Showing posts with label 95. Show all posts
Showing posts with label 95. Show all posts

27 Apr 2013

നക്ഷത്രങ്ങൾ

സന്ദീപ്‌ നായർ 

കണ്ടുവോ എന്റെ
തൊടിയിലെ കുഞ്ഞുടുപ്പിട്ട നക്ഷത്രങ്ങളെ
നിഷ്കളങ്കതയിൽ പൂത്തുലഞ്ഞ്,
മോഹങ്ങളാൽ നട്ടു നനചെടുത്ത
എന്റെ സ്വപ്നങ്ങളെ
എവിടെ പോയി മറഞ്ഞവർ

ജീവിതം നിത്യ ദുഃഖത്തിൽ
ആഴവേ,
കണ്ടു ഞാൻ ആകാശത്തിലെ
ആരാമത്തിൽ പറിച്ചു
നടപ്പെട്ട എന്റെ കുഞ്ഞു നക്ഷത്രങ്ങളെ
അവർ മെല്ലെ മിഴികൾ തുറന്നു
അമ്മയെ നോക്കി
പുഞ്ചിരിക്കുകയാവും
അമ്മ പോലുമറിയാതെ


26 Mar 2013

കൂമന്‍ കാവും വിഷപ്പാമ്പുകളും

മോഹൻ  പുത്തഞ്ചിറ 

കൂമന്‍ കാവ് വിവാദവും, ഓ.വി. വിജയന്റെ പ്രതിമ തകര്‍ക്കലും എല്ലാം ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയെ ഒന്നു കൂടി വായിക്കുവാന്‍ നിമിത്തമാക്കി.

ഓ.വി. വിജയന്റെ മാസ്റ്റര്‍ പീസായി എല്ലാവരും വിലയിരുത്തിയിട്ടുള്ള ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്നതിങ്ങനെയാണ്.


കൂമന്‍ കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിക്കപരിചിതമായി തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.“


നോവലിന്റെ അവസാന ഭാഗത്ത് രവി തിരിച്ചു പോകാനുള്ള യാത്ര തുടങ്ങുമ്പോള്‍ കൂമന്‍ കാവിലെത്തുന്ന രംഗം വര്‍ണ്ണിക്കുന്നതിങ്ങനേയും.


കൂമന്‍ കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ നിന്നു പെയ്തു. കൂമന്‍കാവങ്ങാ‍ടിയുടെ ഏറുമാടങ്ങളത്രയും കൊടുങ്കാറ്റില്‍ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാര്‍ ഉപയോഗിച്ചിരുന്ന ഒരു മണ്‍പുര ഇടിഞ്ഞുവീണിരുന്നു“.


‘കാവ്‘ എന്ന വാക്കിന് മരക്കൂട്ടം, വൃക്ഷലതാദികള്‍ ഇട തൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന സ്ഥലം, തോപ്പ്, ഉദ്യാനം എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. കൂടാതെ കേരളത്തിലെ പ്രാചീനദവതകളായ കാളി, വേട്ടക്കരന്‍, അയ്യപ്പന്‍, നാഗത്താന്മാര്‍ മുതാലയവരെ കുടിവച്ച സ്ഥലങ്ങള്‍ക്കു പൊതുവേ കാവ് എന്നു പറയുന്നു എന്നും വിവരിക്കുന്നു ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി.  കാവെന്ന പേരില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങള്‍ കേരളീയര്‍ക്ക് സുപരിചിതമാണ്  മുളങ്കുന്നത്തു കാവ്, വട്ടിയൂര്‍ക്കാവ് എന്നിവ ഉദാഹരണങ്ങള്‍. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് കാവുകള്‍.


കൂമന്‍ കാവാകട്ടെ,  ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഒരു സാങ്കല്പിക സ്ഥലം മാത്രമാണെന്നും,  ഇതിനു ദൈവങ്ങളെ കുടിയിരുത്തിയ കാവുമായി യാതൊരു ബന്ധവുമില്ലെന്നു നോവല്‍ വായിച്ചവര്‍ക്കൊക്കെ മനസ്സിലാകുമെന്ന കാര്യം ഒരു പാട് പേര്‍ ഇതിനകം ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.  ഈ സ്ഥലത്തിന്റെ ഒരു പ്രതീകാത്മക രൂപം ഇപ്പോള്‍ കോട്ടക്കല്‍ രാജാ ഹൈസ്കൂളില്‍ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം എല്ലാവരുടേയും ശ്രദ്ധയിലേക്കു വന്നത് അതൊരു വിവാദമായപ്പോഴാണ്. 


തങ്ങളുടെ സ്കൂളിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന എഴുത്തുകാരന്റെ ഓര്‍മ്മ നില നിര്‍ത്താനുള്ള ഒരു സ്മാരകമായാണ്  ‘കൂമന്‍ കാവെന്ന’ സ്മൃതി വനമൊരുക്കാനും അതില്‍ വിജയന്റെ പ്രതിമ സ്ഥാപിക്കുവാനുമുള്ള തീരുമാനമുണ്ടായത്. ഏതൊരു സ്ഥാപനത്തിനും,  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രത്യേകിച്ചും,  അഭിമാനിക്കാവുന്നതാണ് ലോകനിലവാരത്തിലുള്ള ഒരെഴുത്തുകാരനുമായുള്ള  ഇത്തരമൊരു പൂര്‍വ്വ ബന്ധം. വിദ്യാര്‍ത്ഥികളും, പി.ടി.ഏ. യും ചേര്‍ന്നു നടത്തിയത് വളരെ ശ്ലാഘനീയമായ ഉദ്യമം എന്നതിനു രണ്ടു പക്ഷമുണ്ടാകില്ല. എന്നിരുന്നിട്ടും, സ്കൂളിനും, ദേശത്തിനും, രാജ്യത്തിനുമെല്ലാം മാതൃകയാകേണ്ടിയിരുന്ന ഈ ശ്രമം എങ്ങിനെ വിവാദങ്ങളുടെ കാറ്റിലകപ്പെട്ടു എന്നറിയുമ്പോഴാണ് നാം സാക്ഷര കേരളത്തിലാണോ അതോ അതിപുരാതനമായ ഏതോ അപരിഷ്കൃത ദ്വീപിലാണോ ജീവിക്കുന്നത് എന്ന സംശയം ബലപ്പെടുന്നത്.


വിവാദങ്ങള്‍ എന്നും ചുഴലിക്കാറ്റു പോലെ വിജയനെ പിന്തുടര്‍ന്നിരുന്നു എന്നു കാണാവുന്നതാണ്. എല്ലാ വിവാദങ്ങളേയും ഋഷിതുല്യമായ ശാന്തതയോടെ നേരിടാനുള്ള കെല്‍പ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. മരിച്ചു കിടക്കുമ്പോഴും വിവാദം കൂടെയുണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തില്‍ ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചത് ചരിത്രം. ഇകഴ്ത്തിയും പുകഴ്ത്തിയും ഒട്ടനവധി പേര്‍.  ഇതിഹാസം മോഷണമാണെന്നു വരെയുള്ള ചന്ദ്രഹാസങ്ങളുയര്‍ന്നു. അര്‍ഹതപ്പെട്ടെ ‘ജ്ഞാനപീഠ’ പുരസ്കാരം ലഭിക്കാതെ പോയപ്പോഴും വിവാദങ്ങളുണ്ടായി. നിരോധിക്കപ്പെട്ട മുസ്ലീം സംഘടനായായ സിമിയുടെ സമ്മേളനത്തില്‍ പങ്കെടുത്തതു വലിയൊരു വിവാദമായി കത്തിപ്പടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനെതിരേ ഉയര്‍ന്നു വന്നിരിക്കുന്നത് മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു തര്‍ക്കമാണെന്നത് വിചിത്രമായി തോന്നാം. 


പ്രതിമകള്‍ എപ്പോഴും ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുകയും വര്‍ത്തമാനത്തെ പഴമയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മരിച്ചു പോയ മഹാരഥന്മാരില്‍ തുടങ്ങി പ്രതിമാ വിവാദത്തിലകപ്പെട്ട ജീവിച്ചിരിക്കുന്ന മായാവതിക്കു വരെയുണ്ട് ഇന്ത്യാ‍ മഹാരാജ്യത്ത് പ്രതിമകള്‍.  

പ്രതിമകളോട് വിരോധമുള്ളവര്‍ക്ക് അത് സ്ഥാപിക്കാതിരിക്കാം. സ്ഥാപിക്കണമെന്നുള്ളവര്‍ക്ക് അതുമാവാം. അതിനാണല്ലോ ജനാധിപത്യം എന്നു പറയുന്നത്.  ഒരു വിഭാഗം ജനങ്ങളുടെ മത വിശ്വാസത്തില്‍ പ്രതിമകള്‍ക്കു സ്ഥാനമില്ല എന്നതിനാല്‍ അവര്‍ക്കു പ്രാമുഖ്യമുള്ള സ്ഥലങ്ങളില്‍ ഒരാളെക്കൊണ്ടും പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്ന മര്‍ക്കടമുഷ്ടി ന്യായീകരിക്കാനാവാത്തതാണ്.   മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ മലപ്പുറത്തു സ്ഥാപിക്കുന്ന കാര്യത്തില്‍ പോലും ചിലര്‍ പ്രതിമ പോലെ നിന്നതിനു പിറകില്‍ ഇത്തരം ഇടുങ്ങിയ ചിന്താഗതിയായിരുന്നെന്ന കാര്യം സുവിദിതമാണല്ലോ. 


ഓ.വി.വിജയന്റെ പ്രതിമ മാറ്റിയാല്‍ മാത്രമേ സ്മൃതിവനത്തിന് അംഗീകാരം നല്‍കൂ എന്ന നിലപാടുമായി  മുനിസിപ്പാലിറ്റി രംഗത്തെത്തി എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമാണ് കാവുകള്‍ എന്നോ മറ്റോ ഉള്ള മിഥ്യാ ധാരണ കൊണ്ടാവം കൂമന്‍ കാവ് എന്ന പേരിനോടുമുണ്ടായിരുന്നത്രെ വിരോധം. സംഗതി പുറത്തറിഞ്ഞ് വിവാദമായപ്പോള്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടാവുകയും മുനിസിപ്പാലിറ്റി വാക്കുകള്‍ മാറ്റുകയും ചെയ്തതാണത്രെ. പ്രതിമ സ്ഥാപിക്കുവാന്‍ മുനിസിപ്പാലിറ്റിയുടെ സമ്മതം മുന്‍ കൂട്ടി വാങ്ങിയിരുന്നില്ല എന്ന സാങ്കേതിക കാരണത്തിലേക്ക് ശാഠ്യങ്ങള്‍ ലോപിച്ചു.   


അബ്ദുസമദ് സമദാനി തുടങ്ങിയ പ്രമുഖരുടെ ഇടപെടല്‍ ഉണ്ടായിട്ടു പോലും പ്രതിമ വികൃതമാക്കപ്പെട്ടു. ഇപ്പോള്‍ പ്രതിമ പുനര്‍ നിര്‍മ്മിക്കുവാനും സ്മൃതി വനം സംരക്ഷിക്കുവാനുമായി ഒരു പ്രത്യേക കമ്മറ്റിയെ തിരഞ്ഞെടുത്തതായാണ് ഒടുവില്‍ വായിച്ച വാര്‍ത്തകള്‍. പുതുതായുണ്ടാക്കുന്ന പ്രതിമയും തകര്‍ക്കപ്പെടുകയില്ല എന്നാരെങ്കിലും ഉറപ്പു കൊടുത്തിണ്ടോ ആവോ? ഏതായാലും മനുഷ്യരെപ്പോലെത്തന്നെ പ്രതിമകളും ‘നോട്ടപ്പുള്ളി’കളുടെ ലിസ്റ്റില്‍ അകപ്പെട്ടു കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടപ്പെടാത്തതൊന്നും ഈ ഭൂമുഖത്തു നില നില്‍ക്കാന്‍ പാടില്ലെന്നു കുറേപ്പേരെങ്കിലും വിശ്വസിക്കുന്നു എന്നു സാരം.


“അന്നു രാത്രി കൊടുങ്കാറ്റു വീശി. ഇളവില്ലാതെ രണ്ടു ദിവസം തുടര്‍ന്നു വീശി. പനകള്‍ കട പുഴങ്ങി. പുളിങ്കൊമ്പുകള്‍ പൊട്ടി, മഴ ചൊരിഞ്ഞു”.  


കാറ്റിന്റെ സാന്നിദ്ധ്യം ഖസാക്കിന്റെ ഇതിഹാസത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട്. കൂമന്‍ കാവെന്നെ സ്മൃതിവനത്തിലേക്കു വീശിയ അസുഖകരമായ കാറ്റിന്റെ ഉറവിടം എവിടെ നിന്നായിരുന്നാലും അതു നമ്മുടെ നാടിനു യോജിച്ചതല്ല‍. നാം ജീവിക്കുന്ന ഈ ലോകത്ത് മനുഷ്യര്‍ ഒരു പാട് മതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  ലോക ജനതയെ ആകമാനം ഒരൊറ്റ മതത്തിന്റെ ചിറകിന്‍ കീഴിന്‍ കൊണ്ടു വരാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ എത്രകാലം നടത്തിയിട്ടും ഒരു മതത്തിനും ഇതു വരെ അതിനു കഴിഞ്ഞിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.  മഹത്തായൊരു ആശയമാണെങ്കിലും അതേപോലെത്തന്നെ ദുഷ്കരമാണ് മതരഹിതമായൊരു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനവും. 


അതിനാല്‍ എല്ലാ മതങ്ങള്‍ക്കും മറ്റു മതങ്ങളിലുള്ളവരുമായും, മതരഹിതരുമായും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിര്‍ത്തേണ്ട ബാധ്യതയുണ്ട്.  സ്വന്തം മത വിശ്വാസങ്ങള്‍ ഹനിക്കപ്പെടും എന്ന മിധ്യാ ധാരണയില്‍ ഒരു രാജ്യത്തിന്റെ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വിശ്വാസങ്ങളോട് മുഖം തിരിക്കുമ്പോള്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന സന്തുലിതാവസ്ഥയ്ക്ക് മുറിവേല്‍ക്കുകയാണ്. ഈ മുറിപ്പാടുകള്‍ അടുത്ത കാലത്തായി കൂടിക്കൂടി വരുന്നു എന്നതിന് ഒരു പാട് തെളിവുകള്‍ നമുക്കു മുന്നിലേക്ക് ദിവസേനെ കടന്നു വരുന്നുണ്ട്.


ഏതൊരു മതവും മനുഷ്യന്റെ കണ്ണു തുറപ്പിക്കുന്നതിനു പകരം കണ്ണു മൂടിക്കെട്ടാന്‍ തുടങ്ങുമ്പോഴാണ് അബദ്ധങ്ങളിലേക്കു വഴുതുവാന്‍ തുടങ്ങുന്നത്. മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ അധികാരകേന്ദ്രങ്ങളുടെ ചതുപ്പിലൂടെ ഇത്തരം ഒരു പാട് വഴുക്കുന്ന പാതകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് . ഇതിലൂടെയൊക്കെ അന്ധരായി നീങ്ങുന്നവര്‍ക്ക് തങ്ങള്‍ സ്ഥലകാല ബോധവും, ചിന്താശക്തിയും നഷ്ടപ്പെട്ട അതി വൈകാരികതയുടെ ചതുപ്പുകളിലൂടെയാണ് നീങ്ങുന്നതെന്ന ബോധം ഉണ്ടായിരിക്കില്ല. ഇത്തരം ചതുപ്പുകളില്‍ നിന്നും സ്വന്തം അനുയായികളെ നേര്‍വഴിക്കു നടത്തേണ്ട ഉത്തരവാദിത്വം ഓരോ മതത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടാകേണ്ടതുണ്ട്. അതിനവര്‍ തുനിയുന്നില്ലെന്നു മാത്രമല്ല അണികള്‍ക്കായി കൂടുതല്‍ ദുസ്സഹമായ പാതകള്‍ ഒരുക്കുന്ന മത്സരങ്ങളിലാണ് നേതാക്കള്‍. ഇത്തരം ബുദ്ധിശുന്യതകള്‍ തത്തുല്യമായ ചതുപ്പുകളേയും, വഴുക്കുന്ന പാതകളേയും മറ്റു മതങ്ങളിലും വളര്‍ത്തും എന്നതിന് ഉദാഹരണങ്ങള്‍ തേടി ദൂരെ പോകേണ്ടതില്ല.    


ബി.ജെ.പി എന്ന ജാതിപാര്‍ട്ടിയുടെ (പേരില്‍ ജാതിയില്ലെങ്കിലും പോരില്‍ ഉണ്ടെന്നത് ഏവര്‍ക്കുമറിയാം) ഉദയവും, സ്വാതന്ത്ര്യത്തിനു ശേഷം വളരെയൊന്നും പച്ച പിടിക്കാതിരുന്ന ആര്‍.എസ്.എസ്സിന്റെ ഉയിര്‍ത്തെഴുന്നേല്ക്കലും, ശ്രീരാമ സേന, ബജരംഗ് ദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ മുള പൊട്ടലും, ശിവസേന പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ ഊര്‍ജ്ജ സംഭരണവുമെല്ലാം ഇത്തരം കിടമത്സരങ്ങളുടേയും വൈരങ്ങളുടെയും വിത്തുകളില്‍ നിന്നായിരുന്നു എന്നതല്ലെ സത്യം?


മതമേതായാലും ‘മനുഷ്യന്‍’ നന്നായാല്‍ മതി എന്നതിനു പകരം മനുഷ്യനെങ്ങനെയായാലും  ‘മതം’ നന്നായാല്‍ മതി എന്ന പുതിയ സൂക്തത്തിന്റെ ലഹരിയിലാണെല്ലാവരും‍. എല്ലാ മതങ്ങള്‍ക്കും, മതരഹിതര്‍ക്കും തുല്ല്യതയോടെ നിലനില്‍ക്കുവാന്‍ ഇന്ത്യയിലെ ജനാധിപത്യ സംവിധാനം നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം ഇങ്ങിനെ ദുരുപയോഗപ്പെടുത്തുന്നവരെല്ലാം‍, ഇന്ത്യയുടെ മതേതരത്വത്തിലൂന്നിയ സവിശേഷ സ്വത്വത്തെത്തന്നെ കീറി മുറിക്കുകയാണ് ചെയ്യുന്നത്.  


ഓ.വി. വിജയനെപ്പോലെയുള്ള ഒരെഴുത്തുകാരന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയാത്തവരും, കൂമന്‍ കാവെന്ന സ്മൃതിമവനത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ വിറളി പിടിക്കുന്നവരും ഇന്ത്യന്‍ മതേതരത്വത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്.  എഴുത്തുകാരന്റെ കൈകളില്‍ വിലങ്ങുകളണിയിക്കാന്‍ തത്രപ്പെടുന്നവരും, വിരലുകളറുക്കാന്‍ വാളോങ്ങി നില്‍ക്കുന്നവരും, പ്രതിമകളെ വികൃതപ്പെടുത്തുന്നവരും സമാധാനത്തിന്റെ ആരാച്ചാര്‍മാരാണ്.


ഖസാക്കിന്റെ ഇതിഹാസം അവസാനിക്കുന്നിടത്ത് രവിക്കു സര്‍പ്പദംശമേല്‍ക്കുന്ന ഒരു രംഗമുണ്ട്. പാമ്പിന്റെ വരവ് വിജയന്‍ വര്‍ണ്ണിക്കുന്നതിങ്ങനെ -


“നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്പോട്ടു നോക്കി. ഇണര്‍പ്പു പൊട്ടിയ കറുത്ത നാക്കു പുറത്തേയ്ക്കു വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നതു രവിയും കൌതുകത്തോടെ നോക്കി. വാത്സല്യത്തോടെ. കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്. കാല്പടത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു.“


ഖസാ‍ക്കിലെ ഗന്ധങ്ങളറിഞ്ഞ തന്റെ മൂക്കിന്റെ നേര്‍ക്ക്, ജീവിതങ്ങളുടെ പൊരുളുകളെ സുക്ഷമതയോടെ ദര്‍ശിക്കാനുപകരിച്ച കണ്ണുടയുടെ നേര്‍ക്ക്, വാക്കുകളുടെ തീരാമഴ പൊഴിച്ച ചുണ്ടുകളുടെ നേര്‍ക്ക് - കോട്ടക്കല്‍ രാജാ ഹൈസ്കൂളിലെ അഭിശപ്തമായ ഒരു രാത്രിയിലെ കൂരിരുട്ടിലൂടെ നീണ്ടു വന്ന മതഭ്രാന്തന്മാരുടെ കരങ്ങളില്‍ അവര്‍ തകര്‍ത്ത ചുണ്ടുകളുരസ്സി ഒരു പക്ഷേ വിജയനെന്ന മനുഷ്യസ്നേഹി പറയുമായിരിക്കും  - “വികൃതിയാണ്, സാരമില്ല“. 


വിജയനങ്ങനെയാണ്. ദ്രോഹിച്ചവരെയെല്ലാം സ്നേഹിച്ചിട്ടേയുള്ളു. പക്ഷേ ഇത്തരം ദ്രോഹങ്ങള്‍ മലയാളക്കരയ്ക്കു താങ്ങാനാവുമോ അല്ലെങ്കില്‍ താങ്ങേണ്ടതുണ്ടോ എന്നതാണ് കാതലായ പ്രശ്നം.

22 Feb 2013

കണ്ണട


Print all
In new window


ഫൈസല്‍ പകല്‍കുറി 









കണ്ണട വീണ്ടു മൊടിഞ്ഞു
ഞുരുങ്ങീ സഖീ വിലയില്ലാത്തൊരു
വാക്കാല്‍ വാങ്ങിയ
ഭൂത കണ്ണ ട വീണ്ടുമുടഞ്ഞു .
മേനിയഴക്
കണ്ടു മടുക്കാന്‍
നേരം കിട്ടാതുടയും
മൂക്കില്‍
കയറിയിരിക്കും
കറുത്ത കണ്ണട എന്‍
ഹൃദയം പോല്‍
ഉടഞ്ഞു തകര്‍ന്നു
സഖാവേ .

പ്രണയം കാണും
മിഴികളില്‍
ഇരുളും
കനവും മാത്രം
മതിയിനി -
കണ്ണട വാങ്ങാന്‍
കയ്യില്‍ പണവും
മെയ്യില്‍ ചൂടും
മതിയാകുമ്പോള്‍
മനസ്സ് മടിയ്ക്കും
സ്നേഹം കൊണ്ടൊരു
തീര്‍പ്പുണ്ടാക്കാന്‍ -
നിന്നെ തിരയാന്‍ കണ്ണുകള്‍
വേണം .

ഓരോ തവണയും
പല രൂപങ്ങളില്‍
മിഴിവേകി ഇറക്കും
മിഴികള്‍ തെളിയ്ക്കും
കണ്ണ ട വേണ്ടാ
ഇനി പ്രേമം മൂത്തൊരു
നിന്റെ മനസ്സുണ്ടെങ്കില്‍
കണ്ണട എന്തിനു വെറുതെ
വാങ്ങി -
പ്രായം കൂട്ടും
കൂത്തുകള്‍ കാട്ടുവതെന്തിനു
സഖിയേ -
അറിയുക .......................................!
ശുഭ രാത്രി നേരുന്ന -
ഫൈസല്‍ പകല്കുറി









24 Jan 2013

മൃഗാധിപത്യം


 ജബ്രു 

ഏകാന്തയുടെ വിരിമാറില്‍
ഏകയായി നടന്നു പോയൊരു മാന്‍പേടയെ
എവിടെയോ മറഞ്ഞു നിന്നൊരു ചെന്നായ ,
ഓടിയൊളിക്കും മുന്നേ കൈക്കുള്ളിലാക്കി .
കാലിട്ടടിച്ചും ..മാറത്തലച്ചും
പ്രാണനുവേണ്ടി പിടഞ്ഞൊരു പേടയെ
കൂര്‍ത്ത ദ്രംഷ്ട്ടങ്ങള്‍ ആഴ്ത്തിയിറക്കീ നരാധമന്‍
ചുടു ചോര നാവില്‍ നുണഞ്ഞ കശ്മലന്‍.
ആവേശഭരിതനായി ആഴ്ന്നിറങ്ങി ആ മേനിയില്‍ .
ആക്രോശാഭൂരിതമായൊരു നിമിഷം
ജീവന് വേണ്ടി കേഴുന്ന പേടയെ.
അക്രമസക്തിയാല്‍ ഞെരിച്ചു കാപാലികന്‍ .
നിശ്ചലം ! പൊലിഞ്ഞു പോയി ആ പ്രാണന്‍ .
ആരവം കേട്ട് ഓടിയൊളിക്കാന്‍ ശ്രമിച്ചവന്‍ ,
കൊഴിയാലും കല്ലാലും എറിഞ്ഞു വീഴ്ത്തിയവര്‍ .
നീതിയുടെ മുന്നില്‍ നിരത്തി നിര്‍ത്തി അവനെ
ഒരു നിമിഷ സുഖത്തിനായി പ്രാണന്‍ എടുത്തവന്‍
ഒരു തുണ്ട് കയറില്‍ തീരാന്‍ വിധിച്ചു .
ആത്മനിന്ദയാല്‍ തല താഴിത്തി നിന്നവന്‍ .
മാപ്പ് ! എന്നൊരു രണ്ടക്ഷരം ഉരിയാടി നിന്നൂ  .
ആരവങ്ങള്‍ കിടയില്‍ ആരിത് കേള്‍ക്കാന്‍ !
വിതച്ചവന്‍ തന്നെ കൊയ്യണമെന്നല്ലെ സത്യം .
എവിടെ നോക്കിയാലും പീഡനം .രക്ത ബന്ധങ്ങള്‍ പോലും ഒരു നിമിഷം കൊണ്ട് മറക്കുന്ന ഇന്നത്തെ അവസ്ഥ .
വിടരും മുന്‍പേ കൊഴിയാന്‍ വിധിക്കപെട്ട പ്രിയ സഹോദരിമാര്‍ക്ക് വേണ്ടി ..മാനം കാക്കാന്‍ പിടഞ്ഞു ജീവന്‍ പൊലിഞ്ഞ അമ്മമാര്‍ക്ക് വേണ്ടി .
ഇങ്ങനെ യെങ്കിലും പ്രതീകരികണ്ടേ .കേട്ട് തഴമ്പിച്ച വാക്കുകള്‍ കൊണ്ട് ഞാന്‍ എഴുതിയ ഈ കുറിപ്പു..സമര്‍പ്പികുന്നൂ

22 Dec 2012

ട്വിറ്ററും ഫേസ്ബുക്കും നിങ്ങളുടെ ലൈംഗിക ജീവിതം കുട്ടിച്ചോറാക്കുമെന്ന് പഠനം


 അഞ്ജുദേവി മേനോൻ

ട്വിറ്റര്‍, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ അമിത ഉപയോഗം നിങ്ങളുടെ ലൈംഗിക ജീവിതം നശിപ്പിച്ച് കുട്ടിച്ചോറാക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ ഇണയോടൊത്ത് ഉറങ്ങുവാനും സല്ലപിക്കുവനുമുള്ള സമയം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നത് ലൈംഗിക ബലഹീനത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് കാരണമാവുമെന്ന് യു കെയിലെ ബ്രോഡ്ബാന്‍ഡ് ചോയിസസ് എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
10 വര്‍ഷം മുന്‍പ്‌ തങ്ങള്‍ ഉറങ്ങിയതിനെക്കാള്‍ 90 മിനുട്ടോളം കഴിഞ്ഞാണ് ഇത്തരക്കാര്‍ ഉറങ്ങുന്നതെന്നും ഈ പഠനമാ വ്യക്തമാക്കുന്നു. ഈ സമയം മുഴുവന്‍ ഇവര്‍ ബെഡില്‍ വെച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ വീട്ടിലെ ലാപ്ടോപ്പില്‍ വെബ്‌ ബ്രൌസിങ്ങോ ആയിരിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.
ഒരു സാധാരണ യുവാവ്‌ ഇപ്പോള്‍ ഉറങ്ങുന്നത് പഴയ സമയം ആയ 10 30 മായി താരതമ്യം ചെയ്യുമ്പോള്‍ അര്‍ദ്ധരാത്രിയിലാണ്. നമ്മള്‍ പകുതിയോടടുത്ത് പേരും അതായത് 46 % പേരും 90 മിനുട്ടോളം അധികം ഉറങ്ങാതെ ഇരിക്കുന്നു. ഇവരില്‍ 15 ശതമാനം പേരും വ്യക്തമാക്കിയത് ഇങ്ങനെ ഇരിക്കുന്നത് മൂലം അന്നത്തെ സെക്സ് തങ്ങള്‍ക്ക് ലഭിക്കുന്നില്ലന്നാണ്. അതായത് വെബ്‌ ബ്രൌസിംഗ് നിര്‍ത്തിയ ശേഷം പിന്നീട് ക്ഷീണത്തോടെ ഇവര്‍ ഉറങ്ങുകയാണ് ചെയ്യുന്നത്.
10 വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഇപ്പോള്‍ ഒരാഴ്ച ഏഴര മണിക്കൂര്‍ കുറവാണ് നാം ഉറങ്ങുന്നതെന്നും ഈ പഠനം വ്യക്തമാക്കുന്നു. അതായത് ഒരു വര്‍ഷത്തെ കാര്യം നോക്കുകയാണെങ്കില്‍ 360 മണിക്കൂറുകളോളം ഉറക്കം നമുക്ക് നഷ്ടപ്പെടുന്നു.
നാലിലൊരു ഭാഗം ജനങ്ങള്‍ക്കും ബെഡ് ടൈമില്‍ ബ്രൌസ് ചെയ്യുക എന്നത് ഒരു ഹാബിറ്റായി മാറിയിരിക്കുകയാണ്. അതെ സമയം 15 % പേരാണെങ്കില്‍ ടിവി പരിപാടികള്‍ കണ്ടിരിക്കുകയാവും. 13 % പേരാണെങ്കില്‍ ഏതെന്കിലും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ ലൈംഗിക ജീവിതം കുട്ടിച്ചോറാക്കുകയായിരിക്കും.
30 വയസ്സിനു താഴെ ഉള്ളവരില്‍ മൂന്നില്‍ രണ്ടു പേരും ബെഡില്‍ കിടന്നു ട്വീറ്റ് ചെയ്യുന്നവരോ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരോ ആയിരിക്കും. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഇക്കൂട്ടരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ഒരു ഫ്രീ ടൈം എപ്പോള്‍ കിട്ടുന്നുവോ അപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ആവാനായിരിക്കും ഇക്കൂട്ടര്‍ ശ്രമിക്കുക. അങ്ങിനെ ഓരോ നിമിഷവും ഇവര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ തങ്ങളുടെ ലൈംഗിക ജീവിതം തകരുന്നത് ഇവര്‍ കാണുന്നില്ല.
ഈ പഠനത്തില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞത് ഇങ്ങനെ,
ഞാന്‍ എന്റെ ജോലി കഴിഞ്ഞു വരുമ്പോള്‍ തന്നെ രാത്രി ആകും. വീട്ടിലെത്തി എന്തെങ്കിലും ചെറിയ ഡിന്നര്‍ അടിച്ച ശേഷം വേഗമെത്തുക ഫേസ്ബുക്കില്‍ ആയിരിക്കും. അതിനു ശേഷം ഒന്ന് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ആ ലോകത്തായിരിക്കും ഞാന്‍ . എന്നെ വെയിറ്റ് ചെയ്തു ഭാര്യ ഉറങ്ങിപ്പോയിരിക്കും. ഇതാണ് എന്റെ ഇപ്പോഴത്തെ ജീവിതം.
സുഹൃത്തുക്കളെ, ഇനിയും സമയമുണ്ട്.. ഒരു മാറ്റം തീര്‍ച്ചയായും നല്ലതാണ്.

22 Nov 2012

ശാദ്വല ഭൂമികളെ സ്വപ്നം കണ്ടവര്‍

എൻ.എസ് സരിജ


ജാലകങ്ങള്‍ക്കപ്പുറത്ത്‌ പുഴ കടല്‍ വെള്ളം കയറി നിറയാന്‍ തുടങ്ങിയിരിക്കുന്നു. വേലിയേറ്റമാണ്‌. ചിലപ്പോള്‍ തോന്നും ഈ പുഴ പോലെയാണ്‌ എന്‍റെ മോഹങ്ങളെന്ന്‌. തീരങ്ങള്‍ കവിഞ്ഞ്‌ , അതിര്‍ത്തികള്‍ ലംഘിച്ച്‌ നിറഞ്ഞൊഴുകും . പിന്നെ തിരിച്ചറിവു വന്നിട്ടെന്ന പോലെ പുറകോട്ടൊഴുകും. വന്നിടത്തേക്കു തന്നെ മടങ്ങിപ്പോകും. നിറഞ്ഞു വരുന്ന പുഴയിലൂടെ ഒഴുകിപ്പോകുന്ന കൊച്ചു കൊച്ച്‌ പുല്‍ത്തുരുത്തുകള്‍.

അകലെ ഒരു ശീലാന്തി മരം വെള്ളത്തിലേക്ക്‌ ചാഞ്ഞു കിടക്കുന്നു. എവിടെയൊ തടഞ്ഞു നിന്ന ഒരു കൊച്ച്‌ പുല്‍ത്തുരുത്ത്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പുഴയ്ക്കു നടുവില്‍ പുല്‍ത്തുരുത്തുകളുടെ ഒരു ദ്വീപ്‌ സൃഷ്ടിച്ചു. എങ്ങനെയാണാവോ ഇനിയും മണ്ണടര്‍ന്നു പോകാത്ത ഈ പുല്ലിന്‍കട്ടകള്‍ ഒഴുക്കില്‍പ്പെട്ടത്‌? ചിന്തിച്ച്‌ കഴിയും മുന്‍പെ മണല്‍ നിറച്ചു വന്ന ഒരു വഞ്ചി പുല്‍ദ്വീപിനെ ചിതറിച്ചു കൊണ്ട്‌ കടന്നു പോയി. പച്ചപ്പിന്‍റെ കൊച്ചു തുരുത്തുകള്‍ വീണ്ടും അവയുടെ ഏകാന്തയാത്ര തുടര്‍ന്നു.
ഇനിയെവിടെയെങ്കിലും വീണ്ടും അവയൊരുമിക്കുമോ? പുറത്ത്‌ ഉരുകിത്തിളയ്ക്കുന്ന വെയില്‍. ഓര്‍മ്മകള്‍ക്ക്‌ നനഞ്ഞ ഭസ്മത്തിന്‍റെ ഗന്ധമാണ്. എന്ന്‌ മുതലാണ്‌ ഞാന്‍ ഉറക്കത്തില്‍ കരഞ്ഞു തുടങ്ങിയത്‌? ഒത്തിരി ചിരിക്കുന്ന മനസ്സ്‌ ഉറക്കത്തിലെപ്പോഴോ ഉണര്‍ന്നു കരയുന്നു, ഞാനറിയാതെ.

ഇന്നത്തെ ഉറക്കത്തിലും ഞാന്‍ കരയുമോ? ഇന്നലെ പുല്ലാന്തിക്കാടുകളില്‍ വീശുന്ന കാറ്റ്‌ എന്നെ തേടി വന്നു. മടക്കയാത്രയ്ക്കു സമയമായെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍. എങ്ങോട്ടോ ഒഴുകുന്ന ജീവിതത്തെ ഞാന്‍ വെട്ടിയൊരുക്കിയ വഴിയിലേക്ക്‌ തിരിക്കാനുള്ള സമയമാണിത്‌. ഗ്രാമത്തിന്‍റെ ഇടവഴികള്‍ കടന്നു പോരുമ്പോള്‍ മനസ്സ്‌ നിശബ്ദം ഒന്നു തേങ്ങി. ഈ മണ്‍തരികളില്‍ എന്‍റെ ഓര്‍മ്മകള്‍ വീണു കിടക്കുന്നു. എന്‍റെ കണ്ണീരുണങ്ങിക്കിടക്കുന്നു.
മനസ്സു പറഞ്ഞു “ഇല്ല, ഇനിയീ വഴികളിലൂടെ ഒരു യാത്രയില്ല. ഇനിയുള്ള എന്‍റെ യാത്രകളിലേക്കുള്ള വഴി ഇതല്ല“. നഗരത്തിന്‍റെ ഗന്ധം എന്നെ അസ്വസ്ഥയാക്കുന്നു. കണ്ണുകളടച്ച്‌ ചൌരസ്യയുടെ പുല്ലാങ്കുഴലിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചു നോക്കി. ജീവിതം പരിഹാസത്തോടെ എന്നെ നോക്കിച്ചിരിച്ചു. അസ്ഥിരതകളില്‍ സ്ഥിരതയെ തേടുന്ന വിഡ്ഡി വേഷം , അത്‌ ഞാനഴിച്ച്‌ വയ്ക്കുന്നു. സ്വയം പകര്‍ന്നാടാന്‍ ഇനിയൊന്നുമില്ല. കാതില്‍ വല്ലാത്ത ഇരമ്പല്‍... ഇരുളില്‍ നിന്നൊരു വണ്ടി തീക്കണ്ണുകള്‍ തുറന്ന്‌ വച്ച്‌ പാഞ്ഞു വരുന്നു. മരുഭൂവിലിരുന്ന്‌ ശാദ്വല ഭൂമികളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവരാണ്‌ അതിലെ യാത്രക്കാര്‍. എന്‍റെ ഹൃദയത്തിലേക്കു നടന്ന്‌ കയറിയ ചിലര്‍, അവര്‍ക്കായുള്ള എന്‍റെ യാത്രാമൊഴിയാണിത്. എഴുതിയവസാനിപ്പിക്കാന്‍ എവിടെയോ വായിച്ച വാക്കുകള്‍ കടമെടുക്കുന്നു. " മരണം ഒരു തരം ഭ്രാന്താണ്‌, പ്രണയം പോലെ സുഖമുള്ള ഒന്ന്‌"

22 Oct 2012

നർമ്മം/നായകനും ലക്ഷങ്ങളും


ഗിരീഷ്‌ മൂഴിപ്പാടം

    ഓണത്തിന്റെ അവസാനദിനമായിരുന്നു അന്ന്‌. ദിലീപിന്റെ പുതിയ ചിത്രം കണ്ട്‌ ബൈക്കിൽ ഭർത്താവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ അൽപ്പമൊന്ന്‌ മുന്നോട്ടാഞ്ഞ്‌ അവൾ ഭർത്താവിന്റെ ചെവിയിൽ പറഞ്ഞു. "എത്ര ശൃംഗാരമായിട്ടാണ്‌ നായികയോട്‌ നായകൻ ഇടപെടുന്നത്‌. ചിങ്ങമാസത്തിലെ ചാറ്റൽ മഴ നനഞ്ഞുള്ള ആ യാത്രയിൽ കാലവർഷത്തെ ശപിച്ചുകൊണ്ട്‌ അയാൾ ഒന്ന്‌ മൂളുകമാത്രം ചെയ്തു. കേട്ട പാതി കേൾക്കാത്ത പാതി അവൾ വീണ്ടും നായികയോടുള്ള നായകന്റെ സ്നേഹത്തെ വാഴ്ത്തി സംസാരിച്ചുകൊണ്ടിരുന്നു.
    "എന്തായാലും ഈ സിനിമ തന്നെ കണ്ടത്‌ നന്നായി. നിങ്ങൾക്ക്‌ ഒന്ന്‌ കണ്ട്‌ പഠിക്കാൻ നല്ലതാ. ഭാര്യമാരോടെങ്ങനെ ഇടപെടണമെന്ന്‌. അതെങ്ങനെ എന്തു പറഞ്ഞാലും എന്നെ കടിച്ചുകീറാൻ വരുന്ന സ്വഭാവമല്ലേ."
    കാശ്‌ കൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലെയായി ഈ സിനിമ കണ്ടതെന്ന്‌ അയാൾക്ക്‌ തോന്നി.
    മഴത്തുള്ളികൾക്ക്‌ കനം കൂടിവരുന്നതായി അയാൾക്ക്‌ തോന്നി. ഒന്ന്‌ ചിരിച്ചിട്ട്‌ അയാൾ പറഞ്ഞു. "എടീ  മണ്ടീ... അത്‌ സിനിമയല്ലേ. ഇങ്ങനെയൊക്കെ കാണിക്കുന്നതിന്‌ നായകന്‌ കിട്ടുന്നത്‌ ലക്ഷങ്ങളാ............. ലക്ഷങ്ങൾ  അറിയാമോ.......". പറഞ്ഞു തീരും മുമ്പ്‌  പിറകിൽ നിന്നും ഭാര്യയുടെ മറുപടി വന്നു. " അതെ എന്റെ അച്ഛനും രൂപ രണ്ടുലക്ഷമാ സ്ത്രീധനമായിട്ടു നിങ്ങൾക്ക്‌ തന്നത്‌. അത്‌ പിന്നെ എന്നാത്തിനാ ഇതിനോക്കെകൂടിയാ അതറിയാമോ നിങ്ങൾക്ക്‌. അതങ്ങു മറന്നുപോയോ നിങ്ങള്‌" . തൊട്ടുമുന്നിലൂടെ കടന്നുപോയ ആംബുലൻസിന്റെ സയറൻ അവളുടെ വാക്കുകൾക്ക്‌ താളം പിടിക്കുന്നതോടൊപ്പം അയാളുടെ തലച്ചോറിലും സയറൻ മുഴങ്ങി................!

19 Sept 2012

നീ......





സ്വപ്നാനായർ

നീ വരുമെന്ന്
എനിക്കറിയാമായിരുന്നു

ഇന്നലത്തെ  ചാറ്റല്‍ മഴയിലും
വിയര്‍ത്തതല്ലേ

തര്‍ക്കിച്ചു തര്‍ക്കിച്ചു
വാക്ക് മുട്ടീപ്പോ
പിന്നെ കാണാന്ന്
പറഞ്ഞിറങ്ങിയതല്ലേ

വിളര്‍ത്തു പോയ
നിന്റെ  ഉടലില്‍ നിന്നും
വിരിഞ്ഞിറങ്ങുന്നുണ്ടായിരുന്നു
കഴുകന്മാര്‍

കറുത്ത ചിറകുകള്‍ വീശി
മഹാന്ധകാരത്തിന്റെ 
ചിറകടിയൊച്ചകളുമായി
അവ ചുറ്റിനും
പറന്നു തുടങ്ങിയിരുന്നു

നീ വരുമെന്ന്
എനിക്കറിയാമായിരുന്നു

ആയുധങ്ങളേറ്റുവാങ്ങാന്‍
സ്വന്തമായൊരു തലയില്ലാതെ
ഉടലില്ലാതെ
വലിച്ചെറിയപ്പെട്ട ഏതു
മൃഗത്തിന്റെ തോലണിഞും
നീ വരുമെന്ന്
എനിക്കറിയാമായിരുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...