ്റ് കെട്ടി പഴയ ഗാനങ്ങളും ഇടയ്ക്കിടയ്ക്ക് അനൌണ്‍സ് മെന്റുകളും നടത്തി ആഘോഷ പൂര്‍വ്വം നടത്തുന്നതും കാണാമായിരുന്നു ..
‘മറക്കാതിരിക്കുക ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കുറിക്കല്ല്യാണം …ചെലക്കൊടാന്‍ ഹനീഫ മറക്കാതിരിക്കുക’ ….ഈ അനൌണ്‍സ്‌മെന്റ് ഇന്നും എന്റെ മനസ്സില്‍ മുഴങ്ങിനില്ക്കുന്നു .കല്യാണത്തിനു പങ്കെടുക്കുന്നവര്‍ക്ക് മക്കാനികളില്‍ നിന്നും ചായയും ലഗുകടികളുമാണ് നല്‍കിയിരുന്നത് . സാമ്പത്തികത്തിനനുസരിച്ചു ചിലര്‍.പൊറോട്ടയും ഇറച്ചികറിയും ചായയുo നല്‍കിയിരുന്നു.. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ക്കു ഒരു പരിധിവരെ അറുതി വരുത്താന്‍ ഈ കല്യാണങ്ങള്‍ കൊണ്ട് സാധിച്ചിരുന്നു .
വീടിന്റെ അറ്റകുറ്റ പണി നടത്താനോ മകളുടെ കല്യാണത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് നികത്താനോ ആയിരുന്നു ഇത്തരം കുറിക്കല്ല്യാണം നടത്തിയിരുന്നത് എല്ലാവര്‍ഷവും മുറ പോലെ നടത്തുന്നവരും ഉണ്ടായിരുന്നു .ഒന്നിച്ചു ലഭിക്കുന്ന ഒ വന്‍തുക തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപകരിക്കുകയും ഒന്നിച്ചു തിരിച്ചടക്കേണ്ട എന്നതുമാണ് ഇത്തരം കുറിക്കല്ല്യാണം ഗ്രമാന്തരങ്ങളില്‍ വ്യാപകമാവാന്‍ കാരണം
.പണമുള്ളവനും ഇല്ലാത്തവനും പരസ്പരം സഹായിച്ചിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത .ഇത്തരം സല്‍ പ്രവര്‍ത്തികള്‍ നാട്ടില്‍ നിലനിന്നിരുന്നതു മൂലമാണ് ബ്ലേട് മാഫിയകളുടെ വട്ട പലിശയില്‍ നിന്നും കടക്കെണി മൂലം ഉണ്ടാകുന്ന അത്യാഹിതങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ഒരു പരിധിവരെ സാധിച്ചിരുന്നത്.
ഇന്നു കഥ മാറി ഇത്തരം കൂട്ടായ്മകള്‍ അന്യമായതോടെ ബ്ലേഡ് മാഫിയ നാട്ടിന്‍ പുറങ്ങളില്‍ പിടിമുറുക്കുകയും ഭീമമായ കടക്കെണി മൂലം ജീവിതം ഹോമിക്കപെട്ട അവസ്ഥ എത്തിയപ്പോള്‍ മാത്രമാണ് നാം ഇത്തരം കല്യാണങ്ങളുടെ (പരസ്പര സഹായ നിധി ) ആവശ്യ കഥ വിളിച്ചോതുന്നത് .സമൂഹം ഇന്നു വളരെ സങ്കുചിത മനോഭാവത്തോടു കൂടിയാണ് മുന്നോട്ടു പോകുന്നത് .ഞാനും എന്റെ കുടുംബവും എന്നതിലപ്പുറം ചിന്തിക്കാന്‍ പോലും ഇന്നത്തെ സമൂഹം തയ്യാറാവുന്നില്ല എന്നത് ഖേദകരം തന്നെയാണ്
പരസ്പര സ്‌നേഹവും മനുഷ്യര്‍ തമ്മിലുള്ള സഹ വര്‍ത്വിതവും മറ്റുള്ളവന്റെ ദുഖത്തില്‍ പങ്കു ചേരാനുള്ള മനസ്സും ഉള്ള സമൂഹത്തിലാണ് ഇത്തരം കല്യാണങ്ങള്‍ നടന്നിരുന്നത്
പരസ്പരം അറിയാനും അയല്‍പക്കകാരന്റെ വിഷമതകളില്‍ കയറിച്ചെന്നു അവന്റെ ദുഖങ്ങളില്‍ പങ്കു ചേരാനും ആവശ്യമുള്ളപ്പോള്‍ സഹായിക്കാനും ഈ പുതു തലമുറക്ക് സാധിക്കാത്തിടത്തോളം കാലം നമ്മുടെ ഇടയിലുള്ള പരസ്പര സ്‌നേഹവും വിശ്വാസവും നശിക്കുകയും മത സ്പര്‍ദ്ധ വര്‍ദ്ധിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട .
ഇത്തരം കല്യാണങ്ങള്‍ (പരസ്പര സഹായ നിധികള്‍ ) നാട്ടില്‍ പുറങ്ങളില്‍ നിന്നും അന്യമായതോടെയാണ് നമ്മുടെ സാമൂഹിക അന്തരീക്ഷം കൂടുതല്‍ മലീനസമായതും ഉള്ളവനും ഇല്ലാത്തവനും എന്നുള്ള അന്തരം വര്‍ദ്ധിച്ചതോടെ ബ്ലേഡ് മാഫിയ നാട്ടില്‍ തഴച്ചു വളര്‍ന്നതും.
വിദ്യഭ്യാസത്തില്‍ പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗം ഇത്തരം നന്മ നിറഞ്ഞ കാര്യങ്ങള്‍ ചെയ്തു പരസ്പര ഐക്യവും മതത്തിനതീതമായ സ്‌നേഹവും നിലനിര്‍ത്തിയിരുന്നെങ്കില്‍ വിദ്യഭ്യാസമുള്ള ന്യൂ ജനറേഷന്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കുറിക്കല്ല്യാണം എന്ന പേരിലല്ലെങ്കിലും മറ്റൊരു രീതിയില്‍ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തി പാവപ്പെട്ട ജനവിഭാഗത്തെ ബാങ്കുകളുടെയും ബ്ലേഡ് മാഫിയകളുടെയും കയ്യില്‍ നിന്നു മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുകയും നമ്മുടെ സാമൂഹിക അന്തരീക്ഷം കൂടുതല്‍ സ്‌നേഹ നിബിഡമാക്കാന്‍ സാധിക്കുകയുള്ളൂ .

മധുരം



രാധാമണി പരമേശ്വരൻ
അടങ്ങാത്ത കടലിന്‍റെ തിരപോലെ നീ
എന്‍റെ മനസ്സിലൊരനുരാഗ വില്ലായ്‌
നിറമിഴി കോണുകള്‍ക്കുളളില്‍ നീ
നിലക്കാത്തൊരമ്പയെത് വീഴ്ത്തി
.
കരിനിഴല്‍ പടരുന്നാ വേദിയില്‍
നീയൊരു പ്രേമഭിക്ഷുവായ് മാറീ
അണപൊട്ടിയൊഴുകീയ ദു;ഖം നീ-
മെല്ലെ, ആരും കാണാതെ മായ്ച്ചു
.
പങ്കിലമാകാത്ത ശുഭനിമിഷമെണ്ണി
പുളകം ചൊരിഞ്ഞോരനുഭൂതി
പഴകിയ വീഞ്ഞു പോലെന്നും എന്‍റെ
കരളില്‍ ലഹരിയായ് പടരുo
.
അമൃതായ്‌ പകരാന്‍ കൊതിച്ചൂ
പക്ഷേ പരിസരം കലാപകലുഷമായ്
മേലങ്കികൊണ്ടു മറച്ച കപോലങ്ങള്‍

വര്‍ണ്ണചെണ്ടുകള്‍ പൂത്തൊരു ഉദ്യാനമായ്‌----------

FRAIL THOUGHT..,വെറുതെ കാത്തിരിക്കുന്നവർ



   SALOMI JOHN VALSEN

I saw him
He was gloomy as cloud
His eyes reminded me
The funeral pyre
I watched him
I watched him
With a frail thought
Which pierced me that
He was a farthest dream
Though he was an obsession
Like an incessant sweeping wave,
I never wanted him by my side..
My thoughts were fathomless
My heart exuded
by his memory.
With deep lost dreams
Which sink in the
River of salty tears
My dreams were torn
My love for him was not
an Extraneous affair.
It matters the mind.
It was not a vast plateau
It was not a barren land
It was not a mash land
But a farther away mountain
With its majestic existence
Fondle the sky and glittering stars.


വെറുതെ കാത്തിരിക്കുന്നവർ
നീ വരും
വരാതിരിക്കാനാവുമൊ,
നിനക്ക്
നമ്മുടെ ആകാശങ്ങൾ
മഴ മേഘങ്ങളായ്
നമ്മെ തലോടിയ കോടക്കാറ്റ്
മലമടക്കിലെവിടെയോ
മറഞ്ഞു
മഴക്കോളിൽ ഇരുണ്ട
മേഘങ്ങൾ
കണ്ണീരായ് പെയ്തൊഴിഞ്ഞു
പേക്കാറ്റിൽ
ചടുല ചുവടിലാടും
പ്രകൃതിയുടെ രൗദ്ര താളത്തിൽ,
നില തെറ്റുമെന്റെ മനസ്സിൽ,
വിതുമ്പുന്നു സൗരയൂഥം
സ്നേഹ തോറ്റമായ്
മിഴിനീരായ്
കടലിന്നഗാധമാം
നെഞ്ജകങ്ങളിൽ
ചുഴികളാഴ്ത്തുന്നു
കിനിയുന്നു വിരഹം
തോരാ തിരകളായ്
അണയുന്നു തീരത്തിൽ
നിതാന്തം ലിഖിതമായ്
ശബ്ദകോശത്തിലൂടൂയലാടും
സ്മൃതി തൻ മൂടൽ മഞ്ഞിൽ
നനഞ്ഞ വിരഹത്തിൻ
വിലാപങ്ങളായ്. ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...