Showing posts with label chandrakanthan. Show all posts
Showing posts with label chandrakanthan. Show all posts

18 Mar 2012

അര്‍ഥമില്ലാതെ പെയ്യുന്ന മഴകള്‍

ചന്ദ്രകാന്തൻ

അമ്പലമുറ്റത്ത്‌ മഴ കനത്ത്‌ പെയ്യുന്നു. മൂടല്‍ മഞ്ഞ്‌ പോലെ മൂടിക്കെട്ടിപ്പെയ്യുന്ന മഴയില്‍ ആനക്കൊട്ടിലിനുമപ്പുറം ദൂരെ അമ്പലക്കുളവും അതിനുമപ്പുറം പരന്ന് കിടക്കുന്ന നെല്‍പാടവും പിന്നെ കറുത്ത ആകാശവും കണ്ണടയില്ലാത്ത വൃദ്ധന്റെ കാഴ്ച പോലെ അവ്യക്തമാണ്‌. പാടത്തിന്‌ നടുവിലൂടെയുള്ള തീവണ്ടിപ്പാളത്തില്‍ക്കൂടി മഴയില്‍ കുതിര്‍ന്ന് പാഞ്ഞുപോവുന്ന തീവണ്ടിയുടെ ചൂളം വിളി മഴയുടെ സംഗീതത്തില്‍ അലിഞ്ഞ്‌ ഇല്ലാതാവുന്നത്‌ ശ്രദ്ധിച്ച്‌ കണ്ണന്‍ ദേവസ്വം ഓഫീസിന്റെ തിണ്ണയിലുള്ള കസേരയിലിരുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ മഴയിലേക്ക്‌ മനസ്സ്‌ നട്ട്‌ ഇങ്ങനെ ചാരി ഇരിക്കുന്നത്‌ അല്ലെങ്കിലും ഒരു സുഖമുള്ള ഏര്‍പ്പാടാണ്‌; പ്രത്യേകിച്ചും ഒരുപാട്‌ ജോലികള്‍ ചെയ്ത്‌ ക്ഷീണിച്ചിരിക്കുമ്പോള്‍. മഴയുള്ളപ്പോള്‍ ജോലികള്‍ക്ക്‌ ഇടവേളകള്‍ കിട്ടുമെന്നത്‌ മഴയെ സ്നേഹിക്കുവാന്‍ കണ്ണനെ എന്നും പ്രേരിപ്പിച്ചിരുന്നു.
ഒരുമണിക്കൂറോളമാവുന്നു ഈ ഇരിപ്പ്‌ തുടങ്ങിയിട്ട്‌. എത്രമണി ആയിക്കാണും..?? മൂന്നോ അതോ മൂന്നരയോ..?? നാരകപ്പറമ്പിലെ രാജപ്പന്‍ നായര്‍ മഴ തുടങ്ങിയപ്പോള്‍ പോയതാണ്‌. ഏതായാലും മഴ വരുന്നതിന്‌ മുന്‍പേ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു എന്നും പറ‍ഞ്ഞ്‌ ആശ്വാസത്തിന്റെ ഒരു നെടിയ നിശ്വാസവുമായാണ്‌ അയാള്‍ പോയത്‌. രാജപ്പന്‍ നായരുടെ ഇളയ മകളുടെ കല്യാണമായിരുന്നു ഇന്ന്. ഇന്നലെ വരെ കുട്ടിപ്പാവാടയുമിട്ട്‌ ഒരു കൊച്ചുപെണ്‍കുട്ടിയായി നടന്നതാണ്‌ സൗമ്യ; കണ്ണന്‍ ഓര്‍ത്തു. എത്ര പെട്ടെന്നാണ്‌ പെണ്‍കുട്ടികള്‍ വളരുന്നത്‌. സത്യത്തില്‍ “സൗമ്യേടെ കല്യാണമാണ്‌ കണ്ണാ, എല്ലാ കാര്യവും നീ ഭംഗിയായി നോക്കണം” എന്ന് രാജപ്പന്‍ നായര്‍ വന്ന് പറഞ്ഞപ്പോള്‍ ആശ്ചര്യപ്പെട്ട്‌ പോയി. ഒരു സ്ക്കൂള്‍കുട്ടിയെപ്പോലെ തോന്നിക്കുന്ന അവളെ ഒരു കല്യാണപ്പെണ്ണായി സങ്കല്‍പ്പിക്കുവാന്‍ തന്നെ കഴിഞ്ഞില്ല കണ്ണന്‌. കാലരഥത്തിന്റെ ചക്രങ്ങള്‍ക്ക്‌ ഇത്രയും വേഗത അനാവശ്യമാണെന്ന് അയാള്‍ക്ക്‌ തോന്നി. ജീവിതം ഒരു അന്തോം കുന്തോമില്ലാതെ പാഞ്ഞ്‌ പോവുന്നു. എന്തെങ്കിലും ഓര്‍ത്തുവെയ്ക്കാന്‍ പറ്റിയ സംഭവങ്ങളാവട്ടെ വിരളവും. ജീവിതം ശൂന്യമായി ഓടി തീരുന്ന ഒരു സിനിമാറീലുപോലെ.
ഇന്നലെ മുതല്‍ ഉള്ള പാച്ചിലാണ്‌. അച്ഛന്റെ പെട്ടെന്നുള്ള മരണശേഷം അമ്പലത്തില്‍ അച്ഛന്റെ സ്ഥാനത്ത്‌ നിയമിക്കപ്പെടുമ്പോള്‍ കഷ്ടിച്ച്‌ ഇരുപത്‌ വയസ്സ്‌ പ്രായമേ ഉണ്ടായിരുന്നുള്ളു. കുതിരയെപ്പോലെ ലക്ഷ്യമില്ലാതെ ഉള്ള കുതിപ്പിനിടയില്‍ പെട്ടെന്ന് പിടിച്ച്‌ കെട്ടിയിടപ്പെട്ടു. അമ്പലത്തിന്റെ പരിസരത്തേയ്ക്ക്‌ മാത്രമായി ജീവിതം ചുരുങ്ങിയപ്പോള്‍ ആദ്യമാദ്യം വല്ലാത്ത വീര്‍പ്പുമുട്ടല്‍ ആയിരുന്നു. കൂട്ടുകാരൊക്കെ പഠിച്ചും കളിച്ചും നടക്കുന്നു. തന്റെ ചുമലിലാവട്ടെ പെട്ടെന്ന് ചുമത്തപ്പെട്ട കുടുംബഭാരവും. ഔദ്യോഗികജീവിതത്തിന്റെ ആദ്യദിവസങ്ങളില്‍ കല്യാണം എന്ന് കേള്‍ക്കുന്നത്‌ തന്നെ മരണതുല്യമായിരുന്നു. കാരണം അമ്പലത്തില്‍ ഒരു കല്യാണം വന്നാല്‍ സര്‍വ്വചുമതലയും കണ്ണനാണ്‌. ഓഡിറ്റോറിയം തുറന്ന് വൃത്തിയാക്കി നല്‍കണം, പാത്രങ്ങള്‍ കണക്കനുസരിച്ച്‌ നല്‍കണം, പാചകക്കാര്‍ക്ക്‌ വേണ്ടുന്ന സഹായം എല്ലാം ചെയ്ത്‌ നല്‍കണം, കല്യാണമണ്ഡപം ഒരുക്കണം, എന്ന് വേണ്ട ഒരു കല്യാണത്തിന്‌ വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്ത്‌ കൊടുക്കണം. നാട്ടുകാരുടെ അമ്പലവും ദേവസ്വവുമാണ്‌. അപ്പോള്‍ അമ്പലത്തിലെ കാര്യസ്ഥന്‍ എന്ന നിലയ്ക്ക്‌ നാട്ടുകാരുടെ കല്യാണമെന്നാല്‍ സ്വന്തം കല്യാണം പോലെയേ കരുതാനാവൂ. മാത്രമല്ല, നാട്ടിലുള്ള പകുതിയിലധികം ആളുകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബന്ധുക്കാരും സ്വന്തക്കാരുമാണ്‌. അങ്ങനെയുള്ള സ്ഥിതിവിശേഷമിരിക്കെ ഒരു കല്യാണത്തിനും ഉപേക്ഷ വിചാരിക്കുവാന്‍ പറ്റില്ല.
ഇന്ന്, ഔദ്യോഗികജീവിതത്തിലെ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം തിരക്കുകള്‍ ജീവിതചര്യയുടെ ഭാഗമായിരിക്കുന്നു. കല്യാണങ്ങളും ഉത്സവങ്ങളും ഇപ്പോള്‍ പുതുമ തീരെയില്ലാത്ത, തികച്ചും സാധാരണമായ സംഭവങ്ങള്‍ ആയി മാറിയിരിക്കുന്നു. നാലു വര്‍ഷങ്ങള്‍ക്കിടയില്‍ എത്രയോ താലികെട്ടുകള്‍ കണ്ടിരിക്കുന്നു. സദ്യ ഉണ്ണുവാനുള്ള ആര്‍ത്തി പിടിച്ച തിരക്കുകള്‍, യാത്രയാവുന്ന പെണ്ണിന്റെ കണ്ണീര്‍ത്തുള്ളികള്‍, അത്‌ കണ്ടുനില്‍ക്കുന്ന ചെറുക്കന്റെ നിസ്സംഗത, മകളെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിച്ച മാതാപിതാക്കളുടെ ആനന്ദനിശ്വാസങ്ങള്‍, അങ്ങനെ അങ്ങനെ എത്രയോ ഭാവങ്ങളുടെ ആവര്‍ത്തനങ്ങള്‍ കണ്മുന്നിലൂടെ കടന്ന് പോയിരിക്കുന്നു.
തിരക്കുകളെല്ലാം ഒതുക്കി, ദേഹണ്ഡക്കാരെ പണം കൊടുത്ത്‌ പിരിച്ച്‌ വിട്ട്‌, ദേവസ്വത്തിലെ സാധനസാമഗ്രികള്‍ എല്ലാം തിരിച്ചേല്‍പ്പിച്ച്‌, കണക്കുകള്‍ എല്ലാം തീര്‍ത്തിട്ടൊടുവില്‍ യാത്ര പറയുമ്പോള്‍ രാജപ്പന്‍ നായരുടെ കണ്ണുകളിലും ഉത്തരവാദിത്വങ്ങളെല്ലാം ഇറക്കിവെച്ച്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു പിതാവിന്റെ ആനന്ദാതിരേകം ഉണ്ടായിരുന്നു. ആകെ ഉള്ള രണ്ട്‌ പെണ്‍കുട്ടികളുടെയും വിവാഹം അയാള്‍ ആഗ്രഹിച്ചതുപോലെ നല്ല നിലയില്‍ കഴിഞ്ഞിരിക്കുന്നു. രണ്ടുമക്കളും സുഖമായി നല്ല രണ്ട്‌ കുടുംബങ്ങളിലേക്ക്‌ യാത്രയായിരിക്കുന്നു. ഇനി സ്വസ്ഥം, സമാധാനം. അതിന്റെ എല്ലാ നിര്‍വൃതിയോടും കൂടിയാണ്‌ അയാള്‍ പോയത്‌. “മഴയ്ക്ക്‌ മുന്‍പ്‌ വീട്‌ പറ്റണം. എന്നിട്ട്‌ ഒന്നു സുഖമായി ഉറങ്ങണം” എന്ന് പറഞ്ഞുകൊണ്ട്‌ കല്ലും മണ്ണും ചുമന്ന് ശുഷ്കിച്ചുപോയ ശരീരവുമായി ആ മനുഷ്യന്‍ ദേവസ്വം ഓഫീസിന്റെ മുന്‍പില്‍ നിന്ന് നടന്ന് പോവുന്നത്‌ നോക്കി നിന്നപ്പോള്‍ ജീവിതത്തിന്‌ എന്തൊക്കെയോ അര്‍ഥങ്ങള്‍ ഉണ്ടാവുന്നു എന്ന് കണ്ണനു തോന്നി. ആ ചാരിതാര്‍ഥ്യത്തോടെ കസേരയിലേക്ക്‌ ചാരിയതാണ്‌. ചന്നം പിന്നം മഴ തൂവി തുടങ്ങിയിരുന്നു അപ്പോള്‍.
മഴ ഇപ്പോഴും തിമിര്‍ത്ത്‌ പെയ്യുകയാണ്‌. ഇന്നിനി മഴ തോരില്ലേ.? കണ്ണന്‍ അതിശയിച്ചു. കാലം തെറ്റിപ്പെയ്ത മഴയാണ്‌. എന്നിട്ടും തുള്ളിക്കൊരു കുടം പോലെ പെയ്യുവാന്‍ തുടങ്ങിയിട്ട്‌ മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ രാജപ്പന്‍ നായരെന്ന പിതാവിന്റെ ആത്മനിര്‍വൃതിയായിരിക്കാം നിര്‍ത്താതെ പെയ്യുന്ന ഈ മഴ എന്ന് കണ്ണനു തോന്നി. അമ്പലത്തിന്റെ കവാടത്തിലേക്ക്‌ അവസാനിക്കുന്ന റോഡിന്റെ അരികത്തുള്ള ശശിയമ്മാവന്റെ കടയുടെ തിണ്ണയിലെ ചെറിയ ബെഞ്ചില്‍ ആരോ രണ്ട്‌ പേര്‍ കൂനിക്കൂടിയിരിക്കുന്നത്‌ അവ്യക്തമായി അയാള്‍ കണ്ടു. ജോലിക്ക്‌ പോവാന്‍ കഴിയാത്ത ആരൊക്കെയോ സമയം കളയുവാന്‍ വന്നിരിക്കുകയാണ്‌. അമ്പലത്തിന്റെ സമീപത്ത്‌ അങ്ങിനെ ചിലര്‍ ഉണ്ട്‌. ഒരു ജോലിക്കും പോവാന്‍ താല്‍പര്യം ഇല്ലാത്തവര്‍. തങ്ങളുടെ ഭാര്യമാര്‍ ചെരുപ്പിന്റെ വള്ളി വെട്ടിയും ഫോട്ടോസ്റ്റാറ്റ്‌ കടയില്‍ ജോലിക്ക്‌ നിന്നും ഉണ്ടാക്കുന്ന തുഛമായ വരുമാനം കൊണ്ട്‌ കഴിയുന്നവര്‍. എന്താണ്‌ ഇവര്‍ ഇങ്ങനെ ആയിപ്പോയത്‌.? അങ്ങോട്ട്‌ തന്നെ നോക്കിക്കൊണ്ട്‌ കണ്ണന്‍ ആലോചിച്ചിരുന്നു. മഴ ശമിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ ടാറ്‌ പൊളിഞ്ഞ റോഡില്‍ക്കൂടി ഒരു ഓട്ടോറിക്ഷ ആടിയുലഞ്ഞ്‌ വന്ന് അമ്പലത്തിന്റെ കവാടത്തില്‍ നിര്‍ത്തിയത്‌. ഒരു നിമിഷം. ആരോ ഒരാള്‍ ഓട്ടോയില്‍ നിന്ന് മഴയുടെ ചാറ്റലിലേക്ക്‌ ഇറങ്ങി. ആരാണെന്ന് വ്യക്തമാവുന്നില്ല. “ആരാണ്‌ ഈ സമയത്ത്‌.? തൊഴുവാന്‍ വന്നതാണോ.? പക്ഷേ നട തുറക്കുവാന്‍ സമയം ആയിട്ടില്ലല്ലോ. അതിനിനിയുമുണ്ട്‌ രണ്ട്‌ മണിക്കൂറോളം. പിന്നെ ആരാണ്‌.? എന്തിനാണ്‌?” കണ്ണന്‌ ഒരു ഊഹവും കിട്ടിയില്ല.
ഓട്ടോയില്‍ വന്ന മനുഷ്യനു കുടയില്ലായിരുന്നു. അയാള്‍ മഴച്ചാറ്റലിനിടയിലൂടെ പയ്യെ, ഒട്ടും ധൃതിയില്ലാതെ അമ്പലത്തിലേക്ക്‌ നടന്നു വന്നു. തീര്‍ത്തും അപരിചിതനെപ്പോലെ അയാള്‍ ചുറ്റും നോക്കുന്നുണ്ടായിരുന്നു. പരിചയമുള്ള ആളല്ല. കണ്ണനോര്‍ത്തു. ഈ നാട്ടുകാരനല്ല. എവിടെയും കണ്ട്‌ പരിചയവുമില്ല. അമ്പലത്തിലെ ജോലി അയാള്‍ക്ക്‌ ഒന്നൊഴിയാതെ എല്ലാ നാട്ടുകാരെയും ചിരപരിചിതരാക്കിയിരുന്നു. ആരാണാവോ.? നനഞ്ഞ്‌ കയറിവരുന്ന മനുഷ്യനെ നോക്കിക്കൊണ്ട്‌ കണ്ണന്‍ സ്വയം ചോദിച്ചു.
വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ആ മനുഷ്യന്‍ സന്ദേഹത്തോടെ ദേവസ്വം ഓഫീസിന്റെ തിണ്ണയിലേക്ക്‌ കയറി വന്നു. മഴയില്‍ നനഞ്ഞ കണ്ണട എടുത്ത്‌ മുണ്ടിന്റെ കോന്തലയില്‍ തുടയ്ക്കുന്ന അയാളെ കണ്ണന്‍ ചോദ്യരൂപേണ നോക്കി. ഏകദേശം അന്‍പത്‌ വയസ്സിനടുത്ത്‌ പ്രായമുണ്ടായിരുന്നു ആ മനുഷ്യന്‌.
“ഇളംകാവ്‌ ദേവസ്വം..??” അയാള്‍ ചോദ്യം പാതിവഴിയില്‍ നിര്‍ത്തി.
“അതെ.”
പെട്ടെന്ന് ഒരു അസ്വസ്ഥത അയാളുടെ മുഖത്ത്‌ പടര്‍ന്നു. എന്തോ വലിയൊരു വിഷമത അയാളെ അലട്ടുന്നതായി അയാളുടെ കണ്ണുകളും പെരുമാറ്റരീതികളും കണ്ണനോട്‌ പറഞ്ഞു.
“എന്റെ പേര്‌ രാധാകൃഷ്ണന്‍. കൊല്ലത്തുനിന്ന് വരികയാണ്‌.”
“ഇങ്ങോട്ടിരിക്കൂ.” കസേര മുന്‍പിലേക്ക്‌ നീക്കിയിട്ട്‌ കണ്ണന്‍ പെട്ടെന്ന് ആതിഥ്യമര്യാദ കാട്ടി.
അയാള്‍ സാവധാനം കസേരയിലേക്ക്‌ അമര്‍ന്നു. ജോലിക്കു വേണ്ടി ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്‍പില്‍ ഇരിക്കുന്ന ഉദ്യോഗാര്‍ഥിയുടേത്‌ പോലുള്ള ഒരു വിമ്മിട്ടം അയാളുടെ ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. അയാളുടെ പരിഭ്രമവും ആ അപരിചിതമായ സാഹചര്യവും തന്റെ മനസ്സില്‍ അകാരണമായ ഒരു അസ്വസ്ഥത പടര്‍ത്തുന്നത്‌ കണ്ണനറിഞ്ഞു. “എന്തിനാണ്‌ ഇയാള്‍ ഇത്ര ദൂരത്ത്‌ നിന്ന് ഇവിടെ വന്നത്‌.? എന്ത്‌ പറയുവാനാണ്‌ ഇയാള്‍ ഇത്രയധികം ബുദ്ധിമുട്ടുന്നത്‌.?” കണ്ണന്‍ അയാളെ തന്നെ നോക്കിക്കൊണ്ട്‌ തന്റെ കസേരയിലേക്ക്‌ ഇരുന്നു. മഴ അപ്പോഴേക്കും ഏതാണ്ട്‌ പൂര്‍ണ്ണമായി ശമിച്ചിരുന്നു.
“ഞാന്‍ വന്നത്‌….
എന്റെ മകളുടെ വിവാഹം.. ഈ അമ്പലത്തില്‍ വെച്ച്‌ മൂന്നു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്നു എന്ന് ഞാനറിഞ്ഞു…” അയാള്‍ ഒരു നിമിഷം നിര്‍ത്തി.
“അത്‌ സത്യമാണോ എന്ന് അറിയാനാണ്‌..” പറഞ്ഞ്‌ നിര്‍ത്തുമ്പോള്‍ അയാള്‍ ഒരു ആസ്ത്മാ രോഗിയേപ്പോലെ കിതയ്ക്കുന്നുണ്ടായിരുന്നു.
കണ്ണന്‍ മിഴിച്ചിരുന്നു. അയാള്‍ക്ക്‌ ആദ്യം ഒന്നും മനസ്സിലായില്ല. “എന്താണ്‌ ഇയാള്‍ പറയുന്നത്‌.? സ്വന്തം മകളുടെ കല്യാണം സത്യമാണോ എന്ന് ഒരാള്‍ അന്യനൊരാളോട്‌ അന്വേഷിക്കുന്നു. എന്താണ്‌ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്‌.?” കണ്ണന്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവനെ പോലെ ഇരുന്നു.
“കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയെട്ടിന്‌ നടന്നു എന്നാണ്‌ എനിക്ക്‌ ലഭിച്ച വിവരം. അത്‌ സത്യമാണോ അല്ലയോ എന്ന് ഒന്ന് ഉറപ്പ്‌ വരുത്തുവാനാണ്‌.” അയാളുടെ ശബ്ദത്തിന്‌ നേര്‍ത്ത വിറയല്‍ ഉള്ളതായി കണ്ണന്‌ തോന്നി.
കണ്ണന്‍ ഒന്നും മിണ്ടിയില്ല. എന്ത്‌ പറയണം എന്ന് അയാള്‍ക്ക്‌ ഒരു ഊഹവും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ശരി. കാരണം എന്താണ്‌ തന്റെ മുന്‍പില്‍ ഇരിക്കുന്ന മനുഷ്യന്‍ പറഞ്ഞ്‌ വരുന്നതെന്ന് അയാള്‍ക്ക്‌ അപ്പോഴും പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല.
“ഒറ്റ മോളാണ്‌. ബാംഗ്ലൂര്‌ നേഴ്സിംഗിന്‌ പഠിക്കുകയാണ്‌. ഇവിടെ ചങ്ങനാശേരിയില്‍ ഉള്ള ഒരു പയ്യനുമായി ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ തവണ ക്രിസ്മസിന്റെ അവധിക്ക്‌ വന്ന് തിരിച്ച്‌ പോവുന്ന വഴി അവള്‍ ഇവിടെ ഇറങ്ങി, ആ പയ്യനുമായി ഈ അമ്പലത്തില്‍ വന്ന് താലി കെട്ടി എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.” അയാള്‍ നിര്‍ത്തിയിട്ട്‌ ശ്വാസമെടുത്തു. ആ തണുപ്പത്തും അയാളെ വിയര്‍ക്കുന്നതുപോലെ തോന്നി.
പെട്ടെന്ന് കണ്ണന്‌ ഒരു അപകടം മണത്തു. “ദേവീ, ഇതൊരു തൊല്ലയാവുന്ന ലക്ഷണമാണല്ലോ..!” അയാള്‍ മനസ്സില്‍ പറഞ്ഞു. “കെട്ടിക്കൊണ്ട്‌ പോയിട്ട്‌ അവന്‍ ഇനി അവളെ അപകടപ്പെടുത്തുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍..!!” കണ്ണന്‍ ഉള്ളില്‍ ഞെട്ടി. “നമുക്ക്‌ സമാധാനക്കേടുണ്ടാക്കാന്‍ ഓരോ മാരണങ്ങള്‌ വലിഞ്ഞ്‌ കേറി വന്നോളും. പ്രേമം മൂത്ത്‌ മുന്‍പിന്‍ നോക്കാതെ ഓരോ പെണ്‍പിള്ളേര്‍ എടുത്തുചാടിക്കൊള്ളും. വല്ലോം സംഭവിച്ചാല്‍ പിന്നെ നമുക്കാണ്‌ കിടക്കപ്പൊറുതിയില്ലത്തത്‌. ഇതുങ്ങളെയൊക്കെ വളര്‍ത്തി വിടുന്ന തന്തയേം തള്ളയേം പറഞ്ഞാല്‍ മതിയല്ലോ.” കണ്ണന്‌ പെട്ടെന്ന് മുന്‍പിലിരിക്കുന്ന മനുഷ്യനോട്‌ ഈര്‍ഷ്യ തോന്നി.
“അതിപ്പോ…” എങ്ങനെ തുടങ്ങണം എന്ന് കണ്ണന്‌ ആശയക്കുഴപ്പം തോന്നി.
“ഇവിടെ ഒരു പാട്‌ കല്യാണങ്ങള്‌ നടക്കുന്നതാണ്‌. സാധാരണ കല്യാണങ്ങളും പ്രേമവിവാഹങ്ങളുമൊക്കെ. പ്രായപൂര്‍ത്തിയായതിന്റെ രേഖകള്‍ ഉണ്ടെങ്കില്‍ കല്യാണം നടത്തിക്കൊടുക്കാന്‍ ദേവസ്വം ബാദ്ധ്യസ്ഥരാണ്‌. പക്ഷേ അത്‌ നിയമപരമാവണമെങ്കില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. എങ്കിലേ കല്യാണം സാധുവാകൂ. പഞ്ചായത്തില്‍ ചെന്ന് ഒന്ന് അന്വേഷിക്കുന്നതാവും നല്ലത്‌.” കണ്ണന്‍ അയാളെ എത്രയും വേഗം ഒഴിവാക്കുവാന്‍ ആഗ്രഹിച്ചു.
“ഞാന്‍ പഞ്ചായത്തില്‍ പോയിരുന്നു. അവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌ ഇവിടെ വെച്ച്‌ താലികെട്ടി എന്നാണ്‌.” രാധാകൃഷ്ണന്‍ പറഞ്ഞു.
അയാളെ ഒഴിവാക്കാന്‍ ഒരു പിടിവള്ളി കിട്ടിയതിന്റെ സന്തോഷം തോന്നി കണ്ണന്‌. ” അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. അമ്പലത്തിലെ ചടങ്ങ്‌ പേരിനുമാത്രമാണ്‌. എന്തെങ്കിലും ബോധിപ്പിക്കുവാനുണ്ടെങ്കില്‍ പഞ്ചായത്തില്‍ ബോധിപ്പിച്ചാല്‍ മതി.”
“അതല്ല. കല്യാണം നടന്നു എന്ന് അവരു പറഞ്ഞു. താലികെട്ടിയത്‌ ഇവിടെ വെച്ചാണെന്നും അവരു പറഞ്ഞു. എന്റെ ഒരു മനസ്സമാധാനത്തിന്‌, അവസാനമായൊരു തീര്‍ച്ചപ്പെടുത്തലിന്‌, വന്നതാണ്‌. അതിന്റെ രേഖകള്‍ എനിക്കൊന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്‌.” ദയനീയമായ ഒരു ഭാവം അയാളുടെ മുഖത്ത്‌ ഉണ്ടായിരുന്നു. അത്‌ കണ്ണനെ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.
മനസ്സില്‍ തികട്ടി വന്ന ഈര്‍ഷ്യ ഉള്ളില്‍ ഒതുക്കുവാന്‍ കണ്ണന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആ വെറുപ്പ് ഒരു കള്ളമായാണ് പുറത്ത് വന്നത്; “അങ്ങനെ ചോദിച്ചാല്‍… ഡിസംബറിലെ രജിസ്റ്ററൊന്നും ഇവിടെ ഇല്ല. പഴയ റെക്കോഡുകളെല്ലാം ദേവസ്വം സെക്രട്ടറിയുടെ കൈയ്യിലാണ്‌. സെക്രട്ടറി ഇവിടെ ഇല്ലല്ലോ.”
ഒതുക്കി വെച്ച അനിഷ്ടം കണ്ണന്റെ അലക്ഷ്യമായ മറുപടിയില്‍ നിന്ന് രാധാകൃഷ്ണന്‌ വ്യക്തമായിരുന്നു. എങ്കിലും അയാള്‍ ഒരു പതിതനായ ആത്മാവിനേപ്പോലെ വീണ്ടും കേണു.
“സാരമില്ല. ഞാന്‍ വെയിറ്റ്‌ ചെയ്യാം. എപ്പോഴാണ്‌ സെക്രട്ടറി വരിക.?” അയാള്‍ ചോദിച്ചു,
“സന്ധ്യയാവും.” കണ്ണന്‍ വര്‍ദ്ധിച്ച അനിഷ്ടത്തോടെ പറഞ്ഞു. “കൃത്യസമയം പറയാന്‍ പറ്റില്ല.”
“ആയ്ക്കോട്ടെ. സെക്രട്ടറി വരുന്നതുവരെ ഇവിടെ ഇരിക്കാമല്ലോ അല്ലേ..?” രധാകൃഷ്ണന്‍ ആ ചോദ്യത്തിന്‌ മറുപടി ആഗ്രഹിച്ചില്ല. അയാള്‍ കസേരയിലേക്ക്‌ ചാഞ്ഞു.
കണ്ണന്‍ ഒന്നും പറഞ്ഞില്ല. വെറുതെ കുറെ നിമിഷങ്ങള്‍ രാധാകൃഷ്ണനെ നോക്കിയിരുന്നു. പെട്ടെന്ന് അയാളുടെ മനസ്സിലേക്ക്‌ ഒരു നനവ്‌ പടര്‍ന്നു. സ്വപ്നങ്ങള്‍ തകര്‍ന്നൊരു മനുഷ്യാത്മാവ്‌. ദുഖിതനും നിരാശനുമാണയാള്‍. വളരെയധികം ക്ഷീണിതനും. കണ്ണുകള്‍ അടച്ചിരിക്കുന്നെങ്കിലും ആ മുഖത്ത്‌ അതിയായ വേദന പ്രകടമായിരുന്നു. കണ്ണന്‌ ഉള്ളില്‍ ആരോ കത്തികൊണ്ട്‌ വരയുന്നത്‌ പോലെ തോന്നി. അയാള്‍ നോട്ടം വെളിയിലേക്ക്‌ മാറ്റി. മഴ പൂര്‍ണ്ണമായും മാറിയിരിക്കുന്നു. പക്ഷേ ആകാശം ഇപ്പോഴും മൂടിക്കെട്ടി നില്‍ക്കുകയാണ്‌. അമ്പലമുറ്റത്ത്‌ നിറയെ വെള്ളം തളം കെട്ടിക്കിടക്കുന്നു. അമ്പലമുറ്റത്ത്‌ തന്നെയുള്ള സ്ക്കൂളില്‍ നിന്ന് കൊച്ചുകുട്ടികള്‍ മഴവെള്ളം തെറിപ്പിച്ച്‌ നടന്നുപോവുന്നു. കൊച്ചുകുട്ടിയായിരുന്ന കാലത്തേക്കുറിച്ച്‌ അയാള്‍ പെട്ടെന്ന് ഓര്‍ത്തു. നിഷ്കളങ്കമായ ബാല്യം. വലിയ മനുഷ്യരുടെ വേദനകള്‍, ദുഖങ്ങള്‍. ഒന്നുമറിയണ്ട. വെറുതെ കളിച്ച്‌ ചിരിച്ച്‌ ജീവിക്കുക. അപ്പോള്‍ കണ്ണന്‌ വീണ്ടും പഴയ ആ നാലാം ക്ലാസ്സുകാരനായി അച്ഛന്റെ കൈ പിടിച്ച്‌ മഴയിലൂടെ നടക്കുവാന്‍ തോന്നി.
കുട്ടികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. സ്ക്കൂള്‍ അടയ്ക്കണം. കണ്ണന്‍ എഴുന്നേറ്റു. രാധാകൃഷ്ണനെ ഒന്ന് പാളിനോക്കി. അയാള്‍ കണ്ണടച്ചിരിക്കുകയാണ്‌. തന്നെ അയാള്‍ നോക്കുന്നില്ലല്ലോ എന്ന ആശ്വാസത്തോടെ കണ്ണന്‍ ഓഫീസിന്റെ തിണ്ണയില്‍ നിന്നിറങ്ങി സ്ക്കൂളിന്റെ നേരെ നടന്നു.
സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. ഓരോ ജോലി ചെയ്ത്‌ നടക്കുമ്പോഴും കണ്ണന്‍ ദേവസ്വം തിണ്ണയിലേക്ക്‌ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. ആ മനുഷ്യന്‍ അവിടെ തന്നെയുണ്ട്‌. തന്റെ നേര്‍ക്കാണ്‌ അയാളുടെ നോട്ടമത്രയും എന്നത്‌ കണ്ണനെ അസ്വസ്ഥനാക്കി. അയാളുടെ സാമീപ്യം ഒഴിവാക്കുവാന്‍ വേണ്ടി മാത്രം ഇല്ലാത്ത ജോലിത്തിരക്കുകള്‍ അഭിനയിച്ച്‌ കണ്ണന്‍ അമ്പലപ്പറമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും വെറുതെ ചുറ്റിത്തിരിഞ്ഞു. പക്ഷേ അയാളുടെ ശ്രദ്ധ മുഴുവന്‍ ഓഫീസിന്റെ തിണ്ണയില്‍ ഇരിക്കുന്ന മനുഷ്യനിലേക്കായിരുന്നു. ആ ദൈന്യമാര്‍ന്ന കണ്ണുകള്‍ തന്റെ പുറകെ നടന്ന് തന്നെ കൊത്തിവലിക്കുന്നതായി കണ്ണന്‌ തോന്നി. സമയം കഴിയുന്തോറും അയാളുടെ മനസ്സ്‌ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥമായിക്കൊണ്ടിരുന്നു. ആ മനുഷ്യനോടു തന്റെയുള്ളില്‍ ആദ്യം തോന്നിയ വെറുപ്പ്‌ അലിഞ്ഞ്‌ ഇല്ലാതായിരിക്കുന്നതായി കണ്ണന്‍ തിരിച്ചറിഞ്ഞു. പകരം അയാളോട്‌ വല്ലാത്തൊരു അനുകമ്പ തന്റെയുള്ളില്‍ വളര്‍ന്ന് വരുന്നു. അതില്‍ പക്ഷേ കണ്ണന്‍ ആശ്ചര്യപ്പെട്ടില്ല. ആ മനുഷ്യനെ കുറിച്ചുള്ള ചിന്ത അത്രമേല്‍ കണ്ണനെ മഥിച്ചിരുന്നു. അയാളോടുള്ള സഹതാപം തന്റെയുള്ളില്‍ ഒരു നീറ്റലായി പടരുന്നത് അയാളറിഞ്ഞു. മക്കളെപ്പറ്റി അച്ഛനമ്മമാര്‍ നെയ്തുകൂട്ടുന്ന സ്വപ്നങ്ങളെപ്പറ്റിയും അവരുടെ വേവലാതികളെപറ്റിയുമൊക്കെ അയാള്‍ ഗാഢമായി ചിന്തിച്ചു. പെട്ടെന്ന് അയാള്‍ക്ക്‌ സ്വന്തം അച്ഛന്റെ ഓര്‍മ്മ വീണ്ടും മനസ്സിലേക്ക്‌ കടന്നു വന്നു. ആനക്കൊട്ടിലിലെ തടിമേശമേല്‍ ചാരി അയാള്‍ കുറെ നിമിഷങ്ങള്‍ ദേവസ്വം ഓഫീസിലേക്ക്‌ തന്നെ നോക്കി നിന്നു. നിമിഷങ്ങള്‍ കടന്നുപോകുംതോറും താന്‍ കീഴടങ്ങുകയാണെന്ന് കണ്ണന്‌ ബോദ്ധ്യപ്പെട്ടു. അയാള്‍ ഓഫീസിന്റെ തിണ്ണയിലേക്ക്‌ നടന്നു.
“ഞാനൊന്ന് നോക്കട്ടെ. ഇനി പുതിയ രെജിസ്റ്ററിലെങ്ങാനും ഉണ്ടോ എന്ന്. തീര്‍ച്ച പറയുവാനൊന്നും പറ്റില്ല. എങ്കിലും നമുക്ക്‌ നോക്കാം.” ആദ്യത്തെ അനിഷ്ടത്തിന്‌ പകരം കണ്ണന്റെ ശബ്ദത്തില്‍ അലിവ്‌ പടര്‍ന്നിരുന്നു. അത്‌ ആ അവസ്ഥയില്‍ രാധാകൃഷ്ണന്‍ അര്‍ഹിക്കുകയും ചെയ്തിരുന്നു.
കണ്ണന്‍ അയാളെയും കൂട്ടി ഓഫീസിന്റെ അകത്തേക്ക്‌ നടന്നു.
“കല്യാണം കഴിഞ്ഞിട്ട്‌ മൂന്ന് മാസമായല്ലോ. ഇത്ര നാളും അറിഞ്ഞില്ലേ..??” രജിസ്റ്ററുകള്‍ വെച്ചിരുന്ന ഷെല്‍ഫ്‌ തുറക്കുമ്പോള്‍ കണ്ണന്‍ ചോദിച്ചു.
“താലികെട്ട്‌ കഴിഞ്ഞിട്ട്‌ അവള്‍ ബാംഗ്ലൂര്‍ക്ക്‌ പോയി. ആ പയ്യന്‌ ഇവിടെ ചങ്ങനാശേരി ടൗണില്‍ എന്തോ കടയിലാണ്‌ ജോലിയെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഇപ്പോള്‍ മോള്‍ക്ക്‌ നല്ലൊരു കല്യാണാലോചന വന്നു. അപ്പോഴാണ്‌ അവള്‍ കാര്യം പറയുന്നത്‌. ഞങ്ങള്‍ പറഞ്ഞ്‌ ഒരു വിധം അവളുടെ മനസ്സ്‌ മാറ്റിയെടുത്തു. പക്ഷേ കല്യാണം രെജിസ്റ്റര്‍ ചെയ്തത്‌ കൊണ്ട്‌ ഒന്നും മേലാത്ത അവസ്ഥയിലാണ്‌. അവള്‍ക്കിപ്പോള്‍ ആ ചെക്കനേ വേണ്ട. പക്ഷേ അവന്‍ ഒഴിഞ്ഞ്‌ പോവുന്നുമില്ല. എന്ത്‌ ചെയ്യണമെന്ന് ഒരു രൂപവുമില്ല.” ഇനി ഒരു വാക്കുകൂടി പറയേണ്ടി വന്നാല്‍ ആ മനുഷ്യന്‍ കരഞ്ഞ്‌ പോവുമെന്ന് കണ്ണന്‌ തോന്നി. അയാള്‍ക്ക്‌ അതിയായ വിഷമം തോന്നി.
ഡിസംബര്‍ മാസത്തിലെ രജിസ്റ്റര്‍ കയ്യില്‍ എടുക്കുമ്പോള്‍ തന്റെ ഹൃദയത്തില്‍ ഒരു കാട്ടുതീ പെട്ടെന്ന് ആളിപ്പിടിച്ചതുപോലെ കണ്ണന്‌ തോന്നി.
“എന്താ മോളുടെ പേര്‌.?” രജിസ്റ്റര്‍ ബുക്ക്‌ തുറക്കുമ്പോള്‍ അയാള്‍ പരിഭ്രമത്തോടെ ചോദിച്ചു.
“ശാലിനി.”
“പയ്യന്റെ പേര്‌ രാജേഷ്‌.” പറയുമ്പോള്‍ രാധാകൃഷ്ണന്‍ വല്ലാതെ വികാരാധീനനായിരുന്നു.
താളുകള്‍ മറിക്കുന്തോറും കണ്ണന്‌ തന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നതുപോലെ തോന്നി. ഇരുപത്തിയെട്ടാം തീയതിയുടെ പേജ്‌ അടുത്തുവരുമ്പോള്‍ അയാളുടെ കൈകള്‍ക്ക്‌ വിറയല്‍ അനുഭവപ്പെട്ടു. ഉള്ളം കൈ വിയര്‍ത്തു. ആ പേരുകള്‍ രജിസ്റ്ററില്‍ ഉണ്ടാവരുതേ എന്ന് അയാള്‍ ആത്മാര്‍ഥമായും ആഗ്രഹിച്ചു.
പേജ്‌ നമ്പര്‍ ഇരുപത്തിയെട്ട്‌.
കണ്ണന്‌ തന്റെ ഹൃദയം ഏത്‌ നിമിഷവും ശരീരത്തിനു പുറത്ത്‌ ചാടും എന്ന് തോന്നി. ആ മനുഷ്യനേക്കാള്‍ ഇപ്പോള്‍ ആകാംക്ഷയും വേദനയും അനുഭവിക്കുന്നത്‌ താനാണോ എന്ന് അയാള്‍ അല്‍ഭുതപ്പെട്ടു. വിറയ്ക്കുന്ന വിരലുകളോടെ അയാള്‍ പേജിലൂടെ കൈയ്യോടിച്ചു.
രാജേഷ്‌
മൂത്തേടത്ത്‌
വാഴപ്പള്ളി പി ഓ
ചങ്ങനാശേരി.
ശാലിനി.
പുത്തന്‍പുരയ്ക്കല്‍
ആദിച്ചനല്ലൂര്‍ പി ഓ
കൊല്ലം.
കണ്ണന്‌ ശ്വാസം നിലച്ചതുപോലെ തോന്നി. അയാള്‍ ഉറപ്പു വരുത്താനായി ഒന്നു കൂടി കണ്ണോടിച്ചു. തീവ്രമായ ഒരു വേദന അയാളുടെ മനസ്സില്‍ മുളക്‌ പുരണ്ട മുറിവ്‌ പോലെ വിങ്ങി.
അയാള്‍ മുഖമുയര്‍ത്തി രാധാകൃഷ്ണന്റെ മുഖത്തേക്ക്‌ നോക്കി. ഹൃദയസ്തംഭനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദ്രോഗിയേപ്പോലെ തോന്നിച്ചു ആ മനുഷ്യന്‍. ആകാംക്ഷ അടക്കുവാനാവാതെ അയാളുടെ മുഖം പോലും ഇപ്പോള്‍ പലപല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചേക്കും എന്ന് കണ്ണന്‌ തോന്നി. കണ്ണന്റെ നിരാശമായ മുഖത്തേക്ക്‌ നോക്കിയ മാത്രയില്‍ അയാള്‍ക്ക്‌ നേരത്തെ തന്നെ ബോധ്യമായ ആ സത്യം ഒന്ന് കൂടി ബോധ്യമായി.
കണ്ണന്‍ ഒന്നും മിണ്ടാതെ ആ രജിസ്റ്റര്‍ ഉയര്‍ത്തി രാധാകൃഷ്ണനെ കാണിച്ചു. രാധാകൃഷ്ണന്‍ ആ പേജിലേക്ക്‌ തന്നെ ഒരു നിമിഷം നോക്കി നിന്നു. അപ്പോള്‍ ഒരു പ്രതിമയാണയാളെന്ന് കണ്ണന്‌ തോന്നി. പെട്ടെന്ന് അയാളുടെ മുഖത്ത്‌ മുറുകി നിന്നിരുന്ന പേശികള്‍ അയഞ്ഞു. പകരം ഏതൊരു മനുഷ്യനെയും ആത്മഹത്യയ്ക്ക്‌ പ്രേരിപ്പിക്കുവാന്‍ പര്യാപ്തമായ ഒരു കൊടും നിരാശ ആ മുഖത്ത്‌ പടര്‍ന്നു. കണ്ണന്‌ അയാളെ ആ ഭാവത്തോടെ കാണുവാനുള്ള ഉള്‍ക്കരുത്ത്‌ ഉണ്ടായിരുന്നില്ല. അയാള്‍ തന്റെ ദൃഷ്ടി ജനലില്‍ കൂടി വെളിയിലേക്ക്‌ പായിച്ചു.
രാധാകൃഷ്ണന്‍ തന്റെ കണ്ണട മുഖത്തുനിന്ന് എടുത്ത്‌ മുണ്ടിന്റെ കോന്തല കൊണ്ട്‌ കണ്ണ്‌ തുടച്ചിട്ട്‌ തിരിഞ്ഞ്‌ നടന്നു. കണ്ണന്‍ പെട്ടെന്ന് രജിസ്റ്റര്‍ മേശപ്പുറത്തേക്ക്‌ ഇട്ടിട്ട്‌ അയാളുടെ പുറകെ ചെന്നു. ആ മനുഷ്യന്റെ തോളില്‍ വെറുതെ ഒന്ന് തൊടാന്‍ കണ്ണന്‍ ഉല്‍ക്കടമായി ആഗ്രഹിച്ചു. എന്തുകൊണ്ടോ പക്ഷേ അയാള്‍ അതിന്‌ ധൈര്യപ്പെട്ടില്ല. ഓഫീസിന്റെ തിണ്ണയില്‍ എത്തിയ രാധാകൃഷ്ണന്‍ നിശബ്ദനായിരുന്നു. കണ്ണന്റെ ഹൃദയത്തിന്റെ അടിത്തട്ട്‌ ഇളക്കാന്‍ പോന്ന ഒരു ശൂന്യമായ നോട്ടത്തില്‍ യാത്രപറച്ചില്‍ ഒതുക്കി അയാള്‍ നടന്നകന്നു.
രാധാകൃഷ്ണന്‍ ദൂരെ വളവില്‍ നടന്ന് മറയുമ്പോള്‍ വീണ്ടും മഴ ചാറാന്‍ തുടങ്ങിയിരുന്നു. പക്ഷേ ഇത്തവണ ആ മഴയുടെ അര്‍ഥമെന്തെന്ന് കണ്ണന്‌ ലായില്ല.

15 Nov 2011

സ്നേഹം കൊണ്ടൊരു നുള്ളിന്റെ നൊമ്പരം


ചന്ദ്രകാന്തന്‍


ഓരോ വലത്ത്‌ വയ്ക്കുമ്പോഴും അവള്‍ ഇങ്ങോട്ട്‌ നോക്കുന്നുണ്ട്‌. “ഒരിത്തിരി നേരം കൂടി” എന്ന ഒരു അപേക്ഷാഭാവവും കാത്തുനിര്‍ത്തുന്നതിന്റെ കുസൃതിയും മുഖത്ത്‌. “ഈ മീനാച്ചി എന്തെടുക്കുവാണ്‌.? അമ്മയോ അങ്ങനെയായി. അവള്‍ക്കിങ്ങ്‌ പോന്നൂടേ.? അവളും ചില നേരത്ത്‌ അമ്മേടെ ബാക്കിയാണ്‌. ഞാന്‍ തൊഴുതിട്ട്‌ ഇറങ്ങാന്‍ നേരത്ത്‌ “വടക്കേനടയില്‌ നിന്നോളൂ.. ഒരു അഞ്ച്‌ മിനിട്ട്‌, ഇപ്പോ വരാം” എന്ന് പറഞ്ഞതാണ്‌. ഇപ്പോ അരമണിക്കൂറാവുന്നു. എന്തൊരു വെയിലാണിത്‌.!”
“എന്താടാ രാജീവേ.. ഇന്ന് നിനക്കോഫീസില്‍ പോവണ്ടേ..? അതോ അവധിയാണോ..?”
നോക്കുമ്പോളുണ്ട്‌ അജിത്താണ്‌. നേഴ്സറിസ്കൂളുമുതല്‍ എന്റെ ബെഞ്ചില്‍ എന്റെ അടുത്തിരുന്ന് പഠിച്ചവന്‍. അതിനും മുന്നേ മുട്ടിലിഴഞ്ഞ്‌ നടക്കുന്ന പ്രായത്തില്‍ എന്റെ കൂട്ടുകക്ഷി. എനിക്കൊപ്പം ജനിച്ചവന്‍. പണ്ട്‌ ഞാനും അവനും കൂടി എന്റെ വല്യമ്മച്ചി ഉണ്ടാക്കി വയ്ക്കുന്ന നാരങ്ങാ അച്ചാര്‍ രാത്രിയുടെ മറവില്‍ കുപ്പിയോടെ അടിച്ച്‌ മാറ്റി വെറുതെ തിന്ന് തീര്‍ത്തിട്ടുണ്ട്‌.
“ഓ.. ഒന്നും പറയണ്ടെടാ.. ലീവൊന്നുമല്ല. വ്യാഴാഴ്ചയല്ലേ.. എന്നാപ്പിന്നെ സുമിയേം കൊച്ചിനേം കൂട്ടി ഒന്ന് തൊഴുതേക്കാമെന്ന് വെച്ച്‌ ഇറങ്ങിയതാ. അവള്‌ കൊച്ചിനേം കൊണ്ട്‌ അകത്തോട്ട്‌ കേറിയിട്ട്‌ മണിക്കൂറൊന്നായി. ഉള്ള വഴിപാടുകളെല്ലാം കഴിച്ചിട്ട്‌ നടേം അടപ്പിച്ചിട്ടേ വരൂ. ഭക്തമീര കഴിഞ്ഞാല്‍ അടുത്തത്‌ അവളാണ്‌. ഭഗവാനുമായി നേരിട്ടിടപാടുള്ള കക്ഷിയാ..”
“അതേതായാലും നന്നായി. നിനക്കറിഞ്ഞോണ്ട്‌ കിട്ടിയതാ സുമിയെ. നിനക്കോ ഈശ്വരവിശ്വാസമില്ല. അവളെങ്കിലും നന്നാവട്ടെ. നിന്റെ കൂടെ കൂടി അവള്‍ക്കും കൂടി വട്ട്‌ പിടിക്കാതിരുന്നാല്‍ മതിയായിരുന്നു.”
“ആരാ പറഞ്ഞത്‌ എനിക്ക്‌ വിശ്വാസമില്ലെന്ന്.? അങ്ങനാണേല്‍ പിന്നെ ഞാന്‍ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ തൊഴാന്‍ വരുമോ.?”
“ഓ പിന്നേ..! എന്തൊരു ഭക്തി..! നീ പെണ്ണുകെട്ടിക്കഴിഞ്ഞല്ലേടാ ഇതിനകത്ത്‌ കാല്‌ കുത്തുന്നത്‌.? അതുവരെ ഇല്ലാതിരുന്ന ഭക്തി ഒരു സുപ്രഭാതത്തില്‍ എങ്ങനെയാ ഉണ്ടായത്‌.?”
“പെണ്ണും പെടക്കോഴിയുമില്ലാതെ നടക്കുന്ന നിനക്കതൊക്കെ പറഞ്ഞാല്‍ മനസ്സിലാവുമോ.? എടാ അതൊക്കെ ഒരു സുഖമാണ്‌. പെണ്ണുമ്പിള്ളേം കൊച്ചുമൊക്കെയായി വെളുപ്പാന്‍ കാലത്ത്‌ അമ്പലത്തിലൊക്കെ പോകുന്നതേ.. നീയൊരു പെണ്ണ്‍ കെട്ടി നോക്ക്‌. അപ്പോഴേ നിനക്കിതൊക്കെ മനസ്സിലാവൂ.”
“നിന്നേപ്പോലാണെന്ന് വിചാരിച്ചോ ഞാന്‍.? എടാ എനിക്ക്‌ അമ്പലത്തില്‍ വരണമെങ്കില്‍ പെണ്ണുമ്പിള്ള കൂടെ വേണമെന്നൊന്നുമില്ല. ഭഗവാനെ കാണാന്‍ എന്തിനാടാ കൂട്ട്‌.?”
“ഉം..ഉം.. നീ ആദ്യമൊരു പെണ്ണ്‍ കെട്ട്‌. അപ്പോ കാണാം കളി.”
“ഞാന്‍ മനസമാധാനത്തോടെ ജീവിക്കുന്നത്‌ നിനക്ക്‌ പിടിക്കുന്നില്ലല്ലേ..?”
“ഇപ്പോ അങ്ങനായോ..? എന്താ നിന്റെ പ്ലാന്‍.? ഉടനെയെങ്ങും പെണ്ണ്‍ കെട്ടാന്‍ ഉദ്ദേശമില്ലേ.? കഴിഞ്ഞ ആഴ്ച തിരുവഞ്ചൂര്‌ പെണ്ണ്‍ കാണാന്‍ പോയിട്ടെന്തായി.?”
“എന്റെ അളിയാ.! അതൊരു ഭയങ്കര സംഭവമായിരുന്നു. അവിടെ ചെന്നപ്പോ പെണ്ണിന്റെ ചേച്ചിയെ കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി. അവള്‌ പണ്ട്‌ ഞാന്‍ എന്‍ എസ്‌ എസില്‍ പഠിക്കുമ്പോ അവിടെ പഠിച്ചിരുന്നതാ. അന്ന് മൂന്ന് കൊല്ലം ഞാന്‍ അവള്‍ടെ പുറകേ നടന്നിട്ടുണ്ട്‌. ചായ പകുതി കുടിച്ചിട്ട്‌ ഒരു വിധത്തില്‍ ഓടി രക്ഷപെടുവായിരുന്നു.!!”
പറഞ്ഞ്‌ നിര്‍ത്തിയതും അജിത്ത്‌ പൊട്ടിച്ചിരിച്ചു. ഞാനും അവന്റെ ചിരിയില്‍ പങ്ക്‌ ചേര്‍ന്നു.
“ദേ സുമീം മീനുക്കുട്ടീം വരുന്നുണ്ട്‌” അവന്‍ ചിരി നിര്‍ത്തിയിട്ട്‌ പറഞ്ഞു.
ഞാന്‍ വാച്ചില്‍ നോക്കി. സമയം ഒന്‍പത്‌ മണിയാവുന്നു.
അമ്മേം മോളും കൂടി ചിരിച്ച്‌ കളിച്ച്‌ വരുവാണ്‌. എനിക്കങ്ങ്‌ കലിച്ച്‌ വന്നു. “രണ്ടും കൂടി അമ്പലത്തില്‌ കേറി അടയിരുന്നിട്ട്‌ ബാക്കിയുള്ളോരെപ്പറ്റി വല്ല വിചാരോമുണ്ടോന്ന് നോക്കിക്കേ..!”
“നീയും അമ്മേപ്പോലെ വല്യ ഭക്തയാണോടീ മീനൂട്ടീ..?” അജിത്ത്‌ മീനാക്ഷിയുടെ കവിളില്‍ പിടിച്ച്‌ വലിച്ചു.
“അജിത്തങ്കിളിനോട്‌ ഞാം പിണക്കാ.. നിക്ക്‌ കാഡ്ബറീസും വാങ്ങിച്ചോണ്ട്‌ വരാന്ന് പറഞ്ഞ്‌ പോയിട്ട്‌ അങ്കിള്‌ പിന്നെ വന്നില്ലല്ലോ.” മീനാക്ഷിയുടെ കുഞ്ഞുമുഖത്ത്‌ കൊഞ്ചലും പരിഭവവും തമ്മില്‍കലര്‍ന്നു.
“അയ്യോടാ..” അജിത്ത്‌ മീനാക്ഷിയെ വാരിയെടുത്തുമ്മ വെച്ചു. ” അങ്കിളിന്‌ ഒരുപാട്‌ ജോലിയുണ്ടായിരുന്നതോണ്ടല്ലേ.. ഈ ഞായറാഴ്ച വരുമ്പോ ഉറപ്പായും വാങ്ങിച്ചോണ്ട്‌ വരാല്ലോ.”
“അവളും അമ്മേടെ ബാക്കി തന്നെ.! ആളുകളെ പറഞ്ഞ്‌ മയക്കി കയ്യിലെടുക്കാന്‍ എന്താ ഒരു വിരുത്‌.!” ഞാന്‍ മനസ്സിലോര്‍ത്തെങ്കിലും പറഞ്ഞില്ല.
“എന്തൊക്കെയുണ്ടജിത്തേട്ടാ വിശേഷം.? കഴിഞ്ഞ ആഴ്ച കണ്ടില്ലല്ലോ അങ്ങോട്ട്‌.?” അജിത്തിനോട്‌ സുമിയുടെ കുശലം. ഭയങ്കര സന്തോഷത്തിലാണ്‌. എന്നാല്‍ ഇങ്ങനെ ഒരാള്‍ ഇവിടെ കാത്ത്‌ നില്‍ക്കുന്നു എന്ന ഭാവമേയില്ല.
“സമയം കിട്ടണ്ടേ സുമീ.. കഴിഞ്ഞ ആഴ്ച കടേല്‌ ഭയങ്കര തിരക്കായിരുന്നു. അതാ അങ്ങോട്ടൊന്നും ഇറങ്ങാഞ്ഞത്‌. ദേ.. നിങ്ങളെ കണ്ടില്ലെന്നും പറഞ്ഞ്‌ ഇവന്‍ ഇവിടെ വയലന്റായി നിക്കുവായിരുന്നു ഞാന്‍ വരുമ്പോ..”
കൂര്‍ത്തൊരു നോട്ടം എന്റെ നേരെ. പിന്നെ എനിക്ക്‌ മാത്രം മനസ്സിലാവുന്നൊരു കൊഞ്ചലിന്റെ നിഴലാട്ടവും.
“ഓ..! അത്രയ്ക്കൊന്നും താമസിച്ചില്ല. കൂടിപ്പോയാല്‍ അരമണിക്കൂറെടുത്തുകാണും. പിന്നെ അര്‍ച്ചനേം നാരങ്ങാവിളക്കുമൊക്കെ കഴിയാതെങ്ങനാ.?” എന്റെ കണ്ണിലേക്ക്‌ തന്നെ ദൃഷ്ടി കൂര്‍ത്ത്‌ നില്‍ക്കുന്നു.
“അവള്‍ടെയൊരു നാരങ്ങാവിളക്ക്‌..!!” എനിക്ക്‌ വിറഞ്ഞ്‌ വന്നു.
“രാജീവേട്ടന്‌ ഭയങ്കരകഷ്ടകാലസമയമാണെന്നേ.. ഏഴരശ്ശനിയാ. അതിന്റെ ദോഷം മാറാനുള്ള വഴിപാടൊക്കെ ചെയ്യണ്ടേ.? വേണ്ടേ അജിത്തേട്ടാ..” അജിത്തിനോടാണ്‌. ഞാനൊന്നും മിണ്ടിയില്ല. മിണ്ടിയാല്‍ ഞാന്‍ വല്ലതും പറഞ്ഞ്‌ പോവും.
“പിന്നെ ഇത്തിരിനേരം അമ്പലമുറ്റത്ത്‌ നിന്നത്‌ കൊണ്ട്‌ ആകാശമൊന്നും ഇടിഞ്ഞ്‌ വീഴില്ല. നല്ലതേ വരൂ.” പറഞ്ഞുകൊണ്ട്‌ അവള്‍ മുന്നോട്ടാഞ്ഞു. ചന്ദനം മോതിരവിരലിലെടുത്ത്‌ നെറ്റിയില്‍ തൊടുവിക്കാനുള്ള വരവാണ്‌.
“ദേ..ഒരൊറ്റ വീക്ക്‌ വെച്ചുതരും ഞാന്‍..!!” ഞാന്‍ കൈക്കിട്ട്‌ ആഞ്ഞ്‌ തട്ടി. ശബ്ദം കുറച്ച്‌ ഉയര്‍ന്ന് പോയോ.? സാരമില്ല. അവള്‍ക്കതിന്റെ ആവശ്യമുണ്ട്‌.
“ചൂടാവാതെടോ മാഷേ..” കണ്ണിലേക്ക്‌ തന്നെയാണ്‌ നോട്ടം. എന്തൊരു ശാന്തത.!
“എടീ..!” ശബ്ദം നന്നായങ്ങ്‌ ഉയര്‍ന്ന് പോയെന്ന് മനസ്സിലായത്‌ അടുത്തുകൂടിപ്പോയ വല്യമ്മ ഞെട്ടിത്തിരിഞ്ഞ്‌ നോക്കിയപ്പോഴാണ്‌. ശബ്ദം താഴ്ത്തി, പല്ലിറുമ്മിക്കൊണ്ട്‌ ഞാന്‍ വീണ്ടും വിളിച്ചു. “എടീ.. നിനക്ക്‌ വല്ല വിചാരോമുണ്ടോ എന്നെപ്പറ്റി.? എത്ര നേരമായി ഞാനിവിടെ കുറ്റിയടിച്ച്‌ നില്‍ക്കുന്നെന്ന് അറിയ്‌വോ.? നീയെന്തോന്നാ അതിന്റകത്ത്‌ പോയി അടയിരിക്കുവായിരുന്നോ.?”
അതേറ്റു. മുഖം മാറിയിട്ടുണ്ട്‌. കണ്ണ്‍ ചെറുതായിട്ട്‌ നിറഞ്ഞോ.?
“അതിന്‌ ഞാനൊത്തിരിയൊന്നും താമസിച്ചില്ലല്ലോ. പിന്നെന്താ.?” വളരെ പതിഞ്ഞ ശബ്ദം. അല്ലെങ്കിലും എനിക്ക്‌ ദേഷ്യം വന്നാല്‍ വലിയ പേടിയാണവള്‍ക്ക്‌. കല്യാണം കഴിഞ്ഞിട്ട്‌ കൊല്ലം നാലായെങ്കിലും ഇപ്പോഴും എന്റെ ഒച്ച പൊങ്ങിയാല്‍ പൂച്ചയെക്കണ്ട എലിയേപ്പോലെയാണവള്‍.
“താമസിച്ചില്ലേ.? സമയമെത്രയായെന്നറിയാമോ നിനക്ക്‌.? ഇന്നും നീ കാരണം ആ മാനേജരുടെ വായിലിരിക്കുന്ന ചീത്ത മുഴുവന്‍ ഞാന്‍ കേള്‍ക്കണം. നിനക്കത്‌ വല്ലതുമറിയുമോ.? അവളു നാരങ്ങാവിളക്കൊണ്ടാക്കാന്‍ പോയിരിക്കുന്നു.!”
“അതിന്‌ ഞാന്‍…” അവളെന്തോ പറയാന്‍ വന്നു.
“മിണ്ടരുത്‌..!!! ഞാന്‍ ഇടയ്ക്ക്‌ കയറി വെടിപൊട്ടിച്ചു.
“നിനക്ക്‌ എന്ത്‌ വേണേല്‍ ആയിക്കോ. അതിന്‌ എന്റെ കൊച്ചിനേം കൂടിയെന്തിനാ മിനക്കെടുത്തുന്നേ.? അവള്‍ക്ക്‌ സ്കൂളില്‍ പോവണ്ടേ.? അവളെ ഇങ്ങ്‌ തന്നിരുന്നേല്‍ ഞാനും എന്റെ കൊച്ചുംകൂടെ എങ്ങനാണെന്ന് വെച്ചാല്‍ ഒരുങ്ങിപ്പൊയ്ക്കൊണ്ടേനെ.. ഇതിപ്പോ ഞങ്ങടെ രണ്ട്‌ പേരുടെ സമയവും നീ കളഞ്ഞു.” ഒച്ചപ്പാട്‌ കേട്ട്‌ അതുവഴി പോയവരെല്ലാം തിരിഞ്ഞ്‌ നിന്നു.
“ഡാ.. നിര്‍ത്തെടാ.. മതി ഭാര്യേം ഭര്‍ത്താവും കൂടി പബ്ലിക്കായി അടിയുണ്ടാക്കിയത്‌. രണ്ടും കൂടി വീട്ടിച്ചെന്ന് എന്താണെന്ന് വെച്ചാല്‍ ആയ്ക്കോ.” അജിത്ത്‌ ഇടയില്‍ കയറി.
“എടി മീനാച്ചീ.. മോളിതൊന്നും കണ്ട്‌ പേടിക്കണ്ടാട്ടോ.” ഞങ്ങളെത്തന്നെ ഉറ്റുനോക്കി നിന്ന മീനാക്ഷിയെ കുനിഞ്ഞ്‌ ഉമ്മ വെച്ചുകൊണ്ട്‌ അജിത്‌ പറഞ്ഞു.
സുമിയുടെ മുഖത്ത്‌ നിര്‍വികാരത പോലെ തോന്നിപ്പിക്കുന്ന വിഷാദം കനത്ത്‌ നില്‍ക്കുന്നു.. ഇമയനങ്ങാത്ത വലിയ കണ്ണുകള്‍ നിറഞ്ഞ്‌ നില്‍ക്കുന്നു. ആകെച്ചമ്മി നില്‍ക്കുവാണ്‌. നിലത്തേക്കാണ്‌ ദൃഷ്ടി. അല്‍പ്പം പാവം തോന്നി. എന്നാലും ഗൗരവം വിട്ടില്ല. “അവള്‍ടെ അഹങ്കാരം അത്രയ്ക്കല്ലല്ലോ..!”
“ഞാനന്നാ പോവാണ്‌. രാവിലെ കട തുറക്കണം. ഇപ്പോ തന്നെ താമസിച്ചു.” അജിത്ത്‌ മീനാക്ഷിയുടെ കവിളില്‍ തലോടിയിട്ട്‌ അമ്പലത്തിലേക്ക്‌ നടന്നു.
“ഞായറാഴ്ച കാണാം.” ഞാന്‍ കനപ്പെട്ട ശബ്ദത്തില്‍ ഗൗരവം വിടാതെ പറഞ്ഞു.
“കാണണം.” അവന്‍ തിരിഞ്ഞ്‌ ഒരു വല്ലാത്ത ചിരി ചിരിച്ചിട്ട്‌ നടന്നു. എനിക്കും ചെറിയ ചിരി വന്നു. ഞായറാഴ്ചകളില്‍ അല്‍പ്പസ്വല്‍പ്പം മദ്യപാനമൊക്കെയുണ്ട്‌. അതിനാണ്‌.
“നമുക്ക്‌ പോവാച്ഛാ..?” മീനാക്ഷി മുണ്ടില്‍ പിടിച്ച്‌ വലിച്ചു. ഞാന്‍ തിരിഞ്ഞ്‌ നോക്കി. അതേ നില്‍പ്പാണ്‌ സുമി. തൊണ്ട വിങ്ങി വേദനയെടുത്തിട്ട്‌ ഉമിനീരിറക്കുന്നു.
“ഇനി മൈക്ക്‌ വെച്ച്‌ അനൗണ്‍സ്‌ ചെയ്താലേ വരികയുള്ളോ..? എന്ത്‌ കാണാന്‍ നില്‍ക്കുവാണ്‌ ഇനിയിവിടെ.? വാ ഇങ്ങോട്ട്‌.!” ഞാന്‍ മോള്‍ടെ കൈ പിടിച്ച്‌ നടന്നു.
“ഇത്രേം അനൗണ്‍സ്‌ ചെയ്തതൊന്നും പോരായിരിക്കും.!” അവള്‍ പിറുപിറുത്തു.
“എന്താ.?”
“ഒന്നൂല്യ..!” അല്‍പ്പം ഉച്ചത്തിലാണ്‌ അവള്‍ പറഞ്ഞത്‌.
കാറിന്റെ ഡോര്‍ തുറന്ന് കേറിയിരുന്നപ്പോള്‍ അവള്‍ പുറകിലെ ഡോര്‍ തുറന്നു.
“എങ്ങോട്ടാ.?” ഞാന്‍ ചോദിച്ചു.
“ഉം.?” ചോദ്യരൂപത്തില്‍ ഒരു നോട്ടം.
“നീയെന്താ എന്റെ മുതലാളിയാണോ.? മുന്നിലോട്ട്‌ കേറെടീ.”
ഡോറിന്റെ ഹാന്‍ഡിലില്‍ പിടിച്ചുകൊണ്ട്‌ അവള്‍ ഒരു നിമിഷം എന്റെ മുഖത്തേക്ക്‌ തന്നെ ഉറ്റുനോക്കി. ചുണ്ടും കണ്ണും ദേഷ്യം കൊണ്ട്‌ കൂര്‍ത്തിരിക്കുന്നു.എന്നോടുള്ള ദേഷ്യം തീര്‍ക്കാനെന്ന പോലെ ഡോര്‍ ആഞ്ഞടച്ചിട്ട്‌ അവള്‍ മുന്നിലെ ഡോര്‍ വലിച്ച്‌ തുറന്ന് മോളെ മടിയിലെടുത്ത്‌ വെച്ചിരുന്നു. മുഖത്ത്‌ ഗൗരവം കനത്ത്‌ കിടക്കുന്നു. എന്റെ നേരെ നോക്കുന്നേയില്ല. മുന്നിലെ വഴിയിലേക്കാണ്‌ നോട്ടമത്രയും. എനിക്ക്‌ ചെറിയ ചിരി വന്നു. ഞാന്‍ മോളെ നോക്കി. അവള്‍ എന്റെ മുഖത്തേക്ക്‌ തന്നെ നോക്കിയിരിപ്പാണ്‌. അവളും ഗൗരവം തന്നെ. ഞാന്‍ ഒന്നു ചിരിച്ചു. എന്നിട്ട്‌ കണ്ണിറുക്കിക്കാണിച്ചു. മോളുടെ മുഖത്ത്‌ ചെറിയ ചിരി പടര്‍ന്നു. ചിരിച്ച്‌ കൊണ്ട്‌ അവള്‍ അമ്മയുടെ മുഖത്തേക്ക്‌ നോക്കി. അമ്മയുടെ ഗൗരവം കണ്ടപ്പോള്‍ അവളുടെ ചിരി നിന്നു. അവള്‍ എന്റെ നേരെ വീണ്ടും നോക്കി. “സാരമില്ല” എന്ന് ഞാന്‍ കണ്ണടച്ചു കാണിച്ചു.
“നീ ഈ വഴിപാടാണെന്നും പറഞ്ഞ്‌ കൊടുക്കുന്ന കാശുകൊണ്ട്‌ തിരുമേനിമാരേതായാലും പുരോഗമിക്കുന്നുണ്ട്‌. മിക്കവാറും എന്റെ ഏഴരശനി തീരുമ്പോഴേക്കും തിരുമേനി ഏഴ്‌ നിലയുള്ള വീട്‌ വെക്കുമെന്നാ തോന്നുന്നേ.” രംഗം അയയാന്‍ വേണ്ടി തമാശ പോലെയാണ്‌ ഞാന്‍ പറഞ്ഞത്‌. പറഞ്ഞിട്ട്‌ ഞാന്‍ വീണ്ടും നോക്കി. ഇല്ല. ഒരു മാറ്റവുമില്ല. അതുപോലെ തന്നെയിരിക്കുന്നു ആള്‍. വിടര്‍ന്ന കണ്ണുകളില്‍ എന്താ ഒരു ഗൗരവം.?
“ഈ നമ്പൂരിമാര്‍ക്ക്‌ വെറുതേ കൊടുക്കുന്ന കാശ്‌ നീ വല്ല പാവങ്ങള്‍ക്കും കൊടുത്തിരുന്നേല്‍ അത്രേമെങ്കിലും പുണ്യം കിട്ടും. അറിയ്‌വോ.? ഇത്‌ വെറുതെ പാഴായിപ്പോവാണ്‌. നീ ഈ കൊടുക്കുന്നതെല്ലാം ഭഗവാന്‍ എന്ത്‌ ചെയ്യാനാണ്‌.? എടീ അങ്ങേര്‍ക്ക്‌ നിന്റെ പ്രാര്‍ഥന മാത്രം മതി. അല്ലാണ്ട്‌ കാശൊന്നും വേണ്ട. ഇനി പ്രാര്‍ഥിച്ചില്ലേലും എല്ലാരുടേം കാര്യങ്ങള്‌ അങ്ങേര്‌ നോക്കിക്കൊള്ളും. ഇത്‌ വല്ലതും നിനക്കറിയാമോ.?”
ഇല്ല. ഇപ്പോഴും അങ്ങനെ തന്നെ. കല്ലിന്‌ കാറ്റ്‌ പിടിച്ചത്‌ പോലെ. “പറഞ്ഞതല്‍പ്പം കടന്ന് പോയോ.? അവള്‍ക്കറിയാവുന്നതല്ലേ എന്റെ കഷ്ടപ്പാടുകള്‍.? ഓഫീസില്‍ താമസിച്ച്‌ ചെന്നാലുള്ള കുഴപ്പങ്ങളും അവള്‍ക്കറിയില്ലേ.? അപ്പോ പിന്നെ അവള്‍ അത്ര താമസിക്കാമോ.? എന്നിട്ട്‌ പറയുന്നതാണോ കുഴപ്പം.? അവിടെ വെച്ച്‌ അത്രയും പറയേണ്ടായിരുന്നു. ശരിയാണ്‌. അല്‍പ്പം ഒച്ചയും കൂടുതലായിരുന്നു. എന്നാലും കാര്യമല്ലേ പറഞ്ഞത്‌.? പിന്നെന്തിനാ അവളിങ്ങനെ.?”
വീട്ടില്‍ ചെന്ന് കേറുന്നത്‌ വരെയും ഒരക്ഷരം ഉരിയാടിയില്ല സുമി. നൂല്‌ പിടിച്ച്‌ ഒറ്റ ഇരിപ്പായിരുന്നു. വീട്ടിലെത്തിയപ്പോഴോ.? കാറില്‍ നിന്നിറങ്ങിയിട്ട്‌ ഡോര്‍ വലിച്ചടച്ച്‌ ചവിട്ടിത്തുള്ളി കയറിപ്പോയി.
സമയം പോയി. ഇപ്പോ തന്നെ ഒന്‍പതേകാലായി. ഓഫീസില്‍ ചെല്ലുമ്പോള്‍ എന്തായാലും പത്തരയാവും. അതിനിടയില്‍ മോളെ സ്കൂളില്‍ വിടണം. എല്‍ കെ ജി ക്ലാസ്സിലാണെങ്കിലും കോളേജില്‍ പോവുന്ന പത്രാസാണവള്‍ക്ക്‌. അച്ഛന്‍ കാറില്‍ കൊണ്ട്‌ വിടുക തന്നെ വേണം.
ഞാന്‍ ഓടി ചെന്ന് മുണ്ട്‌ പറിച്ചെറിഞ്ഞ്‌ ബെഡില്‍ തേച്ച്‌ മടക്കിവെച്ചിരുന്ന പാന്റ്സ്‌ എടുത്തിട്ടു.
“എന്റെ ഷര്‍ട്ടെവിടെ..?? ഉറക്കെ വിളിച്ച്‌ ചോദിച്ചു. സാധാരണ ഞാന്‍ പാന്റ്സ്‌ ഇടുമ്പോഴേക്കും അലമാരയില്‍ നിന്ന് തേച്ച ഷര്‍ട്ടുമെടുത്ത്‌ വരുന്നവളാണ്‌.
“ആ… അലമാരേലെങ്ങാനും കാണും.” ഡൈനിംഗ്‌ റൂമില്‍ നിന്ന് ഒരു അശരീരി.
ഒരു നിമിഷം വാതില്‍ക്കലേക്ക്‌ നോക്കി നിന്നു. “എന്നെപറഞ്ഞാല്‍ മതിയല്ലോ..!” ഓടിച്ചെന്ന് ഞാന്‍ അലമാര തുറന്ന് ഷര്‍ട്ടെടുത്തു. നല്ല വടിപോലെ തേച്ച്‌ വെച്ചിരിക്കുന്നു. വാതില്‍ക്കലേക്ക്‌ നോക്കി ചെറുതായൊന്നു ചിരിച്ചു ഞാന്‍.
ഞാന്‍ ഡ്രസ്‌ ചെയ്ത്‌ കഴിഞ്ഞിട്ടും ശ്രീമതിയെ മുറിയിലേക്ക്‌ കാണുന്നേയില്ല. ബ്രേക്ക്‌ ഫാസ്റ്റ്‌ സാധാരണ ഒരുങ്ങുന്ന സമയത്ത്‌ സുമി വായില്‍ വെച്ച്‌ തരാറാണ്‌ പതിവ്‌. എനിക്കും മോള്‍ക്കും ബ്രേക്ക്‌ ഫാസ്റ്റ്‌ ഒരേപോലാണ്‌. ഞാന്‍ വാതില്‍ക്കല്‍ നിന്ന് എത്തിനോക്കി. ഡൈനിംഗ്‌ ടേബിളിന്റെ വശത്ത്‌ കസേരയില്‍ ഇരിപ്പുണ്ട്‌ മീനാക്ഷി. സ്കൂള്‍ബാഗ്‌ മേശപ്പുറത്തിരിപ്പുണ്ട്‌. സുമി അടുത്ത്‌ നിന്ന് ദോശ മുറിച്ച്‌ വായില്‍ വെച്ച്‌ കൊടുക്കുന്നു. മേശപ്പുറത്ത്‌ ഒരു പ്ലേറ്റില്‍ ദോശയും അടുത്ത്‌ ചമ്മന്തിയുമിരിക്കുന്നു. “അമ്പടി കള്ളി.! എനിക്ക്‌ നേരിട്ട്‌ തരാന്‍ കഴിയുകേലാഞ്ഞിട്ട്‌ വിളമ്പിവെച്ചിരിക്കുകയാണ്‌.”
ഞാന്‍ ഭാവവ്യത്യാസമൊന്നുമില്ലാതെ ധൃതിയില്‍ മേശയുടെ അടുത്ത്‌ ചെന്നിരുന്ന് ചട്ണിയെടുത്ത്‌ പ്ലേറ്റിലേക്കൊഴിച്ചിട്ട്‌ ദോശ മുറിച്ച്‌ വായില്‍ വെച്ചു. “നല്ല രുചി..! എന്തൊക്കെ പറഞ്ഞാലും നല്ല കൈപ്പുണ്യമുള്ള ഭാര്യയാണ്‌.!” ഞാന്‍ അവളുടെ നേരെ നോക്കി. മുഖം കടന്നല്‌ കുത്തിയത്‌ പോലെ തന്നെ. വളരെ ഗൗരവത്തില്‍ മോള്‍ക്ക്‌ ദോശ മുറിച്ച്‌ വായില്‍ വെച്ചുകൊടുക്കുന്നു. ചെറിയ ചിരി വന്നെങ്കിലും ഞാന്‍ ചിരിച്ചില്ല. “വെറുതെ എന്തിനാ രംഗം വഷളാക്കുന്നത്‌..”
“ചോറെടുത്ത്‌ വെച്ചോ..?” കൈകഴുകുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.
‘അടുക്കളേല്‍ കാണും.” നിര്‍വികാരമായ മറുപടി. ഞാന്‍ പോകാനിറങ്ങുമ്പോഴേക്കും ബാഗില്‍ ചോറെടുത്ത്‌ വെച്ച്‌ തരുന്നവളാണ്‌. എന്തൊരു അഹങ്കാരം.!
അടുക്കളയില്‍ നോക്കുമ്പോള്‍ ടിഫിന്‍ ബോക്സില്‍ ചോറെടുത്ത്‌ വെച്ച്‌ ഭദ്രമായി പായ്ക്ക്‌ ചെയ്ത്‌ വെച്ചിട്ടുണ്ട്‌. എനിക്ക്‌ പിന്നെയും ചെറിയ ചിരി വന്നു.
“അച്ഛനൊന്നിങ്ങോട്ട് വരുന്നുണ്ടോ..?? ഞാന്‍ റെഡിയായി നിക്കാന്‍ തുടങ്ങീട്ടെത്ര നേരായീന്നറിയ്‌വോ..??” സ്വീകരണമുറിയില്‍ നിന്ന് മീനാക്ഷിയാണ്. ബ്രേക്ക്ഫാസ്റ്റ് വായില്‍ വെച്ച് കൊടുക്കാന്‍ ആളുള്ളവര്‍ക്ക് എന്തുമാവാമല്ലോ..! എന്റെ വിഷമം ആരറിയുന്നു..!
ചോറെടുത്ത്‌ ബാഗില്‍ വെച്ച്‌ ഫയലുകളുമെടുത്ത്‌ സ്വീകരണമുറിയിലേക്ക്‌ വരുമ്പോള്‍ മോള്‍ പുറത്തേക്കുള്ള വാതില്‍ക്കല്‍ ബാഗുമായി നില്‍പ്പുണ്ട്‌. ഞാന്‍ ഡൈനിംഗ്‌ റൂമിലേക്ക്‌ നോക്കി. എങ്ങും കാണാനില്ല ആളെ.
“അമ്മയെന്തിയേ മോളേ.?” ഞാന്‍ മീനാക്ഷിയോട്‌ ചോദിച്ചു.
“അമ്മ പിണക്കമാ.. അടുക്കളേല്‌ നിപ്പുണ്ട്‌. ഞാന്‍ വിളിച്ചിട്ട്‌ വന്നില്ല. ഇന്നെനിക്ക്‌ ഉമ്മ അവിടെ വെച്ചാ തന്നത്‌. ഗേറ്റിന്റവിടെ വരില്ലാന്ന് പറഞ്ഞു. അച്ഛനെന്തിനാ അമ്മേനെ വഴക്ക്‌ പറഞ്ഞേ.? അതോണ്ടല്ലേ അമ്മ പിണങ്ങിയേ.”
“നീയും നിന്റമ്മയും..! വഴക്ക്‌ പറഞ്ഞതേ നിന്റെ അമ്മേടെ കയ്യിലിരിപ്പ്‌ കൊണ്ടാ.” ഞാന്‍ മോളെ കയ്യിലെടുത്തു.
“അച്ഛന്‌ ഓഫീസില്‍ പോവാന്‍ താമസിക്കുമെന്ന് അമ്മയ്ക്കറിയില്ലേ. എന്നിട്ടും താമസിച്ചത്‌ കൊണ്ടല്ലേ അച്ഛന്‍ വഴക്ക്‌ പറഞ്ഞത്‌.”
“അതിന്‌ ഇന്ന് മാത്രമല്ലല്ലോ അച്ഛന്‍ താമസിക്കുന്നേ. എന്നും അച്ഛന്‍ താമസിച്ചല്ലേ പോവുന്നേ. അച്ഛന്റെ താമസം കാരണം എന്നും ഞാനാ ഏറ്റവും അവസാനം സ്കൂളില്‍ ചെല്ലുന്നേ.”
“എടീ ഭയങ്കരീ. തര്‍ക്കുത്തരം പറയുന്നോ.. നീ നിന്റെ അമ്മേടെ മോള്‌ തന്നെ..!” ഞാന്‍ അവളുടെ കവിളത്തൊരു ഉമ്മ കൊടുത്തു. ചെറുതായി ചമ്മാതിരുന്നില്ല. സംഭവം ശരിയാണ്‌. എന്നത്തേയും പോലെ തന്നെ ഇന്നും. സാധാരണ രാവിലെ ഓഫീസില്‍ പോവുന്ന സമയം ആവുന്നതേ ഉള്ളു. എത്ര നേരത്തെ പോവണമെന്ന് വിചാരിച്ചാലും എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ ജോലികള്‍ ചെയ്ത്‌ സമയം കളഞ്ഞിട്ട്‌ ഒടുവില്‍ ധൃതി പിടിച്ച്‌ ഓടിപ്പോവുകയാണ്‌ പതിവ്‌.
മോളേയും ഒക്കത്തെടുത്ത്‌ ഞാന്‍ അടുക്കളയിലേക്ക്‌ നടന്നു. അവിടെ നില്‍പ്പുണ്ട്‌ ഭാര്യ. അടുപ്പത്തെന്തോ തിളയ്ക്കുന്നു. അതിലോട്ടാണ്‌ നോട്ടം. പക്ഷേ അടുക്കളയിലാണ്‌ കക്ഷിയെന്ന് തോന്നുന്നില്ല. ചുവന്ന കരയുള്ള സെറ്റുമുണ്ടിന്റെ തുമ്പ്‌ കൈവിരലില്‍ ചുറ്റുകയും അഴിക്കുകയും ചെയ്യുന്നു. വീണ്ടും ചുറ്റുകയും അഴിക്കുകയും ചെയ്യുന്നു. ചെവിയോര്‍ത്താണ്‌ നില്‍ക്കുന്നത്‌. എന്റെ കാലടിയുടെ ശബ്ദം കേട്ടിട്ടുണ്ടെന്നത്‌ തീര്‍ച്ച. സെറ്റുമുണ്ടിന്റെ തുമ്പ്‌ കൈയ്യില്‍ ചുറ്റുകയും അഴിക്കുകയും ചെയ്യുന്നതിന്റെ വേഗത കൂടുന്നു.
“എടീ അടുപ്പത്തിരിക്കുന്നത്‌ തിളച്ച്‌ തൂവുന്നു.” ഞാന്‍ പറഞ്ഞു. അപ്പോഴാണ്‌ ആള്‍ ലോകത്തേക്ക്‌ ഇറങ്ങി വന്നത്‌. പെട്ടെന്ന് ഗ്യാസ്‌ ഓഫ്‌ ചെയ്തിട്ട്‌ പാത്രം വാങ്ങി വെച്ചു. ആവി കൈയ്യിലടിച്ച്‌ ചെറുതായി പൊള്ളിയെന്ന് തോന്നുന്നു. അവള്‍ വിരല്‌ തിരുമ്മുന്നു.
“ഞങ്ങള്‌ പോവാണ്‌.”
“ഉം..”
“പിന്നെ നീയെന്താ ഇവിടെ നിക്കണേ.?”
“ഒന്നൂല്യ..”
മോളെ താഴെ നിര്‍ത്തിയിട്ട്‌ ഞാന്‍ അവളുടെ തൊട്ട്‌ പുറകില്‍ ചെന്ന് നിന്നു. എന്റെ ശ്വാസം പുറത്ത്‌ തട്ടുന്നത്‌ അവള്‍ അറിയുന്നുണ്ട്‌. വിയര്‍പ്പ് പടര്‍ന്ന പുറത്ത് നേര്‍ത്ത രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നു.
“ഞങ്ങള്‌ പോവാന്ന്..” ചെവിയില്‍ ചുണ്ട്‌ മുട്ടിച്ച്‌ കൊണ്ട്‌ ഞാന്‍ പറഞ്ഞു. വിരലില്‍ തുണിത്തുമ്പ്‌ ചുറ്റുന്നില്ല. വിരല്‍ തിരുമ്മുന്നില്ല. ആള്‍ അനങ്ങുന്നുപോലുമില്ല. ഇമയനങ്ങാത്ത കണ്ണുകള്‍ നിറഞ്ഞ്‌ നില്‍ക്കുന്നതെനിക്ക്‌ കണ്ടില്ലെങ്കിലും അറിയാം.
“പെണ്ണേ..”
ഒരു നിമിഷം. അവള്‍ എന്റെ നേരെ തിരിഞ്ഞു. വലിയ, വിടര്‍ന്ന കണ്ണുകള്‍ ഇപ്പോ തുളുമ്പെമെന്നാണ്‌. എന്റെ കണ്ണിലേക്ക്‌ തന്നെ ഉറ്റുനോക്കി നില്‍ക്കുന്നു.
“ക്ഷമിക്ക്‌ മാഷേ.. എനിക്ക്‌ ഭാര്യയെന്ന് പറയാന്‍ ഇത്‌ ഒന്നല്ലേയുള്ളു..” ഞാന്‍ പതിയെ പറഞ്ഞു.
പെട്ടെന്ന് തുളുമ്പിനിന്ന മിഴികളില്‍ നിന്ന് കണ്ണുനീരൊഴുകി.
ഒന്നും പറയാനില്ല. ഞാന്‍ വെറുതെ അവളുടെ കവിളിലെ കണ്ണുനീരിന്റെ ചാലില്‍ ചൂണ്ട്‌ വിരലിന്റെ പുറമുരസ്സി.
“എനിക്ക്‌ ഇതല്യേയുള്ളു ചിന്ത.. അറിയ്‌വോ..? ഇവിടുന്ന് പോയിട്ട്‌ തിരിച്ച്‌ വരുന്നത്‌ വരെ എനിക്കാധിയാണ്‌. കഷ്ടകാലസമയല്ലേ..? മാറാന്‍ എന്തൊക്കെയാണ്‌ ഞാന്‍ ചെയ്യുക..” ശബ്ദം ഗദ്ഗദം തിങ്ങി നേര്‍ത്തു പോവുന്നു. കണ്ണിലേക്ക്‌ തന്നെ നോക്കിയാണ്‌ പരിഭവം.
“എനിക്കറിയാം പെണ്ണേ. ഞാന്‍ പിന്നെ ആരോടാണൊന്ന് വഴക്കിടുക.? നിനക്കറിയുമോ.. ഒരു ആണിന്റെ ഏറ്റവും വലിയ ഭാഗ്യമെന്തെന്ന്.? അവന്‍ പോലുമറിയാതെ അവനുവേണ്ടി പ്രാര്‍ഥിക്കുന്ന പെണ്ണ്‍. അതൊരു അനുഗ്രഹമാണ്‌. നീ എന്നെ അനുഗ്രഹിക്കയല്ലേ ചെയ്യുന്നത്‌. ഞാന്‍ പ്രാര്‍ഥിക്കുന്നതിനേക്കാള്‍ കോടിപുണ്യമല്ലേ നീ എനിക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍..”
“പോ അവിട്ന്ന്.. എന്നിട്ടാണോ എന്നെ കരയിപ്പിച്ചത്‌..” നെഞ്ചില്‍ പിടിച്ചൊരു തള്ള്‌.! വേച്ചുപോവാതെ ഞാന്‍ അവളുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു.
“ഇങ്ങനെ വല്ലപ്പോഴും കുറച്ച്‌ വഴക്ക്‌ പിടിച്ചില്ലേല്‍ പിന്നെ എന്തോന്ന് ജീവിതമാണെടീ പെണ്ണുമ്പിള്ളേ..” ഞാന്‍ ആ ഇടുപ്പില്‍ കൈത്തലമമര്‍ത്തി.
“വഴക്ക്‌..! ഇങ്ങനാണോ വഴക്ക്‌ പിടിക്കുന്നേ.. ഞാനെന്ത്‌ വിഷമിച്ചൂന്നറിയുമോ.?” അവള്‍ എന്റെ വയറില്‍ ആഞ്ഞൊന്ന് നുള്ളി.
“ഔവ്‌….!!” ഞാന്‍ ഞെട്ടിപ്പിടഞ്ഞ്‌ പുറകിലേക്ക്‌ ചാടി. “എന്തോ വേദനയാടീ..!!” ഞാന്‍ നുള്ള്‌ കൊണ്ടിടം തിരുമ്മിക്കൊണ്ട്‌ വേദനയുടെ നീറ്റല്‍ മുഖത്ത്‌ വരുത്തി അവളെ നോക്കി.
“അങ്ങനിരിക്കും എന്നോട്‌ കളിച്ചാല്‍..! മര്യാദക്കല്ലേല്‍ ഇനീം കൊള്ളും ഇതുപോലെ.. എന്നെ അറിയാമല്ലോ..!” പെണ്ണിന്റെ മുഖത്ത്‌ കൊഞ്ചല്‍. പിന്നെ ഒരു വിജയീഭാവവും.
“ആഹാ.. അപ്പോ വഴക്കൊക്കെ തീര്‍ന്നോ.?” മോള്‍ ഇടയ്ക്ക്‌ കയറി നിന്നു.
“അതിനാരാപ്പോ വഴക്കിട്ടേ..?” ഞാനവളെ വാരിയെടുത്ത്‌ ഒരുമ്മകൊടുത്തു.
“നിന്റച്ഛന്‍.! അല്ലാണ്ടാരാ..?” സുമി സ്നേഹം കൊണ്ട്‌ മീനാച്ചീടെ കവിളില്‍ തോണ്ടിയിട്ട്‌ പുറത്തേക്ക്‌ നടന്നു. മോളെന്നെ നോക്കി “എന്താ സംഭവം,?” എന്ന ഒരു ആംഗ്യം കാണിച്ചു. ഞാന്‍ പിന്നെയും അവളെ കണ്ണടച്ച്‌ കാണിച്ച്‌ ഒരു കള്ളച്ചിരി ചിരിച്ചു. മീനാക്ഷി എന്റെ കവിളില്‍ അമര്‍ത്തിയൊരുമ്മ വെച്ചു. ഞാന്‍ അവളേയും കൊണ്ട്‌ പുറത്തേക്ക്‌ നടന്നു.
പുറത്ത്‌ സുമി ഇലച്ചീന്തിലെ ചന്ദനവുമായി നില്‍ക്കുന്നു. ഞാന്‍ കുനിഞ്ഞുനിന്നുകൊടുത്തു. നെറ്റിയില്‍ ചന്ദനത്തിന്റെ കുളിര്‌. ഞാന്‍ അവളുടെ കവിളില്‍ വിരലൊന്ന് അമര്‍ത്തിയിട്ട്‌ മോളെയും കൊണ്ട്‌ പുറത്തേക്ക്‌ നടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ തിരിഞ്ഞ്‌ നിന്നിട്ട്‌ പുറകേയെത്തിയ ഭാര്യയോട്‌ രഹസ്യമായി പറഞ്ഞു. “ആ നുള്ള്‌ എനിക്ക്‌ വേദനിച്ചുകേട്ടോ..”
“അങ്ങനെതന്നെ വേണം.! എന്നോട്‌ വഴക്കിട്ടിട്ടല്ലേ.!” സ്നേഹം കൊണ്ട്‌ അവള്‍ കൊഞ്ഞനം കുത്തി.
“ഈ നുള്ളിന്റെ വേദന അടുത്ത വ്യാഴാഴ്ച വരെ നിന്നാല്‍ മതിയായിരുന്നു.” പടിയിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു.
“ഉം.? എന്തേ..??”
“അല്ല.. അടുത്ത വ്യാഴാഴ്ചയല്ലേ ഇനി അമ്പലത്തില്‍ പോകുവൊള്ളു..” കാറിലേക്ക്‌ കയറിയിട്ട്‌ ഞാന്‍ പറഞ്ഞു.
“അയ്യട..! വഴക്ക്‌ പിടിക്കാനിനി ഇങ്ങോട്ട്‌ വന്നേക്ക്‌.. കാണിച്ച്‌ തരാം. ഞാന്‍..!” കവിളത്തൊരു നുള്ള്‌.
“അയ്യോ..!! ഇതെനിക്ക്‌ ശരിക്കും നൊന്തു. “വന്നിട്ട്‌ നിന്റെ നഖമെല്ലാം വെട്ടിക്കളയുന്നുണ്ട്‌ ഞാന്‍.” കാര്‍ മുന്‍പോട്ടെടുക്കുമ്പോള്‍ ചുണ്ട്‌ കൂര്‍പ്പിച്ച്‌ ഞാന്‍ പറഞ്ഞു.
“ഇങ്ങ്‌ വന്നേച്ചാലും മതി..!” അവള്‍ ചുണ്ടുകോട്ടി കളിയാക്കുന്ന ഒരു ഭാവത്തോടെ ചിരിച്ചു.
“റ്റാറ്റാ..” മോളാണ്‌. സുമി ചിരിച്ചുകൊണ്ട്‌ തിരിച്ച്‌ ഒരു ഉമ്മ കൈവെള്ളയില്‍ വെച്ചിട്ട്‌ മീനാക്ഷിക്ക്‌ പറത്തിക്കൊടുത്തു.
കാര്‍ ഗേറ്റ്‌ കടക്കുമ്പോള്‍ ഞാന്‍ റിയര്‍ വ്യൂ മിററിലൂടെ വെറുതെ നോക്കി. ഗേറ്റിങ്കല്‍ അവളുണ്ട്‌. എന്റെ ഭാര്യ. ഞാന്‍ കൈ പുറത്തേക്കിട്ട്‌ വീശി. അതവള്‍ക്കറിയാം. അതിന്‌ വേണ്ടി നില്‍ക്കുന്നതാണ്‌. തിരിച്ചൊരു റ്റാറ്റാ റിയര്‍ വ്യൂ മിററില്‍ക്കൂടി വന്നു.
കവിളും വയറും നീറുന്നു. എന്തൊരു നീറ്റലാണ്‌.! ഇന്ന് തന്നെ അവള്‍ടെ നഖം വെട്ടണം.! വേണോ..?
“ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ.. ഒരു വേള നിന്‍ നേര്‍ക്ക്…” കാറോടിച്ച്‌ പോവുമ്പോള്‍ ഞാന്‍ അറിയാതെ ഒരു മൂളിപ്പാട്ട്‌ മൂളി.
**********************************************************************************
പിന്‍ കുറിപ്പ് : ഒരൂ അവിവാഹിതന്റെ ദാമ്പത്യസ്വപ്നങ്ങളാണ്.. ആരുടെയും ജീവിതത്തില്‍ പ്രാവര്‍ത്തികമാവണമെന്നില്ല.. എന്നാലും സ്വപ്നം കാണാന്‍ വാടകയൊന്നും കൊടുക്കേണ്ട കാര്യമില്ലല്ലോ.. :)


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...