Showing posts with label swami sandeepanandagiri. Show all posts
Showing posts with label swami sandeepanandagiri. Show all posts

21 Aug 2015

അതിജീവനത്തിന്റെ കഥകൾ


സ്വാമി സന്ദീപാനന്ദഗിരി
    സവിശേഷമായ ഒരു ജീവിതകഥ വായിച്ചതോർക്കുകയാണ്‌. ഒരു കുടുംബം കാറിൽ യാത്ര ചെയ്യുകയാണ്‌. നാലു സന്താനങ്ങളും ഒപ്പമുണ്ട്‌. ഒന്നരവയസ്സുള്ള ഏറ്റവും ഇളയ കുട്ടി അംഗവൈകല്യമുള്ളവളാണ്‌. അവളെ സ്പേഷ്യൽ ഹോമിൽ പാർപ്പിക്കാൻവേണ്ടിയാണ്‌ യാത്ര. അവളെപ്പോലെ പ്രശ്നങ്ങളുള്ള കുട്ടികളോടൊപ്പം അവൾ വളരുന്നതാവും കുട്ടിക്കും കുടുംബത്തിനും നല്ലത്‌ എന്ന ഉപദേശമാണവരെ നയിച്ചതു. ഓമനസന്താനത്തെ പിരിയുന്നതിന്റെ ദുഃഖം, അവളെ വീട്ടിൽ വളർത്തിയാൽ മറ്റു സഹോദരങ്ങൾക്കുണ്ടാകാവുന്ന പ്രയാസങ്ങളെ ഓർത്തുള്ള ഉത്കണ്ഠ, എല്ലാം ചേർന്ന്‌ കാറിനകം മൗനമുദ്രിതമായി. മൗനം അയഞ്ഞുകിട്ടാനായി ഭർത്താവ്‌ കാറിലെ റേഡിയോ ഓൺ ചെയ്തു. റേഡിയോയിൽ ഒരു  പ്രഭാഷണം നടന്നുകൊണ്ടിരിക്കുന്നു. ആശ്ചര്യമെന്നു പറയട്ടെ അയാളുടെ പഴയ ഒരു സതീർഥ്യനാണ്‌ പ്രഭാഷകൻ. കാലില്ലാതെ പിറവിയെടുത്ത ആ കുട്ടി ഇന്ന്‌ ഭിന്നശേഷിയുള്ളവർക്ക്‌ ജോലി നൽകുന്ന സ്ഥാപനത്തിന്റെ പ്രസിഡന്റായി ഉയർന്നിരിക്കുന്നു. പ്രഭാഷണത്തിനിടയിൽ അദ്ദേഹം തന്റെ അമ്മ തന്നോടു കുട്ടിക്കാലത്തു പറയാറുണ്ടായിരുന്ന ചില കാര്യങ്ങൾ അനുസ്മരിച്ചു. അമ്മ പറയുകയാണ്‌: ഭിന്നശേഷിയുള്ള ഒരു കുഞ്ഞിന്‌ ജനിക്കേണ്ടിവരുമ്പോൾ ദൈവം സഭ വിളിച്ചുചേർത്ത്‌ ചർച്ച ചെയ്യും. ഇവനെ ആരുടെ അടുത്തേക്കാണ്‌ അയക്കേണ്ടത്‌? ഏതു കുടുംബമാണ്‌ ഇവന്‌ സ്നേഹവും കരുതലും നൽകുക? അങ്ങനെയാണ്‌ നിനക്കുവേണ്ടി ഈ കുടുംബത്തെ ഈശ്വരൻ തെരഞ്ഞെടുത്തത്‌! പ്രഭാഷണത്തിലെ ഈ ഭാഗം കേട്ട നിമിഷം അയാളുടെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ തന്റെ മടിയിലിരുന്ന ഒന്നര വയസ്സുകാരിയെ പേർത്തും പേർത്തും ചുംബിച്ചുകൊണ്ടു പറഞ്ഞു'നമുക്ക്‌ വീട്ടിലേക്കു മടങ്ങാം' അയാൾ വിസ്മയത്തോടെ കുറിക്കുകയാണ്‌-എന്താശ്ചര്യമായി
രുന്നു അത്‌? 20 വർഷമായി ഒരു ബന്ധവുമില്ലാതിരുന്ന സതീർത്ഥ്യന്റെ പ്രഭാഷണം ആ സന്നിഗ്ധ മുഹൂർത്തത്തിൽ കേൾക്കാനായത്‌ തന്റെ ജീവിതത്തെ പിന്നീട്‌ വളരെ സുരഭിലമാക്കിയ മകൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഇടപെടലായിരുന്നുവോ?
    പ്രതിസന്ധികളെ നേരിടാനും പ്രശ്നങ്ങളെ അതിജീവിക്കാനും മനുഷ്യനു പ്രേരകമാകുന്നത്‌ ഒരു പക്ഷേ, ഒരു കഥയാകാം, ഒരു വാക്കാകാം, ഒരു ദൃശ്യമാകാം. വികളാംഗർ എന്ന പദം ഏറെക്കുറെ ഒഴിവാക്കാൻ ഇന്ന്‌ ശ്രമിക്കുന്നു. ഭിന്നശേഷിയുള്ളവർ എന്നു പറയാൻ ശീലിച്ചുവരുന്നു. പക്ഷെ, ശാരീരിക അവശതകൾ, മാനസിക പ്രശ്നങ്ങൾ ഒക്കെയുള്ളവരെ ഒട്ടു മറച്ചുപിടിക്കുന്നതിനാണ്‌ പലരുടെയും മനസ്സ്‌ വെമ്പുന്നത്‌. കുടുംബത്തിൽ ശാരീരിക വൈഷമ്യമുള്ള ഒരംഗമുണ്ടെങ്കിൽ, ഒരാൾക്ക്‌ മാനസിക പ്രശ്നമുണ്ടെങ്കിൽ, എന്തിന്‌ പഠിത്തത്തിൽ പിന്നോക്കമാണെങ്കിൽ പോലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ ഇവർ വരാതിരിക്കാൻ കുടുംബങ്ങൾ ശ്രദ്ധിക്കാറുണ്ട്‌. രോഗമോ ശാരീരിക അവശതകളോ മറച്ചുപിടിക്കപ്പെടുമ്പോൾ അത്തരം കുട്ടികൾക്ക്‌ യഥാസമയം പരിചരണവും പ്രോത്സാഹനവും ലഭിക്കാതെ പോകുന്നതിനാൽ അവരിൽ മറഞ്ഞുകിടക്കുന്ന സാധ്യതകൾ പ്രകാശിതമാകാതെ പോകുന്നു. രോഗം, അല്ലെങ്കിൽ അംഗവൈകല്യം ഒരു കുറ്റമാണോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്‌. ജന്മനാ തലച്ചോറിനുണ്ടായ വൈകല്യം ബാധിച്ച ശിശുവിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചു വളർത്തി പഠിപ്പിച്ച്‌ സിവിൽ സർവീസ്‌ പരീക്ഷ എഴുതാൻ പ്രാപ്തനാക്കിയ ഒരച്ഛന്റെ ആത്മാർപ്പണത്തെക്കുറിച്ച്‌ അടുത്തിട അറിയാനിടയായി. ശാരീരിക പരിമിതികളെ അതിജീവിച്ച്‌ ഇക്കൊല്ലം ഐ.എ.എസ്‌ പരീക്ഷയിൽ ഒന്നാം റാങ്ക്‌ നേടിയ ഇറാ സിംഗാളിന്റെ പൊരുതൽ മറ്റൊരുദാഹരണമാണ്‌. ജീവിതത്തെ ധീരമായി നേരിടുകയും പ്രശ്നങ്ങളെ അതിജീവിക്കുകയും ചെയ്യുന്നവരെപ്പറ്റി അറിയുന്നത്‌ മറ്റുള്ളവർക്ക്‌ പ്രചോദനമാകും. അത്തരം പ്രചോദനം ജീവിതത്തിന്റെ ഗതിയാകെ മാറ്റി ഒഴുക്കും. അച്ഛനാരെന്നുപോലും തിട്ടമില്ലാത്ത ദാസിപുത്രന്മാരായിരുന്നു ബ്രഹ്മദേവനും സത്യകാമനും. ജനകസദസ്സിലെ പണ്ഡിതന്മാരെ തർക്കത്തിൽ തോൽപ്പിച്ച ബാലന്‌ ശരീരത്തിൽ എട്ടു വളവുകളുണ്ടായിരുന്നു. തന്റെ ശാരീരികാവസ്ഥ കണ്ട്‌ പരിഹസിച്ചവരെ നോക്കിയിട്ട്‌ അഷ്ട്രാവക്രൻ ചോദിച്ചു. 'മഹാരാജാവേ, അങ്ങയുടെ സദസ്സിലുള്ളത്‌ ചെരുപ്പുകുത്തികളാണോ? അവർക്ക്‌ തൊലിയിലാണോ താത്പര്യം?' പോരായ്മയുടെ അപകർഷതയിൽ ഒതുങ്ങിപ്പോകാതെ മാഹാത്മ്യത്തിലെത്തിയവരുടെ കഥകൾ പുരാണങ്ങൾ വിസ്തരിച്ചുപറയുന്നതിന്റെ ഉദ്ദേശവും ഇതാണ്‌. പ്രചോദിപ്പിക്കുക - പ്രബലരാക്കുക.

23 Mar 2014

കുതിരയെയല്ല കൊല്ലേണ്ടത്‌


സ്വാമി സന്ദീപാനന്ദഗിരി 
ഹൃദയാകാശേ ചിദാദിത്യഃ സദാ ഭാതിഃ
ഉദയാസ്തമയൗ ന സ്തഃ
എന്താ കുട്ടീ സന്ധ്യാവന്ദനം നടത്താത്തത്‌? എന്ന്‌ പുരോഹിതന്മാർ ബാലനായ ശങ്കരനോടു ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്ത ഉത്തരമാണിത്‌. ഹൃദയമാകുന്ന ആകാശത്ത്‌ ചൈതന്യമാകുന്ന ഈശ്വരൻ സദാ പ്രകാശിക്കുന്നു. ഉദയവുമില്ല, അസ്തമയവുമില്ല. ഉദയാസ്തമയങ്ങളില്ലെങ്കിൽ സന്ധ്യയെ വന്ദിക്കുന്നതെങ്ങനെ? ചെറുപ്പത്തിൽത്തന്നെ സർവശാസ്ത്രങ്ങളും അഭ്യസിച്ച ശങ്കരാചാര്യസ്വാമികളുടെ ഈ മറുപടി കേട്ട്‌ അക്കാലത്തെ പുരോഹിതന്മാർ ക്ഷോഭിച്ചിരിക്കണം. ക്ഷോഭത്തിന്റെ കഥകളൊക്കെ നമുക്കെല്ലാം അറിവുള്ളതുമാണ്‌.

ഉപനിഷത്തും അതിന്റെ സാരസർവസ്വമായ ഭഗവദ്ഗീതയും പറയുന്നു ഹൃദയത്തിലാണ്‌ ഈശ്വരൻ വസിക്കുന്നത്‌. ഈശ്വര സർവഭൂതാനാം ഹൃദ്ദേശേ അർജുനതിഷ്ഠതി. ദുര്യോധനന്റെ നിർദ്ദേശമനുസരിച്ച്‌ ദ്രൗപടിയുടെ വസ്ത്രാക്ഷേപത്തിന്‌ ദുശ്ശാസനൻ മുതിർന്നപ്പോൾ, തന്നെ രക്ഷിക്കണമേ എന്ന്‌ ദ്രൗപടി ഭഗവാന്റെ നിരവധിയായ നാമങ്ങൾ വിളിച്ചുകൊണ്ട്‌ അപേക്ഷിച്ചെങ്കിലും ഹൃദയകമലവാസിൻ എന്ന സംബോധനയുണ്ടായപ്പോഴാണ്‌ ഭഗവാൻ പ്രത്യക്ഷണായത്‌. ഋഷീശ്വരന്മാർ ദർശിച്ച സത്യം തത്ത്വത്തിലൂടെയും കഥാരൂപത്തിലും നമ്മെ അറിയിച്ചുകൊണ്ടിരുന്നിട്ടും ബാഹ്യമായ ഏതോ ഈശ്വരനെ പ്രതീപ്പെടുത്താനുള്ള വെമ്പലിൽ, ഈശ്വരനും മനുഷ്യനും മധ്യെ ഇടനിലക്കാരായി വർത്തിക്കുന്ന പുരോഹിതന്മാരുടെ ഇച്ഛയ്ക്കനുസരിച്ച്‌ ജനങ്ങൾ ഓടിത്തളരുന്നു. ഭൗതികവും ആത്മീയവുമായ നഷ്ടങ്ങൾ അസ്വസ്ഥതകളുണ്ടാക്കുന്നു.

വേദാന്തമാണ്‌ നമ്മുടെ മതം എന്നാണ്‌ വിവേകാനന്ദസ്വാമികൾ പ്രഖ്യാപിച്ചതു. ഋഷീശ്വരന്മാരുടെ മതം അതാണ്‌. അതാണ്‌ പറഞ്ഞുതരുന്നത്‌ ഹൃദയത്തിലാണ്‌ ഈശ്വരൻ എന്ന്‌. തത്ത്വമസി എന്ന്‌-അതു നീ തന്നെയാണ്‌ എന്ന്‌. ഋഷീശ്വരന്മാർ ദർശിച്ച സത്യം സ്വാർത്ഥലാഭത്തിനായി വളച്ചൊടിക്കുകയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒപ്പം ക്രൂരതകളും സമ്മേളിപ്പിക്കുകയും ചെയ്തു. വൈദികമായ പ്രതീകങ്ങളുടെ സ്വരൂപവും അർഥവും ഉപനിഷത്തിൽ വിശദമാക്കിയിട്ടുണ്ട്‌. പ്രതീകങ്ങളെ അറിയാനോ ഉൾക്കൊള്ളാനോ ആകാത്തവർ സമൂഹത്തിന്റെ നിയന്ത്രണം കൈയേറ്റിയപ്പോൾ കൊടിയ അജ്ഞതയിലേക്കും ദുരിതത്തിലേക്കും ജനങ്ങളെ തള്ളിവിടുകയായിരുന്നു. വികാരങ്ങളും വിഷയങ്ങളും ആത്മസംയമനമാകുന്ന യോഗാഗ്നിയിൽ എരിച്ചുകളയുമ്പോഴാണ്‌ ശാന്തി ലഭിക്കുന്നതെന്ന തത്ത്വത്തിനൊരു പ്രത്യക്ഷോദാഹരണം നൽകി ബോധ്യപ്പെടുത്താൻ ഹോമാഗ്നി ജ്വലിപ്പിക്കുകയും അതിലേക്ക്‌ ദ്രവ്യങ്ങൾ അർപ്പിക്കുകയും ചെയ്തിരിക്കാം ആദിഗുരുക്കന്മാർ. എപ്രകാരമാണോ ദ്രവ്യങ്ങൾ അഗ്നിയിൽ ചാമ്പലാകുന്നത്‌ അപ്രകാരം വികാരങ്ങളും വിഷയധ്യാനവും എരിഞ്ഞു ചാമ്പലാകണം എന്ന തത്ത്വത്തിന്റെ ആവിഷ്കാരം. ഈ ആവിഷ്കാരത്തെ വലിയ സാധ്യതയാക്കി ഉപയോഗപ്പെടുത്തിയത്‌ പുരോഹിതവർഗ്ഗമാണ്‌. മനസ്സിനെ നിയമനം ചെയ്യാനുള്ള സോമയാഗവും ഇന്ദ്രിയങ്ങളെ ജയിക്കാനുള്ള രാജസൂയയാഗവും ഇത്തരത്തിൽ അധഃപതിച്ചു പോയി. അശ്വങ്ങൾ ഇന്ദ്രിയങ്ങളുടെ പ്രതീകമാണ്‌. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കേണ്ട ഭരണാധികാരി ഇന്ദ്രിയങ്ങളുടെ പ്രലോഭനങ്ങളിൽ അടിപ്പെടാൻ പാടുള്ളതല്ല. തന്റെ ഇന്ദ്രിയങ്ങളെ പിടിച്ചുകെട്ടാൻ ഒരു വിഷയവികാരത്തിനും സാധ്യമല്ല എന്ന അർഥത്തിലാണ്‌ അശ്വമേധയാഗം സങ്കൽപിച്ചിരിക്കുന്നത്‌. ഇവിടെ അശ്വം ഒരു പ്രതീകം മാത്രമാണ്‌. വികാരങ്ങളെയാണ്‌ കൊല്ലേണ്ടത്‌, കുതിരയെ അല്ല.

യാഗങ്ങളും ക്ഷുദ്രകർമ്മങ്ങളും അനാചാരങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഭീതിയും അസ്വസ്ഥതകളും മുതലെടുത്തുകൊണ്ടുള്ള സന്നാഹങ്ങൾ! അനുഷ്ഠാനകർമ്മങ്ങളിൽ ഭൂരിഭാഗവും പുനഃപരിശോധിക്കുകയും സനാതനമൂല്യങ്ങൾക്കനുസരിച്ച്‌ അവയെ മാറ്റിയെടുക്കുകയും വേണ്ടിയിരിക്കുന്നു. ആചാര്യന്മാർ ഇതൊരു വലിയ ചുമതലയായി ഏറ്റെടുക്കേണ്ട സന്ദർഭമാണിത്‌.
കടപ്പാട് : പിറവി മാസിക

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...