ചട്ടിയിൽ ചെടികൾ വളർത്തുന്ന
മുറ്റമില്ലാത്ത വീട്ടിലെ കുട്ടികളോട്
ടാർകൊണ്ടു മൂടിയ മണ്ണിൽനടന്ന്
കാലുപൊള്ളിയൊരപ്പൂപ്പൻപറഞ്ഞു
കോൺക്രീറ്റുകൊണ്ടുനാം കെട്ടിയഇടങ്ങളിൽ
കിളിവീടുമായി പണ്ടുമരങ്ങൾ
ഭൂമിയെ പച്ചയാക്കിനിന്നിരുന്നു
തടാകങ്ങളെ നീലയാക്കിജലം ജീവിച്ചിരുന്നു
കോരിച്ചൊരിയുന്ന ഇടവങ്ങളിൽ
തോപ്പിക്കുടചൂടിവരമ്പുവച്ചും
പിണ്ടിപ്പാറ്റകൾ വരാതിരിക്കാൻ
വാഴകൾക്ക് വേപ്പെണ്ണ പുരട്ടിക്കൊടുത്തും
പനിപിടിച്ചിലകൾ വീഴുന്ന
കർക്കിടകത്തിലെ മഴക്കാറ്റുകൾ
ഒടിച്ചിട്ട്പോയമരങ്ങളെക്കണ്ട്
ചോറ്റുപിഞ്ഞാണം വീണപോൽനുറുങ്ങിയും
ഇടിവാൾവിണ്ണിനെക്കീറും തുലാപ്പെയ്ത്തിൽ
സ്വപ്നങ്ങൾക്ക് മടവീഴുന്നകണ്ടും
ഉലത്തീമൂർച്ചപ്പെടുത്തിയ മൺവെട്ടിയുമായ്
അന്നീമണ്ണിലൂടെപ്പൊഴും നടന്നിരുന്നു
മനസ്സിൽ മൺസൂണുകളുള്ളൊരാൾ
ഹരിതസിംഫണിയുടെ ചിത്രകാരൻ
മൺവെട്ടികൊണ്ടെടുത്ത തടത്തിൽവച്ച്
മഴതണുപ്പിച്ചമണ്ണുകൊണ്ട് മായ്ച്ച്
അവൻതേങ്ങയേതെങ്ങാക്കിമാറ്റുന്നു
പഴുക്കയെ അടയ്ക്കാമരം
കുന്നിൻപുറങ്ങളെ മാമ്പഴങ്ങൾകൊണ്ടവൻ
കോകിലങ്ങൾപാടുന്നമാൺതോപ്പുകളാക്
കുന്നു
താന്തോന്നിയായി വളർന്നുകേറി
ഞെരിക്കുന്ന പള്ളികളിൽനിന്നും
പ്ലാത്തെകളെ രക്ഷപെടുത്തിയും
കന്നുകിടാരികൾക്കു പുല്ലരിഞ്ഞും
വെയിലുചോരാത്ത തണലുനോക്കി
വിയർപ്പുവാനൽപമിരുന്നും
വേഗംവളരുകെന്നരുമയായ്പ്പറഞ്ഞ്
ഓലിയിൽ നിന്നുവെള്ളമെടുത്ത്
ദാഹിച്ചുനിന്ന മാന്തൈകൾക്കുകൊടുത്തും
വെയിലേറുകൊള്ളുംചിലതിന്
കമുകിൻതണുങ്ങ് കുടയാക്കിക്കൊടുത്തുമൊക്കെ
കൂടെയുണ്ടാകും അവന്റെ വീട്ടുകാരി
പ്രപഞ്ചത്തിലെ പച്ചനിറങ്ങളെല്ലാം
മഞ്ഞുകാലംകഴിഞ്ഞാൽമരങ്ങളിൽ
ഇലത്തളിർപ്പുകളാകുമെന്നൊക്കെ
മഴത്തണുപ്പുള്ള കിനാക്കളുംപറഞ്ഞ്
ഉണക്കിലകളുടെ ഊതനിറത്തിലൂടെ
ചിലപ്പോൾ ഉണക്കവിറക്കിന്റെ ചുമടുമായി
അന്തിമഞ്ഞിൽ കുന്നിറങ്ങുംവഴി
ഒന്നിച്ചായിരിക്കുമവർ തിരിച്ചുപോവുക
നേഞ്ഞലുതള്ളിക്കുഴച്ച ചേറ്റിൽ
നെന്മണികളെറിഞ്ഞവരുണ്ടാക്കിയ
തട്ടുതട്ടായിമഞ്ഞനിറങ്ങൾ കാറ്റത്ത്
ഓളംപണിയുന്ന നെൽച്ചെടിപ്പാടങ്ങളും
പാടത്തേക്കുവെള്ളംസഞ്ചരിക്കുന്
നചാലും
അതിലേക്കെയ്തിറങ്ങി കൊക്കിൽ
മീനുമായിപ്പറക്കുന്നമുക്കുവപ്
പക്ഷിയും
കൊറ്റികൾ പൂത്തമരങ്ങളും മാഞ്ഞുപോയി
മാന്തൈകൾവളർന്നകുന്നുകളിൽവന്ന്
മണ്ണുമാന്തികൾ കാട്ടിയ ജാലവിദ്യയിൽ
വേനലിൽവെയിൽക്കനൽ തെള്ളിയാളുന്ന
അതേനിരപ്പുകളിൽത്തന്നെ
പ്രളയത്തിനെചിത്രീകരിക്കുവാനായി
പെരുമഴകൾ സന്ദർശിക്കുന്ന കാലം
തോർച്ചയില്ലാതെചോർന്നൊലിക്കുമോ
വീട്
സങ്കടപ്പെയ്ത്തിലെന്നുപേടിച്ചു
നിൽക്കാതെ
നടീൽമുളകളെസ്നേഹിച്ചവനത്തവണ
സ്വന്തംജീവനെമായച്ചനക്കമില്ലാതെ
പൂക്കളുടെ ശാന്തമനസ്സുകൊണ്ട്
അലങ്കൃതനായ്ക്കിടന്നു ശവപ്പെട്ടിയിൽ
അതോടെ അവനുള്ളടക്കിയനരയുടെ
ശരിപ്പകർപ്പായിഅവന്റെ വീട്ടുകാരി
അടക്കിപ്പറഞ്ഞ്മുറ്റത്തുനിന്നചി
ലർ
അവനെഎടുത്തുകൊണ്ടുപോയി
മണ്ണിലെടുത്തവളിയതടത്തിൽ വച്ച്
മായ്ച്ചു കളഞ്ഞു മണ്ണുകൊണ്ട്
മാഞ്ഞുപോയമരങ്ങളിൽനിന്നും
മറവിയിലേക്കുപറന്നുപോകുന്നു
തൊടികൾതോറും പറന്നു ഭൂമിയിൽ
വസന്തം കേൾപ്പിച്ച കിളിച്ചിലപ്പുകൾ
മാഞ്ഞുപോയവന്റെ മക്കളുടെചിരിപോലെ
നാട്ടുകൊല്ലന്റെ ഉലയിലെത്തീകെട്ടുപോയി
കാലക്രമത്തിൽ തുരുമ്പുവന്ന്
മായ്ച്ചുകളഞ്ഞുമൺവെട്ടിയും
വേഗത്തിന്റെ ആവാസഘടനയിൽപ്പിന്നെ
മുറുക്കാൻമണംപോലെ മാഞ്ഞുപോയി
മഴക്കാടിന്റെ കഥ പറഞ്ഞ് മനസ്സിൽ
ഹരിതം വിടർത്തിയ അപ്പൂപ്പനും