25 Feb 2014

malayalasameeksha/ feb 15- mar 15/2014

 reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


 ഉള്ളടക്കം

ലേഖനം



വാങ്മുഖം
എം.തോമസ് മാത്യു 



വാക്കുകളിൽ മഴവില്ല്‌ വിരിയിച്ച വിനയൻ
സക്കറിയ 


സഫലമാകട്ടെ യാത്രകൾ
സ്വാമി സന്ദീപാനന്ദഗിരി


ഒട്ടും ചൊറിയാതിരിക്കാൻ എന്താ വഴി?
സി.രാധാകൃഷ്ണൻ 


ജനകീയ സംഗീതസംവിധായകനായ രാഘൻമാഷ്‌
പ്രഭാവർമ്മ


ആത്മാവിന്റെ അനശ്വരലാവണ്യം
സ്വാമി അവ്യയാനന്ദ


ആർക്ക്‌ വോട്ടുചെയ്യണം? അഥവാ ആരാണ്‌ ജനപ്രതിനിധി
അമ്പാട്ട്‌ സുകുമാരൻനായർ


മുളങ്ങ് ഗ്രാമം സമരച്ചൂടിലാണ്
ശ്രീജിത്ത് മൂത്തേടത്ത്


വിവാഹവും വിവാഹനിശ്ചയവും
സി.പി.രാജശേഖരൻ


നാലുകെട്ടിലൊരു നക്ഷത്രം കാത്തിരിക്കുന്നു
ശ്രീപാർവ്വതി


ഗ്രാന്റ് ട്രങ്ക് എക്സ്പ്രസ്സ്
സുനിൽ എം എസ്



കൃഷി
ഇളനീർ വിളവെടുപ്പിലൂടെ നേടാം അധിക വരുമാനം
ടി. കെ. ജോസ്‌  ഐ എ എസ്


കരിക്കിന്റെ ലഘു സംസ്ക്കരണ രീതി
ശ്രീകുമാർ പൊതുവാൾ


നിധി
ദീപ്തി നായർ.എസ്‌


ഇളനീർ: ശീതളപാനീയ വിപണിയിലെ പുത്തൻ താരോദയം
ഡോ. ജോസ്‌ ജോസഫ്‌


മഡൂർ: ഇന്ത്യയിലെ കരിക്കിന്റെ തലസ്ഥാനം
ആബെ ജേക്കബ്‌


കരിക്കിന്റെ വിളവെടുപ്പ്‌ പാകം
സുദർശന റാവു, റോയി സ്റ്റീഫൻ, ജയപ്രകാശ് നായിക്‌, എം.പി ഗിരിധരൻ, പി.ആർ സുരേഷ്‌, എം ഗോവിന്ദൻ


കവിത
ശിക്ഷ
സന്തോഷ് പാലാ


പാദുകം 
ഷീലാലാൽ

രാവും പകലും
ടി. കെ. ഉണ്ണി 


അവസ്ഥാന്തരം
രാധാമണി പരമേശ്വരൻ


ഉല്ട്ട പുല്ട്ട
ഡോ.കെ.ജി.ബാലകൃഷ്ണൻ 


പ്രയാണം
ഇന്ദിരാ ബാലൻ


വംശഭേതം
ധർമ്മരാജ് മടപ്പള്ളി


സത്യങ്ങള്‍
ശ്രീദേവിനായര്‍


ചില കാക്കകള്‍
ജയചന്ദ്രന്‍ പൂക്കരത്തറ


മണം
ശ്രീകൃഷ്ണദാസ് മാത്തൂര്‍ 


ആകാശപ്രവാസത്തിന് പോയവർ തിരിച്ച് വരുമ്പോൾ
ഗീത മുന്നൂർക്കോട്


സത്യങ്ങള്‍
ശ്രീദേവിനായര്‍


ശവരുചികളുടെ പാചകശാസ്ത്രം
നിദർശ് രാജ്


മുപ്പത്തിരണ്ട് പല്ലും മുളക്കാത്തവർ
രാജൂ കാഞ്ഞിരങ്ങാട്

മരണം
ജവഹർ മാളിയേക്കൽ



കഥ

The Hues 
Greeshma Mathews
ചലനം
ഗിരീഷ് വർമ്മ ബാലുശ്ശേരി

വീണാലെന്താ ദർശനസുഖം കിട്ടിയല്ലോ
അച്ചാമ്മ തോമസ്‌ പൈനാൽ



നോവൽ-18
കുലപതികൾ 


സണ്ണി തായങ്കരി 

 

 നവാദ്വൈതം/എഡിറ്ററുടെ കോളം
സൗന്ദര്യനിർമ്മാണത്തിൽ അവ്യവസ്ഥാപിതമായ ചില ചിന്തകൾ
എം.കെ.ഹരികുമാർ

കരിക്കിന്റെ ലഘു സംസ്ക്കരണ രീതി



ശ്രീകുമാർ പൊതുവാൾ
പ്രോസസ്സിംഗ്‌ എഞ്ചിനീയർ, നാളികേര വികസന ബോർഡ്‌, കൊച്ചി

പ്രകൃതിയുടെ അമൂല്യവരദാനമാണ്‌  പോഷക സമ്പൂർണ്ണമായ കരിക്കിൻ വെള്ളം. അനവധി ഔഷധഗുണങ്ങളുള്ള കരിക്കിൻവെള്ളം ആരോഗ്യദായക പാനീയമെന്ന നിലയിൽ അതിവേഗം ജനപ്രീതിയാർജ്ജിച്ചുവരുന്നു. ലോകമെമ്പാടും തന്നെ ലഘുപാനീയ വിപണിയുടെ ഗണ്യമായൊരു ഭാഗം കരിക്കിൻവെള്ളം കയ്യടക്കി കഴിഞ്ഞു.

നാളികേരം ഉണ്ടായി ആറു മാസം കഴിയുമ്പോഴാണ്‌ അത്‌ കരിക്കു പാകമാകുന്നത്‌. ആ സമയത്ത്‌ കരിക്കിനുള്ളിൽ നിറയെ മധുരമൂരുന്ന തെളിനീർ  കാണുന്നു. ഇതിനെ ഫ്ലൂയിഡ്‌ ഓഫ്‌ ലൈഫ്‌ എന്നാണ്‌ ഇംഗ്ലീഷിൽ പറയുക. അത്രയ്ക്കും പോഷകാംശമുള്ള പാനീയമാണിത്‌. 

കരിക്കിൻ വെള്ളത്തിൽ അവശ്യ ഇലക്ട്രൊലൈറ്റുകളും  പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാൽ സ്പോർട്ട്സ്‌ ഡ്രിങ്ക്‌ എന്ന നിലയിലും പ്രിയമേറി വരികയാണ്‌. കാത്സ്യം, സോഡിയം, മഗ്നീഷ്യം, മാംഗനീസ്‌ തുടങ്ങിയ നിരവധി ധാതുക്കളും കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. നിർജ്ജലീകരണത്തിനുള്ള ചികിത്സയിൽ കരിക്കിൻ വെള്ളം അതീവ ഫലപ്രദമാണ്‌. 

കരിക്കിൻവെള്ളം ണല്ലോരു ആരോഗ്യദായക പാനീയമായതിനാൽ അതിന്റെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടാതെ തന്നെ ലഘുവായ തോതിൽ സംസ്ക്കരിച്ച്‌ വിപണിയിലെത്തിച്ചാൽ രാജ്യത്തിനകത്തും പുറത്തും ണല്ലോരു വിപണി കണ്ടെത്താവുന്നതാണ്‌. ലഘുവായി സംസ്ക്കരിച്ച കരിക്കിന്റെ ഉത്പാദനത്തിലേർപ്പെടുക വഴി കർഷകന്റെ വരുമാനത്തിലും ഗണ്യമായ വർദ്ധനയുണ്ടാക്കാൻ കഴിയും.

ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഭാഗികമായി തൊണ്ട്‌ നീക്കം ചെയ്ത കരിക്കാണ്‌. കരിക്കിന്റെ തൊണ്ട്‌ ആകർഷകമായ രൂപം ലഭിക്കത്തക്കവിധം നീക്കം ചെയ്യുന്നു. അതിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടാതെയിരിക്കാൻ പ്രത്യേക സംരക്ഷക ലായിനിയിൽ മുക്കിയെടുക്കുന്നു. പിന്നീട്‌, ഫുഡ്‌ ഗ്രേഡ്‌ ആവരണം കൊണ്ട്‌ പൊതിഞ്ഞ്‌ ലേബൽ നൽകി വിപണനം ചെയ്യുന്നു.

ഇടത്തരം വലിപ്പമുള്ള കരിക്ക്‌ തെങ്ങിൽ നിന്ന്‌ ക്ഷതമൊന്നുമേൽക്കാത്ത രീതിയിൽ വിളവെടുക്കുന്നു. കരിക്ക്‌ കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌. കരിക്കിൽ പൊട്ടലോ ചതവോ മറ്റോ സംഭവിച്ചാൽ തൊണ്ട്‌ നീക്കം ചെയ്യുമ്പോൾ തവിട്ട്‌ നിറമുള്ള മുറിപ്പാടുകൾ അതിന്മേൽ ഉണ്ടാകുന്നതാണ്‌. അത്തരം കരിക്കുകൾ ലഘുസംസ്ക്കരത്തിന്‌ അനുയോജ്യമല്ല.

7-8 മാസം പ്രായമുള്ള കരിക്കുകളാണ്‌ തെരഞ്ഞെടുക്കേണ്ടത്‌. നല്ല വായുസഞ്ചാരമുള്ള സ്ഥലത്തായിരിക്കണം ഇവ സൂക്ഷിക്കേണ്ടത്‌. തെരഞ്ഞെടുത്ത കരിക്കുകൾ ആവശ്യമുള്ള ആകൃതിയിൽ ചെത്തിയൊരുക്കുന്നു.
പിന്നീട്‌, പ്രത്യേകം തയ്യാറാക്കിയ ലായിനിയിൽ ചുരുങ്ങിയത്‌ 10 മിനിട്ടെങ്കിലും കരിക്ക്‌ മുക്കിവെയ്ക്കുന്നു. 15 മിനുട്ടിൽ കൂടുതൽ ലായനിയിൽ മുക്കിവെയ്ക്കരുത്‌. ലായനിയിൽ നിന്നും പുറത്തെടുത്ത കരിക്ക്‌ വായുവിൽ തുറന്നുവെച്ച്‌ ഈർപ്പമകറ്റിയെടുക്കണം. ചെറിയ ദ്വാരങ്ങളുള്ള സ്റ്റീൽ ട്രേ ഇതിനായി ഉപയോഗിക്കാം. പിന്നീട്‌, കരിക്ക്‌ നേരിയ ആവരണം കൊണ്ട്‌ പൊതിയുന്നു. നിറത്തിൽ മാറ്റം വല്ലതും വന്നിട്ടുണ്ടോ എന്ന്‌ പരിശോധിച്ചാണ്‌ ഗുണനിലവാരം നിശ്ചയിക്കുന്നത്‌. പൊതിഞ്ഞ നാളികേരം കാർട്ടണുകളിൽ പായ്ക്ക്‌ ചെയ്ത്‌ ക്ഷതമേൽക്കാത്തവിധം സൂക്ഷിക്കുന്നു. 10 ഡിഗ്രി സെന്റിഗ്രേഡ്‌ മുതൽ 12 ഡിഗ്രി സെന്റിഗ്രേഡ്‌ വരെ ശീതികരിച്ച അന്തരീക്ഷത്തിൽവേണം കരിക്ക്‌ സൂക്ഷിക്കേണ്ടത്‌.  കരിക്ക്‌ വിപണന കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകുമ്പോഴും അതേ താപനിലയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വളരെ വൃത്തിയായും ശുചിയായും    കരിക്ക്‌ കൈകാര്യം ചെയ്യണം.ഇങ്ങനെ  സംസ്ക്കരിച്ച കരിക്ക്‌ അന്തരീക്ഷ താപനിലയിൽ 6 മുതൽ 8 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം, ശീതികരിച്ച അവസ്ഥയിൽ 30 മുതൽ 45 ദിവസം വരേയും.

ലഘുവായി സംസ്ക്കരിച്ച കരിക്കിന്‌ നല്ല വിപണിയുണ്ട്‌. സൂപ്പർ മാളുകൾ, കേറ്ററിംഗ്‌ ഏജൻസികൾ, മുന്തിയ ഹോട്ടലുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, ആശുപത്രികൾ തുടങ്ങിയവിടങ്ങളിലേക്കെല്ലാം ഇതിന്‌ വിപണന സാദ്ധ്യതയുണ്ട്‌. കേരളത്തിൽ പക്ഷേ, വളരെക്കുറച്ച്‌ യൂണിറ്റുകൾ മാത്രമേ കരിക്കിന്റെ ലഘുസംസ്കരണം നടത്തുന്നുള്ളു.

നാളികേര വികസന ബോർഡ്‌ ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ ഉത്പാദനത്തിനുള്ള സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും നൽകുന്നുണ്ട്‌. ആലുവയിൽ വാഴക്കുളത്തുള്ള ബോർഡിന്റെ സാങ്കേതികവിദ്യ വികസന കേന്ദ്രത്തിൽ ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ ഉത്പാദിപ്പിക്കുന്നതിന്‌ പരിശീലനം നൽകി വരുന്നു.

ഇളനീർ വിളവെടുപ്പിലൂടെ നേടാം അധിക വരുമാനം


ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്


നാളികേര കർഷകരെ സംബന്ധിച്ചിടത്തോളം മികച്ച വിലയുടെ തുടക്കവുമായിട്ടാണ്‌ ഈ നവവത്സരം ആരംഭിക്കുന്നത്‌. കാലാകാലങ്ങളായി വിലയിടിവിന്റെ ആഘാതം അനുഭവിച്ചിരുന്ന കേരകർഷകർ  2013 സെപ്തംബർ മുതൽ  നാളികേരത്തിനും കൊപ്രയ്ക്കും വില മെച്ചപ്പെടുന്നതു കണ്ടുകൊണ്ടാണ്‌ 2014ലേക്ക്‌  പ്രവേശിച്ചിരിക്കുന്നത്‌.  വിലയിടിക്കുന്നതിനു ബോധപൂർവ്വമായ ശ്രമം വിവിധകേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടും ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത്‌ നാളികേരത്തിന്റെയും കൊപ്രയുടേയും  വില സാമാന്യം ഭേദപ്പെട്ട നിലയിൽ നിൽക്കുന്നു. ഏതാനും മാസങ്ങൾ കൂടി ഈ വില തുടരും എന്നതിൽ സംശയമില്ല.  തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രാപ്രദേശിലും ഉണ്ടായ വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും   നാളികേരോത്പാദനത്തിലുണ്ടാക്കിയ വലിയ ഇടിവ്‌ നാളികേര മേഖലയിൽ വില ഉയരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്‌. ചെറിയതോതിലെങ്കിലും മൂല്യവർദ്ധിതയുൽപന്നങ്ങളിലേക്കുള്ള പ്രയാണവും നാം ആരംഭിച്ചുകഴിഞ്ഞു. കരിക്കിന്‌ ഉപയോഗിക്കാവുന്ന തെങ്ങിനങ്ങളുടെ കൃഷി തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കൂടിവരുന്നു. അഞ്ചാറ്‌ മാസം മുമ്പേ തന്നെ കർഷകർക്ക്‌ മെച്ചപ്പെട്ട വില ലഭിക്കുന്നതിനുള്ള ഒരുപാധിയാണ്‌ കരിക്കിന്റെ വിളവെടുപ്പ്‌. കേരകർഷകർ ആരംഭിച്ചിരിക്കുന്ന ഇളനീർ വിളവെടുപ്പു പ്രവണത നല്ല സൊ‍ാചനകൾ നൽകുകയാണ്‌. ഇളനീരിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‌ നാളികേര വികസന ബോർഡ്‌  ഒരു ദശാബ്ദത്തിലേറെയായി നടത്തി വരുന്ന പ്രചരണങ്ങൾ ചെറിയ തോതിലെങ്കിലും ഫലസിദ്ധിയിലേക്കെത്തിയെന്ന്‌ തന്നെയാണ്‌ ഇത്‌ കാണിക്കുന്നത്‌. 

ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഭേദപ്പെട്ട വില എങ്ങനെ തുടർന്നും നിലനിർത്താം എന്നുള്ളതാകട്ടെ നമ്മുടെ മുഖ്യചിന്താവിഷയം. വല്ലപ്പോഴും മാത്രം ഭേദപ്പെട്ട വിലയും, ബാക്കി എല്ലാകാലത്തും വളരെ താഴ്‌ന്ന വിലയും ലഭിക്കുന്ന ഒരു ചാക്രിക രീതിയിലൂടെ നാളികേര വിപണി കടന്നുപോകുമ്പോഴാണ്‌ കർഷകർ, തെങ്ങുകൃഷിയിൽ മടുപ്പ്‌ പ്രകടിപ്പിക്കുന്നതും തെങ്ങ്‌ കൃഷിയേയും തേങ്ങ എന്ന ഉൽപന്നത്തേയും അവഗണിക്കുന്നതും. മികച്ച വില തേങ്ങയ്ക്കും മികച്ച വരുമാനം കർഷകർക്കും ഉറപ്പ്‌ വരുത്തുന്ന സാഹചര്യം ഉണ്ടായാൽ കേരകർഷകർ തെങ്ങിനെ പരിപാലിക്കുന്ന കാര്യത്തിൽ മടി കാണിക്കില്ല. തെങ്ങിനെ സംരക്ഷിക്കണമെങ്കിൽ അടിസ്ഥാനപരമായി ചെയ്യേണ്ടത്‌ തേങ്ങയ്ക്ക്‌ മാന്യവും സ്ഥിരവുമായ വില ഉറപ്പ്‌ വരുത്തുകയെന്നതാണ്‌. അതിനു വേണ്ടിയാണ്‌ നാളികേര വികസന ബോർഡ്‌ ഇടപടലുകൾ നടത്തിക്കൊണ്ടിരിക്കുന്നത.​‍്‌ 

തൃത്താല കേരകർഷക ഉത്പാദക സംവിധാനങ്ങളിലൂടെ, കർഷകകൂട്ടായ്മകൾ രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനുമുള്ള  പ്രവർത്തനങ്ങൾ ബോർഡ്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരം പ്രവർത്തനങ്ങൾക്കിടയിലാണ്‌ ഓരോ ഉത്പാദക ഫെഡറേഷനുകളും, കമ്പനികളും ഏറ്റെടുക്കേണ്ട പ്രധാന ദൗത്യങ്ങളിലൊന്നായി കരിക്കിന്‌ ഉപയോഗിക്കാൻ പറ്റുന്ന തെങ്ങ്‌ ഇനങ്ങളുടെ കൃഷി വ്യാപനത്തിനുള്ള തീവ്രശ്രമം നാളികേര വികസന ബോർഡ്‌ മുന്നോട്ടുവെയ്ക്കുന്നത്‌. കഴിഞ്ഞവർഷം സംസ്ഥാനമൊട്ടാകെ നടത്തിയ നാളികേരോത്പാദന സർവ്വേയിൽ കേരളത്തിലെ തെങ്ങുകളിൽ 2.27 ശതമാനം മാത്രമാണ്‌ കരിക്കിന്‌ ഉപയോഗിക്കാവുന്ന കുറിയ ഇനം  എന്നു കണ്ടെത്തിയിരിക്കുന്നു. കരിക്കിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെങ്കിൽ കരിക്കിന്‌ പറ്റിയ ഇനം തെങ്ങുകളുടെ കൃഷി വ്യാപകമാക്കേണ്ടതുണ്ട്‌. തമിഴ്‌നാട്ടിലെ ജില്ലകളിൽ 25 ശതമാനം തെങ്ങുകളും കരിക്കിന്‌ പറ്റിയ ഇനങ്ങളോ സങ്കരവർഗ്ഗയിനങ്ങളോ ആണ്‌. അതുകൊണ്ടുതന്നെ കാലാകാലങ്ങളിൽ കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കുമുണ്ടാകുന്ന വിലയിടിവുകൾ അവിടുത്തെ കേര കർഷകരെ ബാധിക്കുന്നില്ല. കേരളത്തിൽ കേവലം 2.27 ശതമാനം തെങ്ങുകൾ മാത്രമേ കരിക്കിന്‌ ഉപയോഗിക്കാവുന്ന ഇനങ്ങളുള്ളൂ എന്നതിനാൽ ഇവിടുത്തെ കർഷകർ കൊപ്രയുടേയും വെളിച്ചെണ്ണയുടേയും വിലയുമായുള്ള ഒരു ഞാണിന്മേൽകളിയിലൂടെയാണ്‌  സാമ്പത്തിക ഭദ്രത നിലനിർത്തുന്നത്‌. ഉറപ്പുള്ള ഒരടിസ്ഥാനം നാളികേര വിലയ്ക്ക്‌ ഉണ്ടാകണമെങ്കിൽ, കേരകർഷകരുടെ സാമ്പത്തികസുരക്ഷ ഉറപ്പുവരുത്തണമെങ്കിൽ, ഇന്നുള്ള 2.27 ശതമാനത്തിൽ നിന്ന്‌ ചുരുങ്ങിയത്‌ 25 ശതമാനമെങ്കിലും കരിക്കിന്‌ പറ്റിയ കുറിയഇനം തെങ്ങുകളോ സങ്കരയിനം തെങ്ങുകളോ ഉണ്ടാവേണ്ടതുണ്ട്‌. ഇതിനർത്ഥം നിലവിലുള്ള തെങ്ങുകൾ വെട്ടിമാറ്റി പുതിയവ കൃഷി ചെയ്യണമെന്നല്ല. കിട്ടുന്ന ഓരോ അവസരത്തിലും, അത്‌ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയിലൂടെയാവാം, കൃഷി വകുപ്പും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നാളികേര കൃഷി മേഖലയിൽ നടത്തുന്ന ഇടപെടലുകളിലൂടെയാവാം,  നമുക്ക്‌ കരിക്കിന്‌ പറ്റിയ ഇനങ്ങൾ ധാരാളമായി നട്ടുവളർത്താം. മൂന്നാംവർഷം തന്നെ വിളവെടുപ്പ്‌ ആരംഭിക്കാൻ കഴിയുന്ന, കൂടുതൽ ഉത്പാദനവും ഉത്പാദനക്ഷമതയുമുള്ള, നാളികേര വിളവെടുപ്പ്‌ കരിക്കിലൂടെയാണ്‌. 

കേവലമൊരു വേനൽക്കാല പാനീയം എന്നനിലയിൽ മാത്രം കരിക്കിനെ കാണേണ്ടതില്ല. പോഷക സമൃദ്ധമായ ആരോഗ്യപാനീയമായാണ്‌ ലോകം കരിക്കിനെ കാണുന്നത്‌. അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും വിപണിയിൽ ബ്രസീലിയൻ കരിക്കിൻവെള്ളം താരമായിട്ട്‌ ഒരു ദശാബ്ദത്തിലേറെയായി. ബ്രസീലിൽ നിന്ന്‌ ലഭിക്കാവുന്നത്ര കരിക്കുകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തിക്കഴിഞ്ഞപ്പോഴാണ്‌  ഫിലിപ്പീൻസിന്റേയും ഇന്തോനേഷ്യയുടേയും തായ്‌ലന്റിന്റേയും ശ്രീലങ്കയുടേയും ഇളനീരിലേക്ക്‌ വിദേശ കമ്പനികൾ തിരിഞ്ഞത്‌. മേൽ സൂചിപ്പിച്ച രാജ്യങ്ങളിലേയും കരിക്കിന്റെ ഉത്പാദനം പൂർണ്ണമായും അന്താരാഷ്ട്ര വിപണിയിലേക്ക്‌ തിരിച്ചുവിട്ടിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാളികേരോത്പാദക രാജ്യമായ ഇന്ത്യയെയാണ്‌ വിദേശവിപണി കരിക്കിൻവെള്ളത്തിനായി ഇപ്പോൾ ഉറ്റുനോക്കുന്നത്‌. ലോകത്തിൽ ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യമാണെങ്കിലും സംഘടിതമായ കരിക്ക്‌ വിളവെടുപ്പും സംസ്ക്കരണവും വിപണനവും ഇനിയും ഇന്ത്യയിൽ ശൈശവാവസ്ഥയിലാണ്‌. ഭാരതത്തിലങ്ങോളമിങ്ങോളം വേനൽക്കാലമായാൽ കരിക്ക്‌ സുലഭമാണ്‌. പക്ഷെ,  പതിനായിരത്തിലൊന്ന്‌ ആളുകളിലേക്ക്‌ പോലും നിലവിലുള്ള വിപണനസംവിധാനത്തിലൂടെ കരിക്ക്‌ എത്തുന്നില്ലെന്നതാണ്‌ ദുഃഖകരമായ യാഥാർത്ഥ്യം.  തൊണ്ടോടുകൂടിയുള്ള കരിക്ക്‌ വലിയ സംഭരണ സംവിധാനങ്ങളില്ലാതെ സൂക്ഷിച്ച്‌ വെയ്ക്കാനാവില്ല. ഈ സാഹചര്യത്തിലാണ്‌ സംസ്ക്കരിച്ച്‌ പായ്ക്കറ്റിലാക്കിയ കരിക്കിൻവെള്ളത്തിന്റെ സാദ്ധ്യത തെളിഞ്ഞുവരുന്നത്‌.  ഇന്ന്‌ കേവലം 20ൽ താഴെ മാത്രം കരിക്ക്‌ സംസ്ക്കരണ യൂണിറ്റുകളേ ഇന്ത്യയിലുള്ളൂ. ഇന്ത്യയുടെ പത്തിലൊന്നുപോലും തെങ്ങുകൃഷിയില്ലാത്ത തായ്‌ലന്റിലാകട്ടെ ഇത്‌ നൂറിലേറെയാണ്‌.ഫിലിപ്പീൻസിന്റേയും ഇന്തോനേഷ്യയുടേയും കരിക്ക്‌ സംസ്ക്കരണ നിലവാരം വളരെ മെച്ചപ്പെട്ടതാണ്‌. ഈ രാജ്യങ്ങളിലൊന്നും ഇന്ന്‌ സംസ്ക്കരണത്തിനാവശ്യമായ കരിക്ക്‌ ലഭ്യമല്ല എന്നതാണ്‌ മറ്റ്‌ ആഗോളശക്തികളെ ഇന്ത്യയിലേക്ക്‌ തിരിയാൻ പ്രേരിപ്പിക്കുന്നത്‌. കേരകർഷകർ ഇത്തരത്തിലുള്ള ദേശീയ അന്തർദേശീയ വിപണിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാൽ വിലയിടിയാത്തൊരു സുവർണ്ണകാലം നാളികേരത്തിന്‌ ഉറപ്പ്‌ വരുത്താനാകും. 

ഇത്‌ 42 ലക്ഷത്തിലേറെ വരുന്ന ദുർബലരായ, അസംഘിടതരായ, അശരണരായ കേരകർഷകർക്ക്‌ തനിയെ ചെയ്യാൻ കഴിയില്ല. അവിടെയാണ്‌ തൃത്താല കേരകർഷക കൂട്ടായ്മയുടെ പ്രസക്തിയും പ്രാധാന്യവുമേറുന്നത്‌. രണ്ടുവർഷം  മുമ്പ്‌ തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രാപ്രദേശിലുമെല്ലാം ചുരുങ്ങിയത്‌ 1000വീതം കരിക്ക്‌ ഔട്ട്ലെറ്റുകൾ തുടങ്ങണമെന്ന്‌ ആഗ്രഹിച്ചിരുന്നുവേങ്കിലും വിപണന വിഭാഗം ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാട്ടിയോ എന്ന സംശയമുണ്ട്‌. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന നൂറിൽ താഴെ മാത്രം ഇളനീർ യൂണിറ്റുകൾ തുടങ്ങുന്നതിനേ നമുക്കു കേരളത്തിൽ കഴിഞ്ഞിട്ടുള്ളു. പക്ഷേ കരിക്കു വിൽപ്പന കേരളത്തിൽ വർദ്ധിച്ചതോതിൽ നടക്കുന്നുമുണ്ട്‌. അന്യസംസ്ഥാനങ്ങളിൽ നിന്ന്‌ ലഭ്യമാക്കുന്ന കരിക്കാണ്‌ കേരവൃക്ഷം കൊണ്ട്‌ ഖ്യാതി നേടിയ മലയാളക്കരയിലെ ഇളനീർ പ്രേമികളുടെ  ദാഹം ശമിപ്പിക്കുന്നത്‌.  പച്ചക്കറിയും പഴവർഗ്ഗങ്ങളും  പോലെ കരിക്കിന്റെ കാര്യത്തിലും അന്യ സംസ്ഥാനങ്ങളെ തന്നെ ആശ്രയിച്ചാലേ നിലനിൽക്കാൻ കഴിയൂ എന്ന ദു:ഖകരവും, ഖേദകരവും, ലജ്ജാകരവുമായ ഈ അവസ്ഥ വിട്ട്‌ നമുക്ക്‌ എന്നാണ്‌ മുമ്പോട്ടു പോവാൻ കഴിയുക. പ്രിയപ്പെട്ട കേരകർഷകരേ,  നമ്മുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണിത്‌. ഈ വെല്ലുവിളി കൂട്ടായി ഏറ്റെടുക്കാൻ കഴിഞ്ഞാൽ കർഷക കൂട്ടായ്മകൾ ഒത്തു പിടിച്ചാൽ അടുത്ത 36 മാസത്തിനുള്ളിൽ കേരളത്തിലുടനീളം നാടൻ കരിക്കിന്റെ ഒരു മഹാസാഗരം തന്നെ നമുക്ക്‌ സൃഷ്ടിക്കാൻ കഴിയും. ഇതിലേയ്ക്ക്‌ വലിയ മഹാത്യാഗമൊന്നും ചെയ്യേണ്ടതില്ല. കേരളത്തിൽ ഇതുവരെ രൂപീകൃതമായിരിക്കുന്ന 160 ഫെഡറേഷനുകളും അടുത്ത 5  വർഷക്കാലം  പതിനായിരം വീതം കരിക്കിനു പറ്റിയ തെങ്ങ്‌ ഇനങ്ങളുടെ തൈകൾ ഉത്പാദിപ്പിച്ച്‌  അംഗങ്ങളായ കർഷകരുടെ ഭൂമിയിൽ  കൃഷിചെയ്യുക.  ഇതിനുവേണ്ട തൈകൾ ഉത്പാദിപ്പിക്കണമെങ്കിൽ കർഷക പങ്കാളിത്തം കൂടിയേ തീരൂ. ഇത്‌ അസാധ്യമായ കാര്യമല്ലല്ലോ. കരിക്കിനു വേണ്ടിയുള്ള ഇനങ്ങളുടെ  കൃഷിയും ശ്രദ്ധാപൂർവ്വമുള്ള പരിചരണവും ഉറപ്പു വരുത്താൻ കഴിഞ്ഞാൽ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടതില്ല നാളികേരത്തിന്റെ വില എന്നു സാരം. കരിക്ക്‌ ഉത്പാദിപ്പിക്കുക എന്നുപറയുമ്പോൾ കേവലം കരിക്കിൻ വെള്ളത്തെ മാത്രം മനസ്സിൽ കണ്ടല്ല ആലോചിക്കുന്നത്‌. കരിക്കിൽ നിന്ന്‌ ഉത്പാദിപ്പിക്കാവുന്ന നിരവധി ഉൽപന്നങ്ങളുണ്ട്‌. കരിക്കിൻ വെള്ളം, കരിക്ക്‌ ഐസ്ക്രീം, കരിക്ക്‌ ക്രീം, കോക്കനട്ട്‌ പുഡ്ഡിംഗ്‌, കോക്കനട്ട്‌ ചിപ്സ്‌, ഇളനീർ ചിപ്സ്‌ ഇങ്ങനെ നിരവധി ഉത്പന്നങ്ങൾ. ഈ ഉത്പന്നങ്ങൾ വ്യാപകമായി നമ്മുടെ കർഷക കൂട്ടായ്മകൾക്ക്‌ നിർമ്മിക്കുന്നതിനും ഉത്പാദക കമ്പനികൾക്ക്‌ ബ്രാൻഡ്‌ ചെയ്ത്‌ ഇത്‌ വിൽക്കുന്നതിനും കഴിയില്ലേ.  2012 നവംബർ - ഡിസംബർ മാസങ്ങളിൽ നാളികേര വികസന ബോർഡിൽ നിന്ന്‌ നൂതനമായ ഒരു മാർക്കറ്റിംഗ്‌ സ്ട്രാറ്റജി മുന്നോട്ടു വച്ചിരുന്നു. ജവഹർലാൽ നെഹ്രു ദേശീയ നഗര പുനരുദ്ധാരണ മിഷൻ പദ്ധതികൾ നടക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട 63 നഗരങ്ങളിലും നാളികേരോൽപന്നങ്ങൾ യഥേഷ്ടം എത്തിക്കുന്നതിനു വേണ്ടിയുള്ള കൂട്ടായ്മയെ കുറിച്ച്‌ നമ്മുടെ ഇന്നോവേറ്റീവ്‌ മാർക്കറ്റിംഗ്‌ സ്ട്രാറ്റജി ടീമിനോട്‌ ചിന്തിക്കുന്നതിനും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ആവശ്യപ്പെട്ടിരുന്നു. വഞ്ചി ഇന്നും തിരുനക്കരെ തന്നെയാണ്‌ എന്നുള്ള സത്യം തുറന്നു സമ്മതിച്ചുകൊണ്ടു പറയട്ടെ. നമ്മുടെ ഉത്പാദക കമ്പനികൾക്കും ഫെഡറേഷനുകൾക്കും ഉത്പാദക സംഘങ്ങൾക്കും ഈ രംഗത്ത്‌ മുന്നേറാൻ തീർച്ചയായും കഴിയും. നിങ്ങൾക്കു മാത്രമേ അതിനു കഴിയൂ. ഈ അവസരം അതിനായി പ്രയോജനപ്പെടുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 

അന്താരാഷ്ട്ര വിപണിയിൽ  പായ്ക്കറ്റിലാക്കിയ കരിക്കിൻ വെള്ളത്തിന്റെ വിപണി കഴിഞ്ഞ പത്തുവർഷത്തിലേറെയായി 100% വാർഷിക വളർച്ച രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്‌. ഇന്ത്യയിൽ പോലും കരിക്കിന്റെ ഉപയോഗം ശരാശരി 10-15% വെച്ച്‌ കഴിഞ്ഞ അഞ്ചു വർഷം വളർന്നിട്ടുണ്ട്‌.  വളർച്ച കണ്ട്‌ മതിമറന്നതുകൊണ്ടു കാര്യമില്ല. ആ  വളർച്ചയിൽ നമുക്കും പങ്കാളികളാകാൻ കഴിയുമോ എന്നതാണ്‌ ചോദ്യം.  തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി കേരളമൊട്ടാകെ വ്യാപിപ്പിക്കുന്ന ഈ അവസരം നമുക്ക്‌ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്‌.  തെങ്ങുകൾ പുനർ നടീൽ നടത്തുമ്പോൾ  50% എങ്കിലും കരിക്കിനുപറ്റിയ ഇനങ്ങൾ തന്നെ നടുന്നതിന്‌ നാം നിർബന്ധബുദ്ധി കാണിക്കുക. അതിനു വേണ്ട തൈകൾ തദ്ദേശീയമായി കർഷക കൂട്ടായ്മകളിലൂടെ ഉത്പാദിപ്പിക്കുക. അടുത്ത മൂന്നു തൊട്ട്‌ അഞ്ചു വരെ വർഷം തെങ്ങിനെ മക്കളെപ്പോലെ പരിപാലിക്കുക. കേരകർഷർക്കും പ്രതിമാസ വരുമാനം ലഭിക്കുന്ന ഒരു സാഹചര്യത്തിലേക്കാണ്‌ അത്‌ നയിക്കുക.

തെങ്ങിനെ കുറിച്ച്‌ പറയുമ്പോൾ പ്രാരാബ്ധങ്ങൾ വിവരിച്ച്‌ വിലപിക്കുകയാണ്‌ നമ്മുടെ ആദ്യ  പ്രതികരണം.  പക്ഷെ  പരാതി പറയുന്നതിന്‌ അപ്പുറത്ത്‌ കർഷക കൂട്ടായ്മയിലൂടെ ഒത്തൊരുമയോടെ പ്രവർത്തിച്ച്‌ വിപണിയേയും വിലയേയും നമുക്ക്‌ നിയന്ത്രിക്കുവാൻ കഴിയുമോ എന്നുള്ളതാണ്‌  പ്രസക്തമായ ചോദ്യം. ഈ ചോദ്യത്തിന്‌ നാം ഏതുരീതിയിൽ ഉത്തരം നൽകുന്നു എന്നുള്ളതായിരിക്കും വരും കാലങ്ങളിലെ കേരകൃഷിയുടെയും കേരളത്തിന്റെയും സമ്പട്‌ വ്യവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്‌.  ദയവായി ഒന്നോർമ്മിക്കുക കേരളത്തിലെ കേരകർഷകർക്ക്‌ ഭാവി ഉറപ്പ്‌ വരുത്താൻ പോകുന്നത്‌ നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ കർഷക കൂട്ടായ്മയിലൂടെ സംസ്ക്കരിച്ച്‌ സ്വദേശത്തേയും വിദേശത്തേയും വിപണിയുടെ ഒരു പങ്ക്‌ പിടിച്ചെടുക്കുമ്പോഴാണ്‌. ആ  കടന്നുകയറ്റം എളുപ്പം സാധിക്കാവുന്നത്‌   ഇളനീരിനുതന്നെയാണ്‌. സംസ്ക്കരിച്ച ഇളനീർ, അതിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ മുതലായവ നിർമ്മിക്കുന്നതിന്‌ നമുക്ക്‌ കഴിയണം.   കരിക്കിന്റെ സ്ഥിര ലഭ്യത ഉറപ്പ്‌ വരുത്തണം.  ഇതിന്‌ കരിക്കിന്‌ പറ്റിയ ഇനം തെങ്ങുകളുടെ എണ്ണം   വർദ്ധിപ്പിക്കണം.  നിലവിലുള്ള തെങ്ങുകൾക്കിടയിൽ അടിവിളയായി പുതിയ തെങ്ങിൻതൈകൾ നടാം.  ഈ തൈകളിൽ 50 ശതമാനമെങ്കിലും കരിക്കിന്‌ പറ്റിയ ഇനങ്ങളാക്കാം.  പരസ്പരം പഴിചാരിയും സ്വന്തം ദുർവിധിയുടെ കയ്പുനീർ കുടിച്ചുമിരിക്കുന്ന അവസ്ഥവിട്ട്‌ സടകുടഞ്ഞെഴുന്നേറ്റ്‌ നമ്മുടെ ഭാവിയെ നമ്മുടെ കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്ന ഏറ്റവും വലിയൊരു സാധ്യതയായി കരിക്കിനെ കാണുക. 

തെങ്ങിൻ തോട്ടങ്ങൾക്കുപകരം കരിക്കിൻ തോട്ടങ്ങൾ പല സംസ്ഥാനങ്ങളിലും ഉയർന്ന്‌ കഴിഞ്ഞു. വെളിച്ചെണ്ണയെക്കുറിച്ച്‌ അപവാദപ്രചരണങ്ങൾ നടത്തിയ രാജ്യങ്ങളിൽപ്പോലും കരിക്കിന്‌ ബദലില്ല.  നൈസർഗികവും പോഷക സമൃദ്ധവുമായ ആരോഗ്യപാനീയമെന്ന നിലയിൽ കരിക്കിന്റെ സ്ഥാനം ബഹുദൂരം മുന്നിലാണ്‌. അതിനിയും അങ്ങനെ തന്നെയായിരിക്കും. കരിക്കിന്റെ വിലയുടേയും ഉത്പാദനത്തിന്റേയും ഗ്രാഫ്‌ അടുത്ത 25 വർഷക്കാലത്തേക്ക്‌ ഉയർന്നു തന്നെ നിൽക്കുമെന്ന്‌ നിസ്സംശയം പറയാം.  ആ വളർച്ചയുടെ പങ്ക്‌ പറ്റുവാൻ നമുക്ക്‌ കഴിയുമോ ഇല്ലെയോ? ആ വളർച്ചയുടെ ഭാഗമാകണോ, അതോ തകർച്ചയുടേയും തളർച്ചയുടേയും ഭാഗമാകണോ? ഇത്‌ നിശ്ചയിക്കുവാനുളള ഒരവസരം നമ്മുടെ മുമ്പിലുണ്ട്‌. അത്‌ വിവേകപൂർവ്വം കർഷകർ തങ്ങളുടെ കൂട്ടായ്മകളിലൂടെ പ്രയോജനപ്പെടുത്തും എന്ന ശുഭാപ്തി വിശ്വാസമുണ്ട്‌. അതിനായി നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം. അതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്‌ നിങ്ങളോടൊപ്പം നാളികേര ബോർഡുമുണ്ടാവും.


കരിക്കിന്റെ വിളവെടുപ്പ്‌ പാകം

സുദർശന റാവു, റോയി സ്റ്റീഫൻ, ജയപ്രകാശ് നായിക്‌, എം.പി ഗിരിധരൻ, പി.ആർ സുരേഷ്‌, എം ഗോവിന്ദൻ
കാർഷിക കോളജ്, പടന്നക്കാട്‌ -671314

കരിക്ക്‌ അഥവാ ഇളനീർ ഒരേ സമയം മധുരമുള്ള പാനീയവും രുചികരമായ ഭക്ഷണവുമാണ്‌. പ്രകൃതിദത്തവും വളരെ പോഷകാംശവുമുള്ള കരിക്കിൻ വെള്ളം ദാഹംശമിപ്പിക്കുമ്പോൾ അതിന്റെ മാംസളമായ കാമ്പ്‌ വിശപ്പിനെ അകറ്റാനും ഉത്തമം. എല്ലാ ചികിത്സാ ശാഖകളിലേയും ഭിഷഗ്വരന്മാർ ഒരു പോലെ ശിപാർശ ചെയ്യുന്ന സമീകൃത പോഷകാഹാരമാണ്‌ ധാരാളം ധാതുക്കളും ലവണങ്ങളും അടങ്ങിയിരിക്കുന്ന കരിക്ക്‌.  

കരിക്കിൻ വെള്ളത്തിന്റെ  പോഷകമൂല്യം കണക്കിലെടുക്കുമ്പോൾ അതിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനും വിൽപനയ്ക്കും വൻ സാധ്യതയാണുള്ളത്‌. കരിക്കിന്റെ കാമ്പ്‌ മനുഷ്യ ശരീരത്തിന്റെ എല്ലാ ആരോഗ്യ ആവശ്യങ്ങളും നിവർത്തിക്കുന്ന ഉത്തമ ഭക്ഷണമാണ്‌. അത്‌ ദഹനത്തെയും വിരേചന പ്രക്രിയയെയും സഹായിക്കുന്നു, ശരീരത്തിന്റെ ഭാരക്കുറവിനെ പരിഹരിക്കുന്നു, രോഗാണുക്കളെ പ്രതിരോധിക്കുന്നു.

ഉയർന്ന തോതിൽ പ്രകൃതിദത്തമായ  ഗ്ലൂക്കോസും, മിതമായ തോതിൽ പൊട്ടാസിയം സോഡിയം എന്നിവയും അടങ്ങിയിട്ടുള്ള വെള്ളം ധാരാളമുള്ള കരിക്കാണ്‌ യഥാർത്ഥ ഇളനീർ.  തെങ്ങിന്റെ ഇനം,വളരുന്ന മണ്ണ,​‍്‌ കാലാവസ്ഥ , കരിക്കിന്റെ പ്രായം എന്നിവയെ ആശ്രയിച്ചാണ്‌ കരിക്കിനുള്ളിലെ  വെള്ളത്തിന്റെ അളവ്‌. പരമാവധി വളർച്ചയെത്തിയ കരിക്കുകൾ കൃത്യമായി തിരിച്ചറിഞ്ഞ്‌ വിളവെടുത്താൽ മാത്രമെ കർഷകർക്ക്‌ പ്രയോജനമുള്ളു. മൂപ്പ്‌ കൂടിപ്പോയാലും കുറഞ്ഞാലും നഷ്ടം കൃഷിക്കാർക്കു തന്നെ. 

കരിക്കിന്റെ പ്രായമണ്‌ അതിനുള്ളിലെ വെള്ളത്തിന്റെ അളവും രുചിയും നിശ്ചയിക്കുന്ന ഘടകം. കേരള സർവകലാശാലയയുടെ പിലിക്കോട്‌ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ 75 ഇനം തെങ്ങുകളിൽ നടത്തിയ പഠനത്തിൽ 14 ഇനങ്ങൾ - വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ, ബംഗാൾ, ന്യൂ ഗിനിയ, കൊച്ചിൻ ചൈന, ജാവ, ആൻഡമാൻ ഓർഡിനറി, ഫിലിപ്പൈൻസ്‌ ഓർഡിനറി, ലക്ഷദീപ്‌ ഓർഡിനറി, മലയൻ ഗ്രീൻ ഡ്വാർഫ്‌, ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌, മലയൻ ഓറഞ്ച്‌ ഡ്വാർഫ്‌, മലയൻ യെല്ലോ ഡ്വാർഫ്‌ ചാവക്കാട്‌ ഗ്രീൻ ഡ്വാർഫ്‌, ഗംഗബോദം എന്നിവായാണ്‌ പഠനത്തിന്‌ തെരഞ്ഞെടുത്തത്‌. പൂങ്കുലകൾ വിരിഞ്ഞ ദിവസം തന്നെ കൃത്യമായി തിരിച്ചറിയാനുള്ള അടയാള സൊ‍ാചനകൾ നൽകി. 10 ദിവസം ഇടവിട്ട്‌ 190 മുതൽ 230 ദിവസം വരെ സാമ്പിളുകൾ ശേഖരിച്ചു. ഇത്‌ നാലുവർഷക്കാലം വേനലിലുടനീളം തുടർന്നു.

നിറയെ വെള്ളമുള്ള കരിക്കുകളാണ്‌ ഉപഭോക്താക്കൾക്ക്‌ ഇഷ്ടം. വെള്ളത്തിന്റെ പരമാവധി  അളവ,​‍്‌ പൂങ്കുല വിരിഞ്ഞ്‌ 190-​‍ാമത്തെ ദിവസമാണ്‌ കാണുന്നത്‌. 190 മുതൽ 230 വരെ വെള്ളത്തിന്റെ അളവ്‌ കുറഞ്ഞു വരുന്നതായും പഠനത്തിൽ  കണ്ടെത്തി.

ബംഗാൾ ഇനത്തിലാണ്‌ ഏറ്റവും കൂടുതൽ വെള്ളം കണ്ടെത്തിയത്‌ - 527 മില്ലി. തൊട്ടു പിന്നിൽ ജാവയും ഫിലിപ്പൈൻസ്‌ ഓർഡിനറയുമായിരുന്നു.  നെടിയ ഇനങ്ങളിലെ കരിക്കുകളിലാണ്‌ കുറിയ ഇനങ്ങളെ  അപേക്ഷിച്ച്‌ വെള്ളം കൂടുതൽ കണ്ടത്‌. പരമാവധി ഖരപദാർത്ഥങ്ങൾ (6.5 ശതമാനം) മലയൻ ഗ്രീൻ ഡ്വാർഫിലും. പ്രകൃതി ദത്ത പഞ്ചസാരയാണ്‌ കരിക്കിൻ വെള്ളത്തിന്‌ മധുരം നൽകുന്നത്‌. ഇത്​‍്‌ ഓരോ ഇനത്തിലും വിവിധ അളവിൽ കാണപ്പെട്ടു.   ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫിൽ 210-​‍ാം ദിവസം 6.3 ശതമാനം പഞ്ചസാരയുടെ അളവ്‌ രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ അളവ്‌ കണ്ടത്‌ ചാവക്കാട്‌ ഗ്രീൻ ഡ്വാർഫിലാണ്‌ - 4.7 ശതമാനം. മൊത്തത്തിൽ കുറിയ ഇനങ്ങളിലാണ്‌  പഞ്ചസാരയുടെ കൂടിയ അളവും   പെട്ടാസിയം, സോഡിയം  എന്നിവയുടെ കുറഞ്ഞ അളവും രേഖപ്പെടുത്തിയത്‌.  

നല്ല കരിക്കിൽ അലിയുന്ന പഞ്ചസാര, മൊത്തം പഞ്ചസാര, അസ്കോർബിക്‌ ആസിഡ്‌, കൊഴുപ്പ്‌, സോഡിയം, പൊട്ടാസിയം  തുടങ്ങിയവയുടെ അളവ്‌   190 - 210 ദിവസങ്ങളിൽ ഉയരുകയും 230-​‍ാം ദിവസം മുതൽ താഴ്‌ന്നു വരികയും ചെയ്യുന്നു. ഇതിൽ പക്ഷെ സോഡിയം പൊട്ടാസിയം എന്നിവയുടെ അളവ്‌ കുറയുന്നില്ല. കുറിയ ഇനങ്ങളെ അപേക്ഷിച്ച്‌ നെടിയ ഇനങ്ങളിൽ സോഡിയം പൊട്ടാസിയം എന്നിവയുടെ അളവ്‌ ഉയർന്നു കാണപ്പെട്ടു. ഇതിൽ കരിക്കിന്റെ പ്രായം ഘടകമല്ല.  ഇതെല്ലാം വച്ച്‌ നോക്കുമ്പോൾ 210 ദിവസമാണ്‌ കരിക്കിന്റെ ഉത്തമമായ വിളവെടുപ്പ്‌ പ്രായം. ഈ സമയത്ത്‌ കരിക്കിന്റെ കാമ്പിന്‌ നാല്‌ മില്ലിമീറ്റർ കനം ഉണ്ടായിരിക്കും.

കാലാവസ്ഥ മാറുമ്പോൾ
കരിക്കിൽ ഏറ്റവും കൂടുതൽ വെള്ളം ഉള്ള സമയം നോക്കി വിളവെടുക്കുക എന്നതും വാണിജ്യ പ്രാധാന്യമുള്ള വിഷയമാണ്‌.  വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ, ഗംഗബോദം, മലയൻ യെല്ലോ ഡ്വാർഫ്‌ എന്നീ മൂന്ന്‌ ഇനങ്ങളാണ്‌ ഈ പഠനത്തിനായി തെരഞ്ഞെടുത്തത്‌. പൂങ്കുല വിരിഞ്ഞതു മുതൽ വളർച്ച രേഖപ്പെടുത്തി രണ്ടു മാസത്തിലൊരിക്കൽ അത്‌ അപഗ്രഥിച്ച്‌ രണ്ടു വർഷത്തേയ്ക്കാണ്‌ പഠനം നടന്നത്‌. പ്രതിമാസ സാമ്പിളുകൾ ശേഖരിച്ചതു 2005 മുതൽ 2006 വരെയുള്ള കാലയളവിലും.

ഇതിൽ വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ ഇനത്തിലാണ്‌ ഏറ്റവും അധികം വെള്ളം കണ്ടത്‌. സോഡിയം പൊട്ടാസിയം എന്നിവ ഗംഗബോദത്തിലും മലയൻ യെല്ലോ ഡ്വാർഫിലും. ഏറ്റവും കൂടുതൽ വെള്ളം ജൂൺ - ഓഗസ്റ്റ്‌ കാലയളവിലുമായിരുന്നു. അലിയുന്ന പഞ്ചസാര, മൊത്തം പഞ്ചസാര, അസ്കോർബിക്‌ ആസിഡ്‌, കൊഴുപ്പ്‌, സോഡിയം, പൊട്ടാസിയം  തുടങ്ങിയവയുടെ അളവ്‌ കൂടുതൽ കണ്ടത്‌ മലയൻ യെല്ലോ ഡ്വാർഫിലും ഗംഗബോദത്തിലും  വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ ഇനങ്ങളിലമുമാണ്‌.  ഏറ്റവും കൂടിയ അളവിൽ  പഞ്ചസാരയും കുറഞ്ഞ അളവിൽ സോഡിയവും പെട്ടാസിയവും കണ്ടത്‌ മലയൻ യെല്ലോ ഡ്വാർഫിലാണ്‌. മാർച്ച്‌ ഏപ്രിൽ മെയ്‌ മാസങ്ങളിൽ ഇവ പരമാവധി ഉയർന്ന അളവിലും മഴക്കാലങ്ങളിൽ കുറഞ്ഞ അളവിലുമായിരുന്നു.

മഴക്കാലത്തിന്റെ സ്വാധീനം
ജൂൺ ജൂലൈ മാസങ്ങളിൽ 10 ദിവസം ഇടവിട്ട്‌ സാമ്പിൾ ശേഖരണം നടത്തി പഠിച്ചപ്പോൾ  നെടിയ ഇനങ്ങളിൽ കുറിയ ഇനങ്ങളെക്കാൾ  വെള്ളത്തിന്റെ അളവ്‌ കൂടുതൽ  കാണപ്പെട്ടു. പഞ്ചസാരയുടെയും മറ്റ്‌ ഘടകങ്ങളുടെയും അളവ്‌ 190 -220 ദിവസം വരെ വർധിച്ചു വരുന്നതായും 220 ദിവസം കഴിഞ്ഞ്‌  അവ കുറഞ്ഞു വരുന്നതായും പഠനത്തിൽ കണ്ടു.  ഇതുപ്രകാരം മഴക്കാലത്തെ കരിക്കു വിളവെടുപ്പിനു യോജിച്ചതു 220-​‍ാം ദിവസവും വേനൽക്കാലത്തെ വിളവെടുപ്പിനു യോജിച്ചതു 210-​‍ാമത്തെ ദിവസവും ആണെന്ന്‌ പഠനത്തിൽ തെളിഞ്ഞു.

ഉപസംഹാരം
കരിക്കിനുള്ളിലെ വെള്ളം ഏറ്റവും കൂടുതലുള്ളത്‌ 190 -​‍ാം ദിവസമാണ്‌. അതു കഴിഞ്ഞാൽ വെള്ളത്തിന്റെ അളവ്‌ കുറഞ്ഞു തുടങ്ങും. പഞ്ചസാരയുടെയും ഇതര ഘടകങ്ങളുടെയും അളവ്‌ 190 - 210 ദിവസങ്ങളിൽ ഉയർന്നും 210 -​‍ാം ദിവസം മുതൽ 230 - ​‍ാം ദിവസം വരെ  താഴ്‌ന്നും കാണപ്പെടുന്നു. പൊതുവെ കുറിയ ഇനങ്ങളിലാണ്‌ പഞ്ചസാര കൂടുതലുള്ളത്‌. പൊട്ടാസിയം സോഡിയം എന്നിവയുടെ അളവ്‌ കുറവുള്ളതും ഈ ഇനങ്ങളിൽ തന്നെ. അതിനാൽ വേനലിൽ കുറിയ ഇനങ്ങളിൽ നിന്ന്‌  205 മുതൽ 210 വരെ ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കുകയാണ്‌ ഉത്തമം. 210 മുതൽ 215 വരെ ദിവസങ്ങൾക്കുള്ളിൽ നെടിയ ഇനങ്ങളുടെ വിളവെടുപ്പും നടത്താം. ഈ സമയത്താണ്‌ കരിക്കുകളുടെ രുചിയും വെള്ളത്തിന്റെ അളവും  കാമ്പിന്റെ കനവും പഞ്ചസാരയും മറ്റു ലവണങ്ങളും  എല്ലാം പൂർണമായി  ഒന്നിക്കുന്നത്‌. കരിക്കിനുള്ളിൽ  വെള്ളം ഏറ്റവും കൂടുതൽ മഴക്കാലത്തും ഇതര ലവണങ്ങൾ വേനൽക്കാലത്തുമാണ്‌ കൂടുതലായി കാണപ്പെടുക. അതിനാൽ കേരളത്തിലെ തെങ്ങുകളിൽ നിന്ന്‌ കരിക്കുകൾ മഴക്കാലത്ത്‌ 220-​‍ാം ദിവസവും വേനലിൽ 210-​‍ാം ദിവസവും വിളവെടുക്കുന്നതാണ്‌ കർഷകർക്കും ഉപഭോക്താക്കൾക്കും പൊതുവെ ലാഭകരം.

~ഒട്ടും ചൊറിയാതിരിക്കാൻ എന്താ വഴി?



സി.രാധാകൃഷ്ണൻ
തൊടിയിൽ നിന്നെടുത്തു കഴിയാനുണ്ട്‌ എന്നാണ്‌ പഴയ തറവാടുകളെപ്പറ്റി പറയാനുള്ള ഒരു വലുപ്പം. അതായത്‌, ചേനയോ കാച്ചിലോ ചേമ്പോ കായയോ കിഴങ്ങോ തേങ്ങയോ കപ്പയോ മറ്റു പച്ചക്കറികളൊ ഒക്കെ തൊടിയിൽ ആണ്ടോടാണ്ട്‌ ധാരാളമായി ഉണ്ടാവും. തൊടിയിലൊന്നു നടന്നാൽ കറി വെയ്ക്കാനുള്ളത്‌ ഒക്കും. 

ഇതിൽ കൃഷി ചെയ്യുന്നവയും തനിയെ ഉണ്ടാകുന്നവയും ഉണ്ട്‌. തൊഴുത്തിനു പിന്നിലും അടുക്കളപ്പുറത്തും മുളയ്ക്കുന്ന പടുമുളക്കുമ്പളം മുതൽ തനിയെ കിളിർക്കുന്ന ചേനയും ചേമ്പും കൂവ്വയും വരെ ചുമ്മാ കിട്ടുന്ന ഇനങ്ങൾ. എടുത്ത്‌ അനുഭവിക്കുകയേ വേണ്ടൂ. പക്ഷെ, തനിയെ കിട്ടുന്നതായാലും അല്ലെങ്കിലും തൊടിയിൽനിന്നെടുക്കാവുന്ന പലതും സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട ഉരുപ്പടികളാണ്‌. ചേനയും ചേമ്പും തന്നെ ഉദാഹരണങ്ങൾ. കൈ ചൊറിയും, ശരിയായി പാകം ചെയ്തില്ലെങ്കിൽ വായും വയറും, കുടൽതന്നെയും ചൊറിയും!

ചൊറിയുന്നതിനെ ചൊറിയാത്തത്താക്കുന്ന ചൊട്ടുവിദ്യകൾ വീട്ടിലുള്ളവർക്ക്‌ നാട്ടറിവായി കൈമാറി കിട്ടിയിരുന്നു. ഏറ്റവും നല്ല ഉദാഹരണം അരുമക്കുടത്തഴ എന്ന പേരിൽ അറിയപ്പെട്ട ഒരു ചെറുചെടിയാണ്‌. ആലിലയുടെ പാതി വലുപ്പം വരാത്ത ഇലകൾക്ക്‌ അടിയിൽ ഒമര്‌ എന്നറിയപ്പെട്ട ചെറുരോമങ്ങൾ ഉണ്ട്‌. ദേഹത്ത്‌ തൊട്ടാൽ ഉടനെചൊറിഞ്ഞു തിണർക്കും. ചൊറി മാറാൻ മണിക്കൂറുകൾ എടുക്കും. ഇവ കാടുപിടിച്ച ഇടത്തൂടെയെങ്ങാൻ അറിയാതെ നടന്നാൽ ശിവശിവ, പിന്നത്തെ കഥ പറയാനില്ല!

എന്നാലോ, ഇത്‌ രുചികരമായ ഒരു കറിക്കുള്ള കോപ്പാണ്‌. തണ്ടിൽ പിടിച്ചു പറിച്ചാൽ ചൊറിയില്ല. ആ പിടിയിൽ വെള്ളത്തിൽ മുക്കിയാൽ കഴുകി വൃത്തിയാവും. പലകപ്പുറത്തു വെച്ച്‌ തണ്ടടക്കം അരിഞ്ഞെടുക്കാം-ഇലയിൽ തൊടരുതെന്ന്‌ മാത്രം.

ഉപ്പുവെള്ളം തളിച്ച്‌ അടച്ചുവേവിച്ച്‌ ചുവന്ന മുളകു പൊട്ടിച്ചതും കടുകും മൂപ്പിച്ച്‌ വറവിട്ടാൽ ഒന്നാന്തരം ഇലത്തോരൻ. എരിശ്ശേരിയാണെങ്കിലും ചൊറിയില്ലെന്നല്ല, ഒട്ടും മുഷിയില്ല!

ക്ഷമയുടെ അവതാരമായ ഒരു അച്ഛമ്മയുണ്ടായിരുന്നു എനിക്ക്‌. ക്ഷമയിങ്കൽ ഭൂമിദേവിയെപ്പോലെ എന്ന ചൊല്ലിന്റേ ജീവിക്കുന്ന മാതൃക. ഒരിക്കൽ, പുരുഷന്മാരാരും വീട്ടിൽ ഇല്ലാത്ത നേരത്ത്‌, അയൽവക്കത്തെ ഒരാൾ, എന്തൊ തെറ്റിദ്ധാരണയുടെ പുറത്ത്‌, കള്ളുംകുടിച്ച്‌ വന്ന്‌ വാ തോരാതെ വേണ്ടാതീനം വിളിച്ചുപറഞ്ഞ്‌, പ്രതികരണമൊന്നും ഇല്ലെന്ന്‌ കണ്ട്‌, സ്വയം അടങ്ങി, തിരികെ പോകാൻ തുടങ്ങുമ്പോൾ അച്ഛമ്മ ക്ഷണിച്ചു-വിശക്ക്ൺല്ല്യെ, ഗോപാലാ, ഊണ്‌ കാലായിരിക്ക്ണു, ഉണ്ടിട്ട്‌ പോ, കുട്ട്യേ!

അന്യഥാ മാറാച്ചൊറിയാകാവുന്ന ഏത്‌ അനുഭവത്തെയും രുചികരമായ വിഭവമാക്കാൻ കഴിഞ്ഞാൽ സുഖമായില്ലേ? ശാരീരികമായ പലതരം ചൊറികളും മാനസികമായി ഉടലെടുക്കുന്നവയാണെന്ന്‌ വൈദ്യശാസ്ത്രം പണ്ടേ കണ്ടെത്തിയിട്ടുണ്ട്‌. നമ്മുടെ ജീവിതത്തിലെ വലിയൊരളവു സമയം നാം മനസ്സിൽ ചൊറിയാനാണ്‌ ചെലവാക്കുന്നത്‌. ചൊറിയാൻ അരുമക്കുടത്തഴ രസികൻ തോരനാകുന്നതുപോലെ അഹിതാനുഭവങ്ങളെയും മാറ്റി എടുക്കാം. അൽപ്പം ചില ചൊട്ടുവിദ്യകൾ പരിശീലിക്കയേ വേണ്ടൂ.

ചെറിയച്ഛൻ എന്നെ പുഴയിലേക്ക്‌ എടുത്തെറിഞ്ഞു. വെള്ളം കുടിച്ച്‌ അവശനായി ഒരുവിധം കൈകാൽ തല്ലി കരയ്ക്കെത്തിയപ്പോൾ വീണ്ടുമെടുത്ത്‌ വെള്ളത്തിലേക്കിട്ടു! ഞാൻ അച്ഛമ്മയുടെ മുന്നിൽ പരാതിയുമായി എത്തി. അച്ഛമ്മ മൂക്കത്ത്‌ വിരൽ വെച്ചു ചോദിച്ചു- നീയിത്ര വങ്കനാണോ? നിന്നെ നീന്തൽ പഠിപ്പിക്കാനല്ലേ! എന്തായാലും അഹിതം ഒന്നും പറ്റിയില്ലല്ലോ! നീന്താൻ പഠിക്കുകയും ചെയ്തു!

എന്തിനെങ്കിലും എന്നെ എപ്പോഴും ഏളിതംകൂട്ടുന്നത്‌ ചെറിയച്ഛന്‌ ബഹുരസമായിരുന്നു. ഒരു അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞ്‌ കണക്കു പരീക്ഷയുടെ ഉത്തരക്കടലാസ്സുമായി ഞാൻ വന്ന ദിവസം ഉമ്മറത്തുണ്ടായിരുന്നത്‌ ചെറിയച്ഛനാണ്‌. നോക്കട്ടെ, ഇങ്ങു താ, എന്ന്‌ ഉത്തരക്കടല്ലാസ്‌ വാങ്ങി. ക്ലാസ്സിൽ ഒന്നാമനായ എനിക്ക്‌ നൂറിൽ തൊണ്ണൂറ്റിയൊമ്പത്‌ മാർക്കാണുണ്ടായിരുന്നത്‌.

ചെറിയച്ഛൻ കൈകൊട്ടി ആർത്തുചിരിച്ചു-എടാ മരമണ്ടാ, എവിടെപോയി ആ ബാക്കി ഒന്ന്‌? അയ്യേ കഷ്ടം!
എല്ലാവരുടെയും അനുമോദനം പ്രതീക്ഷിച്ച്‌ വന്ന കണ്ണുനിറഞ്ഞു. അച്ഛമ്മ വന്ന്‌ കാര്യങ്ങൾ ചോദിച്ചറിഞ്ഞ്‌ എന്നെ സമാശ്വസിപ്പിച്ചതു ഇങ്ങനെ- എന്തിനാ വേഷമം? തൊണ്ണൂറ്റൊമ്പതും കിട്ടീല്ല്യേ? അടുത്ത പരീക്ഷയ്ക്ക്‌ ആ ബാക്കി ഒന്നുകൂടി ഇങ്ങ്‌ വാങ്ങ്യാപ്പോരെ?

ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാതും അച്ഛമ്മയ്ക്ക്‌ സന്തോഷത്തിനേവഴിവയ്ക്കൂ. തടകെട്ടി മുളപ്പിക്കാൻ നനച്ച വിത്തിൽ മുളയ്ക്കാതെ പോയതിന്റെ അളവൽപ്പം കൂടിയാലും സന്തോഷം-അതേതായാലും നന്നായി, കുട്ട്യോൾക്ക്‌ നാഴി അവലിടിക്കാം!

വർഷ കാലം മുഴുക്കെ കറിവെയ്ക്കാൻ ഓലവളയങ്ങളിൽ മച്ചിലും ഇടനാഴിയിലും മേൽപ്പുരയുടെ വളകളിലും തൂക്കിയ വെള്ളരിക്ക നിത്യേന ഓരോന്നുവീതം എലി കടിക്കും. കടിച്ചതു കന്നുകാലികൾക്ക്‌ കൊടുക്കാൻ മാറ്റി വെയ്ക്കെ അച്ഛമ്മ സ്വയം ആശ്വസിക്കും-മിണ്ടാപ്രാണികളല്ലേ, പ്രാർത്ഥിക്കുന്നുണ്ടാവും! ബാക്കി മതി, നമുക്ക്‌.

വിളവുണ്ടായാൽ നല്ലത്‌, സമൃദ്ധിയായി. വിളവ്‌ മോശമായെങ്കിൽ ഏകാദശി നോൽക്കാൻ എളുപ്പവും! എന്റെ മനസ്സിൽ ഇന്നും മിഴിവോടെ നിൽക്കുന്ന ഇത്തരം കുറെ ഓർമ്മകളാണ്‌ എന്റെ ഒടുങ്ങാത്ത ശുഭാപ്തിവിശ്വാസത്തിന്റെ അടിത്തറ.

പഴയവീട്‌ പൊളിച്ചു പണിയുംകാലം ഒരു രാത്രിയിൽ ഞങ്ങൾ അന്തിയുറങ്ങുന്ന താൽക്കാലിക നെടുമ്പുരവീട്ടിൽ കള്ളൻ കയറി, രാവിലെ കഞ്ഞി വെയ്ക്കാനുള്ള പൊടിയരിയും കഞ്ഞി കുടിക്കാനുള്ള ഓട്ടുപാത്രവും വരെ പെറുക്കി കൊണ്ടുപോയി. പിറ്റേന്ന്‌ പോലീസു വന്ന്‌ അരമണിക്കൂറിനകം കള്ളനെപിടികൂടി പുഴയിൽ കൊണ്ടുപോയി ആ ഉരുപ്പടികളത്രയും അവ കുഴിച്ചിട്ടേടത്തുനിന്ന്‌ മാന്തിയെടുപ്പിച്ചു. വീട്ടിൽ സുപരിചിതനായ അവനെ പോലീസുകാർ മുത്തച്ഛന്റെ അരികിൽ കൊണ്ടുവന്നപ്പോൾ മുത്തച്ഛൻ ചോദിച്ചു- നീയെന്തിന്‌ മോഷ്ടിക്കാൻ നിന്നു, നിനക്ക്‌ വല്ലതും വേണമെങ്കിൽ എന്നോട്‌  പറയാമായിരുന്ന്ല്ല്യെ?

വെശൻണ്ട്ട്‌ ചെയ്തുപോയതാണേ എന്നാണ്‌ അവൻ പൊട്ടിക്കരഞ്ഞത്‌.
സാരല്ല്യ, അച്ഛമ്മ പറഞ്ഞു. ഞാൻ കുറച്ച്‌ മുളയരിക്കഞ്ഞി വെച്ചിട്ടുണ്ട്‌. അത്‌ കുടിച്ചിട്ടു മതി ജയിലിലേക്കു കൊണ്ട്വോവാൻ. ഇവടെ കുട്ട്യോളക്ക്‌ സൂക്ഷല്ല്യാഞ്ഞിട്ടല്ലേ അവന്‌ ഇതൊക്കെ കൊണ്ടുപോവാൻ പറ്റീത്‌? അവന്റെ മാത്രം അല്ലല്ലോ കുറ്റം!

അച്ഛമ്മയ്ക്ക്‌ മൂന്നു പെൺകുട്ടികളാണുണ്ടായിരുന്നത്‌. അതിൽ നടുവിലെ ആൾ വിവാഹിതയായി ഒരുകൊല്ലത്തിനകം മരിച്ചുപോയി. കൂട്ടത്തിൽ ഏറ്റവും ചന്തവും സൗശീല്യവും ആ ഓപ്പോൾക്കായിരുന്നു എന്ന്‌ അമ്മ പറയാറുണ്ട്‌. ഞാൻ ജനിക്കുമ്മുമ്പ്‌ അവർ പോയിക്കഴിഞ്ഞിരുന്നു. എങ്കിലും എനിക്ക്‌ ഓർമ്മ വച്ചതിൽപ്പിന്നെയും വല്ലപ്പോഴും കുടുംബസദസ്സുകളിൽ ആ ഓപ്പോളെപ്പറ്റി പരാമർശം വന്നുപെടും.

അപ്പോഴൊക്കെ, അച്ഛമ്മ കേൾവിപ്പുറത്തുണ്ടെങ്കിൽ, മറ്റുള്ളവർ കണ്ണുകൊണ്ടും നോട്ടംകൊണ്ടും ആ വിഷയാവതരണം വിലക്കും. ഇങ്ങനെ ഒരു സന്ദർഭത്തിൽ അച്ഛമ്മ ചോദിച്ചു- അവള്‌ ഇവിടെയെങ്ങും കഴിയേണ്ടവളായിരുന്ന്ല്യ. അതുകൊണ്ട്‌ നേരത്തെ പോയി! നേരു പറയാലോ, എനിക്കൊരു വേഷമും ഇല്ല്യ! നിങ്ങള്‌ എന്താച്ചാൽ പറഞ്ഞാട്ടെ. എന്തിന്‌ മടിക്കണം?

ഒരു നഷ്ടം, ഒരു പരിഭവം, ഒരു പരാജയം, ഒരു വേദന, ഒരു ശങ്ക ഇതിന്റെയൊക്കെ ചൊറി ആജീവനാന്തം പേറുന്നതിലേറെ കൂലിയില്ലാപ്പണി ഉലകിൽ വേറെ എന്തുണ്ട്‌? അതങ്ങു കളഞ്ഞാൽ കിട്ടുന്നതിലേറെ സുഖവും സൗകര്യവും അതിനെ ഒരു രുചികരവും പോഷകവുമായ അനുഭവവിഭവമാക്കുന്നതിലുണ്ടുതാനും.

പിന്നീട്‌ ഐ.എഫ്‌.എസ്‌  പരീക്ഷ ജയിച്ച്‌ കാനഡയിൽ അമ്പാസിഡർവരെ ആയ എന്റെ സുഹൃത്ത്‌ കെ.പി.ഫബിയാനോട്‌ ഒരിക്കൽ ഞങ്ങളുടെ പൂർവാശ്രമത്തിലെ മേലുദ്യോഗസ്ഥനായ ഒരാൾ അന്യായമായി അട്ടഹസിച്ചു-നിങ്ങളൊരു മന്ദബുദ്ധിയാണ്‌.

എനിക്കു ചിലപ്പോൾ അങ്ങനെതോന്നാറുണ്ട്‌ എന്നായിരുന്നു ക്ഷമാശീലനായ ഫബിയാന്റെ ചെറുചിരി. യഥാ രാജാ തഥാ പ്രജ എന്ന്‌ അതിനൊരു അനുബന്ധം അവതരിച്ചതു, മേലാവിന്‌ സംസ്കൃതം അറിയാത്തതിനാൽ, പാഴായിപ്പോയേ ഉള്ളു താനും!

ഏറ്റവും കൂടുതൽ ചൊറിയുന്ന ഉരുപ്പടി ശങ്കയാണ്‌. അതാണ്‌ വിഷയങ്ങളിൽ ഏറ്റവും കൊടിയ വിഷമെന്നാണ്‌ പഴമക്കാർ പറയാറ്‌. രാപ്പകൽ ചൊറിഞ്ഞുകൊണ്ടേ ഇരിക്കും! ഉറക്കത്തിൽനിന്ന്‌ ഞെട്ടിയുണർന്നുപോലും ചൊറിയും! മുറിച്ചു മാറ്റിയ കാലിന്റെ പെരുവിരൽ ചൊറിയുന്നപോലെ! കൈവശമുള്ള ശരീരത്തിൽ എവിടെ ചൊറിഞ്ഞാലും പൊറുതി വരാത്ത ചൊറി! പറ്റെ കുഴങ്ങിയതുതന്നെ!

ഇത്തരം മാറാച്ചൊറികളുടെ തുടർക്കഥകളാണ്‌ നമ്മുടെ ഇതിഹാസപുരാണങ്ങൾ മുഴുക്കെ. അസൂയച്ചൊറി, വിദ്വേഷച്ചൊറി, ആർത്തിച്ചൊറി, സംശയച്ചൊറി, മാനഹാനിച്ചൊറി, പ്രതികാരച്ചൊറി എന്നിങ്ങനെ നിരവധി ഇനങ്ങൾ വിവിധ കഥാപുരുഷന്മാരെ മാറിമാറി ആവേശിക്കുന്നതു കാണാം. അതിന്റെയൊക്കെ ദുരന്തങ്ങളും കാണാം!

ഇത്തരം ഒരു ചൊറിയും ബാധിക്കാത്ത ഒരേ ഒരാളെ പുരാണത്തിലുള്ളൂ-സാക്ഷാൽ കൃഷ്ണൻ. ആരെന്തു ചൊറി സംഭാവനചെയ്യാൻ ശ്രമിച്ചാലും മൂപ്പരിൽ ലവലേശം ഏശില്ല. വളരെ ഫലപ്രദമായ മറുമരുന്ന്‌ കൈവശമുള്ളതാണ്‌ കാരണം. എന്താണതെന്നോ? ഒരു ചെറുചിരി! പ്രഹസൻ ഇവ! തന്നോടും ലോകത്തോടും പൊതുവിലുള്ള ശുദ്ധഹാസമെന്ന മേമ്പൊടി അൽപ്പം ചേർന്ന ഒരു രസികൻ ചിരി! ആ മസാല ചേർത്ത്‌ പാകം ചെയ്താൽ ഒന്നും പിന്നെ ഒട്ടും ചൊറിയില്ല!

ആ പാചകവിദ്യയാണ്‌ അദ്ദേഹം അർജ്ജുനനെ മുൻനിർത്തി നമുക്കേവർക്കും ഉപദേശിച്ചു തന്നിരിക്കുന്നത്‌. സംസാരസാഗരത്തിലെ ഉപ്പത്രയും ചൊറിയുപ്പാണ്‌. അതിനെ കറിയുപ്പാക്കാൻ അൽപ്പം വിരുതേ വേണ്ടൂ. ഈ ചൊറയൊന്നു മാറിയിട്ട്‌ ഒരു ദിവസം ജീവിച്ച്‌ മരിച്ചാൽ മതി എന്നു തോന്നുന്നെങ്കിൽ ആ വിരുത്‌ ശീലിക്കുകയല്ലാതെ വേറെ വഴി ഇല്ല. ചിത്തവൃത്തിനിരോധം എന്നതിന്‌ ചൊറിനിരോധം എന്നർത്ഥമേ ഉള്ളൂ. അതുതന്നെ യോഗം അഥവാ ദുഃഖസംയോഗവിയോഗം, മോക്ഷം!
പത്ഥ്യമൊന്നും ഇല്ലാത്ത മരുന്നാണ്‌. വെറുതെ കിട്ടുന്നതുമാണ്‌. ശീലിച്ചുനോക്കൂ. ഫലം നിശ്ചയം! ഫലം കണ്ടാൽ, കഴിയുന്നത്ര പേർക്ക്‌ ഈ നാട്ടറിവ്‌ നൽകുക. മണിചെയിൻപോലെ ഈ ചൊറിമരുന്നുചെയിൻ വളരട്ടെ. കിട്ടാൻ സ്വർഗ്ഗം, നമുക്കു നഷ്ടപ്പെടാനോ ചെറി മാത്രവും!

വാങ്മുഖം

എം.തോമസ് മാത്യു
ആധുനിക കാലത്തിന്റെ സംഭാവനകളിലൊന്ന്‌ ലജ്ജിക്കാനുള്ള മനുഷ്യന്റെ കഴിവ്‌ ഇല്ലാതാക്കിയതാണ്‌. പണ്ടത്തെ ആളുകൾ 'നാലുപേർ കേട്ടാൽ എന്തുവിചാരിക്കും' എന്നു കൂടി പരിഗണിച്ചേ ഒരു കാര്യം ചെയ്യുകയോ ഒരു നിലപാടു സ്വീകരിക്കുകയോ ചെയ്യുമായിരുന്നുള്ളു. പൊതുവിൽ അംഗീകരിക്കപ്പെട്ട ഒരു മൂല്യഘടനയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നു. എന്ന്‌ സമൂഹം മൊത്തത്തിൽ വിചാരിക്കണം എന്ന പരിഗണന ഉണ്ടായിരുന്നു. വേണ്ടിടത്തോളം ആഴത്തിൽ ആലോചന ചെന്നിട്ടല്ലെങ്കിലും മൂല്യങ്ങളെക്കുറിച്ച്‌ ഏകദേശമായ ചില ധാരണകൾ സൂക്ഷിച്ചിരുന്നു. നിയതമായ നിർവചനങ്ങൾക്കോ സൂക്ഷമമായ വിശകലനത്തിനോ ആരും ഉദ്ദ്യമിച്ചിരുന്നില്ല. എന്നാലും ഒരു ചട്ടക്കൂടിനുള്ളിലാണ്‌ പെരുമാറുന്നതെന്ന്‌ ഉറപ്പുവരുത്താൻ ശ്രദ്ധയുണ്ടായിരുന്നു. ചില ചിട്ടകൾ അനാചാരങ്ങൾ ആയിരുന്നിരിക്കാം. ചിലതൊക്കെ ദുഷ്ടമായ അനാചാരങ്ങൾ പോലും ആയിരുന്നു. സദുദ്ദേശ്യത്തോടുകൂടി ആരംഭിച്ചതെങ്കിലും പതുക്കെപ്പതുക്കെ മനുഷ്യരെ ഏറെ വലയ്ക്കുകയും കഷ്ടപ്പെടുത്തുകയും ക്രൂരമായി ശിക്ഷിക്കുകയും ചെയ്യുന്നവയായിരുന്നു. ദൈവശാസിതമായ ആചരണമായിരുന്നുവല്ലോ സാബത്ത്‌. എന്നാൽ ആലോചനയോടു വിടചൊല്ലി ജഢാചാരങ്ങളിൽ കുടുങ്ങി, വേണ്ടപ്പോൾ അവയെ സ്വാർത്ഥതയ്ക്കു വേണ്ടിയും ഉപയോഗിക്കാം എന്നു കണ്ട പുരോഹിതപ്പരിഷകൾ അതിനെ എന്താക്കി? ദൈവപുത്രൻ തന്നെ വേണ്ടി വന്നു ഇതൊന്നുമല്ല അതിന്റെ പൊരുൾ എന്നു പറഞ്ഞുകൊടുക്കാൻ! സത്ത ചോർത്തിക്കളഞ്ഞ്‌ തൊണ്ടുമാത്രമാക്കി സൂക്ഷിക്കുന്ന നിയമങ്ങളെ വെല്ലുവിളിച്ചും തിരുത്തിയും ആണ്‌ വിപ്ലവകാരികൾ വരുന്നത്‌. സത്യധർമ്മങ്ങൾക്ക്‌ അവർ പുതിയ വിതാനം ചമയ്ക്കുന്നു, ഈ വിതാനത്തിന്റെ സൗന്ദര്യവും അർത്ഥഗരിമാവും അവർ വീണ്ടെടുക്കുന്നു.

എന്നാൽ, ഇത്തരത്തിൽ മൂല്യങ്ങളുടെയും നിയമങ്ങളുടെയും പൊരുൾ തേടുന്ന അന്വേഷണമല്ല ഇപ്പോൾ നടക്കുന്നത്‌. മറയില്ലാതെ ചെയ്യാൻ മടിച്ചിരുന്ന അന്യാചാരങ്ങൾ പരസ്യമായി ചെയ്താലെന്ത്‌ എന്ന്‌ ചോദിക്കാവുന്ന അവസ്ഥയിലേക്ക്‌ ലോകം പുരോഗമിക്കുകയാണ്‌. സന്യാസിനിയായ ശിഷ്യയോട്‌ സഭ അണിയിച്ച വസ്ത്രത്തിൽ കാണാനാണ്‌ എനിക്ക്‌ ഇഷ്ടം എന്നു പറയാൻ കഴിയുന്ന ധർമ്മിഷ്ടരായ, മൂല്യവാദികളായ പണ്ഡിതഗുരുക്കന്മാർ നമുക്കുണ്ടായിരുന്നു; സ്വന്തം അമ്മയുടെ പ്രേരണകൊണ്ടെങ്കിലും അസത്യം ചെയ്ത ഉദ്യോഗസ്ഥന്റെ വിരൽ മുറിച്ചു കളഞ്ഞ വേലുത്തമ്പിയുടെ പിൻമുറക്കാർ ചില വിട്ടുവീഴ്ചകൾക്കൊക്കെ തയ്യാറാകാതെ എങ്ങനെയാണ്‌ കാര്യം നടക്കുക എന്ന്‌ പാവം ആവലാതിക്കാരോട്‌ പറയുന്ന കാലം വന്നിരിക്കുന്നു. ഉന്നത നീതി പീഠത്തിൽ കയറിയിരുന്ന്‌ നീതിനിയമങ്ങൾ വ്യാഖ്യാനിച്ചു വിധി പ്രസ്താവിക്കേണ്ട പുണ്യപുരുഷന്മാരുടെ സ്വഭാവവൈകൃതങ്ങളുടെ സചിത്ര വിവരങ്ങൾ രുചികരമായ മാധ്യമ വിഭവങ്ങളായി മാറുന്നു; ഋഷികേശിലേക്കും കേദാർനാഥിലേക്കും വ്രതനിഷ്ഠയോടെ തീർത്ഥയാത്ര നടത്തി അവയുടെയെല്ലാം പുണ്യചരിതത്തിൽ രോമാഞ്ചമണിയുന്നവർ എഴുതപ്പെടാത്ത ആത്മകഥാദ്ധ്യായങ്ങളുമായി പെൺ വേട്ട ചരിതങ്ങൾ സൂക്ഷിക്കുന്നു. പൂന്തേൻ നിറച്ച സുവർണ്ണ ചഷകങ്ങൾ നിരത്തിവെച്ചിട്ട്‌ അതൊന്നും ആസ്വദിക്കാൻ സമ്മതിക്കാതെ നിസ്സഹായ വാർദ്ധക്യം തന്ന്‌ ശിക്ഷിക്കുന്ന വിധിയെക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും കൊണ്ട്‌ കാലം പോകുന്ന ചില മഹാപുരുഷന്മാർ. മക്കളുടെ യൗവ്വനം ഇരന്നുവാങ്ങി ഭോഗങ്ങളിൽ മുഴുകിയ ഒരു ജന്മത്തെക്കുറിച്ച്‌ നമ്മുടെ ഇതിഹാസം പറയുന്നുണ്ട്‌. ഏതഴകും വിടരുന്നത്‌ തങ്ങൾക്ക്‌ ആസ്വദിക്കാൻ വേണ്ടിയാണെന്ന്‌ വിചാരിക്കുന്നവരെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു ലോകം. സൗന്ദര്യം വഴിയുന്ന ഏതു മേനിയും നോക്കി നളചരിതത്തിലെ കാട്ടാളന്റെ പദം മൂളിപ്പോകുന്ന അനുഗ്രഹീത പ്രതിഭകൾ തിങ്ങി നിറയുന്നതായി ഈ ലോകം.

എന്തിന്‌ ഈ മറവും ഒളിവും എന്ന്‌ കരുതി തങ്ങൾക്കു വേണമെന്നു തോന്നുന്നതെല്ലാം കരുത്തുകൊണ്ട്‌ നേടിക്കളയാം എന്നു നിനച്ചവരുടെ വീരചരിതങ്ങൾ പാടിനിറയ്ക്കുകയാണ്‌ മാധ്യമധർമ്മം എന്ന്‌ ഇപ്പോൾ സമർത്ഥിക്കപ്പെട്ടിരിക്കുന്നു. തലങ്ങും വിലങ്ങും പീഢനകഥകൾ വർണ്ണങ്ങൾ ചാർത്തി ഒരുക്കിയിറക്കുന്നതിൽ ഓരോന്നും മത്സരിച്ചു കൊണ്ടിരിക്കുന്നു. എല്ലാ മറകളും ഉപേക്ഷിക്കാം, ധീരന്മാരായി ജീവിക്കാം എന്ന ആദർശത്തിലേക്കാണ്‌ പുരോഗതി. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം എന്ന്‌ എഴുതിയ മഹാകവി സ്മരണകളുണ്ടാക്കി പൊങ്ങച്ചം കാണിക്കാനുള്ള ഇടമുണ്ടാക്കിത്തരുന്ന ഉപകർത്താക്കൾ മാത്രമായി ചുരുങ്ങുന്നു! ആദർശങ്ങളൊന്നും ആചരിക്കാനുള്ളതല്ല എന്ന്‌ ലജ്ജകൂടാതെ വിളംബരം ചെയ്യാനുള്ള ചങ്കൂറ്റം നാം നേടിയിരിക്കുന്നു. അധികാരങ്ങളും പദവികളും ഇരകളെ കുടുക്കാനുള്ള സംവിധാനങ്ങളായി മാറുന്നു. പിടിക്കപ്പെടുന്നവർക്ക്‌ രാജകീയ സുഖ സൗകര്യങ്ങൾ ഒരുക്കി സംരക്ഷിക്കാൻ കാരഗൃഹങ്ങൾ ചമയുന്നു. അത്യാധുനിക സുഖസമൃദ്ധിയിൽ മുഴുകി കുറച്ചുനാൾ വിശ്രമിക്കാൻ കൊള്ളാവുന്ന ഇടമാണോ ജയിലുകൾ എന്ന്‌ തോന്നിപ്പോകും. അങ്ങനെയല്ലേ വരൂ! കള്ളനു കഞ്ഞി വെച്ചു പോകുന്നവർക്കു കള്ളനെ സത്കരിക്കാനുള്ള സൗകര്യമാണ്‌ ഭരണാധികാരം എന്ന്‌ വന്നാൽ ഇതല്ലേ സ്വാഭാവികം?

ഇതിനിടയിൽ ചിലപ്പോൾ തങ്ങൾക്കു തെറ്റുപറ്റി എന്ന കുറ്റ സമ്മതം അധികാര കേന്ദ്രങ്ങളിൽ നിന്ന്‌ പുറപ്പെടുന്നു. നമ്മുടെ കാലത്തെ ഏറ്റവും വലിയ ഫലിതം അതാണ്‌. ഇവർക്ക്‌ തെറ്റുപറ്റുന്നേയില്ല. വല്ലപ്പോഴുമെങ്കിലും ഒന്നോ ഒരു മുറിയോ ശരി പറ്റുന്നുണ്ടോ എന്നേ സംശയിക്കാനുള്ളൂ. അങ്ങനെയൊരു വാർത്തയില്ല!

മഡൂർ: ഇന്ത്യയിലെ കരിക്കിന്റെ തലസ്ഥാനം

ആബെ ജേക്കബ്‌
നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ബാംഗളൂർ - മൈസൂർ ദേശീയ പാതയോരത്ത്‌ മഡൂരിൽ പ്രവർത്തിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കരിക്ക്‌ മാർക്കറ്റിനെ കുറിച്ച്‌...

മദൂർ - ബാംഗളൂർ നിന്ന്‌ മൈസൂർ ദേശീയ പാതയിൽ 70 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഈ ചെറിയ പട്ടണം പണ്ട്‌ രുചികരമായ വടകൾക്കു പ്രശസസ്തമായിരുന്നു.  പക്ഷെ ഇന്ന്‌ ഇത്‌ ഏഷ്യയിലെ ഏറ്റവും വലിയ ഇളനീർ വിപണിയാണ്‌. ഇവിടെത്തെ ഇളനീർ മാർക്കറ്റിൽ ദിവസവും നടക്കുന്നത്‌ കോടികളുടെ വ്യാപാരമാണ്‌. അതുകൊണ്ടു തന്നെ മഡൂരിനെ ഇളനീരിന്റെ ഇന്ത്യൻ തലസ്ഥാനം  എന്നും പറയാം. 

പ്രകൃതിക്കിണങ്ങിയ ജീവിത രീതികളുമായി കൂടുതൽ ആളുകൾ പൊരുത്തപ്പെട്ടു തുടങ്ങിയതോടെയാണ്‌ കരിക്കിന്‌  നല്ലകാലം തുടങ്ങിയത്‌. വിളഞ്ഞ നാളികേരം മാത്രം വിളവെടുക്കുകയും കരിക്ക്‌ വെട്ടുന്നത്‌ എന്തോ വലിയ തെറ്റായി കരുതുകയും ചെയ്തിരുന്ന പഴയ ചിന്താഗതിക്ക്‌  ഇപ്പോൾ മാറ്റം വന്നിരിക്കുന്നു. തെങ്ങിൽ നിന്നുള്ള മറ്റൊരു ധനാഗമ മാർഗ്ഗമായിട്ടാണ്‌ ഇപ്പോൾ കർഷകർ കരിക്കിനെ കാണുന്നത്‌. അങ്ങനെയാണ്‌ മഡൂറിനു രാശി തെളിഞ്ഞത്‌. 

മൈസൂർ ഹൈവേയിലെ മഡൂരിൽ, 1992 ൽ സ്ഥാപിച്ച  മഡൂർ അഗ്രിക്കൾച്ചറൽ പ്രോഡ്യൂസ്‌ മാർക്കറ്റിംങ്ങ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മഡൂർ കരിക്ക്‌ വിപണി ഇരുപത്തിനാലു മണിക്കൂറും സജീവമാണ്‌. പുലർച്ചേ മുതൽ കരിക്കുമായി വാഹനങ്ങൾ വരവു തുടങ്ങും.  പ്രതിദിനം ഇവിടെ എത്തുന്നത്‌ 40 ലക്ഷത്തിലധികം  കരിക്കാണ്‌. വേനലിൽ ദിവസം 90 ലക്ഷം വരെയാകും കരിക്കു വരവ്‌. 

മഡൂർ മാർക്കറ്റിൽ ഓരോ കച്ചവടക്കാരനും വർഷം തോറും 15 കോടിയിലധികം കരിക്ക്‌ ക്രയവിക്രയം നടത്തുന്നുണ്ട്‌. മാണ്ഡ്യ, ചാമരാജ്നഗർ,കൊല്ലേഗൽ, മലവള്ളി, ബന്നൂർ,നാഗമംഗള, പാണ്ഡവപുര, കെആർ പേട്ട, ശ്രീരംഗ പട്ടണം, കിരുഗവാല,ഗുഡിഗ്രെ, സോമനഹള്ളി തുടങ്ങിയ സമീപ പ്രദേശങ്ങളിൽനിന്നു കർഷകർ നേരിട്ടും, ഏജന്റുമാർ വഴിയും എത്തിക്കുന്നതാണ്‌ കരിക്കു മുഴുവൻ. ഇതിൽ 60 ശതമാനവും മണിക്കൂറുകൾക്കകം 300 ലേറെ ട്രക്കുകളിലായി ന്യൂഡൽഹി, പൂനെ, കോൽക്കത്ത, ഗോവ, ഹൈദരാബാദ്‌, അഹമ്മദാബാദ്‌, തുടങ്ങിയ നഗരങ്ങളിലേയ്ക്കു പോകുന്നു. ബാക്കിയത്രയും കർണാടകത്തിലെ തന്നെ വിവിധ  മാർക്കറ്റുകളിൽ വിൽക്കുകയാണ്‌.

മാണ്ഡ്യ മേഖലയിലെ കാലാവസ്ഥയും മണ്ണിന്റെ ഘടനയും തെങ്ങുകൃഷിക്ക്‌ വളരെ യോജിച്ചതായതിനാലാണ്‌ മഡൂരിൽ ഇങ്ങനെയൊരു വ്യാപാര കേന്ദ്രം ആരംഭിച്ചതു എന്ന്‌ മഡൂർ ടെണ്ടർ കോക്കനട്‌ മാർക്കറ്റ്‌ പ്രസിഡന്റ്‌ ചന്ദ്രശേഖർ മുഡ്യ ചൂണ്ടിക്കാട്ടി. മാണ്ഡ്യ  മേഖലയിൽ ഉണ്ടാകുന്ന നാളികേരം നല്ല വലിപ്പവും ധാരാളം വെള്ളവുമുള്ള ഇനങ്ങളായതിനാൽ കരിക്കിന്‌ ഏറ്റവും യോജിച്ചതാണ്‌. വെള്ളത്തിന്‌ നല്ല മധുരവുമുണ്ട്‌. നന്ദി പറയേണ്ടത്‌ കാവേരി ജലത്തിനാണ്‌. 

 കുറെ നാൾ മുമ്പുവരെ ഉറങ്ങിക്കിടന്ന ഈ പ്രദേശം പെട്ടെന്ന്‌ നിദ്രവിട്ടുണരുകയായിരുന്നു. മഡൂരിലും പരിസരങ്ങളിലുമുള്ള  കുറച്ചു കർഷകർ നാളികേരത്തിന്‌ വില കുറഞ്ഞ അവസരത്തിൽ കരിക്ക്‌ വെട്ടി ലേലം ചെയ്തു കൊടുക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ ഈ രംഗത്തേയ്ക്കു വരികയായിരുന്നു. അങ്ങനെ കരിക്കിന്‌ വില കൂടി. കർഷകർക്ക്‌ അൽപം ആശ്വാസവും.  ഇതേ തുടർന്ന്‌ 1992-ലാണ്‌ മാർക്കറ്റ്‌ ആരംഭിക്കുന്നത്‌. അതിനു മുമ്പ്‌ വ്യാപാരികൾ തോട്ടങ്ങളിൽ പോയി കരിക്ക്‌ വാങ്ങി ബാംഗളൂരിലും മറ്റും കൊണ്ടുപോയി വിൽക്കുകയായിരുന്നു പതിവ്‌. മാർക്കറ്റ്‌ സജീവമായതോടെ ഡൽഹി, മുംബൈ, ഹൈദരാബാദ്‌ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക്‌ കരിക്ക്‌ കറ്റിവിടാൻ വ്യാപരികളെത്തി. കർഷകർക്ക്‌ ന്യായമായ വില ലഭിക്കാൻ ഒരു ലേല കേന്ദ്രം എന്ന നിലയ്ക്കാണ്‌ വിപണി ആരംഭിച്ചതെങ്കിലും ആ ലക്ഷ്യം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല എന്ന്‌ അസിസ്റ്റന്റ്‌ സെക്രട്ടറി സമീർ സാഹിബ്‌ പറഞ്ഞു. എന്നാൽ ഇപ്പോൾ ഇവിടെ കരിക്കുമായി വരുന്നവർ അധികവും ഇടനിലക്കാരാണ്‌. അവരാരും കർഷകരല്ല. സമീർ തുടർന്നു. കരിക്കുമായി വരുന്ന വാഹനങ്ങൾ മാർക്കറ്റിന്റെ കവാടത്തിൽ ചെറിയ ഗതാഗതത്തടസം സൃഷ്ടിക്കും. അപ്പോൾ കമ്മിഷൻ വ്യാപാരികൾ അവിടെ വച്ച്‌ ചരക്ക്‌ പരിശോധിച്ച്‌ വില പറയും. വിലയിൽ യോജിച്ചാൽ വാഹനം നേരെ ഹൈവേയിൽ പാർക്കു വ്യാപാരിയുടെ ട്രക്കിനടുത്തേയ്ക്ക്‌ നീങ്ങും. ചരക്ക്‌ ട്രക്കിലേക്ക്‌ മാറ്റും. പണവും കൈമാറും. അതോടെ ഇടപാടു തീരുന്നു. അതിനിടെ കച്ചവടക്കാരൻ മാർക്കറ്റ്‌ ചുങ്കവും അടച്ചിട്ടുണ്ടാവും. ഇതാണ്‌ ഇപ്പോൾ മഡൂരിൽ നടക്കുന്നത്‌. 

ലേലം സംവിധാനം നടപ്പാക്കാൻ സാധിച്ചാൽ അത്‌ വലിയ നേട്ടമാകും. മാർക്കറ്റ്‌ വൈസ്‌ ചെയർമാൻ ടി.കെ കെമ്പയ്യ വിശദീകരിച്ചു. തോട്ടത്തിൽ വച്ചു തന്നെ കരിക്കും വിളഞ്ഞ തേങ്ങയും വിറ്റിരുന്നത്‌ ഒന്നിന്‌ വെറും അഞ്ചു രൂപയ്ക്കായിരുന്നു. എന്നാൽ മാർക്കറ്റ്‌ സജീവമായതോടു കൂടി കർഷകർക്ക്‌ അവരുടെ ഉൽപന്നത്തിന്‌ കുറച്ചെങ്കിലും മാന്യമായ വില ലഭിക്കാൻ തുടങ്ങി. അതോടെ ഇടനിലക്കാരുടെ കൊള്ളലാഭം കുറഞ്ഞിട്ടുണ്ട്‌.

വളരെ സൂക്ഷിച്ചു വിളവ്‌ എടുക്കേണ്ട ഒരു ഉൽപന്നമാണ്‌ കരിക്ക്‌. വിളവെടുത്താൽ പരമാവധി പത്തു ദിവസമാണ്‌ സൂക്ഷിപ്പു കാലവധി. എന്തായാലും വിളവെടുത്ത്‌ പരമാവധി അഞ്ചു മണിക്കൂറിനകം കരിക്ക്‌  വിവിധ നഗരങ്ങളിലേയ്ക്ക്‌ പോയിരിക്കും.  മാർക്കറ്റ്‌ വന്നത്‌ കർഷകർക്കാണ്‌ ഏറ്റവും പ്രയോജനം ചെയ്തതെന്ന്‌ പ്രമുഖ നാളികേര കർഷകനായ  സിദ്ധരാമയ്യ ദേശഹള്ളി ചൂണ്ടിക്കാട്ടി. കരിക്ക്‌ തെങ്ങിൽ നിന്ന്‌ കുലയായി കെട്ടി ഇറക്കും. പിന്നെ സുരക്ഷിതമായി ലോറികളിലും കാളവണ്ടികളിലുമായി വിപണിയിൽ എത്തിക്കുന്നു. വിപണിയിൽ എത്തിയാൽ തരം തിരിക്കും. വലിപ്പവും ഗുണവും നോക്കിയാണ്‌ തരംതിരിവ്‌. ഇതാണ്‌ വില നിർണത്തിലെ പ്രധാന ഘടകം. അതനുസരിച്ച്‌ 10 മുതൽ 17 രൂപ വരെയൊക്കെ ഒരു കരിക്കിന്‌ കർഷകന്‌ വില ലഭിക്കും. 

അഞ്ചു വർഷം കൊണ്ട്‌ കരിക്കിന്റെ വില ഇരട്ടിയായി മാറിയെന്ന്‌ മാർക്കറ്റ്‌ കവാടത്തിനു പുറത്ത്‌ ചരക്കു കാത്ത്‌ നിന്ന വ്യാപാരിയായ സോമശേഖരൻ വിശദീകരിച്ചു. കഴിഞ്ഞ പത്തു വർഷമായി സോമശേഖരൻ കരിക്കു വ്യാപാര മേഖലയിൽ സജീവമാണ്‌. ദിവസം 30000 -40000 കരിക്കാണ്‌ അദ്ദേഹം മഡൂരിൽ നിന്ന്‌ മുംബൈ, ഹൈദരാബാദ്‌ തുടങ്ങിയ വൻ നഗരങ്ങളിലേയ്ക്ക്‌ കയറ്റി വിടുന്നത്‌

 ഇതൊക്കെയാണെങ്കിലും കച്ചവടക്കാർ തന്നെയാണ്‌ ഇപ്പോഴും വിപണി നിയന്ത്രിക്കുന്നത്‌. തെങ്ങിൽ നിന്ന്‌ ഒരു കരിക്ക്‌ വിപണി വരെ എത്തിക്കുന്നതിന്‌ കൃഷിക്കാരന്‌ 5-7 രുപവരെ ചെലവുണ്ട്‌. കർഷകരിൽനിന്ന്‌ 5- 9 വരെ രൂപ നൽകി ഇടനിലക്കാർ കരിക്ക്‌ വാങ്ങി 18-20 രൂപയ്ക്കാണ്‌ വിൽക്കുന്നത്‌. വലിയ ലാഭമാണ്‌ അവർ ഇതിലൂടെ നേടുക. പണിയെടുക്കുന്ന കർഷകന്‌ വലിയ മെച്ചമൊന്നും ഇപ്പോഴും ലഭിക്കുന്നില്ല - 1500 തെങ്ങുകളുള്ള നഞ്ച ഗൗഡർ കണക്കുകൾ നിരത്തി സംസാരിച്ചു. കർഷകനായ ജയരാമനും ഇതേ അഭിപ്രായം തന്നെ പറഞ്ഞു. ബാംഗളൂരിൽ ഒരു കരിക്കിന്‌ 20 -25 രൂപയ്ക്കും ഡൽഹിയിൽ 30 -35 രൂപയ്ക്കും വിൽപന നടത്തുമ്പോൾ ഇവിടെ കർഷകന്‌ ലഭിക്കുന്നത്‌ പരമാവധി പത്തു രൂപ. തന്റെ  കാളവണ്ടിയിൽ 400 കരിക്കുമായി മഡൂർ മാർക്കറ്റിൽ എത്തിയിരിക്കുകയാണ്‌ അദ്ദേഹവും. ലേലം വന്നാൽ ഈ നില മാറും എന്നാണ്‌ ജയരാമന്റെ അഭിപ്രായം. ഓരോ 45 ദിവസവും കൂടുമ്പോൾ അദ്ദേഹം മാർക്കറ്റിൽ നേരിട്ട്‌ എത്തുന്നു. തന്റെ തോട്ടത്തിലെ ആയിരവും ആയിരത്തി അഞ്ഞൂറും കരിക്കുകളുമായി.

കരിക്കിന്‌ ഏറ്റവും ഡിമാന്റുള്ളതും വില ലഭിക്കുന്നതും ഉത്സവ സീസണുകളിലാണ്‌. അതു മുന്നിൽ കണ്ട്‌ ഉത്സവ സീസണിൽ കച്ചവടക്കാർ ഒരു കരിക്കിന്‌ മൂന്നും അതിലധികവും രൂപ വില കൂട്ടി വിൽക്കും. ഇതിന്റെയൊന്നും പ്രയോജനം  കർഷകർക്ക്‌ ലഭിക്കില്ല. പലപ്പോഴും ഇടനിലക്കാർ നേരിട്ട്‌ തോട്ടങ്ങളിലെത്തി കുറഞ്ഞ വിലയ്ക്ക്‌ കർഷകരിൽ നിന്ന്‌ കരിക്ക്‌ കച്ചവടം ഉറപ്പിക്കും. ഇവർ ഇത്‌ മാർക്കറ്റിൽ എത്തിച്ച്‌ ലൈസൻസികളായ കച്ചവടക്കാർക്ക്‌ നല്ല വിലയക്ക്‌ മറിച്ച്‌ വിൽക്കും. ഈ കച്ചവടക്കാരാണ്‌ വിവിധ നഗരങ്ങളിലേയ്ക്ക്‌ ഓർഡറനുസരിച്ച്‌ കരിക്ക്‌ കയറ്റിവിടുന്നത്‌. ലേലം നടക്കാത്തതിനാൽ ലൈസൻസികളായ കച്ചവടക്കാർ നിശ്ചയിക്കുന്നതാണ്‌ വിപണി വില.  കച്ചവടക്കാരിൽ നിന്ന്‌ വിപണി അധികൃതർ 1.5 ശതമാനം ചുങ്കം ഈടാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1.65 കോടിയാണ്‌ ചുങ്കം ഇനത്തിൽ മഡൂർ മാർക്കറ്റിനു ലഭിച്ചതു. 

ഇടനിലക്കാരെ ഒഴിവാക്കാനാണ്‌ ശ്രമമെന്ന്‌ വിപണി സെക്രട്ടറി വേങ്കിടേശ്‌ റെഡ്ഡി  സൂചിപ്പിച്ചു. സ്ഥലപരിമിതിയാണ്‌ ഏറ്റവും വലിയ പ്രശ്നം. കരിക്ക്‌ ലേലം ചെയ്യണമെങ്കിൽ തരംതിരിക്കണം. അതിനു സ്ഥലം വേണം, മാത്വുമല്ല, തരം തിരിക്കാൻ കർഷകർക്ക്‌ താൽപര്യവുമില്ല. അതിനാലാണ്‌ നേരിട്ടുള്ള കച്ചവട സംവിധാനം തുടരുന്നത്‌ - റെഡ്ഡി തുടർന്നു. 

ആറ്‌ ഏക്കർ സ്ഥലത്താണ്‌ ഇപ്പോൾ മദൂർ മാർക്കറ്റ്‌ പ്രവർത്തിക്കുന്നത്‌. സ്ഥലസൗകര്യക്കുറവു മൂലം വാഹനങ്ങളിൽ കരിക്കുമായി വരുന്ന കർഷകർക്ക്‌ ചിലപ്പോൾ മണിക്കൂറുകളോളം  പ്രവേശനം കാത്ത്‌ ബാംഗളൂർ - മൈസൂർ ദേശിയപാതയോരത്ത്‌ നിൽക്കേണ്ടതായും വരുന്നു. ആധുനിക സൗകര്യങ്ങളോടെ വിപണി നവീകരിക്കുന്നതിന്‌ 25 ഏക്കർ സ്ഥലം മാണ്ഡ്യ ജില്ലാ ഭരണകൂടത്തോട്‌ വിപണിയുടെ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

എന്നാൽ ഇപ്പോൾ കച്ചവടം നടക്കുന്നത്‌ ലേലത്തിനു സമാനമായ രീതിയിലാണെന്നാണ്‌ വ്യാപാരിയായ ഫൈസുള്ള ഖാന്റെ വാദം. മാർക്കറ്റ്‌ ഗേറ്റിലെത്തുന്ന ചരക്കു വാഹനം പരിശോധിച്ച്‌ വ്യാപാരി ഒരു വില പറയുന്നു. കൃഷിക്കാരൻ സമ്മതമാണെങ്കിൽ കൊടുക്കാം. അതിന്‌ അയാൾക്കു സ്വാതന്ത്ര്യമുണ്ടല്ലോ.  ഖാൻ ചൂണ്ടിക്കാട്ടി.

വിപണിയിൽ കരിക്ക്‌ എത്തിക്കുന്നതിന്‌ ആവശ്യമായ വാഹനങ്ങൾ ഇല്ലാത്തത്താണ്‌ കർഷകർ നേരിടുന്ന ഒരു ബുദ്ധിമുട്ട്‌ എന്ന്‌ ചില കർഷകർ  പറഞ്ഞു. വൻകിട കച്ചവടക്കാർ കൃഷിക്കാരുമായി നേരിട്ട്‌ ബന്ധപ്പെടുന്നില്ല. അവർക്ക്‌ സ്വന്തമായി വ്യാപാര ശ്രുംഖലയുണ്ട്‌. അതിനാൽ തോട്ടത്തിലെത്തുന്ന ഇടനിലക്കാർക്ക്‌ ഞങ്ങൾ കരിക്ക്‌ വിൽക്കുന്നു. അവർ തുടർന്നു.

പതിനേഴ്‌ അംഗങ്ങളുള്ള  ഭരണസമിതിയാണ്‌ മാർക്കറ്റിന്റെ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്‌.  ഇതിൽ 11 പേരും കർഷകരുടെ പ്രതിനിധികളാണ്‌. മൂന്നു പോരെ ഗവണ്‍മന്റ്‌ നാമനിർദ്ദേശം ചെയ്യുന്നു. ബാക്കിയുള്ളവർ വ്യാപാരികളുടേയും കൃഷി വകുപ്പിന്റെയും പ്രതിനിധികളും. ബി. സവിതയാണ്‌ ഇപ്പോൾ ചെയർമാൻ. വേങ്കിടേശറെഡ്ഡി സെക്രട്ടറിയും. ഏറ്റവും അടുത്തുള്ള റെയിൽവേ  സ്റ്റേഷൻ നാലു കിലോമീറ്റർ അകലെയുള്ള ശിവപുരയാണ്‌.ഗാഞ്ചൻ ചുക്കി, ബാരച്ചുക്കി ജലപാതങ്ങളും, ഒരു ജലവൈദ്യുത പദ്ധതിയും മഡൂരിനടുത്തായി  സ്ഥിതിചെയ്യുന്നു.

മാർക്കറ്റിൽ രാവിലത്തെ കച്ചവടത്തിന്റെ വലിയ  തിരക്ക്‌ ഒഴിഞ്ഞു. എങ്കിലും കരിക്കുകളും കയറ്റി വാഹനങ്ങൾ വരികയും പോകുകയും ചെയ്യുന്നുണ്ട്‌. മഡൂർ കരിക്കു മാർക്കറ്റിലെ വെയിലിനു കാഠിന്യം കൂടി വരികയാണ്‌.  വ്യാപാരികളും ഇടപാടുകാരും ഇടയ്ക്ക്‌ ഓരോ ഇളനീർ വെട്ടികുടിച്ച്‌ ദാഹം തീർക്കുന്നു. 

മാർക്കറ്റ്‌ ഗേറ്റിനു വെളിയിൽ ജയരാമൻ അപ്പോഴും കാത്തു നിൽക്കുകയാണ്‌, കാളവണ്ടി നിറയെ കരിക്കുകളുമായി. എട്ടു രൂപ വില പറഞ്ഞതാണ്‌. ജയരാൻ സമ്മതിച്ചില്ല. ഒൻപതെങ്കിലും കിട്ടണം. ജയരാമന്റെ തോട്ടത്തിലെ നല്ല ആ  കരിക്കുകൾ വാങ്ങാൻ ഏതെങ്കിലും ഒരു വ്യാപാരി വരും, വരാതിരിക്കില്ല.

ഇളനീർ: ശീതളപാനീയ വിപണിയിലെ പുത്തൻ താരോദയം


ഡോ. ജോസ്‌ ജോസഫ്‌
പ്രോഫസർ & ഹെഡ്ഡ്‌, വിജ്ഞാന വ്യാപനവിഭാഗം, കേരള കാർഷിക സർവ്വകലാശാല, പടന്നക്കാട്‌

പ്രകൃതിയിൽ ലഭ്യമായതിൽ ഏറ്റവും ശുദ്ധ ആരോഗ്യപാനീയമായ ഇളനീർ ആഗോള ശീതളപാനീയ വിപണിയിൽ തരംഗമായി മാറുന്നു. ആരോഗ്യജീവിതത്തിന്‌ വേണ്ട എല്ലാം  അടങ്ങിയിട്ടുണ്ടെന്ന വിശ്വാസത്തിൽ ലോകം ഇളനീർ ഉൽപന്നങ്ങളുടെ പിന്നാലെ ഓടുകയാണ്‌. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ അമേരിക്കയിലേയും യൂറോപ്പിലേയും ശീതളപാനീയ വിപണിയിൽ ഇത്ര നേട്ടമൂണ്ടാക്കിയ മറ്റൊരു ആരോഗ്യപാനീയമില്ല. ശീതളപാനീയ വിപണിയിലെ അടുത്ത വലിയ സംഭവമെന്ന്‌ (next big thing) ഇളനീരിനെ ഭക്ഷ്യ-പോഷക വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നു. പഞ്ചസാരയും  രാസപദാർത്ഥങ്ങളും ചേർത്ത്‌ നിർമ്മിക്കുന്ന  പാനീയങ്ങളും സോഡകലർന്ന ശീതള പാനീയങ്ങളും മടുത്ത്‌ തുടങ്ങിയ പാശ്ചാത്യയുവത്വം ശുദ്ധമായ ഇളനീരിനെ വലിയ ആവേശത്തോടെയാണ്‌ സ്വീകരിക്കുന്നത്‌. സ്വഭാവികതയാണ്‌ (naturality) ഭക്ഷ്യവിപണിയിലെ ഏറ്റവും പുതിയ പ്രവണത. ഈ മാറ്റത്തിൽ നിന്നും ഏറ്റവും അധികം നേട്ടമുണ്ടാക്കുന്ന ആരോഗ്യപാനീയമാണ്‌ ഇളനീർ.

അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിന്റൽ (mintel) എന്ന മാർക്കറ്റിംഗ്‌ ഗവേഷണസ്ഥാപനം 2013-ൽ പുറത്തുവിട്ട റിപ്പോർട്ട്‌ പ്രകാരം ആഗോളശീതള പാനീയ വിപണിയിൽ അടുത്തകാലത്ത്‌ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഉൽപന്നം ഇളനീരാണ്‌. ഉൽപന്നങ്ങളുടെ വിൽപ്പനയിൽ മാത്രം നിൽക്കുന്നില്ല ഈ നേട്ടം. ഇളനീർ അധിഷ്ഠിത ഉൽപന്നങ്ങളുടെ വൈവിദ്ധ്യവത്ക്കരണത്തിലും വൻകുതിച്ചുകയറ്റമാണ്‌ അടുത്തകാലത്തുണ്ടായിരിക്കുന്നത്‌. 

45 കോടി അമേരിക്കൻ ഡോളറായിരുന്നു. 2011ൽ ഇളനീർ ഉൽപന്നങ്ങളുടെ ആഗോളവിപണി. പ്രതിവർഷം നാലുമുതൽ ആറു കോടിവരെ അമേരിക്കൻ ഡോളർ എന്ന നിരക്കിലാണ്‌ ആഗോള ഇളനീർ വിപണിയുടെ വളർച്ച. ഇന്നത്തെ ആവേശം നിലനിർത്താനായാൽ അടുത്ത്‌ തന്നെ ആഗോള ഇളനീർ വിപണി 100 കോടി ഡോളർ കടക്കും.

2010നും 2012നും ഇടയിൽ ആഗോളഇളനീർ വിപണി 168 ശതമാനം വളർച്ചനേടിയതായി മിന്റലിന്റെ പഠനം വ്യക്തമാക്കുന്നു. അതേസമയം ഇളനീർ ഉൽപന്നവൈവിദ്ധ്യവൽക്കരണത്തിൽ 2008 നും 2012നും ഇടയിൽ 540 ശതമാനത്തിന്റെ വളർച്ചയുണ്ടായി. അമേരിക്കയിലേയും യൂറോപ്പിലേയും വിപണികളിലാണ്‌ ഏറ്റവുമധികം പുതിയ ഇളനീർ ഉൽപന്നങ്ങൾ എത്തിയത്‌. അമേരിക്കയിലെ ഇളനീർ ഉൽപന്ന വിപണിയുടെ വളർച്ച പ്രതിവർഷം 100 ശതമാനം എന്ന നിരക്കിലാണ്‌. കൊഴുപ്പില്ലാത്ത അല്ലെങ്കിൽ കുറഞ്ഞ അളവിൽ മാത്രമുള്ള പാനീയം, അലർജിക്ക്‌ കാരണമാകുന്ന വസ്തുക്കളുടെ അഭാവം, സ്വഭാവിക പാനീയം, പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്‌ എന്നിവയാണ്‌ ഇളനീരിനെ ഉപഭോക്താക്കൾ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളെന്ന്‌ മിന്റലിന്റെ മാർക്കറ്റ്‌ സർവ്വേ വ്യക്തമാക്കുന്നു.

250ലേറെ കമ്പനികളാണ്‌ ഇളനീർ സംസ്ക്കരണ വിതരണ വ്യവസായവുമായി ബന്ധപ്പെട്ട്‌ ഇപ്പോൾ ആഗോളവിപണിയിൽ സജീവമായി  പ്രവർത്തിക്കുന്നത്‌. വലിയ അവസരം ഈ രംഗത്ത്‌  മുന്നിൽ കണ്ടുകൊണ്ട്‌ പെപ്സി, കൊക്കകോള, നെസ്റ്റ്ലെ തുടങ്ങിയ വമ്പൻ ബഹുരാഷ്ട്ര കമ്പനികൾ ഇളനീർ വിപണനരംഗത്തേക്ക്‌ കടന്നുവന്നിട്ടുണ്ട്‌. 2004 മുതലാണ്‌ ആഗോള ഇളനീർ വിപണി സജീവമായിത്തുടങ്ങിയത്‌. 2006-ഓടെ ഇളനീർ ഉൽപന്നങ്ങൾ ആഗോളബ്രാൻഡിംഗോടെ വിപണിയിൽ എത്തിത്തുടങ്ങി. കഴിഞ്ഞ അഞ്ച്‌ വർഷങ്ങൾ ആഗോള ഇളനീർ വിപണിക്ക്‌ വൻവളർച്ചയുടെ കാലഘട്ടമായിരുന്നു. അമേരിക്കയിലേയും യൂറോപ്പിലേയും പരമ്പരാഗത വമ്പൻ കമ്പനികൾക്കൊപ്പം പുതിയ കമ്പനികളും ഈ മേഖലയിലേക്ക്‌ കടന്നുവരുന്നത്‌ വരും വർഷങ്ങളിൽ ആഗോളഇളനീർ വിപണിയെ കൂടുതൽ മത്സരക്ഷമമാക്കും. അമേരിക്കയിലേയും യൂറോപ്പിലേയും വിപണികളിൽ നിന്നും ഏറെ അകലെയുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലാണ്‌ നാളികേര കൃഷിയെന്നതിനാൽ ഈ രാജ്യങ്ങൾക്കും വളർന്ന്‌ വരുന്ന ഇളനീർ വിപണി വലിയ അനുഗ്രഹമാണ്‌. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, തായ്‌ലന്റ്‌, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ ഈ മുന്നേറ്റത്തിൽ നിന്നും വലിയ നേട്ടം കൊയ്തുകഴിഞ്ഞു. 2012ൽ ഫിലിപ്പീൻസിന്റെ ഇളനീർ വിപണി തൊട്ടുതലേവർഷത്തേക്കാൾ 300 ശതമാനം വളർച്ചയാണ്‌ കാഴ്ച്ചവെച്ചതു. 20 ദശലക്ഷം ഡോളറാണ്‌ ഫിലിപ്പീൻസിന്റെ ഇപ്പോഴത്തെ വാർഷിക ഇളനീർ വിപണി. കയറ്റുമതിയുടെ 75 ശതമാനവും അമേരിക്കയിലേക്കാണ്‌.  അടുത്തകാലത്ത്‌ കൊക്കകോള ഏറ്റെടുത്ത അമേരിക്കയിലെ പ്രമുഖ ഇളനീർ കമ്പനിയായസികോ (​zico) ടെട്രാപായ്ക്കുകളിലുള്ള ഇളനീർ ഫിലിപ്പീൻസിൽ നിന്നും വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്‌. അമേരിക്ക, യൂറോപ്പ്‌. ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇളനീർ കയറ്റുമതി ഏറ്റവും വലിയ സാമ്പത്തിക വികസന സാദ്ധ്യതയായി ഫിലിപ്പീൻസ്‌ കാണുന്നു, അതുകൊണ്ട്‌ അടുത്തയിടെ രാഷ്ട്രത്തോട്‌ നടത്തിയ ഒരു പ്രഭാഷണത്തിൽ ഫിലിപ്പീൻസിന്റെ ഏറ്റവും വികസന സാദ്ധ്യതയുള്ള കയറ്റുമതി ഉൽപന്നമായി ഇളനീരിനെ വിശേഷിപ്പിച്ചതു. 

അമേരിക്കയിലേയും യൂറോപ്പിലേയും വിപണികളിൽ ഇപ്പോൾ പ്രചാരത്തിലുള്ള ആരോഗ്യപാനീയങ്ങളും 'സ്പോർട്ട്സ്‌ ഡ്രിങ്ക്സ്‌' വിഭാഗത്തിലെ പാനീയങ്ങളുമെല്ലാം കൃത്രിമരാസവസ്തുക്കൾ വിവിധ അളവുകളിൽ കൂട്ടിച്ചേർത്ത മിശ്രിതം മാത്രമായിട്ടാണ്‌ ഉപഭോക്താക്കൾ കരുതുന്നത്‌. ഇതിൽ നിന്നുള്ള വിശ്വസിക്കാവുന്ന മോചനമായി അവർ ഇളനീരിനെക്കാണുന്നു. അതുകൊണ്ടാണ്‌ വെളിച്ചെണ്ണയും മറ്റ്‌ നാളികേരോൽപന്നങ്ങളും നേടാത്ത വളർച്ച ഇളനീർ ഉൽപന്നങ്ങൾക്ക്‌ ലഭിച്ചതു. ശീതളപാനീയം എന്നതിലപ്പുറം  ആരോഗ്യപാനീയം എന്ന നിലയിലാണ്‌ വിദേശവിപണിയിൽ ഇളനീരിന്റേയും ഇളനീർ ഉൽപന്നങ്ങളുടേയും സ്വീകാര്യത. ഇന്ത്യയിൽ പണ്ടുമുതലേ വിവിധ ആയുർവ്വേദ ഔഷധങ്ങളുടെ നിർമ്മാണത്തിന്‌ ഉപയോഗിച്ചിരുന്ന ഇളനീരിന്റെ ഔഷധഗുണങ്ങളും ആരോഗ്യദായകഫലങ്ങളും മുൻനിർത്തിയാണ്‌ വിദേശവിപണികളിൽ ഇളനീരിന്റെ വിപണനം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്‌ തടയാനും നഷ്ടപ്പെട്ട ജലാംശംതിരിച്ചെടുക്കുന്നതിനുമുള്ള ഏറ്റവും ഉത്തമമായ പാനീയമാണ്‌ ഇളനീർ. കായിക താരങ്ങൾക്കും പോപ്ഗായകർക്കും  ദിവസവും വ്യായാമത്തിലേർപ്പെടുന്നവർക്കുമെല്ലാം ഫിസിക്കൽ ഫിറ്റ്നസ്‌ നിലനിർത്താൻ അനുയോജ്യമായ ജലീകരണ (hydration) പാനീയം എന്ന നിലയിലാണ്‌ ഇതിന്റെ ഏറ്റവും വലിയ വിപണനം. തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത്‌ ഉത്തമ ആരോഗ്യപാനീയമാണ്‌. 

അമേരിക്കയിലെ പ്രമുഖ ബ്രാൻഡായ വിറ്റാകൊക്കോ (Vita Coco) ഇളനീർ ഉൽപന്നങ്ങളെ വേഗത്തിൽ ജലീകരണം (hydration) നടത്തുന്ന ഉത്തമ സ്പോർട്ട്സ്‌ ഡ്രിങ്കായി പ്രചരിപ്പിക്കാൻ പ്രശസ്ത വ്യക്തികളെ ഉപയോഗിച്ച്‌ വൻപ്രചരണ പരിപാടികളാണ്‌ അഴിച്ചുവിട്ടിരിക്കുന്നത്‌. മഡോണ, റിഹാന, ലേഡിഗാഗ, ഡെമിലൂർ, ജേശിക്കാസിംസൺ, സ്റ്റീഫൻ മേയർ, മാത്യു മക്‌ കോണ്ടഗ്ഗി തുടങ്ങിയ പ്രമുഖരെല്ലാം വിറ്റകൊക്കോയുടെ ഇളനീർ ഉൽപന്നങ്ങളെ പ്രകീർത്തിക്കുന്ന പരസ്യപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്‌. ഇളനീർ വിപണിയിൽ പ്രതീക്ഷയർപ്പിച്ച്‌ പോപ്ഗായിക മഡോണ വീറ്റാ കൊക്കോ കമ്പനിയിൽ അടുത്തകാലത്ത്‌ വൻനിക്ഷേപം നടത്തുകയും ചെയ്തു. വൻപരസ്യങ്ങളിലൂടെ 'സെലിബ്രിറ്റി'കൾ ഇളനീരിന്‌ നിരന്തരം നൽകി വരുന്ന പൈന്തുണയാണ്‌ ഇതിന്റെ വിപണി അമേരിക്കയിൽ പെട്ടെന്ന്‌ കുതിച്ചുയരാനുണ്ടായ കാരണങ്ങളിലൊന്ന്‌.

പ്രകൃതിയിൽ നിന്നുള്ള സ്വഭാവിക ജൈവ ഉൽപന്നങ്ങൾക്ക്‌ അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിൽ വൻഡിമാൻഡുണ്ട്‌. ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഏതെങ്കിലും ജൈവഉൽപന്നങ്ങൾ പരീക്ഷിച്ചു നോക്കുന്നവരായിരിക്കും. സ്വഭാവിക ജൈവ ഉൽപന്നങ്ങളുടെ അനുദിനം വളരുന്ന വിപണിയാണ്‌ ഇളനീരിന്റെ ശക്തി. ജൈവോൽപന്നങ്ങൾ സ്ഥിരമായി വിൽക്കുന്നവരുടെ ഇഷ്ടപാനീയമായി ഇളനീർ മാറിക്കഴിഞ്ഞു. കായിക താരങ്ങൾക്ക്‌ ഉന്മേഷം പകരുന്ന സ്പോർട്ട്സ്‌ ഡ്രിങ്കുകൾക്കും വൈറ്റമിനുകൾ ചേർത്ത്‌ സമ്പുഷ്ടമാക്കിയ കുടിവെള്ളത്തിനുമെല്ലാം സുസ്ഥിരമായ വിപണി നിലവിലുണ്ട്‌. ഈ വിപണിയിലും ഏറ്റവും സ്വഭാവികമായ ഉൽപന്നമെന്ന നിലയിൽ ഇളനീർ സ്ഥാനം നേടിക്കഴിഞ്ഞു. ജലീകരണം മാത്രമല്ല മറ്റ്‌ മേന്മകളുടെ പേരിലും ഇളനീരിന്റെ ആഗോളഡിമാന്റ്‌ കൂടിവരികയാണ്‌. രക്തത്തിലെ ധാതുലവണങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന ആരോഗ്യപാനീയമാണ്‌ ഇളനീർ. ശരീരത്തിൽ നിർജ്ജലീകരണമുണ്ടായാൽ (dehydration) പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കളും വൻതോതിൽ നഷ്ടപ്പെടും.  ഇത്‌ പരിഹരിക്കാനും വിളർച്ച മാറ്റാനും ഇളനീർ ഉത്തമ പാനീയമാണ്‌. കാത്സ്യം, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ മനുഷ്യരക്തത്തിലുള്ള അതേഅളവിൽ കാണപ്പെടുന്ന ഐസോടോണിക്കാണ്‌  ഇളനീർ. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന പൊട്ടാസ്യം ഒരു വാഴപ്പഴത്തിലോ ഒരു ഗ്ലാസ്സ്‌ ഓറഞ്ച്‌ നീരിലോ ഉള്ള അതേ അളവിൽ ഇളനീരിലുമുണ്ട്‌. കായികതാരങ്ങളും ഫിറ്റ്നെസ്സ്‌ ഭ്രാന്തന്മാരും വൻതോതിൽ ഇളനീരിലേക്ക്‌ മാറുന്നത്‌ ഇതിൽ കൂടിയ അളവിൽ പൊട്ടാസ്യവും മറ്റ്‌ ധാതുക്കളും അടങ്ങിയിട്ടുള്ളതിനാലാണ്‌. ബ്രസീലിൽ ഏറ്റവുമധികം വിൽക്കപ്പെട്ടിരുന്ന ഓറഞ്ച്‌ ജ്യൂസിനേയും മറികടന്നുകൊണ്ടാണ്‌ ഇളനീർ ഉൽപന്നങ്ങളുടെ വിൽപ്പന. ഇന്നത്തെ രീതിയിൽ മുന്നേറിയാൽ സമീപഭാവിയിൽതന്നെ അമേരിക്കയിലും ഓറഞ്ച്‌ ജ്യൂസിന്റെ വിൽപ്പനയെ ഇളനീർ മറികടക്കും.

'സൂപ്പർഫുഡ്‌' അഥവാ 'സൂപ്പർഡ്രിങ്ക്‌'  എന്ന വിഭാഗത്തിൽപ്പെടുത്തിയാണ്‌ ചില വിപണികളിൽ ഇളനീർ ഉൽപന്നങ്ങളുടെ വിൽപ്പന. 'സൂപ്പർഡ്രിങ്ക്‌' എന്ന ഒറ്റവിശേഷണം മാത്രം മതി ഉൽപന്നങ്ങളുടെ വിൽപ്പന പത്തിരട്ടയിൽ അധികമാവാൻ. വ്യക്തികളുടെ പോഷകാവശ്യങ്ങൾക്ക്‌ അനുസൃതമായി ഉയർന്ന അളവിൽ അവശ്യം വേണ്ട ധാതുലവണങ്ങളെ പ്രദാനം ചെയ്യുന്ന പാനീയങ്ങളെയാണ്‌ 'സുപ്പർ ഡ്രിങ്ക്‌' എന്ന്‌ വിളിക്കുന്നത്‌. ഇന്ത്യയിൽ ഇളനീരിന്റെ ഔഷധഗുണങ്ങളെക്കുറിച്ച്‌ വളരെമുമ്പ്‌ തന്നെ നമുക്കറിവുണ്ടായിരുന്നു. ഈ മേന്മകളെല്ലാം വിപണനതന്ത്രങ്ങളായി പയറ്റുകയാണ്‌ ആഗോള ഇളനീർ കമ്പനികൾ. സൂക്ഷിച്ചു വെക്കുന്നതിന്‌ രാസവസ്തുക്കളൊന്നും ചേർക്കാത്ത (​preservative), കൊളസ്ട്രോളില്ലാത്ത, പഴച്ചാറുകളെക്കാൾ പഞ്ചസാരയും ഊർജ്ജവും കുറഞ്ഞ 'ലോ കലോറി' ഫുഡ്‌ എന്ന വിശേഷണത്തോടെയാണ്‌ ഇളനീരിന്റെ വിപണനം. പണക്കാർക്ക്‌ കുപ്പിവെള്ളത്തിന്‌ പകരം വാങ്ങാവുന്ന രുചികരമായ പാനീയമായും ഇളനീർ വിപണനം ചെയ്യപ്പെടുന്നു.

ആർജിനിൻ, അലനിൻ, സിസ്റ്റിൻ എന്നീ അമിനോ അമ്ലങ്ങൾ പശുവിൻ പാലിൽ ഉള്ളതിലും കൂടുതലായി ഇളനീരിലുണ്ട്‌. പക്ഷാഘാതം, ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ എന്നിവയെ തടയുന്ന ഇളനീർ, കോശങ്ങളിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിക്കുന്നു. മൂത്രസഞ്ചിയിലേയും വൃക്കകളിലേയും കല്ല്‌ നീക്കം ചെയ്യുന്നതിനും ഇളനീർ സഹായകമാണ്‌. വിഷവസ്തുക്കളെ നീക്കി അന്നനാളം ശുദ്ധമാക്കാനും മൂത്രാശയ രോഗങ്ങളെ അകറ്റാനും ഇളനീർ ഉപയോഗിക്കാം. ഇളനീരിന്റെ സ്ഥിരമായ ഉപയോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. പ്രമേഹ രോഗികൾക്കും ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന ആരോഗ്യപാനീയമാണ്‌ ഇളനീർ. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) ശരിയായി നടക്കാൻ ഇളനീർ സ്ഥിരമായി കഴിച്ചാൽ മതി. വൈറൽ രോഗങ്ങളെ ഇളനീർ തടയും. യുവത്വം നിലനിർത്തും. കാൻസറിനെ പ്രതിരോധിക്കും. ഉയർന്ന അളവിലുള്ള പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ശരീര ഭാരം കുറക്കുന്നതിനെ സഹായിക്കും. ഇളനീരിലെ ആന്റി ഓക്സിഡന്റ്സ്‌ ആരോഗ്യത്തെ സംരക്ഷിച്ചു നിർത്തുന്നു. ബാക്ടീരിയ, കുമിൾ രോഗങ്ങൾക്കെതിരെയും ഇളനീർ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇളനീരിലെ ലോറിക്‌ ആസിഡ്‌ സാന്നിദ്ധ്യ മാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. രക്ത സമ്മർദ്ദം കുറയ്ക്കുന്നതിനും ഇളനീർ സ്ഥിരമായി കുടിച്ചാൽ മതി. മദ്യപാനം, പുകവലി തുടങ്ങിയവ കൊണ്ടുണ്ടാകുന്ന ദോഷങ്ങളും ഇളനീർ തടയും. ഉപയോഗിക്കുന്ന ഔഷധങ്ങളുടെ കാര്യക്ഷമത ഇളനീർ വർദ്ധിപ്പിക്കുന്നു.

 ഇങ്ങനെ അസംഖ്യം ഗുണങ്ങളുള്ള, എല്ലാം തികഞ്ഞ  ആരോഗ്യപാനീയമായിട്ടാണ്‌ ഇളനീരിന്റെ വിപണനം. യഥാർത്ഥ തെളിവില്ലാതെ പരസ്യം നൽകുന്നത്‌ ശിക്ഷാർഹമായതിനാൽ ചില അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെട്ടേക്കാം. എന്നാൽ ഇളനീർ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക്‌ ഇതെല്ലാം രണ്ടാമതേ വരുന്നുള്ളൂ. സെലിബ്രിറ്റികളുടെ പരസ്യത്തിലൂടെയുള്ള പൈന്തുണയാണ്‌ ഇളനീർ ഉൽപന്നങ്ങളുടെ വിപണിയെ സ്വാധീനിക്കുന്ന ഒന്നാമത്തെ ഘടകം. സെലിബ്രിറ്റി അംഗീകാരമുണ്ടെങ്കിൽ മറ്റെന്തും പൈന്തള്ളപ്പെടും. പാശ്ചാത്യ രാജ്യങ്ങളിലെ ഇളനീർ ഉപഭോക്താക്കൾ പ്രധാനമായും അഞ്ചു വിഭാഗങ്ങളിൽ പെടുന്നു. ആരോഗ്യത്തെക്കുറിച്ച്‌ കൂടുതൽ ഉത്ക്കണ്ഠപ്പെടുന്നവരും ജൈവ ഉൽപന്നങ്ങളുടെ സ്ഥിരം ഉപഭോക്താക്കളുമായ സമ്പന്നരും മധ്യവർഗ്ഗക്കാരും ഉൾപ്പെടുന്നതാണ്‌ ഒന്നാമത്തെ വിഭാഗം. ഉന്മേഷം വീണ്ടെടുക്കുന്നതിനും ശരീരത്തിന്റെ സ്വാഭാവിക ഊർജ്ജം നിലനിർത്തുന്നതിനും സ്ഥിരമായി ഊർജ്ജപാനീയങ്ങൾ (energy drinks) വാങ്ങുന്നവരാണ്‌ ഇളനീരിന്റെ രണ്ടാമത്തെ വിഭാഗം ഉപഭോക്താക്കൾ. കുറഞ്ഞ കൊഴുപ്പ്‌, കുറഞ്ഞ കൊളസ്ടോൾ, കുറഞ്ഞ കലോറി തുടങ്ങിയ കാരണങ്ങളാൽ ഇളനീർ വാങ്ങുന്നവരാണ്‌ മൂന്നാമത്തെ വിഭാഗം. ഒരു ലൈഫ്‌ സ്റ്റെൽ ഉൽപന്നം എന്ന നിലയിൽ ഇളനീർ വാങ്ങാൻ ഇഷ്ടപ്പെടുന്നവരാണ്‌ നാലാമത്തെ വിഭാഗം. ഗോത്രപരമായി ഇളനീർ ദിവസവും ഉപയോഗിച്ച പാരമ്പര്യമുള്ളവരാണ്‌ ഇളനീർ വിപണിയിലെ അഞ്ചാമത്തെ വിഭാഗം ഉപഭോക്താക്കൾ. തെങ്ങു കൃഷി ധാരാളമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ജനിക്കുകയും പിന്നീട്‌ വിദേശരാജ്യങ്ങളിലേയ്ക്ക്‌ കുടിയേറുകയും ചെയ്തവരാണിവർ. ഇളനീർ ഉപഭോഗം ഇവർക്ക്‌ ഗൃഹാതുരത്വമുണർത്തുന്ന ഒരു ഓർമ്മയാണ്‌. 

വനിതകളാണ്‌ പുരുഷന്മാരേക്കാൾ കൂടുതൽ ഇളനീർ അമേരിക്കയിൽ ഉപയോഗിക്കുന്നതെന്ന്‌ ചില പഠനങ്ങൾ കാണിക്കുന്നു. 25-നും 29-നും ഇടയിൽ വയസ്സുള്ളവരാണ്‌ ഏറ്റവും കൂടുതൽ ഇളനീർ ഉപയോഗിക്കുന്നത്‌. ഇളനീർ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ഓരോ വിഭാഗങ്ങൾക്കുമുള്ള പ്രത്യേക ഉൽപന്നങ്ങൾ കമ്പനികൾ പുറത്തിറക്കുന്നു. പ്രായത്തിന്റെയും അഭിരുചിയുടെയും ലൈഫ്സ്റ്റൈലിന്റെയും അടിസ്ഥാനത്തിലുള്ള വർഗീകരണം (segmentation), വളർന്നു വരുന്ന ഇളനീർ വിപണിയുടെ പ്രത്യേകതയാണ്‌. നൈതിക വ്യാപാരത്തിന്റെ മാനം നൽകാൻ 'ഓർഗാനിക്‌', ന്യായ വ്യാപാരം (Fair trade), പഞ്ചസാര ചേർക്കാത്തത്‌ (​no added sugar), പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്‌ തുടങ്ങിയ ലേബലുകളും കമ്പനികൾ ഉപയോഗിക്കുന്നു.

ഉപഭോക്താക്കളെ വിവിധ സേഗ്‌മന്റുകളായി തിരിച്ചുള്ള വിപണന തന്ത്രത്തിൽ പ്രമുഖ ഇളനീർ ബ്രാൻഡായ വിറ്റാ കൊക്കൊ പോപ്താരങ്ങളെ ഉപയോഗിച്ചു പരസ്യം നൽകുമ്പോൾ, സികോയുടെ പരസ്യം കായികതാരങ്ങളെ ഉപയോഗിച്ചാണ്‌. വിറ്റാ കൊക്കോ ആരോഗ്യ പാനീയമായും സികോ സ്പോർട്ട്സ്‌ ഡ്രിങ്കായും ഇളനീർ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വിവിധ പ്രായ വിഭാഗങ്ങൾക്ക്‌ വേണ്ടിയുള്ള ഉൽപന്നങ്ങളാണ്‌ ആഗോള ഇളനീർ വിപണിയിലെ പുതിയ പ്രവണത. വൺ കമ്പനി (O.N.E-One Natural Experience) കുട്ടികൾക്കുവേണ്ടി അഞ്ചു വിഭിന്ന രുചിഭേദങ്ങളിലുള്ള ഇളനീർ ഉൽപന്നങ്ങൾ വൺ കിഡ്സ്‌ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്‌. വിറ്റാ കൊക്കോ കമ്പനിക്കുമുണ്ട്‌ കുട്ടികൾക്കു വേണ്ടിയുള്ള ഇളനീർ ഉൽപന്നങ്ങൾ. വിറ്റാ കൊക്കോ കിഡ്സ്‌ എന്ന ഉൽപന്നം രണ്ടു മുതൽ എട്ടു വയസ്സുവരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്‌. നെസ്റ്റ്ലെ കമ്പനിയുടെ ഫ്രോസൺ കോക്കനട്ട്‌ ഫ്രൂട്ട്ബാർ എന്ന ഉൽപന്നവും കുട്ടികൾക്കു വേണ്ടി ഇളനീരിൽ നിന്നും തയ്യാറാക്കിയതാണ്‌. ഇളനീർ വിപണി വളരുന്നതോടെ കുട്ടികൾക്കൊപ്പം മറ്റ്‌ പ്രായ വിഭാഗങ്ങളിലുള്ളവർക്കും ഗർഭിണികൾ, പ്രമേഹരോഗികൾ തുടങ്ങിയവർക്കും വേണ്ടിയുള്ള ഇളനീർ ഉൽപന്നങ്ങളും പ്രതീക്ഷിക്കാം.

ഇളനീരിന്റെ രുചിയും ഗന്ധവും ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിനെങ്കിലും അപ്രിയകരമായതിനാൽ പുതുരുചിയും ഗന്ധവും ചേർത്ത്‌ പുതിയ ഇളനീർ ഉൽപന്നങ്ങളും ധാരാളമായി വിപണിയിലെത്തുന്നുണ്ട്‌. നാരങ്ങ, ഓറഞ്ച്‌, പൈനാപ്പിൾ, മാമ്പഴം, പേരക്ക, മാതളം, ചോക്കളേറ്റ്‌, പാഷൻ ഫ്രൂട്ട്‌, ആൽമണ്ട്‌, റാസ്പ്ബെറി, പീച്ച്‌, വാനില തുടങ്ങിയവയാണ്‌ ഇളനീരിന്‌ പുതിയ രുചിയും ഗന്ധവും പകരുന്നത്‌. പുതിയ രുചികളോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആസക്തിയെ തൃപ്തിപ്പെടുത്താൻ വിവിധ കമ്പനികൾ സുഗന്ധവും രുചിയും മാറ്റിയ ഇളനീർ ഉൽപന്നങ്ങൾ തയ്യാറാക്കുന്ന പരീക്ഷണത്തിലാണ്‌. എന്നാൽ ഇളനീർ ഉൽപന്ന വൈവിധ്യവൽക്കരണം ഇതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. വൈറ്റമിനുകൾ, ധാതുലവണങ്ങൾ, കാപ്പി തുടങ്ങിയവയുമായി കൂട്ടിച്ചേർത്ത്‌ സമ്പുഷ്ടമാക്കിയ ഇളനീരാണ്‌ രണ്ടാം ഘട്ടത്തിൽ നടക്കുന്ന ഉൽപന്ന വൈവിധ്യ വൽക്കരണം. ജിഎൻസി  കമ്പനിയുടെ ഫിനോം  എന്ന ഇളനീർ ഉൽപന്നം ധാതുലവണങ്ങളും വൈറ്റാമിനുകളും കൂട്ടിച്ചേർത്ത്‌ സമ്പുഷ്ടമാക്കിയതാണ്‌. വിറ്റാ കൊക്കൊ കമ്പനിയുടെ വിറ്റാ കൊക്കൊ കഫേ എന്ന ഉൽപന്നം ഇളനീരിൽ കാപ്പി ചേർത്ത്‌ തയ്യാറാക്കിയതാണ്‌. അമേരിക്കയിലും കാനഡയിലും മാവറിക്‌ ബ്രാൻഡ്സ്‌  എന്ന കമ്പനി വിറ്റഴിക്കുന്ന കൊക്കോ വിബ്രെ പ്രോട്ടീൻ കോക്കനട്ട്‌ വാട്ടർ എന്ന ഉൽപന്നത്തിൽ 20 ഗ്രാം പ്രോട്ടീനും 22 -ഓളം വൈറ്റാമിനുകളും ധാതുലവണങ്ങളും അധികമായി ചേർത്ത്‌ സമ്പുഷ്ടീകരിച്ചിരിക്കുന്നു (fortified). പ്രത്യേകം വിഭാഗങ്ങളെ ലക്ഷ്യം വെക്കുന്നതോടൊപ്പം കൂടുതൽ രുചിയും സുഗന്ധവും പകരുകയും പോഷകങ്ങൾ കൊണ്ട്‌ സമ്പുഷ്ടമാക്കുകയും ചെയ്ത ഉൽപന്നങ്ങൾ വിപണിയിലിറക്കുകയും ചെയ്യുക എന്നതാണ്‌ ഇളനീർ ഉൽപന്ന വിപണിയിലെ ഏറ്റവും പുതിയ തന്ത്രം.

ഉഷ്ണ മേഖലയിൽ നാളികേരം കൃഷിചെയ്യുന്ന രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഇളനീർ ഒരു ആഗോള വിപണന ട്രെൻഡായി മാറിയെന്നതാണ്‌ നാളികേര ഉൽപന്ന വിപണിയിലെ ഏറ്റവും പുതിയ സംഭവ വികാസം. 
നീരയോ വിർജിൻ വെളിച്ചെണ്ണയോ ഒന്നുമല്ല ഇളനീരാണ്‌ ഇന്ന്‌ നാളികേര ഉൽപന്ന വിപണിയിലെ താരം. അമേരിക്ക, കാനഡ, ലാറ്റിൻ അമേരിക്ക, ചൈന, റക്ഷ്യ, ആസ്ട്രേലിയ, പടിഞ്ഞാറൻ യൂറോപ്പ്‌ എന്നിവിടങ്ങളിലെല്ലാം ഇളനീരിന്‌ അതിവേഗം വളരുന്ന  അന്താരാഷ്ട്ര വിപണിയുണ്ട്‌. യൂറോപ്യൻ വിപണിയിൽ താരതമ്യേന  നവാഗത വിഭവമാണെങ്കിലും ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ്‌, സ്പെയിൻ, നെതർലന്റ്സ്‌ തുടങ്ങിയ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലും സ്ക്കാൻഡിനേവിയൻ രാജ്യങ്ങളിലും ഇളനീർ ഉൽപന്നങ്ങൾക്ക്‌ അടുത്തകാലത്ത്‌ വൻതോതിൽ ഡിമാന്റ്‌ കൂടിയിട്ടുണ്ട്‌. ഈ രാജ്യങ്ങളിലൊന്നും നാളികേര ഉത്പാദനമില്ലാത്തതിനാൽ കോൺസേൻട്രേറ്റ്‌, ഫ്രീസ്‌ ഡ്രൈഡ്‌ ഫോം  തുടങ്ങിയ രൂപങ്ങളിൽ ഇളനീർ ഇവിടങ്ങളിലേക്ക്‌ കൊണ്ടുവരണം. ഇളനീർ ഉൽപന്ന കയറ്റുമതിയിലുള്ള ഈ പുതിയ അവസരം ഏറ്റവും കൂടുതൽ മുതലെടുത്തിരിക്കുന്നത്‌ ഫിലിപ്പൈൻസാണ്‌. എന്നാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ നാളികേര ഉത്പാദക രാജ്യമായ ഇന്ത്യയുടെ സ്ഥിതിയോ?

തനതായ  ശീതളപാനീയമെന്ന നിലയിലും വൈവിധ്യമാർന്ന രുചിഭേദങ്ങളിലുള്ള ഇളനീർ അധിഷ്ഠിത ശീതള പാനീയം എന്നനിലയിലും ഇളനീരിന്റെ പ്രചാരം നമ്മുടെ നാട്ടിൽ പരിമിതമാണ്‌. വഴിയോരങ്ങളിലെ ചെറുകിട കച്ചവടക്കാരുടെ ഉപജീവന മാർഗ്ഗം എന്നതിനപ്പുറം ആസൂത്രിതമായ വൻകിട ഇളനീർ ബ്രാൻഡുകൾ ഇന്ത്യയിൽ ഇനിയും വികസിപ്പിച്ചിട്ടില്ല. ഇളനീരിന്റെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിപണിയിലെ അവസരങ്ങൾ മുതലാക്കണമെങ്കിൽ ഇളനീർ അധിഷ്ഠിത ഉൽപന്ന വൈവിധ്യവൽക്കരണം വൻവ്യവസായമായി ഇവിടെ വളർന്നു വരണം. ഉപഭോക്താക്കളുടെ അഭിരുചി മാറി വരുന്നതിനാൽ നേരിട്ടുള്ള ഉപയോഗത്തെക്കാൾ സംസ്ക്കരിച്ച്‌ പാക്കറ്റുകളിലോ കുപ്പികളിലോ വിപണനം ചെയ്യുന്ന ഇളനീരിനായിരിക്കും ഭാവിയിൽ കൂടുതൽ ഡിമാന്റ്‌. ശീതീകരിച്ചു സൂക്ഷിച്ചാൽ പോലും ഇളനീരിന്റെ സ്വാഭാവിക മേന്മ ഒന്ന്‌ - ഒന്നര ദിവസത്തിനുള്ളിൽ നഷ്ടപ്പെടും. തൊണ്ട്‌ നീക്കിയ കരിക്ക്‌ 0.05 ശതമാനം സിട്രിക്‌ ആസിഡും 0.05 ശതമാനം സോഡിയം മെറ്റാ ബൈ സൾഫേറ്റും ചേർന്ന ലായനിയിൽ മൂന്നുമിനിറ്റ്‌ മുക്കിയതിനു ശേഷം 5-7 ഡിഗ്രി സെൽഷ്യസ്‌ താപനിലയിൽ 24 ദിവസം വരെ കേടുകൂടാതെ സൂക്ഷിച്ചു വെക്കാം. കരിക്ക്‌ ദൂരദേശങ്ങളിൽ കൊണ്ടുപോയി വിപണനം നടത്താൻ കേരള കാർഷിക സർവ്വകലാശാലയുടെ ഈ സാങ്കേതിക വിദ്യ സഹായിക്കും. പൗച്ചുകളിലോ അലൂമിനിയം കാണുകളിലോ സാധാരണ അന്തരീക്ഷ താപനിലയിൽ തന്നെ കരിക്ക്‌ ആറുമാസം വരെ സൂക്ഷിച്ചു വെക്കാനുള്ള സാങ്കേതികവിദ്യ നാളികേര വികസന ബോർഡും മൈസൂറിലെ ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലാബറട്ടറിയും ചേർന്ന്‌ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ശീതികരിച്ച്‌ ഒരു വർഷം വരെയും കേടുകൂടാതെ സൂക്ഷിക്കാം. ഏഴെട്ടുമാസം മൂപ്പുള്ള കരിക്ക്‌ തൊണ്ടും ചിരട്ടയും നീക്കി ബോൾ ആകൃതിയിൽ സൂക്ഷിക്കുന്നതാണ്‌ സ്നോ ബോൾ ടെൻഡർ കോക്കനട്ട്‌ (എസ്ബിടിഎൻ) അഥവാ ഇളനീർ തേങ്ങ. കാസർഗോഡ്‌ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റേതാണ്‌ ഈ സാങ്കേതിക  വിദ്യ. കാർബണേറ്റ്‌ ചെയ്ത ഇളനീർ, സാന്ദ്രത കൂടിയ ഇളനീർ, ഇളനീർ കാമ്പോടുകൂടി തയ്യാറാക്കുന്ന ലസ്സി, ജാം, പുഡ്ഡിംഗ്‌, ഐസ്ക്രീം, ജെല്ലി തുടങ്ങിയ വൈവിധ്യമേറിയ ഉൽപന്നങ്ങളും ഇളനീരിൽ നിന്ന്‌ തയ്യാറാക്കാം.

കരിക്കിൻ വെള്ളം പോലെ തേങ്ങാവെള്ളവും സംസ്ക്കരിച്ച്‌ വിപണിയിലെത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഇന്ന്‌ ലഭ്യമാണ്‌. വിളഞ്ഞ തേങ്ങയുടെ വെള്ളം കരിക്കിൻ വെള്ളത്തിന്റെ അതേ രുചിയോടെ സംസ്ക്കരിച്ചെടുക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യ തിരുവനന്തപുരത്തെ റീജണൽ റിസർച്ച്‌ ലാബറട്ടറി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഇത്‌ സോഡ ചേർത്ത്‌ ഇളനീർ സോഡയായും വിൽക്കാം. ഇളനീരിൽ നിന്നും ഫ്രൂക്ക്‌ കോൺസേൻട്രേറ്റ്‌ സംസ്ക്കരിച്ചെടുക്കുന്നതിനുള്ള ജർമ്മൻ സാങ്കേതിക വിദ്യയും ലഭ്യമാണ്‌. വിളഞ്ഞ നാളികേരത്തിന്റെ വെള്ളത്തിൽ നിന്നും തയ്യാറാക്കുന്ന ഒരു വിശിഷ്ട വിഭവമാണ്‌ നാറ്റാ ഡി കൊക്കൊ. വിനാഗിരി, കോക്കനട്ട്‌ ഹണി, സ്ക്വാഷ്‌, ലെമണേഡ്‌, ജാം, വൈൻ തുടങ്ങിയ മൂല്യവർദ്ധിത ഉൽപന്നങ്ങളും തേങ്ങാവെള്ളത്തിൽ നിന്നും തയ്യാറാക്കാം. ഈ സാങ്കേതിക വിദ്യകളെല്ലാം ആഭ്യന്തര വിപണിയിൽ ചെറുകിട ഇളനീർ സംസ്ക്കരണത്തിനും വിപണനത്തിനും സഹായകമാണ്‌. എന്നാൽ ആഗോള ഇളനീർ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം അറിയിക്കണമെങ്കിൽ ആസൂത്രിതവും സംഘടിതവുമായ ശ്രമം വേണ്ടി വരും. കർണ്ണാടക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെയിൻ അഗ്രോ പ്രോഡക്ട്സ്‌ കമ്പനിയുടെ കൊക്കൊജൽ (രീരീഷമഹ) ആണ്‌ ഇന്ന്‌ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഇളനീർ പാക്കറ്റ്‌ ബ്രാൻഡ്‌. 

ആഗോള ഇളനീർ വിപണിയിലെ പുത്തൻ അവസരങ്ങൾ മുതലാക്കണമെങ്കിൽ ആഭ്യന്തര ഇളനീർ വിപണിയെ ശക്തിപ്പെടുത്തുന്നതിനും കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഇളനീർ ഉൽപന്നാധിഷ്ഠിത ബിസിനസ്‌ വളർത്തുന്നതിനും പ്രത്യേകം തന്ത്രങ്ങൾ വേണ്ടിവരും.
ജൈവകൃഷിയിലും ആയുർവ്വേദത്തിലും ഇന്ത്യക്കുള്ള പാരമ്പര്യവുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഉൽപന്ന വൈവിധ്യവൽക്കരണം ഈ രംഗത്ത്‌ കൂടുതൽ പ്രയോജനം ചെയ്യും. തനത്‌ ഇളനീരിൽ നിന്നും മാറി വ്യത്യസ്ത രുചിഭേദങ്ങളും സുഗന്ധവുമെല്ലാം കൂട്ടിച്ചേർത്ത വൈവിധ്യവൽക്കരണത്തിലേക്ക്‌ ശ്രദ്ധ തിരിക്കേണ്ടി വരും. ഉപഭോക്താക്കളുടെ സേഗ്‌മന്റേഷൻ നടത്തി വേണം ഉൽപന്ന വൈവിധ്യവൽക്കരണം ആസൂത്രണം ചെയ്യാൻ. അന്താരാഷ്ട്ര മേഖലയിലേയ്ക്കു കടക്കുമ്പോൾ ഉപഭോക്താക്കളുടെ മാറിവരുന്ന അഭിരുചികൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എന്നിവയെല്ലാം പരിഗണിക്കേണ്ടി വരും. പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകളും കമ്പനികളുമായി സഹകരിച്ചുള്ള വിപണനം കൂടുതൽ ഗുണം ചെയ്യും. പുതിയ ഇളനീർ കമ്പനികൾക്ക്‌ പ്രോത്സാഹനം നൽകുന്നതോടൊപ്പം ഭക്ഷ്യ സംസ്ക്കരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ദേശീയവും അന്തർദേശീയവുമായ കമ്പനികളെ ഈ മേഖലയിലേക്ക്‌ ആകർഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്‌ ഇളനീർ വിപണനത്തിന്‌ കരുത്തു പകരും. ഇളനീരിന്‌ അനുയോജ്യമായ നാളികേര ഇനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര കൃഷി മേഖലകളിൽ ഇളനീർ ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കി നടപ്പാക്കണം.

കുലപതികൾ/ നോവൽ-18


സണ്ണി തായങ്കരി  

പതിവിന്‌ വിപരീതമായി വേനൽ കടുത്തു. മരുഭൂമിയിൽ അനുഭവപ്പെടുന്ന കൊടുംചൂടിനെ വെല്ലുംവിധമായി അന്തരീക്ഷതാപം. സൂര്യനിൽനിന്ന്‌ വർഷിക്കപ്പെട്ടത്‌ അഗ്നിസ്ഫുലിംഗങ്ങളായിരുന്നു. വറുതിയുടെ അടയാളമായി വടക്കൻ കാറ്റ്‌ ചീറിയടിച്ചു. സൂര്യതാപം അഗ്നിച്ചിറകുകൾ വിടർത്തി ഭൂമിയെയും അതിലുള്ള സകലത്തെയും ചുട്ടുപൊള്ളിച്ചു. ഭൂമിക്കടിയിലേക്ക്‌ ഊഴ്‌ന്നിറങ്ങിയ അഗ്നിനാവുകൾ നീരുറവയുടെ സ്രോതസ്സുകളെ നക്കിത്തുടച്ചു. വറ്റിവരണ്ട സമുദ്രങ്ങളുടെ അടിത്തട്ട്‌ വിണ്ടുകീറി. ഭൂമിയിൽനിന്ന്‌ പച്ചപ്പിന്റേതായതെല്ലാം അപ്രത്യക്ഷമായി. വയലിൽ രൂപംകൊണ്ട വിള്ളലുകൾ പാതാളത്തിലേക്കുള്ള ഗുഹാമുഖങ്ങളായി. അംഗഛേദം സംഭവിച്ചതുപോലെ ഉഷ്ണമേഖലയിലെ ശാപഭൂമിയായി വയലുകൾ തപിച്ചുകിടന്നു. 

നൂറുമേനി വിളഞ്ഞിരുന്ന, സമൃദ്ധി വസന്തംതീർത്ത കൃഷിയിടങ്ങളിൽ പുല്ലോ പാഴ്ചെടികളോ പോലും കുരുത്തില്ല. ആ തരിശിടങ്ങളിൽ കുളമ്പുകൾ കുത്താൻ കാലികൾ വിമുഖതകാട്ടി. കുടിവെള്ളവും ഭക്ഷണവുമില്ലാതെ ജനത്തിനൊപ്പം പക്ഷിമൃഗാദികളും നട്ടം തിരിഞ്ഞു. 

മരണം സാവധാനം ഭീകരതയുടെ മുഖം കാണിച്ചുതുടങ്ങി. അത്‌ ആദ്യം ആക്രമിച്ചതു പക്ഷികളെയാണ്‌. ആകാശവിതാനം സഞ്ചാരപഥമാക്കിയ അവ ചിറകുതളർന്ന്‌ ആദ്യം ഒറ്റയായും പിന്നെ കൂട്ടത്തോടെയും താഴെ വീണുപിടച്ചു. മൃഗങ്ങൾ ഭക്ഷണവും ജലവും കിട്ടാതെ ചത്തൊടുങ്ങി. ഭീകരതയുടെ തനിയാവർത്തനംപോലെ അവയുടെ പിണങ്ങൾ വയലുകളിൽ നിരന്നുകിടന്നു. മഹാമാരിയുടെ വിളംബരവുമായി പിണങ്ങളിൽനിന്ന്‌ പുഴുക്കൾ നരുച്ചുപൊന്തി. 

പട്ടിണിയും ദാരിദ്ര്യവും മഹാമാരിയും ദേശത്തെങ്ങും പടരുമ്പോൾ ഇസഹാക്കിന്റെ ധാന്യപ്പുരകളിൽ പലതും കാലിയായിത്തുടങ്ങിയിരുന്നു. എങ്കിലും അയാൾ എല്ലാവർക്കും അഭയമായി. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ധാന്യങ്ങൾ വിതരണം ചെയ്തു. പ്രതിഫലമൊന്നും വാങ്ങിയതുമില്ല. 'ഇസഹാക്കിന്റെ ഉറവ'യെന്നറിയപ്പെട്ടിരുന്ന ആഴമേറിയ കിണറ്റിൽ കുളിർമയുള്ള വെള്ളം അപ്പോഴും അവശേഷിച്ചിരുന്നു. ഗ്രാമീണർ കഴുതപ്പുറത്തും തലച്ചുമടായും മൺപാത്രങ്ങളിൽ ജലം നിറച്ച്‌ പൊയ്ക്കൊണ്ടിരുന്നു.

ഈ നിലയിൽ പോയാൽ കാര്യങ്ങൾ അവതാളത്തിലാകുമെന്ന്‌ ഇസഹാക്കിന്‌ തോന്നി. അവസാന ധാന്യപ്പുരയും കാലിയാകാൻ ഏതാനും ദിവസങ്ങൾ മതി. ഒരിക്കലും വറ്റിയിട്ടില്ലാത്ത കിണറ്റിൽ നീരുറവയുടെ സ്ഖലനം മന്ദീഭവിച്ചുതുടങ്ങിയതുപോലെ...! വറുതിയുടെ കാലങ്ങളിൽ ഒരു ദേശത്തിന്റെ മുഴുവൻ ദാഹം ശമിപ്പിച്ച കിണറാണിത്‌. പക്ഷേ, ഇപ്പോൾ അതും... ഭൂഗർഭജലം വറ്റിപ്പോയോ...! അന്തരീക്ഷത്തിൽ ചീറിയടിക്കുന്ന ഉഷ്ണക്കാറ്റിൽനിന്ന്‌ രക്ഷനേടാൻ മനുഷ്യരും മൃഗങ്ങളും പ്രാപ്തരല്ലാതിരിക്കെ, മരണവാർത്തകൾ തുടർകഥകളായി. 

ഇസഹാക്ക്‌ ഓക്കുമരച്ചുവട്ടിലെ ഇത്തിരി തണലിൽ, തനവും മനവും തളർന്ന്‌ ഇരുന്നു. റെബേക്കാ അടുത്തെത്തിയത്‌ അയാൾ അറിഞ്ഞില്ല.
"നാഥാ, അങ്ങെന്താണ്‌ വിഷാദിച്ചിരിക്കുന്നത്‌?"
ഇസഹാക്ക്‌ മുഖമുയർത്തി. നിരാശ അവിടെ ആവരണം തീർത്തിരിക്കുന്നു! ഒരു കുന്നോളം ദുഃഖമുണ്ട്‌ ആ മനസ്സിൽ. മനുഷ്യന്റെയും ജന്തുജാലങ്ങളുടെയും ദുര്യോഗത്തിൽ എത്രയോ ദിവസങ്ങളായി അദ്ദേഹം കേഴുന്നു!

"ഈ നില തുടർന്നാൽ മനുഷ്യരെല്ലാം ചത്തൊടുങ്ങില്ലേ റെബേക്കാ...?"
റെബേക്കാ മറുപടി പറഞ്ഞില്ല.
"കാലികൾ മുഴുവൻ ചത്തൊടുങ്ങി. പക്ഷികളുടെയും മൃഗങ്ങളുടെയും പിണങ്ങൾകൊണ്ട്‌ വയലുകൾ നിറഞ്ഞു. അവയെല്ലാം അഴുകിത്തുടങ്ങി. മഹാമാരികൾ പടർന്നുപിടിക്കുന്നു.  ഇനിയെന്തുചെയ്യും...?" നിസ്സഹായനെപ്പോലെ ഇസഹാക്ക്‌ ആകാശത്തേക്ക്‌ മിഴികൾ ഉയർത്തി.  

"ധാന്യപ്പുരകളിലെ ധാന്യവും കിണറ്റിലെ ജലവും നമ്മുടെ കുടുംബത്തിന്‌ വറുതിക്കുശേഷവും ബാക്കി ഉണ്ടാകുമായിരുന്നില്ലേ? അതെല്ലാം പങ്കുവച്ചതല്ലേ നമ്മുടെ ഈ ദുരവസ്ഥയ്ക്ക്‌ കാരണം?  പണമെങ്കിലും വാങ്ങിയിരുന്നെങ്കിൽ ഇന്നാട്ടിലെ മുഴുവൻ വയലും ഇതിനകം നമ്മുടേതായേനെ. ഇന്ന്‌ ഉപയോഗശൂന്യമായത്‌ വറുതിയുടെ കാലംകഴിയുമ്പോൾ ഫലപുഷ്ടിയുള്ള മണ്ണാകും."

റെബേക്കാ പറഞ്ഞുനിർത്തിയിട്ടും ഇസഹാക്ക്‌ അവളെത്തന്നെ നോക്കി നിശ്ശബ്ദനായി ഇരുന്നതേയുള്ളു. 
    "അങ്ങെന്താണ്‌ ഒന്നും പറയാത്തത്‌?"
    "റെബേക്കാ... നമ്മുടേതെന്ന്‌ കരുതുന്നതൊന്നും നമ്മുടെ സ്വന്തമല്ല. കർത്താവ്‌ ദാനമായി തന്നതാണ്‌. നമ്മുടെ ജീവൻ നിലനിർത്താൻ അതുപകരിക്കുമ്പോൾ മറ്റുള്ളവർക്ക്‌ അതൊന്നും നിഷേധിച്ചുകൂടാ. നമ്മുടേതുമാത്രമെന്നു കരുതി ധാന്യവും ജലവും മറ്റുള്ളവർക്ക്‌ പങ്കുവച്ചില്ലായിരുന്നെങ്കിൽ എത്രയോ മനുഷ്യർ ഇതിനകം മൃഗങ്ങളുടെയും പക്ഷികളുടെയും പിണങ്ങൾക്കൊപ്പം ഈ ഭൂമിയിൽ ചിതറിക്കിടക്കുമായിരുന്നു..."

    "ഏതാനും ദിവസങ്ങൾകൂടി കൊടുക്കാനുള്ള ധാന്യമേ ധാന്യപ്പുരയിലുള്ളു. ഒരിക്കലും വറ്റാത്ത ഇസഹാക്കിന്റെ കിണർ പൊട്ടക്കിണറായി മാറിത്തുടങ്ങി." 
     ഇസഹാക്ക്‌ പ്രതികരിച്ചില്ല.
     "നമ്മുടെ മക്കളും അടിമകളും കാലികളും ഭക്ഷണവും വെള്ളവുമില്ലാതെ ഇനി എങ്ങനെ ജീവിക്കും...?" 

    റെബേക്കയുടെ അതേ ആകുലചിന്തത്തന്നെയായിരുന്നു ദിവസങ്ങളായി ഇസഹാക്കിനെയും വേട്ടയാടിക്കൊണ്ടിരുന്നത്‌. ഒരു വ്യത്യാസം മാത്രം. ഇസഹാക്ക്‌ തനിക്കുള്ളവയെപ്പോലെ മറ്റുള്ളവയെയും കണ്ടു. അവരുടെ വേദന സ്വന്തം വേദനതന്നെയായിരുന്നു അയാൾക്ക്‌.

    "ബാക്കിയുള്ള ധാന്യവും വെള്ളവും ഇനി മറ്റാർക്കും കൊടുക്കണ്ടാ."
     റെബേക്കയുടെ കടുത്ത സ്വരം ഇസഹാക്കിനെ അമ്പരപ്പിച്ചു. അവൾ തുടർന്നു-
    "ഏതാനും മാസങ്ങൾകൂടി എന്റെ മക്കൾ ജീവിച്ചിരുന്നോട്ടെ. ഏതായാലും ഈ വറുതിയെ അതിജീവിക്കാൻ ഈ കാണായ മനുഷ്യർക്കൊന്നുമാവില്ല. ദൈവനിശ്ചയം മാറ്റാനോക്കുമോ?"

    "അങ്ങനെ പറയരുത്‌ റെബേക്കാ..." ആജ്ഞയും അപേക്ഷയും ഒന്നുപോലെ അയാളുടെ സ്വരത്തിൽ നിഴലിച്ചിരുന്നു.
    "നാം കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന അവസാന ധാന്യവും അവസാന തുള്ളി വെള്ളവും മറ്റുള്ളവർക്കുകൂടി പങ്കുവയ്ക്കണം. അതാണ്‌ ദൈവേച്ഛ."

    "അതിനുശേഷം ഇന്നാട്ടിലെ ജനങ്ങൾക്കും മൃഗങ്ങൾക്കുമൊപ്പം മരിക്കാമെന്നാണോ അങ്ങ്‌ പറയുന്നത്‌?"
    "ദൈവഹിതം അങ്ങനെങ്കിൽ മറുത്തുപറയാൻ നമ്മളാരാണ്‌? നമുക്ക്‌ ദൈവത്തോട്‌ യാചിക്കാം. അവിടുന്നുതന്നെ ഉത്തരം നൽകട്ടെ."

    റെബേക്കാ നിശ്ശബ്ദം കൂടാരത്തിലേക്ക്‌ നടന്നുപോയി.
     അന്ന്‌ രാത്രിയിൽ ഇസഹാക്കും റെബേക്കയും ബലിപീഠത്തിനുമുമ്പിൽ മുട്ടുകുത്തി കൈകൾ വിരിച്ച്‌ പ്രാർഥിച്ചു-
     'ദൈവമായ കർത്താവേ, അതികഠിനമായ വറുതിയിൽ ജന്തുക്കൾക്കും പക്ഷികൾക്കുമൊപ്പം അങ്ങയുടെ മക്കളും ചത്തൊടുങ്ങുന്നത്‌ അവിടുന്ന്‌ കാണുന്നില്ലേ? ഈ വറുതിയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കണമേ. ഭൂമിയിൽ മഴ പെയ്യിച്ച്‌ സർവനാശത്തിൽനിന്ന്‌ ഭൂമിയെയും അതിലെ നിവാസികളെയും രക്ഷിക്കണമേ... അങ്ങയുടെ ദാസനായ അബ്രാഹത്തെപ്രതി ഞങ്ങളുടെ യാചന കേൾക്കേണമേ...'

     ഉപവാസരാത്രിയുടെ യാമങ്ങൾ പിന്നിടവേ, കർത്താവിന്റെ ദൂതൻ ഇസഹാക്കിന്‌ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. 
     "നിനക്കുള്ളവയുമായി വറുതിനിറഞ്ഞ ഈ ദേശംവിട്ട്‌ ഫിലിസ്ത്യരാജാവായ അബിമലേക്കിന്റെ രാജ്യമായ ഗരാറിലേക്ക്‌ പോകുക." 

      ഇസഹാക്ക്‌ ഞെട്ടിയുണർന്നു. സ്വപ്നത്തിൽ ദൂതൻ അറിയിച്ച കാര്യം അറിയിക്കാൻ റെബേക്കയെ തെരഞ്ഞെങ്കിലും കിടക്കയിൽ കണ്ടില്ല. യാക്കോബ്‌ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്‌. 
      കിഴക്കെ ആകാശച്ചെരുവിൽ പ്രകാശത്തിന്റെ തുടുപ്പ്‌ കണ്ടുതുടങ്ങുന്നതേയുള്ളു. ഇസഹാക്ക്‌ റെബേക്കയെ അന്വേഷിച്ച്‌ കൂടാരത്തിന്റെ പുറത്തുകടന്നു. 

      വയൽക്കരയിലുള്ള ധാന്യപ്പുരകളുടെ മുമ്പിൽ അരണ്ട വെളിച്ചത്തിൽ രണ്ടു നിഴലുകൾ! ഓക്കുമരത്തിനുമറഞ്ഞുനിന്ന്‌ ഇസഹാക്ക്‌ ശ്രദ്ധിച്ചു. 
      റെബേക്കയും ഏസാവും...!
      ധാന്യപ്പുരയിൽ അവശേഷിച്ച ധാന്യച്ചാക്കുകൾ ഏസാവ്‌ തോളിലേറ്റി കാലിയായ മറ്റൊരു പുരയിലേക്ക്‌ മാറ്റുകയാണ്‌. നിർദേശം നൽകിക്കൊണ്ട്‌ റെബേക്കാ അടുത്തുനിൽക്കുന്നു!

      അവസാനത്തെ ധാന്യപ്പുരയും കാലിയാകുന്നതിന്റെ ഉത്ക്കണ്ഠയും അത്‌ സൃഷ്ടിക്കുന്ന വിഹ്വലതയും റെബേക്കയെ എത്രമാത്രം തളർത്തുന്നുണ്ടെന്നതിന്‌ തെളിവായി കഴിഞ്ഞ ദിവസത്തെ അവളുടെ പരിദേവനം ഓർത്തു. സ്വന്തം മക്കൾ പട്ടിണികിടന്ന്‌ മരിക്കുന്നതിനേക്കാൾ വലുതല്ല ഒരമ്മയ്ക്ക്‌ മറ്റൊന്നും. മക്കളുടെ ജീവൻനിലനിർത്താൻ ധാന്യച്ചാക്കുകൾ കാലിയായ പുരയിലേക്ക്‌ മാറ്റുകയാൺഅതിനുള്ള പ്രതിവിധിയെന്ന്‌ അവൾ നിനച്ചിരിക്കും. കാലിയായ ധാന്യപ്പുര ആരും പരിശോധിക്കില്ലല്ലോ. മിച്ചമുള്ളതുകൂടി പങ്കുവെച്ചാൽ മറ്റുള്ളവർക്കൊപ്പം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏസാവും യാക്കോബും ഭക്ഷണമില്ലാതെ പിടഞ്ഞ്‌ മരിച്ചേക്കാം. ഒരമ്മയെന്ന നിലയിൽ റെബേക്കയ്ക്ക്‌ അത്‌ സഹിക്കാനാവില്ല. മക്കളോടുള്ള ഒരു മാതാവിന്റെ അതുല്യമായ കരുതലാണത്‌. 

  അയാളൊന്നും അറിയാത്ത ഭാവത്തിൽ കൂടാരത്തിലേക്ക്‌ തിരിച്ചുപോയി.
    സ്വപ്നത്തിൽ കർത്താവിന്റെ ദൂതൻ അറിയിച്ച കാര്യം റെബേക്കയെ അറിയിച്ചപ്പോൾ അവൾ സ്തബ്ധയായി. സമ്പത്തെല്ലാം വിട്ടെറിഞ്ഞുപോകുകയെന്ന കാര്യം അവൾക്ക്‌ ചിന്തിക്കാനേ കഴിഞ്ഞില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ വറുതിക്ക്‌ അന്ത്യം ഉണ്ടാകുന്നതിന്റെ ലക്ഷണമൊന്നും കാണാനുമില്ല. അതവളെ കൂടുതൽ ചിന്താകുലയാക്കി.

    റെബേക്കാ ചലനമറ്റ്‌ ഇരിക്കുകയായിരുന്നു.
   "എന്താണ്‌ റെബേക്കാ...? ദൂതൻ അറിയിച്ചതു നീ വിശ്വസിക്കുന്നില്ലേ?"
   "അങ്ങനെയല്ല നാഥാ... ഇനിയൊരു കൂടുമാറ്റം..."
   "എന്റെ പിതാവായ അബ്രാഹത്തിന്റെ ജീവിതവും ഇങ്ങനെയായിരുന്നു. കൂടാരങ്ങളിൽനിന്ന്‌ കൂടാരങ്ങളിലേക്കുള്ള യാത്ര. എന്റേതും അങ്ങനെയായിരിക്കണമെന്ന്‌ കർത്താവ്‌ തീരുമാനിച്ചാൽ ആർക്കാണ്‌ എതിർ പറയാനാവുക? അങ്ങനെ പറയാൻ നമ്മൾ ആരാണ്‌? എല്ലാം അവിടുത്തെ ദാനമല്ലേ?" 

   ശരിയാണ്‌. സകലതും അവിടുന്ന്‌ കനിഞ്ഞുനൽകിയതാണ്‌. പിതാവിന്റെ ഭവനത്തിൽനിന്ന്‌ യാത്രയായപ്പോൾ മുതൽ അവിടുന്ന്‌ സംരക്ഷകനായി കൂടെയുണ്ട്‌. അവിടുത്തെ ബലിഷ്ഠകരം എപ്പോഴും താങ്ങുന്നു. വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളുന്നു. പാതകളിൽ ഇരുൾമൂടുമ്പോൾ അവിടുന്ന്‌ പ്രകാശമായി തെളിയുന്നു... അതോടെ സംശയങ്ങളും ആകുലതകളും റെബേക്കയെ വിട്ടകന്നു. അവൾ ഉന്മേഷത്തോടെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

   പ്രഭാതത്തിൽതന്നെ ധാന്യത്തിനും വെള്ളത്തിനുമായി തദ്ദേശവാസികൾ എത്തിത്തുടങ്ങി. പതിവിന്‌ വിപരീതമായി റെബേക്കയും ധാന്യങ്ങൾ വിതരണം ചെയ്യാൻ ഇസഹാക്കിനോടൊപ്പംകൂടി. റെബേക്കയും ഏസാവുംകൂടി മാറ്റിവച്ച ധാന്യങ്ങളാണ്‌ ആദ്യം വിതരണം ചെയ്തത്‌.

    ഇസഹാക്ക്‌ തങ്ങളുടെ യാത്രയുടെ വിവരം അന്നാട്ടുകാരെ അറിയിച്ചു. യാത്രയ്ക്ക്‌ ആവശ്യമുള്ളതുകഴിച്ച്‌ ബാക്കിയുണ്ടായിരുന്ന മുഴുവൻ ധാന്യവും വിതരണം ചെയ്തു. 
    "ഞങ്ങളുടെ ആശ്രയം അങ്ങായിരുന്നു..." ഒരു വൃദ്ധൻ ഇസഹാക്കിന്റെ കാൽക്കലിരുന്ന്‌ കരഞ്ഞു. അയാളെ പിടിച്ചെഴുന്നേൽപിച്ച്‌ മാറോടണച്ചു, ഇസഹാക്ക്‌. 

    "ഇത്‌ കർത്താവിന്റെ നിർദേശമാണ്‌. അവിടുന്ന്‌ കൽപിക്കുന്നതുമാത്രം ഞാൻ ചെയ്യുന്നു." 
    എല്ലാവരെയും ഇസഹാക്ക്‌ അനുഗ്രഹിച്ചു. സ്ത്രീകൾ റെബേക്കയെ വന്ദിച്ചു. യാക്കോബിനെ യുവാക്കൾ ആശ്ലേഷിച്ചു. ഏസാവ്‌ അതെല്ലാം കണ്ട്‌ മാറി നിൽക്കുകയായിരുന്നു.  ആ സ്നേഹപ്രകടനം ഇസഹാക്കിന്റെ മനം കുളിർപ്പിച്ചു. 

    "ഞാൻ തരുന്ന ഈ ധാന്യം അധികദിവസത്തേക്ക്‌ ഉണ്ടാവില്ല. കിണറ്റിലെ വെള്ളവും വറ്റിത്തുടങ്ങിയിരിക്കുന്നു. നിങ്ങളും വറുതിയില്ലാത്ത മറ്റേതെങ്കിലും നാട്ടിലേക്ക്‌ പുറപ്പെടണം. മരണം എല്ലാവർക്കും ഭീകരമാണല്ലോ..."

   ഇസഹാക്കിന്റെ ദൈവത്തിന്‌ നന്ദിപറഞ്ഞ്‌ അവർ പിരിഞ്ഞുപോയി. ഇസഹാക്കും കുടുംബവും ഗരാറിലേയ്ക്കുള്ള യാത്രയ്ക്കാവശ്യമുള്ളതെല്ലാം സംഭരിച്ച്‌ പിറ്റേന്ന്‌ പ്രഭാതത്തിൽ ദൈവത്തിന്‌ കൃതജ്ഞതാ ബലിയർപ്പിച്ച്‌ യാത്രയായി. ഇസഹാക്കും റെബേക്കയും ഏസാവും യാക്കോബും ഒട്ടകങ്ങളിൽ സഞ്ചരിച്ചു. അടിമകളും കാലിസമ്പത്തും അവരെ അനുഗമിച്ചു. 

    ദിവസങ്ങൾക്കുള്ളിൽ ഫിലിസ്ത്യരാജാവായ അബിമലേക്കിന്റെ രാജ്യാതിർത്തിയായ ഗരാറിലേക്കുള്ള വീഥിയിൽ അവരെത്തി. അപ്പോൾ ഇരുട്ടും മഞ്ഞും വീഥികളെ മൂടിയിരുന്നു. അവർക്ക്‌ യാത്ര തുടരാനായില്ല. ഭൃത്യന്മാർ വഴിയരുകിലെ പടർന്നുപന്തലിച്ച വലിയൊരു അത്തിമരച്ചുവട്ടിൽ കൂടാരമടിച്ചു. അത്തിമരത്തിൽ നിറയെ ചുവന്നുതുടുത്ത പഴങ്ങൾ ഞാണുകിടന്നിരുന്നു. അടുത്തുതന്നെ കാണപ്പെട്ട കിണർ തന്റെ പിതാവിന്റെ ഭൃത്യന്മാർ പണികഴിപ്പിച്ചതാണെന്ന്‌ ഇസഹാക്ക്‌ തിരിച്ചറിഞ്ഞു. അത്തരം അനേകം കിണറുകൾ ഗരാറിൽ പ്രവാസകാലത്ത്‌ അദ്ദേഹം നിർമിച്ചിട്ടുണ്ട്‌. 

   അതിൽ വെള്ളമുണ്ടായിരുന്നു. ദാഹിച്ചുവരണ്ട മനുഷ്യർക്കും മൃഗങ്ങൾക്കും ഒന്നുപോലെ ആനന്ദം പകരുന്ന അനുഭവം! ബേർലഹായ്‌റോയിൽനിന്ന്‌ സംഭരിച്ചിരുന്ന ജലം നേരത്തെ തീർന്നിരുന്നു. ഭൂമിയുടെ കിഴുക്കാംതൂക്കായ പൂർവദിശയിൽ, വീഥിയിൽനിന്ന്‌ കുറെ അകലെയായി കാണപ്പെട്ട വയലിൽ ചോളം വിളഞ്ഞുകിടന്നിരുന്നു. പറിച്ചെടുത്ത ചോളക്കതിരിന്റെ തുടം കണ്ട്‌ ഇസഹാക്ക്‌ സന്തോഷിച്ചു. ഗരാറിന്റെ അതിർത്തിയിൽ കാണുന്നതുതന്നെ സമൃദ്ധിയുടെ അടയാളമാണ്‌!

   ദിവസങ്ങൾക്കുശേഷം ആവശ്യത്തിന്‌ ഭക്ഷണവും വെള്ളവും കിട്ടിയതിന്‌ ഇസഹാക്ക്‌ ദൈവത്തിന്‌ നന്ദി പറഞ്ഞു. യാക്കോബ്‌ പതിവുപോലെ ഭക്ഷണംകഴിഞ്ഞ്‌ നേരത്തെ ഉറക്കമായി. പാവത്തിന്‌ ഇഷ്ടഭോജ്യമായ മ്ലാവിറച്ചി കിട്ടാത്തതിന്റെ സങ്കടമുണ്ട്‌. അനുജനെ സന്തോഷിപ്പിക്കാൻ ഏസാവ്‌ ശ്രമിക്കായ്കയല്ല. താത്ക്കാലിക കൂടാരം നിർമിച്ചിടത്തൊക്കെ അമ്പും വില്ലുമായി അവൻ ഏറെനേരം സഞ്ചരിച്ചു. പക്ഷേ, എങ്ങും ഒരൊറ്റ മൃഗത്തേയും കണ്ടെത്താൻ കഴിഞ്ഞില്ല. 

  തെളിഞ്ഞ ആകാശനീലിമയിൽ ശുഭ്രച്ചിറകുവച്ച മാലാഖമാരെപ്പോലെ മേഘപാളികൾ ഒഴുകി നടന്നു. കിഴക്ക്‌ പർവതമുകളിൽ ചന്ദ്രഗോളം തെളിഞ്ഞപ്പോൾ അത്തിമരത്തിലെ പഴങ്ങൾ തേടി നരിച്ചീറുകൾ കൂട്ടമായി എത്തി. പലവിധ ചിന്തകളിൽ മുഴുകിയ ഇസഹാക്കിന്‌ അന്നുരാത്രയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. എങ്ങും വേരുറയ്ക്കാതെ കൂടുവിട്ട്‌ കൂടുമാറുംപോലെ കൂടാരങ്ങളിൽനിന്ന്‌ കൂടാരങ്ങളിലേക്കുള്ള യാത്ര ഇനിയെത്രനാൾ... ഗരാറിൽ കാര്യങ്ങൾ അത്ര പന്തിയല്ലെങ്കിൽ... അവിടെനിന്ന്‌ വീണ്ടും...

  റെബേക്കാ നല്ല ഉറക്കത്തിലാണ്‌. ഏസാവ്‌ കുറച്ചകലെയായി ചുരുണ്ടുകിടപ്പുണ്ട്‌. ഭൃത്യന്മാരുടെ കൂടാരങ്ങളിൽ വെളിച്ചമില്ല. മൃഗങ്ങളും വിശ്രമത്തിലാണ്‌. അത്തിപ്പഴം തേടിയെത്തുന്ന നരിച്ചീറുകളുടെ ചിറകടി ശബ്ദംമാത്രം അയാൾക്ക്‌ ഉണർവിൽ പങ്കാളിയായി. എപ്പോഴോ മയക്കം കണ്ണുകളെ ആശ്ലേഷിച്ചു. അർധമയക്കവും മയക്കവും ലയനത്തിനെത്തുമ്പോൾ ഒരു സ്വരം കേട്ടു-

  "ഇസഹാക്ക്‌... നീയെന്തിന്‌ വ്യാകുലപ്പെടുന്നു...?"
   കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിൽനിന്ന്‌ ഉത്ഭവിച്ച ആ സ്വരം മുഴക്കമുള്ളതും സംഗീത സാന്ദ്രവുമായി അനുഭവപ്പെട്ടു. ദിവ്യജ്യോതിസ്‌ കണ്ണുകളിൽ പതിച്ചപ്പോൾ ഇസഹാക്ക്‌ പരിഭ്രമത്തോടെ കിടക്കവിട്ടെഴുന്നേറ്റു. 

    "നിന്റെ ചിന്തകളൊന്നും നിശ്ചയിച്ചിട്ടുള്ളതിനെ മാറ്റാൻ ഉപയുക്തമല്ലെന്ന്‌ അറിഞ്ഞുകൊള്ളുക."
    ഒരു ശിശുവിന്റെ നിഷ്കളങ്കതയോടെ ഇസഹാക്ക്‌ ആരാഞ്ഞു-
   "ദൈവമായ കർത്താവേ, ഞാനെന്താണ്‌ ചെയ്യേണ്ടത്‌...?"

   "ഇസഹാക്ക്‌... നിന്റെ പിതാവായ അബ്രാഹത്തിന്‌ കൊടുത്ത വാക്ക്‌ ഞാൻ നിറവേറ്റും. ആകാശത്തിലെ നക്ഷത്രങ്ങൾപോലെ നിന്റെ സന്തതികളെ ഞാൻ വർധിപ്പിക്കും. ഈ ദേശമെല്ലാം അവർക്ക്‌ ഞാൻ നൽകും. നിന്റെ സന്തതികളിലൂടെ ലോകത്തിലെ ജനതകൾ അനുഗ്രഹിക്കപ്പെടും. കാരണം നിന്റെ പിതാവായ അബ്രഹാം എന്റെ സ്വരം കേൾക്കുകയും കൽപനകളും നിർദ്ദേശങ്ങളും പാലിക്കുകയും ചെയ്തു. അപ്രകാരം നീയും ചെയ്യുക. ഈജിപ്തിലേക്ക്‌ നീ പോകരുത്‌. ഞാൻ പറയുന്ന നാട്ടിൽ പാർക്കുക. ഞാൻ നിന്റെകൂടെ ഉണ്ടായിരിക്കും. നിന്നെ ഞാൻ അനുഗ്രഹിക്കുകയും ചെയ്യും."

    പ്രകാശം കാണപ്പെട്ടിടത്ത്‌ അയാൾ കമിഴ്‌ന്നുവീണു. എല്ലാ മനഃചാഞ്ചല്യവും അപ്പോൾ അയാളെ വിട്ടകന്നിരുന്നു. കർത്താവ്‌ പ്രകാശത്തിൽനിന്ന്‌ സംസാരിച്ചിടത്ത്‌ ഇസഹാക്ക്‌ ഒരു കല്ല്‌ സ്ഥാപിച്ചു. ഗരാറിലേക്ക്‌ പ്രവേശിക്കുംമുമ്പ്‌ അവിടെ അയാൾ പാനീയബലി അർപ്പിച്ചു.
 തുടരും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...