Showing posts with label 81. Show all posts
Showing posts with label 81. Show all posts

27 Apr 2013

മഷിനോട്ടം

ഫൈസൽബാവ 

 ഇടവപ്പാതിക്കെന്താ വില ?

കേരളം ച്ചുട്ടുപൊള്ളുകയാണ്. സൂര്യാഘാതം എല്ക്കുന്നവർ കേഴുന്ന ഇടമായി ഈ ദൈവത്തിന്റെ സ്വന്തം നാട് മാറിയിരിക്കുന്നു. കാടും നാടും വെട്ടി വെളുപ്പാക്കാൻ മുന്നിട്ടിറങ്ങിയവര്ക്കിന്നു ഉത്തരമില്ല. കാടും കുന്നും വെട്ടി ഇടിച്ചു ഇല്ലാതാക്കുമ്പോൾ ആരും ഒന്നും മിണ്ടുന്നില്ല എന്നാൽ സ്വന്തം ശരീരം പൊള്ളുമ്പോൾ നമ്മുടെ ചർച്ചകൾ കൂടുന്നു. ഇവർ  തന്നെ  ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി വാശി പിടിക്കുന്നു. ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ? എന്നാ ചോദ്യം പൊള്ളുമ്പോൾ മാത്രം ചോദിക്കേണ്ടതല്ല. ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെ പറ്റി നാം ചിന്തിക്കാൻ മറക്കുന്നു. ആ ഓർമ്മപ്പെടുത്തലുകളാണ് ഈ പൊള്ളലുകൾ തരുന്നത്. “ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍” ഈ സിംഫണിയാണ്  നാം മനസിലാക്കാത്ത പോകുന്നത്    
നിങ്ങള്‍ വെള്ളം പാഴാക്കി കളയുന്നവ രാണെങ്കില്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കുക! ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും കടലിലെ ഉപ്പു വെള്ളമാ‍ണ്. മൂന്ന് ശതമാനം മാത്രമെ ശുദ്ധ ജലമായി നിലവിലുള്ളൂ. ഇതിന്റെ തന്നെ 97.5 ശതമാനവും ഖര രൂപത്തിലുള്ള ഹിമ പാളികളാണ്. ബാക്കി വരുന്ന ശുദ്ധ ജലത്തിന്റെ ബഹു ഭൂരിപക്ഷവും മനുഷ്യന് എത്താനാവാത്ത അത്ര ആഴത്തിലുള്ള ഭൂഗര്‍ഭ ജലമാണ്. ആകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തില്‍ നൂറിലൊരു അംശം മാത്രമേ മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂമുഖത്തുള്ളൂ…
നാം അനാവശ്യമായി കളയുന്ന വെള്ളം എത്ര അമൂല്യമാണെന്ന് ഓര്‍ത്തു നോക്കൂ. നാം മലിനമാക്കി കളയുന്ന ജലം ദിനം പ്രതി വര്ദ്ധിക്കുന്നു. വറ്റുന്ന പുഴകൾ വര്ധിക്കുന്നു ഇടവപ്പാതി ലഭ്ച്ചാലും കിണറ്റിൽ  വെള്ളം കണ്ണീരോളം മാത്രം. 44 നദികൾ  അനുഗ്രഹിച്ചിട്ടും നമുക്കെന്തേ കുടിവെള്ള ക്ഷാമം ഉണ്ടാകുന്നു?  നമ്മെ കാത്തുസ്ക്ഷിക്കുന്ന  ഹരിത വലയമായ കാടുകളെ ആരാണ് കാര്ന്നു തിന്നുന്നത്?  പൊള്ളുന്ന ഒരു ഭൂമിയായി കേരളം മാറുന്നതിനു നമ്മൾ അല്ലെ കൂടുതൽ ഉത്തരവാദി? നാളെ ഒരു തുള്ളി വെള്ളത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വിലപിക്കുമ്പോള്‍ എന്തു പ്രായശ്ചിത്തമാണ് നമുക്ക് ചെയ്യാനാവുക? ഇന്ന് ഈ സത്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും നമുക്കീ ഹരിത ഭൂമിയെ തിരികെ ലഭിക്കില്ല. പരിസ്ഥിതിയെ കുറിച്ചുള്ള ബോധം എല്ലാവരിലു മെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. അതിനുള്ള ഒര്മ്മപ്പെടുത്തൽ ആണ് ഈ പൊള്ളലുകൾ ഇടവപ്പാതിക്ക് എന്താ വില എന്ന് ചോദിച്ചു വരുന്നവരെ നമുക്ക് തുരത്താൻ അറിയണം. ഭൂമിയില്‍ ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയാണ്. വരും കാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാ‍കുമെന്ന പ്രവചനത്തെ നമുക്ക് തള്ളി കളയാനാകുമോ? കമ്പോളത്തിലെ കച്ചവട മൂല്യമുള്ള ഒന്നായി വെള്ളം മാറിക്കഴിഞ്ഞു. കച്ചവട കണ്ണോടെ വെള്ളത്തെ കാണുമ്പോൾ നാം വില്കുന്ന,  പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഒരാളുടെയെങ്കിലും ജീവന്റെ വില ഉണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും…
=================================================

26 Mar 2013

വലിയ തലയുള്ള ആള്‍ ദൈവം

അനസ്  മുഹമ്മദ്‌ 

ഞാന്‍ ജനിച്ചു വീണത് എണ്ണിയാല്‍ തീരാത്ത ദൈവങ്ങക്ക് ഇടയിലേക്കായിരുന്നു . വ്യത്യസ്തമായ ഒരു പിടി ദൈവങ്ങള്‍ എനിക്ക് ചുറ്റും ന്‍്രത്തം ചവിട്ടികൊണ്ടേ ഇരുന്നു . അവകള്‍ ഓരോ വിഭാഗത്തിനും വെത്യസ്ഥ സ്വഭാവക്കാര്‍ക്കും വേണ്ടി ചിന്തകളെയും വിശ്വാസങ്ങളെയും മാറ്റി മറിച്ചു കൊണ്ടേ ഇരുന്നു . എന്നാല്‍ അവകള്‍ വിശ്വാസങ്ങളില്‍ തളക്കപ്പെട്ട നിര്‍ജീവങ്ങളായ കല്ലോ മണ്ണോ വിഗ്രഹങ്ങളോ ആയിരുന്നു . പിന്നെപ്പഴോ അത് മാറ്റങ്ങള്‍ക്കു വിധേയമായി മ്ര്!ഗങ്ങളിലേക്കും മറ്റു സസ്യങ്ങളിലേക്കും വ്യാപിച്ചു . ഇത്തരം മാറ്റങ്ങള്‍ മനുഷ്യര്‍ക്കിടയിലും സംഭവിക്കുന്നുണ്ടായിരുന്നു . അങ്ങനെ ദൈവങ്ങള്‍ എന്നപദം ഏറ്റവും ഉചിതമായവന്‍ മനുഷ്യന്‍ ആയി . ക്രിസ്തു മരിച്ചു ആയിരക്കനക്കിനു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിച്ചത് . എന്റെ വിശ്വാസങ്ങള്‍ മറ്റൊരു മതത്തില്‍ ആയിരുന്നു . അത് ആര് നിര്‍മിച്ചതാണെന്ന് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു . എന്നാല്‍ മതങ്ങള്‍ മനുഷ്യന്‍ അല്ല ദൈവം തന്നെയാണ് സ്ര്ഷ്ടിച്ചതെന്നു എന്റെ വിശ്വാസങ്ങളില്‍ ഞാന്‍ അന്തമായി വിശ്വസിച്ചിരുന്നു . പാവങ്ങളും ക്ഷ്രിക്കാരും അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു വിഭാഗവും ഇട കലര്‍ന്ന് ജീവിക്കുന്ന ഒരു ചെറിയ താഴ്വരയിലാണ് ഞാന്‍ ജനിച്ചത് .
ജനിക്കുമ്പോള്‍ എല്ലാ സാധാരണ കുഞ്ഞുങ്ങളെപ്പോലെയും തന്നെയായിരുന്നു ഞാനും . എന്നാല്‍ അസാദാരണമായ എന്തോ ഈ കുഞ്ഞില്‍ ഉണ്ടെന്നു വൈതികന്മാര്‍ പറഞ്ഞു . കരയുന്നതിലും ചിരിക്കുന്നതിലും വരെ ദിവ്യമായ എന്തോ പ്രകടമായിരുന്നു . അങ്ങനെ അവന്‍ വളര്‍ന്നു . അയാളില്‍ മറ്റുള്ളവര്‍ക്ക് ഉടലെടുത്ത വിശ്വാസം കാരണം അവരുടെ പൂര്‍വികര്‍ വിശ്വസിച്ചു പോന്നിരുന്ന പല ആചാരങ്ങളേയും അവര്‍ തള്ളിപ്പറഞ്ഞു തുടങ്ങി . അങ്ങനെ അയാള്‍ മറ്റെന്തോ ആയി മാറുകയായിരുന്നു . ദൈവങ്ങള്‍ അത്ര്ശ്യമായി എവിടെയോ ഇരിക്കുന്നു , ലോക മാറ്റങ്ങളെയും കാലങ്ങളെയും നിശ്ചയിക്കുന്നതും പ്രാഭല്യത്തില്‍ കൊണ്ട് വരുന്നതും ആ ശക്തിയാണ് എന്നും ഉള്ള എന്റെ ചിന്തകളെ തകര്‍ക്കുന്നവകള്‍ ആയിരുന്നു പിന്നീടുള്ള കാലങ്ങള്‍ . താഴ്ന്ന ജാതിയില്‍ ജനിച്ചവനായതിനാല്‍ പുതിയ മാറ്റത്തെ ഇരു കൈനീട്ടി സ്വീകരിച്ചു . ശെരിയും തെറ്റും നോക്കാതെ .
‘അയാള്‍ക്ക് ഒരു പ്രതിസന്തികളും തരണം ചെയ്യേണ്ടതായി വന്നിട്ടില്ല . പ്രവാചകന്മാര്‍ എല്ലാം കഷ്ട്ടതകള്‍ അനുഭവിച്ചവരാണ് എന്നാല്‍ ഇയാള്‍ . എനിക്ക് തോന്നുന്നത് ഇയാള്‍ ദൈവമാണെന്നാണ്’
പലരിലും ഇത്തരം ചിന്തകള്‍ ഉടലെടുത്തു . മുന്‌പേ നടന്നു പോയവരില്‍ വിശ്വാസം നശിച്ച ചില വൈതികരും , പണ്ഡിതന്മാരും വരെ ഇങ്ങനെ പറഞ്ഞു തുടങ്ങി .
എന്നാല്‍ ഈ അഭിപ്രായത്തില്‍ ചില തല നരച്ഛവര്‍ക്കും മാറ്റത്തെ അഗീകരിക്കാത്ത ഒരു വിഭാഗം യുവ തലമുറയ്ക്കും വിയോജിപ്പുണ്ടായിരുന്നു . അവര്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വന്നു . ചെറുത്തു നില്‍പ്പും സംഗട്ടനങ്ങളും പിന്നീടങ്ങോട്ട് അരങ്ങേറി . ആ ചെറിയ താഴ്‌വരയില്‍ വിപ്ലവ വീര്യം എരിഞ്ഞു തുടങ്ങി . ഒരു ആള്‍ ദൈവത്തിന്റെ പേരില്‍ അവിടെ ചോരപ്പുഴകള്‍ ഒഴുകി . ഒന്നും അറിയാത്തവന്‍ വരെ വാളും വടിയും തോക്കും ഏന്തി തെരുവില്‍ ഇറങ്ങി . അതൊരു ചുവന്ന താഴ്വരയായി . കച്ചവട സംഗങ്ങള്‍ ആ വഴി വരാതായി . ക്ഷ്രിയും വ്യവസായങ്ങളും നശിച്ചു . എല്ലാവരിലും ദൈവത്തിനെ സംരക്ഷിക്കാന്‍ സാത്താന്‍ കുടിയേറി . പാതികരിഞ്ഞ ശവങ്ങളുടെ ഗന്ദമായി ആ താഴ്വരക്ക് . അക്രമികള്‍ ഇതു മുതലെടുക്കാന്‍ തുടങ്ങി . പിടിച്ചു പറിക്കാരും കള്ളന്മാരും കൊലയാളികളും പെരുകി . അക്രമികള്‍ വീടുകള്‍ കയറി ആക്രമിച്ചു . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ പീടനത്തിനിരയാക്കി . അച്ഛനുമുന്നില്‍ മകളേയും ഭര്‍ത്താവിനു മുന്നില്‍ ഭാര്യയേയും ഭോഗിച്ചു അവര്‍ ആനന്തം കണ്ടു .
രാത്രിയുടെ ഏകാന്തതയില്‍ അങ്ങിങ്ങായി വെടിയൊച്ചകളും അലമുറകളും മാത്രം കേട്ടു . ഈ ചെയ്തികളില്‍ മനം നൊന്ത അയാള്‍ ഒരു ദിവസം തെരുവില്‍ ഇറങ്ങി നടന്നു പോയി . അനുകൂലികളുടെ എതിര്‍പ്പയാള്‍ വകവച്ചില്ല . ദൈവത്തിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന വിശ്വാസം ചിലരിലെങ്കിലും ഉണ്ടായിരുന്നു .
നടത്തത്തില്‍ അയാള്‍ ഒരു കാഴ്ച്ചകണ്ടു കുറേ പേര്‍ ഒരു യുവതിയുടെ വസ്ത്രം ബലാല്‍ക്കാരമായി അഴിക്കാന്‍ ശ്രമിക്കുന്നു അവള്‍ കുതറി ഓടുന്നു . അവര്‍ക്കിടയിലേക്ക് അയാള്‍ മെല്ലെ നടന്നു ചെന്നു അവള്‍ അയാള്‍ക്ക് പിന്നില്‍ അഭയം പ്രാപിച്ചു . തലപൊക്കി അയാള്‍ ആകാശത്തേക്ക് നോക്കി പെട്ടന്നു അയാളുടെ തല വികസിക്കാന്‍ തുടങ്ങി . ഇരട്ടി വലിപ്പമെത്തി അത് നിലച്ചു . അക്രമികളെ ഒരു വലിയ ശബ്ദം പിടികൂടുകയും പകലില്‍ ആ സ്ഥലത്ത് എല്ലാവരും മരിച്ചു കിടക്കുന്നതായും കണ്ടു . തനിക്കു എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്കും അറിയില്ലായിരുന്നു . എന്നാല്‍ ഇതില്‍ ഭയന്നു മറ്റു അക്രമികള്‍ താഴ്വര വിട്ടു . പതിയെ എല്ലാം പഴയ രൂപത്തില്‍ ആകാന്‍ തുടങ്ങി . തന്നിലേക്കു ചേര്‍ന്ന യുവതിയില്‍ അയാള്‍ ലയിക്കുകയും ചെയ്തു . എന്നാല്‍ തന്നെ ദൈവമായിക്കാനുന്നവരോട് എന്തുപറയണം എന്ന് മാത്രം അയാള്‍ക്ക് അറിയില്ലായിരുന്നു . എന്നാല്‍ പിന്നീടൊരിക്കലും അയാളുടെ തല പഴയ രൂപത്തില്‍ ആയില്ല . ഈ സംഭവം കൂടിയായപ്പോള്‍ വിശ്വാസികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായി . പ്രത്യേക ആരാധനാലയങ്ങളും പ്രാര്‍ത്ഥനകളും അവിടെ മുളച്ചു പൊന്തി . ഇതറിഞ്ഞു അന്യ ദേശത്തുള്ളവര്‍ താഴ്വരയിലേക്കൊഴുകി .
എന്നാല്‍ സ്ഥിധി വിശേഷം മറ്റൊന്നായിരുന്നു . ആസംഭവത്തിനു ശേഷം അയാള്‍ ആ സ്ത്രീയെ അല്ലാതെ ആരേയും കണ്ടില്ല . അവളെ കണ്ണിമവെട്ടാതെ നോക്കിഅയാള്‍ ഇരുന്നു . ചില സമയങ്ങളില്‍ അവളിലേക്ക് പ്രാഭിക്കുകയും ചെയ്തു . ചിലസമയങ്ങളില്‍ അയാള്‍ കരയുകളും ചിരിക്കുകയും ചെയ്യും പിന്നെ മൂകമായി ഒരേ ഇരിപ്പ് .
ഒരു പകലില്‍ അയാള്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി
‘നാഥാ … ഞാന്‍ ആരാണ് , എന്തിന് നീ എന്നെ ഇങ്ങോട്ടയച്ചു . എനിക്ക് നീ എന്തു കഴിവാണ് തന്നത് ? ഞാന്‍ ആര് ?’
വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു അന്നയാള്‍ സംസാരിച്ചത് . തൊട്ടടുത്ത ദിവസം ആ സ്ത്രീ ഒരു കണ്ണാടിയുമായി വന്നു അയാള്‍ക്ക് നേരെ തിരിച്ചു . സുന്തരമായ അയാളുടെ തലയ്ക്കു പകരം വലിയൊരു തല .
‘ആള്‍ദൈവം..!’ അയാള്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞു .
രണ്ടു നാള്‍ അയാള്‍ അങ്ങിനെയിരുന്നു . ദര്‍പ്പണത്തിനു മറുപുറം അവള്‍ ഇരുന്നു .മൂന്നാം നാള്‍ വലിയ തലയും ഒരു ഉടലും ആ ദര്‍പ്പണത്തില്‍ അവശേഷിച്ചു . അയാളിലെ ചൂടു നിലച്ചിരുന്നു അപ്പോള്‍ . ആള്‍ ദൈവം മരിച്ചതറിഞ്ഞു എല്ലാവരും തടിച്ചു കൂടി അവിടെ . ഇയാള്‍ ഒരു വലിയ തെറ്റായിരുന്നു എന്നും . മരിക്കുന്ന ദൈവം എങ്ങിനെ നമ്മളെ രക്ഷിക്കും എന്നും ഒരാള്‍ ചോദിച്ചു . അത്രകാലവും അയാള്‍ ആണ് ദൈവം എന്ന് വിശ്വസിച്ചിരുന്ന ഒരുവനാണ് ഇതു പറഞ്ഞത് .
‘ഇവളും നമ്മളെ ഇത്രകാലമായി വഞ്ചിക്കുകയായിരുന്നു’ തലമറച്ചു ആ ശവത്തിനു മുന്നില്‍ ഇരുന്നു പ്രാര്‍ത്തിക്കുന്ന അവളെനോക്കി ഒരാള്‍ പറഞ്ഞു .
കൂടിന്നിന്നവര്‍ എല്ലാം അവളിലേക്ക് ഓടിയടുത്തു . അപ്പോള്‍ ഒരു ഇടിമുഴക്കം കേട്ടു . വെളുത്ത തുണി ബാക്കിയാക്കി ആള്‍ ദൈവം അപ്രത്യക്ഷമായി . ആ താഴ്വരയില്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങിക്കേട്ടു . ഒരു ചോര കുഞ്ഞു . എല്ലാവരും നോക്കി നില്‍ക്കെ ആ കുഞ്ഞിന്റെ തല വലുതായി വന്നു . ആ സ്ത്രീ ആ കുഞ്ഞിനു പിറകിലേക്ക് അഭയം പ്രാഭിച്ചു . കൂട്ടത്തിലെ ഒരു വൈതികന്‍ വിളിച്ചു പറഞ്ഞു
‘ ആള്‍ ദൈവം ‘
ദര്‍പ്പണത്തിനു ഉള്ളില്‍ ഇരുന്ന ആ പ്രതിഭിംഭം അപ്പോള്‍ എണീറ്റു നടന്നു

22 Feb 2013

നമ്മള്‍


എം എന്‍ പ്രസന്നകുമാര്‍ 

ഇവിടെയീപ്പകലില്‍ ഞാനൊറ്റയല്ലെന്നു
ചിലനേരമെങ്കിലും കാറ്റു ചൊല്ലും 
ഇവിടെയീയിരവില്‍ ഞാനൊറ്റയല്ലെന്നു 
ചില നേരമെങ്കിലും ,ഈ ഗന്ധമോതും .
ആലിലത്താലിയായെന്റെ ഹൃത്തില്‍ 
മൃദുല നൊമ്പരം വിരിയിച്ച നേരം 
ഒരു നിലാക്കുളിരുപോലെന്റെയുള്ളില്‍ 
നെറുകയില്‍ പെരുവിരല്‍ തൊട്ട നേരം .
മിഴിയില്‍ നിന്നകലാതെ,ചിരിയൊട്ടുമലിയാതെ
ഇഴ പട്ടു പോകാതെ യാത്ര ചെയ്തൂ നാം 
ഈ വലം തോളിലാ മൃദുലമാം വിരല്‍ പകുത്ത 
ഇളം ചൂടിലഴലലിഞ്ഞൊന്നിച്ചു നാം .
പകലിലേകാന്ത നിമിഷങ്ങളെന്നോടു
ചകിതമാവാന്‍ കുറുമ്പൊരുക്കീടിലും 
പതിയെ നിന്‍ ശ്വാസതാളങ്ങളാല്‍,കാതില്‍ 
നിറയുന്ന സൗഖ്യമെന്‍ മിഴി വിടര്‍ത്തും 
ഈ മണല്‍ത്തരിയിലെന്‍ പദയാത്രയില്‍ 
നീറുന്ന പരിഭവച്ചിന്തു കേള്‍ക്കാം 
പുഴയോടു ചൊല്ലേണ്ട കാര്യമാവാം 
പതിയെയെന്‍ കാതില്‍ ഇവര്‍ തരുന്നൂ.
ഹൃദയരേണുക്കളാലലസമായ് നാം 
ജീവിതച്ചുവരില്‍ വരച്ചിട്ട പ്രണയ ചിത്രം 
ഏകാന്ത വേളയിലെന്നുടല്‍ ചേര്‍ന്നു
മധുരതരമെന്നിലേക്കലിയുന്ന പോല്‍ 
ഒരു നൊമ്പരം അമൃതായി വിങ്ങി വിങ്ങി
മടിയിലെ പിഞ്ചിലേക്കൊഴുകാന്‍ തിടുങ്ങുമ്പൊള്‍ 
അരികിലിക്കാതിലായമരുന്ന മധുമൊഴി,
സ്മൃതിച്ചെപ്പുമായ് മൃദുലം തലോടി നില്‍ക്കും 
ഒരുമിച്ചു തുഴയുന്ന ജീവിതത്തോണിയി -
ലിക്കണ്ണില്‍ ചിരമിളമുറ മാത്രമാവോരും 
അവരിലേക്കമരുമെന്‍ കരതലോം 
അരികില്‍ നീയായ് മരുവുന്നു പ്രിയതേ!
കൂടൊഴിഞ്ഞകലുവാന്‍ സമയമായെന്നു
കരള്‍ പകുത്തെന്നോടു ചൊല്ലാതെ ചൊല്ലി നീ
നീര്‍മണിത്തുള്ളിയില്‍ നോവു ചാലിച്ചു,
വിധിയിട്ടൊരകലത്തെ ഞാന്‍ മറച്ചൂ.
ഇനിയെത്ര ദൂരമെന്‍ യാത്രയെങ്കിലും 
നീയിഴുകി സാന്ദ്രമായൊരെന്നോര്‍മ്മയും 
നിന്റെ ഗന്ധം ചുമക്കുമിക്കാറ്റുമിക്കുളിരും 
എന്നില്‍ നീയെന്നതകലാതെ നമ്മളാകും

24 Jan 2013

അക്ഷരപ്പൂക്കള്‍


                               പവിത്രന്‍ കണ്ണപുരം 
 
അക്ഷരങ്ങളേ നിങ്ങളീ വിശ്വ          

ചക്രവാള നഭസ്സില്‍ ,         
മാനവീയ മണിമുത്തണിഞ്ഞിടും          
താര സുന്ദരികളല്ലൊ !നാദ ബ്രഹ്മമയ രൂപിയായിവ -        
ന്നാത്മഹര്‍ഷ പുളിനങ്ങളില്‍ ,         
നൃത്തമാടുമീയക്ഷരങ്ങളില്‍          
മുത്തമിട്ടു ഋതുകന്യകള്‍ !നൂപുരങ്ങ ളണിയിച്ചു ; 
രാഗവും   ചാര്‍ത്തി യെന്നുമെതിരേല്‍ക്കേ ,          
ഉണ്മതന്‍ ചലനതാളമായ്         
ചിറകുനീര്‍ത്തിടുന്ന വരസിദ്ധിയാല്‍ 
അക്ഷരാത്മികെ നിറയുകെന്നുള്ളി -         
ലെന്നുമീ ജീവ സാരമായ് !
 അന്ധകാര മയ മാനസങ്ങളെ          

തൊട്ടുണര്‍ത്തു മുഷ:ശോഭയാല്‍ 
അക്ഷരങ്ങളേ ; മാര്‍ഗ്ഗദര്‍ശനം         
നല്കിടൂ പ്രണവ മന്ത്രമായ് !

22 Dec 2012

തേടുകയായിരുന്നു


 ഉണ്ണിമായ

സ്നേഹസാഗരമേ നിന്‍
ചിലമ്പൊലികള്‍ ഞാന്‍
തേടുകയായിരുന്നു..
എങ്ങനെന്നറിയാത്തൊരു
ജന്മകല്പനയില്‍ ഞാന്‍
അലയുകയായിരുന്നു ഇത്ര നാള്‍
നിന്‍ നിഴല്‍ തേടുകയായിരുന്നു..
കനവുകള്‍ വാടാത്ത
ഇതളുകള്‍ അടരാത്ത
സ്വപ്നവീചികളില്‍
എന്തേ നീ ഒളിച്ചിരുന്നു
എന്‍ നയനങ്ങളില്‍
നീ മറഞ്ഞു നിന്നു
ഇനിയും തുറക്കാത്ത
ജാലക വാതില്‍ ഞാന്‍
നിനക്കായ്‌ തുറന്നുതരാം
സങ്കല്പവീണയില്‍
ഉതിരും ഗാനമാകാം

22 Nov 2012

മരിയ


പുതുക്കോടന്‍



ഹോട്ടലിന താഴെ ഉള്ള ഓപ്പണ്‍ കാഫെയില്‍ വന്നു ഒരു കാപ്പിയും ഓര്‍ഡര്‍ ചെയ്തു
മേശമേലുള്ള ജര്‍മന്‍ പത്രം വെറുതെ മറിച്ച് നോക്കിയിരുന്നു. സമയം എട്ടു
മണിയോടടുതെങ്കിലും വെയ്‌ലിനു തീരെ ചൂടില്ല. ‘വെന്‍ ഡിട യു സ്റ്റാര്‍ട്ട്
രീടിംഗ് ജര്‍മന്‍?’ , ചോദ്യം കേട്ട് മുഖം ഉയര്‍ത്തി നോക്കുമ്പോള്‍
മുന്നില്‍ എങ്ങോ കണ്ടു മറന്ന മുഖം. പരിസരം മറന്നു ഞാന്‍ ചാടി എഴുന്നേറ്റു, ‘
 മരിയ , നീ ഇവിടെ..?’. ‘അത് ശരി, ഹാംബര്‍ഗില്‍ വന്നിട്ട് എന്നോട് ഇത്
ചോദിക്കണം. ഇതെന്റെ നാടാണ്’, അവള്‍ പറഞ്ഞുകൊണ്ടെന്നെ ആലിംഗനം ചെയ്തു.
അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു, പതുക്കെ അവള്‍ തെങ്ങുന്നുന്‌ടെന്നു എനിക്ക്
തോന്നി. കണ്ണടച്ച് ഞാന്‍ അവളെ മുറുകെ പുണര്‍ന്നു. കണ്ണ് തുറന്നപ്പോള്‍
എനിക്കും കരച്ചില്‍ വന്നു. ഞങ്ങളുടെ നേരെ നടന്നടുക്കുന്നത് എന്റെ ഭാര്യ
സമീരയാണ്. മരിയ എന്നെ വിടുന്നില്ല, ഞാനും തേങ്ങിപ്പോയി.. പതുക്കെ പിടി
വിടുവിച്ചു ഞാന്‍ അവളെ കസേരയില്‍ ഇരുത്തി. ഇവളെങ്ങനെ ഇവിടെയെത്തി എന്ന്
അറിയണം എന്നുണ്ട്, പക്ഷെ സമീരയെങ്ങാനും ഇവിടത്തെ കാഴ്ച കണ്ടോ എന്നു ആദ്യം
അറിയണം, ഇല്ലെങ്കില്‍ ഞാന്‍ ഇവിടുണ്ടാകില്ല.
ഞാന്‍ സമീറയുടെ വരവ്
പതുക്കെ നോക്കി. അവള്‍ ഒരു സുന്ദരിയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്
വര്ഷം പതിനേഴു ആകുന്നു. അവളിന്നും ആ പതിനെട്ട്കാരി ആണ് കാഴ്ചയില്‍ .
ഞങ്ങള്‍ രണ്ടുപേരും മെഡിക്കല്‍ കോളേജില്‍ ഒന്നിച്ചു, പഠിച്ചു,
ഇഷ്ടപ്പെട്ടു, വിവാഹിതരായതാണ്. എനിക്കറിയാം, പലരും ചോദിക്കുന്നത്,
സമീരക്കെങ്ങനെ ഈ തെറ്റ് പറ്റി എന്ന്. കുശുംബാന്നു .
‘ സലാമേ..’, സമീര
 അടുതെത്തി വിളിച്ചു. എന്ടുംമ്മോ.. മരിയ എന്റെ തോളില്‍ തല ചായ്ച്ചു മൂക്ക്
പിഴിയുകയാണ്. ഞാന്‍ അവള്‍ പതുക്കെ പിടിച്ചു മാറി പറഞ്ഞു, ‘മരിയ നോക്കൂ, ഇത്
 സമീര, എന്റെ ബെറ്റര്‍ ഹാഫ്. നോ, നോ , ദി ബെസ്റ്റ് ഹാഫ്.’ ആ സുഖിപ്പിക്കല്‍
 അവള്‍ക്കു ഇഷ്ടമായതായിപ്പോലും ഭാവിച്ചില്ല. മരിയ എഴുനേറ്റു സമീറയുടെ ണ്ടു കവിളിലും ചുംബിച്ചു പറഞ്ഞു, ‘ ഓ സമീരാ, യു ലക്കി ഗേള്‍ ‘. ഇത് ഒരു  വഴിക്കും നേരെ ആവുന്ന മട്ടില്ല. മരിയ അവളെ മുറുകെ ആലിംഗനം ചെയ്തു. സമീര ഒരു ക്ലൂ തരൂ എന്ന പോലെ എന്നെ നോക്കുന്നു. ‘ കണ്ടോ, ഇതാണ് ഇവിടുതുകാരുടെ ഒരു വിധം, ആരെ കണ്ടാലും കെട്ടിപിടിക്കും. ഞാന്‍ പതുക്കെ പറഞ്ഞു.’ അത് ഏറ്റില്ല. ഒരു വിധം മരിയയെ പിടിച്ചിരുത്തി, സമീറയെ അടുത്തിരുത്തി. കണക്കു കൂട്ടി
നോക്കുമ്പോള്‍ ഏതാണ്ട് ഇരുപത്തിമൂന്ന് വര്ഷം മുന്‍പാണ് ഞങ്ങള്‍ തമ്മില്‍
കണ്ടത്. അതും കൊച്ചിയില്‍ . ഞാന്‍ അന്ന് പ്രീ ഡിഗ്രിക്ക് മഹാരാജാസില്‍
പഠിക്കുന്നു. താമസം കൊച ങ്ങാടിയില്‍.. മരിയ നാട് കാണാന്‍ വന്ന ഒരു കോളേജ്
പെണ്‍കൊടി. ആദ്യമായി ഇവളെ ഞാന്‍ കാണുന്നത് ജൂത തെരുവില്‍ വച്ചാണ്. നായര്‍
സാബിന്റെ ഒന്നാം നിലയിലുള്ള കടയില്‍ നിന്ന് മെല്ലെ മെല്ലെ അവള്‍ ഇറങ്ങി
വന്നു. നീളത്തിലുള്ള സ്വര്‍ണ മുടി വിടര്തിയിട്ടുകൊണ്ട്, പൂക്കള്‍ നിറഞ്ഞ
വെള്ള വസ്ത്രം ധരിച്ച വെള്ളക്കാരി, ഒരു കൊച്ചു സുന്ദരി.
‘ യസ് ,
നമ്മള്‍ വീണ്ടും ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും, കണ്ടു
മുട്ടിയിരിക്കുന്നു’, എന്റെ മനസ്സ് വായിച്ച പോലെ മരിയ പറഞ്ഞു. സമീര ഒന്നും
മിണ്ടാതെ എന്നെ നോക്കി. എന്നെപ്പറ്റി എല്ലാം അറിയാം എന്ന് ഇത് വരെ അവള്‍
വിചാരിച്ചിരുന്നു. മാത്രമല്ല ഞങ്ങളുടെ ഒരേ ഒരു മകളുടെ പേര് മറിയം എന്നാണു.
ഞാന്‍ പറഞ്ഞു, ‘ ലെറ്റ് അസ് ഹാവ് സം കോഫീ.’ഞാനും സമീരയും ഒരു ഫാര്‍മ
 കമ്പനിയുടെ കന്‌ഫെരന്‌സില്‍ പങ്കെടക്കാന്‍ ഹാംബര്‍ഗില്‍ എത്തിയതാണ്.
കന്‌ഫെരന്‍സ് എന്നൊക്കെ വെറുതെ പറയുന്നതാണ്. യഥാര്‍ത്ഥത്തില്‍ നാട്
ചുറ്റാന്‍ വന്നതാണ്. വന്നിട്ട് മൂന്ന് ദിവസമായി.ഞായരഴ്ച്ചയയതിനാല്‍
ഒരു സിറ്റി ടൂര്‍ പ്ലാന്‍ ചെയ്തിരിക്കുന്നു. ടൂര്‍ ബസ്സ് വരാന്‍ അര
മണിക്കൂര്‍ കൂടിയുണ്ട്. മരിയ പറഞ്ഞു, ‘ടൂര്‍ കഴിഞ്ഞു എത്തുമ്പോള്‍ ഞാന്‍
ഇവിടെയുണ്ടാകും. ഇന്നത്തെ അത്താഴം എന്റെ കൂടെ’. എന്നെ ഒന്ന് നോക്കുക പോലും
ചെയ്യാതെ സമീര അതിനോട് യോജിച്ചു.ഞാന്‍ മനസ്സില്ലാ മനസ്സോടെയാണ്
ബസ്സില്‍ കയറിയത്. ഞാന്‍ തണുത്ത കാറ്റിനെ കുറ്റം പറഞ്ഞു താഴെ തന്നെ കൂടി.
ഞാന്‍ കണ്ണടച്ച് ചാരിയിരുന്നു. സമീരയും അടുത്തിരുന്നു. കഥ പറയാതെ അവള്‍ ഇനി
 എന്നെ വെറുതെ വിടുന്ന പ്രശ്‌നമില്ല.” സലാമേ ..’, വിളി കേട്ടു
മുകളിലേക്ക് നോക്കുമ്പോള്‍, നായരാണ് , ‘ഈ കുട്ടിയെ ആ ഗ്രീനിക്‌സ് ഒന്ന്
കാട്ടി കൊട് മോനെ’. ഞാന്‍ അവളെ നോക്കി. നീല മിഴികലൂള്ള ഒരു മദാമ്മക്കുട്ടി.
 ഞാന്‍ നായരോട് മനസാ ഒരു നന്ദിയും പറഞ്ഞു തല കുലുക്കി. അവള്‍ എന്റെ നേരെ കൈ
 നീട്ടി പറഞ്ഞു, ‘ഹായ്, ഐ അം മരിയ.’ ഞാന് തിരിച്ചു ഹലോ പറഞ്ഞു.നടന്നു
 നേരെ ഗ്രീനിക്‌സ് വില്ലജില്ലേക്ക്, അവളെയും ഒപ്പം കൂട്ടി. അന്ന് ഞാന്‍
പ്രീ ഡിഗ്രിക്ക് മഹാരാജാസ് കോളേജില്‍ പഠിക്കുന്നു. ക്ലാസ്സ് കഴിഞ്ഞാല്‍
കല്വതി റോഡിലുള്ള ഗ്രീനിക്‌സ് വില്ലജില്‍ വരും. ജോസപ്പ് ചേട്ടന്റെ ടൂറിസം
വില്ലേജാണ് ഗ്രീനിക്‌സ്. വൈകുന്നേരം പത്തു മുപ്പതു സായിപ്പും മദാമ്മമാരും
അവിടെ വന്നു കഥകളി, മോഹിനിയാട്ടം , ചവിട്ടു നാടകം എന്നിവ കാണാന്‍ വരും.
കൊച്ചിയില്‍ എത്തുന്ന ഒരു വിദേശിയും ഗ്രീനിക്‌സ് കാണാതെ മടങ്ങാറില്ല.
അവിടത്തെ ആയുര്‍വേദ പിഴിച്ചിലും പ്രസിദ്ധമാണ്.<br />
ഞാന്‍ അവളെയും കൂട്ടി
ബാസാര്‍ റോഡിലൂടെ ഫോര്‍ട്ട് കൊച്ചി ലക്ഷ്യമാക്കി നടന്നു. മസാലകളുടെ മണമുള
പാണ്ടികശലകള്‍ക്ക് ഇടയിലൂടെ ഉള്ള ആ നടപ്പ് അവള്‍ക്ക് ഇഷ്ടമായത് പോലെ.
കല്വതി റോഡിലുള്ള ഗ്രീനിക്‌സ് എത്തിയ സമയം കൊണ്ട് അവള്‍ തന്നെക്കുറിച്ചും
എന്നെക്കുറിച്ചും പറഞ്ഞും അറിഞ്ഞും കഴിഞ്ഞിരുന്നു. ഒരു മാസത്തെ ഇന്ത്യ
പര്യടനത്തിനു വന്നതാണെന്നും, കൊച്ചിയെക്കുറിച്ച് ഒരു ചരിത്ര പഠനം
നടത്ത്തനാനെന്നും ഞാന്‍ അറിഞ്ഞു. ഞാന്‍ ഗ്രീനിക്‌സ് വില്ലേജില്‍ കേരള
ചരിത്രം അവതരിപ്പിക്കുന്നുന്‌ടെന്നു പറഞ്ഞപ്പോള്‍ അവള്‍ക്കെന്നോട് ബഹുമാനം
ഉണ്ടായ പോലെ. എന്റെ കേരള ചരിത്ര പരിപാടിയോടെയാണ് മിക്ക ദിവസവും ഗ്രീനിക്‌സ്
 വില്ലേജിലെ വൈകുന്നേരങ്ങള്‍ തുടങ്ങുന്നത്.അന്നു തൊട്ടു എല്ലാ
ദിവസവും ഞങ്ങള്‍ കണ്ടു തുടങ്ങി, വൈകുന്നേരങ്ങളില്‍ . കമാല കടവിലൂടെ
കൊച്ചിയുടെ കഥ പറഞ്ഞു നടക്കും. ചീന വലയുടെയും വാസ്‌കോ പള്ളിയുടെയും ചരിത്രം
 സംസാരിച്ചു ഫോര്‍ട്ട് കൊച്ചി തെരുവുകളിലൂടെ, വന്മരങ്ങളുടെ അരികിലൂടെ,
ഗ്രീനിക്‌സ് വില്ലെജില്‍ എത്തും.അവസാന വരിയില്‍ ഇരുന്നു കഥകളിയും,
മോഹിനിയാട്ടവും മറ്റും കാണുന്നു. അത് കഴിഞ്ഞു അവിടത്തെ ദോശാസ് കടയില്‍
നിന്ന് ഭക്ഷണം. അവിടുത്തെ ഭക്ഷണം കേമമാണ്. .. പതുക്കെ ഞങ്ങളിടെ ഇരുപ്പിനും
നടപ്പിനും ഒരു അടുപ്പം വന്ന പോലെ. ഗ്രീനിക്‌സ് വില്ലേജിലെ മ്യുരലുകള്‍
നിറഞ്ഞ ഇടനാഴികളിലൂടെ പച്ചമരുന്നകളുടെ ഗന്ധവും , സാംസ്‌കാരിക കേന്ദ്രത്തിലെ
 വിളക്ക്കളുടെ ഇടയിലൂടെ എണ്ണയുടെയും മനം നിറക്കുന്ന മണവും ആസ്വദിചു കൈ
പിടിച്ചേ നടക്കൂ, ഒട്ടിയിരുന്നെ സംസാരിക്കൂ. എന്തിനു പറയുന്നു, കോളേജിലെ
ആശയും മഞ്ജുവും, ഞാന്‍ എന്തെ ഇപ്പോള്‍ പണ്ടത്തെ പോലെ അവരെ ചുറ്റിപ്പറ്റി
നടക്കാത്തു എന്ന് പരിഭവിച്ചു എന്ന് വരെ ഞാനറിഞ്ഞു. അതെ, അതെ.. എത്ര
ചുറ്റിയിട്ടും പറ്റിയിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത വര്ഘം. അങ്ങനെ
തന്നെ വേണം.. ഞാന്‍ എല്ലാം കൊണ്ടും സന്തോഷിച്ചു.അങ്ങനെ രണ്ടാഴ്ച
കഴിഞ്ഞ ഒരു വൈകുന്നേരം ഫോര്‍ട്ട്‌കൊച്ചി ജെട്ടിയില്‍ വച്ച് യാത്ര പറഞ്ഞു
പിരിയാനായി ഞങ്ങള്‍ ആലിംഗനം ചെയ്യവെ, ഞങ്ങളുടെ അടുത്ത് ഒരു ജീപ്പ് വന്നു
നില്‍ക്കുകയും, ‘സലാമേ, ഹരാമീ..’ എന്ന അലറ്‌ലോടെ എന്നെ എന്റെ വാപ്പ
ചാടിയിറങ്ങി ഒരു ചവിട്ടു വച്ച് തന്നു. വീണിതല്ലോ കിടക്കുന്നു… ‘മരിയാ ,
റണ്‍…. …’…. ‘ എന്ന് പറഞ്ഞതും വാപ്പ കൈയിലുള്ള ടോര്‍ച് ഓങ്ങി. ഉരുണ്ടു
മാറിയത് കൊണ്ട് എന്റെ തോള്‍ തോണ്ടി അത് കടന്നു പോയി, എന്റെ ബോധവും പോയി.പിന്നെ ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ വയനാടിലുള്ള മാമയുടെ വീട്ടിലാണ്. എന്നെ അവിടെ
തടങ്ങിലാക്കി. ഒരു വര്ഷം കഴിഞ്ഞു ഞാന്‍ പിന്നീട് കൊച്ചി കാണുവാന്‍……കൊച്ചാപ്പയുടെ
 കൂടെ ബാങ്കില്‍ ജോലി ചെയ്യുന്ന അധുക്ക പറ്റിച്ച പണിയാണ്. ഞാനും മറിയയും
ഗ്രീനിക്‌സ് വില്ലേജില്‍ വരുന്നതും പോകുന്നതും അങ്ങേര്‍ രണ്ടു തവണ കണ്ടു.ഞാന്‍ തിരിച്ചു എത്തിയപ്പോഴേക്കും മരിയ പോയി എന്നറിഞ്ഞു. എന്റെ തോളിലുള്ള കല
ഇപ്പോഴും ഉണ്ട്. അതു വെടിക്കലയാനെന്നു ഞാന്‍ വെറുതെ വെടിപൊട്ടിച്ചതാണ്.
മരിയയെക്കുറിച്ച് ഒരു വിവരവും പിന്നീട് എനിക്ക് കിട്ടിയില്ല, ഇന്ന്
കാണുന്നത് വരെ. അവളെ മിസ്സ് ചെയ്തില്ലേ എന്ന് ചോദിച്ചാല്‍, മിസ്സ് ചെയ്തു,
ഒരു പാട് . പക്ഷെ..അന്ന് രാത്രി മരീയയുടെ വീട്ടില്‍ പോയി
വന്നപ്പോള്‍ സമീര പരിഭവിച്ചു, ‘എന്നാലും എന്നെ ഇത് വരെ അവിടെ
കൊണ്ടുപോയില്ലല്ലോ..എന്നെ എപ്പോള്‍ ഗ്രീനിക്‌സ് വില്ലെജില്‍ കൊണ്ട് പോകും?’
 ‘കൊണ്ട് പോകാം, എത്രയും പെട്ടന്ന്’, ഞാന്‍ പറഞ്ഞു. മനസ്സമാധാനം അതല്ലേ
എല്ലാം..

23 Oct 2012

ഗാന്ധിജി : സ്വയം പര്യാപ്തമായ ജീവിത സന്ദേശം


എ.പി.അനിൽകുമാർ
പട്ടികജാതി-പിന്നോക്ക സമുദായ ക്ഷേമ ടൂറിസം മന്ത്രി


വീണ്ടും ഒരു ഗാന്ധി ജയന്തി കൂടി...
ഒക്ടോബർ രണ്ടിനു ജനിക്കുകയും ജനുവരി 30-ന്‌ മരിക്കുകയും ചെയ്യേണ്ട ഓരോർമ്മയാണോ ഗാന്ധിജി?
    ജീവിതത്തെ ഒരു സത്യാന്വേഷണ പരീക്ഷണമായിക്കണ്ട മോഹൻദാസ്‌ കരംചണ്ട്‌ ഗാന്ധി കണ്ടെത്തിയവകളെല്ലാം കാലഹരണപ്പെട്ടു എന്ന്‌ വാദിക്കുന്നവരുണ്ടാകാം. പക്ഷെ, അപ്പോഴും ഒന്നോർക്കണം, ആ ജീവിതം ഒരു പരീക്ഷണമായിരുന്നു അഥവാ ഒരന്വേഷണമായിരുന്നു. താൻ കണ്ടെത്തിയ സത്യങ്ങളല്ല അദ്ദേഹം നമ്മുടെ മുന്നിൽ അവതരിപ്പിച്ചതു. അവതരിപ്പിക്കാനുണ്ടായിരുന്നത്‌ ഒരേ ഒരു വിഷയം മാത്രം -സ്വന്തം ജീവിതം- അതാകട്ടെ, നിലക്കാത്ത അന്വേഷണവും' എന്റെ ജീവിതം തന്നെയാണ്‌ എന്റെ സന്ദേശം' എന്നു പറയാനുള്ള ധീരത എത്ര ലോക നേതാക്കന്മാർക്കുണ്ടാകും. ഗാന്ധിജിയുടെ ഈ ധീരത കറകളഞ്ഞ ആത്മാർത്ഥതയുടെ; വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുടെ സർവ്വോപരി നിർവ്യാജമായ മനുഷ്യത്വത്തിന്റെ പ്രകടനമായിരുന്നു.
    ഒരു വിഷയത്തെപ്പറ്റിത്തന്നെ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ ഗാന്ധിജിയിൽ നിന്നുണ്ടായിട്ടുണ്ട്‌. ഇതേപ്പറ്റി ചോദിച്ച അനുയായിക്ക്‌ അദ്ദേഹം നൽകിയ മറുപടി "ഞാൻ അവസാനമായി പറഞ്ഞ അഭിപ്രായമാണ്‌ കൂടുതൽ ആധികാരികം" എന്നായിരുന്നു.
    ഈ വാദം അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക്‌ സ്ഥായീഭാവമില്ലെന്നു വാദിക്കാൻ പര്യാപ്തമാണ്‌. പക്ഷെ, അവിടെയും ഒന്ന്‌ അംഗീകരിച്ചേ മതിയാകൂ. ഒരു വിഷയത്തിന്മേൽ ഒരു നിഗമനത്തിൽ അഥവാ ഒരു കണ്ടെത്തലിൽ എത്തിക്കഴിഞ്ഞാൽ അവിടെ അന്വേഷണം മതിയാക്കുന്ന സ്വഭാവമായിരുന്നില്ല ഗാന്ധിജിയുടേത്‌. അന്വേഷണങ്ങളും പരീക്ഷണങ്ങളും പഠനങ്ങളും അദ്ദേഹം തുടർന്നു കൊണ്ടേ ഇരുന്നു. ശിശുവിൽ നിന്നുപോലും അറിവാർജ്ജിക്കാനുള്ള മനസ്സ്‌ അതായിരുന്നിരിക്കണം അദ്ദേഹത്തെ ഇന്ത്യൻ ജനത ഹൃദയം കൊണ്ട്‌ 'മഹാത്മാ' എന്നു വിളിച്ചതിന്‌ കാരണം.
നല്ലൊരു  സാമൂഹ്യ ക്രമത്തിനു വേണ്ടി പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജീവിതമായിരുന്നു ഗാന്ധിജിയുടേത്‌. ഒരു കൈകൊണ്ട്‌ വിദേശാധിപത്യത്തിനെതിരായ സഹന സമരത്തിനു നേതൃത്വം നൽകുന്നതിനൊപ്പം തന്നെ മറുകൈകൊണ്ട്‌, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങൾ ജാതി-മത-ഭാഷാ വൈരുദ്ധ്യങ്ങൾക്കപ്പുറം എല്ലാവർക്കും അനുഭവവേദ്യമാക്കുന്നതിനും അദ്ദേഹം യത്നിച്ചു.
    'ഗാന്ധിനിന്ദ' ഇന്ത്യൻ സാമൂഹികാന്തരീക്ഷത്തിൽ വാർത്താ പ്രാധാന്യം നേടാനാകുന്ന കുറുക്കുവഴിയായിക്കണ്ട്‌ തന്ത്രപൂർവ്വം പ്രയോഗിക്കുന്നവർ നമുക്കിടയിലുണ്ട്‌. അവർക്കു വേണ്ടുന്ന നിറക്കൂട്ടുകളിൽ അവതരിപ്പിക്കാനും ഗാന്ധിസ്വത്വം പാകമാണ്‌. ഇന്ത്യൻ സമൂഹം ഒറ്റ ഗാത്രമായി നിലകൊള്ളാനുള്ള ആഗ്രഹം അതിന്റെ പാരപ്യത്തിൽ മനസ്സിലേറ്റിയ വ്യക്തിയായിരുന്നു ഗാന്ധിജി. മഹാനായ നമ്മുടെ ഭരണാഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ ചില നിലപാടുകളോട്‌ അഭിപ്രായൈക്യത്തിലെത്താൻ ഗാന്ധിജിക്ക്‌ കഴിയാതെ വന്നത്‌ മേൽപറഞ്ഞ 'അമിതാഭിനിവേശം'ത്തിന്റെ പ്രതിഫലനമായിരുന്നു. പക്ഷെ, അംബേദ്കറുടെ ജീവിത സാഹചര്യമോ അനുഭവങ്ങളോ അല്ല ഗാന്ധിജി അഭിമുഖീകരിച്ചതു. ദക്ഷിണാഫ്രിക്കയിൽ തീവണ്ടിയാത്രയ്ക്കിടയിൽ ഗാന്ധിജിക്ക്‌ വെള്ളക്കാരനിൽ നിന്നുണ്ടായ അനുഭവത്തെക്കാൾ എത്രയോ തീവ്രവും ക്രൂരവുമായ വർണ്ണ വിവേചനമാണ്‌ അംബേദ്കർ സ്വജീവിതം കൊണ്ട്‌  അനുഭവിച്ചതു. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടു തന്നെയാവണം തിരഞ്ഞെടുപ്പിലെ സംവരണ നിലപാടിൽ ഗാന്ധിജി പിന്നീട്‌ വിട്ടുവീഴ്ചയ്ക്ക്‌ തയാറായത്‌. ഗാന്ധിജിയിൽ നിന്നുണ്ടായ എതിർവാദങ്ങളെ ഉയർത്തിക്കാട്ടി അദ്ദേഹത്തെ ഇരുളിൽ നിർത്താൻ ശ്രമിക്കുമ്പോൾ ഈ മനംമാറ്റം സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ഇന്ത്യൻ പൗരന്‌ ഒരു നീതിയും തുല്യ അവസരവും വിഭാവനം ചെയ്ത മഹാത്മാവിന്‌ സമൂഹത്തെ ഭിന്നിപ്പിക്കുന്ന നേർത്തൊരതിർവരമ്പുപോലും വേദനിപ്പിച്ചിരുന്നു. നൂറ്റാണ്ടുകളായി തങ്ങളുടെതല്ലാത്ത കാരണങ്ങളാൽ അധഃസ്ഥിതരായി മുദ്രകുത്തി അവസരങ്ങൾ നിഷേധിക്കപ്പെട്ട സമൂഹത്തിന്‌ പ്രത്യേക പരിഗണന ആവശ്യമാണെന്ന യാഥാർത്ഥ്യം പിൽക്കാലത്ത്‌ തുറന്ന മനസ്സോടെ അദ്ദേഹം അംഗീകരിക്കുകയായിരുന്നു.
    എത്ര തന്നെ കടുത്ത വർണ്ണങ്ങളിൽ ഗാന്ധിജിയെ വരച്ചു കാട്ടിയാലും സൂര്യതേജസ്സുപോലെ തിളങ്ങി നിൽക്കുന്ന നന്മകളെ കണ്ടില്ലെന്നു നടിക്കാനാവില്ല. അദ്ദേഹം രൂപപ്പെടുത്തിയ സാമൂഹിക ക്രമങ്ങൾ, ഗ്ലോബൽ വില്ലേജ്‌ എന്ന സങ്കൽപത്തിലേക്കു ചുരുങ്ങിയ വർത്തമാനകാല വ്യവസ്ഥിതിയിൽ വിലയിരുത്തുമ്പോൾ കാലഹരണപ്പെട്ടുവേന്ന്‌ വാദിച്ചേക്കാം. എങ്കിലും അദ്ദേഹം ഉയർത്തിപ്പിടിച്ച സാർവ്വകാലികവും സാർവ്വലൗകികവുമായ ജീവിത മൂല്യങ്ങളെ തള്ളിക്കളയാൻ ആർക്കും സാധ്യമല്ല. അടിസ്ഥാന മാനുഷിക ചോദനകളിൽ നിന്ന്‌ ഉരുത്തിരിഞ്ഞവയാണ്‌ അവ എന്നതു തന്നെ കാരണം.
    സാമൂഹ്യ പ്രവർത്തകർ തുടങ്ങി സാമാന്യ ജനങ്ങൾ വരെ അനുവർത്തിക്കേണ്ടതാണ്‌ ചില ജീവിത മൂല്യങ്ങൾ അദ്ദേഹം സ്വജീവിതം കൊണ്ട്‌ അവതരിപ്പിക്കുന്നുണ്ട്‌. ആദർശ രഹിതമായ രാഷ്ട്രീയം, അദ്ധ്വാനമില്ലാത്ത സമ്പാദ്യം, മനഃസാക്ഷിയില്ലാത്ത സുഖലോലുപത, സ്വഭാവ രൂപീകരണത്തിന്‌ സഹായിക്കാത്ത വിദ്യാഭ്യാസം, ധാർമ്മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വരഹിതമായ ശാസ്ത്രം, ത്യാഗ               ശൂന്യമായ ആരാധന എന്നിങ്ങനെ മനുഷ്യൻ വർജ്ജിക്കേണ്ട സപ്തദോഷങ്ങൾ ഗാന്ധിജി ജീവിതാനുഭവങ്ങളിലൂടെ വെളിവാക്കുന്നു. ആദർശ നിഷ്ഠമായ ഒരു സാമൂഹിക ക്രമം രൂപപ്പെടുത്താനുള്ള ഈ കണ്ടെത്തൽ ഏക്കാളവും എവിടെയും പ്രസക്തമാണ്‌. വിരാമചിഹ്നമിടാത്ത അന്വേഷണമാണ്‌ ജീവിതം എന്ന ദർശനം ലളിതമെങ്കിലും സുദീർഘമായ വ്യാഖ്യാനങ്ങൾ ആവശ്യപ്പെടുന്നതാണ്‌. ഒരു പക്ഷെ എന്നെ ഏറ്റവും ആകർഷിച്ചതും അന്വേഷണത്തിനു വേണ്ടിയുള്ള ഈ ആഹ്വാനമാണ്‌.
    ഈ കളങ്കിത സമൂഹത്തിൽ ഞാൻ മാത്രം നന്നായതുകൊണ്ട്‌ എന്തുകാര്യം എന്നു ചിന്തിക്കുന്നവരാണ്‌ ഇന്ന്‌ സമൂഹത്തിലേറയും. ഇത്‌ സമൂഹത്തിനൊപ്പം തുഴയാനാഗ്രഹിക്കുന്നവന്റെ ന്യായവാദമായേ കാണാനാകൂ. ഞാൻ നന്നായാൽ അത്രയും നന്നായി എന്നു ചിന്തിക്കാൻ കഴിയുമ്പോഴാണ്‌ ഗാന്ധിജി ഒരു പ്രചോദനമായി നമ്മിൽ കുടികൊള്ളുക.
    രാഷ്ട്രത്തിന്റെ വികസനത്തെപ്പറ്റി ഗാന്ധിജിക്ക്‌ തനതായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. സ്വാശ്രയ ഗ്രാമങ്ങളായിരുന്നു അതിന്റെ ആണിക്കല്ലുകൾ. ഗാന്ധിജിയുടെ മഹത്തായ ആ സിദ്ധാന്തം പൂർണ്ണമായി കൈവരിക്കാനായില്ലെങ്കിൽ പോലും സംസ്ഥാനത്തെ പട്ടികജാതി വികസന പ്രക്രിയയിൽ മഹത്തായ ഒരു പദ്ധതിയായി ഈ സർക്കാർ സ്വയം പര്യാപ്ത ഗ്രാമം എന്ന ആശയത്തെ ദത്തെടുക്കുകയാണ്‌.
    50 പട്ടികജാതി കുടുംബങ്ങളെങ്കിലും അധിവസിക്കുന്ന സങ്കേതങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ്‌ പട്ടികജാതി വകുപ്പ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 സങ്കേതങ്ങളാണ്‌ ഓരോ കോടി രൂപ ചെലവഴിച്ച്‌ ഈ നിലയിൽ വികസിപ്പിക്കുക. വീടുകളുടെ അറ്റകുറ്റപ്പണി, ഗതാഗതസൗകര്യം, ശുചിത്വ സംവിധാനം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യ പരിരക്ഷ, സ്ത്രീകളുടെ സ്വയംസഹായ ഗ്രൂപ്പുകൾ രൂപപ്പെടുത്തിയുള്ള സ്വയം തൊഴിൽ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നതാണ്‌, സ്വയം പര്യാപ്ത ഗ്രാമങ്ങൾ. ഘട്ടം ഘട്ടമായി എല്ലാ പട്ടികജാതി സങ്കേതങ്ങളും ഈ പദ്ധതിയിലുൾപ്പെടുത്തി വികസനം യാഥാർത്ഥ്യമാക്കുകയാണ്‌ ലക്ഷ്യം.
    പതിവുപോലെ ഈ വർഷവും ഗാന്ധി ജയന്തി മുതലുള്ള 15 ദിവസം ഐക്യദാർഢ്യപക്ഷാചരണമായി വകുപ്പ്‌ ആഘോഷിക്കുകയാണ്‌. ഈ വർഷത്തെ വാരാചരണ വിഷയം തന്നെ 'സ്വയം പര്യാപ്ത ഗ്രാമങ്ങൾ സാമൂഹ്യ പുരോഗതിക്ക്‌' എന്നതാണ്‌. ഗാന്ധിസ്മരണകളെ അർത്ഥവത്താക്കാൻ ഇത്‌ സഹായകമാകുമെന്ന്‌ വിശ്വസിക്കുന്നു.
    സാമൂഹ്യ ഐക്യദാർഢ്യം, പിന്നോക്കംപെട്ടുപോയ സമൂഹത്തിന്റെ ഒരപേക്ഷയാകരുതെന്നും, മുഖ്യധാരാസമൂഹം, പിന്നോക്കംപെട്ടുപോയവരോട്‌ ചൊല്ലുന്ന ഒരു സ്വാഗതവാക്യമാകണമെന്നും എനിക്കാഗ്രഹമുണ്ട്‌. അല്ലാത്തപക്ഷം ഈ ആചരണം കേവലം ഒരു വഴിപാടായി മാത്രം തുടരുകയേയുള്ളുവേന്ന്‌ സാന്ദർഭികമായി സൂചിപ്പിച്ചുകൊള്ളട്ടെ.
    ഗാന്ധിജയന്തി, നമ്മിലോരോരുത്തരിലും ഗാന്ധിദർശനങ്ങളുടെ ജയന്തികൂടിയായി മാറേണ്ടിയിരിക്കുന്നു. ഓർമ്മിക്കുകയും മറക്കുകയും ചെയ്യേണ്ടവയല്ലെന്നും ജീവിതത്തിന്റെ വഴിവിളക്കായി നമ്മുടെ കണ്ണുകളിൽ പ്രകാശിക്കേണ്ട ദീപമാണിതെന്നും മനസ്സിലാക്കേണ്ടതുണ്ട്‌. ഈ സന്ദർഭത്തിൽ രാഷ്ട്രപിതാവിന്റെ ദീപ്തമായ സ്മരണയ്ക്കു മുന്നിൽ, സ്വയംപര്യാപ്ത ഗ്രാമപദ്ധതി ആദരപൂർവ്വം സമർപ്പിക്കട്ടെ.

19 Sept 2012

ഒരു മലവെള്ളപ്പാച്ചിലില്‍

vettathan

കാട് കാണാനുള്ള മോഹത്തില്‍ പോയതാണ്. പതിവ് പോലെ സര്‍വ്വയര്‍മാരാണ് പ്രചോദനം. ഉടുമ്പന്നൂര്‍ കഴിഞ്ഞു ചീനിക്കുഴി. വീണ്ടും അഞ്ചാറ് കിലോമീറ്റര്‍ നടന്നാല്‍ സ്ഥലത്തെത്താം. അവിടെ ഗിരിവര്‍ഗ്ഗക്കാരനായ ബാലകൃഷ്ണനുണ്ട്. അയാളുടെ വീട്ടില്‍ താമസിക്കാം. പിറ്റെന്നു അയാളോടൊപ്പം മലകള്‍ കയറി ഇടുക്കിയിലെത്താം.എല്ലാക്കാര്യങ്ങളും സര്‍വ്വേയര്‍ ജനാര്‍ദ്ദനന്‍ പിള്ളയും കൂട്ടുകാരും പറഞ്ഞുറപ്പിച്ചിട്ടുണ്ട്. അധ്യാപക സമരം കൊണ്ട് കോളേജ് അടച്ചിരിക്കയാണ്. ഞങ്ങള്‍ (ജോസഫ്, ജോര്‍ജ് വര്‍ക്കി പിന്നെ ഞാനും ) പുറപ്പെട്ടു.നാലുമണിയോടെ ബാലകൃഷ്ണന്റെ വീട്ടിലെത്തി. ബാലകൃഷ്ണന്‍ സമ്പന്നനാണു. ധാരാളം ഭൂസ്വൊത്ത്. എറണാകുളത്തു ഉന്നത ഉദ്യോഗങ്ങളിലിരിക്കുന്ന ജ്യേഷ്ഠന്‍മാരുടെ കൃഷികള്‍ നോക്കി നടത്തുന്നതും ബാലകൃഷ്ണനാണ്. വൈക്കോല്‍ മേഞ്ഞതെങ്കിലും വലിയ നാലുകെട്ടാണ്പുര. എന്തിന്, ഭാര്യമാര്‍ തന്നെ രണ്ടെണ്ണം. പ്രായം ഒരു മുപ്പത്തഞ്ചിലധികമില്ല. രസികനായ ബാലകൃഷ്ണന്‍ ഞങ്ങളെ സഹര്‍ഷം സ്വീകരിച്ചു.
രാത്രി നല്ല ചൂടുള്ള ഗ്രാമീണ ഭക്ഷണവും കഴിച്ചു ഞങ്ങള്‍ കിടന്നു. ചീവീടുകളുടെ സുഖ സംഗീതം ആസ്വദിച്ച്, പറമ്പിന്റെ അതിരിലൂടെ ഒഴുകുന്ന കാട്ടാറിന്റെ കളകളാരവം കേട്ടു എപ്പോഴാണ് ഉറങ്ങിയതെന്ന് ഓര്‍മ്മയില്ല. വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. മുന്നില്‍ ആവി പറക്കുന്ന കട്ടന്‍ കാപ്പിയുമായി ബാലകൃഷ്ണന്റെ ഭാര്യ ദേവകി. അപ്പോഴേക്കും കുളിച്ചു ഷേവ് ചെയ്തു കുട്ടപ്പനായി ബാലകൃഷ്ണനും എത്തി. ഒരു മണിക്കൂര്‍ കൊണ്ട് റെഡിയായി ,നല്ല ചൂട് കഞ്ഞിയും പുഴുക്കും കഴിച്ചു ഞങ്ങള്‍ യാത്രയായി. മുന്നില്‍, ഒരു നാടന്‍ തോക്ക് ഇടതു തോളില്‍ ചാരി, ബാലകൃഷ്ണന്‍. കഴിക്കാനുള്ള ഭക്ഷണപ്പൊതികളുമായി, ഞങ്ങള്‍ പുറകെ. വെള്ളം ഒരു പ്രശ്‌നമല്ല എന്ന ബാലകൃഷ്ണന്റെ ഉറപ്പില്‍, കുടിവെള്ളം എടുത്തിട്ടില്ല. അല്ലെങ്കിലും കുപ്പി വെള്ള സംസ്‌കാരം നാട്ടില്‍ തുടങ്ങിയിട്ടില്ല.
ആദ്യമാദ്യം പുഴയുടെ തീരത്ത് കൂടിയായിരുന്നു യാത്ര. സാധാരണ പട്ടണവാസി കണ്ടിട്ടുള്ള തരം പുഴയല്ല. പുഴയൊഴുകുന്ന ഭാഗം മുഴുവന്‍ കല്ലുകളാണ്.ചെറിയ ഉരുളന്‍ കല്ലുകള്‍ തൊട്ട് വലിയ വലിയ കല്ലുകള്‍ വരെ നിരന്നിരിക്കുന്ന പാതയിലൂടെ കലപില ശബ്ദമുണ്ടാക്കി കാട്ടാറൊഴുകുന്നു. നല്ല തെളിനീര്. കൈക്കുമ്പിളില്‍ കോരി മുഖത്തൊഴിക്കുമ്പോള്‍ സുഖകരമായ ഒരു കുളിര്. പുഴയുടെ മറുഭാഗം കാടാണ്. ഈറ്റക്കൂട്ടങ്ങളും ചെറുമരങ്ങളും ഇടയ്ക്കു വന്മരങ്ങളുമായി ശാന്ത ഗംഭീരമായ പ്രകൃതി. പാദസരം പോലെ ചെറുമണി കിലുക്കി കാട്ടാര്‍ . ചീവീടുകളുടെ നേര്‍ത്ത സംഗീതത്തിനിടക്ക് വേഴാമ്പലിന്റെ ഘനഗംഭീര ശബ്ദം. കാര്യമായൊന്നും സംസാരിക്കാതെ,പൂര്‍ണ്ണമായും പ്രകൃതിയില്‍ ലയിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. പതുക്കെ പുഴ കടന്നു കാട്ടു വഴികളിലൂടെ മുന്നോട്ട് നീങ്ങി. കുറെ പോയപ്പോള്‍ ആ കാട്ടില്‍ ഒരു പുര. ഏതോ കയ്യേറ്റക്കാരനാണ്.മൂന്നാല് ഏക്കര്‍ സ്ഥലത്തു തെരുവ (ഇഞ്ചിപ്പുല്ല്) നട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പെങ്കുട്ടികളും ഒരു സഹായിയുമായി ആ കാട്ടില്‍ കഴിയുകയാണ്. അവര്‍ ഞങ്ങള്‍ക്ക് കട്ടന്‍ ചായ ഇട്ടു തന്നു. പത്തുമിനുറ്റ് നേരത്തെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.
നിബിഡ വനം കഴിഞ്ഞു മൊട്ടക്കുന്നുകളാണ്.മലഞ്ചെരിവില്‍ ചെറു വനങ്ങളുമുണ്ട്. നല്ല വെയില്‍. അല്‍പ്പം വെള്ളം കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്. ആടിനെ പ്ലാവില കാണിച്ചു കൊണ്ടുപോകുന്നത് പോലെ വെള്ളം അവിടെയുണ്ട് ,ആ ചെരിവിലുണ്ട് തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി ബാലകൃഷ്ണന്‍ ഞങ്ങളെയും കൊണ്ട് നീങ്ങുകയാണ്. അവസാനം വെള്ളമുള്ള സ്ഥലത്തെത്തി. കൈകൊണ്ടു കോരിയെടുക്കാന്‍ മാത്രം വെള്ളമില്ല. ചളി കൊണ്ട് ഞങ്ങളൊരു വരമ്പുണ്ടാക്കി.ഒരു തടയണ. കൈക്കുടന്നയില്‍ കൊരി കുടിക്കാന്‍ നോക്കുമ്പോള്‍ കൈ നിറയെ അട്ടകള്‍ (തോട്ടപ്പുഴു ) . അയ്യേ എന്നു വിളിച്ച് കൈ വിടര്‍ത്തിയെങ്കിലും കയ്യിലും കാലിലും നിറയെ അട്ടകളായി. കൂടെ കരുതിയ പുകയിലകൊണ്ടും ചുണ്ണാമ്പു കൊണ്ടും അട്ടകളെ ദേഹത്ത് നിന്നും ഇറക്കി. പക്ഷേ വെള്ളം എങ്ങിനെ കുടിക്കും? ബാലകൃഷ്ണന്‍ ഒരു ഈറ്റ (ഓട) കുഴല്‍ ഉണ്ടാക്കി അതിലൂടെ വെള്ളം ഒഴുക്കി.ആ വെള്ളം കൈക്കുടന്നയില്‍ പിടിച്ച് ഞങ്ങള്‍ സ്വാദോടെ കുടിച്ചു. കാരണം ഒരു മണിക്കൂറെങ്കിലും നടന്നാലെ അടുത്ത വെള്ളമുള്ള സ്ഥലത്തു എത്തൂ.
ഉച്ചയോടെ ഞങ്ങള്‍ ഒരു മല കയറി മറിഞ്ഞു. വീണ്ടും നിബിഡ വനം. മലയുടെ മറുവശത്തേക്ക് ഒഴുകുന്ന തെളിനീരരുവി. അവിടെ ഒരു പാറപ്പുറത്തിരുന്നു ഞങ്ങള്‍ ആഹാരം കഴിച്ചു.ഞങ്ങള്‍ക്ക് അല്‍പ്പം വിശ്രമിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ ബാലകൃഷ്ണന്‍ സമ്മതിച്ചില്ല. ഇരുന്നാല്‍, മല കയറി ഇരുട്ടുന്നതിന് മുമ്പു തിരിച്ചെത്താന്‍ കഴിയില്ല. രാത്രി ആനയും മറ്റ് ഹിംസ്ര ജന്തുക്കളുമുള്ള കാട്ടില്‍ പെട്ട് പോകുന്നത് അത്ര സുഖകരമല്ല. കുത്തി നടക്കാന്‍ മൂന്നു പേര്‍ക്കും ഓരോ വടി വെട്ടിത്തന്നു ഞങ്ങളുടെ ആതിഥേയന്‍. മൂന്നു മണിയോടെ ഞങ്ങള്‍ മലയുടെ മുകളിലെത്തി. ആളെ വിറപ്പിക്കുന്ന തണുത്ത കാറ്റ് അടിക്കുന്നുണ്ട്. മൊട്ടക്കുന്നുകളും, ചെരിവില്‍ വനങ്ങളുമായുള്ള ആ കാഴ്ചകണ്ട് കുറച്ചുനേരം നില്‍ക്കണമെന്നുണ്ടായിരുന്നു. അതിനാണ് വന്നതും. പക്ഷേ കൂടുതല്‍ നിന്നാല്‍ വനത്തില്‍ പെട്ടുപോകുമെന്ന അറിയിപ്പില്‍ ഞങ്ങള്‍ മല ഇറങ്ങാന്‍ തുടങ്ങി. കയറ്റം പോലെ തന്നെ ദുഷ്‌കരമാണ് ഇറക്കവും.ഞങ്ങളുടെ ദീര്‍ഘ ശ്വാസങ്ങളും ഞരക്കങ്ങളും ബാലകൃഷ്ണന്‍ പരിഗണിച്ചില്ല. ഇടയ്ക്കു ഒരു മരത്തിന്റെ ചോട്ടില്‍ നിറഞ്ഞുനിന്നിരുന്ന ചെമന്ന കായ്ക്കുലകള്‍ പറിച്ചു തന്നു.പുളിയുള്ള ഒരു കായ (മൂട്ടിപ്പുളി). അതും തിന്നുകൊണ്ടു ഞങ്ങള്‍ ഇറക്കം തുടര്‍ന്നു. സമയം അഞ്ചുമണി കഴിഞ്ഞു. കാടുകളുടെ ഭാവം മാറിതുടങ്ങി. ചീവീടുകളുടെ സംഗീതം ഉച്ചത്തിലായി.കൂടണയാന്‍ പോകുന്ന പക്ഷികളുടെയും ജന്തുക്കളുടെയും ശബ്ദം അന്തരീക്ഷത്തില്‍ അലയടിച്ചു. പെട്ടെന്നു ബാലകൃഷ്ണന്‍ നിന്നു.ഞങ്ങളോടു അവിടെത്തന്നെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു അയാള്‍ ചരിവിലേക്ക് നീങ്ങി. അഞ്ചു മിനുട്ടിനുള്ളില്‍ ഒരു വെടിശബ്ദം കേട്ടു. ഞങ്ങള്‍ ആകാക്ഷയോടെ നോക്കുമ്പോള്‍ മുഖം നിറയെ ചിരിയുമായി ബാലകൃഷ്ണന്‍. കയ്യില്‍ ഒരു മലയണ്ണാന്‍. വര്‍ണത്തിളക്കമുള്ള, നീണ്ട വാലുള്ള ഒരു സുന്ദരജീവിയാണ് മലയണ്ണാന്‍. രണ്ടുകിലോ തൂക്കം വരുന്ന അവനെ കണ്ടാല്‍ കൊല്ലാന്‍ തോന്നുകയില്ല.അത്രക്ക് സുന്ദരന്‍. ഞങ്ങള്‍ ആദ്യമായി കാണുകയാണ്.
ഇരുട്ട് വീണു തുടങ്ങിയതോടെ ഞങ്ങള്‍ തിരിച്ചെത്തി. നേരെ പുഴയില്‍ ഇറങ്ങി കുളിക്കാന്‍ തുടങ്ങി.വെള്ളത്തിന് ഭയങ്കര തണുപ്പ്. ഞാന്‍ വെറുതെ വെള്ളത്തിലിരുന്നു.ബാലകൃഷ്ണന്‍ അല്‍പ്പം മാറി മലയണ്ണാനെ വൃത്തിയാക്കുകയാണ്.പെട്ടെന്നു പുഴ വെള്ളത്തില്‍ പത നിറയാന്‍ തുടങ്ങി. വെള്ളത്തിന്റെ നിറം മാറി മാറി വരുന്നു.ഒരു മണ്ണിന്റെ നിറം. ഞങ്ങള്‍ അതിനെക്കുറിച്ച് പറയുമ്പോഴാണ് ബാലകൃഷ്ണന്‍ വെള്ളത്തിന്റെ മാറ്റം കാണുന്നത്. ‘മാറിക്കൊ’ അയാള്‍ അലറി.എന്താണെന്ന് മനസ്സിലാവുന്നതിന് മുമ്പു പുഴയിലെ വെള്ളം ഉയര്‍ന്നു.രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ഞാനൊഴിച്ചുള്ളവരെല്ലാം ജനവാസമുള്ള ഭാഗത്തേക്ക് നീങ്ങി. ഞാന്‍ പെട്ടെന്നോടിയത് കാടിന്റെ ഭാഗത്തേക്കാണ്.
നോക്കി നില്‍ക്കേ പുഴയില്‍ വെള്ളം പൊങ്ങി. വെള്ളത്തിന് മണ്ണിന്റെ നിറമായി. മണ്ണും കല്ലും മരക്കൊമ്പുകളും ഒഴുകിവരാന്‍ തുടങ്ങി. മറുവശത്തു നിന്നു ബാലകൃഷ്ണന്‍ എന്നോടു കൂടുതല്‍ കാട്ടിലേക്ക് കയറാന്‍ അലറുന്നുണ്ട്. ഇതിനിടെ മഴ പെയ്യാനും തുടങ്ങി. ശക്തിയായി പെയ്യുന്ന മഴ. അലറിപ്പായുന്ന കാട്ടാര്‍. എനിക്കൊന്നും കേള്‍ക്കാന്‍ വയ്യ. പുറകോട്ടു നീങ്ങാന്‍ ബാലകൃഷ്ണന്‍ ആംഗ്യം കാണിക്കുന്നുണ്ട്. ഞാന്‍ കഴിവതും പുറകോട്ടു നീങ്ങി. മഴവെള്ളവും മണ്ണും ഞാന്‍ നില്‍ക്കുന്ന ഭാഗത്തുകൂടിയും ഒഴുകി വരുന്നുണ്ട്. ആ ഒഴുക്കില്‍ ജീവനുള്ള പാമ്പുകളും ഉണ്ട്. ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഭയന്നു. അപ്പോഴേക്കും ഇരുട്ടായി. ബാലകൃഷ്ണന്‍ വേട്ടയ്ക്കുള്ള ലൈറ്റ് തെളിച്ചു കാണിച്ചു തരുന്നുണ്ട്. ഭയപ്പെടേണ്ട എന്നു വിളിച്ചുപറയുകയും ആംഗ്യം കാണിക്കുകയും ചെയ്യുന്നുണ്ട്.ഇതിനിടെ ജോസഫ് ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നു അഞ്ചു ബാറ്ററിയുടെ ടോര്‍ച്ചുമായി എത്തി. ആ വെളിച്ചത്തില്‍ എനിക്കു കുറച്ചുകൂടി കാണാം. പുഴ നിറഞ്ഞു കവിഞ്ഞു ഒഴുകുകയാണ്. പക്ഷേ വെള്ളം കൂടുതല്‍ ഉയരുന്നില്ല. താഴുന്നുമില്ല. വെള്ളം ഉടനെ താഴും, ഭയപ്പെടേണ്ട എന്നു കൂട്ടുകാരും വിളിച്ച് പറയുന്നുണ്ട്. മഴയും തണുപ്പും ഏറ്റു ഞാന്‍ തുമ്മാന്‍ തുടങ്ങി. ഞാന്‍ പഴയൊരു ആസ്ത്മാ രോഗിയും കൂടിയാണ്. കാലാവസ്ഥ മാറിയാല്‍ എന്റെ ശ്വാസ കോശത്തില്‍ നിന്നു ‘കര കര’ ശബ്ദം ഉയരും. സുഹൃത്തുക്കള്‍ക്ക് കുഴപ്പമില്ലല്ലോ എന്നൊരു ആശ്വാസം മാത്രം. എന്നെ വിശ്വസിച്ചാണ് അവരെ കൂടെ വിട്ടിരിക്കുന്നത്.
രാത്രി എട്ടര മണിയായി. പുഴ മുറിച്ച് കടക്കാന്‍ ബാലകൃഷ്ണന്‍ ഒരു ശ്രമം നടത്തി. ഒഴുക്കിന്റെ ശക്തി മനസ്സിലാക്കി അയാള്‍ പിന്‍വാങ്ങി. എന്നോടു, ഭയപ്പെടേണ്ട വെള്ളം ഉടനെ കുറയും എന്നു വിളിച്ച് പറയുന്നുണ്ട്. തുമ്മിയും ചീറ്റിയും ചുമച്ചും ഞാന്‍ ഒരു വമ്പന്‍ മരത്തിന്റെ ചുവട്ടിലേക്ക് മാറി. മഴ ശമിച്ചു.പക്ഷേ ഒഴുക്കിന്റെ ശക്തി കുറഞ്ഞിട്ടില്ല. അര മണിക്കൂറിന് ശേഷം ബാലകൃഷ്ണന്‍ പുഴ മുറിച്ച് കടക്കാന്‍ ഒരു ശ്രമം കൂടി നടത്തി. അയാള്‍ക്ക് പിന്‍ വാങ്ങേണ്ടി വന്നു. ഇത്തവണ എന്നോടു താഴോട്ട് നടക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. അക്കരെ നിന്നുള്ള ടോര്‍ച്ചിന്റെയും, ഹെഡ് ലൈറ്റിന്റെയും അരണ്ട വെളിച്ചത്തില്‍ ഞാന്‍ അരിച്ചരിച്ചു താഴോട്ട് നീങ്ങി. താഴെ ഒരു അഞ്ഞൂറു മീറ്റര്‍ പിന്നിടുമ്പോള്‍ പുഴക്ക് വീതി തീരെ കുറവാണ്.ഉയര്‍ന്നു നില്‍ക്കുന്ന പാറകളുടെ ഇടയിലൂടെയാണ് പുഴയുടെ യാത്ര. പാറകള്‍ക്കിടയിലൂടെ ചാടിച്ചാടി ബാലകൃഷ്ണന്‍ എന്റെ അടുത്തെത്തി. എനിക്കു പക്ഷേ ആ പാറകള്‍ക്കിടയിലൂടെ ചാടിക്കടക്കാന്‍ ധൈര്യം വന്നില്ല. എന്റെ ആതിഥേയന്‍ തിരിച്ചുപോയി ഒരു കയറുമായി വന്നു. കയറിന്റെ അറ്റം ഒരു മരത്തില്‍ കെട്ടി മറ്റെ അറ്റം അക്കരെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ക്ക് എറിഞ്ഞു കൊടുത്തു. ഒരു കൈകൊണ്ടു കയര്‍ പിടിച്ച്, മറുകൈകൊണ്ടു എന്നെപ്പിടിച്ചു പതുക്കെ പതുക്കെ പുഴ കടന്നു. പുറമെ അങ്കലാപ്പൊന്നും കാണിച്ചില്ലെങ്കിലും എന്റെ ശ്വാസം നേരെ വീണത് പുഴ കടന്നതിന് ശേഷമാണ്.ഒരു അപകടം ഒഴിഞ്ഞ ആശ്വാസത്തില്‍ സുഹൃത്തുക്കള്‍ എന്നെ അണച്ച് പിടിച്ചു. എന്റെ ദേഹം മുഴുവന്‍ ചളിയാണ്. പോരെങ്കില്‍ തുമ്മലും ചീറ്റലും നില്‍ക്കുന്നില്ല. ജോസഫ് കിണറ്റില്‍ നിന്നു വെള്ളം കോരിത്തന്നു. കിണര്‍ വെള്ളത്തിലെ ആ കുളി എന്റെ മനസ്സും ശരീരവും തണുപ്പിച്ചു.
കുളി കഴിഞ്ഞു ചെന്നതേ ദേവകി ചൂടുള്ള ആഹാരം വിളമ്പി. ജലദോഷക്കാരന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ രസം ഞാന്‍ രണ്ടു ഗ്ലാസ്സ് കുടിച്ചു. ആര്‍ക്കും ഒന്നും പറയാനുള്ള മൂഡ് ഉണ്ടായിരുന്നില്ല. നേരെ ഉറങ്ങാന്‍ കിടന്നു. ബാലകൃഷ്ണന്‍ തന്ന മഫ്‌ലര്‍ കൊണ്ട് ചെവിയും തലയും പൊതിഞ്ഞു, ഒരു കമ്പിളി പുതച്ച്, ഞാന്‍ കണ്ണടച്ചു കിടന്നു. ഉറക്കം ഒഴിഞ്ഞു നിന്ന ആ രാത്രി ഞാനെന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയുമാണ് ഓര്‍ത്തത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...